Energy & Environment
ഇന്ത്യയുടെ ജൈവവൈവിധ്യം: ചുമതലകളും നേട്ടങ്ങളും
നിയമ ചട്ടക്കൂടുകൾ മുതൽ പ്രാദേശിക പ്രവർത്തനങ്ങൾ വരെ
Posted On:
05 JUN 2026 9:50AM
|
ദേശീയ നയങ്ങളെ സംസ്ഥാനതല പ്രവർത്തനങ്ങളുമായും പ്രാദേശികതല നടപ്പാക്കലുകളുമായും ബന്ധിപ്പിക്കുന്ന ഒരു ത്രിതല സംവിധാനത്തിലൂടെയാണ് ഇന്ത്യയുടെ ജൈവവൈവിധ്യ ഭരണനിർവഹണം ക്രമീകരിച്ചിരിക്കുന്നത്. ദേശീയതലത്തിൽ നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി പ്രവർത്തിക്കുമ്പോൾ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ തലങ്ങളിലെ പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡുകളും യൂണിയൻ ടെറിട്ടറി ബയോഡൈവേഴ്സിറ്റി കൗൺസിലുകളും മാർഗ്ഗനിർദ്ദേശം നൽകുന്നു. പ്രാദേശികതലത്തിൽ ഗ്രാമീണ-നഗര തദ്ദേശ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ (BMC) പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ (PBR) തയ്യാറാക്കുകയും കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള പ്രാദേശിക ജീവിവർഗ്ഗങ്ങൾ, ആവാസവ്യവസ്ഥകൾ, പരമ്പരാഗത അറിവുകൾ എന്നിവ രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യ 2,76,653-ലധികം ബി.എം.സി-കളും 2,72,648-ലധികം പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളും പ്രക്രിയകളും ഒത്തുചേർന്ന് പാരിസ്ഥിതിക പ്രതിരോധം, പ്രാദേശിക മേൽനോട്ടം എന്നിവ ശക്തിപ്പെടുത്തുകയും കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി (CBD) പ്രകാരമുള്ള ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടുപോവുകയും ചെയ്യുന്നു.
|
സുസ്ഥിര ഭാവിക്കായി പ്രകൃതിസമ്പത്ത് സംരക്ഷിക്കൽ
ജൈവവൈവിധ്യം എന്നത് ഇന്ത്യയുടെ പരിസ്ഥിതി, വികസന മുൻഗണനകളുടെ കേന്ദ്രബിന്ദുവാണ്. ഇത് ഭക്ഷ്യസുരക്ഷ, ഉപജീവനമാർഗ്ഗങ്ങൾ, കാലാവസ്ഥാ പ്രതിരോധം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ വനങ്ങൾ, തണ്ണീർത്തടങ്ങൾ, പർവ്വതങ്ങൾ, തീരങ്ങൾ, മരുഭൂമികൾ, പുൽമേടുകൾ, സമുദ്ര ആവാസവ്യവസ്ഥകൾ എന്നിവ വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങളെയും ജനസമൂഹങ്ങളെയും നിലനിർത്തുന്നു. ദശലക്ഷക്കണക്കിന് പ്രാദേശിക ജനവിഭാഗങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിനായി ഈ പ്രകൃതിവിഭവങ്ങളെയാണ് ആശ്രയിക്കുന്നത്. ആഗോള ചട്ടക്കൂടുകൾക്ക് അനുസൃതമായ നയങ്ങൾ, സ്ഥാപനങ്ങൾ, ജനപങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യ അതിന്റെ പ്രകൃതിസമ്പത്തും ജൈവവൈവിധ്യ പ്രതിജ്ഞാബദ്ധതകളും സംരക്ഷിക്കുന്നത് തുടരുന്നു. ഈ ശ്രമങ്ങളിലൂടെ ദേശീയ-പ്രാദേശിക തലങ്ങളിൽ സംരക്ഷണം ശക്തമാക്കുന്നതോടൊപ്പം തന്നെ ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ സംഭാവന നൽകുകയും ചെയ്യുന്നു. വിപുലമായ ജൈവവൈവിധ്യ നേട്ടങ്ങൾ കൈവരിക്കുന്നതിന് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് ഇന്ത്യയുടെ സമീപനം പ്രാദേശിക മേൽനോട്ടത്തിന് ഊന്നൽ നൽകുന്നു.
