• Sitemap
  • Advance Search
Social Welfare

ഇന്ത്യ കുതിപ്പിന്റെ പാതയിൽ

ടൂറിസത്തിലൂടെയുള്ള വളർച്ചയുടെ ഒരു പതിറ്റാണ്ട്

Posted On: 25 JUN 2026 11:22AM

ഒരു മേഖലയുടെ പുനർനിർമ്മാണം

യാത്രയ്ക്കും വിനോദത്തിനുമുള്ള ഒരു വ്യവസായം എന്നതിലുപരിയാണ് ടൂറിസം. അത് സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാംസ്കാരിക കൈമാറ്റത്തിനുമുള്ള ശക്തമായ ഒരു ഉത്തേജകമാണ്. ഒരു സഞ്ചാരി നടത്തുന്ന ഓരോ യാത്രയും ഹോട്ടലുകൾ, ഗതാഗത ഓപ്പറേറ്റർമാർ, ടൂർ ഗൈഡുകൾ, കരകൗശല വിദഗ്ധർ, റസ്റ്റോറന്റുകൾ, എണ്ണമറ്റ പ്രാദേശിക സംരംഭങ്ങൾ എന്നിവയ്ക്ക് പ്രയോജനം നൽകിക്കൊണ്ട് ഉപജീവനമാർഗ്ഗങ്ങളുടെ ഒരു വലിയ ശൃംഖലയിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നു. സന്ദർശകർ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുമ്പോൾ അവർ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് നേരിട്ട് സംഭാവന നൽകുകയും അതുവഴി താഴേത്തട്ടിൽ സമൃദ്ധിയും സംരംഭകത്വവും വളർത്തുകയും ചെയ്യുന്നു.

ഇന്ത്യയെപ്പോലെ വൈവിധ്യവും സാംസ്കാരിക സമൃദ്ധിയുമുള്ള ഒരു രാജ്യത്ത് പ്രാദേശിക വികസനത്തിന്റെ സുപ്രധാന ചാലകശക്തിയായി ടൂറിസം വർത്തിക്കുന്നു. ഇത് വളർന്നുവരുന്നതും വിദൂരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിക്ഷേപങ്ങളെ ആകർഷിക്കുകയും പ്രാദേശിക സമൂഹങ്ങൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ഇന്ത്യയുടെ ഉജ്ജ്വല പൈതൃകം, പാരമ്പര്യങ്ങൾ, പ്രകൃതിഭംഗി എന്നിവ ആഗോള ജനതയ്ക്ക് മുന്നിൽ എത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്വാധീനത്തിനപ്പുറം ടൂറിസം സാംസ്കാരിക ധാരണകളെ ശക്തിപ്പെടുത്തുകയും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുകയും ലോകവേദിയിൽ ഇന്ത്യയുടെ മൃദുശക്തിയെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.

തിരക്കേറിയ നഗരങ്ങളും പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളും മുതൽ ശാന്തമായ ഗ്രാമങ്ങൾ, മനോഹരമായ തീരപ്രദേശങ്ങൾ, ശ്രേഷ്ഠമായ പർവതങ്ങൾ, പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകൾ എന്നിവ വരെ ഉൾപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ വികസന പാത രൂപപ്പെടുത്തുന്നതിൽ ടൂറിസം ഇന്ന് കൂടുതൽ സുപ്രധാന പങ്ക് വഹിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ പരിവർത്തനാത്മക നയപരമായ ഇടപെടലുകൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം, നിർദ്ദിഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്രീകൃത വികസനം എന്നിവയിലൂടെ ഈ മേഖല പുതിയൊരു ഉണർവിന് സാക്ഷ്യം വഹിച്ചു. ഇന്ന് ടൂറിസമെന്നത് സാമ്പത്തിക പുരോഗതിയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും സംഗമസ്ഥാനത്താണ് നിൽക്കുന്നത്.

