• Sitemap
  • Advance Search
Economy

ജൻ സമർത്ഥ് പോർട്ടലിന്റെ 4 വർഷങ്ങൾ

വായ്പാ പദ്ധതികളെ പൗരന്മാരിലേക്ക് കൂടുതൽ അടുപ്പിക്കുകയും പ്രവേശനം വ്യാപിപ്പിക്കുകയും ചെയ്യുന്നു

Posted On: 05 JUN 2026 2:25PM

2022 ജൂൺ 6-ന് ആരംഭിച്ച ജൻ സമർത്ഥ് പോർട്ടൽ ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും തടസ്സമില്ലാത്ത വായ്പാ വിതരണത്തിന്റെയും 4 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു ഏകജാലക പ്ലാറ്റ്‌ഫോമായി കണക്കാക്കപ്പെടുന്ന ഇത് സാങ്കേതികവിദ്യാധിഷ്ഠിതവും ഉപഭോക്തൃ സൗഹൃദവുമായ പ്രക്രിയകളിലൂടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ ലഭ്യമാക്കുന്നത് ലളിതമാക്കുന്നു. കാർഷികം, ബിസിനസ്സ്, ഭവന നിർമ്മാണം, പുനരുപയോഗ ഊർജ്ജം, ഉപജീവനമാർഗ്ഗം എന്നിവയുൾപ്പെടെയുള്ള മേഖലകളെ ഈ പോർട്ടൽ ഉൾക്കൊള്ളുന്നു. ഇത് രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന ഗുണഭോക്തൃ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു. നിരവധി ഭാഷകളിൽ ലഭ്യമായ ജൻ സമർത്ഥ്, ഒരു സംയോജിത ഡിജിറ്റൽ പരിസ്ഥിതി വ്യവസ്ഥയായി (digital ecosystem) ഉയർന്നുവന്നിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം സംരംഭകർ, കർഷകർ, ഉപജീവനമാർഗ്ഗം തേടുന്നവർ എന്നിവർക്കായി എളുപ്പത്തിലുള്ള പ്രവേശനവും സുതാര്യതയും കാര്യക്ഷമമായ വായ്പാ സൗകര്യവും പ്രോത്സാഹിപ്പിക്കുന്നു.

ജൻ സമർത്ഥ് പോർട്ടലിന്റെ യാത്ര

ഇന്ത്യയിലുടനീളം സംരംഭകത്വ മോഹങ്ങൾ പലപ്പോഴും ആരംഭിക്കുന്നത് ഒരു ലളിതമായ ആവശ്യത്തോടെയാണ്: ശരിയായ സമയത്ത് ശരിയായ പിന്തുണ ലഭിക്കുക എന്നത്. വളർന്നുവരുന്ന സംരംഭകരും വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളും മുതൽ കാർഷിക-ബിസിനസ്സ് മേഖലയിലേക്ക് പ്രവേശിക്കുന്ന യുവ പ്രൊഫഷണലുകൾ വരെ, പലർക്കും തങ്ങളുടെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് എളുപ്പത്തിൽ ലഭ്യമാകുന്നതും സമയബന്ധിതവുമായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. ഗവൺമെന്റ് പദ്ധതികളിലൂടെ നിരവധി അവസരങ്ങൾ നിലനിന്നിരുന്നെങ്കിലും, ഒന്നിലധികം പോർട്ടലുകളിലൂടെയും നടപടിക്രമങ്ങളിലൂടെയും കടന്നുപോകുന്നത് പലപ്പോഴും വെല്ലുവിളിയായി തുടരുകയുണ്ടായി.

A blue and white rectangular box with white textAI-generated content may be incorrect.

ഈ ആവശ്യം തിരിച്ചറിഞ്ഞ് വായ്പയുമായി ബന്ധിപ്പിച്ച പദ്ധതികൾക്കായുള്ള ഒരു സവിശേഷ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഗവൺമെന്റ് ജൻ സമർത്ഥ് പോർട്ടൽ സമാരംഭിച്ചു. വായ്പ നൽകുന്നവരെ ഗുണഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്. 2022 ജൂൺ 6-ന് സമാരംഭിച്ചതു മുതൽ, ലളിതമാക്കിയതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു ചട്ടക്കൂടിലൂടെ സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനെ ഈ പോർട്ടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുക, വായ്പ വിതരണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളോടെയാണ് ഇത് വിഭാവനം ചെയ്തത്.

