Security
കാർഗിൽ വിജയ് ദിവസ് 2026
ഇന്ത്യയുടെ ധീരതയ്ക്കും ത്യാഗത്തിനും ആത്മവീര്യത്തിനുമുള്ള ആദരം
Posted On:
24 JUL 2026 3:39PM
|
'ഓപ്പറേഷൻ വിജയ്'യിൽ പങ്കെടുത്ത ധീരനായകരുടെ ധൈര്യത്തെയും ത്യാഗത്തെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും കാർഗിൽ വിജയ് ദിവസ് ആദരിക്കുന്നു. ഈ ദിനം കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ ചരിത്രവിജയത്തെ അനുസ്മരിക്കുകയും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ച ആത്മവീര്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ഈ അവസരം കാർഗിലിന്റെ ദീർഘകാല പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ സൈനിക സജ്ജതയെ ശക്തിപ്പെടുത്തുകയും തലമുറകളെ പ്രചോദിപ്പിക്കുകയും രാജ്യസുരക്ഷയോടുള്ള അചഞ്ചല പ്രതിബദ്ധതയെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നത് തുടരുന്നു.
|
കൊടുമുടികൾ കീഴടക്കിയ ധീരത
ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും മഹത്തായ അധ്യായങ്ങളിലൊന്നാണ് കാർഗിൽ യുദ്ധം. സമാനതകളില്ലാത്ത ധീരതയുടെയും വീര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ ഇത്, ദേശാഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും ശാശ്വത പ്രതീകമായി നിലകൊള്ളുന്നു.
ഈ വർഷം രാജ്യം 27-ാമത് കാർഗിൽ വിജയ് ദിവസ് കൃതജ്ഞതയോടും ആദരവോടും കൂടെ ആചരിക്കുന്നു. ഇത് 1999-ലെ ഇന്ത്യയുടെ ചരിത്ര വിജയത്തെ അനുസ്മരിക്കുന്നു. അസാമാന്യ ധൈര്യത്തിലൂടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിലൂടെയും ഇന്ത്യൻ സൈനികർ കാർഗിലിലെ ഹിമഗിരിശൃംഗങ്ങൾ തിരിച്ചുപിടിച്ചു. ജൂലൈ 26-ന് ലഡാക്കിലെ കഠിനമേറിയ പർവതനിരകൾക്ക് മുകളിൽ ത്രിവർണ്ണ പതാക വീണ്ടും അഭിമാനത്തോടെ പാറിപ്പറന്നു. ഇത് ത്യാഗത്തിന്റെയും വീര്യത്തിന്റെയും ഇന്ത്യയുടെ തകർക്കാനാവാത്ത ആത്മവീര്യത്തിന്റെയും കാലാതീതമായ പ്രതീകമായി മാറി.

1999 മേയിലാണ് കാർഗിൽ സംഘർഷം ആരംഭിച്ചത്. നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണരേഖ കടന്ന് തന്ത്രപ്രധാനമായ ഉയരങ്ങളിലെ ഇന്ത്യൻ താവളങ്ങൾ കൈയടക്കി. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കശ്മീർ തർക്കത്തിൽ ഇന്ത്യയെ ചർച്ചകൾക്ക് നിർബന്ധിതരാക്കുകവെന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. എന്നാൽ അവർ ഒരു രാജ്യത്തിന്റെ ഇച്ഛാശക്തിയെ ചെറുതായി കണ്ടു.
'ഓപ്പറേഷൻ വിജയ്'യിലൂടെയാണ് ഇന്ത്യ മറുപടി നൽകിയത്. സൂക്ഷ്മമായ ആസൂത്രണം, അചഞ്ചലമായ നിശ്ചയദാർഢ്യം, ഇന്ത്യൻ സൈനികരുടെ അജയ്യമായ ആത്മവീര്യം എന്നിവ ഈ ദൗത്യത്തിൽ പ്രതിഫലിച്ചു. രണ്ട് മാസത്തിലേറെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും തുരത്തി. കയ്യടക്കിവെച്ച ഓരോ താവളവും തിരികെ ഇന്ത്യൻ നിയന്ത്രണത്തിലായി.
മാതൃഭൂമിക്കായി സർവ്വസ്വവും ത്യാഗം ചെയ്ത ഓരോ ധീരനായകനെയും കാർഗിൽ വിജയ് ദിവസ് ആദരിക്കുന്നു. അവരുടെ ത്യാഗം രാജ്യത്തിന്റെ ഓരോ ഇഞ്ചും സുരക്ഷിതമാക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന് കരുത്തേകി. ഈ സംഘർഷം വരുംവർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ സൈനിക സജ്ജതയെയും പ്രതിരോധ കാഴ്ചപ്പാടിനെയും പുനർനിർമ്മിച്ചു. അതിന്റെ പാഠങ്ങൾ കൂടുതൽ ശക്തവും ആത്മനിർഭരവുമായ ഒരു ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് വഴികാട്ടുന്നത് തുടരുന്നു. ധൈര്യവും ത്യാഗവും ഐക്യവും പരമാധികാരവും എന്നെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി നിലകൊള്ളുമെന്ന് ഇത് ഓരോ ഇന്ത്യക്കാരനെയും ഓർമ്മിപ്പിക്കുന്നു.
'ഓപ്പറേഷൻ വിജയ്'യിലേക്കുള്ള വഴി
ലാഹോർ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 1999-ലെ വേനൽക്കാലത്താണ് കാർഗിൽ യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ചൂടനുഭവിച്ചപ്പോൾ കാർഗിലിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ കടുത്ത പോരാട്ടങ്ങൾ നടക്കുകയായിരുന്നു. പാകിസ്ഥാൻ സേന ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചുകയറുകയും തന്ത്രപ്രധാനമായ പർവതനിരകളിൽ ശൈത്യകാലത്ത് ഒഴിപ്പിച്ചിട്ടിരുന്ന താവളങ്ങൾ കയ്യടക്കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ യുദ്ധഭൂമികളിലൊന്നിൽ ഈ സംഘർഷം ധൈര്യത്തെയും സഹനശക്തിയെയും ത്യാഗത്തെയും പരീക്ഷിച്ചു. ആണുവായുധ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ നടന്ന ഒരേയൊരു പരമ്പരാഗത യുദ്ധമായിരുന്നു ഇത്.

നുഴഞ്ഞുകയറ്റം
പാകിസ്ഥാന്റെ 'ഓപ്പറേഷൻ ബദർ' എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഈ കടന്നുകയറ്റം. കശ്മീരി വേഷത്തിലെത്തിയ പാകിസ്ഥാൻ സേന നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ താവളങ്ങൾ കയ്യടക്കി. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സിയാച്ചിൻ ഹിമാനിയിലുള്ള ഇന്ത്യൻ സൈന്യത്തെ ഒറ്റപ്പെടുത്താനും അവർ ശ്രമിച്ചു. കശ്മീർ തർക്കത്തിൽ ഇന്ത്യയെ ചർച്ചകൾക്ക് നിർബന്ധിതരാക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.