2014 മുതൽ 2025 വരെയുള്ള കാലയളവിൽ 181.25 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരും 93.35 ദശലക്ഷം വിദേശ വിനോദസഞ്ചാരികളും ഇന്ത്യയിലെത്തിയതായി കണക്കാക്കുന്നു. അന്താരാഷ്ട്ര സന്ദർശകർ എന്നത് വിദേശ പൗരന്മാരും പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടെ ഇന്ത്യയിലേക്ക് പ്രവേശിച്ച ആകെ സന്ദർശകരുടെ എണ്ണത്തെ പ്രതിനിധീകരിക്കുന്നു. ഇതിനു വിപരീതമായി വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇതേ കാലയളവിൽ രാജ്യം സന്ദർശിച്ച വിദേശ പൗരന്മാർ മാത്രമാണ് ഉൾപ്പെടുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന ഹൈവേകൾ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ വിനോദസഞ്ചാര കേന്ദ്രങ്ങളെ എന്നത്തേക്കാളും കൂടുതൽ പ്രാപ്യമാക്കുന്നു, ഇത് വികസിത് ഭാരതം@2047 എന്ന ലക്ഷ്യത്തിലേക്കുള്ള ടൂറിസത്തിന്റെ സംഭാവനയെ ശക്തിപ്പെടുത്തുന്നു.

സ്വദേശ് ദർശനിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുജ്ജീവനം

ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഓരോ യാത്രാനുഭവവും ആരംഭിക്കുന്നത് ഒരു സന്ദർശകൻ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് എത്രയോ മുമ്പാണ്. സുഗമവും മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ടതുമായ റോഡുകൾ, എളുപ്പത്തിൽ എത്തിച്ചേരാവുന്ന പൊതുവിടങ്ങൾ, ഗുണനിലവാരമുള്ള താമസം, ആധുനിക സന്ദർശക സൗകര്യങ്ങൾ എന്നിവ പലപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങൾ എങ്ങനെ അനുഭവപ്പെടുന്നുവെന്നും ഓർമ്മിക്കപ്പെടുന്നുവെന്നും രൂപപ്പെടുത്തുന്നു. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിവർത്തനാത്മക പങ്ക് തിരിച്ചറിഞ്ഞ്, രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് വലിയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചു.

2014-ൽ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾ അവതരിപ്പിച്ചത് ടൂറിസം വികസനത്തോടുള്ള ഇന്ത്യയുടെ സമീപനത്തിൽ വലിയൊരു മാറ്റം അടയാളപ്പെടുത്തി. ചിതറിക്കിടക്കുന്ന ഇടപെടലുകൾക്കപ്പുറം വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം ലോകോത്തര ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വികസിപ്പിക്കുന്നതിലായിരുന്നു ഈ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് സ്വദേശ് ദർശൻ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴിൽ രാജ്യവ്യാപകമായി 15 ടൂറിസ്റ്റ് സർക്യൂട്ടുകളിലായി 5,000 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ 76 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ 75 പദ്ധതികൾ പ്രായോഗികമായി പൂർത്തിയായി. ഇത് സന്ദർശകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കാരണമായി.

ഈ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് സുസ്ഥിരവും അനുഭവവേദ്യവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് 2022-ൽ ഗവൺമെന്റ് സ്വദേശ് ദർശൻ 2.0 അവതരിപ്പിച്ചു. സന്ദർശകർക്ക് സവിശേഷവും അവിസ്മരണീയവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ആഴത്തിലുള്ള ടൂറിസം കേന്ദ്രങ്ങളായി വിനോദസഞ്ചാര കേന്ദ്രങ്ങളെ മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഉത്തരാഖണ്ഡിലെ തെഹ്‍രി തടാകത്തിന് ചുറ്റുമുള്ള ഫ്ലോട്ടിംഗ് ലോഗ് ഹട്ടുകൾ (ജലാശയത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന തടി വീടുകൾ) ഇതിൽ ശ്രദ്ധേയമായ ഇടപെടലുകളിൽ ഉൾപ്പെടുന്നു. ഇത് സവിശേഷമായ ജലാശയ തീരത്തെ അനുഭവങ്ങൾ സൃഷ്ടിക്കുന്നു. ഹരിയാണയിലെ കുരുക്ഷേത്രയിൽ ആഴത്തിലുള്ള കഥാസ്മരണകളിലൂടെയും സാംസ്കാരിക വ്യാഖ്യാനങ്ങളിലൂടെയും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്നതിനായി മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള തീമാറ്റിക് ആകർഷണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യയിലുടനീളം വിശ്വാസത്തിന്റെ യാത്രകൾ ഓരോ വർഷവും ദശലക്ഷക്കണക്കിന് തീർത്ഥാടകരെ ആകർഷിക്കുന്നത് തുടരുന്നു. ഈ പവിത്രമായ യാത്രകൾ ആത്മീയ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനേക്കാൾ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. അവ പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെ നിലനിർത്തുകയും പരമ്പരാഗത കരകൗശലവസ്തുക്കളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകങ്ങളായി വർത്തിക്കുകയും ചെയ്യുന്നു.

