• Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ ഊർജ്ജ മേഖല

പുരോഗതി, പരിഷ്കരണം, മുന്നോട്ടുള്ള പാത

Posted On: 18 MAR 2026 4:05PM

 

പ്രധാന വിവരങ്ങൾ

  • 2026 ജനുവരി വരെ ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപ്പാദന ശേഷി 520.51 GW ആയി ഉയർന്നു. 2014 സാമ്പത്തിക വർഷത്തിൽ 4.2% ആയിരുന്ന വൈദ്യുതി ക്ഷാമം 2025 ഡിസംബർ ആയപ്പോഴേക്കും 0.03% ആയി കുറഞ്ഞു.
  • 1.85 ലക്ഷം കോടി രൂപയുടെ നിക്ഷേപം വഴി 18,374 ഗ്രാമങ്ങളിൽ വൈദ്യുതീകരണവും 2.86 കോടി വീടുകളിൽ വൈദ്യുതി കണക്ഷനും ലഭ്യമാക്കി.
  • വൈദ്യുതി വിതരണ കമ്പനികളുടെ കുടിശ്ശിക 2022 ജൂണിലെ 1.4 ലക്ഷം കോടി രൂപയിൽ നിന്ന് 2026 ഫെബ്രുവരിയിൽ 4,109 കോടി രൂപയായി കുറഞ്ഞു. കൂടാതെ, ഡിസ്കോമുകൾ (DISCOMs) 2025 സാമ്പത്തിക വർഷത്തിൽ 2,701 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.
  • സ്മാർട്ട് മീറ്ററിംഗ് നടപ്പിലാക്കുന്നതിലൂടെ കൂടുതൽ ഡിജിറ്റലായും സുതാര്യമായും ജനപങ്കാളിത്തത്തോടു കൂടിയും ഊർജ്ജ മേഖലയെ ഭാവിയിലേക്ക് സജ്ജമാക്കുന്നു.

ആമുഖം

ആധുനിക ജീവിതത്തിലെ ഏറ്റവും അദൃശ്യവും എന്നാൽ ഒഴിച്ചുകൂടാനാവാത്തതുമായ ഘടകങ്ങളിലൊന്നാണ് വൈദ്യുതി. വിളക്കുകൾ തെളിയുന്നതും ജലസേചന പമ്പുകൾ പ്രവർത്തിക്കുന്നതും ഫാക്ടറികൾ ഉൽപ്പാദനം നടത്തുന്നതും ആശുപത്രികൾ സജ്ജമാകുന്നതും ഡിജിറ്റൽ ശൃംഖലകൾ ബന്ധിക്കപ്പെട്ടിരിക്കുന്നതും ഇതിലൂടെയാണ്. ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് വിശ്വസനീയവും ചെലവ് കുറഞ്ഞതും എല്ലാവർക്കും ലഭ്യമാകുന്നതുമായ വൈദ്യുതി ഉറപ്പാക്കുക എന്നത് സാങ്കേതികമായ വെല്ലുവിളിയും അതോടൊപ്പം ഭരണപരമായ നേട്ടവുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ ഘടനാപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമായ, ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച, കൂടുതൽ വിശ്വസനീയമായ ഒരു സംവിധാനത്തിലേക്ക് രാജ്യം മാറി. വർഷങ്ങളായുള്ള നിരന്തരമായ നിക്ഷേപം, സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ, നിയന്ത്രണങ്ങളിലെ അച്ചടക്കം, നയങ്ങളിലെ തുടർച്ച എന്നിവയാണ് ഇതിൽ പ്രതിഫലിക്കുന്നത്.

 

ഭാരത് ഇലക്ട്രിസിറ്റി സമ്മിറ്റ് 2026, ഊർജ്ജ-വൈദ്യുതി മേഖലകൾക്കായി സമർപ്പിച്ചിരിക്കുന്ന ആഗോളതലത്തിലെ പ്രമുഖ സമ്മേളനവും പ്രദർശനവും 2026 മാർച്ച് 19 മുതൽ 22 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കും.

 

"വൈദ്യുതീകരണത്തിലൂടെയുള്ള വളർച്ച. സുസ്ഥിരതയ്ക്കുള്ള ശാക്തീകരണം. ആഗോളതലത്തിലുള്ള വിനിമയം" എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ നാല് ദിവസത്തെ ഉച്ചകോടി, ആഗോള ഊർജ്ജ പരിവർത്തനത്തിൽ ഇന്ത്യയുടെ നേതൃപാടവം ഉയർത്തിക്കാട്ടുന്നതോടൊപ്പം ഊർജ്ജ മേഖലയിലെ പ്രധാന വെല്ലുവിളികളും ഉയർന്നുവരുന്ന അവസരങ്ങളും ചർച്ച ചെയ്യും. വിവിധ മേഖലകൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, ലോകമെമ്പാടും സുസ്ഥിര ഊർജ്ജ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

 

ഇന്ത്യയിൽ നിന്നും ലോകമെമ്പാടും നിന്നുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിയന്ത്രണ ഏജൻസികൾ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, നൂതനാശയങ്ങൾ വികസിപ്പിക്കുന്നവർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ഉച്ചകോടിയിൽ ഒത്തുചേരും. 100-ലധികം ഉന്നതതല സമ്മേളനങ്ങൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, പ്രമേയാധിഷ്ഠിത പവലിയനുകൾ, വൈദ്യുതി-ശുദ്ധമായ ഊർജ്ജ മേഖലകളിലെ സാങ്കേതിക വിദ്യകളുടെ പ്രദർശനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നു.

