Economy
ഇന്ത്യയുടെ കളിപ്പാട്ട മേഖലയെ ശക്തിപ്പെടുത്തുന്നു
പ്രാദേശിക കരകൗശലവിദ്യ മുതൽ ആഗോള വിപണികൾ വരെ
Posted On:
07 JUL 2026 5:38PM
|
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം സാംസ്കാരിക പൈതൃകം, നൂതനാശയങ്ങൾ, ഉൽപ്പാദന വളർച്ച എന്നിവയുടെ സവിശേഷമായ ഒരു മിശ്രണത്തെ പ്രതിഫലിപ്പിക്കുന്നു. ആയിരക്കണക്കിന് വർഷത്തെ ചരിത്രമുള്ള പരമ്പരാഗത കളിപ്പാട്ടങ്ങൾ ഇന്നും കരകൗശല തൊഴിലാളികളെ പിന്തുണയ്ക്കുകയും കരകൗശലവിദ്യയെ നിലനിർത്തുകയും ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നു. യുവജനങ്ങളുടെ എണ്ണത്തിലുള്ള വർധന, വർധിച്ചുവരുന്ന വരുമാനം, വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങളോടുള്ള താല്പര്യം എന്നിവയാൽ മുന്നോട്ടുനയിക്കപ്പെടുന്ന ശക്തമായ ആഭ്യന്തര ആവശ്യകത പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ടോയ്‌സ്, അന്താരാഷ്ട്ര പ്രദർശനങ്ങൾ, ODOP (ഒരു ജില്ല ഒരു ഉൽപ്പന്നം) തുടങ്ങിയ ഗവൺമെന്റ് പദ്ധതികൾ ആഭ്യന്തര ഉൽപ്പാദനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഭൗമസൂചിക (GI) പദവിയുള്ള ഉൽപ്പന്നങ്ങളെയും തദ്ദേശീയ കളിപ്പാട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആഗോള മത്സരശേഷിയും വിപണി ലഭ്യതയും വർധിപ്പിച്ചു. ഇതിന്റെ ഫലമായി കളിപ്പാട്ട കയറ്റുമതിയിൽ ഗണ്യമായ വളർച്ചയുണ്ടാകുകയും തൊഴിലവസരങ്ങൾ വർധിക്കുകയും ഇന്ത്യ കളിപ്പാട്ടങ്ങളുടെ ഒരു നെറ്റ് എക്‌സ്‌പോർട്ടർ (ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം) ആയി മാറുകയും ചെയ്തു. ഈ മേഖല ഗുണനിലവാരമുള്ളതും സാംസ്കാരിക മൂല്യങ്ങളുള്ളതുമായ കളിപ്പാട്ടങ്ങളുടെ ഒരു ആഗോള കേന്ദ്രമായി ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്.
|
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം: ഉത്ഭവം മുതൽ അവസരങ്ങൾ വരെ
ഉൽപ്പാദനം, കയറ്റുമതി, നൂതനാശയങ്ങൾ എന്നിവയിൽ സജീവമായ സംഭാവന നൽകുന്നവയിലൊന്നായി ഉയർന്നുവരികയാണ് ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം. അനുകൂലമായ ജനസംഖ്യാപരമായ ഘടകങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താല്പര്യങ്ങൾ, തുടർച്ചയായ നയപിന്തുണ എന്നിവയുടെ സഹായത്തോടെ ഈ മേഖല പുതിയൊരു ഉണർവിന് സാക്ഷ്യം വഹിക്കുന്നു. സുരക്ഷിതവും പരിസ്ഥിതിസൗഹൃദവും വിദ്യാഭ്യാസപരവുമായ കളിപ്പാട്ടങ്ങൾക്കായുള്ള ആഗോള ആവശ്യകത വർധിക്കുന്നത് ഇന്ത്യൻ നിർമ്മാതാക്കൾക്കും കരകൗശല തൊഴിലാളികൾക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമ്പന്നമായ കരകൗശല പൈതൃകത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ഈ വ്യവസായം ആഭ്യന്തര, ആഗോള വിപണികളിൽ തങ്ങളുടെ സ്ഥാനം ക്രമാനുഗതമായി ശക്തിപ്പെടുത്തിവരികയാണ്.
