• Sitemap
  • Advance Search
Energy & Environment

ഇന്ത്യയുടെ ഹരിതപാത

സംരക്ഷണം മുതൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ വരെ

Posted On: 07 APR 2026 3:10PM

ആമുഖം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നയരൂപീകരണ ചർച്ചകളുടെ അരികുകളിൽ നിന്ന് ദേശീയ തീരുമാനമെടുക്കൽ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്തേക്ക് മാറിയിരിക്കുന്നു. ‌ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും ജൈവവൈവിധ്യ സംരക്ഷണവും കാലാവസ്ഥാ പ്രവർത്തനങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുകയെന്നത് ഏറെ സങ്കീർണ്ണമായ ഒരു ദൗത്യമാണ്.

പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും ദേശീയ പുരോഗതിയുടെ പരസ്പര പൂരകങ്ങളായ തൂണുകളാണെന്ന ധാരണയാണ് ഇന്ത്യയുടെ ഹരിതപാതയുടെ അടിസ്ഥാനം. ഈ ദർശനം കാലാവസ്ഥാ വ്യതിയാനത്തിന്റെ നിലവിലെ യാഥാർത്ഥ്യത്തെയും കണക്കിലെടുക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ വിവിധ മേഖലകളിലും പ്രദേശങ്ങളിലും കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കെ രാജ്യം ഇതിനെ ഒരു വിദൂര അപകടസാധ്യതയായിട്ടല്ല, മറിച്ച് തയ്യാറെടുപ്പും സജീവമായ പ്രതിരോധ നടപടികളും ആവശ്യമായ വർത്തമാനകാല വികസന യാഥാർത്ഥ്യമായാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതനുസരിച്ച് ജൈവവൈവിധ്യ സംരക്ഷണം ശക്തിപ്പെടുത്തുകയും കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുകയും സുസ്ഥിര വളർച്ച കൈവരിക്കുകയും ചെയ്യുന്ന കൃത്യമായ ഒരു സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

ആഗോള തലത്തിൽ കാലാവസ്ഥാ നീതി, തുല്യത, സുസ്ഥിര വികസനം എന്നിവയ്ക്കുവേണ്ടിയുള്ള വിശ്വസനീയമായ ഒരു ശബ്ദമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. സംരക്ഷണവും കാലാവസ്ഥാ പ്രവർത്തനങ്ങളും വളർച്ചയുടെ പരസ്പര പൂരകങ്ങളായ തൂണുകളാണെന്നും ജനങ്ങളുടെ അഭിവൃദ്ധിയും ഭൂമിയുടെ സംരക്ഷണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്നും ഇന്ത്യയുടെ ഈ സമീപനം തെളിയിക്കുന്നു.

ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥയുടെ പുനസ്ഥാപനവും

ലോകത്തിലെ 17 'മെഗാ ബയോഡൈവേഴ്സിറ്റി' (അതീവ ജൈവവൈവിധ്യമുള്ള) രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആഗോള ഭൂവിസ്തൃതിയുടെ 2.4% മാത്രമാണുള്ളതെങ്കിലും ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുള്ള ആകെ ജീവിവർഗങ്ങളുടെ ഏകദേശം 8% ഇന്ത്യയിലാണുള്ളത്. ലോകത്തിലെ പകുതിയോളം ജലസസ്യങ്ങൾ ഉൾപ്പെടെ 96,000-ത്തിലധികം ജന്തുവർഗങ്ങൾക്കും 47,000 സസ്യവർഗങ്ങൾക്കും നമ്മുടെ രാജ്യം ആവാസകേന്ദ്രമാണ്. അസാധാരണമായ ഈ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുക എന്നത് കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, മറിച്ച് അതൊരു ദേശീയ അനിവാര്യത കൂടിയാണ്.

ഇന്ത്യയുടെ ജൈവവൈവിധ്യ ഭരണസംവിധാനം 2002-ലെ ജൈവവൈവിധ്യ നിയമത്തിൽ അധിഷ്ഠിതമാണ്. ഇത് ദേശീയ ജൈവവൈവിധ്യ കർമ്മ പദ്ധതിയുടെ പിന്തുണയുള്ളതും 'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുമായി' (CBD) യോജിച്ച് പോകുന്നതുമാണ്. 1992-ലാണ് ഇന്ത്യ CBD-യിൽ ഒപ്പുവെച്ചത്.

2024-ൽ കൊളംബിയയിലെ കാലിയിൽ നടന്ന കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ (CBD) പതിനാറാമത് കോൺഫറൻസിൽ (COP16) ഇന്ത്യ പുതുക്കിയ 'നാഷണൽ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആന്റ് ആക്ഷൻ പ്ലാൻ (NBSAP) 2024-2030' പുറത്തിറക്കി. 2030-ഓടെ ജൈവവൈവിധ്യ തകർച്ച തടയുകയും അത് പഴയപടിയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഈ കർമ്മപദ്ധതി, 2050-ഓടെ പ്രകൃതിയോട് ഇണങ്ങിജീവിക്കുക എന്ന ദീർഘകാല കാഴ്ചപ്പാടും മുന്നോട്ടുവെക്കുന്നു. 23 മന്ത്രാലയങ്ങളെയും വിവിധ പങ്കാളികളെയും ഉൾപ്പെടുത്തി ഗവൺമെന്റ് തലത്തിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലുമുള്ള വിപുലമായ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഈ പദ്ധതി, 'കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്കിന്' അനുസൃതമാണ്. ഇത് ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വീണ്ടെടുക്കൽ, തണ്ണീർത്തടങ്ങളുടെയും തീരപ്രദേശങ്ങളുടെയും സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ജൈവവൈവിധ്യ ഭരണസംവിധാനത്തെ ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നിയമപരവും നയപരവുമായ ചട്ടക്കൂട്

പ്രധാന പരിസ്ഥിതി നിയമങ്ങൾ

  • വന്യജീവി (സംരക്ഷണ) നിയമം, 1972 – വന്യമൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയുടെ സംരക്ഷണം; സംരക്ഷിത മേഖലകളുടെ രൂപീകരണം.
  • ജല (മലിനീകരണ നിരോധനവും നിയന്ത്രണവും) നിയമം, 1974 – ജലമലിനീകരണം തടയലും നിയന്ത്രണവും.
  • വന (സംരക്ഷണ) നിയമം, 1980 – വനഭൂമി വനേതര ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിക്കുന്നത് നിയന്ത്രിക്കൽ.
  • വായു (മലിനീകരണ നിരോധനവും നിയന്ത്രണവും) നിയമം, 1981 – വായുമലിനീകരണ നിയന്ത്രണവും ലഘൂകരണവും.
  • പരിസ്ഥിതി (സംരക്ഷണ) നിയമം, 1986 – പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര ​ഗവൺമെന്റിന് അധികാരം നൽകുന്ന സമഗ്ര നിയമം.
  • ജൈവവൈവിധ്യ നിയമം, 2002 – ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം, നേട്ടങ്ങളുടെ തുല്യമായ പങ്കിടൽ.

ഈ നിയമനിർമ്മാണങ്ങൾ ഒത്തുചേർന്ന് പാരിസ്ഥിതിക സന്തുലിതാവസ്ഥ, സുസ്ഥിര വിഭവ മാനേജ്‌മെന്റ്, മലിനീകരണ നിയന്ത്രണം, ദീർഘകാല പരിസ്ഥിതി സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നു.