 

100-ലധികം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 500-ലധികം പ്രദർശകർ, 25,000-ത്തിലധികം സന്ദർശകർ, 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 1,000-ത്തിലധികം ഡെലിഗേറ്റുകൾ, 300-ലേറെ പ്രഭാഷകർ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ഉച്ചകോടി അറിവ് പങ്കുവെക്കുന്നതിനും സഹകരണത്തിനും ബിസിനസ്സ് ഇടപാടുകൾക്കും വേണ്ടിയുള്ള ഒരു ഊർജ്ജസ്വലമായ വേദിയായി മാറും.

 

വൈദ്യുതി ഉൽപ്പാദനം, പ്രസരണം, വിതരണം, ഊർജ്ജ സംഭരണം എന്നീ മേഖലകളിലായി 2032-ഓടെ 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വൈദ്യുത മേഖലയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.

വളർച്ച വർദ്ധിപ്പിക്കൽ: ശേഷി വിപുലീകരണവും ദേശീയ ഗ്രിഡ് ശക്തിപ്പെടുത്തലും

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയും ജീവിതനിലവാരം ഉയരുകയും ചെയ്യുന്നതിനനുസരിച്ച് വീടുകൾ, വ്യവസായം, കൃഷി, സേവന മേഖലകൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയധികം വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുക മാത്രമല്ല, വിശാലമായ ഭൂപ്രദേശങ്ങളിലുടനീളം അത് എത്തിക്കാൻ ശേഷിയുള്ള ഒരു സംവിധാനവും ആവശ്യമാണ്. ഈ വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പരമ്പരാഗത സ്രോതസ്സുകളിൽ നിന്നും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുമുള്ള ഉൽപ്പാദന ശേഷി ക്രമാനുഗതമായി വർദ്ധിപ്പിച്ചു.2025–26 സാമ്പത്തിക വർഷത്തിൽ (2026 ജനുവരി 31 വരെ), എല്ലാ സ്രോതസ്സുകളിൽ നിന്നുമായി റെക്കോഡ് അളവായ 52,537 MW ഉൽപ്പാദന ശേഷി കൂട്ടിച്ചേർക്കപ്പെട്ടു. ഇതിൽ 39,657 MW പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ്; ഇതിൽ 34,955 MW സൗരോർജ്ജവും 4,613 MW കാറ്റിൽ നിന്നുള്ള ഊർജ്ജവുമാണ്. ഒരു വർഷത്തിനുള്ളിൽ നടന്ന ഏറ്റവും ഉയർന്ന ശേഷി വർദ്ധനവാണിത്, 2024–25 സാമ്പത്തിക വർഷത്തിൽ കൈവരിച്ച 34,054 MW എന്ന മുൻ റെക്കോർഡിനെ ഇത് മറികടന്നു.

ഈ വർദ്ധനവ് രാജ്യത്തിന്റെ ആകെ സ്ഥാപിത ശേഷിയിൽ 11 ശതമാനത്തിലധികം വർദ്ധനവിന് കാരണമായി. 2026 ജനുവരി വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷി 520.51 GW ആണ്. ഈ സുസ്ഥിരമായ വളർച്ച, വർദ്ധിച്ചുവരുന്ന ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വേഗത നിലനിർത്തുന്നതിനും ഇന്ത്യയെ പ്രാപ്തമാക്കുന്നു.

വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നത് മാത്രം പര്യാപ്തമല്ല. അതോടൊപ്പം തന്നെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ നട്ടെല്ലായ പ്രസരണ , പരിവർത്തന മേഖലകൾ ശക്തിപ്പെടുത്തുന്നതിനും തുല്യ പരിഗണന നൽകിയിട്ടുണ്ട്. ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ഉപഭോഗ കേന്ദ്രങ്ങളിലേക്ക് കാര്യക്ഷമമായി വൈദ്യുതി എത്തിക്കുന്നതിനായി പുതിയ സബ്‌സ്റ്റേഷനുകളും നവീകരിച്ച ട്രാൻസ്‌ഫോർമറുകളും ഉയർന്ന ശേഷിയുള്ള പ്രസരണ ഇടനാഴികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങൾ തടസ്സങ്ങൾ കുറയ്ക്കാനും ഗ്രിഡ് സുസ്ഥിരത മെച്ചപ്പെടുത്താനും വിവിധ ഊർജ്ജ സ്രോതസ്സുകളെ ദേശീയ ഗ്രിഡുമായി സുഗമമായി സംയോജിപ്പിക്കാനും സഹായിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത നാഷണൽ ഗ്രിഡായ ഇന്ത്യയുടെ ദേശീയ പ്രസരണ ശൃംഖല ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പ്രസരണ ലൈനുകളുടെ നീളം 5 ലക്ഷം സർക്യൂട്ട് കിലോമീറ്റർ കവിയുകയും ആകെ ട്രാൻസ്ഫോർമേഷൻ ശേഷി 1,407 ഗിഗാ വോൾട്ട് ആമ്പിയറിൽ (GVA) എത്തുകയും ചെയ്തു. വൈദ്യുതി ഉൽപ്പാദനവും വിതരണ ശൃംഖലകളും ഒരേസമയം ശക്തിപ്പെടുത്തുന്നതിലൂടെ, ഇന്നത്തെ മാത്രമല്ല, ഭാവിയിലെയും വളർച്ചയെ പിന്തുണയ്ക്കാൻ പ്രാപ്തമായ ഒരു ഊർജ്ജ മേഖലയ്ക്ക് ഇന്ത്യ അടിത്തറയിട്ടു കഴിഞ്ഞു.