ആത്മീയ ടൂറിസത്തിന്റെ പരിവർത്തന സാധ്യതകൾ തിരിച്ചറിഞ്ഞ് ഇന്ത്യയിലുടനീളം 1700 കോടിയിലധികം രൂപ വിലമതിക്കുന്ന 54 പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് പ്രസാദ് (PRASHAD) പദ്ധതി തീർത്ഥാടന മേഖലയെ പുനർനിർമ്മിച്ചു. ഈ സംയോജിത വികസനങ്ങൾ സോമനാഥ്, ശ്രീശൈലം, ഉത്തർപ്രദേശിലെ ഗോവർദ്ധൻ തുടങ്ങിയ വലിയതോതിൽ ആളുകൾ എത്തിച്ചേരുന്ന ആത്മീയ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും സുരക്ഷിതത്വവും ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ദേശീയതലത്തിലുള്ള വിപുലമായ മുൻഗണനകളിലേക്ക് ടൂറിസം വികസനവും സമന്വയിപ്പിക്കപ്പെടുന്നു. വടക്കുകിഴക്കൻ മേഖലയുടെ സാധ്യതകൾ തുറന്നുനൽകുക, ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക, പൂർവോദയ സംസ്ഥാനങ്ങളുടെ വികസന അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുമായി ഇത് കൂടുതലായി പൊരുത്തപ്പെടുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും പരിപാലനത്തിനും വികസനത്തിനുമുള്ള വ്യവസ്ഥകളിലൂടെ സമീപകാലത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ഈ കാഴ്ചപ്പാടിന് കൂടുതൽ കരുത്തേകുന്നു. ഈ നിക്ഷേപങ്ങൾ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും വളർന്നുവരുന്ന ടൂറിസം മേഖലകളിലെ സമൂഹങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രതിരോധശേഷിയുള്ളതും സജീവവുമായ ടൂറിസം മേഖലകളിലൊന്നായ ആത്മീയ ടൂറിസം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് തുടരുന്നു. തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും സന്ദർശകരുടെ അനുഭവങ്ങൾ സമ്പന്നമാക്കുന്നതിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ ആത്മീയ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം ടൂറിസത്തിന്റെ പ്രയോജനങ്ങൾ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തുന്നുവെന്ന് ഈ സംരംഭങ്ങൾ ഉറപ്പാക്കുന്നു.

മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം

അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം തന്ത്രത്തിന് കൂടുതൽ കരുത്തുപകർന്നുകൊണ്ട്, 2024-25 ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം - പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കൽ എന്ന പദ്ധതിക്ക് ഗവൺമെന്റ് രൂപം നൽകി. ഉയർന്ന സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം ഹബുകളാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിപാടി സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യസ്ഥാനങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സാമ്പത്തിക അവസരങ്ങൾ തുറന്നുനൽകുന്നതിനും ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന് കീഴിൽ ആഗോള നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അടിവരയിട്ടുകൊണ്ട്, 23 സംസ്ഥാനങ്ങളിലായി 3,295.76 കോടി രൂപാ ചെലവിൽ 40 പദ്ധതികൾക്ക് ഇതിനകം തന്നെ അംഗീകാരം നൽകിക്കഴിഞ്ഞു.

