• Sitemap
  • Advance Search
Social Welfare

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ

ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യത്തിന്റെ നട്ടെല്ല്

Posted On: 06 JUL 2026 11:44AM

93 കോടിയിലധികം ABHA അക്കൗണ്ടുകളുമായി 104 കോടിയിലധികം ആരോഗ്യ രേഖകൾ ബന്ധിപ്പിച്ചുകൊണ്ട് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥകളിലൊന്ന് കെട്ടിപ്പടുത്തിരിക്കുകയാണ്. പേപ്പർവർക്കുകൾ ഇല്ലാതാക്കുന്നതിലൂടെയും കാത്തിരിപ്പുസമയം കുറയ്ക്കുന്നതിലൂടെയും രോഗികളെ ഇൻഷുറൻസ് ദാതാക്കൾ, ആശുപത്രികൾ, ഡോക്ടർമാർ എന്നിവയുമായി ABDM ഒരൊറ്റ ഏകീകൃത ശൃംഖലയിലൂടെ സുഗമമായി ബന്ധിപ്പിക്കുന്നു.

ഒരു ഡിജിറ്റൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നു

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതെ തന്നെ എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്ന സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് ഇന്ത്യ ക്രമാനുഗതമായി മുന്നേറുകയാണ്.

ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്നതിന് ശക്തമായ ഒരു ഡിജിറ്റൽ അടിത്തറ ആവശ്യമാണ്. ആരോഗ്യ സേവന വിതരണം കൂടുതൽ സുഗമവും കാര്യക്ഷമവും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിന് ശക്തമായ ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ അത്യാവശ്യമാണ്

ഡിജിറ്റലൈസ്ഡായ ഒരു ആരോഗ്യ ആവാസവ്യവസ്ഥ:

  • രോഗികളുടെ ആരോഗ്യ രേഖകളുടെ സുരക്ഷിതമായ മാനേജ്മെന്റ് സാധ്യമാക്കുന്നു
  • വ്യക്തികളെ ആരോഗ്യ സംരക്ഷണ, ഇൻഷുറൻസ് ദാതാക്കളുമായി ബന്ധിപ്പിക്കുന്നു
  • ആരോഗ്യ രേഖകളുടെ സുഗമമായ കൈമാറ്റം സാധ്യമാക്കുന്നു
  •  ഇത് രാജ്യത്തുടനീളമുള്ള ഏത് ABDM അധിഷ്ഠിത ആരോഗ്യ കേന്ദ്രത്തിലും തങ്ങളുടെ ആരോഗ്യ രേഖകൾ സുരക്ഷിതമായി കാണാനും പങ്കിടാനും പൗരന്മാരെ അനുവദിക്കുന്നു
  • ആളാരെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആരോഗ്യ വിവരങ്ങൾ ഇത് നിർമ്മിക്കുന്നു

ആരോഗ്യ സംരക്ഷണ ആസൂത്രണവും സേവന വിതരണവും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയിൽ ഉയർന്നുവരുന്ന നിർമിത ബുദ്ധി ആവാസവ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കാം. ഇത്തരമൊരു ഇൻഫ്രാസ്ട്രക്ചർ നിലവിൽ വരുന്നതോടെ രോഗനിർണ്ണയം, രോഗ നിരീക്ഷണം, ആരോഗ്യ പരിപാലന മാനേജ്മെന്റ് എന്നിവയിലെ നൂതന മാറ്റങ്ങൾ സാധ്യമാകും.

ഇത് തിരിച്ചറിഞ്ഞുകൊണ്ട് സംയോജിതവും പൗരകേന്ദ്രീകൃതവുമായ ഒരു ദേശീയ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് 2021 സെപ്റ്റംബറിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ആരംഭിച്ചു.

ഒരു ABDM അധിഷ്ഠിത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുമായി (ABHA) ബന്ധിപ്പിച്ച ഡിജിറ്റൽ ആരോഗ്യ രേഖകൾ നിർമ്മിക്കാൻ കഴിയും. കൂടാതെ രോഗിയുടെ അനുമതിയോടെ അവയ്ക്ക് രോഗിയുടെ മുൻകാല രേഖകൾ ഡിജിറ്റലായി പരിശോധിക്കാനും രോഗിയുടെ പിൻവലിക്കാവുന്നതും സമയബന്ധിതവുമായ അനുമതിയിലൂടെ ഡിജിറ്റൽ ആരോഗ്യ രേഖകൾ കൈമാറാനും കഴിയും.

