Energy & Environment
കടുവാ സംരക്ഷണത്തിൽ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യ
“കടുവകളെ സംരക്ഷിക്കാം, ആവാസവ്യവസ്ഥകൾ നിലനിർത്താം”
Posted On:
28 JUL 2026 10:54AM
|
ശാസ്ത്രാധിഷ്ഠിത നയങ്ങളിലൂടെയും കരുത്തുറ്റ സ്ഥാപനപരമായ പിന്തുണയിലൂടെയും കടുവാ സംരക്ഷണത്തിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. ലോകത്തിലെ കടുവകളുടെ ഏകദേശം 70 ശതമാനവും ഇന്ന് ഇന്ത്യയിലാണുള്ളത്. സാങ്കേതികവിദ്യാധിഷ്ഠിതമായ നിരീക്ഷണവും കാര്യക്ഷമമായ ഭരണനിർവ്വഹണവും ജനപങ്കാളിത്തവും സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വർധിപ്പിച്ചു. കടുവകളുടെയും അവയുടെ വാസസ്ഥലങ്ങളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി ആഗോള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇന്ത്യ സജീവമാണ്.
|
കടുവകളുടെ വർധന, കരുത്തുറ്റ ആവാസവ്യവസ്ഥ
എല്ലാ വർഷവും ജൂലൈ 29-ന് ആചരിക്കുന്ന അന്താരാഷ്ട്ര കടുവാ ദിനം കടുവാ സംരക്ഷണത്തിന്റെ ആഗോള പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശാസ്ത്രാധിഷ്ഠിത സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലുമുള്ള ഗവൺമെന്റിന്റെ ദീർഘകാല പ്രതിബദ്ധതയെ ഈ ദിനം വീണ്ടും അടിവരയിടുന്നു. ഇന്ത്യയുടെ ശ്രദ്ധേയമായ സംരക്ഷണ നേട്ടങ്ങളെയും ഈ ദിനം എടുത്തുകാണിക്കുന്നു. ലോകത്തിലെ ആകെ കടുവകളുടെ 70 ശതമാനത്തോളം ഉൾക്കൊള്ളുന്ന, ഏറ്റവും വലിയ കടുവാ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പതിറ്റാണ്ടുകളായി തുടരുന്ന നയപിന്തുണ, ശാസ്ത്രീയ പരിപാലനം, ജനപങ്കാളിത്തം എന്നിവയുടെ പ്രതിഫലനമാണ് ഈ വിജയം. ഇത് കടുവാ സംരക്ഷണത്തിൽ ഇന്ത്യയെ ഒരു ആഗോള നേതൃസ്ഥാനത്ത് എത്തിച്ചിരിക്കുന്നു.

ഇന്ത്യയ്ക്ക് കടുവകളുമായുള്ള ആഴത്തിലുള്ള സാംസ്കാരികവും പാരിസ്ഥിതികവുമായ ബന്ധത്തിലാണ് ഈ നേട്ടത്തിന്റെ വേരുകളുള്ളത്. നൂറ്റാണ്ടുകളായി പുരാതന നാണയങ്ങളിലും രാജകീയ മുദ്രകളിലും ക്ഷേത്ര കൊത്തുപണികളിലും കടുവയെ ശക്തിയുടെയും പരമാധികാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ദീർഘകാല പാരമ്പര്യം തിരിച്ചറിഞ്ഞുകൊണ്ട് 1972-ൽ ഗവൺമെന്റ് റോയൽ ബംഗാൾ കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. ഇന്ന് വിവിധ ഭൂപ്രകൃതികളിലുടനീളം ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക സമൃദ്ധിയെയും പങ്കിട്ട പ്രകൃതിദത്ത പൈതൃകത്തെയുമാണ് കടുവ പ്രതിനിധീകരിക്കുന്നത്.
