Social Welfare
മിഷൻ പോഷൺ 2.0 ഇന്ത്യയുടെ പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
Posted On:
14 APR 2026 10:59AM
|
പ്രധാന വസ്തുതകൾ
- ഏകോപനം, സാങ്കേതികവിദ്യ, കമ്മ്യൂണിറ്റി മൊബിലൈസേഷൻ എന്നിവയിലൂടെ പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയുടെ പ്രധാന ദേശീയ പോഷകാഹാര ദൗത്യമാണ് പോഷൺ അഭിയാൻ.
- പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ പോലുള്ള ഡിജിറ്റൽ ടൂളുകളുടെ ഉപയോഗം ഇപ്പോൾ 14 ലക്ഷത്തിലധികം അങ്കണവാടി കേന്ദ്രങ്ങളെയും ദൗത്യത്തിന് കീഴിലുള്ള ഏകദേശം 9 കോടി ഗുണഭോക്താക്കളെയും തത്സമയമായി നിരീക്ഷിക്കാൻ പ്രാപ്തമാക്കുന്നു.
- ജൻ ആന്ദോളൻ സമീപനത്തിലൂടെ പോഷൺ മാസം, പോഷൺ പഖ്‌വാഡ തുടങ്ങിയ സംരംഭങ്ങളിലൂടെ രാജ്യത്തുടനീളമുള്ള സമൂഹങ്ങളെ പോഷൺ അഭിയാൻ സമാഹരിക്കുകയും 150 കോടിയിലധികം പ്രവർത്തനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
|
പോഷകാഹാര സുരക്ഷയ്ക്കായുള്ള ഇന്ത്യയുടെ ദൗത്യം
പോഷകാഹാരത്തെ ഇന്ത്യയുടെ ദേശീയ വികസന അജണ്ടയുടെ കേന്ദ്രസ്ഥാനത്ത് എത്തിക്കുന്നതിനായി 2018 മാർച്ച് 8-ന് ആരംഭിച്ച, വിവിധ മന്ത്രാലയങ്ങൾ ചേർന്നുപ്രവർത്തിക്കുന്ന ഒരു പ്രധാന മിഷനാണ് പോഷൺ അഭിയാൻ (പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി). പോഷകാഹാരത്തെ പ്രാഥമികമായി ഒരു ക്ഷേമപ്രവർത്തനമായി കാണുന്ന രീതിയിൽ നിന്ന് മാറി, മാനവ വിഭവശേഷി വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG), ദീർഘകാല വളർച്ച എന്നിവയുമായി ബന്ധപ്പെട്ട ഒരു ദേശീയ മുൻഗണനയായി അതിനെ അംഗീകരിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ സമീപനത്തിലെ മാറ്റത്തെ ഈ ദൗത്യം അടയാളപ്പെടുത്തി.
കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ പോഷൺ അഭിയാൻ ഇന്ത്യയുടെ പോഷകാഹാര ഭരണസംവിധാനത്തിന്റെ ഘടനയെ മാറ്റിമറിച്ചു. ഏകോപനം, ഡിജിറ്റൽ നിരീക്ഷണം, കമ്മ്യൂണിറ്റി മൊബിലൈസേഷൻ എന്നിവയെ ഈ ചട്ടക്കൂടിന്റെ ഭാഗമാക്കി മാറ്റി.
വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പോഷൺ അഭിയാൻ, 26-ലധികം മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു ഏകീകൃത പോഷകാഹാര ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നു. പോഷകാഹാരക്കുറവ് ആരോഗ്യ മേഖലയ്‌ക്കോ ഭക്ഷണ മേഖലയ്‌ക്കോ മാത്രമായി പരിഹരിക്കാൻ കഴിയില്ലെന്നും ശുചിത്വം, വിദ്യാഭ്യാസം, ജലം, സ്ത്രീ ശാക്തീകരണം, വരുമാനം എന്നിവയിൽ ഒരേസമയം നടപടികൾ ആവശ്യമാണെന്നും ഇത് തിരിച്ചറിയുന്നു.
പ്രധാനമായും പോഷൺ അഭിയാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ജീവിതചക്രത്തെ അടിസ്ഥാനമാക്കിയുള്ളതും പ്രതിരോധപരമായതുമായ ഒരു സമീപനത്തിലാണ്. അല്ലാതെ തീവ്രമായ പോഷകാഹാരക്കുറവ് ഉണ്ടായതിന് ശേഷം മാത്രം അത് പരിഹരിക്കാനല്ല. ഗർഭധാരണം മുതൽ രണ്ട് വയസ്സ് വരെയുള്ള ആദ്യത്തെ 1,000 ദിവസങ്ങൾക്ക് ഈ ദൗത്യം പ്രത്യേക ഊന്നൽ നൽകുന്നു. ശാരീരിക വളർച്ചയ്ക്കും മസ്തിഷ്ക വികാസത്തിനും ദീർഘകാല ആരോഗ്യ ഫലങ്ങൾക്കും ഈ കാലയളവ് നിർണ്ണായകമായതിനാലാണിത്.
നയപരിണാമം: പോഷൺ അഭിയാനിൽ നിന്ന് മിഷൻ പോഷൺ 2.0-ലേക്ക്
പതിറ്റാണ്ടുകളായി ഇന്ത്യയിലെ പോഷകാഹാര ഇടപെടലുകൾ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലായി വ്യത്യസ്ത വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഒന്നിലധികം പദ്ധതികളിലൂടെയാണ് നടപ്പിലാക്കിയിരുന്നത്. ഇവ പോഷകാഹാരത്തിന്റെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്തെങ്കിലും സമീപനം വലിയൊരു പരിധിവരെ അതത് മേഖലകളിൽ മാത്രം ഒതുങ്ങിനിന്നു. കാലക്രമേണ പദ്ധതികളുടെ ഏകോപനത്തിന്റെയും സംയോജിത നടപ്പാക്കലിന്റെയും ആവശ്യകത തിരിച്ചറിയപ്പെട്ടു.
1975-ൽ ആരംഭിച്ച സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) അങ്കണവാടി കേന്ദ്രങ്ങളിലൂടെ അനുബന്ധ പോഷകാഹാരം, ആരോഗ്യസേവനങ്ങൾ, പ്രാരംഭകാല ശൈശവ പരിചരണം എന്നിവയ്ക്കുള്ള അടിസ്ഥാന വേദിയൊരുക്കി.
