Rural Prosperity
സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭകത്വ പരിപാടി
Posted On:
25 JUL 2026 10:02AM
പരിശീലനം, ധനസഹായം, മാർഗദർശനം, സമൂഹനേതൃത്വത്തിലുള്ള സ്ഥാപനപര പിന്തുണ എന്നിവയിലൂടെ സ്റ്റാർട്ട് അപ്പ് വില്ലേജ് (നവസംരംഭക ഗ്രാമം) സംരംഭകത്വ പരിപാടി അഥവാ എസ്.വി.ഇ.പി. കാർഷികേതര സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. 2026 ജൂൺ 30-നകം രാജ്യത്തുടനീളമുള്ള 4.32 ലക്ഷം ഗ്രാമീണ സംരംഭങ്ങളെ എസ്.വി.ഇ.പി. പിന്തുണച്ചിരുന്നു. സാമൂഹിക ഉൾച്ചേർക്കലിലും സംരംഭകത്വ അവസരങ്ങളിലേക്കുള്ള നീതിപൂർവ്വകമായ അഭിഗമ്യതയിലും ഈ പരിപാടി ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഏകദേശം 86 ശതമാനം സംരംഭകരും എസ്.സി., എസ്.ടി., ന്യൂനപക്ഷ, ഒ.ബി.സി. സമുദായങ്ങളിൽ നിന്നുള്ളവരാണ്. സ്വയം സഹായ സംഘങ്ങൾ, സംരംഭകത്വ വികസനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക വിഭവ വ്യക്തികൾ (സി.ആർ.പി.-ഇ.പി.), ബാങ്കിങ് സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കൽ, പ്രധാനമന്ത്രി മുദ്ര യോജന പോലുള്ള പദ്ധതികളുമായുള്ള സംയോജനം എന്നിവയിലൂടെ എസ്.വി.ഇ.പി. അതിൻ്റെ പ്രവർത്തനപരിധി വിപുലീകരിച്ചു. ദാരിദ്ര്യ നിർമ്മാർജനം, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ സാമ്പത്തിക വികസനം എന്നിവയ്ക്കുള്ള ഫലപ്രദമായ ഒരു മാതൃകയായി എസ്.വി.ഇ.പി. ഉയർന്നുവന്നിട്ടുണ്ട്.
സംരംഭ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഗ്രാമീണ പരിവർത്തനം
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളത്. അനുകൂലമായ ഗവണ്‍മെൻ്റ് നയങ്ങളുടെ പിന്തുണയോടെ ഇത് അഭിവൃദ്ധി പ്രാപിക്കുകയും, സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണകരമാണെന്നത് തെളിയിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യയിലെ മിക്ക സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥകളും നഗരപ്രദേശങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. അതിനാൽ, ഗ്രാമപ്രദേശങ്ങളിൽ സംരംഭകത്വവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെൻ്റ് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത്തരം പ്രധാന സംരംഭങ്ങളിലൊന്നാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭകത്വ പരിപാടി (എസ്.വി.ഇ.പി.).

2016-ൽ ആരംഭിച്ച എസ്.വി.ഇ.പി., ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ(ഡി.എ.വൈ.-എൻ.ആർ.എൽ.എം.)ത്തിൻ്റെ ഒരു ഉപ പദ്ധതിയാണ്. കാർഷികേതര മേഖലയിൽ ചെറുകിട സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സ്വയം സഹായ സംഘങ്ങളെയും (എസ്.എച്ച്.ജി.) അവരുടെ കുടുംബാംഗങ്ങളെയും ഈ പരിപാടി പിന്തുണയ്ക്കുന്നു. ഇത് സാമ്പത്തിക സഹായം, സ്ഥാപനപരമായ പിന്തുണ, ബിസിനസ് കൈകാര്യത്തിനുള്ള പരിശീലനം, വ്യക്തിത്വ-പെരുമാറ്റ വികസനം (സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെൻ്റ് ), ബിസിനസിൻ്റെ വികസനത്തിനുള്ള സേവനങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു. ഇത് ഗ്രാമീണമേഖലകളിൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളെയും സ്വയം തൊഴിൽ അവസരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
ബാങ്കിങ് സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കൽ ലഭ്യമാക്കുന്നതിനും ഗവണ്‍മെൻ്റ് പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും എസ്.വി.ഇ.പി. സൗകര്യമൊരുക്കുന്നു. ദീർഘകാല സാമ്പത്തിക വളർച്ചയും വിശാലമായ സാമൂഹിക നേട്ടങ്ങളും കൈവരിക്കുന്നതിലാണിത് തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശികമായി സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള സാമൂഹികാധിഷ്ഠിത തീരുമാനമെടുക്കലാണ് എസ്.വി.ഇ.പി.യുടെ ഒരു മുഖ്യ സവിശേഷത.
ദീനദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം
ലോകത്തിലെ ഏറ്റവും വലിയ ഉപജീവന സംരംഭങ്ങളിലൊന്നാണ് ദീനദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (ഡി.എ.വൈ.-എൻ.ആർ.എൽ.എം.). ഇത് ഗ്രാമീണ ദരിദ്ര കുടുംബങ്ങളെ, പ്രധാനമായും സ്ത്രീകളെ സ്വയം സഹായ സംഘങ്ങളി(എസ്.എച്ച്.ജി.)ലേക്ക് അണിനിരത്തുന്നു. അവർക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം, സാമ്പത്തിക സേവനങ്ങളിലേക്കുള്ള അഭിഗമ്യത, നൈപുണ്യ വികസനം എന്നിവ നൽകുന്നതിലാണിത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 ജൂൺ പകുതിയോടെ, 10.29 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾ ഡി.എ.വൈ.-എൻ.ആർ.എൽ..എമ്മിന് കീഴിൽ സ്വയം സഹായ സംഘങ്ങളിലേക്ക് സംഘടിപ്പിക്കപ്പെട്ടു.
ഇന്ത്യയിലുടനീളം ഗ്രാമീണ സംരംഭകത്വത്തെ വിപുലീകരിക്കുക
സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ, പരിമിതമായ വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തികൾ എന്നിവരെ പിന്തുണയ്ക്കുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എസ്.വി.ഇ.പി. ഒരു സമഗ്ര സമീപനം സ്വീകരിച്ചിരിക്കുന്നു. ആരംഭകാലം മുതൽ 2026 ജൂൺ 15 വരെ, ഈ പരിപാടി 4.32 ലക്ഷത്തിലധികം ഗ്രാമീണ സംരംഭങ്ങളെ പിന്തുണച്ചിട്ടുണ്ട്. അസം, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പരിപാടിയുടെ കീഴിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾക്ക് പിന്തുണ ലഭ്യമായത്.

സ്വയം സഹായ സംഘ അംഗത്തിൽ നിന്ന് ഗ്രാമീണ ബിസിനസ് നേതാവിലേക്ക്
മഹാരാഷ്ട്രയിലെ ജഹാൻപൂരിൽ നിന്നുള്ള ശ്രീമതി ഭാഗ്യശ്രീ ലോന്ധെ 2014-ൽ ഒരു സ്വയം സഹായ സംഘത്തിൽ ചേർന്നുകൊണ്ടാണ് തൻ്റെ പ്രയാണം ആരംഭിച്ചത്. സ്വയം സഹായ സംഘത്തിലും ഗ്രാമീണ സംഘടനാ (വി.ഒ.) പ്രവർത്തനങ്ങളിലും പങ്കെടുത്തത് അവരുടെ നേതൃത്വപരവും ബിസിനസ്സ് പരവുമായ കഴിവുകളെ ശാക്തീകരിച്ചു. മസാല, പപ്പടം, അച്ചാറുകൾ എന്നിവ ചെറിയ അളവിൽ ഉത്പാദിപ്പിച്ചുകൊണ്ടാണ് അവർ തൻ്റെ സംരംഭക യാത്ര ആരംഭിച്ചത്. എസ്.വി.ഇ.പി. പ്രകാരം സാമൂഹിക സംരംഭ നിധി (കമ്മ്യൂണിറ്റി എൻ്റർപ്രൈസ് ഫണ്ട്)യിൽ നിന്ന് ലഭിച്ച 45,000 രൂപയുടെ വായ്പ, പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഉത്പാദനം വിപുലമാക്കാൻ അവരെ പ്രാപ്തരാക്കി. അവരുടെ സംരംഭക ശ്രമങ്ങൾക്ക് 2019-20 ലെ മഹാലക്ഷ്മി സരസിൽ അംഗീകാരം ലഭ്യമായി. അവിടെ പത്ത് ദിവസത്തിനുള്ളിൽ അവർക്ക് 5 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്.
