Technology
ഇന്ത്യയുടെ ബഹിരാകാശ ജൈത്രയാത്ര
Posted On:
21 JUN 2026 2:51PM
വിശ്വാസത്തിൻ്റെയും വികസനത്തിൻ്റെയും ജനക്ഷേമത്തിൻ്റെയും തത്വം പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യയുടെ കഴിഞ്ഞ 12 വർഷത്തെ ബഹിരാകാശ യാത്ര. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളിലും 2047-ലെ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിലുമൂന്നി മുന്നോട്ടുപോകുന്ന രാജ്യം ഇന്ന് മുൻനിര ബഹിരാകാശ ശക്തിയായി ഉയർന്നുവന്നിരിക്കുന്നു. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ദക്ഷിണ ചാന്ദ്രധ്രുവത്തിലെ ലാൻഡിങും ആദിത്യ-എൽ1 സൗരദൗത്യവും ഗഗൻയാന്‍, ദേശീയ ബഹിരാകാശ നിലയം എന്നിവയ്ക്ക് വേണ്ടി നടത്തുന്ന ഒരുക്കങ്ങളും ചരിത്ര നേട്ടങ്ങളിൽ ചിലതാണ്. 2014-ല്‍ ഒരൊറ്റ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് മാത്രമുണ്ടായിരുന്ന രാജ്യത്ത് 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 400-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്. ഉദാരവൽക്കരിച്ച വിദേശ നിക്ഷേപ മാനദണ്ഡങ്ങളും ഉയര്‍ന്ന സ്വകാര്യ പങ്കാളിത്തവും ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് നേതൃത്വം നൽകുന്ന വാണിജ്യവൽക്കരണവുമെല്ലാം വളർച്ചയ്ക്ക് വേഗം കൂട്ടി. വികസനത്തിനും ആഗോള പങ്കാളിത്തത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിക്കും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും കൈവരിച്ച ഇന്ത്യയെയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ആഗോള ബഹിരാകാശ ശക്തിയുടെ ഉദയം
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ദേശീയ ആത്മവിശ്വാസത്തിൻ്റെയും സാങ്കേതിക സ്വയംപര്യാപ്തതയുടെയും ആഗോള അഭിലാഷങ്ങളുടെയും പ്രതീകമായി മാറിയിരിക്കുന്നു. ശാസ്ത്രീയ ശ്രമമെന്ന നിലയില്‍ തുടക്കം കുറിച്ച സംരംഭങ്ങള്‍ ഇന്ന് വികസനത്തെ പിന്തുണയ്ക്കുകയും സുരക്ഷ ശക്തിപ്പെടുത്തുകയും നൂതനാശയങ്ങളെ മുന്നോട്ടുനയിക്കുകയും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പദവി ഉയർത്തുകയും ചെയ്യുന്ന തന്ത്രപ്രധാന ദേശീയ മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നു. ‘വിശ്വാസത്തിൻ്റെയും വികസനത്തിൻ്റെയും ജനക്ഷേമത്തിൻ്റെയും 12 വർഷങ്ങൾ’ എന്ന തത്വംപ്രതിഫലിപ്പിക്കുന്ന ഈ ജൈത്രയാത്ര നേട്ടങ്ങളിലൂടെ വിശ്വാസം വളർത്താനും നൂതനാശയങ്ങളിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഓരോ പൗരനിലേക്കും ആനുകൂല്യങ്ങളെത്തിക്കാനും വഴിയൊരുക്കുന്നു.
മൂന്ന് നിർണായക സ്തംഭങ്ങളാണ് ഈ പരിവർത്തനത്തിന് രൂപം നൽകിയത്. ഇന്ത്യയുടെ ബഹിരാകാശ ശേഷിയാണ് ഇതിലാദ്യത്തേത്. ചരിത്രപരമായ ദൗത്യങ്ങളിലൂടെയും അത്യാധുനിക വിക്ഷേപണ സംവിധാനങ്ങളിലൂടെയും തദ്ദേശീയ സാങ്കേതികവിദ്യകളിലൂടെയും രാജ്യത്തിൻ്റെ വ്യാപ്തി ഭൂമിയ്ക്കുമപ്പുറമെത്തിക്കാന്‍ ഇത് വഴിയൊരുക്കി. കൂടാതെ ഭരണനിർവഹണം, കണക്റ്റിവിറ്റി, ദുരന്തനിവാരണം, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച എന്നിവ ശക്തിപ്പെടുത്തുന്നതിന് ദേശീയ ശേഷി വികസനം ബഹിരാകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അതിലുപരി ആഗോള പങ്കാളിത്തങ്ങളും സഹകരണ നേതൃത്വവും വിശ്വസ്ത ബഹിരാകാശ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിക്കുകയും അന്താരാഷ്ട്ര സഹകരണം വ്യാപിപ്പിക്കുകയും സമാധാനപരവും ഉത്തരവാദിത്തപൂര്‍ണവുമായ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിൻ്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു.
ബഹിരാകാശത്ത് പുതിയ അതിരുകൾ കീഴടക്കുന്നതിനൊപ്പം ജനങ്ങളെ ശാക്തീകരിക്കാനും സ്ഥാപനങ്ങള്‍ക്ക് കരുത്തേകാനും ആഗോള തലത്തിൽ ഇന്ത്യയുടെ പദവി ഉയർത്താനും ബഹിരാകാശ സാങ്കേതികവിദ്യയെ രാജ്യം എങ്ങനെ പ്രയോജനപ്പെടുത്തിയെന്നാണ് ഈ നേട്ടങ്ങൾ വിവരിക്കുന്നത്. ദേശീയ ലക്ഷ്യങ്ങളിലൂന്നി രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യാത്രയാണിത്.
ഭൂമിയ്ക്കുമപ്പുറം ഇന്ത്യയുടെ ബഹിരാകാശ ശേഷി
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യ അതിൻ്റെ ബഹിരാകാശ സംരംഭങ്ങളുടെ വ്യാപ്തി ക്രമാനുഗതമായി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന് മുൻഗണന നൽകിയാണ് ഇതിന് തുടക്കമിട്ടതെങ്കിലും ശാസ്ത്രീയ ഗവേഷണം മുന്നോട്ടുകൊണ്ടുപോകാനും അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ദേശീയ ശേഷി ശക്തിപ്പെടുത്താനും കൂടുതൽ വിപുലമായ ശ്രമങ്ങളായി ഇത് മാറിയിരിക്കുന്നു. വിപുലമായ ബഹിരാകാശ പര്യവേക്ഷണത്തിലും ബഹിരാകാശ ശാസ്ത്രത്തിലും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യങ്ങളിലും ഭ്രമണപഥ അടിസ്ഥാന സൗകര്യങ്ങളിലുമെല്ലാം വലിയ ലക്ഷ്യങ്ങളാണ് ഇന്ന് നാം പിന്തുടരുന്നത്. വർധിച്ചുവരുന്ന ആത്മവിശ്വാസത്തെയും സാങ്കേതിക പക്വതയെയും ആഗോള ബഹിരാകാശ ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച ദീർഘകാല കാഴ്ചപ്പാടിനെയുമാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ചാന്ദ്ര പര്യവേക്ഷണം - ചന്ദ്രയാൻ ദൗത്യം

ശാസ്ത്രീയ കണ്ടെത്തലുകളോടും സാങ്കേതിക പുരോഗതിയോടും ഇന്ത്യ പുലര്‍ത്തുന്ന നിരന്തര പ്രതിബദ്ധതയെയാണ് രാജ്യത്തിൻ്റെ ചാന്ദ്രയാത്ര പ്രതിഫലിപ്പിക്കുന്നത്. 2008-ൽ ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 ലൂടെയാണ് ഇതിന് അടിത്തറ പാകിയത്. ചന്ദ്രോപരിതലത്തിൽ ജല തന്മാത്രകളുടെയും ഹൈഡ്രോക്സിലിൻ്റെയും സാന്നിധ്യം കണ്ടെത്തിയ ഈ ദൗത്യം ചാന്ദ്ര വിഭവങ്ങള്‍ സംബന്ധിച്ച ആഗോള ധാരണയെത്തന്നെ മാറ്റിമറിച്ചു. ഇതിലെ 'മൂൺ ഇംപാക്ട് പ്രോബ്' ചന്ദ്രൻ്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളും നൽകി. തുടർന്ന് 2019-ൽ വിക്ഷേപിച്ച ചന്ദ്രയാൻ-2 ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയെ കൂടുതൽ കരുത്തുറ്റതാക്കി. 100 കിലോമീറ്റർ ഉയരത്തിൽ നിന്ന് പ്രവർത്തിച്ച ഈ ദൗത്യം ചന്ദ്രോപരിതലത്തിൻ്റെ ചിത്രങ്ങൾ ഏറ്റവും ഉയർന്ന വ്യക്തതയില്‍ നൽകുകയും 30 സെൻ്റീമീറ്റർ വരെ സൂക്ഷ്മമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ചന്ദ്രയാൻ-1, ചന്ദ്രയാൻ-2 ദൗത്യങ്ങള്‍ ആഗോള ചാന്ദ്ര ശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകുന്ന രാജ്യമായി ഇന്ത്യയെ പ്രതിഷ്ഠിക്കുകയും ഭാവി പര്യവേക്ഷണങ്ങൾക്ക് അടിത്തറയൊരുക്കുകയും ചെയ്തു.
2023 ഓഗസ്റ്റ് 23-ലെ ചരിത്രപരമായ നേട്ടത്തിലാണ് ഈ തുടക്കം എത്തിച്ചേര്‍ന്നത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിന് സമീപം 'സോഫ്റ്റ് ലാൻഡിങ്’ നടത്തുന്ന ആദ്യ രാജ്യമെന്ന പദവിയും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യയ്ക്ക് സമ്മാനിച്ചു. മുന്‍പ് ഒരു ബഹിരാകാശ പേടകവും എത്തിച്ചേരാത്ത 69.3° ദക്ഷിണ അക്ഷാംശത്തിലാണ് വിക്രം ലാൻഡർ ഇറങ്ങിയത്. ഇതിലെ ശാസ്ത്രീയ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ തത്സമയ പഠനങ്ങൾ നടത്തുകയും നേരിട്ടുള്ള മൂലക വിശകലനത്തിലൂടെ സൾഫറിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ചാന്ദ്രാഭിലാഷങ്ങൾ വീണ്ടും വളരുകയാണ്. 2027-ൽ ആസൂത്രണം ചെയ്തിരിക്കുന്ന ചന്ദ്രയാൻ-4 ദൗത്യം ചന്ദ്രനിൽ ഇറങ്ങി സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ ലക്ഷ്യമിടുന്നു. ചന്ദ്രയാൻ-5/ലൂപെക്സ് ദൗത്യം ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനടുത്ത് സ്ഥിരമായി നിഴൽ വീണ പ്രദേശങ്ങളിലെ ജലത്തെയും ബാഷ്പശീലമുള്ള മറ്റ് പദാർത്ഥങ്ങളെയും കുറിച്ച് പര്യവേക്ഷണം നടത്തും. ഇത് ചാന്ദ്ര പര്യവേക്ഷണത്തിൻ്റെ അടുത്ത യുഗത്തിലേക്ക് ഇന്ത്യയെ നയിക്കും.
ചൊവ്വാ ഭ്രമണപഥ ദൗത്യം
മംഗള്‍യാൻ എന്ന് പൊതുവെ അറിയപ്പെടുന്ന ചൊവ്വാ ഭ്രമണപഥ ദൗത്യമാണ് അന്തർഗ്രഹ പര്യവേക്ഷണത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ അടയാളപ്പെടുത്തിയത്. 2014 സെപ്റ്റംബർ 24-ന് പേടകം വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയിലെത്തുന്ന പ്രഥമ രാജ്യമായി ഇന്ത്യ മാറി. ഈ നേട്ടത്തോടെ യുഎസിൻ്റെ നാസ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയ്ക്ക് ശേഷം ചൊവ്വ ഭ്രമണപഥത്തിൽ പേടകമെത്തിക്കുന്ന ലോകത്തിലെ നാലാമത് ബഹിരാകാശ ഏജൻസിയായി ISRO മാറി. യഥാർത്ഥത്തിൽ ആറുമാസ ദൗത്യത്തിനായി രൂപകല്പന ചെയ്ത മംഗള്‍യാൻ പ്രതീക്ഷകള്‍ മറികടന്ന് എട്ട് വർഷത്തിലേറെക്കാലം പ്രവർത്തനക്ഷമമായി തുടർന്നു. ചൊവ്വയുടെ അന്തരീക്ഷം, ബാഹ്യാന്തരീക്ഷം, ഉപരിതല സവിശേഷതകൾ, സൗരക്കാറ്റുകളുമായി ബന്ധപ്പെട്ട പ്രതിപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ഈ ദൗത്യത്തിലൂടെ ലഭിച്ചു. ശാസ്ത്രീയ സംഭാവനകൾക്കപ്പുറം സങ്കീർണവും ആഴമേറിയതുമായ ബഹിരാകാശ ദൗത്യങ്ങൾ തികച്ചും കാര്യക്ഷമമായി നടപ്പാക്കുന്നതിലെ ഇന്ത്യയുടെ ശേഷി തെളിയിച്ച മംഗള്‍യാന്‍ ദൗത്യം ഗ്രഹ പര്യവേക്ഷണത്തിൽ ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വിശ്വസ്ത പങ്കാളിയായി പ്രതിഷ്ഠിച്ചു.