സിന്ധുനദീതട സംസ്കാരത്തിലെ കളിമൺ വണ്ടികൾ മുതൽ ആധുനിക വിദ്യാഭ്യാസ-ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ വരെയുള്ള ഇന്ത്യയുടെ കളിപ്പാട്ട പാരമ്പര്യത്തിന് ഏകദേശം 5,000 വർഷത്തെ പഴക്കമുണ്ട്. ഈ സമ്പന്നമായ പൈതൃകം രാജ്യത്തിന്റെ സർഗ്ഗാത്മകത, പഠനം, കരകൗശലവിദ്യ എന്നിവയുടെ ദീർഘകാല സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഹാരപ്പയിലെയും മോഹൻജൊദാരോയിലെയും ഖനനങ്ങൾ പുരാതന ഇന്ത്യയുടെ ചാതുര്യം വെളിപ്പെടുത്തുന്ന കളിപ്പാട്ട നിർമ്മാണത്തിന്റെ സജീവമായ ഒരു പാരമ്പര്യം പുറത്തുകൊണ്ടുവരുന്നുണ്ട്. കൈകൊണ്ട് നിർമ്മിച്ച തടിയുടെ രൂപങ്ങൾ ഒരുകാലത്ത് രാജ്യത്തുടനീളമുള്ള ഗ്രാമീണ ശില്പശാലകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നു. രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വർണ്ണാഭമായ പാവകളും ഈ പാരമ്പര്യത്തിന്റെ ഭാഗമായി മാറി. ഇവയെല്ലാം കുട്ടികളെ ഇന്ത്യയുടെ സമ്പന്ന പൈതൃകവുമായും വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളുമായും ബന്ധിപ്പിച്ചു.
ഇന്ന് പരമ്പരാഗത കരകൗശലവിദ്യയ്ക്ക് ആധുനിക സാങ്കേതികവിദ്യ, രൂപകൽപ്പന, സംരംഭകത്വം എന്നിവയുടെ പിന്തുണ ലഭ്യമാകുന്നുണ്ട്. ഈ പരിവർത്തനം ഗുണനിലവാരമുള്ള കളിപ്പാട്ട നിർമ്മാണത്തിനായുള്ള ഉയർന്നുവരുന്ന ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായത്തിൽ വളർന്നുവരുന്ന അവസരങ്ങൾ
വിതരണ മേഖലയിൽ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം ഉൽപ്പന്നങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുകയും നിർമ്മാതാക്കൾക്ക് വിപണിയിലെ സ്വാധീനം വർധിപ്പിക്കുകയും ചെയ്തു. ആവശ്യകതയുടെ കാര്യത്തിൽ ഇന്ത്യയുടെ സമ്പന്നമായ കളിപ്പാട്ട നിർമ്മാണ പാരമ്പര്യം ഒരു സവിശേഷമായ നേട്ടം പ്രദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത കളിപ്പാട്ടങ്ങൾ ആഭ്യന്തര-അന്തർദ്ദേശീയ ഉപഭോക്താക്കളെ ഇപ്പോഴും ആകർഷിച്ചുകൊണ്ടിരിക്കുന്നു. നിരവധി ഘടകങ്ങൾ ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളെ ശക്തിപ്പെടുത്തുന്നു.
· വലുതും വളരുന്നതുമായ ഉപഭോക്തൃ അടിത്തറ ഇതിലൊരു പ്രധാന ചാലകശക്തിയാണ്. 140 കോടിയിലധികമാണ് ഇന്ത്യയിലെ ജനസംഖ്യ, ഇതിൽ വലിയൊരു പങ്ക് 25 വയസ്സിന് താഴെയുള്ളവരാണ്. വർധിച്ചുവരുന്ന വരുമാനവും മെച്ചപ്പെടുന്ന ക്രയവിക്രയശേഷിയും കളിപ്പാട്ടങ്ങൾക്കായുള്ള ചെലവഴിക്കൽ കൂടുതൽ മെച്ചപ്പെടുത്തുന്നു.
· വേഗത്തിലുള്ള നഗരവൽക്കരണവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആധുനികവും നൂതനവുമായ ലൈസൻസുള്ള ഉൽപ്പന്നങ്ങൾക്കായുള്ള ആവശ്യകത വർധിപ്പിക്കുന്നു.
· കുട്ടികളുടെ പഠനത്തെയും വൈജ്ഞാനിക വികാസത്തെയും പിന്തുണയ്ക്കുന്ന വിദ്യാഭ്യാസപരവും നൈപുണ്യധിഷ്ഠിതവുമായ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) കളിപ്പാട്ടങ്ങൾ മാതാപിതാക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്നു.
· സാങ്കേതികവിദ്യയും ഡിജിറ്റൽവൽക്കരണവും ഈ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് കളിപ്പാട്ടങ്ങൾ സാങ്കേതികവിദ്യയെക്കുറിച്ച് നന്നായി അറിയുന്ന ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു.

