Posted On:
18 JUL 2026 10:12AM
ഇന്ത്യാഗവണ്മെന്റിന്റെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ ബഹിരാകാശമേഖല ചരിത്രപരമായ പരിവർത്തനത്തിന് സാക്ഷ്യംവഹിക്കുകയാണ്. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിക്കാൻ സ്കൈറൂട്ട് എയ്റോസ്‌പേസ് ഒരുങ്ങുമ്പോൾ, രാജ്യത്തു വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥ ഈ പരിഷ്കാരങ്ങളുടെ സ്വാധീനം തെളിയിക്കുന്നു. ഇന്ത്യൻ ബഹിരാകാശനയം 2023 ബഹിരാകാശ മൂല്യശൃംഖലയെ മുഴുവനായി സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുനൽകി. ഇതു ബഹിരാകാശ ആവാസവ്യവസ്ഥയിലുടനീളം നവീകരണത്തിനും നിക്ഷേപത്തിനും സംരംഭങ്ങൾക്കും വഴിയൊരുക്കി. ഇന്ത്യൻ വ്യവസായ മേഖല ഇപ്പോൾ ഉപഗ്രഹ നിർമാണം, വിക്ഷേപണ സേവനങ്ങൾ, ബഹിരാകാശ ആപ്ലിക്കേഷനുകൾ, ഡൗൺസ്ട്രീം സേവനങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നു.
ഈ പരിഷ്കാരങ്ങളുടെ സ്വാധീനം ഇതിനകം കണക്കുകളിൽ ദൃശ്യമാണ്. ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ 2014-ൽ വെറും ഒരു സ്റ്റാർട്ടപ്പിൽനിന്ന് 2026-ൽ 400-ലധികമായി വളർന്നു. ഇത് ബഹിരാകാശ മേഖലയിലുടനീളമുള്ള സ്വകാര്യ പങ്കാളിത്തത്തിന്റെയും നൂതനാശയ ഉപജ്ഞാതാക്കളുടെയും ദ്രുതഗതിയിലുള്ള വ്യാപനത്തെയാണു പ്രതിഫലിപ്പിക്കുന്നത്.
ഗവണ്മെന്റ് പരിഷ്കാരങ്ങൾ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കു ഗതിവേഗം പകരുന്നുണ്ട്. ഇന്ന് ഏകദേശം 8.4 ശതകോടി അമേരിക്കൻ ഡോളർ മൂല്യമുള്ള ഈ മേഖല, 2030-ഓടെ അഞ്ചിരട്ടി വർധിച്ച് 40-45 ശതകോടി അമേരിക്കൻ ഡോളറായി വളരുമെന്നാണു കണക്കാക്കുന്നത്. 2040-ഓടെ ഇത് 100 ശതകോടി അമേരിക്കൻ ഡോളറിലെത്തിക്കാനും ലക്ഷ്യമിടുന്നു. ഗവണ്മെന്റിന്റെ നിരന്തരമായ പിന്തുണയും അനുകൂലമായ നിയന്ത്രണങ്ങളും കരുത്തുറ്റ പൊതു-സ്വകാര്യ പങ്കാളിത്തവും ഈ വളർച്ചയെ നയിക്കുന്നതു തുടരുകയാണ്. ഇതു ബഹിരാകാശ സാങ്കേതികവിദ്യ, നിർമാണം, നവീകരണം, വാണിജ്യ ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ആഗോളകേന്ദ്രമായി ഇന്ത്യയെ മാറ്റുന്നു.