ആദിത്യ-L1: ഇന്ത്യയുടെ പ്രഥമ സൗര നിരീക്ഷണാലയം
ഗ്രഹ പര്യവേക്ഷണത്തിനപ്പുറം രാജ്യത്തിൻ്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-L1-ലൂടെ ഇന്ത്യ അതിൻ്റെ ബഹിരാകാശ അഭിലാഷങ്ങൾ വിപുലീകരിച്ചു. 2023-ൽ വിക്ഷേപിച്ച ഈ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ സൗര-ഭൗമ L1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റും ഹാലോ ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിച്ചു. ഈ പ്രത്യേക സ്ഥാനം സൂര്യനെയും അതിൻ്റെ ചലനാത്മക പ്രവർത്തനങ്ങളെയും തടസ്സമില്ലാതെ നിരീക്ഷിക്കാൻ പേടകത്തെ പ്രാപ്തമാക്കി. സൂര്യൻ്റെ കൊറോണ, സൗരക്കാറ്റുകൾ, ഭൗമാന്തരീക്ഷത്തെയും സാങ്കേതിക സംവിധാനങ്ങളെയും സ്വാധീനിക്കുന്ന ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ച് ഈ ദൗത്യം പഠിക്കുന്നു. ദേശീയ ശാസ്ത്ര സമൂഹത്തിനായി ഗവേഷണ നിർദേശാനുസരണം പ്രവർത്തിക്കുന്ന നിരീക്ഷണാലയമായും ആദിത്യ-L1 ലഭ്യമാക്കിയിട്ടുണ്ട്. ശാസ്ത്രീയ വിവരങ്ങൾ കൃത്യമായി പൊതുസഞ്ചയത്തിൽ ലഭിക്കുന്നത് ആഗോള സൗര ഗവേഷണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. 27 TB-യിലധികം സൗര നിരീക്ഷണ വിവരങ്ങൾ ഇതിനകം കൈമാറിയെന്നത് അന്താരാഷ്ട്ര ശാസ്ത്ര വിജ്ഞാനത്തിന് വലിയ സംഭാവന നൽകുന്ന ദൗത്യമാക്കി ഇതിനെ മാറ്റുന്നു.
ബഹിരാകാശ നീരീക്ഷണവും ഡോക്കിങും: അതിരുകൾ വിപുലീകരിക്കുന്ന പ്രവര്‍ത്തനശേഷി
ജ്യോതിശാസ്ത്രത്തിലൂടെയും ഭ്രമണപഥ സാങ്കേതികവിദ്യാ പ്രദർശനങ്ങളിലൂടെയും ആധുനിക ശാസ്ത്രത്തിൽ ഇന്ത്യ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ബഹു-തരംഗദൈര്‍ഘ്യ ബഹിരാകാശ നിരീക്ഷണാലയമായ അസ്ട്രോസാറ്റ് 2025 സെപ്റ്റംബറിൽ ഭ്രമണപഥത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുകയും നിരവധി സുപ്രധാന ശാസ്ത്രീയ കണ്ടെത്തലുകൾക്ക് സംഭാവന നൽകുകയും ചെയ്തു. 2024 ജനുവരി 1-ന് വിക്ഷേപിച്ച എക്സ്പോസാറ്റ്, എക്സ്-റേ ജ്യോതിശാത്ര രംഗത്തെ ഇന്ത്യയുടെ ശേഷി വിപുലീകരിച്ചു. ഈ രണ്ട് ദൗത്യങ്ങളും ലോകമെങ്ങും ഗവേഷകർക്കായി നിര്‍ദേശാനുസരണ നിരീക്ഷണാലയങ്ങളായി തുടരുന്നു.
2025 ജനുവരിയിൽ നടത്തിയ ബഹിരാകാശ ഡോക്കിങ് പരീക്ഷണത്തിലൂടെ (സപേഡെക്സ്) ഇന്ത്യ മറ്റൊരു വലിയ സാങ്കേതിക മുന്നേറ്റം കൈവരിച്ചു. ബഹിരാകാശത്ത് സ്വയം നിയന്ത്രിത ഡോക്കിങ്, അൺഡോക്കിങ് പ്രക്രിയകള്‍ വിജയകരമായി പ്രദർശിപ്പിക്കുന്ന നാലാമത് രാജ്യമായി യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ ഇന്ത്യ സ്ഥാനംപിടിച്ചു. ഡോക്ക് ചെയ്ത ഉപഗ്രഹങ്ങള്‍ തമ്മിലെ വൈദ്യുതി കൈമാറ്റവും സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തില്‍ റോബോട്ടിക് നിയന്ത്രിത പ്രവർത്തനവും ISRO ഇതിലൂടെ തെളിയിച്ചു. തദ്ദേശീയമായ ഭാരതീയ ഡോക്കിങ് സംവിധാനത്തിൻ്റെ വിജയകരമായ വികസനം വലിയൊരു നാഴികക്കല്ലാണ്. ഭാരതീയ അന്തരീക്ഷ നിലയം, ചന്ദ്രയാൻ-4, ഗഗൻയാൻ തുടങ്ങിയ ഇന്ത്യയുടെ വരാനിരിക്കുന്ന ചരിത്രപരമായ ദൗത്യങ്ങൾ സുഗമമായി നടപ്പാക്കാൻ ഇത് വഴിയൊരുക്കുന്നു.
കൂടുതൽ വായിക്കാം: SpaDeX Mission: Revolutionising Space Exploration
ശുക്ര ഭ്രമണപഥ ദൗത്യം: ഭൂമിയുടെ സഹോദര ഗ്രഹത്തെ തേടി