1999 മേയ് 3-നാണ് പ്രദേശവാസികൾ കാർഗിൽ മേഖലയിൽ സംശയാസ്പദമായ നീക്കങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി പരിശോധനാ പട്രോളിംഗ് സംഘങ്ങളെ ഉടൻ തന്നെ അയച്ചു. വിപുലമായ പട്രോളിംഗും വ്യോമനിരീക്ഷണവും അധിനിവേശത്തിന്റെ വ്യാപ്തി താമസിയാതെ വെളിപ്പെടുത്തി. ശ്രീനഗർ - ലേ ദേശീയപാത അഭിമുഖീകരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചിരുന്നു. പല താവളങ്ങളും 5,000 മീറ്ററിന് മുകളിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇത് ഓരോ സൈനിക നീക്കത്തെയും കൂടുതൽ പ്രയാസകരമാക്കി.
ഓപ്പറേഷൻ വിജയ് ആരംഭിക്കുന്നു

ഇന്ത്യ സംയമനത്തോടെയും ദൃഢനിശ്ചയത്തോടെയും പ്രതികരിച്ചു. നിയന്ത്രണരേഖ ലംഘിക്കരുതെന്ന് ഗവൺമെന്റ് നിർദ്ദേശം നൽകി. ദൗത്യം വ്യക്തമായിരുന്നു. കയ്യടക്കിവെച്ച ഓരോ താവളവും തിരിച്ചുപിടിക്കണമായിരുന്നു.
നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. 1999 മേയ് 26-ന് ഓപ്പറേഷൻ സഫേദ് സാഗർ വഴി ഇന്ത്യൻ വ്യോമസേനയും ഈ പോരാട്ടത്തിൽ പങ്കുചേർന്നു. എല്ലാ മേഖലകളിലും ഇന്ത്യയുടെ നിശ്ചയദാർഢ്യം പ്രകടമാക്കിക്കൊണ്ട് ഇന്ത്യൻ നാവികസേനയും പൂർണ്ണ സജ്ജരായി രംഗത്തിറങ്ങി. മൂന്ന് സേനകളും ചേർന്ന് ഏകോപിതമായ ഒരു പോരാട്ടം കാഴ്ചവെച്ചു.
തടയുക, തുരത്തുക, പ്രവേശനം നിഷേധിക്കുക എന്ന തന്ത്രമാണ് ഓപ്പറേഷൻ വിജയ് പിന്തുടർന്നത്. ശ്രീനഗർ - ലേ ദേശീയപാത അഭിമുഖീകരിക്കുന്ന തന്ത്രപ്രധാനമായ ഉയരങ്ങൾ തിരിച്ചുപിടിക്കുന്നതിനാണ് മുൻഗണന നൽകിയത്. കൂടുതൽ സൈനികരെയും എൻജിനീയർമാരെയും പീരങ്കികൾ, പ്രത്യേക ഉപകരണങ്ങൾ, മറ്റ് സജ്ജീകരണങ്ങൾ എന്നിവയും അതിവേഗം അവിടെ എത്തിച്ചു. ശത്രുവിന്റെ ഇടതടവില്ലാത്ത വെടിവെപ്പിനിടയിലും സൈനികർ ചെങ്കുത്തായ പർവതനിരകളിൽ കയറിപ്പറ്റി. തണുത്തുറഞ്ഞ താപനിലയിലും കുറഞ്ഞ ഓക്സിജൻ നിലയിലും കഠിനമായ ഭൂപ്രകൃതിയിലും അവർ പോരാടി.
യുദ്ധത്തിന്റെ ഗതി മാറ്റിയ പോരാട്ടങ്ങൾ
ടോളോലിംഗ് യുദ്ധം ഈ ദൗത്യത്തിലെ ആദ്യത്തെ സുപ്രധാന മുന്നേറ്റങ്ങളിലൊന്നായി മാറി. 1999 മേയ് അവസാന വാരത്തിലാണ് ഇന്ത്യൻ സൈനികർ ആക്രമണം ആരംഭിച്ചത്. പോയിന്റ് 4590, ടോളോലിംഗ് എന്നിവ ജൂൺ 13-ന് പൂർണ്ണമായും തിരിച്ചുപിടിച്ചു, ഇത് തുടർന്നുള്ള മുന്നേറ്റങ്ങൾക്ക് വഴിതുറന്നു.
ടൈഗർ ഹിൽ യുദ്ധം ഈ യുദ്ധത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിലൊന്നായി മാറി. ദ്രാസ് മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നും ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നുമായിരുന്നു ടൈഗർ ഹിൽ. സാഹസികമായ ഒരു ആക്രമണത്തിന് ശേഷം 1999 ജൂലൈ 4-ന് ഈ കൊടുമുടി തിരിച്ചുപിടിച്ചു. ഇത് ഇന്ത്യക്ക് അനുകൂലമായി യുദ്ധഗതിയെ വലിയ തോതിൽ മാറ്റിമറിച്ചു.
പോയിന്റ് 4875, ബതാലിക്, മുഷ്കോ താഴ്‌വര, കാക്‌സർ എന്നിവിടങ്ങളിലും ശക്തമായ പോരാട്ടം നടന്നു. കയ്യടക്കിവെച്ച ഓരോ താവളവും തിരിച്ചുപിടിക്കാൻ ഇന്ത്യൻ സൈനികർ ഓരോ കൊടുമുടിയും കീഴടക്കി. ഏകദേശം മൂന്ന് മാസം നീണ്ട കഠിനമായ ദൗത്യങ്ങൾക്കൊടുവിൽ ശത്രുക്കൾ കയ്യടക്കിയ ഓരോ ഇന്ത്യൻ താവളവും തിരിച്ചുപിടിച്ചു. നിയന്ത്രണരേഖ ലംഘിക്കാതെ തന്നെ ഇന്ത്യ വിജയം ഉറപ്പാക്കി. ഇത് ഇന്ത്യയുടെ സംയമനത്തിനും പ്രൊഫഷണലിസത്തിനും അചഞ്ചലമായ നിശ്ചയദാർഢ്യത്തിനും ആഗോളതലത്തിൽ ആദരം നേടിത്തന്നു.