വ്യക്തികളെ വിശാലമായ ആരോഗ്യ സംവിധാനവുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്ന ആധാർ പോലെയുള്ള ഒരു അദ്വിതീയ തിരിച്ചറിയൽ രേഖയാണ് ABHA. ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഇത് രോഗികളെ സഹായിക്കുന്നു. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഈ ഒരൊറ്റ ശൃംഖലയിലൂടെ മുഴുവൻ മുൻകാല ചികിത്സാ പശ്ചാത്തല വിവരങ്ങളോടും കൂടി ഇൻഷുറൻസ് കമ്പനികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഡോക്ടർമാർ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെടാൻ അവർക്ക് സാധിക്കുന്നു.

2026 മേയിൽ കൈവരിച്ച ഒരു സുപ്രധാന നാഴികക്കല്ലിലൂടെ ഇപ്പോൾ 100 കോടിയിലധികം ആരോഗ്യ രേഖകൾ 90 കോടിയിലധികം ABHA അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ബന്ധിപ്പിക്കപ്പെട്ട ഒരു ഡിജിറ്റൽ പൊതുജനാരോഗ്യ ആവാസവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണായക പുരോഗതി അടയാളപ്പെടുത്തുന്നു.

ABDM: ഒരു സമ്പൂർണ്ണ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ

ABHA-യ്ക്ക് അപ്പുറം ABDM എന്നത് ഒരു സമ്പൂർണ്ണ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയാണ്. ഇത് രോഗികളെ അവരുടെ ചികിത്സാ രേഖകളുമായും ഇൻഷുറൻസ് ദാതാക്കളെ ആശുപത്രികളുമായും ബന്ധിപ്പിക്കുകയും എല്ലാ ആരോഗ്യ പരിപാലന ദാതാക്കളെയും ഒരൊറ്റ ശൃംഖലയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

  • ABHA നമ്പർ: നിങ്ങളുടെ സമ്മതത്തോടെ ആശുപത്രികൾ, ലാബുകൾ, ഇൻഷുറൻസ് ദാതാക്കൾ, ദേശീയ ആരോഗ്യ പദ്ധതികൾ എന്നിവയിലുടനീളമുള്ള നിങ്ങളുടെ എല്ലാ ആരോഗ്യ രേഖകളെയും പരസ്പരം ബന്ധിപ്പിക്കുന്ന 14 അക്കങ്ങളുള്ള ഒരു അദ്വിതീയ ആരോഗ്യ തിരിച്ചറിയൽ രേഖയാണിത്.
  • ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് രജിസ്ട്രി: ഡോക്ടർമാർ മുതൽ ആയുഷ് പ്രാക്ടീഷണർമാർ വരെയുള്ള എല്ലാ ആരോഗ്യ വിദഗ്ധരുടെയും - പരിശോധിച്ചുറപ്പുവരുത്തിയതും ഡിജിറ്റലായി ബന്ധിപ്പിച്ചതുമായ - ഒരു ദേശീയ രജിസ്ട്രിയാണിത്.
  • ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി: ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫാർമസികൾ എന്നിവയുൾപ്പെടെയുള്ള പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഒരിടത്ത് കൊണ്ടുവരുന്ന ഒരു ദേശീയ രജിസ്ട്രിയാണിത്.
  • യൂണിഫൈഡ് ഹെൽത്ത് ഇന്റർഫേസ്: ആരോഗ്യ സേവനങ്ങൾക്കായുള്ള ഒരു ഓപ്പൺ നെറ്റ്‌വർക്ക് ആരോഗ്യമേഖലയിലെ UPI പോലെയാണിത്. ഏത് ആപ്പിലൂടെയും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ഡോക്ടർമാരുമായി കൂടിയാലോചന നടത്താനും സേവനങ്ങൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.
  • ആരോഗ്യ സേതു 2.0: ഇത് ഡിജിറ്റൽ ആരോഗ്യ സേവനങ്ങളിലേക്കുള്ള ഒരു ഏകീകൃത ഗേറ്റ്‌വേയായും പേഴ്‌സണൽ ഹെൽത്ത് റെക്കോർഡ് (PHR) ആയും പ്രവർത്തിക്കുന്നു. ഇത് രാജ്യവ്യാപകമായി ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലാക്കുന്നു.

ആരോഗ്യ സേതു 2.0

യഥാർത്ഥത്തിൽ ഇന്ത്യയുടെ കോവിഡ്-19 കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായി വികസിപ്പിച്ച ആരോഗ്യ സേതു ABDM-ന് കീഴിൽ പൗരന്മാർക്കായുള്ള ഒരു സമഗ്ര ഡിജിറ്റൽ ആരോഗ്യ ആപ്ലിക്കേഷനായി മാറ്റപ്പെട്ടിരിക്കുന്നു. ഇത് ഡിജിറ്റൽ ആരോഗ്യ സേവനങ്ങളിലേക്കുള്ള ഒരു ഏകീകൃത ഗേറ്റ്‌വേയായും പേഴ്‌സണൽ ഹെൽത്ത് റെക്കോർഡ് (PHR) ആയും പ്രവർത്തിക്കുന്നു. ഇത് രാജ്യവ്യാപകമായി ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലാക്കുന്നു.