സാംസ്കാരിക പ്രാധാന്യത്തിന് പുറമെ സ്വാഭാവികമായ പാരിസ്ഥിതിക സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ കടുവകൾ സുപ്രധാന പങ്കുവഹിക്കുന്നു. ഭക്ഷ്യശൃംഖലയിലെ പരമോന്നത വേട്ടക്കാരനും (apex predator) മറ്റു ജീവിവർഗ്ഗങ്ങളെ ഉൾക്കൊള്ളുന്ന പ്രഭാവമുള്ള ജീവിയുമായ (umbrella species) കടുവ ആരോഗ്യകരമായ വന ആവാസവ്യവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കടുവകളുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കുന്നത് വനങ്ങളെയും നദികളെയും എണ്ണമറ്റ മറ്റ് ജീവിവർഗ്ഗങ്ങളെയും കൂടി സംരക്ഷിക്കുന്നു. ഈ വനങ്ങൾ ജലസ്രോതസ്സുകൾ ക്രമീകരിക്കുകയും മണ്ണൊലിപ്പ് തടയുകയും പരാഗണത്തെ സഹായിക്കുകയും പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ദുരന്തസാധ്യതകൾ കുറയ്ക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും നഗര സമ്പദ്‌വ്യവസ്ഥകളെയും പിന്തുണയ്ക്കുന്ന പാരിസ്ഥിതിക സേവനങ്ങൾ നൽകുകയും ചെയ്യുന്നു. കടുവകളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിലൂടെ ഗവൺമെന്റ് ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുകയും പാരിസ്ഥിതിക സുരക്ഷ വർധിപ്പിക്കുകയും സുസ്ഥിര വികസനത്തിലൂടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
|
നിങ്ങൾക്കറിയാമോ?
2010 നവംബറിൽ നടന്ന സെന്റ് പീറ്റേഴ്‌സ്ബർഗ് ടൈഗർ ഉച്ചകോടിയിലാണ് അന്താരാഷ്ട്ര കടുവാ ദിനത്തിന്റെ തുടക്കം. ഇന്ത്യയുൾപ്പെടെ കടുവകൾ വസിക്കുന്ന 13 രാജ്യങ്ങളിലെ നേതാക്കൾ, 2022-ഓടെ ആഗോള കടുവകളുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'Tx2' എന്ന ദൗത്യം അംഗീകരിച്ചു. ഇന്ന് സംരക്ഷണ പുരോഗതി വിലയിരുത്തുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമുള്ള ഒരു ആഗോള വേദിയായി ഈ ദിനം വർത്തിക്കുന്നു. 2010-ൽ ലോകമെമ്പാടുമായി ഏകദേശം 3,200 കടുവകൾ മാത്രമേ ഉള്ളൂവെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ മെച്ചപ്പെട്ട സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെയും 2022-ഓടെ ഈ സംഖ്യ 4,500 ഓളമായി ഉയർന്നു (3,700 മുതൽ 5,600 വരെയാകാം എന്ന കണക്കിൽ). സമീപകാലത്തെ ആഗോള കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി ഏകദേശം 5,711 കടുവകളുണ്ട്. ഇത് 2010-നെ അപേക്ഷിച്ച് 78 ശതമാനത്തോളം വർധനവാണ് കാണിക്കുന്നത്.
|
കടുവകളുടെ എണ്ണത്തിലുണ്ടായ വർധന: പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുക്കലിലേക്ക്
ഇന്ത്യയുടെ കടുവാ സംരക്ഷണ ശ്രമങ്ങൾ വന്യജീവി വീണ്ടെടുക്കലിന്റെ ഒരു ആഗോള മാതൃകയായി ഉയർന്നുവന്നിട്ടുണ്ട്. 2006 മുതലുള്ള ശാസ്ത്രീയ കണക്കെടുപ്പുകൾ പരിശോധിച്ചാൽ രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചതായി കാണാം. 2022-ലെ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം 3,682 ആണ്. 2022-ലെ ഈ കടുവാ കണക്കെടുപ്പ് 20 സംസ്ഥാനങ്ങളിലായി 6.41 ലക്ഷത്തിലധികം കിലോമീറ്റർ കാൽനടയായി സർവ്വേ ചെയ്താണ് നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയതും സമഗ്രവുമായ വന്യജീവി വിലയിരുത്തലുകളിലൊന്നാണിത്. തുടർച്ചയായ നയപിന്തുണ, ശാസ്ത്രീയ സംരക്ഷണം, ശക്തമായ സ്ഥാപന ഭരണനിർവ്വഹണം എന്നിവയാണ് ഈ മികച്ച വീണ്ടെടുക്കലിന് കാരണം. ദീർഘകാല വാസസ്ഥല സംരക്ഷണം, കൃത്യമായ നിരീക്ഷണം, ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ഇന്ത്യയിലുടനീളം കടുവാ സംരക്ഷണത്തെ ശക്തിപ്പെടുത്തുന്നത് തുടരുന്നു.