ഇന്ത്യയുടെ ബഹിരാകാശ ഭാവി കെട്ടിപ്പടുക്കലിനെക്കുറിച്ചു കൂടുതൽ വായിക്കാം: INDIA'S SPACE ODYSSEY
ആഗമൻ ദൗത്യം: വിക്രം-1
· സ്കൈറൂട്ട് എയ്റോസ്‌പേസ് വികസിപ്പിച്ചെടുത്ത വിക്രം-1, താഴ്ന്ന ഭൂഭ്രമണപഥത്തിൽ (LEO) 350 കിലോഗ്രാം ഭാരം എത്തിക്കാൻ ശേഷിയുള്ള, സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ ഭ്രമണപഥ വിക്ഷേപണ വാഹനമാണ്. ഓർബിറ്റൽ ലോഞ്ച് വെഹിക്കിളുകൾ ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭൂഭ്രമണപഥത്തിൽ വിന്യസിക്കുകയും വാർത്താവിനിമയം, നാവിഗേഷൻ, ഭൗമനിരീക്ഷണം, ശാസ്ത്രഗവേഷണം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
· പൂർണ്ണമായും കാർബൺ കോമ്പോസിറ്റ് ഘടന, വിശ്വസനീയമായ ഖര-ഇന്ധന ബൂസ്റ്ററുകൾ, 3D-പ്രിന്റഡ് ലിക്വിഡ് എഞ്ചിൻ എന്നിവ ഉപയോഗിച്ച് നിർമിച്ച വിക്രം-1, ഇന്ത്യയുടെ വളർന്നുവരുന്ന സ്വകാര്യ മേഖലയിലെ വിക്ഷേപണ ശേഷിയെയാണ് കാണിക്കുന്നത്.
· ‘ആഗമൻ ദൗത്യ’ത്തിനു (Mission Aagaman) കീഴിൽ 2026 ജൂലൈ 12-നും ഓഗസ്റ്റ് 4-നും ഇടയിലാണ് വിക്രം-1 വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. വിജയകരമായ ദൗത്യം രാജ്യത്തിന്റെ തദ്ദേശീയ വാണിജ്യ വിക്ഷേപണ ശേഷിയെയും ഇന്ത്യാഗവണ്മെന്റിന്റെ ബഹിരാകാശമേഖലയിലെ പരിഷ്കാരങ്ങളുടെ വിജയത്തെയും സാക്ഷ്യപ്പെടുത്തും.
· ഈ ദൗത്യം 450 കിലോമീറ്റർ (280 മൈൽ) ഉയരത്തിലുള്ള താഴ്ന്ന ഭൂഭ്രമണപഥത്തിൽ വിവിധ ഉപഭോക്തൃ വിക്ഷേപണഭാരങ്ങൾ (Payloads) വിന്യസിക്കും. സ്കൈറൂട്ടിന്റെ സ്‌കോപ്പ് (SCOPE) ഉപഗ്രഹം, ഡിക്യൂബ്ഡിന്റെ (DCUBED) സാങ്കേതികവിദ്യ പ്രദർശന പേലോഡ്, ഗ്രഹ സ്പേസിന്റെ (Grahaa Space) സൊളാരിസ് എസ്3 (SOLARAS S3) ഉപഗ്രഹം, ഭ്രമണപഥത്തിലെ അവശിഷ്ടങ്ങൾ പിടിച്ചെടുക്കാൻ രൂപകൽപ്പന ചെയ്ത കോസ്മോസെർവ് സ്പേസിന്റെ (Cosmoserve Space) എംബ്രേസ് (Embrace) എന്ന റോബോട്ടിക് കൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
· ഈ കന്നിപ്പറക്കലിൽ പ്രതീകാത്മകമായ രണ്ടു വിക്ഷേപണഭാരങ്ങൾ കൂടി ഉണ്ടാകും: പൂവിന്റെ ആകൃതിയിലുള്ള കലാസൃഷ്ടിയായ “കോസ്മിക് ബ്ലൂം”, 18 കാരറ്റ് സ്വർണം കൊണ്ടുള്ള മൈക്രോ റോക്കറ്റ് എന്നിവയാണവ. ഈ മൈക്രോ റോക്കറ്റിൽ സി വി രാമൻ, വിക്രം സാരാഭായ്, എ പി ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മശിൽപ്പങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയോരോന്നിനും അരിമണിയേക്കാൾ വലിപ്പം കുറവാണ്. മുൻഗാാമികളായ ഇന്ത്യൻ ശാസ്ത്രജ്ഞർക്കുള്ള ആദരമായാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രധാന പരിഷ്കാരങ്ങൾ
സ്വകാര്യ മേഖലയുടെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനും നവീകരണത്തിനായുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിനുമായി ഇന്ത്യാഗവണ്മെന്റ് ബഹിരാകാശ മേഖലയിൽ സുപ്രധാന പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഇന്ത്യൻ ബഹിരാകാശ നയം 2023