കഴിഞ്ഞ ദശകത്തിൽ ശാസ്ത്രീയ മാനേജ്മെന്റ്, ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം, ജീവിവർഗ്ഗത്തെ വീണ്ടെടുക്കൽ പരിപാടികൾ, ജനപങ്കാളിത്തം എന്നിവ സമന്വയിപ്പിക്കുന്ന ഒരു സംയോജിത സമീപനമാണ് ജൈവവൈവിധ്യ സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. സംരക്ഷിത പ്രദേശങ്ങൾ വ്യാപിപ്പിക്കുന്നതിനും വന്യജീവി നിരീക്ഷണം ശക്തമാക്കുന്നതിനും നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകൾ പുനരുജ്ജീവിപ്പിക്കുന്നതിനും ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗണ്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ സംരംഭങ്ങൾ പാരിസ്ഥിതിക പ്രതിരോധം വർധിപ്പിക്കുകയും പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ജൈവവൈവിധ്യ സംരക്ഷണത്തിൽ ഒരു ആഗോള നേതാവ് എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സംരക്ഷണ ലക്ഷ്യങ്ങളെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും പരിസ്ഥിതിസൗഹൃദപരവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരുംതലമുറകൾക്കായി രാജ്യത്തിന്റെ പ്രകൃതിപാരമ്പര്യം സംരക്ഷിക്കാൻ ഇന്ത്യ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ജൈവവൈവിധ്യത്തെയും അതിന്റെ പ്രാധാന്യത്തെയും മനസ്സിലാക്കൽ
സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയും അവ രൂപപ്പെടുത്തുന്ന ആവാസവ്യവസ്ഥകളും ഉൾപ്പെടെ ഭൂമിയിലെ ജീവന്റെ വൈവിധ്യത്തെയാണ് ജൈവവൈവിധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അടിത്തറയിടുകയും പരാഗണം, മണ്ണിൻ്റെ രൂപീകരണം, പോഷക ചംക്രമണം, ജലശുദ്ധീകരണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ പ്രധാന ആവാസവ്യവസ്ഥാ സേവനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിവിധ പ്രദേശങ്ങളിൽ ജീവൻ സാധ്യമാക്കുകയും ഉൽപ്പാദനക്ഷമമാക്കുകയും ചെയ്യുന്ന പ്രകൃതിദത്ത സംവിധാനങ്ങളെ നിലനിർത്തുന്നത് ജൈവവൈവിധ്യമാണ്.
പരിസ്ഥിതിയുടെയും മനുഷ്യസമൂഹങ്ങളുടെയും ആരോഗ്യത്തിൽ ജൈവവൈവിധ്യം കേന്ദ്രസ്ഥാനത്താണുള്ളത്. പ്രായോഗികതലത്തിൽ ആവാസവ്യവസ്ഥകളെ പ്രവർത്തനക്ഷമവും പ്രതിരോധശേഷിയുള്ളതും ജനങ്ങളെ പിന്തുണയ്ക്കാൻ പ്രാപ്തിയുള്ളതുമാക്കിമാറ്റുന്നത് ജൈവവൈവിധ്യമാണ്. അതിനാൽ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് കേവലം ഒരു പരിസ്ഥിതി ഉത്തരവാദിത്തം മാത്രമല്ല, മറിച്ച് ഇന്ത്യയെപ്പോലെ പാരിസ്ഥിതികമായി ഏറെ വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ വികസന മുൻഗണന കൂടിയാണ്.

|
നിങ്ങൾക്കറിയാമോ?
പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകമായാണ് ജീനുകളെ കണക്കാക്കുന്നത്. ജീനുകൾ മാതാപിതാക്കളിൽ നിന്ന് സന്തതികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ ശാരീരികവും ജൈവീകവുമായ സവിശേഷതകൾ നിർണ്ണയിക്കാൻ ആവശ്യമായ വിവരങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, റെഡ് ആപ്പിൾ, ഗ്രാനി സ്മിത്ത് ആപ്പിൾ, ഗോൾഡൻ ആപ്പിൾ എന്നിവ ആപ്പിളിന്റെ വ്യത്യസ്ത ജനിതക ഇനങ്ങളാണ്.
അതേസമയം, വിജയകരമായി പ്രജനനം നടത്തി പ്രത്യുത്പാദന ശേഷിയുള്ള സന്തതികളെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ജീവികളുടെ കൂട്ടത്തെയാണ് സ്പീഷീസ് (ജീവിവർഗ്ഗം) എന്നുവിളിക്കുന്നത്. സ്പീഷീസിന്റെ ഈ നിർവചനം മൃഗങ്ങൾ, സസ്യങ്ങൾ, മറ്റ് ജീവരൂപങ്ങൾ എന്നിവയെ അവയുടെ പ്രത്യുത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിക്കുന്നു. ഉദാഹരണത്തിന് കടുവ, സിംഹം, കാണ്ടാമൃഗം എന്നിവ മൃഗങ്ങളിലെ വ്യത്യസ്ത സ്പീഷീസുകളാണ്.
സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവയും അതുപോലെതന്നെ കാലാവസ്ഥയും ഭൂപ്രകൃതിയും ഒത്തുചേർന്ന് ജീവൻ രൂപപ്പെടുത്തുന്ന ഒരു ഭൂമിശാസ്ത്രപരമായ പ്രദേശമാണ് ഇക്കോസിസ്റ്റം (ആവാസവ്യവസ്ഥ). ആവാസവ്യവസ്ഥകളിൽ ജീവനുള്ള ഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും ഉൾപ്പെടുന്നു. ജീവനുള്ള ഘടകങ്ങളിൽ സസ്യങ്ങൾ, മൃഗങ്ങൾ, മറ്റ് ജീവികൾ എന്നിവ ഉൾപ്പെടുന്നു. ജീവനില്ലാത്ത ഘടകങ്ങളിൽ പാറകൾ, താപനില, അന്തരീക്ഷ ഈർപ്പം എന്നിവ ഉൾപ്പെടുന്നു.
