Economy
കേന്ദ്ര ബജറ്റ് 2026-27: ഇന്ത്യയുടെ സേവന കയറ്റുമതിക്ക് പുത്തൻ ഉണർവ്
ഇന്ത്യയുടെ കരുത്തുറ്റ സേവന കയറ്റുമതി പ്രകടനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു
Posted On:
14 MAR 2026 9:27AM
|
പ്രധാന വസ്തുതകൾ
- 2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ സേവന കയറ്റുമതി 348.4 ബില്യൺ ഡോളർ രേഖപ്പെടുത്തി.
- ജിഡിപി വിഹിതം: 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) സേവന കയറ്റുമതി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 10% ആയി ഉയർന്നു.
- സോഫ്റ്റ്വെയർ സേവനങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്. അതോടൊപ്പം ബിസിനസ്, കൺസൾട്ടിംഗ് സേവനങ്ങളും പ്രധാന വളർച്ചാ ഘടകങ്ങളായി ഉയർന്നുവന്നിട്ടുണ്ട്.
- 2026-27ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ആഗോള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി അവധി പ്രഖ്യാപിച്ചു. ഐടി സേവനങ്ങൾക്കായി സേഫ് ഹാർബർ പരിഷ്കാരങ്ങളും അഡ്വാൻസ്ഡ് പ്രൈസിംഗ് എഗ്രിമെന്റുകളിലെ (APA) മാറ്റങ്ങളും കൊണ്ടുവന്നു.
- ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (GCC) വിപുലീകരണം,നിർമ്മിത ബുദ്ധി(AI) ശേഷി വർദ്ധിപ്പിക്കൽ, ആഗോള വിപണികളിലേക്കുള്ള മികച്ച പ്രവേശനം എന്നിവ ഇന്ത്യയുടെ സേവന കയറ്റുമതിയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു.
|
ആമുഖം
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ മേഖലകളിലൊന്നായി സേവന മേഖല മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, ഉൽപ്പാദനക്ഷമത, ആഗോള വിപണിയുമായുള്ള സംയോജനം എന്നിവയിൽ ഈ മേഖല നിർണ്ണായക പങ്ക് വഹിക്കുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2024-ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) സേവന മേഖലയുടെ വിഹിതം 49.9% ആയി ഉയർന്നു. ഇത് കോവിഡിന് മുൻപുള്ള ശരാശരിയേക്കാൾ ഏകദേശം 1.5 ശതമാനം കൂടുതലാണ്. ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളിലെയും ആഗോള ശരാശരിയേക്കാളും ഉയർന്ന വളർച്ചയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള സ്വീകാര്യതയും, ഇന്ത്യൻ കമ്പനികൾ ആഗോള മൂല്യ ശൃംഖലയുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെട്ടതും ഈ മുന്നേറ്റത്തിന് കരുത്തേകി.
ഐടി സേവനങ്ങൾക്കായുള്ള പ്രത്യേക നികുതി പരിഷ്കാരങ്ങൾ, ക്ലൗഡ് - ഡാറ്റാ സെന്ററുകൾക്കുള്ള ആനുകൂല്യങ്ങൾ, ലളിതമാക്കിയ പാലന സംവിധാനങ്ങൾ , സേവന വ്യാപാരത്തിൽ ഇന്ത്യയുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വ്യാപാര സുഗമമാക്കൽ നടപടികൾ എന്നിവയിലൂടെ കേന്ദ്ര ബജറ്റ് 2026-27 ഈ മുന്നേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. 2047-ഓടെ ആഗോള സേവന വിപണിയിൽ 10% വിഹിതം കൈവരിച്ചുകൊണ്ട് ഇന്ത്യയെ ഈ മേഖലയിലെ ലോക നേതാവാക്കി മാറ്റാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 'വികസിത ഭാരതം' പദ്ധതിയുടെ ഭാഗമായി ‘എഡ്യൂക്കേഷൻ-ടു-എംപവർമെന്റ് ആൻഡ് എന്റർപ്രൈസ് എന്ന പേരിൽ ഒരു ഉന്നതതല സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കാനും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ സാധ്യതകളുള്ള സേവന ഉപമേഖലകളെ തിരിച്ചറിയുന്നതിലായിരിക്കും ഈ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ മേഖലകൾക്കിടയിലുള്ള നയപരവും നിയന്ത്രണപരവുമായ പ്രശ്നങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, അക്രഡിറ്റേഷൻ ചട്ടക്കൂടുകൾ എന്നിവ പരിഹരിക്കുന്നതിനൊപ്പം ഇന്ത്യയുടെ സേവന കയറ്റുമതി കൂടുതൽ വ്യാപിപ്പിക്കാനുള്ള വഴികളും കമ്മിറ്റി ആരായുന്നതാണ്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) പുതിയ സാങ്കേതികവിദ്യകളും തൊഴിലുകളിലും നൈപുണ്യങ്ങളിലും ഉണ്ടാക്കുന്ന സ്വാധീനം കമ്മിറ്റി വിലയിരുത്തും. വിദ്യാഭ്യാസത്തിൽ AI സംയോജിപ്പിക്കുക, തൊഴിലാളികളുടെ നൈപുണ്യ വികസനം, AI അധിഷ്ഠിത തൊഴിൽ കണ്ടെത്തൽ, അനൗദ്യോഗിക മേഖലയിലെ ജോലികൾ ഔദ്യോഗികമാക്കുക, ആഗോള പ്രതിഭകളെയും പ്രവാസികളായ വിദഗ്ധരെയും ആകർഷിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി പ്രത്യേക നടപടികളും കമ്മിറ്റി നിർദ്ദേശിക്കും.
