• Sitemap
  • Advance Search
Farmer's Welfare

മണ്ണ് സംരക്ഷിക്കാം, കൃഷിയിടങ്ങൾക്ക് സുരക്ഷയേകാം

"ഓരോ വിളവെടുപ്പിന് പിന്നിലും ആരോഗ്യകരമായ മണ്ണുണ്ട്"

Posted On: 24 JUL 2026 11:49AM

ഇന്ത്യയിലെ കാർഷിക ഉൽപ്പാദനക്ഷമത, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ജീവിതമാർഗ്ഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന തന്ത്രപ്രധാനമായ ഒരു ദേശീയ വിഭവമാണ് മണ്ണ്. മണ്ണ് പരിശോധന, പോഷകങ്ങളുടെ സന്തുലിത ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള കാർഷിക രീതികൾ എന്നിവയിലൂടെ ശാസ്ത്രീയമായ മണ്ണ് പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയതലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. 'സോയിൽ ഹെൽത്ത് കാർഡ്' (Soil Health Card) പദ്ധതിയിലൂടെ 25.89 കോടിയിലധികം കാർഡുകൾ വിതരണം ചെയ്യുകയും തദ്വാര കൃത്യമായ പോഷക പരിപാലനത്തിന് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ' പ്രകൃതി കൃഷിക്കായുള്ള ദേശീയ ദൗത്യം' (NMNF) 8.80 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള 18,786 ക്ലസ്റ്ററുകളിലേക്ക് വ്യാപിപ്പിച്ചു. 'ഖേത് ബച്ചാവോ അഭിയാൻ' (Khet Bachao Abhiyan) ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ സുസ്ഥിര കൃഷിരീതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ജിയോസ്പേഷ്യൽ മാപ്പിംഗ്, നിർമ്മിത ബുദ്ധി (AI) എന്നിവ മണ്ണിൻ്റെ   ഗുണനിലവാര നിർണ്ണയവും മാർഗനിർദ്ദേശ സേവനങ്ങളും മെച്ചപ്പെടുത്തുകയും, ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

• തന്ത്രപ്രധാന ദേശീയ വിഭവം എന്ന നിലയിൽ മണ്ണ്:

ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ അടിത്തറയാണ് മണ്ണ്. ഇത് വിള ഉൽപ്പാദനത്തെ പിന്തുണയ്ക്കുകയും ആവാസ വ്യവസ്ഥയെ തുലനം ചെയ്യുകയും ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തെ തൊഴിലാളികളിൽ 46 ശതമാനത്തിലധികം പേരും കൃഷിയിലും അനുബന്ധ മേഖലകളിലുമാണ് ജോലി ചെയ്യുന്നത്. അതിനാൽ, മണ്ണിൻ്റെ   ആരോഗ്യം ഗ്രാമീണ വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും രാജ്യത്തിൻ്റെ   സാമ്പത്തിക ഭദ്രതയെയും നേരിട്ട് സ്വാധീനിക്കുന്നു.

2022-23 ലെ ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, ഇന്ത്യയുടെ ആകെ വിസ്തൃതി 306.65 ദശലക്ഷം ഹെക്ടറാണ്. ഇതിൽ ഏകദേശം 59 ശതമാനവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഉയരുന്ന ജനസംഖ്യയുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മണ്ണിനുള്ള നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് കൂടുതൽ വിളവ് നൽകുകയും രാസ വളങ്ങളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, പട്ടിണി നിർമ്മാർജ്ജനം (SDG 2), കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനം (SDG 13) എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs 2030) കൈവരിക്കുന്നതിന് മണ്ണ് സംരക്ഷണവും സുസ്ഥിരതയും അത്യന്താപേക്ഷിതമാണ്

ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, സുസ്ഥിര മണ്ണ്-ഭൂപരിപാലനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രതിരോധം, പ്രകൃതിദത്ത കൃഷി, സോയിൽ മാപ്പിംഗ്, ഡിജിറ്റൽ കൃഷി എന്നിവ ദേശീയ തലത്തിലെ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.' സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം' (NMSA), ' പ്രകൃതി കൃഷിക്കായുള്ള ദേശീയ ദൗത്യം (NMNF) തുടങ്ങിയ പദ്ധതികൾ വിഭവക്ഷമതയുള്ള കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നു. സോയിൽ ഹെൽത്ത് കാർഡ് പദ്ധതി മണ്ണ് പരിശോധനയിലൂടെ ശരിയായ പോഷകങ്ങൾ കൃഷിയിടത്തിൽ ഉപയോഗിക്കാൻ കർഷകരെ സഹായിക്കുന്നു. പാരമ്പര്യ കൃഷിരീതികളിൽ നിന്ന് ആധുനിക ശാസ്ത്രീയ സമീപനങ്ങളിലേക്കുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മാറ്റത്തെയാണ്ഈ  ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

സ്ഥാപനപരമായ ഇടപെടലുകൾക്കൊപ്പം, "ഖേത് ബച്ചാവോ അഭിയാൻ" പോലുള്ള ബോധവൽക്കരണ പരിപാടികളും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. മണ്ണ് സംരക്ഷണം, രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, സുസ്ഥിര കാർഷിക രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നു.

 

മണ്ണിലെ വൈവിധ്യം: കാർഷിക കരുത്തിൻ്റെ   അടിത്തറ

ഇന്ത്യയിലെ വൈവിധ്യമാർന്ന കാലാവസ്ഥ, ഭൗമഘടന, ഭൂപ്രകൃതി എന്നിവ പ്രാദേശികമായ കൃഷിരീതികളെ പിന്തുണയ്ക്കുന്ന വിവിധതരം മണ്ണുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഈ മണ്ണുകൾ അവയുടെ ഘടനയിലും ഫലഭൂയിഷ്ഠതയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് വിവിധ പ്രദേശങ്ങളിൽ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യാൻ സഹായിക്കുന്നു.