|

ഇന്ത്യയുടെ ജൈവവൈവിധ്യ ചട്ടക്കൂട്
ഇന്ത്യയുടെ ജൈവവൈവിധ്യ ചട്ടക്കൂട് സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമായി നിയമങ്ങൾ, നയങ്ങൾ, സ്ഥാപനങ്ങൾ, പരിപാടികൾ എന്നിവയെ സമന്വയിപ്പിക്കുന്നു. ഇത് ദേശീയ മുൻഗണനകളെ ആഗോള ജൈവവൈവിധ്യ പ്രതിജ്ഞാബദ്ധതകളുമായി പൊരുത്തപ്പെടുത്തുന്നതോടൊപ്പം തന്നെ, ന്യായമായ ആനുകൂല്യം പങ്കിടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2002-ലെ ജൈവവൈവിധ്യ നിയമം (2023-ൽ ഭേദഗതി ചെയ്തത്)
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ന്യായമായ ആനുകൂല്യം പങ്കിടൽ ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രധാന നിയമപരമായ ചട്ടക്കൂടാണ് 2002-ലെ ജൈവവൈവിധ്യ നിയമം (The Biological Diversity Act, 2002). ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിലുള്ള സ്ഥാപനങ്ങളിലൂടെയുള്ള ജൈവവൈവിധ്യ ഭരണനിർവഹണത്തിന് ഇത് നിയമപരമായ അടിത്തറ നൽകുന്നു. ജൈവവിഭവങ്ങളുടെയും അതുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെയും രേഖപ്പെടുത്തലിനെയും സംരക്ഷണത്തെയും ഈ നിയമം പിന്തുണയ്ക്കുന്നു. ഇത് ജൈവവിഭവങ്ങളിലേക്കുള്ള പ്രവേശനവും അതിന്റെ ആനുകൂല്യം പങ്കിടലും ഉറപ്പാക്കുന്നു. അതുവഴി ജൈവവിഭവങ്ങളുടെ ഉപയോഗം അത്തരം വിഭവങ്ങൾ നൽകുന്നവർക്ക് തുല്യമായ പ്രതിഫലം ലഭിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.
|
നിങ്ങൾക്കറിയാമോ?
ജൈവവിഭവങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചുമുള്ള (ഭക്ഷണം, മരുന്ന്, കൃഷി, സാംസ്കാരികവും ആത്മീയവുമായ ആചാരങ്ങൾ എന്നിവയ്ക്കായുള്ള) സമൂഹത്തിന്റെ കൈവശമുള്ള അറിവുകളെയാണ് പ്രായോഗികതലത്തിൽ ഇന്ത്യയുടെ ചട്ടക്കൂടിന് കീഴിൽ "പരമ്പരാഗത അറിവ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇവ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് പോരുന്നതും പ്രാദേശിക ആവാസവ്യവസ്ഥകളുമായും പരമ്പരാഗത ആചാരങ്ങളുമായും അടുത്ത ബന്ധമുള്ളതുമാണ്.
|
2023-ലെ ജൈവവൈവിധ്യ (ഭേദഗതി) നിയമം ഇതിന്റെ നടപ്പാക്കൽ കൂടുതൽ എളുപ്പമുള്ളതാക്കിക്കൊണ്ടും നിലവിലെ ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റിക്കൊണ്ടും ഈ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തി. നിയമപാലനവും ഭരണനിർവഹണ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇത് ഗവേഷണം, നൂതനാശയം, പരമ്പരാഗത അറിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രയോഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫലപ്രദമായ സംരക്ഷണത്തിന് ഏറെ പ്രധാനപ്പെട്ട ജനപങ്കാളിത്തവും പ്രാദേശിക ജൈവവൈവിധ്യ രേഖപ്പെടുത്തലും ഈ ഭേദഗതി കൂടുതൽ ശക്തമാക്കുന്നു.
ഈ നിയമവും അതിന്റെ ഭേദഗതിയും ഒത്തുചേർന്ന് താഴെ പറയുന്നവയിലൂടെ ഇന്ത്യയുടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമതുലിതമായ ഒരു നിയമപരമായ അടിത്തറ നൽകുന്നു-
2002-ലെ ജൈവവൈവിധ്യ നിയമം ഒരു ത്രിതല ഭരണസംവിധാനം വിഭാവനം ചെയ്യുന്നു. ദേശീയതലത്തിൽ നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി (NBA) ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം, ആനുകൂല്യം പങ്കിടൽ എന്നിവയിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശ തലങ്ങളിൽ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡുകളും (SBBs) യൂണിയൻ ടെറിട്ടറി ബയോഡൈവേഴ്സിറ്റി കൗൺസിലുകളും (UTBCs) ഈ മുൻഗണനകളെ പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി മാറ്റിയെടുക്കുന്നു. പ്രാദേശികതലത്തിൽ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾ (BMC) പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ (PBRs) തയ്യാറാക്കുകയും കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ഈ ഘടന ആഗോള-ദേശീയ ജൈവവൈവിധ്യ ലക്ഷ്യങ്ങളെ ഗ്രാമങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുന്നു.

