• Sitemap
  • Advance Search
Economy

അടിസ്ഥാന സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നു: ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഒരു സമഗ്ര മുന്നേറ്റം

Posted On: 14 MAY 2026 11:47AM

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) പ്രധാന പങ്കുവഹിക്കുന്നത് തുടരുകയാണ്. ഇവ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് (GDP) 31 ശതമാനത്തിലധികവും കയറ്റുമതിയിലേക്ക് 48.58 ശതമാനവും സംഭാവന ചെയ്യുകയും രാജ്യത്തുടനീളമുള്ള ഏകദേശം 32.8 കോടി ജനങ്ങളുടെ ഉപജീവനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉദ്യം, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ രജിസ്റ്റർ ചെയ്യാത്ത സംരംഭങ്ങളെ ഔദ്യോഗിക നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരുന്ന പ്രക്രിയ ​ഗവൺമെന്റ് വേഗത്തിലാക്കിയിട്ടുണ്ട്. ഇത് 7.9 കോടിയിലധികം സംരംഭങ്ങളെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാൻ സഹായിച്ചു. കൃത്യമായി ലക്ഷ്യമിട്ടുള്ള നയപരമായ നടപടികൾ, വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിനും നിയമപരമായ സുരക്ഷ ശക്തമാക്കുന്നതിനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും സഹായിക്കുന്നുണ്ട്. GeM, TReDS, SAMADHAAN തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മികച്ച വിപണി ലഭ്യതയും വേഗത്തിലുള്ള പേയ്‌മെന്റുകളും സാധ്യമാക്കുന്നു. ഈ സംയുക്ത ശ്രമങ്ങൾ രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ഗ്രാമീണ-അർദ്ധനഗര മേഖലയിലുടനീളം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം കൈവരിക്കുകയും ചെയ്യുന്നു.

ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന MSME-കൾ

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ MSME-കൾ സുപ്രധാന പങ്ക് വഹിക്കുന്നു. ഇവ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വികേന്ദ്രീകൃത വ്യവസായ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഗ്രാമീണ, അർദ്ധ-നഗര സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിൽ MSME-കൾ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് ഈ മേഖലയ്ക്കായി ​ഗവൺമെന്റ് നിരവധി നയപരമായ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ധനലഭ്യത മെച്ചപ്പെടുത്തുന്നതിനും ഔദ്യോഗിക നിയമവ്യവസ്ഥയ്ക്ക് കീഴിൽ കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിപണിബന്ധങ്ങൾ ശക്തമാക്കുന്നതിനും ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റൽ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

പ്രാദേശിക ഉത്പാദന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു. ഇവ പരമ്പരാഗത കരകൗശല വിദ്യകളെയും ഗ്രാമീണ വ്യവസായങ്ങളെയും പിന്തുണയ്ക്കുകയും അതുവഴി എല്ലാവരെയും ഉൾക്കൊള്ളുന്നതും സമതുലിതവുമായ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

മേഖലാ അവലോകനം

MSME-കൾ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ഏകദേശം 31.1 ശതമാനം സംഭാവന ചെയ്യുകയും ആകെ കയറ്റുമതിയുടെ 48.58 ശതമാനം കൈകാര്യം ചെയ്യുകയും ഉത്പാദന മേഖലയുടെ ഏതാണ്ട് 35.4 ശതമാനം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഉത്പാദനം, സേവനം, വ്യാപാരം എന്നീ മേഖലകളിലായി 7.47 കോടിയിലധികം സംരംഭങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഒപ്പം ഏകദേശം 32.8 കോടി ജനങ്ങൾക്ക് ഉപജീവനമാർഗ്ഗം നൽകുകയും കാർഷിക മേഖലയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽ സ്രോതസ്സായി ഈ മേഖലയെ മാറ്റുകയും ചെയ്യുന്നു.

ഈ സംരംഭങ്ങളിൽ വലിയൊരു പങ്ക് ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇവ പ്രാദേശിക മൂല്യശൃംഖലകളെ പിന്തുണയ്ക്കുകയും കൃഷിയിതര തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.

ഇവയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലെ MSME-കളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെറുകിട സംരംഭങ്ങളെ ദേശീയ-ആഗോള വിതരണ ശൃംഖലകളിലേക്ക് സംയോജിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. MSME-കളിൽ പലതും രജിസ്റ്റർ ചെയ്യാത്തതും അസംഘടിതവുമായ സ്ഥാപനങ്ങളായാണ് നിലനിൽക്കുന്നത്. ഈ മേഖലയ്ക്ക് നൽകിവരുന്ന വായ്പകളും മറ്റ് പിന്തുണകളും ലഭ്യമാക്കുന്നതിനായി ഇവയെ ഔദ്യോഗിക നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സമീപവർഷങ്ങളിൽ ഡിജിറ്റൽ രജിസ്ട്രേഷൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവയെ ഔദ്യോഗിക പദവിയിലേക്ക് കൊണ്ടുവരുന്ന പ്രക്രിയ വേഗത്തിലായിട്ടുണ്ട്. 2026 മാർച്ചിലെ കണക്കനുസരിച്ച് 7.9 കോടിയിലധികം MSME-കളും അസംഘടിത സൂക്ഷ്മ സംരംഭങ്ങളും ഉദ്യം, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമുകൾ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെറുകിട ബിസിനസുകൾക്കായുള്ള ഔദ്യോഗിക പിന്തുണ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

വായ്പയും സാമ്പത്തിക സഹായ നടപടികളും

താങ്ങാനാവുന്ന നിരക്കിലുള്ളതും കൃത്യസമയത്തുള്ളതുമായ വായ്പ ലഭ്യമാക്കുക എന്നത് MSME-കളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലൊന്നായി തുടരുന്നു. ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് ഇത് കൂടുതൽ പ്രധാനപ്പെട്ടതാണ്. ഈ കുറവ് പരിഹരിക്കുന്നതിനായി ​ഗവൺമെന്റ് ഒന്നിലധികം വായ്പാ, സാമ്പത്തിക സഹായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (CGS)

ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (CGTMSE) മുഖേനയാണ് MSME മന്ത്രാലയം ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി (CGS) നടപ്പിലാക്കുന്നത്. ഇത് കേന്ദ്ര ​ഗവൺമെന്റിന്റെയും സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (SIDBI) സംയുക്ത സംരംഭമാണ്. ഈ പദ്ധതി സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് ഈടുരഹിതവും മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാത്തതുമായ വായ്പകളുടെ ലഭ്യത സുഗമമാക്കുന്നു. ആദ്യതലമുറ സംരംഭകർക്കും വായ്പാ സഹായങ്ങൾ കൃത്യമായി ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളിലുള്ള സംരംഭകർക്കും ബാങ്കിംഗ്/ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായം ലഭ്യമാക്കാൻ ഇത് പ്രാപ്തമാക്കുന്നു.

2025-26ലെ കേന്ദ്ര ബജറ്റ് പ്രകാരം ബാങ്കുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുടെ ഗ്യാരണ്ടി കവറേജിന്റെ ഉയർന്ന പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി വർധിപ്പിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2025 ഏപ്രിൽ 1-നോ അതിനുശേഷമോ അംഗീകരിക്കപ്പെട്ട എല്ലാ ഗ്യാരണ്ടികൾക്കും ബാധകമാണ്. കൂടാതെ ട്രാൻസ്‌ജെൻഡർ സംരംഭകർ പ്രോത്സാഹിപ്പിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായി (MSE) ഒരു പ്രത്യേക വ്യവസ്ഥയും അവതരിപ്പിച്ചിട്ടുണ്ട്. ഈ സംരംഭങ്ങൾക്ക് ഗ്യാരണ്ടി ഫീസിൽ 10% ഇളവും ഒപ്പം 85% വരെയുള്ള വർധിപ്പിച്ച ഗ്യാരണ്ടി കവറേജും ലഭിക്കാൻ അർഹതയുണ്ട്. ഇത് 2025 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ആത്മനിർഭർ ഭാരത് (SRI) ഫണ്ട്