 എക്കൽ മണ്ണ് (Alluvial soils): സിന്ധു-ഗംഗാ-ബ്രഹ്മപുത്ര സമതലങ്ങളിലും മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ ഡെൽറ്റ പ്രദേശങ്ങളിലുമാണ് എക്കൽ മണ്ണ് കാണപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, അസം, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നദീതടങ്ങളിലുടനീളം കാണപ്പെടുന്ന ഇവ വളരെ ഫലഭൂയിഷ്ഠമാണ്.

കരിമണ്ണ് (Black soils): മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കാണപ്പെടുന്ന കരിമണ്ണ് കളിമണ്ണ് അടങ്ങിയതും ഈർപ്പം നിലനിർത്തുന്നതുമാണ്. ലൈം (Lime), കാൽസ്യം എന്നിവയാൽ സമ്പന്നമാണ് ഈ മണ്ണ്.

 ചുവന്ന മണ്ണ് (Red soils): തമിഴ്‌നാട്, കർണാടക, വടക്കുകിഴക്കൻ ആന്ധ്രാപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെചില ഭാഗങ്ങളിൽ ചുവന്ന മണ്ണ് വ്യാപിച്ചുകിടക്കുന്നു. ഇരുമ്പിൻ്റെ   അംശം ഉള്ളതുകൊണ്ട് ഇവ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. സുഷിരങ്ങളുള്ള ഈ മണ്ണിൽ പ്രധാന പോഷകങ്ങൾ പൊതുവെ കുറവാണ്.

ലാറ്ററൈറ്റ് മണ്ണ് (Laterite soils):കിഴക്കൻ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, അസം, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. കനത്ത മഴയും അതിശക്തമായ നീരൊഴുക്കും കാരണം ലേയ പോഷകങ്ങൾ നഷ്ടപ്പെടുന്നതിലൂടെയാണ് ഇവ രൂപപ്പെടുന്നത്. 

മരുഭൂമിയിലെ മണ്ണ് (Desert soils): രാജസ്ഥാൻ, ഗുജറാത്ത്, ലേ-ലഡാക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന മരുഭൂമിയിലെ മണ്ണ് മണൽ നിറഞ്ഞതും കുറഞ്ഞ ഈർപ്പമുള്ളതും ലായക ലവണങ്ങൾ അടങ്ങിയതുമാണ്.

 പർവ്വത/വനം മണ്ണ് (Forest and hill soils): ഹിമാലയൻ പ്രദേശങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലുമാണ് ഇത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഉയരം, കാലാവസ്ഥ, സസ്യജാലങ്ങൾ എന്നിവയ്ക്കനുസരിച്ച് ഇവയുടെ ഗുണം വ്യത്യാസപ്പെടുന്നു.

ലവണത്വവും ക്ഷാരത്വവുമുള്ള മണ്ണ് (Saline and alkaline soils): വരണ്ടതും ഭാഗികമായി വരണ്ടതുമായ പ്രദേശങ്ങൾ, തീരദേശ/ഡെൽറ്റ പ്രദേശങ്ങൾ, അല്ലെങ്കിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ, രാജസ്ഥാൻ, തീരദേശ ഒഡീഷ, പശ്ചിമ ബംഗാളിലെ സുന്ദർബൻസ്, ഗുജറാത്തിലെ കച്ച് പ്രദേശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉപരിതലത്തിൽ ലവണങ്ങൾ അടിയുന്ന സ്വഭാവമുള്ളതിനാൽ ഇത് വിള ഉൽപ്പാദനത്തെ ബാധിച്ചേക്കാം.

ചതുപ്പ് മണ്ണ് (Marshy soils): തമിഴ്‌നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്നു. ദീർഘനേരം വെള്ളക്കെട്ട് നിൽക്കുന്നതിനാൽ ഇവയിൽ ജൈവാംശം കൂടുതലായിരിക്കും.

രാജ്യത്തുടനീളമുള്ള ഇത്തരം വിപുലമായ മണ്ണ് വൈവിധ്യം ഇന്ത്യയുടെ വൈവിധ്യമാർന്ന കാർഷിക-കാലാവസ്ഥാ പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുകയും വ്യത്യസ്ത വിള സമ്പ്രദായങ്ങൾക്ക് അടിത്തറയിടുകയും ചെയ്യുന്നു.

 