ചന്ദ്രനിലും ചൊവ്വയിലും കൈവരിച്ച നേട്ടങ്ങളുടെ കരുത്തിൽ ആദ്യ ശുക്ര ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യ. കേന്ദ്ര ഗവണ്‍മെൻ്റ് അംഗീകാരം നൽകിയ ശുക്ര ഭ്രമണപഥ ദൗത്യം 2028 മാർച്ചിൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ശുക്രൻ്റെ ഭൂഗർഭശാസ്ത്രം, ഉപരിതല ഘടന, അന്തരീക്ഷം, അയണോസ്ഫിയർ, ഉപരിതല പുനർനിർമാണ പ്രക്രിയകൾ എന്നിവ ദൗത്യം പഠനവിധേയമാക്കും. സൗരപ്രവർത്തനങ്ങൾ ശുക്രൻ്റെ അന്തരീക്ഷത്തെയും സമീപ ബഹിരാകാശ പരിസ്ഥിതിയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പരിശോധിക്കും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ വലിയൊരു സാങ്കേതിക കുതിച്ചുചാട്ടത്തെയാണ് ഈ ദൗത്യം അടയാളപ്പെടുത്തുന്നത്. ശുക്രനിലെ കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് 'എയറോബ്രേക്കിങ്', അത്യാധുനിക താപ നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ വിപുലമായ സാങ്കേതിക ശേഷികളും ദൗത്യത്തിൻ്റെ ഭാഗമായി പരീക്ഷിക്കും. ആദ്യമായാണ് ഈ സാങ്കേതികവിദ്യകൾ ISRO നടപ്പാക്കുന്നത്. വിപുലമായ ബഹിരാകാശ പര്യവേക്ഷണത്തിലും ഗ്രഹ ശാസ്ത്രത്തിലും ഈ ദൗത്യം ഇന്ത്യയുടെ വൈദഗ്ധ്യം കൂടുതൽ ശക്തിപ്പെടുത്തും.
ഗഗൻയാൻ: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ യാത്രാ സംരംഭം
2019 ജനുവരിയിൽ അംഗീകാരം ലഭിച്ച ഈ ദൗത്യം മൂന്നുവരെ ഇന്ത്യൻ ബഹിരാകാശ യാത്രികരെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ പരമാവധി മൂന്ന് ദിവസം താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കാൻ ലക്ഷ്യമിടുന്നു. മനുഷ്യരില്ലാത്ത രണ്ട് ദൗത്യങ്ങളും മനുഷ്യരുമായി ഒരു ദൗത്യവും ഉള്‍പ്പെടുന്നതാണ് പദ്ധതി. 2025-ൽ ദൗത്യം അന്തിമ ഘട്ടത്തിലെത്തി. ബഹിരാകാശ പര്യവേക്ഷണത്തിനപ്പുറം ഇന്ത്യൻ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്ന ഗഗൻയാൻ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനും വഴിയൊരുക്കുന്നു. ഒപ്പം സ്വതന്ത്രമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാൻ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി മാറുന്നതിലേക്ക് ദൗത്യം ഇന്ത്യയെ നയിക്കുന്നു.
നിങ്ങൾക്കറിയാമോ?
ഗഗൻയാന്‍ ദൗത്യത്തിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി 2025-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ISRO നാസയുടെ പിന്തുണയോടെ നടത്തിയ ആക്സിയം-4 ദൗത്യത്തിൽ ഇന്ത്യ പങ്കാളിയായിരുന്നു. 2025 ജൂൺ 25-ന് ഫാൽക്കൺ-9 റോക്കറ്റ് വിക്ഷേപിച്ച സ്പേസ്-എക്സ് ഡ്രാഗൺ പേടകത്തിലാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല യാത്ര ചെയ്തത്. ഈ ദൗത്യത്തിനിടെ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ഏഴ് സൂക്ഷ്മ ഗുരുത്വാകര്‍ഷണ പരീക്ഷണങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി. ബഹിരാകാശത്തിലെ പേശി പുനരുജ്ജീവനം, പായലുകളുടെ വളർച്ച, വിളകളുടെ നിലനിൽപ്പ്, സൂക്ഷ്മാണുക്കളുടെ അതിജീവനം, വൈജ്ഞാനിക പ്രകടനം, സയനോബാക്ടീരിയകളുടെ പെരുമാറ്റം എന്നിവയെക്കുറിച്ചാണ് ഈ പഠനങ്ങൾ പരിശോധിച്ചത്. 2025 ജൂലൈ 15-ന് സുരക്ഷിതമായ അൺഡോക്കിങ്, പുനപ്രവേശം, കടലിലിറങ്ങല്‍ എന്നീ ഘട്ടങ്ങളിലൂടെ ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ശാസ്ത്രീയ ഫലങ്ങൾക്കപ്പുറം ആക്സിയം-4 ദൗത്യം ബഹിരാകാശ സഞ്ചാരികളുടെ പരിശീലനത്തിലും മനുഷ്യ ബഹിരാകാശ യാത്രാ നടപടിക്രമങ്ങളിലും സൂക്ഷ്മ ഗുരുത്വാകര്‍ഷണ ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണത്തിലുമെല്ലാം ഇന്ത്യയ്ക്ക് വിലപ്പെട്ട പ്രവർത്തന പരിചയം നൽകി. ഭാവി മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലേക്ക് രാജ്യത്തിൻ്റെ തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും.
ദേശീയ ബഹിരാകാശ നിലയം
ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ബഹിരാകാശ കാഴ്ചപ്പാട്-2047-ൻ്റെ സുപ്രധാന സ്തംഭവുമാണ് ഭാരതീയ അന്തരീക്ഷ നിലയം. ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ അഞ്ച് മൊഡ്യൂളുകളടങ്ങുന്ന ബഹിരാകാശ നിലയമായിരിക്കും ഭാരതീയ അന്തരീക്ഷ നിലയം. ദീർഘകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കാനും സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിലെ അത്യാധുനിക ശാസ്ത്ര ഗവേഷണങ്ങൾക്കും വേണ്ടിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. 2024 സെപ്റ്റംബറിൽ വിപുലീകരിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി BAS-01 എന്ന ഇതിൻ്റെ ആദ്യ മൊഡ്യൂള്‍ 2028-ഓടെ വികസിപ്പിക്കാനും വിക്ഷേപിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറം ഭാവി മനുഷ്യ പര്യവേക്ഷണ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ജീവശാസ്ത്രം, മെഡിസിൻ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണങ്ങൾക്ക് ഈ നിലയം വഴിയൊരുക്കും.
ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന പുരോഗതി ശേഷി വികസനത്തില്‍നിന്ന് നേതൃത്വനിര കെട്ടിപ്പടുക്കുന്നതിലേക്കുള്ള വ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ശാസ്ത്രീയ കണ്ടെത്തലുകളുടെ അതിരുകൾ വിപുലീകരിക്കുന്നതിനൊപ്പം ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ രാജ്യം വികസിപ്പിക്കുന്നു. വിപുലമായ ദൗത്യങ്ങളിലൂടെയും അത്യാധുനിക ഗവേഷണ പരിപാടികളിലൂടെയും ശക്തമായ ദീർഘവീക്ഷണ ആസൂത്രണത്തിലൂടെയും ലോകത്തെ മുൻനിര ബഹിരാകാശ രാജ്യങ്ങൾക്കിടയിൽ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഇന്ത്യ.
സ്വകാര്യ പങ്കാളിത്തത്തിലൂടെയും നൂതനാശയങ്ങളിലൂടെയും സാങ്കേതിക വികസനത്തിലൂടെയും ശേഷി വികസനം
ഇന്ത്യയുടെ ബഹിരാകാശ സംരംഭങ്ങള്‍ ശാസ്ത്രീയ ശ്രമമെന്ന നിലയിൽ നിന്ന് ദേശീയ വികസനത്തിൻ്റെ കരുത്തുറ്റ ഉപകരണമായി പരിണമിച്ചിരിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ പരിവർത്തനത്തിന് കരുത്തേകുന്ന സ്വകാര്യ മേഖല, വിപുലീകരിക്കപ്പെടുന്ന തദ്ദേശീയ ബഹിരാകാശ സാങ്കേതികവിദ്യാ ശൃംഖല, ഇന്ത്യയുടെ സ്വന്തം ദിശാനിര്‍ണയ സംവിധാനമായ ‘നാവികി’ൻ്റെ വളർച്ച, അത്യാധുനിക വിക്ഷേപണ വാഹനങ്ങൾ, ബഹിരാകാശാധിഷ്ഠിത പൊതുസേവനങ്ങൾ എന്നിവയിലൂടെ ഭരണനിർവഹണത്തിലും കണക്റ്റിവിറ്റിയിലും ദുരന്ത പ്രതിരോധത്തിലും നൂതനാശയങ്ങളിലും സാമ്പത്തിക വികസനത്തിലുമെല്ലാം രാജ്യം ദേശീയ ശേഷി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ഭൂമിയ്ക്കപ്പുറം ദൗത്യങ്ങള്‍ സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തുടനീളം ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ബഹിരാകാശ പരിവർത്തനത്തിന് കരുത്തേകുന്ന സ്വകാര്യ മേഖല

ഗവണ്‍മെൻ്റ് മാത്രം നേതൃത്വം നല്‍കിയിരുന്ന സംരംഭങ്ങളില്‍ നിന്ന് ഊർജസ്വലമായ ദേശീയ പരിതസ്ഥിതിയായി ബഹിരാകാശ മേഖലയെ ഇന്ത്യ മാറ്റിമറിച്ചു. 2020-ൽ സ്വകാര്യ പങ്കാളികൾക്കായി ബഹിരാകാശ മേഖല തുറന്നുനൽകിയതും പിന്നാലെ നടപ്പാക്കിയ 2023-ലെ ഇന്ത്യൻ ബഹിരാകാശ നയവും ബഹിരാകാശ മൂല്യ ശൃംഖലയിലുടനീളം കൂടുതൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിയൊരുക്കി. സ്റ്റാർട്ടപ്പുകളും വ്യവസായ മേഖലകളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന് നൂതനാശയങ്ങൾ, ഉല്പാദനം, വിക്ഷേപണ സേവനങ്ങൾ, ഉപഗ്രഹ പ്രവര്‍ത്തനങ്ങള്‍ എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു. ഉദാരവൽകൃത വിദേശ നിക്ഷേപ നയം, ഇൻ-സ്പേസ് പ്രാരംഭ ധനസഹായ പദ്ധതി, പ്രീ-ഇൻകുബേഷൻ സംരംഭകത്വ പരിപാടി, 1,000 കോടി രൂപയുടെ നൂതന സംരംഭ നിക്ഷേപ ഫണ്ട്, 500 കോടി രൂപയുടെ ടെക്നോളജി അഡോപ്ഷൻ ഫണ്ട് തുടങ്ങിയ സർക്കാർ സംരംഭങ്ങൾ ഈ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി.
നിങ്ങൾക്കറിയാമോ?
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം ഗവൺമെൻ്റ് ഉദാരവൽക്കരിക്കുകയും തിരഞ്ഞെടുത്ത പ്രവർത്തനങ്ങളിൽ 100% വരെ വിദേശ നിക്ഷേപം അനുവദിക്കുകയും ചെയ്തു. ഉപഗ്രഹ നിർമാണവും പ്രവർത്തനങ്ങളും, ഉപഗ്രഹാധിഷ്ഠിത വിവരശേഖരങ്ങള്‍, ഭൂതല/ഉപയോക്തൃ വിഭാഗങ്ങളിലെ സേവനങ്ങൾ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതെ ഓട്ടോമാറ്റിക് റൂട്ടില്‍ 74% വരെ വിദേശ നിക്ഷേപം സാധ്യമാണ്. വിക്ഷേപണ വാഹനങ്ങൾ , അനുബന്ധ സംവിധാനങ്ങൾ, ബഹിരാകാശ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് 49% വരെ വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്; അതേസമയം ഉപഗ്രഹങ്ങളുടെയും ഭൂതല നിയന്ത്രണ ഘടകങ്ങളുടെയും ഉപസംവിധാനങ്ങളുടെയും നിർമാണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതെ 100% വിദേശ നിക്ഷേപം സാധ്യമാണ്.
സ്വകാര്യ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാന്‍ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ (IN-SPACe) 2024-ല്‍ ‘മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും’ (എൻ.ജി.പി) അവതരിപ്പിച്ചു. ഈ ചട്ടക്കൂട് ബഹിരാകാശ പ്രവർത്തനങ്ങൾക്ക് വ്യക്തമായ അനുമതിയും യോഗ്യതയും നിയമപരമായ ബാധ്യതകളും നൽകുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ആവാസവ്യവസ്ഥയ്ക്ക് വലിയ സുതാര്യതയും പ്രവചനക്ഷമതയും നിക്ഷേപകരിൽ വിശ്വാസ്യതയും കൊണ്ടുവരാന്‍ ഇത് വഴിയൊരുക്കുന്നു.

