Social Welfare
വികസനവും അതോടൊപ്പം പൈതൃകവും
Posted On:
18 JUN 2026 11:09AM
'വികാസ് ഭീ, വിരാസത് ഭീ' (വികസനവും അതോടൊപ്പം പൈതൃകവും) എന്ന ദര്‍ശനത്തിന് കീഴില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക മേഖല ശക്തമായ വികാസത്തിന് സാക്ഷ്യം വഹിച്ചു.
സ്മാരകങ്ങളും പുരാവസ്തുക്കളും സംബന്ധിച്ച ദേശീയ ദൗത്യം (നാഷണല്‍ മിഷന്‍ ഓണ്‍ മോനുമെന്റ്സ് ആന്‍ഡ് ആന്റിക്വിറ്റീസ്/എന്‍.എം.എം.എ), ജ്ഞാന ഭാരതം (ഗ്യാന്‍ ഭാരതം), വേദ പൈതൃക പോര്‍ട്ടല്‍ (വേദിക് ഹെറിറ്റേജ് പോര്‍ട്ടല്‍) തുടങ്ങിയ സംരംഭങ്ങള്‍ വഴിയുള്ള സ്ഥാപനപരമായ ശാക്തീകരണവും വലിയ തോതിലുള്ള ഡിജിറ്റല്‍ രൂപാന്തരണവും ( ഡിജിറ്റൈസേഷന്‍ ) രേഖപ്പെടുത്തലുകളും (ഡോക്യുമെന്റേഷന്‍) സാംസ്‌കാരിക വിഭവങ്ങളിലേക്കുള്ള അഭിഗമ്യതയും മെച്ചപ്പെടുത്തി.
പ്രസാദ് (തീര്‍ത്ഥാടന പുനരുജ്ജീവന, ആത്മീയ പൈതൃക വര്‍ദ്ധക യജ്ഞം), ഹൃദയ് (പൈതൃക നഗര വികസന-വര്‍ധന പദ്ധതി) തുടങ്ങിയ പൈതൃകവുമായി ബന്ധപ്പെട്ട വിനോദസഞ്ചാര പദ്ധതികള്‍ പ്രധാന ആത്മീയ, ചരിത്ര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സന്ദര്‍ശകാനുഭവത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ ലോക പൈതൃക സ്ഥലങ്ങളുടെ എണ്ണം 31 ല്‍ നിന്ന് 44 ആയി ഉയര്‍ന്നു. കൂടാതെ, യോഗ, കുംഭമേള, ദുര്‍ഗ്ഗാ പൂജ, ഗര്‍ബ തുടങ്ങിയ അമൂര്‍ത്ത പൈതൃകങ്ങള്‍ക്ക് ഇന്ത്യ വ്യാപകമായ അംഗീകാരം നേടിവരികയാണ്. പുരാവസ്തുക്കള്‍ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിലും, മ്യൂസിയങ്ങളുടെ വികസനത്തിലും സമാന്തരമായി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയുടെ നാഗരിക അഭിമാനത്തെയും ആഗോള സാംസ്‌കാരിക നേതൃത്വത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നു
ഇന്ത്യയുടെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം സഹസ്രാബ്ധങ്ങളുടെ ചരിത്രവും സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും ഉള്‍ക്കൊള്ളുന്നു. അതിനെ സംരക്ഷിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ തനതായ നാഗരിക സ്വത്വം സംരക്ഷിക്കുന്നതിന് പരമപ്രധാനമാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി, ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണം, വികസനം, പ്രോത്സാഹനം എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ഈ പൈതൃകത്തെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി വിപുലമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കുക, സന്ദര്‍ശക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുക, പൈതൃക നഗരങ്ങളും നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപദ്ധതികള്‍ (തീര്‍ത്ഥാടന സര്‍ക്യൂട്ടുകള്‍) വികസിപ്പിക്കുക എന്നിവയിലാണ് പ്രധാന ഉദ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ പൊതുജനങ്ങളുടെ അഭിഗമ്യതയും വിനോദസഞ്ചാര സാധ്യതകളും വര്‍ധിപ്പിച്ചതിനൊപ്പം, ഇന്ത്യയുടെ ചരിത്രപരമായ പ്രകൃതം സംരക്ഷിക്കാനും സഹായകമായി.
അതേസമയം, കണക്റ്റിവിറ്റി, നഗര നവീകരണം, ഡിജിറ്റല്‍ വ്യാപനം, പൈതൃക കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായി. പൈതൃക നേതൃത്വത്തിലുള്ള വികസന പദ്ധതികള്‍, ഭാവി തലമുറകള്‍ക്കായി സാംസ്‌കാരിക ആസ്തികള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം സുസ്ഥിര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പൈതൃക സംരക്ഷണം
ഇന്ത്യയുടെ സാംസ്‌കാരിക ഭൂപ്രകൃതിയില്‍ സ്മാരകങ്ങള്‍, പുരാവസ്തുക്കള്‍, കൈയെഴുത്തുപ്രതികള്‍, ചരിത്ര സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അവ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ മാത്രമല്ല, തലമുറകളിലൂടെ പങ്കിടപ്പെട്ട സ്മരണകളെയും തുടര്‍ച്ചയെയും പ്രതിനിധീകരിക്കുന്നു.
2014 മുതല്‍, ഈ സാംസ്‌കാരിക ആസ്തികള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഗോള സാംസ്‌കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനൊപ്പം പൈതൃക വികസനത്തെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കൂടാതെ, വിനോദസഞ്ചാരം, ഉപജീവനമാര്‍ഗ്ഗങ്ങള്‍, സാംസ്‌കാരിക നയതന്ത്രം എന്നിവയുമായി പൈതൃക സംരക്ഷണം കൂടുതലായി സംയോജിപ്പിച്ചിരിക്കുന്നു.
ഒരു പൈതൃകകേന്ദ്രത്തെ ദത്തെടുക്കല്‍:
2017 സെപ്റ്റംബറില്‍ സമാരംഭിക്കുകയും 2023 സെപ്റ്റംബറില്‍ നവീകരിക്കുകയും ചെയ്ത ഒരു പൈതൃകകേന്ദ്രത്തെ ദത്തെടുക്കല്‍ 2.0 പദ്ധതി (അഡോപ്റ്റ് എ ഹെറിറ്റേജ് 2.0 പ്രോഗ്രാം), സ്വകാര്യ കമ്പനികള്‍, പൊതുമേഖലാ യൂണിറ്റുകള്‍, എന്‍.ജി.ഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയുമായി സഹകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു. ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളില്‍ സന്ദര്‍ശക സൗഹൃദ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) വിഹിതം വഴിയും മറ്റ് സംഭാവനകളിലൂടെയും പിന്തുണ പ്രദാനം ചെയ്യപ്പെടുന്നു. സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

2026 മാര്‍ച്ച് വരെ, 'ഒരു പൈതൃക കേന്ദ്രത്തെ ദത്തെടുക്കല്‍ 2.0' പദ്ധതിയ്ക്ക് കീഴില്‍ ആകെ 30 ധാരണാപത്രങ്ങള്‍ (എം.ഒ.യു) ഒപ്പുവച്ചു.
മെച്ചപ്പെട്ട സന്ദര്‍ശക കേന്ദ്ര പരിപാലനത്തിന്റെയും വര്‍ധിതമായ പൊതുജന പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ഈ പരിപാടി ഇതിനകം തന്നെ ദൃശ്യമായ ഫലങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ദത്തെടുക്കപ്പെട്ട സ്മാരകങ്ങളിലെ ശക്തമായ സന്ദര്‍ശക പങ്കാളിത്തത്തില്‍ ഇത് പ്രതിഫലിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍
ആകെ 13.59 ദശലക്ഷം സന്ദര്‍ശകരുടെ വരവാണ് ഇവിടങ്ങളില്‍ മൊത്തത്തില്‍ രേഖപ്പെടുത്തിയത്.
ഈ കണക്കുകള്‍ സന്ദര്‍ശകരുടെ ശക്തമായ താല്‍പ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ പദ്ധതിയ്ക്ക് കീഴിലുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, സേവനങ്ങള്‍, ഓണ്‍-സൈറ്റ് (സ്ഥലത്ത് നേരിട്ട് ലഭ്യമാക്കുന്ന)സൗകര്യങ്ങള്‍ എന്നിവ ദത്തെടുക്കപ്പെട്ട പൈതൃക സ്ഥലങ്ങളില്‍ സന്ദര്‍ശകരുടെ മികച്ച അനുഭവത്തിനും ഉയര്‍ന്ന പങ്കാളിത്തത്തിനും കാരണമാകുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.
തീര്‍ത്ഥാടന പുനരുജ്ജീവന, ആത്മീയ പൈതൃക വര്‍ദ്ധക യജ്ഞം (പ്രസാദ്)
2015 ജനുവരിയിലാണ് പ്രസാദ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള തീര്‍ത്ഥാടന, പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ പദ്ധതി വികസിപ്പിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വസംവിധാനങ്ങള്‍, സുരക്ഷ, സന്ദര്‍ശക സൗകര്യങ്ങള്‍ എന്നിവ ഇത് മെച്ചപ്പെടുത്തുന്നു.
പ്രധാന നേട്ടങ്ങള്‍:
* 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, പ്രസാദ് പദ്ധതി പ്രകാരം 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 54 പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രാലയം അനുമതി നല്‍കി. 1,726.74 കോടി രൂപയാണ് ആകെ കണക്കാക്കിയ പദ്ധതി ചെലവ്.
* ഈ 54 പദ്ധതികളില്‍ 32 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി.
* 47.12 കോടി രൂപ ചെലവില്‍ സോമനാഥ് തീരദേശ നടപ്പാത വികസന പദ്ധതി (സോമനാഥ് പ്രൊമെനെഡ് ഡവലപ്മെന്റ് പ്രൊജക്ട്). സോമനാഥ് ഇപ്പോള്‍ ഒരു പ്രധാന ആത്മീയ വിനോദസഞ്ചാര കേന്ദ്രമായി ശക്തിപ്പെട്ടിരിക്കുന്നു.
* കേദാര്‍നാഥ് സര്‍ക്യൂട്ടിലുടനീളമുള്ള തീര്‍ത്ഥാടന സൗകര്യങ്ങള്‍, പ്രവേശനക്ഷമത, ശുചിത്വം, സന്ദര്‍ശക സേവനങ്ങള്‍, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കേദാര്‍നാഥ് പ്രസാദ് പദ്ധതി ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ തീര്‍ഥാടനകാലയളവില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിച്ചു.
ഐ.ഐ.എം റോഹ്തക് 2021 ലെ 'പ്രസാദ് കേന്ദ്രമേഖലാപദ്ധതി വിലയിരുത്തല്‍' (ഇവാലുവേഷന്‍ ഓഫ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം പ്രസാദ്) റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ നേട്ടങ്ങള്‍ അടിവരയിട്ടു പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പൈതൃക സ്ഥലങ്ങളിലെ സന്ദര്‍ശക സംതൃപ്തി, യാത്രാസൗകര്യത്തിലെ എളുപ്പം, സൗന്ദര്യാത്മക വശങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിച്ചിട്ടുണ്ടെന്ന് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി, മൊത്തത്തിലുള്ള അനുകൂല സന്ദര്‍ശക ഉപയോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സ്വദേശ് ദര്‍ശന്‍ 1.0
2014-15 ല്‍ ആരംഭിച്ച സ്വദേശ് ദര്‍ശന്‍, പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര സര്‍ക്യൂട്ടുകളിലുടനീളം വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെ സംയോജിത വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്‍നിര പദ്ധതിയായിരുന്നു. പൈതൃകം, ആത്മീയത, തീരദേശം, മരുഭൂമി, ബുദ്ധമതം, ആദിവാസി, പരിസ്ഥിതിസൗഹൃദ (ഇക്കോ-ടൂറിസം) കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്.
* 5,290.33 കോടി രൂപയുടെ നിക്ഷേപത്തോടെ, ആകെ 76 വിനോദസഞ്ചാര അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് അനുമതി നല്‍കി.
* 2026 മാര്‍ച്ച് വരെ 75 പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി.
സര്‍ക്യൂട്ട് അധിഷ്ഠിത വികസനത്തിനപ്പുറം നീങ്ങുന്നതിനും ലക്ഷ്യസ്ഥാന കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നതിനുമായി സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ 2.0 (എസ്.ഡി 2.0) ആയി നവീകരിച്ചു. ഉയര്‍ന്ന നിലവാരമുള്ള സന്ദര്‍ശക അനുഭവങ്ങള്‍ നല്‍കുന്ന സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
* എസ്.ഡി 2.0 പദ്ധതി പ്രകാരം, 2,208.31 കോടി രൂപയുടെ മൊത്തനിക്ഷേപമുള്ള 53 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഇവ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
മത്സരാധിഷ്ഠിത ലക്ഷ്യസ്ഥാന വികസനം (സി.ബി.ഡി.ഡി)
2024 മാര്‍ച്ചില്‍ സ്വദേശ് ദര്‍ശന്‍ 2.0 പ്രകാരം അവതരിപ്പിച്ച 'മത്സരാധിഷ്ഠിത ലക്ഷ്യസ്ഥാന വികസനം' അഥവാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം (സി.ബി.ഡി.ഡി) എന്നത് മത്സരവും വെല്ലുവിളികളും അടിസ്ഥാനമാക്കിയുള്ള ഒരു ചട്ടക്കൂടിലൂടെ വിനോദസഞ്ചാര വികസനം പ്രോത്സാഹിപ്പിക്കുന്നു. സമഗ്രമായ ആസൂത്രണം, നൂതനാശയങ്ങള്‍, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ലക്ഷ്യസ്ഥാനങ്ങളെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാന്‍ ഈ സംരംഭം ശ്രമിക്കുന്നു.
* സി.ബി.ഡി.ഡിയുടെ കീഴില്‍, 697.94 കോടി രൂപ നിക്ഷേപത്തില്‍ 38 പദ്ധതികള്‍ക്ക് അനുമതി ലഭ്യമായി.
പുരാവസ്തുശാസ്ത്രവും സ്മാരക സംരക്ഷണവും
പുരാവസ്തു സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനും പുരാവസ്തു ഗവേഷണത്തിനും ഉത്തരവാദിത്തപ്പെട്ട പ്രമുഖ സ്ഥാപനമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). പ്രാദേശിക ഭരണ വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന ഏകദേശം 38 മേഖലകളുടെ(സര്‍ക്കിള്‍) ഒരു ശൃംഖലയിലൂടെയാണ് എ.എസ്.ഐ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

2026 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയില്‍ എ.എസ്.ഐയുടെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്ന 3,686 സ്മാരകങ്ങളുണ്ട്.
2024-25 വര്‍ഷത്തേക്ക്, സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഏകദേശം 374 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
സ്മാരകങ്ങളും പുരാവസ്തുക്കളും സംബന്ധിച്ച ദേശീയ ദൗത്യം (നാഷണല്‍ മിഷന്‍ ഓണ്‍ മോനുമെന്റ്സ് ആന്‍ഡ് ആന്റിക്വിറ്റീസ്/എന്‍.എം.എം.എ)
എ.എസ്.ഐ.യുടെ കീഴിലാണ് സ്മാരകങ്ങളും പുരാവസ്തുക്കളും സംബന്ധിച്ച ദേശീയ ദൗത്യം (നാഷണല്‍ മിഷന്‍ ഓണ്‍ മോനുമെന്റ്സ് ആന്‍ഡ് ആന്റിക്വിറ്റീസ്/എന്‍.എം.എം.എ) നടപ്പിലാക്കുന്നത്. ഇന്ത്യയുടെ നിര്‍മ്മിത പൈതൃകത്തിന്റെയും പുരാവസ്തുക്കളുടെയും വിശ്വസനീയമായ ഒരു ദേശീയ ഡാറ്റാബേസ് നിര്‍മ്മിച്ചുകൊണ്ട് സംരക്ഷണത്തെ പിന്തുണയ്ക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ എല്ലാ സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും അവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്യുകയെന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, മുന്‍ഗണന നിശ്ചയിക്കല്‍, നിരീക്ഷണം എന്നിവയ്ക്ക് ഈ വിവരങ്ങള്‍ നേരിട്ട് സഹായകരമാകുന്നു.'
* 2026 മാര്‍ച്ച് വരെ, എന്‍.എം.എം.എ, നിര്‍മ്മിത പൈതൃകവും സ്ഥലങ്ങളും ഉള്‍പ്പെടെ 1.84 ലക്ഷം സ്മാരകങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 17.20 ലക്ഷം പുരാവസ്തുക്കളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹൃദയ് പദ്ധതി
2015 ജനുവരിയിലാണ് ഹൃദയ് എന്ന പൈതൃക നഗര വികസന-വര്‍ധന പദ്ധതി (ഹെറിറ്റേജ് സിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് ഓഗ്മെന്റേഷന്‍ യോജന) ആരംഭിച്ചത്. പൈതൃക സംരക്ഷണത്തിനൊപ്പം നഗര വികസനവും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു കേന്ദ്ര മേഖലാ പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പൈതൃക നഗരങ്ങളുടെ തനതായ പ്രകൃതം സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഓരോ നഗരത്തിന്റെയും സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് ശുചിത്വ സംവിധാനങ്ങള്‍, സുരക്ഷ, വിനോദസഞ്ചാരം, ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.
* ഇന്ത്യയിലുടനീളമുള്ള 12 നഗരങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കി.
* അജ്മീര്‍, അമരാവതി, ബദാമി എന്നിവിടങ്ങളില്‍ ശുചിത്വം, വിനോദസഞ്ചാരം, സാമൂഹിക വികസനം എന്നിവയില്‍ പുരോഗതി ദൃശ്യമായി.
* അമൃത്സര്‍, ഗയ, വാരണാസി എന്നീ നഗരങ്ങള്‍ പൈതൃക പുനരുജ്ജീവനം, സമഗ്രത, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് മുന്‍ഗണന നല്‍കി.
* വാറങ്കലും പുരിയും വിനോദസഞ്ചാരത്തിലും പൊതുസൗകര്യങ്ങളിലുമുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
* കാഞ്ചീപുരവും മഥുരയും സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും പുരോഗതി കൈവരിച്ചു.
* വേളാങ്കണ്ണി അതിന്റെ പരിസ്ഥിതി സുസ്ഥിരതയിലും പൈതൃക സംരക്ഷണത്തിലും വേറിട്ടു നിന്നു.
മൊത്തത്തില്‍, ഈ പദ്ധതി പ്രദേശവാസികളുടെ ജീവിത നിലവാരത്തില്‍ ശുഭകരമായ സ്വാധീനം ചെലുത്തുകയും വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു.
പദ്ധതിയുടെ ദൗത്യ കാലയളവ് 2019 മാര്‍ച്ച് 31 ന് അവസാനിച്ചു.
പ്രധാന പൈതൃക കേന്ദ്രങ്ങള്‍ പുനര്‍വികസിപ്പിച്ചു
* 2021 ഡിസംബര്‍ 13 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കാശി വിശ്വനാഥ് ഇടനാഴി, 5.5 ഏക്കര്‍ വിസ്തൃതിയില്‍ വികസിപ്പിച്ചെടുത്ത 355 കോടി രൂപയുടെ പരിവര്‍ത്തനാത്മക പദ്ധതിയാണ്. ഇത് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി വിശാലമായ നാലുവരി പാതയിലൂടെ നേരിട്ട് ബന്ധിപ്പിക്കുന്നു. ഈ പദ്ധതി തീര്‍ഥാടകര്‍ക്കുള്ള പ്രവേശനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും ക്ഷേത്രപരിസരത്തെ സഞ്ചാരം സുഗമമാക്കുകയും ചെയ്തു, ഇത് മൊത്തത്തിലുള്ള സന്ദര്‍ശകാനുഭവം മെച്ചപ്പെടുത്തി.
* 2021 ഡിസംബറില്‍ ഉദ്ഘാടനം ചെയ്തതിനുശേഷം, ശ്രീ കാശി വിശ്വനാഥ് ധാം ഇടനാഴി വെറും 3.5 വര്‍ഷത്തിനുള്ളില്‍ 25.28 കോടിയിലധികം ഭക്തരുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഒരാള്‍ക്ക് ശരാശരി 4,000 മുതല്‍ 5,000 രൂപ സന്ദര്‍ശക ചെലവെന്ന തരത്തില്‍, ഇത് ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പ്രഭാവം സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഏകദേശം 70 ശതമാനം സന്ദര്‍ശകരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. അതേസമയം ഏകദേശം 15 ശതമാനം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.
* സോമനാഥില്‍, ക്ഷേത്രപരിസരങ്ങളുടെ പുനര്‍വികസനം സന്ദര്‍ശകാനുഭവം മെച്ചപ്പെടുത്തി. 1.5 കിലോമീറ്റര്‍ നീളത്തില്‍ ഒരു നടപ്പാത (പ്രൊമെനേഡ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ കേന്ദ്രം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ സാംസ്‌കാരിക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. 1951-ല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് വീണ്ടും തുറന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പരിവര്‍ത്തനം. സോമനാഥ് അമൃത് മഹോത്സവത്തിലൂടെ ദേശീയതലത്തില്‍ ആഘോഷിക്കപ്പെട്ട ഒരു പരിപാടിയായിരുന്നു ഇത്. ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യയുടെ നാഗരിക അതിജീവനശേഷിയുടെയും സാംസ്‌കാരിക തുടര്‍ച്ചയുടെയും പ്രതീകമെന്ന നിലയില്‍ സോമനാഥിന്റെ സ്ഥാനം ഈ വാര്‍ഷികാഘോഷം ഊട്ടിയുറപ്പിച്ചു.
* സോമനാഥ ക്ഷേത്രത്തില്‍ പ്രതിവര്‍ഷം 92 മുതല്‍ 97 ലക്ഷം വരെ ഭക്തര്‍ (2020 ല്‍ ഇത് ഏകദേശം 98 ലക്ഷമായിരുന്നു) എത്തുന്നു. ഇതില്‍ കൂവളാര്‍ച്ചന (ബില്‍വ പൂജ)യ്ക്ക് എത്തിയ 13.77 ലക്ഷം പേരും 2025 ലെ മഹാ ശിവരാത്രി ആഘോഷവേളയില്‍ എത്തിയ 3.56 ലക്ഷം പേരും ഉള്‍പ്പെടുന്നു. ഇവിടത്തെ പ്രകാശ-ശബ്ദവിന്യാസ പ്രദര്‍ശനം (ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ) മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ചു. പ്രതിമാസം 30 ലക്ഷം ലിറ്റര്‍ മലിനജലത്തിന്റെ സംസ്‌കരണം, പ്രതിവര്‍ഷം 93,000 കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന മിയാവാക്കി രീതിയില്‍ സൃഷ്ടിച്ചെടുത്ത 7,200 മരങ്ങളുള്ള വനം, പ്രതിമാസം 4,700 പേവര്‍ ബ്ലോക്കുകള്‍ (നിലത്ത് പാകുന്ന കട്ടകള്‍) ഉത്പാദിപ്പിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെ പരിവര്‍ത്തനം ചെയ്യല്‍, 'ശിവലിംഗാഭിഷേകം ചെയ്ത സോമനാഥിലെ ഗംഗാതീര്‍ത്ഥം' വഴി 1.13 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കല്‍ എന്നിവയാണ് സുസ്ഥിരതാ നടപടികളില്‍ ഉള്‍പ്പെടുന്നത്.
* കേദാര്‍നാഥില്‍, തീര്‍ത്ഥാടകരുടെ സുരക്ഷയും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ പുനര്‍വികസന ശ്രമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 12.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോന്‍പ്രയാഗ്-കേദാര്‍നാഥ് റോപ് വേ, ദേശീയ റോപ് വേ വികസന പരിപാടി (പര്‍വ്വതമാല പരിയോജന) പ്രകാരം 4,081.28 കോടി രൂപ ചെലവില്‍ അംഗീകരിച്ചു. മണിക്കൂറില്‍ 1,800 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള ട്രൈ-കേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (മൂന്ന് കേബിളുകളില്‍ പ്രവര്‍ത്തിക്കുന്നതും സ്റ്റേഷനുകളില്‍ വെച്ച് വേര്‍പെടുത്താന്‍ കഴിയുന്നതുമായ കേബിള്‍ കാര്‍ സംവിധാനം) എന്ന നൂതന 3 എസ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
* 8 മുതല്‍ 9 വരെ മണിക്കൂര്‍ വരെ വേണ്ടിവന്നിരുന്ന യാത്രാസമയം ഈ പദ്ധതി വെറും 36 മിനിറ്റായി കുറയ്ക്കും. പ്രതിവര്‍ഷം 20 ലക്ഷം തീര്‍ത്ഥാടകരെത്തി ചേരുന്ന, ഇന്ത്യയിലെ ഈ പന്ത്രണ്ട് ജ്യോതിര്‍ലിംഗാരാധനാ ക്ഷേത്രങ്ങളിലൊന്നിലേക്ക് സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദ്ദവും എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാവുന്നതുമായ ഗതാഗത സൗകര്യവും നല്‍കുന്നു.
2024 ജനുവരിയില്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയ അയോധ്യയിലെ രാമക്ഷേത്ര (രാംമന്ദിര്‍)ത്തിന് വലിയ തോതിലുള്ള നഗരവികസനത്തിന്റെ പിന്തുണയുണ്ട്. മെച്ചപ്പെട്ട ഗതാഗത സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു സുപ്രധാന ആത്മീയ കേന്ദ്രമായി ഈ നഗരം പരിണമിച്ചുകൊണ്ടിരിക്കുകയാണ്.
* 2028 ആകുമ്പോഴേക്കും അയോധ്യയിലെ വിനോദസഞ്ചാരം പ്രതിവര്‍ഷം 18,000 കോടി രൂപ വരുമാനം സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു, നിലവിലെ വിനോദസഞ്ചാര വരുമാനം പ്രതിവര്‍ഷം 8,000 മുതല്‍ 12,500 കോടി രൂപയാണ്. സന്ദര്‍ശകരുടെ എണ്ണം 2023-ലെ 57.5 ദശലക്ഷത്തില്‍ നിന്ന് 2024-ല്‍ 160 ദശലക്ഷത്തിലധികമായി ഉയര്‍ന്നു, 2025 ന്റെ ആദ്യ വര്‍ഷാര്‍ധത്തില്‍ 230 ദശലക്ഷത്തിലധികം ഭക്തര്‍ എത്തി.
* വികസനത്തിനായി സംസ്ഥാനം 5,000 കോടിയിലധികം രൂപയും വകയിരുത്തുന്നുണ്ട്. 2028 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശ് പ്രതീക്ഷിക്കുന്ന 70,000 കോടി രൂപയുടെ വിനോദസഞ്ചാര സമ്പദ് വ്യവസ്ഥയുടെ ഏകദേശം 25 ശതമാനവും അയോധ്യയില്‍ നിന്നായിരിക്കും.
* ഉജ്ജയിനിയിലെ മഹാകാല്‍ ലോക് പദ്ധതി മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിന് ചുറ്റും ഒരു വലിയ സാംസ്‌കാരിക ഇടനാഴി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏകദേശം 850 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇത് പൊതു ഇടങ്ങളും തീര്‍ത്ഥാടന സൗകര്യങ്ങളും നവീകരിച്ചു.
* ആസാമിലെ മാ കാമാഖ്യ ദിവ്യ ലോക് പരിയോജന, കാമാഖ്യ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നു. ഇത് തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വടക്കുകിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ സംരംഭങ്ങള്‍ പ്രധാന പൈതൃക, തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രവേശനക്ഷമതയും സന്ദര്‍ശക അനുഭവവും ഗണ്യമായി മെച്ചപ്പെടുത്തപ്പെട്ടു. രാജ്യത്തുടനീളമുള്ള ആത്മീയ, സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കും അവ സംഭാവനയേകിയിട്ടുണ്ട്.
നയതന്ത്രത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പൈതൃകം സംരക്ഷിക്കല്‍
നൂറ്റാണ്ടുകളായി, കോളനിവാഴ്ച (കൊളോണിയല്‍ ഭരണ) ക്കാലത്തും വൈദേശികാധിനിവേശകാലത്തും മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള നിരവധി വിശുദ്ധ തിരുശേഷിപ്പുകളും പുരാവസ്തുക്കളും വിദേശത്തേക്ക് കൊണ്ടുപോകപ്പെട്ടു. കൂടാതെ, നിയമവിരുദ്ധമായ കടത്ത് കാരണം ഈ പുരാവസ്തുക്കളില്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 വര്‍ഷമായി, ഈ തിരുശേഷിപ്പുകളും പുരാവസ്തുക്കളും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തിരുശേഷിപ്പുകള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കല്‍
പ്രധാന തിരിച്ചെത്തിക്കല്‍ നേട്ടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
* 127 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 ല്‍ ശ്രീബുദ്ധന്റെ പിപ്രാഹ്വ തിരുശേഷിപ്പുകള്‍ തിരിച്ചെത്തിച്ചു.
* 108 വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ല്‍ കാനഡയില്‍ നിന്ന് അന്നപൂര്‍ണ്ണ ദേവിയുടെ വിഗ്രഹം നാട്ടിലേക്ക് കൊണ്ടുവന്നു
* രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ വെങ്കല വിഗ്രഹങ്ങള്‍ 2020 ല്‍ യു.കെയില്‍ നിന്ന് തിരിച്ചെത്തിച്ചു
ആസ്ട്രേലിയ, യു.എസ്.എ, യു.കെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നും വിശുദ്ധവും സാംസ്‌കാരികവുമായ വസ്തുക്കള്‍ തിരിച്ചെത്തിച്ചു.
വിശുദ്ധ തിരുശേഷിപ്പുകളുടെ ആഗോള പ്രദര്‍ശനം
സാംസ്‌കാരികവും നാഗരികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദര്‍ശനം വിപുലീകരിച്ചു.
* വിയറ്റ്നാം (2025): 15 ദശലക്ഷത്തിലധികം ഭക്തര്‍
* കല്‍മീകിയ, റഷ്യ (2025): 90,000 ത്തിലധികം സന്ദര്‍ശകര്‍
* ഭൂട്ടാന്‍ (2025): ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവ വേളയില്‍ പ്രദര്‍ശനം
* ശ്രീലങ്ക (2026): കൊളംബോയിലെ ഗംഗാരാമയ ക്ഷേത്രത്തില്‍ പ്രദര്‍ശനം
വിദേശത്ത് നിന്ന് തിരിച്ചെത്തിച്ച പിപ്രഹ്വ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്, 2026-ല്‍ ന്യൂഡല്‍ഹിയിലും ലഡാക്കിലും ആഭ്യന്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കല്‍:
ഇന്ത്യയുടെ മോഷ്ടിക്കപ്പെട്ട പൈതൃക ശേഷിപ്പുകള്‍ വീണ്ടെടുക്കുന്നതിനായി, സാംസ്‌കാരിക പുരാവസ്തുക്കളെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരുന്ന പ്രക്രിയ സമീപ വര്‍ഷങ്ങളില്‍ വളരെ ശക്തമാക്കിയിട്ടുണ്ട്. 2014 മുതല്‍ 2026 മെയ് വരെ, ആകെ 653 പുരാവസ്തുക്കളാണ് ഇങ്ങനെ വീണ്ടെടുത്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ, 613 സാംസ്‌കാരിക പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നുവെന്നത്, അവയുടെ വീണ്ടെടുക്കല്‍ ശ്രമങ്ങളിലുള്ള വലിയ വേഗതവര്‍ധനവിന്റെ പ്രതിഫലനമാണ്.
കൂടാതെ, സ്ഥിരീകരിച്ച ഉറവിടങ്ങളുള്ള 11 പുരാവസ്തുക്കള്‍ ബന്ധപ്പെട്ട സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറി. പ്രദര്‍ശനത്തിനായി ഒമ്പതു വസ്തുക്കള്‍ വായ്പ വ്യവസ്ഥയില്‍ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സിന് (ഐ.ജി.എന്‍..സി.എ) നല്‍കി.
ദേശീയ മ്യൂസിയത്തിന് ഒരു വസ്തു അനുവദിച്ചപ്പോള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന് 14 പുരാവസ്തുക്കള്‍ അനുവദിക്കപ്പെട്ടു.
മ്യൂസിയങ്ങളും സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങളും
മ്യൂസിയങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി
മ്യൂസിയങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി (മ്യൂസിയം ഗ്രാന്റ് സ്‌കീം) പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രാദേശിക, സംസ്ഥാന, ജില്ലാ തലങ്ങളില്‍ നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനും ആധുനികവത്കരിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നു. കലാ സൃഷ്ടികള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനെയും മ്യൂസിയം പ്രൊഫഷണലുകളുടെ പരിശീലനത്തെയും ഇത് പിന്തുണയ്ക്കുന്നു. പുരാവസ്തുക്കള്‍ കാഴ്ചയ്ക്ക് മാത്രമായി നിശ്ചലമായി പ്രദര്‍ശിപ്പിച്ച് അതിന് താഴെ എഴുതിയ വിവരങ്ങള്‍ വായിച്ചും മാത്രം മനസ്സിലാക്കിയിരുന്ന പരമ്പരാഗത മാതൃകകള്‍ (സ്റ്റാറ്റിക് ഡിസ്പ്ലേ ഒണ്‍ലി മോഡല്‍സ്)ക്ക് പകരമായി, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നേരിട്ടുള്ള അനുഭവം സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാക്കുന്ന രീതി (ഇമ്മേഴ്‌സീവ് മ്യൂസിയം ഫോര്‍മാറ്റ്)കളെ 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതലായി പ്രോത്സാഹിപ്പിച്ചു. ഇതില്‍ വെര്‍ച്വല്‍(സാങ്കേതിക വിദ്യകളുപയോഗിച്ച് ഓണ്‍ലൈനായി കാണാവുന്ന)മ്യൂസിയങ്ങള്‍, തീം ബേസ്ഡ് (ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള) മ്യൂസിയങ്ങള്‍, വെര്‍ച്വല്‍ എക്സ്പീരിയന്‍ഷ്യല്‍ (അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സന്ദര്‍ശകരെ ചരിത്രത്തിന്റെ ഭാഗമാക്കി അനുഭവവേദ്യമാക്കുന്ന) മ്യൂസിയങ്ങളും (വി.ഇ.എം) ഉള്‍പ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ എക്സ്പീരിയന്‍ഷ്യല്‍ മ്യൂസിയം
2025 ജനുവരിയില്‍ സ്ഥാപിതമായ ഗുജറാത്തിലെ വട്‌നഗറില്‍ സ്ഥാപിതമായ ആര്‍ക്കിയോളജിക്കല്‍ എക്സ്പീരിയന്‍ഷ്യല്‍ (ആധുനിക സാങ്കേതികവിദ്യയിലൂടെ പുരാവസ്തുശാസ്ത്രപരമായി നേരിട്ടുള്ള തരത്തില്‍ സന്ദര്‍ശകാനുഭവം നല്‍കുന്ന) മ്യൂസിയം, അത്തരത്തിലുള്ള പുരാവസ്തു അനുഭവം (ഇമ്മേഴ്സീവ് ആര്‍ക്കിയോളജിക്കല്‍ എക്സിപീരിയന്‍സ്) പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏക മ്യൂസിയമാണ്. 12,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയം ആകെ 298 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചെടുത്തത്.
5,000-ത്തിലധികം പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, കൂടാതെ ഭക്ഷ്യധാന്യങ്ങള്‍, ഡി.എന്‍.എ സാമ്പിളുകള്‍, അസ്ഥികൂട അവശേഷിപ്പുകള്‍ തുടങ്ങിയ ജൈവ അവശേഷിപ്പുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
4,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള തുറന്ന ഉത്ഖനന സ്ഥലമാണ് ഒരു പ്രധാന ആകര്‍ഷണം, അവിടെ 16 മുതല്‍ 18 മീറ്റര്‍ വരെ ആഴത്തില്‍ പുരാവസ്തു അവശേഷിപ്പുകള്‍ ദൃശ്യമാണ്. ഉത്ഖനന പ്രക്രിയയും കണ്ടെത്തലുകളും നേരിട്ട് നിരീക്ഷിക്കാനും മനസ്സിലാക്കാനും സന്ദര്‍ശകരെ ഈയൊരു അനുഭവാധിഷ്ഠിത നടപ്പാത അനുവദിക്കുന്നു.
യുഗേ യുഗീന്‍ ഭാരത് ദേശീയ മ്യൂസിയം
യുഗായുഗാന്തര ഭാരത ദേശീയ മ്യൂസിയം (കാലാതീതവും അനശ്വരവുമായ ഭാരതം) എന്ന യുഗേ യുഗീന്‍ ഭാരത് ദേശീയ മ്യൂസിയം ന്യൂഡല്‍ഹിയിലെ ഒരു സുപ്രധാന സ്ഥാപനമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി (ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ഭരണസിരാകേന്ദ്രം നവീകരിക്കുന്നതിനുള്ള പദ്ധതി)യ്ക്ക് കീഴില്‍ ചരിത്രപ്രസിദ്ധമായ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലാണ് ഇത് സ്ഥാപിക്കുക.
1,54,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഇത്, സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ നാഗരിക, സാംസ്‌കാരിക പ്രയാണത്തെ അവതരിപ്പിക്കും.
യുനെസ്‌കോയും ആഗോള പൈതൃക അംഗീകാരവും
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ അതിന്റെ ആഗോള പൈതൃക അംഗീകാരം ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ യുനെസ്‌കോ അംഗീകരിച്ച 44 ലോക പൈതൃക കേന്ദ്രങ്ങളുണ്ട്.
* 2014 നും 2026 ന്റെ തുടക്കത്തിനും ഇടയില്‍ ഇന്ത്യ 12 പുതിയ ലോക പൈതൃക സ്ഥലങ്ങളാണ് പട്ടികയിലേക്ക് കൂട്ടിച്ചേര്‍ത്തത്. .
* ഇന്ത്യയിലെ 15 അമൂര്‍ത്ത സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
* യുനെസ്‌കോയുടെ 46-ാമത് ലോക പൈതൃക സമിതി സെഷന്(2024) ന്യൂഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചു.
ഇന്ത്യയുടെ യുനെസ്‌കോ അംഗീകാരം ഇപ്പോള്‍ അമൂര്‍ത്ത സ്മാരകങ്ങളെയും നിലനില്‍ക്കുന്ന സാംസ്‌കാരിക പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
യോഗ, കുംഭമേള, ദീപാവലി, ദുര്‍ഗ്ഗാ പൂജ, ഗര്‍ബ എന്നിവ പ്രധാനപ്പെട്ട അമൂര്‍ത്ത പൈതൃക അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ അംഗീകാരങ്ങള്‍ ഇന്ത്യയുടെ ആഗോള സാംസ്‌കാരിക നയതന്ത്രത്തെയും പൈതൃക നേതൃത്വത്തെയും ശക്തിപ്പെടുത്തി.

ഡിജിറ്റല്‍ രൂപാന്തരണവും വിജ്ഞാന സംരക്ഷണവും
സാംസ്‌കാരിക പൈതൃകത്തിന്റെ ഡിജിറ്റല്‍ രൂപാന്തരണം (ജ്ഞാന ഭാരതം)
2025-ല്‍ ആരംഭിച്ച ജ്ഞാന ഭാരത ദൗത്യം (ഗ്യാന്‍ ഭാരതം മിഷന്‍), ഇന്ത്യയുടെ ബൃഹത്തായ കൈയെഴുത്തുപ്രതി(ഹസ്തലിഖിത) പൈതൃകം സംരക്ഷിക്കുക, ഡിജിറ്റല്‍ രൂപത്തിലാക്കുക, പ്രചരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്‍നിര സംരംഭമാണ്. കൈയെഴുത്തുപ്രതികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പുരാതന വിജ്ഞാന സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റല്‍ ശേഖരണങ്ങളിലൂടെയും സംരക്ഷണ ശൃംഖലകളിലൂടെയും ഗവേഷണത്തിനും പൊതുജന ഇടപെടലിനും അവ പ്രാപ്യമാക്കുന്നു.
കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യയുള്ള ഈ കൈയെഴുത്തുപ്രതികള്‍ സംരക്ഷിക്കുന്നതിനും അവ ആഗോളതലത്തില്‍ അഭിഗമ്യമാണെന്ന് ഉറപ്പാക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകളെ ഈ സംരംഭം കൂടുതലായി സംയോജിപ്പിക്കുന്നു.
* ജ്ഞാന ഭാരതത്തിന്റെ മാനദണ്ഡവത്കരിച്ച പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്.ഒ.പി) അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഡിജിറ്റല്‍ രൂപത്തിലാക്കിയ 8 ലക്ഷത്തിലധികം കൈയെഴുത്തുപ്രതികള്‍ വീണ്ടും പുനഃക്രമീകരിക്കപ്പെടുന്നു.
* ഇതില്‍ 1.29 ലക്ഷം കൈയെഴുത്തുപ്രതികള്‍ ദേശീയ ഡിജിറ്റല്‍ വിവരശേഖരണ (നാഷണല്‍ ഡിജിറ്റല്‍ റിപ്പോസിറ്ററി/ എന്‍.ഡി.ആര്‍) യില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.
കൂടാതെ, കൈയെഴുത്തുപ്രതികളുടെ സമഗ്രമായ ഒരു ദേശീയ ഡാറ്റാബേസ് കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും സൃഷ്ടിക്കുന്നതിനുമായി 2026 മാര്‍ച്ചില്‍ ദേശീയ കൈയെഴുത്തുപ്രതി സര്‍വേയും ആരംഭിച്ചു.
സാങ്കേതികവിദ്യയുടെ പിന്തുണയുള്ള സംരക്ഷണം
ശരിയായ വിധത്തിലുള്ള ഡോക്യുമെന്റേഷന് വേണ്ടി ആവശ്യകതകള്‍ക്കനുസരിച്ച് ആധുനിക സാങ്കേതികവിദ്യകള്‍/ഉപാധികള്‍ ഉപയോഗിക്കുന്നു. ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സ്‌കാനിങ്, ജി.ഐ.എസ് (ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത മാപ്പിങ്, ഡ്രോണ്‍ അധിഷ്ഠിത സര്‍വേകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സമാന്തരമായി, കൃത്യമായ വിവരശേഖരണത്തിനും മുന്‍കൂട്ടിയുള്ള സംരക്ഷണ ആസൂത്രണത്തിനും സഹായിക്കുന്ന ഡിജിറ്റല്‍-സ്ഥലകാല സാങ്കേതികവിദ്യകളുടെ പ്രയോഗവും ഇന്ത്യ വിപുലീകരിച്ചു.
ഈ സാങ്കേതികവിദ്യകള്‍ക്ക് പുറമേ, വിശാലമായ സാംസ്‌കാരിക, പൈതൃക ആവാസവ്യവസ്ഥയ്ക്കുള്ളില്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കല്‍(ഡിജിറ്റൈസേഷന്‍), വിവരശേഖരണം (ഡോക്യുമെന്റേഷന്‍), സാംസ്‌കാരിക ആസ്തികളുടെ പ്രവേശനക്ഷമത തുടങ്ങിയ മേഖലകളില്‍, നിര്‍മിത ബുദ്ധി (എ.ഐ)യെ സംയോജിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. കൈയെഴുത്തുപ്രതികളും സാംസ്‌കാരിക വിജ്ഞാന സംവിധാനങ്ങളും ഉള്‍പ്പെടെ വലിയ അളവിലുള്ള പൈതൃക ഡാറ്റ കൈകാര്യം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനും നിര്‍മിതബുദ്ധി പ്രാപ്യമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നു.
സാങ്കേതികവിദ്യയിലൂടെ സംസ്‌കാരം സംരക്ഷിക്കല്‍
* വിദ്യാഭ്യാസത്തിലേക്കും പൊതു സേവനങ്ങളിലേക്കുമുള്ള അഭിഗമ്യത മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷകള്‍, കൈയെഴുത്തുപ്രതികള്‍, സാംസ്‌കാരിക പൈതൃകം എന്നിവ സംരക്ഷിക്കുന്നതിന് ഇന്ത്യ നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുന്നു.
* 2022-ല്‍ ആരംഭിച്ച ഭാഷിണി 22 ഭാഷകളെയും (ശബ്ദം) 36 ഭാഷകളെയും (എഴുത്ത്) പിന്തുണയ്ക്കുന്നു, 350 ല്‍ അധികം എ.ഐ മാതൃകകളും നാല് ബില്ല്യണിലധികം ഭാഷാ വിനിമയവും ഇതില്‍ ഉള്‍പ്പെടുന്നു. കാശി തമിഴ് സംഗമം, 2025 ലെ മഹാ കുംഭമേള തുടങ്ങിയ പരിപാടികളില്‍ ഇത് തത്സമയ വിവര്‍ത്തനം പ്രാപ്യമാക്കി.
* ഭരണഘടനാപരമായ അംഗീകാരവും പരിരക്ഷയുമുള്ള 22 ഔദ്യോഗിക ഭാഷകള്‍(22 ഷെഡ്യൂള്‍ഡ് ഭാഷകള്‍)ക്കായി ഭാരത്ജെന്‍ എ.ഐ മാതൃകകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം ആദി-വാണി ഡിജിറ്റല്‍ സംരക്ഷണത്തിലൂടെയും വിവര്‍ത്തനത്തിലൂടെയും സന്താലി, ഭിലി, മുന്ദാരി, ഗോണ്ടി തുടങ്ങിയ ഗോത്ര ഭാഷകളെ പിന്തുണയ്ക്കുന്നു.
* ജ്ഞാന ഭാരതം ദൗത്യത്തിന് കീഴില്‍, ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം ഡിജിറ്റല്‍ രൂപത്തിലേക്ക് ആക്കുന്നതിനും, ഡീകോഡ് ചെയ്യുന്നതിനും നിര്‍മിത ബുദ്ധിയെ ഉപയോഗപ്പെടുത്തുന്നു. 44 ലക്ഷത്തിലധികം കൈയെഴുത്തുപ്രതികള്‍ രേഖപ്പെടുത്തുന്നതിനായി 482.85 കോടി രൂപയാണ് (2024-31) കണക്കാക്കുന്നത്.
* പുരാതന കയ്യെഴുത്തുപ്രതികള്‍ക്കായി കൈയെഴുത്ത് വാചക തിരിച്ചറിയല്‍ (എച്ച്.ടി.ആര്‍), ചിത്രങ്ങളിലെ അക്ഷരങ്ങള്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ (ഒപ്റ്റിക്കല്‍ പ്രതീക തിരിച്ചറിയല്‍/ഒ.സി.ആര്‍), വിവിധ ലിപികളിലും ഭാഷകളിലുമുള്ള മെറ്റാഡാറ്റ വേര്‍തിരിച്ചെടുക്കല്‍, ബുദ്ധിപരമായ കാറ്റലോഗ് നിര്‍മ്മാണം, കൂടാതെ ഡിജിറ്റല്‍ രൂപത്തിലാക്കിയ പൈതൃക ഉള്ളടക്കങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താനും ലഭ്യമാക്കാനുമുള്ള സൗകര്യം തുടങ്ങിയ എ.ഐ പ്രാപ്തമാക്കിയ ഉപകരണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നു.
* ഇന്ത്യയിലെ ഗോത്ര ഭാഷകളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒരു എ.ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ആദി-വാണി. ഹിന്ദി, ഇംഗ്ലീഷ്, ഗോത്ര ഭാഷകള്‍ എന്നിവയ്ക്കിടയില്‍ തത്സമയ വിവര്‍ത്തനം, സംഭാഷണത്തെ ലിഖിതരൂപത്തിലാക്കല്‍, യുവതലമുറയ്ക്കുള്ള ഭാഷാ പഠനം, നാടോടിക്കഥകളുടെയും വാമൊഴി പാരമ്പര്യങ്ങളുടെയും ഡിജിറ്റല്‍ രൂപാന്തരണം എന്നിവ ഇത് പ്രാപ്തമാക്കുന്നു.
* അനുവാദിനി, ഇ-കുംഭ്, എസ്.പി.പി.ഇ.എല്‍, സാഞ്ചിക, ഗ്യാന്‍-സേതു തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ബഹുഭാഷാ വിദ്യാഭ്യാസം വികസിപ്പിക്കുകയും, നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഭാഷകളെയും പരമ്പരാഗത അറിവുകളെയും സംരക്ഷിക്കുകയും ചെയ്യുന്നു.
* 5 കോടിയിലധികം പഠിതാക്കള്‍ 'സ്വയം' പോലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധപ്പെട്ടിരിക്കുന്നു.
വേദ പൈതൃക പോര്‍ട്ടല്‍
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സിന് കീഴില്‍ 2023 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ വേദ പൈതൃക പോര്‍ട്ടല്‍ (വേദിക് ഹെറിറ്റേജ് പോര്‍ട്ടല്‍) ആരംഭിച്ചു. പോര്‍ട്ടലില്‍, ഇന്ത്യയുടെ പുരാതന വേദ വിജ്ഞാന പാരമ്പര്യങ്ങള്‍ വ്യവസ്ഥാപിതമായി സംരക്ഷിക്കപ്പെടുകയും രേഖപ്പെടുത്തുകയും പണ്ഡിതര്‍ക്കും, പ്രാക്ടീഷണര്‍മാര്‍ക്കും(പ്രയോഗ വിദഗ്ധര്‍), പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന വേദ പൈതൃകത്തിന്റെ ദേശീയ ഡിജിറ്റല്‍ ശേഖരമായി ഈ പോര്‍ട്ടല്‍ വര്‍ത്തിക്കുന്നു.
വിപുലമായ ദൃശ്യ-ശ്രവ്യ സാമഗ്രികള്‍, കൈയെഴുത്തുപ്രതികള്‍, ആചാരപരമായ രേഖകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ഡിജിറ്റല്‍ പഠന മോഡ്യൂളുകള്‍ക്കും പാരായണ പുരാശേഖരങ്ങള്‍ക്കുമൊപ്പം അഞ്ഞൂറിലധികം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡിംഗുകളും ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'
വേദപാരായണങ്ങളും (ശാഖകള്‍) വാമൊഴി പാരമ്പര്യങ്ങളും രേഖപ്പെടുത്തുന്ന വേദിക് പൈതൃക പോര്‍ട്ടല്‍, ജീവസുറ്റ വിജ്ഞാന സംവിധാനങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു. വേദ ജപത്തിന്റെ പാരമ്പര്യത്തെ യുനെസ്‌കോ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ ഈ സംരംഭം കൂടുതല്‍ ആഗോള പ്രാധാന്യം നേടുന്നു. അതേസമയം ഋഗ്വേദ കൈയെഴുത്തുപ്രതികള്‍ യുനെസ്‌കോയുടെ 'ലോക മെമ്മറി രജിസ്റ്ററി (ലോകസ്മൃതി രേഖാശേഖരം) ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവയുടെ സാര്‍വത്രിക സാംസ്‌കാരിക മൂല്യത്തെ അടിവരയിടുന്നു.
ചലച്ചിത്രവും ദൃശ്യ-ശ്രവ്യ പൈതൃകവും
ദേശീയ ചലച്ചിത്ര പൈതൃക ദൗത്യം
ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തെ സംരക്ഷിക്കാനും ഡിജിറ്റല്‍ രൂപത്തിലാക്കാനും പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ ചലച്ചിത്ര പൈതൃക ദൗത്യം (നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്‍/എന്‍.എഫ്.എച്ച്.എം) 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ ഈ ദൗത്യം പിന്തുണയ്ക്കുന്നു. ക്ലാസിക് ഫീച്ചര്‍ ഫിലിമുകള്‍, ഹ്രസ്വചിത്രങ്ങള്‍ (ഷോര്‍ട്ട് ഫിലിമുകള്‍), ഡോക്യുമെന്ററികള്‍ എന്നിവ സംരക്ഷിക്കുന്നതിലൂടെ വരും തലമുറകള്‍ക്കായി ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തെ ഇത് സംരക്ഷിച്ച് നിലനിര്‍ത്തുന്നു.
2025 ഡിസംബര്‍ വരെ, 4.3 ലക്ഷം മിനിറ്റ് ദൈര്‍ഘ്യമുള്ള 1,469 ചലച്ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. ഫീച്ചര്‍ ചലച്ചിത്രങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ രൂപത്തിലാക്കിയതും, പുനഃസ്ഥാപിച്ചതുമായ ചലച്ചിത്രങ്ങള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ (എന്‍.എഫ്.എ.ഐ)യാണ് പരിപാലിക്കുന്നത്. ഇവ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആവശ്യാനുസരണ അടിസ്ഥാനത്തില്‍ ലഭ്യമാണ്.
ഇന്ത്യന്‍ ചലച്ചിത്ര ദേശീയ മ്യൂസിയം(എന്‍.എം.ഐ.സി)
നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ/എന്‍.എം.ഐ.സി
140.61 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇന്ത്യന്‍ ചലച്ചിത്ര ദേശീയ മ്യൂസിയം (നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ/എന്‍.എം.ഐ.സി) 2019 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണവും പ്രോത്സാഹനവും ശക്തിപ്പെടുത്തി.
മുംബൈയിലെ ഫിലിംസ് ഡിവിഷന്‍ കാമ്പസിലാണ് പുനര്‍നിര്‍മ്മിച്ച പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗുല്‍ഷന്‍ മഹലും (എ.എസ്.ഐ പൈതൃക കെട്ടിടം) ഉള്‍പ്പെടുന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നത്,
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ ഒരു നൂറ്റാണ്ടിലേറെ നീണ്ട പ്രയാണത്തെയാണ് മ്യൂസിയം അവതരിപ്പിക്കുന്നത്. കലാസൃഷ്ടികള്‍, പഴയകാല (വിന്റേജ്) ചലച്ചിത്ര നിര്‍മാണ ഉപകരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സ്മരണികകള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍, മള്‍ട്ടിമീഡിയ പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. നിശബ്ദ ചലച്ചിത്ര കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പരിണാമത്തെ ഈ പ്രദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നു.
ശക്തമായ പൊതുജന പങ്കാളിത്തത്തിനും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2026 മെയ് മാസത്തില്‍ 17,000-ത്തിലധികം സന്ദര്‍ശകരെത്തിയ ഇവിടം, മുംബൈയിലെ ഒരു പ്രധാന സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നുവരികയാണ്.
നേട്ടങ്ങളുടെ സംഗ്രഹം
2014 മുതല്‍, വികസനവും അതോടൊപ്പം പൈതൃകവും ('വികാസ് ഭീ, വിരാസത് ഭീ') എന്ന തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ പൈതൃക സംരക്ഷണത്തിന് കേന്ദ്രീകൃതവും സുസ്ഥിരവുമായ ഒരു സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്നത്. ഈ കാഴ്ചപ്പാട് പൈതൃകത്തെ, ഭൂതകാലത്തിന്റെ നിഷ്‌ക്രിയമായ ഒരു ശേഖരത്തില്‍ നിന്ന് ദേശീയ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും ആഗോള ഇടപെടലിന്റെയും സജീവ സ്തംഭമാക്കി പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചു
ഈ കാലയളവില്‍, മൂര്‍ത്തവും അമൂര്‍ത്തവുമായ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണം, രേഖപ്പെടുത്തല്‍, പുനഃസ്ഥാപനം എന്നിവയ്ക്കുള്ള സ്ഥാപനപരവും സാങ്കേതികവുമായ കാര്യക്ഷമത ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം പൈതൃകത്താല്‍ നയിക്കപ്പെടുന്ന വികസനം, പ്രധാന സാംസ്‌കാരിക, തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശക അനുഭവവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തി, രാജ്യത്തിന്റെ വിശാലമായ വികസന പ്രയാണവുമായി അവയെ കൂടുതല്‍ സമന്വയിപ്പിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ നാഗരിക പാരമ്പര്യങ്ങളില്‍ ഒന്നിന്റെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന അംഗീകാരം, ആഗോള തലത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക സ്വാധീനം വിപുലീകരിക്കപ്പെട്ടതിനെ പ്രതിഫലിപ്പിക്കുന്നു. ഇതോടൊപ്പം, നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രധാനപ്പെട്ട പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തപ്പെടേണ്ടത് മാത്രമല്ല, മറിച്ച് അത് വീണ്ടെടുക്കപ്പെടേണ്ടതു കൂടിയാണെന്ന തത്വം ഇത് അരക്കിട്ടുറപ്പിക്കുന്നു.
ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് പരിഗണിക്കവേ, ഈ ശ്രമങ്ങള്‍ വെറുമൊരു നയപരമായ ദിശാബോധത്തിന് അപ്പുറമുള്ള മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വന്തം വേരുകളിലേക്ക് ക്രമാനുഗതമായി തിരിച്ചെത്തുകയും, സാംസ്‌കാരിക ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും, ഒപ്പം തങ്ങളുടെ പൈതൃകത്തെ വ്യക്തിത്വത്തിന്റെയും തുടര്‍ച്ചയുടെയും ആഗോള ഇടപെടലുകളുടെയും ഉറവിടമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നാഗരികമായ പ്രതിബദ്ധതയെയാണ് അവ പ്രതിനിധീകരിക്കുന്നത്.'
അവലംബം
PM India
https://www.pmindia.gov.in/en/news_updates/cabinet-approves-proposal-for-transitioning-from-north-and-south-blocks-to-seva-teerth-and-kartavya-bhavans-paving-the-way-for-the-yuge-yugeen-bharat/
Ministry of Home Affairs
https://www.pib.gov.in/PressReleaseIframePage.aspx?PRID=2093525®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2093139®=3&lang=2
UNESCO
https://www.unesco.org/en/worldheritage/list?fq%5Bsm_unsc_field_ref_countries_label%5D%5B%5D=India&fq%5Bsm_unsc_hierarchical_field_ref_datasets_filters_label%5D%5BCategory+of+site%5D%5B%5D=Category+of+site+%7C%3E+Cultural&fq%5Bsm_unsc_hierarchical_field_ref_datasets_filters_label%5D%5BCategory+of+site%5D%5B%5D=Category+of+site+%7C%3E+Mixed&fq%5Bsm_unsc_hierarchical_field_ref_datasets_filters_label%5D%5BCategory+of+site%5D%5B%5D=Category+of+site+%7C%3E+Natural&date_from=2014&date_to=2026&query=&op=Search#toggle-facets
https://www.unesco.org/en/memory-world/rigveda
https://whc.unesco.org/en/statesparties/in
https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://whc.unesco.org/en/statesparties/in&ved=2ahUKEwikq_mMvLqUAxWo2TgGHWPcAuQQFnoECCUQAQ&usg=AOvVaw3SIh1wpG8wfSUwZNVgnenm
https://www.google.com/url?sa=i&source=web&rct=j&url=https://whc.unesco.org/en/list/1342/&ved=2ahUKEwikq_mMvLqUAxWo2TgGHWPcAuQQqYcPegoIAggACAAIARAy&opi=89978449&cd&psig=AOvVaw1CAZC3F14cwV11A7-icON3&ust=1778906188774000
https://whc.unesco.org/en/statesparties/in
Ministry of Information and Broadcasting of India
https://nfai.nfdcindia.com/introduction.php?rootId=VFZFOVBRPT0=&catId=VG5jOVBRPT0=&patId=VFZFOVBRPT0=
Ministry of Culture
https://culture.gov.in/events/exposition-holy-relics-lord-buddha-vietnam
https://www.instagram.com/p/DYTwj1GTWad/
https://culture.gov.in/memory-world?utm
https://www.instagram.com/p/DYTwj1GTWad/
https://www.myscheme.gov.in/schemes/hriday
https://gyanbharatam.com/
https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://culture.gov.in/events/launch-gyan-bharatam-national-manuscript-survey-map-indias-manuscript-heritage&ved=2ahUKEwj1_ZjFu7qUAxWD1jgGHehgMSIQFnoECDgQAQ&usg=AOvVaw3hs2W_9pjRJyeonuWbbao9
https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://gyanbharatam.com/faq&ved=2ahUKEwj1_ZjFu7qUAxWD1jgGHehgMSIQFnoECDUQAQ&usg=AOvVaw2qE2WALu7K_biQpphYfz5o
https://culture.gov.in/latest-news/seven-indian-natural-heritage-sites-added-unescos-tentative-list
https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://culture.gov.in/files/tender_document/ContentTender.pdf&ved=2ahUKEwiB-oePvbqUAxVBR2wGHaJ5Hv8QFnoECFwQAQ&usg=AOvVaw1N4nKVC_uE4RLG60YjIoQt
LOK SABHA Questions
https://www.google.com/url?sa=t&source=web&rct=j&url=https%3A%2F%2Fsansad.in%2FgetFile%2Floksabhaquestions%2Fannex%2F184%2FAS453_KIMPcM.pdf%3Fsource%3Dpqals&ved=0CAEQ1fkOahcKEwi4lK2Ij7GUAxUAAAAAHQAAAAAQBQ&opi=89978449
https://sansad.in/getFile/loksabhaquestions/annex/179/AU1488.pdf?source=pqals
https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://sansad.in/getFile/loksabhaquestions/annex/179/AU1488.pdf%3Fsource%3Dpqals&ved=2ahUKEwjUkoP6urqUAxU3aHADHTteCrEQFnoECBsQAQ&usg=AOvVaw0CWc-b1iR5ToFIrb5YCMNd
Indira Gandhi National Centre for the Arts (IGNCA)
https://vedicheritage.gov.in/
Click Here To See PDF
****
(Explainer ID: 158963)
आगंतुक पटल : 5
Provide suggestions / comments