• Sitemap
  • Advance Search
Social Welfare

ഇന്ത്യയിലെ മെഡിക്കൽ, വെൽനസ് ടൂറിസം

Posted On: 02 MAY 2026 10:10AM

നൂതനമായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളെ ആയുഷ് (AYUSH) പോലെയുള്ള പരമ്പരാഗത ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് മെഡിക്കൽ വാല്യൂ ട്രാവലിന്റെ (MVT) ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണ്. ശക്തമായ നയപിന്തുണ, ഡിജിറ്റൽ സൗകര്യങ്ങൾ, ആയുഷ് വിസ, റീജിയണൽ മെഡിക്കൽ ഹബ്ബുകൾ തുടങ്ങിയ സംരംഭങ്ങൾ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആഗോളതലത്തിൽ വർധിച്ചുവരുന്ന ആരോഗ്യപരിപാലനച്ചെലവും സമഗ്ര പരിചരണത്തിനായുള്ള ആവശ്യകതയും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സകൾക്കും രോഗപ്രതിരോധ ആരോഗ്യ പരിഹാരങ്ങൾക്കുമായി അന്താരാഷ്ട്രതലത്തിലെ രോഗികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു.

ആഗോള രോഗശാന്തി കേന്ദ്രമെന്ന നിലയിൽ ഇന്ത്യ

ലോകമെമ്പാടും വർധിച്ചുവരുന്ന ആരോഗ്യപരിപാലനച്ചെലവുകൾ, നീണ്ട കാത്തിരിപ്പ് സമയം, ജീവിതശൈലീരോഗങ്ങളുടെ വർധിച്ച ഭാരം എന്നിവ രോഗികളെ വിദേശത്ത് ചികിത്സ തേടാൻ പ്രേരിപ്പിക്കുന്നു. ഈ ആഗോള മാറ്റം കോടിക്കണക്കിന് ഡോളർ മൂല്യമുള്ള മെഡിക്കൽ വാല്യൂ ട്രാവൽ (MVT) വ്യവസായത്തിന്റെ ഉദയത്തിലേക്ക് നയിച്ചു.

2022-ൽ ആഗോള മെഡിക്കൽ വാല്യൂ ട്രാവൽ വിപണി ഏകദേശം 115.6 ബില്യൺ ഡോളറായിരുന്നു. 2030-ഓടെ ഇത് ഏകദേശം 286.1 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വിപണി പ്രതിവർഷം ഏകദേശം 10.8% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (CAGR) വളരുന്നു.

ഈ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. 2025-ൽ ഇന്ത്യയിലെ മെഡിക്കൽ ടൂറിസം വിപണി ഏകദേശം 8.7 ബില്യൺ ഡോളറാണെന്നാണ് വ്യവസായ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2030-ഓടെ ഇത് 16.2 ബില്യൺ ഡോളറായി മാറുമെന്നും പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടുകളായി രോഗശാന്തിയും സമനിലയും വീണ്ടെടുക്കലും തേടുന്നവർക്കുള്ള ഒരു സങ്കേതമായി ഇന്ത്യ കണക്കാക്കപ്പെടുന്നു. ഇന്ന് ഈ പുരാതന പാരമ്പര്യം ഊർജ്ജസ്വലമായ ഒരു മെഡിക്കൽ വാല്യൂ ട്രാവൽ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഇത് ആധുനിക വൈദ്യശാസ്ത്രത്തെ പരമ്പരാഗത സമ്പ്രദായങ്ങളുടെ കാലാതീതമായ ജ്ഞാനവുമായി സംയോജിപ്പിക്കുന്നു. 'ഹീൽ ഇൻ ഇന്ത്യ' എന്ന ഉദ്യമത്തിലൂടെ സമഗ്രവും സംയോജിതവുമായ ആരോഗ്യപരിപാലനത്തിനുള്ള മുൻനിര കേന്ദ്രമായി ഗവൺമെന്റ് രാജ്യത്തെ മാറ്റിയെടുക്കുകയാണ്.

ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ രണ്ട് പ്രധാന സ്തംഭങ്ങൾ തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്:

  • മെഡിക്കൽ ടൂറിസം: ഇത് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ, അവയവ മാറ്റിവെക്കലുകൾ, പ്രത്യേക ആശുപത്രികളും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും നൽകുന്ന വിപുലമായ ഡയഗ്നോസ്റ്റിക് കെയർ തുടങ്ങിയ ചികിത്സാ ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • വെൽനസ് ടൂറിസം: ഇത് യോഗ, ആയുർവേദം, പ്രകൃതിചികിത്സ, മറ്റ് ആയുഷ് രീതികൾ തുടങ്ങിയ പരമ്പരാഗത സമ്പ്രദായങ്ങളിലൂടെയുള്ള പ്രതിരോധപരവും സമഗ്രവുമായ ആരോഗ്യ സംരക്ഷണത്തിൽ കേന്ദ്രീകരിക്കുന്നു. ഇത് ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ചികിത്സകൾ വാഗ്ദാനം ചെയ്യുന്നു.

ഈ രണ്ട് സ്തംഭങ്ങളും ചേർന്ന് ഇന്ത്യയുടെ മെഡിക്കൽ വാല്യൂ ട്രാവൽ ആവാസവ്യവസ്ഥയുടെ അടിത്തറയായി മാറുന്നു. അവ വിപുലമായ ക്ലിനിക്കൽ ചികിത്സാ ആവശ്യങ്ങളെയും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനായുള്ള വർധിച്ചുവരുന്ന ആഗോള ആവശ്യകതത്തെയും അഭിസംബോധന ചെയ്യുന്നു.

മെഡിക്കൽ ടൂറിസം സൂചിക 2020–21 അനുസരിച്ച്:

  • ആഗോളതലത്തിൽ മികച്ച 46 മെഡിക്കൽ ടൂറിസം കേന്ദ്രങ്ങളിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.
  • ലോകത്തെ മികച്ച 20 വെൽനസ് ടൂറിസം വിപണികളിൽ 12-ാം സ്ഥാനത്താണ്.
  • ഏഷ്യാ-പസഫിക് മേഖലയിലെ മികച്ച 10 വെൽനസ് കേന്ദ്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ്.

2025-26-ലെ സ്ഥിതിവിവരക്കണക്കുകൾ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ യാത്രയും ടൂറിസവും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (GDP) 5.22 ശതമാനം സംഭാവന ചെയ്തു. ഇത് കോവിഡിന് മുമ്പുള്ള നിലവാരവുമായി ചേർത്തുനിൽക്കുന്നു. ഈ മേഖല ഏകദേശം 8.46 കോടി നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഇത് മൊത്തം തൊഴിലിന്റെ 13.3 ശതമാനത്തോളം വരും.

2025-ലെ ഏറ്റവും പുതിയ ഡാറ്റ ഈ മേഖലയുടെ വളർച്ചയെ എടുത്തുകാണിക്കുന്നു:

  • വിദേശ വിനോദസഞ്ചാരികളുടെ വരവ് (FTA): 2025-ൽ ഇന്ത്യയിൽ 9.15 ദശലക്ഷം വിദേശ വിനോദസഞ്ചാരികൾ എത്തി.
  • മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വരവ്: 2025-507,244 വിദേശ പൗരന്മാർ പ്രത്യേകമായി വൈദ്യചികിത്സയ്ക്കായി എത്തി.
  • മേഖലാ വിഹിതം: മൊത്തം വിദേശ വിനോദസഞ്ചാരികളുടെ വരവിൽ മെഡിക്കൽ ടൂറിസം ഏകദേശം 5.5% വരുമെന്ന് 2025-ലെ ഡാറ്റ വ്യക്തമാക്കുന്നു.

  • പ്രധാന വിപണികൾ: 2025-ലെ കണക്കുകൾ പ്രകാരം മെഡിക്കൽ ടൂറിസ്റ്റുകളുടെ പ്രധാന ഉറവിട രാജ്യങ്ങളിൽ ബംഗ്ലാദേശ് (3,25,127), തുടർന്ന് ഇറാഖ് (30,989), ഉസ്ബെക്കിസ്ഥാൻ (13,699), സൊമാലിയ (11,506), തുർക്ക്മെനിസ്ഥാൻ (10,231), ഒമാൻ (9,738), കെനിയ (9,357) എന്നിവ ഉൾപ്പെടുന്നു.
  • മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗികൾ പ്രധാനമായും താഴെ പറയുന്ന പ്രത്യേക ചികിത്സകൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു:
  • കാർഡിയാക് സർജറി
  • ഓർത്തോപീഡിക് ചികിത്സ
  • കാൻസർ ചികിത്സ
  • അവയവമാറ്റ ശസ്ത്രക്രിയകൾ
  • നാഡീസംബന്ധമായ ചികിത്സ
  • കോസ്മെറ്റിക് സർജറി
  • ദന്തസംരക്ഷണം
  • വന്ധ്യതാ ചികിത്സ
  • ആയുഷ് അടിസ്ഥാനമാക്കിയുള്ള വെൽനസ് തെറാപ്പികൾ