കമ്മിയിൽ നിന്ന് സന്തുലിതാവസ്ഥയിലേക്ക്: ഇന്ത്യയിലുടനീളം വിശ്വസനീയമായ വൈദ്യുതി എത്തിക്കുന്നു

ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ പരിവർത്തനം രണ്ട് പ്രധാന നേട്ടങ്ങളിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നു: വൈദ്യുതി ക്ഷാമം ഇല്ലാതാക്കിയതും എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിച്ചതും. ദൗർലഭ്യം പരിഹരിക്കുന്ന ഘട്ടത്തിൽ നിന്ന് വിശ്വസനീയമായ സേവനം ഉറപ്പാക്കുന്ന ഘട്ടത്തിലേക്കുള്ള മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.

ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നു

ഒരു പതിറ്റാണ്ട് മുമ്പ്, വൈദ്യുതിക്ഷാമം സാമ്പത്തിക പ്രവർത്തനങ്ങളെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രധാന തടസ്സമായിരുന്നു. പവർകട്ടുകൾ ഉൽപ്പാദന മേഖലയെയും ജലസേചനത്തെയും ആരോഗ്യ സേവനങ്ങളെയും വീടുകളിലെ ദിനചര്യകളെയും തടസ്സപ്പെടുത്തിയിരുന്നു. അതിനാൽ, വർദ്ധിച്ചുവരുന്ന ആവശ്യവും ലഭ്യമായ വിതരണവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുക എന്നതായിരുന്നു പ്രധാന മുൻഗണന.

ഉൽപ്പാദന, പ്രസരണ ശേഷികളിലെ തുടർച്ചയായ വർദ്ധനവ്, മികച്ച ആസൂത്രണം, ശക്തമായ ഗ്രിഡ് മാനേജ്‌മെന്റ് എന്നിവയിലൂടെ ഈ അന്തരം ക്രമാനുഗതമായി കുറഞ്ഞുവന്നു. 2025–26 സാമ്പത്തിക വർഷത്തിൽ, 242.49 ജിഗാവാട്ട് (GW) എന്ന റെക്കോർഡ് വൈദ്യുതി ആവശ്യകത (Peak demand) വിജയകരമായി നിറവേറ്റാൻ ഇന്ത്യക്ക് സാധിച്ചു. 2013–14 സാമ്പത്തിക വർഷത്തിൽ 4.2% ആയിരുന്ന വൈദ്യുതി ക്ഷാമം, 2025 ഡിസംബർ ആയപ്പോഴേക്കും 0.03% ആയി കുത്തനെ കുറഞ്ഞു. ഇത് വൈദ്യുതി വിതരണത്തിലുണ്ടായ വലിയ പുരോഗതിയെയാണ് കാണിക്കുന്നത്.

പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് ഈ പുരോഗതി ഏറ്റവും കൂടുതൽ പ്രകടമായത്. ഗ്രാമീണ, അർദ്ധ-നഗര മേഖലകളിൽ ഇപ്പോൾ കൂടുതൽ സമയവും തടസ്സമില്ലാത്തതുമായ വൈദ്യുതി ലഭിക്കുന്നുണ്ട്. വിശ്വസനീയമായ വൈദ്യുതി ലഭ്യമായതോടെ ഡീസൽ ജനറേറ്ററുകളെയും പരമ്പരാഗത ഇന്ധനങ്ങളെയും ആശ്രയിക്കുന്നത് കുറയുകയും, ഇത് ചെലവ് കുറയ്ക്കാനും പരിസ്ഥിതിക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാനും സഹായിച്ചു.

യാഥാർത്ഥ്യമാകുന്ന സാർവത്രിക ലഭ്യത

മതിയായ ഉൽപ്പാദനം കൊണ്ടുമാത്രം വൈദ്യുതി എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പാക്കാൻ കഴിയില്ല. ശക്തവും കാര്യക്ഷമവുമായ വിതരണ ശൃംഖലയിലൂടെ വൈദ്യുതി വീടുകളിലും കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലും എത്തേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, രാജ്യത്തുടനീളമുള്ള വിതരണ ശൃംഖലയുടെ അവസാന കണ്ണി വരെ ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.