സംരക്ഷിത മേഖലകളും വന്യജീവി സംരക്ഷണ പദ്ധതികളും

വന്യജീവികളെ സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ നിലനിർത്തുന്നതിനുമായി ഇന്ത്യ താഴെ പറയുന്ന പ്രധാന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

സംരക്ഷിത മേഖലകൾ: സംരക്ഷിത മേഖലകളുടെ ശൃംഖല 2014-ലെ 745-ൽ നിന്ന് 2025-1,134 ആയി വികസിച്ചു. ജീവികളുടെ ആവാസവ്യവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും അവയുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി വന്യജീവി ഇടനാഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രോജക്ട് ടൈഗർ: കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 2014-ലെ 46-ൽ നിന്ന് 2025-58 ആയി വർദ്ധിച്ചു. ഇത് ഏകദേശം 85,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. മധ്യപ്രദേശിലെ മാധവ് ടൈഗർ റിസർവാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ. 2022-3,167 കടുവകളെ രേഖപ്പെടുത്തിയ മുമ്പത്തെ കണക്കെടുപ്പിന്റെ ചുവടുപിടിച്ച്, അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ആറാം ഘട്ടം ആരംഭിച്ചുകഴിഞ്ഞു. പ്രധാനപ്പെട്ട ഭൂപ്രകൃതികളിലുടനീളം തിരിച്ചറിഞ്ഞ 32 കടുവാ ഇടനാഴികളിലൂടെ ഇന്ത്യ ആവാസവ്യവസ്ഥകളുടെ ബന്ധം സുരക്ഷിതമാക്കുന്നു. ഇത് ദീർഘകാല സംരക്ഷണ ആസൂത്രണത്തെയും ജനിതക വ്യാപനത്തെയും ശക്തിപ്പെടുത്തുന്നു.

പ്രോജക്ട് എലിഫന്റ്: ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം 2014-ലെ 26-ൽ നിന്ന് 2025-33 ആയി വർദ്ധിച്ചു, ഇതിലൂടെ അധികമായി 8,610 ചതുരശ്ര കിലോമീറ്റർ പ്രദേശം സംരക്ഷണത്തിന് കീഴിൽ കൊണ്ടുവന്നു. 15 സംസ്ഥാനങ്ങളിലായി 150 ആന ഇടനാഴികളുണ്ട്.

പ്രോജക്ട് ചീറ്റ: പ്രോജക്ട് ചീറ്റ 2025-ൽ ഒരു വിപുലീകരണ ഘട്ടത്തിലേക്ക് കടന്നു. ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിലേക്ക് ചീറ്റകളെ എത്തിച്ചു. നൊരാദേഹി, ബന്നി പുൽമേടുകൾ എന്നിവയും ഈ വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ജനിച്ച 19 കുഞ്ഞുങ്ങൾ ഉൾപ്പെടെ ആകെ ചീറ്റകളുടെ എണ്ണം 30-ൽ എത്തി.

പ്രോജക്ട് സ്നോ ലെപ്പേർഡ്: 2019-നും 2023-നും ഇടയിൽ ഇന്ത്യ ആദ്യത്തെ രാജ്യവ്യാപക ഹിമപ്പുലി ജനസംഖ്യാ നിർണ്ണയം പൂർത്തിയാക്കി. ഏകദേശം 718 ഹിമപ്പുലികൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലഡാക്കിൽ 477-ഉം ഉത്തരാഖണ്ഡിൽ 124-ഉം ഹിമപ്പുലികളുണ്ടെന്ന് രേഖപ്പെടുത്തി. സംരക്ഷണം ശക്തമാക്കുന്നതിനായി 2025-ലെ വന്യജീവി വാരത്തിൽ 'സ്നോ ലെപ്പേർഡ് പോപ്പുലേഷൻ അസസ്‌മെന്റ് ഇന്ത്യ 2.0' (SPAI 2.0) ആരംഭിച്ചു.

പ്രോജക്ട് ഡോൾഫിൻ: പ്രോജക്ട് ഡോൾഫിന് കീഴിൽ, 2021 മുതൽ 2023 വരെ നടന്ന രാജ്യവ്യാപക സർവേയിൽ 6,327 നദീതട ഡോൾഫിനുകൾ ഉള്ളതായി കണക്കാക്കി. ബിജ്‌നോറിൽ നിന്ന് 2026 ജനുവരിയിൽ ആരംഭിച്ച രണ്ടാമത്തെ വിപുലമായ കണക്കെടുപ്പ് ഗംഗാ നദി, സിന്ധു നദി, ബ്രഹ്മപുത്ര, സുന്ദർബൻ, ഒഡീഷ എന്നിവയെ ഉൾക്കൊള്ളുന്നു. ഇത് ഗംഗാ നദിയിലെ ഡോൾഫിൻ, സിന്ധു നദിയിലെ ഡോൾഫിൻ, ഇരാവതി ഡോൾഫിൻ എന്നിവയെ വിലയിരുത്തും.

ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്: ആഗോളതലത്തിൽ 7 വലിയ മാർജ്ജാര വർഗങ്ങളെ സംരക്ഷിക്കുന്നതിനായി 2023 ഏപ്രിലിൽ ആരംഭിച്ച ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന് ഇന്ത്യ നേതൃത്വം നൽകുന്നു. 2025 ജനുവരി 23-ന് ഇതിന്റെ ചട്ടക്കൂട് കരാർ പ്രാബല്യത്തിൽ വന്നു, നിലവിൽ ഇതിലെ അംഗത്വം 18 രാജ്യങ്ങളായി വികസിച്ചിട്ടുണ്ട്.

2025-ലെ വന്യജീവി വാരത്തിൽ (ഒക്ടോബർ 2-8), പ്രോജക്ട് ഡോൾഫിൻ ഫേസ് 11, പ്രോജക്ട് സ്ലോത്ത് ബിയർ, പ്രോജക്ട് ഘാരിയൽ എന്നിവയുൾപ്പെടെയുള്ള അഞ്ച് ദേശീയതല പദ്ധതികളും നദീതട ഡോൾഫിനുകൾ, കടുവകൾ, ഹിമപ്പുലി, ബസ്റ്റാർഡ്സ് എന്നിവയെ ഉൾക്കൊള്ളുന്ന നാല് ദേശീയതല പ്രവർത്തന പദ്ധതികളും ഫീൽഡ് ഗൈഡുകളും പുറത്തിറക്കി.

ഈ ജീവിവർഗ കേന്ദ്രീകൃതമായ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിനും ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണത്തിനും കരുത്തുറ്റതാക്കലിനും പ്രാധാന്യം നൽകുന്ന വിപുലമായ ലാൻഡ്‌സ്‌കേപ്പ് തലത്തിലുള്ള തന്ത്രത്തിന്റെ പിന്തുണയുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതും ഹരിത വിസ്തൃതി വർദ്ധിപ്പിക്കുന്നതും ഒരുമിച്ച് കൊണ്ടുപോകുന്നത് രാജ്യത്തുടനീളം ദീർഘകാല പാരിസ്ഥിതിക സ്ഥിരതയും സുസ്ഥിരമായ വിഭവ മാനേജ്‌മെന്റും ഉറപ്പാക്കുന്നു.

ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ

ഇന്ത്യയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, ആവാസവ്യവസ്ഥയുടെ തകർച്ച, തീരദേശ ശോഷണം, ആസൂത്രണമില്ലാത്ത ഭൂവിനിയോഗം എന്നിവയിൽ നിന്ന് സമ്മർദ്ദങ്ങൾ നേരിടുന്നു. പാരിസ്ഥിതിക തകർച്ച ജലസുരക്ഷയെയും ഉപജീവനമാർഗങ്ങളെയും ദുരന്ത പ്രതിരോധശേഷിയെയും നേരിട്ട് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ഇന്ത്യാ ​ഗവൺമെന്റ് സുപ്രധാന ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പുനരുദ്ധാരണം, കാലാവസ്ഥാ പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബഹുതല തന്ത്രം സ്വീകരിച്ചിട്ടുണ്ട്. ഈ സമീപനം ലാൻഡ്‌സ്‌കേപ്പ് തലത്തിലുള്ള സംരക്ഷണം, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണം, കരഭൂമി, തീരപ്രദേശം, തണ്ണീർത്തടങ്ങൾ എന്നിവയിലുടനീളമുള്ള ആവാസവ്യവസ്ഥകളുടെ വീണ്ടെടുക്കൽ എന്നിവയെ സംയോജിപ്പിക്കുന്നു.

വനം, ബയോസ്ഫിയർ ആവാസവ്യവസ്ഥകൾ

ഇന്ത്യയുടെ കരഭൂമി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായ ബയോസ്ഫിയർ റിസർവ് ശൃംഖലയിൽ അധിഷ്ഠിതമാണ്. നിലവിൽ രാജ്യത്ത് 91,425 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 18 വിജ്ഞാപനം ചെയ്ത ബയോസ്ഫിയർ റിസർവുകളുണ്ട്, അവയിൽ 13 എണ്ണം യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്‌സിൽ (WNBR) അംഗീകരിക്കപ്പെട്ടവയാണ്. 2025 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവിനെ ഇതിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആഗോള സംരക്ഷണ സാന്നിധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് വന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഇന്ത്യ സമഗ്രമായ കാട്ടുതീ പ്രതിരോധ-നിയന്ത്രണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ഉപഗ്രഹാധിഷ്ഠിത തത്സമയ തീപിടിത്ത നിരീക്ഷണ സംവിധാനം പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ എസ്.എം.എസ് (SMS), ഇമെയിൽ എന്നിവ വഴി അറിയിപ്പുകൾ നൽകുകയും രാജ്യത്തുടനീളമുള്ള സംഭവങ്ങൾ നിരീക്ഷിക്കുന്നതിനായി 24×7 പ്രവർത്തിക്കുന്ന ദേശീയ കൺട്രോൾ റൂമിന്റെ പിന്തുണ ലഭ്യമാക്കുകയും ചെയ്യുന്നു.

ഏക് പേഡ് മാ കേ നാം (അമ്മയുടെ പേരിൽ ഒരു മരം ക്യാമ്പയിൻ)

രാജ്യവ്യാപകമായ ഒരു ജനകീയ പങ്കാളിത്ത ക്യാമ്പയിനായി ആരംഭിച്ച ഏക് പേഡ് മാ കേ നാം അഥവാ "അമ്മയുടെ പേരിൽ ഒരു മരം", പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്നതോടൊപ്പം സ്വന്തം അമ്മമാർക്കുള്ള ആദരവായി ഒരു മരം നട്ടുപിടിപ്പിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

ഏക് പേഡ് മാ കേ നാം ക്യാമ്പയിൻ ഏറ്റവും വലിയ ജനകേന്ദ്രീകൃത പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 2025 ഡിസംബർ 31 വരെ ആകെ 262.4 കോടി തൈകൾ നട്ടുപിടിപ്പിച്ചു.

തണ്ണീർത്തടങ്ങളും തീരദേശ ആവാസവ്യവസ്ഥയും

വനത്തിനും കണ്ടൽക്കാടുകൾക്കും അപ്പുറം ജൈവവൈവിധ്യ സംരക്ഷണം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കൽ എന്നിവയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന തണ്ണീർത്തടങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും ഇന്ത്യയുടെ സംരക്ഷണ തന്ത്രം വ്യാപിക്കുന്നു.

ചുഴലിക്കാറ്റുകൾ, കടലാക്രമണം, തീരദേശ ശോഷണം എന്നിവയ്ക്കെതിരെയുള്ള പ്രകൃതിദത്ത കവചങ്ങളെന്ന നിലയിൽ കണ്ടൽക്കാടുകളുടെ പങ്ക് തിരിച്ചറിഞ്ഞ്, ഇന്ത്യ 'മാൻഗ്രോവ് ഇനിഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാൻജിബിൾ ഇൻകംസ്' (MISHTI) നടപ്പിലാക്കിവരുന്നു. 2025-, ഈ പദ്ധതിയിലൂടെ 4,536 ഹെക്ടർ കണ്ടൽക്കാടുകൾ പുനരുദ്ധരിക്കുകയും, ഭാവിയിലെ നടീലിനും പുനരുദ്ധാരണത്തിനുമായി 22,560 ഹെക്ടർ (13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി) ശോഷിച്ച കണ്ടൽ പ്രദേശങ്ങൾ തിരിച്ചറിയുകയും ചെയ്തു.

തണ്ണീർത്തട സംരക്ഷണത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2025-11 പുതിയ റാംസർ സൈറ്റുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ 2014-ലെ 26 സൈറ്റുകളിൽ നിന്ന് 2026 ജനുവരി 31-ഓടെ ആകെ എണ്ണം 98 ആയി ഉയർന്നു. സൈറ്റുകളുടെ എണ്ണത്തിൽ നിലവിൽ ഏഷ്യയിൽ ഒന്നാമതും ആഗോളതലത്തിൽ മൂന്നാമതുമാണ് ഇന്ത്യ. പട്‌ന പക്ഷിസങ്കേതം (ഉത്തർപ്രദേശ്), ചാരി-ദണ്ഡ് (ഗുജറാത്ത്) എന്നിവ ഈ പട്ടികയിലെ പുതിയ കൂട്ടിച്ചേർക്കലുകളിൽ ഉൾപ്പെടുന്നു. നഗര തണ്ണീർത്തട ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ഉദയ്പൂരും ഇൻഡോറും ഇന്ത്യയിലെ ആദ്യത്തെ റാംസർ അംഗീകൃത 'വെറ്റ്‌ലാൻഡ് സിറ്റികൾ' ആയി മാറി.

767 കോടി രൂപയുടെ വിഹിതത്തോടെ 2025–31 കാലയളവിലേക്ക് നീട്ടിയിട്ടുള്ള നാഷണൽ കോസ്റ്റൽ മിഷനിലൂടെ തീരദേശ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ ദൗത്യം, സംയോജിത തീരദേശ മാനേജ്‌മെന്റ്, ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം, കമ്മ്യൂണിറ്റി അധിഷ്ഠിത പൊരുത്തപ്പെടൽ എന്നിവയിലൂടെ ഇന്ത്യയുടെ തീരപ്രദേശത്തിന്റെ കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്രകൃതിദത്തമായ പ്രതിരോധ കവചങ്ങളെന്ന നിലയിൽ കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, മറ്റ് തീരദേശ ആവാസവ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുന്നതിലും തീരദേശ ശോഷണത്തെയും സമുദ്രനിരപ്പ് ഉയരുന്നതിനെയും അഭിസംബോധന ചെയ്യുന്നതിലും ശാസ്ത്രീയ ആസൂത്രണവും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിലും സന്തുലിതമായ തീരദേശ വികസനം ഉറപ്പാക്കുന്നതിനായി സുസ്ഥിരമായ ഉപജീവനമാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വൃത്തിയോടെയും ഗുണനിലവാരമുള്ള ജലത്തോടും സുരക്ഷയോടും സുസ്ഥിരമായ മാനേജ്‌മെന്റോടും കൂടി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന തീരദേശ കേന്ദ്രങ്ങളാണ് ബ്ലൂ ഫ്ലാഗ് ബീച്ചുകൾ. 'ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ' ആണ് ഈ സർട്ടിഫിക്കേഷൻ നൽകുന്നത്; ഇന്ത്യയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) സംയോജിത തീരദേശ മാനേജ്‌മെന്റ് പരിപാടിക്ക് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഇന്ത്യയിലെ 18 ബീച്ചുകൾ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ഈ ബീച്ചുകൾ 7 തീരദേശ സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. 2025-26 സീസണോടുകൂടിയാണ് ഈ സർട്ടിഫിക്കേഷൻ നേട്ടം കൈവരിച്ചത്.