വർധിച്ചുവരുന്ന കയറ്റുമതിയും ശക്തമായ മത്സരശേഷിയും
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം അന്താരാഷ്ട്ര വ്യാപാരത്തിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വർധിച്ചുവരുന്ന മത്സരശേഷിയെയും ഉൽപ്പാദന ശേഷിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
കളിപ്പാട്ടങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതി (HSN 9503, 9504 & 9505) 2017-18-ൽ 152.7 ദശലക്ഷം യു.എസ് ഡോളറായിരുന്നു. ഇത് 2025-26-ൽ 384.7 ദശലക്ഷം യു.എസ് ഡോളറായി ഉയർന്നു. 151.9 ശതമാനത്തിലധികം വളർച്ചയെയാണ് ഇത് കാണിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ വിപുലീകരണം ദൃശ്യമായത് ഇലക്ട്രോണിക്, നോൺ-ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലാണ് (HSN 9503). ഇതേ കാലയളവിൽ ഇതിന്റെ കയറ്റുമതി 77.35 ദശലക്ഷം യു.എസ് ഡോളറിൽ നിന്ന് 200.89 ദശലക്ഷം യു.എസ് ഡോളറായി ഉയർന്ന് ഏകദേശം 160% വളർച്ച കൈവരിച്ചു. പ്രധാന കയറ്റുമതി കേന്ദ്രമായി അമേരിക്ക ഉയർന്നുവന്നു. അവിടെയുള്ള കയറ്റുമതി 26.7 ദശലക്ഷം യു.എസ് ഡോളറിൽ നിന്ന് ഏകദേശം 111.9 ദശലക്ഷം യു.എസ് ഡോളറായി നാലിരട്ടിയിലധികം വർധിച്ചു. യുകെ, പോളണ്ട്, നെതർലൻഡ്സ്, ജർമ്മനി എന്നിവയായിരുന്നു മറ്റ് പ്രധാന വിപണികൾ.

വീഡിയോ ഗെയിം കൺസോളുകൾ, മെഷീനുകൾ, മറ്റുള്ളവ (HSN 9504) എന്നിവയുടെ കയറ്റുമതി ഏകദേശം മൂന്നിരട്ടിയായി വർധിച്ചു. ഇത് 2017-18-ലെ 15.68 ദശലക്ഷം യു.എസ് ഡോളറിൽ നിന്ന് 2025-26-ൽ 46.75 ദശലക്ഷം യു.എസ് ഡോളറായി വികസിച്ചു, ഇത് ഇന്ത്യയിൽ നിർമ്മിച്ച ഗെയിമിംഗ്, വിനോദ ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ആഗോള ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു. പ്രധാന കയറ്റുമതി കേന്ദ്രങ്ങളിൽ യു.എ.ഇ, റഷ്യ, ഫ്രാൻസ്, യു.കെ എന്നിവ ഉൾപ്പെടുന്നു. ഇതിലും യു.എസ് തന്നെയാണ് ഏറ്റവും വലിയ വിപണിയായി തുടരുന്നത്.
അതുപോലെ, ഉത്സവങ്ങൾ, കാർണിവലുകൾ അല്ലെങ്കിൽ മറ്റ് വിനോദങ്ങൾ എന്നിവയ്ക്കുള്ള സാധനങ്ങളുടെ (HSN 9505) കയറ്റുമതി 2017-18-ലെ 59.69 ദശലക്ഷം യു.എസ് ഡോളറിൽ നിന്ന് 2025-26-ൽ 137.03 ദശലക്ഷം യു.എസ് ഡോളറായി ഏകദേശം 130% വർധിച്ചു. അമേരിക്ക, ജർമ്മനി, യു.കെ, നെതർലൻഡ്സ്, സ്വീഡൻ എന്നിവയായിരുന്നു ഈ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണികൾ. ആഗോള ഉത്സവ-വിനോദ ഉൽപ്പന്നങ്ങളുടെ വിപണിയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.
ഇറക്കുമതിയുടെ കാര്യത്തിൽ വീഡിയോ ഗെയിം കൺസോളുകളും ഉത്സവ-വിനോദ ഉൽപ്പന്നങ്ങളും മിതമായ വളർച്ച രേഖപ്പെടുത്തിയപ്പോൾ പരമ്പരാഗത-വിദ്യാഭ്യാസ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 66% എന്ന കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഈ ഇടിവ് ഈ മേഖലയിലെ ആഭ്യന്തര ഉൽപ്പാദന ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തി. ഇതിന്റെ ഫലമായി പ്രധാന കളിപ്പാട്ട വിഭാഗങ്ങളിൽ (HSN 9503, 9504, 9505) 2025-26-ൽ ഇന്ത്യ 152 ദശലക്ഷം യു.എസ് ഡോളറിന്റെ വ്യാപാര മിച്ചം കൈവരിച്ചു. ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതലായിരുന്ന 2017-18-ൽ രേഖപ്പെടുത്തിയ 213.01 ദശലക്ഷം യു.എസ് ഡോളറിന്റെ വ്യാപാര കമ്മിയിൽ (trade deficit) നിന്നുള്ള ഗണ്യമായ പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
|
ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയുള്ള വ്യാപാര മിച്ചം ആഭ്യന്തര ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുകയും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും വിദേശനാണ്യ വരുമാനം വർധിപ്പിക്കുകയും ചെയ്തു.
|
ഈ മുന്നേറ്റങ്ങൾ ഉൽപ്പാദനം, തൊഴിൽ, സാമ്പത്തിക വികസനം എന്നിവയിൽ കളിപ്പാട്ട വ്യവസായത്തിന്റെ വർധിച്ചുവരുന്ന സംഭാവനകളെ എടുത്തുകാണിക്കുന്നു.