|
2002-ലെ ജൈവവൈവിധ്യ നിയമത്തിലെ സെക്ഷൻ 39
വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ജൈവവിഭവങ്ങളുടെ സംഭരണശാലകളായി (repositories) സ്ഥാപനങ്ങളെ ചുമതലപ്പെടുത്താൻ ഈ സെക്ഷൻ കേന്ദ്ര ഗവൺമെന്റിന് അധികാരം നൽകുന്നു. ഈ സംഭരണശാലകൾ വൗച്ചർ സാമ്പിളുകൾ ഉൾപ്പെടെയുള്ള ജൈവവസ്തുക്കളുടെ സുരക്ഷിതമായ സൂക്ഷിപ്പിന് പിന്തുണ നൽകുകയും അത് ശക്തമാക്കുകയും ചെയ്യും. പുതുതായി കണ്ടെത്തുന്ന ജീവിവർഗ്ഗങ്ങളുടെയും അതോടൊപ്പം ഗവേഷണങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ജൈവവിഭവങ്ങളുടെയും രേഖപ്പെടുത്തലിനെയും ഇവ പിന്തുണയ്ക്കുന്നു.
കൂടാതെ പുതിയൊരു ടാക്സൺ (ജീവിവർഗ്ഗം) കണ്ടെത്തുന്ന ഏതൊരു വ്യക്തിയും അത് നിർദ്ദിഷ്ട സംഭരണശാലയെ അറിയിക്കുകയും അതിന് ആസ്പദമായ വൗച്ചർ സാമ്പിളുകൾ അവിടെ നിക്ഷേപിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ സുഗമമാക്കുന്നതിനായി സംഭരണശാലകളായി ചുമതലപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് എൻ.ബി.എ (NBA) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
|
- ശാസ്ത്രീയവും സാങ്കേതികവുമായ പിന്തുണ
സവിശേഷ ശാസ്ത്ര സ്ഥാപനങ്ങൾ ഈ ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുന്നു. സുവോജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI), ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (BSI) എന്നിവ യഥാക്രമം മൃഗങ്ങളുടെയും സസ്യങ്ങളുടെയും വൈവിധ്യങ്ങൾ രേഖപ്പെടുത്തുന്നു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (FSI) കൃത്യമായ ഇടവേളകളിൽ പുറത്തിറക്കുന്ന 'സ്റ്ററ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടുകളിലൂടെ വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി മാപ്പ് ചെയ്യുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (NTCA) സംസ്ഥാന വനം വകുപ്പുകളും കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന് പിന്തുണ നൽകുന്നു.
2002-ലെ ജൈവവൈവിധ്യ നിയമത്തിലെ സെക്ഷൻ 39 പ്രകാരം രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലെ ജൈവവിഭവങ്ങൾക്കായി 20 സ്ഥാപനങ്ങളെ ദേശീയ സംഭരണശാലകളായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ സൂക്ഷിപ്പിനും രേഖപ്പെടുത്തലിനുമായുള്ള ഈ ദേശീയ സംഭരണശാലാ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് അടുത്തിടെ രണ്ട് സുപ്രധാന സ്ഥാപനങ്ങളെക്കൂടി ഇതിനായി പുതുതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ പങ്ക് പ്രാദേശിക സ്ഥാപനങ്ങൾ പ്രതിഫലിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ബി.എം.സി-കൾ പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. ഈ രജിസ്റ്ററുകൾ പ്രാദേശികതലത്തിലുള്ള ജീവിവർഗ്ഗങ്ങൾ, ആവാസവ്യവസ്ഥകൾ, പരമ്പരാഗത അറിവുകൾ എന്നിവ രേഖപ്പെടുത്തുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനുമുള്ള പ്രാദേശിക മുൻഗണനകൾ തിരിച്ചറിയാൻ അവ സഹായിക്കുന്നു. ഈ രജിസ്റ്ററുകൾ പുതുക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള ദേശീയ ക്യാമ്പയ്നുകൾ ഈ താഴെത്തട്ടിലുള്ള അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. ഈ ഘടന സംരക്ഷിത പ്രദേശങ്ങൾ, വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി, ജീവിവർഗ്ഗ സംരക്ഷണം, പ്രാദേശിക മേൽനോട്ടം എന്നിവയിൽ അടുത്തകാലത്തായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്.
- നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി ഫണ്ട് (NBAF)
ജൈവവൈവിധ്യ നിയമത്തിലെ സെക്ഷൻ 27 പ്രകാരം രൂപീകരിച്ച ഒരു നിയമപരമായ ഫണ്ടാണ് നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി ഫണ്ട്. ആനുകൂല്യം പങ്കിടലിനും സംരക്ഷണവുമായി ബന്ധപ്പെട്ട ഉപയോഗങ്ങൾക്കുമായി ഒരു സംവിധാനം ഒരുക്കുന്നതിലൂടെ ഇത് ജൈവവൈവിധ്യ ഭരണനിർവഹണത്തെ കൂടുതൽ പിന്തുണയ്ക്കുന്നു.
|
ജൈവവൈവിധ്യ സാമ്പത്തിക സംരംഭം (ബയോഡൈവേഴ്സിറ്റി ഫിനാൻസ് ഇനിഷ്യേറ്റീവ്)
ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഫണ്ടിംഗ് ആവശ്യകതകൾ കണ്ടെത്തുന്നതിനും വിഭവങ്ങൾ സമാഹരിക്കുന്നതിനുമുള്ള ഒരു ധനകാര്യ ആസൂത്രണ സംരംഭമായി 2015-ലാണ് ബയോഡൈവേഴ്സിറ്റി ഫിനാൻസ് ഇന്ത്യ ആരംഭിച്ചത്. യു.എൻ.ഡി.പി-യുടെ വിപുലമായ ബയോഫിൻ (BIOFIN) ചട്ടക്കൂടുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സംരംഭം ജൈവവൈവിധ്യ സംരക്ഷണത്തെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു.