സേവന മേഖല വികസിക്കുന്നതിനനുസരിച്ച് ഇന്ത്യയുടെ വിദേശ വ്യാപാര പ്രകടനത്തിൽ സേവന വ്യാപാരം ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കിടയിലും മൊത്തത്തിലുള്ള വ്യാപാര വളർച്ചയെ പിന്തുണയ്ക്കുന്നതിൽ വർദ്ധിച്ചുവരുന്ന ഈ കയറ്റുമതി വലിയ പങ്കുവഹിക്കുന്നു.
ഇന്ത്യയുടെ സേവന കയറ്റുമതി പ്രകടനവും വളർച്ചാ ഘടകങ്ങളും
വളർച്ചയും സമീപകാല പ്രകടനവും
ഇന്ത്യൻ സേവനങ്ങൾക്കായുള്ള ആഗോള ആവശ്യം നിലനിൽക്കുന്നതിനാൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 2025-26 വർഷത്തെ ഏപ്രിൽ-ജനുവരി കാലയളവിൽ സേവന കയറ്റുമതി 348.4 ബില്യൺ ഡോളർ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

|
സാമ്പത്തിക വളർച്ചയിൽ സേവന മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്ക്
ഭൗമരാഷ്ട്രീയ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയിൽ സേവന കയറ്റുമതി ഒരു സുപ്രധാന പ്രതിരോധ കവചമായി ഉയർന്നു വന്നിട്ടുണ്ട്. ഇത് പുറമെ നിന്നുള്ള വെല്ലുവിളികളെ ലഘൂകരിക്കാനും വ്യാപാര സ്ഥിരത നിലനിർത്താനും സഹായിക്കുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളിൽ സേവന കയറ്റുമതിയുടെ വർദ്ധിച്ചുവരുന്ന പങ്ക് ഇതിൽ നിന്ന് വ്യക്തമാണ്.
ജിഡിപിയിലെ വർദ്ധിച്ചുവരുന്ന വിഹിതം: 2023 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ സേവന കയറ്റുമതിയുടെ ജിഡിപി വിഹിതം ശരാശരി 9.7% ആയിരുന്നു. കോവിഡിന് മുൻപുള്ള കാലയളവിലെ 7.4 ശതമാനത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഈ വർദ്ധനവ്, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിൽ സേവന മേഖലയ്ക്കുള്ള വർദ്ധിച്ചുവരുന്ന പങ്കിനെ അടിവരയിടുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ വിഹിതം 10% ആയി ഉയർന്നത്, ഇന്ത്യയുടെ സേവന അധിഷ്ഠിത വളർച്ചാ പാതയുടെ തുടർച്ചയായ വികാസത്തെയും കരുത്തിനെയും വ്യക്തമാക്കുന്നു.
തൊഴിൽ വിപണിയിലെ സ്ഥിരത: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ ഒരു പ്രധാന സ്രോതസ്സായി സേവന മേഖല മാറിയിട്ടുണ്ട്. രാജ്യത്തെ ആകെ തൊഴിലിന്റെ ഏകദേശം 30% ഈ മേഖലയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള വീണ്ടെടുക്കൽ കാലയളവിൽ ഈ മേഖല ഏകദേശം 4 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തു. തൊഴിൽ വിപണിയിലെ പ്രതിസന്ധികളെ പ്രതിരോധിക്കുന്ന ഒരു പ്രധാന ഘടകമായി ഈ മേഖല പ്രവർത്തിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
|
സേവന കയറ്റുമതിയിലെ വിവിധ മേഖലകളുടെ പങ്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത സേവനങ്ങളെ (ITES) കുറിച്ചുള്ള സർവേ പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്വെയർ സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 7.3% വർദ്ധിച്ചു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ സേവന കയറ്റുമതിയിലെ കരുത്തുറ്റ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഈ കാലയളവിൽ ഇന്ത്യയുടെ ആകെ സോഫ്റ്റ്വെയർ സേവന കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികവും കമ്പ്യൂട്ടർ സേവനങ്ങളായിരുന്നു . അതേസമയം ഐടി അധിഷ്ഠിത സേവനങ്ങളിൽ (ITES) ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ബിപിഒ (BPO) സേവനങ്ങൾ തുടർന്നു.
സോഫ്റ്റ്വെയർ, ബിപിഎം(BPM), കൺസൾട്ടിംഗ്, ഫിൻടെക് മേഖലകളുടെ തുടർച്ചയായ വളർച്ചയുടെ പിൻബലത്തിൽ ഇന്ത്യയുടെ സേവന മേഖല കൈവരിച്ച കരുത്തുറ്റ മുന്നേറ്റമാണ് ഈ മികച്ച പ്രകടനം പ്രതിഫലിപ്പിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ശക്തമായ ആഗോള ഡിമാൻഡ് കാരണം, സോഫ്റ്റ്വെയർ സേവനങ്ങൾ ഇപ്പോഴും ഈ മേഖലയിലെ ഏറ്റവും വലിയ ഘടകമായി തുടരുന്നു. മൊത്തം സേവന കയറ്റുമതിയുടെ 40 ശതമാനത്തിലധികം സോഫ്റ്റ്വെയർ സേവനങ്ങളാണ്. 2016-20 സാമ്പത്തിക വർഷങ്ങളിൽ 4.7% ആയിരുന്ന ഇതിന്റെ ശരാശരി വളർച്ചാ നിരക്ക് 2023-25 കാലയളവിൽ 13.5% ആയി ഉയർന്നു. ഇതിനോടൊപ്പം തന്നെ, ബിസിനസ് സേവന കയറ്റുമതിയും സമീപ വർഷങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 2023-25 സാമ്പത്തിക വർഷങ്ങളിൽ പ്രൊഫഷണൽ ആൻഡ് മാനേജ്മെന്റ് കൺസൾട്ടിംഗ് മേഖല 25.9% വളർച്ചയോടെ രണ്ടാമത്തെ വലിയ വിഹിതമായി ഉയർന്നുവന്നു. ഇതിലൂടെ, 2016-20 കാലയളവിൽ 10.5% ആയിരുന്ന ഇതിന്റെ വിഹിതം 2023-25-ൽ 18.3% ആയി വർദ്ധിച്ചു.

