Social Welfare
പി.എം സ്വനിധി: അതിജീവനത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക്
Posted On:
30 MAY 2026 12:05PM
|
ഇന്ത്യയിലെ അനൗദ്യോഗിക നഗര സമ്പദ്‌വ്യവസ്ഥയിൽ പണിയെടുക്കുന്ന തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കുന്ന പ്രധാന പദ്ധതിയായി പി.എം സ്വനിധി മാറിയിരിക്കുന്നു. ഈ പദ്ധതി ഈടുരഹിത വായ്പകൾ നൽകുന്നതിനപ്പുറം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഔദ്യോഗിക വായ്പാ സംവിധാനങ്ങളിലേക്കുള്ള പ്രാപ്യത മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിനും സഹായകരമായിട്ടുണ്ട്. 2020-ൽ ആരംഭിച്ചതു മുതൽ ഇതുവരെ 1.12 കോടിയിലധികം വായ്പകൾ വിതരണം ചെയ്തുകഴിഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലുമായി 75 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പദ്ധതിക്ക് കീഴിൽ 17,800 കോടിയിലധികം രൂപയുടെ വായ്പകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഇതിന്റെ സ്വാധീനം ഔദ്യോഗിക കണക്കുകളിൽ മാത്രമല്ല, മറിച്ച് കൂടുതൽ ശക്തവും സുസ്ഥിരവുമായ ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കുന്ന കച്ചവടക്കാരുടെ ദൈനംദിന ജീവിതയാത്രയിലും ദൃശ്യമാണ്.
|
ഇന്ത്യയിലെ തെരുവ് കച്ചവടക്കാരുടെ പരിവർത്തന ഗാഥ

തിരക്കേറിയ മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരനും തിരക്കുള്ള ഓഫീസിന് മുന്നിലെ ചായക്കച്ചവടക്കാരനും ഇന്ത്യൻ നഗരങ്ങളിലെ പരിചിതമായ കാഴ്ചകളാണ്. ഇടവഴികളിലൂടെ വണ്ടിയുമായി നീങ്ങുന്ന പഴക്കച്ചവടക്കാരനും റോഡരികിലെ നടപ്പാതയിലിരുന്ന് ചെരുപ്പ് നന്നാക്കുന്ന ചെരുപ്പുകുത്തിയും ദൈനംദിന നഗരജീവിതത്തിന് ഒരുപോലെ അത്യാവശ്യമാണ്. ഈ ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർ ഒത്തുചേർന്ന് ഓരോ ദിവസവും ഇന്ത്യയുടെ നഗര സമ്പദ്‌വ്യവസ്ഥയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശിക വിപണികളെയും അയൽപക്കങ്ങളിലെ വിതരണ ശൃംഖലകളെയും നിലനിർത്തുന്നതോടൊപ്പം അവർ കുറഞ്ഞ ചെലവിൽ സാധനങ്ങളും അത്യാവശ്യ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു. എങ്കിലും ഔദ്യോഗിക വായ്പാ സംവിധാനങ്ങൾ ഇവർക്ക് പരിമിതമായിരുന്നതിനാൽ വളരെ ഉയർന്ന പലിശനിരക്കിൽ അനൗദ്യോഗിക വായ്പകളെ ആശ്രയിക്കാൻ പല കച്ചവടക്കാരും നിർബന്ധിതരായിരുന്നു. അവരുടെ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി തെരുവ് കച്ചവടക്കാരെ കേന്ദ്രീകരിച്ച് ഗവണ്മെന്റ് പിന്തുണയുള്ള വായ്പ ഉറപ്പ് (ക്രെഡിറ്റ് ഗ്യാരന്റി) സഹിതം ആദ്യത്തെ മൈക്രോ ക്രെഡിറ്റ് പദ്ധതിയായി 'പ്രൈം മിനിസ്റ്റേഴ്സ് സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി' (പി.എം സ്വനിധി) 2020 ജൂണിൽ ആരംഭിച്ചു. തെരുവ് കച്ചവടക്കാർക്ക് "സ്വയംതൊഴിൽ, സ്വാശ്രയത്വം, സ്വാഭിമാനം" എന്നിവ നൽകാനാണ് പദ്ധതി ലക്ഷ്യമിട്ടത്. ഇന്ന് പി.