• Sitemap
  • Advance Search
Social Welfare

കായിക രാഷ്ട്രത്തിന്റെ നിർമ്മിതി

ഖേലോ ഇന്ത്യയും അന്താരാഷ്ട്ര മികവിലേക്കുള്ള പാതയും

Posted On: 03 AUG 2026 5:10PM

ഇന്ത്യയുടെ കായിക പ്രയാണത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് ആകെ ₹36,441 കോടി ചെലവിൽ ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായം കൂടുതൽ ശക്തിപ്പെടുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ മികച്ച രീതിയിൽ കഴിവുകൾ തിരിച്ചറിയൽ, വിപുലമായ അവസരങ്ങൾ, അത്‍ലറ്റുകൾക്കുള്ള നിരന്തര പിന്തുണ എന്നിവയിലൂടെ കായികരംഗത്തെ ഗ്രാമീണ തലം മുതൽ ആഗോള വേദികളിലെ വിജയം വരെയുള്ള വ്യക്തമായ ഒരു പാത സൃഷ്ടിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. മറ്റ് ഉദ്യമങ്ങളുമായി ചേർന്ന് ഇത് കഴിവുകളെ വളർത്തിയെടുക്കുകയും നാളത്തെ ചാമ്പ്യന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നു.

കായിക ഇന്ത്യയുടെ ആവേശം

വ്യക്തികളെ രൂപപ്പെടുത്തുന്നതിലും രാജ്യങ്ങളെ ലോകവേദിയിലേക്ക് ഉയർത്തുന്നതിലും വലിയ സ്വാധീനം ചെലുത്താൻ കായികരംഗത്തിന് സാധിക്കും. ഇത് പൗരന്മാരിൽ വ്യക്തിത്വവും ആത്മവിശ്വാസവും വളർത്തുകയും കായിക രംഗത്തെ ഒരു വൻശക്തിയായി രാജ്യത്തിന്റെ വരവറിയിക്കുകയും ചെയ്യുന്നു. കായികരംഗത്തെ വിജയം ദേശാഭിമാനം വളർത്തുകയും ജാതിയ്ക്കും മതത്തിനും വിശ്വാസങ്ങൾക്കുമപ്പുറം ജനങ്ങളെ ഒന്നിച്ചുനിർത്തുകയും ചെയ്യുന്നു. ഈ കൂട്ടായ അഭിമാനം കൂടുതൽ സന്തോഷകരവും ആരോഗ്യകരവും ഐക്യമുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ കായിക സമ്പത്ത് ഇവിടുത്തെ യുവാക്കളാണ്. ജനസംഖ്യയുടെ ഏകദേശം 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ വിശാല സാധ്യത മനസ്സിലാക്കിക്കൊണ്ട് കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം കായിക വികസനം ശക്തിപ്പെടുത്തുന്നതും രാജ്യത്തുടനീളം കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതും തുടർന്നുപോരുന്നു. 2026–27-ലെ കേന്ദ്ര ബജറ്റ് മന്ത്രാലയത്തിനായി എക്കാലത്തെയും ഉയർന്ന തുകയായ ₹4,479.88 കോടി വകയിരുത്തി. 2013–14-ൽ ഇത് ₹1,219 കോടി മാത്രമായിരുന്നു.

ഖേലോ ഇന്ത്യ പദ്ധതിയാണ് ഈ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത്. നിലവിൽ ഇത് കൂടുതൽ വിപുലീകരിച്ച ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മത്സരങ്ങൾക്കും അടിസ്ഥാന സൗകര്യവികസനത്തിനുമപ്പുറത്തേക്ക് ഇതിന്റെ ലക്ഷ്യങ്ങളെ എത്തിക്കുന്ന വിപുലീകരിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

സ്‌കൂൾ മൈതാനങ്ങളിൽ നിന്നും ഗ്രാമീണ കളിസ്ഥലങ്ങളിൽ നിന്നും വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഇനിമുതൽ മുന്നോട്ട് പോകാൻ വ്യക്തമായ ഒരു പാതയുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ തന്നെ കഴിവുകൾ തിരിച്ചറിയുകയും തുടർന്ന് മികച്ച പരിശീലനം, ശാസ്ത്രാധിഷ്ഠിത പിന്തുണ, പതിവുമത്സരങ്ങൾ എന്നിവയുണ്ടാകും. ശക്തമായ സ്ഥാപനങ്ങളും വിപുലമായ പങ്കാളിത്തങ്ങളും വഴി ഭാവിവാഗ്ദാനങ്ങളായ കായികതാരങ്ങളെ അന്താരാഷ്ട്ര മികവിലേക്ക് സ്ഥിരതയോടെ നയിക്കാൻ സഹായിക്കും. മറ്റ് പ്രധാന സംരംഭങ്ങളാൽ സമ്പുഷ്ടമായ ഖേലോ ഇന്ത്യ ഇന്ത്യയിലുടനീളം ജനകീയ പങ്കാളിത്തവും കായിക മികവും പ്രോത്സാഹിപ്പിക്കുന്നു. ഓരോ തലത്തിലും കഴിവുള്ളവരെ കണ്ടെത്താനും വളർത്തിയെടുക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ശാസ്ത്രീയ പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഈ കൂട്ടായ പരിശ്രമങ്ങൾ ഉറപ്പാക്കുന്നു. ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ, പരിമിതമായ വിഭവങ്ങൾ അല്ലെങ്കിൽ അവസരങ്ങളുടെ കുറവ് എന്നിവ കാരണം കഴിവുകൾ തളയ്ക്കപ്പെടരുതെന്ന് ഇത് ലക്ഷ്യമിടുന്നു.