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായത്തിന്റെ സാമ്പത്തിക സ്വാധീനം
കുട്ടികൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനപ്പുറം കളിപ്പാട്ട വ്യവസായം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയായി ഉയർന്നുവരുകയാണ്.
ഈ മേഖല ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ സംരംഭകത്വം പ്രാപ്തമാക്കുകയും കരകൗശല തൊഴിലാളികൾ, നിർമ്മാതാക്കൾ, വ്യാപാരികൾ, ചെറുകിട വ്യവസായങ്ങൾ എന്നിവർക്ക് ഉപജീവനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകൾക്കിടയിലും സാമൂഹികവും സാമ്പത്തികവുമായി വൈവിധ്യമാർന്ന വിഭാഗങ്ങൾക്കിടയിലുമുള്ള സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക ഉൽപ്പാദനത്തിലും സംരംഭകത്വത്തിലും ഗവൺമെന്റ് നൽകുന്ന ഊന്നൽ ഈ മേഖലയുടെ സാമ്പത്തിക സംഭാവനയെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഗെയിമുകളിലെയും കളിപ്പാട്ടങ്ങളിലെയും തൊഴിൽ പങ്കാളിത്തം (NIC കോഡ് 324) 2018-19-ലെ 8,685-ൽ നിന്ന് 2023-24-ൽ 17,693 ആയി ഉയർന്ന് ഇരട്ടിയിലധികമായി. രാജ്യത്തുടനീളമുള്ള പ്രാദേശിക സംരംഭങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഈ മേഖലയുടെ ശേഷിയെയാണ് ഇത് എടുത്തുകാണിക്കുന്നത്.
കളിപ്പാട്ട വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഗവൺമെന്റ് പദ്ധതികൾ
ഈ മേഖലയുടെ സാമ്പത്തികവും സാംസ്കാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവൺമെന്റ് നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. നൂതനാശയങ്ങൾ, ഗുണനിലവാരം, ആഗോള വിപണിയിലെ സാന്നിധ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സജീവമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശ്രമങ്ങൾ സഹായിക്കുന്നു.
നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ടോയ്‌സ് (NAPT), 2020
ഇന്ത്യൻ മൂല്യങ്ങൾ, സംസ്കാരം, ചരിത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങളുടെ രൂപകൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനാണ് NAPT രൂപീകരിച്ചത്. കളിപ്പാട്ടങ്ങളെ ഒരു പഠന വിഭവമായി ഉപയോഗിക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുകയും ഗുണനിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് തദ്ദേശീയ കളിപ്പാട്ട ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുകയും കളിപ്പാട്ട നിർമ്മാതാക്കൾക്ക് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു.
|
2026 മേയിലെ കണക്കനുസരിച്ച് IS 9873/IS 15644 പ്രകാരം കളിപ്പാട്ടങ്ങളുടെ സുരക്ഷിതത്വത്തിനായി BIS ആഭ്യന്തര നിർമ്മാതാക്കൾക്ക് 1786 ലൈസൻസുകളും വിദേശ നിർമ്മാതാക്കൾക്ക് 56 ലൈസൻസുകളും നൽകി.
|
ഈ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു 2020-ൽ കളിപ്പാട്ടങ്ങൾക്കായി 'ക്വാളിറ്റി കൺട്രോൾ ഓർഡർ' (QCO) അവതരിപ്പിച്ചത്. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആശങ്കകൾക്കുള്ള മറുപടിയായാണ് QCO നടപ്പിലാക്കിയത്.
· ഇത് ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കുകയും ആഭ്യന്തര-വിദേശ നിർമ്മാതാക്കൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുകയും ചെയ്തു.
· കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്‌മെന്റ് കമ്മീഷണർ (ഹാന്റിക്രാഫ്റ്റ്സ്) മുമ്പാകെ രജിസ്റ്റർ ചെയ്തിട്ടുള്ള കരകൗശല തൊഴിലാളികൾ നിർമ്മിച്ച് വിൽക്കുന്ന ഉൽപ്പന്നങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
· ഭൗമസൂചിക (GI) പദവിയുള്ള ഉൽപ്പന്നങ്ങളുടെ രജിസ്റ്റർ ചെയ്ത ഉടമസ്ഥർക്കും അംഗീകൃത ഉപയോക്താക്കൾക്കും ഈ ഒഴിവാക്കൽ ബാധകമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ വിൽക്കുന്ന കളിപ്പാട്ടങ്ങൾ നിർദ്ദിഷ്ട ഭൗതിക, രാസ, വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടി ലക്ഷ്യമിട്ടത്. QCO നടപ്പിലാക്കിയത് ആഭ്യന്തര നിർമ്മാതാക്കൾക്ക് തുല്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിച്ചു.
|
ഈ നയപരമായ ചട്ടക്കൂടിന് കീഴിൽ, കളിപ്പാട്ടങ്ങളുടെ മേലുള്ള മോസ്റ്റ്-ഫേവേർഡ് നേഷൻ (MFN) താരിഫ് 2020-ൽ 20%-ൽ നിന്ന് 60% ആയി വർധിപ്പിച്ചു. ഇത് 2023-ൽ വീണ്ടും 70% ആയി ഉയർന്നു. കൂടാതെ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ ഭാഗങ്ങളുടെ (HS 95030091) മേലുള്ള താരിഫ് 2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ 20% ആയി പരിഷ്കരിച്ചു. ഭൂരിഭാഗം ലോക വ്യാപാര സംഘടന (WTO) പങ്കാളികളിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് ബാധകമാക്കുന്ന സാധാരണ കസ്റ്റംസ് ഡ്യൂട്ടിയാണ് MFN താരിഫ്. താരിഫുകൾ വർധിപ്പിച്ചത് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ വിലയിലുള്ള നേട്ടം കുറയ്ക്കുകയും ആഭ്യന്തര ഉൽപ്പാദനത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ നടപടി പ്രാദേശിക തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും കളിപ്പാട്ട വ്യവസായത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
|
ടോയ് ബിസ് ഇന്റർനാഷണൽ B2B എക്സിബിഷൻ
കളിപ്പാട്ട നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾ ആഭ്യന്തര-അന്തർദ്ദേശീയ ഉപഭോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഈ എക്സിബിഷൻ ഒരുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ട വ്യാപാര പ്രദർശനങ്ങളിലൊന്നായ ഇത് ബിസിനസ്സ് ശൃംഖലകൾ സുഗമമാക്കുന്നു. ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ, കളിപ്പാട്ട വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവർ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും ഇത് വഴിയൊരുക്കുന്നു. ഇത് വിപണി വിപുലീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ആഗോള വിപണികളിൽ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
|
2026 ജൂലൈ 4 മുതൽ 7 വരെ ന്യൂഡൽഹിയിൽ വെച്ചാണ് ഈ എക്സിബിഷൻ നടന്നത്.
|
ടോയ്ക്കാത്തൺ (Toycathon)
2021-ൽ ആരംഭിച്ച ടോയ്ക്കാത്തൺ ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, കലാശിൽപികൾ, വിദഗ്ധർ, സ്റ്റാർട്ട്-അപ്പുകൾ എന്നിവർ ചേർന്ന് നൂതനമായ കളിപ്പാട്ടങ്ങളും ഗെയിമുകളും കൂട്ടായി വികസിപ്പിക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരം, പൈതൃകം, പ്രാദേശിക നാടോടിക്കഥകൾ, നായകർ, മൂല്യ വ്യവസ്ഥകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപ്പനകളെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
|
ഇലക്ട്രോണിക് കളിപ്പാട്ട മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് 2025-ൽ ആദ്യമായി ഇലക്ട്രോണിക് ടോയ് ഹാക്കത്തോണും (e-Toycathon) സംഘടിപ്പിച്ചു. സർഗ്ഗാത്മകത, പഠനം, ശിശുവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നൂതനവും വിദ്യാഭ്യാസപരവുമായ ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ ഈ പദ്ധതി പ്രദർശിപ്പിച്ചു.
|
ഇ-ടോയ്‌സ് ലാബ്
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നോയിഡയിലെ സി-ഡാക്കിൽ (C-DAC) സ്ഥാപിച്ച ഇ-ടോയ്‌സ് ലാബ് ഇന്ത്യയുടെ തദ്ദേശീയ ഇലക്ട്രോണിക് കളിപ്പാട്ട വ്യവസായത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ രൂപകൽപ്പന, വികസനം, മാതൃകകളുടെ നിർമ്മാണം, ഉൽപ്പന്ന പരിശോധന എന്നിവയിൽ ഇത് പ്രായോഗിക പരിശീലനം നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന യുവ എഞ്ചിനീയർമാർക്ക്, പട്ടികജാതി/പട്ടികവർഗ്ഗ (SC/ST), വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്, ഒരു വർഷത്തെ പരിശീലനം ഇതിലൂടെ ലഭിക്കുന്നു.