ഒരു കുട്ടിയുടെ ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കുന്നതിൽ അമ്മയുടെ ആരോഗ്യം ഒരു നിർണ്ണായക ഘടകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് 2017-ൽ പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) നടപ്പിലാക്കി. ഈ പദ്ധതി നേരിട്ടുള്ള പണകൈമാറ്റത്തിലൂടെ പ്രസവാനുകൂല്യങ്ങൾ അവതരിപ്പിക്കുകയും അതുവഴി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. അതേ വർഷം തന്നെ നിതി ആയോഗിന്റെ നാഷണൽ ന്യൂട്രീഷൻ സ്ട്രാറ്റജി (2017) ഏകോപനം, മെച്ചപ്പെട്ട നിരീക്ഷണം, ജനപങ്കാളിത്തം എന്നിവയ്ക്ക് ഊന്നൽ നൽകുകയും ഒരു മിഷൻ-മോഡ് സമീപനം ശുപാർശ ചെയ്യുകയും ചെയ്തു.
ഇതിന്റെ ചുവടുപിടിച്ച് കൃത്യമായ സമയപരിധിക്കുള്ളിലുള്ള ലക്ഷ്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണം, ജൻ ആന്ദോളൻ സമീപനം എന്നിവയോടുകൂടി ഒന്നിലധികം മന്ത്രാലയങ്ങളെയും പദ്ധതികളെയും ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നതിനായി 2018-ൽ ഇന്ത്യയുടെ ദേശീയ പോഷകാഹാര ദൗത്യമായി പോഷൺ അഭിയാൻ ആരംഭിച്ചു.
2021-22 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ചിതറിക്കിടന്നിരുന്ന പോഷകാഹാര സംരംഭങ്ങളെ മിഷൻ പോഷൺ 2.0 (മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0) എന്ന പേരിൽ കൂടുതൽ ഏകീകരിക്കുകയും സംയോജിതവുമായ ഒരു ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്തു. ഈ പുനഃസംഘടന താഴെ പറയുന്ന പദ്ധതികളെ ഉൾക്കൊള്ളിച്ചു:
- അങ്കണവാടി സേവനങ്ങൾ
- കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള പദ്ധതി
- പോഷൺ അഭിയാൻ
ഈ ഏകീകരണം മാതൃ പോഷകാഹാരം, ശിശുക്കളുടെയും കൊച്ചു കുട്ടികളുടെയും ഭക്ഷണ രീതികൾ (IYCF), ഗുരുതര പോഷകാഹാരക്കുറവ് (SAM)/ മിതമായ പോഷകാഹാരക്കുറവ് (MAM) എന്നിവയുടെ ചികിത്സ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വളർച്ചാ മുരടിപ്പ്, വിളർച്ച, തൂക്കക്കുറവ് എന്നിവ കുറയ്ക്കുന്നതിനായി ആയുഷ് (AYUSH) അധിഷ്ഠിത രീതികളിലൂടെയുള്ള ആരോഗ്യസംരക്ഷണത്തിനും ഇത് ഊന്നൽ നൽകി.
ഈ ദൗത്യം പുനഃസംഘടിപ്പിക്കുകയും താഴെ പറയുന്ന പ്രാഥമിക മേഖലകളിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്നു:
- കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്കുള്ള പോഷകാഹാര പിന്തുണ.
- ആദ്യകാല ശൈശവ പരിചരണവും വിദ്യാഭ്യാസവും (3-6 വയസ്സ്), പ്രാരംഭ ഉത്തേജനം (0-3 വയസ്സ്).
- അങ്കണവാടികളെ 'സക്ഷം അങ്കണവാടി'കളായി ഉയർത്തുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം.
(i) പോഷകാഹാര പിന്തുണ
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013-ലെ ഷെഡ്യൂൾ-II-ൽ അടങ്ങിയിരിക്കുന്ന പോഷകാഹാര മാനദണ്ഡങ്ങൾക്കനുസൃതമായി കുട്ടികൾ (6 മാസം മുതൽ 6 വയസ്സ് വരെ), ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് അനുബന്ധ പോഷകാഹാരം നൽകുന്നു. ഈ മാനദണ്ഡങ്ങൾ 2023 ജനുവരിയിൽ പരിഷ്കരിച്ചു. പഴയ മാനദണ്ഡങ്ങൾ വലിയ തോതിൽ കലോറിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ പരിഷ്കരിച്ച മാനദണ്ഡങ്ങൾ ഗുണനിലവാരമുള്ള പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സൂക്ഷ്മ പോഷകങ്ങൾ (കാൽസ്യം, സിങ്ക്, ഇരുമ്പ്, ഡയറ്ററി ഫോളേറ്റ്, വിറ്റാമിൻ-B6, വിറ്റാമിൻ B-12) എന്നിവ നൽകുന്ന ഭക്ഷണവൈവിധ്യത്തിന്റെ തത്വങ്ങൾ അടിസ്ഥാനമാക്കി പോഷകാഹാരത്തിന്റെ അളവിലും ഗുണത്തിലും കൂടുതൽ സമഗ്രവും സന്തുലിതവുമാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) 2013 പ്രകാരം ഗുരുതര പോഷകാഹാരക്കുറവുള്ള (SAM) കുട്ടികൾക്ക് അധിക അനുബന്ധ പോഷകാഹാരം നൽകുന്നു.
അങ്കണവാടികേന്ദ്രങ്ങളിലും ഗവൺമെന്റ് സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും പോഷൺ വാടികകൾ അല്ലെങ്കിൽ പോഷക തോട്ടങ്ങൾ സ്ഥാപിച്ചുവരുന്നു. ഈ സംരംഭം ഭക്ഷണ വൈവിധ്യത്തെയും പ്രാദേശികമായി ലഭ്യമായ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ തോട്ടങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ എന്നിവ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കുന്നു.
|
കുട്ടികളിലെ പോഷകാഹാരക്കുറവ് പ്രാദേശിക തലത്തിൽ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനുമായി വനിതാ ശിശു വികസന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി 'കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ' പുറത്തിറക്കി.