സമീപകാലത്ത് ഇന്ത്യ പടുത്തുയർത്തിയ കായിക അടിത്തറയെ ആസ്പദമാക്കിയാണ് ഈ കാഴ്ചപ്പാട് നിർമ്മിച്ചിരിക്കുന്നത്. 2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്ഥാനം ഈ വളരുന്ന കരുത്തിന്റെ മറ്റൊരു തെളിവായിരുന്നു. ഇത്തരം നിമിഷങ്ങൾ കേവലം മെഡലുകൾക്കപ്പുറം വലിയൊരു നേട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഖേലോ ഇന്ത്യയുടെ കാഴ്ചപ്പാട്

ഇന്ത്യൻ കായികരംഗത്തിന് ശക്തമായ അടിത്തറ പാകുന്നതിനായി 2017-ൽ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നിലവിലുണ്ടായിരുന്ന മൂന്ന് പദ്ധതികളെ സംയോജിപ്പിച്ചു. രാജീവ് ഗാന്ധി ഖേൽ അഭിയാൻ, അർബൻ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ സ്കീം, നാഷണൽ സ്പോർട്സ് ടാലന്റ് സെർച്ച് സ്കീം എന്നിവയെ ലയിപ്പിച്ചാണ് കായിക വികസനത്തിനായി ഏകീകൃതമായ ഒരു ചട്ടക്കൂട് രൂപീകരിച്ചത്.

കായിക മേഖലയുടെ ഓരോ ഘട്ടത്തെയും ശക്തിപ്പെടുത്തുന്നതിനായി ഒരു സമഗ്ര സമീപനമാണ് ഈ പദ്ധതി പിന്തുടരുന്നത്. ഇതിന്റെ അഞ്ച് പ്രധാന ഘടകങ്ങൾ ഇവയാണ്:

  1. കഴിവുള്ള കായികതാരങ്ങളെ കണ്ടെത്താനും അവരെ പ്രൊഫഷണൽ മികവിലേക്ക് നയിക്കാനുമായി വിവിധ തലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
  2. പ്രത്യേക വികസന പദ്ധതികളിലൂടെ പരിശീലകരുടെയും അനുബന്ധ ജീവനക്കാരുടെയും ശേഷി വർധിപ്പിക്കുക.
  3. കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി സ്പോർട്സ് സയൻസിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും ഉപയോഗം വിപുലീകരിക്കുക.
  4. ഊർജ്ജസ്വലമായ ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനും കായിക മത്സരങ്ങൾക്കുള്ള അവസരങ്ങൾ നൽകുന്നതിനുമായി ടൂർണമെന്റുകളും ലീഗുകളും സംഘടിപ്പിക്കുക.
  5. പരിശീലനത്തിനും മത്സരങ്ങൾക്കും ആവശ്യമായ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ പദ്ധതികളിലൂടെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ഖേലോ ഇന്ത്യ ട്രെയിനിംഗ് സെന്റർ വീതം സ്ഥാപിക്കാൻ ഈ മിഷൻ ലക്ഷ്യമിടുന്നു. കൂടാതെ സ്പോർട്സ് സയൻസ്, സൈക്കോളജി, പോഷകാഹാരം എന്നിവയുടെ പിന്തുണയോടെയുള്ള ഘടനാപരമായ കായികതാര വികസന പാതകളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഡാറ്റാ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ കായികതാരങ്ങളുടെ പ്രകടനം തത്സമയം നിരീക്ഷിക്കാൻ സഹായിക്കുന്നു. ഈ സംയോജിത സമീപനത്തിലൂടെ 2036-ഓടെ ഇന്ത്യയെ ലോകത്തിലെ മുൻനിര കായിക രാഷ്ട്രങ്ങളിൽ ഒന്നാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ഖേലോ ഇന്ത്യയിലെ വളരുന്ന നിക്ഷേപം

  • 2017–18 മുതൽ 2019–20 വരെ: പദ്ധതി പുനഃസംഘടിപ്പിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് ₹1,756 കോടി അനുവദിച്ചു.
  • 2020–21: ഒരു വർഷത്തേക്ക് ₹328.77 കോടി വകയിരുത്തി.
  • 2021–22 മുതൽ 2025–26 വരെ: അഞ്ചുവർഷത്തേക്ക് ധനസഹായം ₹3,790.50 കോടിയായി ഉയർത്തി. ഇത് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.
  • 2026–27: ₹924.35 കോടി വകയിരുത്തി. പദ്ധതി ലക്ഷ്യാധിഷ്ഠിതമായി നടപ്പിലാക്കുന്ന പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ തുടർച്ചയായ പിന്തുണ ഉറപ്പാക്കുന്നു.

 

ഖേലോ ഇന്ത്യ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ (2026 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം):

  • മൊത്തം ₹3,176 കോടി നിക്ഷേപത്തിൽ 349 പുതിയ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി.
  • ഗ്രാമീണ തലത്തിലെ പരിശീലനവും കായികതാരങ്ങൾക്കുള്ള പിന്തുണയും ശക്തിപ്പെടുത്തുന്നതിനായി 1,067 ഖേലോ ഇന്ത്യ സെന്ററുകൾ (KIC) സ്ഥാപിച്ചു.
  • വിവിധ കായികയിനങ്ങളിലെ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി 267 അക്കാദമികൾക്ക് സഹായം നൽകി.
  • 2,745 ഖേലോ ഇന്ത്യ അത്‍ലറ്റുകൾക്ക് (KIA) പരിശീലനം, ഉപകരണങ്ങൾ, വൈദ്യസഹായം, പ്രതിമാസ പോക്കറ്റ് അലവൻസ് എന്നിവ നൽകി പിന്തുണയ്ക്കുന്നു.