പഠിക്കാനും വളരാനുമുള്ള അവളുടെ അഭിലാഷങ്ങൾ അവളുടെ ബിസിനസ്സ് പരിജ്ഞാനവും കഴിവുകളും ഉയർത്താൻ അവളെ പ്രാപ്തയാക്കി. തൻ്റെ സംരംഭം കൈകാര്യം ചെയ്യുന്നതിനിടയിൽ തന്നെ ഒരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലൂടെ അവൾ പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. എൻ.ആർ.എൽ.എം., കൃഷി വിജ്ഞാന കേന്ദ്രം എന്നിവയ്ക്ക് കീഴിലുള്ള പരിശീലനം അവളുടെ ബിസിനസ്സ് സാക്ഷരതയും സാങ്കേതിക കാര്യക്ഷമതകളും വർദ്ധിപ്പിച്ചു. തൽഫലമായി, അവരുടെ സംരംഭം ദിവസേന വലിയ അളവിൽ ഉൽപാദനം നടത്താനും, സ്ഥിര വരുമാനം ഉണ്ടാക്കാനും, ഗ്രാമീണ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. സംരംഭകത്വം, തുടർച്ചയായ പഠനം, സ്ഥാപനപരമായ പിന്തുണ എന്നിവ ലക്ഷ്യബോധമുള്ള സ്ത്രീകളെ വിജയകരമായ ബിസിനസ്സ് നേതാക്കളാക്കി മാറ്റുന്നതെങ്ങനെയെന്ന് അവരുടെ ജീവിതയാത്ര കാണിച്ചുതരുന്നു.
എസ്.വി.ഇ.പി.യുടെ തുടർച്ചയായ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, 2026 ഫെബ്രുവരി വരെ കേന്ദ്ര ഗവണ്‍മെൻ്റ് 942.09 കോടി രൂപയുടെ സഞ്ചിത കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. പരിപാടിയ്ക്ക് തുടക്കമിട്ട 2016-നും 2018 ജനുവരിക്കും ഇടയിൽ അനുവദിച്ച 112.39 കോടി രൂപയേക്കാൾ ഏകദേശം 738 ശതമാനം കൂടുതലാണിത്.

ഗ്രാമീണ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള മാർഗരേഖ
സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ (എസ്.ആർ.എൽ.എം.) വഴിയാണ് എസ്.വി.ഇ.പി. നടപ്പിലാക്കുന്നത്. ഓരോ ബ്ലോക്കിനും 6.50 കോടി രൂപ വീതവും ഓരോ സംരംഭത്തിനും 27,083 രൂപയുടെ ശരാശരി നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു.

ബ്ലോക്ക് തലത്തിൽ, ബ്ലോക്ക്തല വിഭവ -സംരംഭ പ്രോത്സാഹന കേന്ദ്ര(ബി.ആർ.സി.-ഇ.പി.) ങ്ങളാണ് ആണ് പരിപാടിയുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നത്. പരിശീലനം ലഭിച്ച, സംരംഭകത്വ വികസനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക വിഭവ വ്യക്തികൾ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺസ്-എൻ്റർപ്രൈസ് പ്രമോഷൻ/സി.ആർ.പി.-ഇ.പി.) ആണ് സംരംഭ പ്രോത്സാഹനത്തിന് ബ്ലോക്ക് വിഭവ കേന്ദ്ര (ബി.ആർ.സി.)ങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നത്. അർഹതയുള്ള സംരംഭകർക്ക് ബാങ്കുകൾ സാമ്പത്തിക സഹായം നൽകുന്നു. സ്വയം സഹായ സംഘങ്ങളും അവരുടെ ഫെഡറേഷനുകളും സാധ്യതയുള്ള സംരംഭകരെ കണ്ടെത്താൻ സഹായിക്കുന്നു.
സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവയ്ക്ക് കൈതാങ്ങേകി മാർഗനിർദേശം നൽകുന്നതിനും സാമൂഹിക സ്ഥാപനങ്ങൾ സഹായിക്കുന്നു. സാമൂഹിക സംരംഭ നിധി (സി.ഇ.എഫ്.) വഴിയാണ് അവർ വായ്പകൾ കൈകാര്യം ചെയ്യുന്നത്. സാമൂഹിക സ്ഥാപനങ്ങൾ സംരംഭങ്ങളുടെ പ്രകടനവും വളർച്ചയും പതിവായി നിരീക്ഷിക്കുന്നു. ബിസിനസ് ആസൂത്രണം, വായ്പാ വിലയിരുത്തൽ, സംരംഭ നിരീക്ഷണം എന്നിവയെ ഡിജിറ്റൽ ഉപാധികൾ പിന്തുണയ്ക്കുന്നു. ഈ സംയോജിത സംവിധാനം ഫലപ്രദമായ നിർവഹണവും സംരംഭ വികസനവും ഉറപ്പാക്കുന്നു.
പരിശോധന, പരിശീലനം, സാക്ഷ്യപ്പെടുത്തൽ എന്നിവയിലൂടെ എസ്.ആർ.എൽ.എമ്മുകളും പദ്ധതി നിർവഹണ ഏജൻസികളും സംയുക്തമായാണ് സി.ആർ.പി.-ഇ.പി.കളെ തിരഞ്ഞെടുക്കുന്നത്. അടിസ്ഥാന ബിസിനസ്, ഗണിത വൈദഗ്ധ്യമുള്ള തദ്ദേശവാസികൾക്ക് മുൻഗണന നൽകുന്നു. സി.ആർ.പി.-ഇ.പി.കളിൽ കുറഞ്ഞത് 90 ശതമാനം പേരെങ്കിലും സ്വയം സഹായ സംഘ കുടുംബങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്, ഈ കേഡറിൽ കുറഞ്ഞത് 60 ശതമാനവും സ്ത്രീകളാണ്. ഓരോ സി.ആർ.പി.-ഇ.പി.യും 50 സംരംഭങ്ങൾക്ക് വരെ മാർഗനിർദേശം, പരിശീലനം, വായ്പാ സൗകര്യ പിന്തുണ എന്നിവ നൽകുന്നു.
എസ്.എച്ച്.ജി. അംഗത്തിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സി.ആർ.പി.-ഇ..പി.യിലേക്ക്
ഉത്തർപ്രദേശിൽ നിന്നുള്ള ശ്രീമതി പൂനം സാമൂഹികവും സാമ്പത്തികവുമായ പ്രതിബന്ധങ്ങളെ മറികടന്ന് വിജയകരമായ സി.ആർ.പി.-ഇ.പി. (സംരംഭകത്വ വികസനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക വിഭവ വ്യക്തി)യായി. ഒരു സ്വയം സഹായ സംഘത്തിൽ ചേർന്നതിനുശേഷം, അവർ എസ്.വി.ഇ.പി.യിലേക്ക് ചേർക്കപ്പെടുകയും 54 ദിവസത്തെ സി.ആർ.പി.-ഇ.പി. പരിശീലന പരിപാടി പൂർത്തിയാക്കുകയും ചെയ്തു. സംരംഭ പ്രാത്സാഹനത്തിലും ഉപജീവനമാർഗ വികസനത്തിലും നൈപുണ്യം നേടാൻ പരിശീലനം അവരെ പ്രാപ്തയാക്കി. പരിശീലനം പൂർത്തിയാക്കിയ ശേഷം, ബിസിനസ് ആസൂത്രണം, വായ്പാ ലഭ്യത സുഗമമാക്കൽ, വിപണി ബന്ധങ്ങൾ സ്ഥാപിക്കൽ, തുടർച്ചയായ മാർഗനിർദേശമേകൽ എന്നിവയിൽ സഹായമേകിക്കൊണ്ട് അവർ ഏകദേശം 40 സംരംഭങ്ങളെ പിന്തുണയ്ക്കാൻ തുടങ്ങി. തൻ്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പൂനം എസ്.വി.ഇ.പി.യോട് കടപ്പെട്ടിരിക്കുകയും, ബിസിനസുകൾ ആരംഭിക്കാനും വളർത്താനും മറ്റുള്ളവരെ സഹായിക്കുന്നതിനായി അത് അവൾക്ക് നൽകിയ അവസരത്തെ വിലമതിക്കുകയും ചെയ്യുന്നു. സാമൂഹികാധിഷ്ഠിത സ്ഥാപനങ്ങളും സംരംഭകത്വ പിന്തുണയും എങ്ങനെ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്നത് അവളുടെ ജീവിതയാത്ര പ്രതിഫലിപ്പിക്കുന്നു.
