• Sitemap
  • Advance Search
Social Welfare

അന്താരാഷ്ട്ര യോഗ ദിനം 2026

വാർഷികാചരണത്തിൽ നിന്ന് ദൈനംദിന ആരോഗ്യ സംരക്ഷണത്തിലേക്ക്

Posted On: 20 JUN 2026 12:45PM

അന്താരാഷ്ട്ര യോഗ ദിനം (IDY), 2015-ൽ ആദ്യമായി ആചരിക്കാൻ തുടങ്ങിയത് മുതൽ, ഐക്യരാഷ്ട്രസഭ നിശ്ചയിച്ച ഒരു വാർഷിക പരിപാടി എന്നതിലുപരിയായി ലോകത്തിലെ ഏറ്റവും വലിയ ജനകീയ ആരോഗ്യ മുന്നേറ്റങ്ങളിൽ ഒന്നായി വികസിച്ചിരിക്കുന്നു. യോഗ എന്ന പൊതു രീതിയിലൂടെ ഇത് വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് പേരെ ഒന്നിച്ചുചേർക്കുന്നു. 2026-ലെ പതിപ്പ്, ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ - എന്ന പ്രമേയത്തിലൂടെ, രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും സജീവമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യവ്യാപകമായ പങ്കാളിത്തം, നൂതനമായ സംരംഭങ്ങൾ, വർഷം മുഴുവനുമുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ യാത്രയെ മുന്നോട്ട് നയിക്കുന്നു.

 

ഇന്ത്യയുടെ ആഗോള ആരോഗ്യ മുന്നേറ്റം

ഒരു സാംസ്‌കാരിക പൈതൃകം: യോഗയുടെ ചരിത്രം

സിന്ധു-സരസ്വതി നാഗരികതയോളം (ഏകദേശം ബി.സി.ഇ 2700-) പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പുരാതനമായ വിജ്ഞാന പാരമ്പര്യങ്ങളിൽ ഒന്നാണ് യോഗ. 'യോഗ' എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നാണ് ഉത്ഭവിച്ചതാണ്, ഇതിനർത്ഥം 'ചേരുക' അല്ലെങ്കിൽ 'ഒന്നിക്കുക' എന്നാണ് — ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്നു.

 

വേദങ്ങൾ, ഉപനിഷത്തുകൾ, ബുദ്ധ-ജൈന പാരമ്പര്യങ്ങൾ, കൂടാതെ മഹാഭാരതം, രാമായണം എന്നിവയിലെല്ലാം യോഗ പരിശീലനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.

 

മഹർഷി പതഞ്ജലി 'യോഗസൂത്ര'ത്തിലൂടെ യോഗ പാരമ്പര്യത്തെ വ്യവസ്ഥാപിതമാക്കുകയും അതിന്റെ ദാർശനികവും പ്രായോഗികവുമായ ചട്ടക്കൂടിന് അടിത്തറയിടുകയും ചെയ്തു.

 

 

നൂറ്റാണ്ടുകളായി, ഋഷിമാരും യോഗാചാര്യന്മാരും ഈ അറിവിനെ സംരക്ഷിക്കുകയും സമ്പന്നമാക്കുകയും ചെയ്യുകയും, അത് ലോകമെമ്പാടും വ്യാപിക്കാൻ സഹായിക്കുകയും ചെയ്തു.

 

ഇന്ത്യയും യോഗയും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളിൽ വേരൂന്നിയ യോഗ, ഒരു ആത്മീയ-ദാർശനിക പരിശീലനത്തിൽ നിന്ന് ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിനായുള്ള ഒരു ആഗോള പ്രസ്ഥാനമായി പരിണമിച്ചിരിക്കുന്നു.

 

അതിന്റെ സാർവത്രികമായ ആകർഷണീയതയും ഗുണങ്ങളും അംഗീകരിച്ചുകൊണ്ട്, ഐക്യരാഷ്ട്രസഭ 2014-ൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവതരിപ്പിച്ച ഈ നിർദ്ദേശത്തെ 175 അംഗരാജ്യങ്ങൾ പിന്തുണച്ചു. പ്രഥമ യോഗദിനാചരണം 2015 ജൂൺ 21-നാണ് നടന്നത്. 2016-ൽ യുനെസ്കോയുടെ (UNESCO) മാനവികതയുടെ അമൂർത്ത സാംസ്കാരിക പൈതൃക പട്ടികയിൽ യോഗയെ ഉൾപ്പെടുത്തി.