2014 ഡിസംബറിൽ ആരംഭിച്ച ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY), ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്കീം (IPDS) എന്നിവയ്ക്ക് കീഴിൽ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി വൻതോതിൽ നിക്ഷേപം നടത്തി. നിലവിലുള്ള ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെയും വികസിപ്പിക്കുന്നതിലൂടെയും ഗ്രാമങ്ങളിൽ അടിസ്ഥാന വൈദ്യുതി സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് DDUGJY ശ്രദ്ധ കേന്ദ്രീകരിച്ചത്. അതോടൊപ്പം ഫീഡറുകളിലും വിതരണ ട്രാൻസ്‌ഫോർമറുകളിലും മീറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.സബ് ട്രാൻസ്മിഷൻ, വിതരണ ശൃംഖലകൾ നവീകരിച്ചും ഉപഭോക്താക്കൾക്കും ട്രാൻസ്‌ഫോർമറുകൾക്കും മീറ്ററിംഗ് ഏർപ്പെടുത്തിയും നഗരപ്രദേശങ്ങളെയാണ് IPDS ലക്ഷ്യമിട്ടത്. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP), സ്മാർട്ട് മീറ്ററിംഗ്, ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷനുകൾ, റിയൽ ടൈം ഡാറ്റ അക്വിസിഷൻ സിസ്റ്റംസ് തുടങ്ങിയ വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഇതിലൂടെ നടപ്പിലാക്കി.ലോകത്തിലെ തന്നെ ഏറ്റവും വലിയ സാർവത്രിക വൈദ്യുതീകരണ പദ്ധതികളിലൊന്നായി അംഗീകരിക്കപ്പെട്ട പ്രധാൻ മന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന (സൗഭാഗ്യ) ഈ പ്രവർത്തനങ്ങൾക്ക് കരുത്തേകി. രാജ്യത്തെ വൈദ്യുതി ലഭ്യമല്ലാത്ത എല്ലാ വീടുകളിലും കണക്ഷനും അവസാന കണ്ണി വരെയുള്ള വിതരണ സൗകര്യവും എത്തിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഈ സംരംഭങ്ങളിലൂടെ ആകെ ഏകദേശം 1.85 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇതിന്റെ ഫലമായി 18,374 ഗ്രാമങ്ങളിൽ വൈദ്യുതീകരണം പൂർത്തിയാക്കി. 2017 ഒക്ടോബർ മുതൽ 2022 മാർച്ച് വരെയുള്ള 'സൗഭാഗ്യ' പദ്ധതി കാലയളവിൽ ഏകദേശം 2.86 കോടി വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗ്രാമീണ, നഗര മേഖലകളിൽ പ്രതിദിന ശരാശരി വൈദ്യുതി വിതരണത്തിൽ വലിയ പുരോഗതിയുണ്ടായി. ഗ്രാമീണ ഇന്ത്യയിൽ, പ്രതിദിന ശരാശരി വൈദ്യുതി വിതരണം 2014 സാമ്പത്തിക വർഷത്തിലെ 12.5 മണിക്കൂറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 22.6 മണിക്കൂറായി വർദ്ധിച്ചു. ഇത് വിശ്വസനീയമായ സേവനലഭ്യതയിലെ വലിയ നേട്ടമാണ് സൂചിപ്പിക്കുന്നത്. നഗരപ്രദേശങ്ങളിലും ഇതേ കാലയളവിൽ പ്രതിദിന ശരാശരി വിതരണം 22.1 മണിക്കൂറിൽ നിന്ന് 23.4 മണിക്കൂറായി ഉയർന്നു. ഇന്ത്യയിലെ ഒരാളുടെ ശരാശരി വൈദ്യുതി ഉപഭോഗം 2013-14-ലെ 957 കിലോവാട്ട്-അവറിൽ നിന്ന് 2024-25-1,460 കിലോവാട്ട്-അവർ ആയി വർദ്ധിച്ചു. അതായത് ഏകദേശം 52.6% (503 കിലോവാട്ട്-അവർ) വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഡിസ്കോമുകൾ: ഊർജ്ജ മേഖലയുടെ അടിത്തറ ശക്തിപ്പെടുത്തുന്നു

എന്തുകൊണ്ടാണ് വിതരണ ശൃംഖലകൾ പ്രധാനമാകുന്നത്?

ഉൽപ്പാദനവും  പ്രസരണവുമാണ് വൈദ്യുതി സംവിധാനത്തിന്റെ നട്ടെല്ലെങ്കിൽ, ഡിസ്കോമുകൾ  എന്ന് വിളിക്കപ്പെടുന്ന വിതരണ കമ്പനികളാണ് അതിന്റെ പൊതുമുഖം. വൈദ്യുതി ശൃംഖലയ്ക്കും ഉപഭോക്താവിനും ഇടയിലുള്ള കണ്ണിയായാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ വീടുകളിലെയും കണക്ഷനുകൾ, ഓരോ ബില്ലിംഗ് സൈക്കിളും, സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ, വൈദ്യുതി തടസ്സങ്ങൾ എന്നിവയെല്ലാം വിതരണ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്.

ഡിസ്കോമുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ആരോഗ്യം വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരത്തെ മാത്രമല്ല, മൊത്തം ഊർജ്ജ മൂല്യശൃംഖലയുടെ  സാമ്പത്തിക സുസ്ഥിരതയെയും നിർണ്ണയിക്കുന്നു. വിതരണ കമ്പനികൾ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ, ഉൽപ്പാദന-പ്രസരണ കമ്പനികൾക്കുള്ള പേയ്‌മെന്റുകൾ കൃത്യമായി നടക്കുകയും നിക്ഷേപങ്ങൾ സുസ്ഥിരമായി തുടരുകയും സേവന നിലവാരം മെച്ചപ്പെടുകയും ചെയ്യുന്നു. എന്നാൽ അവ പ്രതിസന്ധി നേരിടുമ്പോൾ അതിന്റെ ആഘാതം സിസ്റ്റത്തിലുടനീളം വ്യാപിക്കുന്നു.

വിതരണ ശൃംഖല മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് ചെയ്യുന്നത്?

2021- ഏകദേശം 3.03 ലക്ഷം കോടി രൂപ ആകെ അടങ്കൽ തുകയോടെ പുനർനിർമ്മിച്ച വിതരണ മേഖലാ പദ്ധതി (RDSS) ആരംഭിച്ചു. ഈ പദ്ധതിക്ക് കീഴിൽ 2.8 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വിതരണ കമ്പനികളുടെ പ്രവർത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും, ഉപഭോക്താക്കൾക്ക് വിശ്വസനീയവും ഗുണമേന്മയുള്ളതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.

ഈ പദ്ധതിയുടെ ഒരു പ്രധാന ഭാഗം ഉപഭോക്താക്കൾക്കും വിതരണ ട്രാൻസ്‌ഫോർമറുകൾക്കും ഫീഡറുകൾക്കും വേണ്ടി സ്മാർട്ട് മീറ്ററിംഗ് നടപ്പിലാക്കുക എന്നതാണ്. സ്മാർട്ട് മീറ്ററുകൾ വഴി മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതി ഉപയോഗം തത്സമയം  മനസ്സിലാക്കാൻ സാധിക്കും.ഈ ആപ്പുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനും, ബജറ്റ് ക്രമീകരിക്കാനും, എളുപ്പത്തിൽ റീചാർജ് ചെയ്യാനും, ബാലൻസ് കുറവാകുമ്പോൾ അലേർട്ടുകൾ ലഭിക്കാനും സാധിക്കുന്നു. കൂടാതെ, പഴയ ഉപയോഗ വിവരങ്ങൾ വിശകലനം ചെയ്ത് വൈദ്യുതി ഉപഭോഗം ലാഭകരമായ രീതിയിൽ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. 2026 ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് RDSSന് കീഴിൽ 4.05 കോടി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് പുറമെ, സംസ്ഥാനങ്ങൾ സ്വന്തം പദ്ധതികളിലൂടെയും മറ്റ് സ്കീമുകളിലൂടെയും സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലായി രാജ്യത്തുടനീളം ആകെ 5.62 കോടി സ്മാർട്ട് മീറ്ററുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.

മേഖലയിലുടനീളം സാമ്പത്തിക അച്ചടക്കം പുനഃസ്ഥാപിക്കുന്നു

RDSS-ന് സമാന്തരമായി, സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി അധിക നടപടികളും അവതരിപ്പിച്ചിട്ടുണ്ട്:

  • ദേശീയ വൈദ്യുതി പദ്ധതി (2023–2032)

കേന്ദ്ര-സംസ്ഥാന പ്രസരണ ശൃംഖലകൾക്കായുള്ള ദേശീയ വൈദ്യുതി പദ്ധതി (2023–2032), 2032-ഓടെ പ്രതീക്ഷിക്കുന്ന 458 ജിഗാവാട്ട് (GW) എന്ന ഉയർന്ന വൈദ്യുതാവശ്യം  നേരിടുന്നതിനായി അന്തിമമാക്കി. ഏകദേശം 9.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കായി കണക്കാക്കുന്നത്. മുൻ പദ്ധതി കാലയളവിൽ (2017–2022), ഓരോ വർഷവും ശരാശരി 17,700 സർക്യൂട്ട് കിലോമീറ്റർ (ckm) പ്രസരണ ലൈനുകളും 73 GVA ട്രാൻസ്‌ഫോർമേഷൻ ശേഷിയും കൂട്ടിച്ചേർക്കപ്പെട്ടിരുന്നു.പുതിയ പദ്ധതി പ്രകാരം, പ്രസരണ ശൃംഖല 2026 ജനുവരിയിലെ 5 ലക്ഷം ckm-ൽ നിന്ന് 2032-ഓടെ 6.48 ലക്ഷം ckm ആയി വികസിക്കും. ഇതേ കാലയളവിൽ, ട്രാൻസ്‌ഫോർമേഷൻ ശേഷി 1,407 GVA-യിൽ നിന്ന് 2,345 GVA ആയും, അന്തർ-മേഖലാ കൈമാറ്റ ശേഷി 120 GW-ൽ നിന്ന് 168 GW ആയും വർദ്ധിക്കും. 220 കിലോവോൾട്ടും അതിനുമുകളിലുമുള്ള പ്രസരണ സംവിധാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പദ്ധതി, വർദ്ധിച്ചുവരുന്ന വൈദ്യുതാവശ്യം നിറവേറ്റുന്നതിനും, പുനരുപയോഗ ഊർജ്ജത്തിന്റെ വൻതോതിലുള്ള സംയോജനത്തിനും, ഗ്രീൻ ഹൈഡ്രജൻ പോലുള്ള പുതിയ ആവശ്യങ്ങൾ ദേശീയ ഗ്രിഡിൽ ഉൾക്കൊള്ളുന്നതിനുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈദ്യുതി പ്രസരണത്തിലും വിതരണത്തിലും വോൾട്ടേജ് കൂട്ടുന്നതിനോ  കുറയ്ക്കുന്നതിനോ  ഉപയോഗിക്കുന്ന ഒരു നിശ്ചല ഉപകരണമാണ് ട്രാൻസ്‌ഫോർമർ. പ്രൈമറി സബ്‌സ്റ്റേഷനുകളിൽ നിന്ന് ഉയർന്ന വോൾട്ടേജിൽ ലഭിക്കുന്ന വൈദ്യുതി, വിതരണ കമ്പനികളുടെ സബ്‌സ്റ്റേഷനുകളിൽ വെച്ച് കുറഞ്ഞ വോൾട്ടേജിലേക്ക് മാറ്റുന്നു. വൈദ്യുതിയെ വിവിധ വോൾട്ടേജ് തലങ്ങളിലേക്ക് മാറ്റി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി സബ്‌സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറുകളുടെ ആകെ ശേഷിയെ സൂചിപ്പിക്കുന്നതാണ് ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റി എന്നത്. ഇത് വോൾട്ട്-ആമ്പിയർ (VA), മെഗാ വോൾട്ട്-ആമ്പിയർ (MVA), അല്ലെങ്കിൽ ഗിഗാ വോൾട്ട്-ആമ്പിയർ (GVA) എന്നിവയിലാണ് അളക്കുന്നത്.

  • വൈദ്യുതി (ഭേദഗതി) ബിൽ, 2026

വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയുടെ ഊർജ്ജ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് 'വൈദ്യുതി (ഭേദഗതി) ബിൽ, 2026'. ക്രോസ്-സബ്‌സിഡികൾ യുക്തിസഹമാക്കുക, യഥാർത്ഥ ചെലവിനെ അടിസ്ഥാനമാക്കിയുള്ള താരിഫ് പ്രോത്സാഹിപ്പിക്കുക, വ്യവസായ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി വാങ്ങാൻ അനുമതി നൽകുക എന്നിവയിലൂടെ നിലവിലുള്ള വിപണി ഘടന പരിഷ്കരിക്കാൻ ഈ ബിൽ ലക്ഷ്യമിടുന്നു.കർഷകർക്കും മറ്റ് അർഹരായ ഉപഭോക്താക്കൾക്കുമുള്ള സബ്‌സിഡി നിരക്കുകൾ തുടർന്നും സംരക്ഷിക്കുന്നതോടൊപ്പം തന്നെ, വൈദ്യുതി കൂടുതൽ താങ്ങാനാവുന്നതും വിശ്വസനീയവുമാക്കുന്നതിലൂടെ ഇന്ത്യൻ നിർമ്മാണ മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിപണിയിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കാൻ സാധിക്കുന്ന ഒരു ഊർജ്ജ മേഖലയെ വാർത്തെടുക്കാനും ഇത് സഹായിക്കുന്നു.

  • ലേറ്റ് പേയ്‌മെന്റ് സർചാർജ് (LPS) ചട്ടങ്ങൾ, 2022

വിതരണ കമ്പനികളും (DISCOMs) വൈദ്യുതി ഉൽപ്പാദന കമ്പനികളും തമ്മിലുള്ള പണമിടപാടുകൾ ലളിതമാക്കുന്നതിനായി 'ലേറ്റ് പേയ്‌മെന്റ് സർചാർജ് (LPS) ചട്ടങ്ങൾ' അവതരിപ്പിച്ചു. കൃത്യമായ തിരിച്ചടവ് ഷെഡ്യൂളുകൾ രൂപീകരിച്ചും കുടിശ്ശിക വരുത്തുന്നതിനെ നിരുത്സാഹപ്പെടുത്തിയും ഈ ചട്ടങ്ങൾ നടപ്പിലാക്കിയതോടെ, 2022 ജൂണിൽ 1.4 ലക്ഷം കോടി രൂപയായിരുന്ന കുടിശ്ശിക 2026 ഫെബ്രുവരി ആയപ്പോഴേക്കും 4,109 കോടി രൂപയായി ഗണ്യമായി കുറഞ്ഞു. ഈ വലിയ കുറവ് ഊർജ്ജ മേഖലയിലുടനീളം പണലഭ്യത വർദ്ധിപ്പിക്കുകയും ഉൽപ്പാദകർ, വായ്പ നൽകുന്നവർ, നിക്ഷേപകർ എന്നിവർക്കിടയിൽ വിശ്വാസം വീണ്ടെടുക്കുകയും ചെയ്തു.

  • ഇന്ധന, വൈദ്യുതി വാങ്ങൽ ചെലവുകൾ പ്രതിമാസം സ്വയമേവ ക്രമീകരിക്കുന്ന സംവിധാനം

സാമ്പത്തിക അസമത്വങ്ങൾ ആവർത്തിക്കുന്നത് തടയാനായി, ഇന്ധനത്തിന്റെയും വൈദ്യുതി വാങ്ങുന്നതിന്റെയും ചെലവുകൾ പ്രതിമാസം സ്വയമേവ ക്രമീകരിക്കുന്ന സംവിധാനം  നടപ്പിലാക്കി. റെഗുലേറ്ററി മേൽനോട്ടത്തിന് വിധേയമായി, വൈദ്യുതി വാങ്ങുന്നതിനും വിതരണ ശൃംഖല നിലനിർത്തുന്നതിനും ആകുന്ന യഥാർത്ഥ ചെലവുകൾ കൃത്യസമയത്ത് തന്നെ താരിഫുകളിൽ പ്രതിഫലിപ്പിക്കാൻ ഈ വ്യവസ്ഥകൾ അനുവദിക്കുന്നു. ചെലവുകൾക്ക് അനുസൃതമായി വരുമാനം ക്രമീകരിക്കുന്നതിലൂടെ, വിതരണ കമ്പനികൾക്ക് പുതിയ നഷ്ടങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കുന്നു.ഘടനാപരമായ പരിഷ്കാരങ്ങൾക്കൊപ്പം തന്നെ, ഊർജ്ജ മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാനും നിരവധി നയപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി (പ്രൊമോട്ടിംഗ് റിന്യൂവബിൾ എനർജി ത്രൂ ഗ്രീൻ എനർജി ഓപ്പൺ ആക്‌സസ്) ചട്ടങ്ങൾ പ്രകാരം 100 kW-ന് മുകളിൽ ലോഡ് ഉള്ള ഉപഭോക്താക്കൾക്ക് നിശ്ചിത സമയത്തിനകം അനുമതിയും മിതമായ നിരക്കും ഉറപ്പാക്കിക്കൊണ്ട് 'ഗ്രീൻ ഓപ്പൺ ആക്‌സസ്' ലഭ്യമാക്കുന്നു.പുനരുപയോഗ ഊർജ്ജം ഗ്രിഡുമായി കൂടുതൽ സംയോജിപ്പിക്കുന്നതിനായി പുനരുപയോഗ ഊർജ്ജ ഉപഭോഗ ബാധ്യതകൾ, അന്തർസംസ്ഥാന പ്രസരണ ചാർജുകൾ ഒഴിവാക്കൽ, ഊർജ്ജ സംഭരണ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങൾ തുടങ്ങിയ അധിക ചട്ടക്കൂടുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ധന-വൈദ്യുതി വാങ്ങൽ ക്രമീകരണ സർചാർജ് പ്രതിമാസം സ്വയമേവ ഈടാക്കാൻ അനുവദിക്കുന്നത് വഴി വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കൃത്യസമയത്ത് വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നു.

മാറ്റത്തിന്റെ ലക്ഷണങ്ങൾ: അളക്കാവുന്ന പുരോഗതികൾ

ഈ പരിഷ്കാരങ്ങളുടെ ആഘാതം ഇപ്പോൾ അളക്കാവുന്ന സാമ്പത്തിക-പ്രവർത്തന നേട്ടങ്ങളിൽ പ്രകടമാണ്.

  • ചരിത്രപരമായ നേട്ടം: ഇന്ത്യയിലെ വൈദ്യുതി വിതരണ കമ്പനികൾ 2025 സാമ്പത്തിക വർഷത്തിൽ 2,701 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2014 സാമ്പത്തിക വർഷത്തിലുണ്ടായിരുന്ന 67,962 കോടി രൂപയുടെ നഷ്ടത്തിൽ നിന്നാണ് ഈ വലിയ മാറ്റം ഉണ്ടായത്.
  • എ.ടി ആന്റ് സി (AT&C) നഷ്ടം: സാങ്കേതിക തകരാറുകൾ മൂലവും വാണിജ്യപരമായ ചോർച്ചകൾ മൂലവും ഉണ്ടാകുന്ന ഊർജ്ജ നഷ്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ നഷ്ടം 2014 സാമ്പത്തിക വർഷത്തിലെ 22.62 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 15.04 ശതമാനമായി കുറഞ്ഞു.
  • ACS - ARR അന്തരം: വൈദ്യുതി വിതരണത്തിന് ആകുന്ന ശരാശരി ചെലവും അതിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനവും തമ്മിലുള്ള അന്തരമാണിത്. വിതരണ കമ്പനികൾ തങ്ങളുടെ ചെലവ് തിരിച്ചുപിടിക്കുന്നുണ്ടോ എന്നതിന്റെ പ്രധാന സൂചകമാണിത്. ഈ അന്തരം ഒരു യൂണിറ്റിന് 0.78 രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 0.06 രൂപയായി കുത്തനെ കുറഞ്ഞു.

മെച്ചപ്പെട്ട ചെലവ് വീണ്ടെടുക്കൽ, ബില്ലിംഗ് കാര്യക്ഷമത, മികച്ച പ്രവർത്തന മാനേജ്‌മെന്റ് എന്നിവയാണ് ഈ പുരോഗതികളിൽ പ്രതിഫലിക്കുന്നത്. അതിലുപരിയായി നിരന്തരമായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് സുസ്ഥിരമായ ഒരു പാതയിലേക്കുള്ള ഘടനാപരമായ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നു

രാജ്യത്തെ പുനരുപയോഗ ഊർജ്ജ വിപുലീകരണം, നയങ്ങളിൽ അധിഷ്ഠിതമായ ഒരു പരിവർത്തനമായി മാറിയിരിക്കുകയാണ്. ഇതിൽ വൻതോതിലുള്ള ഉൽപ്പാദനം, വേഗത, നിർമ്മാണ മേഖലയിലെ വളർച്ച, ആഗോളതലത്തിലുള്ള ഇടപെടലുകൾ എന്നിവ പ്രകടമാണ്. ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (IRENA) 2025-ലെ പുനരുപയോഗ ഊർജ്ജ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആകെ സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയിൽ ഇന്ത്യ ലോകതലത്തിൽ നാലാം സ്ഥാനത്താണ്.

ഈ വിപുലീകരണത്തിൽ സൗരോർജ്ജമാണ് മുൻപന്തിയിലുള്ളത്. സ്ഥാപിത സൗരോർജ്ജ ശേഷി 2014-ലെ 3 ജിഗാവാട്ടിൽ നിന്ന് 2026 ജനുവരി ആയപ്പോഴേക്കും 140 ജിഗാവാട്ടായി കുത്തനെ വർദ്ധിച്ചു. കാറ്റിൽ നിന്നുള്ള ഊർജ്ജവും ഇതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്; കാറ്റിൽ നിന്നുള്ള ആകെ സ്ഥാപിത ഊർജ്ജ ശേഷി 54.65 ജിഗാവാട്ടിൽ എത്തിനിൽക്കുന്നു.

2025 ജൂലൈ 29-ന് ഇന്ത്യ ഒരു ചരിത്രപ്രധാനമായ നാഴികക്കല്ല് പിന്നിട്ടു; അന്ന് രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിൽ പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അന്നേദിവസം രാജ്യത്തെ ആകെ വൈദ്യുതി ആവശ്യകതയായ 203 ജിഗാവാട്ടിന്റെ 51.5 ശതമാനവും ലഭ്യമാക്കിയത് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നായിരുന്നു. ഇന്ത്യയുടെ പ്രതിദിന വൈദ്യുതി ആവശ്യത്തിന്റെ പകുതിയിലധികം ആദ്യമായി പുനരുപയോഗ സ്രോതസ്സുകളിലൂടെ നിറവേറ്റപ്പെട്ടു എന്നത് രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിന്റെ വലിയ അടയാളമാണ്.

അന്നേദിവസത്തെ ഊർജ്ജ ഉൽപ്പാദനത്തിന്റെ കണക്കുകൾ താഴെ പറയുന്നവയായിരുന്നു:

  • സൗരോർജ്ജം: 44.50 ജിഗാവാട്ട്
  • കാറ്റാടി ഊർജ്ജം: 29.89 ജിഗാവാട്ട്
  • ജലവൈദ്യുതി: 30.29 ജിഗാവാട്ട്

ഈ നേട്ടം ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചത് മാത്രമല്ല, പുനരുപയോഗ ഊർജ്ജത്തെ ദേശീയ ഗ്രിഡുമായി വിജയകരമായി സംയോജിപ്പിച്ചു എന്നതിനെയും കാണിക്കുന്നു. ഇത് സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ ഒരു ഊർജ്ജ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പാതയെ ഉറപ്പിക്കുന്നു. 2024 ഫെബ്രുവരിയിൽ ആരംഭിച്ച പി.എം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന, 2026–27 സാമ്പത്തിക വർഷത്തോടെ 1 കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി 75,021 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്, ഈ പദ്ധതിക്ക് കീഴിൽ 31.04 ലക്ഷം കുടുംബങ്ങൾ ഇതിനകം പുരപ്പുറ സൗരോർജ്ജ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.

പുനരുപയോഗ ഊർജ്ജത്തിന്റെ ദ്രുതഗതിയിലുള്ള വിപുലീകരണത്തെയും വർദ്ധിച്ചുവരുന്ന വൈദ്യുതാവശ്യത്തെയും പിന്തുണയ്ക്കുന്നതിനായി, രാജ്യത്തെ ഏറ്റവും വലിയ പ്രസരണ കമ്പനിയായ പവർഗ്രിഡിന് (POWERGRID) നിക്ഷേപം നടത്തുന്നതിനുള്ള അധികാരം സർക്കാർ വർദ്ധിപ്പിച്ചു. പരിഷ്കരിച്ച അനുമതി പ്രകാരം, ഒരു സബ്സിഡിയറിയിൽ  നടത്താവുന്ന ഇക്വിറ്റി നിക്ഷേപ പരിധി 5,000 കോടി രൂപയിൽ നിന്ന് 7,500 കോടി രൂപയായി ഉയർത്തി. അതേസമയം, കമ്പനിയുടെ ആകെ മൂല്യവുമായി ബന്ധിപ്പിച്ചിട്ടുള്ള മൊത്തത്തിലുള്ള പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.

ഈ സാമ്പത്തിക സ്വാതന്ത്ര്യം പവർഗ്രിഡിനെ അൾട്രാ ഹൈ വോൾട്ടേജ് ആൾട്ടർനേറ്റിംഗ് കറന്റ് (UHVAC), ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് (HVDC) സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള വലിയ മൂലധനം ആവശ്യമായ പ്രസരണ പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കും. പ്രസരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലൂടെയും പ്രധാന പദ്ധതികൾക്കായുള്ള മത്സര ലേലങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും, പുനരുപയോഗ ഊർജ്ജം കാര്യക്ഷമമായി വിതരണം ചെയ്യാനും ദേശീയ ഗ്രിഡിൽ ഫോസിൽ ഇതര ഇന്ധനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനുമുള്ള വലിയ ലക്ഷ്യത്തിലേക്ക് ഇത് സംഭാവന നൽകുന്നു.

ഉപസംഹാരം: നിശബ്ദവും സുസ്ഥിരവുമായ വളർച്ചയ്ക്ക് കരുത്തേകുന്നു

ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ ഇന്നത്തെ മുന്നേറ്റം ഏതെങ്കിലും ഒരു ഒറ്റപ്പെട്ട പദ്ധതിയുടെ ഫലമല്ല, മറിച്ച് വർഷങ്ങളായി നടപ്പിലാക്കിവരുന്ന പരിഷ്കാരങ്ങളുടെ സഞ്ചിത ഫലമാണ്. വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും ഏകദേശം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും വിവിധ പ്രദേശങ്ങളിൽ വിതരണത്തിന്റെ വിശ്വസനീയത മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. അതേസമയം, വിതരണ ശൃംഖലയിൽ ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ അടിസ്ഥാന സൗകര്യനിക്ഷേപം, കർശനമായ നിയന്ത്രണങ്ങൾ, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവയിലൂടെ പരിഹരിക്കപ്പെട്ടു വരുന്നു.

ഏറ്റവും പ്രധാനമായി ഉപഭോക്താക്കൾ കൂടുതൽ സജീവമായ പങ്ക് വഹിക്കുന്ന ഒരു ഭാവിയിലേക്കാണ് ഈ മേഖല ഒരുങ്ങുന്നത്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ടായ ശൃംഖലകൾ, പുതിയ വിപണി ക്രമീകരണങ്ങൾ എന്നിവ വൈദ്യുതിയുടെ ഉൽപ്പാദനവും ഉപഭോഗവും മൂല്യവും പുനർനിർവചിക്കുകയാണ്. ഈ മാറ്റങ്ങൾ വേരുറപ്പിക്കുന്നതോടെ, രാജ്യത്തിന്റെ വളർച്ചയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും അവസരങ്ങളുടെയും നിശബ്ദവും എന്നാൽ അത്യന്താപേക്ഷിതവുമായ ചാലകശക്തിയായി വൈദ്യുതി നിലനിൽക്കുന്നു.

അവലംബം

 

 

Ministry of Power

https://powermin.gov.in/en/content/overview-5

https://www.nsgm.gov.in/en

https://www.pib.gov.in/PressReleasePage.aspx?PRID=2228348&reg=3&lang=2

 

https://www.pib.gov.in/PressReleseDetailm.aspx?PRID=2217216&reg=20&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2215187&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2222217&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2183866&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2215078&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc2025610568001.pdf

https://static.pib.gov.in/WriteReadData/specificdocs/documents/2022/may/doc202253060201.pdf

https://www.pib.gov.in/PressReleaseIframePage.aspx?PRID=1811898&reg=3&lang=2

https://powermin.gov.in/en/content/saubhagya

https://www.pib.gov.in/PressReleasePage.aspx?PRID=2157549&reg=3&lang=2#:~:text=Posted%20On:%2018%20AUG%202025,upon%20survey%20conducted%20by%20Utilities

https://www.pib.gov.in/PressReleasePage.aspx?PRID=2204122&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2236994&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2241656&reg=3&lang=1

 

Ministry of New and Renewable Energy

https://www.pib.gov.in/PressReleasePage.aspx?PRID=2209478&reg=3&lang=1

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/eschapter/echap09.pdf

Cabinet Committee on Economic Affairs

https://www.pib.gov.in/PressReleasePage.aspx?PRID=2232104&reg=3&lang=2

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=2233832&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2192895&reg=3&lang=2

Click here to see pdf

 

***

SK

(Explainer ID: 158537) आगंतुक पटल : 65
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada