Farmer's Welfare
ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖലയെ ശക്തിപ്പെടുത്തുന്നു
ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതി
Posted On:
21 APR 2026 10:42AM
|
പ്രധാന വസ്തുതകൾ
- വർദ്ധിച്ചുവരുന്ന വിൽപനയ്ക്കും ബ്രാൻഡ് പ്രോത്സാഹനത്തിനും ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ഇന്ത്യൻ ഭക്ഷ്യ ഉത്പന്ന നിർമ്മാതാക്കളെ ആഗോളതലത്തിലെ മുൻനിരക്കാരാക്കി മാറ്റാൻ PLISFPI (10,900 കോടി രൂപ അടങ്കൽ; 2021-22 മുതൽ 2026-27 വരെ) ലക്ഷ്യമിടുന്നു.
ഈ പദ്ധതിക്ക് കീഴിൽ (2026 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം):
- 274 പദ്ധതി പ്രദേശങ്ങളിലായി 165 അപേക്ഷകൾക്ക് അംഗീകാരം നൽകി.
- ഗുണഭോക്താക്കൾക്ക് 2,162.55 കോടി രൂപ ആനുകൂല്യമായി ലഭിച്ചു.
- 2.5 ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യത്തെ മറികടന്ന് ഏകദേശം 3.39 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
- ഭക്ഷ്യസംസ്കരണ, സംഭരണ ശേഷി പ്രതിവർഷം 34 ലക്ഷം മെട്രിക് ടൺ (MT) വർദ്ധിച്ചു.
- കാർഷിക സംസ്കരണ ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതിയിൽ 13.23 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തി (2019-20-നെ അപേക്ഷിച്ച് 2024-25-ൽ).
|
ആമുഖം
മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുക, വിപണിബന്ധങ്ങൾ ശക്തമാക്കുക, സംസ്കരിച്ച ഭക്ഷ്യലഭ്യത വർദ്ധിപ്പിക്കുക എന്നിവയിലൂടെ ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കാർഷിക-നിർമ്മാണ ആവാസവ്യവസ്ഥയുടെ നിർണ്ണായക സ്തംഭമായി മാറിയിരിക്കുന്നു. ആദ്യ പുതുക്കിയ കണക്കുകൾ പ്രകാരം മൊത്ത മൂല്യവർദ്ധനവ് (GVA) 2014-15 ലെ 1.34 ലക്ഷം കോടി രൂപയിൽ നിന്ന് 2023-24 ൽ 2.24 ലക്ഷം കോടി രൂപയായി ഉയർന്നതോടെ ഈ മേഖല സമീപ വർഷങ്ങളിൽ സ്ഥിര വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാർഷിക കയറ്റുമതിയിൽ സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ വിഹിതം 2014-15 ലെ 13.7 ശതമാനത്തിൽ നിന്ന് 2024-25 ൽ 20.4 ശതമാനമായി ഉയർന്നത് ഇതിന്റെ വർദ്ധിച്ചുവരുന്ന ആഗോള സാന്നിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ പഴം-പച്ചക്കറി ഉത്പാദക രാജ്യം എന്ന നിലയിലുള്ള ശക്തമായ വിഭവ അടിത്തറയോടെ ഭക്ഷ്യസംസ്കരണത്തിനായുള്ള ഒരു ആഗോള കേന്ദ്രമായി ഉയരാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. എന്നിരുന്നാലും ഈ സാധ്യതകൾ തിരിച്ചറിയുന്നതിന് ഉത്പാദനത്തിന്റെ തോത്, ഉത്പാദനക്ഷമത, മൂല്യവർദ്ധനവ്, ആഗോള മൂല്യശൃംഖലകളുമായുള്ള സംയോജനം എന്നിവയിൽ മെച്ചപ്പെട്ട മത്സരക്ഷമത ആവശ്യമാണ്. ഈ ആവശ്യകതകൾ തിരിച്ചറിഞ്ഞുകൊണ്ട് വളർച്ചയെ വേഗത്തിലാക്കാനും ആഗോള വിപണികളിൽ ഇന്ത്യയെ കൂടുതൽ ശക്തമായി പ്രതിഷ്ഠിക്കാനുമായി ഗവൺമെന്റ് ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI) അവതരിപ്പിച്ചു.