ജൻ സമർത്ഥ് അതിന്റെ യാത്രയുടെ 4 വർഷം പൂർത്തിയാക്കുമ്പോൾ, തടസ്സമില്ലാത്ത വായ്പാ വിതരണത്തിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തിപ്പെടുത്തുന്നത് പോർട്ടൽ തുടർന്നുപോരുന്നു.

തുടക്കം മുതൽ ഒടുക്കം വരെയുള്ള ഡിജിറ്റൽ വായ്പ

ഒരു സംയോജിതവും ഉപഭോക്തൃ സൗഹൃദവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെ ജൻ സമർത്ഥ് വായ്പയ്ക്കുള്ള അപേക്ഷാ യാത്രയെ കാര്യക്ഷമമാക്കുന്നു. രാജ്യത്തെ ഗ്രാമീണരും പിന്നാക്കക്കാരുമായ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിനായി ഇത് 8 വ്യത്യസ്ത ഭാഷകളിൽ ലഭ്യമാണ്. വായ്പയുമായി ബന്ധിപ്പിച്ച 16 കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഈ പോർട്ടൽ ഒരു ഏകീകൃത ഡിജിറ്റൽ ഗേറ്റ്‌വേ നൽകുന്നു. കൃഷി, പുനരുപയോഗ ഊർജ്ജം എന്നിവ മുതൽ സംരംഭകത്വം, ഭവന നിർമ്മാണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിലും സമൂഹങ്ങളിലും ഉൾക്കൊള്ളുന്നതായ വായ്പാ പ്രവേശനം ഈ പോർട്ടൽ സാധ്യമാക്കുന്നു.

ഒരു പ്ലാറ്റ്‌ഫോം, നിരവധി ഭാഷകൾ

ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തെലുഗു, തമിഴ്, മറാഠി, ബംഗാളി, കന്നഡ

 

ക്രമനമ്പർ

വായ്പാ വിഭാഗങ്ങൾ

പദ്ധതികൾ

1

ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ്

  1. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം 5.0 (ECLGS)

2

e-NWR ധനസഹായം

  1. ഇ-കിസാൻ ഉപജ് നിധി (EKUN)

3

ഭവന വായ്പ

  1. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS), കുറഞ്ഞ വരുമാന ഗ്രൂപ്പുകൾ (LIG), മധ്യവരുമാന ഗ്രൂപ്പുകൾ (MIG) എന്നിവർക്കുള്ള ഭവന വായ്പ: നഗരപ്രദേശങ്ങൾ (HL-U)

4

കാർഷിക വായ്പ - കിസാൻ ക്രെഡിറ്റ് കാർഡ്

  1. കിസാൻ ക്രെഡിറ്റ് കാർഡ്
  2. കിസാൻ ക്രെഡിറ്റ് കാർഡ് - മത്സ്യബന്ധന മേഖല (KCCFIM)

5

പുനരുപയോഗ ഊർജ്ജം

  1. റൂഫ് ടോപ്പ് സോളാർ ഇൻസ്റ്റലേഷൻ ധനസഹായം - SOLAR (മേൽക്കൂര സൗരോർജ്ജ പാനൽ സ്ഥാപിക്കുന്നതിനുള്ള വായ്പ)

6

കാർഷിക അടിസ്ഥാന സൗകര്യ വായ്പ

  1. അഗ്രി ക്ലിനിക്കുകൾ, അഗ്രി ബിസിനസ്സ് സെന്ററുകൾ എന്നിവയ്ക്കായുള്ള പദ്ധതി (ACABC)
  2. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് - AIF (കാർഷിക അടിസ്ഥാന സൗകര്യ നിധി)

7

ബിസിനസ്സ് പ്രവർത്തന വായ്പ

  1. പ്രധാനമന്ത്രിയുടെ തൊഴിൽ നിർവ്വഹണ പദ്ധതി (PMEGP)
  2. വേവർ മുദ്ര പദ്ധതി - WMS (നെയ്ത്തുകാർക്കുള്ള മുദ്ര പദ്ധതി)
  3. പ്രധാനമന്ത്രി മുദ്ര യോജന (PMMY)
  4. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി പദ്ധതി (PM SVANidhi)
  5. നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം (NAMASTE)
  6. സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ (START)
  7. സൂക്ഷ്മ സംരംഭങ്ങൾക്കുള്ള ക്രെഡിറ്റ് കാർഡ് (CCME)