മണ്ണും കാലാവസ്ഥാ വ്യതിയാനവും: പ്രതിരോധശേഷി കെട്ടിപ്പടുക്കൽ 

അന്തരീക്ഷത്തിലെ കാർബൺ ശേഖരിച്ചു വെക്കുന്ന ഒരു പ്രധാന സ്വാഭാവിക ഉറവിടമായി പ്രവർത്തിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും മണ്ണ് നിർണായക പങ്കുവഹിക്കുന്നു. മണ്ണ് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുകയും അതിനെ 'സോയിൽ ഓർഗാനിക് കാർബൺ' (Soil Organic Carbon) ആയി സംഭരിച്ചു വെക്കുകയും ചെയ്യുന്നു. സസ്യങ്ങളുടെ വളർച്ച, വേരുകൾ, മണ്ണിലെ സൂക്ഷ്മജീവികൾ എന്നിവയാണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. ഇങ്ങനെ സംഭരിക്കപ്പെടുന്ന കാർബൺ ദീർഘകാലത്തേക്ക് മണ്ണിൽ തന്നെ നിലനിൽക്കുകയും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മണ്ണിലെ ജൈവ കാർബണിൻ്റെ   അളവ് കൂടുന്നത് മണ്ണിൻ്റെ   ഘടന മെച്ചപ്പെടുത്താനും, ഈർപ്പം നിലനിർത്താനുള്ള ശേഷി വർദ്ധിപ്പിക്കാനും, പോഷക ലഭ്യത കൂട്ടാനും സഹായിക്കുന്നു. ഇത് മണ്ണിൻ്റെ   ഫലഭൂയിഷ്ഠതയും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതിനുപുറമേ, കാലാവസ്ഥാ സൗഹൃദ കൃഷിരീതികളുടെ ഒരു പ്രധാന ഘടകമായി 'കാർബൺ കൃഷി ' ഉയർന്നുവരുന്നുണ്ട്. സുസ്ഥിര ഭൂപരിപാലന രീതികളിലൂടെ അന്തരീക്ഷത്തിലെ കാർബണിനെ നീക്കം ചെയ്യാനും അത് മണ്ണിൽ സംഭരിക്കാനുമാണ് ഇതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ സാഹചര്യത്തിൽ, മണ്ണിലെ ജൈവ കാർബൺ വർദ്ധിപ്പിക്കുന്നതിനും ദീർഘകാല കാർബൺ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള രീതികളെ ഗവണ്മെൻ്റ്  ഇടപെടലുകൾ പിന്തുണയ്ക്കുന്നു.

 ഹരിത ഇന്ത്യ ദേശീയദൗത്യം,സുസ്ഥിരകൃഷിക്കുള്ള ദേശീയ ദൗത്യം, കാർബൺ ക്രഡിറ്റ് ട്രേഡിംഗ് പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ ഇടപെടലുകൾ കാർബൺ കൃഷിയുടെ തത്വങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ്.

**ഹരിത ഇന്ത്യക്കായുള്ള ദേശീയ ദൗത്യം (GIM):

കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ കർമപദ്ധതിയ്ക്ക് (NAPCC) കീഴിലുള്ള പ്രമുഖ സംരംഭങ്ങളിലൊന്നാണ് ഹരിത ഇന്ത്യക്കായുള്ള ദേശീയ ദൗത്യം . വനങ്ങളിലും മരങ്ങളിലും കാർബൺ സംഭരിക്കുന്നത് ഉൾപ്പെടെയുള്ള പരിസ്ഥിതി സേവനപ്രവർത്തനങ്ങളിലൂടെയാണ് ഇത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്തുകൊണ്ട് സ്വാഭാവിക കാർബൺ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിൽ വനങ്ങൾ നിർണായക പങ്കുവഹിക്കുന്നു. വനമേഖലയിലെയും തരിശുഭൂമിയിലെയും മരങ്ങളുടെയും സസ്യങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലുമാണ് ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കാർബൺ സംഭരണ ശേഷി ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിശ്ചയിച്ചിട്ടുള്ള ദേശീയ വിഹിതം (NDC) പ്രകാരമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതകളുടെ ഭാഗമായി, 2030-ഓടെ 2.5 മുതൽ 3.0 ബില്യൺ ടൺ CO₂ ന് തത്തുല്യമായ കൂടുതൽ കാർബൺ സംഭരണ ശേഷി സൃഷ്ടിക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR) 2023 പ്രകാരം, 2005-നും 2021-നും ഇടയിൽ 2.29 ബില്യൺ ടൺ CO₂ ന് തുല്യമായ അധിക കാർബൺ സംഭരണ ശേഷി സൃഷ്ടിക്കാൻ സാധിച്ചു, ഇത് ഈ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ പുരോഗതിയെയാണ് കാണിക്കുന്നത്. ഈ ഇടപെടലുകൾ മണ്ണിൻ്റെയും സസ്യങ്ങളുടെയും കാർബൺ സംഭരണം വർദ്ധിപ്പിക്കുന്നതോടൊപ്പം പാരിസ്ഥിതിക പുനരുജീവനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

**കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ കർമ്മ പദ്ധതി (NAPCC)**

സുസ്ഥിര വികസനം സാധ്യമാക്കുന്നതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള സമഗ്രമായ ഒരു ചട്ടക്കൂട് NAPCC നൽകുന്നു. അനുകൂലമായ മാറ്റങ്ങളും ലഘൂകരണ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച്, വികസനപരമായ നേട്ടങ്ങളും കാലാവസ്ഥാ അനുകൂല ഫലങ്ങളും ഒരുപോലെ നൽകുന്ന പ്രവർത്തനങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

എട്ട് ദേശീയ ദൗത്യങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗരോർജ്ജം, ജലം, ഹരിത ഇന്ത്യ, കൃഷി, പരിസ്ഥിതി വ്യവസ്ഥകൾ, വിജ്ഞാന സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന ഈ ദൗത്യങ്ങൾ കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി സമഗ്രമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.

**സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം (NMSA)**

സുസ്ഥിര കൃഷിരീതികൾ മണ്ണുപരിപാലനം, വിഭവ കാര്യക്ഷമത, ദീർഘകാല കാർഷിക ഉൽപ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, NAPCC-യുടെ ഒരു പ്രധാന ഘടകമായി 2014-15 ൽ സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം (NMSA) ആരംഭിച്ചു. മണ്ണിൻ്റെ   ആരോഗ്യം മെച്ചപ്പെടുത്തൽ, കാര്യക്ഷമമായ ജലഉപയോഗം, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷിരീതികൾ സ്വീകരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച മണ്ണുപരിപാലനവും ജലസംരക്ഷണ നടപടികളും സ്വീകരിക്കുന്നതിന് സാമ്പത്തിക സഹായത്തിലൂടെയും ആനുകൂല്യങ്ങളിലൂടെയും ഈ ദൗത്യം കർഷകരെ സഹായിക്കുന്നു. 2014-15 മുതൽ, മഴ ആശ്രിത പ്രദേശങ്ങളുടെ വികസന പദ്ധതി പ്രകാരം 2,119.84 കോടി രൂപ അനുവദിക്കുകയും, സംയോജിത കൃഷിരീതിയിലൂടെ (Integrated Farming System) 8.50 ലക്ഷം ഹെക്ടർ പ്രദേശം ഉൾപ്പെടുത്തി 14.35 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. ഈ ഇടപെടലുകൾ മണ്ണിലെ ജൈവ കാർബൺ വർദ്ധിപ്പിക്കുകയും കാർബൺ കൃഷിക്കുള്ള അനുയോജ്യമായ രീതികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 പ്രകൃതികൃഷിക്കായുള്ള ദേശീയ ദൗത്യം :

മണ്ണിൻ്റെ   ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി ശാസ്ത്രീയമായ സമീപനങ്ങളിലൂടെ സുസ്ഥിര കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന് 2024-ൽ ആണ് 'പ്രകൃതികൃഷിക്കായുള്ള ദേശീയ ദൗത്യം' ആരംഭിച്ചത്. കർഷകരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതോടൊപ്പം സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഭക്ഷ്യോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മണ്ണിലെ ജൈവ കാർബൺ വർദ്ധിപ്പിക്കുകയും ദീർഘകാല കാർഷിക രീതിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രകൃതിധിഷ്ഠിത കൃഷിരീതികളിലേക്കുള്ള ഒരു മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്:

•2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 8.80 ലക്ഷം ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന 18,786 ക്ലസ്റ്ററുകളും 18.19 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത കർഷകരുമായി ഈ ദൗത്യം ഗണ്യമായി വികസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലുടനീളം ഈ കൃഷിരീതി വർദ്ധിച്ചുവരുന്നതിൻ്റെ   തെളിവാണിത്.

•ശേഷി വികസനം ഇതിൻ്റെ   ഒരു പ്രധാന ഘടകമായി തുടരുന്നു. പരിശീലനം ലഭിച്ച 33,676 കമ്മ്യൂണിറ്റി റിസോഴ്സ് വ്യക്തികളും പരിശീലന സ്ഥാപനങ്ങളുടെ വിശാലമായ ശൃംഖലയും പ്രാദേശിക തലത്തിൽ പ്രകൃതിദത്ത ജൈവ-ഇൻപുട്ടുകളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിന് പിന്തുണ നൽകുന്നു.

•ബയോ-ഇൻപുട്ട് റിസോഴ്സ് സെൻ്റർ (BRC), സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവയിലൂടെ പ്രാദേശിക ഇൻപുട്ട് സംവിധാനങ്ങളുടെ വികസനത്തിനും ഈ മിഷൻ സംഭാവന നൽകുന്നു. കർഷകർക്ക് ബീജാമൃത്, ജീവാമൃത് തുടങ്ങിയ പ്രകൃതിദത്ത കാർഷിക ചേരുവകൾ ഉപയോഗിക്കാൻ തയ്യാറാക്കി ലഭ്യമാക്കുന്ന പ്രാദേശിക കേന്ദ്രങ്ങളാണ് ബയോ-ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ. രാസവളങ്ങൾക്കും കീടനാശിനികൾക്കും പകരം പ്രകൃതിദത്ത ബദലുകൾ സ്വീകരിക്കുന്നതിനായി കർഷകർക്ക് പരിശീലനവും പ്രായോഗിക പ്രദർശനങ്ങളും ഇവർ നൽകുന്നു. ഇത് മൊത്തത്തിലുള്ള കാർഷിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതോടൊപ്പം സുസ്ഥിര രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പദ്ധതി :

ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയോ ഒഴിവാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കാർബൺ വിപണികൾ സാമ്പത്തിക പ്രോത്സാഹനം നൽകുന്നു. 2023-ൽ അംഗീകരിച്ച കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പദ്ധതി , ഹരിതഗൃഹ വാതക ലഘൂകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കർഷകരെയും സംഘടനകളെയും പ്രാപ്തരാക്കുന്നു. സന്നദ്ധ കാർബൺ വിപണികളിലൂടെ (VCM) കൈമാറ്റം ചെയ്യാവുന്ന കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ സമ്പാദിക്കാനും ഇത് അവരെ സഹായിക്കുന്നു. ഒരു മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡിന് തതുല്യമായ ബഹിർഗമനം കുറയ്ക്കുന്നതിനെയോ ഒഴിവാക്കുന്നതിനെയോ നീക്കം ചെയ്യുന്നതിനെയോ ആണ് ഓരോ കാർബൺ ക്രെഡിറ്റും സൂചിപ്പിക്കുന്നത്. വേരിഫൈഡ് കാർബൺ സ്റ്റാൻഡേർഡ് (VCS), ഗോൾഡ് സ്റ്റാൻഡേർഡ് തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങൾ കൃഷിയിലെ കാർബൺ ബഹിർഗമന കുറവുകൾ അളക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ നൽകുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതികൾ സ്വീകരിക്കുന്നതിലൂടെയും കൃത്യമായ പരിശോധന ഉറപ്പാക്കുന്നതിലൂടെയും കർഷകർക്ക് കാർബൺ ക്രെഡിറ്റുകൾ നിർമ്മിക്കാൻ സാധിക്കും. കാർബൺ ബഹിർഗമനത്തിന് പരിഹാരം കാണാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ഇവ വിൽക്കാൻ കഴിയും, ഇതുവഴി കാലാവസ്ഥാ ലഘൂകരണം സാധ്യമാക്കുന്നതിനൊപ്പം കൂടുതൽ വരുമാന മാർഗ്ഗം സൃഷ്ടിക്കാനും സാധിക്കുന്നു.