എം സ്വനിധി എന്നത് വെറുമൊരു വായ്പാ പദ്ധതി എന്നതിനപ്പുറം ഇന്ത്യയിലെ അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക ശാക്തീകരണം, ഡിജിറ്റൽ ഉൾച്ചേർക്കൽ, സാമൂഹിക സുരക്ഷ എന്നിവയെ മുന്നോട്ടുനയിക്കുന്ന രാജ്യവ്യാപക പ്രസ്ഥാനമായി വികസിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഈ പദ്ധതി ശ്രദ്ധേയമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 75.5 ലക്ഷത്തിലധികം ഗുണഭോക്താക്കൾ 17,800 കോടിയിലധികം രൂപയുടെ 1.12 കോടിയിലധികം വായ്പകൾ ഇതിനകം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. 55 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഈ പദ്ധതിക്ക് കീഴിൽ ഡിജിറ്റലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ഒരുമിച്ച് 8.96 ലക്ഷം കോടിയോളം രൂപ മൂല്യമുള്ള 841 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടത്തി. പി.എം സ്വനിധിക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ ക്യാഷ്ബാക്ക് പ്രോത്സാഹനങ്ങളായും പലിശ സബ്‌സിഡിയായും ഏകദേശം 800 കോടി രൂപ ലഭിച്ചിട്ടുണ്ട്. മികച്ച നേട്ടങ്ങളുടെയും പ്രകടമായ സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ പദ്ധതി 2030 മാർച്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പി.എം സ്വനിധി പദ്ധതിയുടെ പ്രധാന സവിശേഷതകൾ
i. പ്രവർത്തന മൂലധന വായ്പ: പലിശ സബ്‌സിഡിയുടെയും ക്രെഡിറ്റ് ഗ്യാരന്റി പിന്തുണയുടെയും അകമ്പടിയോടെ ക്രമാനുഗതമായ മൂന്ന് ഘട്ടങ്ങളായി ₹15,000, ₹25,000, ₹50,000 വീതമുള്ള ഈടുരഹിത വായ്പകൾ നൽകുന്നു.
ii. യു.പി.ഐ അധിഷ്ഠിത റുപേ ക്രെഡിറ്റ് കാർഡുകൾ: രണ്ടാം ഘട്ട വായ്പ വിജയകരമായി തിരിച്ചടയ്ക്കുന്ന കച്ചവടക്കാർക്ക് ₹30,000 വരെയുള്ള പരിധിയുള്ള യു.പി.ഐ അധിഷ്ഠിത റുപേ ക്രെഡിറ്റ് കാർഡുകൾക്ക് അർഹതയുണ്ടായിരിക്കും.
iii. ഡിജിറ്റൽ സ്വീകാര്യത: ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്നതിനായി, റീട്ടെയ്ൽ/ഹോൾസെയിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന തെരുവ് കച്ചവടക്കാർക്ക് ₹1,600 വരെ ക്യാഷ്ബാക്ക് പ്രോത്സാഹനങ്ങൾ നൽകുന്നു.
iv. സ്വനിധി സേ സമൃദ്ധി (SSS): ഗുണഭോക്താക്കളെയും അവരുടെ കുടുംബങ്ങളെയും തിരഞ്ഞെടുത്ത എട്ട് കേന്ദ്ര ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും ഒരു സമഗ്ര സാമൂഹിക സുരക്ഷാ വലയം സൃഷ്ടിക്കുന്നതിനുമായി അവരുടെ സാമൂഹിക-സാമ്പത്തിക വിവരശേഖരണം നടത്തുന്നു.
v. ശേഷിവർധനവും സംരംഭകത്വ വികസനവും: എഫ്.എസ്.എസ്.എ.ഐ (FSSAI)-യുമായി സഹകരിച്ച് കച്ചവടക്കാർക്ക് സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ സാക്ഷരത, ഭക്ഷ്യ സുരക്ഷ, ശുചിത്വം എന്നിവയിൽ പരിശീലനം നൽകുന്നു.
