Economy
ഇന്ത്യ–യുകെ CETA പ്രാബല്യത്തിൽ
ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നു
Posted On:
15 JUL 2026 4:41PM
|
ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA) ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. മെച്ചപ്പെട്ട വിപണി പ്രവേശനക്ഷമത, ലളിതമാക്കിയ വ്യാപാര നടപടിക്രമങ്ങൾ, സേവനങ്ങളിലുള്ള വിപുലമായ പ്രതിജ്ഞാബദ്ധതകൾ, വിദഗ്ധ തൊഴിൽ മേഖലയിലെ മെച്ചപ്പെട്ട ചലനാത്മകത എന്നിവയിലൂടെ വ്യാപാരവും നിക്ഷേപവും കൂടുതൽ ആഴത്തിലാക്കാൻ ഇത് ലക്ഷ്യമിടുന്നു. വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെയും കയറ്റുമതി മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും കൃഷി, മത്സ്യബന്ധനം, ഉൽപ്പാദനം, സേവനങ്ങൾ, മറ്റ് പ്രധാന മേഖലകൾ എന്നിവയിലുടനീളം പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും CETA വഴി സാധിക്കുന്നു. അതേസമയം കൃത്യമായി ക്രമീകരിച്ച വിപണി പ്രവേശനക്ഷമതയിലൂടെയും ഘട്ടം ഘട്ടമായുള്ള താരിഫ് ഉദാരവൽക്കരണത്തിലൂടെയും ഇത് ഇന്ത്യയുടെ തന്ത്രപ്രധാനവും സംവേദനക്ഷമവുമായ മേഖലകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കരാർ ഡിജിറ്റൽ വ്യാപാരം, നവീനാശയം, സുസ്ഥിര വികസനം, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. ഒന്നിലധികം മേഖലകളിലുടനീളമുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ എല്ലാവരെയും കൂടുതൽ ഉൾക്കൊള്ളുന്നതും ഭാവി ലക്ഷ്യം വെച്ചുള്ളതുമായ ഒരു സാമ്പത്തിക പങ്കാളിത്തത്തിന് ഈ കരാർ അടിത്തറയിടുന്നു.
|
ഇന്ത്യ-യുകെ CETA: ഒരു ചരിത്ര വ്യാപാര കരാർ
ഇന്ത്യയും യു.കെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA) ആധുനികവും സമഗ്രവും ചരിത്രപരവുമായ ഒരു വ്യാപാര കരാറാണ്. മെച്ചപ്പെട്ട വിപണി പ്രവേശനക്ഷമത, വ്യാപാര ഉദാരവൽക്കരണം, നികുതി ഇളവുകൾ എന്നിവയിലൂടെ ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക സംയോജനം കൂടുതൽ ആഴത്തിലാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഒരു സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ യുകെ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സേവന പ്രതിജ്ഞാബദ്ധതകളിലൊന്നിൽ നിന്ന് ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും സീറോ-ഡ്യൂട്ടി പ്രവേശനം നൽകുന്നതിലൂടെ അതായത് ആകെ വ്യാപാര മൂല്യത്തിന്റെ ഏകദേശം 100 ശതമാനവും ഉൾക്കൊള്ളുന്നതിലൂടെ CETA ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കരാർ ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുമെന്നും നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും ബിസിനസുകൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതിന്റെ സാമ്പത്തികവും വാണിജ്യപരവുമായ പ്രാധാന്യത്തിനപ്പുറം CETA രൂപകൽപ്പന ചെയ്തിരിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവി ലക്ഷ്യം വെച്ചുള്ളതുമായ ഒരു കരാറായിട്ടാണ്. വ്യാപാരത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഒരു വ്യാപാര കരാർ എന്നതിലുപരിയായി കൂടുതൽ പ്രതിരോധശേഷിയുള്ളതും നവീനാശയത്തിൽ അധിഷ്ഠിതവും ജനകേന്ദ്രീകൃതവുമായ ഒരു സാമ്പത്തിക പങ്കാളിത്തത്തിന് CETA അടിത്തറയിടുന്നു.

ഇന്ത്യ–യുകെ ഉഭയകക്ഷി വ്യാപാരം
ഇന്ത്യയും യുകെയും ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സാമ്പത്തിക പങ്കാളിത്തം പങ്കിടുന്നു. 2025-ൽ ഇന്ത്യ 3.96 ട്രില്യൺ യുഎസ് ഡോളറിന്റെ GDP രേഖപ്പെടുത്തിയപ്പോൾ യുകെ സമ്പദ്‌വ്യവസ്ഥ 3.84 ട്രില്യൺ യുഎസ് ഡോളറിലായിരുന്നു. ഇത് ആഗോള വ്യാപാരത്തിൽ ഇരു സമ്പദ്‌വ്യവസ്ഥകളുടെയും പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 2025-26-ൽ 25.12 ബില്യൺ യുഎസ് ഡോളറിലെത്തി. ഇതിൽ യുകെയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 13.44 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 11.68 ബില്യൺ യുഎസ് ഡോളറുമാണ്. ഇത് 1.76 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചത്തിന് കാരണമായി.
സേവന വ്യാപാരവും അതുപോലെ തന്നെ ശക്തമായിരുന്നു. 2024-ൽ ആകെ ഉഭയകക്ഷി സേവന വ്യാപാരം 35.44 ബില്യൺ യുഎസ് ഡോളറിലെത്തി. ഇന്ത്യ യുകെയിലേക്ക് 21.66 ബില്യൺ യുഎസ് ഡോളറിന്റെ സേവനങ്ങൾ കയറ്റുമതി ചെയ്യുകയും 13.78 ബില്യൺ യുഎസ് ഡോളറിന്റെ സേവനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇത് 7.88 ബില്യൺ യുഎസ് ഡോളറിന്റെ സേവന വ്യാപാര മിച്ചം സൃഷ്ടിച്ചു.
CETA പ്രധാന പങ്കാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു
സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഉടനീളം വിപുലമായ നേട്ടങ്ങൾ കൈവരുത്തുന്നതിനാണ് CETA രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യാപാരത്തിൽ നിന്നുള്ള നേട്ടങ്ങൾ എല്ലാവരിലേക്കും വ്യാപകമായി പങ്കിടുന്നുവെന്നും ഇത് ഉറപ്പാക്കുന്നു.
- താരിഫ് ഒഴിവാക്കുന്നതിലൂടെ യുകെ വിപണിയിലേക്ക് മെച്ചപ്പെട്ട പ്രവേശനം ലഭിക്കുന്നത് വഴി ഇന്ത്യൻ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പുതിയ കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും സാധ്യതയുണ്ട്.
- വനത്തെ ആശ്രയിച്ചുജീവിക്കുന്ന സമൂഹങ്ങളുടെ സുസ്ഥിര ഉപജീവനമാർഗ്ഗത്തിന്റെ പ്രാധാന്യത്തെ ഈ കരാർ അംഗീകരിക്കുന്നു. ഇത് ഉത്തരവാദിത്തമുള്ള വിഭവ മാനേജ്‌മെന്റിനെയും പാരിസ്ഥിതിക സഹകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു.
- ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, കരകൗശലവസ്തുക്കൾ, ഭക്ഷ്യസംസ്കരണം, ഓട്ടോ ഘടകങ്ങൾ, പ്ലാസ്റ്റിക്, ഓർഗാനിക് രാസവസ്തുക്കൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളിൽ ഉയർന്ന കയറ്റുമതിക്ക് സാധ്യതയുണ്ട്. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകും.
- എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമായ വളർച്ചയ്ക്ക് ഈ കരാർ ശക്തമായ ഊന്നൽ നൽകുന്നു. ഇത് സ്ത്രീകൾ, യുവാക്കൾ, MSME-കൾ, ബിസിനസുകൾ, പ്രൊഫഷണലുകൾ എന്നിവർക്കുള്ള അവസരങ്ങൾ വിപുലീകരിക്കുന്നു. പ്രത്യേക വ്യവസ്ഥകൾ വ്യാപാരം, നവീനാശയം, സംരംഭകത്വം എന്നിവയിൽ സ്ത്രീകളുടെയും പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളുടെയും കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിൽ അവകാശങ്ങൾ, ലിംഗസമത്വം, ന്യായമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയോടുള്ള പ്രതിജ്ഞാബദ്ധതയും ഇത് ശക്തിപ്പെടുത്തുന്നു.
