• Sitemap
  • Advance Search
Social Welfare

സംരംഭത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക്: ഒരു എംഎസ്എംഇ വിജയഗാഥ

പരിവർത്തനാത്മക സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചാ യന്ത്രങ്ങൾ

Posted On: 26 JUN 2026 11:44AM

കരകൗശല വിദഗ്ധർ, ഗ്രാമീണ സംരംഭങ്ങൾ നൂതന ഉത്പാദകർ അടക്കമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ-കൾ) ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. സുസ്ഥിരമായ പരിഷ്കാരങ്ങൾ, ഡിജിറ്റലൈസേഷൻ, ലക്ഷ്യവേധിയായ പിന്തുണ എന്നിവയിലൂടെ, ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾക്ക് വായ്പകൾ, പുതിയ സാങ്കേതികവിദ്യ, നൈപുണ്യം, വിശാലമായ വിപണികൾ എന്നിവയിലേക്ക് ഇപ്പോൾ പ്രാപ്യത ലഭിക്കുന്നു. തത്ഫലമായി, അവർ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉത്പാദനം വർദ്ധിപ്പിക്കുകയും കയറ്റുമതിയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു. 2047 ഓടെ വികസിത ഇന്ത്യയെന്ന ദർശനവുമായി രാജ്യം മുന്നേറുമ്പോൾ, തൊഴിൽ സൃഷ്ടിക്കുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും ദീർഘകാല, സുസ്ഥിര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും എംഎസ്എംഇകൾ നിർണായക പങ്ക് വഹിക്കും.

സമഗ്ര സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകർന്ന് ഇന്ത്യയിലെ എംഎസ്എംഇകൾ

ഇന്ത്യയിലുടനീളം പല രൂപങ്ങളിൽ സംരംഭങ്ങൾ നിലവിലുണ്ട്. പരമ്പരാഗത കരകൗശല വൈദഗ്ദ്ധ്യം കാത്തു സംരക്ഷിക്കുന്ന നെയ്ത്തുകാർ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട ഉത്പാദകർ, ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്ന വനിതാ സംരംഭക, നൂതനാശയങ്ങളുടെ പിൻബലത്തിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്ന ഒരു യുവ സംരംഭകൻ എന്നിവർ ഇതിലുൾപ്പെടുന്നു. ഈ സംരംഭങ്ങൾ വലുപ്പത്തിലും തരത്തിലും വൈവിധ്യം പുലർത്താറുണ്ടെങ്കിലും, രാജ്യത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന ചെയ്യുകയെന്ന പൊതു ലക്ഷ്യം പങ്കിടുന്നു. ദശലക്ഷക്കണക്കിന് സംരംഭങ്ങൾ സംയുക്തമായി ഇന്ത്യയുടെ എംഎസ്എംഇ മേഖലയുടെ അടിത്തറയായി മാറുന്നു.

ഇന്ന്, എംഎസ്എംഇകൾ കേവലം ബിസിനസ്സുകൾ മാത്രമല്ല. അവ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്രദമാം വിധം സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഔപചാരികവത്ക്കരണം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിരമായ നയ ഇടപെടലുകൾ എന്നിവയാൽ നയിക്കപ്പെടുന്ന ഈ മേഖല വളർച്ചയുടെ പാതയിലാണ്. ആത്മനിർഭർ ഭാരത്, വികസിത ഇന്ത്യ 2047 എന്നീ ദർശനങ്ങളെ പിന്തുണയ്ക്കുന്ന ഈ മേഖല ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയ്ക്ക് കനപ്പെട്ട സംഭാവനകൾ  നൽകുന്നു. സംരംഭത്തിൽ നിന്ന് ശാക്തീകരണത്തിലേക്കുള്ള എംഎസ്എംഇയുടെ ഈ വിജയഗാഥ ഇന്ത്യയുടെ വളർച്ചയുടെയും പരിവർത്തനത്തിൻ്റെയും കഥയായി മാറിയിരിക്കുന്നു.

ബ്രിക്സ് മുഖേന ആഗോള എംഎസ്എംഇ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ  

2026 ജൂണിൽ, ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷ കാലയളവിൽ പ്രഥമ ബ്രിക്‌സ് എംഎസ്എംഇ ഫോറത്തിനും മൂന്നാം എസ്എംഇ പ്രവർത്തക സമിതി യോഗത്തിനും ആതിഥേയത്വം വഹിക്കുകയുണ്ടായി. "എംഎസ്എംഇ ആവാസവ്യവസ്ഥയുടെ വികാസം: ആഗോള മുന്നേറ്റത്തിനുള്ള സുസ്ഥിര മാർഗ്ഗങ്ങൾ" എന്ന വിഷയത്തിൽ, അംഗരാജ്യങ്ങൾ എംഎസ്എംഇ വികസനത്തിനായുള്ള മികച്ച രീതികളും നയ സംരംഭങ്ങളും പങ്കിട്ടു. എംഎസ്എംഇകൾക്കുള്ള ധനസഹായം, സാങ്കേതികവിദ്യ, സുസ്ഥിര വളർച്ച എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
ഇന്ത്യയുടെ എംഎസ്എംഇ ഭൂമിക: വ്യാപ്തി, വൈവിധ്യം, സ്വാധീനം