പി.എം സ്വനിധി പദ്ധതിയുടെ സ്വാധീനം
2023-ലും 2025-ലും പി.എം സ്വനിധി പദ്ധതിയുടെ സ്വാധീനത്തെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തലുകൾ നടത്തുകയുണ്ടായി. ഈ പഠനങ്ങൾ താഴെ പറയുന്ന സുപ്രധാന മുന്നേറ്റങ്ങളെ എടുത്തുകാട്ടുന്നു:
സാമ്പത്തിക ശാക്തീകരണം
ഈ പദ്ധതി രാജ്യത്തുടനീളമുള്ള കച്ചവടക്കാരുടെ ബിസിനസ്സ് സുസ്ഥിരത ശക്തിപ്പെടുത്തുകയും വരുമാനം മെച്ചപ്പെടുത്തുകയും ചെയ്തു. ഏകദേശം 95% ഗുണഭോക്താക്കളും പി.എം സ്വനിധിയിലൂടെയാണ് ആദ്യമായി ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാ സംവിധാനം പ്രയോജനപ്പെടുത്തിയത്. ഏകദേശം 30% പേർ പിന്നീട് സ്വനിധി വായ്പകൾക്ക് പുറമെ അധിക വായ്പകളും സ്വന്തമാക്കി. ഇത് അവരുടെ മെച്ചപ്പെട്ട വായ്പാ യോഗ്യതയെയും സാമ്പത്തിക ഉൾച്ചേർക്കലിനെയും പ്രതിഫലിപ്പിക്കുന്നു. ഗുണഭോക്താക്കളുടെ വരുമാനത്തിൽ ശരാശരി പ്രതിവർഷം ഏകദേശം 20% വർദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബക്ഷേമത്തിലെ പുരോഗതി
പി.എം സ്വനിധിയിലൂടെയുണ്ടായ സാമ്പത്തിക നേട്ടങ്ങൾ ഗുണഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. മെച്ചപ്പെട്ട പാർപ്പിട സുരക്ഷിതത്വം ഉറപ്പാക്കാനും പോഷകാഹാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കാനും പദ്ധതി പിന്തുണയേകി.
അശരണരായ നഗര സമൂഹങ്ങൾക്കിടയിൽ സാമൂഹിക ഉൾച്ചേർക്കൽ ശക്തമാക്കാനും പി.എം സ്വനിധിക്ക് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിലെ ഗുണഭോക്താക്കളിൽ ഏകദേശം 46% പേർ സ്ത്രീകളാണ്, ഇത് ശക്തമായ ലിംഗസമത്വ ഉൾപ്പെടുത്തലിനെ കാണിക്കുന്നു. ഏകദേശം 70% പേർ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരാണ് എന്നത് പദ്ധതിയുടെ എല്ലാവരിലേക്കും എത്തിച്ചേരുന്ന പ്രവർത്തനത്തെ അടിവരയിടുന്നു.
അതിജീവനത്തിന്റെയും ശാക്തീകരണത്തിന്റെയും ശബ്ദങ്ങൾ
കണക്കുകൾക്കും വായ്പ വിതരണങ്ങൾക്കും പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും പുത്തൻ പ്രതീക്ഷകളുടെയും കഥകളാണുള്ളത്. പല കച്ചവടക്കാർക്കും ഒരിക്കൽ തങ്ങൾക്ക് അപ്രാപ്യമെന്ന് കരുതിയിരുന്ന സുരക്ഷിതത്വത്തിലേക്കും വളർച്ചയിലേക്കും അവസരങ്ങളിലേക്കുമുള്ള വാതിലുകളാണ് പി.എം സ്വനിധി തുറന്നുനൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ അനുഭവങ്ങൾ സമയബന്ധിതമായി ലഭിക്കുന്ന പിന്തുണ ചെറുകിട ബിസിനസ്സുകളെ വീണ്ടെടുക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും എങ്ങനെയാണ് സഹായിക്കുന്നതെന്ന് എടുത്തുകാട്ടുന്നു.