ആവശ്യകത, ദാരിദ്ര്യ നില, സംരംഭക സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക സ്ഥാപനങ്ങൾ സംരംഭകരെ തിരിച്ചറിയുന്നത്. സംരംഭ പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷം ഗുണഭോക്താക്കൾക്ക് പരിശീലനം, മാർഗനിർദേശം, സാമ്പത്തിക സഹായം എന്നിവ ലഭിക്കും. സാമൂഹിക അധിഷ്ഠിത സംഘടനകളാണ് അന്തിമ വായ്പാ അംഗീകാരം നൽകുന്നത്. വികലാംഗരുടെയും പട്ടികജാതി/പട്ടികവർഗ/ന്യൂനപക്ഷ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം, ഗുണഭോക്താക്കളിൽ കുറഞ്ഞത് 60 ശതമാനം സ്ത്രീകളായിരിക്കണമെന്ന് പരിപാടി അനുശാസിക്കുന്നു.
ത്രൈമാസ അവലോകനങ്ങളിലൂടെയും ആനുകാലിക വിലയിരുത്തലുകളിലൂടെയും സംസ്ഥാന, കേന്ദ്ര തലങ്ങളിൽ എസ്.വി.ഇ.പി. അവലോകനം ചെയ്യപ്പെടുന്നു. കൂടാതെ, സംരംഭ പ്രകടനം, ഫണ്ട് വിനിയോഗം, പരിപാടിയുടെ പുരോഗതി എന്നിവ നിരീക്ഷിക്കുന്നതിനായി ഒരു കേന്ദ്രീകൃത എം.ഐ.എസ്. സംവിധാനവുമുണ്ട്.
ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളിലും സംരംഭകത്വത്തിലും എസ്.വി.ഇ.പി.യുടെ സ്വാധീനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ഇന്ത്യൻ ഗുണനിലവാര സമിതി (ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ/ക്യു.സി.ഐ.) എസ്.വി.ഇ.പി.യുടെ ഒരു ഇടക്കാല വിലയിരുത്തൽ നടത്തി. ഇതിൻ്റെ ഭാഗമായുള്ള പ്രധാന ഫീൽഡ് പരിശോധനകൾ 2019-ലാണ് നടന്നത്. ഗ്രാമീണ സംരംഭങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, സാമൂഹിക ഉൾപ്പെടുത്തൽ എന്നിവയിൽ പരിപാടിയുടെ സ്വാധീനം അവലോകനം വിലയിരുത്തി.
വരുമാന സൃഷ്ടി, സംരംഭ വികസനം, ദുർബല സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയിൽ അനുകൂലമായ ഫലങ്ങൾ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു:
* എസ്.വി.ഇ.പി. പിന്തുണയുള്ള സംരംഭങ്ങളിൽ 99 ശതമാനവും ലാഭകരമായിരുന്നു.
* മൊത്തം കുടുംബ വരുമാനത്തിൻ്റെ 57 ശതമാനം സംഭാവന ചെയ്തത് എസ്.വി.ഇ.പി. സംരംഭങ്ങളാണ്.
* സംരംഭത്തിൻ്റെ ശരാശരി പ്രതിമാസ വരുമാനം ഏകദേശം 39,000 രൂപ ആയിരുന്നു.
* ഉത്പാദന സംരംഭങ്ങൾ ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വരുമാനമായ 47,800 രൂപ രേഖപ്പെടുത്തി.
* 96 ശതമാനം സംരംഭകരും സമ്പാദ്യം വർദ്ധിച്ചതായി രേഖപ്പെടുത്തി.
* 75 ശതമാനം സംരംഭങ്ങളും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ അവർ കൈകാര്യം ചെയ്യുന്നതോ ആയിരുന്നു.