കടുവാ സംരക്ഷണത്തിനായുള്ള ശക്തമായ ഭരണസംവിധാനം
കടുവാ സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ നയരൂപീകരണം ദീർഘകാല കാഴ്ചപ്പാടിനെയും ദേശീയ-സംസ്ഥാന തലങ്ങളിലെ തുടർച്ചയായ സ്ഥാപന പിന്തുണയെയും സമന്വയിപ്പിക്കുന്നു. പ്രൊജക്റ്റ് ടൈഗർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA), ടൈഗർ കൺസർവേഷൻ പ്ലാനുകൾ എന്നിവ ചേർന്ന് കടുവകളുടെ വാസസ്ഥലങ്ങൾക്കായി ശാസ്ത്രാധിഷ്ഠിതമായ ഒരു ശക്തമായ ഭരണസംവിധാനം പ്രദാനം ചെയ്യുന്നു.
ഇന്ത്യാ ഗവൺമെന്റിന്റെ പ്രമുഖ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രൊജക്റ്റ് ടൈഗർ. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് (MoEFCC) ഇത് നടപ്പിലാക്കുന്നത്. കടുവകളുടെ സ്വാഭാവിക വാസസ്ഥലങ്ങളിൽ അവയുടെ നിലനിൽപ്പിന് അവയുടെ പ്രായോഗികമായ എണ്ണം ഉറപ്പാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കടുവകളുള്ള സംസ്ഥാനങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇത് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നു. വാസസ്ഥല സംരക്ഷണം, ശാസ്ത്രീയ പരിപാലനം, ഫീൽഡ് തല നിരീക്ഷണം എന്നിവ ഈ പദ്ധതി സമന്വയിപ്പിക്കുന്നു. ഈ സമീപനം കാലക്രമേണ സംരക്ഷണ നടപടികളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (NTCA) റിപ്പോർട്ട് (2023) അനുസരിച്ച് പ്രൊജക്റ്റ് ടൈഗർ 18 കടുവാ സംരക്ഷണ സംസ്ഥാനങ്ങളിലായി 58 കടുവാ സങ്കേതങ്ങളുടെ ഒരു ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഈ സങ്കേതങ്ങൾ ഏകദേശം 84,500 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. ഇത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 2.56 ശതമാനത്തോളമാണ്. ഇന്ന് പ്രൊജക്റ്റ് ടൈഗർ ഇന്ത്യയുടെ വന്യജീവി സംരക്ഷണ ശ്രമങ്ങളുടെ ഒരു അടിസ്ഥാനശിലയായി നിലകൊള്ളുകയും കടുവകളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ദീർഘകാല പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
|
നിങ്ങൾക്കറിയാമോ?
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ (WPA) സെക്ഷൻ 38 V (3) അനുസരിച്ച് ഓരോ സംസ്ഥാന ഗവൺമെന്റും ഓരോ കടുവാ സങ്കേതത്തിനുമായി ഒരു കടുവാ സംരക്ഷണ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ കടുവാ സങ്കേതങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും കടുവകൾ, അനുബന്ധ ഇരപിടിയൻ ജീവികൾ, അവയുടെ ഇരകളായ മൃഗങ്ങൾ എന്നിവയുടെ നിലനിൽപ്പിന് ആവശ്യമായ വാസസ്ഥല സൗകര്യങ്ങൾ ഒരുക്കുകയും വേണം.