നിരന്തരമായ നിക്ഷേപത്തിലൂടെയും വ്യക്തമായ ദീർഘകാല കാഴ്ചപ്പാടിലൂടെയും ഇന്ത്യയ്ക്കായി ചാമ്പ്യന്മാരുടെ ശക്തമായ ഒരു പരമ്പര തന്നെ ഖേലോ ഇന്ത്യ സൃഷ്ടിക്കുകയാണ്.

പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതി: ഗ്രാമീണ തലത്തിൽ നിന്നും ആഗോള മികവിലേക്കുള്ള പാത

2026–27 മുതൽ 2030–31 വരെയുള്ള കാലയളവിലേക്ക് ഖേലോ ഇന്ത്യ പദ്ധതി കൂടുതൽ വിപുലീകരിച്ച ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള മെച്ചപ്പെടുത്തിയ സഹായവും ചേർത്ത് ആകെ ₹36,441 കോടിയുടെ വകയിരുത്തലാണ് ഇതിനുള്ളത്.

ഒരു സമഗ്ര അത്‍ലറ്റ് വികസന പാത

തുടക്കത്തിൽ യുവ കായികതാരങ്ങൾക്ക് ഓരോ ഘട്ടത്തിലും ഘടനാപരമായ പിന്തുണ ലഭിക്കും. കഴിവുകൾ കണ്ടെത്തുന്നത് മുതൽ ശാസ്ത്രീയ പരിശീലനം, വിദേശ പരിചയം, ഒളിമ്പിക് തയ്യാറെടുപ്പ് എന്നിവ വരെ ഇതിൽ ഉൾപ്പെടുന്നു. രാജ്യവ്യാപകമായ ഈ ശൃംഖല താഴെ പറയുന്നവയെ ഒന്നിപ്പിക്കും:

  • നാഷണൽ സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്
  • ഖേലോ ഇന്ത്യ സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്
  • സായ് ട്രെയിനിംഗ് സെന്റേഴ്‌സ്
  • ഖേലോ ഇന്ത്യ അംഗീകൃത അക്കാദമികൾ
  • ഖേലോ ഇന്ത്യ സെന്ററുകൾ
  • ആംഡ് ഫോഴ്സസിന്റെ യൂത്ത് സ്പോർട്സ് കമ്പനികൾ

ഈ സ്ഥാപനങ്ങളെല്ലാം രാജ്യത്തുടനീളം ആധുനിക അടിസ്ഥാന സൗകര്യങ്ങളും പ്രൊഫഷണൽ പരിശീലനവും സ്പോർട്സ് സയൻസ് പിന്തുണയും നൽകും.

ഖേലോ ഇന്ത്യ ഫീഡർ സ്‌കൂളുകളും ഖേലോ ഇന്ത്യ ഉത്കൃഷ്ട വിദ്യാലയങ്ങളും ഈ പദ്ധതി അവതരിപ്പിക്കുന്നു. ഈ സംരംഭങ്ങൾ കായികരംഗത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയും കഴിവുള്ള കുട്ടികളെ വരുംകാലങ്ങളിൽ നേരത്തെ കണ്ടെത്താനും അവരുടെ ചിട്ടയായ വികസനം ഉറപ്പാക്കാനും സഹായിക്കുകയും ചെയ്യും.

ഇന്ത്യയുടെ അത്‍ലറ്റ് പൂൾ വിപുലീകരിക്കുന്നു

പുതിയ എമർജിംഗ് ഖേലോ ഇന്ത്യ അത്‍ലറ്റ്‌സ് വിഭാഗം നിലവിലുള്ള അത്‍ലറ്റുകളുടെ എണ്ണത്തെ ഏകദേശം പത്തിരട്ടിയായി ഉയർത്തും. ശക്തമായ ടാലന്റ് ഐഡന്റിഫിക്കേഷൻ സംവിധാനവും ഗ്രാമീണ തലത്തിലെ മത്സരങ്ങൾ മുതൽ ഖേലോ ഇന്ത്യ, ടോപ്സ് (TOPS) വരെയുള്ള വ്യക്തമായ പാതയും അത്‍ലറ്റുകളെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് മുതൽ അന്താരാഷ്ട്ര മികവ് പുലർത്തുന്നത് വരെ പിന്തുണയ്ക്കും.

കൂടുതൽ മത്സരങ്ങളും വിപുലമായ അവസരങ്ങളും

സ്‌കൂൾ, സർവ്വകലാശാല, പ്രാദേശിക, കായിക-പ്രത്യേക ലീഗുകൾ എന്നിവ കായികതാരങ്ങൾക്ക് പതിവായി മത്സരാനുഭവം നൽകും. ദേശീയ ഗെയിംസുകൾക്കും പ്രധാന അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്കുമുള്ള പിന്തുണയ്‌ക്കൊപ്പം സ്ത്രീകൾ, പാരാ അത്‍ലറ്റുകൾ, തദ്ദേശീയ കായിക വിനോദങ്ങൾ എന്നിവർക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും.