മണ്ണിൻ്റെ   ആരോഗ്യവും വളപ്രയോഗ പരിപാലനവും-സംയോജിത സമീപനങ്ങൾ:

മണ്ണിലെ പോഷകങ്ങളുടെ അളവ് വിലയിരുത്തി സന്തുലിതമായ വളപ്രയോഗത്തിന് കർഷകരെ വഴികാട്ടുന്ന ശാസ്ത്രീയ മണ്ണുപരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ൽ 'സോയിൽ ഹെൽത്ത് ആൻഡ് ഫെർട്ടിലിറ്റി സ്കീം' ആരംഭിച്ചു. മണ്ണിൻ്റെ   ആരോഗ്യവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് വിളകൾക്കനുയോജ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ സോയിൽ ഹെൽത്ത് കാർഡുകൾ ഇത് നൽകുന്നു. രാസവളങ്ങളുടെ വിവേകപൂർവ്വമായ ഉപയോഗത്തിനു പരിശീലന പരിപാടികളിലൂടെയും പ്രദർശനങ്ങളിലൂടെയും കർഷകരെ പിന്തുണയ്ക്കുന്നു. ദ്വിതീയ, സൂക്ഷ്മ പോഷകങ്ങളോടൊപ്പം ജൈവവളങ്ങളും  ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ സോയിൽ ഹെൽത്ത് പ്രോഗ്രാം വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് ഈ ശ്രമം കൂടുതൽ വിപുലീകരിക്കുന്നു. മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും സോയിൽ ഹെൽത്ത് കാർഡുകൾ തയ്യാറാക്കുന്നതിലും വിദ്യാർത്ഥികൾ പങ്കാളികളാകുന്നു. കർഷകർക്കുള്ള മാർഗ്ഗനിർദേശക സേവനങ്ങളെ പിന്തുണയ്ക്കാൻ ഇത് അവരെ പ്രാപ്തരാക്കുന്നു.

ആരംഭിച്ചതിനുശേഷം 2026 മാർച്ച് 13 വരെയുള്ള കണക്കനുസരിച്ച്, ആകെ 25.89 കോടി സോയിൽ ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ട്. അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെൻ്റ്  ഏജൻസി (ATMA), കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs) എന്നിവയുടെ പിന്തുണയോടെ നൽകുന്ന നിർദ്ദേശങ്ങളിലൂടെ സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 7.17 ലക്ഷം പ്രായോഗിക പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ, പ്രാദേശിക തലത്തിൽ മണ്ണിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുന്നതിനായി 70,002 കൃഷി സഖിമാർക്ക് പരിശീലനം നൽകി. സ്കൂൾ സോയിൽ ഹെൽത്ത് പ്രോഗ്രാമിൽ 2025-26 വർഷത്തിൽ 4,430 സ്കൂളുകളും 1,29,167 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

**മണ്ണ് പരിശോധനയിൽ നിന്ന് ഉയർന്ന വിളവിലേക്ക്: ഒരു കർഷകൻ്റെ   അനുഭവം**

ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നുള്ള കർഷകനായ ശ്രീ. നിരപദോ ഗൊറായ്, തൻ്റെ   3 ഏക്കർ കൃഷിയിടത്തിൽ സോയിൽ ഹെൽത്ത് കാർഡിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കി. ഇതിനുമുമ്പ്, പ്രധാനമായും നൈട്രജൻ, ഫോസ്ഫറസ് എന്നിവയെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിൻ്റെ   വളപ്രയോഗം. മറ്റ് അവശ്യ പോഷകങ്ങളുടെ ഉപയോഗം പരിമിതമായിരുന്നു. മണ്ണ് പരിശോധനാ നിർദ്ദേശത്തിൻ്റെ   അടിസ്ഥാനത്തിൽ, പൊട്ടാഷ്, കുമ്മായം എന്നിവ ഉൾപ്പെടെ സന്തുലിതമായ വളപ്രയോഗത്തിലേക്ക് അദ്ദേഹം മാറി. വിള വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ തവണകളായി അദ്ദേഹം യൂറിയ പ്രയോഗിക്കുകയും ചെയ്തു.

ഈ മാറ്റം വളത്തിൻ്റെ   ചെലവ് ഏക്കറിന് 1,910 രൂപയിൽ നിന്ന് 1,190 രൂപയായി കുറയ്ക്കുകയും ഏക്കറിന് 720 രൂപയുടെ ലാഭം ഉണ്ടാക്കുകയും ചെയ്തു. അതേസമയം, നെല്ലുൽപ്പാദനം ഏക്കറിന് 1,000 കിലോയിൽ നിന്ന് 1,320 കിലോയായി ഉയരുകയും വിളകളുടെ ആരോഗ്യത്തിൽ ദൃശ്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തു.

ഈ മാറ്റത്തെക്കുറിച്ച് സംസാരിക്കവേ, രോഗങ്ങളുടെയും കീടങ്ങളുടെയും ശല്യം കുറഞ്ഞതായി അദ്ദേഹം നിരീക്ഷിച്ചു. നൈട്രജൻ വളങ്ങളുടെ വിവേകപൂർവ്വമായ ഉപയോഗവും പൊട്ടാഷിൻ്റെ   പ്രയോഗവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം കരുതുന്നു.