സുസ്ഥിരത, ഉത്തരവാദിത്തത്തോടെയുള്ള യാത്ര, അമിത ടൂറിസം നിയന്ത്രിക്കൽ

ടൂറിസം വളരുന്നതിനനുസരിച്ച് ഈ മേഖലയുടെ ദീർഘകാല വളർച്ചയ്ക്ക് സുസ്ഥിരത എന്നത് കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. വരുംതലമുറകൾക്കും ഇന്ത്യയുടെ സമ്പന്നമായ ടൂറിസം സമ്പത്ത് അനുഭവിക്കാനും അതിൽ നിന്ന് പ്രയോജനം നേടാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിന് പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ, സാംസ്കാരിക പൈതൃകങ്ങൾ, പ്രാദേശിക പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അമിത ടൂറിസത്തിന്റെ (overtourism) വെല്ലുവിളികൾ പരിഹരിക്കുന്നതിനായി പ്രത്യേക താല്പര്യങ്ങൾക്കനുസൃതമായ ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു ടൂറിസം മേഖലയെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഹിമാലയൻ ട്രെക്കിംഗ് പാതകൾ, പക്ഷിനിരീക്ഷണ സർക്യൂട്ടുകൾ, ക്യൂറേറ്റഡ് ടർട്ടിൽ ടൂറിസം അനുഭവങ്ങൾ തുടങ്ങിയ സംരംഭങ്ങൾ സന്ദർശകരുടെ ഒഴുക്ക് വികേന്ദ്രീകരിക്കാൻ സഹായിക്കുന്നതോടൊപ്പം അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികളെയും ബിസിനസ്സുകളെയും പ്രാദേശിക സമൂഹങ്ങളെയും പരിസ്ഥിതി സൗഹാർദ്ദപരമായ ശീലങ്ങൾ സ്വീകരിക്കാനും പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന ബോധപൂർവ്വമായ തിരഞ്ഞെടുപ്പുകൾ നടത്താനും പ്രോത്സാഹിപ്പിക്കുന്ന ട്രാവൽ ഫോർ ലൈഫ് പരിപാടിയിലൂടെ സുസ്ഥിരതയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നു.

സുസ്ഥിര ടൂറിസത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആഗോളതലത്തിലും അംഗീകാരം നേടുന്നു. ഉത്തരവാദിത്തമുള്ള ടൂറിസം കേന്ദ്ര മാനേജ്‌മെന്റിന് ഒരു മാതൃകയായി മാറിക്കൊണ്ട്, പ്രശസ്തമായ ഗ്രീൻ ഡെസ്റ്റിനേഷൻസ് സിൽവർ ആഗോള സർട്ടിഫിക്കേഷൻ നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി മാമല്ലപുരം അടുത്തിടെ മാറി. ഈ ശ്രമങ്ങൾക്ക് അനുബന്ധമായി, ചലഞ്ച് അടിസ്ഥാനമാക്കിയുള്ള ലക്ഷ്യസ്ഥാന വികസന (CBDD) സംരംഭം ആത്മീയ, ഇക്കോ-ടൂറിസം വിഭാഗങ്ങൾക്ക് കീഴിൽ 697.94 കോടി രൂപാ ചെലവിൽ 38 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അസമിലെ പാനിദിഹിങ് പക്ഷിസങ്കേതവും തെലങ്കാനയിലെ നിസാം സാഗറിലെ റിസർവോയർ ഇക്കോ ടൂറിസം പദ്ധതിയും ഇതിന് ഉദാഹരണങ്ങളാണ്. ഈ സംരംഭങ്ങളെല്ലാം സാമ്പത്തിക വളർച്ചയെ പരിസ്ഥിതി സുസ്ഥിരതയോടും സാംസ്കാരിക സംരക്ഷണത്തോടുമൊപ്പം സന്തുലിതമായി കൊണ്ടുപോകുന്ന ഒരു ടൂറിസം മാതൃകയെ വളർത്തിയെടുക്കുന്നു.

ആഗോള മത്സരക്ഷമതയും സാങ്കേതിക സംയോജനവും

കൂടുതലായി പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തടസ്സങ്ങളില്ലാത്ത യാത്രാസൗകര്യം, ഡിജിറ്റൽ നൂതനാശയങ്ങൾ, ആഗോള ദൃശ്യപരത എന്നിവയാണ് ടൂറിസത്തെ രൂപപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടിൽ അതിന്റെ ടൂറിസം വ്യവസ്ഥിതിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനം വ്യാപിപ്പിക്കുന്നതിനുമായി സമയം വിനിയോഗിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ ആഗോള ടൂറിസം രംഗത്ത് രാജ്യത്തിന്റെ നിലയെ ക്രമാനുഗതമായി ഉയർത്തി. ഈ പുരോഗതി അന്താരാഷ്ട്ര റാങ്കിംഗുകളിൽ പ്രതിഫലിക്കുന്നുമുണ്ട്. 2016-25-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024-20.6 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ രേഖപ്പെടുത്തിക്കൊണ്ട് ആഗോളതലത്തിൽ 20-ാം സ്ഥാനം ഉറപ്പിച്ചു.

ഡിജിറ്റൽ-നയപരമായ പരിഷ്കാരങ്ങളിലൂടെ പ്രത്യേകിച്ച് ഇ-ടൂറിസ്റ്റ് വിസ സംവിധാനത്തിലൂടെ ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമായി മാറിയിരിക്കുന്നു. നിധി (NIDHI), നിധി പ്ലസ് (NIDHI Plus) തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തുടനീളമുള്ള താമസസൗകര്യം നൽകുന്നവരുടെയും ട്രാവൽ ഏജന്റുമാരുടെയും രജിസ്‌ട്രേഷനും ബിസിനസ്സ് നടപടികളും ലളിതമാക്കിയിട്ടുണ്ട്. ഇത് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു ടൂറിസം വ്യവസ്ഥിതിക്ക് സംഭാവന നൽകുന്നു.