മനുഷ്യ-വന്യജീവി സംഘർഷ മാനേജ്‌മെന്റ്

മനുഷ്യരും വന്യജീവികളും തമ്മിലുള്ള യോജിച്ചുള്ള സഹവർത്തിത്വം ഉറപ്പാക്കുന്നതിനായി, വന്യജീവി സംരക്ഷണ നിയമപ്രകാരം മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏകോപിപ്പിച്ചുള്ള പ്രവർത്തനം, സംഘർഷസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ, ദ്രുതകർമ്മ സേനകളുടെ രൂപീകരണം എന്നിവ ഈ നിർദ്ദേശങ്ങളിൽ ശുപാർശ ചെയ്യുന്നു. സംസ്ഥാന-ജില്ലാ തല സമിതികൾ നഷ്ടപരിഹാര തുക അവലോകനം ചെയ്യുന്നു. മരണമോ പരിക്കോ സംഭവിക്കുന്ന കേസുകളിൽ 24 മണിക്കൂറിനുള്ളിൽ ആശ്വാസധനം നൽകുന്നുവെന്ന് ​ഗവൺമെന്റ് ഉറപ്പാക്കുന്നു.

2025-ലെ വന്യജീവി വാരത്തിൽ (ഒക്ടോബർ 2-8), മനുഷ്യ-വന്യജീവി സംഘർഷ മാനേജ്‌മെന്റിനായുള്ള ഒരു മികവിന്റെ കേന്ദ്രവും "കടുവാ സങ്കേതങ്ങൾക്ക് പുറത്തുള്ള കടുവകൾ" എന്ന പദ്ധതിയും ആരംഭിച്ചു.

പരിസ്ഥിതി സംരക്ഷണം എന്നത് ഒറ്റപ്പെട്ട ഒന്നല്ലെന്നും മറിച്ച് അത് എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനവുമായും സാമൂഹിക നീതിയവുമായും അടുത്ത ബന്ധമുള്ളതാണെന്നും ഈ ശ്രമങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാ പ്രവർത്തനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സഹവർത്തിത്വ തന്ത്രങ്ങൾ എന്നിവയെ വിപുലമായ വികസന ചട്ടക്കൂടിനുള്ളിൽ സംയോജിപ്പിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തെ സുസ്ഥിരവും സമതുലിതവുമായ വളർച്ചയുടെ ലക്ഷ്യങ്ങളുമായി ഇന്ത്യ യോജിപ്പിക്കുന്നു.

ഇന്ത്യ ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണവും വർദ്ധിപ്പിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക സ്ഥിരതയ്ക്കും വികസന നേട്ടങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു. ഉയരുന്ന താപനില, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആവൃത്തിയിലുള്ള വർദ്ധനവ്, മാറുന്ന മഴരീതികൾ, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവ വനങ്ങൾ, തണ്ണീർത്തടങ്ങൾ, തീരപ്രദേശങ്ങൾ, സമൂഹങ്ങൾ എന്നിവയിൽ ഇതിനകം സമ്മർദ്ദം ചെലുത്തുന്നുണ്ട്. സംരക്ഷണ പ്രവർത്തനങ്ങൾ അത്യാവശ്യമാണെങ്കിലും ഊർജ്ജ മേഖലയിലെ ആഴത്തിലുള്ള മാറ്റങ്ങളുടെയും ഹരിത വികസന പാതകളുടെയും പിന്തുണയില്ലാതെ അവ മാത്രം മതിയാകില്ലെന്ന് തിരിച്ചറിയപ്പെടുന്നു.

ഇന്ത്യയുടെ കൃത്യമായ കാലാവസ്ഥാ പ്രവർത്തനം, ശുദ്ധമായ ഊർജ്ജ വ്യാപനം, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ, നയപരമായ പരിഷ്കാരങ്ങൾ എന്നിവയിലൂടെ കാലാവസ്ഥാ അപകടങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പും സജീവമായ പ്രതിരോധ നടപടികളും സംയോജിപ്പിക്കുന്നു.

കാലാവസ്ഥ, തന്ത്രപരമായ നയ ചട്ടക്കൂടുകൾ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമ്മപദ്ധതിയും (NAPCC) അതിലെ ഒമ്പത് ദേശീയ ദൗത്യങ്ങളും:

  • ഇന്ത്യയുടെ കാലാവസ്ഥാ തന്ത്രത്തിനായുള്ള സമഗ്രമായ ചട്ടക്കൂട് നൽകുന്നത് NAPCC ആണ്. സൗരോർജ്ജം, ഊർജ്ജ കാര്യക്ഷമത, സുസ്ഥിരമായ ആവാസവ്യവസ്ഥ, ജലം, ഹിമാലയൻ ആവാസവ്യവസ്ഥകൾ, ഹരിത ഭാരതം, സുസ്ഥിര കൃഷി, തന്ത്രപരമായ അറിവ് എന്നിവയും പിന്നീട് കൂട്ടിച്ചേർത്ത അധിക ദൗത്യങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ പദ്ധതികൾ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടലും അതിന്റെ ആഘാതം കുറയ്ക്കലും വിവിധ മേഖലകളിലെ ആസൂത്രണവുമായി സംയോജിപ്പിക്കുന്നു.

  • പാരിസ് കരാറിന് കീഴിൽ  ദേശീയ അടിസ്ഥാനത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ: 2022-ൽ പുതുക്കിയ എൻ.ഡി.സി പ്രകാരം, 2030-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ  ഉദ്‍വമന തീവ്രത 2005-ലെ നിലവാരത്തിൽ നിന്ന് 45% കുറയ്ക്കുമെന്നും 2030-ഓടെ ആകെയുള്ള സ്ഥാപിത വൈദ്യുത ശേഷിയുടെ ഏകദേശം 50% ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് കൈവരിക്കുമെന്നും ഇന്ത്യ പ്രതിജ്ഞയെടുത്തു. 2025 ജൂൺ മാസത്തെ കണക്കനുസരിച്ച് 2005-നും 2020-നും ഇടയിൽ ഉദ്‍വമന തീവ്രത ഏകദേശം 36% കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു. കൂടാതെ, നിശ്ചിത സമയപരിധിക്ക് മുമ്പുതന്നെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുത ശേഷി 50% കടക്കുകയും ചെയ്തു.
  • ദീർഘകാല കുറഞ്ഞ ഉദ്‍വമന വികസന തന്ത്രം (LT-LEDS): 2022-ൽ യു.എൻ.എഫ്.സി.സി.സി-ക്ക് (UNFCCC) സമർപ്പിച്ച എൽ.ടി-എൽ.ഇ.ഡി.എസ് (LT-LEDS) രേഖയിൽ 2070-ഓടെ നെറ്റ്-സീറോ (Net-Zero) ഉദ്വമനം കൈവരിക്കുന്നതിനുള്ള പാതകൾ ഇന്ത്യ വിവരിക്കുന്നു.
  • നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷനും പുനരുപയോഗ ഊർജ്ജ വിപുലീകരണ ലക്ഷ്യങ്ങളും: 2023-ൽ ആരംഭിച്ച നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇന്ത്യയെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം മെട്രിക് ടൺ ഉത്പാദനമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 2030-ഓടെ 500 GW ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുനരുപയോഗ ഊർജ്ജ വിന്യാസവും ഇതിന് പിന്തുണ നൽകുന്നു.