 

 **സന്തുലിത പോഷക പരിപാലനം**

കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്ന പരിഷ്കാരങ്ങളിലൂടെ വളം പരിപാലനം മെച്ചപ്പെടുത്താൻ ഇന്ത്യ നിർണായക ചുവടുകൾ നടത്തി 

 

'പോഷക അധിഷ്ധിത സബ്സിഡി' (NBS) പദ്ധതി, സബ്സിഡി സഹായം നൽകി കൊണ്ട് വളങ്ങളിലെ പോഷകങ്ങൾ വർധിപ്പിക്കാനും സന്തുലിത പോഷക പ്രയോഗത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു . ഈ പദ്ധതി പ്രകാരം, ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP) ഉൾപ്പെടെയുള്ള 28 തരം ഫോസ്ഫറസ് , പൊട്ടാസ്യം (P&K) വളങ്ങൾ സബ്സിഡി നിരക്കിൽ വളം ഉൽപ്പാദകർ, ഇറക്കുമതിക്കാർ എന്നിവരിലൂടെ കർഷകർക്ക് ലഭ്യമാക്കുന്നു. രണ്ട് പ്രധാന വിളവെടുപ്പ് സീസണുകളിലേക്കുമായി സബ്സിഡി നിരക്കുകൾ വേവ്വേറെ നിശ്ചയിക്കും . ഖാരിഫ് സീസണിലെ നിരക്കുകൾ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയും, റാബി സീസണിലെ നിരക്കുകൾ ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുമാണ് ബാധകമാകുന്നത്.

 

ആധാർ അധിഷ്ഠിത പോയിൻ്റ്  ഓഫ് സെയിൽ (PoS) ഉപകരണങ്ങൾ ഉപഭോക്താക്കളെ സാക്ഷ്യപ്പെടുത്തുകയും വളം വിൽപ്പനയുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു. 'നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ' സംവിധാനത്തിന് കീഴിൽ, PoS ഉപകരണങ്ങളിലൂടെ യഥാർത്ഥ വിൽപ്പനയുടെ അടിസ്ഥാനത്തിലാണ് സബ്സിഡികൾ അനുവദിക്കുന്നത്. 2022-23 നും 2025 ജൂലൈയ്ക്കും ഇടയിൽ വളം സബ്സിഡി വിതരണം ആകെ 6.77 ലക്ഷം കോടി രൂപയിലെത്തി.

 

വേപ്പ് അധിഷ്ഠിത യൂറിയ (Neem-coated urea) നൈട്രജൻ ലയിച്ചുചേരുന്നത് സാവധാനത്തിലാക്കുകയും , പോഷക ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുകയും, കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്നത് തടയുകയും ചെയ്യുന്നു. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എല്ലാ യൂറിയയിലും 100 ശതമാനം വേപ്പ് പുരട്ടൽ ഗവൺമെൻ്റ്  നിർബന്ധമാക്കിയിട്ടുണ്ട്.

 

'സംയോജിത വള പരിപാലന സംവിധാനം' നിരീക്ഷണവും വിതരണ ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുകയും വള ലഭ്യതയിലും ഉപയോഗത്തിലും മികച്ച നിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുന്നു.

 

**ഖേത് ബച്ചാവോ അഭിയാൻ: സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിക്കൽ**

സന്തുലിത വളപ്രയോഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, 'ഖേത് ബച്ചാവോ അഭിയാൻ' വഴി ബോധവൽക്കരണ ശ്രമങ്ങൾ ഗവൺമെൻ്റ്  ശക്തമാക്കി. ഈ പ്രചാരണം കർഷകർക്കിടയിൽ ശാസ്ത്രീയ പോഷക പരിപാലന രീതികളെ പ്രോത്സാഹിപ്പിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെയും (ICAR) DA&FWൻ്റെയും നേതൃത്വത്തിൽ നടന്ന പ്രചാരണത്തിൽ നാഷണൽ അഗ്രികൾച്ചറൽ റിസർച്ച്, എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ സിസ്റ്റംസ് (NAREES) പൂർണ്ണമായും പങ്കാളികളായി.2026 ജൂൺ 1-30 തീയതികളിൽ ഇത് സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പുകൾ, പ്രായോഗിക പ്രദർശനങ്ങൾ, കർഷക സമ്പർക്ക പരിപാടികൾ എന്നിവയിലൂടെ രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് മണ്ണ് പരിശോധനാ അധിഷ്ഠിത പോഷക പരിപാലനം  പ്രോത്സാഹിപ്പിച്ചു. കുറഞ്ഞ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ ബദൽ കാർഷിക രീതികളെക്കുറിച്ചുള്ള ബോധവൽക്കരണവും ഈ പ്രചാരണം മുന്നോട്ട് വെച്ചു .

 

ആകെ 99,489 സംവേദനാത്മക യോഗങ്ങളും പരിപാടികളും, 25,178 ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചു. കൂടാതെ, സന്തുലിത പോഷക പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചിലവളങ്ങൾ, ജൈവവളങ്ങൾ എന്നിവയിൽ 6,721 പരിശീലന പരിപാടികളും 96,227 ഫീൽഡ് പ്രദർശനങ്ങളും നടത്തി. വളം, കാർഷിക ഇൻപുട്ട് വ്യാപാരികൾ ഉൾപ്പെടെ 4,916 ജനപ്രതിനിധി സമ്മേളനങ്ങളിലൂടെ പ്രചാരണം ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തി. ഈ പ്രവർത്തനങ്ങൾ വഴി ഏകദേശം 1.07 കോടി കർഷകരും മറ്റ് പങ്കാളികളും നേരിട്ടും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏകദേശം 4.5 കോടി പൗരന്മാരും പങ്കാളികളായി.

