Farmer's Welfare
പി.എം-കിസാൻ പദ്ധതിയുടെ 23-ാം ഗഡു
9.44 കോടി കർഷകർക്കായി 18,880 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം
Posted On:
20 JUN 2026 6:38PM
|
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) പദ്ധതിയുടെ 23-ാം ഗഡുവായി 18,880 കോടിയിലധികം രൂപ പ്രധാനമന്ത്രി അനുവദിച്ചു. ധനസഹായം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം 2026 ജൂൺ 20-ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ വെച്ചാണ് നടത്തിയത്. ഈ ഗഡുവിലൂടെ 9.44 കോടിയിലധികം കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ചു. ഇതിൽ 2.18 കോടിയിലധികം പേർ വനിതാ കർഷകരാണ്. ഒരുകോടിയിലധികം കർഷകർ ഈ ചടങ്ങിൽ വെർച്വലായി പങ്കെടുത്തു. 2019-ൽ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 4.46 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇത് പി.എം-കിസാൻ പദ്ധതിയെ ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) പദ്ധതികളിൽ ഒന്നാക്കി മാറ്റുന്നു. ഈ ദിവസം പി.എം കിസാൻ ഉത്സവ് ദിവസ് ആയും ആഘോഷിക്കപ്പെട്ടു.
|
പി.എം-കിസാൻ: കർഷകരുടെ വരുമാന സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നു

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) പദ്ധതിയുടെ 23-ാം ഗഡു 2026 ജൂൺ 20-ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലുള്ള താരകേശ്വറിൽ വെച്ച് വിതരണം ചെയ്തു. 2.18 കോടിയിലധികം വനിതകൾ ഉൾപ്പെടെ ഏകദേശം 9.44 കോടി അർഹരായ കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായമായി 18,880 കോടിയോളം രൂപ ലഭിച്ചു. സുതാര്യത ഉറപ്പാക്കിക്കൊണ്ടും ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) സംവിധാനത്തിലൂടെയാണ് തുക കൈമാറിയത്. അന്നദാതാ സമ്മാൻ ഉറപ്പാക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
പശ്ചിമ ബംഗാളിലെ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള പുതിയ കാർഷിക പദ്ധതികൾ
പശ്ചിമ ബംഗാളിൽ പി.എം-കിസാൻ പദ്ധതിയുടെ 23-ാം ഗഡു വിതരണത്തിനൊപ്പം കേന്ദ്ര ഗവൺമെന്റ് മറ്റ് ചില പ്രധാന കാർഷിക പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്:
- പ്രധാൻ മന്ത്രി ഫസൽ ബീമ യോജനയും (PMFBY) പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും (RWBCIS) പ്രകൃതിദുരന്തങ്ങൾ, കീടബാധകൾ, പ്രതികൂല കാലാവസ്ഥ എന്നിവയ്‌ക്കെതിരെയുള്ള വിള ഇൻഷുറൻസ് പരിരക്ഷ നൽകും. 28,140 കോടി രൂപ ഇൻഷുറൻസ് തുകയായി നിശ്ചയിച്ചിട്ടുള്ള ഈ പദ്ധതികൾ വഴി 30 ലക്ഷം ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന 1.10 കോടി കർഷകർക്ക് പരിരക്ഷ നൽകാനാണ് ലക്ഷ്യമിടുന്നത്.
- ഡിജിറ്റൽ അഗ്രികൾച്ചർ മിഷന് കീഴിലുള്ള അഗ്രിസ്റ്റാക്ക് പശ്ചിമ ബംഗാളിൽ വായ്പകൾ, ഇൻഷുറൻസ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ടി), വിള സംഭരണ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാൻ സഹായിക്കും.
- നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് ക്ലസ്റ്റർ അടിസ്ഥാനമാക്കിയുള്ള സ്വീകരണത്തിലൂടെയും കർഷകർക്കുള്ള പരിശീലനത്തിലൂടെയും സുസ്ഥിരവും രാസവസ്തുക്കളില്ലാത്തതുമായ കൃഷിയെ പ്രോത്സാഹിപ്പിക്കും. 346 പ്രകൃതി കൃഷി ക്ലസ്റ്ററുകൾ 17,300 ഹെക്ടർ പ്രദേശത്തെ ഉൾക്കൊള്ളുകയും 43,250 കർഷകർക്ക് പ്രയോജനം നൽകുകയും ചെയ്യും.
- പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലാണ് പി.എം ധൻ-ധാന്യ കൃഷി യോജനയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ജലസേചനത്തിനും സ്ഥാപനപരമായ വായ്പകൾക്കുമുള്ള പ്രവേശനക്ഷമത വർധിപ്പിക്കുകയും ചെയ്യും.
പി.എം-കിസാന് കീഴിൽ ചെറുകിട, നാമമാത്ര കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം

2019 ഫെബ്രുവരി 24-ന് ആരംഭിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം-കിസാൻ. രാജ്യവ്യാപകമായി കൃഷിയോഗ്യമായ ഭൂമിയുള്ള ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് ഉറപ്പായ സാമ്പത്തിക സഹായം നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴിൽ അർഹതയുള്ള ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) സംവിധാനത്തിലൂടെ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായാണ് ഇത് വിതരണം ചെയ്യുന്നത്.
ഇതുവരെ 23 ഗഡുക്കളായി രാജ്യത്തുടനീളമുള്ള അർഹരായ കർഷക കുടുംബങ്ങൾക്ക് 4.46 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. പി.എം-കിസാൻ പോർട്ടലിൽ ഭൂമി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്ന മുറയ്ക്കാണ് കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകുന്നത്. അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും ഇ-കെ.വൈ.സി (e-KYC) പരിശോധന പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. കർഷകരുടെ വരുമാന സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിലുള്ള കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് 2026-27-ലെ കേന്ദ്ര ബജറ്റിൽ പി.എം-കിസാൻ പദ്ധതിക്കായി 60,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കാർഷിക ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകിക്കൊണ്ട് ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇത് വിളകളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്നത് അനൗപചാരിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കർഷകരെ സഹായിക്കുകയും കാർഷിക പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ആഗോളതലത്തിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (ഡി.ബി.ടി) ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നായി പി.എം-കിസാൻ വേറിട്ടുനിൽക്കുന്നു. കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള ഇതിന്റെ ശക്തമായ സ്ഥാപനപരമായ സംവിധാനത്തെ ഇത് അടിവരയിടുന്നു. ഗുണഭോക്താക്കളിൽ 23 ശതമാനത്തിലധികം പേർ സ്ത്രീകളാണ്. ഇത് ഈ പദ്ധതിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള വ്യാപനത്തെ വ്യക്തമാക്കുന്നു.
കേസ് സ്റ്റഡി: ഉത്തർപ്രദേശിലെ കാർഷിക വരുമാനത്തിൽ പി.എം-കിസാന്റെ സ്വാധീനം
കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ അലഹബാദ് സർവകലാശാലയിലെ അഗ്രോ-ഇക്കണോമിക് റിസർച്ച് സെന്റർ 2022-ൽ ഒരു പഠനം നടത്തി. ഉത്തർപ്രദേശിൽ പി.എം-കിസാൻ ഉണ്ടാക്കിയ സ്വാധീനത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്:
- ഗുണഭോക്താക്കളിൽ ഭൂരിഭാഗവും രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരായിരുന്നു.
- ഗുണഭോക്താക്കളായ കർഷകർക്ക് പി.എം-കിസാന് കീഴിൽ പ്രതിവർഷം 6,000 രൂപ കൃത്യമായി ലഭിച്ചിരുന്നു.
- കാർഷിക ചെലവുകൾ പ്രധാനമായും ഉഴുതുമറിക്കൽ, വളങ്ങൾ, വിത്തുകൾ എന്നിവയ്ക്കായിട്ടായിരുന്നു ഉപയോഗിച്ചത്.
- ഗുണഭോക്താക്കളല്ലാത്ത കൃഷിയിടങ്ങളെ അപേക്ഷിച്ച് ഗുണഭോക്താക്കളായ കൃഷിയിടങ്ങളിൽ നെല്ലിന്റെ വിളവ് 3.08% കൂടുതലായിരുന്നു.
- ഗുണഭോക്താക്കളല്ലാത്ത കൃഷിയിടങ്ങളെ അപേക്ഷിച്ച് ഗുണഭോക്താക്കളായ കൃഷിയിടങ്ങളിൽ ഗോതമ്പിന്റെ വിളവ് 1.93% കൂടുതലായിരുന്നു.
- ഗുണഭോക്താക്കളായ കുടുംബങ്ങൾ ഗുണഭോക്താക്കളല്ലാത്തവരെ അപേക്ഷിച്ച് ഉയർന്ന അറ്റ കാർഷിക വരുമാനം രേഖപ്പെടുത്തി.
- ഇത് കുടുംബത്തിന്റെ കാർഷിക വരുമാനത്തിൽ 9.85% വർധന രേഖപ്പെടുത്തി.
പി.എം-കിസാൻ കർഷകരുടെ പണലഭ്യത മെച്ചപ്പെടുത്തുകയും കാർഷിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിന് പിന്തുണ നൽകുകയും ചെയ്തു. ഇത് കർഷകരുടെ അപകടസാധ്യതകൾ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയും കാർഷിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്തു.
പി.എം-കിസാൻ ഫണ്ട് കൈമാറ്റ പ്രയാണം

പി.എം-കിസാൻ പോർട്ടൽ, മൊബൈൽ ആപ്പ് അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങൾ (സി.എസ്.സി) വഴിയുള്ള കർഷക രജിസ്ട്രേഷനോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. സംസ്ഥാന ഗവൺമെന്റുകൾ അർഹത പരിശോധിക്കുകയും ഗുണഭോക്താക്കളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന് സിസ്റ്റം ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാധൂകരിക്കുകയും അർഹതയില്ലാത്ത അപേക്ഷകരെ ഒഴിവാക്കുകയും ചെയ്യുന്നു. അന്തിമ സംസ്ഥാന അംഗീകാരത്തിന് ശേഷം അക്കൗണ്ട് പരിശോധനയ്ക്കായി വിവരങ്ങൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് (പി.എഫ്.എം.എസ്) അയക്കുന്നു. അർഹതയുള്ള രേഖകൾ ഫണ്ട് കൈമാറ്റ അഭ്യർത്ഥനകളും പേയ്‌മെന്റ് ഓർഡറുകളും സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. കൃഷി, കർഷക ക്ഷേമ വകുപ്പ് അനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. പേയ്‌മെന്റുകൾ പിന്നീട് സ്പോൺസർ ബാങ്കുകളും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻ.പി.സി.ഐ) വഴി പ്രോസസ്സ് ചെയ്യുന്നു. ഒടുവിൽ ആനുകൂല്യങ്ങൾ വേഗതയേറിയതും സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കിക്കൊണ്ട് ഫണ്ട് നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു.
ലക്ഷ്യമിടൽ, ഗുണഭോക്താക്കളെ തിരിച്ചറിയൽ, ഡാറ്റാബേസ് മാനേജ്‌മെന്റ്
അർഹരായ കർഷക കുടുംബങ്ങളെ കണ്ടെത്തുന്നതിനും സമഗ്രമായ ഒരു ഗുണഭോക്തൃ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും സംസ്ഥാന ഗവൺമെന്റുകൾക്കാണ് ഉത്തരവാദിത്തം. ഈ ഡാറ്റാബേസിൽ പേര്, പ്രായം, വിഭാഗം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങൾ ഉൾപ്പെടുന്നു. ഇരട്ടിപ്പുള്ള പേയ്‌മെന്റുകൾ തടയുന്നതിനായി സംസ്ഥാനങ്ങൾ ഈ രേഖകളുടെ കൃത്യത ഉറപ്പാക്കുന്നു. ആനുകൂല്യങ്ങളുടെ തടസ്സമില്ലാത്ത നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ടി) സാധ്യമാക്കുന്നതിനായി ഈ രേഖകൾ പതിവായി പുതുക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ആധാറുമായും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു.
സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനായി അർഹരായ ഗുണഭോക്താക്കളുടെ പട്ടിക ഗ്രാമീണ തലത്തിൽ പരസ്യമായി പ്രദർശിപ്പിക്കുന്നു. അശ്രദ്ധമൂലം ഒഴിവാക്കപ്പെട്ടിരിക്കാൻ സാധ്യതയുള്ള കർഷകർക്ക് അനുയോജ്യമായ പരാതിപരിഹാര സംവിധാനങ്ങളിലൂടെ പേര് ഉൾപ്പെടുത്താൻ ഇത് സഹായിക്കുന്നു. കൂടാതെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അർഹതയില്ലാത്ത വ്യക്തികൾക്ക് വിതരണം ചെയ്ത ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ആദായനികുതിദായകർ, ഗവൺമെന്റ് ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഭരണഘടനാ പദവികൾ വഹിക്കുന്നവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യവ്യാപകമായി അർഹതയില്ലാത്ത ഗുണഭോക്താക്കളിൽ നിന്ന് മൊത്തം 416.75 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്.
പി.എം-കിസാന് കീഴിൽ പ്രവേശനക്ഷമതയും ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നു
അർഹരായ കർഷകർക്ക് പി.എം-കിസാൻ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും രജിസ്ട്രേഷൻ, പരിശോധന, പരാതിപരിഹാരം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്ക് ഈ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കർഷക രജിസ്ട്രേഷനും ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കലിനും പിന്തുണ നൽകുന്നതിനായി അഞ്ച് ലക്ഷത്തിലധികം ജനസേവന കേന്ദ്രങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക സാച്ചുറേഷൻ ക്യാമ്പയ്‌നുകൾ ഈ പദ്ധതിക്ക് കീഴിലുള്ള വ്യാപ്തി വർധിപ്പിച്ചു. വികസിത ഭാരത സങ്കൽപ് യാത്രയ്ക്കിടെ ഒരുകോടിയിലധികം അർഹരായ കർഷകരെ പി.എം-കിസാന് കീഴിൽ കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെന്റിന്റെ 100 ദിവസത്തെ പദ്ധതിക്ക് കീഴിൽ 25 ലക്ഷത്തിലധികം കർഷകരെ ഉൾപ്പെടുത്തി. 2024 സെപ്റ്റംബറിൽ നടന്ന ഒരു പ്രത്യേക ക്യാമ്പയ്‌ൻ തീർപ്പാക്കാതെ കിടന്ന സ്വയം രജിസ്ട്രേഷൻ കേസുകൾ ക്ലിയർ ചെയ്തുകൊണ്ട് മുപ്പത് ലക്ഷത്തിലധികം കർഷകരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹായിച്ചു.
ബഹുതല നിരീക്ഷണ, പരാതിപരിഹാര സംവിധാനം
ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന ബഹുതല സ്ഥാപന സംവിധാനത്തിലൂടെയാണ് പി.എം-കിസാൻ പദ്ധതിയുടെ നിരീക്ഷണം നടത്തുന്നത്. ദേശീയ തലത്തിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് അവലോകന സംവിധാനം പ്രവർത്തിക്കുന്നത്. സംസ്ഥാന-ജില്ലാ നിരീക്ഷണ സമിതികൾ അതത് പരിധിയിലെ പദ്ധതി നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നു.
കർഷകർക്ക് പി.എം-കിസാൻ പോർട്ടൽ വഴിയും സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസൽ ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. ഇത് കൃത്യസമയത്തുള്ള പരിഹാരവും സുതാര്യമായ പരാതി പരിപാലനവും സുഗമമാക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ പി.എം-കിസാൻ പോർട്ടലിൽ ആകെ 24,605 പരാതികൾ രജിസ്റ്റർ ചെയ്തു.
പി.എം-കിസാന് കീഴിലുള്ള സാങ്കേതികവിദ്യ അധിഷ്ഠിത സേവന വിതരണ സംവിധാനം
ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് ലളിതമാക്കുകയും അതിന്റെ വിതരണത്തിൽ സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്ന ഒരു കർഷക കേന്ദ്രീകൃത ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണ പി.എം-കിസാൻ പദ്ധതിക്കുണ്ട്. സുരക്ഷിതമായ ഗുണഭോക്തൃ തിരിച്ചറിയലിനും പേയ്‌മെന്റ് പരിശോധനയ്ക്കും സൗകര്യമൊരുക്കുന്ന ആധാർ അധിഷ്ഠിത പ്രാമാണീകരണം ഈ സംവിധാനത്തിന്റെ ഒരു പ്രധാന ഘടകമാണ്. കർഷകർക്ക് താഴെ പറയുന്നവ ഉപയോഗിച്ച് ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കാൻ കഴിയും:
- ഒ.ടി.പി അധിഷ്ഠിത പ്രാമാണീകരണം (OTP-based authentication)
- ബയോമെട്രിക് പ്രാമാണീകരണം (Biometric authentication)
- ഫേസ് (മുഖം തിരിച്ചറിയൽ) പ്രാമാണീകരണം (Face authentication)
ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ, പരിശോധന, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയ്ക്കുള്ള കേന്ദ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പി.എം-കിസാൻ വെബ് പോർട്ടൽ പ്രവർത്തിക്കുന്നു. ഇത് കർഷകരുടെ ഒരു ഏകീകൃത ദേശീയ ഡാറ്റാബേസ് സൂക്ഷിക്കുകയും പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റവുമായി (PFMS) സംയോജിപ്പിച്ചുകൊണ്ട് ഫണ്ട് കൈമാറ്റം സുഗമമാക്കുകയും ചെയ്യുന്നു. രാജ്യവ്യാപകമായുള്ള സാമ്പത്തിക ഇടപാടുകളുടെ തത്സമയ നിരീക്ഷണം നടത്താനും ഇത് പ്രാപ്തമാക്കുന്നു. ഈ പോർട്ടൽ ഗുണഭോക്താക്കളായ കർഷകരുടെ പ്രദേശം തിരിച്ചുള്ള പട്ടികയും ലഭ്യമാക്കുന്നു. അതുവഴി പദ്ധതി നടത്തിപ്പിൽ സുതാര്യത വർധിപ്പിക്കുന്നു.
പോർട്ടലിന് അനുബന്ധമായി 2020-ൽ ആരംഭിച്ച പി.എം-കിസാൻ മൊബൈൽ ആപ്ലിക്കേഷൻ ഈ സേവനങ്ങൾ മൊബൈൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നു. കർഷകർക്ക് സ്വയം രജിസ്ട്രേഷൻ നടത്താനും ആനുകൂല്യ കൈമാറ്റം ട്രാക്ക് ചെയ്യാനും ഇ-കെ.വൈ.സി പരിശോധന പൂർത്തിയാക്കാനും ഈ ആപ്ലിക്കേഷൻ സഹായകരമാകുന്നു. 2023-ൽ ഈ ആപ്ലിക്കേഷൻ ഒരു ഫേസ് ഓഥന്റിക്കേഷൻ (മുഖം തിരിച്ചറിയൽ) ഫീച്ചർ ഉൾപ്പെടുത്തി നവീകരിച്ചു. ഇത് ഒ.ടി.പിയുടെയോ വിരലടയാളം അടിസ്ഥാനമാക്കിയുള്ള പരിശോധനയുടെയോ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് കർഷകർക്ക് അവരുടെ മുഖം സ്കാൻ ചെയ്ത് ഇ-കെ.വൈ.സി പൂർത്തിയാക്കാൻ അനുവാദം നൽകുന്നു. അതിനാൽ ഈ പദ്ധതിയുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ഈ നടപടി നിർണ്ണായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നിർമിത ബുദ്ധി പിന്തുണാ സംവിധാനം: കിസാൻ-ഇ-മിത്ര
2023 സെപ്റ്റംബറിൽ പി.എം-കിസാൻ ഡിജിറ്റൽ ആവാസവ്യവസ്ഥയുമായി സംയോജിപ്പിച്ചുകൊണ്ട് നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടായ 'കിസാൻ-ഇ-മിത്ര' ഗവൺമെന്റ് അവതരിപ്പിച്ചു. ഏക്സ്റ്റെപ്പ് ഫൗണ്ടേഷൻ, ഭാഷിണി എന്നിവയിൽ നിന്നുള്ള സാങ്കേതിക പിന്തുണയോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ ചാറ്റ്‌ബോട്ട് കർഷകർക്ക് പദ്ധതിക്ക് കീഴിലുള്ള പേയ്‌മെന്റുകൾ, രജിസ്ട്രേഷനുകൾ, അർഹത എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിൽ നൽകുന്നു.
ഈ പ്ലാറ്റ്‌ഫോം ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, ഒഡിയ, മലയാളം, ഗുജറാത്തി, പഞ്ചാബി, തെലുഗു, മറാത്തി, കന്നഡ എന്നീ 11 പ്രധാന ഭാഷകളിൽ 24/7 (എപ്പോഴും) സഹായം വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഇത് വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. വോയ്‌സ് (ശബ്ദം), ടെക്‌സ്‌റ്റ് (അക്ഷരം) എന്നിവ അടിസ്ഥാനമാക്കിയുള്ള അന്വേഷണങ്ങളിലൂടെ കർഷകർക്ക് അവരുടെ അപേക്ഷകളുടെ സ്ഥിതി പരിശോധിക്കാനും പേയ്‌മെന്റ് വിവരങ്ങൾ ട്രാക്ക് ചെയ്യാനും പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടാനും കഴിയും.
കർഷക കേന്ദ്രീകൃത കാർഷിക വികസനത്തിന്റെ ഭാവി
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) എന്നത് ഒരു പരമ്പരാഗത വരുമാന പിന്തുണാ പരിപാടിയ്ക്കും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നു. ഇത് കർഷക കേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കാർഷിക വികസനത്തോടുള്ള വിപുലമായ നയപരമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സഹായത്തിൽ നിന്നും ശാക്തീകരണത്തിലൂന്നിയുള്ള പിന്തുണയിലേക്കുള്ള മാറ്റം ഇത് സാധ്യമാക്കുന്നു. അങ്ങനെ പൊതു സ്ഥാപനങ്ങളും കർഷക സമൂഹവും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
പി.എം-കിസാൻ കേവലം സാമ്പത്തിക സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങിയിട്ടില്ല. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ആത്മവിശ്വാസം ഇത് കർഷകർക്ക് നൽകിയിട്ടുണ്ട്. മികച്ച വിത്തുകളിൽ നിക്ഷേപിക്കുന്നത് മുതൽ പുതിയ വിളകൾ പരീക്ഷിക്കുന്നതും അവരുടെ കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതും വരെ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള പലർക്കും ഇത് ഒരു വലിയ വഴിത്തിരിവാണ്. കേവലം പിന്തുണ മാത്രമല്ല, ഭാവിയിലേക്കുള്ള പ്രതീക്ഷയും സുരക്ഷിതത്വബോധവും ഇത് വാഗ്ദാനം ചെയ്യുന്നു.
അവലംബം
Ministry of Agriculture & Farmers Welfare
https://www.nic.gov.in/project/pm-kisan/
https://sansad.in/getFile/annex/270/AU3226_xbrVz9.pdf?source=pqars
https://www.allduniv.ac.in/upload/file_collection/PM_Kisan_PDF_Final.pdf
PIB Backgrounders
https://www.pib.gov.in/PressReleasePage.aspx?PRID=2242295®=48&lang=2
Click here to see pdf
***
SK
(Explainer ID: 158989)
आगंतुक पटल : 82
Provide suggestions / comments