 

ഈ ചരിത്രപരമായ അംഗീകാരം ആഗോള ആരോഗ്യത്തിന് ഇന്ത്യ നൽകിയ സംഭാവനകളെ എടുത്തുകാണിക്കുന്നു . ഇത് യോഗയുടെ പ്രയാണത്തെ ഒരു പുതിയ ഘട്ടത്തിലേക്ക് നയിക്കുകയും ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഒരു ആഗോള ആഘോഷമായി മാറ്റുകയും ചെയ്തു. അന്നുമുതൽ, അന്താരാഷ്ട്ര യോഗ ദിനാചരണം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും ആരോഗ്യം, ഐക്യം, സുസ്ഥിരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പാലമായി യോഗയെ മാറ്റി.

 

ഇന്ത്യയിലുടനീളം ആയിരക്കണക്കിന് പരിപാടികളിലൂടെയാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതെങ്കിലും, ഓരോ വർഷത്തെയും പ്രധാന ദേശീയ ആഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത് വ്യത്യസ്ത നഗരങ്ങളാണ്. 2015-ൽ ന്യൂഡൽഹിയിലെ രാജ്പഥിൽ നിന്ന് ആരംഭിച്ച ഈ യാത്ര ചണ്ഡീഗഡ്, ലഖ്നൗ, ഡെറാഡൂൺ, റാഞ്ചി, മൈസൂരു, ജബൽപൂർ, ശ്രീനഗർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലൂടെ മുന്നേറികഴിഞ്ഞു.

 

പൊതു യോഗ പ്രോട്ടോക്കോൾ (CYP): അന്താരാഷ്ട്ര യോഗ ദിനത്തിന്റെ അടിത്തറ

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ഒരേസമയം ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ഒരു ആഗോള പരിപാടിയാക്കി മാറ്റുന്നതിന്, പൊതുവായതും ലളിതവുമായ ഒരു രൂപരേഖ ആവശ്യമായിരുന്നു. 2015-ൽ ആയുഷ് മന്ത്രാലയം ഇന്ത്യയിലെ പ്രമുഖ യോഗാചാര്യന്മാരുമായും സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് പൊതു യോഗ പ്രോട്ടോക്കോൾ (CYP) രൂപപ്പെടുത്തി.

 

അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടും സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയായിട്ടുള്ള 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഏകീകൃത യോഗ പരിശീലന രീതിയാണ് CYP. ഇത് വിവിധ രാജ്യങ്ങളിലെയും സംസ്കാരങ്ങളിലെയും ജനങ്ങളെ ഒരുമിച്ച് യോഗ ചെയ്യാൻ പ്രാപ്തരാക്കുന്നു. ശരീരത്തിന് അയവ് നൽകുന്ന വ്യായാമങ്ങൾ, യോഗാസനങ്ങൾ, കപാലഭാതി, പ്രാണായാമം, ധ്യാനം, വിശ്രമ രീതി എന്നിവ സമന്വയിപ്പിച്ച് ലളിതവും ഘടനാപരവുമായ ഒരു ദിനചര്യയായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വ്യത്യസ്ത പ്രായത്തിലുള്ളവർക്കും പശ്ചാത്തലത്തിലുള്ളവർക്കും എളുപ്പത്തിൽ പരിശീലിക്കാൻ സാധിക്കുന്നതാണ്.

 

2026-ലെ പതിപ്പിൽ, അനുയോജ്യമായ സാഹചര്യങ്ങളിൽ പ്രാണായാമം, യോഗനിദ്ര, ധ്യാനം, സത്സംഗം തുടങ്ങിയ യോഗ പരിശീലനങ്ങൾക്കായി അധികമായി 15 മിനിറ്റ് കൂടി ഉൾപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

 

 

11 പതിപ്പുകളിലൂടെ, അന്താരാഷ്ട്ര യോഗ ദിനം ഒരു ആഗോളാചരണമെന്ന നിലയിൽ നിന്ന് രോഗപ്രതിരോധം , ആരോഗ്യകരമായ ജീവിതം, ആന്തരിക സന്തുലിതാവസ്ഥ എന്നിവയ്ക്കായുള്ള ജനകീയ മുന്നേറ്റമായി വളർന്നു കഴിഞ്ഞു. ഇന്ന് 190-ലധികം രാജ്യങ്ങളിൽ ഇത് ആചരിച്ചുവരുന്നു.

