Security
നക്സൽ മുക്ത ഇന്ത്യ
ഇടതുപക്ഷ തീവ്രവാദത്തെ പരാജയപ്പെടുത്തി സംയോജിത തന്ത്രങ്ങള്‍
Posted On:
19 JUN 2026 1:29PM
2026 മാർച്ച് 31-ന് ഇന്ത്യ ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചു. ഏതാണ്ട് ആറ് പതിറ്റാണ്ട് നീണ്ട അതിക്രമങ്ങൾക്ക് ശേഷം ഇടതുപക്ഷ തീവ്രവാദത്തിൽ നിന്ന് ഫലപ്രദമായി രാജ്യം മുക്തി നേടി. കേന്ദ്ര ഗവണ്മെൻ്റ് പന്ത്രണ്ട് വർഷം തുടർച്ചയായി നടത്തിയ ശ്രമങ്ങളുടെ പൂർത്തീകരണമാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്. വിശ്വാസം, നിര്‍മ്മാണം, ജനക്ഷേമം എന്നീ സ്തംഭങ്ങളിലൂന്നിയായിരുന്നു ഈ പരിവർത്തനം. നിർണായക സുരക്ഷാ നടപടികളെ വികസന-ക്ഷേമ പദ്ധതികളുമായി സമന്വയിപ്പിച്ച സന്തുലിത തന്ത്രമാണ് ഇതിനായി അവലംബിച്ചത്. സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടലുകൾ രഹസ്യാന്വേഷണവും നിരീക്ഷണവും ഏകോപനവും ശക്തിപ്പെടുത്തി. ആയിരക്കണക്കിന് കേഡർമാരെ കീഴടങ്ങാനും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനും പുനരധിവാസ നയങ്ങൾ പ്രേരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച ഈ ശ്രമങ്ങൾ പൊതുസേവന ലഭ്യത മെച്ചപ്പെടുത്തി. ഭരണസംവിധാനത്തിലെ വിശ്വാസ്യത വീണ്ടെടുത്ത ഈ നടപടി ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തി. സര്‍വോപരി എല്ലാ പ്രധാന സൂചകങ്ങളിലും അക്രമങ്ങളുടെ എണ്ണം കൃത്യവും സുസ്ഥിരവുമായി കുറയ്ക്കാന്‍ ഈ നടപടികള്‍ വഴിയൊരുക്കി. നക്സൽ മുക്ത ഇന്ത്യയുടെ ഈ വിജയം ശാശ്വത സമാധാനത്തിനും വികസനത്തിനും ഗവണ്മെൻ്റ് അതിൻ്റെ പൂര്‍ണതയില്‍ നടത്തുന്ന സമീപനത്തിൻ്റെ കരുത്ത് തെളിയിക്കുന്നു.

സമാധാനത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയും പുതുയുഗം
ഏതാണ്ട് ആറ് പതിറ്റാണ്ടുകളായി ഇടതു തീവ്രവാദവുമായി പോരാടുകയായിരുന്നു ഇന്ത്യ. അത് വിദൂരമോ അദൃശ്യമോ ആയ ഒരു വെല്ലുവിളിയായിരുന്നില്ല. മറിച്ച് ദശലക്ഷക്കണക്കിന് ഗോത്രവർഗ കുടുംബങ്ങളുടെയും റോഡുകളോ സ്കൂളുകളോ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ വിശാല വാഗ്ദാനങ്ങളോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളുടെയും യഥാർത്ഥ ജീവിതാനുഭവമായിരുന്നു. അക്രമങ്ങൾ വിട്ടുപോകാതെ തുടര്‍ന്നപ്പോള്‍ അനിശ്ചിതത്വമാണ് ദൈനംദിന ജീവിതത്തെ നിർവചിച്ചിരുന്നത്.

2026 മാർച്ച് 31-ന് ഇതിന് മാറ്റം വന്നു. രാജ്യം ഫലപ്രദമായി നക്സലിസത്തിൽ നിന്ന് മുക്തമായത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലായി മാറി. നിലവിലെ ഗവണ്മെൻ്റ് 2014 മെയ് മാസം അധികാരത്തിലേറിയ സമയത്ത് 'റെഡ് കോറിഡോർ' അതീവ ഗുരുതരമായ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളിലൊന്നായി തുടർന്നു. വികേന്ദ്രീകൃതവും കേവലം ചില സംഭവവികാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുമായിരുന്നു മുൻകാല സമീപനങ്ങളിലേറെയും. പ്രശ്നത്തിൻ്റെ ഘടനാപരമായ അടിവേരുകളെ അഭിസംബോധന ചെയ്യുന്നതിന് പകരം അവ ലക്ഷണങ്ങളെ കൈകാര്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഇത് പരിഹരിക്കാന്‍ കൂടുതൽ സമഗ്രവും സംയോജിതവുമായ തന്ത്രം പിന്നീട് പിന്തുടരുകയുണ്ടായി.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ഈ പരിവർത്തനത്തെ മുന്നോട്ടു നയിച്ചത് മൂന്ന് നിർണായക സ്തംഭങ്ങളാണ് - വിശ്വാസ്, നിർമാണ്‍, ജനകല്യാണ്‍. ശക്തമായ സുരക്ഷാ പ്രവർത്തനങ്ങൾ, സുരക്ഷാ ഏജൻസികൾ തമ്മിലെ മികച്ച ഏകോപനം, വ്യവസ്ഥാപിത കീഴടങ്ങൽ-പുനരധിവാസ ചട്ടക്കൂടുകൾ, സുസ്ഥിര ജനസമ്പർക്കം എന്നിവയിലൂടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിലാണ് 'വിശ്വാസ്' ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൗതിക - ഡിജിറ്റല്‍ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിലും വിദൂര മേഖലകളില്‍ ഭരണപരമായ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സുസ്ഥിര സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും 'നിർമാൺ' ഊന്നൽ നൽകി. ഇടതുപക്ഷ തീവ്രവാദം ബാധിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അന്തസ്സും ക്ഷേമപദ്ധതികളുടെ ലഭ്യതയും സാംസ്കാരിക ഉൾച്ചേര്‍ക്കലും ഉറപ്പാക്കുന്നതിനും അവരെ ദേശീയ വികസന പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് 'ജൻ കല്യാൺ' മുൻഗണന നൽകിയത്.


ഓരോ സ്തംഭവും പരസ്പരം ശക്തിപ്പെടുത്തുന്നതായിരുന്നു. സുരക്ഷ വികസനത്തിന് ഇടമൊരുക്കി; വികസനം വിശ്വാസത്തിന് കരുത്തേകി; വിശ്വാസ്യത ക്ഷേമവിതരണം ത്വരിതപ്പെടുത്തി. ഇവ ഒന്നിനുപിറകെ ഒന്നായി വന്നതല്ല, മറിച്ച് പുരോഗതിയുടെ അവിഭാജ്യമായ തുടർച്ചയായിരുന്നു.

വിശ്വാസ് — ഭരണകൂടത്തിലെ വിശ്വാസം വീണ്ടെടുക്കൽ
ദുര്‍ബല വിദൂര മേഖലകളില്‍ ഭരണകൂടത്തിൻ്റെ സുസ്ഥിര സാന്നിധ്യം ഉറപ്പാക്കി ജനവിശ്വാസം പുനർനിർമ്മിക്കുന്നതിലാണ് ‘വിശ്വാസ്’ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫലപ്രദമായ പ്രതികരണശേഷി ഉറപ്പാക്കുന്നതിന് സുരക്ഷാ ഏജൻസികളും ഭരണസ്ഥാപനങ്ങളും തമ്മിലെ ഏകോപനം ശക്തിപ്പെടുത്തി. ജനങ്ങളും ഭരണസംവിധാനവും തമ്മില്‍ ദീർഘകാലമായി നിലനിന്ന അകലം ഈ സമീപനത്തിലൂടെ ഇല്ലാതാക്കി.

2014-ന് മുൻപുണ്ടായ അക്രമ പരമ്പരകളും സുരക്ഷാ വീഴ്ചകളും
മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നും സായുധ വിപ്ലവ സിദ്ധാന്തത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 1967-ൽ പശ്ചിമ ബംഗാളിലെ നക്സൽബാരി പ്രസ്ഥാനത്തിൽ നിന്നാണ് ഇടതുപക്ഷ തീവ്രവാദം വളർന്നുവന്നത്. അധികാരം തോക്കിൻകുഴലിലൂടെയാണ് പുറപ്പെടുന്നത് എന്ന അതിൻ്റെ മാർഗനിർദേശക തത്വം ലളിതവും അതേസമയം അക്രമാസക്തവുമായിരുന്നു. നക്സലൈറ്റുകളുടെ ആയുധങ്ങളിൽ ഏകദേശം 92 ശതമാനവും പൊലീസിൻ്റെ ആയുധപ്പുരകളിൽ നിന്ന് നേരിട്ട് കൊള്ളയടിച്ചവയായിരുന്നു. കാലക്രമേണ 2004-ൽ സി.പി.ഐ (മാവോയിസ്റ്റ്) എന്ന സംഘടനയ്ക്ക് കീഴിൽ നിരവധി തീവ്ര സംഘടനകൾ ലയിക്കുകയും ഇത് ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായി മാറുകയും ചെയ്തു.

ഇടതുപക്ഷ തീവ്രവാദ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടങ്ങളിലൊന്നായിരുന്നു 2004 മുതൽ 2014 വരെയുള്ള പതിറ്റാണ്ട്. ഒരൊറ്റ വർഷം മാത്രം 1,936 അക്രമ സംഭവങ്ങളും 720 സാധാരണക്കാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ അക്രമങ്ങൾ ഏറ്റവും രൂക്ഷമായ വര്‍ഷമായി 2010 മാറി. ഒരു പതിറ്റാണ്ടിനിടെ 17,542 അക്രമ സംഭവങ്ങളുണ്ടാവുകയും 1,913 സുരക്ഷാ ഉദ്യോഗസ്ഥരും 5,019 സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു.

സ്ഥിരതയാർന്ന ഒരു ദേശീയ നയം അന്ന് ഉണ്ടായിരുന്നില്ല. സംസ്ഥാന ഗവണ്മെൻ്റുകൾ പരസ്പരബന്ധമില്ലാതെ പ്രവർത്തിച്ചു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയാണ് നക്സലിസമെന്നും കാശ്മീരിലെയും വടക്കുകിഴക്കൻ മേഖലകളിലെയും പ്രശ്നങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി രാജ്യമെങ്ങും വ്യാപിച്ച പ്രശ്നമാണിതെന്നും അന്നത്തെ ഗവണ്മെൻ്റ് 2009-ൽ പരസ്യമായി സമ്മതിച്ചു.
നയപരമായ മാറ്റം: ഏകോപനരഹിത നീക്കങ്ങളിൽ നിന്ന് ഏകീകൃത തന്ത്രത്തിലേക്ക്
ഇടതുപക്ഷ തീവ്രവാദ പ്രശ്നം പരിഹരിക്കുന്നതിനായി കൈക്കൊണ്ട ദേശീയ നയത്തിനും കര്‍മപരിപാടിയ്ക്കും അനുമതി നൽകിയതോടെ 2015-ലാണ് ആദ്യ നിർണായക നടപടിയുണ്ടാകുന്നത്. മുൻകാലങ്ങളിലെ താൽക്കാലിക സമീപനത്തിന് പകരം വ്യവസ്ഥാപിതവും ഗവണ്മെൻ്റ് അതിൻ്റെ പൂര്‍ണതയില്‍ നടത്തുന്നതുമായ ഒരു ചട്ടക്കൂട് ഇതിലൂടെ രൂപീകരിക്കപ്പെട്ടു. കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകള്‍, പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതി, പ്രത്യേക കേന്ദ്ര സഹായ പദ്ധതികൾ എന്നിവയിലൂടെ ഇതിനായി ധനസഹായവും അനുവദിച്ചു. സുരക്ഷക്കൊപ്പം സാമൂഹ്യ-സാമ്പത്തിക അടിസ്ഥാന കാരണങ്ങളെയും ഈ സമീപനം അഭിസംബോധന ചെയ്തു.

ചർച്ച, സുരക്ഷ, ഏകോപനം എന്ന ത്രിതല തന്ത്രം അടിസ്ഥാനമാക്കി ഇന്ത്യ ആദ്യമായി ഇടതുപക്ഷ തീവ്രവാദത്തിനെതിരെ വ്യവസ്ഥാപിതവും സമഗ്രവുമായ സമീപനം നടപ്പാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ കേന്ദ്രീകൃതമായി ഏകോപിപ്പിച്ച ചട്ടക്കൂടിലൂടെയാണ് ഗവണ്മെൻ്റ് നടപടികള്‍ മുന്നോട്ടുപോയത്. ഇത് നയനിർവഹണത്തിന് വലിയ സുതാര്യതയും ഏകീകൃത രൂപവും നൽകി.

നക്സലിസത്തിൻ്റെ ഭീതിയില്‍നിന്നും ആക്രമണങ്ങളില്‍ നിന്നും ഇന്ത്യയെ മുക്തമാക്കുകയെന്ന ലക്ഷ്യം കൈവരിച്ചത് കൃത്യമായ ആസൂത്രണത്തിലൂടെയും ഏകോപിത പ്രവർത്തനങ്ങളിലൂടെയുമാണ്. 2026 മാർച്ച് 31-ഓടെ രാജ്യത്തെ നക്സൽ മുക്തമാക്കുകയെന്ന ലക്ഷ്യം കേന്ദ്ര ഗവണ്മെൻ്റ് നിശ്ചയിച്ചത് 2024 ഓഗസ്റ്റ് 24-നായിരുന്നു. ശക്തമായ സുരക്ഷാ പ്രവർത്തനങ്ങളിലൂടെയും കരുത്താര്‍ന്ന ഏകോപനത്തിലൂടെയും അടിസ്ഥാന സൗകര്യ വിപുലീകരണത്തിലൂടെയും ദ്രുതഗതിയിലുള്ള വികസന പ്രവർത്തനങ്ങളിലൂടെയും നിശ്ചിത സമയത്തിനകം രാജ്യം ഈ ലക്ഷ്യം കൈവരിച്ചു.

സുരക്ഷാ ശൃംഖല കെട്ടിപ്പടുക്കൽ
അടിസ്ഥാന സൗകര്യ വിപുലീകരണം, പ്രത്യേക സേനകൾ, മെച്ചപ്പെട്ട പ്രവർത്തന ഏകോപനം എന്നിവയിലൂടെ നക്സൽ ബാധിത പ്രദേശങ്ങളിലെ സുരക്ഷയുടെ അഭാവം ഗവണ്മെൻ്റ് വ്യവസ്ഥാപിതമായി നികത്തി. ഈ സംയോജിത സമീപനം റെഡ് കോറിഡോറിലുടനീളം ഭരണകൂട സാന്നിധ്യവും സഞ്ചാര സ്വാതന്ത്ര്യവും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടലും കലാപ വിരുദ്ധ ശേഷികളും വർധിപ്പിച്ചു.
2014-ന് മുൻപ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയ പൊലീസ് സ്റ്റേഷനുകൾ വെറും 66 മാത്രമായിരുന്ന സ്ഥാനത്ത് 597 അത്തരം പൊലീസ് സ്റ്റേഷനുകള്‍ നിർമിച്ചു. നക്സൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 333-ൽ നിന്ന് 16 ആയി കുറഞ്ഞു. കൂടാതെ, സുരക്ഷാ ശൃംഖല ശക്തിപ്പെടുത്താനും പ്രദേശത്തിൻ്റെ മേധാവിത്വം മെച്ചപ്പെടുത്താനും ഉൾവനങ്ങളിൽ തുടർച്ചയായ പ്രവർത്തനങ്ങൾ നിലനിർത്താനും ലക്ഷ്യമിട്ട് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 408 പുതിയ സി.എ.പി.എഫ് സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചു. ഉൾപ്രദേശങ്ങളിലെ അതിവേഗ വിന്യാസത്തിനും സൈനിക നീക്കത്തിനും പരിക്കേറ്റവരെ ഒഴിപ്പിക്കാനും നിരീക്ഷണത്തിനുമായി 68 നൈറ്റ് ലാൻഡിങ് ഹെലിപാഡുകൾ നിർമിച്ചു. സുരക്ഷാ സേനകൾക്ക് 400 ബുള്ളറ്റ് പ്രൂഫ്, ബ്ലാസ്റ്റ് പ്രൂഫ് വാഹനങ്ങൾ നല്‍കുകയും അവര്‍ക്ക് സഹായത്തിനും മെഡിക്കൽ പിന്തുണയ്ക്കുമായി അഞ്ച് ആശുപത്രികൾ നിർമ്മിക്കുകയും ചെയ്തു.

പ്രത്യേക സായുധ സേനകളുടെ സംയോജനം: കോബ്ര, ഡി.ആർ.ജി, എസ്.ടി.എഫ്, ഗ്രേഹൗണ്ട്സ്
കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റിസല്യൂട്ട് ആക്ഷന്‍), സി.ആർ.പി.എഫ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആര്‍ജി) എന്നിവയ്ക്ക് പുറമെ ജാർഖണ്ഡ് ജാഗ്വാർ, ഛത്തീസ്ഗഡ് പൊലീസ് യൂണിറ്റുകൾ, ആന്ധ്രാപ്രദേശിൻ്റെ ഗ്രേഹൗണ്ട്സ് തുടങ്ങിയ പ്രമുഖ സംസ്ഥാന യൂണിറ്റുകളെ സംയോജിപ്പിച്ച് ബഹുതല പ്രത്യേക സുരക്ഷാ ഘടന വികസിപ്പിച്ചെടുത്തു. ഡി.ആർ.ജി, എസ്.ടി.എഫ്, സി.ആർ.പി.എഫ്, കോബ്ര എന്നിവയിലുടനീളം സംയുക്ത പരിശീലനം നല്‍കുകയും കൃത്യമായ കമാൻഡ് ഘടനയോടെ സംയോജിതവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനാവുന്നതുമായ സേനയെ സൃഷ്ടിക്കുകയും ചെയ്തു.

സാങ്കേതികവിദ്യ: നക്സൽ വിരുദ്ധ പോരാട്ടത്തിലെ വഴിത്തിരിവ്
2014-ന് ശേഷം ആധുനിക സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ് നക്സൽ വിരുദ്ധ പ്രവർത്തനങ്ങളെ പൂർണ്ണമായി മാറ്റിമറിച്ചു. ആളില്ലാ വിമാനങ്ങളും (യുഎവി) ഡ്രോണുകളും ഉപഗ്രഹ ചിത്രങ്ങളും നിര്‍മ്മിതബുദ്ധി അധിഷ്ഠിത ഡാറ്റാ വിശകലനവും ഉള്‍പ്പെടെ സാങ്കേതിക സംവിധാനങ്ങള്‍ തത്സമയ നിരീക്ഷണത്തിനും കൃത്യമായ മേൽനോട്ടത്തിനും വഴിയൊരുക്കി. സ്ഥലം പിന്തുടര്‍ന്ന് കണ്ടെത്താവുന്ന നൂതന ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനങ്ങൾ, ശാസ്ത്രീയ കോൾ-ലോഗ് വിശകലനം, മൊബൈൽ ഡാറ്റാ അനലിറ്റിക്സ്, സമൂഹമാധ്യമങ്ങളുടെ നിരീക്ഷണം എന്നിവ കൂടുതല്‍ പ്രവർത്തനക്ഷമമാക്കി. ചലനങ്ങൾ നിരീക്ഷിക്കാനും ആശയവിനിമയ രീതികൾ വിശകലനം ചെയ്യാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം സാങ്കേതികവിദ്യാധിഷ്ഠിത വിവരങ്ങൾ ഉപയോഗപ്പെടുത്തി.
പ്രതിരോധ തന്ത്രങ്ങൾ: കണ്ടെത്തൽ, ലക്ഷ്യം നിര്‍ണയിക്കല്‍, നിർവീര്യമാക്കൽ
"കണ്ടെത്തുക, ലക്ഷ്യം നിര്‍ണയിക്കുക, നിർവീര്യമാക്കുക" എന്ന ഗവണ്മെൻ്റിൻ്റെ സിദ്ധാന്തം ശ്രദ്ധേയമായ ഫലങ്ങളാണ് നല്‍കിയത്. സുസ്ഥിര സുരക്ഷാ പ്രവർത്തനങ്ങളിലൂടെയും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച തന്ത്രങ്ങളിലൂടെയും മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ തീവ്രവാദത്തിൻ്റെ സ്വാധീനത്തിലായിരുന്ന പ്രദേശങ്ങൾ ഗവണ്മെൻ്റ് തിരിച്ചുപിടിച്ചു.
ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്, ഓപ്പറേഷൻ ഒക്ടോപസ്, ഓപ്പറേഷൻ ഡബിൾ ബുൾ, ഓപ്പറേഷൻ തണ്ടർസ്റ്റോം, ഓപ്പറേഷൻ ഭീംബാർഗ്, ഓപ്പറേഷൻ ചക്രബന്ധ എന്നിവയുൾപ്പെടെ ഏകോപിതമായി നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങൾ നക്സല്‍ ബാധിത പ്രദേശങ്ങളിലുടനീളം മാവോയിസ്റ്റ് ശൃംഖലകളെ വലിയതോതില്‍ ദുർബലപ്പെടുത്തി. ഇതില്‍ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് സുപ്രധാന വഴിത്തിരിവായി മാറുകയും പ്രധാന മാവോയിസ്റ്റ് താവളം തകർക്കുകയും 30-ലേറെ മാവോയിസ്റ്റുകളെ ഇല്ലാതാക്കുന്നതിലേക്ക് നയിക്കുകയും അറസ്റ്റുകളുടെയും കീഴടങ്ങലുകളുടെയും എണ്ണത്തിൽ വലിയ വർധനയ്ക്ക് കാരണമാവുകയും ചെയ്തു. ഗുംല, ലോഹർദഗ, ലാത്തേഹാർ ജില്ലകൾ നക്സൽ മുക്തമാക്കാന്‍ ഓപ്പറേഷൻ ഡബിൾ ബുൾ വഴിയൊരുക്കി. ദീർഘകാലമായി ഇടതു തീവ്രവാദം ബാധിച്ച പ്രദേശങ്ങളിൽ ഈ പ്രവർത്തനങ്ങൾ ഭരണകൂട സാന്നിധ്യം വീണ്ടെടുക്കുകയും തീവ്രവാദ സ്വാധീനം കുറയ്ക്കുകയും മെച്ചപ്പെട്ട സുരക്ഷ, ഭരണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാഹചര്യമൊരുക്കുകയും ചെയ്തു.

പിന്തുണാ സംവിധാനങ്ങളുടെ വേരറുക്കുന്നു
കേവലം സായുധ കേഡർമാരെ മാത്രമല്ല, മറിച്ച് അവർക്ക് പിന്തുണ നൽകുന്ന മൊത്തം സംവിധാനത്തെയും ലക്ഷ്യമിട്ടാണ് കേന്ദ്ര ഗവണ്മെൻ്റ് സമഗ്രമായ 'ഓൾ-ഏജൻസി' സമീപനം സ്വീകരിച്ചത്. വികസനത്തിൻ്റെ കാര്യത്തിൽ, ഇത് ‘ഗവണ്മെൻ്റ് അതിൻ്റെ പൂര്‍ണതയില്‍’ എന്ന സമീപനമാണെങ്കില്‍ സുരക്ഷാ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇത് സുരക്ഷാ ഏജന്‍സികള്‍ അവയുടെ പൂര്‍ണതയില്‍ എന്ന തന്ത്രം കൈക്കൊണ്ടു.
നക്സൽ ധനസഹായ ശൃംഖലകളെ തകർക്കാന്‍ ദേശീയ അന്വേഷണ ഏജൻസിക്ക് (എന്‍ഐഎ) കീഴിൽ പ്രത്യേക വിഭാഗം രൂപീകരിച്ചു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 40 കോടിയിലധികം രൂപയുടെ ആസ്തികളാണ് എൻ.ഐ.എ പിടിച്ചെടുത്തത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 12 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയപ്പോൾ സംസ്ഥാന ഏജൻസികൾ 40 കോടി രൂപ കൂടി കണ്ടുകെട്ടി. 2025 ഡിസംബറോടെ 111 ഇടതുപക്ഷ തീവ്രവാദ കേസുകൾ അന്വേഷിക്കുകയും 98 കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. 2026 ജൂണിലെ കണക്കനുസരിച്ച് ആകെ എൻ.ഐ.എ കേസുകളുടെ എണ്ണം 112-ലെത്തുകയും ഇതില്‍ 100 കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കീഴടങ്ങാന്‍ ‘റെഡ് കാര്‍പ്പറ്റ്’
ശക്തമായ സുരക്ഷാ പ്രതികരണത്തിന് പൂരകമായി പുനരധിവാസത്തിന് ഊന്നൽ നൽകുന്ന സമീപനവും ഗവണ്മെൻ്റ് സ്വീകരിച്ചു. "ആയുധം താഴെ വെക്കുന്നവർക്ക് ചുവന്ന പരവതാനി" എന്ന വ്യക്തമായ സന്ദേശമാണ് അത് നല്‍കിയത്. കീഴടങ്ങുന്ന കേഡർമാരിൽ ഉയർന്ന റാങ്കിലുള്ളവർക്ക് 5 ലക്ഷം രൂപയും മറ്റുള്ളവർക്ക് 2.5 ലക്ഷം രൂപയും ഉടനടി ധനസഹായം ലഭിച്ചു. ഒപ്പം 36 മാസത്തേക്ക് പ്രതിമാസം 10,000 രൂപ വീതം സ്റ്റൈപ്പൻ്റും നൽകി. കീഴടങ്ങുന്നതിന് 50,000 രൂപയുടെ അധിക ആനുകൂല്യം ഉറപ്പാക്കുകയും കൂട്ടത്തോടെ കീഴടങ്ങുന്ന സന്ദർഭങ്ങളിൽ ഇത് ഇരട്ടിയാക്കുകയും ചെയ്തു. കൂടാതെ ആയുധങ്ങൾ കൈമാറുന്നതിന് പ്രത്യേക നഷ്ടപരിഹാരവും നൽകി.
പുനരധിവാസ നയത്തിൻ്റെ വിജയം കീഴടങ്ങുന്നവരുടെ വര്‍ധനയില്‍ പ്രതിഫലിച്ചു. 2025-ൽ മാത്രം 2,337 നക്സലൈറ്റുകൾ ആയുധം താഴെവെച്ചു. 2024 നും 2026 മാർച്ചിനും ഇടയിൽ 3,927 കേഡർമാർ കീഴടങ്ങി. സിവിൽ സൊസൈറ്റി അംഗങ്ങൾ, മാധ്യമപ്രവർത്തകർ, സമുദായ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ ശ്രമങ്ങളിലൂടെ ഈ ഫലങ്ങൾ കൂടുതൽ ശക്തിപ്പെട്ടു. പുനരധിവാസ നടപടികളിലെ ആത്മവിശ്വാസം വളർത്താൻ അവര്‍ സഹായിക്കുകയും നക്സലിസം പ്രതികൂലമായി ബാധിച്ച വ്യക്തികളെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കുകയും ചെയ്തു.
'വിശ്വാസ്' സമീപനത്തിന് കീഴിലെ നേട്ടങ്ങൾ സുരക്ഷാ ഫലങ്ങൾക്കുമപ്പുറം വ്യാപിച്ച് ദീർഘകാല വികസനത്തിനും ഭരണകൂട നേതൃത്വത്തില്‍ പരിവർത്തനത്തിനും അടിത്തറയൊരുക്കി. സുരക്ഷ ശക്തമായ ഓരോ പൊലീസ് സ്റ്റേഷനും ഓരോ സി.എ.പി.എഫ് ക്യാമ്പും കീഴടങ്ങിയ ഓരോ കേഡറും മുൻപ് എത്തിപ്പെടാൻ കഴിയാതിരുന്ന പ്രദേശങ്ങളിലേക്ക് ഭരണനിര്‍വഹണം വിപുലീകരിക്കാന്‍ വഴിയൊരുക്കി. ഗോത്രവര്‍ഗ സമൂഹങ്ങളിലേക്ക് റോഡുകൾ, സ്കൂളുകൾ, ആരോഗ്യ പരിപാലന സൗകര്യങ്ങൾ, ബാങ്കിങ് സേവനങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ എത്തിക്കാന്‍ ഈ സുരക്ഷ വാതിൽ തുറന്നു. സ്ഥിരതയുടെയും വിശ്വാസത്തിൻ്റെയും ഈ വീണ്ടെടുപ്പാണ് പരിവർത്തനത്തിൻ്റെ അടുത്ത സ്തംഭമായ 'നിർമാൺ' എന്ന സമീപനത്തിന് അടിത്തറ പാകിയത്.
നിർമാൺ — പുതിയ ഭാവി കെട്ടിപ്പടുക്കൽ
നക്സലിസം അവസാനിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം നക്സലൈറ്റുകളെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നില്ല. വൻനഗരങ്ങളിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ആ മേഖലയിലെ പാവപ്പെട്ട ഗോത്രവർഗക്കാർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ആത്യന്തിക ലക്ഷ്യം. ഇതുവഴി അവരുടെ കുട്ടികൾക്കും ശോഭനമായ ഭാവിയൊരുക്കാനാവും. വിദൂര മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങള്‍, ഭരണപരമായ പങ്കാളിത്തം എന്നിവ വ്യാപിപ്പിക്കുന്നതിലാണ് നിർമാൺ സമീപനം ശ്രദ്ധ കേന്ദ്രീകരിച്ചത്. അവശ്യ സേവനങ്ങൾ, റോഡുകൾ, ഡിജിറ്റൽ ശൃംഖലകൾ എന്നിവയുടെ ലഭ്യത മെച്ചപ്പടുത്താന്‍ ഇത് സഹായിച്ചു. മുന്‍പ് സേവനങ്ങൾ ലഭിക്കാതിരുന്ന പ്രദേശങ്ങളെ മുഖ്യധാരാ വികസനവുമായും ഭരണസംവിധാനങ്ങളുമായും സമന്വയിപ്പിക്കാൻ ഈ ശ്രമങ്ങൾ വഴിയൊരുക്കി.
റോഡ് ഗതാഗതസൗകര്യം: 2014 മുതൽ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ 12,249 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചു. ആകെ 17,319 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതികൾക്ക് 20,557 കോടി രൂപ ചെലവിൽ അനുമതി നൽകി.
ഡിജിറ്റൽ, മൊബൈൽ കണക്റ്റിവിറ്റി: ആധുനിക സമൂഹങ്ങളിലെ പുരോഗതിയുടെ അടിസ്ഥാന ശിലയായി ടെലികോം കണക്റ്റിവിറ്റി ഉയർന്നുവന്നിട്ടുണ്ട്. ഗ്രാമീണ ഗോത്രവർഗ സമൂഹങ്ങളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രധാനമാണ്. കാരണം സാമൂഹ്യ-സാമ്പത്തിക വികസനത്തിൻ്റെ സുപ്രധാന ഉത്തേജകമായി ഇത് നിലകൊള്ളുന്നു. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുകയും വിദ്യാഭ്യാസ - ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു, കൂടാതെ സാമ്പത്തിക അവസരങ്ങൾ വളർത്താനും ഇത് സഹായിക്കുന്നു. ഈ സാഹചര്യത്തില്‍ ടെലികോം വകുപ്പിൻ്റെ വിവിധ പദ്ധതികൾക്ക് കീഴിൽ 9,600-ത്തിലധികം മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ഏറ്റവുമധികം നക്സല്‍ ബാധിത പ്രദേശങ്ങളിൽ 96% ഗ്രാമങ്ങളിലും (46,592 ഗ്രാമങ്ങളിൽ 44,728 ഗ്രാമങ്ങളിലും) ഇപ്പോൾ മൊബൈൽ കണക്റ്റിവിറ്റിയുണ്ട്. വിദ്യാഭ്യാസം, ഓൺലൈൻ സേവന വിതരണം, സാമ്പത്തിക വളർച്ച എന്നിവയിലേക്ക് വാതിലുകൾ തുറക്കാന്‍ ഈ നടപടി വഴിയൊരുക്കി.
സാമ്പത്തിക ഉൾച്ചേര്‍ക്കല്‍: കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ നക്സല്‍ ബാധിത ജില്ലകളിൽ സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ നടപടികള്‍ കേന്ദ്ര ഗവണ്മെൻ്റ് ഗണ്യമായി വ്യാപിപ്പിച്ചു. 2015 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ കാലയളവിൽ 1,804 ബാങ്ക് ശാഖകളാണ് തുറന്നത്. 1,321 എ.ടി.എം കേന്ദ്രങ്ങൾ സ്ഥാപിക്കുകയും 74,720 ബാങ്കിങ് കറസ്‌പോണ്ടൻ്റുമാരെ നിയമിക്കുകയും ചെയ്തു. 6,025 പോസ്റ്റ് ഓഫീസുകൾ സ്ഥാപിച്ചു.
വിദ്യാഭ്യാസവും നൈപുണ്യ വികസനവും: കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ 259 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് കേന്ദ്ര ഗവണ്മെൻ്റ് അനുമതി നൽകുകയും 179 സ്കൂളുകള്‍ വികസിപ്പിക്കുകയും ചെയ്തു. കൂടാതെ ഈ പ്രദേശങ്ങളിൽ 46 വ്യാവസായിക പരിശീലന കേന്ദ്രങ്ങളും (ഐടിഐ) 49 നൈപുണ്യ വികസന കേന്ദ്രങ്ങളും (എസ്ഡിസി) വികസിപ്പിച്ചു. ഏതാണ്ട് 800 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കിയത്. ഗോത്രവർഗ യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനങ്ങളും തൊഴിലവസരങ്ങളും വ്യാപിപ്പിക്കുന്ന ഈ നടപടികള്‍ വിദൂര ജനവിഭാഗങ്ങളെ മുഖ്യധാരാ സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കാൻ സഹായിച്ചു. 90,000-ത്തിലധികം യുവാക്കൾക്കും സ്ത്രീകൾക്കും നൈപുണ്യ പരിശീലനം നൽകി.
ജനസമ്പർക്ക പരിപാടികൾ: ജനസമ്പര്‍ക്ക് പരിപാടികള്‍ക്ക് കീഴിൽ ആരോഗ്യ ക്യാമ്പുകൾക്കും മരുന്ന് വിതരണത്തിനും കേന്ദ്ര ഗവണ്മെൻ്റ് 212 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി. സാമൂഹ്യ സമ്പർക്കം ആഴത്തിലാക്കാൻ മാധ്യമ ആസൂത്രണ പദ്ധതിയ്ക്ക് കീഴിൽ 50.45 കോടി രൂപ ചെലവിൽ ഗോത്രവർഗ യുവജന കൈമാറ്റ പരിപാടികൾ നടത്തി.
നിർമാൺ സമീപനത്തിന് കീഴിൽ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ആശയവിനിമയം സാധ്യമാക്കുന്ന മൊബൈൽ ടവറുകൾ, സാമ്പത്തിക പങ്കാളിത്തം സുഗമമാക്കുന്ന ബാങ്കുകൾ, ഗോത്രവർഗ യുവജനങ്ങള്‍ക്കായി സ്കൂളുകൾ എന്നിവ നേരിട്ട് 'ജൻ കല്യാൺ' എന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. യഥാർത്ഥ ക്ഷേമവും അന്തസ്സും സാംസ്കാരിക നവോത്ഥാനവും എത്തിക്കാനാവുന്ന ഭൗതികവും സ്ഥാപനപരവുമായ വേദിയൊരുക്കുകയാണ് ഇതിലൂടെ ചെയ്തത്.
ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സമഗ്ര അടിസ്ഥാന സൗകര്യ വികസനം സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പ്രാദേശിക സമന്വയം ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ സാമ്പത്തിക അവസരങ്ങളെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്നു. ദീർഘകാല നിക്ഷേപങ്ങൾ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയുടെ പാതകൾ ഉറപ്പാക്കുന്നു.
ജൻ കല്യാൺ — ജനക്ഷേമവും അന്തസ്സും
അന്തസ്സോടും ഉൾച്ചേര്‍ക്കലോടും കൂടിയ ക്ഷേമ വിതരണത്തിന് ഊന്നൽ നൽകുന്ന സമീപനമാണ് ജൻ കല്യാൺ. പിന്നാക്ക മേഖലകളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സേവന വിതരണം ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കുന്നു. അവശ്യ പൊതുസേവനങ്ങളിലേക്ക് എല്ലാവർക്കും തുല്യ പ്രവേശനം ഉറപ്പാക്കുന്ന സമീപനമാണിത്.
ഗോത്രവർഗ ഉപജീവന ശാക്തീകരണം
ഗോത്രവർഗ ക്ഷേമത്തില്‍ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചത് വികസനം വ്യാപിപ്പിച്ചും അവസര ലഭ്യത മെച്ചപ്പെടുത്തിയും ഗോത്രവർഗ സമൂഹങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തിയും ഇടതുതീവ്രവാദ സ്വാധീനം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സുരക്ഷാ നടപടികൾക്കൊപ്പം മെച്ചപ്പെട്ട വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിപാലനം, ഭവനനിർമാണം, ഉപജീവന പിന്തുണ എന്നിവയിലൂടെ വിദൂര ഗോത്രവര്‍ഗ മേഖലകളിൽ വികസനമെത്തുന്നുവെന്ന് ഗവണ്മെൻ്റ് ഉറപ്പാക്കി.
കീഴടങ്ങിയ കേഡർമാർക്ക് പുനരധിവാസ ചട്ടക്കൂട്, നൈപുണ്യ വികസനം, ഉപജീവന സഹായം, പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഭവന പിന്തുണ, സ്വയം തൊഴിലിന് സാമ്പത്തിക സഹായം എന്നിവയിലൂടെ അവർ മുഖ്യധാരാ സമൂഹവുമായി ഒത്തുചേരുന്നതിനെ പ്രോത്സാഹിപ്പിച്ചു. നക്സൽ സ്വാധീനം ഇല്ലാതാക്കുകയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾ സ്ഥാപിക്കുകയും ചെയ്ത ഗ്രാമങ്ങൾക്ക് വികസന ധനസഹായം നൽകി. കീഴടങ്ങിയ കേഡർമാരുടെ കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ലഭിച്ചത് കൂടുതൽ സുരക്ഷിത ഭാവി കെട്ടിപ്പടുക്കാൻ കുടുംബങ്ങളെ സഹായിച്ചു.
ലക്ഷ്യാധിഷ്ഠിതമായ നിരവധി ഇടപെടലുകളാണ് ഈ പരിവർത്തനത്തിന് വേഗം പകര്‍ന്നത്. സുരക്ഷയെയും വികസനത്തെയും സാമൂഹ്യ അവകാശങ്ങളുടെ സംരക്ഷണത്തെയും സംയോജിപ്പിക്കാന്‍ ദേശീയ നയവും കര്‍മപദ്ധതിയും വഴിയൊരുക്കി. നക്സലിസം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകളിൽ പ്രത്യേക കേന്ദ്ര സഹായം നിർണായക പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍, ഗതാഗതം എന്നിവയിലെ ഫലങ്ങൾ മെച്ചപ്പെടുത്തുന്ന അഭിലഷണീയ ജില്ല സംരംഭം വിവിധ ക്ഷേമപദ്ധതികളെ ഒരുമിപ്പിച്ചു.
പരിവർത്തനത്തിൻ്റെ സുപ്രധാന സ്തംഭമായി വിദ്യാഭ്യാസം മാറി. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകള്‍ക്ക് പിന്തുണ വര്‍ധിപ്പിച്ചതിലൂടെ നക്സല്‍ ബാധിത പ്രദേശങ്ങളിലെ ജനങ്ങളടക്കം പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള റസിഡൻഷ്യൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കി. പ്രത്യേക ദുർബല ഗോത്രവർഗ വിഭാഗങ്ങള്‍ക്ക് ഭവനവും സുരക്ഷിത കുടിവെള്ളവും വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും അവശ്യ ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ പി.എം-ജൻമൻ പദ്ധതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സേവനങ്ങൾ ലഭിക്കാത്ത സമൂഹങ്ങളെ വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.
'ധർത്തി ആബ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' ആരംഭിച്ചതോടെ ഗോത്രവർഗ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ ന്യൂനതകള്‍ നികത്താന്‍ ശ്രമങ്ങൾ കൂടുതൽ ശക്തമായി. ഒന്നിലധികം മന്ത്രാലയങ്ങളുടെ ഏകോപിത ഇടപെടലുകളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക അവസരങ്ങൾ വ്യാപിപ്പിക്കാനും ഗോത്രവർഗ സമൂഹങ്ങൾ ഇന്ത്യയുടെ വികസന യാത്രയിൽ പൂർണമായി പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
മാതൃകാ പഠനം: നക്സലിസത്തിൽ നിന്ന് വികസനത്തിലേക്കുള്ള ഛത്തീസ്ഗഡിൻ്റെ യാത്ര
പതിറ്റാണ്ടുകളായി രാജ്യത്ത് ഏറ്റവും കൂടുതൽ നക്സൽ ബാധിത പ്രദേശങ്ങളിലൊന്നായി ഛത്തീസ്ഗഡിലെ ബസ്തർ തുടർന്നു. പരിമിതമായ ഗതാഗത സൗകര്യങ്ങളും ബലഹീനമായ ഭരണ സാന്നിധ്യവും ദുർഘടമായ ഭൂപ്രകൃതിയും തീവ്രവാദ ഗ്രൂപ്പുകൾക്ക് ശക്തമായ അടിത്തറയുണ്ടാക്കാന്‍ വഴിവെച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ സുരക്ഷയും വികസനവും ഗോത്രവർഗ പങ്കാളിത്തവും സംയോജിപ്പിച്ച ഏകോപിത തന്ത്രം ഈ മേഖലയുടെ പാതയെ മാറ്റിമറിച്ചു.
2017-ൽ 'ബസ്തരിയ ബറ്റാലിയൻ' രൂപീകരിച്ചതോടെയാണ് സുപ്രധാന വഴിത്തിരിവുണ്ടാകുന്നത്. ബിജാപൂർ, സുക്മ, ദന്തേവാഡ എന്നിവിടങ്ങളിലെ 400-ഓളം പ്രാദേശിക യുവാക്കൾ ഉൾപ്പെടെ 1,143 ഉദ്യോഗസ്ഥരെ ഈ ബറ്റാലിയൻ്റെ ഭാഗമാക്കി. രഹസ്യാന്വേഷണ ശൃംഖലകളെ ശക്തമാക്കുകയും സുരക്ഷാ സേനയും ഗോത്രവര്‍ഗ സമൂഹങ്ങളും തമ്മിലെ വിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്ത പ്രാദേശിക പങ്കാളിത്തം ഭരണകൂട സ്ഥാപനങ്ങളിലെ ആത്മവിശ്വാസം വീണ്ടെടുക്കാൻ വഴിയൊരുക്കി. സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ വികസനത്തിന് വേഗം കൈവന്നു. ബസ്തർ മേഖലയിലുടനീളം ബസ്തർ, ബിജാപൂർ, ദന്തേവാഡ, സുക്മ, നാരായൺപൂർ, കാങ്കർ, കൊണ്ടഗാവ് ജില്ലകളെ ഉൾപ്പെടുത്തി 3,240 കിലോമീറ്ററിലധികം റോഡുകൾ നിർമിച്ചു. ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് 889 മൊബൈൽ ടവറുകളും സ്ഥാപിച്ചു. ഒരിക്കൽ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങൾ വിപണികളുമായും സ്കൂളുകളുമായും ആരോഗ്യ പരിപാലന സൗകര്യങ്ങളുമായും ബാങ്കിങ് സേവനങ്ങളുമായും ഗവണ്മെൻ്റ് പദ്ധതികളുമായും ബന്ധിപ്പിക്കപ്പെട്ടു.
പുനരധിവാസത്തിലും സാമൂഹ്യ സംയോജനത്തിലും ഗവണ്മെൻ്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. കീഴടങ്ങിയ ഏതാണ്ട് 3,000 കേഡർമാർക്ക് പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതിൻ്റെ ഭാഗമായി നൈപുണ്യ വികസനം, വിദ്യാഭ്യാസം, ഉപജീവന അവസരങ്ങൾ എന്നിവയ്ക്ക് തുടക്കത്തിൽ 20 കോടി രൂപ അനുവദിച്ചു. അക്രമ പരമ്പരകള്‍ക്ക് പകരം സാമ്പത്തിക ശാക്തീകരണത്തിൻ്റെ വഴികളൊരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ ഇടപെടൽ.
സുരക്ഷാ നേട്ടങ്ങളെ സുസ്ഥിര വികസനമാക്കി മാറ്റുന്നതിന് 'ഷഹീദ് വീർ ഗുണ്ടധൂർ സേവാ ദേര' പദ്ധതി 2026 മെയ് മാസം ആരംഭിച്ചു. ഗവണ്മെൻ്റ് പദ്ധതികൾ, ആരോഗ്യ പരിപാലനം, ബാങ്കിങ്, കാർഷിക പിന്തുണ, നൈപുണ്യ വികസനം, മറ്റ് പൗരസേവനങ്ങൾ എന്നിവ നൽകുന്ന സേവന കേന്ദ്രങ്ങളായി മാറുകയാണ് 70-ഓളം സി.എ.പി.എഫ് ക്യാമ്പുകൾ. വീർ ഗുണ്ടധൂറിൻ്റെ ജന്മസ്ഥലമായ നേതാനാറിൽ ഒരു പൊതുസേവന കേന്ദ്രം സ്ഥാപിച്ചത് ഒരിക്കൽ തീവ്രവാദം ബാധിച്ച പ്രദേശങ്ങളിലേക്ക് ഭരണം തിരികെയെത്തിയതിൻ്റെ പ്രതീകമാണ്.
അടിസ്ഥാന സൗകര്യങ്ങൾക്കും ക്ഷേമത്തിനുമൊപ്പം 'ബസ്തർ പണ്ഡം', 'ബസ്തർ ഒളിംപിക്സ്' തുടങ്ങിയ സാംസ്കാരിക ഇടപെടലുകൾ സാമൂഹ്യ പങ്കാളിത്തവും ഗോത്രവർഗ സ്വത്വവും ശക്തിപ്പെടുത്തി. ലക്ഷക്കണക്കിന് ഗോത്രവർഗ യുവാക്കളെയും കലാകാരന്മാരെയും ഒന്നിപ്പിച്ച ഈ വേദികൾ സാമൂഹ്യ സമന്വയം പ്രോത്സാഹിപ്പിക്കുകയും സമ്പർക്കത്തിനും നേതൃത്വത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
സുരക്ഷാ നടപടികൾക്കൊപ്പം വികസനവും ക്ഷേമ വിതരണവും സാമൂഹ്യ ശാക്തീകരണവും ഉണ്ടാകുമ്പോഴാണ് ശാശ്വത സമാധാനം കൈവരുന്നതെന്ന് ബസ്തറിൻ്റെ പരിവർത്തനം തെളിയിക്കുന്നു. സുസ്ഥിരമായ ഗവണ്മെൻ്റ് സാന്നിധ്യത്തിലൂടെയും പ്രാദേശിക പങ്കാളിത്തത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയിലൂടെയും എങ്ങനെ ഒരു സംഘർഷ ബാധിത പ്രദേശത്തെ വികസനത്തിൻ്റെയും സമൃദ്ധിയുടെയും പാതയാക്കി മാറ്റാമെന്ന് ഛത്തീസ്ഗഡിൻ്റെ അനുഭവം തെളിയിക്കുന്നു.
പരിവർത്തന ദശകത്തിന്റെ ഫലങ്ങൾ
2014-ൽ ഇന്ത്യയിലാകെ 126 ജില്ലകളെ ഇടതുപക്ഷ തീവ്രവാദം ബാധിച്ചിരുന്നു. 2026-ഓടെ ഇത് കേവലം 2 ജില്ലകളായി ചുരുങ്ങി. കൂടാതെ ഇടതുപക്ഷ തീവ്രവാദം രൂക്ഷമായി ബാധിക്കപ്പെട്ട ജില്ലകളുടെ എണ്ണം 35-ൽ നിന്ന് പൂജ്യമായി കുറഞ്ഞത് സുരക്ഷാ രംഗത്ത് നിർണായകമായ മാറ്റം വരുത്തി.
അക്രമത്തിൻ്റെ പ്രധാന സൂചകങ്ങളിലെല്ലാം ഇതിൻ്റെ സ്വാധീനം പ്രകടമായി. 1,936 നക്സൽ വിരുദ്ധ സംഭവങ്ങളും 1,005 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട 2010 നക്സലിസത്തിൻ്റെ ചരിത്രത്തിലെ മാരകമായ ഘട്ടങ്ങളിലൊന്നിനെ അടയാളപ്പെടുത്തി. ശേഷം സുസ്ഥിര സുരക്ഷാ പ്രവർത്തനങ്ങളും വികസന ഇടപെടലുകളും മെച്ചപ്പെട്ട ഭരണവും ഇടതുപക്ഷ തീവ്രവാദ ശൃംഖലകളെ ഏറെ ദുർബലപ്പെടുത്തി. 2014-ൽ 870 ആയിരുന്ന നക്സല്‍ അക്രമ സംഭവങ്ങൾ 2025-ൽ 234 ആയി കുറഞ്ഞു. 2014-ൽ 310 പേര്‍ മരണപ്പെട്ട സ്ഥാനത്ത് 2025-ൽ ഇത് കുത്തനെ കുറഞ്ഞ് നൂറിലെത്തി. അക്രമങ്ങളിലെ സുസ്ഥിരമായ കുറവ് നക്സൽ ഗ്രൂപ്പുകളുടെ പ്രവർത്തന ശേഷി ദുർബലപ്പെടുന്നതിനെയും നക്സല്‍ ബാധിത പ്രദേശങ്ങളിൽ സുരക്ഷയും കണക്റ്റിവിറ്റിയും പൊതുജനവിശ്വാസവും ക്രമേണ വീണ്ടെടുക്കുന്നതിനെയും സൂചിപ്പിക്കുന്നു.
സുരക്ഷാ അന്തരീക്ഷത്തിലെ ഗണ്യമായ പുരോഗതിയെ ഈ പ്രവണത പ്രതിഫലിപ്പിക്കുന്നു. ഒരുകാലത്ത് അടിക്കടി അക്രമങ്ങൾ നടന്നിരുന്ന പ്രദേശങ്ങൾ സമാധാനത്തിലും പൊതുജന സുരക്ഷയിലും പ്രകടമായ പുരോഗതിക്കാണ് സാക്ഷ്യം വഹിച്ചത്.
ഇന്ത്യയുടെ സുരക്ഷാ-വികസന ചരിത്രത്തിലെ നിർണായക അധ്യായം
2026 മാർച്ച് 31-ന് 'നക്സൽ വിമുക്ത ഇന്ത്യ' കൈവരിച്ചത് സ്വതന്ത്ര ഇന്ത്യ ചരിത്രത്തിലെ സുപ്രധാന ആഭ്യന്തര സുരക്ഷാ വിജയങ്ങളിലൊന്നാണ്. നിർണായക നേതൃത്വവും സുസ്ഥിര നയനിർവഹണവും സുരക്ഷ, വികസനം, പുനരധിവാസം എന്നിവ സംയോജിപ്പിച്ച ബഹുതല തന്ത്രവും ചെലുത്തിയ സ്വാധീനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇടതുപക്ഷ തീവ്രവാദത്തോടുള്ള ഇന്ത്യയുടെ സമീപനം പ്രതിരോധപരമായ നിയന്ത്രണത്തിൽ നിന്ന് സജീവമായ നിർമാർജ്ജനത്തിലേക്ക് മാറി. തുടര്‍ന്നുള്ള യാത്രയും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നക്സൽ മുക്ത ഇന്ത്യ കൈവരിക്കുകയെന്നത് കേവലം കലാപത്തിൻ്റെ അന്ത്യം മാത്രമല്ല. മറിച്ച്, രാജ്യത്തെ അതിദുർബല സമൂഹങ്ങളുടെ സമാധാനത്തിൻ്റെയും ഉൾച്ചേര്‍ക്കലിൻ്റെയും പുരോഗതിയുടെയും പുതിയ അധ്യായത്തിൻ്റെ തുടക്കമാണ്.
അവലംബം:
Click here for pdf file
(Explainer ID: 158964)
आगंतुक पटल : 2
Provide suggestions / comments