ABDM-ന് കീഴിൽ നവീകരിച്ച, പൗരന്മാർക്കായുള്ള ഒരു ഡിജിറ്റൽ ആരോഗ്യ ആപ്ലിക്കേഷനായി 2026 ജൂൺ 29-ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ആരോഗ്യ സേതു 2.0
ആരംഭിച്ചു.

പ്രധാന സവിശേഷതകൾ

 

  • ABHA നിർമ്മാണം, ആരോഗ്യ രേഖകളുടെ മാനേജ്‌മെന്റ്, തടസ്സമില്ലാത്ത ഡിജിറ്റൽ രജിസ്‌ട്രേഷനായുള്ള 'സ്കാൻ ആൻഡ് രജിസ്റ്റർ' എന്നിവ ഉൾപ്പെടെയുള്ള ABDM അധിഷ്ഠിത സേവനങ്ങളിലേക്കുള്ള പ്രവേശനം.
  • ഡിജിറ്റൽ രേഖകൾ വായിക്കുന്നതിനായി ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയുടെ പിന്തുണയുള്ള സ്മാർട്ട് റിപ്പോർട്ടുകൾ.
  • സുതാര്യമായ കവറേജും ക്ലെയിം വിവരങ്ങളും ലഭ്യമാക്കുന്നതിനായി NHCX വഴി ആയുഷ്മാൻ ഭാരത്-പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) വാലറ്റും സ്വകാര്യ ഇൻഷുറൻസ് വിവരങ്ങളും പരിശോധിക്കാനുള്ള സൗകര്യം.
  • അടിയന്തര പരിചരണം യഥാസമയം ലഭ്യമാക്കുന്നതിനായി സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്താനും ഇ-രക്തകോശ് വഴി രക്ത യൂണിറ്റുകളുടെ തത്സമയ ലഭ്യത അറിയാനുമുള്ള സൗകര്യം.
  • ബയോമാർക്കർ, വെൽനസ് ട്രെൻഡ് വിശകലനങ്ങൾക്കായി അപ്‌ലോഡ് ചെയ്‌ത രേഖകളും ABDM ബന്ധിത വിവരങ്ങളും സംയോജിപ്പിച്ചുകൊണ്ട് AI അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കൽ.
  • പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ പരിചരണത്തിനായി UHI വഴി ടെലി കൺസൾട്ടേഷനുകളും നേരിട്ടുള്ള അപ്പോയിന്റ്മെന്റുകളും ബുക്ക് ചെയ്യാനുള്ള കഴിവ്.
  • ഏകീകൃതമായ വൈറ്റലുകൾ, വ്യക്തിയധിഷ്ഠിത ഓർമ്മപ്പെടുത്തലുകൾ, ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യൽ എന്നിവയിലൂടെയും കൂടാതെ സ്റ്റെപ്പുകൾ, കലോറികൾ, ഹൃദയമിടിപ്പ്, ഗ്ലൂക്കോസ് നിലകൾ എന്നിവയ്ക്കായി വെയറബിൾ ഉപകരണങ്ങൾ സമന്വയിപ്പിക്കുന്നതിലൂടെയും ഉപയോക്താവിന് അവരുടെ ആരോഗ്യം തടസ്സമില്ലാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.
  • വിവരങ്ങൾ അറിയുന്നതിനും ആരോഗ്യ സാക്ഷരത വളർത്തുന്നതിനുമായി ബ്ലോഗുകൾ, IEC മെറ്റീരിയലുകൾ, വീഡിയോകൾ, FAQകൾ എന്നിവയുൾപ്പെടെയുള്ള വെൽനസ് ഉള്ളടക്കങ്ങൾ ലഭ്യമാക്കൽ.

ABDM: ഓൺലൈൻ അപ്പോയിന്റ്‌മെന്റ് രജിസ്‌ട്രേഷനുകളിലൂടെ ആശുപത്രികളിലെ കാത്തിരിപ്പുസമയം കുറയ്ക്കുന്നു

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്‌മെന്റ് റിസർച്ച് (IIHMR) നടത്തിയ പഠനമനുസരിച്ച് ABDM-ന് കീഴിൽ 2022-ൽ ആരംഭിച്ച നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ സ്കാൻ ആൻഡ് ഷെയർ സേവനം, മൊബൈൽ സാങ്കേതികവിദ്യയും QR കോഡുകളും പ്രയോജനപ്പെടുത്തി ഒ.പി (outpatient) രജിസ്‌ട്രേഷൻ ഗണ്യമായി ലളിതമാക്കിയിരിക്കുന്നു.