|
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA)

പ്രൊജക്റ്റ് ടൈഗറിന്റെയും അനുബന്ധ സംരക്ഷണ പ്രവർത്തനങ്ങളുടെയും നടത്തിപ്പ് NTCA മേൽനോട്ടം വഹിക്കുന്നു. കടുവകളുള്ള സംസ്ഥാനങ്ങൾക്ക് NTCA ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ഇത് കടുവാ സംരക്ഷണ പദ്ധതികൾക്ക് അംഗീകാരം നൽകുകയും സങ്കേതങ്ങളുടെ പരിപാലനത്തിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) പുറപ്പെടുവിക്കുകയും ചെയ്യുന്നു. സമയാസമയങ്ങളിലുള്ള വിലയിരുത്തലുകളിലൂടെ കടുവാ സങ്കേതങ്ങളുടെ പരിപാലനം ഈ അതോറിറ്റി നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ശാസ്ത്രീയ സമീപനം വാസസ്ഥല സംരക്ഷണം മെച്ചപ്പെടുത്തുകയും സംരക്ഷണ ഫലങ്ങൾ വർധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള കടുവകളുടെ ദീർഘകാല നിലനിൽപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
|
നിങ്ങൾക്കറിയാമോ?
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രിയാണ് NTCA-യുടെ അധ്യക്ഷൻ. പാർലമെന്റ് അംഗങ്ങൾ, മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഈ അതോറിറ്റി കടുവാ സംരക്ഷണത്തിന് നിർദ്ദേശങ്ങൾ നൽകുകയും കടുവാ സങ്കേതങ്ങളുടെ മേൽനോട്ടം വഹിക്കുകയും രാജ്യത്തുടനീളം പ്രൊജക്റ്റ് ടൈഗറിന്റെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.
|
സംരക്ഷണ നയങ്ങൾ പുനഃപരിശോധിക്കുന്നതിനും പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് ടൈഗർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ടൈഗർ ടാസ്‌ക് ഫോഴ്‌സ് ഇന്ത്യയുടെ കടുവാ സംരക്ഷണ ചട്ടക്കൂട് വിലയിരുത്തുകയും പ്രധാന നയപരിഷ്കാരങ്ങൾ ശുപാർശ ചെയ്യുകയും ചെയ്തു. ഭരണനിർവ്വഹണ വിദഗ്ധരെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും പ്രാദേശിക സമൂഹങ്ങളുടെ പ്രതിനിധികളെയും ഇത് ഒരുമിച്ച് കൊണ്ടുവന്നു. ടാസ്‌ക് ഫോഴ്‌സ് സുതാര്യതയ്ക്കും ജനപങ്കാളിത്തത്തിനും പ്രൊജക്റ്റ് ടൈഗറിനുള്ള ശക്തമായ സ്ഥാപന പിന്തുണയ്ക്കും ഊന്നൽ നൽകി. ഇതിന്റെ ശുപാർശകൾ കൂടുതൽ കരുത്തുറ്റ ഒരു സംരക്ഷണ ചട്ടക്കൂടിന് രൂപം നൽകി. 2006-ൽ വന്യജീവി (സംരക്ഷണ) നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തുന്നതിലേക്ക് ഇവ നയിച്ചു. ഈ ഭേദഗതികൾ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയെയും (NTCA) വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയെയും (WCCB) നിയമപരമായ പദവിയുള്ള സ്ഥാപനങ്ങളായി സ്ഥാപിച്ചു.
ഇന്ത്യയുടെ കടുവാ സംരക്ഷണ ചട്ടക്കൂട് സ്ഥാപനങ്ങളിലും സഹകരണ ഫെഡറലിസത്തിലും അധിഷ്ഠിതമായ ശക്തമായ ഒരു ഭരണമാതൃകയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ സംയോജിത സമീപനം ഇന്ത്യയുടെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതോടൊപ്പം കടുവകളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
|
നിങ്ങൾക്കറിയാമോ?