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും വ്യാവസായിക വികസനത്തെയും മുന്നോട്ട് നയിക്കുന്നതിൽ എംഎസ്എംഇകൾ ഇന്ന് നിർണായക പങ്ക് വഹിക്കുന്നു. രാജ്യത്തിൻ്റെ സമ്പദ്‌ വ്യവസ്ഥയിൽ എംഎസ്എംഇകളുടെ വികസിക്കുന്ന പങ്ക് പ്രതിഫലിപ്പിച്ചുകൊണ്ട്, 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തോടെ എംഎസ്എംഇകളുടെ നിർവ്വചനം ഗവണ്മെൻ്റ് പരിഷ്കരിച്ചു. നിക്ഷേപവും വാർഷിക വിറ്റുവരവും വർദ്ധിക്കുമ്പോഴും, നയപരമായ തുടർ പിന്തുണയും വിപുലീകരിക്കാൻ കൂടുതൽ അവസരങ്ങളും ഉറപ്പാക്കി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

നിങ്ങൾക്കറിയാമോ?

ക്രെഡിറ്റ് അസസ്‌മെൻ്റ് മോഡൽ (സിഎഎം) എന്നത് എംഎസ്എംഇ വായ്പാ അപേക്ഷകളുടെ വേഗത്തിലുള്ളതും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ സാധ്യമാക്കുന്നതിന് പരിശോധിച്ചുറപ്പിച്ച ഡാറ്റ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ ലോൺ അപ്രൈസൽ സംവിധാനമാണ്.

2025 ഏപ്രിൽ ഒന്നിനും ഡിസംബർ 31 നും മദ്ധ്യേ, പുതിയ ഡിജിറ്റൽ ക്രെഡിറ്റ് അസസ്‌മെൻ്റ് സിസ്റ്റം മുഖേന പൊതുമേഖലാ ബാങ്കുകൾ 3.96 ലക്ഷത്തിലധികം എംഎസ്എംഇ വായ്പകൾ അനുവദിച്ചു. ഈ വായ്പകളുടെ ആകെ മൂല്യം 52,300 കോടി കവിഞ്ഞു.



2026 ജനുവരിയിലെ ഡാറ്റ പ്രകാരം ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 31.1%, വ്യവസായിക ഉത്പാദനത്തിൻ്റെ 35.4%, കയറ്റുമതിയുടെ 48.58% എന്നിങ്ങനെ സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണ്. ഈ മേഖല 38.9 കോടിയിലധികം ജനങ്ങൾക്ക് തൊഴിൽ നൽകുന്നു, കൃഷി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവായി എംഎസ്എംഇ മേഖല മാറിയിട്ടുണ്ട്.

സമ്പദ്‌ വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾക്കപ്പുറം, ഇന്ത്യയിലുടനീളം ഊർജ്ജസ്വലമായ ഒരു സംരംഭകത്വ സംസ്കാരം കെട്ടിപ്പടുക്കാൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സഹായിക്കുന്നു. ഒന്നാം തലമുറ സംരംഭകർക്കും, വനിതാ സംരംഭകർക്കും, യുവാക്കൾക്കും, പ്രത്യേകിച്ച് ചെറുകിട പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബിസിനസ്സുകൾ ആരംഭിക്കാനും വിപുലീകരിക്കാനും അവസരങ്ങൾ നൽകുന്നു. ബിസിനസ്സുകൾ സുഗമമാക്കാനുള്ള ഗവണ്മെൻ്റിൻ്റെ പരിഷ്കാരങ്ങൾ ഈ മുന്നേറ്റത്തെ പിന്തുണച്ചിട്ടുണ്ട്. ഡിജിറ്റൽ ക്രെഡിറ്റ് അസസ്‌മെൻ്റ് മോഡൽ പോലുള്ള പരിപാടികൾ എളുപ്പത്തിൽ വായ്പകൾ ലഭിക്കാൻ എംഎസ്എംഇകളെ സഹായിക്കുന്നു, ചെറുകിട വ്യവസായ വികസന ബാങ്കിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ചത് അവരുടെ ഔപചാരിക ധനസഹായത്തിലേക്കുള്ള പ്രാപ്യത മെച്ചപ്പെടുത്തുന്നു.

പരിവർത്തനത്തിൻ്റെ ഒരു വർഷം

2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ എംഎസ്എംഇ വളർച്ചാ ഗാഥയിലെ സുപ്രധാന അധ്യായമായി രേഖപ്പെടുത്തപ്പെട്ടു. കൂടുതൽ ബിസിനസ്സുകളെ ഔപചാരിക സമ്പദ്‌ വ്യവസ്ഥയിലേക്ക് കൊണ്ടുവരിക, വായ്പകളിലേക്കും സാമ്പത്തിക പിന്തുണയിലേക്കുമുള്ള പ്രാപ്യത മെച്ചപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ബിസിനസ്സ്  പരാതികൾ പരിഹരിക്കുന്നതിന് മികച്ച സംവിധാനങ്ങൾ സൃഷ്ടിക്കുക, വിപണി അവസരങ്ങൾ വികസിപ്പിക്കുക എന്നിവ ഈ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

ഔപചാരികവത്ക്കരണം പുതിയ ഉയരങ്ങൾ താണ്ടുന്നു

  • ഉദ്യം രജിസ്ട്രേഷൻ പോർട്ടലിനും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമിനും കീഴിലുള്ള രജിസ്ട്രേഷനുകൾ 2026 ജൂൺ വരെയുള്ള കാലയളവിൽ 8.7 കോടി കവിഞ്ഞു.
  • ഔപചാരിക സംരംഭക അടിത്തറയുടെ വികാസത്തിലൂടെ ദശലക്ഷക്കണക്കിന് സൂക്ഷ്മ, ചെറുകിട ബിസിനസ്സുകൾക്ക് സ്ഥാപനപരമായ ധനസഹായം, ഗവണ്മെൻ്റ് പദ്ധതികൾ, വിപണി അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രാപ്യത  മെച്ചപ്പെടുത്താനായിട്ടുണ്ട്.