ലളിതമായി പറഞ്ഞാൽ ബയോഫിൻ-ഇന്ത്യ ഫണ്ട് കണ്ടെത്തുന്നതിലും സമാഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എൻ.ബി.എ.എഫ് (NBAF) സംരക്ഷണത്തിനും ആനുകൂല്യം പങ്കിടലിനുമായി ഒരു നിയമ സംവിധാനത്തിലൂടെ വിഭവങ്ങളെ വഴിതിരിച്ചുവിടുന്നു. ഇവ രണ്ടും ഒത്തുചേർന്ന് ആസൂത്രണത്തിലൂടെയും നടപ്പാക്കലിലൂടെയും ഇന്ത്യയുടെ ജൈവവൈവിധ്യ ഭരണത്തെ ശക്തിപ്പെടുത്തുന്നു.
|
|
നഗോയ പ്രോട്ടോക്കോൾ (NAGOYA PROTOCOL)
കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ (CBD) ജപ്പാനിലെ നഗോയയിൽ വെച്ച് നടന്ന പത്താമത് കോൺഫറൻസ് ഓഫ് പാർട്ടീസിൽ (COP-10) അംഗീകരിച്ച, നിയമസാധുതയുള്ള ഒരു അനുബന്ധ കരാറാണ് 2010 ഒക്ടോബറിൽ നിലവിൽ വന്ന നഗോയ പ്രോട്ടോക്കോൾ. ജനിതക വിഭവങ്ങളുടെ ഉപയോഗത്തിൽ നിന്നും അതുപോലെതന്നെ തദ്ദേശീയരും പ്രാദേശികവുമായ ജനവിഭാഗങ്ങളുടെ കൈവശമുള്ളതുമായ പരമ്പരാഗത അറിവുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ന്യായമായും തുല്യമായും പങ്കിടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) എൻ.ബി.എ-യുമായി (NBA) സഹകരിച്ച് നഗോയ പ്രോട്ടോക്കോൾ നടപ്പാക്കുന്നത് സംബന്ധിച്ച ഇന്ത്യയുടെ ആദ്യ ദേശീയ റിപ്പോർട്ട് (NR1) സമർപ്പിച്ചു. ജനിതക വിഭവങ്ങളിലേക്കുള്ള പ്രവേശനവും ആനുകൂല്യങ്ങളുടെ ന്യായവും തുല്യവുമായ പങ്കിടലും സംബന്ധിച്ച നിയന്ത്രണങ്ങൾ ഇന്ത്യ എങ്ങനെ നടപ്പിലാക്കുന്നുവെന്നതിലാണ് ഈ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഔദ്യോഗിക കരാറുകളിലൂടെയും അനുബന്ധ നടപടികളിലൂടെയും പ്രാദേശിക ജനവിഭാഗങ്ങൾക്കും പരമ്പരാഗത അറിവുകൾ കൈവശമുള്ളവർക്കും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വർധിച്ചുവരുന്ന ഒഴുക്കിനെ ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
|
- പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ (PBR)
ജനപങ്കാളിത്തത്തോടെ തയ്യാറാക്കുന്ന പ്രാദേശിക ജൈവവൈവിധ്യ വിവരശേഖരമാണ് പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ. ജൈവവിഭവങ്ങൾ, ആവാസവ്യവസ്ഥകൾ, പ്രാദേശിക വിളകൾ, പ്രാദേശിക ഇനങ്ങൾ, കൃഷി ചെയ്യുന്ന ഇനങ്ങൾ, വളർത്തുമൃഗങ്ങൾ, അവയുടെ ഇനങ്ങൾ, സൂക്ഷ്മാണുക്കൾ, അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ എന്നിവ ഇതിൽ രേഖപ്പെടുത്തുന്നു. ജൈവവൈവിധ്യ നിയമപ്രകാരം പ്രാദേശിക ജനങ്ങളുമായി കൂടിയാലോചിച്ച് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയാണ് ഇത് തയ്യാറാക്കുന്നത്.
രേഖപ്പെടുത്തൽ, സംരക്ഷണം, ആനുകൂല്യം പങ്കിടൽ എന്നിവയ്ക്കുള്ള ഒരു പ്രധാന ഉപാധിയാണ് പി.ബി.ആർ (PBR). രാജ്യത്തുടനീളം ഇത്തരത്തിലുള്ള ഏകദേശം 2,72,648 രജിസ്റ്ററുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ജൈവവൈവിധ്യ ഭരണനിർവഹണത്തിൽ ഈ സംവിധാനത്തിന് പ്രായോഗികമായ വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. കൂടുതൽ ശക്തമായ സംരക്ഷണ പ്രവർത്തനങ്ങളുടെ അടിത്തറയായി പ്രാദേശിക രേഖപ്പെടുത്തലുകൾക്ക് രാജ്യം നൽകുന്ന ഊന്നലിനെയും ഇത് പ്രതിഫലിപ്പിക്കുന്നു.