ഫിറ്റ്‌നസ്, കോച്ചിംഗ്, സാങ്കേതികവിദ്യ

വിപുലീകരിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് സജീവമായ ജീവിതശൈലിയെയും വിശാലമായ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കും. ഒരു നാഷണൽ കോച്ച് അക്രെഡിറ്റേഷൻ ബോർഡ് പരിശീലന നിലവാരം ഉയർത്തും. അതേസമയം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം അത്‍ലറ്റുകളുടെ വിവരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മത്സരങ്ങൾ, വിലയിരുത്തലുകൾ, ഫണ്ടിംഗ് എന്നിവയെ ഏകോപിപ്പിക്കും.

കായിക മികവിനുള്ള പങ്കാളിത്തങ്ങൾ

സ്വകാര്യ അക്കാദമികളുമായും കോർപ്പറേറ്റ് സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തം കായിക വികസനത്തിലേക്ക് നിക്ഷേപവും വിദഗ്ധോപദേശങ്ങളും കൊണ്ടുവരും. ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണ പരിശീലനം, സ്പോർട്സ് സയൻസ്, സാമഗ്രികൾ, വിദഗ്ധ പരിശീലനം, വിദേശ പരിചയം എന്നിവയെ കൂടുതൽ ശക്തമാക്കും.

ഇന്ത്യയുടെ ആഗോള കായികാഭിലാഷങ്ങളെ മുന്നോട്ട് നയിക്കുന്നു

ഖേലോ ഭാരത് നീതി 2025, ദേശീയ വിദ്യാഭ്യാസ നയം 2020 എന്നിവയുമായി ചേർന്നുപോകുന്ന ഈ പദ്ധതി കായികരംഗത്തെ വിദ്യാഭ്യാസവുമായും ഫിറ്റ്‌നസുമായും സാങ്കേതികവിദ്യയുമായും ഉന്നതനിലവാരത്തിലുള്ള പരിശീലനവുമായും സംയോജിപ്പിക്കുന്നു. ഇത് 2030 കോമൺവെൽത്ത് ഗെയിംസുകൾക്കുള്ള തയാറെടുപ്പുകളെയും ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെയും വികസിത് ഭാരത്@2047 എന്ന കാഴ്ചപ്പാടിനെയും പിന്തുണയ്ക്കും.

ഖേലോ ഇന്ത്യ ഗെയിംസ്: ഭാവി ചാമ്പ്യന്മാർക്കുള്ള വേദി

2018-ൽ ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസ് ആരംഭിച്ചതോടെ ഖേലോ ഇന്ത്യ പ്രസ്ഥാനം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ന്യൂഡൽഹിയിൽ വെച്ച് നടന്ന ഈ പരിപാടി രാജ്യത്തുടനീളമുള്ള വളർന്നുവരുന്ന യുവ കായികപ്രതിഭകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നു.

അതേ വർഷം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ഈ സംരംഭത്തിൽ പങ്കാളികളായി. 2019 മുതൽ ഈ പരിപാടി 'ഖലോ ഇന്ത്യ യൂത്ത് ഗെയിംസ് (KIYG) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഖേലോ ഇന്ത്യയ്ക്ക് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരമായി ഇത് ഇന്നും തുടരുന്നു.

വിവിധ കായിക ഇനങ്ങളിലെ അത്‍ലറ്റുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഖേലോ ഇന്ത്യ ഗെയിംസ് ക്രമാനുഗതമായി വിപുലീകരിച്ചു. ഓരോ വർഷവും നടക്കുന്ന മത്സരങ്ങൾ ഇപ്പോൾ സംസ്ഥാനങ്ങളെയും സർവ്വകലാശാലകളെയും പ്രതിനിധീകരിക്കുന്ന മത്സരാർത്ഥികളെ ഒന്നിപ്പിക്കുകയും അത് അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനും ഉയർന്ന തലങ്ങളിലേക്ക് തയ്യാറെടുക്കാനും സഹായകമാകുകയും ചെയ്യുന്നു. 2018 മുതൽ 63,000-ത്തിലധികം അത്‍ലറ്റുകളാണ് ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുത്തത്.

2020-ൽ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസും (KIUG) ഖേലോ ഇന്ത്യ വിന്റർ ഗെയിംസും (KIWG) ആരംഭിച്ചു. തുടർന്ന് 2023-ൽ ഖേലോ ഇന്ത്യ പാരാ ഗെയിംസും (KIPG) നിലവിൽ വന്നു. 2025-ൽ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസും (KIBG) ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലും ആരംഭിച്ചുകൊണ്ട് ഈ വിപുലീകരണം തുടർന്നു. 2026-ൽ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസും (KITG) അരങ്ങേറ്റം കുറിച്ചു.

യുവ കായികതാരങ്ങൾക്ക് മികവ് പുലർത്തുന്നതിനായി ഒരു ദേശീയ വേദി നൽകിക്കൊണ്ട് ഖേലോ ഇന്ത്യ ഗെയിംസ് ഇന്ത്യയുടെ കായിക സംസ്‌കാരത്തെ തുടർച്ചയായി ശക്തിപ്പെടുത്തുന്നു.

ഇന്ത്യയുടെ കായിക വിജയങ്ങൾക്ക് വഴിയൊരുക്കുന്നു

ഇന്ത്യയുടെ കായിക മുന്നേറ്റം കേവലം അടിസ്ഥാന സൗകര്യങ്ങളിലും മത്സരങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. ലക്ഷ്യബോധത്തോടെയുള്ള നിരവധി സംരംഭങ്ങൾ അത്‍ലറ്റുകളുടെ വികാസം ശക്തിപ്പെടുത്തുകയും പുതിയ കഴിവുകളെ കണ്ടെത്തുകയും ദീർഘകാല കായിക ശേഷി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കൂട്ടായ ഈ പരിശ്രമങ്ങൾ ഗ്രാമീണ തലത്തിലുള്ള പങ്കാളിത്തം മുതൽ ആഗോള വിജയം വരെയുള്ള ശക്തമായ ഒരു പാത സൃഷ്ടിക്കുന്നു.

ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS)

ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം 2014 സെപ്റ്റംബറിലാണ് 'ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം' (TOPS) ആരംഭിച്ചത്. കായികതാരങ്ങൾക്ക് സമഗ്ര പിന്തുണ നൽകുന്നതിനായി ഒരു പ്രത്യേക സാങ്കേതിക സഹായ സംഘത്തെ ഉൾപ്പെടുത്തി 2018 ഏപ്രിലിൽ ഈ പദ്ധതി പുനഃസംഘടിപ്പിച്ചു.

വിദേശ പരിശീലനം, അന്താരാഷ്ട്ര മത്സരങ്ങൾ, പരിശീലന ക്യാമ്പുകൾ, പ്രത്യേക ഉപകരണങ്ങൾ, പ്രതിമാസം ₹50,000 അലവൻസ് എന്നിവ നൽകി 'ടോപ്സ്' കായികതാരങ്ങളെ പിന്തുണയ്ക്കുന്നു. ജൂനിയർ അത്‍ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം ₹25,000 അലവൻസോടെ ഒരു 'ഡെവലപ്‌മെന്റ് ഗ്രൂപ്പും' ഇതിലേക്ക് അവതരിപ്പിച്ചു.

2026 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം നിലവിൽ 51 കോർ അത്‍ലറ്റുകൾ, 52 പാരാ കോർ അത്‍ലറ്റുകൾ, 130 ഡെവലപ്‌മെന്റ് അത്‍ലറ്റുകൾ എന്നിവർക്ക് ഈ പദ്ധതി പിന്തുണ നൽകുന്നുണ്ട്. 2020 ടോക്കിയോ, 2024 പാരിസ് ഒളിമ്പിക്‌സ് ഗെയിംസുകളിൽ ഇന്ത്യ നേടിയ മെഡൽ നേട്ടങ്ങളിൽ 'ടോപ്സ്' നിർണായക പങ്കുവഹിച്ചു.

കീർത്തി (KIRTI)

9 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്താനും വളർത്തിയെടുക്കാനുമുള്ള സംരംഭമാണ് ഖേലോ ഇന്ത്യ റൈസിംഗ് ടാലന്റ് ഐഡന്റിഫിക്കേഷൻ (KIRTI). സുതാര്യവും യോഗ്യത മാത്രം മാനദണ്ഡമാക്കിയുള്ളതുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ടാലന്റ് അസസ്‌മെന്റ് സെന്ററുകൾ, മാനദണ്ഡമാക്കിയുള്ള മൂല്യനിർണ്ണയ രീതികൾ, നിർമിത ബുദ്ധിയും ഡാറ്റാ അനലിറ്റിക്‌സും ഉൾപ്പെടെയുള്ള അത്യാധുനിക ഐടി ടൂളുകൾ എന്നിവ ഇത് ഉപയോഗിക്കുന്നു.

നിലവിൽ മൂന്ന് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ടാലന്റ് അസസ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുകയും 1,87,921 മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2036-ഓടെ ഇന്ത്യയെ ആദ്യ 10 കായിക രാഷ്ട്രങ്ങളിലൊന്നായും 2047-ഓടെ ആദ്യ അഞ്ച് കായിക രാഷ്ട്രങ്ങളിലൊന്നായും മാറ്റാൻ സഹായിക്കുന്ന പ്രതിഭകളെ സൃഷ്ടിക്കുകയാണ് കീർത്തി ലക്ഷ്യമിടുന്നത്.

കായിക സാമഗ്രികളുടെ ഉത്പാദനം

2026–27-ലെ കേന്ദ്ര ബജറ്റ് കായിക സാമഗ്രികളുടെ ഉത്പാദനത്തിനായി ₹500 കോടി വകയിരുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക സംരംഭം പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ കായിക ഉപകരണങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

ആഭ്യന്തര ഉത്പാദന ശേഷി വികസിപ്പിക്കുക, ഉപകരണങ്ങളുടെ രൂപകൽപ്പനയിൽ ഗവേഷണവും നവീനാശയവും പ്രോത്സാഹിപ്പിക്കുക, മെറ്റീരിയൽ സയൻസ് പോഷിപ്പിക്കുക, ആഗോള കായിക വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുക, നിർമ്മാണ-അനുബന്ധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഈ സംരംഭങ്ങൾ ഇന്ത്യയുടെ കായിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള വേദിയിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ മത്സരിക്കാൻ അത്‍ലറ്റുകളെ സജ്ജരാക്കുകയും ചെയ്യുന്നു.