ഈ മേഖലകൾ എല്ലാം ചേർന്ന് സേവന കയറ്റുമതിയുടെ 65 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു. അതിർത്തി കടന്നുള്ള സേവനങ്ങളിലും അറിവ് അധിഷ്ഠിത പ്രവർത്തനങ്ങളിലും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വൈദഗ്ധ്യത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.
സേവന മേഖലയ്ക്കുള്ള ബജറ്റിലെ ഊന്നൽ: സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ഉത്തേജനം
സോഫ്റ്റ്വെയർ വികസനം, ഐടി അധിഷ്ഠിത സേവനങ്ങൾ, നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ് (KPO), സോഫ്റ്റ്വെയർ അനുബന്ധ കരാർ ഗവേഷണ-വികസന സേവനങ്ങൾ എന്നിവയിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഇന്ന് മാറിയിരിക്കുകയാണ്. ഈ കരുത്തുറ്റ ആഗോള നിലവാരം തിരിച്ചറിഞ്ഞുകൊണ്ട്, ഐടി, ഐടി അധിഷ്ഠിത സേവന മേഖലകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങൾ 2026-27 കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഡാറ്റാ സെന്റർ ആനുകൂല്യങ്ങളിലൂടെ ക്ലൗഡ് സേവന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നു
കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് ഇന്ത്യയിലെ ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആഗോള ക്ലൗഡ് സേവന ദാതാക്കളെ ആകർഷിക്കുന്നതിനായി അവതരിപ്പിച്ച ആനുകൂല്യങ്ങളാണ്. നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെയും ഡാറ്റാ സെന്ററുകളിൽ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് വിദേശ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവുകൾ ബജറ്റ് നിർദ്ദേശിക്കുന്നു. കൂടാതെ, ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന അനുബന്ധ സ്ഥാപനങ്ങൾക്ക് ചെലവിൻ്റെ 15% സേഫ് ഹാർബർ മാർജിൻ ആനുകൂല്യം നൽകാനും നിർദ്ദേശമുണ്ട്.
ഐടി സേവന മേഖലയിലെ സേഫ് ഹാർബർ പരിഷ്കാരങ്ങൾ
നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി, സോഫ്റ്റ്വെയർ വികസന സേവനങ്ങൾ, ഐടി അധിഷ്ഠിത സേവനങ്ങൾ (ITES), നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ് (KPO), സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട കരാർ ഗവേഷണ-വികസന (R&D) സേവനങ്ങൾ എന്നിവയെല്ലാം 'ഇൻഫർമേഷൻ ടെക്നോളജി സർവീസസ്' എന്ന ഒരൊറ്റ വിഭാഗത്തിന് കീഴിലാക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചു. ഇവയ്ക്കെല്ലാം പൊതുവായി 15.5% സേഫ് ഹാർബർ മാർജിൻ നിശ്ചയിച്ചു. അതോടൊപ്പം, ഐടി സേവനങ്ങൾക്കായുള്ള സേഫ് ഹാർബർ പരിധി 300 കോടി രൂപയിൽ നിന്ന് 2,000 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു.
സേഫ് ഹാർബർ സംവിധാനത്തിനായുള്ള അംഗീകാരം ടാക്സ് ഓഫീസറുടെ ഇടപെടലില്ലാതെ, പൂർണ്ണമായും സ്വയമേവയുള്ള ഒരു നിയമസംഹിതയിലൂടെയാകും നൽകുക. ഒരിക്കൽ ഈ സംവിധാനം തിരഞ്ഞെടുത്താൽ, ഐടി കമ്പനികൾക്ക് അവരുടെ താൽപ്പര്യപ്രകാരം തുടർച്ചയായ അഞ്ച് വർഷത്തേക്ക് ഇതേ വ്യവസ്ഥകളിൽ തുടരാൻ അനുവാദമുണ്ടാകും.
അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെന്റ് (APA) പരിഷ്കാരങ്ങൾ
അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെന്റുകളിൽ (APA) ഏർപ്പെടാൻ ആഗ്രഹിക്കുന്ന ഐടി സേവന കമ്പനികൾക്കായി, ഏകപക്ഷീയമായ APA നടപടികൾ വേഗത്തിലാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു. ഇത്തരം കരാറുകൾ 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നികുതിദായകന്റെ അഭ്യർത്ഥനപ്രകാരം ഈ 2 വർഷത്തെ കാലാവധി 6 മാസം കൂടി നീട്ടി നൽകാവുന്നതാണ്. കൂടാതെ, ഒരു APA-യിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് ലഭ്യമായ പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സൗകര്യം അവരുടെ അനുബന്ധ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

|
യൂണിലാറ്ററൽ അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെന്റ് (UAPA)
1961-ലെ ഇൻകം ടാക്സ് ആക്ട് പ്രകാരം, ഒരു നികുതിദായകനും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസും (CBDT) തമ്മിൽ ഏർപ്പെടുന്ന കരാറാണ് യൂണിലാറ്ററൽ അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെന്റ് (UAPA). നിർദ്ദിഷ്ട അന്താരാഷ്ട്ര ഇടപാടുകൾക്കോ ആഭ്യന്തര ഇടപാടുകൾക്കോ ഈടാക്കേണ്ട വിലയോ അല്ലെങ്കിൽ അത് നിർണ്ണയിക്കുന്ന രീതിയോ ഒരു നിശ്ചിത കാലയളവിലേക്ക് മുൻകൂട്ടി നിശ്ചയിക്കാൻ ഈ കരാർ സഹായിക്കുന്നു.
|
സേവന മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള അധിക ബജറ്റ് പദ്ധതികൾ
നൈപുണ്യ വികസനത്തിലൂടെ ഇന്ത്യയുടെ സേവന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്രം, മെഡിക്കൽ ടൂറിസം, ടൂറിസം അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇതിൽ ചിലത്.
- വിദഗ്ധരായ ആതുരശുശ്രൂഷകരെ വളർത്തിയെടുക്കൽ: വാർദ്ധക്യകാല പരിചരണവും അനുബന്ധ സേവനങ്ങളും ഉൾക്കൊള്ളുന്ന ശക്തമായ ഒരു 'കെയർ ഇക്കോസിസ്റ്റം' (പരിചരണ ആവാസവ്യവസ്ഥ)നിർമ്മിക്കും. യോഗ, വെൽനസ്, മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയ നൈപുണ്യങ്ങൾ സംയോജിപ്പിച്ചുകൊണ്ട് NSQF മാനദണ്ഡങ്ങൾക്കനുസൃതമായ വിവിധ പരിശീലന പരിപാടികൾ വികസിപ്പിക്കും. വരും വർഷത്തിൽ 1.5 ലക്ഷം പരിചരണകർക്ക് ഇത്തരത്തിൽ പരിശീലനം നൽകും.
|
ഇന്ത്യയുടെ കെയർ ഇക്കണോമി ശക്തിപ്പെടുത്തുന്നു
ലോകമെമ്പാടും പ്രായമായവരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതും, ആയുർദൈർഘ്യം കൂടുന്നതും, വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനവും കാരണം ആതുരശുശ്രൂഷകർക്കായുള്ള ആവശ്യം ആഗോളതലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) കണക്കനുസരിച്ച്, പരിചരണ സേവന മേഖലയിലെ നിലവിലുള്ള വലിയ വിടവുകൾ നികത്തുകയാണെങ്കിൽ ഏകദേശം 30 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
ഈ സാഹചര്യത്തിൽ, വാർദ്ധക്യകാല പരിചരണവും അനുബന്ധ സേവനങ്ങളും ഉൾക്കൊള്ളുന്ന ശക്തമായ ഒരു 'കെയർ ഇക്കോസിസ്റ്റം' വികസിപ്പിക്കുമെന്ന 2026-27 ബജറ്റിലെ പ്രഖ്യാപനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് ഇന്ത്യയിലെ പ്രൊഫഷണൽ പരിചരണകരുടെ എണ്ണം വർദ്ധിപ്പിക്കുകയും, ആഗോളതലത്തിലുള്ള ഈ വലിയ ഡിമാൻഡ് നിറവേറ്റുന്നതിൽ വലിയ സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
|
- ആയുഷ്: യോഗ ഇന്ന് കൈവരിച്ചിട്ടുള്ള ആഗോള അംഗീകാരത്തിന് സമാനമായി ആയുഷ് മേഖലയുടെ ആഗോള സ്വാധീനം വർദ്ധിപ്പിക്കുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026-27 ബജറ്റിലെ പ്രഖ്യാപനങ്ങൾ ഈ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളുടെ ആഗോള സ്വീകാര്യതയും അംഗീകാരവും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി താഴെ പറയുന്ന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്:
- മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും.
- ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ നവീകരിക്കും. ഇത് പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ തെളിവധിഷ്ഠിത ഗവേഷണം, പരിശീലനം, ബോധവൽക്കരണം എന്നിവ ശക്തിപ്പെടുത്തും.
- ഉയർന്ന നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ സംവിധാനം ഉറപ്പാക്കുന്നതിനായി ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളും നവീകരിക്കും.
- ടൂറിസം മേഖലയുടെ ഉത്തേജനം: ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് താഴെ പറയുന്ന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്:
- മെഡിക്കൽ വാല്യൂ ട്രാവൽ: ഇന്ത്യയെ മെഡിക്കൽ ടൂറിസത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി, സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് പ്രാദേശിക മെഡിക്കൽ ടൂറിസം ഹബ്ബുകൾ സ്ഥാപിക്കാൻ സർക്കാർ പിന്തുണ നൽകും.
- ഗൈഡുകളുടെ നൈപുണ്യ വികസനം: രാജ്യത്തെ 20 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 10,000 ഗൈഡുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതി ആരംഭിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി (IIM) സഹകരിച്ച് വികസിപ്പിച്ച 12 ആഴ്ചത്തെ ഹൈബ്രിഡ് പരിശീലന പരിപാടിയാണ് ഇതിന്റെ പ്രത്യേകത.