ഒരു ചെറിയ തട്ടുകടയിൽ നിന്ന് വലിയ ബിസിനസ്സിലേക്ക്

ഗാസിയാബാദിലെ നന്ദ്ഗ്രാമിൽ നിന്നുള്ള ബബിത ശർമ്മ ഒരു ക്ഷേത്രത്തിന് സമീപം പൂജാസാധനങ്ങൾ വിൽക്കുന്ന ചെറിയ കട നടത്തുകയായിരുന്നു. എല്ലാ ദിവസവും ഭക്തർ അവരുടെ കടയിൽ അഗർബത്തികൾ, ദീപങ്ങൾ, പൂക്കൾ, നാളികേരം, പൂജയ്ക്ക് ആവശ്യമായ മറ്റ് സാധനങ്ങൾ എന്നിവ വാങ്ങാൻ എത്താറുണ്ട്. ഈ ബിസിനസ്സ് അവരുടെ കുടുംബത്തെ പുലർത്താൻ സഹായിച്ചിരുന്നെങ്കിലും പരിമിതമായ ഫണ്ട് കാരണം കച്ചവടം വികസിപ്പിക്കാനും ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാനും പലപ്പോഴും അവർക്ക് കഴിഞ്ഞിരുന്നില്ല. 2020 ജൂലൈയിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ മുഖേന ബബിത പി.എം സ്വനിധി പദ്ധതിയെക്കുറിച്ച് അറിഞ്ഞു. ഇത് തന്റെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ട് അവർ പദ്ധതിക്ക് കീഴിൽ വായ്പയ്ക്കായി അപേക്ഷിച്ചു. ആദ്യത്തെ പി.എം സ്വനിധി വായ്പ ലഭിച്ചതിനുശേഷം ബബിത ആ തുക കൂടുതൽ സ്റ്റോക്ക് വാങ്ങുന്നതിനും തന്റെ കടയിൽ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുമായി നിക്ഷേപിച്ചു. വിപുലമായ ഉത്പന്ന ശേഖരം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയും അവരുടെ പ്രതിദിന വിൽപ്പനയും വരുമാനവും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. ബിസിനസ്സിലുണ്ടായ പുരോഗതിയിൽ ആവേശം ഉൾക്കൊണ്ട് അവർ വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും രണ്ടാം ഘട്ട വായ്പയ്ക്ക് അർഹത നേടുകയും ചെയ്തു. ഈ വായ്പ തുക അവർ ഒരു ഉന്തുവണ്ടി വാങ്ങുന്നതിനും തന്റെ കച്ചവട സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായാണ് വിനിയോഗിച്ചത്.
സംരംഭത്തിലൂടെ വികസിക്കുന്ന ചക്രവാളങ്ങൾ

ഒരു പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം സ്വദേശിയായ ആർ ശാന്തി ഉണക്കമീൻ കച്ചവടത്തിലൂടെയാണ് തന്റെ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. പി.എം സ്വനിധി പദ്ധതിക്ക് മുമ്പ് ആഴ്ചതോറുമുള്ള സങ്കീർണ്ണമായ തിരിച്ചടവുകളുള്ള ഉയർന്ന പലിശനിരക്കിലുള്ള മൈക്രോഫിനാൻസ് വായ്പകളെയാണ് അവർ ആശ്രയിച്ചിരുന്നത്. ഈ സാമ്പത്തിക സമ്മർദ്ദങ്ങൾ അവരുടെ ബിസിനസ്സ് വളർച്ചയെ പരിമിതപ്പെടുത്തുകയും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തു. എളുപ്പത്തിൽ ലഭ്യമാകുന്ന ഔദ്യോഗിക വായ്പാ സംവിധാനത്തിലൂടെ തന്റെ കച്ചവട പ്രവർത്തനങ്ങൾ ഘട്ടങ്ങളായി ശക്തിപ്പെടുത്താൻ പി.എം സ്വനിധി ശാന്തിയെ സഹായിച്ചു. ബിസിനസ്സ് സുസ്ഥിരമായതോടെ അവർ തെരുവ് കച്ചവടത്തിനപ്പുറം ഉണക്കമീൻ പാക്കിംഗിലേക്കും പ്രാദേശിക കടകളിലേക്കുള്ള വിതരണത്തിലേക്കും പ്രവർത്തനം വിപുലീകരിച്ചു. പദ്ധതിക്ക് കീഴിൽ ശാന്തിക്ക് ആദ്യ ഘട്ടത്തിൽ ₹10,000 വായ്പയായി ലഭിക്കുകയും പിന്നീട് മൂന്നാം ഘട്ടത്തിലെ ₹50,000 വായ്പയിലേക്ക് അവർ പുരോഗമിക്കുകയും ചെയ്തു. ഇത് പണലഭ്യത മെച്ചപ്പെടുത്തുകയും സ്റ്റോക്കുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്തു. 2026 ജനുവരിയിൽ അവർക്ക് സ്വനിധി ക്രെഡിറ്റ് കാർഡും ലഭിച്ചു, ഇത് അവരുടെ വളർന്നുവരുന്ന ബിസിനസ്സ് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി. വനിതാ സംരംഭകരെ അവരുടെ ബിസിനസ്സ് വൈവിധ്യവത്കരിക്കാനും സുസ്ഥിരമായ ഉപജീവനമാർഗ്ഗം സൃഷ്ടിക്കാനും പി.എം സ്വനിധി എങ്ങനെയാണ് സഹായിക്കുന്നതെന്ന് ആർ ശാന്തിയുടെ അനുഭവം എടുത്തുകാട്ടുന്നു.
