Economy
ഇന്ത്യ - ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു
Posted On:
27 APR 2026 5:13PM
|
പ്രധാന വസ്തുതകൾ
- ഇന്ത്യൻ കയറ്റുമതിയുടെ 100% തീരുവയും ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ഒഴിവാക്കുന്നു
- 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ വാഗ്ദാനം ദീർഘകാല സാമ്പത്തിക-തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നു
- ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSME) വനിതാ സംരംഭകർക്കും ഈ കരാർ പ്രത്യേക ഊന്നൽ നൽകുന്നു
- ക്ഷീര, കാർഷിക മേഖലകളിലെ പ്രധാന താത്പര്യങ്ങൾ ഇന്ത്യ സംരക്ഷിക്കുന്നതിനൊപ്പം ടെക്സ്റ്റൈൽ, ലെതർ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് വൻ നേട്ടം പ്രദാനം ചെയ്യുന്നു.
- ന്യൂസിലൻഡ് ആദ്യമായി ആരോഗ്യ,പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്ക് സൗകര്യമൊരുക്കുന്നു
- STEM ബിരുദധാരികൾക്കും വിദഗ്ധ പ്രൊഫഷണലുകൾക്കും സ്റ്റുഡന്റ് മൊബിലിറ്റിയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയും; 5,000 വിദഗ്ധ തസ്തികകളിലേക്ക് പുതിയ വിസ പാത തുറക്കുന്നു
|
ആമുഖം
സാമ്പത്തിക വളർച്ച ശക്തമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഗോളതലത്തിലെ സ്ഥാനം മെച്ചപ്പെടുത്താനുമായി ഇന്ത്യ ആഗോള വ്യാപാര പങ്കാളിത്തം ക്രമാനുഗതമായി വിപുലീകരിക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ 38 വികസിത രാജ്യങ്ങളിലായി 9 സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചു. ന്യൂസിലൻഡുമായി ദീർഘവീക്ഷണത്തോടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറാണ് ഇതിൽ ഏറ്റവും പുതിയത്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലെ ചരിത്ര നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു. വിപണിപ്രവേശനം, കാർഷിക ഉത്പാദനക്ഷമത, നിക്ഷേപം, പ്രതിഭകളുടെ കൈമാറ്റം, കായികം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്ന ഒരു വിപുലമായ ചട്ടക്കൂടാണിത്. ഇരുരാജ്യങ്ങളിലെയും ഉത്പാദകർ, കർഷകർ, എം.എസ്.എം.ഇകൾ, വനിതാ സംരംഭകർ, വിദ്യാർത്ഥികൾ, വിദഗ്ധ പ്രൊഫഷണലുകൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് എഫ്.ടി.എ വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ 2025 മാർച്ച് 16-ന് പ്രഖ്യാപിക്കുകയും 9 മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ സ്വതന്ത്ര വ്യാപാര കരാറായി ഇത് മാറി. കരാറിൽ ഒപ്പുവെച്ചത് ന്യൂസിലൻഡിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ വിപണിപ്രവേശനവും താരിഫ് ഇളവുകളും വർധിപ്പിക്കും. ഒപ്പം വിശാലമായ ഓഷ്യാനിയ, പസഫിക് ദ്വീപ് വിപണികളിലേക്കുള്ള പ്രവേശന കവാടമായി ന്യൂസിലൻഡ് പ്രവർത്തിക്കുകയും ചെയ്യും. വിദഗ്ധ തൊഴിലാളികളുടെ പ്രധാന വിതരണക്കാരായി മാറാനുള്ള അവസരങ്ങൾ ഈ കരാർ ഇന്ത്യയ്ക്ക് തുറന്നുനൽകുന്നു. കൂടാതെ ആയുഷ്, യോഗ പരിശീലനം, ഇന്ത്യൻ പാചകം, സംഗീത അധ്യാപനം തുടങ്ങിയ സേവന മേഖലകളിലും ഐ.ടി, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ താത്പര്യ മേഖലകളിലും ഭാവി സഹകരണത്തിനുള്ള സാധ്യതകൾ ഇത് ഒരുക്കുന്നു.

ഇന്ത്യ - ന്യൂസിലൻഡ്: ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പങ്കാളിത്തം സാമ്പത്തിക യാഥാർത്ഥ്യങ്ങളാലും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്താലും രൂപപ്പെട്ടതാണ്. നിലവിൽ ഓഷ്യാനിയ മേഖലയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ന്യൂസിലൻഡ്.

49,380 യുഎസ് ഡോളർ പ്രതിശീർഷ വരുമാനമുള്ള ന്യൂസിലൻഡ് ഓഷ്യാനിയയിലെ ഉയർന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. 2024-ൽ ന്യൂസിലൻഡിന്റെ ഇറക്കുമതി 47 ബില്യൺ യുഎസ് ഡോളറും കയറ്റുമതി 42 ബില്യൺ യുഎസ് ഡോളറുമായിരുന്നു. ന്യൂസിലൻഡിന്റെ ജിഡിപിയുടെ (GDP) ഏകദേശം 8% പ്രതിവർഷം വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നു. 2025 മാർച്ചിലെ കണക്കനുസരിച്ച് വിദേശ നിക്ഷേപത്തിന്റെ ആകെ മൂല്യം 422.6 ബില്യൺ യുഎസ് ഡോളറാണ്.
ഏകദേശം 3,00,000 ഇന്ത്യൻ വംശജരും പ്രവാസികളും ന്യൂസിലൻഡിൽ താമസിക്കുന്നുണ്ട്, ഇത് അവിടുത്തെ ജനസംഖ്യയുടെ ഏകദേശം 5% വരും. ഈ പ്രവാസിസമൂഹം സാംസ്‌കാരികവും സാമ്പത്തികവുമായ ഒരു പാലമായി പ്രവർത്തിക്കുകയും ശക്തമായ ഉഭയകക്ഷിബന്ധങ്ങളെയും ഇന്ത്യൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകതയെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമൂഹിക-സാമ്പത്തിക അടിത്തറയിലാണ് ഈ സ്വതന്ത്ര വ്യാപാര കരാർ (FTA) കെട്ടിപ്പടുത്തിരിക്കുന്നത്.
· ചരക്കുവ്യാപാരം: 2023–24-ലെ 873 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 2024–25-ൽ 1.3 ബില്യൺ യുഎസ് ഡോളറായി വളർന്നു, ഇത് 49% വളർച്ച രേഖപ്പെടുത്തി.
· ന്യൂസിലൻഡിലേക്കുള്ള ചരക്കുകയറ്റുമതി: 2024–25-ൽ 711 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു, ഇത് 32% ശുഭസൂചകമായ പ്രവണത കാണിക്കുന്നു.
· സേവന മേഖലയിലെ വ്യാപാരം: ന്യൂസിലൻഡിലേക്കുള്ള ഇന്ത്യയുടെ സേവന കയറ്റുമതി 2024-ൽ 13% വളർച്ചയോടെ 634 ദശലക്ഷം യുഎസ് ഡോളറിലെത്തി. സഞ്ചാരം, ഐടി, ബിസിനസ് സേവനങ്ങൾ എന്നിവയാണ് പ്രധാന മേഖലകൾ.
· ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ചരക്കുവ്യാപാരം 2015-2016-ലെ 855 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 2024-2025-ൽ 1298 ദശലക്ഷം യുഎസ് ഡോളറായി വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കയറ്റുമതിയിൽ 130% വർധനവുണ്ടായപ്പോൾ ഇറക്കുമതിയിൽ 7.21% മാത്രമാണ് വർധനവുണ്ടായത്. 2024-25 വർഷത്തിൽ ന്യൂസിലൻഡിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലായിരുന്നു ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി, ഇത് ആ രാജ്യവുമായുള്ള വ്യാപാര മിച്ചം നിലനിർത്താൻ സഹായിച്ചു.
സ്വതന്ത്ര വ്യാപാര കരാറിന്റെ സവിശേഷതകൾ
· ഇന്ത്യൻ കയറ്റുമതിയുടെ 100 ശതമാനത്തിനും ഈ കരാർ തീരുവ ഒഴിവാക്കുന്നു.
· 15 വർഷത്തിനുള്ളിൽ 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന വാഗ്ദാനം ദീർഘകാല സാമ്പത്തിക, തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നു.
· 'കാർഷിക ഉത്പാദനക്ഷമതാ പങ്കാളിത്തത്തിലൂടെ' ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ ആഗോള മൂല്യശൃംഖലയുടെ ഭാഗമാക്കുന്നതിനും ഈ കരാർ കർഷകരുമായി സഹകരിക്കുന്നു.
· ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണം എന്നിവയുൾപ്പെടെയുള്ള തൊഴിലധിഷ്ഠിത മേഖലകൾക്ക് സീറോ ഡ്യൂട്ടി (തീരുവ ഇല്ലാത്ത) പ്രവേശനം നൽകുന്നതിലൂടെ എംഎസ്എംഇകൾക്കും തൊഴിലവസരങ്ങൾക്കും ഈ കരാർ കരുത്തേകുന്നു.
· 70.03 ശതമാനം ഉത്പന്ന വിഭാഗങ്ങളിൽ ഇന്ത്യ വിപണിപ്രവേശനം നൽകിയിട്ടുണ്ട്. അതേസമയം 29.97 ശതമാനം വിഭാഗങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കി. ഇത് ന്യൂസിലൻഡിന്റെ ഉഭയകക്ഷി വ്യാപാരത്തിന്റെ 95 ശതമാനത്തെയും ഉൾക്കൊള്ളുന്നതാണ്.
· ചില ഉത്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ ഉത്പന്നങ്ങൾ (പാൽ, ക്രീം, വേ, തൈര്, ചീസ് തുടങ്ങിയവ), ഇറച്ചി ഉത്പന്നങ്ങൾ (ആട്ടിറച്ചി ഒഴികെയുള്ളവ), പച്ചക്കറി ഉത്പന്നങ്ങൾ (ഉള്ളി, കടല, പയർ വർഗ്ഗങ്ങൾ, ചോളം, ബദാം തുടങ്ങിയവ), പഞ്ചസാര, കൃത്രിമ തേൻ, മൃഗക്കൊഴുപ്പ്, സസ്യ എണ്ണകൾ അല്ലെങ്കിൽ മൈക്രോബിയൽ കൊഴുപ്പുകളും എണ്ണകളും, ആയുധങ്ങളും വെടിക്കോപ്പുകളും, രത്നങ്ങളും ആഭരണങ്ങളും, ചെമ്പും അനുബന്ധ ഉത്പന്നങ്ങളും (കാഥോഡുകൾ, കാട്രിഡ്ജുകൾ, റോഡുകൾ, ബാറുകൾ, കോയിലുകൾ തുടങ്ങിയവ), അലുമിനിയം ഉത്പന്നങ്ങൾ (ഇൻഗോട്ടുകൾ, ബില്ലറ്റുകൾ, വയർ ബാറുകൾ) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
· മരം, കമ്പിളി, ആട്ടിറച്ചി, തുകൽ-അസംസ്കൃത തോലുകൾ എന്നിവയുൾപ്പെടെ 30.00 ശതമാനം ഉത്പന്ന വിഭാഗങ്ങളുടെയും തീരുവ ഉടനടി ഒഴിവാക്കും.
· പെട്രോളിയം ഓയിൽ, മാൾട്ട് എക്സ്ട്രാക്റ്റ്, സസ്യ എണ്ണകൾ, തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രിക്കൽ-മെക്കാനിക്കൽ യന്ത്രങ്ങൾ, പെപ്റ്റോണുകൾ എന്നിവയുൾപ്പെടെ 35.60 ശതമാനം ഉത്പന്നങ്ങളുടെ തീരുവ 3, 5, 7, 10 വർഷങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും.
· വൈൻ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ, പോളിമറുകൾ, അലുമിനിയം, ഇരുമ്പ്-സ്റ്റീൽ ഉത്പന്നങ്ങൾ തുടങ്ങി 4.37 ശതമാനം ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കും.
· മാനൂക്കാ തേൻ, ആപ്പിൾ, കിവി പഴം, മിൽക്ക് ആൽബുമിൻ ഉൾപ്പെടെയുള്ള ആൽബുമിനുകൾ എന്നിവയുൾപ്പെടെ 0.06 ശതമാനം ഉത്പന്നങ്ങൾ ടാരിഫ് റേറ്റ് ക്വാട്ടയിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള മെച്ചപ്പെട്ട വിപണിപ്രവേശനം
സ്വതന്ത്ര വ്യാപാര കരാറിൽ നിന്നുള്ള ഇന്ത്യയുടെ നേട്ടങ്ങൾ
- തീരുവ ചുമത്തുന്ന എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ കയറ്റുമതിക്ക് ന്യൂസിലൻഡിലേക്ക് 100% തീരുവ രഹിത പ്രവേശനം ഈ സ്വതന്ത്ര വ്യാപാര കരാർ (FTA) നൽകുന്നു. ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങളും (MSME) തൊഴിലവസരങ്ങളും ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിങ് ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണസാധനങ്ങൾ തുടങ്ങിയ തൊഴിൽക്ഷമതയേറിയ മേഖലകളിൽ മത്സരക്ഷമത വർധിപ്പിക്കുന്നു.
- തടികൾ, കോക്കിംഗ് കോൾ, ലോഹാവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർമ്മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ തീരുവ രഹിതമായി ഇന്ത്യയ്ക്ക് ലഭ്യമാകും. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാനും ഇന്ത്യൻ വ്യവസായത്തിന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
- വ്യപാര തടസ്സങ്ങൾ കുറയ്ക്കുന്നതും നിയന്ത്രണങ്ങളിലെ വ്യക്തതയും തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, എഞ്ചിനീയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, ഭക്ഷ്യസംസ്കരണം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഇന്ത്യൻ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനും ആഗോള മൂല്യശൃംഖലയുമായി സംയോജിക്കാനും അവസരമൊരുക്കും.
- ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായുള്ള ഘടനാപരമായ സഹകരണത്തിൽ വ്യാപാര സംബന്ധിയായ വിവരങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, കയറ്റുമതി സജ്ജീകരണ പരിപാടികൾ, ന്യൂസിലൻഡിലെ SME ആവാസവ്യവസ്ഥയുമായുള്ള ബന്ധം എന്നിവ ഉൾപ്പെടുന്നു. ഇതിൽ സ്റ്റാർട്ടപ്പുകൾക്കും സ്ത്രീകളുടെയും യുവാക്കളുടെയും ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും പ്രത്യേക ഊന്നൽ നൽകുന്നു.
കൃഷി, സാങ്കേതിക സഹകരണം, കർഷക വരുമാന വളർച്ച എന്നിവയിലുള്ള നേട്ടങ്ങൾ
- ഇന്ത്യയിലെ കിവിപ്പഴം, ആപ്പിൾ എന്നിവയുടെ കർഷകർക്കും തേൻ ഉത്പാദകർക്കും ഉത്പാദനക്ഷമത, ഗുണനിലവാരം, ഈ മേഖലകളിലെ വൈദഗ്ധ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കർമ്മ പദ്ധതികൾ നടപ്പിലാക്കാൻ ന്യൂസിലൻഡ് ധാരണയിലെത്തി.
- സെന്റർ ഓഫ് എക്സലൻസുകളുടെ രൂപീകരണം, മെച്ചപ്പെട്ട നടീൽ വസ്തുക്കൾ, കർഷകർക്കുള്ള ശേഷിവികസന പരിപാടികൾ, സംയുക്ത ഗവേഷണം, തോട്ടം മാനേജ്‌മെന്റിനുള്ള സാങ്കേതിക സഹായം, വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾ, വിതരണ ശൃംഖലകൾ, ഭക്ഷ്യ സുരക്ഷ എന്നിവ ഈ സഹകരണത്തിൽ ഉൾപ്പെടുന്നു.
- ആപ്പിൾ കർഷകർക്കായുള്ള പദ്ധതികളും സുസ്ഥിര തേനീച്ച വളർത്തൽ രീതികളും ഉത്പാദനവും ഗുണനിലവാരവും വർധിപ്പിക്കും.
- തിരഞ്ഞെടുക്കപ്പെട്ട കാർഷിക ഉത്പന്നങ്ങൾക്കും (ആപ്പിൾ, കിവിപ്പഴം, മാനൂക്കാ തേൻ) ന്യൂസിലൻഡിൽ നിന്നുള്ള ആൽബുമിനുകൾക്കും ഇന്ത്യയിൽ വിപണിപ്രവേശനം നൽകുന്നതിനോടൊപ്പമാണ് ഇത് നടപ്പിലാക്കുന്നത്. ഈ വിപണിപ്രവേശനം മിനിമം ഇറക്കുമതി വിലയും സീസണൽ ഇറക്കുമതിയും ഉൾപ്പെട്ട ഒരു താരിഫ് റേറ്റ് ക്വാട്ട (TRQ) സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതോടൊപ്പം തന്നെ ആഭ്യന്തര കർഷകർക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. എല്ലാ താരിഫ് റേറ്റ് ക്വാട്ടകളും കാർഷിക ഉത്പാദനക്ഷമത കർമ്മ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. വിപണിപ്രവേശനവും തദ്ദേശീയ കാർഷിക മേഖലയുടെ സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട് ഒരു ജോയിന്റ് അഗ്രികൾച്ചർ പ്രൊഡക്റ്റിവിറ്റി കൗൺസിൽ ഇവ നിരീക്ഷിക്കുന്നു.
- കാർഷിക സഹകരണ മേഖലകളിൽ ഹോർട്ടികൾച്ചർ, തേൻ, വനം, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം, തേനീച്ച വളർത്തൽ, വൈൻ മേഖല എന്നിവയും ഉൾപ്പെടുന്നു.
ചരക്കുകൾക്ക് പുറമെയുള്ള മെച്ചപ്പെട്ട അവസരങ്ങൾ

സേവനങ്ങൾ
- ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച വാഗ്ദാനം: 118 സേവന മേഖലകളിൽ ഉറപ്പായ പങ്കാളിത്തവും 139 മേഖലകളിൽ 'മോസ്റ്റ് ഫേവേർഡ് നേഷൻ' (MFN) പദവിയും നൽകുന്നു.
- ആരോഗ്യവും പരമ്പരാഗത വൈദ്യശാസ്ത്രവും: ആയുർവേദം, യോഗ, മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾ എന്നിവയിൽ ഇന്ത്യയുമായുള്ള വ്യാപാരത്തിന് ന്യൂസിലൻഡ് ആദ്യമായി സൗകര്യമൊരുക്കി. ഈ സുപ്രധാന വ്യവസ്ഥ ഇന്ത്യയുടെ ആയുഷ് രീതികൾക്ക് ആഗോള അംഗീകാരം നൽകുന്നതിനും മെഡിക്കൽ ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യപരിരക്ഷാ സേവനങ്ങളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആരോഗ്യം, ആരോഗ്യപരിരക്ഷ, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് മാവോരി (Maori) ആരോഗ്യ രീതികൾക്കൊപ്പം ഇന്ത്യയുടെ ആയുഷ് വിഭാഗങ്ങൾക്കും (ആയുർവേദം, യോഗ & നാച്ചുറോപ്പതി, യുനാനി, സോവ-റിഗ്പ, സിദ്ധ, ഹോമിയോപ്പതി) തുല്യ പ്രാധാന്യം നൽകുന്നു.
മൊബിലിറ്റിയും വിദ്യാഭ്യാസവും
- വിദ്യാർത്ഥികളുടെ മൊബിലിറ്റി: വിദ്യാർത്ഥികളുടെ യാത്രയെക്കുറിച്ചും പഠനാനന്തര തൊഴിൽ വിസയെക്കുറിച്ചുമുള്ള അനുബന്ധ കരാറിൽ ഏതെങ്കിലും ഒരു രാജ്യവുമായി ആദ്യമായി ന്യൂസിലൻഡ് ഒപ്പുവെച്ചു. ഭാവിയിൽ നയപരമായ മാറ്റങ്ങൾ ഉണ്ടായാൽ പോലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാം. കൂടാതെ ദീർഘിപ്പിച്ച പഠനാനന്തര തൊഴിൽ വിസകളും (STEM ബാച്ചിലർ: 3 വർഷം; മാസ്റ്റേഴ്സ്: 3 വർഷം വരെ; ഡോക്ടറേറ്റ്: 4 വർഷം വരെ) ലഭ്യമാകും.
- പ്രൊഫഷണൽ പാതകൾ: വിദഗ്ധരായ ഇന്ത്യക്കാർക്ക് 3 വർഷം വരെ താമസിക്കാൻ അനുവാദമുള്ള, 5,000 വിസകൾ ക്വാട്ടയായി നിശ്ചയിച്ചിട്ടുള്ള പുതിയ 'ടെമ്പററി എംപ്ലോയ്‌മെന്റ് എൻട്രി' (TEE) വിസാ മാർഗ്ഗം ഈ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉറപ്പിക്കുന്നു. ഇന്ത്യയുടെ താത്പര്യ മേഖലകളിൽ ആയുഷ്, യോഗാ പരിശീലനം, ഇന്ത്യൻ പാചകം, സംഗീതാധ്യാപനം തുടങ്ങിയ സവിശേഷമായ തൊഴിലുകളും ഉൾപ്പെടുന്നു. ഐ.ടി, എഞ്ചിനീയറിങ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമ്മാണ മേഖല എന്നിവയാണ് മറ്റ് താത്പര്യ മേഖലകൾ.
- വർക്കിംഗ് ഹോളിഡേ വിസ: പ്രതിവർഷം 1,000 യുവ ഇന്ത്യക്കാർക്ക് 12 മാസത്തെ കാലയളവിലേക്ക് ന്യൂസിലൻഡിൽ ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ സൗകര്യം പ്രയോജനപ്പെടുത്താം.
- ഈ വ്യവസ്ഥകൾ ഇന്ത്യൻ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആഗോളതലത്തിൽ അനുഭവം നേടിയെടുക്കുന്നതിന് നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നു.
|
നിക്ഷേപവും സാമ്പത്തിക സഹകരണവും
എഫ്.ഡി.ഐ പ്രതിബദ്ധത: ദീർഘകാല സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും.
നിക്ഷേപം, ഗവേഷണം, നൂതനാശയം, സാങ്കേതിക വിദ്യയുടെ കൈമാറ്റം, തൊഴിൽ നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംയുക്ത തന്ത്രങ്ങൾ, പ്രത്യേകിച്ച് പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സേവനങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ പൂർണ്ണമായും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപം നടപ്പിലാക്കുന്നതിലുണ്ടാകുന്ന ഏതൊരു കുറവും പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുന്നതിനായി കരാറിൽ ഒരു 'റീബാലൻസിങ് ക്ലോസ്' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ശക്തവും വ്യക്തവുമായ സാമ്പത്തിക ഫലങ്ങൾ ഉറപ്പാക്കുന്നു.
ജൈവ ഉത്പന്നങ്ങൾ: ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി അംഗീകാര ക്രമീകരണം ഈ കരാറിലൂടെ നടപ്പിലാക്കും.
ബസ്മതി അരി, ചണവിത്തുകൾ, അറബിക്ക ചെറി AB, ഇസബ്ഗോൾ (Psyllium husk), സോയാബീൻ ഓയിൽ കേക്ക്, ഓർഗാനിക ബ്ലാക്ക് ടീ തുടങ്ങിയ ജൈവ ഉത്പന്നങ്ങൾ വിപണിയിൽ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതിക സഹായം: ആയുഷ്, ഓഡിയോ വിഷ്വൽ വ്യവസായങ്ങൾ, വിനോദസഞ്ചാരം, കായികം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ സഹകരിക്കാൻ ധാരണയായിട്ടുണ്ട്. ഈ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ ആയുഷ് രീതികളെ അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കുകയും മെഡിക്കൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയെ ഒരു ആഗോള വെൽനസ് ഹബ്ബായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
|
സംസ്കാരവും പരമ്പരാഗത അറിവും
- സംസ്കാരം, വ്യാപാരം, പരമ്പരാഗത അറിവ്, സാമ്പത്തിക സഹകരണം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക അധ്യായം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
- ന്യൂസിലൻഡിലെ തദ്ദേശീയ മാവോരി സമൂഹങ്ങളുമായുള്ള സമ്പർക്കം സാംസ്‌കാരിക വിനിമയവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ സാംസ്കാരിക സ്വാധീനവും പൈതൃകത്തിനുള്ള ആഗോള അംഗീകാരവും ശക്തിപ്പെടുത്തുന്നു.
നിയന്ത്രണപരവും സ്ഥാപനപരവുമായ വ്യവസ്ഥകൾ
- ബൗദ്ധിക സ്വത്തവകാശം: ഇന്ത്യയുടെ ഭൗമസൂചികകൾക്ക് യൂറോപ്യൻ യൂണിയൻ തലത്തിലുള്ള സംരക്ഷണം നൽകുന്നതിനായി 18 മാസത്തിനുള്ളിൽ സ്വന്തം നിയമങ്ങൾ ഭേദഗതി ചെയ്യുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.
- ഉത്പന്നങ്ങൾക്കായുള്ള പ്രത്യേക ഉത്ഭവ നിയമങ്ങൾ (PSR): ഉത്ഭവ നിയമ മാനദണ്ഡങ്ങളിൽ സംഭവിക്കാനിടയുള്ള ക്രമക്കേടുകൾ, ദുരുപയോഗം അല്ലെങ്കിൽ കൃത്രിമം എന്നിവ ഫലപ്രദമായി തടയുന്നതിനായി സമതുലിതവും ശക്തവുമായ ഒരു ചട്ടക്കൂട് ഈ കരാർ നൽകുന്നു.
- വിപണിപ്രവേശനത്തിനായുള്ള അപേക്ഷകൾ പരസ്പര ധാരണയോടെ വേഗത്തിലാക്കാനും സർട്ടിഫിക്കേഷൻ, ഇറക്കുമതി പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കാനും ഇലക്ട്രോണിക് എസ്.പി.എസ് (SPS) സർട്ടിഫിക്കേഷൻ നൽകാനും സഹായിക്കുന്ന പ്രത്യേക സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി (SPS), വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ (TBT) എന്നീ അധ്യായങ്ങൾ ഈ കരാറിൽ ഉൾപ്പെടുന്നു. ഇത് ആവശ്യമായ ആരോഗ്യ-സുരക്ഷാ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം തന്നെ ആഗോള വിപണിപ്രവേശനം ഗണ്യമായി വർധിപ്പിക്കുകയും ഇടപാട് ചെലവ് കുറയ്ക്കുകയും സുഗമമായ വിപണിപ്രവേശനം സാധ്യമാക്കുകയും ചെയ്യും.
- കസ്റ്റംസും വ്യാപാരം സുഗമമാക്കലും: 48 മണിക്കൂറിനുള്ളിൽ സ്റ്റാൻഡേർഡ് കാർഗോ ക്ലിയറൻസും എക്സ്പ്രസ് ഷിപ്പ്മെന്റുകളും പെട്ടെന്ന് കേടാകുന്ന സാധനങ്ങളും 24 മണിക്കൂറിനുള്ളിൽ ക്ലിയർ ചെയ്യുന്നതും ഉൾപ്പെടെയുള്ള വിപുലമായ വ്യാപാര സൗകര്യ നടപടികൾ ഈ സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാർ, ഓട്ടോമേഷൻ, പേപ്പർരഹിത സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനങ്ങൾ എന്നിവയും ഈ കരാർ വാഗ്ദാനം ചെയ്യുന്നു. ഇത് കസ്റ്റംസ് നടപടിക്രമങ്ങളെ ആധുനികവൽക്കരിക്കുകയും വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാരത്തിൽ കൃത്യതയും സുതാര്യതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നു.
മേഖല തിരിച്ചുള്ള പ്രത്യേകതകൾ
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ വൈവിധ്യമാർന്ന മേഖലകളിൽ തീരുവ രഹിതമോ മുൻഗണനാടിസ്ഥാനത്തിലുള്ളതോ ആയ പ്രവേശനം ഉറപ്പാക്കുന്നു. ഈ നേട്ടങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഓഷ്യാനിയ മേഖലയിൽ ഇന്ത്യൻ വ്യവസായങ്ങളുടെ മത്സരക്ഷമത ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

|
മേഖല
|
ഇന്ത്യൻ കയറ്റുമതി
|
താരിഫ് കവറേജ്
|
സ്വാധീനവും അവസരവും
|
|
കാർഷികം
|
2023–24 സാമ്പത്തിക വർഷത്തിലെ 48.3 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 7.3 ശതമാനം വളർച്ചയോടെ, 2024–25-ൽ ഇന്ത്യയുടെ ആഗോള കാർഷിക കയറ്റുമതി 51.8 ബില്യൺ യുഎസ് ഡോളറിലെത്തി.
ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിലെ 95.62 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 108.21 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.
|
പരമാവധി 5 ശതമാനമായിരുന്ന നികുതികൾ ഒഴിവാക്കി.
|
പ്രാഥമികവും ഭാഗികമായി സംസ്കരിച്ചതുമായ പച്ചക്കറികൾ: ഉണക്കിയ സവാള, സംസ്കരിച്ച പച്ചക്കറികൾ, ഭാഗികമായി സംസ്കരിച്ച ഉത്പന്നങ്ങൾ എന്നിവ പച്ചക്കറികളുടെയും ഹോർട്ടികൾച്ചർ ഉത്പന്നങ്ങളുടെയും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുന്നു.
എണ്ണകൾ, കൊഴുപ്പുകൾ, നിശ്ചിത വിപണി ലക്ഷ്യമാക്കിയുള്ള ഉത്പന്നങ്ങൾ: ഭക്ഷ്യ എണ്ണകൾ, മിഠായികൾ, ഐസ്‌ക്രീം, പ്രോട്ടീൻ ഉത്പന്നങ്ങൾ, കന്നുകാലി തീറ്റ എന്നിവ പ്രീമിയം, മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കരുത്തേകുന്നു.
ധാന്യങ്ങൾ: ഇന്ത്യൻ ധാന്യങ്ങളുടെ ആഗോളതലത്തിലുള്ള മത്സരശേഷി മെച്ചപ്പെടുത്തുന്നു.
സംസ്കരിച്ച ഭക്ഷണം: റെഡി-ടു-ഈറ്റ് ഉത്പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും കയറ്റുമതിക്ക് ഗുണകരമാവുകയും ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
|
|
സമുദ്രം
|
2024 സാമ്പത്തിക വർഷത്തിലെ 6.8 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള സമുദ്രോത്പന്ന കയറ്റുമതി 7.0 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 15.35 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 15.89 ദശലക്ഷം യുഎസ് ഡോളറായി വർധിച്ചു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള നികുതിയില്ലാത്ത പ്രവേശനം വിപണിയിലെ കൂടുതൽ സാധ്യതകൾക്കും കയറ്റുമതി വളർച്ചയ്ക്കും പിന്തുണ നൽകുന്നു.
തീരദേശ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഈ കരാർ, മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും സമുദ്രോത്പന്ന കയറ്റുമതിക്കാർക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വതന്ത്ര വ്യാപാര കരാർ കൊഞ്ച് കയറ്റുമതിയെ ശക്തിപ്പെടുത്തുമെന്നും കൂടുതൽ വൈവിധ്യമാർന്ന സമുദ്രോത്പന്നങ്ങളിലേക്ക് വ്യാപിക്കാൻ പ്രാപ്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
|
|
തുണിത്തരങ്ങളും വസ്ത്രങ്ങളും
|
2023–24 സാമ്പത്തിക വർഷത്തിലെ 34.8 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 6.1 ശതമാനം വളർച്ചയോടെ, 2024–25-ൽ ഇന്ത്യയുടെ ആഗോള വസ്ത്ര കയറ്റുമതി 36.9 ബില്യൺ യുഎസ് ഡോളറിൽ എത്തി.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 98.14 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 103.14 ദശലക്ഷം യുഎസ് ഡോളറായി വർധിച്ചു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് പരമാവധി നികുതി 10 ശതമാനം വരെയായിരുന്നു. നികുതിരഹിതമായ വിപണിപ്രവേശനം ഉറപ്പാക്കുന്നതിനായി ഇപ്പോൾ അത് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
|
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ന്യൂസിലൻഡിന്റെ വസ്ത്ര ഇറക്കുമതി പ്രതിവർഷം ശരാശരി 2.2 ബില്യൺ യുഎസ് ഡോളറാണ്.
ഈ മേഖല വനിതാ തൊഴിലാളികൾക്കിടയിലും ചെറുകിട ഇടത്തരം സംരംഭങ്ങളിലും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ വിപണി സാധ്യതകളിൽ നിന്ന് ഇവർക്ക് നേട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
|
|
എഞ്ചിനീയറിങ് മേഖല
|
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള എഞ്ചിനീയറിംഗ് കയറ്റുമതി 153.4 ബില്യൺ യുഎസ് ഡോളറായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 136.34 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് ശരാശരി നികുതി നിരക്ക് പരമാവധി 10 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് ഒഴിവാക്കിയിരിക്കുന്നു.
|
ന്യൂസിലൻഡിന്റെ ലോകമെമ്പാടുമുള്ള ആകെ എഞ്ചിനീയറിംഗ് ഇറക്കുമതി ശരാശരി 23.3 ബില്യൺ യുഎസ് ഡോളറാണ്.
നികുതി ഒഴിവാക്കുന്നത് വിലയിലെ മത്സരശേഷി വർധിപ്പിക്കുകയും ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ വിപണി സാധ്യതകൾ നൽകുകയും ചെയ്യും.
ഈ സ്വതന്ത്ര വ്യാപാര കരാർ നിർമ്മാണ ക്ലസ്റ്ററുകളിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇന്ത്യൻ എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ വില കൂടുതൽ ആകർഷകമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
|
|
തുകൽ
|
2024–25-ൽ ഇന്ത്യയുടെ ആഗോള തുകൽ കയറ്റുമതി 3.08 ബില്യൺ യുഎസ് ഡോളറായിരുന്നു.
2024–25-ൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 6.23 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് (FTA) മുമ്പ് പരമാവധി നികുതി 10 ശതമാനം വരെയായിരുന്നു. ഇടത്തരം ഉത്പന്നങ്ങളെയും ഫിനിഷ്ഡ് ഉത്പന്നങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
ഈ നടപടി പ്രധാന ഉത്പാദന സംസ്ഥാനങ്ങളിലെ തുകൽ നിർമ്മാതാക്കൾക്കും കരകൗശല തൊഴിലാളികൾക്കും ഗുണകരമാകും. കൂടാതെ ഈ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (MSME) വനിതാ തൊഴിലാളികൾക്കും ഇത് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
|
|
പാദരക്ഷകൾ
|
2024–25-ൽ ഇന്ത്യയുടെ ആഗോള പാദരക്ഷാ കയറ്റുമതി 2.5 ബില്യൺ യുഎസ് ഡോളറായിരുന്നു.
2024–25-ൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 2.28 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് പരമാവധി നികുതി 10 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
നികുതി ഒഴിവാക്കുന്നത് വിലയിലെ മത്സരശേഷി ഗണ്യമായി മെച്ചപ്പെടുത്തുമെന്നും വിപണിമാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്ന ന്യൂസിലൻഡ് വിപണിയിൽ ഉത്പന്നങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
|
|
കായിക ഉപകരണങ്ങൾ
|
2024–25-ൽ ഇന്ത്യയുടെ ആഗോള കായിക ഉപകരണ കയറ്റുമതി 571 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
2024–25-ൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 4.2 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് (FTA) മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
ഈ കരാർ കായിക ഉപകരണ നിർമ്മാതാക്കൾക്കും തൊഴിലാളികൾക്കും പ്രത്യേകിച്ച് നിലവിലുള്ള ഉത്പാദന കേന്ദ്രങ്ങളിലുള്ളവർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
|
|
ഫാർമസ്യൂട്ടിക്കൽസ്
|
2023-24 സാമ്പത്തിക വർഷത്തിലെ 22.1 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 10.8 ശതമാനം വളർച്ചയോടെ, 2024–25-ൽ ഇന്ത്യയുടെ ആഗോള ഫാർമസ്യൂട്ടിക്കൽ കയറ്റുമതി 24.5 ബില്യൺ യുഎസ് ഡോളറിൽ എത്തി.
2024–25-ൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 57.51 ദശലക്ഷം യുഎസ് ഡോളറാണ്.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ന്യൂസിലൻഡിന്റെ ശരാശരി ഫാർമസ്യൂട്ടിക്കൽ ഇറക്കുമതി 1.4 ബില്യൺ യുഎസ് ഡോളറാണ്.
തത്തുല്യമായ റെഗുലേറ്റർമാരിൽ നിന്നുള്ള GMP, GCP പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിക്കുന്നതിലൂടെ ഔഷധങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വിപണിയിലേക്കുള്ള പ്രവേശനം സ്വതന്ത്ര വ്യാപാര കരാർ ലളിതമാക്കുന്നു.
ഇത് ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കാനും ചട്ടങ്ങൾ പാലിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഉത്പന്നങ്ങളുടെ അംഗീകാരം വേഗത്തിലാക്കാനും സഹായിക്കും.
|
|
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
|
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള പ്ലാസ്റ്റിക് കയറ്റുമതി 8.16 ബില്യൺ യുഎസ് ഡോളറായിരുന്നു.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 13.48 ദശലക്ഷം യുഎസ് ഡോളറാണ്.
|
സ്വതന്ത്ര വ്യാപാര കരാറിന് (FTA) മുൻപ് ശരാശരി നികുതി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് ഒഴിവാക്കിയിരിക്കുന്നു.
|
ഈ കരാർ ഇന്ത്യൻ കയറ്റുമതിയുടെ വ്യാപനം വർധിപ്പിക്കുമെന്നും പ്രത്യേകിച്ച് വിലയിൽ മത്സരശേഷിയുള്ളതും ഉപഭോക്താക്കളുടെ താത്പര്യാനുസരണം നിർമ്മിച്ചതുമായ ഉത്പന്ന വിഭാഗങ്ങൾക്ക് മികച്ച പിന്തുണ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
|
|
രത്നങ്ങളും ആഭരണങ്ങളും
|
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള കയറ്റുമതി 29.96 ബില്യൺ യുഎസ് ഡോളറായിരുന്നു.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 16.91 ദശലക്ഷം യുഎസ് ഡോളറായി തുടരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
ഈ സ്വതന്ത്ര വ്യാപാര കരാർ നിലവിലുണ്ടായിരുന്ന നികുതികൾ ഒഴിവാക്കുന്നത് വഴി പ്രത്യേകിച്ച് പൂർണ്ണമായും ഭാഗികമായും നിർമ്മിച്ച ആഭരണ വിഭാഗങ്ങളിൽ വിലയിലെ മത്സരശേഷി വർധിപ്പിക്കുന്നു.
ഈ കരാർ ആഭരണ നിർമ്മാതാക്കൾക്കും കരകൗശല തൊഴിലാളികൾക്കും, പ്രത്യേകിച്ച് പ്രമുഖ ഉത്പാദന കേന്ദ്രങ്ങളിലുള്ളവർക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
|
|
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെഷിനറി
|
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള കയറ്റുമതി 77.53 ബില്യൺ യുഎസ് ഡോളറായിരുന്നു.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 68.26 ദശലക്ഷം യുഎസ് ഡോളറായി തുടരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു; നിലവിൽ പൂജ്യമല്ലാത്ത നികുതികൾ നേരിടുന്നവ ഉൾപ്പെടെ എല്ലാ താരിഫ് ലൈനുകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
ഈ സ്വതന്ത്ര വ്യാപാര കരാർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ നിർമ്മാണ ക്ലസ്റ്ററുകളിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
|
|
രാസവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും
|
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഗോള കയറ്റുമതി 64.04 ബില്യൺ യുഎസ് ഡോളറായിരുന്നു.
ഇതേ കാലയളവിൽ ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി 95.79 ദശലക്ഷം യുഎസ് ഡോളറായി തുടരുന്നു.
|
സ്വതന്ത്ര വ്യാപാര കരാറിന് (FTA) മുമ്പ് നികുതി നിരക്ക് പരമാവധി 5 ശതമാനം വരെയായിരുന്നു, ഇപ്പോൾ അത് പൂജ്യമായി കുറച്ചിരിക്കുന്നു.
|
സ്പെഷ്യാലിറ്റി കെമിക്കലുകൾ, ഓർഗാനിക് ഇന്റർമീഡിയറ്റുകൾ, അഡ്വാൻസ്ഡ് ഫോർമുലേഷനുകൾ എന്നിവ പോലെയുള്ള ഉയർന്ന മൂല്യവർദ്ധിത വിഭാഗങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണത്തിന് ഈ സ്വതന്ത്ര വ്യാപാര കരാർ പിന്തുണ നൽകുന്നു.