 

ഈ സേവനം രോഗികളെ പങ്കാളികളായ ആരോഗ്യ കേന്ദ്രങ്ങളിലെ QR കോഡ് സ്‌കാൻ ചെയ്യാനും അതിലൂടെ ഒരു ഡിജിറ്റൽ ക്യൂ ടോക്കൺ നിർമ്മിക്കാനും പ്രാപ്തരാക്കുന്നു. ഇതിനായി അവരുടെ വ്യക്തിഗത വിവരങ്ങൾ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടിൽ (ABHA) നിന്ന് സുരക്ഷിതമായി ശേഖരിക്കുകയും അത് ആ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.

'സ്കാൻ ആൻഡ് ഷെയർ' സംവിധാനം രോഗികളുടെ കാത്തിരിപ്പുസമയം ഏകദേശം ഒരു മണിക്കൂറിൽ നിന്ന് വെറും 2 മുതൽ 5 മിനിറ്റ് വരെയായി കുറച്ചതായി IIHMR പഠനം കണ്ടെത്തി. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ (2026 ജൂൺ 18 വരെയുള്ള കണക്കനുസരിച്ച്) 23.21 കോടിയിലധികം ABHA ബന്ധിത ടോക്കണുകൾ വിതരണം ചെയ്തു കഴിഞ്ഞു.

ഗവൺമെന്റ് ഏജൻസികൾ, ആരോഗ്യ പരിപാലന ദാതാക്കൾ, രോഗികളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന സംഘടനകൾ എന്നിവരുമായി സഹകരിച്ച് വികസിപ്പിച്ച ഈ സേവനം, നിശ്ചയിക്കപ്പെട്ടിട്ടുള്ള ഡാറ്റാ സംരക്ഷണം, സുരക്ഷ, പരസ്പര പ്രവർത്തനക്ഷമത എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നു.

 

ആരോഗ്യ പരിപാലന വിദഗ്ദ്ധരെയും കേന്ദ്രങ്ങളെയും എ.ബി.ഡി.എമ്മുമായി ബന്ധിപ്പിക്കൽ

പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ABDM ശൃംഖലയിൽ ചേരാവുന്നതാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, ഇമേജിംഗ് സെന്ററുകൾ, ഫാർമസികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ സംവിധാനവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ രോഗികൾക്ക് അവരുടെ ആരോഗ്യ രേഖകൾ സിസ്റ്റത്തിലുടനീളം തടസ്സമില്ലാതെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയും. ഈ ശൃംഖലയിൽ ചേരുന്നതിന് ആരോഗ്യ കേന്ദ്രങ്ങൾക്ക് സാമ്പത്തിക സഹായം (റീഇംബേഴ്സ്മെന്റ്) ലഭിക്കുന്നതോടൊപ്പം കൂടുതൽ ജനശ്രദ്ധ നേടാനും സാധിക്കും. രജിസ്ട്രേഷൻ പ്രക്രിയ വളരെ ലളിതവും ഇത് ABDM വെബ്‌സൈറ്റിൽ ലഭ്യവുമാണ്.

ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി:

എബിഡിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള പൊതു-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഒരു സംഭരണശാലയാണ് (repository) ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി.

ഒരു ആരോഗ്യ കേന്ദ്രം ഇതിൽ എൻറോൾ ചെയ്താൽ രോഗികൾക്ക് ABHA ആപ്പിലൂടെ അത് കണ്ടെത്താൻ കഴിയും. ചികിത്സയ്ക്കായി അവർ ആ കേന്ദ്രം സന്ദർശിക്കുകയാണെങ്കിൽ അവരുടെ ആരോഗ്യ രേഖകൾ സ്വയമേവ ബന്ധിപ്പിക്കപ്പെടുകയും രോഗിയുടെ സമ്മതത്തോടെ പങ്കിടാൻ സാധിക്കുകയും ചെയ്യും. ആരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് (NHCX) ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇൻഷുറൻസ് കവറേജും ഇതുമായി ബന്ധിപ്പിക്കപ്പെടും. ഇത് ഒരു ആരോഗ്യ സേവന ദാതാവിനെ കണ്ടെത്തുന്നതും ഐഡന്റിറ്റി പരിശോധിക്കുന്നതും മുതൽ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതും ക്യൂ മാനേജ് ചെയ്യുന്നതും വരെയുള്ള മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു.