ബഹിരാകാശ മൂല്യശൃംഖലയിലുടനീളം പങ്കാളികളാകാൻ ഗവണ്മെന്റ് ഇതര സ്ഥാപനങ്ങൾക്ക് (NGEs) അനുമതി നൽകി, ഗവണ്മെന്റ് ‘ഇന്ത്യൻ ബഹിരാകാശ നയം 2023’ വിജ്ഞാപനംചെയ്തു. ഈ നീക്കം ഇന്ത്യയിലെ ബഹിരാകാശ അനുബന്ധ പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളികൾക്കു വഴിയൊരുക്കി. ഈ മേഖലയിലെ പുതിയ ആശയങ്ങളെയും പുരോഗതികളെയും പ്രോത്സാഹിപ്പിച്ച്, സാങ്കേതികവിദ്യയിലെ നവീകരണത്തിന് ഊർജം പകരാൻ ഈ നയം ലക്ഷ്യമിടുന്നു. ഇതിനൊപ്പം, സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണത്തെ പിന്തുണയ്ക്കുന്ന പങ്കാളിത്തം വളർത്തിയെടുക്കുന്നതിലൂടെ അന്താരാഷ്ട്ര സഹകരണത്തെയും ഈ നയം പ്രോത്സാഹിപ്പിക്കുന്നു. ഈ നടപടികൾ, ഇന്ത്യയിൽ കൂടുതൽ തുറന്നതും ഉൾക്കൊള്ളുന്നതുമായ ബഹിരാകാശ ആവാസവ്യവസ്ഥയിലേക്കുള്ള സുപ്രധാനമായ മാറ്റം അടയാളപ്പെടുത്തുന്നു.
ഏകജാലക ബഹിരാകാശ നിയന്ത്രണ സംവിധാനം
ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളുടെയും ബഹിരാകാശ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്വയംഭരണ ഏകജാലക ഏജൻസിയായി ഇൻ-സ്പേസ് (IN-SPACe - ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) പ്രവർത്തിക്കുന്നു. ഇന്ത്യൻ ബഹിരാകാശ നയം 2023-ലൂടെ കൂടുതൽ ശക്തമാക്കപ്പെട്ട ഇൻ-സ്പേസ്, സുസ്ഥിരവും പ്രവചനാത്മകവുമായ നിയന്ത്രണ ചട്ടക്കൂടു നൽകുകയും വ്യവസായ മേഖലയുടെ സമഗ്രമായ പങ്കാളിത്തം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ, ISRO-യുടെ സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ, സാങ്കേതിക വൈദഗ്ധ്യം എന്നിവ ലഭ്യമാക്കാൻ സഹായിക്കുന്നതോടൊപ്പം സുതാര്യമായ മാർഗനിർദേശങ്ങളിലൂടെ അനുമതികൾ വേഗത്തിലാക്കുകയും ചെയ്യുന്നു. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്, ഇൻ-സ്പേസ് 4,500-ലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുകയും, 133 അനുമതി നൽകുകയും, 106 ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്തു.
കൂടാതെ, 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം, 2025 കലണ്ടർ വർഷത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്ക് 150 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ ഇൻ-സ്പേസ് സൗകര്യമൊരുക്കി. ഇതിൽ മുൻനിരയിലുള്ള 10 സ്റ്റാർട്ടപ്പുകൾ ഇതേ മൂല്യമുള്ള സ്ഥിരീകരിച്ച ഓർഡറുകൾ ഉറപ്പാക്കുകയും ചെയ്തു. 2026 ജൂണോടെ, ഇൻ-സ്പേസ് 118 സാങ്കേതികവിദ്യാ കൈമാറ്റ കരാറുകൾക്കു വഴിയൊരുക്കുകയും 189 സംയുക്ത പദ്ധതി നിർവഹണ പദ്ധതികൾ (JPIPs), സാങ്കേതികവിദ്യാ പങ്കാളിത്ത കരാറുകൾ (TPAs), വ്യാവസായിക പങ്കാളിത്ത കരാറുകൾ (BPAs) എന്നിവയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതു സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണത്തിനും വ്യവസായ സഹകരണത്തിനും വേഗത കൂട്ടി.