 

അന്താരാഷ്ട്ര യോഗ ദിനം 2026: ഈ വർഷം നടക്കുന്നത് എന്തെല്ലാം

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം 2026 ജൂൺ 21-നാണ് ആചരിക്കുന്നത്. കൊൽക്കത്തയാണ് ഇത്തവണത്തെ പ്രധാന ദേശീയ ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. 'ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ' എന്ന ഈ വർഷത്തെ പ്രമേയം, ജീവിതകാലത്തിലുടനീളം ആരോഗ്യകരവും സജീവവുമായ ജീവിതരീതി നയിക്കുന്നതിന് ആഗോളതലത്തിൽ നൽകിവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. ജനസമൂഹത്തിൽ പ്രായമായവരുടെ എണ്ണം കൂടുകയും, സാംക്രമികേതര രോഗങ്ങളും ജീവിതശൈലീ ആരോഗ്യപ്രശ്നങ്ങളും ആഗോളതലത്തിൽ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേവലം ആയുസ്സ് കൂട്ടുന്നതിനേക്കാൾ ഉപരിയായി ആരോഗ്യത്തോടെ ജീവിക്കുന്ന കാലയളവ്, ജീവിതനിലവാരം, സമഗ്ര ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ മാറിക്കൊണ്ടിരിക്കുകയാണ്.

 

യോഗയിലൂടെ ആരോഗ്യകരമായ വാർദ്ധക്യത്തിന് തറക്കല്ലിടുന്നു:

ജീവിതത്തിലുടനീളം പ്രവർത്തനക്ഷമത, ചലനശേഷി, മാനസികാരോഗ്യം, സാമൂഹിക പങ്കാളിത്തം എന്നിവ നിലനിർത്താനുള്ള കഴിവിനെയാണ് ആരോഗ്യകരമായ വാർദ്ധക്യം എന്നത് കൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്. ഈയൊരു സാഹചര്യത്തിൽ, ശാരീരിക അധ്വാനം, ശ്വസന നിയന്ത്രണം, മനസ്സിൻ്റെ ഏകാഗ്രത എന്നിവ സമന്വയിപ്പിക്കുന്ന ഒരു ബഹുമുഖ പരിശീലനമാണ് യോഗ വാഗ്ദാനം ചെയ്യുന്നത്. താടാസനം, ത്രികോണാസനം തുടങ്ങിയ പരിശീലനങ്ങൾ ശരീരത്തിൻ്റെ ശരിയായ സ്ഥിതി നിലനിർത്താനും മെയ് വഴക്കം കൂട്ടാനും സഹായിക്കുന്നു; ഇത് ദീർഘനേരം ഇരിക്കുന്നതുമൂലം ഉണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കും. ഭുജംഗാസനവും മകരാസനവും നട്ടെല്ലിൻ്റെ ആരോഗ്യത്തെയും ശരീരത്തിന് നൽകേണ്ട വിശ്രമത്തെയും പിന്തുണയ്ക്കുന്നു. അനുലോം വിലോം, ഭ്രമരി പ്രാണായാമം തുടങ്ങിയ ശ്വസനക്രിയകൾ ശ്വസനത്തെക്കുറിച്ചുള്ള അവബോധവും മാനസിക ശാന്തതയും പ്രോത്സാഹിപ്പിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനും വൈകാരിക സുസ്ഥിതി കൈവരിക്കാനും ധ്യാനം കൂടുതൽ സഹായിക്കുന്നു. ചുരുക്കത്തിൽ, ഇതെല്ലാം ആരോഗ്യകരമായ വാർദ്ധക്യത്തിൻ്റെ വിവിധ ഘടകങ്ങളെ ഒരേസമയം പിന്തുണയ്ക്കുന്നു.

 

•2026 ജൂൺ 21 ലേക്കുള്ള ഒരുക്കങ്ങൾ:

 

  

 

രാജ്യവ്യാപകമായി നടത്തിയ കൗണ്ട്ഡൗൺ പരിപാടികളിലൂടെ IDY 2026-നുള്ള തയ്യാറെടുപ്പുകൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ വർഷത്തെ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് 100 ദിവസത്തെ കൗണ്ട്ഡൗൺ 2026 മാർച്ച് 13-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ആരംഭിച്ചു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ ലോനാറിൽ 75 ദിവസത്തെ കൗണ്ട്ഡൗൺ പരിപാടിയും, ഹൈദരാബാദിലെ കൻഹ ശാന്തി വനത്തിൽ 50 ദിവസത്തെ കൗണ്ട്ഡൗണും നടന്നു. ഓരോ പരിപാടിയും ആയിരക്കണക്കിന് പേരെ 'പൊതു യോഗ പ്രോട്ടോക്കോളിനായി' ഒന്നിപ്പിക്കുകയും കൂട്ടായ പങ്കാളിത്തത്തിൻ്റെ സന്ദേശം ശക്തമാക്കുകയും ചെയ്തു. IDY 2026-ലേക്കുള്ള യാത്രയിൽ ഒരു പ്രധാന നാഴികക്കല്ലും കൈവരിക്കുകയുണ്ടായി. ജൂൺ 14-ന് സംഘടിപ്പിച്ച പ്രത്യേക രാജ്യവ്യാപക തത്സമയ യോഗ സെഷനിൽ നാല് ലക്ഷത്തിലധികം ആളുകൾ ഒരേസമയം പങ്കെടുത്തുകൊണ്ട് പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു.