നാഷണൽ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആൻഡ് ആക്ഷൻ പ്ലാൻ (NBSAP 2024-2030)
നാഷണൽ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആൻഡ് ആക്ഷൻ പ്ലാൻ (NBSAP) ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അത് സുസ്ഥിരമായി ഉപയോഗിക്കുന്നതിനും ഇന്ത്യയ്ക്ക് ദീർഘകാല നയപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇത് ആഗോള ജൈവവൈവിധ്യ പ്രതിജ്ഞാബദ്ധതകളെ ഇന്ത്യയുടെ പാരിസ്ഥിതികവും വികസനപരവുമായ പശ്ചാത്തലത്തിന് അനുയോജ്യമായ ദേശീയ മുൻഗണനകളിലേക്ക് മാറ്റിയെടുക്കുന്നു. വിവിധ മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങൾ എന്നിവയിലുടനീളം ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് വഴികാട്ടാനും ഈ പദ്ധതി സഹായിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിൽ സമഗ്ര ഗവൺമെൻ്റിൻ്റെയും സമഗ്ര സമൂഹത്തിന്റെയും സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
2024 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് പുതുക്കിയ ഈ പദ്ധതി കുൻമിങ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ചട്ടക്കൂടുമായി (KMGBF) പൊരുത്തപ്പെടുന്നതാണ്. ഇതിന് ശക്തമായ അന്താരാഷ്ട്ര പ്രസക്തി ഇത് നൽകുന്നു.
|
കുൻമിങ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ചട്ടക്കൂട് (KMGBF)
കാനഡയിലെ മോൺട്രിയലിൽ വെച്ച് നടന്ന കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ (CBD) 15-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസിൽ (COP15) ചൈനയുടെയും കാനഡയുടെയും സഹ-അധ്യക്ഷതയിൽ രൂപീകരിച്ച ഒരു അന്താരാഷ്ട്ര കരാറാണിത്. 2030-ഓടെ ജൈവവൈവിധ്യ നാശം തടയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി 2022 ഡിസംബറിൽ 196 രാഷ്ട്രങ്ങൾ ചേർന്നാണ് ഇത് അംഗീകരിച്ചത്. കൂടാതെ 2050-ഓടെ "പ്രകൃതിയോട് ഇണങ്ങി ജീവിക്കുക" എന്ന ദീർഘവീക്ഷണം കൈവരിക്കാനും ഇത് ലക്ഷ്യമിടുന്നു.
അടുത്തകാലത്തായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) ഈ കൺവെൻഷന്റെ ലക്ഷ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പുനഃപ്രഖ്യാപിച്ചുകൊണ്ട് അതിന്റെ ഏഴാമത് ദേശീയ റിപ്പോർട്ട് (NR-7) സി.ബി.ഡി-ക്ക് (CBD) സമർപ്പിച്ചു. കൺവെൻഷന് കീഴിലുള്ള അതിന്റെ പ്രതിജ്ഞാബദ്ധതകൾ ഇന്ത്യ എങ്ങനെയൊക്കെയാണ് നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ചുള്ള സമഗ്രവും സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ദേശീയ വിലയിരുത്തലാണ് ഈ NR-7 റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ നിലവിലെ അവസ്ഥ, നയങ്ങളും ലക്ഷ്യങ്ങളും, വിവിധ മേഖലകളിലും ഭരണതലങ്ങളിലും ഉടനീളം കൈക്കൊണ്ട പ്രധാന പ്രവർത്തനങ്ങൾ എന്നിവ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
|
- നാഷണൽ റെഡ് ലിസ്റ്റ് റോഡ്മാപ്പ് (2025-2030)
ഇന്ത്യയുടെ ജൈവവൈവിധ്യ സംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിലും അതിന്റെ അന്താരാഷ്ട്ര പ്രതിജ്ഞാബദ്ധതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് നാഷണൽ റെഡ് ലിസ്റ്റ് റോഡ്മാപ്പ്. ഐ.യു.സി.എൻ-ഇന്ത്യയുടെയും ഇന്ത്യയിലെ സെന്റർ ഫോർ സ്പീഷീസ് സർവൈവലിന്റെയും പിന്തുണയോടെ സുവോജിക്കൽ സർവേ ഓഫ് ഇന്ത്യയും (ZSI) ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും (BSI) സംയുക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ഈ റോഡ്മാപ്പ്, ദേശീയതലത്തിൽ ഏകോപിപ്പിച്ചുള്ളതും ശാസ്ത്രസാങ്കേതിക അടിത്തറയുള്ളതുമായ ഒരു വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗ വിലയിരുത്തൽ സംവിധാനം സ്ഥാപിക്കും. സംരക്ഷണ മുൻഗണനകൾ കൂടുതൽ ഫലപ്രദമായി തിരിച്ചറിയുന്നതിനും നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി ശക്തമായ തെളിവുകളുടെ ഒരു അടിത്തറ കെട്ടിപ്പടുക്കുന്നതിനും ഇത് ഇന്ത്യയെ സഹായിക്കും.