ഒരു ജനതയെ പ്രചോദിപ്പിച്ച വിജയം
കാർഗിൽ യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക അധ്യായമായി മാറി. ഇത് ഇന്ത്യൻ സൈനികരുടെ അസാമാന്യ ധൈര്യത്തെ പ്രദർശിപ്പിക്കുകയും രാജ്യത്തെ സ്വാഭിമാനം ഒന്നിച്ചുചേർക്കുകയും ചെയ്തു. 1999 ജൂലൈ 14-ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓപ്പറേഷൻ വിജയ് വിജയകരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സായുധ സേനയുടെ ധൈര്യത്തിനും ത്യാഗത്തിനും അചഞ്ചലമായ നിശ്ചയദാർഢ്യത്തിനും അദ്ദേഹം പ്രണാമമ ർപ്പിച്ചു.
ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഓരോ ഇഞ്ചും എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടുമെന്ന് ഈ വിജയം വീണ്ടും ഉറപ്പിച്ചു. ഇത് സായുധ സേനയിലുള്ള രാജ്യത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ വരുംതലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു.
കാർഗിലിനെ നിർവചിച്ച വീര്യം
എണ്ണമറ്റ ധീരകൃത്യങ്ങളിലൂടെയാണ് കാർഗിലിലെ വിജയം സാധ്യമായത്. തിരിച്ചുപിടിച്ച ഓരോ കൊടുമുടിയും ഇന്ത്യൻ സായുധ സേനയുടെ നിശ്ചയദാർഢ്യത്തെയും ത്യാഗത്തെയുമാണ് പ്രതിഫലിപ്പിച്ചത്. ഓരോ സൈനികനും ‘ഓപ്പറേഷൻ വിജയ്’യിൽ പങ്കുവഹിച്ചപ്പോൾ അസാധാരണമായ ചില ധീരകൃത്യങ്ങൾ ഈ സംഘർഷത്തിന്റെ നിർണ്ണായക നിമിഷങ്ങളായി മാറി. ഗ്രനേഡിയർ യോഗേന്ദ്ര സിംഗ് യാദവ്, ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ വിജയന്ത് ഥാപ്പർ തുടങ്ങി മറ്റു പല വീരനായകരും ധൈര്യത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകങ്ങളായി മാറി.
രാജ്യം ഈ അസാധാരണ വീര്യത്തെ ഉയർന്ന സൈനിക ബഹുമതികൾ നൽകി ആദരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധീരതാ പുരസ്കാരമായ പരം വീർ ചക്ര നാലു സൈനികർക്ക് നൽകി ആദരിച്ചു. ഒമ്പതുപേർക്ക് മഹാവീർ ചക്രയും 55 പേർക്ക് വീർ ചക്രയും ലഭിച്ചു. ഒരു സൈനികന് സർവോത്തം യുദ്ധ് സേവാ മെഡൽ സമ്മാനിച്ചു. ആറുപേർക്ക് ഉത്തം യുദ്ധ് സേവാ മെഡലും എട്ടുപേർക്ക് യുദ്ധ് സേവാ മെഡലും നൽകി ആദരിച്ചു. 83 സേനാംഗങ്ങൾക്ക് സേനാ മെഡലും 24 പേർക്ക് വായുസേനാ മെഡലും ലഭിച്ചു. ഈ ബഹുമതികൾ കാർഗിൽ യുദ്ധകാലത്ത് പ്രകടമാക്കിയ അസാധാരണമായ ധൈര്യം, നേതൃത്വം, ത്യാഗം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
ഈ ധീരനായകരുടെ പ്രചോദനാത്മകമായ കഥകൾ വായിക്കാം: കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
യുദ്ധഭൂമിയിലെ പാഠങ്ങളിൽ നിന്ന് ശക്തമായ പ്രതിരോധ ആവാസവ്യവസ്ഥയിലേക്ക്
ഇന്ത്യയുടെ പ്രതിരോധ യാത്രയിൽ കാർഗിൽ യുദ്ധം ഒരു വഴിത്തിരിവായി മാറി. ശക്തമായ ഏകോപനം, വേഗത്തിലുള്ള ആധുനികവൽക്കരണം, കൂടുതൽ ആത്മനിർഭരത എന്നിവയുടെ ആവശ്യകത ഇത് എടുത്തുപറഞ്ഞു. വർഷങ്ങളായി തദ്ദേശീയ ശേഷി കെട്ടിപ്പടുക്കുന്നതിനും പ്രതിരോധ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ വ്യാപകമായ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് ഈ പരിശ്രമങ്ങൾ കൂടുതൽ ശക്തവും ശേഷിയുള്ളതും ക്രമാനുഗതമായി ആത്മനിർഭർ ആകുന്നതുമായ ഒരു സൈന്യത്തെ രൂപപ്പെടുത്തുന്നു.
ചില പ്രധാന പരിഷ്കാരങ്ങളും സംരംഭങ്ങളും താഴെ വ്യക്തമാക്കുന്നു:
സൈനിക കാര്യ വകുപ്പിന്റെ രൂപീകരണം
ഉന്നത പ്രതിരോധ മാനേജ്‌മെന്റ് പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് സൈനിക കാര്യ വകുപ്പ് രൂപീകരിച്ചത്. CDS സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഈ വകുപ്പ് അദ്ദേഹത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ വകുപ്പ് കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കിടയിൽ സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നു. മൂന്ന് സേനകളിലുടനീളം ഏകോപിതമായ പ്രതിരോധ നയങ്ങൾ, ആസൂത്രണം, നടപടിക്രമങ്ങൾ എന്നിവയെയും ഇത് പിന്തുണയ്ക്കുന്നു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവിയുടെ രൂപീകരണം
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) പദവി സൃഷ്ടിച്ചതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്ന്. ഗവൺമെന്റിന്റെ ഏകീകൃത സൈനിക ഉപദേഷ്ടാവായി സി.ഡി.എസ് പ്രവർത്തിക്കുന്നു. ഈ ചുമതല കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കിടയിൽ കൂടുതൽ കൂട്ടായ്മയും ഏകോപനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2020-ൽ ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യത്തെ സി.ഡി.എസ് ആയി ചുമതലയേറ്റു. നിലവിൽ ജനറൽ എൻ.എസ്.രാജ സുബ്രഹ്മണിയാണ് ഈ പദവി വഹിക്കുന്നത്.
പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI)
പ്രതിരോധ വ്യവസായം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തു. പുതിയ പ്രതിരോധ വ്യവസായ ലൈസൻസുകൾക്കായി ഓട്ടോമാറ്റിക് റൂട്ട് വഴി നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. ആധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന സന്ദർഭങ്ങളിൽ ഗവൺമെന്റ് റൂട്ട് വഴി 100 ശതമാനം വരെ നിക്ഷേപവും ഇത് അനുവദിക്കുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഈ മേഖല 6,670.59 കോടി രൂപയുടെ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിച്ചു. അത്യാധുനിക പ്രതിരോധ ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനായി വിദേശ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറേഴ്‌സുമായി (Foreign OEMs) ചേർന്നുള്ള സഹ-വികസനവും സഹ-ഉൽപ്പാദനവും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നു.