ഈ പ്രോട്ടോക്കോൾ പ്രകാരം അങ്കണവാടി പ്രവർത്തകർ അങ്കണവാടി കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രവർത്തനങ്ങളിലും കുട്ടികളുടെ വളർച്ചാ നിരീക്ഷണവും പരിശോധനയും നടത്തുന്നു. ഗുരുതര പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തുന്ന കുട്ടികളെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആരോഗ്യ കേന്ദ്രങ്ങളിലേക്കും പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളിലേക്കും (NRC) റഫർ ചെയ്യുന്നു. ആരോഗ്യസങ്കീർണ്ണതകളില്ലാത്ത കുട്ടികളെ വൈദ്യസഹായത്തോടൊപ്പം പ്രാദേശികമായി ലഭ്യമായ ഗുണമേന്മയുള്ള പോഷകാഹാരങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പരിചരിക്കുന്നു.
ഗുരുതര പോഷകാഹാരക്കുറവുള്ളവരോ (SAM) അമിത ഭാരക്കുറവുള്ളവരോ (SUW) ആയ 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള പരിശോധനാ പ്രക്രിയ ഈ പ്രോട്ടോക്കോളിൽ ഉൾപ്പെടുന്നു. പരിശോധനയ്ക്ക് ശേഷം ആരോഗ്യപരമായ സങ്കീർണ്ണതകളുള്ള കുട്ടികളെ തുടർന്നുള്ള ചികിത്സയ്ക്കും പരിചരണത്തിനുമായി പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളിലേക്കോ (NRC) ആശുപത്രികളിലേക്കോ റഫർ ചെയ്യുന്നു.
|
(ii) പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും (ECCE) സംയോജിപ്പിക്കൽ
വനിതാ ശിശു വികസന മന്ത്രാലയം രൂപീകരിച്ച 2013-ലെ ദേശീയ ECCE നയം "രാജ്യത്തുടനീളമുള്ള ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും (ECCE) ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ" ഊന്നിപ്പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, അഞ്ചുവർഷത്തെ അടിസ്ഥാന ഘട്ടത്തോടെ (3 വർഷത്തെ പ്രീ-സ്കൂൾ / അങ്കണവാടി + ഒന്നാം ക്ലാസും രണ്ടാം ക്ലാസും) തുടങ്ങുന്ന 5+3+3+4 എന്ന അഭിലാഷപൂർണ്ണമായ പുതിയ ചട്ടക്കൂട് മുന്നോട്ടുവെക്കുന്നു. ഇതിലൂടെ 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ECCE അഞ്ചുവർഷത്തെ അടിസ്ഥാന ഘട്ടത്തിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. കുട്ടികളുടെ വിജ്ഞാനപരമായതും സാമൂഹികവും ശാരീരികവും സാമൂഹിക-വൈകാരികവുമായ വികാസം വളർത്തുന്നതിന് കളിയിലൂടെയുള്ളതും സംവേദനാത്മകവുമായ പഠനത്തിന് ഇത് ഊന്നൽ നൽകുന്നു.
ഓരോ കുട്ടിയും സ്കൂൾ വിദ്യാഭ്യാസത്തിന് ആവശ്യമായ അടിസ്ഥാന നൈപുണ്യങ്ങളോടെ പ്രാഥമിക വിദ്യാലയത്തിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നയം ലക്ഷ്യമിടുന്നു. 3 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ലക്ഷ്യങ്ങൾ, പാഠ്യപദ്ധതി ലക്ഷ്യങ്ങൾ, പ്രാവീണ്യങ്ങൾ, പഠനഫലങ്ങൾ, അധ്യാപനരീതികൾ, വിലയിരുത്തലുകൾ എന്നിവയും അതിലേറെയും പ്രതിപാദിക്കുന്ന 'അടിസ്ഥാന ഘട്ടത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്' വഴി ദേശീയ വിദ്യാഭ്യാസ നയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
അങ്കണവാടി കേന്ദ്രങ്ങളിൽ (AWC) മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കളിയുപകരണങ്ങൾ, പരിശീലനം ലഭിച്ച അങ്കണവാടി പ്രവർത്തകർ (AWW) എന്നിവ സജ്ജീകരിച്ചുകൊണ്ട് അങ്കണവാടി സംവിധാനത്തിലൂടെ പ്രാരംഭ ശൈശവ പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (ECCE) ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന മന്ത്രാലയം 'പോഷൺ ഭി പഠായി ഭി' (PBPB) സംരംഭം ആരംഭിച്ചു. ഇത് 2013-ലെ ദേശീയ ECCE നയത്തിന്റെയും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും സംബന്ധിച്ച ശുപാർശകൾക്ക് അനുസൃതമാണ്.
പ്രാരംഭ ശൈശവ പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (ECCE) ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യപടിയായി അങ്കണവാടി പ്രവർത്തകരുടെ (AWW) ശേഷി വർദ്ധിപ്പിക്കൽ വിഭാവനം ചെയ്തിട്ടുണ്ട്. 'പോഷൺ ഭി പഠായി ഭി' (PBPB) സംരംഭത്തിന് കീഴിൽ രണ്ട് തലങ്ങളിലുള്ള പരിശീലന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർമാർ (CDPO), സൂപ്പർവൈസർമാർ, അഡീഷണൽ റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർക്ക് സാവിത്രിഭായ് ഫുലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റിന്റെ (SPNIWCD) പിന്തുണയോടെ സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരായി (SLMT) പരിശീലനം നൽകുന്നു. ഈ മാസ്റ്റർ ട്രെയിനർമാർ തിരിച്ച് അങ്കണവാടി പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.
2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഒന്നാം ഘട്ടത്തിൽ 41,645 സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാർക്കും 10,58,317 അങ്കണവാടി പ്രവർത്തകർക്കും ECCE അധ്യാപന രീതികളിലും പോഷകാഹാര സേവനങ്ങൾ നൽകുന്നതിലും പരിശീലനം നൽകിക്കഴിഞ്ഞു. ECCE, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള അങ്കണവാടി പ്രവർത്തകരുടെ ധാരണ ശക്തിപ്പെടുത്തുന്നതിനും പോഷകാഹാര രംഗത്തെ പുതുമകൾ, പോഷൺ ട്രാക്കറിലെ പുതിയ ഫീച്ചറുകൾ, ഭക്ഷണ രീതികൾ, സൂക്ഷ്മ പോഷകങ്ങളുടെ കുറവ് തുടങ്ങിയവ വിശദീകരിക്കുന്നതിനുമായി 2025 നവംബറിൽ പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.
ECCEയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന മന്ത്രാലയം 2024 മാർച്ചിൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ പ്രാരംഭ ഉത്തേജനത്തിനായുള്ള ദേശീയ ചട്ടക്കൂടായ 'നവചേതന'യും 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ECCE ദേശീയ പാഠ്യപദ്ധതിയായ 'ആധാർശില'യും പുറത്തിറക്കി. ഈ രണ്ട് ചട്ടക്കൂടുകളും അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നിങ്ങനെ 12 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.
താഴെ പറയുന്ന മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കി, ജനനം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്രമായ വികാസത്തിന് സഹായിക്കുക എന്നതാണ് നവചേതന ലക്ഷ്യമിടുന്നത്:
- സെർവ് ആൻഡ് റിട്ടേൺ (പ്രതികരണം നൽകൽ)
- പരിചരണക്കാരുടെ മൂന്ന് പ്രവർത്തനങ്ങൾ: സ്നേഹിക്കുക, സംസാരിക്കുക, കളിക്കുക, കൂടാതെ
- പോസിറ്റീവ് ഗൈഡൻസ് (ഗുണപരമായ മാർഗ്ഗനിർദ്ദേശം)
കുട്ടികളുടെ സമഗ്ര വികാസത്തിനായി വീട്ടിൽ പരിചരണക്കാർക്കും ഭവന സന്ദർശന വേളയിൽ അങ്കണവാടി പ്രവർത്തകർക്കും നിർവഹിക്കാവുന്ന രീതിയിൽ, 36 മാസത്തെ ഉത്തേജന പ്രവർത്തന കലണ്ടറിന്റെ രൂപത്തിൽ പ്രായത്തിനും വികാസത്തിനും അനുയോജ്യമായ 150 പ്രവർത്തനങ്ങൾ നവചേതന നൽകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന, ഉൾപ്പെടുത്തൽ, റഫറലുകൾ എന്നിവയ്ക്കും ഇതിൽ ശ്രദ്ധ നൽകിയിട്ടുണ്ട്.
മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കായി ഇന്ത്യൻ - അന്തർദ്ദേശീയ ECCE ഗവേഷണങ്ങളിൽ അധിഷ്ഠിതമായ ഒരു മാർഗ്ഗരേഖ അങ്കണവാടി പ്രവർത്തകർക്ക് നൽകുന്ന സന്ദർഭോചിതമായ ഒരു പാഠ്യപദ്ധതിയുടെ അടിയന്തര ആവശ്യകതയിൽ നിന്നാണ് ആധാർശില രൂപപ്പെട്ടത്.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 മുന്നോട്ടുവെച്ച അനിവാര്യതയെ അടിസ്ഥാനമാക്കി അങ്കണവാടി കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന പ്രാരംഭ ശൈശവ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. NCF-FS നിർവചിക്കുന്ന 5+1 വികാസ മേഖലകളെ (ശാരീരികം, സാമൂഹിക-വൈകാരികം, ഗണിതശേഷി ഉൾപ്പെടെയുള്ള വിജ്ഞാനപരം, സാംസ്കാരികം/സൗന്ദര്യാത്മകം, ഭാഷയും സാക്ഷരതയും, കൂടാതെ പോസിറ്റീവ് പഠന ശീലങ്ങൾ), ആധാർശില അങ്കണവാടി കുട്ടികൾക്കായി 130-ലധികം പ്രവർത്തനങ്ങളായി പരിവർത്തനം ചെയ്യുന്നു. ഇവ 4 ആഴ്ചത്തെ പ്രാരംഭ പ്രവർത്തനങ്ങൾ, 36 ആഴ്ചത്തെ സജീവ പഠനം, 8 ആഴ്ചത്തെ പുനരവലോകനവും ശാക്തീകരണവും എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.
ഓരോ ആഴ്ചയും 6 ദിവസത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു. ശനിയാഴ്ചകൾ സ്വതന്ത്രമായ കളികൾക്കും ECCE ദിനത്തിനും മാതാപിതാക്കളുടെ പങ്കാളിത്തത്തിനുമായി മാറ്റിവെച്ചിരിക്കുന്നു. ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടെ 4 മണിക്കൂർ നീണ്ടുനിൽക്കുന്ന 3 ബ്ലോക്ക് പ്രവർത്തനങ്ങളാണ് ഓരോ ദിവസവും ഉൾക്കൊള്ളുന്നത്.
പ്രാഥമിക വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി ആദ്യകാലങ്ങളിൽ കുട്ടികൾ എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ച് കളിയിലൂടെയുള്ള സന്തോഷകരമായ പഠനത്തിന് ഊന്നൽ നൽകിക്കൊണ്ട് ആധാർശില പ്രതിപാദിക്കുന്നു. സംഭാഷണങ്ങൾ, കഥപറച്ചിൽ, DIY - തദ്ദേശീയ കളിപ്പാട്ടങ്ങൾ, ശിശുഗീതങ്ങൾ, സംഗീതവും ചലനങ്ങളും, കരകൗശലങ്ങൾ, ഇൻഡോർ-ഔട്ട്‌ഡോർ ഗെയിമുകൾ, പ്രകൃതിയുമായുള്ള ഇടപെടലുകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ പോലുള്ള രസകരമായ ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഉപയോഗം ഇത് സാധ്യമാക്കുന്നു. കേന്ദ്രങ്ങളിൽ നടക്കുന്നവയും വീട്ടിൽ നടക്കുന്നവയും, ഇൻഡോറും ഔട്ട്‌ഡോറും, കുട്ടികൾ നയിക്കുന്നവയും അധ്യാപകർ നയിക്കുന്നവയും എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഒരു സംയോജനം ഇത് നൽകുന്നു.
അങ്കണവാടി കേന്ദ്രങ്ങളിൽ പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും (ECCE) നൽകുന്നതിനായി ഐടി അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'പോഷൺ ട്രാക്കർ' ഉപയോഗിക്കുന്നു. ആധാർശിലയെ അടിസ്ഥാനമാക്കി 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി 249-ലധികം വീഡിയോകൾ, 190 വോയ്‌സ് നോട്ടുകൾ, 159 സവിശേഷമായ ഇസിസിഇ ആക്റ്റിവിറ്റി പിഡിഎഫുകൾ എന്നിവയുടെ രൂപത്തിൽ നിത്യേനയുള്ള പഠന നിർദ്ദേശങ്ങൾ പോഷൺ ട്രാക്കറിലൂടെ അങ്കണവാടി പ്രവർത്തകർക്ക് നൽകുന്നു. നവചേതനയെ അടിസ്ഥാനമാക്കി 0 മുതൽ 3 വയസ്സ് വരെയുള്ള കുട്ടികളുടെ പ്രാരംഭ ഉത്തേജനത്തിനായി 140 പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന 14 വീഡിയോകൾ വികസിപ്പിച്ചിട്ടുണ്ട്. അങ്കണവാടി പ്രവർത്തകരുടെ ചിട്ടയായ ഭവന സന്ദർശനങ്ങൾക്കും പരിചരണക്കാരുടെ ഇടപെടലുകൾക്കും പിന്തുണ നൽകുന്നതിനാണ് ഇത്.
കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ അങ്കണവാടി കേന്ദ്രങ്ങളിലും മാസത്തിലൊരിക്കൽ നിശ്ചിത ECCE ദിനം ആചരിക്കുന്നു. വിവിധ പ്രമേയങ്ങൾക്കനുസരിച്ച് ഈ ദിനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 12 മാസത്തെ ECCE ദിനങ്ങളിൽ നടത്താൻ കഴിയുന്ന കമ്മ്യൂണിറ്റി ഇടപെടൽ പ്രവർത്തനങ്ങളുടെ സൂചികാ പട്ടിക ഇതിൽ അടങ്ങിയിരിക്കുന്നു. ഓരോ മാസവും ഒരു പരിപാടി വീതം നടത്തണം, എന്നാൽ വിഷയങ്ങളും പ്രമേയങ്ങളും സംസ്ഥാനങ്ങൾക്ക് അനുസൃതമായി നിശ്ചയിക്കാൻ അനുവദിച്ചിട്ടുണ്ട്.
പ്രീ-സ്കൂൾ വിദ്യാഭ്യാസ (PSE) കിറ്റുകൾക്കായി ഓരോ അങ്കണവാടി കേന്ദ്രത്തിനും പ്രതിവർഷം 3000 രൂപ വീതം വനിതാ ശിശു വികസന മന്ത്രാലയം അനുവദിക്കുന്നു. ഓരോ അങ്കണവാടി കേന്ദ്രത്തിലും മതിയായ അധ്യാപന-പഠന സാമഗ്രികൾ ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തുക നൽകുന്നത്. ഇതിനു പുറമെ സംസ്ഥാനങ്ങൾ സ്വന്തം നിലയിലും തുക ചെലവഴിക്കുന്നുണ്ട്.
കുട്ടികൾ പ്രാഥമിക വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സിലേക്കോ ഔപചാരിക വിദ്യാഭ്യാസത്തിലേക്കോ സുഗമമായി മാറുന്നതിനും അവർ അങ്കണവാടി കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിക്കുന്ന ശൈശവ പരിചരണത്തിനും വിദ്യാഭ്യാസത്തിനും അംഗീകാരം നൽകുന്നതിനുമായി 2025 ഓഗസ്റ്റിൽ 'വിദ്യാരംഭം' - പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും (ECCE) സർട്ടിഫിക്കറ്റ് എന്ന ആശയം അവതരിപ്പിച്ചു. അങ്കണവാടി കേന്ദ്രങ്ങളിൽ നിന്ന് പ്രീ-സ്കൂൾ വിദ്യാഭ്യാസം നേടുന്ന അർഹരായ എല്ലാ കുട്ടികൾക്കും ഈ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 22 ലക്ഷത്തിലധികം വിദ്യാരംഭം സർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.
ഗവൺമെന്റ് പ്രൈമറി സ്കൂളുകൾക്കുള്ളിൽ തന്നെ അങ്കണവാടി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി (കോ-ലൊക്കേഷൻ) വനിതാ ശിശു വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പും ചേർന്ന് 2025 സെപ്റ്റംബർ 3-ന് സംയുക്ത മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒരേ പരിസരത്ത് സ്ഥാപിക്കാൻ കഴിയാത്ത ഇടങ്ങളിൽ അങ്കണവാടികളെ തൊട്ടടുത്തുള്ള സ്കൂളുമായി മാപ്പ് ചെയ്യേണ്ടതാണ്. ശൈശവ പരിചരണം മുതൽ ഔപചാരിക വിദ്യാഭ്യാസം വരെയുള്ള തടസ്സമില്ലാത്ത മാറ്റം ഉറപ്പാക്കുന്നതിനായി 2.9 ലക്ഷത്തിലധികം കേന്ദ്രങ്ങൾ ഇതിനകം സ്കൂൾ പരിസരങ്ങളുമായി സംയോജിപ്പിച്ചുകഴിഞ്ഞു.
കൂടാതെ കുട്ടിയുടെ സമഗ്രമായ വികാസം ഉറപ്പാക്കുന്നതിനായി പോഷകാഹാരം, അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം, പ്രാരംഭ ശൈശവ ഉത്തേജന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് മാതാപിതാക്കളെയും പരിചരണക്കാരെയും ബോധവൽക്കരിക്കുന്നതിനായി അങ്കണവാടിപ്രവർത്തകർ ഭവന സന്ദർശനങ്ങൾ നടത്തുന്നു. ഭവന സന്ദർശന വേളയിൽ വികാസത്തിലെ കാലതാമസങ്ങൾ നേരത്തെ കണ്ടെത്തുന്നത് ഉറപ്പാക്കുന്നതിനായി ഒരു കുട്ടി അതിന്റെ വികാസ ഘട്ടങ്ങൾ കൈവരിക്കുന്നുണ്ടോ ഇല്ലയോ എന്നും അങ്കണവാടിപ്രവർത്തകർ നിരീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി 2026 ഏപ്രിലിൽ ഒരു ഐടി അധിഷ്ഠിത 'ഹോം വിസിറ്റ് ഷെഡ്യൂളർ' പോഷൺ ട്രാക്കർ ആപ്പുമായി സംയോജിപ്പിച്ചു. പുതിയ ഹോം വിസിറ്റ് ഷെഡ്യൂളറിന് താഴെ പറയുന്ന പ്രധാന സവിശേഷതകളുണ്ട്:
- ഇത് ഗർഭിണികൾക്കും മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കുമായി 23 ഭവന സന്ദർശനങ്ങൾ ഉറപ്പാക്കുന്നു (ഗർഭകാലത്ത് 4, പ്രസവശേഷം ആദ്യ മാസത്തിൽ 4, 2 മാസം മുതൽ 1 വയസ്സ് വരെ 7, 1-2 വയസ്സ് വരെ 5, കൂടാതെ 2-3 വയസ്സ് വരെ 3 സന്ദർശനങ്ങൾ).
- ഗർഭിണികൾക്കും ജനനം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്കുമായി ഭവന സന്ദർശനങ്ങൾ ഓട്ടോ ഷെഡ്യൂൾ ചെയ്യൽ.
- ഗർഭിണികൾക്കുള്ള പോഷകാഹാര-ആരോഗ്യ ഉപദേശങ്ങൾ, കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ പ്രാരംഭ ശൈശവ ഉത്തേജന പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വീഡിയോകൾ മാതാപിതാക്കളെയും പരിചാരകരെയും കാണിക്കുന്നതിനായി സ്വയമേവ തിരഞ്ഞെടുക്കൽ.
- ഗർഭധാരണം, പോഷകാഹാരം, ശ്രദ്ധിക്കേണ്ട ആരോഗ്യ സൂചകങ്ങൾ, നടത്തേണ്ട പ്രാരംഭ ശൈശവ ഉത്തേജനപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഗർഭിണികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും പരിചാരകർക്കും നൽകേണ്ട കൗൺസിലിംഗ് നിർദ്ദേശങ്ങൾ/ഉപദേശങ്ങൾ സ്വയമേവ തിരഞ്ഞെടുക്കൽ.
(iii) സക്ഷം നവീകരണം
നിലവിലുള്ള അങ്കണവാടി കേന്ദ്രങ്ങളുടെ നവീകരണത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സക്ഷം അങ്കണവാടി പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന് കീഴിൽ, LED സ്ക്രീനുകൾ, വാട്ടർ പ്യൂരിഫയറുകൾ, സ്മാർട്ട് ലേണിംഗ് എയ്ഡുകൾ, പോഷൺ വാടികകൾ (പോഷകത്തോട്ടങ്ങൾ) തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ ശക്തിപ്പെടുത്തുന്നതിനായി 2 ലക്ഷം അങ്കണവാടി കേന്ദ്രങ്ങൾക്ക് അനുമതി നൽകി.
സാങ്കേതികവിദ്യയും ഭരണപരമായ പരിവർത്തനവും
പോഷൺ അഭിയാൻ ഇന്ത്യയുടെ പൊതുഭരണത്തിന് നൽകിയ അടിസ്ഥാനപരമായ സംഭാവന പോഷകാഹാര ഭരണനിർവ്വഹണത്തിന്റെ ഡിജിറ്റൽ പരിവർത്തനമാണ്. ഇത് രാജ്യത്തെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച സാമൂഹിക മേഖല പദ്ധതികളിൽ ഒന്നായി ഈ പ്രോഗ്രാമിനെ മാറ്റുന്നു.
പോഷൺ ട്രാക്കർ: പോഷകാഹാര ഭരണനിർവ്വഹണത്തിനായുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം
2021 മാർച്ച് 1-ന് സമാരംഭിച്ച പോഷൺ ട്രാക്കർ, അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും നിരീക്ഷിക്കുന്നതിനുള്ള പ്രധാന ഭരണനിർവ്വഹണ ഉപാധിയായി വർത്തിക്കുന്നു. അങ്കണവാടി കേന്ദ്രങ്ങൾ തുറക്കുന്നത്, കുട്ടികളുടെ പ്രതിദിന ഹാജർ, ഇ.സി.സി.ഇ (ECCE) പ്രവർത്തനങ്ങൾ, വളർച്ചാ നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള അങ്കണവാടി സേവനങ്ങളുടെ തത്സമയ വിവരശേഖരണം ഈ ആപ്ലിക്കേഷൻ സുഗമമാക്കിയിട്ടുണ്ട്.
നിലവിൽ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസ്സ് വരെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരടങ്ങുന്ന ഒരു വലിയ വിഭാഗത്തെ ഈ സംവിധാനം നിരീക്ഷിക്കുന്നു. 2026 മാർച്ചിലെ കണക്കനുസരിച്ച്, ഏകദേശം 14,03,170 അങ്കണവാടി കേന്ദ്രങ്ങളെയും ഏകദേശം 8,95,29,425 അർഹരായ ഗുണഭോക്താക്കളെയും ഈ മിഷൻ ട്രാക്ക് ചെയ്യുന്നു.
പൊതുഭരണരംഗത്തെ നൂതനമായ സംഭാവനകൾക്ക്, വനിതാ ശിശുവികസന മന്ത്രാലയത്തിന് 2024-ലെ മികച്ച പൊതുഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് ലഭിച്ചു.
വിപുലമായ തിരിച്ചറിയൽ പരിശോധനയും സുതാര്യതയും
മന്ത്രാലയം സമാരംഭിച്ച 'പോഷൺ ട്രാക്കർ' ഡിജിറ്റൽ ആപ്ലിക്കേഷൻ, കുട്ടികളുടെ ആരോഗ്യ-പോഷകാഹാര നിലവാരം ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളിൽ പദ്ധതിയുടെ നടപ്പാക്കൽ അവലോകനം ചെയ്യാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും മന്ത്രാലയത്തെയും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രാപ്തമാക്കിയിട്ടുണ്ട്.
സേവന വിതരണത്തിന്റെ അവസാന ഘട്ടം വരെയുള്ള നിരീക്ഷണത്തിനായി പോഷൺ ട്രാക്കർ ആപ്ലിക്കേഷനിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) അവതരിപ്പിച്ചു. ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യഥാർത്ഥ ഗുണഭോക്താവിന് തന്നെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ആധാർ അധിഷ്ഠിത ട്രാക്കിംഗ് ഗുണഭോക്താക്കളെ കൃത്യമായി തിരിച്ചറിയുന്നതിനും ചോർച്ച തടയുന്നതിനും വ്യാജ പേരുകൾ ഒഴിവാക്കുന്നതിനും പ്രാപ്തമാക്കിയിട്ടുണ്ട്.
പ്രവർത്തനക്ഷമത: ഈ സാങ്കേതിക സംയോജനം പദ്ധതിക്ക് കീഴിലുള്ള അനുബന്ധ പോഷകാഹാരങ്ങളുടെ വിതരണത്തിലോ മറ്റ് അനുബന്ധ സേവനങ്ങളിലോ കുറവോ താമസമോ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ലഭ്യമായ പരാതി പരിഹാര സെല്ലും പിന്തുണയും
ആശങ്കകൾ രേഖപ്പെടുത്തുന്നതിനായി 2022 നവംബറിൽ പ്രവർത്തനക്ഷമമാക്കിയ പോഷൺ ഹെൽപ്പ് ലൈൻ (14408) ലഭ്യമാക്കിയിരുന്നു. ഹെൽപ്പ് ലൈനിലൂടെ ഒരു ഗുണഭോക്താവിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് പരാതി ഉന്നയിക്കാൻ കഴിയും. ഈ ഹെൽപ്പ് ലൈൻ 17 ഭാഷകളിൽ ലഭ്യമാണ്. മുമ്പുണ്ടായിരുന്ന ഹെൽപ്പ് ലൈൻ നമ്പർ 14408 പിൻവലിക്കുകയും, 2025 നവംബർ മുതൽ പോഷൺ അഭിയാൻ, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന (PMMVY) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1515 എന്നത് സജീവ നമ്പറായി മാറുകയും ചെയ്തു.
കമ്മ്യൂണിറ്റി ഇടപെടൽ: പോഷകാഹാരം ഒരു ജൻ ആന്ദോളൻ
പോഷകാഹാര മെച്ചപ്പെടുത്തലിനെ ഒരു സർക്കാർ നിയന്ത്രിത പരിപാടി എന്നതിലുപരി ഒരു ജൻ ആന്ദോളൻ - അതായത് യഥാർത്ഥ ജനകീയ മുന്നേറ്റം - ആയി പ്രതിഷ്ഠിക്കുന്നു എന്നതാണ് പോഷൺ അഭിയാന്റെ നിർണ്ണായക സ്വഭാവം.
ശിശുക്കൾക്ക് ഭക്ഷണം നൽകുന്ന രീതികൾ, വൈവിധ്യമാർന്ന ഭക്ഷണക്രമം, പ്രസവപൂർവ്വ പരിചരണം, കൈകളുടെ ശുചിത്വം, സ്ഥാപനപരമായ ആരോഗ്യ സേവനങ്ങൾ തേടൽ എന്നിവയിലെ ശാശ്വതമായ പെരുമാറ്റ മാറ്റം സജീവമായ കമ്മ്യൂണിറ്റി ഉടമസ്ഥതയിലൂടെയും താഴെത്തട്ടിലുള്ള പങ്കാളിത്തത്തിലൂടെയും മാത്രമേ കൈവരിക്കാൻ കഴിയൂ എന്ന് ഈ മിഷൻ തിരിച്ചറിയുന്നു. പോഷൺ മാസം, പോഷൺ പഖ്‌വാഡ എന്നിവ പോഷകാഹാര കേന്ദ്രീകൃതമായ ഏറ്റവും വലിയ കമ്മ്യൂണിറ്റി സമാഹരണ ക്യാമ്പയ്‌നുകളിൽ ഉൾപ്പെടുന്നു. ആരോഗ്യവും ക്ഷേമവും പ്രതിരോധശേഷിയും വളർത്തുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിന് നിശ്ചിത മാസങ്ങളിൽ ഇവ വർഷം തോറും നടത്തപ്പെടുന്നു.
പോഷൺ പഖ്‌വാഡ (ഏപ്രിൽ 2026)
2018 മുതൽ വർഷം തോറും ആചരിച്ചുവരുന്ന പോഷൺ പഖ്‌വാഡ പോഷൺ അഭിയാന് കീഴിൽ കമ്മ്യൂണിറ്റി സമാഹരണം ശക്തിപ്പെടുത്തുന്നതിനും പ്രധാന പോഷകാഹാര ശീലങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമായി ഏപ്രിൽ മാസത്തിൽ നടത്തുന്ന രണ്ടാഴ്ചത്തെ തീവ്രമായ പ്രചാരണ പരിപാടിയാണ്.
2026-ൽ പോഷൺ പഖ്‌വാഡയുടെ എട്ടാം പതിപ്പ് ഏപ്രിൽ 9 മുതൽ 23 വരെ നടക്കുന്നു. തലച്ചോർ വികാസത്തിന്റെ 85%-ത്തിലധികം ആറ് വയസ്സിനുള്ളിൽ സംഭവിക്കുന്നുവെന്ന് ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നു. ഇതിൽ തന്നെ ഏറ്റവും വേഗത്തിലുള്ള വളർച്ച ആദ്യത്തെ 1000 ദിവസങ്ങളിലാണ് നടക്കുന്നത് - ഇത് തലച്ചോറിന്റെ വളർച്ചയ്ക്കും ശാരീരിക വികാസത്തിനും സമഗ്രമായ ക്ഷേമത്തിനും നിർണ്ണായകമായ കാലഘട്ടമാണ്.
ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരിചരണത്തിന്റെയും പോഷകാഹാരത്തിന്റെയും നിർണ്ണായക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് എട്ടാം പോഷൺ പഖ്‌വാഡ "ജീവിതത്തിന്റെ ആദ്യ ആറ് വർഷങ്ങളിൽ മസ്തിഷ്ക വികാസം പരമാവധിയാക്കുക" എന്ന ശാസ്ത്രീയവും പരിവർത്തനപരവുമായ പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ മുന്നേറ്റം കൂടുതൽ ആഴത്തിലാക്കാൻ ശ്രമിക്കുന്നു. കൂടാതെ ആരോഗ്യകരമായ വളർച്ചയെയും മസ്തിഷ്ക വികാസത്തെയും പിന്തുണയ്ക്കുന്ന ശീലങ്ങളെക്കുറിച്ച് കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഇടയിൽ അവബോധം ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
"ആരോഗ്യത്തിനായി പോഷകാഹാരം" എന്നതിൽ നിന്ന് "മികച്ച മസ്തിഷ്ക വികാസത്തിനായി പോഷകാഹാരവും പ്രാരംഭ ശൈശവ ഉത്തേജനവും" എന്നതിലേക്ക് ഇതിന്റെ ലക്ഷ്യത്തെ മാറ്റാൻ ഇനി പറയുന്ന കേന്ദ്ര പ്രമേയത്തിലൂടെ ഇത് ഉദ്ദേശിക്കുന്നു: ജീവിതത്തിന്റെ ആദ്യ ആറ് വർഷങ്ങളിൽ മസ്തിഷ്ക വികാസം പരമാവധിയാക്കുക.
ഈ വർഷത്തെ പ്രമേയത്തിന് കീഴിലുള്ള പ്രധാന മേഖലകൾ ഇവയാണ്:
- മാതൃ-ശിശു പോഷകാഹാരം
- മസ്തിഷ്ക വികാസത്തിനായുള്ള പ്രാരംഭ ഉത്തേജനം
- ആദ്യ വർഷങ്ങളിൽ വിനോദങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം
- സ്ക്രീൻ ടൈം (ഫോൺ/ടിവി ഉപയോഗം) കുറയ്ക്കുന്നതിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക്
- ശക്തമായ അങ്കണവാടികൾക്കായി കമ്മ്യൂണിറ്റി പിന്തുണ ശേഖരിക്കുക
ഏഴാം പോഷൺ പഖ്‌വാഡ (2025 ഏപ്രിൽ 8–22) ഫലപ്രദമായ നാല് പ്രമേയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങൾ, സ്വയം രജിസ്ട്രേഷനായി പോഷൺ ട്രാക്കർ ഗുണഭോക്തൃ മോഡ്യൂളിന്റെ പ്രോത്സാഹനം, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത മാനേജ്‌മെന്റ് (CMAM) പ്രോട്ടോക്കോളുകൾ നടപ്പിലാക്കൽ, ശൈശവ അമിതവണ്ണം പരിഹരിക്കുന്നതിനുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹനം.
ഭവന സന്ദർശനങ്ങൾ, വളർച്ചാ നിരീക്ഷണ ഡ്രൈവുകൾ, കമ്മ്യൂണിറ്റി അവബോധ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ, തെരുവ് നാടകങ്ങൾ, വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ തുടങ്ങി വിപുലമായ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പോഷകാഹാര സേവനങ്ങളുടെ താഴെത്തട്ടിലുള്ള വിതരണം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ പെരുമാറ്റ മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി അങ്കണവാടി ശൃംഖലയെയും കമ്മ്യൂണിറ്റി സ്ഥാപനങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് താഴെത്തട്ടിലുള്ള ഇടപെടലുകൾക്കുള്ള സുപ്രധാന പ്ലാറ്റ്‌ഫോമായി പോഷൺ പഖ്‌വാഡ തുടർന്നും വർത്തിക്കുന്നു.
|
ദേശീയ പോഷൺ മാസം
പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സെപ്റ്റംബർ മാസവും രാജ്യവ്യാപകമായ ഒരു ജനകീയ മുന്നേറ്റമായി പോഷൺ മാസം ആചരിക്കുന്നു. മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തുകൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികേന്ദ്രങ്ങൾ എന്നിവയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നു.
എട്ടാമത് ദേശീയ പോഷൺ മാസം 2025 സെപ്റ്റംബർ 17-ന് മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് 'സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാൻ' എന്ന പദ്ധതിക്കൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
2025-ലെ ദേശീയ പോഷൺ മാസം പോഷകാഹാര സാക്ഷരതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മാതൃ പോഷകാഹാരം, ശിശുക്കൾക്കും ചെറിയ കുട്ടികൾക്കും നൽകേണ്ട ഭക്ഷണം (IYCF), പ്രാരംഭ ശൈശവ പരിചരണവും വിദ്യാഭ്യാസവും (ECCE), അമിതവണ്ണം പരിഹരിക്കുന്നതിനായി പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറയ്ക്കൽ എന്നിവയായിരുന്നു ഇതിലെ പ്രധാന പ്രമേയങ്ങൾ.
|
ഉപസംഹാരം
പോഷൺ അഭിയാൻ എട്ടുവർഷം പൂർത്തിയാക്കുമ്പോൾ പോഷകാഹാര വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ഏകോപനം, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണനിർവ്വഹണം, കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവയ്ക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നു. പോഷകാഹാര നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വിവിധ മേഖലകൾ തമ്മിലുള്ള ഏകോപിതമായ പ്രവർത്തനം, ശക്തിപ്പെടുത്തിയ സേവന വിതരണ പ്ലാറ്റ്‌ഫോമുകൾ, സുസ്ഥിരമായ പെരുമാറ്റ മാറ്റത്തിനായുള്ള ശ്രമങ്ങൾ എന്നിവയുടെ പ്രാധാന്യം ഈ പരിപാടിയുടെ പരിണാമം വ്യക്തമാക്കുന്നു.
മിഷൻ പോഷൺ 2.0-ലേക്കുള്ള മാറ്റം സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രാരംഭ ശൈശവ പരിചരണം വ്യാപിപ്പിക്കുന്നതിലും സേവന വിതരണ സംവിധാനങ്ങൾ അവസാന ഗുണഭോക്താവ് വരെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലും നിരന്തര ശ്രദ്ധയെ അടിവരയിടുന്നു. പോഷകാഹാരത്തെ ആരോഗ്യം, പ്രാരംഭ ശൈശവ പരിചരണം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവയുമായി സംയോജിപ്പിക്കുന്നതിലൂടെ ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി സമഗ്രമായ ഒരു സമീപനമാണ് ഈ ദൗത്യം സ്വീകരിക്കുന്നത്.
പോഷകാഹാരത്തിലെ പുരോഗതി മികച്ച ആരോഗ്യം, പഠന ഫലങ്ങൾ, ഉത്പാദനക്ഷമത എന്നിവയ്ക്ക് സംഭാവന നൽകുന്നതിനാൽ പോഷകാഹാരം രാജ്യത്തെ മനുഷ്യവിഭവശേഷിയുടെ വികസനവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. 2047-ഓടെ ഒരു 'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ആരോഗ്യമുള്ള, ഉത്പാദനക്ഷമതയുള്ള, കരുത്തുറ്റ ഒരു ജനതയെ കെട്ടിപ്പടുക്കുന്നതിന് പോഷകാഹാരം, പ്രാരംഭ ശൈശവ വികസനം, സേവന വിതരണ സംവിധാനങ്ങൾ എന്നിവയിലുള്ള തുടർച്ചയായ നിക്ഷേപങ്ങൾ നിർണ്ണായകമായി തുടരും.
അവലംബം
https://www.pib.gov.in/PressNoteDetails.aspx?id=155235&NoteId=155235&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1897354®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2226343®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2227439®=6&lang=1
https://www.pib.gov.in/PressReleseDetailm.aspx?PRID=1912577®=3&lang=2
https://www.poshantracker.in/statistics
https://www.pib.gov.in/PressReleaseIframePage.aspx?PRID=2123133®=3&lang=2
https://static.pib.gov.in/WriteReadData/specificdocs/documents/2025/apr/doc202549536701.pdf
Click here to see PDF
***
SK
(Explainer ID: 158582)
आगंतुक पटल : 63
Provide suggestions / comments