ഇന്ത്യയുടെ മത്സരക്ഷമത: കുറഞ്ഞ നിരക്കിൽ ഗുണനിലവാരവും വൈദഗ്ധ്യവും

ഇന്ത്യയുടെ സവിശേഷ ഗുണം മെഡിക്കൽ ടൂറിസം സൂചികയിൽ (MTI) രാജ്യത്തെ ആഗോളതലത്തിൽ പത്താം സ്ഥാനത്ത് എത്തിക്കുന്നു. ഈ മത്സരക്ഷമതയുടെ നിരവധി സ്തംഭങ്ങൾ ഗവൺമെന്റ് തിരിച്ചറിയുന്നു:

ഈടുറ്റ മെഡിക്കൽ വിഭവശേഷി

ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് പിന്തുണയേകുന്നത് ലോകത്തിലെ ഏറ്റവും ബൃഹത്തായ, പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ കൂട്ടായ്മയാണ്.

ഇന്ത്യയിൽ 69,364 ആശുപത്രികളും (43,486 സ്വകാര്യ ആശുപത്രികളും 25,778 ​ഗവൺമെന്റ് ആശുപത്രികളും) 1.2 ദശലക്ഷം രജിസ്റ്റർ ചെയ്ത ഡോക്ടർമാരുമുണ്ട്. ഇത് ലോകാരോഗ്യസംഘടന (WHO) നിർദ്ദേശിച്ച ഡോക്ടർ-ജനസംഖ്യ അനുപാതം കൈവരിക്കുന്നു.

കൂടാതെ, ഇന്ത്യയിൽ ഇംഗ്ലീഷാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ക്ലിനിക്കൽ പ്രാക്ടീസിന്റെയും പ്രാഥമിക ഭാഷ. ഇത് അന്താരാഷ്ട്ര രോഗികളുമായി സുഗമമായ ആശയവിനിമയം സാധ്യമാക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ മെഡിക്കൽ വിദ്യാഭ്യാസ ശേഷിയും ആരോഗ്യസംരക്ഷണ ഇൻഫ്രാസ്ട്രക്ചറും ഗണ്യമായി വികസിപ്പിച്ചു. ഇത് പ്രത്യേക വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവർത്തകരുടെ ലഭ്യതയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യയും അംഗീകാരവും (അക്രഡിറ്റേഷൻ)

ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തമായ ഗുണനിലവാര ഉറപ്പാക്കൽ സംവിധാനങ്ങളാലും അന്താരാഷ്ട്ര അംഗീകാരമുള്ള അക്രഡിറ്റേഷൻ മാനദണ്ഡങ്ങളാലും പിന്തുണയ്ക്കപ്പെടുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രികളും ആരോഗ്യസംരക്ഷണ ദാതാക്കളും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിൽ (NABH) നിന്ന് അംഗീകാരം നേടുന്നു.

NABH രോഗികളുടെ സുരക്ഷയ്ക്കും പരിചരണത്തിന്റെ ഗുണനിലവാരത്തിനും കർശനമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. 2026-ലെ കണക്കനുസരിച്ച് 600-ലധികം സുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ച് NABH 1,299-ലധികം ആശുപത്രികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ വ്യവസ്ഥാപിതമായ ഗുണനിലവാര മെച്ചപ്പെടുത്തൽ മേൽനോട്ടം വഹിക്കുന്നു.

ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയറുമായുള്ള (ISQua) അഫിലിയേഷൻ വഴി NABH അക്രഡിറ്റേഷൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ നിരവധി ഇന്ത്യൻ ആശുപത്രികൾക്ക് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ (JCI) അംഗീകാരവുമുണ്ട്. ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ക്ലിനിക്കൽ മികവിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആരോഗ്യസ്ഥാപനങ്ങളുടെ നിരയിൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നു.

മെഡിക്കൽ വാല്യൂ ട്രാവൽ (MVT) സേവന ദാതാക്കൾ പ്രധാനമായും ഇന്ത്യയുടെ തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022-ലെ കണക്കനുസരിച്ച്, നഗരങ്ങൾ അനുസരിച്ചുള്ള JCI-അക്രഡിറ്റഡ് ആശുപത്രികളുടെ സാന്ദ്രത താഴെ പറയുന്നതാണ്: -

നഗരം

ജെസിഐ അംഗീകൃത ആശുപത്രികളുടെ എണ്ണം

ഡൽഹി

9

മുംബൈ

6

ബെംഗളൂരു

3

ചെന്നൈ

2

ഹൈദരാബാദ്

2

അഹമ്മദാബാദ്

2

കൊൽക്കത്ത

1

നാഗ്പൂർ

1

കൊച്ചി

1

സേവന ദാതാക്കളുടെ സാന്ദ്രതയുള്ള മറ്റ് പ്രധാന നഗരങ്ങളിൽ പൂനെയും നാസിക്കും ഉൾപ്പെടുന്നു.

കുറഞ്ഞ ചെലവിൽ മെഡിക്കൽ ചികിത്സ

ഇന്ത്യയുടെ മെഡിക്കൽ ടൂറിസത്തിന്റെ ആകർഷണീയത അതിന്റെ കുറഞ്ഞ ചെലവ് കൊണ്ട് കൂടുതൽ ബലപ്പെടുന്നു. താരതമ്യപ്പെടുത്താവുന്ന ക്ലിനിക്കൽ നിലവാരം നിലനിർത്തിക്കൊണ്ടുതന്നെ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള മെഡിക്കൽ ചികിത്സ വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാണ്.

നൂതന മെഡിക്കൽ സാങ്കേതികവിദ്യയും വിദഗ്ധരായ പ്രൊഫഷണലുകളും ഈ കുറഞ്ഞ നിരക്കിലെ ചികിത്സയ്ക്ക് സഹായകമാകുന്നു. നീണ്ട കാത്തിരിപ്പ് സമയമില്ലാതെ തന്നെ അന്താരാഷ്ട്ര രോഗികൾക്ക് പ്രത്യേക ചികിത്സ നേടാൻ ഇത് പ്രാപ്തമാക്കുന്നു.

ആയുഷ് അധിഷ്ഠിത മെഡിക്കൽ വാല്യൂ ട്രാവൽ ശക്തിപ്പെടുത്തുന്നു

ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിങ്ങനെ 'ആയുഷ്' എന്ന് അറിയപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലൂടെ വെൽനസ് ടൂറിസത്തിൽ ഇന്ത്യയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ട്.

യോഗയുടെയും ആയുർവേദത്തിന്റെയും ജന്മസ്ഥലം എന്ന നിലയിൽ, ഇന്ത്യ ഈ സമ്പ്രദായങ്ങളെ സമഗ്ര ആരോഗ്യത്തിന്റെയും പ്രതിരോധ പരിചരണത്തിന്റെയും അവിഭാജ്യ ഘടകങ്ങളായി തുടർന്നും പ്രോത്സാഹിപ്പിക്കുന്നു.

  • ആയുഷ് വിസ സൗകര്യം: അന്താരാഷ്ട്ര രോഗികൾക്ക് പ്രവേശനം സുഗമമാക്കുന്നതിനായി 2023 ജൂലൈ 27-ന് ഇന്ത്യാ ഗവൺമെന്റ് ഒരു പ്രത്യേക 'ആയുഷ് വിസ' അവതരിപ്പിച്ചു. അംഗീകൃത ആയുഷ് സമ്പ്രദായങ്ങൾക്ക് കീഴിലുള്ള ചികിത്സയ്ക്കായി പ്രത്യേകമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇത് വിദേശ പൗരന്മാർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അവസരം നൽകുന്നു.
  • ഗുണനിലവാര മാനദണ്ഡങ്ങൾ: ഈ മേഖലയിൽ വിശ്വാസ്യതയും ഏകീകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), മെഡിക്കൽ വെൽനസ് ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡമായ ISO 22525 അംഗീകരിച്ചിട്ടുണ്ട്.
  • ഇൻഷുറൻസ് പരിരക്ഷ: ആയുഷ് ചികിത്സകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങൾ പ്രകാരം ആയുഷ് പ്രകാരമുള്ള ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇൻഷുറൻസ് കമ്പനികളെ അനുവദിച്ചിരിക്കുന്നു. തത്ഫലമായി ഏകദേശം 27 ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ ആയുഷ് ചികിത്സകൾ ഉൾപ്പെടുന്ന 140-ലധികം പോളിസി ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
  • ആഗോള പങ്കാളിത്തവും ആവാസവ്യവസ്ഥയുടെ വികസനവും: മെഡിക്കൽ വാല്യൂ ട്രാവൽ പ്രധാനപ്പെട്ട എല്ലാ ആയുഷ് സംരംഭങ്ങളിലെയും ഒരു പ്രധാന വിഷയമായി തുടരുന്നു. മുംബൈയിലും (2024) ചെന്നൈയിലും (2025 മെയ്) നടന്ന "മെഡിക്കൽ വാല്യൂ ട്രാവലിലൂടെ ആരോഗ്യവും വെൽനസും പരിവർത്തനം ചെയ്യുക: ആഗോള കൂട്ടായ്മ" എന്ന ഉച്ചകോടി ഇതിൽ ഉൾപ്പെടുന്നു.
  • ഹെൽത്ത് സെക്ടർ സ്കിൽ കൗൺസിലിന് കീഴിലുള്ള ആയുഷ് ഉപസമിതി പോലുള്ള സംരംഭങ്ങളിലൂടെ ശേഷി വർധന ശക്തിപ്പെടുത്തുന്നു.
  • ലോകാരോഗ്യസംഘടനയുടെ (WHO) ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടി, നോ ഇന്ത്യ പ്രോഗ്രാം (Know India Programme) 2025-ലെ മഹാകുംഭമേളയിൽ പ്രദർശിപ്പിച്ച ആയുഷ് സംരംഭങ്ങൾ തുടങ്ങിയവയിലൂടെ ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളും വിപുലമായിക്കൊണ്ടിരിക്കുന്നു.

തന്ത്രപ്രധാനമായ സംരംഭങ്ങൾ: കേന്ദ്ര ബജറ്റ് 2026-27 ലെ പ്രധാന വിവരങ്ങൾ

കേന്ദ്ര ബജറ്റ് 2026-27-ലൂടെ ഒരു ആഗോള മെഡിക്കൽ കേന്ദ്രമെന്ന രാജ്യത്തിന്റെ പദവി ഉറപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ദീർഘവീക്ഷണമുള്ള ഒരു പാത അനാവരണം ചെയ്തിരിക്കുന്നു.

പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ

സംസ്ഥാന ഗവൺമെന്റുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് രാജ്യത്തുടനീളം അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശമാണ് ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം. ഈ ഹബ്ബുകൾ മെഡിക്കൽ, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ ഒരേ കുടക്കീഴിലൊരുക്കുന്ന സംയോജിത ആരോഗ്യ സംരക്ഷണ സമുച്ചയങ്ങളായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

രോഗികൾക്ക് സമഗ്ര രോഗശാന്തി അനുഭവം ഉറപ്പാക്കാൻ, ഈ ഹബ്ബുകളിൽ താഴെ പറയുന്നവ ഉൾപ്പെടുത്തും:

  • പ്രത്യേക കേന്ദ്രങ്ങൾ: എല്ലാ ഹബ്ബിലും ആയുഷ് (AYUSH) കേന്ദ്രങ്ങളും മെഡിക്കൽ വാല്യൂ ടൂറിസം (MVT) ഫെസിലിറ്റേഷൻ സെന്ററുകളും ഉണ്ടായിരിക്കും.
  • സമഗ്ര പരിചരണം: വിപുലമായ രോഗനിർണയം, ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം, പുനരധിവാസം എന്നിവയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.
  • തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ: ഈ സമുച്ചയങ്ങൾ ഡോക്ടർമാർക്കും അനുബന്ധ ആരോഗ്യ പ്രവർത്തകർക്കും (AHP) വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആരോഗ്യസംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ

ആധുനിക ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെ രാജ്യത്തിന്റെ ശേഷിയും ഗവൺമെന്റ് വികസിപ്പിക്കുന്നുണ്ട്.

  • ആയുർവേദത്തിലെ വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
  • അതേസമയം, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും ആഗോള സഹകരണവും ശക്തിപ്പെടുത്തുന്നതിനായി ജാംനഗറിലെ ലോകാരോഗ്യസംഘടനയുടെ (WHO) ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം നവീകരിച്ചുവരികയാണ്.