ഉയർത്തിയ പ്രതിരോധ ബജറ്റ്
ഇന്ത്യയുടെ പ്രതിരോധ വിഹിതം 2013-14-ലെ 2.53 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27-ൽ 7.85 ലക്ഷം കോടി രൂപയായി ക്രമാനുഗതമായി വർധിച്ചു. മൂലധന ചെലവ് 2014-15 ലെ 94,587.95 കോടി രൂപയിൽ നിന്ന് 2026-27-ൽ 2.19 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ ആധുനിക ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാന ആസ്തികൾ എന്നിവയിലൂടെ ദീർഘകാല സൈനിക ശേഷിയെ ശക്തിപ്പെടുത്തുന്നു.

പ്രതിരോധ ഉൽപ്പാദനത്തിലെയും കയറ്റുമതിയിലെയും വളർച്ച

ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 2025-26 ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.78 ലക്ഷം കോടി രൂപയിലെത്തി. ഇത് 2014-15-ലെ 46,429 കോടി രൂപയേക്കാൾ നാലിരട്ടിയോളമാണ്.
പ്രതിരോധ കയറ്റുമതി 2013-14 ലെ 686 കോടി രൂപയിൽ നിന്ന് 2025-26 ൽ 38,424 കോടി രൂപയായി വർധിച്ചു. അതായത് 56 ഇരട്ടിയിലധികം വർധന. ഇന്ന് ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾ 80-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നിവയുടെ കരുത്തിൽ ഇന്ത്യ ഒരു പ്രതിരോധ ഉൽപ്പാദന രാജ്യമായി ക്രമാനുഗതമായി ഉയർന്നുവരുകയാണ്. മുമ്പ് 65 മുതൽ 70 ശതമാനം വരെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിരോധ സാമഗ്രികളുടെ ഏകദേശം 65 ശതമാനവും രാജ്യത്തിനകത്ത് തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്.
തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം വേഗത്തിലാക്കൽ
പ്രതിരോധ മന്ത്രാലയം 'സൃജൻ ഡിഫൻസ് പോർട്ടൽ' (Srijan Defence Portal) ആരംഭിച്ചു. തദ്ദേശവൽക്കരണത്തിനായി ഈ പോർട്ടൽ ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടേക്കിംഗുകളെയും (DPSU) സർവീസ് ഹെഡ്ക്വാർട്ടേഴ്സുകളെയും വ്യവസായങ്ങൾ, എം.എസ്.എം.ഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ആത്മനിർഭർ ഭാരത് മുൻകൈയുടെ ഭാഗമായി 2021-ൽ പോസിറ്റീവ് അവതരിപ്പിച്ചു.
2026 മേയ് വരെ ഡി.പി.എസ്.യുകളുടെ 5,012 ഇനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് പോസിറ്റീവ് തദ്ദേശീയ ലിസ്റ്റുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 3,204 പോസിറ്റീവ് തദ്ദേശീയ ലിസ്റ്റ് ഇനങ്ങൾ ഉൾപ്പെടെ 15,700-ലധികം പ്രതിരോധ ഇനങ്ങൾ തദ്ദേശവൽക്കരിച്ചു. ഡി.പി.എസ്.യുകൾ 9,782 കോടി രൂപയുടെ ആഭ്യന്തര ഓർഡറുകൾ നൽകി. ഇത് എം.എസ്.എം.ഇകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന ആവാസവ്യവസ്ഥ എന്നിവയെ ശക്തിപ്പെടുത്തുന്നു.
മേഖല തിരിച്ചുള്ള ഉൽപ്പാദനത്തിന് കരുത്തേകുന്ന പ്രതിരോധ വ്യവസായ ഇടനാഴികൾ
മേഖലാ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തിക്കൊണ്ടും സംയോജിത വ്യവസായ ആവാസവ്യവസ്ഥയെ വളർത്തിയെടുത്തുകൊണ്ടും പ്രതിരോധ ഉൽപ്പാദനത്തിന്റെ പ്രധാന വളർച്ചാ കേന്ദ്രങ്ങളായി പ്രതിരോധ വ്യവസായ ഇടനാഴികൾ ഉയർന്നുവന്നിട്ടുണ്ട്. പരിശോധനാ, നൂതന സാങ്കേതിക ശേഷികൾ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച ഡിഫൻസ് ടെക്നോളജി & ടെസ്റ്റ് സെന്ററിന്റെ (DTTC) പിന്തുണയോടെ 2026 ഏപ്രിലോടെ ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ 42,057 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ചു. ഇതിൽ 4,409 കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർത്ഥ്യമായി. അതേ കാലയളവിൽ തമിഴ്‌നാട് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ 32,699 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു. നിലവിലെ നിക്ഷേപങ്ങൾ 6,446 കോടി രൂപയിലെത്തി. രണ്ട് കോറിഡോറുകളും ചേർന്ന് വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുകയും ആഭ്യന്തര ഉൽപ്പാദന ശേഷി വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
അഗ്നിപഥ് പദ്ധതി
നാല് വർഷത്തെ സേവന കാലയളവിലേക്ക് 'അഗ്നിവീർ'മാരായി യുവാക്കളെയും യുവതികളെയും സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാണ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. ആധുനിക കാഴ്ചപ്പാടുള്ള യുവത്വവും സാങ്കേതിക പരിജ്ഞാനവുമുള്ള, പോരാട്ടവീര്യമുള്ള ഒരു സൈനിക വ്യൂഹത്തെ സൃഷ്ടിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. IGNOU, NIOS തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ അഗ്നിവീറുകൾക്ക് സൈനിക പരിശീലനം, പ്രത്യേക നൈപുണ്യ വികസനം, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ലഭിക്കുന്നു. ഈ പദ്ധതി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട നൈപുണ്യ സർട്ടിഫിക്കറ്റുകളും സേവനത്തിനു ശേഷമുള്ള കരിയർ മാർഗ്ഗങ്ങളും നൽകുന്നു.
ഇന്ത്യയുടെ സായുധ സേനയെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷയെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങൾക്ക് കാർഗിലിന്റെ പാരമ്പര്യം തുടർന്നും പ്രചോദനമേകുന്നു.