വെല്ലുവിളിയെ അവസരമാക്കുന്നു

ഗുവാഹത്തിയിലെ നൂൺമതിയിലുള്ള തിരക്കേറിയ തെരുവുകളിൽ സെവാലി കലിത തന്റെ നാലംഗ കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഒരു ചെറിയ പാൻ കട നടത്തുകയായിരുന്നു. കഷ്ടപ്പാടുകളുടെ കാലത്ത് ജീവിക്കാൻ വേണ്ടി അവർക്ക് അയൽക്കാരിൽ നിന്ന് വരെ പണം കടം വാങ്ങേണ്ടിവന്നിട്ടുണ്ട്. ഗുവാഹത്തി മുൻസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയാണ് സെവാലിയെ പി.എം സ്വനിധി പദ്ധതിയിലേക്ക് എത്തിച്ചത്. 10,000 രൂപയുടെ വായ്പ ലഭിച്ചതോടെ സെവാലി തന്റെ ഉള്ളിലെ സംരംഭകത്വ മനസ്സിനെ ഉണർത്തി. കോവിഡ് മഹാമാരിയുടെ സമയത്ത് ജൈവ പച്ചക്കറികൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം അവർ തിരിച്ചറിഞ്ഞു. അവർ പ്രാദേശികമായി പുതിയ പച്ചക്കറികൾ ശേഖരിക്കാനും തന്റെ പാൻ കടയോടൊപ്പം അത് വിൽക്കാനും തുടങ്ങി.
ബിസിനസ്സ് മെച്ചപ്പെട്ടതോടെ സെവാലി തന്റെ കുട്ടികളെ വീണ്ടും സ്കൂളിൽ ചേർക്കുകയും തന്റെ സംരംഭം പടിപടിയായി വികസിപ്പിക്കുകയും ചെയ്തു. പിന്നീട് അവർ യഥാക്രമം 20,000, 50,000 രൂപയുടെ അധിക വായ്പകളും സ്വന്തമാക്കി. ഈ സാമ്പത്തിക സഹായം കടങ്ങൾ വീട്ടാനും സ്റ്റോക്ക് വർധിപ്പിക്കാനും പച്ചക്കറികൾക്ക് മാത്രമായി ഒരു പ്രത്യേക സ്റ്റാൾ തുറക്കാനും അവരെ പ്രാപ്തയാക്കി. ഇന്ന് സെവാലി ഗുവാഹത്തിയിൽ തന്റെ ഭർത്താവിനൊപ്പം മികച്ച ബിസിനസ്സ് നടത്തുന്നു. വളർന്നുവരുന്ന തന്റെ ബിസിനസ്സിൽ നിന്ന് ഇപ്പോൾ അവർക്ക് പ്രതിമാസം ഏകദേശം ₹8,000 ലാഭമായി ലഭിക്കുന്നുണ്ട്. അവരുടെ ഈ പുരോഗതി സ്ഥിരോത്സാഹത്തിന്റെയും അവസരങ്ങൾ വിനിയോഗിക്കുന്നതിന്റെയും ശക്തമായ ഉദാഹരണമായി നിലകൊള്ളുന്നു.