PLISFPI-യുടെ ആശയപരവും നയപരവുമായ ചട്ടക്കൂട് മനസ്സിലാക്കാം
ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് 2021 മാർച്ച് 31-നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇത് വിപുലമായ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ ഭാഗമാണ്. അർഹതയുള്ള കമ്പനികൾക്ക് അവയുടെ വർദ്ധിച്ചുവരുന്ന വിൽപനയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ആഭ്യന്തര നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2020 ഏപ്രിലിലാണ് ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതി ആരംഭിച്ചത്. നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് കൂടുതൽ സന്തുലിതവും സുസ്ഥിരവുമായ പുരോഗതി കൈവരിക്കാൻ പ്രാപ്തമാക്കുന്നതിനാണ് ഇത് അവതരിപ്പിച്ചത്.

ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിനും മെയ്ക്ക് ഇൻ ഇന്ത്യ എന്ന വിപുലമായ സംരംഭത്തിനും അനുസൃതമായി മൊബൈൽ നിർമ്മാണം, ഇലക്ട്രോണിക് ഘടകങ്ങൾ, നിർണ്ണായക ഡ്രഗ് ഇന്റർമീഡിയറ്റുകൾ, ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകൾ (API), മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പി.എൽ.ഐ പദ്ധതി അവതരിപ്പിച്ചത്. കാലക്രമേണ, പി.എൽ.ഐ ചട്ടക്കൂട് 14 തന്ത്രപ്രധാന മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ഇതിനായി 1.97 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വകയിരുത്തിയിരിക്കുന്നത്. ഇതിലെ പ്രധാന മേഖലകളിലൊന്നാണ് ഭക്ഷ്യസംസ്കരണം.
10,900 കോടി രൂപ ചെലവിൽ 2021-22 മുതൽ 2026-27 വരെയുള്ള കാലയളവിലാണ് PLISFPI നടപ്പിലാക്കുന്നത്. 2026-27 വർഷത്തോടെ 33,494 കോടി രൂപയുടെ സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും ഏകദേശം 2.5 ലക്ഷം പേർക്ക് തൊഴിൽ നൽകാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഉത്പാദനം മുതൽ ബ്രാൻഡിംഗ് വരെ: PLISFPI-യുടെ സംയോജിത ചട്ടക്കൂട്
ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI) ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കിടയിൽ (SME) നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളുടെ ആഗോള ബ്രാൻഡിംഗിനെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഒന്നാം ഘടകം (വിഭാഗം I): പ്രധാനപ്പെട്ട നാല് ഭക്ഷ്യ ഉത്പന്ന വിഭാഗങ്ങളുടെ നിർമ്മാണത്തിന് ആനുകൂല്യങ്ങൾ നൽകുന്നു. അവയിൽ ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള റെഡി-ടു-കുക്ക്/റെഡി-ടു-ഈറ്റ് (RTC/RTE) ഭക്ഷണങ്ങൾ, സംസ്കരിച്ച പഴങ്ങളും പച്ചക്കറികളും, സമുദ്രോത്പന്നങ്ങൾ, മൊസറെല്ല ചീസ് എന്നിവ ഉൾപ്പെടുന്നു.
രണ്ടാം ഘടകം (വിഭാഗം II): ഫ്രീ റേഞ്ച് മുട്ടകൾ, കോഴിയിറച്ചി, മുട്ട ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ നാല് ഭക്ഷ്യ ഉത്പന്ന വിഭാഗങ്ങളിലുമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SME) നൂതന/ഓർഗാനിക് ഉത്പന്നങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നു.
മൂന്നാം ഘടകം (വിഭാഗം III): ഇൻ-സ്റ്റോർ ബ്രാൻഡിംഗ്, ഷെൽഫ് സ്പേസ് റെന്റൽ, മാർക്കറ്റിംഗ് എന്നിവയുൾപ്പെടെ ശക്തമായ ഇന്ത്യൻ ബ്രാൻഡുകൾ ആഗോളതലത്തിൽ വളർന്നുവരുന്നതിനായി വിദേശത്തെ ബ്രാൻഡിംഗിനും വിപണനത്തിനും പിന്തുണ നൽകുന്നു.
കൂടാതെ, PLISFPI-ക്ക് കീഴിലുള്ള സമ്പാദ്യത്തിൽ നിന്നും 800 കോടി രൂപ ചെലവിൽ 'ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി' (PLISMBP) എന്ന പുതിയ ഘടകം 2022-23 സാമ്പത്തിക വർഷത്തിൽ രൂപീകരിച്ചു. റെഡി-ടു-കുക്ക്/റെഡി-ടു-ഈറ്റ് (RTC/RTE) ഉത്പന്നങ്ങളിൽ ചെറുധാന്യത്തിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ഉത്പാദനം, മൂല്യവർദ്ധനവ്, വിൽപന എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഈ പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ നൽകാനും ഇത് ലക്ഷ്യമിടുന്നു.