ഡിജിറ്റൽ ഹെൽത്ത് ഇൻസെന്റീവ് സ്കീം:

കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളെ ABDM-ൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് ഡിജിറ്റൽ ഹെൽത്ത് ഇൻസെന്റീവ് സ്കീം (DHIS) നടത്തുന്നു. താഴെ പറയുന്നവയിലൂടെ ആരോഗ്യ കേന്ദ്രങ്ങൾക്ക് ABDM ആവാസവ്യവസ്ഥയിൽ ചേരുന്നതിനുള്ള ആനുകൂല്യങ്ങൾ നൽകുന്നു:

  • പങ്കാളികളാകുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡിജിറ്റലൈസേഷനായി ഉണ്ടായ ചെലവുകളുടെ റീഇംബേഴ്സ്മെന്റ് (തുക തിരികെ നൽകൽ).
  • രോഗിയുടെ മുഴുവൻ ആരോഗ്യ രേഖകളിലേക്കും തടസ്സമില്ലാത്ത പ്രവേശനം ഭരണപരമായ ജോലികൾ കൂടുതൽ എളുപ്പമാക്കുന്നു.

പരസ്പരം പ്രവർത്തനക്ഷമമായ ഡിജിറ്റൽ ആരോഗ്യ രേഖകൾ നിർമ്മിക്കുന്നതിന് ആശുപത്രികൾക്കും ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനികൾക്കും (DSC) പണമായി തന്നെയുള്ള ഇൻസെന്റീവുകൾ ലഭിക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികൾക്ക് DHIS വഴി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ആർക്കൊക്കെയാണ് യോഗ്യത?

ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും.

ലബോറട്ടറി/റേഡിയോളജി ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും ഫാർമസികൾക്കും.

• ABDM അധിഷ്ഠിത ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്ന സ്ഥാപനങ്ങൾക്ക് (ഡിജിറ്റൽ സൊല്യൂഷൻ കമ്പനികൾ).

ഈ പദ്ധതിയിലൂടെ നൽകിയ തുക (2026 ജൂൺ 18 വരെയുള്ള കണക്കനുസരിച്ച്):

  • ആശുപത്രികൾക്ക്: 107+ കോടി രൂപ
  • ഡയഗ്നോസ്റ്റിക്സ്/ലാബുകൾ/ഫാർമസികൾക്ക്: 2.95 കോടി രൂപ
  • ഡിജിറ്റൽ സൊല്യൂഷൻ കമ്പനികൾക്ക്: 26+ കോടി രൂപ

ABDM ആരോഗ്യ സേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നു

ഡോ. പ്രവീൺ സിക്ക തന്റെ ഗുരുഗ്രാമിലെ ഫാർമസി എബിഡിഎമ്മിൽ രജിസ്റ്റർ ചെയ്തു. ഏകദേശം 2 മണിക്കൂറാണ് ഇതിനായി എടുത്തത്. രോഗികൾക്ക് ഇപ്പോൾ അവരുടെ എല്ലാ ആരോഗ്യ രേഖകളും ABHA ആപ്പ് വഴി ഒരിടത്ത് സംഭരിക്കാനും പരിശോധിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. സിക്കയ്ക്ക് ഇതിൽ നിന്ന് നേരിട്ടും പ്രയോജനം ലഭിക്കുന്നുണ്ട് —DHIS ഇൻസെന്റീവ് പദ്ധതിയിലൂടെ ABDM-മായി ബന്ധിപ്പിക്കുന്ന ഓരോ ആരോഗ്യ രേഖയ്ക്കും അദ്ദേഹത്തിന്റെ ഫാർമസിക്ക് പ്രതിഫലം ലഭിക്കുന്നു.

ഇ-ശുശ്രുത്@ക്ലിനിക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം:

വ്യക്തിഗത ആരോഗ്യ കേന്ദ്രങ്ങൾ എബിഡിഎമ്മിന് കീഴിൽ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഡോ. സിക്കയുടെ ഫാർമസി പോലുള്ള സംരംഭങ്ങളെങ്കിൽ ചെറുകിട ക്ലിനിക്കുകളുടെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി ഗവൺമെന്റ് ഒരു പ്രത്യേക സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

ജൂണിൽ ആരംഭിച്ച ഇ-ശുശ്രുത്@ക്ലിനിക് എന്നത് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC) വികസിപ്പിച്ചെടുത്ത, പ്ലഗ് ആൻഡ് പ്ലേ (ഉപയോഗിക്കാൻ എളുപ്പമുള്ള) രീതിയിലുള്ള ലളിതമായ ഒരു ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (HMIS) ആണ്. ഈ പ്ലാറ്റ്‌ഫോം ചെറുകിട ക്ലിനിക്കുകളെ രോഗികളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും ഭരണപരമായ ജോലികൾ ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ രീതിയിൽ ലളിതമാക്കാനും പ്രാപ്തമാക്കുന്നു.

രോഗികളുടെ രജിസ്‌ട്രേഷൻ, ബില്ലിംഗ്, റിപ്പോർട്ടിംഗ് എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവർത്തന പ്രക്രിയകളെ ഈ സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നു. ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി (HPR), ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി (HFR) എന്നിവയിലൂടെ ആരോഗ്യ പരിപാലന വിദഗ്ദ്ധരുടെയും കേന്ദ്രങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചതിന് ശേഷം മാത്രമേ ഇതിലേക്ക് പ്രവേശനം അനുവദിക്കൂ, ഇത് പരിശോധിച്ചുറപ്പിച്ച ദാതാക്കൾ മാത്രമാണ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നു.

ഇതുവരെ, 2200-ലധികം ആരോഗ്യ കേന്ദ്രങ്ങൾ ഇതിൽ പങ്കാളികളാവുകയും 1633-ലധികം ആരോഗ്യ രേഖകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ ആരോഗ്യ കേന്ദ്രങ്ങളിൽ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഇ-ശുശ്രുത്@ക്ലിനിക് ഒരു മാനദണ്ഡം നൽകുന്നുണ്ടെങ്കിലും ഈ ഡിജിറ്റൽ രേഖകൾ കൂടുതൽ വിപുലമായ ആരോഗ്യ ധനസഹായ, ഇൻഷുറൻസ് ആവാസവ്യവസ്ഥയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അടുത്ത നിർണ്ണായക ഘട്ടം.

ഇൻഷുറൻസ് ദാതാക്കൾക്കായുള്ള നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് (NHCX)

ABHA രോഗികളെ അവരുടെ ആരോഗ്യ വിവരങ്ങൾ സംഭരിക്കാനും പങ്കിടാനും മാത്രമല്ല സഹായിക്കുന്നത് അത് അവരുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പ്രോസസ്സിംഗ് ലളിതമാക്കാനും സഹായിക്കുന്നു. ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിന് (NHCX) മടുപ്പിക്കുന്ന പ്രോസസ്സിംഗ് കാലയളവിൽ രോഗികൾക്കുള്ള ഒരു വലിയ പോരായ്മ പരിഹരിക്കാൻ സാധിക്കും. പതിവായതും തുടർച്ചയായതുമായ ചികിത്സകൾ ആവശ്യമുള്ള സാംക്രമികേതര രോഗികൾക്ക് ക്ലെയിം പ്രക്രിയ കൂടുതൽ വ്യവസ്ഥാപിതവും അനുയോജ്യവുമാക്കാനും ഇതിന് കഴിയും.

പേയർമാർ (ഇൻഷുറൻസ് കമ്പനികൾ), ദാതാക്കൾ (ആശുപത്രികൾ), ഗുണഭോക്താക്കൾ, റെഗുലേറ്റർമാർ, നിരീക്ഷകർ എന്നിവർക്കിടയിൽ ക്ലെയിമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു ഡിജിറ്റൽ ഹൈവേയാണ് NHCX സ്ഥാപിക്കുന്നത്.

ഈ സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ട്:

ഇത് തീരുമാനങ്ങൾ വേഗത്തിലാക്കുന്നു, ഡിസ്ചാർജ് ചെയ്യാനുള്ള സമയം കുറയ്ക്കുന്നു, കൂടാതെ ആശുപത്രികളുടെ ഭരണപരമായ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നു.

  • ഇത് വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിലേക്ക് നയിക്കുന്നു.
  • രോഗികൾക്ക് അവരുടെ ആനുകൂല്യങ്ങൾ, ചികിത്സാ പശ്ചാത്തല വിവരം, യോഗ്യതകൾ എന്നിവ ഒരിടത്ത് കാണാൻ കഴിയും.
  • ദാതാക്കൾക്ക് രോഗിയുടെ പൂർണ്ണമായ ചികിത്സാ ചരിത്രം അനുമതിയോടെ പരിശോധിക്കാൻ കഴിയും. ഇത് ഒരേ പരിശോധനകൾ തന്നെ വീണ്ടും ചെയ്യുന്നത് കുറയ്ക്കുകയും ക്ലിനിക്കൽ തീരുമാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • ഇൻഷുറൻസ് കമ്പനികൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാനും പുതിയ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനും കഴിയും.
  • രോഗികൾക്ക് ഓരോ ക്ലെയിമും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്നതിനാൽ ഇത് അവരുടെ സാമ്പത്തിക സുരക്ഷിതത്വവും ആസൂത്രണവും മെച്ചപ്പെടുത്തുകയും മികച്ച ആരോഗ്യ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

യൂണിഫൈഡ് ഹെൽത്ത് ഇന്റർഫേസ് (UHI)

പരമ്പരാഗതമായി രോഗികൾക്കും ആരോഗ്യ പരിപാലന ദാതാക്കൾക്കും ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ പരസ്പരം സംവദിക്കാൻ സാധിക്കുമായിരുന്നുള്ളൂ. UHI ഈ പരിമിതി ഇല്ലാതാക്കുന്നു. ഇതിലൂടെ UHI അധിഷ്ഠിത ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഏത് രോഗിക്കും ആരോഗ്യ സേവന ദാതാവ് ഏത് ആപ്പ് ഉപയോഗിച്ചാലും അവരുമായി ബന്ധപ്പെടാനും ഇടപാടുകൾ നടത്താനും സാധിക്കും. നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) പ്രവർത്തിപ്പിക്കുന്ന ഒരു പൊതു ഗേറ്റ്‌വേ വഴിയാണ് അപേക്ഷകൾ കൈമാറുന്നത്. ഇത് രോഗികളുടെ ABHA വിവരങ്ങൾ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുന്നു. അതേസമയം ആരോഗ്യ പരിപാലന വിദഗ്ദ്ധരെയും കേന്ദ്രങ്ങളെയും HPR, HFR രജിസ്ട്രികൾ വഴി പരിശോധിച്ചുറപ്പിക്കുന്നു.

UHI നാല് തത്ത്വങ്ങളിലധിഷ്ഠിതമായാണ് നിർമ്മിച്ചിരിക്കുന്നത്:

  • പരസ്പര പ്രവർത്തനക്ഷമത
  • ഏത് വലുപ്പത്തിലുള്ള ദാതാക്കൾക്കും തുല്യമായ കണ്ടെത്തൽ സാധ്യത
  • യോഗ്യതയുള്ള ഡോക്ടർമാരെയും കേന്ദ്രങ്ങളെയും മാത്രം പരിശോധിച്ചുറപ്പിക്കൽ
  • ഏത് ഡെവലപ്പർക്കും ഉപയോഗിക്കാൻ കഴിയുന്ന ഓപ്പൺ പ്രോട്ടോക്കോളുകൾ

UHI പ്ലാറ്റ്‌ഫോമിൽ നിലവിൽ അഞ്ച് തത്സമയ സേവനങ്ങളുണ്ട്:

  • രക്ത ബാങ്ക് കണ്ടെത്തൽ
  • പിഎം ജൻ ആരോഗ്യ യോജന - സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ പൊതുജനാരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതി - ആശുപത്രി കണ്ടെത്തൽ
  • ജൻ ഔഷധി കേന്ദ്രം - വിപണി വിലയേക്കാൾ 50-90% കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ - കണ്ടെത്തൽ
  • ആംബുലൻസ് ബുക്കിംഗ്
  • ഡോക്ടർ കൺസൾട്ടേഷൻ

ഈ ദൈനംദിന ഇടപാടുകൾ സാധ്യമാക്കുന്നതിനപ്പുറം UHI വളരെ വലിയൊരു ലക്ഷ്യത്തിലേക്കും സംഭാവന നൽകുന്നുണ്ട്. അത് പൊതുജനാരോഗ്യ ഗവേഷണത്തിനും നയരൂപീകരണത്തിനുമായി എബിഡിഎമ്മിലുടനീളം നിർമ്മിക്കപ്പെടുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ്.

ഇന്ത്യയുടെ പൊതുജനാരോഗ്യ വിവരങ്ങൾക്കും AI മുന്നേറ്റത്തിനും കേന്ദ്രബിന്ദുവായി ABDM

ABHA-യും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ആരോഗ്യ രേഖകളും പൊതുജനാരോഗ്യ ഗവേഷണത്തിനും നയരൂപീകരണത്തിനും ഒരു നിധിയായി അതിവേഗം ഉയർന്നുവരുകയാണ്. ABDM-ലെ ആരോഗ്യ വിവരങ്ങൾ അജ്ഞാതമാക്കപ്പെട്ടവയാണ് (ആളാരെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാക്കിയവയാണ്). ഈ വിവരങ്ങൾ രോഗവ്യാപനം ട്രാക്ക് ചെയ്യാനും പൊതുജനാരോഗ്യ പ്രവണതകൾ നിരീക്ഷിക്കാനും കൂടുതൽ ലക്ഷ്യാധിഷ്ഠിതമായ ആരോഗ്യ പരിപാടികൾ രൂപകൽപ്പന ചെയ്യാനും ഗവൺമെന്റിനെ അനുവദിക്കുന്നു.

സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന രൂപകൽപ്പന

രോഗികൾ എബിഡിഎമ്മിൽ ആരോഗ്യ രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ വിവരങ്ങൾ അത് നിർമ്മിച്ചവർക്കൊപ്പം (ആശുപത്രി, ലാബ്, അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി) തന്നെയാണ് അവശേഷിക്കുന്നത്. ഈ വിവരങ്ങളെല്ലാം സംഭരിക്കുന്ന ഒരു കേന്ദ്രീകൃത ഗവൺമെന്റ് സെർവർ നിലവിലില്ല. രോഗി സമ്മതം നൽകുമ്പോൾ മാത്രമാണ് ABDM ശൃംഖലയ്ക്കുള്ളിൽ രേഖകൾ പങ്കിടുന്നത്.

