• Sitemap
  • Advance Search
Infrastructure

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപ്പാത: ഇന്ത്യയുടെ റെയിൽവേ ആധുനികവത്കരണത്തിന്റെ പുരോഗതി

Posted On: 12 JUN 2026 5:04PM

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപ്പാത (MAHSR) പദ്ധതി ഇന്ത്യയുടെ റെയിൽവേ ആധുനികവത്കരണ ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തെ ആദ്യ അതിവേഗ റെയിൽ ഇടനാഴി എന്ന നിലയിൽ നഗരങ്ങൾ തമ്മിലുള്ള യാത്രാസംവിധാനത്തിൽ മാറ്റം വരുത്താനും ആഭ്യന്തര റെയിൽവേ ശേഷി ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. 508 കിലോമീറ്റർ നീളമുള്ള ഈ ഇടനാഴി മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര നഗർ ഹവേലി എന്നിവടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് അതിവേഗ യാത്രാ ഗതാഗതത്തെ വയാഡക്റ്റുകൾ, തുരങ്കങ്ങൾ, പാലങ്ങൾ, സ്റ്റേഷനുകൾ, സിഗ്നലിംഗ്, പവർ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ അടിസ്ഥാന സൗകര്യ വികസനവുമായി സംയോജിപ്പിക്കുന്നു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനപ്പുറം ഈ പദ്ധതി സാങ്കേതിക വൈദഗ്ധ്യവും വ്യാവസായിക ശേഷിയും സ്ഥാപനപരമായ അറിവും കെട്ടിപ്പടുക്കുന്നു. ഈ ശേഷികൾ ഇന്ത്യയിലുടനീളം അതിവേഗ റെയിലിന്റെ ഭാവി വിപുലീകരണത്തിന് പിന്തുണ നൽകും.

പരമ്പരാഗത റെയിലിൽ നിന്ന് അതിവേഗ കണക്റ്റിവിറ്റിയിലേക്ക്

ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഇത് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തിനുള്ള ഒരു സുപ്രധാന മാർഗ്ഗമായി തുടരുന്നു. വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആളുകളുടെയും ചരക്കുകളുടെയും സുഗമമായ നീക്കത്തിന് ഇത് സൗകര്യമൊരുക്കുന്നു. ഈ കണക്റ്റിവിറ്റി സാമ്പത്തിക വളർച്ചയ്ക്കും വിപണികൾ, വിദ്യാഭ്യാസം, അവശ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള മികച്ച പ്രവേശനത്തിനും സംഭാവന നൽകുന്നു. വർധിച്ചുവരുന്ന ഗതാഗത ആവശ്യകതകൾ നിറവേറ്റുന്നതിനായി റെയിൽവേ ശൃംഖലയും അതിന്റെ ചരക്ക്,യാത്രാ ശേഷിയും വർഷങ്ങളായി സ്ഥിരതയോടെ വികസിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ മാറിവരുന്ന നഗര പശ്ചാത്തലം ആളുകളുടെ ജീവിതരീതിയിലും ജോലിയിലും യാത്രയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രധാന സാമ്പത്തിക കേന്ദ്രങ്ങളുടെ വികസനം ദൂരയാത്രകളുടെയും നഗരങ്ങൾ തമ്മിലുള്ള യാത്രകളുടെയും ആവശ്യകത വർധിപ്പിച്ചു. പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ യാത്രാ ആവശ്യങ്ങൾക്കുള്ള മറുപടിയെന്നോണം ഇന്ത്യ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (MAHSR) ഇടനാഴിക്ക് തുടക്കം കുറിച്ചു. 2017 സെപ്റ്റംബറിൽ തറക്കല്ലിട്ടതോടെ ഈ പദ്ധതി ഇന്ത്യയുടെ അതിവേഗ റെയിൽ പ്രയാണത്തിന്റെ തുടക്കം കുറിച്ചു. യാത്രക്കാരുടെ സൗകര്യം, സുരക്ഷിതത്വം, വിശ്വാസ്യത എന്നിവ വർധിപ്പിക്കുന്നതോടൊപ്പം യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഈ ഇടനാഴി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിലേക്കും സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിലേക്കുമുള്ള ഒരു പ്രധാന ചുവടുവെപ്പിനെക്കൂടിയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