ആഗോളതലത്തിലുള്ള ഇടപെടലുകൾക്കുള്ള ശക്തമായ ഒരു ഉപകരണം കൂടിയായി ടൂറിസം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയുടെ ജി20 അധ്യക്ഷപദം രാജ്യത്തിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, സമ്പന്ന പൈതൃകം, കണ്ണഞ്ചിപ്പിക്കുന്ന കരകൗശലവസ്തുക്കൾ, ജീവസ്സുറ്റ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ആഗോള പ്രതിച്ഛായയും മൃദുശക്തിയും ശക്തിപ്പെടുത്തുന്നതിനപ്പുറം മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവ ഉൾപ്പെടുന്ന MICE ടൂറിസത്തിനുള്ള ഒരു മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന കഴിവുകളെ ഈ ചടങ്ങ് എടുത്തുയർത്തി. ആഗോള നേതാക്കളെ രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചതിലൂടെ ടൂറിസം ഒരു സാമ്പത്തിക ചാലകശക്തി മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര സഹകരണത്തിനും സാംസ്കാരിക കൈമാറ്റത്തിനുമുള്ള ഒരു പാലം കൂടിയാണെന്ന സാധ്യതയെ അത് തെളിയിച്ചു.

മനുഷ്യവിഭവശേഷിയും ഭാവി അഭിലാഷങ്ങളും ശാക്തീകരിക്കുന്നു

ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഓരോ യാത്രയും ആത്യന്തികമായി രൂപപ്പെടുത്തപ്പെടുന്നത് സന്ദർശിക്കുന്ന സ്ഥലങ്ങളാൽ മാത്രമല്ല, മറിച്ച് ആ ലക്ഷ്യസ്ഥാനങ്ങൾക്ക് ജീവൻ നൽകുന്ന മനുഷ്യരാൽ കൂടിയാണ്. വിദഗ്ധരായ ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവർ മുതൽ കരകൗശല വിദഗ്ധർ, ഗതാഗത ഓപ്പറേറ്റർമാർ, പ്രാദേശിക സംരംഭകർ വരെ ഉൾപ്പെടുന്ന, കഴിവുകളിലൂടെയും സേവനങ്ങളിലൂടെയും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുന്ന വ്യക്തികളുടെ ഒരു വലിയ ശൃംഖലയാണ് ടൂറിസത്തിന് കരുത്തുപകരുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയുടെ ടൂറിസം തന്ത്രം ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും തുല്യ പ്രാധാന്യം നൽകുന്നു.

പൗരന്മാരോട് ആഭ്യന്തര ടൂറിസം തിരഞ്ഞെടുക്കാനും രാജ്യത്തുടനീളമുള്ള പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെയും കരകൗശല വിദഗ്ധരെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ ലാളിത്യത്തിനായുള്ള ആഹ്വാനം ഈ കാഴ്ചപ്പാടിന് അടിവരയിടുന്നു.

ടൂറിസം മേഖലയിലെ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക എന്നത് ഗവൺമെന്റിന്റെ പ്രധാന മുൻഗണനയായി തുടരുന്നു. 2014-നും 2025-നും ഇടയിൽ സർവീസ് പ്രൊവൈഡർമാർക്കായുള്ള ശേഷി വികസന (Capacity Building for Service Providers) പദ്ധതിക്ക് കീഴിൽ 4.5 ലക്ഷത്തിലധികം ആളുകൾക്ക് പരിശീലനം നൽകി. ഇത് ഈ മേഖലയിലുടനീളമുള്ള സേവന നിലവാരവും തൊഴിൽ സാധ്യതയും വർധിപ്പിച്ചു. ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലൂടെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ടൂറിസ്റ്റ് ഗൈഡുകളുടെ നൈപുണ്യം വർധിപ്പിക്കുന്നതിലൂടെയും 2026-27 ലെ കേന്ദ്ര ബജറ്റ് ഈ ലക്ഷ്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