ചെറിയ വായ്പ, വലിയ മാറ്റം: ഒരു തെരുവ് കച്ചവടക്കാരന്റെ ജീവിതത്തിലെ പരിവർത്തനം

ഗാന്ധിനഗറിൽ ചോലാഫലി വിൽക്കുന്ന ഒരു തെരുവ് ഭക്ഷണക്കട നടത്തുകയായിരുന്നു മുപ്പതുകാരനായ ബി.കോം വിദ്യാർത്ഥി യോഗ്‌രാജ് മാലി. ദൗർഭാഗ്യവശാൽ കോവിഡ്-19 മഹാമാരി അദ്ദേഹത്തിന്റെ ബിസിനസ്സിനെ സാരമായി ബാധിച്ചു. എന്നാൽ പി.എം സ്വനിധി പദ്ധതിക്ക് കീഴിലുള്ള വായ്പയുടെ രൂപത്തിൽ അദ്ദേഹത്തിന് പ്രതീക്ഷയുടെ കിരണം ലഭിച്ചു. ഈ വായ്പ അദ്ദേഹത്തിന്റെ ബിസിനസ്സിന് പുനർജീവൻ നൽകിയെന്ന് മാത്രമല്ല, അദ്ദേഹത്തിനും കുടുംബത്തിനും വലിയ സന്തോഷം നൽകുകയും ചെയ്തു. കാരണം അവർക്ക് പിന്നീട് സാമ്പത്തികമായി കഷ്ടപ്പെടേണ്ടിവന്നില്ല. വായ്പ ലഭിച്ചതോടെ യോഗ്‌രാജ് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുകയും ക്യാഷ്ബാക്ക് സമ്മാനങ്ങളുടെ ആനുകൂല്യം നേടുകയും ചെയ്തു. കൂടാതെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, ശ്രംയോഗി മൻ ധൻ യോജന തുടങ്ങിയ മറ്റ് ഗവണ്മെന്റ് പദ്ധതികളും അദ്ദേഹം പ്രയോജനപ്പെടുത്തി. ഈ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് യോഗ്‌രാജ് സാക്ഷ്യപ്പെടുത്തുന്നത, കഷ്ടപ്പാടുകളുടെ കാലത്ത്, പ്രത്യേകിച്ച് മറ്റുള്ളവരാൽ അവഗണിക്കപ്പെട്ടു എന്ന് തോന്നിയേക്കാവുന്ന ആളുകൾക്ക് ഗവൺമെൻറ് വലിയ താങ്ങായി നിലകൊള്ളുന്നുവെന്നാണ്.
വായ്പയ്ക്കപ്പുറം: മാറുന്ന നഗര ഭൂമിക
തിരക്കേറിയ മാർക്കറ്റുകൾ മുതൽ റോഡരികിലെ ഇടവഴികൾ വരെ രാജ്യത്തുടനീളമുള്ള എണ്ണമറ്റ ദൈനംദിന ജീവിതയാത്രകളെ പി.എം സ്വനിധി നിശബ്ദമായി മാറ്റിമറിച്ചിരിക്കുന്നു. കച്ചവടക്കാർക്ക് അവരുടെ ജോലിയിലേക്ക് മടങ്ങിവരാനും ചെറുകിട ബിസിനസ്സുകൾ വികസിപ്പിക്കാനും ഈ പദ്ധതി പ്രാപ്തരാക്കി. ഇത് ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ സുരക്ഷിതവും സംഘടിതവുമായ ബിസിനസ്സ് രീതികളെ വളർത്തുകയും ചെയ്തു. അതോടൊപ്പം അർഹമായ ആനുകൂല്യങ്ങൾ വേണ്ടത്ര ലഭിക്കാത്ത ജനവിഭാഗങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണ ലഭ്യമാക്കുന്നതിനുള്ള അവസരവും ഇത് വിപുലമാക്കി.
പദ്ധതിയുടെ വർധിച്ചുവരുന്ന സ്വാധീനം വികസനത്തിലും ഉൾച്ചേർക്കലിലും ഉണ്ടായ വലിയൊരു മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനാളുകൾക്ക് ഒരിക്കൽ പ്രാപ്യമാകാൻ ബുദ്ധിമുട്ടായിരുന്ന അവസരങ്ങളുടെ വഴികളാണ് പി.എം സ്വനിധി തുറന്നുനൽകിയത്. പല തരത്തിലും ഈ സംരംഭം നഗര ഭരണനിർവഹണത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടിനെയാണ് കാണിക്കുന്നത്. ചെറുകിട കച്ചവടക്കാരെ ഇനിമുതൽ പാർശ്വവൽക്കരിക്കപ്പെട്ടവരായി കണക്കാക്കില്ല. പകരം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ ഗാഥയിലെ നിർണായക പങ്കാളികളായി അവർ ഇന്ന് കൂടുതൽ അംഗീകരിക്കപ്പെടുന്നു.
അവലംബം
Ministry of Housing and Urban Affairs
https://www.pmsvanidhi.mohua.gov.in/Home/PMSDashboard
https://www.facebook.com/pmsvanidhi/
https://www.pib.gov.in/PressReleasePage.aspx?PRID=2225510®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2006580®=3&lang=2
Ministry of Information and Broadcasting
https://www.pib.gov.in/PressReleaseIframePage.aspx?PRID=1984414®=3&lang=2
Prime Minister’s Office
https://www.pmindia.gov.in/en/news_updates/cabinet-approves-restructuring-extension-of-lending-period-beyond-31-12-2024-of-pm-street-vendors-atmanirbhar-nidhi-pm-svanidhi-scheme
Click To See PDF
***
SK
(Explainer ID: 158733)
आगंतुक पटल : 17
Provide suggestions / comments