ഈ പരിഷ്കാരങ്ങളും ബോധവൽക്കരണ പരിപാടികളും സന്തുലിത വളപ്രയോഗം ശക്തിപ്പെടുത്തുകയും പോഷക കാര്യക്ഷമത മെച്ചപ്പെടുത്തുകയും ദീർഘകാല മണ്ണ് സുസ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

**ഡിജിറ്റൽ മണ്ണ് ആവാസവ്യവസ്‌ഥാ നിർമ്മാണം**

ജിയോസ്പേഷ്യൽ മാപ്പിംഗ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നിർമിത ബുദ്ധി എന്നിവ സംയോജിപ്പിച്ച് മണ്ണ് പരിപാലനത്തിൽ ഡാറ്റാ അധിഷ്ഠിത സമീപനത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ്.

**ജിയോസ്പേഷ്യൽ സോയിൽ മാപ്പിംഗും വിഭവ വിലയിരുത്തലും**

സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേ ഓഫ് ഇന്ത്യ (SLUSI) നടപ്പിലാക്കുന്ന 'ദേശീയ മണ്ണ് വിഭവ മാപ്പിംഗ്' പദ്ധതി ഉയർന്ന നിലവാരമുള്ള മണ്ണ് പ്രൊഫൈൽ ഭൂപടങ്ങൾ നിർമ്മിക്കുന്നു. ഗ്രാമതലത്തിലുള്ള മണ്ണ് സംഭരണശാലകൾ നിർമ്മിക്കുന്നതിന് ഉപഗ്രഹ ചിത്രങ്ങളും ഫീൽഡ് നിരീക്ഷണങ്ങളും ഇവ സംയോജിപ്പിക്കുന്നു. ഈ വിവരങ്ങൾ ശാസ്ത്രീയ ഭൂവിനിയോഗ ആസൂത്രണത്തെയും വിവേകപൂർവമായ വിള തിരഞ്ഞെടുപ്പിനെയും പിന്തുണയ്ക്കുന്നു.

 

2024 സെപ്റ്റംബർ വരെ ഏകദേശം 29 ദശലക്ഷം ഹെക്ടർ പ്രദേശം മാപ്പ് ചെയ്തിട്ടുണ്ട്. 142 ദശലക്ഷം ഹെക്ടർ കാർഷിക ഭൂമിയാണ് ലക്ഷ്യമിടുന്നത്. ഈ ശ്രമങ്ങൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് 1,076 കോടി രൂപ നൽകി. ഈ പിന്തുണ പ്രദേശങ്ങളിലുടനീളം വിശ്വസനീയമായ മണ്ണ് വിഭവ ഡാറ്റാസെറ്റുകൾ സൃഷ്ടിക്കുന്നതിനെ ശക്തിപ്പെടുത്തുന്നു.

 

**മണ്ണ്, ഭൂമി, കർഷക ഡാറ്റകൾ സംയോജിപ്പിക്കൽ**

ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സംയോജിത ഡാറ്റാ സംവിധാനങ്ങളിലൂടെയും കൃത്യമായ ഉപദേശക സേവനങ്ങളിലൂടെയും കാർഷിക പ്രവർത്തനങ്ങളുടെ തീരുമാനമെടുക്കലിൽ മാറ്റങ്ങൾ വരുത്തുന്നു. മണ്ണ് വിവരങ്ങൾ ഭൂമി, വിള ഡാറ്റാസെറ്റുകൾ എന്നിവയുമായി ബന്ധിപ്പിച്ച് 'ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ' ഒരു ഏകീകൃത ഡാറ്റാ ചട്ടക്കൂട് നിർമ്മിക്കുകയാണ്. അഗ്രിസ്റ്റാക്ക് (AgriStack) പോലുള്ള പ്ലാറ്റ്‌ഫോമുകൾ കൃത്യമായ നിർദേശങ്ങൾ നൽകുകയും കർഷകരുടെയും ഭൂമിയുടെയും മണ്ണിൻ്റെയും ഡാറ്റ സംയോജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ശ്രമത്തിൻ്റെ   ഭാഗമായി 2025 നവംബർ 27 വരെ 7.63 കോടിയിലധികം കർഷക ഐഡികൾ സൃഷ്ടിച്ചു. 2024-25 റാബി സീസണിൽ 23.5 കോടി വിള പ്ലോട്ടുകൾ സർവേ ചെയ്തു. ഇത് വ്യക്തിഗത ഭൂമികളിലേക്ക് മണ്ണ് വിവരങ്ങൾ മാപ്പ് ചെയ്യാനും കൂടുതൽ കൃത്യമായ, പ്രദേശാധിഷ്ഠിത ഉപദേശങ്ങളെ പിന്തുണയ്ക്കാനും സഹായിച്ചു.

 

**നിർമിതബുദ്ധിയും കൃത്യതയാർന്ന മണ്ണുപരിപാലനവും :

കൃഷിക്കാർക്ക് പ്രയോജനകരമായ വിവരങ്ങളിലേക്ക് സങ്കീർണ്ണമായ ഡാറ്റകളെ മാറ്റിയെടുത്തുകൊണ്ട് നിർമ്മിത ബുദ്ധി (AI) മണ്ണുപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നു. 'ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ്റെ   കീഴിൽ, 'കൃഷി തീരുമാന സഹായക സംവിധാനം ' (KDSS) പോലുള്ള പ്ലാറ്റ്‌ഫോമുകൾ മണ്ണ്, കാലാവസ്ഥ, വിളകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംയോജിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ പ്രാദേശികാടിസ്ഥാനത്തിലുള്ള ഉപദേശങ്ങൾ വിള ആസൂത്രണത്തിനും പോഷക പരിപാലനത്തിനുമായി നൽകുന്നു.