പരിസ്ഥിതി സംരക്ഷണത്തെ സുസ്ഥിര വികസനവുമായി യോജിപ്പിച്ചുകൊണ്ട്, സംരക്ഷണത്തിൽ നിന്ന് കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്കുള്ള  ഇന്ത്യയുടെ പാതയ്ക്ക് ഈ സംവിധാനങ്ങൾ ഒരുമിച്ച് കരുത്തുപകരുന്നു.

മിഷൻ ലൈഫ് (Mission LiFE)

കാലാവസ്ഥാ വ്യതിയാനം ജലസുരക്ഷയ്ക്കും ഉപജീവനമാർഗങ്ങൾക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണികൾ ഉയർത്തുന്നു. കൃത്യസമയത്ത് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050-ഓടെ ലോകമെമ്പാടുമുള്ള ഏകദേശം മുന്നൂറ് കോടി ജനങ്ങൾ ജലക്ഷാമം നേരിടേണ്ടി വരുമെന്നും ആഗോള സമ്പദ്വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ  18 ശതമാനം വരെ ഇടിവുണ്ടാകുമെന്നും ആഗോള കണക്കുകൾ സൂചിപ്പിക്കുന്നു. സ്വഭാവ മാറ്റങ്ങൾ ഈ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കും. നൂറ് കോടി ജനങ്ങൾ സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുകയാണെങ്കിൽ ആഗോള കാർബൺ ഉദ്വമനം ഏകദേശം 20 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.

ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച മിഷൻ ലൈഫ് കാലാവസ്ഥാ ബോധമുള്ള വ്യക്തിഗത-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മിഷൻ ലൈഫിന് കീഴിൽ 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 34 ലക്ഷത്തിലധികം പരിപാടികളിലായി 6 കോടിയിലധികം ആളുകൾ പങ്കെടുക്കുകയും 4.96 കോടി പ്രതിജ്ഞകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര കാലാവസ്ഥാ പ്രതിബദ്ധതകളും ബഹുരാഷ്ട്ര ഇടപെടലുകളും

ഇന്ത്യയുടെ ആഭ്യന്തര പുരോഗതിക്ക് നിരന്തരമായ അന്താരാഷ്ട്ര ഇടപെടലുകൾ പിന്തുണ നൽകുന്നു.

പാരിസ് കരാറിലെ ആർട്ടിക്കിൾ 6-ന് കീഴിലുള്ള അന്താരാഷ്ട്ര കാർബൺ മാർക്കറ്റ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യ 'നാഷണൽ ഡെസിഗ്നേറ്റഡ് ഏജൻസി ഫോർ ഇംപ്ലിമെന്റേഷൻ ഓഫ് ആർട്ടിക്കിൾ 6'-നെ ദേശീയ അതോറിറ്റിയായി നിശ്ചയിച്ചു.

2025 നവംബറിൽ ബ്രസീലിലെ ബെലെമിൽ നടന്ന UNFCCC COP30-ൽ ഇന്ത്യ തങ്ങളുടെ കാലാവസ്ഥാ നേതൃത്വം ഉയർത്തിക്കാട്ടുകയും പ്രതിബദ്ധതകളിൽ നിന്ന് നടപ്പിലാക്കലിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. വികസ്വര രാജ്യങ്ങൾക്കായി മെച്ചപ്പെട്ട കാലാവസ്ഥാ ധനസഹായവും  സാങ്കേതിക വിദ്യാ കൈമാറ്റവും ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ, ബ്രസീലിന്റെ ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോറെവർ ഫെസിലിറ്റി (TFFF) എന്ന പദ്ധതിയെ ഇന്ത്യ സ്വാഗതം ചെയ്യുകയും നിരീക്ഷക രാജ്യമായി അതിൽ ചേരുകയും ചെയ്തു.

"ഒരു  ലോകം, ഒരു  സൂര്യൻ, ഒരു ഗ്രിഡ്"  എന്ന കാഴ്ചപ്പാടിലൂടെ അന്താരാഷ്ട്ര സൗര സഖ്യത്തിൽ (ISA) ഇന്ത്യ ആഗോള സൗരോർജ്ജ സഹകരണത്തിന് നേതൃത്വം നൽകുന്നത് തുടരുന്നു. 2025 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എട്ടാമത് ഐ.എസ്.എ (ISA) അസംബ്ലിയിൽ 550-ലധികം പ്രതിനിധികളും 30 മന്ത്രിതല പ്രതിനിധികളും പങ്കെടുത്തു. ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റത്തോടുള്ള ആഗോള പ്രതിബദ്ധതയെ ഇത് കൂടുതൽ ശക്തിപ്പെടുത്തി.

മോൺട്രിയൽ പ്രോട്ടോക്കോളിന് കീഴിൽ, ഓസോൺ പാളിയെ നശിപ്പിക്കുന്ന പ്രധാന പദാർത്ഥങ്ങളെ നിശ്ചിത സമയപരിധിക്ക് മുമ്പേ തന്നെ ഘട്ടംഘട്ടമായി ഒഴിവാക്കിക്കൊണ്ട് ഇന്ത്യ ശക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2021-ലെ കിഗാലി ഭേദഗതി അംഗീകരിച്ചതിനെത്തുടർന്ന്, ഹൈഡ്രോഫ്ലൂറോകാർബണുകളുടെ (HFC) ഉപയോഗം കുറയ്ക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്.  2025-ഓടെ ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകളുടെ (HCFC) ഉത്പാദനത്തിലും ഉപഭോഗത്തിലും 67.5 ശതമാനം കുറവ് വരുത്താൻ ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യയുടെ അന്താരാഷ്ട്ര കാലാവസ്ഥാ പ്രതിബദ്ധതകൾക്ക് കരുത്തേകുന്നത് രാജ്യത്തിനകത്ത് നടപ്പിലാക്കുന്ന കൃത്യമായ പ്രവർത്തനങ്ങളാണ്. ബഹുരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ കൃത്യമായ ദിശാബോധവും സഹകരണവും നൽകുമ്പോൾ, ആഭ്യന്തരതലത്തിലുള്ള നടപ്പിലാക്കൽ ഈ വാഗ്ദാനങ്ങളെ ഘടനാപരമായ മാറ്റങ്ങളിലേക്ക് മാറ്റുന്നു. ആഗോള ഉത്തരവാദിത്തവും ദേശീയതലത്തിലുള്ള നടപ്പിലാക്കലും തമ്മിലുള്ള ഈ ഏകോപനം ഇന്ത്യയുടെ വേഗത്തിലുള്ള ശുദ്ധമായ ഊർജ്ജ വിപുലീകരണത്തിൽ ഏറ്റവും വ്യക്തമായി കാണാം.