വായ്പാ ലഭ്യത വിപുലീകരിച്ചു

  • സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (CGTMSE) 25 വർഷം പൂർത്തിയാക്കി.
  • 2025 ജനുവരി ഒന്ന് മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ 3.77 ലക്ഷം കോടി രൂപയുടെ 29.03 ലക്ഷം ഗ്യാരണ്ടികൾ അംഗീകരിച്ചു.
  • ഗ്യാരണ്ടി കവറേജ് പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി വർദ്ധിപ്പിച്ചത്, ഈട് -രഹിത വായ്പകൾ സുഗമമായി ലഭിക്കാൻ എംഎസ്എംഇകൾക്ക് സഹായകമായി.

ഖാദി, ഗ്രാമ വ്യവസായ, കയർ മേഖലകൾ പുതിയ ഉയരങ്ങൾ കീഴടക്കി

  • ഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിൽപ്പന ഈ വർഷം 1.27 ലക്ഷം കോടി രൂപ കവിഞ്ഞു.
  • തദ്ദേശീയ ഉത്പന്നങ്ങൾക്കായുള്ള ആവശ്യകത വർദ്ധിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗ്രാമീണ സംരംഭങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കുമാണ് ഈ സുസ്ഥിര വളർച്ചയിൽ പ്രതിഫലിച്ചത്.
  • കയറ്റുമതിയിലും പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും കയർ മേഖല ഗണ്യമായ വളർച്ച കൈവരിച്ചു, 2025–26 ൽ കയർ കയറ്റുമതി 6,614.40 കോടി രൂപയിലെത്തി.

സംവേദനാത്മകവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭരണനിർവ്വഹണം

  • എംഎസ്എംഇ സമാധാൻ പോർട്ടൽ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ കാലതാമസം നേരിട്ട പേയ്‌മെൻ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിച്ചു, 2026 ജൂൺ ആയപ്പോഴേക്കും 55,244.29 കോടി രൂപ  മൂല്യമുള്ള ക്ലെയിമുകൾ ഉൾപ്പെടുന്ന 2,56,892 അപേക്ഷകൾ ലഭിച്ചു, അതിൽ 58,148 കേസുകൾ എംഎസ്ഇ ഫെസിലിറ്റേഷൻ കൗൺസിലുകൾ മുഖേന വിജയകരമായി തീർപ്പാക്കി.
  • ചാമ്പ്യൻസ് പോർട്ടൽ സംരംഭങ്ങൾക്കായുള്ള പരാതി പരിഹാരം ശക്തിപ്പെടുത്തി. 2025-26 കാലയളവിൽ, 39,494 പരാതികൾ ലഭിച്ചു, അതിൽ 39,387 എണ്ണം തീർപ്പാക്കി, 99.72% തീർപ്പാക്കൽ നിരക്ക് കൈവരിച്ചു.
  • ഗവണ്മെൻ്റ് ആഭിമുഖ്യത്തിൽ ഓൺലൈൻ ഡിസ്പ്യൂട്ട് റെസൊല്യൂഷൻ പരിഹാര (ODR) പോർട്ടൽ ആരംഭിച്ചു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട പേയ്‌മെൻ്റ് കാലതാമസം കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ അധിഷ്ഠിത ODR സംവിധാനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

 

മെച്ചപ്പെടുന്ന വിപണി പ്രവേശനം 

  • എംഎസ്എംഇ സംബന്ധ് പോർട്ടൽ മുഖേന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവണ്മെൻ്റ് സ്ഥാപനങ്ങളുടെയും സംഭരണം നിരീക്ഷിക്കപ്പെടുന്നു. 2026 ജൂൺ വരെ, 2026–27 സാമ്പത്തിക വർഷത്തിൽ 118 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 31,443.32 കോടി രൂപയുടെ സാധനങ്ങളും സേവനങ്ങളും സംഭരിച്ചു. ഇതിൽ 54.51% എംഎസ്എംഇകളിൽ നിന്നാണ് ശേഖരിച്ചത്. ഇത് രാജ്യത്തുടനീളമുള്ള 29,769 ൽ അധികം സംരംഭങ്ങൾക്ക് പ്രയോജനം ചെയ്തു.
  • 44-ാമത് ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയർ (IITF) 2025-ൽ എംഎസ്എംഇ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC), നാഷണൽ എസ്സി-എസ്ടി ഹബ് (NSSH), കയർ പവലിയനുകൾ എന്നിവ ചേർന്ന് "വൈബ്രൻ്റ് എംഎസ്എംഇകൾ, വികസിത ഇന്ത്യ" എന്ന വിഷയം അവതരിപ്പിക്കുകയും 'എംപവറിങ് ഇന്ത്യ' വിഭാഗത്തിൽ സിൽവർ മെഡൽ നേടുകയും ചെയ്തു.
  • 29 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എംഎസ്എംഇ, വിശ്വകർമകൾക്കായി ആകെ 292 സ്റ്റാളുകൾ അനുവദിച്ചു. സ്റ്റാളുകളുടെ 67% ത്തിലധികം വനിതാ സംരംഭകർക്കും, 34% ത്തിലധികം എസ്‌സി/എസ്ടി സംരംഭകർക്കും ലഭിച്ചു. കൂടാതെ, 15 സ്റ്റാളുകൾ ദിവ്യാംഗരായ സംരംഭകർക്കായി അനുവദിച്ചു.