 

 

ഈ ആഘോഷങ്ങളെ ഇന്ത്യയുടെ സാംസ്കാരികവും നൈസർഗികവുമായ പൈതൃകവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഖജുരാഹോ സ്മാരകങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന 25 ദിവസത്തെ കൗണ്ട്ഡൗൺ പരിപാടി, യോഗയെ ഐതിഹാസികമായ പൈതൃക അന്തരീക്ഷവുമായി സമന്വയിപ്പിച്ചു. ഈ പരിപാടികൾക്കൊപ്പം ഗവൺമെന്റ് '100 ദിവസങ്ങൾ, 100 നഗരങ്ങൾ, 100 സംഘടനകൾ' എന്ന പ്രചാരണ പരിപാടിയും ആരംഭിച്ചു. ഇത് യോഗയെ ദൈനംദിന ജീവിതത്തിൻ്റെ പതിവ് ഭാഗമാക്കാൻ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും വലിയ പ്രോത്സാഹനമായി.

 

കൂടുതൽ വ്യാപനത്തിനായുള്ള പുതിയ സംരംഭങ്ങൾ

യോഗ 365: ഒരു ദിവസത്തെ ആചരണത്തിൽ നിന്ന് എല്ലാ ദിവസത്തെയും ആരോഗ്യത്തിലേക്ക്:

 

IDY 2026 ഒരു ദിവസത്തെ ആചരണത്തേക്കാൾ ഉപരിയായി അതിൻ്റെ തുടർച്ചയ്ക്കാണ് പ്രാധാന്യം നൽകുന്നത്. 'യോഗ 365' സംരംഭത്തിലൂടെ, യോഗയെ ദൈനംദിന ജീവിതത്തിൻ്റെ പതിവ് ഭാഗമാക്കാൻ ഗവൺമെന്റ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ജനകീയ കാമ്പെയ്‌നുകൾ, ഡിജിറ്റൽ പ്രചാരണങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവയുടെ പിന്തുണയോടെ, എല്ലാ പ്രായത്തിലുമുള്ളവർക്ക് യോഗ പ്രാപ്യമാക്കാനും വീടുകളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും സമുദായങ്ങളിലും യോഗ എളുപ്പത്തിൽ പരിശീലിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. നിലവിലുള്ള പദ്ധതികളായ 'പൊതു യോഗ പ്രോട്ടോക്കോൾ', ചികിത്സാധതിഷ്ടിത യോഗ , ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത ഹ്രസ്വ യോഗ മൊഡ്യൂളായ 'Y-Break' എന്നിവയ്ക്ക് പൂരകമായാണ് ഈ പുതിയ സംരംഭം പ്രവർത്തിക്കുന്നത്.

 

വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് യോഗ കൂടുതൽ പ്രാപ്യവും പ്രയോജനപ്രദവുമാക്കുന്നതിനായി IDY 2026-ൽ നിരവധി പുതിയ സംരംഭങ്ങൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് ദീർഘദൂര യാത്രക്കാർക്കായി മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) പ്രത്യേകം രൂപകൽപ്പന ചെയ്ത യോഗ ഫോർ എയർ ട്രാവൽ' എന്ന പദ്ധതി. യോഗയെ ആധുനിക ജീവിതശൈലിക്കും ദൈനംദിന ആവശ്യങ്ങൾക്കും അനുസൃതമായി എങ്ങനെ മാറ്റിയെടുക്കാമെന്ന് ഈ സംരംഭം കാണിച്ചുതരുന്നു.

 

മറ്റൊരു പ്രധാന ചുവടുവെയ്പ്പ്, സാംക്രമികേതര രോഗങ്ങൾക്കും നിർദ്ദിഷ്ട വിഭാഗങ്ങൾക്കുമായി 10 യോഗ പ്രോട്ടോക്കോളുകൾ' പുറത്തിറക്കിയതാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള MDNIY-ലെ ലോകാരോഗ്യ സംഘടനയുടെ  സഹകരണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോക്കോളുകൾ പ്രമേഹം, അമിത രക്തസമ്മർദ്ദം, ശ്വാസകോശ ആസ്ത്മ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകളെ ലക്ഷ്യം വച്ചുള്ളതാണ്. ഇതുകൂടാതെ കുട്ടികൾ, കൗമാരക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഗർഭിണികൾ, ലഹരിവിമുക്തിക്ക് വിധേയരാകുന്ന വ്യക്തികൾ എന്നിവർക്കായും പ്രത്യേക മോഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രോട്ടോക്കോളുകളെല്ലാം ചേർന്ന്, നിർദ്ദിഷ്ട ജനവിഭാഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും അനുയോജ്യമായ രീതിയിൽ യോഗാ പരിശീലനം കൂടുതൽ കൃത്യവും ലളിതവുമാക്കാൻ ലക്ഷ്യമിടുന്നു.

 

മൈഗവ് (MyGov) പ്ലാറ്റ്‌ഫോമിലൂടെ ക്വിസുകൾ, ഫോട്ടോഗ്രാഫി മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ, ഹ്രസ്വ വീഡിയോ മത്സരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ജനപങ്കാളിത്തം വിപുലീകരിച്ചിട്ടുണ്ട്. ഈ സംരംഭങ്ങൾ ജൂൺ 21-ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ കൂടുതൽ ജനങ്ങൾ പങ്കാളികളാകാൻ പ്രോത്സാഹനം നൽകുന്നു.

 

ഒരു സമ്പൂർണ സാമൂഹിക മുന്നേറ്റം:

IDY 2026-ൻ്റെ തയ്യാറെടുപ്പുകൾ ഗവൺമെൻ്റിന്റെയും സമൂഹത്തിൻ്റെയും എല്ലാ തലങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെന്റുകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പൗര സമൂഹങ്ങൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയോട് ഈ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉൾഗ്രാമങ്ങളിലും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും യോഗ എത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

 

ഈ പ്രചാരണത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള സംഘടനകൾക്കും കമ്മ്യൂണിറ്റികൾക്കും രജിസ്‌ട്രേഷൻ, പരിപാടികളുടെ ഏകോപനം, പങ്കാളിത്തം എന്നിവ എളുപ്പമാക്കുന്നതിനായി യോഗ സംഗം പോർട്ടൽ' ആരംഭിച്ചു. 'യോഗ പാർക്ക് പോർട്ടൽ' യോഗയ്ക്കായി പ്രത്യേകം നീക്കിവെച്ചിട്ടുള്ള സ്ഥലങ്ങളുടെ വികസനത്തെയും അവയുടെ മാപ്പിംഗിനെയും പിന്തുണയ്ക്കുന്നു; ഇത് അന്താരാഷ്ട്ര യോഗ ദിനത്തിന് ശേഷവും യോഗ ഒരു സ്ഥിരമായ പരിശീലനമായി കൊണ്ടുപോകാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകളെല്ലാം ചേർന്ന് പൊതുജന പങ്കാളിത്തം ശക്തമാക്കാനും വർഷം മുഴുവൻ ജനങ്ങൾക്ക് യോഗ കൂടുതൽ പ്രാപ്യമാക്കാനും ശ്രമിക്കുന്നു.

 

മുൻപതിപ്പുകൾ: ഒരു ദശകത്തിനുള്ളിലെ വിപുലീകരണവും നൂതനാശയവും എല്ലാവരെയും ഉൾപ്പെടുത്തലും ആഗോള അംഗീകാരത്തിൽ നിന്ന് ജനപങ്കാളിത്തത്തിലേക്ക്:

കോവിഡ് കാലത്തെ യോഗ: വെല്ലുവിളികൾ നിറഞ്ഞ സമയത്തെ ആരോഗ്യം

ഒറ്റപ്പെടലിന്റെ ഒരു കാലഘട്ടത്തിൽ ഒത്തൊരുമയോടെ തുടരാനുള്ള ജനകീയ മുന്നേറ്റങ്ങളുടെ ശേഷിയെ കോവിഡ്-19 മഹാമാരി പരീക്ഷിക്കുകയുണ്ടായി. പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണങ്ങൾക്കിടയിലും, ഡിജിറ്റൽ പങ്കാളിത്തം, വർച്വൽ പരിപാടികൾ, വീട്ടിലിരുന്നുകൊണ്ടുള്ള പരിശീലനം എന്നിവയിലൂടെ അന്താരാഷ്ട്ര യോഗ ദിനം ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും അതിന്റെ തുടർച്ച ഉറപ്പാക്കുകയും ചെയ്തു. "യോഗ വീട്ടിൽ, യോഗ കുടുംബത്തോടൊപ്പം" (2020), "ആരോഗ്യത്തിനായി യോഗ" (2021) എന്നീ പ്രമേയങ്ങൾ ആ കാലഘട്ടത്തിന്റെ ആവശ്യകതകളെയാണ് പ്രതിഫലിപ്പിച്ചത്. ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ ശാരീരികക്ഷമത, മാനസികാരോഗ്യം, വൈകാരിക പ്രതിരോധശേഷി എന്നിവ നിലനിർത്തുന്നതിൽ യോഗയ്ക്കുള്ള പങ്ക് ഈ പ്രമേയങ്ങൾ എടുത്തുപറഞ്ഞു. മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള യോഗയുടെ കഴിവും അതിന്റെ ശാശ്വതമായ പ്രസക്തിയും ഈ കാലഘട്ടം തെളിയിച്ചു.

 

ഒന്നാമത് അന്താരാഷ്ട്ര യോഗ ദിനം 2015 ജൂൺ 21-നാണ് ആചരിച്ചത്. ഇന്ത്യയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഒരു പുതിയ ആരോഗ്യ മുന്നേറ്റത്തിൻ്റെ തുടക്കമായിരുന്നു അത്. ന്യൂഡൽഹിയിലെ രാജ്പഥിൽ നടന്ന പ്രധാന ചടങ്ങിൽ 84 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 35,985 പേർ ഒത്തുചേർന്ന് 'പൊതു യോഗ പ്രോട്ടോക്കോൾ' വലിയൊരു ജനക്കൂട്ടത്തോടൊപ്പം ചേർന്ന് പരിശീലിച്ചു.

 

ഈ ഉദ്ഘാടന ആഘോഷം രണ്ട് കാര്യങ്ങളിൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചു:

 1. ഒരൊറ്റ വേദിയിൽ നടന്ന ഏറ്റവും വലിയ യോഗ ക്ലാസ്സ്.

 2. ഒരു യോഗ ക്ലാസ്സിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു എന്ന റെക്കോർഡ്.

ആഘോഷങ്ങൾ ന്യൂഡൽഹിയിൽ മാത്രം ഒതുങ്ങിനിന്നില്ല. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലും യോഗ സെഷനുകൾ സംഘടിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര യോഗ ദിന പ്രഖ്യാപനത്തിന് ലഭിച്ച അഭൂതപൂർവ്വമായ ആഗോള പിന്തുണയാണ് ഇത് പ്രതിഫലിപ്പിച്ചത്. ഒന്നാമത്തെ പതിപ്പ് വരാനിരിക്കുന്ന എല്ലാ യോഗ ദിനാചരണങ്ങൾക്കും ഒരു മാതൃകയായി മാറി. വൻതോതിലുള്ള ജനപങ്കാളിത്തം, ആഗോളതലത്തിലുള്ള പ്രചാരണം, ഒപ്പം ആരോഗ്യത്തിനും സുസ്ഥിതിക്കുമായുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത എന്നിവ ഇതിലൂടെ ഒത്തുചേർന്നു.

 

ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നു

ഈ ആഘോഷം കൂടുതൽ ജനപ്രിയമായതോടെ, ദേശീയതലത്തിലുള്ള പ്രധാന പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ചണ്ഡീഗഡ്, ലഖ്‌നൗ, ഡെറാഡൂൺ, റാഞ്ചി, മൈസൂരു, ജബൽപൂർ, ശ്രീനഗർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങൾ വ്യത്യസ്ത സമൂഹങ്ങളിലേക്കും പ്രദേശങ്ങളിലേക്കും യോഗയെ കൂടുതൽ അടുപ്പിച്ചു. ഓരോ വർഷത്തെയും ആഘോഷങ്ങൾ പ്രാദേശിക സാംസ്കാരിക പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം യോഗയുടെ ആഗോള സ്വീകാര്യതയെ കൂടുതൽ ശക്തമാക്കുകയും ചെയ്തു.

 

ഈ ഭൂമിശാസ്ത്രപരമായ വ്യാപനം പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കാരണമായി. സ്കൂളുകൾ, സർവ്വകലാശാലകൾ, സായുധ സേനകൾ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയെല്ലാം ഈ ആഘോഷങ്ങളുടെ ഭാഗമായി മാറി. യോഗ എന്നത് കേവലം ഒരു പരമ്പരാഗത പരിശീലനം മാത്രമായിട്ടല്ല, മറിച്ച് എല്ലാവരും ഒത്തുചേരുന്ന ഒരു പൊതു മുന്നേറ്റമായാണ് ഇന്ന് വിഭാവനം ചെയ്യുന്നത്.

 

ദശാബ്ദത്തിലെ നാഴികക്കല്ല്: അന്താരാഷ്ട്ര യോഗ ദിനം 2025

ഈ ആഗോള ആഘോഷത്തിന്റെ ഒരു പതിറ്റാണ്ട് പൂർത്തിയായതിന്റെ നാഴികക്കല്ലായ ഒന്നായിരുന്നു 2025-ൽ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം."ഏക ഭൂമി, ഏക ആരോഗ്യം എന്നിവയ്ക്കായി യോഗ" എന്ന പ്രമേയത്തിലാണ് ആ വർഷം യോഗ ദിനം ആഘോഷിച്ചത്. മനുഷ്യന്റെയും സമൂഹത്തിന്റെയും ഭൂമിയുടെയും ആകെത്തുകയായ ആരോഗ്യത്തിന്റെ പരസ്പര ബന്ധത്തെ ഈ പ്രമേയം അടിവരയിട്ടു കാണിക്കുന്നു. ഈ സുപ്രധാന നേട്ടത്തിന്റെ സ്മരണയ്ക്കായി, സുസ്ഥിരത, ഉൾപ്പെടുത്തൽ, യുവാക്കളുടെ പങ്കാളിത്തം, ആരോഗ്യ സംരക്ഷണ സംയോജനം, അന്താരാഷ്ട്ര സഹകരണം എന്നിവ ഉൾക്കൊള്ളുന്ന പത്ത് പ്രധാന പരിപാടികൾ ഗവണ്മെന്റ് അവതരിപ്പിച്ചു. ഇത് ആഘോഷങ്ങൾക്ക് കൂടുതൽ ആഴവും വിപുലമായ പ്രചാരവും നൽകി.

 

 

പങ്കാളിത്തത്തിന്റെ വ്യാപ്തി ഈ മുന്നേറ്റത്തിന്റെ വളർച്ചയെയാണ് കാണിക്കുന്നത്. രാജ്യത്തുടനീളം 13 ലക്ഷത്തിലധികം യോഗ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയും 26 കോടിയിലധികം പേർ അതിൽ പങ്കെടുക്കുകയും ചെയ്തു. വിശാഖപട്ടണത്ത് നടന്ന പ്രധാന ചടങ്ങിൽ 3 ലക്ഷത്തിലധികം പേർ ഒത്തുചേരുകയും, ഏറ്റവും വലിയ യോഗ ക്ലാസിനും ഒരേസമയം നടന്ന ഏറ്റവും വലിയ സൂര്യനമസ്കാര പ്രകടനത്തിനുമായി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. 2025-ലെ അന്താരാഷ്ട്ര യോഗ ദിനം, ഈ ദിവസം ഒരു വാർഷിക ആഘോഷം എന്നതിലുപരി എങ്ങനെയാണ് ക്ഷേമ -ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു ദേശീയ മുന്നേറ്റമായി മാറിയതെന്ന് തെളിയിച്ചു.

 

  

  

 

അന്താരാഷ്ട്ര യോഗ ദിനം: ലോകമെമ്പാടും

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, അന്താരാഷ്ട്ര യോഗ ദിനം ഒരു യഥാർത്ഥ ആഗോള ആഘോഷമായി മാറി. മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനുമായി വിവിധ ഭൂഖണ്ഡങ്ങളിലെ ആളുകളെ ഇത് ഒന്നിപ്പിച്ചു. എല്ലാ വർഷവും ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും യോഗ സെഷനുകൾ സംഘടിപ്പിക്കാറുണ്ട്.

 

2024-ൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങൾ യോഗയുടെ ആഗോള സ്വാധീനത്തെ വീണ്ടും ഉറപ്പിച്ചു. ജപ്പാനിൽ, മഴക്കാലമായിയിരുന്നിട്ടും ചരിത്രപ്രസിദ്ധമായ സുകിജി ഹോങ്വാൻജി ക്ഷേത്രത്തിൽ യോഗ പ്രേമികൾ ഒത്തുകൂടി. ദക്ഷിണാഫ്രിക്കയിൽ, ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എണ്ണായിരത്തോളം പേർ പങ്കെടുത്തു. ബ്രസീലിൽ ഇറ്റൈപ്പു ബിനാഷനൽ സെൻട്രൽ വ്യൂപോയിന്റിലും, സൗദി അറേബ്യയിൽ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്സിലും പൊതു യോഗ പരിശീലനസെഷനുകൾ നടന്നു; സൗദി വനിതാ ഇൻസ്ട്രക്ടറാണ് ഇതിന് നേതൃത്വം നൽകിയത്. ഒമാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, അർജന്റീന, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലും യോഗ ദിനം ആചരിച്ചു.

 

2025-ലെ പത്താം വാർഷിക ആഘോഷവേളയിൽ യോഗയുടെ ആഗോള സാന്നിധ്യം കൂടുതൽ വർദ്ധിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സാംസ്കാരിക കേന്ദ്രങ്ങളും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മകൾ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഭാഗമായിരുന്നു.

 

   

 

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ഏകോപനത്തോടെ, വിദേശത്തുള്ള 210-ലധികം ഇന്ത്യൻ എംബസികൾ ലോകമെമ്പാടുമുള്ള ഏകദേശം 2500 സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗ ദിന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഈ പങ്കാളിത്ത അനുഭവം സൃഷ്ടിക്കുന്നതിൽ 'കോമൺ യോഗ പ്രോട്ടോക്കോൾ' പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

 

   

 

ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ (അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്) ഇത് ലഭ്യമാണ്. ഇത് വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഒരേപോലെയുള്ള യോഗാഭ്യാസങ്ങളും ആസനങ്ങളും പരിശീലിക്കാൻ സഹായകരമാകുന്നു.

 

ഒരു ദിവസത്തിൽ നിന്ന് 365 ദിവസത്തിലേക്ക്: യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നു-

അന്താരാഷ്ട്ര യോഗ ദിനം അതിന്റെ പന്ത്രണ്ടാമത് പതിപ്പിലേക്ക് കടക്കുമ്പോൾ, കേവലമൊരു ആഘോഷം എന്നതിലുപരി അത് നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . ഈ മുന്നേറ്റത്തിന്റെ വിജയം ഇനി ജൂൺ 21-ലെ പങ്കാളിത്തത്തിന്റെ വൈപുല്യം നോക്കി മാത്രമല്ല, മറിച്ച് വർഷം മുഴുവനും യോഗ പതിവായി പരിശീലിക്കാൻ ജനങ്ങളെ എത്രത്തോളം പ്രേരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിലയിരുത്തപ്പെടുക.

 

ഈ മാറ്റം 'യോഗ 365', പൊതു യോഗ പ്രോട്ടോക്കോളിന്റെ വിപുലീകരണം, സമൂഹം അടിസ്ഥാനമാക്കിയുള്ള പരിപാടികൾ , സ്കൂളുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥാപനങ്ങളിലും യോഗ ഉൾപ്പെടുത്തൽ തുടങ്ങിയ പദ്ധതികളിൽ പ്രതിഫലിക്കുന്നുണ്ട്. "ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്ന പ്രമേയം ഈ സന്ദേശത്തെ കൂടുതൽ ശക്തമാക്കുന്നു.

 

2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (IDY 2026) പ്രധാന സന്ദേശം വ്യക്തമാണ്: യോഗ എന്നത് ഒരു മാറ്റ് (mat), ഒരു വേദി അല്ലെങ്കിൽ കലണ്ടറിലെ ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. വീട്ടിലോ, പാർക്കിലോ, ഓഫീസിലോ, ക്ലാസ് മുറിയിലോ ഏതാനും മിനിറ്റുകൾ മാത്രം പരിശീലിച്ചാലും, അതിന്റെ ഗുണങ്ങൾ ലഭിക്കുന്നത് കൃത്യമായ തുടർച്ചയിലൂടെയാണ്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ യഥാർത്ഥ വിജയം ജൂൺ 21-ലെ പങ്കാളിത്തത്തിൽ മാത്രമല്ല, വരും ദിവസങ്ങളിലും മാസങ്ങളിലും വർഷങ്ങളിലും ജനങ്ങൾ ഈ പരിശീലനത്തെ എത്രത്തോളം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നു എന്നതിലൂടെയായിരിക്കും വിലയിരുത്തപ്പെടുക.

റഫറൻസ്

 

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=2272997&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2265716&reg=3&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2116869&reg=48&lang=2

https://archive.pib.gov.in/yogaday2018/backge.htm

https://www.pib.gov.in/PressNoteDetails.aspx?NoteId=151900&ModuleId=3&reg=48&lang=2

https://www.pib.gov.in/FeaturesDeatils.aspx?id=154688&NoteId=154688&ModuleId=2&reg=48&lang=2

 

Ministry of AYUSH

https://yoga.ayush.gov.in/uploads/assets/cyp/CYP_Book_English_2026.pdf

https://yoga.ayush.gov.in/uploads/assets/IDY/IDY-Handbook-English-2026.pdf

https://yoga.ayush.gov.in/uploads/assets/IDY/IDY_2025_Report.pdf

https://yoga.ayush.gov.in/pm-gallery?type=image

https://yoga.ayush.gov.in/uploads/assets/IDY/IDY%202024%20Report.pdf

https://yoga.ayush.gov.in/CYP/un-languages

 

Others

https://www.un.org/en/observances/yoga-day

https://www.presidentofindia.gov.in/photo-gallery?field_field_select_year_target_id=319&page=13

Click here to see pdf 

***

(Explainer ID: 158977) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Kannada