- പുരാവസ്തു കേന്ദ്രങ്ങളുടെ വികസനം: ലോഥൽ, സാരാനാഥ്, ഹസ്തിനാപൂർ എന്നിവയുൾപ്പെടെ 15 പ്രധാന പുരാവസ്തു കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലുള്ള അനുഭവവേദ്യമായ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് പൈതൃക-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കും. സന്ദർശകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വടക്കുകിഴക്കൻ മേഖലയിൽ പുതിയ ബുദ്ധിസ്റ്റ് സർക്യൂട്ട് ആരംഭിക്കുന്നതിനും ഈ പദ്ധതി ഊന്നൽ നൽകുന്നു.
- ട്രെക്കിംഗും ഹൈക്കിംഗും: ലോകോത്തര നിലവാരത്തിലുള്ള ട്രെക്കിംഗ്, ഹൈക്കിംഗ് അനുഭവങ്ങൾ നൽകാനുള്ള ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- ടൂറിസം കണക്റ്റിവിറ്റിക്കായി അതിവേഗ റെയിൽ: പ്രധാന ബിസിനസ് കേന്ദ്രങ്ങളും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനായി പുതിയ അതിവേഗ റെയിൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്. (മുംബൈ–പൂനെ; പൂനെ–ഹൈദരാബാദ്; ഹൈദരാബാദ്–ബെംഗളൂരു; ഹൈദരാബാദ്–ചെന്നൈ; ചെന്നൈ–ബെംഗളൂരു; ബെംഗളൂരു–വാരണാസി, വാരണാസി–സിലിഗുരി എന്നിവയാണ് ഈ പാതകൾ).
സേവന കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്ന പുതിയ ഘടകങ്ങൾ
ജിസിസികളുടെ (GCC) വർദ്ധിച്ചുവരുന്ന സ്വാധീനം

ഇന്ത്യയുടെ സേവന കയറ്റുമതിയുടെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകുന്ന ഒന്നായി ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (GCC) മാറിയിട്ടുണ്ട്. 2020 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഈ മേഖല ഏകദേശം 7% വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള അതിർത്തി കടന്നുള്ള സേവനങ്ങളുടെ പ്രധാന ചാനലായി ജിസിസികൾ മാറിയിരിക്കുകയാണ്. 2024 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച്, 1,700-ലധികം ജിസിസികൾ ഇന്ത്യയിലുണ്ട്. ഇതിലൂടെ 19 ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രവർത്തന കേന്ദ്രമായി ഇതോടെ ഇന്ത്യ മാറി.
കാലക്രമേണ, വെറും സഹായ സേവനങ്ങൾ നൽകുന്നതിനപ്പുറം ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന തരത്തിൽ ജിസിസികൾ പരിണമിച്ചിട്ടുണ്ട്. ഉൽപ്പന്ന വികസനം , AI അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ, സൈബർ സുരക്ഷ, അനലിറ്റിക്സ്, എഞ്ചിനീയറിംഗ് തുടങ്ങിയ ഉയർന്ന മൂല്യമുള്ള പ്രവർത്തനങ്ങൾ ഇന്ന് ഇവ ഏറ്റെടുക്കുന്നു. ഇത് ഇന്ത്യയുടെ അറിവ് അധിഷ്ഠിതവും ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ളതുമായ സേവന കയറ്റുമതിക്ക് നേരിട്ട് സംഭാവന നൽകുന്നു. കുറഞ്ഞ തൊഴിൽ ചെലവ്, ശക്തമായ ഭൗതിക-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ ജിസിസികളുടെ വളർച്ചയെയും കാര്യക്ഷമതയെയും കൂടുതൽ പിന്തുണയ്ക്കുന്നു.
ഇന്ത്യയുടെ AI, ഡിജിറ്റൽ ആവാസവ്യവസ്ഥ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഡിജിറ്റൽ സാങ്കേതികവിദ്യകളിലും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ സേവന കയറ്റുമതിയുടെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. സ്റ്റാൻഫോർഡ് AI ഇൻഡക്സ് റിപ്പോർട്ട് 2025 പ്രകാരം, AI നൈപുണ്യ വ്യാപനത്തിൽ ഇന്ത്യ ലോകതലത്തിൽ രണ്ടാം സ്ഥാനത്താണ്. ആഗോള സേവന ദാതാക്കൾക്ക് ആവശ്യമായ ഉന്നത നിലവാരമുള്ള ഡിജിറ്റൽ പ്രതിഭകളുടെ ലഭ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, സാങ്കേതിക സന്നദ്ധതയുടെ കാര്യത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അന്താരാഷ്ട്ര സംഘടനകളും എടുത്തുപറയുന്നു. UNCTAD-ന്റെ 'ഫ്രോണ്ടിയർ ടെക്നോളജീസ് റെഡിനസ് ഇൻഡക്സിൽ' 2022-ൽ 48-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024-ൽ 36-ാം സ്ഥാനത്തേക്ക് ഉയർന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ AI ഡെവലപ്പർമാരുടെ നിരയുള്ള ഇന്ത്യ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളിലും മുൻപന്തിയിലുണ്ട്.
ഡാറ്റാ ഉപയോഗം, ക്ലൗഡ് അഡോപ്ഷൻ , AI വിന്യാസം എന്നിവയിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തെ ത്വരിതപ്പെടുത്തുന്നു. ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി 2025-ലെ 1.4 ജിഗാവാട്ടിൽ (GW) നിന്ന് 2030-ഓടെ ഏകദേശം 8 ജിഗാവാട്ടായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ വിപുലീകരണം ഡിജിറ്റൽ സേവനങ്ങൾ ആഗോളതലത്തിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നു. രാജ്യത്തെ AI സ്റ്റാർട്ടപ്പുകളുടെ വർദ്ധനവ്, നിക്ഷേപം, ജനറേറ്റീവ് AI പേറ്റന്റുകൾ ഫയൽ ചെയ്യുന്നതിലെ ഉയർന്ന വളർച്ചാ നിരക്ക് എന്നിവ ഇന്ത്യയുടെ വളരുന്ന ഇന്നൊവേഷൻ ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
സേവന കയറ്റുമതിക്ക് കരുത്തേകുന്ന ആഗോള വ്യാപാര കരാറുകൾ
ലോകമെമ്പാടുമുള്ള വിപണികളിൽ ഇന്ത്യയുടെ സേവന മേഖലയ്ക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ വിപുലമായ വ്യാപാര കരാറുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഈ കരാറുകൾ പ്രൊഫഷണലുകളുടെ സുഗമമായ നീക്കങ്ങൾക്കും വിവിധ മേഖലകളിലെ ഇന്ത്യൻ സേവന ദാതാക്കൾക്ക് പുതിയ അവസരങ്ങൾക്കും വഴിതുറക്കുന്നു.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA)
- വിപുലമായ വിപണിപ്രവേശനം: ഐടി/ഐടിഇഎസ് (IT/ITeS), ബിസിനസ് സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, സാമ്പത്തിക മേഖല, ടെലികോം, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങി ഇന്ത്യക്ക് താൽപ്പര്യമുള്ള 137 ഉപമേഖലകളിൽ യുകെ സമഗ്രമായ വിപണി പ്രവേശനം അനുവദിച്ചിട്ടുണ്ട്.
- ഇന്ത്യൻ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ പ്രവേശനം: ലളിതമായ വിസ നടപടിക്രമങ്ങളും ഉദാരമാക്കിയ എൻട്രി കാറ്റഗറികളും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടും. എല്ലാ സേവന മേഖലകളിലും കമ്പനികൾ നിയോഗിക്കുന്ന വിദഗ്ധർക്കും ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, ഷെഫുകൾ, യോഗ ഇൻസ്ട്രക്ടർമാർ, സംഗീതജ്ഞർ തുടങ്ങിയ കരാർ തൊഴിലാളികൾക്കും യുകെയിൽ ജോലി ചെയ്യുന്നത് ഇത് എളുപ്പമാക്കും.
- സാമൂഹിക സുരക്ഷാ കരാർ : CETA കരാറിനൊപ്പം തന്നെ ഒരു സാമൂഹിക സുരക്ഷാ കരാറിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2026 ഫെബ്രുവരി 10-ന് 'സോഷ്യൽ സെക്യൂരിറ്റി കോൺട്രിബ്യൂഷൻ' സംബന്ധിച്ച കരാർ ഒപ്പിട്ടു. 36 മാസം വരെയുള്ള താൽക്കാലിക നിയമനങ്ങളിൽ രണ്ട് രാജ്യങ്ങളിലും ഒരേസമയം സാമൂഹിക സുരക്ഷാ വിഹിതം നൽകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
CETA-യിലെ വിപണി പ്രവേശന വാഗ്ദാനങ്ങളും ഈ സാമൂഹിക സുരക്ഷാ കരാറും ചേരുന്നതോടെ, ഇന്ത്യ-യുകെ സേവന മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA)
- വിപുലമായ വിപണി പ്രവേശനം: ഐടി/ഐടിഇഎസ് (IT/ITeS), പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുൾപ്പെടെ 144 സേവന ഉപമേഖലകളിൽ യൂറോപ്യൻ യൂണിയൻ വിപണി പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ സേവന ദാതാക്കൾക്ക് അവരുടെ കയറ്റുമതി വർദ്ധിപ്പിക്കാനും ഇരു സമ്പദ്വ്യവസ്ഥകളിലും നവീനത, ഉൽപ്പാദനക്ഷമത, ബിസിനസ് വളർച്ച എന്നിവയെ പിന്തുണയ്ക്കാനും അവസരമൊരുക്കുന്നു.
- യാത്രസൗകര്യവും സാമൂഹിക സുരക്ഷാ പിന്തുണയും: ഇന്ത്യൻ ആയുഷ് (AYUSH) വിദഗ്ധർക്കും വിദ്യാർത്ഥികൾക്കും യൂറോപ്പിലേക്കുള്ള യാത്രയും താമസവും സുഗമമാക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും തമ്മിലുള്ള സാമൂഹിക സുരക്ഷാ ക്രമീകരണങ്ങൾ നിലനിർത്തുന്നതിനും പുതിയവ നടപ്പിലാക്കുന്നതിനുമുള്ള നടപടികളും ഇതിന്റെ ഭാഗമാണ്.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)
- വിപുലമായ വിപണി പ്രവേശനം: പ്രൊഫഷണൽ സേവനങ്ങൾ, കമ്പ്യൂട്ടർ അനുബന്ധ സേവനങ്ങൾ, ഓഡിയോ-വിഷ്വൽ സേവനങ്ങൾ എന്നിവയുൾപ്പെടെ 127 സേവന ഉപമേഖലകളിൽ ഒമാൻ വിപണി പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഏതൊരു സ്വതന്ത്ര വ്യാപാര കരാറിലും (FTA) ആദ്യമായി, അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, ഐടി, വിദ്യാഭ്യാസം, നിർമ്മാണം, കൺസൾട്ടിംഗ് എന്നീ മേഖലകളിലെ വിദഗ്ധർക്കായി ഒമാൻ പ്രത്യേക വിഭാഗം തന്നെ ഉറപ്പുനൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും സഹകരിക്കുന്നതിനായുള്ള ഒരു ചട്ടക്കൂടും ഇതിലൂടെ രൂപീകരിച്ചിട്ടുണ്ട്.

- ഐസിടി (ICT) പരിധിയിലെ വർദ്ധനവ്: ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികളുടെ (കമ്പനിക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം - ICT) പരിധി 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തി. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ മാനേജർമാരെയും വിദഗ്ധരായ ഉദ്യോഗസ്ഥരെയും ഒമാനിൽ നിയമിക്കാൻ അവസരമൊരുക്കും.
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA)
- വിപുലമായ വിപണിപ്രവേശനം: 118 സേവന മേഖലകളിൽ ന്യൂസിലൻഡ് വിപണിപ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആയുർവേദം, യോഗ, മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനാനന്തര തൊഴിൽ അവസരങ്ങളും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- വിദഗ്ധരായ ഇന്ത്യക്കാർക്ക് വിസ: ഇന്ത്യക്ക് താൽപ്പര്യമുള്ള മേഖലകളിൽ ജോലി ചെയ്യുന്നതിനായി, വിദഗ്ധരായ 5,000 ഇന്ത്യക്കാർക്ക് 3 വർഷം വരെ താമസിക്കാവുന്ന തരത്തിലുള്ള വിസ ക്വാട്ട ന്യൂസിലൻഡ് അനുവദിച്ചിട്ടുണ്ട്.
ഈ വ്യവസ്ഥകൾ ഇന്ത്യൻ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആഗോളതലത്തിൽ അനുഭവപരിചയം നേടുന്നതിന് അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യ-ഇ.എഫ്.ടി.എ (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA)
- വിപുലമായ വിപണിപ്രവേശനം: TEPA കരാറിന് കീഴിൽ സ്വിറ്റ്സർലൻഡ് (128 മേഖലകൾ), നോർവേ (114), ലിച്ചെൻസ്റ്റൈൻ (107), ഐസ്ലാൻഡ് (110) എന്നീ രാജ്യങ്ങൾ വിവിധ ഉപമേഖലകളിൽ വിപണി പ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, അടുത്ത 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപവും 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും ഈ കരാറിലൂടെ ഉറപ്പുനൽകുന്നു.
- മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ: കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്കും സ്വതന്ത്ര പ്രൊഫഷണലുകൾക്കും വിവിധ സേവന മേഖലകളിൽ മികച്ച യാത്രാ സൗകര്യങ്ങൾ ഇ.എഫ്.ടി.എ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- പരസ്പര അംഗീകാര കരാർ (MRA): നഴ്സിംഗ്, ചാർട്ടേഡ് അക്കൗണ്ടൻസി, ആർക്കിടെക്ചർ തുടങ്ങിയ പ്രൊഫഷണൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ യോഗ്യതകൾ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിക്കുന്നതിനുള്ള സൗകര്യം ഈ കരാറിലൂടെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA)
- വിപുലമായ വിപണിപ്രവേശനം: ഈ കരാറിന് കീഴിൽ ഏകദേശം 135 ഉപമേഖലകളിൽ ഓസ്ട്രേലിയ വിപണിപ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
- മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ: കമ്പനിക്കുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം (ICT), കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർ, സ്വതന്ത്ര എക്സിക്യൂട്ടീവുകൾ എന്നിവർക്കായി 4 വർഷം വരെയുള്ള താൽക്കാലിക പ്രവേശനവും താമസവും ഓസ്ട്രേലിയ അനുവദിച്ചു. ബിസിനസ് സന്ദർശകർക്കും ഇൻസ്റ്റാളേഷൻ ജീവനക്കാർക്കും പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 4 വർഷം വരെയുള്ള 'പോസ്റ്റ് സ്റ്റഡി വർക്ക് വിസ'യും നൽകും.
- ഓഫ്ഷോർ നികുതി ഇളവ്: ഓസ്ട്രേലിയയ്ക്ക് സാങ്കേതിക സേവനങ്ങൾ നൽകുന്ന ഇന്ത്യൻ കമ്പനികളുടെ ഓഫ്ഷോർ വരുമാനത്തിന്മേൽ നികുതി ചുമത്തുന്നത് ഒഴിവാക്കാൻ ഓസ്ട്രേലിയ അവരുടെ ആഭ്യന്തര നിയമങ്ങളിൽ ഭേദഗതി വരുത്തി. ഇത് ഇന്ത്യൻ ടെക് കമ്പനികളുടെ അന്താരാഷ്ട്ര വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിച്ചു.
മൗറീഷ്യസുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ
ഈ കരാറിലൂടെ ഇന്ത്യൻ സേവന ദാതാക്കൾക്ക് ഏകദേശം 115 ഉപമേഖലകളിൽ പ്രവേശനം ലഭിക്കുന്നു. ഇത് പ്രധാന സേവന വ്യവസായങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കാനും ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും സഹായിക്കുന്നു.
|
സേവന കയറ്റുമതിയെ ശക്തിപ്പെടുത്തുന്ന ആഗോള നിക്ഷേപം
ഇന്ത്യയുടെ സേവന മേഖലയിലെ വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (GCC) വികാസത്തിനും അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തം ആഴത്തിലാക്കുന്നതിനും വലിയ പിന്തുണ നൽകുന്നു.
2023-25 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) 80.2% സേവന മേഖലയിലായിരുന്നു. കോവിഡിന് മുൻപുള്ള 77.7 ശതമാനത്തേക്കാൾ കൂടുതലാണിത്. ഇന്ത്യയുടെ സേവന കയറ്റുമതി ആവാസവ്യവസ്ഥയിൽ നിക്ഷേപകർക്ക് വർദ്ധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സേവനങ്ങളിലും (25.8%), പ്രൊഫഷണൽ സേവനങ്ങളിലുമാണ് (23.8%) കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ, വിജ്ഞാനാധിഷ്ഠിത പ്രവർത്തനങ്ങളിൽ ഇന്ത്യക്കുള്ള കരുത്താണ് ഇത് സൂചിപ്പിക്കുന്നത്.
ആഗോള പങ്കാളിത്തത്തോടെയുള്ള ഡിജിറ്റൽ സേവനങ്ങളും വിജ്ഞാനാധിഷ്ഠിത സേവനങ്ങളും ഇന്ത്യയുടെ വളരുന്ന സേവന കയറ്റുമതിക്ക് അനുസൃതമായി വിദേശ നിക്ഷേപത്തെ എങ്ങനെ ആകർഷിക്കുന്നുവെന്ന് ഈ മേഖലകൾ എടുത്തുകാണിക്കുന്നു.
|
ഉപസംഹാരം
സമീപ വർഷങ്ങളിൽ ഇന്ത്യയുടെ സേവന കയറ്റുമതി ശക്തവും സുസ്ഥിരവുമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിദേശ വ്യാപാര പ്രകടനത്തിലെ ഏറ്റവും കരുത്തുറ്റ ഘടകങ്ങളിലൊന്നായി ഇത് ഉയർന്നുവന്നിട്ടുണ്ട്. സ്വന്തം കർത്തവ്യം മുൻനിർത്തി 2026-27-ലെ കേന്ദ്ര ബജറ്റ് ലക്ഷ്യമിട്ടുള്ള നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയിലൂടെ സേവന കയറ്റുമതിക്ക് കൂടുതൽ കരുത്തേകുന്നു. ഇന്ത്യയുടെ സേവന മേഖലയുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമാണ്.
മികച്ച പ്രതിഭകളും അത്യാധുനിക സാങ്കേതികവിദ്യയും ആഗോള പങ്കാളിത്തവും ഒത്തുചേരുന്നതോടെ, ഇന്ത്യയുടെ വികസന ഗാഥയെ ആഗോള വേദിയിലേക്ക് എത്തിക്കാൻ സജ്ജമായിരിക്കുകയാണ് രാജ്യത്തിന്റെ സേവന മേഖല.
അവലംബം
Ministry of Finance
https://www.indiabudget.gov.in/economicsurvey/doc/echapter.pdf
https://www.indiabudget.gov.in/doc/budget_speech.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2219981®=3&lang=2
https://incometaxindia.gov.in/Rules/Income-Tax%20Rules/103120000000007832.htm
https://www.indianembassyusa.gov.in/pdf/advance_pricing_agreement_guidance_with_faqs_(tpi-43).pdf
https://incometaxindia.gov.in/Rules/Income-Tax%20Rules/103120000000007189.htm
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2228785®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2219146®=3&lang=1
https://static.pib.gov.in/WriteReadData/specificdocs/documents/2025/dec/doc20251218737701.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2207583®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2173138®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1812730®=3&lang=1
https://www.pib.gov.in/PressReleaseIframePage.aspx?PRID=1708794®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2220413®=3&lang=2
https://www.commerce.gov.in/wp-content/uploads/2026/03/FTAs-achievement.pdf
https://www.pib.gov.in/PressNoteDetails.aspx?NoteId=156654&ModuleId=3®=3&lang=2
Reserve Bank of India
https://rbidocs.rbi.org.in/rdocs/PressRelease/PDFs/PR1208964F52A6DCBA464A91D091157FBCEC65.PDF
https://rbidocs.rbi.org.in/rdocs/PressRelease/PDFs/PR14286754E6C89EA04E6FBCE6626CE3CDF389.PDF
https://rbidocs.rbi.org.in/rdocs/PressRelease/PDFs/PR21919AC9681140584EFDB0D359321C6149A5.PDF
International Institutions
https://www.imf.org/en/news/articles/2026/01/28/cf-business-growth-and-innovation-can-boost-indias-productivity
https://unctad.org/system/files/official-document/tir2025ch3_en.pdf
https://documents1.worldbank.org/curated/en/099112525160536089/pdf/P505350-59c98ca8-0803-4f23-b470-17f3dab010ab.pdf
https://financing.desa.un.org/sites/default/files/2024-10/CRP%2024%20APA%20FAQs%20Appendix%20A%20.pdf
https://www.ilo.org/publications/major-publications/care-work-investing-care-leave-and-services-more-gender-equal-world-work
See in PDF
***
SK
(Explainer ID: 158532)
आगंतुक पटल : 79
Provide suggestions / comments