ഇന്ത്യയുടെ ടൂറിസം ലക്ഷ്യങ്ങൾ കേവലം സന്ദർശകരെ ആകർഷിക്കുന്നതിനും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി രാജ്യം ക്രമാനുഗതമായി സ്വയം മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം സമ്പദ്‌വ്യവസ്ഥകളിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് 231.6 ബില്യൺ യു.എസ് ഡോളർ സംഭാവന ചെയ്യുന്നു. ആഗോള ടൂറിസം രംഗത്ത് ഇന്ത്യയ്ക്കുള്ള വർധിച്ചുവരുന്ന സ്വാധീനം പ്രതിഫലിപ്പിച്ചുകൊണ്ട് അടുത്ത ദശകത്തിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് ഉയരുമെന്ന് വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ (WTTC) പ്രവചിക്കുന്നു. ഇ-വിസ സംവിധാനത്തിന്റെ ഗണ്യമായ വിപുലീകരണത്തിലൂടെ യാത്രാ സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇത് നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇന്ത്യയിലേക്ക് വരുന്നത് കൂടുതൽ എളുപ്പമാക്കുന്നു.

ഈ പരിവർത്തനം ഇപ്പോൾത്തന്നെ താഴേത്തട്ടിൽ ദൃശ്യമാണ്. കഴിഞ്ഞ ദശകത്തിൽ വിവിധ ടൂറിസം അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ നൂറിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കപ്പെട്ടു. ഇത് സന്ദർശകരുടെ അനുഭവത്തിൽ വലിയ രീതിയിലുള്ള പുരോഗതിക്ക് കാരണമായി. നിർദ്ദിഷ്ടമായ 50 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഈ ലക്ഷ്യസ്ഥാനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങൾ, ടൂറിസത്തിനായുള്ള സജ്ജീകരണം എന്നിവ ഇനിയും വർധിപ്പിക്കും.

മെച്ചപ്പെട്ട ഹൈവേകൾ, ആധുനിക വിമാനത്താവളങ്ങൾ, ഉഡാൻ (UDAN) കണക്റ്റിവിറ്റി, വന്ദേ ഭാരത് ട്രെയിനുകൾ, റെയിൽവേ നവീകരണം, കൂടുതൽ ശക്തമായ ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി (അവസാന ഘട്ട യാത്രാ സൗകര്യം) എന്നിവ യാത്രകളെ എന്നത്തേക്കാളും എളുപ്പമുള്ളതാക്കി മാറ്റുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നത് കൂടുതൽ എളുപ്പമാകുന്നതോടെ പ്രാദേശിക സമൂഹങ്ങൾക്കും ടൂറിസം സംരംഭങ്ങൾക്കും പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു.

ഇന്ത്യയുടെ അന്താരാഷ്ട്ര ടൂറിസം പ്രവർത്തനങ്ങളും സമാനമായ രീതിയിൽ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുനരുജ്ജീവിപ്പിച്ച 'ഇൻക്രെഡിബിൾ ഇന്ത്യ' (Incredible India) കാമ്പെയ്ൻ, മെച്ചപ്പെട്ട ഡിജിറ്റൽ പ്രമോഷൻ, അന്താരാഷ്ട്ര ട്രാവൽ മാർട്ടുകളിലെ പങ്കാളിത്തം, റോഡ് ഷോകൾ, തന്ത്രപ്രധാനമായ പങ്കാളിത്തങ്ങൾ എന്നിവ പ്രധാന വിദേശ വിപണികളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുന്നുണ്ട്. ഒന്നിച്ച് നോക്കുമ്പോൾ, ഈ ശ്രമങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ കൂടുതൽ മത്സരശേഷിയുള്ളതുമായ ഒരു ടൂറിസം മേഖലയ്ക്ക് അടിത്തറയിടുന്നു.

ഒരു മുൻനിര ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ അർത്ഥവത്തായ അനുഭവങ്ങൾ സൃഷ്ടിക്കുക, ഉപജീവനമാർഗ്ഗങ്ങൾ ഉണ്ടാക്കുക, പൈതൃകം സംരക്ഷിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, കൂടാതെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയ്ക്ക് ടൂറിസം ഒരു ഉത്തേജകമായി വർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ ടൂറിസം പരിവർത്തനത്തിന്റെ യാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ് - അതിന്റെ അടുത്ത അധ്യായം ഇതിലും വലിയ ലക്ഷ്യങ്ങളുള്ളതായിരിക്കുമെന്ന് ഉറപ്പുനൽകുന്നു.

India on the Move

***

SK

 

(Explainer ID: 159062) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Kannada