'ഫണ്ട് ഓഫ് ഫണ്ട്സ്' സംവിധാനത്തിലൂടെ MSME-കൾക്ക് 50,000 കോടി രൂപയുടെ ഇക്വിറ്റി (ഓഹരി) പിന്തുണ നൽകുന്നതിനായാണ് SRI (സ്വയംപര്യാപ്ത ഇന്ത്യ) ഫണ്ട് ആരംഭിച്ചത്. ഈ ഫണ്ടിൽ 10,000 കോടി രൂപ ഗവൺമെന്റിൽ നിന്നുള്ളതും 40,000 കോടി രൂപ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ വഴി സമാഹരിക്കേണ്ടതുമാണ്. SEBI രജിസ്റ്റർ ചെയ്ത കാറ്റഗറി-II ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായ NSIC വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് (NVCFL) നിയന്ത്രിക്കുന്ന ഒരു 'മദർ ഫണ്ട് - ഡോട്ടർ ഫണ്ട്' ഘടനയിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.

2025 നവംബറിലെ കണക്കനുസരിച്ച് SRI ഫണ്ട് 15,442 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 682 MSME-കളെ പിന്തുണച്ചിട്ടുണ്ട്. 2026-27 ലെ കേന്ദ്ര ബജറ്റിൽ ആത്മനിർഭർ ഭാരത് ഫണ്ടിലേക്ക് 2,000 കോടി രൂപ കൂടി അധികമായി വകയിരുത്തിയിട്ടുണ്ട്. സൂക്ഷ്മ സംരംഭങ്ങൾക്ക് റിസ്ക് ക്യാപിറ്റൽ വഴിയുള്ള പിന്തുണ തുടരുന്നതിനാണ് ഇത്.

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS)

അർഹതയുള്ള MSME-കളെയും ബിസിനസ്സ് സ്ഥാപനങ്ങളെയും അവരുടെ പ്രവർത്തനപരമായ ബാധ്യതകൾ നിറവേറ്റുന്നതിന് ECLGS-2020 പിന്തുണയ്ക്കുന്നു. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തകർച്ചയിലായ ബിസിനസുകൾ പുനരാരംഭിക്കാൻ അവയെ സഹായിക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. ഈ പദ്ധതി 2023 മാർച്ച് വരെ നീട്ടിയിരുന്നു.

2023 ജനുവരിയിലെ കണക്കനുസരിച്ച് ECLGS-ന് കീഴിൽ 3.61 ലക്ഷം കോടി രൂപയുടെ ഗ്യാരണ്ടികൾ അനുവദിച്ചിട്ടുണ്ട്. ഈ ഗ്യാരണ്ടികൾ 1.19 കോടി വായ്പക്കാർക്ക് പ്രയോജനപ്പെട്ടു. ECLGS-നെക്കുറിച്ചുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ടിൽ ഏതാണ്ട് 14.6 ലക്ഷം MSME അക്കൗണ്ടുകൾ നിഷ്‌ക്രിയ ആസ്തി (NPA) വിഭാഗത്തിലേക്ക് വീണുപോകാതെ രക്ഷപ്പെട്ടതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ ഏകദേശം 98.3 ശതമാനവും സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ വിഭാഗത്തിൽപ്പെട്ടവയായിരുന്നു. ECLGS ആരംഭിച്ചതിനുശേഷം ഏകദേശം 2.2 ലക്ഷം കോടി രൂപ മൂല്യമുള്ള MSME വായ്പാ അക്കൗണ്ടുകൾ മെച്ചപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

MSME-കൾക്കുള്ള നിയമപരവും സ്ഥാപനപരവുമായ പിന്തുണ

സാധനങ്ങളുടെയും സേവനങ്ങളുടെയും പേയ്‌മെന്റുകൾ കൃത്യസമയത്ത് ലഭ്യമാക്കുകയെന്നത് MSME-കളുടെ സാമ്പത്തിക സ്ഥിരതയ്ക്കും പ്രവർത്തന തുടർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ഈ സംരംഭങ്ങൾ പലപ്പോഴും പരിമിതമായ പ്രവർത്തന മൂലധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് കണക്കിലെടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനായി ​ഗവൺമെന്റ് ശക്തമായ ഒരു നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ട്.

MSMED നിയമം, 2006 - പേയ്‌മെന്റ് സംരക്ഷണം

2006-ലെ മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റ് (MSMED) നിയമം പേയ്‌മെന്റുകൾ വൈകുന്നതിനെതിരെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് നിയമപരമായ സംരക്ഷണം നൽകുന്നു. ഈ നിയമപ്രകാരം സാധനങ്ങളോ സേവനങ്ങളോ സ്വീകരിച്ച് 45 ദിവസത്തിനകം വാങ്ങുന്നവർ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് പേയ്‌മെന്റ് നൽകാൻ ബാധ്യസ്ഥരാണ്. ഇത് രേഖാമൂലം സമ്മതിച്ചിട്ടുള്ള പ്രകാരമായിരിക്കാം. എന്നാൽ ഒരു കാരണവശാലും 45 ദിവസത്തിൽ കൂടാൻ പാടില്ലാത്തതുമാണ്. പേയ്‌മെന്റ് വൈകുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ തീർപ്പാക്കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 161 മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകൾ (MSEFC) രൂപീകരിച്ചിട്ടുണ്ട്.

സമാധാൻ (SAMADHAAN) പോർട്ടൽ

MSME മന്ത്രാലയം 2017 ഒക്ടോബറിലാണ് സമാധാൻ പോർട്ടൽ (samadhaan.msme.gov.in) ആരംഭിച്ചത്. വൈകുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈനായി ഫയൽ ചെയ്യുന്നതിനും അവ നിരീക്ഷിക്കുന്നതിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു സംവിധാനം ഇത് സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് നൽകുന്നു. തർക്ക പരിഹാരത്തിനായി കേസുകൾ സ്വയമേവ ബന്ധപ്പെട്ട ഫെസിലിറ്റേഷൻ കൗൺസിലിലേക്ക് (MSEFC) മാറ്റപ്പെടുന്നു. ഇത് നേരിട്ടുള്ള സന്ദർശനങ്ങളുടെയോ ഇടനിലക്കാരുടെ ഇടപെടലുകളുടെയോ ആവശ്യകത ഇല്ലാതാക്കുന്നു.

കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള കുടിശ്ശികകൾ ട്രാക്ക് ചെയ്യുന്നതിനായി 2020 ജൂണിൽ ഒരു പ്രത്യേക സബ് പോർട്ടൽ രൂപീകരിച്ചു. 2022 ഡിസംബറിലെ കണക്കനുസരിച്ച് 2020 മെയ് മുതൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് 1,65,034 കോടി രൂപയുടെ കുടിശ്ശികയാണ് MSME-കൾക്ക്  നൽകിത്തീർത്തത്.

ഈ ചട്ടക്കൂടിനെ കൂടുതൽ വിപുലീകരിച്ചുകൊണ്ട് MSME മന്ത്രാലയം 2025 ജൂണിൽ ഒരു ഓൺലൈൻ തർക്ക പരിഹാര (ODR) പോർട്ടൽ ആരംഭിച്ചു. വൈകുന്ന പേയ്‌മെന്റ് കേസുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനുള്ള അവസരം ഈ പോർട്ടൽ നൽകുന്നു. ഇത് രാജ്യത്തുടനീളമുള്ള സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ പരാതിപരിഹാരത്തിന് ആവശ്യമായി വരുന്ന സമയവും ചെലവും വീണ്ടും കുറയ്ക്കുന്നു.

നിയമസാധുത നൽകലും മുൻഗണനാ മേഖലയിലെ ഉൾപ്പെടുത്തലും

ഇന്ത്യയിലെ സൂക്ഷ്മ സംരംഭങ്ങളിൽ വലിയൊരു പങ്ക് ഔദ്യോഗിക രജിസ്ട്രേഷനോ രേഖപ്പെടുത്തപ്പെട്ട സാമ്പത്തിക ചരിത്രമോ ഇല്ലാതെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയ്ക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. ഘടനാപരമായ ഈ അസംഘടിതാവസ്ഥ ബാങ്കിംഗ്/ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ, ​ഗവൺമെന്റ് പദ്ധതികൾ, ഔദ്യോഗിക വിപണികൾ എന്നിവ ലഭ്യമാക്കുന്നതിൽ അവർക്ക് പരിമിതികൾ സൃഷ്ടിക്കുന്നു. ഈ സംരംഭങ്ങളെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരുന്നതിനായി ​ഗവൺമെന്റ് കൃത്യമായി ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഉദ്യം പോർട്ടലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമും (UAP)

2023 ജനുവരിയിൽ ആരംഭിച്ച UAP ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലാത്ത അസംഘടിത സൂക്ഷ്മ സംരംഭങ്ങളെ (IME) ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നു. മുൻഗണനാ വായ്പാ മേഖലയുടെ ആനുകൂല്യങ്ങൾ രജിസ്റ്റർ ചെയ്യാനും ലഭ്യമാക്കാനും ഇത്തരം സംരംഭങ്ങളെ ഇത് പ്രാപ്തമാക്കുന്നു. ഇത് ഔദ്യോഗിക വായ്പാ സംവിധാനങ്ങളിലേക്ക് അവരെ കൂട്ടിച്ചേർക്കുന്നത് സുഗമമാക്കുന്നു. ഉദ്യം രജിസ്ട്രേഷൻ പോർട്ടലിലൂടെയും ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമിലൂടെയും സൂക്ഷ്മ സംരംഭങ്ങളെ ഔദ്യോഗിക പദവിയിലേക്ക് കൊണ്ടുവരുന്ന പ്രക്രിയ ​ഗവൺമെന്റ് വേഗത്തിലാക്കിയിട്ടുണ്ട്.

2026 മാർച്ചിലെ കണക്കനുസരിച്ച് രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി 7.9 കോടിയിലധികം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 4.72 കോടി ഉദ്യം പോർട്ടലിലും 3.21 കോടി ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമിലുമാണ്. ഇത് MSME ഡിജിറ്റൈസേഷനിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

വ്യാപാരികളെ MSME പരിധിയിൽ ഉൾപ്പെടുത്തൽ

ഗവൺമെന്റിൻ്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ 2021 ജൂലൈ മുതൽ ചില്ലറ, മൊത്ത വ്യാപാരികളെ MSME-കളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇത്തരം സ്ഥാപനങ്ങൾക്ക് ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും മുൻഗണനാ വായ്പാ മേഖലയുടെ (PSL) മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും അവസരമൊരുക്കി. ഈ നടപടി MSME മേഖലയുടെ വ്യാപ്തി വർധിപ്പിക്കുകയും വ്യാപാര പ്രവർത്തനങ്ങളെ ഔദ്യോഗിക എംഎസ്എംഇ ആവാസവ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുന്നത് സുഗമമാക്കുകയും ചെയ്തു.

MSME വർഗ്ഗീകരണ പരിവർത്തനവേളയിലെ പിന്തുണ

ബിസിനസ്സ് വളർച്ചയ്ക്ക് തടസ്സമുണ്ടാകാതിരിക്കാൻ നികുതിയിതര ആനുകൂല്യങ്ങൾ മൂന്ന് വർഷത്തേക്ക് കൂടി തുടരാൻ ഗവൺമെന്റ് അനുവദിക്കുന്നു. ഒരു MSME ഉയർന്ന വർഗ്ഗീകരണ വിഭാഗത്തിലേക്ക് മാറുമ്പോഴാണ് ഇത് ബാധകമാകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം ഈ നടപടി ഇല്ലാതാക്കുന്നു.

ഡിജിറ്റൈസേഷനും വിപണിലഭ്യതയ്ക്കുമുള്ള പദ്ധതികൾ

MSME-കളുടെ മത്സരക്ഷമതയ്ക്ക് ഡിജിറ്റൽ സംയോജനം ഇന്ന് വളരെ പ്രധാനപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ഗവൺമെന്റ് സംഭരണ വിപണികൾ ലഭ്യമാക്കാനും വേഗത്തിൽ പേയ്‌മെന്റുകൾ ഉറപ്പാക്കാനും നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുന്നത് എളുപ്പമാക്കാനും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും സംരംഭങ്ങളെ പ്രാപ്തമാക്കുന്നു. സംരംഭങ്ങളുടെ പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സമഗ്രമായ ഒരു ആവാസവ്യവസ്ഥ ഗവൺമെന്റ് നിർമ്മിച്ചിട്ടുണ്ട്.

MSME-കൾക്കായി ഡിജിറ്റൽ ഇന്ത്യ നൽകുന്ന പിന്തുണ

ഡിജിറ്റൽ ഇന്ത്യ പരിപാടിക്ക് കീഴിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്ക് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഭരണനിർവഹണവും സേവനങ്ങളും ലഭ്യമാക്കുക, പൗരന്മാരുടെയും സംരംഭങ്ങളുടെയും ഡിജിറ്റൽ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. MSME-കളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സജ്ജീകരണം എന്നത് മെച്ചപ്പെട്ട വിപണിലഭ്യത, മികച്ച സാമ്പത്തിക ഉൾപ്പെടുത്തൽ, നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ എളുപ്പം എന്നിവയായി മാറുന്നു.

പ്രധാന MSME ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ

MSME-കളുടെ നിയമസാധുത ഉറപ്പാക്കൽ, സാമ്പത്തിക സഹായം, വിപണിബന്ധങ്ങൾ, തർക്ക പരിഹാരം എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിപുലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • ഓൺലൈൻ MSME രജിസ്ട്രേഷനും ഉദ്യം രജിസ്ട്രേഷൻ നമ്പർ നൽകുന്നതിനുമുള്ള ഉദ്യം പോർട്ടൽ
  • പൊതു സംഭരണത്തിനും  MSME-കൾക്ക് ​ഗവൺമെന്റ് വാങ്ങലുകാർക്ക് നേരിട്ട് സാധനങ്ങൾ വിൽക്കാൻ അവസരമൊരുക്കുന്നതിനുമുള്ള ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM)
  • ഒന്നിലധികം ധനകാര്യസ്ഥാപനങ്ങൾ വഴി ഇൻവോയ്‌സ് ഫിനാൻസിങ് സുഗമമാക്കുന്നതിനുള്ള ട്രേഡ് റിസീവബിൾസ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം TReDS
  • പരാതിപരിഹാരത്തിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകുന്നതിനുമുള്ള MSME ചാമ്പ്യൻസ് പോർട്ടൽ
  • MSME-കളിൽ നിന്നുള്ള പൊതുസംഭരണം നിരീക്ഷിക്കുന്നതിനുള്ള MSME സംബന്ധ് പോർട്ടൽ
  • PMEGP സഹായത്തോടെയുള്ള പദ്ധതികളുടെ അപേക്ഷ സമർപ്പണം, അനുമതി, ട്രാക്കിംഗ് എന്നിവയ്ക്കുള്ള PMEGP പോർട്ടൽ
  • പരമ്പരാഗത കരകൗശല വിദഗ്ധരുടെ രജിസ്ട്രേഷനും അവർക്കുള്ള പിന്തുണയ്ക്കുമായി രൂപീകരിച്ച പിഎം വിശ്വകർമ്മ പോർട്ടൽ
  • തർക്കങ്ങൾ ഡിജിറ്റൽ മാർഗ്ഗത്തിലൂടെ പരിഹരിക്കുന്നതിനുള്ള ഓൺലൈൻ തർക്ക പരിഹാര പോർട്ടൽ.

സംരംഭകത്വ-ഉപജീവന പ്രോത്സാഹന പദ്ധതികൾ

പ്രധാനമന്ത്രിയുടെ തൊഴിൽ ഉത്പാദന പദ്ധതി (PMEGP)

MSME മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വായ്പാബന്ധിത സബ്‌സിഡി പദ്ധതിയാണ് PMEGP. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) മുഖേനയാണ് ദേശീയ തലത്തിൽ ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിൽ കെവിഐസി (KVIC) ഓഫീസുകൾ, കെവിഐബികൾ (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (DIC) എന്നിവ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൃഷിയിതര മേഖലകളിൽ പുതിയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

മാർജിൻ മണി സബ്‌സിഡിക്ക് അർഹതയുള്ള പരമാവധി പദ്ധതിച്ചെലവ് ഉത്പാദന മേഖലയ്ക്ക് 50 ലക്ഷം രൂപയും സേവന/ബിസിനസ്സ് മേഖലയ്ക്ക് 20 ലക്ഷം രൂപയുമാണ്. പുതിയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള ബാങ്ക് വായ്പകളിൽ 'ബാക്ക്-എൻഡഡ്' സബ്‌സിഡിയായി നൽകുന്ന, ​ഗവൺമെന്റ് ധനസഹായത്തോടെയുള്ള ഒരു സാമ്പത്തിക സഹായ പദ്ധതിയാണ് മാർജിൻ മണി സബ്‌സിഡി.

ഈ പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കളുടെ വിഭാഗവും അവർ താമസിക്കുന്ന സ്ഥലവും അനുസരിച്ച് സബ്‌സിഡി നിരക്കിൽ വ്യത്യാസമുണ്ടാകും. പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഗ്രാമീണ പ്രദേശങ്ങളിൽ പദ്ധതി ചെലവിന്റെ 35 ശതമാനം സബ്‌സിഡി ലഭിക്കും. നഗരപ്രദേശങ്ങളിൽ ഇത് 25 ശതമാനമാണ്.

പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), ഒബിസി (OBC), ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മുൻ സൈനികർ, ഭിന്നശേഷിക്കാർ, കൂടാതെ വടക്ക്-കിഴക്കൻ മേഖലകൾ, മലയോര-അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർ എന്നിവർ ഈ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്നു.

2021-22 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ, 5.8 ലക്ഷത്തിലധികം പദ്ധതികൾ ആരംഭിക്കുന്നതിന് പിഎംഇജിപി (PMEGP) പിന്തുണ നൽകിയിട്ടുണ്ട്. ഇതിനായി 60,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പകൾ അനുവദിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ നാല് ലക്ഷത്തിലധികം യൂണിറ്റുകൾക്കായി 13,450 കോടിയിലധികം രൂപയുടെ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു. ഇത് ഏകദേശം 36.3 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതായി കണക്കാക്കപ്പെടുന്നു.

പിഎം വിശ്വകർമ്മ പദ്ധതി

കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്ന കരകൗശല വിദഗ്ധർക്കും അലങ്കാരപ്പണിക്കാർക്കും പൂർണ്ണവും സമഗ്രവുമായ പിന്തുണയാണ് പിഎം വിശ്വകർമ്മ പദ്ധതി (2023) നൽകുന്നത്. 18 പരമ്പരാഗത തൊഴിൽ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു സമഗ്ര സഹായ പാക്കേജാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വഴിയുള്ള ഔദ്യോഗിക അംഗീകാരം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 5 മുതൽ 7 ദിവസം വരെയുള്ള അടിസ്ഥാന പരിശീലനത്തിലൂടെയും 15 ദിവസമോ അതിൽ കൂടുതലോ നീളുന്ന അഡ്വാൻസ്ഡ് പരിശീലനത്തിലൂടെയും തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള അവസരവും ഇത് നൽകുന്നു. ഈ പദ്ധതിക്ക് കീഴിൽ പ്രതിദിനം 500 രൂപ വീതം സ്റ്റൈപ്പൻഡും നൽകുന്നുണ്ട്. ഗുണഭോക്താക്കൾക്ക് ഇ-വൗച്ചറുകൾ വഴി 15,000 രൂപ വരെയുള്ള ടൂൾകിറ്റ് ആനുകൂല്യവും അതോടൊപ്പം വിപണി ബന്ധങ്ങൾ ഉറപ്പാക്കുന്നതിനുള്ള പിന്തുണയും ലഭിക്കുന്നു.

സംരംഭകത്വ വികസനത്തിനായി 3 ലക്ഷം രൂപ വരെയുള്ള ഈടുരഹിത വായ്പകൾ, 1 ലക്ഷം രൂപയുടെയും 2 ലക്ഷം രൂപയുടെയും രണ്ട് ഗഡുക്കളായി നൽകുന്നു. ഇവയുടെ തിരിച്ചടവ് കാലാവധി യഥാക്രമം 18 മാസവും 30 മാസവുമാണ്. ഈ വായ്പകൾ 5 ശതമാനം എന്ന ഇളവുകളുള്ള പലിശ നിരക്കിലാണ് നൽകുന്നത്. ഒപ്പം പലിശയിനത്തിൽ 8 ശതമാനം സബ്‌സിഡി ​ഗവൺമെന്റ് നൽകുകയും ചെയ്യുന്നു.