ഇ-ടോയ്‌സ് ലാബിലെ ആറ് മാസത്തെ ഗവേഷണവും ആറ് മാസത്തെ വ്യവസായ പരിശീലനവും സംയോജിപ്പിക്കുന്ന ഒന്നാണ് ഈ പരിപാടി. ഇലക്ട്രോണിക്സും ഇൻഫർമേഷൻ ടെക്നോളജിയും കളിപ്പാട്ട നിർമ്മാണവുമായി സമന്വയിപ്പിക്കുന്നതിലൂടെ ഇത് നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കളിപ്പാട്ടങ്ങളുടെ വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.
മാനക് മന്ഥൻ (Manak Manthan)
BIS 2026 ഏപ്രിലിൽ IS 9873 (Part 1):2025 എന്ന വിഷയത്തിൽ ഒരു മാനക് മന്ഥൻ സംഘടിപ്പിച്ചു. കളിപ്പാട്ടങ്ങളുടെ യാന്ത്രികവും ഭൗതികവുമായ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ വ്യവസായങ്ങളിലുടനീളം ഇന്ത്യൻ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള ഒരു BIS സംരംഭമാണിത്. കളിപ്പാട്ട നിർമ്മാതാക്കൾക്കും മറ്റ് പങ്കാളികൾക്കും ഇടയിൽ അവബോധം സൃഷ്ടിക്കാൻ ഈ പരിപാടി ശ്രമിച്ചു. ഇത് കുട്ടികൾക്കായി കൂടുതൽ സുരക്ഷിതവും ഉയർന്ന ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
ODOP - ഒരു ജില്ല ഒരു ഉൽപ്പന്നം
രാജ്യത്തെ ഓരോ ജില്ലയിൽ നിന്നുമുള്ള സവിശേഷമായ ഉൽപ്പന്നങ്ങളെ കണ്ടെത്തുകയും ബ്രാൻഡ് ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ജില്ലാടിസ്ഥാനത്തിലുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഒ.ഡി.ഒ.പി പദ്ധതി ലക്ഷ്യമിടുന്നത്. സന്തുലിതമായ പ്രാദേശിക വികസനം വളർത്തിയെടുക്കുന്നതോടൊപ്പം ഉൽപ്പാദനം, കയറ്റുമതി, തൊഴിൽ എന്നിവ വർധിപ്പിക്കാനും ഈ പദ്ധതി ശ്രമിക്കുന്നു. ഇത് ആഭ്യന്തര-അന്തർദ്ദേശീയ വിപണികളിൽ പുതിയ ആശയങ്ങളെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെയും മത്സരശേഷിയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ പദ്ധതിക്ക് കീഴിൽ നിരവധി പരമ്പരാഗത-തദ്ദേശീയ കളിപ്പാട്ട ഉൽപ്പന്നങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉൽപ്പന്ന വൈവിധ്യവൽക്കരണം, ബ്രാൻഡിംഗ്, പാക്കേജിംഗ്, നൈപുണ്യ വികസനം, ഗുണനിലവാര മാനദണ്ഡീകരണം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് എല്ലാവർക്കും ഒരേപോലെ വിജയകരമായ ഒരു സമീപനമാണ് ഇത് സ്വീകരിക്കുന്നത്. ഇ-കോമേഴ്സ്, അന്താരാഷ്ട്ര എക്സ്പോകൾ, വാങ്ങുന്നവരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധം, കയറ്റുമതി സർട്ടിഫിക്കേഷനുകൾ എന്നിവയിലൂടെ വിപണി ലഭ്യതയും ഇത് സുഗമമാക്കുന്നു. കൂടാതെ, ധനസഹായം, വിപണനം, സാങ്കേതികവിദ്യ നവീകരിക്കൽ, ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള അവബോധം എന്നിവയിലും ഈ സംരംഭം സഹായിക്കുന്നു.