ഈ സംരംഭങ്ങൾ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ പരസ്പര പൂരകമായ സ്തംഭങ്ങളായി മെഡിക്കൽ ചികിത്സാ സേവനങ്ങളെയും വെൽനസ് അധിഷ്ഠിത രോഗശാന്തി പാരമ്പര്യങ്ങളെയും ഒരുമിച്ച് വികസിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ സംയോജിത സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഗുണനിലവാരത്തിനും ഭരണനിർവ്വഹണത്തിനുമുള്ള രൂപരേഖ

ഇന്ത്യയുടെ മത്സരക്ഷമത നിലനിർത്തുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം മെഡിക്കൽ, വെൽനസ് ടൂറിസത്തിനായി ഒരു ദേശീയ തന്ത്രവും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.

ഈ രൂപരേഖ ഭരണനിർവ്വഹണത്തിലെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: -

  1. സ്ഥാപനപരമായ ചട്ടക്കൂട്: വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന ​ഗവൺമെന്റുകൾ, സ്വകാര്യ മേഖല എന്നിവയ്ക്കിടയിൽ ഏകോപനം നടത്തുന്നതിനുള്ള ഒരു സംഘടനയായി നാഷണൽ മെഡിക്കൽ & വെൽനസ് ടൂറിസം പ്രൊമോഷൻ ബോർഡ് (NMWTB) പ്രവർത്തിക്കുന്നു.
  2. ഗുണനിലവാരം ഉറപ്പുവരുത്തൽ: ആശുപത്രികൾ, വെൽനസ് സെന്ററുകൾ, ഡെന്റൽ ക്ലിനിക്കുകൾ എന്നിവയ്ക്കായുള്ള NABH അക്രഡിറ്റേഷൻ ഗവൺമെന്റ് ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വിശ്വാസ്യത വളർത്തുന്നതിനായി മെഡിക്കൽ വാല്യൂ ട്രാവൽ (MVT) ഫെസിലിറ്റേറ്റർമാരുടെ രജിസ്ട്രേഷനും റേറ്റിംഗും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
  3. വൈദഗ്ധ്യവും ശേഷിവർധനയും: പ്രധാനപ്പെട്ട 20 വിനോദസഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകൾക്ക് 12 ആഴ്ചത്തെ പരിശീലന കോഴ്‌സിലൂടെ വൈദഗ്ധ്യം നൽകുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതി കേന്ദ്ര ബജറ്റ് 2026-27-ൽ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര രോഗികൾക്ക് മികച്ച സേവനം നൽകുന്നതിനായി പാരാമെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാർക്ക് സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വിദേശ ഭാഷകൾ പഠിക്കാനും പരിശീലനം നൽകിവരുന്നു.

ഈ ഭരണനിർവ്വഹണ, ഗുണനിലവാര നടപടികൾ സംയോജിപ്പിക്കുന്നതിലൂടെ സമഗ്ര രോഗശാന്തിക്കായുള്ള 365 ദിവസത്തെ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റിയെടുക്കാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നു. "ഇൻക്രെഡിബിൾ ഇന്ത്യ"-യുടെ ഒരു ഉപ-ബ്രാൻഡ് ആയിട്ടാണ് ഈ സംയോജിത ആശയവിനിമയ തന്ത്രം പ്രോത്സാഹിപ്പിക്കുന്നത്. ഈ സംരംഭങ്ങളിലൂടെ, സമഗ്ര ആരോഗ്യ വിപ്ലവത്തിനായി കൂടുതൽ ഔദ്യോഗികവും നിയന്ത്രിതവും വിശ്വസനീയവുമായ ഒരു ആഗോള കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

ഗവൺമെന്റ് സഹായവും ഡിജിറ്റൽ പരിവർത്തനവും

ശക്തമായ ഡിജിറ്റൽ, നയപരമായ ഇടപെടലുകളിലൂടെ അന്താരാഷ്ട്ര രോഗികളുടെ യാത്രയെ ഗവൺമെന്റ് സുഗമമാക്കിയിട്ടുണ്ട്. ഇതിന്റെ പ്രധാന അടിത്തറ ലിബറലൈസ് ചെയ്ത വിസ സംവിധാനമാണ്, ഇതിലൂടെ ഇ-മെഡിക്കൽ വിസയും ഇ-മെഡിക്കൽ അറ്റൻഡന്റ് വിസയും 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ ഇന്ത്യയിലെ പരമ്പരാഗത ചികിത്സകൾ തേടുന്നവരെ സഹായിക്കുന്നതിനായി ഇ-ആയുഷ് വിസ, ഇ-ആയുഷ് അറ്റൻഡന്റ് വിസ തുടങ്ങിയ പുതിയ വിഭാഗങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ സംരംഭങ്ങൾ "ഹീൽ ഇൻ ഇന്ത്യ" അനുഭവം കൂടുതൽ മികച്ചതാക്കുന്നു:

  • നവീകരിച്ച MVT പോർട്ടൽ: "എൻഡ്-ടു-എൻഡ്" സേവനങ്ങൾ നൽകുന്നതിനായി ഗവൺമെന്റ് വൺ-സ്റ്റോപ്പ് മെഡിക്കൽ വാല്യൂ ട്രാവൽ പോർട്ടൽ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രോഗികളെ സേവനങ്ങൾ കണ്ടെത്താനും ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും അതുപോലെ തന്നെ പണമടയ്ക്കാനും ചികിത്സയ്ക്ക് ശേഷമുള്ള പരിചരണം ലഭ്യമാക്കാനും പ്രാപ്തമാക്കുന്നു.
  • എയർപോർട്ട് സൗകര്യം: പ്രധാന വിമാനത്താവളങ്ങളിൽ MVT കൺസേർജും ലോഞ്ചുകളും സജ്ജീകരിക്കാൻ പദ്ധതിയുണ്ട്. എയറോബ്രിഡ്ജിൽ വെച്ച് യാത്രക്കാരെ സ്വീകരിക്കാനും ഇമിഗ്രേഷൻ, കസ്റ്റംസ്, ബാഗേജ് ക്ലെയിം എന്നിവയിൽ അവരെ സഹായിക്കാനും വേണ്ടിയാണ് ഇത്.

മെഡിക്കൽ, വെൽനസ് ടൂറിസത്തിനായുള്ള സ്ഥാപനപരമായ സംവിധാനം

മെഡിക്കൽ വാല്യൂ ട്രാവലിന്റെ ഏകോപിപ്പിച്ചുള്ള വികസനം ഉറപ്പാക്കാൻ ഗവൺമെന്റ് ഒരു സ്ഥാപനപരമായ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്.

 

നാഷണൽ മെഡിക്കൽ & വെൽനസ് ടൂറിസം പ്രൊമോഷൻ ബോർഡ് (NMWTB): 2015-ൽ ടൂറിസം മന്ത്രാലയം രൂപീകരിച്ച ഈ ബോർഡിന്റെ അധ്യക്ഷൻ കേന്ദ്ര ടൂറിസം മന്ത്രിയാണ്. ഇത് ഇന്ത്യയിലെ മെഡിക്കൽ, വെൽനസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നു.

മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ പ്ലാറ്റ്‌ഫോം: ഈ ബോർഡ് മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ആശുപത്രികൾ, വെൽനസ് സെന്ററുകൾ, അക്രഡിറ്റേഷൻ ബോഡികൾ, വ്യവസായ രംഗത്തെ മറ്റ് പങ്കാളികൾ എന്നിവരെ ഒന്നിപ്പിക്കുന്നു. മെഡിക്കൽ വാല്യൂ ട്രാവൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു.

സംസ്ഥാന തലത്തിലുള്ള ഏകോപനം: പ്രാദേശിക വികസനത്തെയും പ്രമോഷനെയും പിന്തുണയ്ക്കുന്നതിനായി പ്രത്യേക മെഡിക്കൽ, വെൽനസ് ടൂറിസം പ്രൊമോഷൻ ബോർഡുകളോ സെല്ലുകളോ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

വെൽനസും സാംസ്കാരിക സംയോജനവും പ്രോത്സാഹിപ്പിക്കൽ

ഇന്ത്യയുടെ വിശാലമായ ആരോഗ്യ ടൂറിസം തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ് വെൽനസ് ടൂറിസം. യോഗ, ധ്യാനം, ആയുർവേദം, ആത്മീയ രോഗശാന്തി എന്നിവയിലെ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യം വെൽനസിനെ സാംസ്കാരിക ടൂറിസവുമായി സംയോജിപ്പിക്കാൻ സവിശേഷമായ അവസരങ്ങൾ നൽകുന്നു.