ഈ രൂപരേഖ കെ.എം.ജി.ബി.എഫ് (KMGBF) പ്രകാരമുള്ള ഇന്ത്യയുടെ വിപുലമായ ജൈവവൈവിധ്യ പ്രതിജ്ഞാബദ്ധതകളുമായി പ്രത്യേകിച്ച് 2030-ഓടെ ജീവിവർഗ്ഗങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകൾ മെച്ചപ്പെടുത്തുക, സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്നീ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.
പ്രധാന നേട്ടങ്ങൾ
ജൈവവൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇത് താഴെത്തട്ടിൽ ദൃശ്യമായതും ശക്തവുമായ ഫലങ്ങളിലേക്ക് നയിക്കുന്നു.

വനങ്ങളും സംരക്ഷിത പ്രദേശങ്ങളും വ്യാപിപ്പിക്കൽ
ഇന്ത്യയുടെ ആകെ വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി ഏകദേശം 8.27 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണത്തിന്റെ 25.17 ശതമാനം വരും. രേഖപ്പെടുത്തിയ വനമേഖല ഏകദേശം 7.75 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 5.20 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്ററും യഥാർത്ഥ വന വിസ്തൃതിയാണ്. ഇന്ത്യയിലുടനീളം പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ആവാസവ്യവസ്ഥാ സേവനങ്ങളെയും പിന്തുണച്ചുകൊണ്ട് 1.88 ലക്ഷത്തിലധികം (1,87,592) ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 1134-ലധികം സംരക്ഷിത പ്രദേശങ്ങളും രാജ്യത്തിനുണ്ട്.
ജീവിവർഗ്ഗ സംരക്ഷണം ശക്തമാക്കൽ
പ്രധാനപ്പെട്ട ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കുന്നതിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിജയം ഇന്ത്യ കൈവരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കടുവകളുടെ എണ്ണം 2014-ലെ 2,226-ൽ നിന്നും 3,682 ആയി വർധിച്ചു. വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), ഇസഡ്.എസ്.ഐ (ZSI), ബി.എസ്.ഐ (BSI) തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ജീവിവർഗ്ഗങ്ങളുടെ വിവരശേഖരങ്ങളും നിരീക്ഷണ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
സമൂഹത്തിന്റെയും ഭരണനിർവഹണത്തിന്റെയും ഫലങ്ങൾ കൂടുതൽ ആഴത്തിലാക്കൽ
ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ-നഗര തദ്ദേശ സ്ഥാപനങ്ങളിലായി 2,76,653-ലധികം ബി.എം.സി-കളുടെ വിപുലമായ ഒരു ശൃംഖല രാജ്യം സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ രാജ്യത്തുടനീളമായി 2,72,648-ലധികം പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ രജിസ്റ്ററുകൾ പുതുക്കുന്നതിനും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൈസ് ചെയ്ത് ePBR ആക്കി മാറ്റുന്നതിനുമുള്ള ഒരു ദേശീയ ക്യാമ്പയ്നും ഇപ്പോൾ നടന്നുവരുന്നുണ്ട്. ഈ ശ്രമം പ്രാദേശിക ജീവിവർഗ്ഗങ്ങൾ, ആവാസവ്യവസ്ഥകൾ, പരമ്പരാഗത അറിവുകൾ എന്നിവ വ്യവസ്ഥാപിതമായ രീതിയിൽ രേഖപ്പെടുത്തുന്നത് കൂടുതൽ ശക്തമാക്കുന്നു. ജൈവവൈവിധ്യ മേൽനോട്ടത്തിൽ പ്രാദേശിക സമൂഹങ്ങളെ പ്രധാന പങ്കാളികളായി ശാക്തീകരിക്കുന്നതിലുള്ള ഗവൺമെൻ്റിൻ്റെ ശ്രദ്ധയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
എ.ബി.എസ് സംവിധാനം
എ.ബി.എസ് (ABS) നടപ്പാക്കുന്നത് ജൈവവൈവിധ്യ നിയമത്തിൽ (BD Act) അധിഷ്ഠിതമായാണ്. ജൈവവിഭവങ്ങളിലേക്കും അതുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളിലേക്കുമുള്ള പ്രവേശനത്തെ നിയന്ത്രിക്കുന്നതിനും പ്രാദേശിക ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യത്തിന് അവകാശവാദമുന്നയിക്കുന്നവർക്ക് ന്യായവും തുല്യവുമായ ആനുകൂല്യ പങ്കിടൽ ഉറപ്പാക്കുന്നതിനും ഈ നിയമം നിയമപരമായ അടിത്തറ നൽകുന്നു. 2017-2026 കാലയളവിൽ ആനുകൂല്യം പങ്കിടലിനെയും സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ഫണ്ടുകളിൽ നിന്ന് വിഭവങ്ങളുടെ ഉപയോഗത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ഇന്ത്യ 12,830 അനുമതികൾ നൽകിയിട്ടുണ്ട്. 2026 മെയ് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്കായി ഏകദേശം 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഏതാണ്ട് 11,000 ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികൾക്ക് പ്രയോജനകരമായി മാറി.