സംരംഭകർക്ക് അവരുടെ പ്രാരംഭ അഭിലാഷങ്ങളെക്കാൾ വരുമാനം നേടാൻ എസ്.വി.ഇ.പി. സഹായിച്ചു. മെച്ചപ്പെട്ട ധനസഹായ ലഭ്യത സംരംഭകരെ അവരുടെ സംരംഭങ്ങൾ തുടങ്ങാനും വളർത്താനും സഹായിച്ചു. തുടർച്ചയായ മാർഗ്ഗനിർദ്ദേശം സംരംഭങ്ങളുടെ കൈകാര്യത്തെയും സുസ്ഥിരതയെയും ശക്തിപ്പെടുത്തി.
മാത്രമല്ല, എസ്.വി.ഇ.പി. സ്ത്രീകളെയും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെയും ഒന്നാം തലമുറ സംരംഭകരാകാൻ പ്രോത്സാഹിപ്പിച്ചു. ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട ആത്മവിശ്വാസവും ഉപജീവനമാർഗ സുരക്ഷിതത്വും രേഖപ്പെടുത്തപ്പെട്ടു. പല കുടുംബങ്ങൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം, ശുചിത്വസംവിധാനങ്ങൾ എന്നിവയിൽ നിന്ന് മികച്ച പരിണതഫലങ്ങൾ ലഭ്യമായി. സംരംഭകർ ശക്തമായ ബിസിനസ് കൈകാര്യശേഷിയും സാമ്പത്തികപരമായ വൈദഗ്ധ്യവും നേടി. വർധിച്ച സമ്പാദ്യവും പുനർനിക്ഷേപവും ദീർഘകാല സംരംഭ വളർച്ചയെ പിന്തുണച്ചു. ഈ പരിപാടി ഗുണഭോക്താക്കൾക്ക് അവരുടെ സമൂഹത്തിലുള്ള സാമൂഹിക നില ഉയർത്താനും സഹായകരമായി.
ക്ഷേമത്തിൽ നിന്ന് സംരംഭാധിഷ്ഠിത വികസനത്തിലേക്ക്
ശക്തമായ സാമൂഹിക സ്ഥാപനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ, ഗ്രാമീണ സംരംഭകത്വം എല്ലാവരെയും ഉൾച്ചേർക്കുന്ന സാമ്പത്തിക വളർച്ചയുടെ ശക്തമായ ചാലകശക്തിയായി പ്രവർത്തിക്കാനാവുമെന്ന് എസ്.വി.ഇ.പി. തെളിയിച്ചു. സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ സമൂഹങ്ങൾ, ഒന്നാം തലമുറ സംരംഭകർ എന്നിവരെ ശാക്തീകരിക്കുന്നതിലൂടെ, ഈ പരിപാടി പ്രാദേശിക അഭിലാഷങ്ങളെ സുസ്ഥിര സംരംഭങ്ങളാക്കി പരിവർത്തനം ചെയ്തു. ഇത് കൂടുതൽ ഉയർന്ന വരുമാനം, വർധിച്ച സമ്പാദ്യം, മെച്ചപ്പെട്ട കുടുംബക്ഷേമം എന്നിവയിലേക്ക് നയിക്കുന്നു. ഏറ്റവും പ്രധാനമായി, എല്ലാ ഗ്രാമങ്ങളിലും സംരംഭക കഴിവുകളുണ്ടെന്നും, ശരിയായ ആവാസവ്യവസ്ഥ ലഭ്യമാക്കിയാൽ അവയ്ക്ക് അഭിവൃദ്ധി പ്രാപിക്കാനാവുമെന്നും ഇത് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യ ഒരു ആഗോള സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറുന്നതിലേക്ക് മുന്നേറുമ്പോൾ, എസ്.വി.ഇ.പി. പോലുള്ള പരിപാടികൾ ഊർജ്ജസ്വലമായ ഒരു ഗ്രാമീണ സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകുകയാണ്. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഇത് സ്വയംപര്യാപ്തവും വികസിതവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിന് സംഭാവന നൽകുന്നു.
അവലംബം
Click to See PDF
***
(Explainer ID: 159328)
आगंतुक पटल : 8
Provide suggestions / comments