ഈ നാഴികക്കല്ലുകളെല്ലാം സംയുക്തമായി, കൂടുതൽ മത്സരാധിഷ്ഠിതവും, നൂതനവും, ഭാവിസജ്ജവുമായ ഒരു എംഎസ്എംഇ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. 

നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും ഉദ്യമിയെ ശാക്തീകരിക്കുന്നു

ഗവണ്മെൻ്റിൻ്റെ നയങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്ന, ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ബിസിനസ്സുകളെ വളരാൻ സഹായിക്കുകയും ചെയ്യുന്ന വിവിധ പദ്ധതികളിലൂടെ, ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകൾക്ക് വികസിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വരുമാനം വർദ്ധിപ്പിക്കാനും, രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിൽ സംഭാവന നൽകാനുമുള്ള അവസരം ഗവണ്മെൻ്റ്  ഒരുക്കുന്നു.
 


പി.എം. വിശ്വകർമ



18 പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പിഎം വിശ്വകർമ പദ്ധതി പരിപൂർണ്ണ പിന്തുണ നൽകുന്നു. നൈപുണ്യ പരിശീലനം, ടൂൾകിറ്റുകൾ, ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കുള്ള പിന്തുണ, ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിൽ സഹായം എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിലും അവരുടെ ബിസിനസ്സുകൾ വിപുലീകരിക്കുന്നതിലും ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. നാല് വർഷമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 30 ലക്ഷം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യം കേവലം രണ്ട് വർഷത്തിനുള്ളിൽ കൈവരിക്കാൻ കഴിഞ്ഞു.

പദ്ധതിയുടെ പരിവർത്തനാത്മകവും ബഹുമുഖവുമായ സ്വാധീനം:

  • നൈപുണ്യ നവീകരണം: 24 ലക്ഷത്തിലധികം ഗുണഭോക്താക്കൾ അടിസ്ഥാന നൈപുണ്യ പരിശീലനം പൂർത്തിയാക്കി.
  • വായ്പാ സഹായം: പലിശ ഇളവോടെ ഈട് -രഹിത വായ്പകളുടെ രൂപത്തിൽ 5.98 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 5,133 കോടിയിലധികം രൂപ അനുവദിച്ചു.
  • ഡിജിറ്റൽ ഇൻസെൻ്റീവ്: 7.91 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സഹായം ലഭിച്ചു.


നാഗാലാൻഡിലെ കരകൗശല വിദഗ്ധരുടെ ജീവിതത്തിൽ പരിവർത്തനം സൃഷ്ടിക്കുന്ന പിഎം വിശ്വകർമ

നാഗാലാൻഡിലെ സുൻഹെബോട്ടോയിൽ നിന്നുള്ള കൊട്ട നിർമ്മാതാവായ ശ്രീമതി വില്ലി, പിഎം വിശ്വകർമ പദ്ധതി പ്രകാരം നേടിയ നൈപുണ്യ പരിശീലനത്തിലൂടെ തൻ്റെ പരമ്പരാഗത കൊട്ട നിർമ്മാണ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തി. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും ബിസിനസ്സ് വികസിപ്പിക്കുന്നതിനും സ്വത്തോ ആസ്തികളോ ഈടായി നൽകേണ്ടതില്ലാത്ത ഒരു ലക്ഷം രൂപയുടെ വായ്പയും അവർക്ക് ലഭിച്ചു. തത്ഫലമായി, അവരുടെ പ്രതിമാസ വരുമാനം ഏകദേശം 40% വർദ്ധിച്ച് 15,000 രൂപയിൽ എത്തി. കരകൗശല വിദഗ്ധരുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്താനും, ബിസിനസ്സുകൾ വിപുലീകരിക്കാനും, ഉയർന്ന വരുമാനം നേടാനും, ഇന്ത്യയുടെ പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിനും പിഎം  വിശ്വകർമ പദ്ധതി എങ്ങനെ സഹായിക്കുന്നു എന്ന് അവരുടെ വിജയഗാഥ വ്യക്തമാക്കുന്നു.

നൂതനാശയ, ഗ്രാമീണ വ്യവസായ, സംരംഭകത്വ  പ്രോത്സാഹന  പദ്ധതി (ASPIRE)

നൈപുണ്യ വികസനം, ഇൻകുബേഷൻ, സൂക്ഷ്മ സംരംഭങ്ങൾക്കുള്ള പിന്തുണ എന്നിവയിലൂടെ ഗ്രാമീണ മേഖലയിലെ സംരംഭകത്വവും ഉപജീവനമാർഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് ASPIRE. 2026 ജൂൺ വരെ 109 അംഗീകൃത ലൈവ്‌ലിഹുഡ് ബിസിനസ്സ്  ഇൻകുബേറ്ററുകൾ (LBIs) ഉപയോഗിച്ച്, ഈ പദ്ധതി ഗ്രാമീണ സംരംഭകത്വത്തെയും സർവ്വസ്പർശിയായ വളർച്ചയെയും ശക്തിപ്പെടുത്തി:

  • 1.23 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി,
  • 32,085 ഗുണഭോക്താക്കൾക്ക് ഉചിതമായ തൊഴിൽ നൽകി;
  • 1,000-ത്തിലധികം സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിതമായി.


പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (PMEGP)

കാർഷിക ഇതര മേഖലകളിൽ സൂക്ഷ്മ സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുകയാണ് ഈ മുൻനിര വായ്പാ ബന്ധിത സബ്സിഡി പദ്ധതിയുടെ ലക്‌ഷ്യം. പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനായി ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ പദ്ധതി പ്രകാരം മാർജിൻ മണി (സബ്സിഡി) നൽകുന്നു.

2025 ജൂൺ മുതൽ, ഇംഗ്ലീഷും ഹിന്ദിയും ഒഴികെയുള്ള 19 പ്രാദേശിക ഭാഷകളിൽ കൂടി ആപ്ലിക്കേഷൻ സൗകര്യങ്ങൾ അവതരിപ്പിച്ചതോടെ ഇതിൻ്റെ വ്യാപ്തി വിപുലമായി. തുടക്കം മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ, പദ്ധതി ഇനിപ്പറയുന്നവയെ പിന്തുണച്ചിട്ടുണ്ട്:

  • 10.84 ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങൾ,
  • 29,623 കോടി രൂപ മാർജിൻ മണി സബ്‌സിഡികൾ,
  • 97 ലക്ഷത്തിലധികം പേർക്ക് തൊഴിൽ  


എംഎസ്എംഇ ചാമ്പ്യൻസ് സ്കീം

ചെറുകിട, സൂക്ഷ്മ, ഇടത്തരം ബിസിനസുകളെ ഇന്ത്യൻ, ആഗോള വിപണികളിൽ കൂടുതൽ നൂതനവും, പരിസ്ഥിതി സൗഹൃദപരവും, മത്സരക്ഷമതയുള്ളതുമാക്കാൻ എംഎസ്എംഇ ചാമ്പ്യൻസ് സ്കീം സഹായിക്കുന്നു. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും, ആധുനിക സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര രീതികളും സ്വീകരിക്കാനും, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും, ഇന്ത്യയിലെയും വിദേശത്തെയും വിപണികളിൽ ഫലപ്രദമായി മത്സരിക്കാനും ഇത് അവയെ സഹായിക്കുന്നു.

ഈ പദ്ധതിയുടെ സ്വാധീനം അതിൻ്റെ മൂന്ന് സ്തംഭങ്ങളിൽ പ്രതിഫലിക്കുന്നു:

 

  • നൂതന എംഎസ്എംഇ: ഇൻകുബേഷൻ, ഐപിആർ, ഡിസൈൻ എന്നിങ്ങനെ 3 ഘടകങ്ങൾ ഇതിനുണ്ട്. 'ഇൻകുബേഷൻ' ഘടകത്തിന് കീഴിൽ, പുതിയ ആശയങ്ങളും സ്റ്റാർട്ടപ്പുകളും വളർത്തുന്നതിനായി 833 ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് അംഗീകാരം ലഭിച്ചു. 'ഡിസൈൻ' ഘടകത്തിന് കീഴിൽ, 21 ധാരണാപത്രങ്ങൾ ഒപ്പുവച്ചു, 69 പ്രൊഫഷണൽ ഡിസൈൻ/സ്റ്റുഡൻറ് പ്രോജെക്റ്റുകൾക്ക് അംഗീകാരം ലഭിച്ചു. 'ഐപിആർ' ഘടകത്തിന് കീഴിൽ, 191 പേറ്റൻ്റുകൾ, 807 വ്യാപാരമുദ്രകൾ, 99 ഡിസൈനുകൾ, 06 ജിഐ രജിസ്ട്രേഷൻ എന്നിവ ബൗദ്ധിക സ്വത്തവകാശ ഫെസിലിറ്റേഷൻ സെൻ്റർ (IPFC) മുഖേന അംഗീകരിച്ചു.
  • സുസ്ഥിര എംഎസ്എംഇ (ZED): പാരിസ്ഥിതിക ആഘാതം കുറഞ്ഞ ഗുണനിലവാരമുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഒരു സർട്ടിഫിക്കേഷൻ ചട്ടക്കൂടാണ് സീറോ ഡിഫെക്റ്റ് സീറോ ഇഫക്റ്റ് (ZED). 2026 മെയ് വരെ, 93.61 ലക്ഷത്തിലധികം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 6.68 ലക്ഷത്തിലധികം സംരംഭങ്ങൾ വിജയകരമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
  • മത്സരാധിഷ്ഠിത എംഎസ്എംഇ (LEAN): പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും മാലിന്യം കുറയ്ക്കുന്നതിനുമായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ലീൻ രീതികൾ സ്വീകരിക്കുന്നതിനെ ലീൻ മാനുഫാക്ചറിംഗ് (LEAN) പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. 2026 മെയ് വരെ, 65,647-ലധികം എംഎസ്എംഇ-കൾ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഏകദേശം 18,961 സംരംഭങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.

 

സ്വാശ്രയ ഇന്ത്യ (SRI) ഫണ്ട്

പല എംഎസ്എംഇകൾക്കും വളരാനുള്ള സാധ്യതയുണ്ടെങ്കിലും, ഓഹരി മൂലധനത്തിലേക്കുള്ള പ്രവേശനം പലപ്പോഴും വെല്ലുവിളിയാകാറുണ്ട്.