|
എ.ബി.എസ് ഇ-ഫൈലിംഗ് പോർട്ടൽ
ആക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിങ് (ABS) ഇ-ഫൈലിംഗ് പോർട്ടൽ ജൈവവൈവിധ്യ ഭരണത്തെയും സുതാര്യതയെയും കൂടുതൽ ലളിതമാക്കുന്നു. ഇത് 2017 മാർച്ച് 30-നാണ് ആരംഭിച്ചത്. എന്നാൽ 2014-ലെ ജൈവവൈവിധ്യ ചട്ടങ്ങൾ പാലിച്ച് ഈ പോർട്ടൽ പുതുക്കുകയുണ്ടായി. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് ചെയ്തത്. ഈ പോർട്ടൽ താഴെ പറയുന്ന നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു-
- ഓൺലൈനായി അപേക്ഷ സമർപ്പിക്കൽ
- സുതാര്യമായ പ്രോസസ്സിംഗ്
- വേഗത്തിലുള്ള അനുമതികൾ
- ന്യായമായ രീതിയിൽ ആനുകൂല്യം പങ്കിടൽ
|
|
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം 2026: ഒരു ലഘുചിത്രം
2026 മെയ് 22-ന് ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ (IIFM) വെച്ച് നടന്ന ദേശീയതല അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിനും ചീറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട ചടങ്ങിനും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി, കുൻമിങ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ചട്ടക്കൂട് എന്നിവ നടപ്പിലാക്കുന്നതിലുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ചടങ്ങിൽ സംസാരിക്കവേ കേന്ദ്രമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ നിരവധി ജൈവവൈവിധ്യ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ ടൂളുകളും ജനങ്ങളിലേക്ക് എത്തിക്കാനുള്ള വിവരസാമഗ്രികളും പ്രകാശനം ചെയ്തു. അതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
- കസ്റ്റമൈസ്ഡ് മൈ സ്റ്റാമ്പ്
- ഇന്ത്യാസ് ബയോഡൈവേഴ്സിറ്റി റിപ്പോർട്ട് 2026: സി.ബി.ഡി-ക്കുള്ള ഏഴാമത് ദേശീയ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ
- ഇന്ത്യയുടെ എ.ബി.എസ് നടപ്പാക്കലിലെ പുരോഗതി: നഗോയ പ്രോട്ടോക്കോൾ സംബന്ധിച്ച ഇന്ത്യയുടെ ആദ്യ ദേശീയ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ
- എ.ബി.എസ് എൻഡ്-ടു-എൻഡ് പോർട്ടൽ
- ആക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിങ് സംബന്ധിച്ച ഹ്രസ്വചിത്രം
- അമർകഥക് ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം
- മധ്യപ്രദേശിലെ ദേവ്ലോക് വനങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം
2026-ലെ ഈ ദിനാചരണം ജൈവവൈവിധ്യ സംരക്ഷണം, പാരിസ്ഥിതിക പുനരുദ്ധാരണം, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയെ എടുത്തുകാണിച്ചു. പരിസ്ഥിതി സംരക്ഷണത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുമായും പാരിസ്ഥിതിക പ്രതിരോധശേഷിയുമായും സമതുലിതമായി കൊണ്ടുപോകുക എന്ന രാജ്യത്തിന്റെ ദീർഘവീക്ഷണത്തിന് ഇത് കൂടുതൽ കരുത്തുപകരുകയും ചെയ്തു.
|
ഇന്നത്തെ നേട്ടങ്ങളിൽ നിന്ന് നാളത്തെ ലക്ഷ്യങ്ങളിലേക്ക്
ഇന്ത്യയുടെ ജൈവവൈവിധ്യ ശ്രമങ്ങൾ ഇപ്പോൾ സി.ബി.ഡി-ക്ക് കീഴിലുള്ള ആഗോള ചട്ടക്കൂടുകൾക്ക് അനുസൃതമായി നിയമങ്ങൾ, സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ ശക്തമായ സമന്വയത്തിൽ അധിഷ്ഠിതമാണ്. ഇന്ത്യ വനങ്ങളുടെയും മരങ്ങളുടെയും വിസ്തൃതി വർധിപ്പിക്കുകയും സംരക്ഷിത പ്രദേശങ്ങൾ വ്യാപിപ്പിക്കുകയും ജീവിവർഗ്ഗ സംരക്ഷണം മെച്ചപ്പെടുത്തുകയും പ്രാദേശിക മേൽനോട്ടം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നത് ഏകോപിതമായ രീതിയിലാണ്.
ഭാവിയിലേക്ക് നോക്കുമ്പോൾ പുതുക്കിയ തന്ത്രങ്ങളും ഇതിനായി നീക്കിവെച്ചിട്ടുള്ള ധനസഹായവും സുതാര്യമായ ദേശീയ റിപ്പോർട്ടിംഗും ജൈവവൈവിധ്യത്തെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നു. 2030-ഓടെയും അതിനുശേഷവും സംരക്ഷണ ഫലങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ ആരോഗ്യകരമായ ആവാസവ്യവസ്ഥകളും സുരക്ഷിതമായ ഉപജീവനമാർഗ്ഗങ്ങളും ദേശീയ വളർച്ചയും പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു മികച്ച അന്തരീക്ഷം രൂപപ്പെടുന്നു.
അവലംബം
Ministry of Environment, Forest and Climate Change
Convention on Biological Diversity
Other
Click here to see PDF
***
SK
(Explainer ID: 158814)
आगंतुक पटल : 96
Provide suggestions / comments