സ്വകാര്യ നിക്ഷേപങ്ങൾക്ക് ഉത്തേജനം
1. ഇൻ-സ്പേസ് സീഡ് ഫണ്ട് പദ്ധതി: ഈ പദ്ധതി ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കും പ്രാരംഭ ഘട്ട സാമ്പത്തിക സഹായം നൽകുന്നു. വിവിധ ആവശ്യങ്ങൾക്കായി നൂതന ബഹിരാകാശ സാങ്കേതികവിദ്യകളും പ്രായോഗിക ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിന് ഇത് അവരെ പിന്തുണയ്ക്കുന്നു. കൂടാതെ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന അർഹതയുള്ള അപേക്ഷകർക്ക് ഒരു കോടി രൂപ വരെ ധനസഹായമായി ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ധനസഹായത്തോടൊപ്പം, സ്റ്റാർട്ടപ്പുകളെ വളരാൻ സഹായിക്കുന്നതിന് മാർഗനിർദേശം, പരിശീലനം, നെറ്റ്‌വർക്കിങ് പിന്തുണ എന്നിവയും നൽകുന്നു. ഇതിനുപുറമേ, കാർഷിക അനുബന്ധ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതി തുക അനുവദിക്കുന്നു. ബഹിരാകാശ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള ദുരന്തനിവാരണത്തിനും നഗരവികസനത്തിനുമുള്ള പ്രതിവിധികളെയും ഇതു പിന്തുണയ്ക്കുന്നു.
2. 1,000 കോടി രൂപയുടെ വെഞ്ച്വർ കാപ്പിറ്റൽ (VC) ഫണ്ട്: ഇൻ-സ്പേസിന് കീഴിലുള്ള വിസി ഫണ്ട് ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് വേഗത കൂട്ടാൻ ലക്ഷ്യമിടുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന മികച്ച വാഗ്ദാനങ്ങളായ സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ട് പ്രാരംഭ ഘട്ട മൂലധനം നൽകുന്നു. തദ്ദേശീയ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം ഈ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുന്നു. വരുന്ന ദശകത്തിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ അഞ്ചിരട്ടിയായി വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷം മുതൽ 2029-30 സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷങ്ങളിലായാണ് ഈ ഫണ്ട് വിന്യസിക്കുക. ഈ ഫണ്ടിന് കീഴിലുള്ള വാർഷിക നിക്ഷേപം 100 കോടി രൂപയ്ക്കും 250 കോടി രൂപയ്ക്കും ഇടയിലായിരിക്കും.
3. 500 കോടി രൂപയുടെ ടെക്നോളജി അഡോപ്ഷൻ ഫണ്ട് (TAF): ഇൻ-സ്പേസ് ടെക്നോളജി അഡോപ്ഷൻ ഫണ്ട് (TAF) അവതരിപ്പിച്ചു. ഗവണ്മെന്റ് ഇതര സ്ഥാപനങ്ങൾ (NGEs) വികസിപ്പിച്ചെടുത്ത തദ്ദേശീയ ബഹിരാകാശ സാങ്കേതികവിദ്യകളുടെ വിന്യാസത്തിന് വേഗത കൂട്ടാൻ ഈ ഫണ്ട് ലക്ഷ്യമിടുന്നു. പ്രാരംഭ ഘട്ടത്തിലുള്ള സാങ്കേതികവിദ്യകളെ വിപണിക്ക് അനുയോജ്യമായ വാണിജ്യ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനെയും ഇത് പിന്തുണയ്ക്കുന്നു. ഈ പദ്ധതിവഴി സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും പദ്ധതിച്ചെലവിന്റെ 60% വരെ ധനസഹായം ലഭിക്കും. വൻകിട വ്യവസായങ്ങൾക്ക് അവരുടെ പദ്ധതിച്ചെലവിന്റെ 40% വരെ ധനസഹായം ലഭിക്കും. ഈ ധനസഹായം ഒരു പദ്ധതിക്ക് പരമാവധി 25 കോടി രൂപ എന്ന പരിധിക്ക് വിധേയമായിരിക്കും.