ഭൗമസൂചിക (GI) പദവി ലഭിച്ച കളിപ്പാട്ടങ്ങൾ
ഇന്ത്യയിലെ നിരവധി പരമ്പരാഗത കളിപ്പാട്ടങ്ങൾക്ക് അവയുടെ സവിശേഷമായ കരകൗശലവിദ്യയും പ്രാദേശിക വ്യക്തിത്വവും മുൻനിർത്തി ഭൗമസൂചിക (GI) പദവി ലഭിച്ചിട്ടുണ്ട്. ഭൗമസൂചിക പദവി ലഭിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം വലിയ തോതിലുള്ള ദൃശ്യതയും വിപണി ലഭ്യതയും വഴി കരകൗശല തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക ഭൂപ്രദേശവുമായി ബന്ധപ്പെട്ട സവിശേഷമായ ഗുണങ്ങളെയും പ്രശസ്തിയെയും അംഗീകരിക്കുന്ന നിയമപരമായ പരിരക്ഷ ഭൗമസൂചിക പദവി ലഭിച്ച ഉൽപ്പന്നങ്ങൾക്ക് കൈവരുന്നു. ഈ സംരക്ഷണം അവയുടെ വിപണി മൂല്യം വർധിപ്പിക്കുകയും അനധികൃതമായ ഉപയോഗം തടയുകയും പ്രാദേശിക ഉൽപ്പാദകരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഗ്രാമീണ സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരമ്പരാഗത അറിവുകളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഭൗമസൂചിക പദവി ലഭിച്ച കളിപ്പാട്ടങ്ങളിൽ കർണാടകയിലെ ചന്നപട്ന കളിപ്പാട്ടങ്ങളും പാവകളും, മധ്യപ്രദേശിലെ ഇൻഡോറിലുള്ള ചർമ്മ (തുകൽ) കളിപ്പാട്ടങ്ങൾ, തമിഴ്‌നാട്ടിലെ തഞ്ചാവൂർ പാവകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
വ്യാപാര-വിപണി വികാസം
ജി.എസ്.ടി (GST) കുറയ്ക്കൽ
കളിപ്പാട്ടങ്ങളുടെ മേലുള്ള ജി.എസ്.ടി 12%-ൽ നിന്ന് 5% ആയി കുറച്ചത് ഉപഭോക്താക്കൾക്ക് കളിപ്പാട്ടങ്ങൾ കൂടുതൽ വിലകുറഞ്ഞതും ലഭ്യമാകുന്നതുമാക്കി മാറ്റിയിട്ടുണ്ട്. ഇത് കളിപ്പാട്ടങ്ങളിലൂടെയുള്ള ആദ്യകാല ബാല്യകാല പഠനത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസപരവും വികസനപരവുമായ കളിപ്പാട്ടങ്ങൾ കൂടുതൽ വ്യാപകമായി സ്വീകരിക്കുന്നതിനെ സഹായിക്കുകയും ചെയ്യുന്നു. ഈ നടപടി കളിപ്പാട്ട വിപണിയിലെ ആവശ്യകതയെ ഉത്തേജിപ്പിച്ചുകൊണ്ട് ആഭ്യന്തര നിർമ്മാതാക്കൾക്കും MSME-കൾക്കും പ്രയോജനം ചെയ്യുന്നു.
സ്വതന്ത്ര വ്യാപാര കരാറുകൾ (FTA)
ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA), ഇന്ത്യ-യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ, ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ തുടങ്ങിയ വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.
ഈ കരാറുകൾക്ക് കീഴിൽ പങ്കാളിരാജ്യങ്ങൾ ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ കയറ്റുമതിക്ക് നികുതിരഹിത വിപണി ലഭ്യത ഉറപ്പാക്കുന്നു.
കയറ്റുമതി ഹബ്ബുകളാകുന്ന ജില്ലകൾ (DEH)
ഓരോ ജില്ലയുടെയും സവിശേഷമായ ഉൽപ്പന്നങ്ങൾ, ശേഷികൾ, വിഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ട് ജില്ലകളെ കയറ്റുമതി വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റാൻ DEH പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാന കയറ്റുമതി പ്രോത്സാഹന സമിതികളും (SEPC) ജില്ലാ കയറ്റുമതി പ്രോത്സാഹന സമിതികളും (DEPC) ഇതിൽ പ്രധാന പങ്കാളികളായി ഉൾപ്പെടുന്നു. ഈ സമിതികൾ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രൂപീകരിച്ചിട്ടുണ്ട്. ഇവ ഇന്ത്യയുടെ കയറ്റുമതി ശക്തമാക്കാനും സന്തുലിതവും ഉൾക്കൊള്ളുന്നതുമായ വളർച്ച പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഈ പദ്ധതിയിലൂടെ ഭൗമസൂചിക (GI) ഉൽപ്പന്നങ്ങൾ, കാർഷിക ക്ലസ്റ്ററുകൾ, കളിപ്പാട്ട ക്ലസ്റ്ററുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും കയറ്റുമതി സാധ്യതയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിലധികം ജില്ലകളെ കളിപ്പാട്ടങ്ങളുടെയും പാവകളുടെയും കയറ്റുമതി സാധ്യതയുള്ളവയായി കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും വിപണി ബന്ധങ്ങൾ സുഗമമാക്കുന്നതിലൂടെയും തൊഴിലവസരങ്ങളും സാമ്പത്തിക വികസനവും മുന്നോട്ട് നയിക്കുന്നതിലൂടെയും ഓരോ ജില്ലയുടെയും കയറ്റുമതി സാധ്യതകളെ പ്രയോജനപ്പെടുത്തുന്നു.
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം: ഭാവിയിലേക്ക് നോക്കുമ്പോൾ
ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആധുനിക പുരോഗതികളുമായി വിജയകരമായി സമന്വയിപ്പിച്ചുകൊണ്ട് ഉൽപ്പാദനം, കയറ്റുമതി, തൊഴിൽ എന്നിവയിൽ സജീവമായ സംഭാവന നൽകുന്ന ഒന്നായി ഉയർന്നുവരുകയാണ്. തന്ത്രപ്രധാന നയ ഇടപെടലുകളുടെയും തദ്ദേശീയ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെയും പിന്തുണയോടെ ഈ മേഖല ഇറക്കുമതിയെ ആശ്രയിക്കുന്ന അവസ്ഥയിൽ നിന്ന് ആഗോള മത്സരശേഷിയിലേക്ക് മാറിയിരിക്കുന്നു.
ഇതിലൂടെ ഇന്ത്യയുടെ കളിപ്പാട്ട വ്യവസായം വിനോദങ്ങളിലെ രാജ്യത്തിന്റെ സവിശേഷമായ പാരമ്പര്യം തുടർന്നും സംരക്ഷിക്കുന്നതോടൊപ്പം ആഗോള വിപണികളിൽ സ്ഥാനം ശക്തമാക്കുകയും ചെയ്യുന്നു.
അവലംബം
Ministry of Tourism
https://www.cgihamburg.gov.in/pdf/press/Toy-Story-Incredible-India_23092020.pdf
Ministry of Commerce and Industry
https://www.investindia.gov.in/team-india-blogs/traditional-toy-industry-new-indias-sunrise-sector
https://www.investindia.gov.in/team-india-blogs/charting-growth-story-indian-toy-industry
https://www.investindia.gov.in/blogs/toy-story-india-look-indias-thriving-toy-retail-market
https://static.investindia.gov.in/s3fs-public/2025-08/2025089_v32_odop_product_list.pdf
https://www.investindia.gov.in/team-india-blogs/toycathon-202-highlight-indias-toy-industry-opportunity
https://www.investindia.gov.in/one-district-one-product
https://tradestat.commerce.gov.in/eidb/commodity_wise_export
https://tradestat.commerce.gov.in/eidb/commodity_wise_all_countries_export
https://www.dgciskol.gov.in/writereaddata/Downloads/20251008161825A%20Brief%20Report%20on%20Indias%20Exports%20of%20Toys,%20Games%20and%20Sports%20Requisites.pdf
https://ipindia.gov.in/storage/uploads/docs-operator/aa9ef4c8-ae0e-477-98-52b6a9479b82.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2002099®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2244401®=3&lang=1
https://static.investindia.gov.in/s3fs-public/inline-files/ODOP%20Brochure_Final.pdf
Ministry of Education
https://isid.org.in/wp-content/uploads/2024/05/WP279.pdf?utm
Ministry of Statistics and Programme Implementation
https://microdata.gov.in/NADA/index.php/catalog/256/related-materials
https://microdata.gov.in/NADA/index.php/catalog/50/related-materials
DD India
https://www.youtube.com/watch?v=n3OZiJ7FdDc
PIB Headquarters
https://www.pib.gov.in/FactsheetDetails.aspx?Id=150302®=3&lang=2
Ministry of External Affairs
https://www.indianembassynetherlands.gov.in/section/forthcomming/17th-toy-biz-international-b2b-exhibition-from-4th-7th-july-2026-at-bharat-mandapam-pragati-maidan-new-delhi/
https://www.eoibogota.gov.in/page/6th-toy-biz-international-2025/
Ministry of Electronics & IT
https://www.pib.gov.in/PressReleasePage.aspx?PRID=2109677®=48&lang=2
World Trade Organisation
https://www.wto.org/english/tratop_e/serv_e/cbt_course_e/c1s6p1_e.htm
Ministry of Women and Child Development
https://www.pib.gov.in/PressReleasePage.aspx?PRID=1686286®=48&lang=2
Others
https://www.ibef.org/research/case-study/unlocking-play-evolution-of-india-s-toy-sector
https://wtocentre.iift.ac.in/PolicyBrief/Policy_Brief_23.pdf
https://silpasathi.wb.gov.in/export-hub/
https://invest.telangana.gov.in/toys-industry/
https://x.com/mygovindia/status/205409373429240565
https://www.mygov.in/campaigns/aatmanirbhartoys
https://x.com/mygovindia/status/2054093734292410565
See in PDF
***
SK
(Explainer ID: 159147)
आगंतुक पटल : 13
Provide suggestions / comments