ഇന്ത്യയിലെ കടുവാ സങ്കേതങ്ങൾ ലാൻഡ്‌സ്‌കേപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു സംരക്ഷണ സമീപനമാണ് പിന്തുടരുന്നത്. ഓരോ സങ്കേതത്തിലും ഒരു കോർ ഏരിയയും (ക്രിട്ടിക്കൽ ടൈഗർ ഹാബിറ്റാറ്റ് എന്നും അറിയപ്പെടുന്നു) ബഫർ ഏരിയയും ഉൾപ്പെടുന്നു. കോർ ഏരിയകൾക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. ബഫർ ഏരിയകൾ സംരക്ഷണത്തെയും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളെയും സമതുലിതമാക്കുന്നു. കൂടാതെ, വന്യജീവി ഇടനാഴികൾ കടുവാ സങ്കേതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും സുരക്ഷിതമായ സഞ്ചാരം സാധ്യമാക്കുകയും പ്രദേശങ്ങളിലുടനീളം കടുവകളുടെ സന്തുലിതമായ ജനസംഖ്യ നിലനിർത്തുകയും ചെയ്യുന്നു.
|
ഇന്ത്യയിലെ കടുവകളുടെ നിരീക്ഷണവും വിലയിരുത്തലും
കടുവകളുടെ എണ്ണം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഇന്ത്യ ശാസ്ത്രാധിഷ്ഠിതമായ ഒരു കരുത്തുറ്റ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫീൽഡ് സർവേകൾ, ക്യാമറ ട്രാപ്പുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ശാസ്ത്രീയ വിശകലനം എന്നിവയെ ഈ സമീപനം സമന്വയിപ്പിക്കുന്നു. ഇത് കടുവകളുടെ എണ്ണം, ഇരമൃഗങ്ങളുടെ ലഭ്യത, വാസസ്ഥലത്തിന്റെ ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകുന്നു. ഈ വിവരങ്ങൾ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ ആസൂത്രണത്തിനും അനുയോജ്യമായ പരിപാലനത്തിനും വഴികാട്ടുന്നു. നിരന്തരമായ നിരീക്ഷണം വാസസ്ഥല സംരക്ഷണം ശക്തിപ്പെടുത്തുകയും കടുവാ സങ്കേതങ്ങളിലുടനീളം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിപാലന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ (AITE): ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ സർവേ
ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ സർവേയാണ് AITE. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഇത് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (WII) സഹകരണത്തോടെ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ് (NTCA) നയിക്കുന്നത്. കടുവകൾ വസിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കടുവകളുടെ എണ്ണം, അനുബന്ധ ഇരപിടിയൻ ജീവികൾ, ഇരകൾ, വാസസ്ഥലത്തിന്റെ ഗുണനിലവാരം എന്നിവ ഇത് വിലയിരുത്തുന്നു. 2022-ലെ കണക്കെടുപ്പിൽ ഇന്ത്യയിലുടനീളമുള്ള കുളമ്പുള്ള ജീവികളുടെ ആദ്യത്തെ ദേശീയ സർവേയും ഉൾപ്പെട്ടിരുന്നു. കടുവകളുടെ സന്തുലിതമായ ജനസംഖ്യ നിലനിർത്തുന്നതിന് ആരോഗ്യകരമായ ഇരമൃഗങ്ങളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് ഈ പ്രവർത്തനം എടുത്തുകാണിച്ചു.
|
നിങ്ങൾക്കറിയാമോ?
ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ സർവേയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. NTCA-യുടെ ക്യാമറ ട്രാപ്പ് സർവേ ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് വന്യജീവി സർവേ എന്ന ഗിന്നസ് ലോക റെക്കോർഡും നേടിയിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ നിരീക്ഷണവും ചേരുമ്പോൾ ഇന്ത്യയുടെ കടുവാ കണക്കെടുപ്പ് ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ഒന്നായി മാറുന്നു.