ആപ്പുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും അത്ര പെട്ടെന്ന് എബിഡിഎമ്മുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ഓരോ പുതിയ ആപ്പും ആദ്യം ഒരു "സാൻഡ്‌ബോക്‌സിൽ" യഥാർത്ഥ സിസ്റ്റത്തിന്റെ സുരക്ഷിതവും അനുകരിക്കപ്പെട്ടതുമായ ഒരു പതിപ്പിൽ പരീക്ഷിക്കേണ്ടതുണ്ട്. തത്സമയം ആകുന്നതിന് മുൻപ് ഇത് ഒരു സുരക്ഷാ ഓഡിറ്റും വിജയിക്കേണ്ടതുണ്ട്. രോഗിയുടെ വിവരങ്ങൾ ഈ ആപ്പ് എങ്ങനെയൊക്കെ കൈകാര്യം ചെയ്യുന്നുവെന്നും സംരക്ഷിക്കുന്നുവെന്നും ഈ ഓഡിറ്റ് പരിശോധിക്കുന്നു.

ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുന്നതിനും ഈ വിവരങ്ങൾ കേന്ദ്രബിന്ദുവാണ്. 2026 ഫെബ്രുവരിയിൽ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ സർക്കാർ സാഹി (SAHI - Strategy for Artificial Intelligence in Healthcare for India), ബോധ് (BODH - Benchmarking Open Data Platform for Health AI) എന്നിവ ആരംഭിച്ചു.

ആരോഗ്യ സംരക്ഷണ മേഖലയിലെ AI വിന്യാസം സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് ധാർമ്മികത, ഉത്തരവാദിത്തം, സുരക്ഷ, സഹകരണം എന്നിവയിൽ 'സാഹി' (SAHI) വ്യവസ്ഥാപിതമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.

'ബോധ്' (BODH) എന്നത് സുരക്ഷിതവും ഫെഡറേറ്റഡ് ആയതുമായ ഒരു ആവാസവ്യവസ്ഥയാണ്. ഇവിടെ ഡെവലപ്പർമാർക്ക് രോഗികളുടെ യഥാർത്ഥ വിവരങ്ങൾ നേരിട്ട് ലഭ്യമാകാതെ തന്നെ സൈറ്റിൽ വച്ച് AI മോഡലുകളെ പരിശീലിപ്പിക്കാൻ കഴിയും - ഇത് പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കുന്നതിനായി പരിഷ്കരിച്ച മോഡൽ വെയ്റ്റുകൾ മാത്രമാണ് തിരികെ നൽകുന്നത്.

നൂതനാശയം, ഉത്തരവാദിത്തം, പൊതുവിശ്വാസം എന്നിവയിൽ ഊന്നിയുള്ളതും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു ആരോഗ്യ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.

ഡിജിറ്റലൈസേഷനിലൂടെയുള്ള സാർവത്രിക ആരോഗ്യ പരിരക്ഷ

ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്യബോധമുള്ളതും വിജയകരവുമായ ഡിജിറ്റൽ ആരോഗ്യ പരിപാടികളിലൊന്നാണ് ABDM. കുറഞ്ഞ കാത്തിരിപ്പുസമയം, പേപ്പർ രഹിത റെക്കോർഡുകൾ, വേഗത്തിലുള്ള ക്ലെയിമുകൾ, ദശലക്ഷക്കണക്കിന് രോഗികൾക്ക് മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കിക്കൊണ്ട് ഇത് ഇതിനകം തന്നെ ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്.

നിലവിൽ 93 കോടിയിലധികം ABHA-യുമായി 104 കോടിയിലധികം ആരോഗ്യ രേഖകൾ ബന്ധിപ്പിച്ചതിലൂടെ കാലക്രമേണ രോഗികളുടെ വിശദവും ഡിജിറ്റലുമായ ചികിത്സാ ചരിത്ര രേഖകൾ നിർമ്മിക്കുന്നതിലേക്ക് ABDM മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ഓരോ പൗരനും പൂർണ്ണമായ ഡിജിറ്റൽ ആരോഗ്യ രേഖകൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള എല്ലാ രോഗികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ ABDM ശൃംഖല വ്യാപിപ്പിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

അവലംബം

Press Information Bureau (PIB)

Ministry of Health and Family Welfare / ABDM

Click here to see pdf 

***

SK

 

(Explainer ID: 159128) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Kannada