ആഗോള കായിക വേദിയിൽ ഇന്ത്യയുടെ മുന്നേറ്റം

ഇന്ത്യയുടെ കായിക മേഖലയിൽ നടത്തുന്ന നിക്ഷേപങ്ങൾ ആഗോളതലത്തിൽ മികച്ച ഫലങ്ങൾ നൽകുന്നുണ്ട്. പ്രധാന അന്താരാഷ്ട്ര കായിക മാമാങ്കങ്ങളിലെ ഇന്ത്യയുടെ പ്രകടനം, ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, മറ്റ് മൾട്ടി-സ്‌പോർട്സ് ഇനങ്ങൾ എന്നിവയിലുടനീളം രാജ്യത്തിന്റെ വളരുന്ന കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ശക്തമായ അത്‍ലറ്റ് വികസനം, മെച്ചപ്പെട്ട പരിശീലന പിന്തുണ, തുടർച്ചയായ നിക്ഷേപം എന്നിവ ലോകവേദിയിൽ തടസ്സമില്ലാത്ത പുരോഗതിയായി പരിണമിച്ചു. പങ്കാളിത്തത്തിലും മെഡൽ വേട്ടയിലുമുണ്ടായ ക്രമാനുഗതമായ വർധന, അതിവേഗം വളരുന്ന ഒരു കായിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയെ എടുത്തുകാണിക്കുന്നു.

ഒളിമ്പിക് ഗെയിംസ്

2016-നും 2024-നും ഇടയിൽ ഇന്ത്യയുടെ ഒളിമ്പിക് യാത്ര ശ്രദ്ധേയമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. 2016-ലെ റിയോയിലെ രണ്ട് മെഡലുകളിൽ നിന്ന് 2020-ൽ ടോക്കിയോയിൽ ഏഴ് മെഡലുകളിലേക്ക് രാജ്യം മുന്നേറി. 2024-ൽ പാരിസിൽ ആറ് മെഡലുകൾ നേടിക്കൊണ്ട് ഇന്ത്യ ഈ മുന്നേറ്റം നിലനിർത്തി. 2020-ൽ ടോക്കിയോയിൽ നീരജ് ചോപ്ര ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് അത്‍ലറ്റിക്‌സ് സ്വർണ്ണമെഡൽ ജേതാവായി മാറി. മീരാബായ് ചാനുവും ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ഒളിമ്പിക് മെഡൽ വിജയികളിൽ ഒരാളായി ഉയർന്നുവന്നു.

വർഷം

ആതിഥേയ നഗരം

ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം

നേടിയ മെഡലുകൾ

2016

റിയോ ഡി ജനീറോ

117

2

2020

ടോക്കിയോ

119

7

2024

പാരിസ്

117

6

പാരാലിമ്പിക് ഗെയിംസ്

കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി ഇന്ത്യയുടെ പാരാലിമ്പിക് പ്രകടനങ്ങൾ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മെഡലുകളുടെ എണ്ണം 2016-ൽ റിയോയിലെ നാലിൽ നിന്ന് 2020-ൽ ടോക്കിയോയിൽ 19 ആയി ഉയർന്നു. 2024-ൽ പാരിസ് 29 മെഡലുകളോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പാരാലിമ്പിക് ക്യാമ്പയിനായി മാറി. അവനി ലേഖര, സുമിത് ആന്റിൽ, പ്രമോദ് ഭഗത് എന്നിവർ രാജ്യത്തിന്റെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഉൾപ്പെടുന്നു. ടോപ്സ് (TOPS), ഖേലോ ഇന്ത്യ പാരാ ഗെയിംസ് തുടങ്ങിയ പദ്ധതികൾ പാരാ അത്‍ലറ്റുകൾക്കുള്ള പിന്തുണ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

വർഷം

ആതിഥേയ നഗരം

ഇന്ത്യൻ അത്‌ലറ്റുകൾ

നേടിയ മെഡലുകൾ

സ്വർണ്ണം

വെള്ളി

വെങ്കലം

2016

റിയോ ഡി ജനീറോ

19

4

2

1

1

2020

ടോക്കിയോ

54

19

5

8

6

2024

പാരിസ്

84

29

7

9

13

ഏഷ്യൻ ഗെയിംസ്

നിരവധി അത്‍ലറ്റ് സംഘങ്ങളെ അയച്ചും ശക്തമായ മെഡൽ നേട്ടങ്ങൾ പുറത്തെടുത്തും ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ പ്രകടനം തുടർച്ചയായി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. 2014-ൽ ഇഞ്ചിയോണിൽ 57 മെഡലുകൾ നേടിയ രാജ്യം 2018-ൽ ജക്കാർത്തയിൽ അത് 69 ആയി മെച്ചപ്പെടുത്തി. 2023-ൽ ഹാംഗ്ഷൂവിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന നേട്ടമായ 107 മെഡലുകൾ രേഖപ്പെടുത്തിയതോടെ ചരിത്രപരമായ ഒരു പതിപ്പായി മാറി. നീരജ് ചോപ്ര, ലവ്‍ലിന ബോർഗോഹെയ്ൻ, സാത്വിക്സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരായിരുന്നു ഇതിന് പ്രധാന പങ്കുവഹിച്ചവരിൽ പ്രമുഖർ.

വർഷം

ആതിഥേയ നഗരം

ഇന്ത്യൻ അത്‌ലറ്റുകൾ

നേടിയ മെഡലുകൾ

സ്വർണ്ണം

വെള്ളി

വെങ്കലം

2014

ഇഞ്ചിയോൺ

541

57

11

9

37

2018

ജക്കാർത്ത

570

69

15

24

30

2023

ഹാംഗ്ഷൂ

655

107

28

38

41

കോമൺവെൽത്ത് ഗെയിംസ്

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും ശക്തരായ രാജ്യമായി ഇന്ത്യ തുടരുന്നു. 2014-ൽ ഗ്ലാസ്‌ഗോയിൽ രാജ്യം 64 മെഡലുകൾ നേടുകയും 2018-ൽ ഗോൾഡ് കോസ്റ്റിൽ അത് 66 ആയി മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ 2022-ൽ ബിർമിംഗ്ഹാമിൽ ഇന്ത്യ 61 മെഡലുകൾ സ്വന്തമാക്കി. ഗുസ്തി, വെയിറ്റ്‌ലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, അത്‍ലറ്റിക്‌സ് എന്നിവ ഇന്ത്യയുടെ വിജയത്തിന് തുടർച്ചയായി സംഭാവന നൽകിയിട്ടുണ്ട്. പി.വി.സിന്ധു, വിനേഷ് ഫോഗട്ട്, അചിന്ത ഷിയുലി എന്നിവർ രാജ്യത്തിന്റെ ശ്രദ്ധേയരായ പ്രകടനക്കാരിൽ ഉൾപ്പെടുന്നു.