ശുദ്ധമായ ഊർജ്ജ വിപുലീകരണവും ഘടനാപരമായ ഊർജ്ജ പരിവർത്തനവും

ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ വിപുലീകരണം, ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്ന രീതിയിൽ നിന്ന് വൈവിധ്യപൂർണ്ണമായ കുറഞ്ഞ കാർബൺ സ്രോതസ്സുകളിലേക്കുള്ള നിർണ്ണായകമായ ഒരു ഘടനാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന് (UNFCCC) കീഴിലുള്ള പ്രതിബദ്ധതകളും ആഭ്യന്തര പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഈ പരിവർത്തനം, ഊർജ്ജ സുരക്ഷ, സുസ്ഥിരത, ദീർഘകാല സാമ്പത്തിക പ്രതിരോധം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

2030-ഓടെ കൈവരിക്കേണ്ട ലക്ഷ്യം അഞ്ച് വർഷം മുമ്പേ തന്നെ പൂർത്തിയാക്കി, 2025-ൽ ഇന്ത്യ തങ്ങളുടെ ആകെ വൈദ്യുത ശേഷിയുടെ 50 ശതമാനത്തിലധികം ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് കൈവരിച്ചു.

2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയുടെ ആകെയുള്ള  സ്ഥാപിത  വൈദ്യുത ശേഷി 520,510.95 MW ആണ്. ഇതിൽ 248,541.62 MW ഫോസിൽ ഇന്ധനങ്ങളിൽ നിന്നും 271,969.33 MW ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്നുമാണ്. ഫോസിൽ ഇതര വിഭാഗത്തിൽ 8,780 MW ആണവോർജ്ജവും 263,189.33 MW പുനരുപയോഗ ഊർജ്ജവുമാണ് ഉൾപ്പെടുന്നത്.

അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിയുടെ (IRENA) 2025-ലെ പുനരുപയോഗ ഊർജ്ജ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം (2024 ഡിസംബർ വരെയുള്ള കണക്കുകൾ), ഇൻസ്റ്റാൾ ചെയ്ത സൗരോർജ്ജ ശേഷിയിൽ ലോകതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കാറ്റാടി ഊർജ്ജ ശേഷിയിലും ആകെ പുനരുപയോഗ ഊർജ്ജ ശേഷിയിലും ഇന്ത്യ നാലാം സ്ഥാനത്ത് നിൽക്കുന്നു. ഈ പരിവർത്തനം എല്ലാ തലങ്ങളിലും ദൃശ്യമാണ്. 2022 ഒക്ടോബർ 9-ന് ഗുജറാത്തിലെ മൊധേര ഇന്ത്യയിലെ ആദ്യത്തെ 24x7 സൗരോർജ്ജ ഗ്രാമമായി മാറി. സംയോജിത സോളാർ സംവിധാനങ്ങളിലൂടെ മുഴുവൻ സമയവും ശുദ്ധമായ ഊർജ്ജം വിതരണം ചെയ്യാൻ കഴിയുമെന്ന് ഇത് തെളിയിച്ചു. മധ്യപ്രദേശിലെ ഓംകാരേശ്വർ ഫ്ലോട്ടിംഗ് സോളാർ പാർക്ക് (2025 ജനുവരി 4-ലെ കണക്കനുസരിച്ച്) ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒഴുകിനടക്കുന്ന സൗരോർജ്ജ പാർക്കുകളിൽ ഒന്നുമാണ്.[59] ഇത്തരത്തിലുള്ള പദ്ധതികൾ വിഭവങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തുകയും നൂതനമായ രീതിയിൽ പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഊർജ്ജ കാര്യക്ഷമതയിലുണ്ടായ പുരോഗതിയും ശ്രദ്ധേയമാണ്. ജിഡിപിയുടെ (GDP) ഓരോ യൂണിറ്റിലുമുള്ള ഊർജ്ജ മേഖലയുടെ കാർബൺ ഡൈ ഓക്സൈഡ് ഉദ്വമന തീവ്രത, 2015-16 കാലഘട്ടത്തിൽ ഒരു കോടി രൂപയ്ക്ക് 61.45 ടൺ എന്നതിൽ നിന്ന് 2022-23 ആയപ്പോഴേക്കും 40.52 ടൺ ആയി കുറഞ്ഞു. ഇത് പരിസ്ഥിതി സൗഹൃദപരമായ വളർച്ചയെയും സാങ്കേതിക മുന്നേറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്.

വ്യത്യസ്ത മേഖലകളിലെ ദീർഘകാല ഉദ്‍വമന കുറവിനെ ശക്തിപ്പെടുത്തുന്ന നയപരമായ ഇടപെടലുകൾ ഈ കാര്യക്ഷമതയ്ക്ക് വലിയ പിന്തുണ നൽകുന്നു. ഈ വേഗത നിലനിർത്തുന്നതിനായി ഇന്ത്യയുടെ കാലാവസ്ഥാ തന്ത്രം നിയന്ത്രണ ചട്ടക്കൂടുകളെയും കമ്പോളാധിഷ്ഠിത സംവിധാനങ്ങളെയും സാങ്കേതിക നവീകരണങ്ങളെയും ഒന്നിപ്പിക്കുന്നു. ഇത് ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും കുറഞ്ഞ കാർബൺ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയും ചെയ്യുന്നു.

കാർബൺ മാർക്കറ്റുകൾ, വ്യവസായ പരിവർത്തനം, കാലാവസ്ഥാ ധനസഹായ സംവിധാനങ്ങൾ

ഇന്ത്യയുടെ കാലാവസ്ഥാ തന്ത്രം നിയന്ത്രണങ്ങളെയും കമ്പോള സംവിധാനങ്ങളെയും സാങ്കേതിക മുന്നേറ്റത്തെയും ഒന്നിപ്പിക്കുന്നു. കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം നടപ്പിലാക്കിയത് ഇന്ത്യൻ കാർബൺ മാർക്കറ്റ് ചട്ടക്കൂടിന് കീഴിലുള്ള ആഭ്യന്തര കാർബൺ വിപണിയെ ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവെപ്പാണ്. ഈ പദ്ധതി ആഗോള രീതികൾക്ക് അനുസൃതമായി പാലിക്കേണ്ട നിബന്ധനകളും  ഓഫ്സെറ്റ് സംവിധാനങ്ങളും സ്ഥാപിക്കുകയും കൃത്യമായി അളക്കാവുന്ന രീതിയിൽ ഉദ്‍വമനം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2026 ജനുവരിയിൽ കൂടുതൽ മേഖലകൾക്കായി ഗ്രീൻഹൗസ് വാതക ഉദ്‍വമന തീവ്രത ലക്ഷ്യങ്ങൾ ഗവൺമെൻറ് വിജ്ഞാപനം ചെയ്തു. ഈ വിപുലീകരണത്തോടെ ഉയർന്ന തോതിൽ വാതകങ്ങൾ പുറത്തുവിടുന്ന വ്യവസായങ്ങളിലെ 490 സ്ഥാപനങ്ങൾ ഇപ്പോൾ ഈ പരിധിയിൽ വരുന്നു. ഇത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ മേഖലയിലെ കാർബൺ വിമുക്തമാക്കൽ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു.