ഭാവിസജ്ജമായ ഒരു സൈന്യത്തിലേക്ക്
കാർഗിൽ യുദ്ധത്തിന് ശേഷം യുദ്ധങ്ങളുടെ സ്വഭാവം ഗണ്യമായി മാറിയിട്ടുണ്ട്. ആധുനിക സംഘർഷങ്ങൾക്ക് അത്യന്താധുനിക സാങ്കേതികവിദ്യ, മികച്ച പ്രഹരശേഷി, വേഗത്തിലുള്ള തീരുമാനങ്ങൾ എന്നിവ ആവശ്യമാണ്. ആധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലൂടെയും ഇന്ത്യ തങ്ങളുടെ സൈനിക ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ ശേഷികൾ കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിലും പുതിയ തൊഴിൽ മേഖലകളിലുടനീളവും പ്രവർത്തന സജ്ജത വർധിപ്പിക്കുന്നു.
ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന ചില പ്രധാന സംവിധാനങ്ങളും വളർന്നുവരുന്ന സാങ്കേതികവിദ്യകളും താഴെ വ്യക്തമാക്കുന്നു:

സേവനത്തിലെ ആധുനിക സംവിധാനങ്ങൾ
പോരാട്ടശേഷി ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി ഇന്ത്യ മൂന്ന് സേനകളിലുമായി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
· അർജുൻ Mk IA യുദ്ധ ടാങ്ക്: 2021 ഫെബ്രുവരിയിലാണ് അർജുൻ മാർക്ക് 1എ യുദ്ധ ടാങ്ക് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്. ഇത് ഇന്ത്യയുടെ തദ്ദേശീയ കവചിത ശേഷിയെ ശക്തിപ്പെടുത്തി.
· ഐ.എൻ.എസ് വിക്രാന്ത്: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് 2022 സെപ്റ്റംബർ 2-ന് കമ്മീഷൻ ചെയ്തു. ഇത് നാവിക ശേഷിയിലും ആത്മനിർഭരതയിലും ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി.
· റഫാൽ യുദ്ധവിമാനങ്ങൾ: 2030-ഓടെ 26 റഫാൽ എം വിമാനങ്ങൾ ഉൾപ്പെടെ 62 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ പ്രവർത്തിപ്പിക്കും. ഫ്രാൻസിന് ശേഷം ഈ രണ്ട് പതിപ്പുകളും ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
· അപ്പാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ: അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെയും ചിനൂക്ക് ഭാരവാഹന ഹെലികോപ്റ്ററുകളുടെയും വരവ് പോരാട്ടശേഷിയും തന്ത്രപ്രധാനമായ എയർലിഫ്റ്റ് ശേഷിയും വർധിപ്പിച്ചു.
· ഡ്രോൺ വാർഫെയറുകളുടെ സംയോജനം: ഇന്ത്യ ഡ്രോൺ വാർഫെയറുകളെ സൈനിക നയത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഡ്രോണുകൾ ഇപ്പോൾ നിരീക്ഷണം, രഹസ്യാന്വേഷണം, കൃത്യതയാർന്ന സൈനിക നീക്കങ്ങൾ, യുദ്ധഭൂമിയിലെ കാര്യക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നു.
· ബ്രഹ്മോസ് ക്രൂയിസ് മിസൈൽ: ആദ്യത്തെ വിജയകരമായ ബ്രഹ്മോസ് വിക്ഷേപണം 2001 ജൂൺ 12-നാണ് നടന്നത്. കര, കടൽ, ആകാശം എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മൾട്ടി-പ്ലാറ്റ്‌ഫോം സൂപ്പർസോണിക് ക്രൂയിസ് മിസൈലാണിത്. ഇതിന് 290 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. കൂടാതെ മാക്ക് 2.8 വേഗതയിൽ സഞ്ചരിക്കാനും കഴിയും.
· പ്രോജക്ട് 17എ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ: അടുത്ത തലമുറയിൽപ്പെട്ട ഏഴ് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയാണ് പ്രോജക്ട് 17എ. ആന്റി-എയർ, ആന്റി-സർഫസ്, ആന്റി-സബ്മറൈൻ വൈർഫെയറുകൾക്കായാണ് ഈ ഫ്രിഗേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
· സന്ധായക് ക്ലാസ് സർവേ കപ്പലുകൾ: സന്ധായക് ക്ലാസ് സർവേ കപ്പലുകൾ കടൽത്തട്ടിലെയും തീരദേശ ജലാശയങ്ങളിലെയും ഭൂപടങ്ങൾ തയ്യാറാക്കിക്കൊണ്ട് ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് ശേഷിയെ ശക്തിപ്പെടുത്തുന്നു. തദ്ദേശീയമായി നിർമ്മിച്ച ഈ വിഭാഗത്തിൽ ഐ.എൻ.എസ് സന്ധായക്, ഐ.എൻ.എസ് നിർദ്ദേശക്, ഐ.എൻ.എസ് ഇക്ഷക്, ഐ.എൻ.എസ് സംശോധക് എന്നിവ ഉൾപ്പെടുന്നു. ഇത് ഇന്ത്യയുടെ സമുദ്ര സർവേ, നാവിഗേഷൻ ശേഷികൾ വർധിപ്പിക്കുന്നു.
· അർണാല ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്: അർണാല ക്ലാസ് ഇന്ത്യൻ നാവികസേനയുടെ തീരദേശ പ്രതിരോധവും ആന്റി-സബ്മറൈൻ പോരാട്ട ശേഷിയും ശക്തിപ്പെടുത്തുന്നു. തദ്ദേശീയമായ എട്ട് കപ്പലുകൾ അടങ്ങുന്ന ഈ വിഭാഗത്തിൽ ഐ.എൻ.എസ് അർണാല, ഐ.എൻ.എസ് അഞ്ജദീപ് (INS Anjadip), ഐ.എൻ.എസ് അമിനി (INS Amini), ഐ.എൻ.എസ് അഭയ് (INS Abhay), ഐ.എൻ.എസ് അഗ്രേ (INS Agray), ഐ.എൻ.എസ് അക്ഷയ് (INS Akshay), അടുത്തിടെ കമ്മീഷൻ ചെയ്ത ഐ.എൻ.എസ് അജയ് (INS Ajay) എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ വാട്ടർജെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് അർണാല. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ഇന്ത്യയുടെ സമുദ്രാതിർത്തികളുടെ കാവൽക്കാർ.
വളർന്നുവരുന്ന സാങ്കേതികവിദ്യകളും തന്ത്രപ്രധാന ശേഷികളും
നാളത്തെ യുദ്ധക്കളങ്ങൾക്കായി തങ്ങളുടെ സായുധ സേനയെ സജ്ജമാക്കുന്നതിന് അത്യന്താധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യ നിക്ഷേപം നടത്തുന്നു.
