• Sitemap
  • Advance Search
Infrastructure

ജീവിതം അനായാസമാക്കൽ: സമഗ്ര പുരോഗതിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം

Posted On: 15 JUN 2026 4:05PM

2014 നും 2026 നും ഇടയിലുണ്ടായ ഭരണനിർവഹണത്തിൻ്റെ ഒരു നിർണായക പ്രയാണം ഇന്ത്യൻ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ പുനർനിർമ്മിച്ചു. സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ ഇന്ധനം, സുരക്ഷിതമായ കുടിവെള്ളം, മെച്ചപ്പെട്ട ശുചിത്വസംവിധാനങ്ങൾ എന്നിവയിലൂടെ പുതിയ അവസരങ്ങൾ അവർക്ക് അനുഭവവേദ്യമായി. തടസ്സരഹിത വൈദ്യുതി, താങ്ങാനാവുന്ന വിലയിലുള്ള പ്രകാശസംവിധാനം, വിപുലീകൃത ഗതാഗത ശൃംഖലകൾ എന്നിവ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസവും പരസ്പരം ബന്ധപ്പെടാനുള്ള സൗകര്യവും പ്രദാനം ചെയ്തു.

 
റോഡുകൾ, നവീകരിച്ച റെയിൽവേകൾ, മെട്രോ സംവിധാനങ്ങൾ, പ്രാദേശിക വ്യോമപാതകൾ എന്നിവ യാത്രാ ക്ഷീണം കുറയ്ക്കുകയും മേഖലകളിലുടനീളം യാത്രാ അഭിഗമ്യത ശക്തിപ്പെടുത്തുകയും ചെയ്തു. ബാങ്കിങ്-വായ്പാ സേവനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന പൗരൻമാർക്ക് ജൻ ധൻ, മുദ്ര എന്നിവയിലൂടെ അവ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക ഉൾച്ചേർക്കൽ സാധ്യമാക്കി. അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ വഴി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു.

ഡിജിറ്റൽ പരിഷ്‌കാരങ്ങളും മൈ ഗവ് പോലുള്ള പങ്കാളിത്ത വേദികളും ഉത്തരവാദിത്തവും പൗരപങ്കാളിത്തവും വർധിപ്പിച്ചു. ഈ സംരംഭങ്ങൾ ഒത്തൊരുമിച്ച്, രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾക്ക് അതിജീവനശേഷി, അന്തസ്സ്, അവസരം എന്നിവ സൃഷ്ടിച്ചു. ഇന്ത്യയുടെ പന്ത്രണ്ട് വർഷത്തെ പ്രയാണം എല്ലാവരെയും ഉൾച്ചേർക്കുന്ന പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഭരണനിർവഹണം ദൈനംദിന ജീവിതത്തെ പുനർനിർമ്മിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്കുള്ള വളർച്ചാ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പന്ത്രണ്ട് വർഷത്തെ പരിവർത്തനം: ഇന്ത്യയുടെ ജീവിതം അനായാസമാക്കൽ ഇതിവൃത്തം

2014 മുതലുള്ള ഇന്ത്യയുടെ പന്ത്രണ്ട് വർഷത്തെ യാത്ര അന്തസ്സ്, അവസരം, എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതി എന്നിവയിലേക്കുള്ള നിർണായകമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അഭിലാഷപൂർണ്ണമായ പദ്ധതികളിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും സാധ്യമാക്കിയ, ഭരണസംവിധാനത്തിൻ്റെ ലക്ഷ്യബോധമുള്ള പരിവർത്തനം കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലത്തിൻ്റെ സവിശേഷതയാണ്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സുരക്ഷിതമായ വീടുകൾ, പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ശുദ്ധമായ ഇന്ധനം, ജൽ ജീവൻ മിഷന് കീഴിൽ സുരക്ഷിതമായ കുടിവെള്ളം എന്നിവ ദൈനംദിന ജീവിതത്തെ പുനർനിർമ്മിച്ചു. സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ രാജ്യവ്യാപകമായി ശുചിത്വസംവിധാനങ്ങൾ മെച്ചപ്പെട്ടു, അതേസമയം സൗഭാഗ്യയിലൂടെ ദശലക്ഷക്കണക്കിന് വീടുകളിൽ തടസ്സരഹിതമായ വൈദ്യുതി എത്തി. പുതിയ ഹൈവേകൾ, തുരങ്കങ്ങൾ, പാലങ്ങൾ, മെട്രോ ശൃംഖലകൾ, പ്രാദേശിക വ്യോമ പാതകൾ എന്നിവയിലൂടെ ഗതാഗതവും കണക്റ്റിവിറ്റിയും ചരിത്രപരമായ വേഗതയിൽ വികസിച്ചു.

പ്രധാനമന്ത്രി ജൻ ധൻ യോജന, പ്രധാനമന്ത്രി മുദ്ര യോജന എന്നിവ മുഖേനയുള്ള സാമ്പത്തിക ഉൾച്ചേർക്കൽ പൗരന്മാരെ ബാങ്കിംഗ്, വായ്പ, സുരക്ഷ എന്നിവയിലൂടെ ശാക്തീകരിച്ചു. അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷന് കീഴിലുള്ള നഗര പരിവർത്തനം ആയിരക്കണക്കിന് പട്ടണങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ശക്തിപ്പെടുത്തി. ഡിജിറ്റൽ പരിഷ്‌കാരങ്ങളും  MyGov പോലുള്ള പൗര പ്ലാറ്റ്‌ഫോമുകളും ഭരണനിർവഹണത്തിലുള്ള പങ്കാളിത്തം, ഉത്തരവാദിത്തം, വിശ്വാസം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്തു. ഈ സംരംഭങ്ങൾ ഒത്തൊരുമിച്ച്, സുഖസൗകര്യം, സുരക്ഷ, അവസരം എന്നിവയുടെ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിച്ചു.

പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും

സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ (സ്ഥിരമായ) വീടിൻ്റെ പ്രാപ്യതയാണ് അന്തസ്സുറ്റ ജീവിതത്തിൻ്റെ അടിത്തറ. 2014 ന് മുമ്പ്, നഗരങ്ങളിലും ഗ്രാമങ്ങളിലും ഗവണ്മെൻ്റ്  ഭവന വിതരണത്തിൻ്റെ വ്യാപ്തിയും വേഗതയും ആവശ്യമുള്ളതിനേക്കാൾ വളരെ കുറവായിരുന്നു. നഗരപ്രദേശങ്ങൾക്കായി 2015 ൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ആരംഭിച്ചു. 2016 ൽ പി.എം.എ.വൈ ഗ്രാമീണിന് കീഴിൽ ഇത് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. താങ്ങാനാവുന്ന ചെലവിലുള്ള ഭവന നിർമാണത്തെയും അവയുടെ വിതരണത്തെയും അത് അടിസ്ഥാനപരമായി പുനർനിർവചിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന അർബൻ (പി.എം.എ.വൈ-യു)

2015 ൽ ആരംഭിച്ച പി.എം.എ.വൈ-യു അർഹതയുള്ള എല്ലാ നഗര കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീടുകൾ നൽകുന്നു. ഇന്ത്യയിലെ എല്ലാ നഗരപ്രദേശങ്ങളിലുമുള്ള സാമ്പത്തികമായി ദുർബലരായ വിഭാഗം (ഇ.ഡബ്ല്യു.എസ്), താഴ്ന്ന വരുമാന വിഭാഗക്കാർ (എൽ.ഐ.ജി), ഇടത്തരം വരുമാനക്കാർ (എം.ഐ.ജി) എന്നീ വിഭാഗങ്ങൾക്ക് ഈ പദ്ധതി സേവനം നൽകുന്നു.

2024ൽ ആരംഭിച്ച പി.എം.എ.വൈ-യു 2.0, ഗുണഭോക്തൃ നേതൃത്വത്തിലുള്ള നിർമ്മാണ (ബി.എൽ.സി) പദ്ധതി പ്രകാരം യോഗ്യരായ കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. ഈ പദ്ധതിക്ക് ഒരു സ്ത്രീ കുടുംബാംഗം ഉടമയോ സഹ ഉടമയോ ആയിരിക്കണം.

തുടക്കം മുതൽ, പി.എം.എ.വൈ-യു പ്രകാരം 1.25 കോടിയിലധികം വീടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 98 ലക്ഷത്തിലധികം വീടുകൾ പൂർത്തിയായി. 2005-14 കാലയളവിൽ, പഴയ പദ്ധതികൾക്ക് കീഴിൽ 8 ലക്ഷം നഗര വീടുകൾ മാത്രമേ പൂർത്തിയാക്കിയിരുന്നുള്ളൂ.

പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ (പി.എം.എ.വൈ-ജി)

2016 ൽ ആരംഭിച്ച പി.എം.എ.വൈ-ജി, സമതല പ്രദേശങ്ങളിൽ ഒരു വീടിന് 1.20 ലക്ഷം രൂപയും കുന്നിൻ പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും 1.30 ലക്ഷം രൂപയും നൽകുന്നു. 2016 നും 2026 നും ഇടയിൽ, മൊത്തം 3.98 കോടി വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് രജിസ്റ്റർ ചെയ്തു. 

ഇതിൽ 3.91 കോടി വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്, അതിൽ 3.05 കോടി വീടുകളുടെ നിർമ്മാണം പൂർത്തിയായി. അനുവദിച്ച വീടുകളിൽ 75 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സംയുക്ത ഉടമസ്ഥതയിലുള്ളതോ ആണ്. എല്ലാ വീടുകളിലും ഗവണ്മെൻ്റ് പദ്ധതികളിലൂടെ ശൗചാലയങ്ങൾ, കുടിവെള്ളം, വൈദ്യുതി കണക്ഷനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്)

2015 ൽ ആരംഭിച്ച പുനർജ്ജീവനത്തിനും നഗര പരിവർത്തനത്തിനുമുള്ള അടൽ മിഷൻ (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ/അമൃത്), വിശാലമായ നഗര കേന്ദ്രങ്ങളിലെ അടിസ്ഥാന സേവനലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിച്ചു. ജലവിതരണം, അഴുക്കുചാൽ, ഹരിത ഇടങ്ങൾ, ഗതാഗതം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അമൃതിൻ്റെ ഒന്നാം ഘട്ടത്തിൽ 500 നഗരങ്ങളെ പരിധിയിൽ ഉൾപ്പെടുത്തി.

2021 ഒക്ടോബറിൽ, 2.99 ലക്ഷം കോടി രൂപയുടെ പദ്ധതി വിഹിതത്തോടെ രാജ്യത്തെ എല്ലാ 4,800 അംഗീകൃത പട്ടണങ്ങളിലേക്കും അമൃത് 2.0 സേവനപരിധി വ്യാപിപ്പിച്ചു. ഈ പദ്ധതി വിഹിതം യഥാർത്ഥ ദൗത്യത്തേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലായിരുന്നു. 2015 ന് മുമ്പ് ജെൻറം (ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ) പദ്ധതിയ്ക്ക് കീഴിൽ നടപ്പാക്കിയ 62,983 കോടി രൂപ മൂല്യമുള്ള പദ്ധതികളെ അപേക്ഷിച്ച്, അമൃത്, അമൃത് 2.0 എന്നിവയ്ക്ക് കീഴിൽ അനുവദിച്ചത് 2.79 ലക്ഷം കോടി രൂപ മൂല്യമുള്ള പദ്ധതികളാണ്.

അവശ്യവസ്തുക്കളിലേക്കുള്ള സാർവത്രിക അഭിഗമ്യത

2014 ന് മുമ്പ്, പല പൗരന്മാർക്കും അന്തസ്സുറ്റ ജീവിതത്തിന് ആവശ്യമായ അവശ്യ സേവനങ്ങൾ ഉണ്ടായിരുന്നില്ല. ഗ്രാമീണ സ്ത്രീകൾ പ്രത്യേകിച്ച് ശുദ്ധമായ പാചക ഇന്ധനം, സുരക്ഷിതമായ കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവയുടെ അഭാവം മൂലമുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നു. രാജ്യത്തുടനീളം ഈ സേവനവിടവുകൾ വ്യവസ്ഥാപിതമായും വിപുലമായും പരിഹരിക്കുന്നതിനായി ലക്ഷ്യകേന്ദ്രീകൃത ദൗത്യങ്ങൾ ആരംഭിച്ചു. അതിൻ്റെ ഫലങ്ങൾ പരിവർത്തനാത്മകമായിരുന്നു, എല്ലാ മേഖലകളിലെയും കോടിക്കണക്കിന് ഗുണഭോക്താക്കളിലേക്ക് എത്തി. സ്വതന്ത്ര ഇന്ത്യയിലെ ദൈനംദിന ജീവിത നിലവാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരോഗതികളിൽ ഒന്നാണ് ഈ സംരംഭങ്ങൾ.

പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.ഐ)

2016 മെയ് മാസത്തിൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.ഐ) ശുദ്ധമായ പാചകവാതക (എൽ.പി.ജി) കണക്ഷനുകൾ ലഭ്യമാക്കിയതിലൂടെ ഗ്രാമീണ പാചക രീതികളിൽ മാറ്റം വരുത്തി. പദ്ധതി രാജ്യവ്യാപകമായി വിപുലീകരിച്ച് 8 കോടി കണക്ഷനുകൾ എന്ന പ്രാരംഭ ലക്ഷ്യം 2019 സെപ്റ്റംബറോടെ കൈവരിച്ചു. അവശേഷിക്കുന്ന വീടുകളെ ഉൾപ്പെടുത്തുന്നതിനായി, 2021 ആഗസ്റ്റിൽ ഒരു കോടി അധിക കണക്ഷനുകൾ എന്ന ലക്ഷ്യത്തോടെ ഉജ്ജ്വല 2.0 അവതരിപ്പിച്ചു.

2022 ജനുവരിയോടെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഗവണ്മെൻ്റ്  60 ലക്ഷം കണക്ഷനുകൾ കൂടി അനുവദിക്കുകയും 2022 ഡിസംബറോടെ 1.60 കോടിയിലെത്തുകയും ചെയ്തു. 2024 ജൂലൈയിൽ 75 ലക്ഷം കണക്ഷനുകൾ കൂടി പൂർത്തിയായി. തുടർന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം കണക്ഷനുകൾ കൂടി അനുവദിക്കപ്പെട്ടു. ഇത് എൽ.പി.ജി ലഭ്യതയുടെ പൂർണത ഉറപ്പാക്കി. 10.57 കോടിയിലധികം ശുദ്ധമായ പാചക വാതക കണക്ഷനുകൾ നൽകിയതിലൂടെ പാചകവാതക അഭിഗമ്യതയും കുടുംബങ്ങളുടെ അന്തസ്സും വിപുലമായി വർദ്ധിപ്പിക്കുന്നു.

ദേശീയ എൽ.പി.ജി ലഭ്യതാപരിധി 2014 ഏപ്രിലിലെ 55.9 ശതമാനത്തിൽ നിന്ന് 2026 ഏപ്രിലിൽ 107.2 ശതമാനമായി ഉയർന്നത് വിശാലതലത്തിലുള്ള ലഭ്യതയെ പ്രതിഫലിപ്പിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം 2014 ഏപ്രിലിൽ 14.51 കോടിയായിരുന്നത്, 2026 ഏപ്രിലിൽ ഇരട്ടി ഉപഭോഗത്തോടെ 33.39 കോടിയായി വളർന്നു. വിപുലീകരിച്ച വിതരണക്കാരിലൂടെയും, എൽ.പി.ജി സിലിണ്ടറിലേക്ക് നിറയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിലൂടെയും  ഗ്രാമീണ ലഭ്യത 2026 മാർച്ചോടെ മെച്ചപ്പെട്ടു.

ജൽ ജീവൻ മിഷൻ (ജെ.ജെ.എം)

എല്ലാ വീടുകളിലും ജലം എന്ന ലക്ഷ്യത്തോടെയുള്ള ജൽ ജീവൻ ദൗത്യം (ജെ.ജെ.എം) പൈപ്പ് വഴിയുള്ള ജല ലഭ്യതയിൽ ദ്രുതഗതിയിലുള്ള വികാസം കൈവരിച്ചു. 2019 ൽ ജെ.ജെ.എം ആരംഭിച്ച സമയത്ത്, 3.23 (16.72 ശതമാനം) കോടി ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് ജല കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂ. 2026 ജൂൺ വരെ, 15.86 (81.94 ശതമാനം) കോടിയിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പൈപ്പ് ജലം ലഭ്യമായി. വെറും ആറ് വർഷത്തിനുള്ളിൽ, 2.08 ലക്ഷം കോടി രൂപയുടെ നിക്ഷേപ പിന്തുണയോടെ 12 കോടി പുതിയ കണക്ഷനുകൾ ചേർത്തു.

ഗ്രാമീണ ഇന്ത്യയിലുടനീളം ജൽ ജീവൻ മിഷൻ പരിവർത്തനാത്മക ഫലങ്ങൾ നൽകി. 9 കോടിയിലധികം സ്ത്രീകൾ വെള്ളം ശേഖരിക്കുന്നതിൽ നിന്ന് മുക്തരാവുക വഴി സമയലാഭം നേടുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്തു. സാർവത്രിക അഭിഗമ്യത ഉറപ്പാക്കിക്കൊണ്ട് 1.81 ലക്ഷം ഗ്രാമങ്ങൾ 'ഹർ ഘർ ജൽ' ആയി ഗ്രാമസഭകൾ സാക്ഷ്യപ്പെടുത്തി. കൂടാതെ, 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമ്പൂർണ്ണ ഗ്രാമീണ ഗാർഹിക ലഭ്യത നേടിക്കൊണ്ട്, ജലസുരക്ഷയിൽ ഒരു നാഴികക്കല്ല് പിന്നിട്ടു.

ഈ ദൗത്യത്തിൽ ജലത്തിൻ്റെ ഗുണനിലവാരത്തിനും തുല്യ മുൻഗണന നൽകിയിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം വരെ, 2,843 ലബോറട്ടറികൾ 38.78 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഗ്രാമതലത്തിൽ ഉടമസ്ഥതയും വിശ്വാസവും ഉറപ്പാക്കിക്കൊണ്ട് ഫീൽഡ് പരിശോധനാ കിറ്റുകൾ ഉപയോഗിക്കുന്നതിൽ 24.80 ലക്ഷത്തിലധികം സ്ത്രീകൾക്ക് പരിശീലനം നൽകി.

2026 മാർച്ചിൽ, ജെ.ജെ.എം 2.0 പ്രകാരം ജൽ ജീവൻ ദൗത്യം 2028 ഡിസംബർ വരെ നീട്ടി. 3.59 ലക്ഷം കോടിയുടെ കേന്ദ്ര സഹായത്തോടെയുള്ള 8.69 ലക്ഷം കോടി രൂപയുടെ വലിയ വിഹിതം മെച്ചപ്പെടുത്തിയ ഈ ചട്ടക്കൂടിൽ ഉൾപ്പെടുന്നു.
 


 
സ്വച്ഛ് ഭാരത് ദൗത്യം (എസ്.ബി.എം)

2014 ൽ ആരംഭിച്ച സ്വച്ഛ് ഭാരത് ദൗത്യം- ഗ്രാമീൺ, എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ശൗചാലയങ്ങൾ നൽകിക്കൊണ്ട്, ഗ്രാമങ്ങളിലുടനീളം അന്തസ്സും ശുചിത്വവും ഉറപ്പാക്കി. ശുചിത്വ സംവിധാനങ്ങളുടെ ലഭ്യതാ പരിധി രാജ്യവ്യാപകമായ പരിവർത്തനത്തെ അടയാളപ്പെടുത്തിക്കൊണ്ട്, 2014-ലെ 39 ശതമാനത്തിൽ നിന്ന് 2019 ൽ 100 ശതമാനമായി കുത്തനെ ഉയർന്നു.

എസ്.ബി.എം-ഗ്രാമീണിൻ്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. 2026 ജൂൺ വരെ, മൊത്തത്തിൽ 12.14 കോടിയിലധികം ഗാർഹിക ശൗചാലയങ്ങളും 2.76 ലക്ഷം കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്‌സുകളും പൂർത്തിയായി. 5.69 ലക്ഷത്തിലധികം ഗ്രാമങ്ങളെ ഖര-ദ്രവ മാലിന്യ സംസ്‌കരണം കൂടി നടപ്പാക്കുന്ന വെളിയിട വിസർജ്ജ്യമുക്ത മേഖലകളായി (ഒ.ഡി.എഫ് പ്ലസ്) പ്രഖ്യാപിച്ചു. 5.34 ലക്ഷം ഗ്രാമങ്ങളിൽ ഖരമാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളും 5.55 ലക്ഷം ഗ്രാമങ്ങളിൽ ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളുമുണ്ട്.

സ്വച്ഛ് ഭാരത് ദൗത്യം- അർബൻ

2014-ൽ ആരംഭിച്ച ഈ ദൗത്യം നഗരങ്ങളിലും പട്ടണങ്ങളിലും ശുചിത്വ സംവിധാനങ്ങൾ മാറ്റിമറിച്ചു. 2014 നും 2026 നും ഇടയിൽ 63 ലക്ഷത്തിലധികം ഗാർഹിക ശൗചാലയങ്ങളും ആറ് ലക്ഷം പൊതു ശൗചാലയങ്ങളും നിർമ്മിക്കപ്പെട്ടു. നഗര മാലിന്യ സംസ്‌കരണം 2014-ലെ 16 ശതമാനത്തിൽ നിന്ന് 2026-ൽ 82 ശതമാനമായി ഉയർന്നു. വാതിൽപ്പടി മാലിന്യ ശേഖരണം 2014-ലെ 43 ശതമാനത്തിൽ നിന്ന് 2026-ൽ 98 ശതമാനത്തിലെത്തി.

സ്വച്ഛ് ഭാരത് മിഷൻ്റെ മൊത്തത്തിലുള്ള സ്വാധീനം അളന്നു തിട്ടപ്പെടുത്താവുന്നതാണ്. 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗര തദ്ദേശ സ്ഥാപനങ്ങൾ (യു.എൽ.ബി) 2019 ഒക്ടോബറിൽ വെളിയിട വിസർജ്ജ്യമുക്ത മേഖലകളായി പ്രഖ്യാപിച്ചു. 2014 നെ അപേക്ഷിച്ച് 2019-ൽ വയറിളക്ക മരണങ്ങളിൽ 3,00,000 കുറവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കി.

എല്ലാവർക്കും വൈദ്യുതി: തടസ്സരഹിതവും 
താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജം

സുഖകരമായ ദൈനംദിന ജീവിതത്തിൻ്റെ പിന്നിലെ ശാന്തമായ ശക്തിയാണ് തടസ്സരഹിതമായ വൈദ്യുതി. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, ഇന്ത്യ വൈദ്യുതി ഉൽപാദനം, പ്രക്ഷേപണം, അവസാന ആളിലേക്കുമെത്തുന്ന വിതരണം എന്നിവയിൽ പരിവർത്തനം വരുത്തി. ഓരോ വീട്ടിലും കൂടുതൽ വെളിച്ചം, കൂടുതൽ സുഖസൗകര്യം, കൂടുതൽ അന്തസ്സ് എന്നിവയായിരുന്നു അതിന്റെ ഫലങ്ങൾ.

ഉത്പാദന ശേഷിയും തടസ്സരഹിതവും വൃത്തിയുള്ളതുമായ ഗ്രിഡും

കഴിഞ്ഞ 12 വർഷത്തിനുള്ളിൽ മൊത്തം സ്ഥാപിത വൈദ്യുതി ശേഷി ഇരട്ടിയിലധികമായി. 2014 സാമ്പത്തിക വർഷത്തിൽ 248 ജിഗാവാട്ടിൽ നിന്ന് 2026 മാർച്ചോടെ ഇത് 532 ജിഗാവാട്ടായി ഉയർന്നു.

ഇപ്പോൾ ഈ ശേഷിയുടെ പകുതിയിലധികവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ലഭ്യമാവുന്നത്. 2014 ൽ ഇത് 76.38 ജി.ഡബ്ല്യു ആയിരുന്നയിടത്ത്, 2026 മാർച്ചിൽ പുനരുപയോഗ ഊർജ്ജ ശേഷി 274.69 ജി.ഡബ്ല്യു ആയി.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധ ഊർജ്ജ ശേഷി ഇന്ന് ഇന്ത്യയ്ക്കുണ്ട്. 2014-ൽ 2.82 ജി.ഡബ്ല്യു ആയിരുന്ന സൗരോർജ്ജം ഇപ്പോൾ 150.26 ജി.ഡബ്ല്യു ഊർജ്ജം പ്രദാനം ചെയ്യുന്നു. കാറ്റിൽ നിന്നുള്ള വൈദ്യുതി ശേഷി 2014 മാർച്ചിലെ 21.04 ജി.ഡബ്ല്യു ശേഷിയിൽ നിന്ന് 2.66 മടങ്ങ് വർദ്ധിച്ച് 2026 മാർച്ചിൽ 56.09 ജി.ഡബ്ല്യു ആയി.

ആണവോർജ്ജം 84 ശതമാനം വളർന്നു. 2014 മാർച്ചിൽ 4.78 ജി.ഡബ്ല്യു ആയിരുന്നത് 2026 മാർച്ചിൽ 8.78 ജി.ഡബ്ല്യു ആയി. 2026 മാർച്ചിൽ ജലവൈദ്യുത ശേഷി 51.4 ജി.ഡബ്ല്യു ആണ്. അതേസമയം, മറ്റ് സ്രോതസ്സുകൾ (ബയോമാസ് മുതലായവ) 2026 മാർച്ച് വരെ 11.74 ജി.ഡബ്ല്യു ഊർജ്ജം ലഭ്യമാക്കി.

പൗരന്മാർക്ക് ഇപ്പോൾ ഏതാണ്ട് മുഴുവൻ സമയവും വൈദ്യുതി ലഭ്യമാണ്. ശരാശരി ഗ്രാമീണ വിതരണം 2014-ലെ 12.5 മണിക്കൂറിൽ നിന്ന് 2026-ൽ 22.6 മണിക്കൂറായി ഉയർന്നു. നഗരപ്രദേശങ്ങളിൽ ഇപ്പോൾ പ്രതിദിനം 23.4 മണിക്കൂർ വരെ വൈദ്യുതി വിതരണം ലഭിക്കുന്നു. ദേശീയ ഊർജ്ജ ക്ഷാമം 4.2 ശതമാനത്തി (2013-14) ൽ നിന്ന് 2025-26 ൽ വെറും 0.03 ശതമാനം ആയി കുത്തനെ കുറഞ്ഞു. പ്രതിശീർഷ വൈദ്യുതി ഉപഭോഗം 2013-14 ലെ 957 കെ.ഡബ്ല്യുവിൽ നിന്ന് 2024-25 ൽ 1,460 കെ.ഡബ്ല്യു ആയി ഉയർന്നു.


ഉയർന്ന വൈദ്യുതി ആവശ്യകതയ്ക്ക് 
ഇന്ധനമേകുന്ന റെക്കോർഡ് ശേഷി

2026 ഏപ്രിൽ 25-ന് ഇന്ത്യ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 256.1 ജി.ഡബ്ല്യു കൈവരിച്ചു. അയൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലനിർത്തിക്കൊണ്ട് തന്നെ ഈ ആവശ്യകത കുറവില്ലാതെ നിറവേറ്റി. 2024 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 250 ജിഗാവാട്ട് എന്ന ഉയർന്ന നിലവാരത്തെ ഈ നിർണായക നേട്ടം മറികടന്നു. വേനൽക്കാല സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ആവശ്യകതയിലെ വളർച്ച 2026 ഏപ്രിലിൽ 8.9 ശതമാനം വർദ്ധനവ് കാണിക്കുന്നു.

2025-26 സാമ്പത്തിക വർഷക്കാലയളവിലുള്ള 65 ജിഗാവാട്ട് ശേഷിയുടെ റെക്കോർഡ് കൂട്ടിച്ചേർക്കൽ, ഭാവിയിലെ ആവശ്യങ്ങൾക്കുള്ള തയ്യാറെടുപ്പിനെ ശക്തിപ്പെടുത്തി. സൗര, ജല, ആണവ, താപ ഊർജ്ജം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപാദന സ്രോതസ്സുകൾ വിശ്വാസ്യതയും ഗ്രിഡ് സ്ഥിരതയും ഉറപ്പാക്കി.

2026 ജനുവരി ആയപ്പോഴേക്കും 220 കെ.വിയും അതിനുമുകളിലുമുള്ള വൈദ്യുതി പ്രസരണ ലൈനുകളുടെ ശൃംഖല 5 ലക്ഷം സർക്യൂട്ട് കിലോമീറ്ററിലധികമായി വളർന്നു. പരിവർത്തന ശേഷി 1,407 ജി.വി.എ (220 കെ.വിയും അതിനുമുകളിലും) എത്തി, 2026 ജനുവരിയിൽ അന്തർ മേഖലാ പ്രസരണ (ഇൻ്റർ-റീജിയണൽ ട്രാൻസ്മിഷൻ) ശേഷി 120 ജി.ഡബ്ല്യുവിലും എത്തി. ഒറ്റ ആവൃത്തിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത ദേശീയ ഗ്രീഡായി (സിൻക്രൊണൈസ്ഡ് നാഷണൽ ഗ്രിഡ്) ഇന്ത്യ ഇപ്പോൾ നിലകൊള്ളുന്നു.

സൗഭാഗ്യ: എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുന്നു

2017 ൽ ആരംഭിച്ച പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന (സൗഭാഗ്യ) വഴി വൈദ്യുതി എത്താത്ത ഗ്രാമീണ, നഗര വീടുകൾക്ക് അവസാന ഘട്ടം വരെ സൗജന്യ കണക്ഷൻ നൽകി. 2022 മാർച്ചോടെ ഏകദേശം 2.86 കോടി വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു. എല്ലാ ലക്ഷ്യങ്ങളും നേടിയതോടെ പദ്ധതി അവസാനിച്ചു.

പി.എം സൂര്യ ഘർ: വീടുകളെ വൈദ്യുതി ഉൽപ്പാദകരാക്കി മാറ്റുന്നു

2024 ഫെബ്രുവരിയിൽ ആരംഭിച്ച പി.എം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന, ഉദാരമായ കേന്ദ്ര ഗവണ്മെൻ്റ്  സബ്സിഡിയോടെ കുടുംബങ്ങൾക്ക് പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കാൻ സഹായിക്കുന്നു. ഓരോ വീടിനും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കാൻ അർഹതയുണ്ട്. സബ്സിഡി 78,000 രൂപ വരെയായി ഉയർന്ന് ഗുണഭോക്താവിന് നേരിട്ട് ലഭ്യമാവും. 2026 മെയ് മാസത്തോടെ 40 ലക്ഷത്തിലധികം വീടുകൾ പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചു. 2026-27 സാമ്പത്തിക വർഷത്തോടെ 75,021 കോടി രൂപയുടെ വിഹിതം വകയിരുത്തിക്കൊണ്ട് ഒരു കോടി വീടുകൾക്കായാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുടുംബങ്ങൾ ഇപ്പോൾ ബില്ലുകൾ കുറയ്ക്കുകയും മിച്ച വൈദ്യുതി വിറ്റ് സമ്പാദിക്കുക പോലും ചെയ്യുന്നു.


എല്ലാവർക്കും ചെലവുകുറഞ്ഞ എൽ.ഇ.ഡികൾ ലഭ്യമാക്കുന്നതിലൂടെ ഉന്നത് ജ്യോതി (ഉജാല):

ചെലവുകുറഞ്ഞതും ഊർജ്ജക്ഷമതയുള്ളതുമായ പ്രകാശസംവിധാനം

ഉജാല പദ്ധതി പ്രകാരം, കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ, 37 കോടി എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തതിലൂടെ പ്രതിവർഷ ഗാർഹിക സമ്പാദ്യത്തിൽ 19,153 കോടി രൂപ ലാഭിച്ചു. തടസ്സരഹിതമായ വൈദ്യുതി ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വിദ്യാഭ്യാസം, വ്യവസായം, ഗാർഹിക സുഖസൗകര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നു. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ വേഗത്തിൽ വികസിച്ച്, സുസ്ഥിരത ശക്തിപ്പെടുത്തുകയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു.

സാമ്പത്തിക ഉൾച്ചേർക്കലും ശാക്തീകരണവും

2014 മുതൽ, സമ്പാദ്യം, വായ്പ, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് പരസ്പരബന്ധിതമായ സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതികൾ ഇന്ത്യ അവതരിപ്പിച്ചു. ഈ സംരംഭങ്ങൾ അവസരങ്ങൾ വിപുലീകരിക്കുകയും സുരക്ഷ ശക്തിപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളെ ആധുനിക സാമ്പത്തിക സംവിധാനങ്ങളിൽ ആത്മവിശ്വാസത്തോടെ ഭാഗഭാക്കാവാൻ പ്രാപ്തരാക്കുകയും ചെയ്തു.
 


 
പ്രധാൻ മന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ)

ജൻ ധൻ, ആധാർ, മൊബൈൽ എന്നിവയുടെ ജെ.എ.എം ത്രിത്വം (ട്രിനിറ്റി) ഇന്ത്യയുടെ ക്ഷേമ വിതരണത്തിൻ്റെ നട്ടെല്ലായി മാറി. സാമ്പത്തിക സേവനങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട കോടിക്കണക്കിന് പൗരന്മാർക്ക് ബാങ്കിംഗ് അഭിഗമ്യത തുറന്നുകൊടുത്ത, പ്രധാൻ മന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ) അതിൽ ആദ്യത്തെ സ്തംഭമായിരുന്നു. ചോർച്ചകളില്ലാതെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾക്ക് അടിത്തറ പാകിയ അത് ആനുകൂല്യങ്ങൾ സുതാര്യമായും സുരക്ഷിതമായും ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.

2014 ആഗസ്റ്റിൽ പ്രഖ്യാപിച്ച പി.എം.ജെ.ഡി.വൈ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ സംരംഭമാണ്. 2015 ൽ 14.72 കോടി ആയിരുന്നതിൽ നിന്ന് 2026 ജൂൺ ആയപ്പോഴേക്കും അക്കൗണ്ടുകൾ 58 കോടിയിലധികമായി വളർന്നു. 2026 ജൂൺ ആയപ്പോഴേക്കും നിക്ഷേപങ്ങൾ 3 ലക്ഷം കോടി രൂപയിലധികമായി ഉയർന്നുവെന്നത് വിശ്വാസ്യതയും സജീവ ഉപയോഗവും സൂചിപ്പിക്കുന്നു.

പി.എം.ജെ.ഡി.വൈ അക്കൗണ്ടുകൾ അഭൂതപൂർവമായ തോതിൽ ക്ഷേമ വിതരണത്തിനുള്ള ഉപാധിയായി മാറി. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) പദ്ധതികൾ മുഖേന നേരിട്ട് 6.9 ലക്ഷം കോടി രൂപ ലഭ്യമാക്കപ്പെട്ടു.
രാജ്യവ്യാപകമായി എല്ലാ ഗുണഭോക്താക്കൾക്കും ഭരണനിർവഹണം സമഗ്രവും, ഉത്തരവാദിത്തമുള്ളതും, പ്രതികരണശേഷിയുള്ളതുമാക്കി മാറ്റുന്ന 327 പദ്ധതികൾ ഡി.ബി.ടിയിൽ ഉൾക്കൊള്ളുന്നു. 2026 ജൂൺ വരെ, അപകട ഇൻഷുറൻസ് പരിരക്ഷയോടെ 40.60 കോടി റൂപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തു.

ഇത് പുതുതായി ബാങ്കിൽ ചേർന്ന ദശലക്ഷക്കണക്കിന് പൗരന്മാർക്ക് സാമ്പത്തിക പരിരക്ഷയും സുരക്ഷയും വർദ്ധിപ്പിച്ചു, ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ)

വർഷങ്ങളായി, ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് ഔപചാരിക വായ്പകൾ പരിമിതമായിരുന്നു. ചൂഷണ നിരക്കുകൾ ഈടാക്കുന്ന അനൗപചാരിക വായ്പാദാതാക്കളെയാണ് അവർ ആശ്രയിച്ചിരുന്നത്. 2015 ൽ ആരംഭിച്ച പി.എം.എം.വൈ, സൂക്ഷ്മ സംരംഭങ്ങളെ വളർച്ചയുടെ ചാലകശക്തികളായി അംഗീകരിക്കുകയും ഈടുകളില്ലാത്ത ധനകാര്യസ്ഥാപന വായ്പകൾ ലഭ്യമാക്കുകയും ചെയ്തു.

പ്രാരംഭം മുതൽ പി.എം.എം.വൈയ്ക്ക് കീഴിൽ 40 ലക്ഷം കോടി രൂപ മൂല്യമുള്ള 57.7 കോടിയിലധികം വായ്പകൾ അനുവദിച്ചു. മുദ്ര വായ്പകളുടെ 66 ശതമാനവും സ്ത്രീകൾക്കാണ് അനുവദിച്ചത്, 16.88 ലക്ഷം കോടി വരുമിത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർ എസ്സി, എസ്ടി, ഒ.ബി.സി സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇത് വായ്പാ ലഭ്യതയെ സാമൂഹിക സമത്വവുമായി സംയോജിപ്പിച്ചു.

2024-25 സാമ്പത്തിക വർഷത്തിൽ പുതിയ തരുൺ പ്ലസ് വിഭാഗം കൂടി ഉൾപ്പെടുത്തിയതോടെ വായ്പാ പരിധി 20 ലക്ഷമായി ഉയർന്നു. നേരത്തെ വായ്പ തിരിച്ചടച്ച സംരംഭകരെ ഈ വിഭാഗം പിന്തുണച്ചു. 2015 നും 2018 നും ഇടയിൽ പി.എം.എം.വൈ വായ്പകൾ 1.12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ലേബർ ബ്യൂറോ പഠനങ്ങൾ തെളിയിച്ചു.

ഗതാഗതവും കണക്റ്റിവിറ്റിയും

രാജ്യവ്യാപകമായി അവസരങ്ങൾ രൂപപ്പെടുത്തുന്നതിനും ജീവിതം അനായാസമാക്കൽ മെച്ചപ്പെടുത്തുന്നതിനുമുള്ള വികസനത്തിൻ്റെ ശക്തിയാണ് കണക്റ്റിവിറ്റി. 2014 ൽ, ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ മന്ദഗതിയിലുള്ള ഹൈവേ നിർമ്മാണം, പരിമിതമായ മെട്രോ കവറേജ്, വിരളമായ പ്രാദേശിക വ്യോമ കണക്റ്റിവിറ്റി എന്നിവ പ്രതിഫലിച്ചു.

ആധുനിക ഇൻ്റർസിറ്റി റെയിൽ സർവീസുകൾ ഇല്ലായിരുന്നു. സാധാരണ യാത്രക്കാർക്ക് പരിമിതവും കാര്യക്ഷമമല്ലാത്തതുമായ ഗതാഗത ഓപ്ഷനുകൾ മാത്രമാണ് അവശേഷിപ്പിച്ചത്. 2014 നും 2026 നും ഇടയിൽ, ഇന്ത്യ റോഡ്, റെയിൽ, വ്യോമയാന, നഗര ഗതാഗതം എന്നിവയിലുടനീളം അതിവേഗം ഗതാഗതത്തെ പരിവർത്തനം ചെയ്തു.

റോഡുകളും ദേശീയ പാതകളും


2014 നും 2026 നും ഇടയിൽ ഇന്ത്യയുടെ റോഡ് ശൃംഖല ഗണ്യമായി വികസിച്ചു, കണക്റ്റിവിറ്റിയും ദൈനംദിന യാത്രാസംവിധാനങ്ങളും പുനർനിർമ്മിച്ചു. 63.73 ലക്ഷം കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇത്, ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ്.

2014 സാമ്പത്തിക വർഷത്തിലെ 91,287 കിലോമീറ്ററിൽ നിന്ന് 2026 മാർച്ചിൽ 1,46,572 കിലോമീറ്ററായി ദേശീയ പാതകൾ 61 ശതമാനത്തോളം വളർന്നു. നാലുവരിയും അതിനു മുകളിലുമുള്ള ഹൈവേകൾ 2014 ലെ 18,371 കിലോമീറ്ററിൽ നിന്ന് 45,516 കിലോമീറ്ററായി വർദ്ധിച്ചു. രാജ്യവ്യാപകമായി ആകെ 3,644 കിലോമീറ്റർ പ്രവേശന നിയന്ത്രിത അതിവേഗ ഇടനാഴികൾ/എക്‌സ്പ്രസ് വേകൾ ഇപ്പോൾ പ്രവർത്തനക്ഷമമായതിനാൽ യാത്രാ സമയവും തിരക്കും കുറയുന്നു. 2026 മാർച്ചോടെ, ഭാരത് മാലയ്ക്ക് കീഴിൽ 22,590 കിലോമീറ്റർ റോഡുകൾ പൂർത്തിയായി.

12 വർഷത്തെ സുപ്രധാന കണക്റ്റിവിറ്റി:

  • ഇസെഡ് മോർഹ്/സോണാമാർഗ് തുരങ്കം (2025) ലഡാക്കിലേക്കുള്ള അഭിഗമ്യത മെച്ചപ്പെടുത്തി വിനോദസഞ്ചാരത്തെയും പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെയും ശക്തിപ്പെടുത്തുന്നു.
  • സുദർശൻ സേതു (2024) ഓഖയെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിച്ച് തീർത്ഥാടനത്തെയും തീരദേശ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു.
  • മൈത്രി സേതു (2021) ത്രിപുരയെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്നു, ഇത് വ്യാപാരവും യാത്രക്കാരുടെ സഞ്ചാരവും വർദ്ധിപ്പിക്കുന്നു.
  • അടൽ തുരങ്കം (2020) മണാലിക്കും ലാഹൗൾ സ്പിതിക്കും ഇടയിലുള്ള ദൂരം 46 കിലോമീറ്റർ കുറച്ചുകൊണ്ട് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്നു.
  • 2017 വരെ ചെനാനി-നഷ്രി തുരങ്കം എന്നറിയപ്പെട്ടിരുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജി തുരങ്കം, ജമ്മു-ശ്രീനഗർ യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കുന്നു.
  • ധോല സാദിയ പാലം (2017) അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിച്ച്, വടക്കുകിഴക്കൻ മേഖലയിലേക്കുള്ള അഭിഗമ്യത ശക്തിപ്പെടുത്തുന്നു.


നഗര, പ്രാദേശിക മൊബിലിറ്റി മെച്ചപ്പെടുത്തിയ സമീപകാല പദ്ധതികൾ

  • ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (2026) യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി കുറച്ചു. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഉയർത്തി നിർമ്മിച്ച വന്യജീവി ഇടനാഴിയാണിത്.
  • അഹമ്മദാബാദ്-ധോലേര എക്‌സ്പ്രസ് വേ (2026) ചരക്കുനീക്കം ശക്തിപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്നു.
  • എൻ.എച്ച്31ലെ ഗംഗാ നദിയ്ക്ക് കുറുകെയുള്ള ബീഹാറിലെ പാലം (2025) ഭാരവാഹന യാത്രാപാതകളിൽ 100 കിലോമീറ്ററിലധികം കുറവ് വരുത്തുന്നു.
  • ഡൽഹിയിലെ മൂന്നാമത്തെ റിങ് റോഡായ അർബൻ എക്സ്റ്റൻഷൻ റോഡ് -2 (2025) ചരക്ക് ഗതാഗതം വേഗത്തിലാക്കുന്നു.
  • ദ്വാരക എക്‌സ്പ്രസ് വേയുടെ (2025) ഡൽഹി വിഭാഗം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നു.


പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ)


സുസ്ഥിരവും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ ഗ്രാമീണ റോഡ് കണക്റ്റിവിറ്റി നൽകുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. ഗ്രാമങ്ങളെ വിപണികൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയുമായി ബന്ധിപ്പിച്ച് യാത്ര സുഗമമാക്കുകയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.

2014-15 ലെ 386 കോടി രൂപയിൽ നിന്ന് 2026-27 ൽ 19,000 കോടി രൂപയായി ഇതിനുള്ള ബജറ്റ് പിന്തുണ ഉയർന്നു. ഇതുവരെ, യോഗ്യമായ 99.6 ശതമാനം ആവാസ വ്യവസ്ഥകളും ബന്ധിപ്പിക്കപ്പെട്ടു. 2000-2014 കാലയളവിൽ പൂർത്തിയാക്കിയ റോഡുകൾ 3.86 ലക്ഷം കിലോമീറ്ററിൽ നിന്ന് 2014-2026 ൽ 4.11 ലക്ഷം കിലോമീറ്ററായി ഉയർന്നു. ഇതേ കാലയളവിൽ പാലങ്ങളുടെ എണ്ണം 484 ൽ നിന്ന് 10,293 ആയും വർദ്ധിച്ചു. ഇത് ഒറ്റപ്പെടൽ കുറയ്ക്കുകയും ഗ്രാമീണ വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്തു.

2014 നും 2026 നും ഇടയിൽ റോഡ് ഗതാഗതത്തിനും ഹൈവേകൾക്കുമുള്ള ബജറ്റ് വിഹിതം ഏകദേശം പത്തിരട്ടിയായി വർദ്ധിച്ചു. ഹൈവേകൾ വികസിപ്പിച്ചത് പലവിധ മേഖലകളിലുടനീളമുള്ള ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാരം, വ്യാപാരം, പ്രാദേശിക വികസനം എന്നിവ ത്വരിതപ്പെടുത്തി.

റെയിൽവേ

ഇന്ത്യൻ റെയിൽവേ രാജ്യത്തിൻ്റെ ജീവനാഡിയായി നിലനിൽക്കുന്നു. കോടിക്കണക്കിന് യാത്രക്കാരെയും ദശലക്ഷക്കണക്കിന് ടൺ ചരക്കുകളെയും ഇത് ദിവസവും വഹിക്കുന്നു. 2014 മുതൽ, വേഗത, യാത്രാസൗകര്യം, സുരക്ഷ, ശേഷി എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. റെയിൽ ശൃംഖലയുടെ വൈദ്യുതീകരണം അതിവേഗം പുരോഗമിച്ചു, 2014 ന് മുമ്പ് 20 ശതമാനം ആയിരുന്നത് 2026 മാർച്ചോടെ 99.6 ശതമാനമായി വികസിച്ചു. ഇത് 69,873 റൂട്ട് കിലോമീറ്ററുകൾ ഉൾക്കൊള്ളുന്നു. ഫോസിൽ ഇന്ധന ആശ്രയത്വം കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ തദ്ദേശീയ സ്വയംപ്രവർത്തിത ട്രെയിൻ സംരക്ഷണ സംവിധാനമായ 'കവച്', ട്രെയിനുകളുടെ ചലനം നിരീക്ഷിക്കുകയും കൂട്ടിയിടികൾ തടയാൻ ബ്രേക്കുകൾ പ്രയോഗിക്കുകയും ചെയ്യുന്നു. 3,103 റൂട്ട് കിലോമീറ്ററിൽ വിന്യസിച്ചിരിക്കുന്ന ഇതിൻ്റെ നിർവഹണം 24,427 കിലോമീറ്ററിൽ പുരോഗമിക്കുന്നു, 4,277 ട്രെയിൻ എഞ്ചിനുകളിൽ ഇത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 8,979 എണ്ണത്തിൽ കൂടി പുരോഗമിക്കുന്നു. തൽഫലമായി, 2014-15ൽ 135 ആയിരുന്ന ട്രെയിൻ അപകടങ്ങൾ 2025-26ൽ വെറും 16 ആയി കുത്തനെ കുറഞ്ഞു.

ഉദ്ദേശ്യലക്ഷ്യങ്ങളുടെ വ്യാപ്തി ബജറ്റിൽ തന്നെ ദൃശ്യമാണ്. ഈ കാലയളവിൽ റെയിൽവേയ്ക്കുള്ള മൊത്ത ബജറ്റ് വിഹിതം ഏകദേശം ഒമ്പത് മടങ്ങ് വർദ്ധിച്ചു. 2014-15 ൽ ഏകദേശം 32,000 കോടി രൂപയിൽ നിന്ന് 2026-27 ൽ ഏകദേശം 2.78 ലക്ഷം കോടി രൂപയായി ഇത് ഉയർന്നു. ഈ സുസ്ഥിര നിക്ഷേപം ദൈനംദിന യാത്രയിൽ ദൃശ്യമായ സുഗമസൗകര്യങ്ങളിലേക്ക് നയിച്ചു.
 

 
വന്ദേ ഭാരത്

ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അർധ-അതിവേഗ ട്രെയിനായി പ്രഥമ വന്ദേ ഭാരത് എക്‌സ്പ്രസ് 2019 ഫെബ്രുവരി 15 ന് ആരംഭിച്ചു. 2026 മാർച്ചോടെ, രാജ്യവ്യാപകമായി 162 സർവീസുകൾ പ്രവർത്തനക്ഷമമാവുകയും, ഇന്ത്യൻ റെയിൽവേയിലുടനീളം ദ്രുതഗതിയിലുള്ള വികാസത്തെ അടയാളപ്പെടുത്തുകയും ചെയ്തു.

2025-26 സാമ്പത്തിക വർഷത്തിൽ, ഈ ട്രെയിനുകൾ 3.98 കോടി യാത്രക്കാരെ വഹിച്ചുവെന്നത്, മുൻ വർഷത്തേക്കാൾ 34 ശതമാനം വർദ്ധനവ് കാണിക്കുന്നു. തുടക്കം മുതൽ, 9.1 കോടിയിലധികം യാത്രക്കാർ ഏകദേശം ഒരു ലക്ഷത്തോളം യാത്രകൾ നടത്തിയിട്ടുണ്ടെന്നത്, ശക്തമായ പൊതുജന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.

ഹൗറയെയും ഗുവാഹത്തിയെയും ബന്ധിപ്പിച്ചുകൊണ്ട് 2026 ജനുവരിയിലാണ് അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചത്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ, 119 സർവീസുകളിലായി 1.21 ലക്ഷം യാത്രക്കാരെ ഈ സ്ലീപ്പർ ട്രെയിൻ വഹിച്ചു.

അമൃത് ഭാരത് ട്രെയിനുകൾ

ദീർഘ റൂട്ടുകളിൽ താങ്ങാനാവുന്ന നിരക്കിൽ മെച്ചപ്പെട്ട യാത്രാസൗകര്യം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ലഭ്യമാക്കി. പൂർണ്ണമായും പ്രവർത്തനക്ഷമമമായ അറുപത് നോൺ-എ.സി അമൃത് ഭാരത് ട്രെയിൻ സർവീസുകൾ, അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള (ടയർ 2) പട്ടണങ്ങളിലും, ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ ജനസംഖ്യയുള്ള (ടയർ 3) പട്ടണങ്ങളിലും നിന്നുള്ള യാത്രക്കാർക്ക് സേവനം നൽകുന്നു.

ആധുനിക ഇരിപ്പിടങ്ങളും സുരക്ഷാ സവിശേഷതകളോടും കൂടിയ എ.സി ഇല്ലാത്ത, ഉയർന്ന ശേഷിയുള്ള യാത്ര താങ്ങാനാവുന്ന വിലയിൽ ഈ ട്രെയിനുകൾ നൽകുന്നു. സമഗ്രമായ ദീർഘദൂര അഭിഗമ്യത വിപുലീകരിച്ചുകൊണ്ട്, ദുർബല വിഭാഗങ്ങൾക്കും താഴ്ന്ന മധ്യ വിഭാഗങ്ങൾക്കും ചെലവ് കുറഞ്ഞതും സുഖപ്രദവുമായ യാത്രാസംവിധാനം അവ ഉറപ്പാക്കുന്നു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

2023-ൽ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ദീർഘകാല പുനർവികസനത്തിനായി 1,338 സ്റ്റേഷനുകൾ തിരഞ്ഞെടുത്തു. അവയിൽ 157 സ്റ്റേഷനുകൾ അഭിലാഷ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നതെന്നത് സമഗ്രമായ അടിസ്ഥാന സൗകര്യ വളർച്ച ഉറപ്പാക്കുന്നു.

2026 ഏപ്രിൽ ഒന്ന് ആയപ്പോഴേക്കും 208 സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോടും കൂടി നവീകരിച്ചു. പാർക്കിംഗ്, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, മികച്ച ശൗചാലയങ്ങൾ, തത്സമയ വിവര സംവിധാനങ്ങൾ എന്നിവ ഈ നവീകരണങ്ങളിൽ ഉൾപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ, ഗണ്യമായ പുരോഗതി അടയാളപ്പെടുത്തിക്കൊണ്ട് 119 പുനർവികസിപ്പിച്ച സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു.

അതിവേഗ റെയിൽ ഇടനാഴികൾ


അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമ്മാണത്തിലാണ്, അതിൻ്റെ സൂറത്ത്-ബിലിമോറ സെക്ഷൻ 2027 ൽ പ്രവർത്തനം ആരംഭിക്കും. 508 കിലോമീറ്റർ ഇടനാഴി മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

2026-27 ലെ കേന്ദ്ര ബജറ്റിൽ, പ്രധാന നഗരങ്ങളെ അതിവേഗ റെയിൽ വഴി വേഗത്തിലും കൂടുതൽ കാര്യക്ഷമമായും ബന്ധിപ്പിക്കുന്നതിനായി ഏഴ് അധിക ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ പ്രഖ്യാപിച്ചു. ഈ റൂട്ടുകളിൽ ഇവ ഉൾപ്പെടുന്നു:

  • മുംബൈ-പൂനെ
  • പൂനെ-ഹൈദരാബാദ്
  • ഹൈദരാബാദ്-ബെംഗളൂരു
  • ഹൈദരാബാദ്-ചെന്നൈ
  • ചെന്നൈ-ബെംഗളൂരു
  • ഡൽഹി-വാരാണസി
  • വാരാണസി-സിലിഗുരി


ഇന്ത്യയുടെ വളർച്ച, യാത്രാ ഏകോപനം, സുസ്ഥിര വികസനം എന്നിവയിൽ അതിവേഗ റെയിലിൻ്റെ തന്ത്രപരമായ പങ്ക് ഈ പ്രഖ്യാപനങ്ങൾ എടുത്തുകാണിക്കുന്നു.

സിവിൽ വ്യോമയാനം - ഉഡാൻ

2014-ൽ 74 വിമാനത്താവളങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായിരുന്നുള്ളൂ. അതിൽ ചെറിയ നഗരങ്ങൾക്ക് വ്യോമയാന കണക്റ്റിവിറ്റി ഇല്ലായിരുന്നു. 2016 ഒക്ടോബറിൽ ആരംഭിച്ച പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) ഈ ഭൂപ്രകൃതിയെ മാറ്റിമറിച്ചു.

2026 ലെ കണക്കനുസരിച്ച്, 95 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, ജല വിമാനത്താവളങ്ങൾ എന്നിവയിലായി 665 യാത്രാപാതകൾ ഉഡാൻ പദ്ധതി പ്രകാരം പ്രവർത്തനക്ഷമമാക്കി. ഇതിൻ്റെ ഫലമായി 2026 ഏപ്രിലിൽ ഇന്ത്യയിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 165 ആയി വർദ്ധിച്ചു.
ഈ വികസനം നിലനിർത്തുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ്, സാമ്പത്തികമായി ലാഭകരമല്ലാത്ത അത്യാവശ്യ റൂട്ടുകളിൽ സർവീസിനായുള്ള സാമ്പത്തിക സഹായ (വി.ജി.എഫ്) പിന്തുണ നൽകി. ഇത് പുതിയ സഞ്ചാരപാതകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ വിമാനക്കമ്പനികളെ പ്രാപ്തമാക്കി. ഈ ഗവണ്മെൻ്റ്  സഹായം കുറഞ്ഞ ചെലവിലുള്ള നിരക്കുകൾ ഉറപ്പാക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്തു. അതുവഴി ദശലക്ഷക്കണക്കിന് പൗരന്മാർക്ക് വിമാന യാത്ര പ്രാപ്യമാക്കാൻ ആവുന്നതായി.

പ്രാരംഭം മുതൽ ഉഡാൻ പദ്ധതി, 3.45 ലക്ഷം വിമാനങ്ങളിലായി 1.64 കോടിയിലധികം യാത്രക്കാരെ വഹിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മലയോര സംസ്ഥാനങ്ങൾ, ദ്വീപ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിദൂര പ്രദേശങ്ങളെ ആദ്യമായി ദേശീയ വ്യോമയാന ഗ്രിഡുമായി ബന്ധിപ്പിച്ചു. 4,800 കോടി രൂപയിൽ അധികമുള്ള നിക്ഷേപങ്ങൾ ഇതുവരെ ഉപയോഗത്തിലില്ലാതിരുന്ന വിമാനത്താവളങ്ങളെ പുനർജ്ജീവിപ്പിച്ചു. അതേസമയം, നവി മുംബൈ, നോയ്ഡ, മോപ, കണ്ണൂർ, ഹൊളോംഗി എന്നിവയുൾപ്പെടെ 25 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് 2014 ന് ശേഷം അംഗീകാരം ലഭിച്ചു.

2026 മാർച്ചിൽ, 120 പുതിയ ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമിട്ടും 4 കോടി അധിക യാത്രക്കാർക്ക് സേവനം നൽകാൻ ഉദ്ദേശിക്കുകയും ചെയ്യുന്ന പരിഷ്‌കരിച്ച ഉഡാൻ പദ്ധതി അംഗീകരിക്കപ്പെട്ടു. 100 വിമാനത്താവളങ്ങൾ, 200 ആധുനിക ഹെലിപാഡുകൾ, അഭിലാഷ ജില്ലകളിൽ ചെറിയ എയർസ്ട്രിപ്പുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

 



 

2022 ഡിസംബറിൽ ആരംഭിച്ച ഡിജി യാത്ര പോലുള്ള സംരംഭങ്ങളിലൂടെ യാത്രക്കാരുടെ സൗകര്യങ്ങളും മെച്ചപ്പെട്ടു. തടസ്സമില്ലാത്തതും കടലാസ് രഹിതവുമായ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇത് ആരംഭിച്ചു. 2026 മെയ് വരെ, 38 വിമാനത്താവളങ്ങളിലായി 9.3 കോടിയിലധികം യാത്രക്കാർ ഈ സൗകര്യം ഉപയോഗിച്ചു.

2024-ൽ ആരംഭിച്ച ഉഡാൻ യാത്രി കഫേകളും പരാതി പരിഹാര സംവിധാനങ്ങളും യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഈ നടപടികൾ ഒരുമിച്ച്, വിമാന യാത്ര അഭിഗമ്യതയുള്ളതും താങ്ങാനാവുന്നതും തടസ്സരഹിതവുമാക്കി, ദശലക്ഷക്കണക്കിന് പൗരന്മാരുടെ യാത്രാസൗകര്യങ്ങളെ പരിഷ്‌കരിച്ചു.

മെട്രോ റെയിൽ

രാജ്യത്തുടനീളമുള്ള നഗര ഗതാഗതത്തെ പരിവർത്തനം ചെയ്തുകൊണ്ട്, ജനങ്ങളുടെ കൂട്ടായ ഗതാഗതത്തിനുള്ള രാജ്യത്തെ ഏറ്റവും ഫലപ്രദമായ മാർഗമായി മെട്രോ റെയിൽ മാറിയിരിക്കുന്നു. 2014 ൽ, 248 കിലോമീറ്റർ ശൃംഖലയുമായി അഞ്ച് നഗരങ്ങളിൽ മാത്രമാണ് മെട്രോ റെയിൽ പ്രവർത്തിച്ചിരുന്നത്. 2026 മാർച്ചോടെ, ഇന്ത്യയിൽ 26 നഗരങ്ങളിലായി 1,155 കിലോമീറ്റർ ദൈർഘ്യത്തിൽ മെട്രോ റെയിൽ ശൃംഖല പ്രവർത്തനക്ഷമമായി. ഈ വികാസം ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയാക്കി മാറ്റി.

പ്രതിദിന യാത്രക്കാരുടെ എണ്ണം 2013-14 ലെ 28 ലക്ഷത്തിൽ നിന്ന് 2026-ൽ 1.15 കോടിയായി ഉയർന്നു. 2014-ന് മുൻപ് പ്രതിമാസം 0.68 കിലോമീറ്ററായിരുന്ന പദ്ധതി പൂർത്തീകരണ നിരക്ക്, ഒമ്പത് മടങ്ങ് വർധിച്ച് അതിനുശേഷം പ്രതിമാസം ഏകദേശം 6 കിലോമീറ്ററായി ഉയർന്നു. ബജറ്റ് പിന്തുണയും കുത്തനെ ഉയർന്നു, 2013-14 ലെ 5,798 കോടി രൂപയിൽ നിന്ന് 2025-26ൽ 29,550 കോടി രൂപയായി.

ഇന്ത്യയുടെ മെട്രോ വികസനം നാഴികക്കല്ലായ നേട്ടങ്ങൾ കൈവരിച്ചു. 2024 ൽ ഹൂഗ്ലി നദിക്ക് താഴെ രാജ്യത്തെ ആദ്യത്തെ ജലാന്തർഭാഗ മെട്രോ തുരങ്കം കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് 10 ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ട് വാട്ടർ മെട്രോ സർവീസ് ആരംഭിച്ച ആദ്യ നഗരമായി കൊച്ചി മാറി.

2026 ജനുവരിയിൽ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സി.പി.എം) 'ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ സുവർണ്ണ ദശകം' എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തിറക്കി. മെട്രോ റെയിൽ അഭിഗമ്യത, ഗാർഹിക വായ്പ തിരിച്ചടവ് അച്ചടക്കം മെച്ചപ്പെടുത്തുകയും സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനം കണ്ടെത്തി. മെട്രോ റെയിൽ നഗര ചലനാത്മകതയെ എങ്ങനെ പുനർനിർമ്മിച്ചുവെന്നും യാത്രാ ക്ലേശം കുറച്ചെന്നും ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ആധുനിക ഗതാഗതസൗകര്യം എങ്ങനെ എത്തിച്ചുവെന്നതും ഈ സുപ്രധാന നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നു.


നമോ ഭാരത് - മേഖലാതല ദ്രുത ഗതാഗത സംവിധാനം (ആർ.ആർ.ടി.എസ്)

ഡൽഹി-മീററ്റ് ആർ.ആർ.ടി.എസിലെ നമോ ഭാരത് ട്രെയിൻ 2023-ൽ ആരംഭിച്ച് 2026 ഫെബ്രുവരിയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്നതിനായി രൂപകല്പന ചെയ്ത ഇത് 160 കിലോമീറ്റർ/മണിക്കൂർ സഞ്ചരിച്ച് വേഗതയാർന്ന യാത്ര ഉറപ്പാക്കുന്നു. എൽ.ടി.ഇ റേഡിയോ നെറ്റ്‌വർക്ക് അടിത്തറ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന, മൂന്നാംതല ഹൈബ്രിഡ് സിഗ്‌നലിങ് സംവിധാനത്തോട് കൂടിയ ലോകത്തിലെ ആദ്യത്തെ രണ്ടാം തല യൂറോപ്യൻ ട്രെയിൻ നിയന്ത്രണ സംവിധാനം (ഇ.ടി.സി.എസ്) ഇതിലുണ്ട്. ആഗോളതലത്തിൽ ആദ്യമായി, ഒരു എൽ.ടി.ഇ (ലോങ് ടേം എവല്യൂഷൻ) നെറ്റ്‌വർക്ക് അടിത്തറയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്നാംതല ഹൈബ്രിഡ് റേഡിയോ അധിഷ്ഠിത സിഗ്‌നലിങ് ഈ റെയിൽ ഇടനാഴിയിൽ നടപ്പിലാക്കി. യാത്രകളിലുടനീളം യാത്രക്കാരുടെ ആത്മവിശ്വാസവും സുരക്ഷയും വർദ്ധിപ്പിക്കുന്ന ഈ നൂതന സാങ്കേതികവിദ്യ ട്രെയിൻ പ്രവർത്തനങ്ങളെ കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കുന്നു.

 


 

ഭരണ പരിഷ്‌കാരങ്ങൾ

ഭരണ പരിഷ്‌കാരങ്ങൾ പൗരന്മാർ സ്ഥാപനങ്ങളുമായി ഇടപഴകുന്ന രീതിയെ പുനർനിർമ്മിച്ചു. നിയമാനുസരണ ബാധ്യതകൾ കുറയ്ക്കുന്നതിലും ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിലും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നിയമനിർമ്മാണത്തിലെ മാറ്റങ്ങളും പൗരാഭിമുഖ പ്ലാറ്റ്‌ഫോമുകളും ദൈനംദിന ആവശ്യങ്ങൾക്കായി വേഗതയേറിയതും നീതിയുക്തവും കൂടുതൽ പ്രവചനീയവുമായ സംവിധാനങ്ങൾ സൃഷ്ടിച്ചു.

നിയമനിർമ്മാണ ലളിതവത്കരണം: ജൻ വിശ്വാസ് നിയമം

2023 ലെ ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം, നിയമാനുസരണ ബാധ്യതകൾ കുറയ്ക്കുന്നതിൽ ഒരു വഴിത്തിരിവായി. ഒന്നിലധികം കേന്ദ്ര നിയമങ്ങളിലുടനീളമുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്ത്, ചെറിയ വീഴ്ചകളെ ക്രിമിനൽ ശിക്ഷകളിൽ നിന്ന് സിവിൽ പരിഹാരങ്ങളിലേക്ക് മാറ്റി. ചെറിയ പിഴവുകൾക്ക് പൗരന്മാർക്കും സംരംഭങ്ങൾക്കും ഇനി തടവ് അനുഭവിക്കേണ്ടി വന്നില്ല, ഇത് ഭയം കുറയ്ക്കുകയും സ്വമേധയാ ഉള്ള അനുസരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2026 ലെ ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമം ഈ നിയമത്തിൻ്റെ വ്യാപ്തി ഗണ്യമായി വികസിപ്പിച്ചു. 79 കേന്ദ്ര നിയമങ്ങളിലായി 784 വ്യവസ്ഥകൾ ഉൾപ്പെടുന്ന ഇത്, 717 വ്യവസ്ഥകൾ കുറ്റകരമല്ലാതാക്കുകയും, പൗരന്മാരെ നേരിട്ട് ബാധിക്കുന്ന 67 വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയും ചെയ്യുന്നു.

  • തടവ് വ്യവസ്ഥകൾക്ക് പകരം പണ പിഴകളോ മുന്നറിയിപ്പുകളോ നൽകിയിട്ടുണ്ട്, ഇത് ചെറിയ നടപടിക്രമ പിഴവുകളുടെ പേരിലുള്ള ആശങ്ക കുറയ്ക്കുന്നു.
  • ആദ്യതവണയുള്ള ലംഘനങ്ങൾ ഉപദേശക നോട്ടീസുകൾ വഴി അഭിസംബോധന ചെയ്തുകൊണ്ട്, ശിക്ഷയ്ക്ക് മുമ്പുള്ള നീതി ഉറപ്പാക്കുന്നു.
  • കുറ്റകൃത്യങ്ങൾക്ക് ആനുപാതികമായി പിഴകൾ യുക്തിസഹമാക്കുന്നു, ഇത് സന്തുലിതവും പ്രവചനീയവുമായ നിർവഹണം സൃഷ്ടിക്കുന്നു.
  • നടപടിക്രമങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനും അഡ്ജുഡിക്കേറ്റിങ് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ.
  • സമയബന്ധിതമായ പരിഹാരം നൽകുന്നതിനും സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി അപ്പലേറ്റ് അതോറിറ്റികളെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ.
  • പിഴകളും പിഴകളും കാലാനുസൃതമായ പരിഷ്‌കരണത്തിന് വിധേയമാണ്, ഇത് നിർവഹണത്തെ പ്രസക്തവും പ്രതികരണശേഷിയുള്ളതുമാക്കി നിലനിർത്തുന്നു.


പൗരന്മാരെ അഭിമുഖീകരിക്കുന്ന പ്ലാറ്റ്‌ഫോമുകൾ

പൗര കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്ത ഭരണനിർവഹണത്തിൻ്റെ മുൻനിരയായി മാറിയിരിക്കുന്നു. ഇവ വേഗത്തിലുള്ള പരാതി പരിഹാരവും പങ്കാളിത്തത്തിനുള്ള മാർഗങ്ങളും വാഗ്ദാനം ചെയ്യുന്നു.

കേന്ദ്രീകൃത പൊതുജന പരാതി പരിഹാര, നിരീക്ഷണ സംവിധാനം (സി.പി.ജി.ആർ.എ.എം.എസ്): പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പൗരന്മാരുടെ സംതൃപ്തി നിരീക്ഷിക്കുന്നതിന്  മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്കായി ലഭ്യമായ ഒരു സമർപ്പിത പ്രതികരണ പോർട്ടൽ.
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ ഏകദേശം 6 ലക്ഷം പരാതികൾ പരിഹരിക്കപ്പെടുകയും, അതിൽ 69.8 ശതമാനം പരാതിക്കാർ തൃപ്തികരമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. ഉത്തരവാദിത്തമുള്ള സേവന വിതരണത്തിലേക്കുള്ള അടിസ്ഥാനപരമായ മാറ്റമാണ് ഇത് പ്രകടമാക്കിയത്.

മൈ ഗവ് (MyGov): 2014 ൽ ആരംഭിച്ച മൈ ഗവ്, ഭരണനിർവഹണത്തിൽ പൗരന്മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. നയരൂപീകരണത്തിൽ പൊതുജനങ്ങളുടെ ശബ്ദങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ സംവേദനാത്മക ജനാധിപത്യത്തിൻ്റെ ഒരു പുതിയ യുഗം ഈ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. 60 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള ഇത്, പൗരന്മാർക്കും ഗവണ്മെൻ്റിനും ഇടയിലുള്ള ഒരു ചലനാത്മക പാലമായി പ്രവർത്തിക്കുന്നു.

28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൈ ഗവ് പ്രത്യേക സംസ്ഥാന ഘടകങ്ങൾ ആരംഭിച്ചിട്ടുണ്ട്, ഇത് രാജ്യവ്യാപകമായി പങ്കാളിത്ത പ്രചാരണം വിപുലീകരിക്കുന്നു. ഈ ഘടകങ്ങൾ ഓരോ സംസ്ഥാനങ്ങൾക്കും വേണ്ടി മാത്രമായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളവയാണ്. പ്ലാറ്റ്‌ഫോം ചർച്ചകൾ, നയ പ്രചാരണം, പദ്ധതി വിവരങ്ങൾ എന്നിവയിലൂടെ ഭരണം ജനങ്ങളുടെ കൂട്ടായ അറിവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് മൈ ഗവ് ഉറപ്പാക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ പൗരന്മാർക്ക് നേരിട്ടുള്ള ശബ്ദവും വേഗത്തിലുള്ള പരാതി പരിഹാരവും നൽകി, അതുവഴി സ്ഥാപനങ്ങളിലുള്ള വിശ്വാസം മെച്ചപ്പെടുത്തുന്നു.

പി.എം. ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ

2021 ൽ ആരംഭിച്ച പി.എം ഗതിശക്തി പദ്ധതിയിൽ 58 മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംയോജിത ആസൂത്രണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. അവയുടെ ഡാറ്റ പാളികൾ ദേശീയ മാസ്റ്റർ പ്ലാനിൽ ഏകീകരിക്കുകയും മേഖലകളിലുടനീളം ഏകോപിത അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുകയും ചെയ്യുന്നു.

കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള 3,204 ഡാറ്റ പാളികളാണ് ജി.ഐ.എസ് അധിഷ്ഠിത പോർട്ടലിൽ ഉപയോഗിക്കുന്നത്. പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, സമഗ്ര വളർച്ചയ്ക്കായി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സാമൂഹിക മേഖലകളെ ഉൾക്കൊള്ളുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോം വ്യാപിക്കുന്നത്. വിശാലമായ പങ്കാളിത്തത്തിനായി പൊതുജനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കുമായും പി.എം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ തുറന്നിരിക്കുന്നു.

ഈ പരിഷ്‌കാരങ്ങളും പ്ലാറ്റ്‌ഫോമുകളും നിയമാനുസരണ ബാധ്യതകൾ കുറയ്ക്കുകയും സുതാര്യത ശക്തിപ്പെടുത്തുകയും ദൈനംദിന ഇടപെടലുകൾ മെച്ചപ്പെടുത്തുകയും ചെയ്തു. പൗരന്മാർക്ക് വേഗതയേറിയ സേവനങ്ങൾ, ന്യായമായ നിർവ്വഹണം, തീരുമാനമെടുക്കലിൽ കൂടുതൽ പങ്കാളിത്തം എന്നിവ അനുഭവപ്പെട്ടു. വിശ്വാസത്തിലേക്കും സുഗമ സൗകര്യങ്ങളിലേക്കുമുള്ള നിർണായക മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, പതിവ് പ്രക്രിയകൾ സമ്മർദ്ദം കുറഞ്ഞതും കൂടുതൽ പ്രവചനീയവും കൂടുതൽ ശാക്തീകരണപരവുമായി മാറി.

വികസിത ഇന്ത്യയുടെ അടിത്തറയായി 'ജീവിതം അനായാസമാക്കൽ'


2014 മുതൽ 2026 വരെയുള്ള ഇന്ത്യയുടെ ഭരണനിർവഹണ പ്രയാണം ജനജീവിതങ്ങളെ കൂടുതൽ അന്തസ്സുറ്റതാക്കുന്നതും ശാക്തീകരിക്കുന്നതുമാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഓരോ വീടും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിൽ നിന്ന് മോചിപ്പിച്ചു. അതേസമയം, ഓരോ പൈപ്പ് ജല കണക്ഷനും മണിക്കൂറുകളുടെ കഷ്ടപ്പാടുകൾ ഒഴിവാക്കി. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും ഉപജീവനമാർഗത്തിനും പ്രത്യേകമായി സമയം ലഭിച്ചു. ഓരോ ജൻ ധൻ അക്കൗണ്ടും സമ്പാദ്യവും വായ്പയും ലഭ്യമാക്കിക്കൊണ്ട് കുടുംബങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്തു.

റോഡുകൾ, മെട്രോകൾ, വിമാനത്താവളങ്ങൾ എന്നിവ സമൂഹങ്ങളെ അവസരങ്ങളുമായി ബന്ധിപ്പിച്ചു, ഒറ്റപ്പെടൽ കുറയ്ക്കുകയും വളർച്ചയിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ കേവലം സ്ഥിതിവിവരക്കണക്കുകളല്ല; ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ദൈനംദിന ജീവിതത്തിൽ ദൃശ്യവും യഥാർത്ഥവുമായ മാറ്റങ്ങളെ അവ പ്രതിനിധീകരിക്കുന്നു.

'2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഈ അടിത്തറ ദേശീയ പുരോഗതിയുടെ കേന്ദ്രബിന്ദുവായി തുടരുന്നു. എല്ലാ പൗരൻമാർക്കും എല്ലാവരെയും ഉൾച്ചേർക്കുന്ന വളർച്ച, സുസ്ഥിരത, അന്തസ്സ് എന്നിവ പരസ്പര പൂരക ലക്ഷ്യങ്ങളാണ്, അല്ലാതെ മത്സരിക്കുന്ന മുൻഗണനകളല്ല.

2014 മുതൽ 2026 വരെയുള്ള പന്ത്രണ്ട് വർഷങ്ങൾ പൗരകേന്ദ്രീകൃതവും, ദൗത്യനിർവ്വഹണപരവും, സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ ഭരണനിർവഹണത്തിന് വിപുലമായ തോതിലുള്ള ഫലങ്ങൾ നൽകാൻ കഴിയുമെന്നത് തെളിയിച്ചു. ഈ ഫലങ്ങൾ ജീവിതത്തെ വേഗത്തിലും ആഴത്തിലും പുനർനിർമ്മിച്ചു കൊണ്ട്, ലോകത്തിന് പഠിക്കാൻ സാധിക്കുന്ന പരിവർത്തനത്തിൻ്റെ പാഠങ്ങൾ നൽകുന്നു.
 

References:

Ministry of Housing and Urban Affairs:

https://pmaymis.gov.in/pmaymis2_2024/PMAY_SURVEY/EligiblityCheck.aspx

https://www.pib.gov.in/pressreleasepage.aspx?prid=1777284&reg=3&lang=2

https://amrut.mohua.gov.in/uploads/AMRUT_2.0_Operational_Guidelines.pdf

https://sbmurban.org/

https://www.pib.gov.in/PressReleasePage.aspx?PRID=2220345&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2066736&reg=3&lang=2

Ministry of Rural Development:

https://www.pib.gov.in/PressReleaseIframePage.aspx?PRID=1944744&reg=3&lang=2

https://pmayg.dord.gov.in/netiayHome/Home.aspx

https://www.pib.gov.in/PressReleasePage.aspx?PRID=2075171&reg=3&lang=2

Ministry of Power:

https://www.pib.gov.in/PressReleasePage.aspx?PRID=2256313&reg=3&lang=1

https://newsonair.gov.in/pm-surya-ghar-scheme-achieves-major-milestone-as-40-lakh-households-embrace-rooftop-solar/

https://www.pib.gov.in/PressReleaseIframePage.aspx?PRID=2111106&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2217216&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2090639&reg=3&lang=2#:~:text=36.87%20crore%20LED%20bulbs%20distributed,Introduction

Press Information Bureau:

https://www.pib.gov.in/PressNoteDetails.aspx?NoteId=154355&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2182568&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2191618&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=155102&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2241822&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110101.pdf

Cabinet:

https://www.pib.gov.in/PressReleasePage.aspx?PRID=2237548&reg=3&lang=1

Ministry of Jal Shakti:

https://ejalshakti.gov.in/jjmreport/jjmindia.aspx

https://www.pib.gov.in/PressReleasePage.aspx?PRID=2226993&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2114291&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2114291&reg=6&lang=1

https://swachhbharatmission.ddws.gov.in/about_sbm

https://www.pib.gov.in/PressReleasePage.aspx?PRID=2040171&reg=3&lang=2

https://sbm.gov.in/sbmgdashboard/statesdashboard.aspx

https://www.pib.gov.in/PressReleasePage.aspx?PRID=2248393&reg=3&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2237010&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2247224&reg=3&lang=1

Prime Minister’s Office:

https://www.pmindia.gov.in/en/government_tr_rec/leveraging-the-power-of-jam-jan-dhan-aadhar-and-mobile/

Ministry of Finance:

https://www.pmjdy.gov.in/account

https://www.pib.gov.in/PressReleaseIframePage.aspx?PRID=2069170&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2249915&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1896725&reg=3&lang=2

Ministry of Commerce & Industry:

https://www.pib.gov.in/PressReleasePage.aspx?PRID=2246226&reg=3&lang=1

Ministry of Personnel, Public Grievance and Pensions:

https://sansad.in/getFile/loksabhaquestions/annex/187/AU6033_XP4G1y.pdf?source=pqals

MyGov:

https://www.mygov.in/overview

Ministry of Civil Aviation:

https://www.pib.gov.in/PressReleaseIframePage.aspx?PRID=1657813&reg=48&lang=2

Ministry of Petroleum and Natural Gas:

https://sansad.in/getFile/loksabhaquestions/annex/187/AU3352_6sijmI.pdf?source=pqals

https://www.facebook.com/PetroleumMinIndia/videos/iea-applauds-india-for-pm-ujjwala-yojanadr-fatih-birol-executive-director-of-iea/378453946154485/

Asian Development Bank (ADB):

https://www.adb.org/publications/energy-resilience-social-protection-india

 

Cleck to See PDF

 

****

(Explainer ID: 158919) आगंतुक पटल : 8
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil , Telugu , Kannada