സമഗ്ര ആരോഗ്യത്തിനായുള്ള ആഗോള ബ്രാൻഡ് എന്ന നിലയിൽ യോഗ

സംസ്കൃത മൂലപദമായ 'യുജ്' എന്നതിൽ നിന്നാണ് (അർത്ഥം "ചേരുക" അല്ലെങ്കിൽ "ഒന്നിക്കുക" എന്നത്) യോഗ എന്ന പുരാതന ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യമായ സമ്മാനം ഉരുത്തിരിഞ്ഞത്. ഇത് ഇന്ത്യയുടെ ആഗോള സാംസ്കാരിക സ്വാധീനത്തിന്റെ ഒരു പ്രധാന അടിത്തറയായി മാറിയിട്ടുണ്ട്. ഇത് മനസ്സ്, ശരീരം, ചിന്ത, പ്രവൃത്തി എന്നിവയുടെ ഐക്യത്തെ പ്രതീകപ്പെടുത്തുകയും ക്ഷേമത്തിനായുള്ള സമഗ്ര സമീപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

11-ാമത് അന്താരാഷ്ട്ര യോഗ ദിനം ദേശീയ, ആഗോള തലങ്ങളിൽ വെൽനസ് സംയോജിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയായി മാറി. "യോഗ ഒരു ഭൂമിക്കും ഒരു ആരോഗ്യത്തിനും" എന്ന പ്രമേയത്തിന് കീഴിൽ ഈ പരിപാടി യോഗയെ സുസ്ഥിരതയുമായും ആഗോള ക്ഷേമവുമായും യോജിപ്പിച്ചു.

യോഗയ്ക്കും പരമ്പരാഗത ചികിത്സകൾക്കുമായുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഇന്ത്യ നിലകൊള്ളുന്നു. ഇത് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അവർ തങ്ങളുടെ ജീവിതശൈലി നിലനിർത്തുന്നതിനോ അല്ലെങ്കിൽ പ്രതിരോധ ആരോഗ്യ സംരക്ഷണം തേടുന്നതിനോ ആയി പ്രത്യേകമായി യാത്ര ചെയ്യുന്നു. ഈ യാത്ര ഇപ്പോൾ ഗവൺമെന്റിന്റെ പ്രത്യേക ഇ-ആയുഷ് വിസ സൗകര്യത്തിലൂടെ വളരെ ലളിതമാക്കിയിട്ടുണ്ട്.

ആഗോള രോഗശാന്തി കേന്ദ്രത്തിലേക്ക്

ഇന്ത്യയുടെ മെഡിക്കൽ, വെൽനസ് ടൂറിസം ആവാസവ്യവസ്ഥ ആഗോളതലത്തിൽ വിശ്വസനീയമായ ഒരു സംയോജിത ആരോഗ്യ സംരക്ഷണ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ആധുനിക മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളെ ആയുഷ് പോലുള്ള പരമ്പരാഗത സമ്പ്രദായങ്ങളുമായി സംയോജിപ്പിക്കുന്നു. രോഗനിവാരണവും പ്രതിരോധ പരിചരണവും ഇത് സാധ്യമാക്കുന്നു.

ശക്തമായ ഗവൺമെന്റ് നയങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങളും ഈ വളർച്ചയ്ക്ക് പിന്തുണയേകുന്നു. മെഡിക്കൽ വാല്യൂ ട്രാവലിനായുള്ള സമഗ്ര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.

ആഗോള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ സംരക്ഷണത്തിന്റെയും വെൽനസ് ടൂറിസത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ഇന്ത്യ സജ്ജമാണ്.

അവലംബം

 

Press Information Bureau (PIB):

 https://www.pib.gov.in/PressReleasePage.aspx?PRID=2222142&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2225423&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2153611&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2221403&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2221485&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2217203&reg=3&lang=2

Ministry of Tourism:
https://tourism.gov.in/wellness-medical-tourism

https://tourism.gov.in/sites/default/files/2022-05/National%20Strategy%20and%20Roadmap%20for%20Medical%20and%20Wellness%20Tourism.pdf

https://tourism.gov.in/sites/default/files/2026-02/Ministry%20of%20Tourism%20Annual%20Report_2025-26_english.pdf

National Accreditation Board for Hospitals & Healthcare Providers:

https://nabh-portal-live.s3.ap-south-1.amazonaws.com/wp-content/uploads/2026/01/21163729/NABH-Newletter-Issue-12-1.pdf

Ministry of AYUSH:

https://ayush.gov.in/assets/pdf/annualReport/DecadeAyushReport.pdf

FICCI:

https://www.ficci.in/sector/medical-value-travel-mvt?utm_

 

See In PDF

***

SK

(Explainer ID: 158595) आगंतुक पटल : 40
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Gujarati , Telugu , Kannada