· മിഷൻ ശക്തി: 2019 മാർച്ച് 27-ന് ഡോ.എ.പി.ജെ.അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്ത്യ ഉപഗ്രഹ വിരുദ്ധ മിസൈൽ പരീക്ഷണമായ 'മിഷൻ ശക്തി' വിജയകരമായി പൂർത്തിയാക്കി. ഈ നേട്ടത്തോടെ ആന്റി-സാറ്റലൈറ്റ് ശേഷിയുള്ള രാജ്യങ്ങളുടെ പ്രത്യേക കൂട്ടായ്മയിൽ ഇന്ത്യയും പങ്കാളിയായി.
· പ്രതിരോധ മേഖലയിലെ നിർമിതബുദ്ധി: 2022-ൽ നിരീക്ഷണം, സൈബർ സുരക്ഷ, ലോജിസ്റ്റിക്സ്, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, യുദ്ധക്കളത്തിലെ പിന്തുണ എന്നിവയ്ക്കായി ഇന്ത്യ 75 നിർമിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു.
· മിഷൻ ദിവ്യാസ്ത്ര: 2024 മാർച്ച് 11-ന് മിഷൻ ദിവ്യാസ്ത്രയ്ക്ക് കീഴിൽ വിവിധ ലക്ഷ്യങ്ങളിലേക്ക് ഒന്നിലധികം വാർഹെഡ്സ് വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
· പിനാക ദീർഘദൂര ഗൈഡഡ് റോക്കറ്റ്: പിനാക ദീർഘദൂര ഗൈഡഡ് റോക്കറ്റിന്റെ ആദ്യ കന്നി വിക്ഷേപണ പരീക്ഷണം 2025 ഡിസംബർ 29-ന് വിജയകരമായി നിർവ്വഹിച്ചു. ഈ റോക്കറ്റ് പരമാവധി 120 കിലോമീറ്റർ ദൂരപരിധി പ്രദർശിപ്പിക്കുകയും പരീക്ഷണത്തിലുടനീളം അതീവ കൃത്യത കൈവരിക്കുകയും ചെയ്തു.
· അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം: 2025 ഓഗസ്റ്റ് 23-ന് DRDO ഒരു അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മിസൈൽ ഇന്റർസെപ്റ്ററുകൾ, ഹ്രസ്വദൂര വ്യോമ പ്രതിരോധ ആയുധങ്ങൾ, ലേസർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയെ സംയോജിപ്പിക്കുന്നു.
· ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യകൾ: ഹൈപ്പർസോണിക് മിസൈലുകൾക്കായുള്ള അടുത്ത തലമുറ പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. 2026 ജനുവരിയിൽ ഡി.ആർ.ഡി.ഒ ദീർഘനേരമുള്ള സ്ക്രാംജെറ്റ് കംബസ്റ്റർ ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഹൈദരാബാദിലെ ഒരു പുതിയ ഹൈപ്പർസോണിക് വിൻഡ് ടണൽ ഇപ്പോൾ ഭാവിയിലെ അതിവേഗ മിസൈൽ വികസനത്തെ പിന്തുണയ്ക്കുന്നു.
· കുശ ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ: 2026 ജൂലൈയിൽ കുശ മിസൈലിന്റെ കന്നി വിക്ഷേപണ പരീക്ഷണം ഡി.ആർ.ഡി.ഒ വിജയകരമായി നടത്തി. ഇത് കൃത്രിമമായി സൃഷ്ടിച്ച ഒരു അതിവേഗ വ്യോമ ഭീഷണിയെ പ്രതിരോധിച്ചു. വിശാലമായ ദൂരപരിധിയിലും ഉയരത്തിലും യുദ്ധവിമാനങ്ങൾ, മിസൈലുകൾ, പൈലറ്റില്ലാ വിമാനങ്ങൾ (UAVs), ശത്രുവിന്റെ വലിയ വിമാനങ്ങൾ എന്നിവയെ നിർവീര്യമാക്കാൻ ഈ സംവിധാനത്തിന് കഴിയും. ഡി.ആർ.ഡി.ഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്നാണ് ഇത് തദ്ദേശീയമായി വികസിപ്പിച്ചത്.
· ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ: 2026 ജൂണിൽ ഡോ.എ.പി.ജെ.അബ്ദുൾ കലാം ദ്വീപിൽ നിന്ന് ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ ഡി.ആർ.ഡി.ഒ വിജയകരമായി ഫ്ലൈറ്റ് ടെസ്റ്റ് ചെയ്തു. ഈ മിസൈൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചു. ഡി.ആർ.ഡി.ഒ ലബോറട്ടറികളും ഇന്ത്യൻ വ്യവസായ പങ്കാളികളും വികസിപ്പിച്ച പ്രധാന ഉപസംവിധാനങ്ങളുള്ള, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണിത്.
· നേത്ര എയർബോൺ ഏർലി വാർണിംഗ് ആന്റ് കൺട്രോൾ സിസ്റ്റം (Netra Airborne Early Warning and Control System): 2026 ജൂണിൽ തദ്ദേശീയമായി നിർമ്മിച്ച നേത്ര എയർബോൺ ഏർലി വാർണിംഗ് ആന്റ് കൺട്രോൾ (AEW&C) സിസ്റ്റത്തിന്റെ ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡി.ആർ.ഡി.ഒ കൈമാറി. ഡി.ആർ.ഡി.ഒ, ഇന്ത്യൻ വ്യോമസേന, വ്യവസായ പങ്കാളികൾ എന്നിവർ സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇത് വ്യോമ നിരീക്ഷണം, സാഹചര്യ ബോധം, യുദ്ധ മാനേജ്‌മെന്റ് ശേഷി എന്നിവ ഗണ്യമായി വർധിപ്പിക്കുന്നു.
ആധുനിക പോരാട്ട സംവിധാനങ്ങൾ മുതൽ അടുത്ത തലമുറ സാങ്കേതികവിദ്യകൾ വരെ ഇന്ത്യ ഭാവിസജ്ജമായ ഒരു സൈന്യത്തെ കെട്ടിപ്പടുക്കുന്നത് തുടരുകയാണ്. ഈ ശേഷികൾ പ്രതിരോധ തടസ്സങ്ങളെ ദൃഢമാക്കുകയും പ്രവർത്തന സജ്ജത വർധിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കാർഗിലിന്റെ നിലനിൽക്കുന്ന പാരമ്പര്യം
കൂടുതൽ ശക്തമായ ഒരു സൈന്യം ഏറ്റവും അർത്ഥവത്താകുന്നത് അചഞ്ചലമായ നിശ്ചയദാർഢ്യത്തോട് ചേരുമ്പോഴാണ്. കാർഗിലിന് ശേഷം ഇന്ത്യ തങ്ങളുടെ പ്രതിരോധ ശേഷിയും മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളോടുള്ള പ്രതികരണവും ക്രമാനുഗതമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ സമീപനം രാജ്യത്തിന്റെ സുരക്ഷാ നയത്തെയും പ്രവർത്തന രീതിയെയും തുടർന്നും രൂപപ്പെടുത്തുന്നു.