പ്രതിഫലദായക വളർച്ച: PLISFPI-യുടെ പ്രോത്സാഹന ഘടന
ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (PLISFPI) കീഴിൽ പദ്ധതിയുടെ നിർമ്മാണ ഘടകങ്ങൾ (വിഭാഗം I, വിഭാഗം II എന്നിവ) നിശ്ചിത ഭക്ഷ്യ ഉത്പന്നങ്ങളുടെ അധിക വിൽപനയുടെ അടിസ്ഥാനത്തിൽ അർഹരായ ഭക്ഷ്യസംസ്കരണ കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നു. ഈ ഘടകങ്ങൾക്ക് കീഴിൽ അപേക്ഷകർ അടിസ്ഥാന വർഷത്തിൽ (2019-20) കുറഞ്ഞ വിൽപന പരിധി കൈവരിച്ചിരിക്കണം. കൂടാതെ റെഡി-ടു-ഈറ്റ്/റെഡി-ടു-കുക്ക് ഭക്ഷണങ്ങൾ, സംസ്കരിച്ച പഴങ്ങളും പച്ചക്കറികളും, സമുദ്രോത്പന്നങ്ങൾ, മൊസറെല്ല ചീസ് എന്നീ വിഭാഗങ്ങളിലെ പ്ലാന്റുകൾ, യന്ത്രസാമഗ്രികൾ, സാങ്കേതിക സിവിൽ ജോലികൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിർദ്ദിഷ്ട നിക്ഷേപം നടത്തുകയും വേണം.
വിഭാഗം III-ന് കീഴിൽ ആഗോള വിപണികളിൽ ഇന്ത്യൻ ബ്രാൻഡഡ് ഉപഭോക്തൃ ഭക്ഷ്യോത്പന്നങ്ങളുടെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗവൺമെന്റ് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു. അപേക്ഷകർ വിദേശത്ത് നടത്തുന്ന ബ്രാൻഡിംഗ്, മാർക്കറ്റിംഗ് ചെലവുകളുടെ 50 ശതമാനം അവർക്ക് തിരികെ നൽകും. ഇത് അവരുടെ വാർഷിക ഭക്ഷ്യോത്പന്ന വിൽപനയുടെ 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 50 കോടി രൂപയോ ഇതിൽ ഏതാണോ കുറവ് അതിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. പൂർണ്ണമായും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന ഇന്ത്യൻ ബ്രാൻഡുകളെ മാത്രമേ ഈ ഘടകത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതിന് യോഗ്യത നേടുന്നതിന് അപേക്ഷകർ അഞ്ച് വർഷത്തിനിടയിൽ കുറഞ്ഞത് 5 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടതുണ്ട്.
PLISFPI-യുടെ ഭരണസംവിധാനവും നടപ്പിലാക്കൽ ചട്ടക്കൂടും
ഒരു പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസി (PMA) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനെ (IFCI) ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസിയായി നിയമിച്ചു. PLISFPI-ക്ക് കീഴിലുള്ള അപേക്ഷകൾ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) സംവിധാനത്തിലൂടെയാണ് ക്ഷണിക്കുന്നത്. ഇവ ഓൺലൈൻ പോർട്ടൽ (https://plimofpi.ifciltd.com/) വഴി സമർപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. അപേക്ഷ വിജയകരമായി സമർപ്പിച്ചുകഴിഞ്ഞാൽ ഭാവിയിലെ എല്ലാ ആശയവിനിമയങ്ങൾക്കുമായി ഒരു പ്രത്യേക ആപ്ലിക്കേഷൻ ഐഡി നൽകുന്നു. പദ്ധതിയുടെ പുരോഗതി തുടർച്ചയായി ഓൺലൈനായി നിരീക്ഷിക്കുന്നതിനും ആവശ്യമുള്ളയിടങ്ങളിൽ ഇടക്കാല തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും ഒരു വെബ് അധിഷ്ഠിത MIS സംവിധാനം ഉപയോഗിക്കുന്നു.
PLISFPI-യുടെ പരിവർത്തനാത്മക സ്വാധീനം: ഉത്പാദനം, എം.എസ്.എം.ഇ-കൾ, ആഗോള മത്സരക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നു
ഈ പദ്ധതി നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഒന്നിലധികം ഉത്പാദന ലൈനുകൾ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിന്റെ ഫലമായി 2026 ഫെബ്രുവരിയിലെ കണക്ക് പ്രകാരം പ്രതിവർഷം 34 ലക്ഷം മെട്രിക് ടൺ സംസ്കരണ-സംഭരണ ശേഷി സൃഷ്ടിക്കപ്പെട്ടു.