വലിയ സാധ്യതകളുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനാണ് ആത്മനിർഭർ ഭാരത് സംരംഭത്തിൻ്റെ ഭാഗമായി സ്വാശ്രയ ഇന്ത്യ (SRI) ഫണ്ട് ആരംഭിച്ചത്. ഇത് "ഫണ്ട് ഓഫ് ഫണ്ട്" ആയി പ്രവർത്തിക്കുന്നു, അതായത് ഇത് മറ്റ് നിക്ഷേപ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, തുടർന്ന് എംഎസ്എംഇകൾക്ക് ഇക്വിറ്റി (ഉടമസ്ഥാവകാശം അടിസ്ഥാനമാക്കിയുള്ള) ധനസഹായം നൽകുന്നു. ഇത് സാമ്പത്തിക ദൗർലഭ്യം മറികടക്കാനും, പ്രവർത്തനങ്ങൾ വികസിപ്പിക്കാനും, കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും ബിസിനസ്സുകളെ സഹായിക്കുന്നു. 2026–27 ബജറ്റിൽ, SRI ഫണ്ടിനെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ 2,000 കോടി രൂപ കൂടി അനുവദിച്ചു. ഇത് സൂക്ഷ്മ, ചെറുകിട ബിസിനസുകൾക്ക് വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ റിസ്ക് മൂലധനം തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. 2026 മെയ് വരെ, 2,851 കോടി രൂപ  മൂല്യമുള്ള നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് SRI ഫണ്ട് 761 എംഎസ്എംഇകളെ പിന്തുണച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ മേഖലയിലും സിക്കിമിലും എംഎസ്എംഇകൾക്ക് പ്രോത്സാഹനം

വടക്കുകിഴക്കൻ മേഖലയിലും സിക്കിമിലും എംഎസ്എംഇ പ്രോത്സാഹന പദ്ധതി അവിടെ എംഎസ്എംഇ ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. 2025 ഡിസംബർ വരെ, ഉത്പാദനം, പരിശോധന, പാക്കേജിംഗ്, വൈദഗ്ദ്ധ്യം, നവീകരണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 73 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2025 ൽ, അസമിലും മേഘാലയയിലുമായി എട്ട് പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഈ പദ്ധതികൾക്ക് ആകെ 114.37 കോടി രൂപ ചെലവ് വരും, ഇതിൽ 89.60 കോടി രൂപ ഗവണ്മെൻ്റ് സഹായമാണ്. വ്യാവസായിക എസ്റ്റേറ്റുകളിലും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളിലും സംരംഭകത്വ നേതൃത്വത്തിലുള്ള വളർച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാൻ ഈ നിക്ഷേപങ്ങൾ സഹായിക്കുന്നു.

നാഷണൽ എസ്‌സി-എസ്‌ടി ഹബ് (NSSH)

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്ക് വിപണി പ്രവേശനം ഉറപ്പാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും പൊതു സംഭരണത്തിൽ സജീവമായി ഇടപെടാനും NSSH സഹായിക്കുന്നു.

പദ്ധതിയുടെ സ്വാധീനം കൂടുതൽ പ്രകടമാണ്:

  • 19,000 ത്തിൽ അധികം എസ്‌സി/എസ്‌ടി സംരംഭകരെ പിന്തുണയ്ക്കുന്നു (ജനുവരി മുതൽ ഒക്ടോബർ വരെ 2025)
  • ഒഡീഷയിലും ബീഹാറിലും 111 പ്രത്യേക വെണ്ടർ വികസന പരിപാടികളും 3 പ്രധാന കോൺക്ലേവുകളും സംഘടിപ്പിച്ചു
  • എസ്‌സി/എസ്‌ടി ഉടമസ്ഥതയിലുള്ള എംഎസ്എംഇകളിൽ നിന്നുള്ള പൊതു സംഭരണം 2015-16 ൽ ഏകദേശം 99 കോടി രൂപയിൽ നിന്ന് 2024-25 ൽ 3,731 കോടി രൂപയിലധികമായി വർദ്ധിച്ചു
  • 230 വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റാലിറ്റി വൈദഗ്ധ്യത്തിൽ പരിശീലനം നൽകി (2025-26)
  • 2025 ഡിസംബർ വരെ മൊത്തം പൊതു സംഭരണത്തിൻ്റെ 1.93% എസ്‌സി/എസ്‌ടി ഉടമസ്ഥതയിലുള്ള എംഎസ്ഇകളായിരുന്നു.

റിഗ്‌ടെക് ഇൻഫ്രയുടെ വളർച്ച: നൂതനാശയങ്ങൾ, പിന്തുണ, അവസരങ്ങൾ എന്നിവയുടെ വിജയഗാഥ

നാഷണൽ എസ്‌സി-എസ്‌ടി ഹബ്ബിൻ്റെ (NSSH) സഹായത്തോടെ, റാഞ്ചി ആസ്ഥാനമായുള്ള റിഗ്‌ടെക് ഇൻഫ്ര (OPC) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2023-ൽ അതിൻ്റെ ഉത്പാദന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി 25 ലക്ഷം രൂപ  സബ്‌സിഡി ലഭിച്ചു. ഈ സാമ്പത്തിക സഹായം കമ്പനിയുടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും ഉത്പന്ന ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിച്ചു. തത്ഫലമായി, 2025-ൽ റെയിൽ വികാസ് നിഗം ലിമിറ്റഡിൽ നിന്ന് 15.75 ലക്ഷം രൂപയുടെ ഗവണ്മെൻ്റ് കരാറുകൾ നേടാൻ കമ്പനിക്ക് കഴിഞ്ഞു. കമ്പനി ഗണ്യമായ വളർച്ച കൈവരിക്കുകയും 4–5 കോടി രൂപ വാർഷിക വിറ്റുവരവ് നേടുകയും 16 പേർക്ക് തൊഴിൽ നൽകുകയും ചെയ്തു.
 