ഡാറ്റയുടെയും സാങ്കേതികവിദ്യയുടെയും ഈ സംയോജനം മണ്ണിൻ്റെ   ഗുണനിലവാര പരിശോധന മെച്ചപ്പെടുത്തുകയും കാർഷിക തലത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

 •എഐ അധിഷ്ഠിത മണ്ണ് പരിശോധന: ഉപഗ്രഹ ചിത്രങ്ങൾ, റിമോട്ട് സെൻസിംഗ്, കാർഷിക തലത്തിലെ ഡാറ്റ എന്നിവ ഉപയോഗിച്ച് പോഷകഅപര്യാപ്തത കണ്ടെത്താൻ എഐ അധിഷ്ഠിത മണ്ണ് പരിശോധന സഹായിക്കുന്നു. കൂടാതെ, മണ്ണിൻ്റെ   അപര്യാപ്തത കണ്ടെത്തി സമയബന്ധിതമായ പരിഹാരനടപടികൾ സ്വീകരിക്കാനും ഇത് പിന്തുണയ്ക്കുന്നു.

 

എഐ ഉപയോഗിച്ചുള്ള കൃത്യതയാർന്ന കൃഷിരീതി : പ്രാദേശിക മണ്ണ് വ്യവസ്ഥകൾക്ക് അനുസൃതമായി ജലവും വളങ്ങളും കൃത്യമായി പ്രയോഗിക്കാൻ എഐ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത് വിഭവ കാര്യക്ഷമത വർദ്ധിപ്പിക്കുകയും, ചെലവ് കുറയ്ക്കുകയും, പരിസ്ഥിതി ആഘാതം ലഘൂകരിക്കുകയും ചെയ്യുന്നു.

 

എഐ അധിഷ്ഠിത ഉപദേശക സംവിധാനങ്ങൾ: വിള തിരഞ്ഞെടുപ്പ്, വിത്തുപാകുന്ന സമയം, പോഷക പരിപാലനം എന്നിവയിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ ഇത് കർഷകരെ സഹായിക്കുന്നു.

 

അഗ്രി-റോബോട്ടിക്സിലെ പുരോഗതി: പരിശോധനകൾ, നടീൽ, പാടശേഖര പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളെ അഗ്രി-റോബോട്ടിക്സ് പ്രോത്സാഹിപ്പിക്കുന്നു. സ്വയം പ്രവർത്തിക്കുന്ന ട്രാക്ടറുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ കൂടുതൽ കൃത്യതയ്ക്കായി എഐ അധിഷ്ഠിത ജിപിഎസ്, ക്യാമറകൾ, എന്നിവ ഉപയോഗിക്കുന്നു.

 

 ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-IARI) പോലുള്ള സ്ഥാപനങ്ങൾ മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിനും വിള നിരീക്ഷണത്തിനുമായി റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിച്ചുവരുന്നുണ്ട്.

ഈ പുരോഗതികൾ കൃത്യത വർധിപ്പിക്കുകയും , ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, ഇന്ത്യയിൽ സുസ്ഥിരവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

നമ്മുടെ രാജ്യത്തെ സാധ്യതകൾ അനാവരണം ചെയ്യുന്നു :

ഇന്ത്യയുടെ ഏറ്റവും അമൂല്യമായ നൈസർഗിക വിഭവങ്ങളിലൊന്നാണ് മണ്ണ്. ഇത്കൃഷിയെയും ഉപജീവനത്തെയും ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്നു. ശാസ്ത്രീയമായ വിലയിരുത്തലുകൾ, സുസ്ഥിര കാർഷിക രീതികൾ, മെച്ചപ്പെട്ട പോഷക പരിപാലനം എന്നിവ മണ്ണിൻ്റെ   ദീർഘകാല ആരോഗ്യം ശക്തിപ്പെടുത്തുന്നു. സോയിൽ ഹെൽത്ത് കാർഡ് പദ്ധതി , NMSA, NMNF, ഹരിത ഇന്ത്യ ദൗത്യം തുടങ്ങിയ പദ്ധതികളിലൂടെ രാജ്യം ശാസ്ത്രീയവും സുസ്ഥിരവുമായ മണ്ണുപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നു.

മണ്ണിൻ്റെ   ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സന്തുലിതമായ വളപ്രയോഗം, വർദ്ധിച്ച വിഭവ കാര്യക്ഷമത, കാർബൺ സംഭരണം, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി എന്നിവയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതേസമയം, ജിയോസ്പേഷ്യൽ മാപ്പിംഗ്, നിർമ്മിത ബുദ്ധി, ഡിജിറ്റൽ കാർഷിക പ്ലാറ്റ്‌ഫോമുകൾ എന്നിവ കൂടുതൽ കൃത്യവും ഡാറ്റാ അധിഷ്ഠിതവുമായ കാർഷിക തീരുമാനങ്ങൾക്ക് വഴിതുറക്കുന്നു. 'ഖേത് ബച്ചാവോ അഭിയാൻ' പോലുള്ള പരിശ്രമങ്ങളിലൂടെ ബോധവൽക്കരണം വർധിപ്പിക്കുമ്പോൾ , നിർണായകമായ ഒരു ദേശീയ വിഭവം എന്ന നിലയിൽ മണ്ണിൻ്റെ   യഥാർത്ഥ സാധ്യതകൾ ഇന്ത്യ ക്രമേണ തിരിച്ചറിയുകയാണ്.

 

അവലംബം

Click here to see pdf

*****

(Explainer ID: 159329) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Kannada