8

ഉപജീവന വായ്പ

  1. ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM)

 

തിരഞ്ഞെടുക്കാനായി 269 അംഗ വായ്പാ സ്ഥാപനങ്ങളെയും ഈ പോർട്ടലിൽ ചേർത്തിട്ടുണ്ട്, അതിൽ ഉൾപ്പെടുന്നവ:

  • 12 പൊതുമേഖലാ ബാങ്കുകൾ
  • 20 സ്വകാര്യ മേഖലയിലെ ബാങ്കുകൾ
  • 19 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC)
  • 28 പ്രാദേശിക ഗ്രാമീണ ബാങ്കുകൾ
  • 7 സ്മോൾ ഫിനാൻസ് ബാങ്കുകൾ
  • 180 ജില്ലാ സഹകരണ ബാങ്കുകൾ (DCCB)
  • 2 ഷെഡ്യൂൾഡ് സംസ്ഥാന സഹകരണ ബാങ്കുകൾ
  • 1 അഖിലേന്ത്യാ ധനകാര്യ സ്ഥാപനം

ലളിതമാക്കിയ ഡിജിറ്റൽ അപേക്ഷാ പ്രക്രിയ

24x7 അടിസ്ഥാനത്തിൽ ലഭ്യമായ ഈ പോർട്ടൽ അപേക്ഷകർക്ക് സൗകര്യപ്രദവും സമയലാഭമുള്ളതുമായ അനുഭവം പ്രദാനം ചെയ്യുന്നു.

A diagram of a processAI-generated content may be incorrect.

  • ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ അപേക്ഷകന് ഏറ്റവും അനുയോജ്യമായ പദ്ധതിയുമായി പോർട്ടൽ അവരെ യോജിപ്പിക്കുന്നു.
  • അർഹത പരിശോധിക്കുകയും വിപുലമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങൾ പോർട്ടൽ സ്വയം പൂരിപ്പിക്കുകയും ചെയ്യുന്നു.
  • ഇത് തത്വത്തിലുള്ള അനുമതി നൽകുകയും ഇതിൽ തന്നെയുള്ള ഒരു ഓട്ടോമേറ്റഡ് ബിസിനസ്സ് റൂൾ എഞ്ചിൻ വഴി അപേക്ഷയും രേഖകളും തിരഞ്ഞെടുത്ത ബാങ്ക് ശാഖയിലേക്ക് അയക്കുകയും ചെയ്യുന്നു.
  • ബാങ്ക് ശാഖകളിലേക്ക് പലതവണ നേരിട്ട് സന്ദർശനം നടത്തേണ്ട ആവശ്യമില്ലാതെ തന്നെ, അപേക്ഷാ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇത് ഗുണഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.
  • വിവിധ ഗവൺമെന്റ് ഡാറ്റാബേസുകളിലുടനീളമുള്ള തത്സമയ പരിശോധനകൾ വേഗത്തിലുള്ള വായ്പാ പ്രോസസ്സിംഗ് ഉറപ്പാക്കുന്നു. ലോക്കൽ ഗവൺമെന്റ് ഡയറക്ടറി (LGD), ഉദ്യം (UDYAM), യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), അഗ്രിസ്റ്റാക്ക്, DPIIT-യുടെ സ്റ്റാർട്ടപ്പ് പോർട്ടൽ, ലോകോസ് (LOKoS) തുടങ്ങിയവ ഇതിലെ പ്രധാന സംയോജനങ്ങളിൽ ഉൾപ്പെടുന്നു. നികുതി സംബന്ധമായ രേഖകൾക്കായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT), ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST) എന്നിവയും ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ നിയന്ത്രണ സ്രോതസ്സുകളും ഇതര സ്രോതസ്സുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL), നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡ് (NeSL), സിബിൽ (CIBIL), നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (NCGTC), ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (CGTMSE) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ബാങ്കിന്റെ ബിസിനസ്സ് കറസ്‌പോണ്ടന്റുമാർക്കും/സഹായക പങ്കാളികൾക്കും വായ്പാ അപേക്ഷകൾ സമർപ്പിക്കുന്നതിനായി സഹായക മോഡും പോർട്ടൽ സുഗമമാക്കുന്നു. വെബ്‌സൈറ്റിലൂടെയോ (https://www.jansamarth.in/home) മൊബൈൽ ആപ്ലിക്കേഷനിലൂടെയോ (ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ലഭ്യമാണ്) ഇതിലേക്ക് പ്രവേശനം സാധ്യമാണ്. തത്സമയ റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനായി ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.