സൂക്ഷ്മ ചെറുകിട സംരംഭക ക്ലസ്റ്റർ വികസന പരിപാടി  (MSE-CDP)

വ്യവസായ എസ്റ്റേറ്റുകളിലും ക്ലസ്റ്ററുകളിലും പൊതു സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഗവണ്മെൻ്റ്  ഗ്രാൻ്റുകൾ ലഭ്യമാക്കിക്കൊണ്ട് ക്ലസ്റ്റർ അധിഷ്ഠിത വികസനത്തിലൂടെ എംഎസ്ഇകളുടെ ഉത്പാദനക്ഷമതയും മത്സരശേഷിയും ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.

ക്ലസ്റ്റർ അധിഷ്ഠിത വികസനത്തിൽ ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു:

  • വ്യാവസായിക ക്ലസ്റ്ററുകളുടെ ശാക്തീകരണം: 2026 ജൂൺ വരെ, എംഎസ്എംഇകൾക്കായി ഉത്പാദനക്ഷമത, സാങ്കേതിക വിദ്യയുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 612 പദ്ധതികൾക്ക്  അംഗീകാരം നൽകി.
  • പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സൃഷ്ടി: അംഗീകൃത പദ്ധതികളിൽ, 364 പദ്ധതികൾ പൂർത്തിയായി, ഇത് പൊതു സൗകര്യ കേന്ദ്രങ്ങളിലേക്കും വ്യാവസായിക എസ്റ്റേറ്റുകളിലേക്കും സംരംഭങ്ങൾക്ക് പ്രവേശനം ലഭ്യമാക്കുന്നു.
  • 2025-26 ൽ കാലയളവിൽ നിരന്തര വിപുലീകരണം: 2025-26 കാലയളവിൽ (2025 നവംബർ 20 വരെ), ആകെ 253.23 കോടി രൂപ  ചെലവുള്ള 11 പദ്ധതികൾക്ക് അംഗീകാരം നൽകി, 2 എണ്ണം പൂർത്തിയായി.


പരമ്പരാഗത വ്യവസായങ്ങളുടെ പുനർജ്ജീവനത്തിനായി ഫണ്ട് ലഭ്യമാക്കുന്ന പദ്ധതി (SFURTI)

ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങൾക്ക് ആഴത്തിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ മാനങ്ങൾ ഉണ്ട്. എന്നാൽ ആധുനിക ഉപകരണങ്ങളുടെ അഭാവം, വിപണികളിലേക്കുള്ള പരിമിതമായ പ്രവേശനം, വരുമാനം വർദ്ധിപ്പിക്കുന്നതിനും ബിസിനസ്സുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തടസ്സങ്ങൾ എന്നിവ കാരണം കരകൗശല വിദഗ്ധർ പലപ്പോഴും ബുദ്ധിമുട്ടുന്നു.

കരകൗശല വിദഗ്ധരെ മികച്ച പിന്തുണയുള്ള ക്ലസ്റ്ററുകളായി സംഘടിപ്പിക്കുന്നതിലൂടെ SFURTI ഈ ഘടനാപരമായ പരിമിതികൾ പരിഹരിക്കുന്നു. ഉത്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വിപണിയിലെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരവും ദീർഘകാലവും  വരുമാനം നേടാൻ സഹായിക്കുന്നതിനുമായി പരമ്പരാഗത കരകൗശല വിദഗ്ധരെ ക്ലസ്റ്ററുകളായി സംഘടിപ്പിക്കുന്നു.

വർഷങ്ങളായി, ഈ പദ്ധതി ഇന്ത്യയിലുടനീളം വ്യാപിച്ചു, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 513 കരകൗശല ക്ലസ്റ്ററുകൾക്ക് അംഗീകാരം ലഭിച്ചു, ഇത് ഏകദേശം 3.03 ലക്ഷം പരമ്പരാഗത കരകൗശല വിദഗ്ധരെ സഹായിക്കുന്നു. 2026 ജൂൺ വരെ, ഈ ക്ലസ്റ്ററുകളിൽ 376 എണ്ണം സജീവമായി പ്രവർത്തിക്കുന്നു. 2023–24 ൽ മാത്രം, 11 സംസ്ഥാനങ്ങളിലായി 18 പുതിയ ക്ലസ്റ്ററുകൾ പ്രവർത്തനങ്ങൾ ആരംഭിച്ചു, 11,810 കരകൗശല തൊഴിലാളികൾക്ക് പിന്തുണയും ആനുകൂല്യങ്ങളും നൽകി.