ഈ മാറ്റത്തിൻ്റെ വ്യാപ്തി തീര്‍ത്തും ശ്രദ്ധേയമാണ്. 2014-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ഒരേയൊരു ബഹിരാകാശ സ്റ്റാർട്ടപ്പ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് അത് 400 പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 500 മില്യൺ ഡോളറിലധികമായി ഉയർന്നു; ഇതിൽ 150 മില്യൺ ഡോളറോളം നിക്ഷേപം 2025-ൽ മാത്രം ആകര്‍ഷിച്ചു. പിക്സൽ, ധ്രുവ സ്പേസ്, സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ്, ബെല്ലാട്രിക്സ് എയറോസ്പേസ് തുടങ്ങിയ കമ്പനികൾ പുതിയ ബഹിരാകാശ യുഗത്തിൻ്റെ മുൻഗാമികളായി ഉയർന്നുവന്നിട്ടുണ്ട്.
വാണിജ്യവൽക്കരണം: ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം
ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ മൂല്യം 8 ബില്യണ്‍ ഡോളറാണ്. ഇത് ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ 2 മുതല്‍ 3 ശതമാനത്തോളം വരും. അടുത്ത പത്തുവര്‍ഷത്തിനിടെ ഇത് അഞ്ച് മടങ്ങ് വർധിച്ച് 40 മുതല്‍ 45 ബില്യൺ ഡോളര്‍ വരെയെത്തുമെന്നും 2030-ഓടെ ആഗോള വിപണിയിലെ ഇന്ത്യയുടെ പങ്ക് 8 ശതമാനമായി ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ സ്ഥാപനപരമായ വലിയ പരിഷ്കാരങ്ങളിലൂടെയും സ്വകാര്യ മേഖലാ പങ്കാളിത്തത്തിലൂടെയും ബഹിരാകാശ മേഖലയുടെ വാണിജ്യവൽക്കരണത്തിന് ഗവൺമെൻ്റ് ഗണ്യമായ വേഗം പകര്‍ന്നിട്ടുണ്ട്.
2019-ൽ സ്ഥാപിതമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) 2022-ൽ സ്ഥാപിതമായ ഇൻ-സ്പേസും വ്യവസായ പങ്കാളിത്തം, സാങ്കേതികവിദ്യാ കൈമാറ്റം, സ്വകാര്യ നിക്ഷേപം എന്നിവയ്ക്കായി ശക്തമായ സ്ഥാപന ചട്ടക്കൂട് സൃഷ്ടിച്ചു. ISRO -യുടെ സാങ്കേതികവിദ്യകളും വിക്ഷേപണ സേവനങ്ങളും ഉപഗ്രഹ സേവനങ്ങളും NSIL വാണിജ്യവൽക്കരിക്കുമ്പോൾ ഏകജാലക സംവിധാനത്തിലൂടെ സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങളെ സുഗമമാക്കാനും അനുമതികള്‍ നല്‍കാനും ഇൻ-സ്പേസ് സഹായിക്കുന്നു.

ഈ പരിഷ്കാരങ്ങൾ നിര്‍ണായക ഫലങ്ങൾ നൽകിയിട്ടുണ്ട്. 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം NSIL വരുമാനം 2021-22 സാമ്പത്തിക വർഷത്തെ 321.77 കോടി രൂപയിൽ നിന്ന് 2024-25 സാമ്പത്തിക വർഷം 3,246.09 കോടി രൂപയായി വര്‍ധിച്ചു. 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് വിവിധ വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ISRO-യുടെ 71 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾക്ക് ഇൻ-സ്പേസ് സൗകര്യമൊരുക്കി. ഇന്ത്യയിലെ ആറ് ഗവണ്‍മെൻ്റിതര സ്ഥാപനങ്ങൾ ചേർന്ന് 18 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതേസമയം 25 പേലോഡുകൾ പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്‍റല്‍ മൊഡ്യൂള്‍) പ്ലാറ്റ്‌ഫോമുകളിൽ വിക്ഷേപിക്കുകയോ വിക്ഷേപണം നിശ്ചയിക്കുകയോ ചെയ്തിട്ടുണ്ട്. 2026-ൽ പി.പി.പി. മാതൃകയിൽ ഭൗമ നിരീക്ഷണ ഉപഗ്രഹ ശൃംഖലയ്ക്ക് അനുമതി നൽകിയതും 2025- ല്‍ SSLV സാങ്കേതികവിദ്യ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയതും ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി.
സ്വയംപര്യാപ്ത ബഹിരാകാശ യാത്ര
നിലവിൽ പ്രവർത്തനസജ്ജമായ PSLV, GSLV, LVM-3 വിക്ഷേപണ വാഹനങ്ങളിലൂടെ ഭൂതല സമീപ ഭ്രമണപഥത്തിലേക്ക് (LEO) 10 ടൺ വരെയും ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്ക് (GTO) 4.2 ടൺ വരെയും ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാന്‍ ബഹിരാകാശ ഗതാഗത സംവിധാനങ്ങളിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. ഈ വിക്ഷേപണ വാഹനങ്ങൾ ഭൂനിരീക്ഷണം, ആശയവിനിമയം, ദിശാനിര്‍ണയം, ബഹിരാകാശ പര്യവേക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളുടെ സ്വതന്ത്ര ബഹിരാകാശ പ്രവേശനം സാധ്യമാക്കി. വിപുലമായ ബഹിരാകാശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിക്ഷേപണ വാഹനങ്ങളുടെ ശേഷിവികസനം ലക്ഷ്യമിട്ട് ഭൂതല സമീപ ഭ്രമണപഥത്തിലേക്ക് പരമാവധി 30 ടൺ പേലോഡ് ശേഷി നൽകുന്ന വരുംതലമുറ വിക്ഷേപണ വാഹനം (NGLV) വികസിപ്പിക്കാന്‍ ഗവൺമെൻ്റ് അനുമതി നൽകിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ബഹിരാകാശ പ്രവേശനം സാധ്യമാക്കുന്നതിന് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന സാങ്കേതികവിദ്യകളും വികസിപ്പിച്ചുവരുന്നു. ഭൂതല സമീപ ഭ്രമണപഥത്തില്‍ 14 ടൺ പേലോഡ് ശേഷിയോടുകൂടിയ NGLV-യുടെ ഭാഗികമായി പുനരുപയോഗിക്കാവുന്ന പതിപ്പും ഇതിൽ ഉൾപ്പെടുന്നു. ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് തിരികെ പറന്നിറങ്ങാനും സ്വയംനിയന്ത്രിതമായി റൺവേയിൽ ലാൻഡ് ചെയ്യാനും സാധിക്കുന്ന ചിറകുകളോടുകൂടിയ പേടക ഭാഗത്തിൻ്റെ വികസനമാണ് മറ്റൊരു സുപ്രധാന മുന്നേറ്റം.
നിങ്ങൾക്കറിയാമോ?
ഇന്ത്യ അതിൻ്റെ ബഹിരാകാശ വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കുന്നു:
-
ഇന്ത്യയുടെ രണ്ടാമത് ബഹിരാകാശ നിലയം തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് ഒരുങ്ങുകയാണ്.
-
പ്രതിവർഷം 20 മുതല്‍ 25 വരെ ഭ്രമണപഥ വിക്ഷേപണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി 2024 ഫെബ്രുവരി 28-ന് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) സമുച്ചയത്തിന് തറക്കല്ലിട്ടു. ആദ്യ SSLV വിക്ഷേപണം 2026-27 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നു.
-
2025 ജനുവരിയിൽ ശ്രീഹരിക്കോട്ടയിൽ 3,984.86 കോടി രൂപ ചെലവിൽ മൂന്നാമത്തെ വിക്ഷേപണ നിലയത്തിന് അംഗീകാരം നൽകി. വരുംതലമുറ വിക്ഷേപണ വാഹനങ്ങളെയും മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങളെയും ഭാവി ചാന്ദ്ര പര്യവേക്ഷണങ്ങളെയും ഈ സൗകര്യം സഹായിക്കും.
പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളിലെ പുരോഗതി
ഇന്ത്യയുടെ വരുംതലമുറ ബഹിരാകാശ ഗതാഗത സാങ്കേതികവിദ്യകൾ ISRO ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങള്‍ മുതൽ വികസിത ക്രയോജനിക്, സെമി-ക്രയോജനിക് എന്‍ജിനുകൾ വരെ മുന്നേറ്റങ്ങൾ ഓരോ ദൗത്യങ്ങളുടെയും വഴക്കവും പേലോഡ് ശേഷിയും ചെലവ് കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തും. ദൗത്യത്തില്‍ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം 2026-27 സാമ്പത്തിക വർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ കാര്യക്ഷമവും ദീർഘകാലം നിലനിൽക്കുന്നതുമായ ബഹിരാകാശ ദൗത്യങ്ങളിലേക്ക് വലിയൊരു ചുവടുവെപ്പാണിത്.
ലംബമായി വിക്ഷേപിക്കാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന പുനരുപയോഗ റോക്കറ്റുകളുടെ വികസനത്തിലേക്കുള്ള നിർണായക ഘട്ടമായ 'വികാസ് എന്‍ജിൻ്റെ' വേഗ നിയന്ത്രണ ശേഷിയില്‍ ഇന്ത്യ സുപ്രധാനമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. CE20 ക്രയോജനിക് എന്‍ജിന് വേണ്ടി പുതിയ 'ബൂട്ട്‌സ്‌ട്രാപ്പ് ഇഗ്നിഷൻ' സാങ്കേതികവിദ്യയിലൂടെ ദൗത്യങ്ങൾക്കിടെ എന്‍ജിൻ പലതവണ റീസ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നുവെന്നത് പ്രവർത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. അതേസമയം സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൻ്റെ (SSLV) നവീകരിച്ച അവസാന ഭാഗം അതിൻ്റെ ഭാരം കുറയ്ക്കുകയും പേലോഡ് ശേഷി ഏകദേശം 90 കിലോഗ്രാം വർധിപ്പിക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ

ISRO -യുടെ പുനരുപയോഗ വിക്ഷേപണ വാഹനം - സാങ്കേതികവിദ്യാ പ്രദർശന പേടകം (RLV-TD) സംരംഭം കുറഞ്ഞ ചെലവിലും പുനരുപയോഗിക്കാവുന്നതുമായ ബഹിരാകാശ ഗതാഗത സംവിധാനങ്ങളിലേക്കുള്ള വലിയ ചുവടുവെപ്പാണ്. ഭാവി വിമാനം പോലെ രൂപകല്പന ചെയ്ത ചിറകുകളോടുകൂടിയ ഈ വാഹനം വിക്ഷേപണ വാഹനങ്ങളുടെയും വിമാനങ്ങളുടെയും സാങ്കേതിക സവിശേഷതകള്‍ ഒരുമിപ്പിക്കുന്നു. ബഹിരാകാശ പ്രവേശന ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പൂർണമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനങ്ങൾക്ക് നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഹൈപ്പർസോണിക് ഫ്ലൈറ്റ്, സ്വയംനിയന്ത്രിത ലാൻഡിങ്, സംയോജിത ഫ്ലൈറ്റ് നിയന്ത്രണം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്ന വ്യോമ പരീക്ഷണ പേടകമായി RLV-TD പ്രവർത്തിക്കുന്നു.
ഈ സംരംഭത്തിന് കീഴിൽ ഇന്ത്യ ഇതിനകം സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ട്. 2016 മെയ് 23-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് RLV-TD-യുടെ വിജയകരമായ പറക്കല്‍ പരീക്ഷണം ISRO നടത്തി. ഇതിലൂടെ സ്വയംനിയന്ത്രിത ദിശാനിര്‍ണയം, ഗൈഡൻസ് ആൻഡ് കൺട്രോൾ സംവിധാനങ്ങള്‍, പുനരുപയോഗിക്കാവുന്ന താപനിയന്ത്രണ സംവിധാനങ്ങള്‍, റീ-എൻട്രി ദൗത്യ നിര്‍വഹണ സാങ്കേതികവിദ്യകൾ എന്നിവ വിലയിരുത്തി. ഇതിനുശേഷം വിജയകരമായ മൂന്ന് സ്വയംനിയന്ത്രിത റൺവേ ലാൻഡിങ് പരീക്ഷണങ്ങളും RLV-TD പൂർത്തിയാക്കി.
തദ്ദേശീയ ഇലക്ട്രോണിക്സ് ഓൺ-ബോർഡ് സംവിധാനങ്ങള്‍
ചണ്ഡീഗഢിലെ അര്‍ധചാലക ലബോറട്ടറിയുമായി (SCL) ചേർന്ന് വിശ്വാസ്യതയേറിയ ബഹിരാകാശ ദൗത്യങ്ങൾക്കായി കൽപ്പന-32-നൊപ്പം ISRO ഇന്ത്യയുടെ ആദ്യ സമ്പൂർണ തദ്ദേശീയ 32-ബിറ്റ് ബഹിരാകാശ മൈക്രോപ്രൊസസ്സറായ വിക്രം3201 വികസിപ്പിച്ചു. വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന ഈ നടപടി ദൗത്യങ്ങളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ വളർന്നുവരുന്ന ബഹിരാകാശ ശേഷി കഴിഞ്ഞ 12 വർഷത്തെ രാജ്യത്തിൻ്റെ സമഗ്ര പരിവർത്തനത്തിൻ്റെ വിജയഗാഥയാണ് പ്രതിഫലിപ്പിക്കുന്നത്. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങൾ എന്നിവയിലെ തുടർച്ചയായ നിക്ഷേപം രാജ്യത്തിൻ്റെ ശേഷി വികസിപ്പിക്കുകയും ബാഹ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയത്തിന് കീഴിലെ ഈ ശ്രമങ്ങൾ ശാസ്ത്രത്തിനും വ്യവസായത്തിനും വികസനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. രാജ്യത്തിൻ്റെ 'വികസിത ഇന്ത്യ 'യെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുന്ന ഈ നടപടികള്‍ മുൻനിര ബഹിരാകാശ രാജ്യങ്ങളിലൊന്നായി ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ ആഗോള വിശ്വാസ്യത

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ തുടക്കം മുതൽ അന്താരാഷ്ട്ര സഹകരണം അതിൻ്റെ സുപ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു. ശാസ്ത്രീയ സഹകരണം, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത ദൗത്യങ്ങളുടെ വികസനം എന്നിവ ശക്തമാക്കി കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ആഗോള ബഹിരാകാശ പങ്കാളിത്തം ഗണ്യമായി വികസിപ്പിച്ചു. 1990-കൾക്കും 2014-നും ഇടയിൽ 35 വിദേശ ഉപഗ്രഹങ്ങളാണ് ISRO വിക്ഷേപിച്ചിരുന്നത്. എന്നാൽ 2014-ന് ശേഷം 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇത് 399 വിദേശ ഉപഗ്രഹ വിക്ഷേപണങ്ങളെന്ന നിലയില്‍ കുത്തനെ ഉയര്‍ന്നു. കൂടാതെ 2026-ലെ കണക്കനുസരിച്ച് 61 രാജ്യങ്ങളുമായും 5 ബഹുരാഷ്ട്ര സംഘടനകളുമായും ഇന്ത്യ 300-ലേറെ ബഹിരാകാശ സഹകരണ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഉപഗ്രഹ ദൗത്യങ്ങള്‍, വിവരങ്ങളുടെ പങ്കിടല്‍, ഭൂതല നിലയങ്ങള്‍, ശാസ്ത്രീയ ഗവേഷണം, ശേഷി വര്‍ധന എന്നിവയെ ഉൾക്കൊള്ളുന്നതാണ് ഈ പങ്കാളിത്തങ്ങള്‍. കഴിഞ്ഞ പതിറ്റാണ്ടിനിടെ വികസിപ്പിച്ച സുപ്രധാന അന്താരാഷ്ട്ര സഹകരണങ്ങളും തന്ത്രപ്രധാന പങ്കാളിത്തങ്ങളും താഴെ:
നിങ്ങൾക്കറിയാമോ?
"അയൽരാജ്യം ആദ്യം" എന്ന നയത്തിൻ്റെ ഭാഗമായി ബിംസ്റ്റെക് ബഹിരാകാശ പദ്ധതിക്ക് ഇന്ത്യ നേതൃത്വം നൽകുന്നു. ബഹിരാകാശ സാങ്കേതികവിദ്യ, ദുരന്തനിവാരണം, ശേഷി വർധന എന്നിവയിലൂടെ പ്രാദേശിക സഹകരണം ശക്തമാക്കുന്നതാണ് ഈ സംരംഭം. നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെൻ്റർ ബിംസ്റ്റെക് രാജ്യങ്ങൾക്ക് ബഹിരാകാശ പ്രവര്‍ത്തനങ്ങളിലും ഉപഗ്രഹ സാങ്കേതികവിദ്യകളിലും പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ-ദുരന്ത നിവാരണത്തിന് പ്രാദേശിക നാനോ ഉപഗ്രഹങ്ങൾ, പ്രാദേശിക ഭൂതല നിലയങ്ങള്‍, ഭൂനിരീക്ഷണ വിവരങ്ങളുടെ കൈമാറ്റം എന്നിവയും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥാ പ്രവചനത്തെയും ദുരന്ത പ്രതിരോധ തയ്യാറെടുപ്പുകളെയും ബിംസ്റ്റെക് വെതർ ആൻഡ് ക്ലൈമറ്റ് സെൻ്റർ പിന്തുണയ്ക്കുന്നു. ബഹിരാകാശ സുരക്ഷാ സഹകരണ വിദഗ്ധ സമിതി പ്രാദേശിക പ്രതിരോധശേഷിയും തന്ത്രപരമായ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇന്ത്യ-റഷ്യ പങ്കാളിത്തം: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാഭിലാഷങ്ങൾക്ക് പിന്തുണ

ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിക്ക് ദീർഘകാല റഷ്യന്‍ പങ്കാളിത്തത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ ബഹിരാകാശ സഹകരണത്തിൻ്റെ കരുത്തിൽ ഗഗൻയാൻ ദൗത്യത്തെ പിന്തുണയ്ക്കുന്നതിന് ISRO-യും റോസ്കോസ്മോസും 2018-ൽ ധാരണാപത്രം ഒപ്പുവെച്ചു. ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, സാങ്കേതിക വൈദഗ്ധ്യം എന്നിവയ്ക്കൊപ്പം ജീവൻരക്ഷാ സംവിധാനങ്ങള്‍, യാത്രക്കാരുടെ സുരക്ഷ, മനുഷ്യ ബഹിരാകാശ യാത്രാ സാങ്കേതികവിദ്യകൾ തുടങ്ങിയ നിർണായക മേഖലകളിൽ റഷ്യ പിന്തുണ നൽകിയിട്ടുണ്ട്. ഈ സഹകരണം ഇന്ത്യയുടെ ആദ്യ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യ തയ്യാറെടുപ്പുകളെ ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ നവീന ബഹിരാകാശ ലക്ഷ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വിശ്വാസ്യത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കറിയാമോ?
റഷ്യയുമായി ഇന്ത്യയുടെ ബഹിരാകാശ പങ്കാളിത്തം ആരംഭിക്കുന്നത് 1975-ൽ സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം 'ആര്യഭട്ട' വിക്ഷേപിച്ചത് മുതലാണ്. 1984-ൽ സോയൂസ് T-11 പേടകത്തിൽ വിങ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശത്തേക്ക് യാത്ര ചെയ്തപ്പോൾ ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ നാഴികക്കല്ലിന് വഴിയൊരുക്കിയതും റഷ്യയാണ്. ഇന്ന് ഗഗൻയാൻ ദൗത്യം, ഗ്ലോനാസ്, നാവിക് എന്നിവയിലൂടെ ഈ പങ്കാളിത്തം ഉപഗ്രഹ ദിശാനിര്‍ണയ മേഖലയിലെ സഹകരണത്തിലും ഭാവി ബഹിരാകാശ പര്യവേക്ഷണ സംരംഭങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തിന്റെ സുസ്ഥിര വിശ്വാസ്യതയും തന്ത്രപരമായ ആഴവുമാണ് ഇത് എടുത്തുകാട്ടുന്നത്.
ISRO-യും നാസയും
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വർധിച്ചുവരുന്ന അന്തസ്സ് ലോകത്തെ മുൻനിര ബഹിരാകാശ ഏജൻസികളുമായി ഏര്‍പ്പെടുന്ന സഹകരണത്തില്‍ പ്രതിഫലിക്കുന്നു. ഇതിന് പ്രധാന ഉദാഹരണമാണ് നാസ-ISRO സിന്തറ്റിക് അപർച്ചർ റഡാർ (നിസര്‍) ദൗത്യം. ISRO-യും നാസയും സംയുക്തമായി വികസിപ്പിച്ച ഈ പേടകം 2025 ജൂലൈ 30-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് GSLV -F-16 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചു. ഭൂമിയിലും ഹിമാനികളിലും വനങ്ങളിലും സമുദ്രങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഈ ദൗത്യം കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതി വെല്ലുവിളികൾ എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ലോകത്തെ പ്രമുഖ ബഹിരാകാശ ഏജൻസികളായ ISRO-യുടെയും നാസയുടെയും വൈദഗ്ധ്യത്തെ ഒന്നിപ്പിക്കുന്ന ഈ ദൗത്യം സങ്കീർണ അന്താരാഷ്ട്ര പദ്ധതികള്‍ ഏറ്റെടുക്കാനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കുന്നു.
ISRO-യും ഫ്രഞ്ച് ബഹിരാകാശ ഏജൻസി CNES-ഉം

ഇന്ത്യയുടെ വിപുലീകൃത ആഗോള പങ്കാളിത്തം തൃഷ്ണ (തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സാറ്റലൈറ്റ് ഫോര്‍ ഹൈ-റെസല്യൂഷന്‍ നാച്ചുറല്‍ റിസോഴ്സ് അസെസ്മെൻ്റ്) ദൗത്യത്തിലും പ്രതിഫലിക്കുന്നു. ISRO-യും ഫ്രഞ്ച് ബഹിരാകാശ ഏജൻസി CNES-ഉം സംയുക്തമായാണ് ഇത് വികസിപ്പിക്കുന്നത്. 2026-ൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്ന തൃഷ്ണ നിലവിലെ മറ്റ് ദൗത്യങ്ങൾക്ക് നൽകാൻ കഴിയാത്തത്ര മികച്ച ആവർത്തന ആവൃത്തിയിൽ ഭൂമിയുടെ കരഭാഗങ്ങളുടെയും തീരപ്രദേശങ്ങളുടെയും വ്യക്തതയാര്‍ന്ന തെർമൽ ചിത്രങ്ങൾ നൽകും. വിളകളുടെ ജലക്ഷാമം, ജലസേചന ആവശ്യങ്ങൾ, ജലവിഭവങ്ങൾ, നഗര ആവാസവ്യവസ്ഥകൾ, ഹിമാനികൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. CNES-ലെ തെർമൽ ഇൻഫ്രാറെഡ് ഉപകരണവും ISRO-യിലെ ഒപ്റ്റിക്കൽ സെൻസറും സംയോജിപ്പിക്കുന്ന ഈ ദൗത്യം ലോകമെങ്ങും സുസ്ഥിര കൃഷിയെയും പരിസ്ഥിതി പരിപാലനത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം അത്യാധുനിക ഭൂനിരീക്ഷണത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പദവി തെളിയിക്കുന്നു.
ISRO-യും ജപ്പാൻ എയറോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും

വിപുലമായ ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന വിശ്വാസ്യത ISRO-യും ജപ്പാൻ എയറോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും (JAXA) തമ്മിലെ ചരിത്രപരമായ സഹകരണമായ ചന്ദ്രയാൻ-5/ലൂപെക്സ് ദൗത്യത്തിലും പ്രകടമാണ്. 2027–28 വർഷങ്ങളിൽ ജപ്പാൻ്റെ H3 റോക്കറ്റിൽ വിക്ഷേപിക്കാൻ നിശ്ചയിച്ച ഈ ദൗത്യം ചന്ദ്രൻ്റെ ധ്രുവപ്രദേശം പര്യവേക്ഷണം ചെയ്യുന്നതിന് ഇന്ത്യ വികസിപ്പിച്ച ലാൻഡറിനെ ജാപ്പനീസ് റോവറുമായി സംയോജിപ്പിക്കും. ചന്ദ്രയാൻ-3 വിജയത്തിൻ്റെയും ചന്ദ്രയാൻ-4 ലക്ഷ്യമിടുന്ന ചാന്ദ്ര സാംപിളുകൾ തിരികെയെത്തിക്കുന്ന പദ്ധതിയുടെയും കരുത്തിൽ ലൂപെക്സ് ചന്ദ്രനിലെ വെള്ളത്തിൻ്റെയും ഐസ് നിക്ഷേപങ്ങളുടെയും സാന്നിധ്യം പരിശോധിക്കുകയും ഉപരിതലത്തിന് താഴേക്ക് തുരന്ന് അത്യാധുനിക തത്സമയ ശാസ്ത്രീയ പരിശോധനകൾ നടത്തുകയും ചെയ്യും. ഈ ദൗത്യത്തിൽ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. സങ്കീർണ ബഹുരാഷ്ട്ര ശാസ്ത്ര സഹകരണങ്ങൾക്ക് നേതൃത്വം നൽകാനും ആഗോള ചാന്ദ്ര പര്യവേക്ഷണത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് സംഭാവന നൽകാനും കൈവരിച്ച ശേഷി ഇന്ത്യ ഇതിലൂടെ വ്യക്തമാക്കുന്നു.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി പങ്കാളിത്തം

2025 മെയ് 7-ന് ഭാവി മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ISRO-യും സംയുക്ത താല്പര്യ പത്രത്തിൽ ഒപ്പുവെച്ചു. ഭൂതല സമീപ ഭ്രമണപഥത്തിലെയും ഭാവി ചാന്ദ്ര പര്യവേക്ഷണത്തിലെയും പ്രവർത്തനങ്ങളിലാണ് ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ പേടകങ്ങളെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യകളിലും ബഹിരാകാശ സഞ്ചാരികളുടെ പരിശീലനത്തിലും ബഹിരാകാശ ഗവേഷണത്തിലും ഇരു ഏജൻസികളും സഹകരിക്കും. യൂറോപ്യൻ ബഹിരാകാശ സഞ്ചാരികൾക്ക് ഇന്ത്യ വിഭാവനം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ നിലയവുമായി ബന്ധപ്പെട്ട ദൗത്യങ്ങളിലും ചന്ദ്രനിലേക്കുള്ള സംയുക്ത ശാസ്ത്ര ദൗത്യങ്ങളിലും പങ്കെടുക്കാന്‍ ഈ കരാർ അവസരങ്ങൾ നല്‍കുന്നു. ആക്സിയം Ax-4 ദൗത്യത്തിനിടയിലെ സഹകരണത്തിൻ്റെ തുടർച്ചയായി ഭാവി ബഹിരാകാശ ദൗത്യങ്ങളെ കൂടുതൽ പരസ്പരബന്ധിതവും കാര്യക്ഷമവും സഹകരണപരവുമാക്കാൻ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ISRO-യും ശ്രമിച്ചുവരുന്നു. ഈ പങ്കാളിത്തം ഇന്ത്യയുടെ ബഹിരാകാശ ശേഷിയിൽ വർധിച്ചുവരുന്ന അന്താരാഷ്ട്ര വിശ്വാസ്യതയും മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ രാജ്യത്തിൻ്റെ കൂടിവരുന്ന പങ്കും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യ-ജർമനി ബഹിരാകാശ സഹകരണം

ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് ഇന്ത്യ 11 ജർമൻ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ശേഷിയിൽ അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നത്. 2026 ജൂൺ 2-ന് നടന്ന ഉന്നതതല യോഗത്തിൽ ഉപഗ്രഹ ആശയവിനിമയം, ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻസ്, മനുഷ്യ ബഹിരാകാശ യാത്ര, സൂക്ഷ്മ ഗുരുത്വാകര്‍ഷണ ഗവേഷണം, ഭൂനിരീക്ഷണം, ഡ്രോൺ സാങ്കേതികവിദ്യകൾ, ഭാവി ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ എന്നിവയിൽ സഹകരണത്തിന് ഇന്ത്യയും ജർമനിയും പുതിയ അവസരങ്ങൾ കണ്ടെത്തിയിരുന്നു. ISRO-യും ജർമ്മൻ എയറോസ്പേസ് സെൻ്ററും തമ്മിലെ ദീർഘകാല പങ്കാളിത്തത്തിൻ്റെ തുടർച്ചയായിരുന്നു ഈ ചർച്ചകൾ. വളർന്നുവരുന്ന ബഹിരാകാശ മേഖലകളിൽ സംയുക്ത ഗവേഷണം, നൂതനാശയങ്ങൾ, സാങ്കേതിക വിദ്യകളുടെ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലാണ് സഹകരണം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്ത്യ - ഇറ്റലി സംയുക്ത തന്ത്രപ്രധാന കർമപദ്ധതി 2025-2029

റിയോ ഡി ജനീറോയിൽ G20 ഉച്ചകോടിക്കിടെ 2024 നവംബർ 18-ന് പ്രഖ്യാപിച്ച 'ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപ്രധാന കർമപദ്ധതി'ക്ക് കീഴിൽ ഇരു രാജ്യങ്ങളും ബഹിരാകാശ സഹകരണം കൂടുതൽ വിപുലീകരിച്ചു. ISRO-യും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും തമ്മിൽ ഭൂനിരീക്ഷണം, ഹീലിയോഫിസിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയിലെ സഹകരണം വിപുലീകരിക്കുന്നതിന് ഇരു രാജ്യങ്ങളും അംഗീകാരം നല്‍കി. ഇതിൽ ചാന്ദ്ര ശാസ്ത്രത്തിന് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ ഉപയോഗത്തിന് ഗവേഷണ-വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം വ്യവസായങ്ങൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ വാണിജ്യ സഹകരണം പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും പ്രതിബദ്ധത അറിയിച്ചു.
ISRO-യും സൗദി ബഹിരാകാശ ഏജൻസിയും

ISRO-യും സൗദി ബഹിരാകാശ ഏജൻസിയും 2025 ഏപ്രിൽ 23-ന് ഒപ്പുവെച്ച ധാരണാപത്രത്തിലൂടെ ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ ബഹിരാകാശ സഹകരണം പുതിയ തലത്തിലേക്കുയർന്നു. ഉപഗ്രഹ വികസനം, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം, ഗവേഷണം, നൂതനാശയങ്ങൾ, ശേഷി വികസനം എന്നിവയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന കരാര്‍ ബഹിരാകാശ സാങ്കേതികവിദ്യകളിൽ സംരംഭകത്വവും അക്കാദമിക പങ്കാളിത്തവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ബഹിരാകാശത്തിൻ്റെ സമാധാനപരവും വികസനപരവുമായ ഉപയോഗത്തിന് ഇരു രാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധത ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നു.
ISRO-യും മൗറീഷ്യസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലും
മൗറീഷ്യസുമായുള്ള ഇന്ത്യയുടെ ദീർഘകാല ബഹിരാകാശ പങ്കാളിത്തം 2023 നവംബർ 1-ഓടെ പുതിയ ഘട്ടത്തിലേക്ക് കടന്നു. സംയുക്തമായി ചെറു ഉപഗ്രഹം വികസിപ്പിക്കാന്‍ ISRO-യും മൗറീഷ്യസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലും (MRIC) ധാരണാപത്രം ഒപ്പുവെച്ചു. തുടർന്ന് 2024 ജനുവരി 5-ന് കേന്ദ്ര മന്ത്രിസഭ ഇത് രേഖപ്പെടുത്തി. ഉപഗ്രഹ വികസന ശേഷി ശക്തിപ്പെടുത്തിയ പദ്ധതി മൗറീഷ്യസിലെ ഭൂതല നിലയത്തിൻ്റെ ഉപയോഗം പിന്തുണയ്ക്കുകയും ചെയ്യുന്നു. 1986-ല്‍ തുടക്കമിട്ട ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ സഹകരണം ഇന്ത്യയുടെ ധനസഹായത്തോടെ ഏകദേശം 20 കോടി രൂപ ചെലവിൽ 15 മാസത്തിനകം ഉപഗ്രഹം യാഥാർത്ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നു.
ഭൂട്ടാനുമായി ബഹിരാകാശ മേഖലയിലെ പ്രാദേശിക പങ്കാളിത്തം
ഇന്ത്യയുടെ ബഹിരാകാശ സഹകരണം പ്രാദേശിക പങ്കാളിത്തങ്ങളെ - പ്രത്യേകിച്ച് ഭൂട്ടാനുമായുള്ള ബന്ധത്തെ - കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2020 നവംബർ 19-ന് ഇന്ത്യയും ഭൂട്ടാനും സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിലെ സഹകരണം സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെക്കുകയും 2020 ഡിസംബർ 30-ന് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഭൂനിരീക്ഷണം, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹ ദിശാനിര്‍ണയം, ബഹിരാകാശ ശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ സാങ്കേതികവിദ്യയുടെ വികസന സംരംഭങ്ങള്‍ എന്നിവ ഈ കരാറിൻ്റെ പരിധിയിൽ വരുന്നു. സംയുക്ത സഹകരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഒരു സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കുകയും ചെയ്തു. ബഹിരാകാശ അധിഷ്ഠിത പരിഹാരങ്ങളിലൂടെ ഭൂട്ടാന്റെ ഭരണനിർവഹണം, വിഭവ പരിപാലനം, ആശയവിനിമയം, ശാസ്ത്രീയ ഗവേഷണം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.
ബഹിരാകാശ സാങ്കേതികവിദ്യ പൗരന്മാർക്കായി; ദൈനംദിന ജീവിതത്തെ സ്പർശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഭരണനിർവഹണത്തെയും വികസനത്തെയും പരിസ്ഥിതി പരിപാലനത്തെയും ദുരന്ത പ്രതിരോധത്തെയുമെല്ലാം പിന്തുണയ്ക്കുന്ന നിർണായക ദേശീയ അടിസ്ഥാന സൗകര്യമായി മാറിയിട്ടുണ്ട്. ഉപഗ്രഹാധിഷ്ഠിത വിവരങ്ങൾ, ഭൂമിശാസ്ത്രപരമായ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ വേദികള്‍ എന്നിവ വിവരശേഖരങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുകയും സുതാര്യത മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിലെ ഗവണ്മെൻ്റ് പദ്ധതികളുടെ ഫലപ്രാപ്തി വർധിപ്പിക്കുകയും ചെയ്യുന്നു.
നാവിക്: ഇന്ത്യയുടെ തദ്ദേശീയ ദിശാനിര്‍ണയ സംരംഭം
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ദിശാനിര്‍ണയ സംവിധാനമാണ് നാവിക്. ഇത് ഇന്ത്യയിലും രാജ്യാതിർത്തികളിൽ നിന്ന് 1,500 കിലോമീറ്റർ വരെ പ്രദേശങ്ങളിലും കൃത്യമായ സ്ഥാന നിർണയം, ദിശാനിര്‍ണയം, സമയ വിവര സേവനങ്ങൾ എന്നിവ നൽകുന്നു. വിദേശ ദിശാനിര്‍ണയ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ വികസിപ്പിച്ച നാവിക് സംരംഭം ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതയും തന്ത്രപരമായ ശേഷിയും ശക്തിപ്പെടുത്തുന്നു. തുടർച്ചയായ പ്രാദേശിക കവറേജ് നൽകുന്ന ഉപഗ്രഹ ശൃംഖലയിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആദ്യ രണ്ടാം തലമുറ ഉപഗ്രഹമായ NVS-01 2023 മെയ് മാസത്തിലും തുടർന്ന് NVS-02 2025 ജനുവരിയിലും വിക്ഷേപിച്ചു. വിശ്വസ്തത വർധിപ്പിക്കാനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനും NVS-01 മുതൽ NVS-05 വരെ അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ-ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ സുപ്രധാന ഭാഗമായി നാവിക് മാറിയിട്ടുണ്ട്. വൈദ്യുത ഗ്രിഡ് സമന്വയം, തത്സമയ ട്രെയിൻ ട്രാക്കിങ്, വാഹന നിരീക്ഷണം, ആധാർ ഉപകരണങ്ങളുടെ ജിയോ ടാഗിങ്, പൊതു സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയെ ഇത് സഹായിക്കുന്നു. ലോജിസ്റ്റിക്സ്, കപ്പൽ/ബോട്ട് നിരീക്ഷണം, ജിയോ ഫെൻസിങ്, ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ എന്നിവയിലുടനീളം ഇതിൻ്റെ ഉപയോഗം അതിവേഗം വളരുകയാണ്. സാധാരണ ഉപഭോക്താക്കളിലേക്ക് ഇതിൻ്റെ സേവനമെത്തിക്കാന്‍ ക്വാൽകോം ഉൾപ്പെടെ പ്രമുഖ വ്യവസായ പങ്കാളികളുമായി ചേർന്ന് മൊബൈൽ ചിപ്‌സെറ്റുകളിൽ നാവിക് സംയോജിപ്പിക്കാനും ISRO പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങൾക്കറിയാമോ?
2025-ൽ നാവിക് റഫറൻസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പുവെച്ചു. ഈ സംരംഭം ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ ദിശാനിര്‍ണയ സംവിധാനത്തിൻ്റെ പ്രവർത്തനക്ഷമതയും വ്യാപ്തിയും രാജ്യാതിര്‍ത്തികള്‍ക്കപ്പുറം കൂടുതൽ ശക്തമാക്കും. ദിശാനിര്‍ണയ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ അധിഷ്ഠിത സ്ഥാനനിര്‍ണയ, സമയനിര്‍ണയ ശേഷികളിലെ വർധിച്ചുവരുന്ന അന്താരാഷ്ട്ര വിശ്വാസ്യതയെയാണ് ഈ പങ്കാളിത്തം തെളിയിക്കുന്നത്.
വിവരശേഖരാധിഷ്ഠിത ഭരണനിർവഹണം
കൃഷി-കർഷക ക്ഷേമ മന്ത്രാലയം, ജലശക്തി മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, വിവിധ സംസ്ഥാന ഗവണ്‍മെൻ്റുകള്‍ എന്നിവ ഭരണനിർവഹണത്തിനും പൊതുസേവന വിതരണത്തിനും ഭൂമിശാസ്ത്രപരമായ വിവരങ്ങളും പ്രമേയാധിഷ്ഠിത അപ്ലിക്കേഷനുകളും ഡിജിറ്റൽ വേദികളും കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപഗ്രഹാധിഷ്ഠിത വിവരങ്ങൾ മെച്ചപ്പെട്ട ആസൂത്രണത്തിനും തത്സമയ നിരീക്ഷണത്തിനും വിഭവ പരിപാലനത്തിനും വിവിധ മേഖലകളിലെ വികസന പരിപാടികളുടെ കാര്യക്ഷമമായ നടത്തിപ്പിനും സഹായിക്കുന്നു.
ഭക്ഷ്യ-ജല സുരക്ഷ
ഉപഗ്രഹാധിഷ്ഠിത നിരീക്ഷണത്തിലൂടെയും പ്രവചനങ്ങളിലൂടെയും ബഹിരാകാശ സാങ്കേതികവിദ്യ ഭക്ഷ്യ-ജല സുരക്ഷയെ ശക്തിപ്പെടുത്തുന്നു. വിളകളുടെ വിസ്തൃതി നിർണയം, ഉല്പാദന പ്രവചനം, വരൾച്ച വിലയിരുത്തൽ, വിളവ് കണക്കാക്കൽ എന്നിവ കാർഷിക ആസൂത്രണത്തെയും ഇൻഷുറൻസ് പദ്ധതികളെയും സഹായിക്കുന്നു. നാഷണൽ ഹൈഡ്രോളജി പദ്ധതി, ഇന്ത്യ വാട്ടർ റിസോഴ്‌സസ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയ്ക്ക് കീഴിലെ ജല-വിവര സേവനങ്ങൾ ജലവിഭവ ആസൂത്രണവും നിര്‍വഹണവും മെച്ചപ്പെടുത്തുന്നു.
ദുരന്തനിവാരണവും മുന്നറിയിപ്പുകളും
ഇന്ത്യയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ ദുരന്ത പ്രതിരോധ തയ്യാറെടുപ്പും അടിയന്തര പ്രതികരണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റുകൾ, പ്രളയങ്ങൾ, ഉരുൾപൊട്ടലുകൾ, കാട്ടുതീ, മറ്റ് പ്രകൃതിദുരന്തങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹങ്ങൾ സഹായിക്കുന്നു. നാഷണൽ ഡാറ്റാബേസ് ഫോർ എമർജൻസി മാനേജ്‌മെൻ്റ് തത്സമയ ഭൂമിശാസ്ത്ര വിവരങ്ങളും തീരുമാനങ്ങൾ കൈക്കൊള്ളാന്‍ സഹായ സംവിധാനങ്ങളും നൽകുന്നു. ഉപഗ്രഹാധിഷ്ഠിത തിരച്ചിലും രക്ഷാദൗത്യവും (SASAR) സംരംഭം അപകട മുന്നറിയിപ്പുകളെയും അടിയന്തര പ്രതികരണ സേവനങ്ങളെയും സഹായിക്കുന്നു.
ഭരണനിർവഹണവും ഗ്രാമവികസനവും
ഭൂമിശാസ്ത്രപരമായ സാങ്കേതികവിദ്യകൾ പ്രധാന ഗവണ്മെൻ്റ് പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിനെ പിന്തുണയ്ക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, PMGSY, PMKSY, അമൃത്, ഹരിത വിസ്തൃതി നിരീക്ഷണം, ദേശീയ വിലാസ സംവിധാനം എന്നിവ ഇതിലുൾപ്പെടുന്നു. ഉപഗ്രഹാധിഷ്ഠിത സംവിധാനങ്ങള്‍ ദേശീയ തലം മുതൽ ഗ്രാമീണതലം വരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി ആസൂത്രണവും നിരീക്ഷണവും നടത്താന്‍ സഹായിക്കുന്നു.
തീരദേശ സമൂഹങ്ങൾക്ക് പിന്തുണ
സാധ്യതാ മത്സ്യബന്ധന മേഖല (PFZ) സംബന്ധിച്ച നിർദേശങ്ങൾ കൂടുതൽ മത്സ്യ ലഭ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ മത്സ്യത്തൊഴിലാളെ സഹായിക്കുന്നു. ഈ നിർദേശങ്ങൾ ഇന്ധന ഉപഭോഗവും തിരച്ചിൽ സമയവും കുറയ്ക്കുന്നു. തദ്ദേശീയമായി വികസിപ്പിച്ച ദുരന്ത മുന്നറിയിപ്പ് ട്രാൻസ്മിറ്ററുകൾ മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ സൗകര്യമൊരുക്കുന്നതിലൂടെ മേഖലയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഉപഗ്രഹാധിഷ്ഠിത പരിഹാരങ്ങൾ
ദുർഘടവും ഉയർന്നതുമായ പ്രദേശങ്ങളിൽ ടെലിമെഡിസിൻ സേവനങ്ങൾ ISRO നൽകുന്നുണ്ട്. ജമ്മു കശ്മീർ, ലേ, ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ടെലിമെഡിസിൻ നോഡുകൾ പ്രവർത്തിക്കുന്നു. ഉയർന്ന പ്രദേശങ്ങളിലെ ഏകദേശം 80 എണ്ണം ഉൾപ്പെടെ 179 ടെലിമെഡിസിൻ നോഡുകൾ നിലവിൽ പ്രവർത്തനസജ്ജമാണ്. ഈ സേവനങ്ങൾ വിദഗ്ധ ആരോഗ്യ പരിരക്ഷ എളുപ്പത്തില്‍ ലഭ്യമാക്കുന്നു.
കൂടാതെ, ഉപഗ്രഹ ആശയവിനിമയം ഇന്ത്യയിലുടനീളം ഗുണമേന്മയേറിയ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനെ വിപുലീകരിച്ചു. പി.എം ഇ-വിദ്യ സംരംഭത്തിന് കീഴിൽ ജിസാറ്റ്-15, ജിസാറ്റ്-9 എന്നീ ഉപഗ്രഹങ്ങളിലൂടെ 370 വിദ്യാഭ്യാസ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഡിജിറ്റൽ പഠനം, അധ്യാപക പരിശീലനം, ഉൾഗ്രാമങ്ങളിലെ വിദ്യാഭ്യാസ വ്യാപനം എന്നിവയെ ഈ സേവനങ്ങൾ സഹായിക്കുന്നു.
നിങ്ങൾക്കറിയാമോ?
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് കവറേജ് നൽകുന്ന 2,230 കിലോഗ്രാം ഭാരമുള്ള ഒരു ഭൂസ്ഥിര ആശയവിനിമയ ഉപഗ്രഹമാണ് ദക്ഷിണേഷ്യൻ ഉപഗ്രഹം (GSAT-9). സാർക്ക് മേഖലയിലെ അയൽരാജ്യങ്ങൾക്ക് സമ്മാനമായി 2017 മെയ് 5-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് GSLV-F09 റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. ISRO നിർമിച്ചതും ഏകദേശം 450 കോടി രൂപ പൂർണ ചെലവില്‍ ഇന്ത്യ ധനസഹായം നൽകിയതുമായ ഈ ഉപഗ്രഹത്തിൽ 12 കെ.യു-ബാൻഡ് ട്രാൻസ്‌പോണ്ടറുകളുണ്ട്. ദൗത്യത്തില്‍ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ഓരോ ട്രാൻസ്‌പോണ്ടർ വീതം ലഭ്യമാകും. ദക്ഷിണേഷ്യൻ മേഖലയിലുടനീളം ഡി.ടി.എച്ച് സംപ്രേഷണം, ടെലിമെഡിസിൻ, ടെലി-വിദ്യാഭ്യാസം, ബാങ്കിങ് കണക്റ്റിവിറ്റി, കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണ സംയോജനം തുടങ്ങിയവയെ ഈ ഉപഗ്രഹം സഹായിക്കുന്നു. 12 വർഷത്തെ ദൗത്യ കാലാവധിയാണ് ഇതിനായി രൂപകല്പന ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ ഈ പദ്ധതിയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് "സാർക്ക് സാറ്റലൈറ്റ്" എന്ന ഇതിന്റെ യഥാർത്ഥ പേര് "ദക്ഷിണേഷ്യ സാറ്റലൈറ്റ്" എന്ന് മാറ്റുകയായിരുന്നു.
ജിയോപോർട്ടലുകളും പൗരകേന്ദ്രീകൃത ഡിജിറ്റൽ സംവിധാനങ്ങളും
ഭരണനിർവഹണത്തിനും പൊതുജനങ്ങൾക്കും ഉപഗ്രഹ അധിഷ്ഠിത വിവരങ്ങൾ നൽകുന്ന പ്രത്യേക ജിയോപോർട്ടലുകൾ ISRO പ്രവർത്തിപ്പിക്കുന്നുണ്ട്. ഭൂനിധി, മോസ്ഡാക്, വേദാസ്, ഭുവൻ എന്നിവ ഭൂനിരീക്ഷണം, കാലാവസ്ഥാ സേവനങ്ങൾ, അടിസ്ഥാന സൗകര്യ നിരീക്ഷണം, പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെയും ഡിജിപിൻ സംയോജനത്തിലൂടെ ഡിജിറ്റൽ വിലാസ സംവിധാനത്തെയും പിന്തുണയ്ക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയിലെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ബഹിരാകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ ഭരണനിർവഹണത്തെയും ആരോഗ്യ സംരക്ഷണത്തെയും വിദ്യാഭ്യാസത്തെയും ദുരന്തനിവാരണത്തെയും ജനങ്ങളുടെ ഉപജീവനമാർഗങ്ങളെയുമെല്ലാം പിന്തുണയ്ക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂടെ സമഗ്ര വികസനമെന്ന ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുരോഗതി. 'വികസിത ഇന്ത്യ 'യെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ പൊതുസേവന വിതരണം ശക്തിപ്പെടുത്തുന്നതിലും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും ബഹിരാകാശ സംരംഭങ്ങള്‍ അതിൻ്റെ പങ്ക് തുടരുകയാണ്.
ഉത്തരവാദിത്തപൂര്‍ണ ബഹിരാകാശ ശക്തിയാകാന്‍
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ സാങ്കേതിക പുരോഗതിക്ക് എങ്ങനെ ദേശീയ വികസനത്തെ നേരിട്ട് പിന്തുണയ്ക്കാനാവുമെന്ന് ഇന്ത്യയുടെ ബഹിരാകാശ സംരംഭങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ഭരണനിർവഹണത്തെ പിന്തുണയ്ക്കുകയും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശീയ നൂതനാശയങ്ങളും ശാസ്ത്രീയ മികവും പൊതുജനക്ഷേമവുമാണ് ഇന്ത്യയുടെ പുരോഗതിക്ക് ചാലകശക്തിയായത്. ഒപ്പം അന്താരാഷ്ട്ര സഹകരണവും വാണിജ്യ വിക്ഷേപണങ്ങളും വൈജ്ഞാനിക പങ്കാളിത്തവും ആഗോളതലത്തിൽ വിശ്വസ്ത ബഹിരാകാശ പങ്കാളിയായി ഇന്ത്യയെ ഉയര്‍ത്തി. സമാധാനപരവും ഉത്തരവാദിത്തപൂര്‍ണവുമായ ബഹിരാകാശ ഉപയോഗം രാജ്യം നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. 'സ്പേസ് വിഷൻ 2047'-ലേക്ക് ഇന്ത്യ ചുവടുവെക്കുമ്പോൾ സമൂഹത്തിന് പ്രയോജനമേകി ശാസ്ത്രീയ അതിരുകൾ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബഹിരാകാശാധിഷ്ഠിത നൂതനാശയങ്ങളിലൂടെയും വികസനത്തിലൂടെയും കൂടുതൽ ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് രാജ്യത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം.
അവലംബം:
Department of Space
Indian Space Research Organisation
Other Government / Official Sources
INDIA'S SPACE ODYSSEY
****
(Explainer ID: 159006)
आगंतुक पटल : 9
Provide suggestions / comments