ജൻ സമർത്ഥ്: വ്യാപ്തിയും സ്വാധീനവും

ജൻ സമർത്ഥ് പോർട്ടലിന്റെ സ്വാധീനം അതിന്റെ വലിയ തോതിലുള്ള വായ്പാ സുഗമമാക്കലിലും രാജ്യം മുഴുവൻ ഇത് സാധ്യമാക്കിയ സംരംഭകത്വ യാത്രകളിലും കാണാൻ കഴിയും.

തുടക്കം മുതൽ രാജ്യത്തുടനീളം ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാ പ്രവേശനം വ്യാപിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഈ പോർട്ടൽ ഉയർന്നുവന്നിട്ടുണ്ട്. 2026 ജൂൺ ഒന്നിലെ കണക്കനുസരിച്ച് പോർട്ടൽ വഴി ഏകദേശം 54.10 ലക്ഷം അപേക്ഷകൾ പ്രോസസ്സ് ചെയ്തിട്ടുണ്ട്. ഇതിന്റെ ആകെ മൂല്യം 3,00,951 കോടി രൂപയാണ്. കൂടാതെ 2,76,493.78 കോടി രൂപ ഉൾപ്പെടുന്ന 49.55 ലക്ഷം ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ അനുമതി ബാങ്കുകൾ നൽകിയിട്ടുണ്ട്. കാര്യക്ഷമമായ ഡിജിറ്റൽ വായ്പാ സംവിധാനങ്ങളിലുള്ള വർധിച്ചുവരുന്ന ആശ്രയത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

A blue and white rectangular signAI-generated content may be incorrect.

ജീവിതങ്ങളും ഉപജീവനമാർഗ്ഗങ്ങളും മാറ്റിമറിക്കുന്നു

 

രാജസ്ഥാനിലെ ഉദയ്‌പൂരിലുള്ള വിനായക് പാക്കേജിംഗ് ഉടമയായ നിഖിൽ തന്റെ ബിസിനസ്സ് കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എങ്കിലും അതിനായി അദ്ദേഹത്തിന് സമയബന്ധിതമായ സാമ്പത്തിക പിന്തുണയും ആവശ്യമായിരുന്നു. ജൻ സമർത്ഥ് പോർട്ടലിലെ പ്രധാനമന്ത്രി മുദ്ര യോജന (PMMY) വഴി തടസ്സമില്ലാത്തതും ലളിതവുമായ ഒരു ഡിജിറ്റൽ വായ്പാ അപേക്ഷാ പ്രക്രിയ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. പഞ്ചാബ് & സിന്ധ് ബാങ്കിന്റെ പിന്തുണയോടെ നിഖിൽ തന്റെ ബിസിനസ്സ് പ്രവർത്തനങ്ങൾ വിജയകരമായി വിപുലീകരിക്കുന്നതിനും തന്റെ ബിസിനസ്സ് യാത്രയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ സഹായം ഉറപ്പാക്കി.

 

സമാനമായ രീതിയിൽ, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമായ മഹിം കെൽവെയിൽ താമസിക്കുന്ന സോണിയ ഒരു മത്സ്യവിപണന ബിസിനസ്സിലൂടെ സ്വയംപര്യാപ്തയായ ഒരു സംരംഭകയാകാൻ ആഗ്രഹിച്ചു. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (PMMY) കീഴിൽ ജൻ സമർത്ഥ് പോർട്ടൽ വഴി അവർ സാമ്പത്തിക സഹായം കൈപ്പറ്റി. ഇത് മത്സ്യ വിതരണ സംരംഭം ആരംഭിക്കുന്നതിനും അവരുടെ ആഗ്രഹത്തെ ഒരു സുസ്ഥിര ഉപജീവനമാർഗ്ഗമാക്കി മാറ്റുന്നതിനും സഹായിച്ചു. ഇന്ന് അവരുടെ ബിസിനസ്സ്, കുടുംബത്തിന്റെ വരുമാനത്തെ പിന്തുണയ്ക്കുകയും ഗ്രാമീണ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിൽ ഡിജിറ്റൽ വായ്പാ സംവിധാനത്തിനുള്ള പങ്ക് വ്യക്തമാക്കുകയും ചെയ്യുന്നു.

മറ്റൊരു ഉദാഹരണത്തിൽ, രാജസ്ഥാനിലെ ബൂന്ദി ജില്ലയിലുള്ള തലേര സ്വദേശിയായ നിതേഷ് ബൈർഗാരി ഒരു കാർഷിക സംരംഭകനാകാനും തന്റെ സമൂഹത്തിൽ അവസരങ്ങൾ സൃഷ്ടിക്കാനും സ്വപ്നം കണ്ടിരുന്നു. ജൻ സമർത്ഥ് പോർട്ടൽ വഴി അഗ്രി ക്ലിനിക്കുകൾ, അഗ്രി ബിസിനസ്സ് സെന്ററുകൾ എന്നിവയ്ക്കായുള്ള പദ്ധതിക്ക് (ACABC) കീഴിൽ അദ്ദേഹം സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ വായ്പ അനുവദിക്കുന്നതിനുള്ള പ്രക്രിയ സുഗമവും സുസംഘടിതവുമായിരുന്നു. ഇത് വിജയകരമായി ഒരു ഡയറി യൂണിറ്റ് (ക്ഷീരോൽപ്പാദന കേന്ദ്രം) സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നത് ഗ്രാമീണ സംരംഭകരെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ കെട്ടിപ്പടുക്കാൻ എങ്ങനെ ശാക്തീകരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ യാത്ര എടുത്തുകാട്ടുന്നു.

വിവിധ മേഖലകളിലും പ്രദേശങ്ങളിലും ഉടനീളം ജൻ സമർത്ഥ് സാമ്പത്തിക ഉൾപ്പെടുത്തൽ വ്യാപിപ്പിക്കുന്നതും സംരംഭകത്വത്തിന് വഴിയൊരുക്കുന്നതും എങ്ങനെയെന്ന് ഈ കഥകൾ തെളിയിക്കുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വായ്പാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു

ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജൻ സമർത്ഥ് പോർട്ടൽ വൈവിധ്യമാർന്ന വായ്പാ ആവശ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ആവാസവ്യവസ്ഥയിലൂടെ ഈ പ്ലാറ്റ്‌ഫോം വിവിധ മേഖലകളിലുടനീളമുള്ള അവസരങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ജൻ സമർത്ഥ് വിവിധ മേഖലകളിലെ സംരംഭകർ, കർഷകർ, ചെറുകിട വ്യവസായങ്ങൾ, ഉപജീവനമാർഗ്ഗം തേടുന്നവർ എന്നിവരെ പിന്തുണയ്ക്കുന്നു. നടപടിക്രമങ്ങളിലെ സങ്കീർണ്ണതകൾ കുറയ്ക്കുന്നതിലൂടെയും പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് രാജ്യവ്യാപകമായി പൗരന്മാർക്ക് ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നു. ഈ സംരംഭവുമായി ബന്ധിപ്പിച്ചിട്ടുള്ള ഗവൺമെന്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും പ്രക്രിയകളുടെയും തുടക്കം മുതൽ ഒടുക്കം വരെയുള്ള സംയോജനവും ഉറപ്പാക്കുന്നു. ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ, കാര്യക്ഷമമായ വായ്പാ വിതരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക ശാക്തീകരണം എന്നിവയോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അവലംബം

 

Ministry of Finance

https://www.jansamarth.in/home

https://www.pib.gov.in/PressReleasePage.aspx?PRID=2247026&reg=3&lang=2

https://www.jansamarth.in/our-partners

https://www.jansamarth.in/home-loan-pradhan-mantri-awas-yojana-urban-2-0-scheme

 

Jan Samarth Portal - YouTube

https://www.youtube.com/watch?v=WyFac4PmIYA

https://www.youtube.com/watch?v=YciXtGzjvsw

https://www.youtube.com/watch?v=U55E6ma4MIo

Click here to see PDF

 

***

SK

(Explainer ID: 158818) आगंतुक पटल : 36
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Gujarati , Gujarati , Tamil , Kannada