സർജിക്കൽ സ്ട്രൈക്കുകളും ബാലാക്കോട്ട് വ്യോമാക്രമണങ്ങളും
അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യയുടെ പ്രതികരണം കഴിഞ്ഞ ദശകത്തിൽ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഉറി ഭീകരാക്രമണത്തെത്തുടർന്ന് 2016 സെപ്റ്റംബർ 28, 29 തീയതികളിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്കുകൾ നടത്തി. ഈ ദൗത്യം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരർക്കും അവരുടെ സംരക്ഷകർക്കും കനത്ത നാശനഷ്ടം വരുത്തിവെച്ചു. ഇത് അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള കൂടുതൽ സജീവമായ ഒരു സമീപനത്തെ അടയാളപ്പെടുത്തി.
ഏതാനും വർഷങ്ങൾക്ക് ശേഷം, 2019 ഫെബ്രുവരി 14-ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 CRPF ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയുടെ പ്രതികരണം അതിവേഗമായിരുന്നു. 2019 ഫെബ്രുവരി 26-ന് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ദൗത്യത്തിൽ ബാലാക്കോട്ട് വ്യോമാക്രമണം ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വൻതോതിൽ വധിച്ചു. ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്തിരുന്നതും ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ അളിയൻ മൗലാന യൂസഫ് അസ്ഹർ നേതൃത്വം നൽകിയിരുന്നതുമായ താവളമാണ് ലക്ഷ്യമിട്ടത്. ഭീകരവാദത്തിലൂടെയുള്ള പ്രോക്സി യുദ്ധം ഇന്ത്യ ഇനി സഹിക്കില്ലെന്ന് ഈ മുൻകൂർ നടപടികൾ ലോകത്തിന് കാട്ടിക്കൊടുത്തു.
ഓപ്പറേഷൻ സിന്ദൂർ

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക നയം 2025 മേയിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' വേളയിലും കൂടുതൽ പ്രകടമായി. പഹൽഗാമിൽ സാധാരണക്കാർക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ഈ ദൗത്യം നടന്നത്. പാകിസ്ഥാനിലെയും പാക്-അധീന ജമ്മു കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ സായുധ സേന തകർത്തു.
കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ, ഡ്രോണുകൾ, ലോയിറ്ററിംഗ് മ്യൂണിഷനുകൾ (loitering munitions), ബഹുമുഖ വ്യോമ പ്രതിരോധം എന്നിവയെ ആശ്രയിച്ചായിരുന്നു ഈ ദൗത്യം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നിവയുടെ പ്രധാന കമാൻഡ് സെന്ററുകൾ തകർക്കപ്പെട്ടു. ഈ ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടു. IC-814 വിമാന റാഞ്ചൽ, പുൽവാമ സ്‌ഫോടനം എന്നിവയുമായി ബന്ധമുള്ള യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സർ അഹമ്മദ് തുടങ്ങിയവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മേയ് 7, 8 തീയതികളിൽ പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെ അതിവേഗം പ്രതിരോധിച്ചു. ഈ പ്രതികരണം ഇന്ത്യയുടെ നെറ്റ് സെൻട്രിക് യുദ്ധമുറ ശേഷിയും സംയോജിത ഡ്രോൺ വിരുദ്ധ (counter-UAS) ഗ്രിഡും പ്രദർശിപ്പിച്ചു.
കാർഗിൽ മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ പ്രതികരണം കൂടുതൽ സജീവവും കൃത്യവും നിർണ്ണായകവുമായി മാറി.
കാർഗിലിന്റെ ആവേശം ആഘോഷിക്കുന്നു
കാർഗിലിന്റെ പാരമ്പര്യം ഇന്ത്യയുടെ സൈനിക നിശ്ചയദാർഢ്യത്തെ രൂപപ്പെടുത്തുന്നത് തുടരുമ്പോൾ തന്നെ അത് രാജ്യത്തിന്റെ കൂട്ടായ ഓർമ്മകളിലും ജീവിക്കുന്നു. എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് 1999-ലെ ധീരനായകരുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കാനായി രാജ്യത്തെ ഒന്നിപ്പിക്കുന്നു. രാജ്യമൊട്ടാകെ അവരുടെ പരമോന്നത ത്യാഗത്തിന് പ്രണാമമർപ്പിക്കുന്നതിനായി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ധൈര്യം, കർത്തവ്യബോധം, ദേശസ്‌നേഹം എന്നീ മൂല്യങ്ങളാൽ ഭാവി തലമുറകളെ പ്രചോദിപ്പിക്കുമ്പോൾ തന്നെ ഈ സംരംഭങ്ങൾ അവരുടെ പാരമ്പര്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു.
ശൗര്യ വിജയ് യാത്ര

2026 ജൂലൈ 14-ന് കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 13 ദിവസം നീളുന്ന ശൗര്യ വിജയ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ നിന്നാണ് ഈ മോട്ടോർ സൈക്കിൾ പര്യവേഷണം ആരംഭിച്ചത്. 1,900 കിലോമീറ്റർ പിന്നിട്ട് ഇത് ദ്രാസിലെ കാർഗിൽ വാർ മെമ്മോറിയലിൽ സമാപിക്കും. സേനയിലുള്ളവരും വിരമിച്ചതുമായ സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 28 റൈഡർമാർ ഇതിൽ പങ്കെടുക്കുന്നു. "ഒരു റൈഡ്, ഒരു രാജ്യം, ഒരു സല്യൂട്ട്" എന്നതാണ് ഈ പര്യവേഷണത്തിന്റെ മുദ്രാവാക്യം.
വീര്യത്തിന്റെ ചക്രങ്ങൾ: സഞ്ചാർ ശക്തി

രാജ്യവ്യാപകമായി നടക്കുന്ന 'വീര്യത്തിന്റെ ചക്രങ്ങൾ: സഞ്ചാർ ശക്തി' (Wheels of Valour: Sanchar Shakti) പര്യവേഷണത്തിന്റെ ഭാഗമായി കോർപ്സ് ഓഫ് സിഗ്നൽസ് ഡെയർ ഡെവിൾസ് 2026 ജൂലൈ 1-ന് ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. 10 റൈഡർമാർ രണ്ട് മോട്ടോർ സൈക്കിളുകളിലായി അടൽ തുരങ്കത്തിനുള്ളിൽ പ്രകടനം നടത്തി. അവർ 9.8 കിലോമീറ്റർ നീളമുള്ള തുരങ്കം 9 മിനിറ്റും 47.97 സെക്കൻഡും കൊണ്ട് പൂർത്തിയാക്കി. സൈനിക ശേഷി, സഹനശക്തി, കൂട്ടായ്മ എന്നിവ പ്രകടിപ്പിച്ച ഈ നേട്ടം കാർഗിൽ വിജയ് ദിവസത്തിന്റെ ആത്മവീര്യത്തെ ആദരിച്ചു.
ടൈഗർ ഹിൽ പര്യവേഷണം 2026

ഇന്ത്യൻ സൈന്യവും ദ്രാസിലെ പ്രാദേശിക ഭരണകൂടവും ചേർന്ന് 2026 ജൂലൈ 17-ന് ടൈഗർ ഹിൽ പര്യവേഷണം സംഘടിപ്പിച്ചു. കാർഗിൽ യുദ്ധത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതോടൊപ്പം മിലിട്ടറി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം വഴിയൊരുക്കി. പരിശീലനം ലഭിച്ച 11 പ്രാദേശിക ട്രെക്കിംഗ് ഗൈഡുമാരും ഇതിൽ പങ്കെടുത്തു. ഇത് പ്രാദേശിക യുവാക്കൾക്ക് ഉപജീവന അവസരങ്ങൾ സൃഷ്ടിച്ചു.
മുൻസൈനികരെയും ധീരനായകരെയും ആദരിക്കൽ

2026 ജൂലൈ 16-ന് മുൻസൈനികരും അവരുടെ കുടുംബാംഗങ്ങളും കാർഗിൽ വാർ മെമ്മോറിയലും ഹെറിറ്റേജ് ഹട്ട് മ്യൂസിയവും സന്ദർശിച്ചു. ഈ സന്ദർശനം കാർഗിലിലെ ധീരനായകരെ ആദരിക്കുകയും മുൻസൈനികർ, ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ എന്നിവർക്കിടയിലെ ദീർഘകാല ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.
2026 ജൂലൈ 10-ന് ഖലുബാർ വാർ മെമ്മോറിയലിൽ നടന്ന ചടങ്ങിൽ മുൻസൈനികരും സ്കൂൾ കുട്ടികളും ഗ്രാമവാസികളും പ്രണാമമർപ്പിച്ചു. ഈ ചടങ്ങ് ദേശസ്‌നേഹം, ധൈര്യം, നിസ്വാർത്ഥ സേവനം എന്നീ ശാശ്വതമായ മൂല്യങ്ങളെ വീണ്ടും ഉറപ്പിച്ചു.
അനുസ്മരണ ട്രെക്കിംഗുകളും സൈനിക പ്രദർശനങ്ങളും
2026 ജൂലൈ 13-ന് 137 സൈനികർ 'ഗൺ ഹിൽ' എന്നുകൂടി അറിയപ്പെടുന്ന പോയിന്റ് 5140-ലേക്ക് ഒരു അനുസ്മരണ ട്രെക്കിംഗ് നടത്തി. 'ഓപ്പറേഷൻ വിജയ്'യിൽ റെജിമെന്റ് ഓഫ് ആർട്ടിലറി നൽകിയ നിർണ്ണായക സംഭാവനകളെ ഈ ട്രെക്കിംഗ് ആദരിച്ചു.
ഹാൻലെയിൽ ഇന്ത്യൻ സൈന്യം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഒരു പ്രദർശനവും സംഘടിപ്പിച്ചു. ഈ പ്രദർശനം ആധുനിക ആയുധങ്ങൾ, ഡ്രോണുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. ഉയർന്ന മലയോര മേഖലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാങ്കേതിക ശേഷിയും പ്രവർത്തന സജ്ജതയും ഇത് എടുത്തുകാണിച്ചു.
ലേയിൽ നിന്ന് ദ്രാസിലേക്കുള്ള മോട്ടോർ സൈക്കിൾ പര്യവേഷണം

2026 ജൂലൈ 12, 13 തീയതികളിൽ ഇന്ത്യൻ സൈനിക റൈഡർമാർ ലേയിൽ നിന്ന് ദ്രാസിലെ കാർഗിൽ വാർ മെമ്മോറിയലിലേക്ക് ഒരു മോട്ടോർ സൈക്കിൾ പര്യവേഷണം നടത്തി. വെല്ലുവിളി നിറഞ്ഞ ഫോടു ലാ (Fotu La), നാമിക ലാ (Namika La), ഉംബ ലാ (Umba La) ചുരങ്ങൾ റൈഡർമാർ കടന്നുപോയി. ഈ പര്യവേഷണം സഹനശക്തി, സാഹോദര്യം, സൈനിക വീര്യം എന്നിവ പ്രകടിപ്പിക്കുന്നതിനോടൊപ്പം 'ഓപ്പറേഷൻ വിജയ്'യിലെ ധീരനായകരെ ആദരിക്കുകയും ചെയ്തു.
ഈ അനുസ്മരണ പരിപാടികൾ ധൈര്യം, ത്യാഗം, രാജ്യസേവനം എന്നീ കാലാതീതമായ ആശയങ്ങളാൽ കാർഗിലിന്റെ പാരമ്പര്യം ഓരോ തലമുറയെയും പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
ശാശ്വത വിജയം
27 വർഷങ്ങൾക്ക് ശേഷവും കാർഗിലിന്റെ അലയൊലികൾ രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നു. ഈ വിജയം ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അചഞ്ചലമായ ദേശസ്‌നേഹത്തിന്റെയും നിത്യസ്മരണയായി നിലകൊള്ളുന്നു. തിരിച്ചുപിടിച്ച ഓരോ കൊടുമുടിയും ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തതാണെന്നും ഏത് വിലകൊടുത്തും സംരക്ഷിക്കപ്പെടുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. തങ്ങളുടെ ധീരനായകരുടെ വീര്യത്താൽ പ്രചോദനമുൾക്കൊണ്ട് ഇന്ത്യ കൂടുതൽ ശക്തമായും തയ്യാറെടുപ്പുകളോടെയും സ്വയംപര്യാപ്തമായും ഉയർന്നുവന്നിട്ടുണ്ട്. രാജ്യം കാർഗിലിലെ വീരനായകരെ പ്രണമിക്കുമ്പോൾ അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന ഗൗരവമേറിയ പ്രതിജ്ഞ വീണ്ടും പുതുക്കുകയാണ്. അവരുടെ ധൈര്യം അഭിമാനത്തോടും കർത്തവ്യബോധത്തോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടെ രാജ്യത്തെ സേവിക്കാൻ തലമുറകളെ എന്നും പ്രചോദിപ്പിക്കും.
അവലംബം
PIB Backgrounders:
Ministry of Defence:
Click here to see pdf
***
SK
(Explainer ID: 159338)
आगंतुक पटल : 164
Provide suggestions / comments