2026 മാർച്ചിലെ കണക്കനുസരിച്ച് 30 ലക്ഷത്തിലധികം കരകൗശല വിദഗ്ധർ പിഎം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 26.7 ലക്ഷത്തിലധികം ഗുണഭോക്താക്കൾ തൊഴിൽ വൈദഗ്ധ്യ പരിശോധന പൂർത്തിയാക്കുകയും 23.7 ലക്ഷത്തിലധികം പേർ അടിസ്ഥാന പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിന് ഈ പദ്ധതി നൽകുന്ന പ്രാധാന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഏകദേശം 5,050 കോടി രൂപ മൂല്യമുള്ള ഏതാണ്ട് 5.9 ലക്ഷം വായ്പകൾ അനുവദിച്ചിട്ടുണ്ട്. ടൂൾകിറ്റ് ആനുകൂല്യങ്ങളെയും സംരംഭകത്വ വികസനത്തെയും പിന്തുണയ്ക്കുന്നതിനായി 25.8 ലക്ഷത്തിലധികം ഇ-വൗച്ചറുകൾ വിതരണം ചെയ്തതിനൊപ്പമാണിത്.

കൂടുതൽ ശക്തമായ ഒരു MSME ആവാസവ്യവസ്ഥയിലേക്ക്

ഗ്രാമീണ, അർദ്ധ-നഗര മേഖലളിലെ MSME-കളെ ശക്തിപ്പെടുത്തുന്നതിനുള്ള ​ഗവൺമെന്റ് സമീപനം ഒരു സമഗ്ര തന്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വായ്പ, നിയമങ്ങൾ പാലിക്കൽ, നിയമസാധുത നൽകൽ, വിപണിലഭ്യത എന്നിവയിലൊക്കെയുള്ള ഘടനാപരമായ തടസ്സങ്ങളെ ഇത് പരിഹരിക്കുന്നു. 2026-27ലെ കേന്ദ്ര ബജറ്റിന് കീഴിലുള്ള 10,000 കോടി രൂപയുടെ SME ഗ്രോത്ത് ഫണ്ടും SRI ഫണ്ടിലേക്കുള്ള അധിക വിഹിതവും ഇക്വിറ്റി പിന്തുണയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം TReDS സംവിധാനം നിർബന്ധമാക്കുകയും ചെയ്യുന്നു. ഈ നടപടികൾ ഈ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നയപരമായ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നു.

മുന്നോട്ടുപോകുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ധനകാര്യ സ്ഥാപനങ്ങൾ, അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നിർവ്വഹണ ഏജൻസികൾ എന്നിവ തമ്മിലുള്ള തുടർച്ചയായ ഏകോപനം വളരെ നിർണ്ണായകമായിരിക്കും. ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ അവസാന കണ്ണിയിലുള്ള സംരംഭകരിലേക്കും കരകൗശല വിദഗ്ധരിലേക്കും ഗ്രാമീണ വ്യാപാരികളിലേക്കും ആദ്യതലമുറാ സൂക്ഷ്മ സംരംഭകരിലേക്കും എത്തുന്നുവെന്ന് ഇത് ഉറപ്പാക്കും. ഈ ഗുണഭോക്താക്കളാണ് ഇന്ത്യയുടെ സ്വയംപര്യാപ്ത സാമ്പത്തിക വളർച്ചയുടെ അടിത്തറയായി മാറുന്നത്.

അവലംബം

 

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.pib.gov.in/PressReleseDetailm.aspx?PRID=1898880&reg=3&lang=2

MSME

https://dashboard.msme.gov.in/?utm

https://www.cgtmse.in/Home/VS/3

https://www.pib.gov.in/PressReleasePage.aspx?PRID=2099687&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2209712&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2238984&reg=6&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=1943193&reg=3&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=172056&reg=3&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=1881703&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2153722&reg=3&lang=2

https://msme.gov.in/1-prime-ministers-employment-generation-programme-pmegp

https://www.pib.gov.in/PressReleasePage.aspx?PRID=1795121&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1959098&reg=3&lang=2


DD News

https://ddnews.gov.in/en/union-budget-2026-27-puts-msmes-at-the-core-of-indias-global-growth-strategy/

Click here for pdf file

***

SK

(Explainer ID: 158619) आगंतुक पटल : 14
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Kannada