വർഷം

ആതിഥേയ നഗരം

ഇന്ത്യൻ അത്‌ലറ്റുകൾ

നേടിയ മെഡലുകൾ

സ്വർണ്ണം

വെള്ളി

വെങ്കലം

2014

ഗ്ലാസ്‌ഗോ

215

64

15

30

19

2018

ഗോൾഡ് കോസ്റ്റ്

218

66

26

20

20

2022

ബിർമിംഗ്ഹാം

210

61

22

16

23

ഇന്ത്യയുടെ ഈ ആഗോള വിജയം അതിന്റെ കായിക മേഖലയുടെ കരുത്തിനെയും ലോകവേദിയിൽ മികവ് പുലർത്താനുള്ള അത്‍ലറ്റുകളുടെ നിശ്ചയദാർഢ്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

2026-ലെ കോമൺവെൽത്ത് ഗെയിംസ്

2026-ലെ കോമൺവെൽത്ത് ഗെയിംസ് ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ ഗ്ലാസ്‌ഗോയിൽ വെച്ചാണ് നടന്നത്. നാല് വേദികളിലായി ആറ് പാരാ സ്പോർട്സ് ഉൾപ്പെടെ 10 കായികയിന പരിപാടികളിലായി 74 രാജ്യങ്ങളിൽ നിന്നുള്ള അത്‍ലറ്റുകളെ ഈ ഗെയിംസ് ഒന്നിപ്പിച്ചു. 13 സ്വർണ്ണവും 17 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 39 മെഡലുകളോടെ നാലാം സ്ഥാനം നേടി ഇന്ത്യ ശക്തമായ പ്രകടനം കാഴ്ചവെച്ചു.

78 പുരുഷ അത്‍ലറ്റുകളും 46 വനിതാ അത്‍ലറ്റുകളും അടങ്ങുന്ന 124 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഒന്നിലധികം കായിക ഇനങ്ങളിലുടനീളമുള്ള രാജ്യത്തിന്റെ വളരുന്ന പ്രതിഭാശേഷിയെയാണ് ഈ സംഘം പ്രതിഫലിപ്പിച്ചത്.

പാരാ പവർലിഫ്റ്റിംഗിൽ വെങ്കലം നേടി ഝാണ്ടു കുമാറാണ് ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്നത്. പുരുഷന്മാരുടെ 60 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ വെള്ളി നേടിയതോടെ ശാരീരികക്ഷമതയുള്ള അത്‍ലറ്റുകളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായി ഋഷികാന്ത സിംഗ് മാറി. സ്‌നാച്ചിൽ ഒരു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും അദ്ദേഹം സ്ഥാപിച്ചു.

ഗ്ലാസ്‌ഗോയിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ നേടി മീരാബായ് ചാനു മറ്റൊരു ചരിത്ര നിമിഷം സമ്മാനിച്ചു. ഈ വിജയം അവരുടെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് കിരീടത്തെ അടയാളപ്പെടുത്തി. പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്‌ലിഫ്റ്റിംഗിൽ വെള്ളി നേടി മുത്തുപാണ്ടി രാജയും ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തിളക്കമേകി.

ബോക്‌സിംഗ് ഇന്ത്യയുടെ ഈ ഗെയിംസിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി മാറി. മുൻപില്ലാത്തവിധം ഏഴ് സ്വർണ്ണങ്ങൾ ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യൻ ബോക്‌സർമാർ നേടിയത്. ഒരു കോമൺവെൽത്ത് ഗെയിംസിൽ ഈ കായിക ഇനത്തിൽ മറ്റൊരു രാജ്യവും നടത്താത്ത ഏറ്റവും മികച്ച പ്രകടനമാണിത്. സാക്ഷി ചൗധരി സ്വർണ്ണ മെഡൽ ജേതാക്കളിൽ ഉൾപ്പെട്ടപ്പോൾ, ഒളിമ്പിക് മെഡൽ ജേതാവ് ലവ്‍ലിന ബോർഗോഹെയ്ൻ വെള്ളി സ്വന്തമാക്കി.

ഗ്ലാസ്‌ഗോ നിരവധി ഇന്ത്യൻ ആദ്യനേട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചു. ജൂഡോയിൽ രാജ്യത്തിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായി അസ്മിത ഡേ മാറി. തുടർന്ന് ഹർഷ് തോകാസും ഈ കായിക ഇനത്തിൽ മറ്റൊരു സ്വർണ്ണം കൂട്ടിച്ചേർത്തു. ഒരു പതിപ്പിൽ രണ്ട് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലറ്റായി ഗുൽവീർ സിംഗ് മാറി. തേജസ്വിൻ ശങ്കർ ഡെക്കാത്ത്‌ലണിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ വെള്ളി വിവിധ കായിക ഇനങ്ങളിലുടനീളം ഇന്ത്യയുടെ വളരുന്ന കരുത്തിനെ പ്രതിഫലിപ്പിച്ച ഈ പ്രകടനത്തിന് മറ്റൊരു അവിസ്മരണീയ നിമിഷം കൂടി നൽകി.

ഖേലോ ഇന്ത്യയിൽ നിന്ന് ഗ്ലാസ്‌ഗോ തിളക്കത്തിലേക്ക്

അരുന്ധതിയുടെ സുവർണ യാത്ര: ഖേലോ ഇന്ത്യയിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക്

Profile image

ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള മിടുക്കിയായ ഒരു വിദ്യാർത്ഥിനിയായിരുന്ന അരുന്ധതി ചൗധരി സാധാരണ കരിയറിന് പകരം ബോക്സിംഗ് റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോട്ടയിൽ നിന്നുള്ള ഈ യുവ ബോക്സറുടെ യാത്രയിലെ നിർണ്ണായക ഘട്ടത്തിൽ ഖേലോ ഇന്ത്യ ഗെയിംസ് അവൾക്ക് ഒരു ദേശീയ വേദി നൽകി. ഡൽഹി 2018, പൂനെ 2019, ഗുവാഹത്തി 2020 എന്നിവിടങ്ങളിൽ തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടി അവൾ ആ അവസരം പരമാവധി പ്രയോജനപ്പെടുത്തി.

ഗ്ലാസ്‌ഗോ 2026-ൽ വനിതകളുടെ 70 കിലോഗ്രാം ബോക്‌സിംഗ് കിരീടം നേടിക്കൊണ്ട് അരുന്ധതി തന്റെ മറ്റൊരു സുവർണ അധ്യായം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ ലഭിക്കുന്ന അവസരങ്ങൾക്ക് വളർന്നുവരുന്ന ഒരു പ്രതിഭയെ എങ്ങനെ ഒരു കോമൺവെൽത്ത് ചാമ്പ്യനാക്കി മാറ്റാൻ സാധിക്കുമെന്ന് അവളുടെ ഈ യാത്ര കാണിച്ചുതരുന്നു.

അസ്മിത ഡേ: ഖേലോ ഇന്ത്യ ചാമ്പ്യനിൽ നിന്ന് ജൂഡോ ചരിത്രത്തിലേക്ക്

GettyImages-2288471687

അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് വളരെയകലെ ത്രിപുരയിലെ ബെലോണിയയിലാണ് അസ്മിത ഡേയുടെ യാത്ര ആരംഭിച്ചത്. അവളുടെ പിതാവ് ഒരു സൈക്കിൾ മെക്കാനിക്കായിരുന്നു. അസ്മിത ഡേ ജൂഡോയിലൂടെ നിശബ്ദമായി ഒരു സ്വപ്നം കെട്ടിപ്പടുത്തു.

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് ആ സ്വപ്നത്തിന് ഒരു ദേശീയ വേദി നൽകി. തുടർച്ചയായി നേടിയ സ്വർണ്ണ മെഡലുകൾ അവളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ഇന്ത്യൻ ജൂഡോയിലേക്കുള്ള അവളുടെ വരവറിയിക്കുകയും ചെയ്തു.

ആ ആത്മവിശ്വാസം 2026-ൽ ഗ്ലാസ്‌ഗോയിലേക്കും അവളോടൊപ്പം യാത്ര ചെയ്തു. സംഘർഷഭരിതമായ ഫൈനലിൽ മനസ്സാന്നിധ്യം വീണ്ടെടുത്ത അവൾ കാനഡയുടെ ഹൈഡി ക്വാച്ചിനെ പരാജയപ്പെടുത്തി. ഈ വിജയം അവളെ ഇന്ത്യയുടെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് ജൂഡോ ചാമ്പ്യനാക്കി മാറ്റി.

കായിക മികവിലേക്കുള്ള പ്രയാണം

ഇന്ത്യയുടെ കായിക പ്രയാണം തുടർച്ചയായി വേഗത കൈവരിക്കുകയാണ്. സുഗമമായ നിക്ഷേപം, ശക്തമായ പിന്തുണാ സംവിധാനങ്ങൾ, ലക്ഷ്യബോധത്തോടെയുള്ള അത്‍ലറ്റുകളുടെ വികസനം എന്നിവ വിജയത്തിന് ശാശ്വതമായ ഒരു അടിത്തറ സൃഷ്ടിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളിലെ വർധിച്ചുവരുന്ന പങ്കാളിത്തവും മെച്ചപ്പെട്ട പ്രകടനങ്ങളും ഈ ശ്രമങ്ങളുടെ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. 2026-ലെ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ ഇന്ത്യൻ അത്‍ലറ്റുകൾ നിശ്ചയദാർഢ്യത്തോടും അഭിമാനത്തോടും കൂടെ മത്സരിക്കുന്നത് തുടരുന്നു. ഓരോ പ്രകടനവും അടുത്ത തലമുറയെ വലിയ സ്വപ്നങ്ങൾ കാണാനും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രേരിപ്പിക്കുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ ചാമ്പ്യന്മാരെ വാർത്തെടുക്കാനും ലോകത്തിലെ മുൻനിര കായിക രാഷ്ട്രങ്ങൾക്കിടയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

അവലംബം

 

PIB Backgrounders:

 

Ministry of Youth Affairs and Sports

 

Ministry of Textiles

 

Commonwealth Sport:

 

Olympic Games:

 

Others

Click  here to see pdf 

***

SK

 

(Explainer ID: 159426) आगंतुक पटल : 11
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Telugu , Kannada