എംഎസ്എംഇകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി റാംപ് (RAMP)

ലോകബാങ്കിൻ്റെ പിന്തുണയോടെ നടപ്പിലാക്കുന്ന റാംപ് പദ്ധതി, എംഎസ്എംഇകൾക്ക് വിപണികളിലേക്കും, സാമ്പത്തിക സഹായങ്ങളിലേക്കും, ആധുനിക സാങ്കേതികവിദ്യകളിലേക്കും പ്രവേശനം നേടാൻ സഹായിക്കുന്നു. ഗവണ്മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും, സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും, കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇത് എംഎസ്എംഇ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
 

  • സംസ്ഥാനതല പരിഷ്കാരങ്ങൾക്ക് പ്രചോദനം: 36 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങൾ സമർപ്പിച്ച വ്യവസ്ഥാപിത നിക്ഷേപ പദ്ധതികൾ (SIP-കൾ) വിലയിരുത്തി. 3,211.75 കോടി രൂപയുടെ 398 നിർദ്ദേശങ്ങൾ അംഗീകരിച്ചു.
  • എംഎസ്എംഇയുടെ വ്യാപ്തി വർദ്ധിപ്പിക്കൽ: 2026 ജൂൺ വരെ, ഈ പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള 55 ലക്ഷത്തിലധികം എംഎസ്എംഇകളെ സ്വാധീനിച്ചു.
  • സുസ്ഥിരമായ പദ്ധതി നിർവ്വഹണം: ഡെലിവറബിളുകൾ പൂർത്തിയാക്കിയതിൻ്റെ ഫലമായി, റീഇംബേഴ്‌സ്‌മെൻ്റ് ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, പദ്ധതി ലക്ഷ്യത്തിൻ്റെ 50% ഗവണ്മെൻ്റ് നേടിയിട്ടുണ്ട്.

സാങ്കേതിക കേന്ദ്രങ്ങൾ

നൈപുണ്യ വികസനം, സാങ്കേതിക പിന്തുണ, നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള കേന്ദ്രങ്ങളായി സാങ്കേതിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ടൂൾ റൂമുകൾ, സാങ്കേതിക കേന്ദ്രങ്ങൾ, വിപുലീകരണ കേന്ദ്രങ്ങൾ എന്നിവയുടെ ഒരു ശൃംഖലയിലൂടെ, വ്യവസായസജ്ജരായ പ്രതിഭകളെ അവ വാർത്തെടുക്കുന്നു. വളർന്നുവരുന്ന വ്യവസായിക ആവശ്യകത നിറവേറ്റുന്നതിനായി തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും പുനർ നൈപുണ്യ വികസനത്തിനും പിന്തുണ നൽകുക എന്നതാണ് പ്രധാന അജണ്ട.

 

  • വിവിധ ഉത്പാദന, സാങ്കേതിക മേഖലകളിലായി 18 സാങ്കേതിക കേന്ദ്രങ്ങൾ എംഎസ്എംഇകളെ പിന്തുണയ്ക്കുന്നു.
  • പിന്തുണാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി, ബിസിനസ്സുകൾക്ക് ആധുനിക സാങ്കേതികവിദ്യ, പരിശീലനം, മറ്റ് സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി TCEC സ്കീമിന് കീഴിൽ 20 പുതിയ സാങ്കേതിക കേന്ദ്രങ്ങളും 100 എക്സ്റ്റൻഷൻ സെൻ്ററുകളും ഗവണ്മെൻ്റ്  സ്ഥാപിക്കുന്നു.
  • 2025 നവംബർ വരെ, രാജ്യത്തുടനീളം 25 എക്സ്റ്റൻഷൻ സെൻ്ററുകൾ പ്രവർത്തനക്ഷമമാണ്, 53,963 യുവാക്കൾക്ക് പരിശീലനവും 1,357 എംഎസ്എംഇകൾക്ക് പിന്തുണയും നൽകി.
  • ലോകബാങ്ക് പിന്തുണയുള്ള ടെക്‌നോളജി സെൻ്റർ സിസ്റ്റം പ്രോഗ്രാമിന് (TCSP) കീഴിൽ ഒമ്പത് പുതിയ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ 59,357 വ്യക്തികൾക്ക് പരിശീലനം നൽകുകയും 1,520 എംഎസ്എംഇകളെ സഹായിക്കുകയും ചെയ്തു (ജനുവരി- നവംബർ 2025).


സാങ്കേതികവിദ്യ, നൈപുണ്യ പരിശീലനം, വ്യാവസായിക പിന്തുണ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, എംഎസ്എംഇകൾക്ക് പുതിയ ആശയങ്ങൾ വികസിപ്പിക്കാനും, അവരുടെ ബിസിനസ്സുകൾ മെച്ചപ്പെടുത്താനും, ആധുനിക രീതികൾ സ്വീകരിക്കാനും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയിൽ വിജയകരമായി മത്സരിക്കാനും ടെക്നോളജി സെൻ്റർ ശൃംഖല സഹായിക്കുന്നു.

സംരംഭത്തിലൂടെ ഭാവി രൂപപ്പെടുത്തുന്നു

ഇന്ത്യയുടെ എംഎസ്എംഇ മേഖലയുടെ വളർച്ച രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസന പുരോഗതിയെ സൂചിപ്പിക്കുന്നു. സാമ്പത്തികം, സാങ്കേതികവിദ്യ, നൈപുണ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിപണികൾ എന്നിവയിലേക്കുള്ള മികച്ച പ്രവേശനം ചെറുകിട ബിസിനസ്സുകളെ കൂടുതൽ കാര്യക്ഷമവും മത്സരക്ഷമവും ശക്തവുമായി നിലനിൽക്കാൻ സഹായിക്കുന്നു. എംഎസ്എംഇകൾ വളരുമ്പോൾ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും, സർവ്വാശ്ലേഷിയും, സ്വയംപര്യാപ്തവും, വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യും.
 
സൂചനകൾ

ധനകാര്യ മന്ത്രാലയം

Click Here To See PDF

****

(Explainer ID: 159054) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali