• Sitemap
  • Advance Search
Energy & Environment

സമുദ്ര മന്ഥൻ - ദേശീയ സമുദ്ര പര്യവേഷണ പദ്ധതി

ഊർജ്ജത്തിനായി സമുദ്ര മഥനം

Posted On: 03 AUG 2026 6:02PM

ഊർജ്ജ സുരക്ഷയും സ്വാശ്രയത്വവും കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായി കണക്കാക്കാവുന്ന സംരംഭമാണ് സമുദ്ര മന്ഥൻ. ഇന്ത്യയുടെ വിപുലമായ കടലിലെ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണ സാധ്യതകൾ ആരായുന്നതിനായി 2030–31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 84,084 കോടി രൂപയുടെ ഒന്നാം ഘട്ട നിക്ഷേപത്തോടെയാണ് പ്രസ്തുത പദ്ധതിയുടെ രൂപകൽപ്പന. പര്യവേക്ഷണം ത്വരിതപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക, പങ്കിടാവുന്ന അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക, ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങളിൽ  പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 600 ദശലക്ഷം മെട്രിക് ടൺ എണ്ണയ്ക്ക് തുല്യമായതിൽ (MMTOE) കൂടുതൽ ഹൈഡ്രോ കാർബൺ കരുതൽ ശേഖരം പ്രയോജനപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ സമുദ്ര ഊർജ്ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നിവയാണ് പദ്ധതിയുടെ  ലക്ഷ്യം.

 



സമുദ്ര പര്യവേഷണത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം

ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമാണ് ഊർജ്ജം. ഭവനങ്ങൾ, കൃഷി, വ്യവസായങ്ങൾ, ഗതാഗതം, വിശാലമായ സമ്പദ്‌ വ്യവസ്ഥ എന്നിവയ്ക്ക് പിന്തുണയേകാൻ പദ്ധതിയ്ക്കാകും. ഇന്ത്യ വളരുകയും ഊർജ്ജ ആവശ്യകത വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുസ്ഥിരവും ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഊർജ്ജ വിതരണം ഉറപ്പാക്കുകയെന്നത് ദേശീയ മുൻഗണനയായി മാറിയിരിക്കുകയാണ്. ഇന്ത്യ നിലവിൽ അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിനാൽ, ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഹൈഡ്രജനും കാർബണും ചേർന്ന പ്രധാന ഊർജ്ജ സ്രോതസ്സുകളാണ് ഹൈഡ്രോകാർബണുകൾ. ഭൂമിയുടെ ഉപരിതലത്തിനടിയിലും കടൽത്തീരത്തിനടിയിലും അവ കാണപ്പെടാറുണ്ട്. അസംസ്കൃത എണ്ണയും പ്രകൃതിവാതകവുമാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഹൈഡ്രോകാർബണുകൾ. പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയ ഇന്ധനങ്ങളും പെട്രോകെമിക്കലുകൾ, വളങ്ങൾ, നിരവധി വ്യാവസായിക ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള വസ്തുക്കളും ഇതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു.


പര്യവേക്ഷണം ചെയ്യപ്പെടാത്ത എണ്ണ, പ്രകൃതി വാതക സ്രോതസ്സുകളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഓഫ്‌ഷോർ പ്രദേശങ്ങൾ. കാലക്രമേണ ഹൈഡ്രോകാർബണുകൾ ശേഖരിക്കപ്പെടുന്ന പ്രകൃതിദത്ത ഭൂഗർഭ പ്രദേശമാണ് ബേസിൻ. ഈ വിഭവങ്ങൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും, ഇന്ത്യയ്ക്ക് നൂതന പര്യവേക്ഷണ രീതികൾ, കൃത്യമായ ഭൂമിശാസ്ത്ര വിവരങ്ങൾ, ആധുനിക ഡ്രില്ലിംഗ് സാങ്കേതികവിദ്യ, ശക്തമായ ആഭ്യന്തര പിന്തുണാ സംവിധാനം എന്നിവ ആവശ്യമാണ്. ഈ പ്രക്രിയ വേഗത്തിലാക്കുന്നതിനായി, സമുദ്ര മന്ഥൻ - ദേശീയ സമുദ്ര പര്യവേക്ഷണ പദ്ധതി 2026 ജൂലൈ 31 ന് അംഗീകരിച്ചു. 2030–31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ നടപ്പാക്കുന്ന 84,084 കോടി രൂപ  നിക്ഷേപത്തോടെയുള്ള ഈ പദ്ധതി, ഇന്ത്യയിൽ എണ്ണ, വാതക പര്യവേക്ഷണവും ഉത്പാദനവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
 
ഇന്ത്യയുടെ ഭാവി മുന്നേറ്റത്തിൽ സമുദ്രങ്ങൾ നിർണ്ണായകമാകുന്നതെങ്ങനെ?


ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അസംസ്കൃത എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇതിൻ്റെ ഇറക്കുമതിയ്ക്കായി പ്രതിവർഷം ഏകദേശം 144 ബില്യൺ യുഎസ് ഡോളർ (ഏകദേശം 13 ലക്ഷം കോടി രൂപ) ഇന്ത്യ ചെലവഴിക്കുന്നു. തടസ്സരഹിതവും സുരക്ഷിതവുമായ ഊർജ്ജ വിതരണം സാധ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം സമീപകാല അന്താരാഷ്ട്ര സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും ആഭ്യന്തര എണ്ണ, പ്രകൃതി വാതക ഉത്പാദനം വർദ്ധിപ്പിക്കുകയെന്നത് അതിപ്രധാനമായി മാറിയിരിക്കുന്നു.

കടലിലെ അവസരങ്ങൾ

എണ്ണ, പ്രകൃതി വാതക മേഖലയിലെ ഇന്ത്യയുടെ ഭാവി സാധ്യതകളിൽ ഭൂരിഭാഗവും കടലിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശിഷ്യാ സമുദ്രോപരിതലത്തിന് താഴെയുള്ള ആഴക്കടൽ, അൾട്രാ-ഡീപ്പ് വാട്ടർ പ്രദേശങ്ങളാണ് ഇതിൽ നിർണ്ണായക പങ്ക് വഹിക്കുക. ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരദേശ ബേസിനുകൾ 3,000 മീറ്റർ വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്നു. കൂടാതെ 5,600 ദശലക്ഷം മെട്രിക് ടണ്ണിലധികം എണ്ണയ്ക്ക് തുല്യമായ (MMTOE) ഹൈഡ്രോകാർബൺ വിഭവങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാവേരി, മഹാനദി, ആൻഡമാൻ നദീതടങ്ങളിലെ സമീപകാല കണ്ടെത്തലുകൾ ഇന്ത്യയുടെ ഈ വിശ്വാസം വർദ്ധിപ്പിച്ചു.
 

ഒഎൻജിസിയുടെ സ്ഥിര സമുദ്ര പ്ലാറ്റ്‌ഫോം

 
ആഴക്കടൽ പര്യവേക്ഷണത്തിൽ നേരിടുന്ന വെല്ലുവിളികൾ

എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം എന്നത് ചെലവേറിയ ഒരു പ്രക്രിയയാണ്. അതിന് ധാരാളം സമയവും നിക്ഷേപവും ആവശ്യമാണ്. ഒരു പര്യവേക്ഷണ ബ്ലോക്കിൽ നിന്ന് വാണിജ്യ ഉത്പാദനം ആരംഭിക്കുന്നതിനായി ഏകദേശം 5 മുതൽ 10 വർഷം വരെ എടുക്കാറുണ്ട്. ഒരു ആഴക്കടൽ പര്യവേക്ഷണ കിണർ നിർമ്മിക്കുന്നതിനായി ഏകദേശം 125–150 മില്യൺ യുഎസ് ഡോളർ ചെലവ് വരും. ഉയർന്ന ചെലവും അപകടസാധ്യതകളും കാരണം, കമ്പനികൾ സമുദ്ര പര്യവേക്ഷണ പ്രവർത്തനങ്ങളിൽ നിക്ഷേപിക്കാൻ മടി കാട്ടാറുണ്ട്.

നിലവിലുള്ള ഉത്പാദന മേഖലകളിൽ കാലക്രമേണ ഉത്പാദനം കുറയുകയും ഏകദേശം 6-7 ശതമാനം സ്വാഭാവിക ഇടിവ് സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ, നിലവിലെ ഊർജ്ജ ഉത്പാദനം നിലനിർത്താൻ പുതിയ കണ്ടെത്തലുകൾ അനിവാര്യമാണ്. ഇറക്കുമതി ചെയ്യുന്ന ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ, ദീർഘകാല ഊർജ്ജ സ്വാശ്രയത്വത്തിലേക്ക് മുന്നേറാൻ ക്രമാനുഗതവും സുസ്ഥിരവുമായ പര്യവേക്ഷണം ഇന്ത്യയെ സഹായിക്കുന്നു.

സമുദ്ര മന്ഥൻ ദൗത്യത്തിനു പിന്നിൽ


നയ പരിഷ്കരണത്തിൽ നിന്ന് ദൗത്യ രൂപേണയുള്ള നിർവ്വഹണത്തിലേക്കുള്ള പരിവർത്തനത്തെയാണ് സമുദ്ര മന്ഥൻ പ്രതിനിധീകരിക്കുന്നത്. പര്യവേക്ഷണം ചെയ്യപ്പെടാത്ത ഓഫ്‌ഷോർ മേഖലകളിൽ നിരന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി ഒരു നഷ്ടം പങ്കിടൽ മാതൃക പ്രയോജനപ്പെടുത്തുന്നു. ഓഫ്‌ഷോർ എണ്ണ, പ്രകൃതി വാതക പദ്ധതികളുടെ സാമ്പത്തിക അപകട സാധ്യതകൾ കുറയ്ക്കുന്നതിനും മുഴുവൻ ഊർജ്ജ മേഖലയിലും ദീർഘകാല ദേശീയ ശേഷി വികസിപ്പിക്കുന്നതിനൊപ്പം സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഉത്തരത്തിൽ, ഒരു ദശാബ്ദക്കാലത്തെ പരിഷ്‌ക്കാരങ്ങളെ കടലിലെ പ്രകൃതി വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മൂർത്തമായ പദ്ധതികളാക്കി ഇത് മാറ്റുന്നു.
 


 
സമുദ്ര മന്ഥൻ്റെ ഘടകങ്ങൾ

വിജയകരമായ കടൽത്തീര പര്യവേക്ഷണത്തിന് കൃത്യമായ ഡാറ്റ, നൂതന സാങ്കേതികവിദ്യ, ആധുനിക സൗകര്യങ്ങൾ, ശക്തമായ വിതരണ ശൃംഖല എന്നിവ ആവശ്യമാണ്. സമുദ്ര മന്ഥൻ ഈ പ്രധാന ഘടകങ്ങളെയെല്ലാം സമന്വയിപ്പിച്ച് കടൽത്തീരങ്ങളിലെ എണ്ണ, വാതക പര്യവേക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 

1. ഭൂഗർഭ തരംഗ വിവര ശേഖരണം, സംസ്കരണം, വ്യാഖ്യാനം

സമുദ്രപ്രദേശങ്ങളിൽ ഭൂകമ്പ സർവേകൾ പരിമിതമായിരുന്നതിനാൽ എണ്ണ, വാതക ഖനനത്തിന് സജ്ജമായ സ്ഥലങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ പദ്ധതി പ്രകാരം, നിലവാരമുള്ള ഭൗമശാസ്ത്ര വിവരങ്ങൾ ശേഖരിക്കുന്നതിനായി വിപുലമായ 2D, 3D ഭൂകമ്പ സർവേകളിൽ 28,534 കോടി രൂപ നിക്ഷേപിക്കും. ഈ ഡാറ്റ വേഗത്തിലും കൃത്യമായും വിശകലനം ചെയ്യാൻ നൂതന സാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും സഹായിക്കും. നാഷണൽ ഡാറ്റാ റിപ്പോസിറ്ററിയിലെ പഴയ ഡാറ്റയും ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വീണ്ടും വിശകലനം ചെയ്യും.

2. ത്വരിതപ്പെടുത്തിയ സമുദ്ര പര്യവേക്ഷണം

ആഴക്കടൽ ഡ്രില്ലിംഗിന് വലിയ ചെലവ് വരും. ഫലങ്ങൾ കൈവരിക്കാൻ വർഷങ്ങളെടുക്കും. ആയതിനാൽ കമ്പനികളെ സംബന്ധിച്ചിടത്തോളം സമുദ്ര പര്യവേക്ഷണം ആകർഷകമല്ലാത്ത സംരംഭമാണ്. ഈ നഷ്ട സാധ്യത കുറയ്ക്കുന്നതിന്, 60 ആഴക്കടൽ, അത്യഗാധ സമുദ്ര കിണറുകൾ കുഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി പദ്ധതി മുഖേന 43,200 കോടി രൂപ നൽകും. ഡ്രില്ലിംഗ് ചെലവിൻ്റെ 50% വരെ അല്ലെങ്കിൽ ഒരു കിണറിന് പരമാവധി 675 കോടി രൂപ, ഏതാണോ കുറവ് അത് ഗവണ്മെൻ്റ് വഹിക്കും. ഇന്ത്യയുടെ ഊർജ്ജ ശേഖരം വർദ്ധിപ്പിക്കുക, പുതിയ കണ്ടെത്തലുകൾ വേഗത്തിലാക്കുക, രാജ്യത്തിൻ്റെ ആഴക്കടൽ വിഭവങ്ങൾ മികച്ച രീതിയിൽ വിനിയോഗിക്കുക എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഗവണ്മെൻ്റിനും സ്വകാര്യ എണ്ണ, പ്രകൃതി വാതക കമ്പനികൾക്കും പങ്കെടുക്കാം.

3. ഓഫ്ഷോർ പര്യവേക്ഷണത്തിനുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ

മഹാനദി, കച്ച് തടങ്ങളിൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയെന്നത് വളരെ ചെലവേറിയ പദ്ധതിയായതിനാൽ, ഓഫ്‌ഷോർ പ്രദേശങ്ങളിലെ പല എണ്ണ, പ്രകൃതി വാതക ശേഖരങ്ങൾ ഇതുവരെ വികസിപ്പിച്ചിട്ടില്ല. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പങ്കിടാവുന്ന ഉത്പാദന, ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഈ പദ്ധതി പ്രകാരം 10,000 കോടി രൂപ നൽകും. അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നതിലൂടെ, കമ്പനികൾക്ക് ചെലവ് കുറയ്ക്കാനും മുമ്പ് ഉപയോഗിക്കാത്ത എണ്ണ, പ്രകൃതി വാതക ശേഖരങ്ങളെ ഉത്പാദനത്തിലേക്ക് പരിവിവർത്തനം ചെയ്യാനും കഴിയും.

4. എണ്ണ, പ്രകൃതി വാതക നിർമ്മാണ, സേവന മേഖല

ആഭ്യന്തര ഉത്പാദനം കുറയുന്നത് പര്യവേക്ഷണച്ചെലവ്, ഇറക്കുമതി ആശ്രിതത്വം, വിദേശനാണ്യ വിനിമയം എന്നിവ വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, 2,000 കോടി രൂപ നിക്ഷേപത്തിൽ ഒരു സംയോജിത എണ്ണ, പ്രകൃതി വാതക ഉത്പാദന, സേവന മേഖല സ്ഥാപിക്കും. ഊർജ്ജ വിതരണ ശൃംഖലയിലുടനീളം 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുന്നതിലൂടെ ഉപകരണ നിർമ്മാണം, അറ്റകുറ്റപ്പണികൾ, സംഭരണം, എഞ്ചിനീയറിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയിൽ ഇന്ത്യയുടെ ശേഷി വികസിപ്പിക്കാൻ ഇത് സഹായിക്കും. നിരീക്ഷണം, ഡിജിറ്റൽ ഇടപെടലുകൾ, വിലയിരുത്തൽ, നൈപുണ്യ വികസനം, ബോധവത്ക്കരണ പരിപാടികൾ, അവബോധ പ്രവർത്തനങ്ങൾ, ഇവൻ്റുകൾ, മാധ്യമ പിന്തുണ എന്നിവയ്ക്കായി 350 കോടി രൂപ അധികമായി വിനിയോഗിക്കും.

ഘടാകാനുപാത വിനിയോഗം 
 

 

ക്രമ നമ്പർ

ഘടകങ്ങൾ

തുക
(₹ 
കോടിയിൽ)

1

സമുദ്ര ഡാറ്റ ശേഖരണം

28,534

1A

ഭൂമിശാസ്ത്ര തടത്തിലുടനീളമുള്ള ദ്വിമാന ഭൂഗർഭ ചിത്രങ്ങൾ ശേഖരിക്കുന്നു

12,000

1B

3D സീസ്മിക് ഡാറ്റ ശേഖരണം (മറ്റ് സാങ്കേതിക വിദ്യകൾ)

12,534

1C

NDR ഡാറ്റ പുനഃസംസ്കരണവും എഐ ഉപകരണങ്ങളും

4,000

2

ഓഫ്ഷോർ പര്യവേക്ഷണവും അടിസ്ഥാന സൗകര്യ അധിഷ്ഠിതമായ ഉത്പാദനവും

55,200

2A

സമുദ്രമേഖലയിലെ പ്രകൃതി വിഭവങ്ങൾക്കായുള്ള തിരച്ചിൽ വേഗത്തിലാക്കുക

43,200

2B

ആഴക്കടൽ പര്യവേക്ഷണത്തിനും ഉത്പാദനത്തിനും പിന്തുണ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ.

10,000

2C

എണ്ണപ്രകൃതിവാതക ഉത്പാദനസേവന മേഖലകളുടെ വികസനം

2,000

3

നിരീക്ഷണ, പിന്തുണാ പ്രവർത്തനങ്ങൾ

350

ആകെ

84,084



 സമഗ്രവും സഹായകവുമായ ആവാസവ്യവസ്ഥ

ധനസഹായത്തിനപ്പുറം, ഈ പദ്ധതി മുഴുവൻ മൂല്യ ശൃംഖലയ്ക്കും പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, പ്രക്രിയയുടെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന സമർപ്പിത വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു.

  • സുതാര്യവും കാര്യക്ഷമവുമായ നിർവ്വഹണം ഉറപ്പാക്കാൻ ഈ പദ്ധതി ഡിജിറ്റൽ പ്രോഗ്രാം മാനേജ്‌മെൻ്റ് ഉപയോഗിക്കുന്നു
  • മേഖലയിലെ പ്രൊഫഷണലുകൾക്ക് പരിശീലനവും നൈപുണ്യ വികസന അവസരങ്ങളും ഈ പദ്ധതി നൽകുന്നു
  • അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു
  • പങ്കാളികളുടെ തുടർച്ചയായ ഇടപെടൽ ഈ പദ്ധതി ഉറപ്പാക്കുന്നു
  • ആഗോള പങ്കാളികളെ ആകർഷിക്കുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര ഇടപെടലുകൾ ഉറപ്പാക്കുന്നു

സമുദ്ര മന്ഥൻ വിഭാവനം ചെയ്യുന്നത്

സമ്പദ്‌ വ്യവസ്ഥയ്ക്കും ഭാവി തലമുറകൾക്കും ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. പര്യവേക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണെങ്കിൽ, വർദ്ധിച്ച ഊർജ്ജ സ്രോതസ്സുകൾ, സാമ്പത്തിക വളർച്ച, ഊർജ്ജ സുരക്ഷ എന്നിവയുൾപ്പെടെ ഒട്ടേറെ ഗുണഫലങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

  • വിപുലമായ കരുതൽ ശേഖരം: ഹൈഡ്രോകാർബൺ കരുതൽ ശേഖരം 600 MMTOE-യിൽ കൂടുതലായി വർദ്ധിപ്പിക്കുക, മൊത്തം വിഭവ അടിത്തറ 1.6 ബില്യണിൽ നിന്ന് 2.2 ബില്യൺ ടൺ ഓയിൽ ഇക്വലൻ്റ് (TOE) ആയി വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
  • ഉയർന്ന ഉത്പാദനം: വാർഷിക ആഭ്യന്തര ഉത്പാദനം ഏകദേശം 62 MMTOE ൽ നിന്ന് 80 MMTOE ആയി വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതീക്ഷിക്കുന്ന അധിക ഉത്പാദനം 10–15 MMTOE ഉം പരമാവധി 20 MMTOE ഉം ആണ്. 
  • കുറഞ്ഞ ഇറക്കുമതി ചെലവ്: അധിക ഉത്പാദനം മുഖേന അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിവർഷം ഏകദേശം ഒരു ലക്ഷം കോടി രൂപ കുറയ്ക്കാൻ കഴിയും. ഗണ്യമായ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തെ സഹായിക്കും.
  • നിക്ഷേപവും വളർച്ചയും: മൂല്യ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള നിക്ഷേപങ്ങളെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യും. 
  • തൊഴിൽ: പര്യവേക്ഷണം, ഉത്പാദനം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
  • തദ്ദേശീയ ശക്തി: മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയ്ക്ക് കീഴിൽ ആഭ്യന്തര ഉത്പാദനം കൂടുതൽ ശക്തിപ്പെടുത്തും. ഇത് ഓഫ്‌ഷോർ സാങ്കേതികവിദ്യകൾക്കായി ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയെ വളർത്തിയെടുക്കും. 

ഈ ഫലങ്ങൾ സംയുക്തമായി രാജ്യത്തിൻ്റെ ഊർജ്ജ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. സാങ്കേതിക നേതൃത്വത്തെയും വ്യവസായത്തിനും നൂതനാശയങ്ങൾക്കുമുള്ള ദീർഘകാല അവസരങ്ങളെയും പരിപോഷിപ്പിക്കുന്നു.

പരിഷ്കാരങ്ങളുടെ പരമ്പര

സമീപ വർഷങ്ങളിൽ, ഇന്ത്യ സ്വന്തം എണ്ണ, പ്രകൃതി വാതക പര്യവേക്ഷണ, ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തര ശ്രമങ്ങൾ നടത്തി വരുന്നു. ഘടനാപരമായ പരിഷ്കാരങ്ങളുടെ ഒരു പരമ്പര ഈ മേഖലയെ തുറന്നതും സുതാര്യവും നിക്ഷേപക സൗഹൃദപരവുമാക്കി മാറ്റി.

  • എണ്ണ, പ്രകൃതി വാതകം എന്നിവയുടെ പര്യവേക്ഷണത്തിനായി സമുദ്രപ്രദേശങ്ങൾ തുറന്നു നൽകുക: മുമ്പ് പര്യവേക്ഷണത്തിന് വിലക്കുണ്ടായിരുന്ന 99% പ്രദേശങ്ങളും ഇപ്പോൾ തുറന്ന് നൽകിയിരിക്കുന്നു. തത്ഫലമായി, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ (EEZ) ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം എണ്ണ, വാതക പര്യവേക്ഷണത്തിന് ലഭ്യമാണ്. എണ്ണ, വാതകം, ധാതുക്കൾ തുടങ്ങിയ പ്രകൃതി വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും ഇന്ത്യയ്ക്ക് നിയമപരമായ അവകാശങ്ങളുള്ള സമുദ്ര മേഖലയാണ് EEZ.
  • പുതിയ ലൈസൻസിംഗ് ചട്ടക്കൂട്: ഇന്ത്യയിൽ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം സുഗമവും ആകർഷകവുമാക്കുന്നതിനായി 2016 ൽ ഹൈഡ്രോകാർബൺ പര്യവേക്ഷണ, ലൈസൻസിംഗ് നയം (HELP) അവതരിപ്പിച്ചു. ഈ നയത്തിൻ്റെ ഭാഗമായി, ഏതൊക്കെ മേഖലകളിൽ പര്യവേക്ഷണം നടത്താമെന്ന് ഗവണ്മെൻ്റ് തീരുമാനമെടുത്തിരുന്ന മുൻ സംവിധാനത്തിന് പകരമായി ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പ്രോഗ്രാം (OALP) ആരംഭിച്ചു. കുറഞ്ഞ നിരക്കുകൾ, വ്യത്യസ്ത തരം ഹൈഡ്രോകാർബണുകൾക്ക് ഒരൊറ്റ ലൈസൻസിംഗ് സംവിധാനം, കമ്പനികളും ഗവണ്മെൻ്റും തമ്മിലുള്ള വരുമാനം പങ്കിടൽ, എണ്ണ, പ്രകൃതി വാതക പര്യവേക്ഷണവും ഉത്പാദനവും വേഗത്തിലാക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ HELP നൽകുന്നു. 
  • ലളിതമായ കരാറുകൾ: 2016-ൽ ഇന്ത്യ സ്വന്തം എണ്ണ, പ്രകൃതി വാതക കരാർ സംവിധാനം പ്രൊഡക്ഷൻ ഷെയറിംഗ് കോൺട്രാക്റ്റ്‌സിൽ (PSC) നിന്ന് റവന്യൂ ഷെയറിംഗ് കോൺട്രാക്റ്റ്‌സിലേക്ക് (RSC) മാറ്റി. ചെലവ് തിരിച്ചുപിടിച്ചതിനുശേഷം ഗവണ്മെൻ്റും കരാറുകാരനും ലാഭം പങ്കിടുന്നു. പുതിയ RSC സംവിധാനത്തിന് കീഴിൽ, എല്ലാ പര്യവേക്ഷണ അപകടസാധ്യതകൾക്കും ചെലവുകൾക്കും കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, കൂടാതെ സൃഷ്ടിക്കുന്ന വരുമാനത്തിൻ്റെ അംഗീകൃത വിഹിതം അവർക്ക് ലഭിക്കും. ഈ പുതിയ സംവിധാനം പ്രക്രിയയെ ലളിതവും കൂടുതൽ സുതാര്യവുമാക്കി, ഗവണ്മെൻ്റ്  ഇടപെടൽ കുറച്ചു.
  • പുതുക്കിയ നിയമം: എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി നിയമം, 2025 സ്ഥിരതയും ശക്തമായ തർക്ക പരിഹാരവും ഉറപ്പാക്കി. സംയുക്ത പെട്രോളിയം പ്രവർത്തനങ്ങൾ അംഗീകരിച്ചു, ഈ മേഖലയ്ക്കായി ഒരു ആധുനിക നിയന്ത്രണ സംവിധാനം സൃഷ്ടിച്ചു.
  • ലളിതമായ ചട്ടങ്ങൾ: 2025 ലെ പെട്രോളിയം പ്രകൃതിവാതക  നിയമങ്ങൾ, ബിസിനസ്സ് സുഗമമാക്കുകയും പെട്രോളിയം പാട്ടങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിലൂടെ ഈ പരിഷ്കാരങ്ങൾ പ്രായോഗികമാക്കി.
  • മത്സര തുല്യത: എല്ലാത്തരം എണ്ണ, പ്രകൃതിവാതക കരാറുകളുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിയുടെ ഘടനയും ഉത്തരവാദിത്തങ്ങളും ഏകീകരിച്ചിരിക്കുന്നു. കരാർ എപ്പോൾ ഒപ്പുവച്ചാലും, എല്ലാ കമ്പനികൾക്കും ഓപ്പറേറ്റർമാർക്കും ഒരേ പരിഗണന ലഭിക്കുന്നുണ്ടെന്നും ഒരേ പ്രക്രിയ പിന്തുടരുന്നുണ്ടെന്നും ഇത് ഉറപ്പാക്കുന്നു.
  • അധിക ശ്രദ്ധ: പുതിയ എണ്ണ, വാതക സ്രോതസ്സുകൾ കണ്ടെത്തുന്നതിലും വികസിപ്പിക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെയും (ONGC) ഓയിൽ ഇന്ത്യ ലിമിറ്റഡിൻ്റെയും ലക്ഷ്യങ്ങളും വിലയിരുത്തൽ മാനദണ്ഡങ്ങളും എണ്ണ, പ്രകൃതി വാതക പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുംവിധം പരിവർത്തനം ചെയ്തു. ആഭ്യന്തര ഊർജ്ജ സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനും ബാഹ്യ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള  ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.


വിജയകരമായ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം കൃത്യവും വിശ്വസനീയവുമായ ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു. സീസ്മിക് സർവേകൾ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിൻ്റെ അടിത്തട്ടിലെ പാറ രൂപീകരണങ്ങളുടെ ഭൂപടങ്ങൾ സൃഷ്ടിക്കാനും പഠിക്കാനും സഹായിക്കുന്നു, ഹൈഡ്രോകാർബൺ വിഭവങ്ങൾ തിരിച്ചറിയാനും ഇത് സഹായകമാണ്. മിഷൻ അന്വേഷൺ, നാഷണൽ സീസ്മിക് പ്രോഗ്രാം, എക്സ്റ്റെൻഡഡ് കോണ്ടിനെൻ്റൽ ഷെൽഫ് സർവേ, നാഷണൽ ഡാറ്റ റിപ്പോസിറ്ററി, ഹൈഡ്രോകാർബൺ റിസോഴ്‌സ് അസസ്‌മെൻ്റ് സ്റ്റഡി തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യ ഈ ശാസ്ത്രീയ ജ്ഞാനം  വളർത്തിയെടുക്കുന്നതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഭൂഗർഭ വിഭവങ്ങൾ മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വിശദവും സമഗ്രവുമായ ഡാറ്റാബേസുകളിലൊന്ന് സൃഷ്ടിക്കാൻ ഈ ഉദ്യമങ്ങൾ സഹായകമായിട്ടുണ്ട്.

ഇന്ത്യയിലെ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണ മേഖലയിലെ നിക്ഷേപകരിലും കമ്പനികളിലും സമീപകാല പരിഷ്കാരങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ സജീവമായ പര്യവേക്ഷണ മേഖലകളിൽ ഏകദേശം 81 ശതമാനവും അനുവദിച്ചത് 2014 ന് ശേഷമാണ്, കൂടാതെ ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പ്രോഗ്രാം (OALP) പ്രകാരം, ഏകദേശം 3.8 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 172 പര്യവേക്ഷണ ബ്ലോക്കുകൾ അനുവദിച്ചു. ഈ മേഖലയിലെ കമ്പനികൾ 4.3 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപം നടത്തി. പര്യവേക്ഷണ പ്രവർത്തനങ്ങൾ വർദ്ധിച്ചു, 2025–26 സാമ്പത്തിക വർഷത്തിൽ ഏകദേശം 674 കിണറുകൾ കുഴിച്ചു. ഈ കാലയളവിൽ, അഞ്ച് പുതിയ ശേഖരങ്ങൾ കണ്ടെത്തി, മുമ്പ് കണ്ടെത്തിയ ഏഴ് ശേഖരങ്ങൾ ഉത്പാദനത്തിലേക്കും വാണിജ്യ ഉപയോഗത്തിലേക്കും പുരോഗമിച്ചു.

മഹാനദി തടത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം 

2026 ജൂലൈ 25 ന് മഹാനദി ഓഫ്‌ഷോർ ബേസിനിലെ പ്രാരംഭ വിലയിരുത്തലിനായുള്ള കിണർ കുഴിക്കാൻ ആരംഭിച്ചതോടെ ഹൈഡ്രോകാർബൺ പര്യവേക്ഷണം പരിഷ്കരിക്കാനും വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ ഉദ്യമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. എണ്ണ, പ്രകൃതി വാതക സ്രോതസ്സിൻ്റെ വലിപ്പം, ഗുണനിലവാരം, വാണിജ്യ സാധ്യതകൾ എന്നിവ പഠിക്കുന്നതിനായി ഒരു കണ്ടെത്തലിന് ശേഷം പ്രാരംഭ വിലയിരുത്തലിനായുള്ള കിണർ കുഴിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ഡീപ്പ് വാട്ടർ ഡ്രില്ലിംഗ് സാങ്കേതികവിദ്യ ഈ പദ്ധതിയ്ക്കായി ഉപയോഗിക്കും. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഓഫ്‌ഷോർ ഊർജ്ജ മേഖലകളെ വിലയിരുത്താനും വികസിപ്പിക്കാനും സഹായിക്കുന്ന നാല് ആസൂത്രിത ആഴക്കടൽ കിണറുകളിൽ ആദ്യത്തേതാണ് MN-DWN18-1-HD കിണർ.
 
ഈ പുതിയ കിണർ കുഴിക്കുന്നത് (സ്പുഡ്ഡിംഗ്) ഇന്ത്യയിലെ ഏറ്റവും  വെല്ലുവിളി നിറഞ്ഞ ആഴക്കടൽ പര്യവേക്ഷണ പദ്ധതികളിൽ ഒന്നിൻ്റെ തുടക്കമാണ്. ഓരോ എണ്ണ, പ്രകൃതി വാതക മേഖലയിലും നടത്തുന്ന പഠനവും ഓരോ കിണറും കൂടുതൽ ആഭ്യന്തര ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താനും ഊർജ്ജത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്ക് മുന്നേറാനും ഇന്ത്യയെ സഹായിക്കും.

സുരക്ഷിതമായ ഒരു ഊർജ്ജ ഭാവിയിലേക്ക്

ഇന്ത്യ ഊർജ്ജ വികസനത്തിൽ നൂതനവും പ്രതീക്ഷാ നിർഭരവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിൻ്റെ ഊർജ്ജ ഭാവി പ്രധാന എണ്ണ, പ്രകൃതി വാതക സ്രോതസ്സുകൾ കണ്ടെത്തുന്നതിനെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്; പകരം, തുടർ പരിഷ്കാരങ്ങൾ, ശാസ്ത്രീയ പുരോഗതി, ഭൗമശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഓഫ്‌ഷോർ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് വിദഗ്ധരുടെ കഠിനാധ്വാനം എന്നിവയിലൂടെയാണ് ഇത് രൂപപ്പെടുന്നത്.

കൃത്യമായ ഡാറ്റ, നഷ്ടം പങ്കിടൽ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, ആഭ്യന്തര വൈദഗ്ദ്ധ്യം തുടങ്ങിയ പ്രധാന ഘടകങ്ങളെ സമുദ്ര മന്ഥൻ ഒരൊറ്റ ദേശീയ ദൗത്യത്തിലേക്ക് സമന്വയിപ്പിക്കുന്നു. ഇന്ത്യ സ്വന്തം ഓഫ്‌ഷോർ ഊർജ്ജ സ്രോതസ്സുകൾ പര്യവേക്ഷണം ചെയ്യാനാരംഭിക്കുമ്പോൾ, അതിവേഗം വളർന്നു വരുന്ന ഒരു രാജ്യത്തിൻ്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയുമാണ് പ്രസ്തുത സംരംഭം പ്രതിനിധീകരിക്കുന്നത്. സമുദ്രാന്തർഭാഗത്തെ വിഭവങ്ങൾ കണ്ടെത്താനും വികസിപ്പിക്കാനും നടത്തുന്ന ഓരോ ഉദ്യമവും ഇന്ത്യയെ സുരക്ഷിതവും സ്വതന്ത്രവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവിയിലേക്ക് മുന്നേറാൻ സഹായിക്കും.


സൂചനകൾ 

 

Ministry of Petroleum and Natural Gas:

https://www.pib.gov.in/PressReleasePage.aspx?PRID=2292841&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2292841&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2289301&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2202520&reg=3&lang=1

https://x.com/PetroleumMin/status/2083261752230154401

https://x.com/HardeepSPuri/status/2083145561335570846

https://x.com/HardeepSPuri/status/2080925544833855843

Click here to see pdf 

 

***

(Explainer ID: 159440) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Kannada