- യുകെ സേവന വിപണിയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനക്ഷമത, മൊബിലിറ്റി വ്യവസ്ഥകൾ, പ്രൊഫഷണൽ യോഗ്യതകളുടെ അംഗീകാരം എന്നിവ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ അവസരങ്ങൾ വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്കും യുവ പ്രതിഭകൾക്കും പ്രയോജനം ചെയ്യും.
- ലളിതമാക്കിയ കസ്റ്റംസ് നടപടിക്രമങ്ങൾ, പേപ്പർരഹിത വ്യാപാരം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിൽ നിന്ന് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് നേട്ടമുണ്ടാകും. ഈ നടപടികൾ നിയമപരമായ ചെലവുകൾ കുറയ്ക്കുകയും വിപണി പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യുകെയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും ലഭിക്കുന്ന ഡ്യൂട്ടി രഹിത പ്രവേശനത്തിൽ നിന്നും ഇന്ത്യൻ എംഎസ്എംഇകൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ ടെക്സ്റ്റൈൽസ്, ലെതർ, ആഭരണങ്ങൾ, പാദരക്ഷകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു - ഇത് താരിഫിൽ 4 മുതൽ 16 ശതമാനം വരെ ലാഭിക്കാൻ സഹായിക്കും.
- സുഗമമാക്കിയ വ്യാപാര സൗകര്യ നടപടികൾ, ഡിജിറ്റൽ സഹകരണം, ആഗോള മൂല്യശൃംഖലകളുമായുള്ള ശക്തമായ സംയോജനം എന്നിവയിൽ നിന്ന് ബിസിനസുകൾക്ക് പ്രയോജനം ലഭിക്കുന്നു. ഇത് ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം വർധിപ്പിക്കുകയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ കരാർ ഡിജിറ്റൽ വ്യാപാര സൗകര്യങ്ങളെയും ഇലക്ട്രോണിക് സർട്ടിഫിക്കേഷനെയും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഇത് സിംഗിൾ വിൻഡോ, ഓതറൈസ്ഡ് ഇക്കണോമിക് ഓപ്പറേറ്റർ (AEO) ഫ്രെയിംവർക്കുകൾ പോലുള്ള സ്ഥാപിത സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നു.
കാഴ്ചപ്പാടിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്: ഇന്ത്യ-യുകെ CETA പ്രയാണം
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള വർഷങ്ങളായുള്ള സുസ്ഥിരമായ ഇടപെടലുകളുടെയും ചർച്ചകളുടെയും തന്ത്രപ്രധാനമായ സഹകരണത്തിന്റെയും പരിസമാപ്തിയാണ്.

വ്യാപാരത്തിനപ്പുറം: ഇന്ത്യ-യുകെ തന്ത്രപ്രധാന പങ്കാളിത്തം
വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം, തന്ത്രപ്രധാന സഹകരണം എന്നിവയിൽ കെട്ടിപ്പടുത്ത ശക്തവും ബഹുമുഖവുമായ ഒരു പങ്കാളിത്തമാണ് ഇന്ത്യയും യുകെയും പങ്കിടുന്നത്.
നിക്ഷേപ പങ്കാളിത്തം
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് യുകെ. 2024 സെപ്തംബർ വരെ 35 ബില്യൺ യുഎസ് ഡോളറിന്റെ സഞ്ചിത ഇക്വിറ്റി നിക്ഷേപം യുകെ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. യുകെയിലുള്ള ഇന്ത്യയുടെ ബാഹ്യ നിക്ഷേപം 2024 മാർച്ച് വരെ 19 ബില്യൺ യുഎസ് ഡോളറായിരുന്നു.
2025 ജൂലൈയിലെ കണക്കനുസരിച്ച്, യുകെയിൽ 971 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഒരു ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. കൂടാതെ ഇന്ത്യയിൽ 667 ബ്രിട്ടീഷ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ 5 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുന്നുമുണ്ട്.
യാത്രാ സൗകര്യവും പ്രൊഫഷണൽ കൈമാറ്റവും
ഇന്ത്യയും യുകെയും 2021 മെയ് 4-ന് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് (MMP) കരാറിൽ ഒപ്പുവെച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ വേഗത്തിലുള്ള ചലനം സുഗമമാക്കുക എന്നതാണ് ഈ കരാർ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യ-യുകെ സാമ്പത്തിക പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ്.
2022 നവംബറിൽ ജി20 ബാലി ഉച്ചകോടിയുടെ അനുബന്ധമായി ഇന്ത്യയും യുകെയും തമ്മിലുള്ള യംഗ് പ്രൊഫഷണൽ സ്കീം പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുന്നുണ്ട്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികൾക്ക് രണ്ട് വർഷത്തെ വിസ ലഭിക്കും. പരസ്പരം രാജ്യങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും ഈ പദ്ധതി അവർക്ക് അനുമതി നൽകുന്നു.
യുകെയിലെ ഇന്ത്യൻ പ്രവാസികൾ
2021-ലെ സെൻസസ് പ്രകാരം യുകെയിൽ 18.64 ലക്ഷം ആളുകൾ അടങ്ങുന്ന വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹം താമസിക്കുന്നുണ്ട്. ഇത് 2022-ൽ 68 ദശലക്ഷമായി കണക്കാക്കപ്പെട്ട യുകെയിലെ ജനസംഖ്യയുടെ 2.6 ശതമാനമാണ്. യുകെയിൽ താമസിക്കുന്ന 3,69,000 ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളെയും സെൻസസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഉയർന്ന തൊഴിൽ നിരക്കും മികച്ച പ്രൊഫഷണൽ യോഗ്യതകളുമുണ്ട്. അക്കാദമിക് രംഗം, സാഹിത്യം, കല, വൈദ്യശാസ്ത്രം, ശാസ്ത്രം, കായികം, വ്യവസായം, ബിസിനസ്സ്, രാഷ്ട്രീയം എന്നിവയിൽ അവർ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
ഗ്രാന്റ് തോൺടണിന്റെയും FICCI-യുടെയും 2022 മാർച്ചിലെ 'ഇന്ത്യ ഇൻ ദി യുകെ: ദി ഡയസ്പോറ ഇഫക്റ്റ്' എന്ന റിപ്പോർട്ട് അനുസരിച്ച് 65,000-ത്തിലധികം കമ്പനികൾ ഇന്ത്യൻ പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണ്.
വിപണി പ്രവേശനക്ഷമത വിപുലീകരിക്കുമ്പോൾ തന്നെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു
ഇന്ത്യ-യുകെ CETA വ്യാപാര ഉദാരവൽക്കരണത്തെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകൾ, ആഭ്യന്തര വ്യവസായങ്ങൾ, ദീർഘകാല വികസന മുൻഗണനകൾ എന്നിവയുടെ സംരക്ഷണവുമായി സന്തുലിതമാക്കുന്നു.
ഇന്ത്യ തങ്ങളുടെ 89.5 ശതമാനം താരിഫ് ലൈനുകളിൽ താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് യുകെയുടെ കയറ്റുമതിയുടെ 91 ശതമാനവും ഉൾക്കൊള്ളുന്നു. യുകെയുടെ കയറ്റുമതി മൂല്യത്തിന്റെ 24.5 ശതമാനത്തിന് ഉടനടി ഡ്യൂട്ടി രഹിത പ്രവേശനം ലഭിക്കും, മറ്റ് ഉൽപ്പന്നങ്ങൾക്കുള്ള ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
കൃഷി, തന്ത്രപ്രധാനമായ മറ്റ് പ്രധാന വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള സംവേദനക്ഷമമായ മേഖലകളെ ഒഴിവാക്കലുകളിലൂടെയോ ഘട്ടം ഘട്ടമായുള്ള താരിഫ് കുറയ്ക്കലുകളിലൂടെയോ സംരക്ഷിച്ചിട്ടുണ്ട്.
- കാർഷിക ഉൽപ്പന്നങ്ങളിൽ പാൽ ഉൽപന്നങ്ങൾ, ധാന്യങ്ങൾ, ചാമ/കൂവരക് എന്നിവ, പയറുവർഗ്ഗങ്ങൾ, ആപ്പിൾ, ഭക്ഷ്യ എണ്ണകൾ, ഓട്സ്, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.
- സ്വർണം, ആഭരണങ്ങൾ, ലാബിൽ നിർമ്മിച്ച വജ്രങ്ങൾ, ചില അവശ്യ എണ്ണകൾ, നിർണായക ഊർജ്ജ ഇന്ധനങ്ങൾ, സമുദ്ര കപ്പലുകൾ, ഉപയോഗിച്ച വസ്ത്രങ്ങൾ, നിർണായക പോളിമറുകൾ, അവയുടെ മോണോഫിലമെന്റുകൾ, സ്മാർട്ട്ഫോണുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളെയും CETA സംരക്ഷിക്കുന്നു.
- തന്ത്രപ്രധാനമായ ഉൽപ്പന്നങ്ങൾ വളരെ ശ്രദ്ധയോടെയാണ് പരിഗണിച്ചിട്ടുള്ളത്. 'മേയ്ക്ക് ഇൻ ഇന്ത്യ', പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി എന്നിവയ്ക്ക് കീഴിൽ ആഭ്യന്തര ശേഷി വികസിപ്പിച്ചെടുക്കുന്ന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലകളിലെ താരിഫ് ഇളവുകൾ ഘട്ടം ഘട്ടമായുള്ള താരിഫ് കുറയ്ക്കലിലൂടെ 5, 7, അല്ലെങ്കിൽ 10 വർഷങ്ങളിലായിട്ടാണ് നടപ്പിലാക്കുക.
- കൂടാതെ മദ്യപാനീയങ്ങൾക്കായി ഇന്ത്യ തങ്ങളുടെ വിപണി ഘട്ടം ഘട്ടമായും തിരഞ്ഞെടുക്കപ്പെട്ട രീതിയിലും തുറന്നുനൽകിയിട്ടുണ്ട്.
- ഓട്ടോമൊബൈലുകളുടെ കാര്യത്തിൽ കൃത്യമായി ക്രമീകരിച്ചതും ഘട്ടം ഘട്ടമായുള്ളതും വികസനോന്മുഖവുമായ ഒരു ക്വാട്ട അധിഷ്ഠിത ഉദാരവൽക്കരണ തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. അതേസമയം തന്നെ ഇത് ഇന്ത്യയുടെ വാഹന വ്യവസായത്തിലെ സംവേദനക്ഷമമായ മേഖലകളെ തുടർന്നും സംരക്ഷിക്കുന്നു.
- പ്രത്യേക മുൻഗണനാ താരിഫുകളിൽ പ്രതിവർഷം 37,000 പാസഞ്ചർ വെഹിക്കിൾ CBU (പൂർണ്ണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ) എന്ന വാർഷിക ക്വാട്ടയോടുകൂടിയ ക്വാട്ട അധിഷ്ഠിതവും ഘട്ടം ഘട്ടമായുള്ളതുമായ വിപണി തുറക്കലാണ് നൽകിയിരിക്കുന്നത്. ഇത് വിപണി പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര വ്യവസായ മുൻഗണനകളെയും സന്തുലിതമാക്കുന്നു.
- ചെറിയതും ഇടത്തരം വിഭാഗത്തിലുള്ളതുമായ ICE (ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ) വാഹനങ്ങളും താങ്ങാനാവുന്ന വിലയിലുള്ള EV-കളും (ഇലക്ട്രിക് വാഹനങ്ങൾ) ഉൾപ്പെടെയുള്ള സംവേദനക്ഷമമായ മേഖലകൾ സംരക്ഷിക്കപ്പെട്ടുതന്നെ കിടക്കുന്നു. ഇവികൾക്കുള്ള വിപണി പ്രവേശനം വളരെ ജാഗ്രതയോടെയാണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിൽ ഇളവുകൾ ആറാം വർഷം മുതൽ മാത്രമേ ആരംഭിക്കുകയുള്ളൂ, ഇത് ഇന്ത്യൻ നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പാദന ശേഷി, സാങ്കേതികവിദ്യ, മത്സരശേഷി എന്നിവ ശക്തിപ്പെടുത്താൻ സമയം നൽകുന്നു.
- വലിയ എഞ്ചിനുള്ള ICE വാഹനങ്ങൾക്ക് (3000 സിസിക്ക് മുകളിലുള്ള പെട്രോൾ/2500 സിസിക്ക് മുകളിലുള്ള ഡീസൽ) കൂടുതൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്; ഇതിൽ ക്വാട്ടയ്ക്കുള്ളിലെ താരിഫുകൾ അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായി കുറയുകയും ക്വാട്ടയ്ക്ക് പുറത്തുള്ള താരിഫുകൾ 10 വർഷത്തിനുള്ളിൽ 50 ശതമാനമായി കുറയുകയും ചെയ്യും.
ഇന്ത്യ–യുകെ CETA വഴിയുള്ള മേഖല തിരിച്ചുള്ള നേട്ടങ്ങൾ
മെച്ചപ്പെട്ട വിപണി പ്രവേശനക്ഷമത, താരിഫ് ഇളവുകൾ, മെച്ചപ്പെടുത്തിയ വ്യാപാര സൗകര്യങ്ങൾ എന്നിവയിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ ഉടനീളം വലിയ നേട്ടങ്ങൾ കൈവരുത്താൻ ഇന്ത്യ-യുകെ CETA സജ്ജമായിക്കഴിഞ്ഞു.
ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ
|
മേഖലാ അവലോകനം
|
യുകെ 28.8 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള വസ്ത്രങ്ങളും തുണിത്തരങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യയുടെ ആഗോള തുണിത്തര കയറ്റുമതി ഏകദേശം 37 ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യ യുകെയിലേക്ക് 1.79 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്. കൂടാതെ 6.1% വിപണി വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. യുകെയിലേക്ക് തുണിത്തരങ്ങൾ എത്തിക്കുന്നതിൽ നാലാമത്തെ വലിയ വിതരണക്കാരാണ് ഇന്ത്യ.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
1,143 താരിഫ് ലൈനുകളിലായി നികുതിരഹിത പ്രവേശം. ബംഗ്ലാദേശ്, പാകിസ്ഥാൻ, കംബോഡിയ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലുണ്ടായിരുന്ന നികുതിപരമായ ദോഷങ്ങൾ ഇല്ലാതാക്കൽ.
|
|
പ്രധാന ഗുണഭോക്താക്കൾ
|
റെഡിമെയ്ഡ് വസ്ത്രങ്ങൾ (RMG), ഹോം ടെക്സ്റ്റൈൽസ്, പരവതാനികൾ, കരകൗശല ഉൽപ്പന്നങ്ങൾ.
|
|
പ്രധാന ഉൽപ്പന്ന വിഭാഗങ്ങൾ
|
സ്ത്രീകളുടെ കോട്ടൺ വസ്ത്രങ്ങൾ, കോട്ടൺ ഷർട്ടുകൾ/ബ്ലൗസുകൾ, ടെറി കോട്ടൺ ടോയ്‌ലറ്റ്-കിച്ചൻ ലിനൻ, കൃത്രിമ നാരുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ, നെയ്ത കോട്ടൺ വസ്ത്രങ്ങൾ, പുരുഷന്മാരുടെ കോട്ടൺ ഫോർമൽ ഷർട്ടുകൾ, കോട്ടൺ ടി-ഷർട്ടുകളും വെസ്റ്റുകളും, മെത്തകൾ, കുഷ്യനുകൾ, ബെഡ്ഡിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഇതിലൂടെ നേട്ടമുണ്ടാക്കുന്ന ഇനങ്ങളിൽ ഉൾപ്പെടുന്നു.
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
യുകെ വിപണിയിൽ ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും മത്സരശേഷി വർധിപ്പിക്കുന്നു.
|
കാർഷിക ഉൽപ്പന്നങ്ങൾ
മേഖലാ അവലോകനം: ഇന്ത്യയുടെ കാർഷിക കയറ്റുമതി 2020–21-ൽ 41.3 ബില്യൺ യുഎസ് ഡോളറായിരുന്നത് 2022–23-ൽ 45.05 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇന്ത്യ ആഗോളതലത്തിൽ 57 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുകെയുടെ ആഗോള കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഇറക്കുമതിയുടെ മൂല്യം 90 ബില്യൺ യുഎസ് ഡോളറിലധികമാണ്; എന്നാൽ ഇതിൽ ഇന്ത്യയിൽ നിന്നുള്ള യുകെയിലേക്കുള്ള കയറ്റുമതി വെറും 1.11 ബില്യൺ യുഎസ് ഡോളർ മാത്രമാണ്. ഇത് ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയൊരു കയറ്റുമതി സാധ്യതയെയാണ് എടുത്തുകാണിക്കുന്നത്. തേയില, മാമ്പഴം, മുന്തിരി, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന മൂല്യം ലഭിക്കുന്ന ഒരു വിപണി കൂടിയാണ് യുകെ.

CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: ഈ കരാർ 1,437 താരിഫ് ലൈനുകളിലുടനീളമുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് സീറോ ഡ്യൂട്ടി വിപണി പ്രവേശനക്ഷമത നൽകുന്നു. കരാറിന് കീഴിലുള്ള ആകെ താരിഫ് ലൈനുകളുടെ 14.8 ശതമാനമാണ് ഇവ. കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട WTO കരാറിന് കീഴിലുള്ള സുരക്ഷാ നടപടികൾ പ്രയോഗിക്കാനുള്ള തങ്ങളുടെ അവകാശം വേണ്ടെന്നുവെക്കാൻ യുകെ സമ്മതിച്ചിട്ടുണ്ട്.
പ്രധാന ഗുണഭോക്താക്കൾ: ഇന്ത്യ-യുകെ CETA കരാർ ഇന്ത്യൻ കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് യുകെ വിപണിയിൽ ഉയർന്ന വില ലഭ്യമാക്കാൻ സഹായിക്കും. ജനിതക വിഭവങ്ങൾക്കായുള്ള പേറ്റന്റ് നടപടികളിൽ പരമ്പരാഗത അറിവിനെ അംഗീകരിക്കുമെന്ന പ്രതിജ്ഞാബദ്ധതയിൽ നിന്നും കർഷകർക്ക് പ്രയോജനം ലഭിക്കും. ഇതിന് പുറമെ, കാർഷിക മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഉടനീളം എല്ലാവരെയും ഉൾക്കൊള്ളുന്നതും സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമായ നവീനാശയങ്ങൾക്ക് CETA വഴിയൊരുക്കും. കൂടാതെ ഈ കരാർ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര (മുന്തിരി, ഉള്ളി), ഗുജറാത്ത് (നിലക്കടല, പരുത്തി), കേരളം (സുഗന്ധവ്യഞ്ജനങ്ങൾ), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (ഹോർട്ടികൾച്ചർ/ഉദ്യാനവിളകൾ) എന്നിവിടങ്ങളിലെ ഉൽപ്പാദകർക്ക് പ്രയോജനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
CETA-യ്ക്ക് കീഴിലുള്ള വളർച്ചാ അവസരങ്ങൾ: പ്രധാന കാർഷിക വിഭാഗങ്ങളിലുടനീളമുള്ള ഡ്യൂട്ടി രഹിത പ്രവേശനക്ഷമത അടുത്ത 3 വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മുന്തിരികൾ, സംസ്കരിച്ച ഭക്ഷ്യപദാർത്ഥങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, കേടുവരാതെ സൂക്ഷിച്ച പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, പുതിയതും തണുപ്പിച്ചു സൂക്ഷിച്ചതുമായ പച്ചക്കറികൾ, സോസുകൾ, തയ്യാറാക്കിയ സോസുകൾ എന്നിവയുടെ കയറ്റുമതി ശക്തമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ വിപണിയിലേക്ക് നിലവിൽ തന്നെ പൂജ്യം-താരിഫ് പ്രവേശനമുള്ള ജർമ്മനി, നെതർലൻഡ്‌സ് തുടങ്ങിയ പ്രമുഖ യൂറോപ്യൻ യൂണിയൻ കയറ്റുമതിക്കാർക്ക് ഒപ്പമുള്ള നിലയിലേക്ക് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളെ എത്തിക്കാനും ഇത് സഹായിക്കുന്നു.
ഭക്ഷ്യസംസ്കരണ മേഖല
|
മേഖലാ അവലോകനം
|
ആഗോളതലത്തിൽ 14.07 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. യുകെ 50.68 ബില്യൺ യുഎസ് ഡോളറിന്റെ സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 309.5 ദശലക്ഷം യുഎസ് ഡോളർ മാത്രമാണ്. ഇത് ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയ കയറ്റുമതി സാധ്യതയെയാണ് എടുത്തുകാണിക്കുന്നത്.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
കരാറിന് കീഴിലുള്ള ആകെ താരിഫ് ലൈനുകളുടെ 10.1% വരുന്ന 985 ഇനങ്ങളിലായി ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് നികുതിരഹിത വിപണി പ്രവേശം ഈ കരാർ ഉറപ്പാക്കുന്നു.
|
|
പ്രധാന ഗുണഭോക്താക്കൾ
|
സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്ന നിർമ്മാതാക്കളും കയറ്റുമതിക്കാരും
|
പ്ലാന്റേഷൻ മേഖല
മേഖലാ അവലോകനം: ഇന്ത്യയുടെ പ്ലാന്റേഷൻ ഉൽപ്പന്നങ്ങളുടെ പ്രധാനപ്പെട്ട ഒരു കയറ്റുമതി വിപണിയാണ് യുകെ. ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ 1.7 ശതമാനവും തേയില കയറ്റുമതിയുടെ 5.6 ശതമാനവും സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 2.9 ശതമാനവും യുകെയിലേക്കാണ് നടക്കുന്നത്.
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: ഈ കരാർ ഇൻസ്റ്റന്റ് കോഫിക്ക് ഡ്യൂട്ടി രഹിത വിപണി പ്രവേശനക്ഷമത നൽകുന്നു; ഇത് യുകെ വിപണിയിൽ ഇന്ത്യയുടെ മൂല്യവർധിത കാപ്പി ഉൽപ്പന്നങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്തും.
പ്രധാന ഗുണഭോക്താക്കൾ: ഈ കരാർ കയറ്റുമതിക്കാർക്കും ഉൽപ്പാദകർക്കും നിർമ്മാതാക്കൾക്കും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യൂട്ടിരഹിത പ്രവേശനം, ജർമ്മനി, സ്പെയിൻ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്റ്റന്റ് കോഫി വിതരണക്കാരുമായി കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ ഇന്ത്യൻ ബിസിനസുകളെ സഹായിക്കും.
CETA-യ്ക്ക് കീഴിലുള്ള വളർച്ചാ അവസരങ്ങൾ: ഈ കരാർ മൂല്യവർധിത കാപ്പി ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് ഇന്ത്യൻ ഇൻസ്റ്റന്റ് കോഫിയുടെ യുകെ വിപണിയിലേക്കുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തുകൽ, പാദരക്ഷാ ഉൽപ്പന്നങ്ങൾ
|
മേഖലാ അവലോകനം
|
2024-ൽ യുകെയിലേക്കുള്ള ലെതർ, പാദരക്ഷാ കയറ്റുമതി 494 ദശലക്ഷം യുഎസ് ഡോളറായിരുന്നു. സി.ഇ.ടി.എ (CETA) കരാർ യുകെയുടെ 8.9 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ലെതർ-പാദരക്ഷാ വിപണിയിലേക്ക് പ്രവേശനം നൽകുന്നു, ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ വളർച്ചാ അവസരങ്ങളാണ് ഒരുക്കുന്നത്. ആഗോളതലത്തിൽ 5.6 ബില്യൺ യുഎസ് ഡോളർ കയറ്റുമതി മൂല്യമുള്ള ഇന്ത്യക്ക്, യുകെ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും മത്സരശേഷി ശക്തമാക്കാനും ഇതിലൂടെ വഴിതുറക്കുന്നു.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
യുകെയിലേക്കുള്ള പാദരക്ഷാ കയറ്റുമതിക്ക് നികുതിരഹിത വിപണി പ്രവേശം.
|
|
പ്രധാന ഗുണഭോക്താക്കൾ
|
ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഡൽഹി എൻ.സി.ആർ എന്നീ പ്രദേശങ്ങളിലെ ലെതർ, പാദരക്ഷാ ക്ലസ്റ്ററുകൾ.
|
|
പ്രധാന ഉൽപ്പന്ന വിഭാഗങ്ങൾ
|
റബ്ബർ/പ്ലാസ്റ്റിക് സോളുകളുള്ള ലെതർ പാദരക്ഷകൾ, റബ്ബർ/പ്ലാസ്റ്റിക് സോളുകളുള്ള ലെതർ ഷൂസുകൾ, ടെക്സ്റ്റൈൽ സ്‌പോർട്‌സ്/കാഷ്വൽ പാദരക്ഷകൾ, മെറ്റൽ ടോ ക്യാപ്പുകളുള്ള സേഫ്റ്റി ഷൂസുകൾ, ഹാൻഡ് ബാഗുകൾ, പേഴ്‌സുകൾ എന്നിവയ്ക്ക് ഇതിലൂടെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
യുകെയിലേക്കുള്ള കയറ്റുമതി 900 ദശലക്ഷം യുഎസ് ഡോളർ കടക്കുമെന്നാണ് മിതമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ FTA കരാർ യുകെ വിപണിയിൽ വിയറ്റ്നാം, ഇന്തോനേഷ്യ, കംബോഡിയ, തുർക്കി, ബംഗ്ലാദേശ് എന്നിവയ്‌ക്കെതിരെ ഇന്ത്യയുടെ മത്സരശേഷി വർധിപ്പിക്കുന്നു.
ഇത് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും സഹായിക്കുന്നതോടൊപ്പം ഗ്രാമീണ, അർദ്ധ-നഗര പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പിന്തുണയേകും.
|
സമുദ്രോൽപ്പന്നങ്ങൾ
മേഖലാ അവലോകനം: യുകെ പ്രതിവർഷം 4.9 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സമുദ്രോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്, എന്നാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വെറും 126 ദശലക്ഷം യുഎസ് ഡോളർ മാത്രമാണ്; ഇത് ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയൊരു സാധ്യതയെയാണ് എടുത്തുകാണിക്കുന്നത്. ഇന്ത്യയുടെ ആഗോള സമുദ്രോൽപ്പന്ന കയറ്റുമതി 7.8 ബില്യൺ യുഎസ് ഡോളറായിരിക്കെ, ഡ്യൂട്ടി രഹിത പ്രവേശനത്തിന് ഇന്ത്യയുടെ സമുദ്രോൽപ്പന്ന മൂല്യശൃംഖലയിലുടനീളം പുതിയ അവസരങ്ങൾ തുറന്നുനൽകാൻ സാധിക്കും. മരവിപ്പിച്ച ഇന്ത്യൻ സമുദ്രവിഭവങ്ങളുടെ ഉയർന്ന മൂല്യമുള്ള ഒരു വിപണിയാണ് യുകെ. മത്സ്യം, ചെമ്മീൻ, കണവ എന്നിവയായിരുന്നു പ്രധാന കയറ്റുമതി ഇനങ്ങളിൽ ചിലത്. വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാന്നിധ്യവും സംസ്കരിച്ച സമുദ്രവിഭവങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവുമാണ് ഈ ആവശ്യകതയ്ക്ക് പിന്നിലുള്ള പ്രേരകശക്തി.
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: ഈ കരാർ ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് മേലുള്ള യുകെയുടെ താരിഫുകൾ ഒഴിവാക്കുന്നു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും മത്സ്യബന്ധന മൂല്യശൃംഖലയിലുടനീളം വരുമാനം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. നേരത്തെ ഇന്ത്യൻ ചെമ്മീനുകൾക്ക് മേൽ യുകെ ചുമത്തിയിരുന്ന താരിഫ് 4.2 ശതമാനം മുതൽ 8.5 ശതമാനം വരെയായിരുന്നു. താരിഫ് ഒഴിവാക്കുന്നത് കയറ്റുമതി വേഗത്തിലാക്കുമെന്നും ഉയർന്ന മൂല്യമുള്ള സംസ്കരണത്തെയും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തെയും പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രധാന ഗുണഭോക്താക്കൾ: ഈ കരാർ സമുദ്രവിഭവ കയറ്റുമതിക്കാർക്കും സമുദ്രവിഭവ സംസ്കരണ യൂണിറ്റുകൾക്കും തീരദേശ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന മേഖലയ്ക്കും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന കയറ്റുമതി ആവശ്യകത സംഭരണ വില മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാർഗ്ഗങ്ങൾ ശക്തമാക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. മറൈൻ പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (MPEDA) കണക്കനുസരിച്ച് സമുദ്രവിഭവ സംസ്കരണ പ്ലാന്റുകളിൽ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. യുകെ വിപണിയിലേക്കുള്ള മികച്ച പ്രവേശനക്ഷമത ഉൽപ്പാദന ശേഷിയുടെ പരമാവധി വിനിയോഗം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്കും ഉയർന്ന കയറ്റുമതി, തൊഴിലവസര സൃഷ്ടി, തീരദേശ സാമ്പത്തിക വികസനം എന്നിവയിലൂടെ ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ
|
മേഖലാ അവലോകനം
|
എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ ആറാമത്തെ വലിയ വിപണിയാണ് യുകെ. മുൻവർഷത്തെ അപേക്ഷിച്ച് 2024-25ൽ യുകെയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതിയിൽ 11.7% വളർച്ചയുണ്ടായി.
യുകെ 193.52 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, 4.28 ബില്യൺ യുഎസ് ഡോളർ മാത്രമാണ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഇത് കയറ്റുമതിയിലെ വലിയ വളർച്ചാ സാധ്യതയെയാണ് എടുത്തുകാണിക്കുന്നത്.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
കരാറിന് കീഴിലുള്ള ആകെ താരിഫ് ലൈനുകളുടെ 17% വരുന്ന 1,659 ഇനങ്ങളിലായി നികുതിരഹിത വിപണി പ്രവേശം.
18% വരെയുള്ള നികുതികൾ ഒഴിവാക്കുന്നു.
|
|
പ്രധാന ഗുണഭോക്താക്കൾ
|
എഞ്ചിനീയറിംഗ് ഉൽപ്പന്ന നിർമ്മാതാക്കളും കയറ്റുമതിക്കാരും; പ്രത്യേകിച്ച് ഇലക്ട്രിക്കൽ മെഷിനറി, ഓട്ടോ ഘടകങ്ങൾ, വ്യവസായ ഉപകരണങ്ങൾ, നിർമ്മാണ യന്ത്രങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നവർ.
തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ.
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
യുകെയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 2029-30 ഓടെ ഇരട്ടിയായി വർദ്ധിച്ച് 7.5 ബില്യൺ യുഎസ് ഡോളർ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 12-20% വരെ വാർഷിക വളർച്ചാ നിരക്കിൽ (CAGR) വളരുമെന്നും പ്രതീക്ഷിക്കുന്നു.
|
ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: അർഹതയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ കരാർ പൂജ്യം-ഡ്യൂട്ടി (zero-duty) വിപണി പ്രവേശനക്ഷമത നൽകുന്നു. സോഫ്റ്റ്‌വെയർ, ഐടി അധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്കായി യുകെയിൽ നിന്ന് മികച്ച വിപണി പ്രവേശന പ്രതിജ്ഞാബദ്ധതകൾ നേടിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു.
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ: ഈ കരാർ സ്മാർട്ട്ഫോണുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഇൻവെർട്ടറുകൾ എന്നിവയുടെ കയറ്റുമതി വേഗത്തിലാക്കുമെന്നും യുകെ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു. സോഫ്റ്റ്‌വെയർ, ഐടി അധിഷ്ഠിത സേവനങ്ങൾക്കായി പുതിയ വിപണികൾ തുറന്നുനൽകാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനികളിൽ നിന്നുള്ള കയറ്റുമതി പ്രതിവർഷം 15 മുതൽ 20 ശതമാനം വരെ വളരുമെന്നാണ് കണക്കാക്കുന്നത്.
ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ
|
മേഖലാ അവലോകനം
|
യുകെ ഏകദേശം 30 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി 1 ബില്യൺ യുഎസ് ഡോളറിൽ താഴെ മാത്രമാണ്.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
മൊത്തം താരിഫ് ലൈനുകളുടെ 0.6% വരുന്ന 56 ഇനങ്ങളിലായി ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് നികുതിരഹിത വിപണി പ്രവേശം.
സർജിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, ഇ.സി.ജി മെഷീനുകൾ, എക്സ്-റേ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒട്ടനവധി മെഡിക്കൽ ഉപകരണങ്ങളുടെ നികുതികൾ ഒഴിവാക്കുന്നു.
|
|
പ്രധാന ഗുണഭോക്താക്കൾ
|
ഇന്ത്യൻ മെഡ്-ടെക് കമ്പനികളും നിർമ്മാതാക്കളും
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
യുകെ വിപണിയിൽ ഇന്ത്യൻ ജനറിക് മരുന്നുകളുടെ മത്സരശേഷി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രെക്‌സിറ്റിനും കോവിഡിനും ശേഷം ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് യുകെ കുറച്ചതോടെ, മുൻഗണനയുള്ളതും ചെലവ് കുറഞ്ഞതുമായ ഒരു വിതരണക്കാരായി ഉയർന്നുവരാൻ ഇന്ത്യൻ നിർമ്മാതാക്കൾക്ക് മികച്ച അവസരമാണുള്ളത്.
|
രാസവസ്തുക്കൾ
മേഖലാ അവലോകനം: ഇന്ത്യ ആഗോളതലത്തിൽ 40 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള രാസവസ്തുക്കളും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. 35.8 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള യുകെയുടെ കെമിക്കൽ വിപണി ഇന്ത്യൻ കയറ്റുമതിക്കാർക്ക് മികച്ച വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള കയറ്റുമതി വെറും 843 ദശലക്ഷം യുഎസ് ഡോളർ മാത്രമാണ്. യുകെയിലേക്കുള്ള നിലവിലെ കെമിക്കൽ കയറ്റുമതി 570.32 ദശലക്ഷം യുഎസ് ഡോളറാണ്. ഇത് ഇന്ത്യയുടെ ആഗോള കെമിക്കൽ കയറ്റുമതിയുടെ ഏകദേശം 2 ശതമാനം മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഇത് യുകെ വിപണിയിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയൊരു സാധ്യതയെയാണ് സൂചിപ്പിക്കുന്നത്.
CETAയ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: ഈ കരാർ 1,206 താരിഫ് ലൈനുകളിലുടനീളം സീറോ ഡ്യൂട്ടി വിപണി പ്രവേശനക്ഷമത നൽകുന്നു. ഇത് കരാറിന് കീഴിലുള്ള ആകെ താരിഫ് ലൈനുകളുടെ 12.4 ശതമാനമാണ്. ഉഭയകക്ഷി വ്യാപാരത്തിൽ ഈ മേഖലയ്ക്കുള്ള പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട്, രാസവളങ്ങൾ, വ്യവസായ ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കൾ, പെട്രോകെമിക്കലുകൾ എന്നിവ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലുടനീളമുള്ള കെമിക്കൽ നിർമ്മാണ കേന്ദ്രങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
|
മേഖലാ അവലോകനം
|
യുകെയിലേക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ വിതരണ രാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യ.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
നിർമ്മാണത്തിൽ ഇന്ത്യക്ക് തെളിയിക്കപ്പെട്ട കരുത്തുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഈ കരാർ നികുതിരഹിത വിപണി പ്രവേശം നൽകുന്നു.
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
ഇറക്കുമതിച്ചെലവ് കുറയുന്നത് ഇന്ത്യൻ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കും. നികുതിരഹിത പ്രവേശം ഫിലിമുകൾ, ഷീറ്റുകൾ, പൈപ്പുകൾ, പാക്കേജിംഗ് സാമഗ്രികൾ, ടേബിൾവെയർ, കിച്ചൻവെയർ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കും; ഇത് ജർമ്മനി, ചൈന തുടങ്ങിയ പ്രധാന ആഗോള വിതരണക്കാരുമായി കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും.
|
കായിക ഉപകരണങ്ങളും കളിപ്പാട്ടങ്ങളും
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: ഈ കരാർ അർഹതയുള്ള ഉൽപ്പന്നങ്ങൾക്കുമേലുള്ള യുകെയുടെ ഇറക്കുമതി നികുതികൾ പൂർണ്ണമായും ഒഴിവാക്കുന്നു. ഇത് യുകെ, EU മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് വാങ്ങുന്നവരുടെ വിശ്വാസം ശക്തമാക്കുകയും മികച്ച ബിസിനസ്സ് സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
CETA-യ്ക്ക് കീഴിലുള്ള വളർച്ചാ അവസരങ്ങൾ: ഫുട്ബോളുകൾ, ക്രിക്കറ്റ് ഉപകരണങ്ങൾ, റഗ്ബി പന്തുകൾ, ഇലക്ട്രോണിക് ഇതര കളിപ്പാട്ടങ്ങൾ എന്നിവയുടെ കയറ്റുമതി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖല 15 ശതമാനം വളർച്ച കൈവരിക്കുമെന്നും 2030-ഓടെ കയറ്റുമതി 186.97 ദശലക്ഷം യുഎസ് ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. യുകെയുമായി സമാനമായ വ്യാപാര കരാറുകളില്ലാത്ത ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഡ്യൂട്ടി രഹിത പ്രവേശനം ഇന്ത്യയുടെ ഉൽപ്പന്നങ്ങളുടെ വിലയിലെ മത്സരശേഷി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രത്നങ്ങളും ആഭരണങ്ങളും
|
മേഖലാ അവലോകനം
|
യുകെയിലേക്കുള്ള ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതി 1.03 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ളതാണ്.
യുകെ പ്രതിവർഷം ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വളർച്ചയ്ക്കുള്ള വലിയ സാധ്യതകളാണ് ചൂണ്ടിക്കാണിക്കുന്നത്.
|
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിക്കുള്ള താരിഫ് ഇളവുകൾ
|
|
പ്രധാന ഗുണഭോക്താക്കൾ
|
നിർമ്മാതാക്കളും പരമ്പരാഗത കരകൗശല വിദഗ്ധരും
സൂറത്ത്, അഹമ്മദാബാദ്, മുംബൈ, ജയ്‌പൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, തൃശ്ശൂർ എന്നിവടങ്ങളിലെ പ്രധാന രത്ന,ആഭരണ ക്ലസ്റ്ററുകൾക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
താരിഫ് ഇളവുകൾ അടുത്ത 2-3 വർഷത്തിനുള്ളിൽ യുകെയിലേക്കുള്ള ഇന്ത്യയുടെ രത്ന-ആഭരണ കയറ്റുമതി ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതൽ കയറ്റുമതി നടക്കുന്നത് ഡിസൈൻ, ഉൽപ്പാദനം, കരകൗശല മേഖലകൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
|
ഉരുക്ക് മേഖല
2026 മാർച്ചിൽ യുകെ 188 താരിഫ് ലൈനുകളിൽ പുതിയ ഉരുക്ക് നടപടികൾ അവതരിപ്പിച്ചു. ഇത് 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഈ താരിഫ് ലൈനുകളിൽ ഇന്ത്യയുടെ കയറ്റുമതി അതിന്റെ ആകെ ഉരുക്ക് കയറ്റുമതിയുടെ (ആകെ 960 ദശലക്ഷം യുഎസ് ഡോളറിൽ) വെറും 14 ശതമാനം (~137 ദശലക്ഷം യുഎസ് ഡോളർ) മാത്രമായിരുന്നു. ഇന്ത്യൻ ഉരുക്ക് കയറ്റുമതിക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, ഈ നടപടികളുടെ ആഘാതം കുറയ്ക്കുന്നതിന് ഇരുരാജ്യങ്ങളും വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടു. ഇത് വാണിജ്യ താൽപ്പര്യങ്ങളെ സംരക്ഷിക്കുകയും വിപണിയിലെ തടസ്സങ്ങൾ കുറയ്ക്കുകയും സന്തുലിതവും സുസ്ഥിരവുമായ ഒരു വ്യാപാര അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നു.
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: വ്യാപാരത്തിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഈ ഇടപാടിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി, 3 നിർണ്ണായക ഉൽപ്പന്ന വിഭാഗങ്ങളിലുടനീളം യുകെ നികുതിരഹിത പ്രവേശനക്ഷമത വിപുലീകരിച്ചിട്ടുണ്ട്:
- വിഭാഗം 1 (അലോയ് അല്ലാത്തതും മറ്റ് അലോയ് അടങ്ങിയതുമായ ഹോട്ട്-റോൾഡ് ഷീറ്റുകളും സ്ട്രിപ്പുകളും): ഇന്ത്യയ്‌ക്കായുള്ള രാജ്യ-നിർദ്ദിഷ്ട ക്വാട്ട 12,405 ടണ്ണിൽ നിന്ന് ഏകദേശം 3 മടങ്ങ് വർധിച്ച് 33,456 ടണ്ണായി ഉയർന്നു. ഓതറൈസ്ഡ് യൂസ് സ്കീമിന് (AUS) കീഴിലുള്ള ക്വാട്ടയുടെ 40 ശതമാനം യുകെ ഇന്ത്യയ്ക്കായി മാത്രം മാറ്റിവെച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പ്രയോജനം ചെയ്യുകയും ഏകദേശം 9.45 ലക്ഷം ടണ്ണിന്റെ പ്രത്യേക വ്യാപാര അളവിലേക്ക് വഴിതുറക്കുകയും ചെയ്യുന്നു.
- വിഭാഗം 28 (അലോയ് അല്ലാത്ത കമ്പികൾ/വയറുകൾ): ഈ നടപടിയുടെ പരിധിയിൽ നിന്ന് 9 കമ്മോഡിറ്റി കോഡുകൾ ഒഴിവാക്കി, ഇത് വിപണി പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന ഇന്ത്യയുടെ കയറ്റുമതിയുടെ 95 ശതമാനവും നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമായി തുടരുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
- വിപുലീകരിച്ച അവശേഷിക്കുന്ന ക്വാട്ടകൾ: നിർണ്ണായകമായ ഉപവിഭാഗങ്ങളിൽ വിപുലമായ പ്രവേശനം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ വിഭാഗം 12B (അലോയ് അല്ലാത്ത മർച്ചന്റ് ബാറുകളും ലൈറ്റ് സെക്ഷനുകളും) അവശേഷിക്കുന്ന ക്വാട്ട 4,540 ടണ്ണായും (468 ടണ്ണിൽ നിന്ന്), വിഭാഗം 26 (മറ്റ് വെൽഡ് ചെയ്ത ട്യൂബുകൾ) അവശേഷിക്കുന്ന ക്വാട്ട 16,327 ടണ്ണായും (10,809 ടണ്ണിൽ നിന്ന്) ഉയർത്തിയത് ഉൾപ്പെടുന്നു.
CETAയ്ക്ക് കീഴിലുള്ള അവസരങ്ങൾ: പുതിയ ചട്ടക്കൂടിന് കീഴിൽ ഇന്ത്യയുടെ ആകെ രാജ്യ-നിർദ്ദിഷ്ട ക്വാട്ട ഇപ്പോൾ 1,68,029 ടണ്ണായി ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ ഓതറൈസ്ഡ് യൂസ് സ്കീമിന് (AUS) കീഴിൽ 9.45 ലക്ഷം ടണ്ണിന്റെ സവിശേഷമായ പ്രവേശനവും ലഭിക്കുന്നു.
ഇന്ത്യൻ എണ്ണക്കുരു ഉൽപ്പന്നങ്ങൾ
|
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
|
കുറഞ്ഞ താരിഫുകളും കാര്യക്ഷമമായ നടപടിക്രമങ്ങളും
|
|
പ്രധാന ഗുണഭോക്താക്കൾ
|
ഇന്ത്യൻ എണ്ണക്കുരു കയറ്റുമതിക്കാർ
|
|
CETA-യ്ക്ക് കീഴിലുള്ള അവസരങ്ങൾ
|
യുകെ വിപണി ഇന്ത്യൻ എണ്ണക്കുരു കയറ്റുമതിക്കാർക്ക് ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും വിപണിയിലെ സാന്നിധ്യം ശക്തമാക്കാനും കയറ്റുമതിയിലെ മത്സരശേഷി വർധിപ്പിക്കാനുമുള്ള മികച്ച അവസരം നൽകുന്നു.
|
സേവനങ്ങൾ: വിപണി പ്രവേശനക്ഷമതയും പ്രൊഫഷണൽ മൊബിലിറ്റിയും വിപുലീകരിക്കുന്നു
മേഖലാ അവലോകനം
ഇന്ത്യ-യുകെ സാമ്പത്തിക പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് സേവന മേഖല. യുകെയുമായി ഏകദേശം 7.9 ബില്യൺ യുഎസ് ഡോളറിന്റെ സേവന വ്യാപാര മിച്ചം ഇന്ത്യ രേഖപ്പെടുത്തുന്നു. 13.7 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സേവന കയറ്റുമതി 21.6 ബില്യൺ യുഎസ് ഡോളറാണ്.
CETA-യ്ക്ക് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ
ഇന്ത്യയുടെ കയറ്റുമതി താൽപ്പര്യങ്ങളുടെ 99 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 12 പ്രധാന സേവന മേഖലകളും 137 ഉപമേഖലകളും ഉൾപ്പടെയുള്ള വിപുലമായ വാഗ്ദാനങ്ങൾ യുകെയിൽ നിന്ന് ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ഭാഗത്തുനിന്ന് 108 ഉപമേഖലകളിലാണ് വാഗ്ദാനങ്ങൾ വിപുലീകരിച്ചിരിക്കുന്നത്.

പരസ്പര അംഗീകാരവും പ്രൊഫഷണൽ മൊബിലിറ്റിയും
കരാർ പ്രാബല്യത്തിൽ വന്ന് 12 മാസത്തിനുള്ളിൽ പ്രൊഫഷണൽ യോഗ്യതകൾക്കായി പരസ്പര അംഗീകാര കരാറുകൾ (MRA) ഒപ്പിടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. നിർദ്ദിഷ്ട MRA-കൾ നഴ്സിംഗ്, അക്കൗണ്ടൻസി, ആർക്കിടെക്ചർ എന്നിവയെ ഉൾക്കൊള്ളുന്നു. ഇത് പ്രൊഫഷണലുകൾ നേരിടുന്ന തടസ്സങ്ങൾ കുറയ്ക്കുമെന്നും മികച്ച പ്രവർത്തനരീതികളുടെ കൈമാറ്റം സുഗമമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
എണ്ണത്തിലുള്ള നിയന്ത്രണങ്ങളോ ഇക്കണോമിക് നീഡ്‌സ് ടെസ്റ്റോ (ENT) ഏർപ്പെടുത്തില്ലെന്ന് യുകെ സമ്മതിച്ചിട്ടുണ്ട്. ഇക്കണോമിക് നീഡ്‌സ് ടെസ്റ്റ് (ENT) ഒഴിവാക്കുന്നത് അനിശ്ചിതാവസ്ഥ കുറയ്ക്കുമെന്നും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സുഗമമായ യാത്രയും താൽക്കാലിക താമസവും സാധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈദഗ്ധ്യം അംഗീകരിച്ചുകൊണ്ട് കരാർ വ്യവസ്ഥയിലുള്ള സേവന ദാതാക്കൾക്കായി പ്രതിവർഷം 1,800 ഒഴിവുകൾ പ്രത്യേക ക്വാട്ടയായി മാറ്റിവെച്ചിട്ടുണ്ട്.
കൂടാതെ, ഇന്ത്യൻ പ്രൊഫഷണലുകളുടെ താൽക്കാലിക പ്രവേശനത്തിനും താമസത്തിനുമായി ഉറപ്പുള്ള ഒരു ചട്ടക്കൂട് ഈ കരാർ നൽകുന്നു.
|
വിഭാഗം
|
താമസിക്കാൻ കഴിയുന്ന കാലാവധി
|
|
ബിസിനസ്സ് സന്ദർശകർ (BV)
|
എല്ലാ മേഖലകളിലുമായി ഏതൊരു 6 മാസത്തെ കാലയളവിലും പരമാവധി 90 ദിവസങ്ങൾ.
|
|
ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികൾ (ICT)
|
പങ്കാളികളും ആശ്രിതരും ഉൾപ്പെടെ എല്ലാ മേഖലകളിലുമായി 3 വർഷം. ഗ്രാജുവേറ്റ് ട്രെയിനികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
|
നിക്ഷേപകർ
|
1 വർഷം.
|
|
കരാർ അടിസ്ഥാനമാക്കിയുള്ള സേവന ദാതാക്കൾ (CSS)
|
ഐ.ടി/ഐ.ടി.ഇ.എസ്, ബിസിനസ്സ്, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, ട്രാൻസ്പോർട്ട് എന്നിവയുൾപ്പെടെ 33 ഉപമേഖലകളിലായി ഏതൊരു 24 മാസത്തെ കാലയളവിലും പരമാവധി 12 മാസം.
|
|
സ്വതന്ത്ര പ്രൊഫഷണലുകൾ (IP)
|
ഐ.ടി/ഐ.ടി.ഇ.എസ്, ബിസിനസ്സ്, പ്രൊഫഷണൽ സേവനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഫിനാൻസ് എന്നിവയുൾപ്പെടെ 16 ഉപമേഖലകളിലായി ഏതൊരു 24 മാസത്തെ കാലയളവിലും പരമാവധി 12 മാസം.
|
ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ
മുമ്പ് യുകെയിൽ ഹ്രസ്വകാല ജോലികളിലേർപ്പെട്ടിരുന്ന ഇന്ത്യൻ പ്രൊഫഷണലുകളും അവരുടെ തൊഴിലുടമകളും ശമ്പളത്തിന്റെ ഏകദേശം 23 ശതമാനം യുകെയുടെ നാഷണൽ ഇൻഷുറൻസ് സംവിധാനത്തിലേക്ക് സംഭാവന ചെയ്യേണ്ടിവന്നിരുന്നു. ഇതിന് പകരമായി യാതൊരു ആനുകൂല്യങ്ങളും ലഭിക്കാൻ അവർക്ക് അർഹതയുണ്ടായിരുന്നില്ല.
ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ (DCC) പ്രകാരം 60 മാസം വരെയുള്ള ജോലികൾക്ക് ഈ ഇരട്ട സാമൂഹിക സുരക്ഷാ വിഹിതങ്ങൾ ഒഴിവാക്കിയിരിക്കുന്നു. ഈ കൺവെൻഷൻ 75,000-ത്തിലധികം ഇന്ത്യൻ പ്രൊഫഷണലുകൾക്കും 900-ഓളം ഇന്ത്യൻ കമ്പനികൾക്കും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിൽ ചെലവ് കുറയ്ക്കുകയും കയ്യിൽ കിട്ടുന്ന ശമ്പളം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ വകയിൽ നിലവിൽ പ്രതിവർഷം 600 ദശലക്ഷത്തിലധികം യുഎസ് ഡോളറിന്റെ സമ്പാദ്യമുണ്ടാകുമെന്നാണ് വ്യവസായ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റലായി നൽകുന്ന സേവനങ്ങളും നിക്ഷേപ അവസരങ്ങളും
ഐടി, പ്രൊഫഷണൽ കൺസൾട്ടൻസി, വിദ്യാഭ്യാസം, പരിശീലനം, ടെലികമ്മ്യൂണിക്കേഷൻസ് എന്നിവ പോലുള്ള ഡിജിറ്റലായി നൽകുന്ന സേവനങ്ങൾക്കായുള്ള വിപണി പ്രവേശനക്ഷമത ഈ കരാർ ശക്തമാക്കുന്നു. ഇത് യുകെയുമായി നിലവിൽ തന്നെ വ്യാപാര മിച്ചമുള്ള ഇന്ത്യയുടെ ഐടി, ഐടി അധിഷ്ഠിത സേവന മേഖലയ്ക്ക് ഉത്തേജനമേകുമെന്ന് പ്രതീക്ഷിക്കുന്നു.
മാനേജ്‌മെന്റ് കൺസൾട്ടൻസി, വിദ്യാഭ്യാസം, പരിസ്ഥിതി സേവനങ്ങൾ എന്നിവയിലുടനീളം യുകെയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യൻ കമ്പനികൾക്ക് ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
പ്രധാന ഗുണഭോക്താക്കൾ
- വ്യവസായികളും സ്റ്റാർട്ടപ്പ് മേഖലയും: ഈ സേവന പ്രതിജ്ഞാബദ്ധതകൾ യുകെയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന ഇന്ത്യൻ ബിസിനസുകൾക്ക് കൃത്യമായ ഉറപ്പ് നൽകുന്നു. ഈ കരാർ നിയമപരമായ തടസ്സങ്ങൾ കുറയ്ക്കുകയും പ്രത്യേകിച്ച് ഡിജിറ്റൽ സേവന മേഖലയിലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യുന്നു.
- ഐടി പ്രൊഫഷണലുകൾ: യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിജ്ഞാബദ്ധതകൾ വലിയൊരു സ്വാധീനം ചെലുത്തും. ഇത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കും. ഈ മാറ്റങ്ങൾ തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ പ്രതിഭാ വിനിമയം സാധ്യമാക്കും.
- ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (GCC): ഈ കരാർ യുകെ കമ്പനികൾക്ക് ഇന്ത്യയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയേക്കാം-അതായത് ഒരു കുറഞ്ഞ ചെലവിലുള്ള ബാക്ക്-ഓഫീസ് കേന്ദ്രം എന്നതിൽ നിന്ന് ഗവേഷണ വികസന പ്രവർത്തനങ്ങൾ (R&D), അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായുള്ള ഒരു തന്ത്രപ്രധാന പങ്കാളിയായി ഇന്ത്യയെ മാറ്റാൻ ഇതിന് സാധിക്കും. ഇത് GCC-കളുടെ വളർച്ചയെയും പിന്തുണയ്ക്കും.
- ആരോഗ്യവും വിദ്യാഭ്യാസവും: മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിനും നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ ആശുപത്രികൾക്ക് യുകെയിലെ സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും. യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ കഴിയും. അതേസമയം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് യുകെയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനും എഡ്‌ടെക് (EdTech) പോലുള്ള മേഖലകളിൽ വിപുലീകരിക്കാനും സാധിക്കും.
- ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ: ഈ സ്ഥാപനങ്ങൾക്ക് യുകെയിലേക്ക് മികച്ച പ്രവേശനം ലഭിക്കും. ഇത് യുകെയിലുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തെയും അവിടുത്തെ ബിസിനസുകളെയും സേവിക്കാനുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്തും. വിവേചനരഹിതമായ നിയമങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ന്യായമായ പരിഗണന ഉറപ്പുനൽകുന്നു. ഇലക്ട്രോണിക് പേയ്‌മെന്റുകൾ, ഫിൻടെക്, മറ്റ് ഡിജിറ്റൽ സാമ്പത്തിക പരിഹാരങ്ങൾ എന്നിവയുടെ വളർച്ചയെ പിന്തുണയ്ക്കുമെന്നും ഈ കരാർ പ്രതീക്ഷിക്കുന്നു. ഇത് മൊത്തത്തിലുള്ള വിപണി സംയോജനത്തെ ശക്തമാക്കും.
- ഗവൺമെന്റ് സംഭരണം: ഇന്ത്യൻ വിതരണക്കാർക്ക് GBP 90 ബില്യൺ (122 ബില്യൺ യുഎസ് ഡോളർ) മൂല്യമുള്ള യുകെയുടെ ഗവൺമെന്റ് സംഭരണ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നു; അതേസമയം ഇന്ത്യയുടെ 114 ബില്യൺ യുഎസ് ഡോളറിന്റെ സംഭരണ വിപണിയിലേക്ക് യുകെയ്ക്ക് പരസ്പര പ്രവേശനവും ലഭിക്കുന്നു. ഈ കരാർ ഇന്ത്യൻ വിതരണക്കാർക്ക് ന്യായമായ പരിഗണന ഉറപ്പാക്കുകയും ഐടി, നിർമ്മാണം, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്നു.
CETAയ്ക്ക് കീഴിലുള്ള അവസരങ്ങൾ
ഈ കരാർ ഐടി, ബിസിനസ് സേവന മേഖലകളിലെ വളർച്ച ദ്രുതഗതിയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയുടെ 200 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സേവന ഇറക്കുമതിവിപണിയിൽ ഇന്ത്യയുടെ നിലവിലെ കയറ്റുമതിയായ ~14 ബില്യൺ യുഎസ് ഡോളർ എന്ന നിരക്കിൽ നിന്നും തങ്ങളുടെ വിപണി വിഹിതം വിപുലീകരിക്കാൻ ഇത് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നു.
ശക്തമായ ഇന്ത്യ–യുകെ സാമ്പത്തിക പങ്കാളിത്തത്തിലേക്ക്
ഇന്ത്യ-യുകെ CETA ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു. ഇത് മെച്ചപ്പെട്ട വിപണി പ്രവേശനക്ഷമതയെ വ്യാപാരം, നിക്ഷേപം, നവീനാശയം, പ്രൊഫഷണൽ മൊബിലിറ്റി എന്നിവയ്ക്കുള്ള അവസരങ്ങളുമായി സംയോജിപ്പിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയെ പിന്തുണയ്ക്കുന്നതോടൊപ്പം ഇന്ത്യയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്താനും ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ ഒരു ഇന്ത്യ-യുകെ പങ്കാളിത്തത്തിന് ഈ കരാർ അടിത്തറയിടുന്നു.
അവലംബം
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2127321®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2274280®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2149474®=48&lang=2
Ministry of External Affairs
https://www.mea.gov.in/Portal/ForeignRelation/Ind_UK_25.pdf
PIB Headquarters
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154945®=48&lang=2
India–UK CETA Comes into Effect
***
SK
(Explainer ID: 159229)
आगंतुक पटल : 9
Provide suggestions / comments