|
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ സംസ്ഥാനങ്ങളുടെ നേട്ടങ്ങൾ
|
സംസ്ഥാനം
|
പ്രധാന നേട്ടമുള്ള മേഖലകൾ
|
ന്യൂസിലാൻഡ് വിപണിയിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ
|
|
ഗുജറാത്ത്
|
പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, രത്നങ്ങളും ആഭരണങ്ങളും
|
ജാംനഗർ, ദഹേജ്, സൂറത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ബൾക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കും; ഉയർന്ന മൂല്യമുള്ള രാസവസ്തുക്കളിലേക്കും ഫിനിഷ്ഡ് ജ്വല്ലറി മേഖലയിലേക്കും വൈവിധ്യവൽക്കരണവും ലാഭവിഹിതത്തിൽ വർധനവും
|
|
മഹാരാഷ്ട്ര
|
മരുന്നുകൾ, വാഹന ഭാഗങ്ങൾ, സംസ്കരിച്ച ഭക്ഷണം, രാസവസ്തുക്കൾ
|
മുംബൈ, പൂനെ, നാസിക് എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന് സീറോ താരിഫ് സഹായിക്കും; ആഗോള മൂല്യശൃംഖലയുമായുള്ള ശക്തമായ സംയോജനവും ജനറിക് മരുന്നുകൾക്കും ഓട്ടോമോട്ടീവ് മേഖലയ്ക്കും ഉത്തേജനവും
|
|
പഞ്ചാബ്
|
ബസ്മതി അരി, സംസ്കരിച്ച ഭക്ഷണം, കായിക വിനോദ ഉപകരണങ്ങൾ, കൈവേല ആയുധങ്ങൾ
|
കാർഷികാധിഷ്ഠിത കയറ്റുമതിയും ചെറുകിട ഇടത്തരം വ്യവസായങ്ങളും (ജലന്ധർ) വികസിപ്പിക്കുന്നതിന് 5-10% താരിഫ് ഒഴിവാക്കും; പ്രീമിയം ഭക്ഷ്യ കയറ്റുമതിക്കും ഗ്രാമീണ തൊഴിലവസരങ്ങൾക്കും വലിയ ഉത്തേജനം ലഭിക്കും
|
|
ഹരിയാണ
|
വാഹനങ്ങൾ, വാഹന ഭാഗങ്ങൾ, ബസ്മതി അരി
|
മെച്ചപ്പെട്ട മത്സരക്ഷമത (2-4% താരിഫ് ഒഴിവാക്കി); ഗുരുഗ്രാം, മനേസർ ഓട്ടോ ക്ലസ്റ്ററുകൾക്കും കാർഷിക-നിർമ്മാണ ശൃംഖലകൾക്കും ഗുണകരമാകും
|
|
ഉത്തർപ്രദേശ്
|
തുകൽ ഉത്പന്നങ്ങൾ, പരവതാനികൾ, കരകൗശല വസ്തുക്കൾ.
|
കാൺപൂർ, മൊറാദാബാദ്, ഭാദോഹി എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന് ഉയർന്ന താരിഫ് ഒഴിവാക്കൽ (6-10%) സഹായിക്കും; MSME മേഖലയ്ക്കും കരകൗശല വിദഗ്ധർക്കും ശക്തമായ നേട്ടം
|
|
തമിഴ്നാട്
|
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, വാഹന ഭാഗങ്ങൾ
|
8-10% താരിഫ് നീക്കം ചെയ്യുന്നതിലൂടെ വലിയ നേട്ടങ്ങൾ; തിരുപ്പൂർ, കോയമ്പത്തൂർ ടെക്സ്റ്റൈൽ ക്ലസ്റ്ററുകളുടെ വിപുലീകരണം; മെച്ചപ്പെട്ട ആഗോള മത്സരക്ഷമത
|
|
ഡൽഹി(എൻ.സി.ടി)
|
യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, രാസവസ്തുക്കൾ
|
താരിഫ് ഒഴിവാക്കുന്നതിലൂടെ (2-4%) എംഎസ്എംഇകൾക്ക് നേട്ടമുണ്ടാകും; എൻസിആർ (നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്) മേഖലയിലെ പ്രാദേശിക മൂല്യശൃംഖലകളെ ശക്തിപ്പെടുത്തും
|
|
കർണാടക
|
മരുന്നുകൾ, കാപ്പി, ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ
|
കാർഷിക + ഹൈടെക് കയറ്റുമതിക്ക് ഉത്തേജനം; സീറോ താരിഫ് (നികുതി ഇല്ലാതാക്കൽ) കോഫിയുടെയും ബെംഗളൂരു കേന്ദ്രീകൃതമായ ഇലക്ട്രോണിക്സ് കയറ്റുമതിയുടെയും മത്സരക്ഷമത മെച്ചപ്പെടുത്തും
|
|
പശ്ചിമ ബംഗാൾ
|
തേയില, എഞ്ചിനീയറിംഗ് സാധനങ്ങൾ, യന്ത്രസാമഗ്രികൾ
|
ഡാർജിലിംഗ് തേയിലയ്ക്ക് ഉയർന്ന കയറ്റുമതി വരുമാനം; താരിഫ് നീക്കം ചെയ്യുന്നതിലൂടെ (2-6%) എംഎസ്എംഇ എഞ്ചിനീയറിംഗ് ക്ലസ്റ്ററുകൾക്ക് ഗുണമുണ്ടാകും
|
|
മധ്യപ്രദേശ്
|
എണ്ണക്കുരുക്കൾ, സംസ്കരിച്ച ഭക്ഷണം, ലോഹ ഉത്പന്നങ്ങൾ
|
മെച്ചപ്പെട്ട മൂല്യവർധനവും കയറ്റുമതി വരുമാനവും; ശക്തമായ അഗ്രോ-പ്രോസസിംഗും ഗ്രാമീണ വരുമാന വർധനവും
|
|
ആന്ധ്രാപ്രദേശ്
|
ഉത്പന്നങ്ങൾ: സമുദ്രോത്പന്നങ്ങൾ, പഴങ്ങൾ, മരുന്നുകൾ
|
ചെമ്മീൻ, സമുദ്രോത്പന്ന കയറ്റുമതിയിൽ വലിയ വർധനവ്; സംസ്കരിച്ച സമുദ്രോത്പന്നങ്ങൾക്കും ഔഷധങ്ങൾക്കും ഉയർന്ന മൂല്യം ലഭിക്കും
|
|
രാജസ്ഥാൻ
|
രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങൾ, കല്ല് ഉത്പന്നങ്ങൾ
|
ജയ്‌പൂർ ക്ലസ്റ്ററുകളിൽ നിന്നുള്ള കയറ്റുമതി വളർച്ച; താരിഫ് നീക്കം ചെയ്തതിനാൽ പ്രത്യേക ആഗോള വിപണികളിൽ മെച്ചപ്പെട്ട മത്സരക്ഷമത
|
|
തെലങ്കാന
|
മരുന്നുകൾ, രാസവസ്തുക്കൾ, മഞ്ഞൾ
|
ഹൈദരാബാദ് ഫാർമ ഹബ്ബിനെ ശക്തിപ്പെടുത്തും; മെച്ചപ്പെട്ട ആഗോള വിതരണ ശൃംഖല സംയോജനവും കാർഷിക കയറ്റുമതി വൈവിധ്യവൽക്കരണവും
|
|
കേരളം
|
സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, കയർ, സംസ്കരിച്ച ഭക്ഷണം
|
കുരുമുളക്, ഏലം എന്നിവയ്ക്ക് ഉയർന്ന ഡിമാൻഡ്; മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന കയറ്റുമതിക്കും തീരദേശ ഉപജീവനമാർഗങ്ങൾക്കും ഉത്തേജനം
|
|
ഗോവ
|
സമുദ്രോത്പന്നങ്ങൾ, കശുവണ്ടി, ധാതുക്കൾ
|
പ്രീമിയം കയറ്റുമതി വിപണികളിലേക്കുള്ള വ്യാപനം; സമുദ്രോത്പന്നങ്ങളിലും കശുവണ്ടി സംസ്കരണത്തിലും മെച്ചപ്പെട്ട മൂല്യവർദ്ധനവ്
|
|
ബിഹാർ
|
കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങൾ (അരി, ചോളം, മഖാന, ലിച്ചി), തുണിത്തരങ്ങൾ (ഭാഗൽപുരി സിൽക്ക്), തുകൽ & പാദരക്ഷകൾ, കരകൗശല വസ്തുക്കൾ (മധുബനി പെയിന്റിംഗുകൾ), സംസ്കരിച്ച ഭക്ഷണം
|
താരിഫ് കുറയ്ക്കുന്നത് മഖാന, ലിച്ചി തുടങ്ങിയ സവിശേഷ കാർഷിക ഉൽപ്പന്നങ്ങളുടെയും മൂല്യവർദ്ധിത സംസ്കരിച്ച ഭക്ഷണങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കും; ഭാഗൽപുരി സിൽക്കിന്റെയും മധുബനി കലയുടെയും പ്രീമിയം അന്താരാഷ്ട്ര വിപണികളിലേക്കുള്ള വ്യാപനം; എംഎസ്എംഇകൾക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മെച്ചപ്പെട്ട വരുമാനം; ശക്തമായ അഗ്രോ-പ്രോസസിംഗ് ഇക്കോസിസ്റ്റവും കയറ്റുമതി ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും
|
|
ഒഡിഷ
|
സമുദ്രോത്പന്നങ്ങൾ, ലോഹങ്ങൾ (അലുമിനിയം, സ്റ്റീൽ)
|
ലോഹ കയറ്റുമതിയിൽ മികച്ച ലാഭവിഹിതം; തീരദേശ ഉപജീവനമാർഗങ്ങൾക്കും ഡൗൺസ്ട്രീം പ്രോസസിംഗിനും (അനുബന്ധ സംസ്കരണം) പിന്തുണ
|
|
ഹിമാചൽ പ്രദേശ്
|
മരുന്നുകൾ, കമ്പിളി ഉത്പന്നങ്ങൾ
|
ബഡ്ഡി, നലഗഡ്, സോളൻ ഫാർമ ക്ലസ്റ്ററുകൾക്കും കുളു, കിന്നൗർ എന്നിവിടങ്ങളിലെ പരമ്പരാഗത കമ്പിളി ഉത്പന്നങ്ങൾക്കും ഉത്തേജനം; മെച്ചപ്പെട്ട കയറ്റുമതി മത്സരക്ഷമത
|
|
ഛത്തീസഗഢ്
|
ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങൾ
|
ലോഹ വ്യവസായങ്ങളിൽ മെച്ചപ്പെട്ട കയറ്റുമതി സാധ്യതകളും മൂല്യവർദ്ധനവും
|
|
ഉത്തരാഗഢ്
|
മരുന്നുകൾ, പ്ലാസ്റ്റിക്, യന്ത്രസാമഗ്രികൾ
|
വ്യവസായ ക്ലസ്റ്ററുകളിലെ (ഹരിദ്വാർ, ഡെറാഡൂൺ) വളർച്ച; മെച്ചപ്പെട്ട കയറ്റുമതി മത്സരക്ഷമത
|
|
ഝാർഖണ്ഡ്
|
ഇരുമ്പ്, ഉരുക്ക്, ചെമ്പ് ഉത്പന്നങ്ങൾ
|
ആഗോള ലോഹ മൂല്യശൃംഖലയുമായുള്ള ശക്തമായ സംയോജനം
|
|
പുതുച്ചേരി
|
മരുന്നുകൾ, റബ്ബർ ഉത്പന്നങ്ങൾ
|
മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെയും കയറ്റുമതി വിപുലീകരണത്തിലൂടെയും എംഎസ്എംഇ (MSME) നിർമ്മാണ മേഖലയ്ക്ക് നേട്ടമുണ്ടാകും
|
|
ചണ്ഡീഗഢ്
|
യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ
|
എംഎസ്എംഇ എഞ്ചിനീയറിംഗ് കയറ്റുമതിക്കും പ്രത്യേക നിർമ്മാണ മൂല്യശൃംഖലകൾക്കും ഉത്തേജനം
|
|
ജമ്മു ആൻഡ് കശ്മീർ
|
കരകൗശല വസ്തുക്കൾ, കുങ്കുമപ്പൂവ്, ഹോർട്ടികൾച്ചർ
|
പരവതാനികൾ, ആപ്പിൾ, വാൽനട്ട് എന്നിവയുടെ ആഗോള ശ്രദ്ധയും കയറ്റുമതിയും വർദ്ധിപ്പിക്കും; ഗ്രാമീണ ഉപജീവനമാർഗങ്ങൾക്ക് പിന്തുണ
|
|
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലൻഡ്, ത്രിപുര, സിക്കിം
|
തേയില, മുള ഉത്പന്നങ്ങൾ, ഓർഗാനിക് കൃഷി, സുഗന്ധവ്യഞ്ജനങ്ങൾ
|
സവിശേഷ ഉത്പന്നങ്ങൾക്കും ജിഐ (GI) ടാഗുള്ള ഉത്പന്നങ്ങൾക്കും മെച്ചപ്പെട്ട വിപണി പ്രവേശനം; ആഗോള വിപണികളുമായുള്ള ക്രമാനുഗതമായ സംയോജനവും ഗ്രാമീണ വികസനവും
|
ഉപസംഹാരം
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ വ്യാപാര നയതന്ത്രത്തിലെ നിർണ്ണായക നിമിഷത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് സമഗ്രമായ സാമ്പത്തിക സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിപ്രവേശനം ഉറപ്പാക്കുന്നതിലൂടെയും സേവന മേഖലയിലും പ്രൊഫഷണലുകളുടെ കുടിയേറ്റത്തിലും അവസരങ്ങൾ വിപുലീകരിക്കുന്നതിലൂടെയും കൃഷി, നിക്ഷേപം, വളർന്നുവരുന്ന മേഖലകൾ എന്നിവയിലെ സഹകരണം ആഴത്തിലാക്കുന്നതിലൂടെയും ഈ കരാർ സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രകടവും വ്യാപകവുമായ നേട്ടങ്ങൾ നൽകുന്നു.
കർഷകർക്കും എംഎസ്എംഇകൾക്കും മുതൽ വിദ്യാർത്ഥികൾക്കും വിദഗ്ധ പ്രൊഫഷണലുകൾക്കും വരെ, ഈ കരാറിൽ നിന്നുള്ള നേട്ടങ്ങൾ വിപുലമായ അടിത്തറയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിശ്വസനീയവും ദീർഘവീക്ഷണമുള്ളതുമായ ഒരു ആഗോള പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ആഗോളതലത്തിൽ സംയോജിപ്പിക്കപ്പെട്ട ഒരു 'വികസിത ഭാരതം 2047' എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
അവലംബം
Ministry of Commerce and Industry
https://www.pib.gov.in/PressReleasePage.aspx?PRID=2207300&lang=2®=3
https://www.pib.gov.in/PressReleasePage.aspx?PRID=2255739®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2236134®=3&lang=1
International Trade Administration
https://www.trade.gov/free-trade-agreement-overview
PIB Achieves
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=156654&lang=2®=3
Click here to see pdf
***
SK
(Explainer ID: 158590)
आगंतुक पटल : 44
Provide suggestions / comments