|
സാങ്കേതികവിദ്യ അധിഷ്ഠിതമായ നിരീക്ഷണം
കടുവാ നിരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും ഇന്ത്യ അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളെ സമന്വയിപ്പിച്ചിട്ടുണ്ട്. ഫീൽഡ് തല നിരീക്ഷണത്തിനായി 'മോണിറ്ററിംഗ് സിസ്റ്റം ഫോർ ടൈഗേഴ്സ് – ഇന്റൻസീവ് പ്രൊട്ടക്ഷൻ ആൻഡ് ഇക്കോളജിക്കൽ സ്റ്റാറ്റസ്' (M-STrIPES) ജിപിഎസ്, ജിപിആർഎസ്, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്നു. ജിപിഎസ് അടയാളപ്പെടുത്തിയ ചിത്രങ്ങൾ വിവരങ്ങളുടെ കൃത്യത വർധിപ്പിക്കുകയും മാനുഷിക പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നു. ശാസ്ത്രീയ വിശകലനത്തിനും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഈ പ്ലാറ്റ്‌ഫോം ഫീൽഡ് നിരീക്ഷണങ്ങളെ ഒരു കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് സംയോജിപ്പിക്കുന്നു. നിർമ്മിത ബുദ്ധി (AI) നിരീക്ഷണത്തെ കൂടുതൽ ശക്തമാക്കുന്നു. 'ക്യാമറ ട്രാപ്പ് ഡാറ്റാ റെപ്പോസിറ്ററി ആൻഡ് അനാലിസിസ് ടൂൾ' (CaTRAT) ക്യാമറ ട്രാപ്പ് ചിത്രങ്ങളെ ജീവിവർഗ്ഗങ്ങൾക്കനുസരിച്ച് സ്വയം തരംതിരിക്കുന്നു. 'എക്‌സ്‌ട്രാക്റ്റ് കംപെയർ' കടുവകളുടെ അപൂർവ്വമായ വരകളുടെ പാറ്റേൺ ഉപയോഗിച്ച് ഓരോ കടുവയെയും വേർതിരിച്ചറിയുന്നു. ഈ ഉപകരണങ്ങളെല്ലാം ചേർന്ന് കടുവാ ജനസംഖ്യയുടെ കണക്കുകളുടെ കൃത്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നു.
മാനേജ്മെന്റ് ഇഫക്റ്റീവ്നസ് ഇവാല്യുവേഷൻ (MEE)

കടുവാ സങ്കേതങ്ങൾ എത്രത്തോളം നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് MEE വിലയിരുത്തുന്നു. ഈ സംവിധാനം ആസൂത്രണം, സംരക്ഷണം, പരിപാലന പ്രക്രിയകൾ, സംരക്ഷണ ഫലങ്ങൾ എന്നിവ വിലയിരുത്തുന്നു. പരിപാലനത്തിലെ വീഴ്ചകൾ കണ്ടെത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. 2022 ഓടെ ഈ സംവിധാനത്തിന് കീഴിൽ 51 കടുവാ സങ്കേതങ്ങൾ വിലയിരുത്തപ്പെട്ടു. 12 സങ്കേതങ്ങൾക്ക് "എക്സലന്റ്" റേറ്റിംഗ് ലഭിച്ചപ്പോൾ ശരാശരി പരിപാലന സ്കോർ 78 ശതമാനത്തിലെത്തി. ഈ കണ്ടെത്തലുകൾ നയപരമായ തീരുമാനങ്ങൾക്ക് വഴികാട്ടുകയും സങ്കേതങ്ങളുടെ പരിപാലനം ശക്തിപ്പെടുത്തുകയും ദീർഘകാല സംരക്ഷണ ആസൂത്രണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കടുവാ സംരക്ഷണത്തിലെ ഇന്ത്യയുടെ ആഗോള നേതൃത്വം
കടുവകളുടെയും വന്യജീവികളുടെയും സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഇന്ത്യ സജീവമായി സഹകരിക്കുന്നു. നേപ്പാൾ, ഭൂട്ടാൻ എന്നിവയുമായുള്ള അതിർത്തി കടന്നുള്ള ജൈവവൈവിധ്യ സംരക്ഷണം ഇതിലെ പ്രധാന പങ്കാളിത്തങ്ങളിൽ ഉൾപ്പെടുന്നു. മ്യാൻമറുമായുള്ള സഹകരണം തടികൾ കടത്തുന്നത് തടയുന്നതിലും കടുവകളെയും മറ്റ് വന്യജീവികളെയും സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്യാമറ ട്രാപ്പ് ഡാറ്റാ പരിപാലനത്തിലും കടുവ-പുള്ളിപ്പുലി സംരക്ഷണത്തിനായുള്ള ഇൻഡോ-റഷ്യ വർക്കിംഗ് സബ് ഗ്രൂപ്പിലൂടെയും ഇന്ത്യ റഷ്യയുമായും സഹകരിക്കുന്നു. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഗ്വാട്ടിമാല, കംബോഡിയ, കെനിയ, നമീബിയ എന്നിവയുമായുള്ള പങ്കാളിത്തം വന്യജീവി സംരക്ഷണം, പരിപാലനം, സുസ്ഥിര ജൈവവൈവിധ്യ ഉപയോഗം എന്നിവ ശക്തിപ്പെടുത്തുന്നു. കടുവാ സംരക്ഷണത്തിൽ ചൈനയുമായും ഇന്ത്യ ഉഭയകക്ഷി സഹകരണം സ്ഥാപിച്ചിട്ടുണ്ട്. ഈ പങ്കാളിത്തങ്ങൾ ശാസ്ത്രം, സഹകരണം, സംയുക്ത പ്രവർത്തനം എന്നിവയിലൂടെ ആഗോള വന്യജീവി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA)

വലിയ മാർജാരവർഗ്ഗ ജീവികൾ വസിക്കുന്ന 95 രാജ്യങ്ങൾ, പങ്കാളിത്ത രാജ്യങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ, സംരക്ഷണ പങ്കാളികൾ എന്നിവയടങ്ങുന്ന ഒരു ആഗോള സഖ്യമാണ് IBCA. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റപ്പുലി, ജാഗ്വാർ, പ്യൂമ എന്നീ ഏഴ് മാർജാരവർഗ്ഗ ജീവികളുടെ സംരക്ഷണത്തിനായുള്ള സഹകരണത്തെ ഈ സഖ്യം പ്രോത്സാഹിപ്പിക്കുന്നു. 2024 മാർച്ച് 12-ന് കേന്ദ്ര മന്ത്രിസഭ ഇതിന്റെ രൂപീകരണത്തിന് അംഗീകാരം നൽകി. ഇതിന്റെ സെക്രട്ടറിയേറ്റ് ആസ്ഥാനം ഇന്ത്യയിലാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യയുടെ കടുവാ സംരക്ഷണ പരിചയസമ്പത്തിൽ അധിഷ്ഠിതമായി, വലിയ മാർജാരവർഗ്ഗ ജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തെ IBCA ശക്തിപ്പെടുത്തുന്നു.
ഗ്ലോബൽ ടൈഗർ ഫോറം (GTF)

കടുവാ സംരക്ഷണത്തിനായി മാത്രം പ്രവർത്തിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര ഗവൺമെന്റൽ ഓർഗനൈസേഷനാണ് GTF. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത് കടുവകൾ വസിക്കുന്ന 13 രാജ്യങ്ങളെ - ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ലാവോ പി.ഡി.ആർ, മലേഷ്യ, മ്യാൻമർ, നേപ്പാൾ, റഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം - ഒരുമിച്ച് കൊണ്ടുവരുന്നു. കടുവകളെയും അവയുടെ ഇരകളെയും വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനായി ഒരു പൊതു സമീപനത്തെ ഈ ഫോറം പ്രോത്സാഹിപ്പിക്കുന്നു. അംഗരാജ്യങ്ങളിലുടനീളം കടുവാ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി ലാൻഡ്‌സ്‌കേപ്പ് അടിസ്ഥാനമാക്കിയുള്ള സംരക്ഷണം, പ്രാദേശിക ശേഷി വർധിപ്പിക്കൽ, സാങ്കേതിക നവീനാശയം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. അറിവുകൾ പങ്കുവെക്കുന്നതിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും ആഗോള കടുവാ സംരക്ഷണത്തിലെ ഇന്ത്യയുടെ നേതൃത്വത്തെ GTF കൂടുതൽ ഉറപ്പിക്കുന്നു.
ഇന്റഗ്രേറ്റഡ് ടൈഗർ ഹാബിറ്റാറ്റ് കൺസർവേഷൻ പ്രോഗ്രാം (ITHCP)
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) പ്രമുഖ കടുവാ സംരക്ഷണ സംരംഭമാണ് ITHCP. 'കെ.എഫ്.ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക്' വഴി ജർമ്മൻ ഗവൺമെന്റാണ് ഇതിന് ഫണ്ട് നൽകുന്നത്. ഏഷ്യയിലെ പ്രധാന കടുവാ സങ്കേതങ്ങളിലുടനീളം ശാസ്ത്രാധിഷ്ഠിതമായ സംരക്ഷണ പദ്ധതികളെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. ഇത് വാസസ്ഥല സംരക്ഷണം, ലാൻഡ്‌സ്‌കേപ്പ് തലത്തിലുള്ള സംരക്ഷണം, അന്താരാഷ്ട്ര സഹകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. കടുവകളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാദേശിക ശ്രമങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യ ITHCP പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുക്കുന്നു.
|
നിങ്ങൾക്കറിയാമോ?
കടുവാ സംരക്ഷണ മേഖലകളുടെ കാര്യക്ഷമമായ പരിപാലനം ഉറപ്പാക്കുന്ന ഒരു ആഗോള സർട്ടിഫിക്കേഷൻ സംവിധാനമാണ് 'കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ്' (CA|TS). 2013-ൽ ജപ്പാനിൽ നടന്ന ഒന്നാമത് ഏഷ്യൻ പാർക്സ് കോൺഗ്രസിലാണ് ഇത് ആരംഭിച്ചത്. സംരക്ഷണം, വാസസ്ഥല പരിപാലനം, ജനപങ്കാളിത്തം, വന്യജീവി നിരീക്ഷണം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ ഇത് നിശ്ചയിക്കുന്നു. കടുവകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആഗോള ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ CA|TS പിന്തുണയ്ക്കുന്നു. സംരക്ഷണത്തിലെ ആഗോള മികച്ച മാതൃകകൾ ഉറപ്പാക്കിക്കൊണ്ട് CA|TS ഇന്ത്യയിലെ 23 കടുവാ സങ്കേതങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
|
ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ അതിർത്തികൾ കടന്നുള്ള കടുവാ സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. അറിവുകളും സാങ്കേതികവിദ്യയും മികച്ച രീതികളും പങ്കുവെക്കുന്നതിലൂടെ കടുവകളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ഇന്ത്യ തുടർന്നും മുന്നോട്ട് നയിക്കുന്നു.
കടുവകളുടെ സുരക്ഷിത ഭാവിയ്ക്കായി
കടുവാ സംരക്ഷണം ഇന്ത്യയുടെ ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മുൻഗണനയായി തുടരുന്നു. വന്യജീവികളെയും മനുഷ്യരെയും ഒരുപോലെ പിന്തുണയ്ക്കുന്ന, പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ കടുവാ സങ്കേതങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് ഇന്ത്യയുടെ മുന്നോട്ടുള്ള കാഴ്ചപ്പാട്. വിവരാധിഷ്ഠിതമായ നിരീക്ഷണം, സാങ്കേതികവിദ്യ അധിഷ്ഠിതമായ സംരക്ഷണം, മുൻനിര ജീവനക്കാരുടെ ശേഷി വർധിപ്പിക്കൽ എന്നിവയിലുള്ള തുടർച്ചയായ നിക്ഷേപം ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കും. കടുവകളുള്ള മറ്റ് രാജ്യങ്ങളുമായും ആഗോള പങ്കാളികളുമായുമുള്ള സഹകരണം അറിവുകൾ പങ്കുവെക്കാനും കൂട്ടായ സംരക്ഷണ നേട്ടങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കും. ഈ ഭാവി കാഴ്ചപ്പാടിലേക്ക് പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ ആകർഷിക്കുന്നതിനുള്ള ഒരു അവസരം അന്താരാഷ്ട്ര കടുവാ ദിനം നൽകുന്നു. ശക്തമായ നയരൂപീകരണത്തെ തുടർച്ചയായ നടത്തിപ്പുമായി സമന്വയിപ്പിച്ചുകൊണ്ട്, കടുവാ സംരക്ഷണ പ്രയാണത്തെ ആഗോള നേതൃത്വത്തിന്റെ പാതയിൽ നിലനിർത്താൻ ഇന്ത്യ ലക്ഷ്യമിടുന്നു.
അവലംബം
Ministry of Environment, Forest and Climate Change
National Tiger Conservation Authority
Global Tiger Forum
Others
Click here to see pdf
***
SK
(Explainer ID: 159361)
आगंतुक पटल : 24
Provide suggestions / comments