വ്യവസായങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുത്ത്  പുനരുപയോഗിക്കുകയോ സുരക്ഷിതമായി സംഭരിക്കുകയോ ചെയ്യുന്ന കാർബൺ ക്യാപ്ചർ, യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS) ഒരു പ്രധാന കുറഞ്ഞ കാർബൺ സാങ്കേതികവിദ്യയായി ഉയർന്നുവന്നിട്ടുണ്ട്. കെമിക്കൽസ്, വൻകിട വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സി.സി.യു.എസ് (CCUS) വികസനത്തെ പിന്തുണയ്ക്കുന്നതിനായി 2026-27 ലെ കേന്ദ്ര ബജറ്റിൽ അഞ്ച് വർഷത്തേക്ക് ₹20,000 കോടി വകയിരുത്തി.  ഈ തുക കാർബൺ മാനേജ്മെന്റ് പരിഹാരങ്ങളുടെ ഗവേഷണം, പ്രദർശനം, വിന്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.

കാർബൺ മാർക്കറ്റുകളും വ്യവസായങ്ങളെ കാർബൺ വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ദീർഘകാലാടിസ്ഥാനത്തിലുള്ള ഉദ്വമന കുറവിനെ ലക്ഷ്യം വെക്കുമ്പോൾ തന്നെ, പരിസ്ഥിതി ഭരണസംവിധാനം അടിയന്തരമായ മലിനീകരണ വെല്ലുവിളികളെയും നേരിടേണ്ടതുണ്ട്. വായു, ജലം, മാലിന്യം എന്നിവ മൂലമുള്ള മലിനീകരണത്തെ സ്രോതസ്സിൽ തന്നെ നിയന്ത്രിക്കുന്ന നിയന്ത്രണ നിയമങ്ങൾക്കൊപ്പം കമ്പോളാധിഷ്ഠിതമായ കാലാവസ്ഥാ സംവിധാനങ്ങളും പ്രവർത്തിക്കുന്നു. കാർബൺ കുറയ്ക്കൽ പ്രക്രിയ ഒറ്റപ്പെട്ട ഒന്നായല്ല, മറിച്ച് വ്യക്തമായ പൊതുജനാരോഗ്യ-പാരിസ്ഥിതിക നേട്ടങ്ങൾ നൽകുന്ന വിപുലമായ ഒരു പരിസ്ഥിതി പരിപാലന ചട്ടക്കൂടിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് ഇവ ഒന്നിച്ച് ഉറപ്പാക്കുന്നു.

മലിനീകരണ നിയന്ത്രണത്തിൽ നിന്ന് സുസ്ഥിര വികസനത്തിലേക്ക്

ശക്തമായ ഒരു നിയമ ചട്ടക്കൂടിന്റെ പിന്തുണയോടെയാണ് ഇന്ത്യയുടെ പരിസ്ഥിതിപരിപാലനം നടപ്പിലാക്കുന്നത്.

മലിനീകരണ നിയന്ത്രണത്തിനായി 1974-ലെ ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമവും 1981-ലെ വായു (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമവും നിലവിലുണ്ട്. 2021-ലെ നാഷണൽ ക്യാപിറ്റൽ റീജിയണിലെയും (NCR) അനുബന്ധ പ്രദേശങ്ങളിലെയും വായുഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ നിയമം വായുഗുണനിലവാര ഭരണനിർവ്വഹണത്തിൽ  മികച്ച ഏകോപനം ഉറപ്പാക്കുന്നു.

സംസ്ഥാന ​ഗവൺമെന്റുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും (CPCB) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും അല്ലെങ്കിൽ മലിനീകരണ നിയന്ത്രണ സമിതികളുമാണ് നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത്. പരിസ്ഥിതി തത്വങ്ങളെ അളക്കാവുന്ന ഫലങ്ങളിലേക്ക് മാറ്റുന്നതിനുള്ള അടിത്തറ പാകുന്നത് ഈ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടാണ്. മുൻഗണന നൽകേണ്ട മലിനീകരണ വെല്ലുവിളികളെ ഏകോപിതമായും സമയബന്ധിതമായും നേരിടുന്ന പ്രത്യേക ദേശീയ പരിപാടികളിലൂടെയാണ് ഈ നിയമങ്ങൾ പ്രായോഗികമാക്കുന്നത്.

ശുദ്ധവായു പദ്ധതിയും മലിനീകരണ നിയന്ത്രണവും

130 നഗരങ്ങളിലെ വായുഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2019 ജനുവരിയിൽ ദേശീയ ശുദ്ധവായു പദ്ധതി ആവിഷ്കരിച്ചു.

റോഡിലെ പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, മാലിന്യം കത്തിക്കൽ, വ്യവസായ മലിനീകരണം എന്നിവ പരിഹരിക്കുന്നതിനായി നഗരങ്ങൾ പ്രത്യേക ശുദ്ധവായു കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു. 2017-18 ലെ അടിസ്ഥാന നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 130 നഗരങ്ങളിൽ 103 എണ്ണത്തിലും 2024-25 കാലയളവിൽ PM10 സാന്ദ്രതയിൽ പുരോഗതി രേഖപ്പെടുത്തി. 64 നഗരങ്ങളിൽ മലിനീകരണ തോതിൽ 20 ശതമാനം കുറവും 25 നഗരങ്ങളിൽ 40 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

വായുഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രത്യേക ഇടപെടലുകൾക്കൊപ്പം പരിസ്ഥിതിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയുന്നതിനായി വ്യവസായ അവശിഷ്ടങ്ങളുടെ  പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ സംയോജിത മലിനീകരണ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമായി ഫ്ലൈ ആഷ് ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുന്ന രീതിയും ശക്തിപ്പെടുത്തിവരുന്നു.

ഫ്ലൈ ആഷ് മാനേജ്മെൻ്റും വിനിയോഗവും

ഫ്ലൈ ആഷ് ശാസ്ത്രീയമല്ലാത്ത രീതിയിൽ സംസ്കരിക്കുന്നത് ഭൂമിയുടെ നാശനത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ശ്വസിക്കാൻ കഴിയുന്ന സൂക്ഷ്മകണങ്ങളും വിഷാംശമുള്ള മൂലകങ്ങളുടെ സാന്നിധ്യവും പാരിസ്ഥിതികമായ അപകടസാധ്യതകളും ഇതിലൂടെ ഉണ്ടാകുന്നു.

പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കൽക്കരി, ലിഗ്നൈറ്റ് എന്നിവ ഉപയോഗിക്കുന്ന താപനിലയങ്ങൾ 100% ഫ്ലൈ ആഷ് വിനിയോഗം നിശ്ചിത സമയപരിധിക്കുള്ളിൽ കൈവരിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) നിർബന്ധമാക്കിയിട്ടുണ്ട്.

202425 കാലയളവിൽ ഇന്ത്യയിൽ 340 ദശലക്ഷം ടണ്ണിലധികം ഫ്ലൈ ആഷ് ഉൽപ്പാദിപ്പിക്കപ്പെട്ടു. ഇതിൽ 332.63 ദശലക്ഷം ടണ്ണും വിജയകരമായി പ്രയോജനപ്പെടുത്തി.

ഉത്പാദിപ്പിക്കപ്പെട്ട ആകെ ഫ്ലൈ ആഷിൽ:

  • 32% റോഡുകളുടെയും ഫ്ലൈ ഓവറുകളുടെയും നിർമ്മാണത്തിനായി ഉപയോഗിച്ചു.
  • 27% സിമന്റ് വ്യവസായത്തിൽ ഉപയോഗിച്ചു.
  • 14% ഇഷ്ടികകളുടെയും ടൈലുകളുടെയും നിർമ്മാണത്തിനായി ഉപയോഗിച്ചു.

 

മാലിന്യ പുനരുപയോഗ വിപുലീകരണം

മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. മാലിന്യ പുനരുപയോഗ പ്ലാന്റുകളുടെ എണ്ണം 2019-20-ലെ 829-ൽ നിന്ന് 2024-25 ആയപ്പോഴേക്കും 3,036 ആയി വർദ്ധിച്ചു. ഇത് പുനരുപയോഗ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിര വികസന ലക്ഷ്യം 12-നെ (SDG 12) പിന്തുണയ്ക്കുകയും ചെയ്യുന്നു.

എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR)

പ്ലാസ്റ്റിക് പാക്കേജിംഗ്, ഇ-മാലിന്യം, ടയറുകൾ, ബാറ്ററികൾ എന്നിവയ്ക്കായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇ.പി.ആർ (EPR) ചട്ടക്കൂടുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ചട്ടക്കൂടുകൾ ചാക്രിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 71,401 ഉത്പാദകരും 4,447 പുനരുപയോഗ കരാറുകാരും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ വഴി 375.11 ലക്ഷം ടൺ മാലിന്യം പുനരുപയോഗിക്കാൻ സാധിച്ചു. ഇതിലൂടെ 339.51 ലക്ഷം ടൺ ഇ.പി.ആർ സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കപ്പെടുകയും അതിൽ 237.85 ലക്ഷം ടൺ ഉൽപ്പാദകർക്ക് കൈമാറുകയും ചെയ്തു.

ഫലപ്രദമായ മലിനീകരണ നിയന്ത്രണവും മാലിന്യ സംസ്കരണവുമാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനം. ശുദ്ധവായു, സുരക്ഷിതമായ ജലം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം എന്നിവ പൊതുജനാരോഗ്യം, ഉത്പാദനക്ഷമത, ജീവിതനിലവാരം എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. നിയമപാലനം ശക്തിപ്പെടുത്തുന്നതിലൂടെയും പുനരുപയോഗവും വിഭവ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെയും പരിസ്ഥിതി സംരക്ഷണത്തെ സാമ്പത്തിക അവസരങ്ങളുമായും തൊഴിലവസരങ്ങളുമായും സാമൂഹിക ക്ഷേമവുമായും ഇന്ത്യ ബന്ധിപ്പിക്കുന്നു. സുസ്ഥിരത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ അവിഭാജ്യ ഘടകമാണെന്ന് ഇത് വീണ്ടും ഉറപ്പിക്കുന്നു.

സുസ്ഥിര വികസനവും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന ചാലകശക്തിയാണ്. ദേശീയ-സംസ്ഥാന തലങ്ങളിലെ പുരോഗതി ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി നിതി ആയോഗ് പ്രവർത്തിക്കുന്നു. 17 ലക്ഷ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നിതി ആയോഗ്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമിടയിൽ ക്രിയാത്മകമായ മത്സരവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു. SDG ഇന്ത്യ ഇൻഡക്സ് 202324 പ്രകാരം ഇന്ത്യയുടെ സംയുക്ത സ്കോർ 71 ആയി മെച്ചപ്പെട്ടു. ഇത് 2018-ലെ 57-ൽ നിന്നും 2020-21-ലെ 66-ൽ നിന്നും സ്ഥിരമായി ഉയരുന്നത് രാജ്യത്തിന്റെ സുസ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

SDG 7 (താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജം) കൈവരിക്കുന്നതിൽ ഇന്ത്യ സവിശേഷമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആകെ ഇൻസ്റ്റാൾ ചെയ്ത വൈദ്യുത ശേഷിയിൽ പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് (2025 നവംബറിലെ കണക്കനുസരിച്ച്) 51.55% ആയി ഉയർന്നു. ഇത് ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിലേക്കുള്ള വലിയൊരു ഘടനാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ഈ പരിവർത്തനത്തിന് അനുബന്ധമായി ഊർജ്ജ കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെട്ടു. ജിഡിപിയുടെ ഓരോ യൂണിറ്റിലുമുള്ള ഊർജ്ജ മേഖലയുടെ കാർബൺ ഡൈ ഓക്സൈഡ് ഉദ്‍വമന തീവ്രത, 2015-16 കാലയളവിലെ ഒരു കോടി രൂപയ്ക്ക് 61.45 ടൺ എന്നതിൽ നിന്ന് 2022-23 ആയപ്പോഴേക്കും 40.52 ടൺ ആയി കുറഞ്ഞു. ഇത് കൂടുതൽ ശുദ്ധവും കാര്യക്ഷമവുമായ സാമ്പത്തിക വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഈ നേട്ടങ്ങൾ കാലാവസ്ഥാ പ്രവർത്തനങ്ങളോടും സുസ്ഥിര വികസനത്തോടുമുള്ള ഇന്ത്യയുടെ വിപുലമായ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഉപസംഹാരം

ഇന്ത്യയുടെ പാരിസ്ഥിതിക പരിവർത്തനം അതിന്റെ വിപുലമായ വ്യാപ്തിയെയും സ്ഥാപനപരമായ കരുത്തിനെയും സുസ്ഥിരമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. റെക്കോർഡ് വേഗതയിലുള്ള പുനരുപയോഗ ഊർജ്ജ വിപുലീകരണം, സജീവമായ കാർബൺ വിപണികൾ, ശക്തമായ മലിനീകരണ നിയന്ത്രണം, വിപുലീകരിച്ച സംരക്ഷിത പ്രദേശങ്ങൾ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പുനരുദ്ധാരണ പദ്ധതികൾ, വനം-കണ്ടൽക്കാട് പുനസ്ഥാപനം, തണ്ണീർത്തട സംരക്ഷണം, പൗര പങ്കാളിത്തം എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയുടെ സമഗ്രമായ പരിസ്ഥിതി തന്ത്രം.

2050-ഓടെ പ്രകൃതിയോട് ഇണങ്ങിജീവിക്കുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് വിവിധ മേഖലകളിലുടനീളമുള്ള പ്രവർത്തനങ്ങൾ പിന്തുണ നൽകുന്നു. ആഭ്യന്തരതലത്തിലുള്ള നടപ്പിലാക്കലുകളെ ആഗോള സഹകരണവുമായി ഏകോപിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ സ്ഥിരതയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകൾക്കായുള്ള സുസ്ഥിര വികസനത്തിനും ഇന്ത്യ തങ്ങളുടെ സംഭാവനകൾ നൽകുന്നത് തുടരുന്നു.

 

References:

Ministry of Environment, Forest and Climate Change (MoEFCC)

https://moef.gov.in/convention-on-biological-diversity-cbd

https://moef.gov.in/uploads/2022/01/National-Human-Wildlife-Conflict-Mitigation-Strategy-and-Action-Plan-of-India-2.pdf

National Tiger Conservation Authority (NTCA)

http://ntca.gov.in/corridor-management/

Forest Survey of India

India Code

 

 Press Information Bureau (PIB)

Principal Scientific Adviser

Ministry of New & Renewable Energy (MNRE)

MyGov

Ministry of Statistics and Programme Implementation

NITI Aayog

 Ozone Cell – Montreal Protocol

NewsOnAir

Click here to see PDF

***

SK

(Explainer ID: 158565) आगंतुक पटल : 35
Provide suggestions / comments