MAHSR: കാഴ്ചപ്പാടിനെ അടിസ്ഥാന സൗകര്യമാക്കി മാറ്റുന്നു

പരമ്പരാഗത റെയിൽവേകളേക്കാൾ ഗണ്യമായ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള യാത്രാ റെയിൽ സംവിധാനങ്ങളെയാണ് അതിവേഗ റെയിൽ (ഹൈ-സ്പീഡ് റെയിൽ - HSR) എന്നുവിളിക്കുന്നത്. ഈ സംവിധാനങ്ങൾ സാധാരണയായി പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള ഇടനാഴികളിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ നൂതന റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, കമ്മ്യൂണിക്കേഷൻ, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയെയാണ് ഇവ ആശ്രയിക്കുന്നത്. ഇത്തരം സവിശേഷതകൾ ഉയർന്ന തോതിലുള്ള പ്രവർത്തനക്ഷമതയും വിശ്വാസ്യതയും സാധ്യമാക്കുന്നു. പ്രവർത്തനപരമായ ആവശ്യങ്ങൾക്കായി മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ സർവീസ് നടത്തുന്ന റെയിൽവേ സംവിധാനങ്ങളെയാണ് അതിവേഗ റെയിലെന്ന് നിർവചിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ ഏറ്റവും ഉയർന്ന നിർമ്മിത വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഇത് വന്ദേ ഭാരത് പോലുള്ള സെമി-ഹൈ-സ്പീഡ് സർവീസുകളിലൂടെയാണ് കൈവരിച്ചിട്ടുള്ളത്. ഇതിന് വിപരീതമായി മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (MAHSR) പദ്ധതിക്ക് മണിക്കൂറിൽ 350 കിലോമീറ്റർ നിർമ്മിത വേഗതയും മണിക്കൂറിൽ 320 കിലോമീറ്റർ പ്രവർത്തന വേഗതയുമുണ്ട്. ഇന്ത്യയിൽ ഏറ്റെടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വിപുലമായ റെയിൽ അടിസ്ഥാന സൗകര്യ വികസന പരിപാടികളിലൊന്നാണിത്. മുംബൈയെയും അഹമ്മദാബാദിനെയും ഏകദേശം 1 മണിക്കൂർ 58 മിനിറ്റ് കൊണ്ട് ഇത് പരസ്പരം ബന്ധിപ്പിക്കും.

അതിവേഗ യാത്രാ ഗതാഗതത്തിന് പുറമെ ഈ പദ്ധതി രാജ്യത്ത് ആദ്യമായി ഒരു ആഭ്യന്തര അതിവേഗ റെയിൽ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നു. വയാഡക്റ്റ് നിർമ്മാണം, ബാലസ്റ്റ്‌ലെസ് ട്രാക്ക്  ഇൻസ്റ്റാളേഷൻ, ടണലിംഗ്, ബ്രിഡ്ജ് ലോഞ്ചിംഗ്, സ്റ്റേഷൻ-ഏരിയ പ്ലാനിംഗ് എന്നിവ ഈ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കുമുള്ള പ്രത്യേക പരിശീലനത്തോടൊപ്പം സിഗ്നലിംഗ്, പവർ സിസ്റ്റംസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്ന അറിവ്, കഴിവുകൾ, ശേഷികൾ എന്നിവ രാജ്യത്തുടനീളമുള്ള ഭാവി അതിവേഗ റെയിൽ ഇടനാഴികൾക്ക് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

508 കിലോമീറ്റർ നീളമുള്ള MAHSR ഇടനാഴി മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഇടനാഴിയിൽ മുംബൈ (BKC), താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനും അത് സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ സവിശേഷതയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലിക വാസ്തുവിദ്യ, ആധുനിക സൗകര്യങ്ങൾ, മൾട്ടിമോഡൽ കണക്റ്റിവിറ്റി (വിവിധ ഗതാഗത സംവിധാനങ്ങളുടെ സംയോജനം) എന്നിവ ഇവയുടെ രൂപകൽപ്പനയുടെ അവിഭാജ്യ ഘടകങ്ങളാണ്. ബുള്ളറ്റ് ട്രെയിൻ, മെട്രോ, ബി.ആർ.ടി.എസ് (BRTS), റെയിൽവേ ശൃംഖലകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മൾട്ടിമോഡൽ ഹബ്ബായിട്ടാണ് സബർമതി സ്റ്റേഷൻ വികസിപ്പിക്കുന്നത്. ഇതിന് ചുറ്റുമുള്ള പ്രദേശം ഗതാഗത കേന്ദ്രീകൃത വികസന തത്വങ്ങൾ പാലിച്ചാണ് ആസൂത്രണം ചെയ്യുന്നത്. ഈ ഇടനാഴിയിലെ ആദ്യത്തെ അതിവേഗ റെയിൽ സർവീസ് 2027 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പാതയുടെ ഏകദേശം 90 ശതമാനവും എലിവേറ്റഡ് രീതിയിലാണ് നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണം പ്രധാനമായും ഫുൾ സ്പാൻ ലോഞ്ചിംഗ് മെത്തേഡ് (FSLM) വഴിയാണ് നടപ്പാക്കുന്നത്. ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്. ഇത് പരമ്പരാഗത സെഗ്‌മെന്റൽ നിർമ്മാണ രീതിയേക്കാൾ പത്തിരട്ടി വേഗതയേറിയതാണ്. ട്രെയിൻ സർവീസ് നടത്തുമ്പോഴുള്ള ശബ്ദം കുറയ്ക്കുന്നതിനായി വയാഡക്റ്റിന്റെ ഇരുവശങ്ങളിലും നോയിസ് ബാരിയറുകൾ (ശബ്ദ പ്രതിരോധ ഭിത്തികൾ) സ്ഥാപിക്കുന്നുണ്ട്. കാര്യക്ഷമമായ നിർമ്മാണം, മികച്ച പ്രവർത്തനക്ഷമത, സംയോജിത നഗര വികസനം എന്നിവയിൽ ഈ ഇടനാഴി നൽകുന്ന ഊന്നലിനെയാണ് ഈ സവിശേഷതകൾ എടുത്തുകാട്ടുന്നത്.

സാങ്കേതിക സവിശേഷതകളും സംവിധാനങ്ങളും

ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയും പ്രവർത്തന മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് MAHSR പദ്ധതി വികസിപ്പിക്കുന്നത്. ട്രാക്ഷൻ, വൈദ്യുതീകരണം, ട്രാക്ക് അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള നൂതന സംവിധാനങ്ങൾ ഈ ഇടനാഴിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഔദ്യോഗിക പദ്ധതി അവലോകനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രധാന സാങ്കേതിക ഘടകങ്ങൾ താഴെ പറയുന്നവയാണ്:

  • ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ (OHE): ഇടനാഴിയിലുടനീളം 20,000-ത്തിലധികം OHE മാസ്റ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2×25 kV ഓവർഹെഡ് ട്രാക്ഷൻ സിസ്റ്റം ഷിൻകാൻസെൻ അധിഷ്ഠിത OHE കാന്റിലിവറുകളാണ് ഉപയോഗിക്കുന്നത്.
  • ട്രാക്ഷനും പവർ സപ്ലൈയും: ഈ പദ്ധതിയിൽ 12 ട്രാക്ഷൻ സബ്‌സ്റ്റേഷനുകളും 2 ഡിപ്പോ ട്രാക്ഷൻ സബ്‌സ്റ്റേഷനുകളും 16 ഡിസ്ട്രിബ്യൂഷൻ സബ്‌സ്റ്റേഷനുകളും ഉൾപ്പെടുന്നു.
  • ട്രാക്ക് സിസ്റ്റം: ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ജെ-സ്ലാബ് ബാലസ്റ്റ്‌ലെസ് ട്രാക്ക് ഇന്ത്യയിൽ ആദ്യമായി ഇവിടെ വിന്യസിക്കുന്നു.
  • ട്രാക്ക് കൺസ്ട്രക്ഷൻ ബേസുകൾ: റെയിലുകൾ, ട്രാക്ക് സ്ലാബുകൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ട്രാക്ക് കൺസ്ട്രക്ഷൻ ബേസുകൾ സ്ഥാപിക്കുന്നുണ്ട്.
  • റോളിംഗ് സ്റ്റോക്ക് ഡിപ്പോകൾ: ഗുജറാത്തിലെ സബർമതി, സൂറത്ത് എന്നിവിടങ്ങളിലും മഹാരാഷ്ട്രയിലെ താനെയിലുമായി മൂന്ന് ഡിപ്പോകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഇടനാഴിയിലുടനീളമുള്ള എഞ്ചിനീയറിംഗ് പുരോഗതി

MAHSR ഇടനാഴി നദികൾ, നഗരപ്രദേശങ്ങൾ, ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇതിന് വിപുലമായ പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഈ നിർമ്മിതികൾ പദ്ധതിയിലെ ഏറ്റവും സങ്കീർണ്ണമായ ചില എഞ്ചിനീയറിംഗ് ഘടകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ഇടനാഴിയിലുടനീളം പാലങ്ങളുടെ നിർമ്മാണം

ഈ ഇടനാഴിയിൽ 25 നദീജല പാലങ്ങൾ ഉൾപ്പെടുന്നു. അവയിൽ 21 എണ്ണം ഗുജറാത്തിലും 4 എണ്ണം മഹാരാഷ്ട്രയിലുമാണ് സ്ഥിതി ചെയ്യുന്നത്. മേശ്വ, വാത്രക്, മോഹർ (ഷേധി), വിശ്വാമിത്രി, ധാധർ, കിം, മിൻധോള, പൂർണ, അംബിക, വെംഗനിയ, കാവേരി, ഖരേര, ഔരംഗ, പാർ, കോലക്, ദമൻ ഗംഗ, ദരോത എന്നീ നദികളുൾപ്പെടെ നിരവധി നദികളിലെ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

  • സബർമതി, നർമ്മദ, താപി, ജഗാനി, വൈതരണ എന്നീ പ്രധാന നദികൾക്ക് കുറുകെയുള്ള പാലങ്ങളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
  • മഹി നദിയിലെ പാലത്തിൽ, ആകെയുള്ള 12 കിണറുകളിൽ 11 എണ്ണം പൂർത്തിയാവുകയും അഞ്ച് സ്പാനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
  • താപി നദിയിലെ പാലത്തിൽ അടിത്തറയുടെ പണികൾ നടന്നുവരികയാണ്. കൂടാതെ 12 കിണറുകളിൽ 10 എണ്ണം പൂർത്തിയായിട്ടുണ്ട്.
  • സബർമതി നദിയിലെ പാലത്തിൽ അടിത്തറയുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാകുകയും ഉപരിതല ഘടനയുടെ നിർമ്മാണം നടന്നുവരികയുമാണ്.
  • ദേശായി ഖാഡി ക്രോസിംഗിനായുള്ള ജിയോടെക്നിക്കൽ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്, കൂടാതെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്.
  • ഉല്ലാസ് നദീശാഖയ്ക്ക് കുറുകെയുള്ള ക്രോസിംഗിൽ ഒരു താൽക്കാലിക ആക്‌സസ് ബ്രിഡ്ജിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.

നദീതീര ക്രോസിംഗുകൾക്ക് പുറമേ ഹൈവേകൾ, കനാലുകൾ, നദികൾ, റെയിൽവേ ട്രാക്കുകൾ എന്നിവയ്ക്ക് മുകളിലായി 28 സ്റ്റീൽ പാലങ്ങളും ഈ ഇടനാഴിയിൽ ഉൾപ്പെടുന്നുണ്ട്. ഈ നിർമ്മിതികൾ ഒന്നിച്ച് ഇടനാഴിയുടെ എഞ്ചിനീയറിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ നിർണായകമായ ഒരു ഘടകമായി മാറുന്നു.

ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലുള്ള റെയിൽ തുരങ്കം

ഈ ഇടനാഴിയിൽ മഹാരാഷ്ട്രയിലായി ഏകദേശം 21 കിലോമീറ്റർ നീളമുള്ള ഒരു തുരങ്ക ഭാഗം ഉൾപ്പെടുന്നുണ്ട്. താനെ ക്രീക്കിന് അടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലുള്ള റെയിൽ തുരങ്കം ഈ ഭാഗത്തിന്റെ സവിശേഷതയാണ്. കടലിനടിയിലൂടെയുള്ള ഈ ഭാഗം ഏകദേശം 7 കിലോമീറ്ററോളം നീളമുള്ളതാണ്. തുരങ്ക നിർമ്മാണത്തിനായി ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് (NATM), ടണൽ ബോറിംഗ് മെഷീൻ (TBM) സാങ്കേതികവിദ്യ എന്നിവ സംയുക്തമായി ഉപയോഗിക്കുന്നു. ഈ പാതയിൽ 5 കിലോമീറ്റർ NATM വിഭാഗവും 16 കിലോമീറ്റർ TBM വിഭാഗവും ഉൾപ്പെടുന്നു. രണ്ട് ട്രാക്കുകളും 13.1 മീറ്റർ വ്യാസമുള്ള ഒരൊറ്റ തുരങ്കക്കുഴലിനുള്ളിൽ തന്നെയാണ് ക്രമീകരിക്കുക. ഇതിനായി ഉപയോഗിക്കുന്ന TBM കട്ടർ ഹെഡിന് 13.6 മീറ്റർ വ്യാസമുണ്ട്. ഇത് ഒരു ഇന്ത്യൻ റെയിൽവേ പദ്ധതിയിൽ ഉപയോഗിക്കുന്നതിൽ വെച്ച് ഏറ്റവും വലുതാണ്. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സ്ഥിരതയോടെ പുരോഗമിക്കുകയാണ്. ഘാൻസോലിക്കും ഷിൽഫാതയ്ക്കും ഇടയിലുള്ള കടലിനടിയിലെ തുരങ്കത്തിന്റെ 4.8 കിലോമീറ്റർ ഭാഗം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്.

ടണൽ ബോറിംഗ് മെഷീനുകൾ (TBM)

മെട്രോ ശൃംഖലകളിലും നീളമേറിയ റെയിൽ/റോഡ് തുരങ്കങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന TBM-കൾ ജനസാന്ദ്രതയേറിയതും ഭൂഗർഭ ഘടന സങ്കീർണ്ണവുമായ പ്രദേശങ്ങളിൽ ഉയർന്ന കൃത്യതയും കുറഞ്ഞ പ്രകമ്പനവും മികച്ച സുരക്ഷയും നൽകുന്നു.

ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് (NATM)

പർവ്വതപ്രദേശങ്ങളിൽ വ്യാപകമായി സ്വീകരിച്ചുവരുന്ന NATM സാങ്കേതികവിദ്യ തുരങ്കം തുരക്കുന്നതിനനുസരിച്ച് അതിനുള്ള താങ്ങുസംവിധാനങ്ങളിൽ തത്സമയം മാറ്റങ്ങൾ വരുത്താൻ എഞ്ചിനീയർമാരെ അനുവദിക്കുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്നതും എളുപ്പത്തിൽ തകരാൻ സാധ്യതയുള്ളതുമായ പാറക്കെട്ടുകളുള്ള ഭൂപ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്.

സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കൽ

വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളിൽ വിശ്വസനീയമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിനായി നൂതന സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങൾ MAHSR ഇടനാഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പം കണ്ടെത്തൽ, മഴ നിരീക്ഷണം, കാറ്റിന്റെ വേഗത നിരീക്ഷണം എന്നിവയ്ക്കുള്ള സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് തത്സമയ വിലയിരുത്തലുകൾ നടത്താനും ആവശ്യമുള്ളപ്പോഴെല്ലാം ഉടനടി പ്രവർത്തനപരമായ പ്രതികരണങ്ങൾ നൽകാനും സാധ്യമാക്കുന്നു.

മഴ നിരീക്ഷണ സംവിധാനം

ബുള്ളറ്റ് ട്രെയിൻ സർവീസുകളുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഒരു ഓട്ടോമേറ്റഡ് മഴ നിരീക്ഷണ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ഇടനാഴിയിലെ നിർണായക സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മഴമാപിനികളിലൂടെ ഈ സംവിധാനം തത്സമയ മഴ വിവരങ്ങൾ നൽകുന്നു. മഴയെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ കൺട്രോൾ സെന്ററിലേക്ക് (OCC) നിരന്തരം കൈമാറുന്നു. പ്രവർത്തനപരമായ തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി അവിടെ ഇത് നിരീക്ഷിക്കപ്പെടുന്നു. ഇതിൽ രണ്ട് പ്രധാന ഘടകങ്ങളാണ് അളക്കുന്നത്, അതായത്, മണിക്കൂർ തോറുമുള്ള മഴയും കഴിഞ്ഞ 24 മണിക്കൂറിലെ ആകെ മഴയും. ഭൂഘടനകൾ, സ്വാഭാവിക ചരിവുകൾ, തുരങ്ക കവാടങ്ങൾ, മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഈ അളവുകൾ സഹായിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധി മൂല്യങ്ങളുടെയും പരിപാലന സംഘങ്ങളുടെ ഫീൽഡ് പരിശോധനയുടെയും അടിസ്ഥാനത്തിൽ ആവശ്യമുള്ളപ്പോഴെല്ലാം അനുയോജ്യമായ പ്രവർത്തന നടപടികൾ നടപ്പിലാക്കാൻ സാധിക്കും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിലുടനീളം ഇത്തരം ആറ് മഴമാപിനി സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഓരോ സ്റ്റേഷനും ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിരീക്ഷിക്കുന്നതായിരിക്കും.

കാറ്റിന്റെ വേഗതാ നിരീക്ഷണ സംവിധാനം

MAHSR ഇടനാഴിയുടെ ചില ഭാഗങ്ങൾ തീരദേശങ്ങളിലൂടെയും ശക്തമായ കാറ്റ് അനുഭവപ്പെടുന്ന മറ്റ് സ്ഥലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അത്തരം പ്രദേശങ്ങളിൽ സുരക്ഷിതമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിനായി ഇടനാഴിയിലുടനീളം കാറ്റിന്റെ വേഗതാ നിരീക്ഷണ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഒമ്പതും മഹാരാഷ്ട്രയിലെ അഞ്ചും ഉൾപ്പെടെ 14 സ്ഥലങ്ങൾ അനിമോമീറ്ററുകൾ (കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം) സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. ഈ ഉപകരണങ്ങൾ കാറ്റിന്റെ വേഗതയും ദിശയും തത്സമയം അളക്കുകയും മണിക്കൂറിൽ 0 മുതൽ 252 കിലോമീറ്റർ വരെയുള്ള കാറ്റിന്റെ വേഗത രേഖപ്പെടുത്താൻ ശേഷിയുള്ളവയുമാണ്. ഈ വിവരങ്ങൾ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ (OCC) നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കാറ്റിന്റെ വേഗത മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിയിൽ എത്തുമ്പോൾ പ്രവർത്തനപരമായ പ്രോട്ടോക്കോളുകൾ സജീവമാക്കപ്പെടും. മണിക്കൂറിൽ 72 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെയുള്ള കാറ്റിന്റെ വേഗതയ്ക്ക് സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ട്രെയിനുകളുടെ വേഗത നിയന്ത്രിക്കുന്നതായിരിക്കും.

ഭൂകമ്പം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സംവിധാനം

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി MAHSR പദ്ധതിയിൽ 28 സീസ്മോമീറ്ററുകൾ ഉൾപ്പെടുന്ന ഭൂകമ്പം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള ഒരു സംവിധാനം സജ്ജീകരിക്കും. ഈ സംവിധാനം ഭൂകമ്പത്തിന്റെ പ്രാഥമിക തരംഗങ്ങളെ കണ്ടെത്തുകയും സ്വയമേവ പവർ സപ്ലൈ വിച്ഛേദിക്കുകയും ചെയ്യും. ഇത് ബാധിക്കപ്പെട്ട ഭാഗങ്ങളിലുള്ള ട്രെയിനുകളെ അടിയന്തര ബ്രേക്കിംഗിലൂടെ സുരക്ഷിതമായി നിർത്താൻ പ്രാപ്തമാക്കുന്നു. ആകെയുള്ള 28 സീസ്മോമീറ്ററുകളിൽ 22 എണ്ണം പാതയിലുടനീളമാണ് സ്ഥാപിക്കുക. ബാക്കിയുള്ള 6 എണ്ണം വിശദമായ ഭൂകമ്പ സർവേകളിലൂടെയും മണ്ണ് അനുയോജ്യതാ പഠനങ്ങളിലൂടെയും കണ്ടെത്തിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലാണ് സ്ഥാപിക്കുക. മുൻകാല ഭൂകമ്പ വിവരങ്ങളും മൈക്രോട്രെമർ പരിശോധനകളും അടിസ്ഥാനമാക്കിയാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.

2026-ലെ പ്രധാന പദ്ധതി നാഴികക്കല്ലുകൾ

2026-ൽ ഇടനാഴിയുടെ വിവിധ ഘടകങ്ങളിലുടനീളം പുരോഗതി രേഖപ്പെടുത്തിക്കൊണ്ട് നിരവധി സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ട്. താഴെ പറയുന്ന സംഭവവികാസങ്ങൾ പദ്ധതി നടപ്പാക്കലിന്റെ വേഗതയെ വ്യക്തമാക്കുന്നു:

തീയതി

നാഴികക്കല്ല്

2026 ജനുവരി 29

അഹമ്മദാബാദിൽ 100 മീറ്റർ നീളമുള്ള 'മേക്ക് ഇൻ ഇന്ത്യ' സ്റ്റീൽ പാലം പൂർത്തിയായി.

2026 ഫെബ്രുവരി 03

മഹാരാഷ്ട്രയിലെ പാൽഗറിൽ രണ്ടാമത്തെ പർവ്വത തുരങ്കം തുരക്കുന്നതിൽ വിജയം കൈവരിച്ചു.

2026 മാർച്ച് 17

ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾ നഗരത്തിന്റെ ഗതാഗത ആവാസവ്യവസ്ഥയുമായി സംയോജിപ്പിക്കാൻ സജ്ജീകരിക്കുന്നു.

2026 ഏപ്രിൽ 08

നിലവിൽ സർവീസ് നടത്തുന്ന റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെയുള്ള ഏറ്റവും ഭാരമേറിയ പോർട്ടൽ ബീം സ്ഥാപിച്ചു.

2026 ഏപ്രിൽ 09

മഹാരാഷ്ട്രയിലെ വിഖ്റോലിയിൽ ആദ്യത്തെ ടി.ബി.എം (TBM)-ന്റെ കൂട്ടിയോജിപ്പിക്കൽ ആരംഭിച്ചു.

2026 ഏപ്രിൽ 11

സാവ്ലിയിൽ രണ്ടാമത്തെ ടി.ബി.എം (TBM)-ന്റെ കൂട്ടിയോജിപ്പിക്കൽ ആരംഭിച്ചു.

2026 ഏപ്രിൽ 22

ബുള്ളറ്റ് ട്രെയിൻ വയാഡക്റ്റിൽ ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു.

2026 ഏപ്രിൽ 27

സബർമതി നദിയിലെ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

2026 മേയ് 04

അഹമ്മദാബാദിൽ റെയിൽവേ ട്രാക്കുകൾക്ക് മുകളിലുള്ള അഞ്ച് ഭാരമേറിയ പോർട്ടൽ ബീമുകളും 22 ദിവസത്തിനുള്ളിൽ സ്ഥാപിച്ചു.

2026 മേയ് 17

വിഖ്റോലിയിൽ 350 ടൺ ഭാരമുള്ള കട്ടർഹെഡ് താഴെയിറക്കി.

2026 മേയ് 20

ബറൂച്ചിന് സമീപം 130 മീറ്റർ നീളമുള്ള സ്റ്റീൽ പാലത്തിന്റെ സ്പാൻ സ്ഥാപിച്ചു.

2026 മേയ് 23

മുംബൈയ്ക്ക് സമീപമുള്ള സാവ്ലിയിൽ രണ്ടാമത്തെ ടി.ബി.എം (TBM) കട്ടർഹെഡ് താഴെയിറക്കി.

2026 മേയ് 27

അഹമ്മദാബാദിലെ കാലുപ്പൂർ ഫ്ലൈഓവറിന് മുകളിലായി 45 മീറ്റർ സെഗ്‌മെന്റൽ പാലം പൂർത്തിയായി.

2026 ജൂൺ 02

പാൽഗർ ജില്ലയിൽ മൂന്നാമത്തെ പർവ്വത തുരങ്കം തുരക്കുന്നതിൽ വിജയം കൈവരിച്ചു.

സാമ്പത്തികവും സാമൂഹികവുമായ രൂപാന്തരണത്തിന് കരുത്തുപകരുന്നു

കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് പുറമെ ബുള്ളറ്റ് ട്രെയിൻ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും ടൂറിസത്തെ പിന്തുണയ്ക്കുമെന്നും ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

അതിവേഗ കണക്റ്റിവിറ്റി

MAHSR പദ്ധതി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ താഴെയായി കുറയ്ക്കും. ഇതേ യാത്രയ്ക്ക് നിലവിൽ റോഡ് മാർഗ്ഗം 8-9 മണിക്കൂറും എയർപോർട്ട് നടപടിക്രമങ്ങൾ ഉൾപ്പെടെ വ്യോമമാർഗ്ഗം ഏകദേശം 4-5 മണിക്കൂറും എടുക്കുന്നുണ്ട്. വേഗമേറിയ യാത്ര ബിസിനസ്സ് കാര്യക്ഷമത വർധിപ്പിക്കുകയും യാത്രക്കാരുടെ വിലയേറിയ സമയം ലാഭിക്കുകയും ചെയ്യും.

പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തൽ

അതിവേഗ റെയിൽ വ്യാവസായിക കേന്ദ്രങ്ങളെയും വിപണികളെയും പരസ്പരം കൂടുതൽ അടുപ്പിക്കും. വാപി, മുംബൈ തുടങ്ങിയ ഉൽപ്പാദന ഹബ്ബുകൾ തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ഇടനാഴിയിലുടനീളം ബിസിനസ്സ് അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യും.

ടൂറിസവും പ്രാദേശിക വികസനവും

പ്രകൃതിദത്തവും സാംസ്കാരികവും ചരിത്രപരവുമായ ആകർഷണങ്ങൾക്ക് പേരുകേട്ട പ്രദേശങ്ങളിലൂടെയാണ് ഈ ഇടനാഴി കടന്നുപോകുന്നത്. മെച്ചപ്പെട്ട യാത്രാസൗകര്യം ടൂറിസം, ഹോസ്പിറ്റാലിറ്റി, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകും. കൂടാതെ, സ്റ്റേഷനുകൾ വാണിജ്യ പ്രവർത്തനങ്ങളെയും പ്രാദേശിക വികസനത്തെയും പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നൈപുണ്യ വികസനവും അവസരങ്ങൾ സൃഷ്ടിക്കലും

ഈ പദ്ധതിയിലൂടെ ഏകദേശം 4,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 35,000–40,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാണ വേളയിൽ ഏകദേശം 40,000 തൊഴിലാളികൾ ഇതിൽ ഏർപ്പെടുമെന്നാണ് കണക്കാക്കുന്നത്. വഡോദരയിലെ അതിവേഗ റെയിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് നൂതന റെയിൽ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം വികസിപ്പിക്കാൻ സഹായിക്കും.

'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് പിന്തുണ നൽകുന്നു

സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും ആഭ്യന്തര ഉൽപ്പാദനത്തിലൂടെയും ഈ പദ്ധതി 'മേയ്ക്ക് ഇൻ ഇന്ത്യ' മുൻകൈയ്ക്ക് പിന്തുണ നൽകുന്നു. പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ ഇന്ത്യൻ കമ്പനികൾ പങ്കാളികളാകുന്നത് വ്യാവസായിക ശേഷി ശക്തിപ്പെടുത്തുമെന്നും സ്റ്റീൽ, സിമന്റ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അനുബന്ധ മേഖലകൾക്ക് കരുത്തുപകരുമെന്നും പ്രതീക്ഷിക്കുന്നു.

കേന്ദ്ര ബജറ്റ് 2026-27-ലെ അതിവേഗ റെയിൽ ഇടനാഴികൾ

ആധുനികവും അതിവേഗത്തിലുള്ളതുമായ ഒരു റെയിൽ ശൃംഖല എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട് 2026-27-ലെ കേന്ദ്ര ബജറ്റിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ വികസനത്തിന്റെ ചാലകശക്തികളായി പ്രഖ്യാപിച്ചു. ഈ ഇടനാഴികൾ പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും പരസ്പരം സംയോജിപ്പിക്കുകയും ആളുകളുടെ കാര്യക്ഷമമായ നീക്കം സാധ്യമാക്കുകയും സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ പിന്തുണയ്ക്കുകയും ചെയ്യും. ഏകദേശം 4,000 കിലോമീറ്ററോളം നീളമുള്ള ഈ നിർദ്ദിഷ്ട ഇടനാഴികൾ വഴി ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മുന്നേറ്റങ്ങൾ ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഘടകമായി അതിവേഗ റെയിൽ മാറുന്നതിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

ആസൂത്രണം ചെയ്തിട്ടുള്ള ഈ അതിവേഗ റെയിൽ ഇടനാഴികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി തന്ത്രപ്രധാനമായ രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്.

പാതകൾ

യാത്രാ സമയം

ഡൽഹിവാരണാസി

3 മണിക്കൂർ 50 മിനിറ്റ്

വാരണാസിപാറ്റ്നസിലിഗുരി

2 മണിക്കൂർ 55 മിനിറ്റ്

ചെന്നൈബെംഗളൂരു

1 മണിക്കൂർ 13 മിനിറ്റ്

ബെംഗളൂരുഹൈദരാബാദ്

2 മണിക്കൂർ

ചെന്നൈഹൈദരാബാദ്

2 മണിക്കൂർ 55 മിനിറ്റ്

മുംബൈപൂനെ

48 മിനിറ്റ്

പൂനെഹൈദരാബാദ്

1 മണിക്കൂർ 55 മിനിറ്റ്

റെയിൽ ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി ഇന്ത്യയുടെ റെയിൽവേ വികസനത്തിലെ ഒരു പരിവർത്തന ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ കോറിഡോർ എന്ന നിലയിൽ ഇത് വേഗത, കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നു. സിവിൽ ജോലികൾ, പാലങ്ങളുടെ നിർമ്മാണം, തുരങ്കം നിർമ്മിക്കൽ എന്നിവയിലുണ്ടായ സുപ്രധാന പുരോഗതികൾ പദ്ധതി പൂർത്തീകരണത്തിലേക്കുള്ള സ്ഥിരതയാർന്ന വേഗതയെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെ കൈവരിച്ച നിർമ്മാണത്തിന്റെ വ്യാപ്തി പദ്ധതിയുടെ ഒന്നിലധികം ഘടകങ്ങളിലുടനീളമുള്ള സ്ഥിരതയാർന്ന പുരോഗതിയെ പ്രകടിപ്പിക്കുന്നു. അതേസമയം, നൂതന സാങ്കേതികവിദ്യകളും എഞ്ചിനീയറിംഗ് രീതികളും സ്വീകരിക്കുന്നത് അതിവേഗ റെയിൽ വികസനത്തിലുള്ള ആഭ്യന്തര ശേഷിയെ ശക്തിപ്പെടുത്തുന്നുണ്ട്. MAHSR പദ്ധതി ഒരു ഗതാഗത സംരംഭം എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ദീർഘകാല അതിവേഗ റെയിൽ അഭിലാഷങ്ങൾക്ക് ഒരു ഉത്തേജകമായിക്കൂടിയാണ് പ്രവർത്തിക്കുന്നത്.

References                                                                                                   

 

Prime Minister’s Office

https://www.pib.gov.in/newsite/printrelease.aspx?relid=170771&reg=48&lang=2

 

Ministry of Railways

https://www.pib.gov.in/PressReleasePage.aspx?PRID=2257831&reg=1&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2267962&reg=48&lang=1

https://sansad.in/getFile/loksabhaquestions/annex/187/AS538_MhnJmI.pdf?source=pqals

https://www.pib.gov.in/PressReleasePage.aspx?PRID=2176788&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2221838&reg=48&lang=2

 

National High-Speed Rail Corporation Limited

https://www.nhsrcl.in/en/project/project-overview

https://www.nhsrcl.in/en/media/press-release

https://www.nhsrcl.in/en/project/safety-features

https://www.nhsrcl.in/en/media/blog/long-short-economic-prosperity-indias-first-hsr-project-expected-bring

Click here to see pdf 

***

SK

(Explainer ID: 158912) आगंतुक पटल : 11
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Tamil , Tamil , Kannada