ശക്തമായ വ്യവസായ പങ്കാളിത്തവും നിക്ഷേപവും PLISFPI ആകർഷിച്ചിട്ടുണ്ട്:
- ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം വിവിധ വിഭാഗങ്ങളിലായി ആകെ 165 അപേക്ഷകൾക്ക് അംഗീകാരം നൽകി.
- ഈ അംഗീകാരങ്ങൾ 274 പദ്ധതിപ്രദേശങ്ങളുമായി ബന്ധപ്പെട്ടതാണ്.
- ഈ പദ്ധതിക്ക് കീഴിൽ 9,207 കോടി രൂപയുടെ നിക്ഷേപം നടന്നതായി ഗുണഭോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- 2026 ഫെബ്രുവരി വരെ 2,162.55 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മൊത്തത്തിൽ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സ്വകാര്യനിക്ഷേപം സമാഹരിക്കുന്നതിനും ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖലയുടെ സാങ്കേതികവും പ്രവർത്തനപരവുമായ ശേഷികൾ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി എത്രത്തോളം ഫലപ്രദമാണെന്ന് ഈ ഫലങ്ങൾ അടിവരയിടുന്നു.

ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) പ്രോത്സാഹിപ്പിക്കുന്നതിലും ഈ പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അംഗീകരിച്ച 165 അപേക്ഷകളിൽ 69 അപേക്ഷകർ എം.എസ്.എം.ഇ-കളാണ് (2026 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം). കൂടാതെ, പ്രധാന അപേക്ഷകരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 കരാർ നിർമ്മാണ യൂണിറ്റുകളും എം.എസ്.എം.ഇ വിഭാഗത്തിൽപ്പെടുന്നു. ഇത് മൂല്യശൃംഖലയിലുടനീളം അവരുടെ സംയോജനത്തെ സൂചിപ്പിക്കുന്നു. കൂടാതെ, 2025 ഫെബ്രുവരി 28 വരെ അർഹരായ 20 എം.എസ്.എം.ഇ-കൾക്കായി 13.266 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
ശേഷിയിലും നിക്ഷേപത്തിലുമുണ്ടായ ഈ വർദ്ധനവ് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. 2026 ഫെബ്രുവരിയോടെ ഏകദേശം 3.39 ലക്ഷം നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് 2026-27 ഓടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ എന്ന പദ്ധതിയുടെ ലക്ഷ്യത്തെക്കാൾ വളരെ കൂടുതലാണ്.
കൂടാതെ സംസ്കരിച്ച ഭക്ഷ്യ വിപണികളിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കാൻ PLISFPI സഹായിച്ചിട്ടുണ്ട്:
- ഈ പദ്ധതിക്ക് കീഴിൽ അംഗീകരിച്ച കാർഷിക സംസ്കരണ ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയിൽ 2019-20-നെ അപേക്ഷിച്ച് 2024-25-ൽ 13.23 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തി.
- 2021 ഏപ്രിൽ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ PLISFPI ഗുണഭോക്താക്കളുടെ മൊത്തം കയറ്റുമതി വിൽപന 89,053.44 കോടി രൂപയിലെത്തി.
ഉപസംഹാരം
ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖലയിലെ വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയായി ഭക്ഷ്യസംസ്കരണ വ്യവസായത്തിനായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLISFPI) മാറിയിരിക്കുന്നു. വിൽപനയിലെ വർദ്ധനവിനെ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ ആഗോള സാന്നിധ്യം ശക്തമാക്കാനും ഇതിന് സാധിച്ചു. മൂല്യവർദ്ധനവ്, എം.എസ്.എം.ഇ-കളുടെ പങ്കാളിത്തം, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങൾ എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യം എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
ഈ പദ്ധതി കൃഷിയും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും മൂല്യശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. മൊത്തത്തിൽ രാജ്യത്ത് കൂടുതൽ മത്സരക്ഷമവും കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭക്ഷ്യസംസ്കരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയായി ഈ ഫലങ്ങൾ PLISFPI-യെ മാറ്റുന്നു.
അവലംബം
Ministry of Finance
Ministry of Commerce & Industry
Ministry of Food Processing Industries
PIB Backgrounders
See PDF
***
SK
(Explainer ID: 158586)
आगंतुक पटल : 71
Provide suggestions / comments