Technology
ഡിജിറ്റൽ വിടവ് ഇല്ലാതാക്കുന്നു
ഡിജിറ്റൽ യുഗത്തിൽ ഭാരതത്തെ ശാക്തീകരിക്കുന്നു
Posted On:
08 MAR 2026 9:32AM
|
പ്രധാന വസ്തുതകൾ
- ഭാരത്‌നെറ്റ് വഴി 2.15 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ ബന്ധിപ്പിക്കപ്പെടുകയും 5 ലക്ഷം 5G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ ഗ്രാമീണ മേഖലകളിൽ സേവനം നൽകുകയും ചെയ്യുന്നു.
- 5 ലക്ഷം പൊതുസേവനകേന്ദ്രങ്ങൾ വിദൂര പ്രദേശങ്ങളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നു.
- പി.എം.ജി.ദിശ (PMGDISHA) പദ്ധതിയിലൂടെ 6 കോടിയിലധികം ഗ്രാമീണ പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരതയിൽ പരിശീലനം നൽകി.
- 4.09 ലക്ഷം പി.എം-വാണി വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഗ്രാമങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നു.
|
ആമുഖം
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം എന്നത് കണക്റ്റിവിറ്റിയുടെയും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പൊതുസേവന വിതരണത്തിന്റെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യാധിഷ്ഠിത വിപുലീകരണങ്ങളിലൊന്നിനെ പ്രതിനിധീകരിക്കുന്നു. 2015-ൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിൽ അധിഷ്ഠിതമായ രാജ്യത്തിന്റെ തന്ത്രം ഓരോ പൗരനും ഒരു പ്രധാന സേവനമായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിലും ആവശ്യാനുസരണം ഭരണവും സേവനങ്ങളും എത്തിക്കുന്നതിലും ഡിജിറ്റൽ ലഭ്യതയിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരു ദശകം മുമ്പ് ഇന്ത്യയിലെ ഡിജിറ്റൽ വിടവ് പ്രകടവും വ്യക്തവുമായിരുന്നു. പ്രധാനമായും നഗരങ്ങളിൽ മാത്രമായിരുന്നു അതിവേഗ ഇന്റർനെറ്റ്. ഗ്രാമീണ കണക്റ്റിവിറ്റിയും പരിമിതമായിരുന്നു, കൂടാതെ ഓൺലൈൻ സേവനങ്ങളുടെ ലഭ്യത സ്ഥലം, വരുമാനം, ഡിജിറ്റൽ സാക്ഷരത എന്നിവയെ ആശ്രയിച്ചിരുന്നു. വർഷങ്ങളായി തുടർച്ചയായ പൊതു നിക്ഷേപം ബ്രോഡ്‌ബാൻഡ് ശൃംഖലകളെ വിപുലീകരിക്കുകയും വിപുലമായ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറുകയും ചെയ്തു. ഇത് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും കണക്റ്റിവിറ്റിയുടെ വ്യാപ്തിയും ഗുണനിലവാരവും മെച്ചപ്പെടുത്തി.
ഇന്ന് ഈ വിടവ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ നിരക്കിലുള്ള ഡാറ്റ, ഡിജിറ്റൽ ആക്സസ് പോയിന്റുകൾ, പരസ്പരം ബന്ധിപ്പിക്കാവുന്ന പൊതു പ്ലാറ്റ്‌ഫോമുകൾ എന്നിവ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്താനും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും ഓൺലൈൻ വിദ്യാഭ്യാസം നേടാനും ഭരണനിർവഹണത്തിൽ പങ്കുചേരാനും പൗരന്മാരെ പ്രാപ്തരാക്കുന്നു. ഒരു കണക്റ്റിവിറ്റി മിഷനായി ആരംഭിച്ചത് ഇന്ന് കൂടുതൽ വിശാലമായ ശാക്തീകരണ യാത്രയായി പരിണമിച്ചിരിക്കുന്നു-ഓരോ വർഷം കഴിയുന്തോറും കൂടുതൽ ഇന്ത്യക്കാരെ ഡിജിറ്റൽ മുഖ്യധാരയിലേക്ക് ഇത് കൊണ്ടുവരുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നു
ജനസംഖ്യാടിസ്ഥാനത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ അടിത്തറയാണ് രാജ്യത്തിന്റെ ഡിജിറ്റൽ നട്ടെല്ല്. ഇത് പരസ്പരബന്ധിതമായ മൂന്ന് സ്തംഭങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. സാർവത്രിക കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI), കമ്പ്യൂട്ടിംഗ് ശേഷി എന്നിവയാണവ. ഈ സ്തംഭങ്ങൾ ഒത്തുചേർന്ന് ഡിജിറ്റൽ ലഭ്യതയും സേവനങ്ങളും സാങ്കേതിക ശേഷിയും ഒരേപോലെ വികസിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ സംയോജിത സമീപനം കണക്റ്റിവിറ്റിയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അർത്ഥവത്തായ പങ്കാളിത്തമാക്കി മാറ്റാൻ സഹായിക്കുന്നു.
സാർവത്രിക ഡിജിറ്റൽ കണക്റ്റിവിറ്റിയും താങ്ങാനാവുന്ന ലഭ്യതയും
സാർവത്രിക ഡിജിറ്റൽ കണക്റ്റിവിറ്റിയും അത് താങ്ങാനാവുന്ന രീതിയിലുള്ള ലഭ്യതയുമാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ ആണിക്കല്ല്. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും മികച്ച ഭരണവും സാമ്പത്തിക അവസരങ്ങളും സാമൂഹിക ശാക്തീകരണവും ഓരോ പൗരനും നൽകുന്നു.
ഗ്രാമീണ ഇന്ത്യയിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന ഭാരത്‌നെറ്റ് (2011-ൽ ആരംഭിച്ചത്) പദ്ധതിക്ക് കീഴിലുള്ള വിപുലമായ ഒപ്റ്റിക്കൽ ഫൈബർ വ്യാപനമാണ് ഇതിന്റെ കേന്ദ്രബിന്ദു. 2026-ന്റെ തുടക്കത്തിലെ കണക്കനുസരിച്ച് 2.15 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ ഇതിനകം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ വിന്യാസം രാജ്യത്തുടനീളം 2019-ലെ 19.35 ലക്ഷം റൂട്ട് കിലോമീറ്ററിൽ നിന്ന് 2025-ൽ 42.36 ലക്ഷം റൂട്ട് കിലോമീറ്ററായി വർദ്ധിച്ചു. ഇത് നഗര-ഗ്രാമ അന്തരം കുറയ്ക്കുകയും വിദൂര പ്രദേശങ്ങളിലേക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി എത്തിക്കുകയും ചെയ്യുന്ന ശക്തമായ ഒരു അടിത്തറ നിർമ്മിക്കുന്നു.

ഫൈബർ ശൃംഖലയ്ക്ക് പൂരകമായി ഇന്ത്യയുടെ അതിവേഗ 5G വ്യാപനം ഇപ്പോൾ 99.9% ജില്ലകളിലും എത്തിനിൽക്കുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച് 5.18 ലക്ഷത്തിലധികം ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ

വഴി എല്ലായിടത്തും അതിവേഗ മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കുള്ള അനുമതികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ ആക്ട് 2023, തദ്ദേശീയമായ 4G/5G സാങ്കേതികവിദ്യ, നാഷണൽ ബ്രോഡ്‌ബാൻഡ് മിഷൻ എന്നിവയുടെ പിന്തുണയോടെയുള്ള ഈ ശ്രമങ്ങൾ കണക്റ്റിവിറ്റിയെ ആഡംബരത്തിൽ നിന്ന് അനിവാര്യമായ ഒരു അവകാശമാക്കി മാറ്റുന്നു.
കുറഞ്ഞ നിരക്കിലുള്ള ലഭ്യത ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കി. 2014-ൽ ഒരു ജിബി (GB) ഡാറ്റയ്ക്ക് 269 രൂപയായിരുന്നത് 2025-2026 കാലഘട്ടത്തിൽ ഏകദേശം 8-10 രൂപയായി (ഏകദേശം 0.10 ഡോളർ) കുത്തനെ കുറഞ്ഞു. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാകുന്ന വിപണികളിലൊന്നായി മാറ്റി. ഈ വലിയ കുറവ് വമ്പിച്ച വളർച്ചയ്ക്ക് കാരണമായി. 2025 നവംബറിൽ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു. ഒരു ദശകം മുമ്പുണ്ടായിരുന്ന 13.15 കോടിയിൽ നിന്ന് ആറിരട്ടിയിലധികം വർദ്ധനവാണിത് രേഖപ്പെടുത്തിയത്.
മൊത്തത്തിൽ ഇത്തരം പരിഷ്കാരങ്ങൾ ഗ്രാമീണ സമൂഹങ്ങളെയും കർഷകരെയും വിദ്യാർത്ഥികളെയും സംരംഭകരെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പൂർണ്ണമായും പങ്കുചേരാൻ പ്രാപ്തരാക്കുന്നു. കൂടാതെ ഇത് ഡിജിറ്റൽ ലഭ്യതയിലെ വിടവുകൾ വ്യവസ്ഥാപിതമായി കുറയ്ക്കുകയും ഗ്രാമീണ-പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI): എല്ലാവരെയും ഉൾക്കൊള്ളുന്ന സേവനങ്ങൾ പ്രാപ്തമാക്കുന്നു

ഡിജിറ്റൽ കണക്റ്റിവിറ്റി ജനസംഖ്യാടിസ്ഥാനത്തിൽ വ്യാപിക്കുമ്പോൾ ഇന്റർനെറ്റ് ലഭ്യത വിശ്വസനീയവും പരസ്പരബന്ധിതവും പൗരകേന്ദ്രീകൃതവുമായ സേവനങ്ങളായി മാറുന്നുവെന്ന് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ഉറപ്പാക്കുന്നു—അടിസ്ഥാന കണക്റ്റിവിറ്റിയെ ഭരണം, ധനകാര്യം, ദൈനംദിന ജീവിതം എന്നിവയിലുള്ള യഥാർത്ഥ ശാക്തീകരണമാക്കി ഇത് മാറ്റുന്നു. ഇന്ത്യയുടെ അടിസ്ഥാന DPI പരിസ്ഥിതി, സാർവത്രിക ഡിജിറ്റൽ ഐഡന്റിറ്റി, തടസ്സമില്ലാത്ത പേയ്‌മെന്റുകൾ, സുരക്ഷിതമായ രേഖാ ലഭ്യത തുടങ്ങിയ അടിസ്ഥാന പാളികൾ നൽകുന്നു. ഗ്രാമീണ, കുറഞ്ഞ വരുമാനമുള്ള, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഇത് ഡിജിറ്റൽ വിടവ് നേരിട്ട് ഇല്ലാതാക്കുന്നു.
2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 143 കോടിയിലധികം യുണീക് ഡിജിറ്റൽ ഐഡികൾ ആധാർ വിതരണം ചെയ്തിട്ടുണ്ട്. ഇത് കൃത്യമായ ക്ഷേമപദ്ധതി വിതരണം, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT), ഗവൺമെൻ്റ്, സാമ്പത്തിക സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവ പ്രാപ്തമാക്കുന്നു—മുമ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളുടെ അഭാവം കാരണം ഒഴിവാക്കപ്പെട്ടവർക്ക് പോലും ഇത് സഹായകരമാകുന്നു.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പ്രതിമാസം ഏകദേശം 28.33 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നു (21.7 ബില്യൺ ഇടപാടുകളുമായി 2026 ജനുവരിയിലെ കണക്ക്). രാജ്യത്തുടനീളം കുറഞ്ഞ നിരക്കിൽ തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകൾ ലഭ്യമാക്കുന്നതിലൂടെയും മൊബൈൽ ഫോണുകൾ വഴി പൂജ്യം ചെലവിൽ പണം കൈമാറുന്നതിലൂടെയും നഗര-ഗ്രാമ അന്തരം കുറച്ച് ഇത് സാമ്പത്തിക ഉൾച്ചേർക്കലിന് ഊർജ്ജം നൽകുന്നു.

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഡിജിലോക്കറിന് 62 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ക്ഷേമം തുടങ്ങിയ മേഖലകളിലെ ഔദ്യോഗിക രേഖകൾ സുരക്ഷിതമായും പേപ്പർരഹിതമായും സൂക്ഷിക്കാനും പങ്കുവെക്കാനും ഇത് അവസരമൊരുക്കുന്നു—പേപ്പർ ജോലികളുടെ തടസ്സങ്ങൾ ഒഴിവാക്കി എവിടെയും വിശ്വസനീയമായ രേഖകൾ ഉടനടി ലഭ്യമാക്കുന്നതിലൂടെ ഇത് പൗരന്മാരെ ശാക്തീകരിക്കുന്നു.
ഈ DPI സ്തംഭങ്ങൾ ഒത്തുചേർന്ന് കേവലം ഇന്റർനെറ്റ് ലഭ്യതയെ വ്യക്തമായ സാമൂഹികവും സാമ്പത്തികവുമായ ഫലങ്ങളാക്കി മാറ്റുന്നു. ഇത് തടസ്സമില്ലാത്ത സേവന വിതരണവും ആഴത്തിലുള്ള സാമ്പത്തിക ഉൾച്ചേർക്കലും വിശ്വസനീയമായ ഡിജിറ്റൽ ഇടപെടലുകളും ഉറപ്പാക്കുകയും ലഭ്യതയിലെ വിടവുകൾ വ്യവസ്ഥാപിതമായി കുറച്ച് ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്നു.
ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗും (HPC) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും

ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗും (HPC) ഡാറ്റാ സെന്ററുകളും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രധാന ചാലകശക്തികളാണ്. ഇവ രാജ്യത്തെ അടിസ്ഥാന കണക്റ്റിവിറ്റിയിൽ നിന്ന് നൂതനാശയങ്ങളിൽ അധിഷ്ഠിതമായ ഉൾച്ചേർക്കലിലേക്ക് നയിക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി നയിക്കുന്ന നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന് (NSM) കീഴിൽ, 44 പെറ്റാഫ്ലോപ്‌സ് സംയോജിത ശേഷിയുള്ള 38 സൂപ്പർകമ്പ്യൂട്ടറുകൾ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വിപുലമായ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ മെട്രോപൊളിറ്റൻ നഗരങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലൂടെ സർവ്വകലാശാലകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വ്യവസായങ്ങൾക്കും ലോകോത്തര വിഭവങ്ങളിലേക്ക് തുല്യമായ പ്രവേശനം HPC ഉറപ്പാക്കുന്നു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൈമറ്റ് മോഡലിംഗ്, ബയോടെക്നോളജി, അത്യാധുനിക നിർമ്മാണം എന്നിവയെ പിന്തുണയ്ക്കുന്നു.

HPC-യ്ക്ക് പൂരകമായി, ഡിജിറ്റൽ ഭരണത്തെയും AI-സജ്ജമായ അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ ക്ലൗഡ്, ഡാറ്റാ സെന്റർ വ്യവസ്ഥയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. മേഘ്‌രാജ് (GI കൗഡ്) വഴി, 2,170-ലധികം മന്ത്രാലയങ്ങളും വകുപ്പുകളും സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ ഗവൺമെൻ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്യുന്നു. ഏകദേശം 1,280 മെഗാവാട്ട് (MW) മൊത്തം ശേഷിയുള്ള ഇന്ത്യയുടെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 4-5 മടങ്ങ് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അതിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ആഗോള നിലവാരവുമായി പൊരുത്തപ്പെടുത്തുന്നു. ഉയർന്ന തലത്തിലുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ഡിജിറ്റൽ വിടവ് ഇല്ലാതാക്കുന്നതിനും വിപുലമായ സാങ്കേതികവിദ്യകളിലേക്ക് എല്ലാവർക്കും പ്രാപ്യത ഉറപ്പാക്കുന്നതിനും നേരിട്ട് സംഭാവന നൽകുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പരസ്പരബന്ധിതമായ പ്ലാറ്റ്‌ഫോമുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയിലെ ഇന്ത്യയുടെ നിക്ഷേപങ്ങൾ വ്യക്തമായ സ്വാധീനം ചെലുത്തുന്നു—ഇത് സേവന വിതരണം, സാമ്പത്തിക ഉൾച്ചേർക്കൽ, ഗവേഷണ ശേഷി, നവീകരണ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നു. അളക്കാവുന്ന ഫലങ്ങളിലും തുല്യമായ ലഭ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ രാജ്യം കണക്റ്റിവിറ്റിയെ കാര്യക്ഷമതയാക്കി മാറ്റുന്നു. ഡിജിറ്റൽ വളർച്ചയുടെ ഗുണഫലങ്ങൾ ഗ്രാമീണ-പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലുള്ളവർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
ഭാരതത്തിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം എന്നത് കേവലം കണക്റ്റിവിറ്റി വ്യാപിപ്പിക്കുക മാത്രമല്ല, മറിച്ച് ഓരോ പൗരനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അർത്ഥവത്തായ രീതിയിൽ പങ്കുചേരാൻ കഴിയുമെന്ന് ഉറപ്പാക്കുക കൂടിയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളേക്കാൾ ഉപരിയായി മറ്റ് പലതും ആവശ്യമാണ്. പ്രാദേശിക സേവന കേന്ദ്രങ്ങൾ, വ്യാപകമായ ഡിജിറ്റൽ സാക്ഷരത, കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റ്, വിപുലമായ നൈപുണ്യ വികസനം, നവീകരണത്തിനും സംരംഭകത്വത്തിനുമുള്ള അവസരങ്ങൾ എന്നിവ ഇതിന് ആവശ്യമാണ്. അവസാന മൈൽ സേവന വിതരണത്തെ ശേഷി വർദ്ധിപ്പിക്കലുമായും വിപണി ബന്ധങ്ങളുമായും സംയോജിപ്പിക്കുന്നതിലൂടെ ഈ സംരംഭങ്ങൾ ഗ്രാമീണ-നഗര ഇന്ത്യയിലുടനീളം ഡിജിറ്റൽ ലഭ്യതയെ യഥാർത്ഥ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണമാക്കി മാറ്റുന്നു.
ഡിജിറ്റൽ സാക്ഷരത: നൈപുണ്യവും അവസരങ്ങളും കെട്ടിപ്പടുക്കുന്നു

എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനും പൗര ശാക്തീകരണത്തിനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു ആഗോള നേതാവായി സ്വയം പ്രതിഷ്ഠിച്ചിട്ടുണ്ട്. തുല്യമായ വളർച്ചയ്ക്ക് ഡിജിറ്റൽ സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് ഗവൺമെൻ്റ് ഗ്രാമീണ ജനതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ (NDLM) അല്ലെങ്കിൽ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (DISHA) (2014-2016) വഴിയുള്ള ആദ്യകാല ശ്രമങ്ങൾ, 52.50 ലക്ഷം എന്ന ലക്ഷ്യത്തിന് വിപരീതമായി 53.67 ലക്ഷം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി. ഇതിൽ ഏകദേശം 42% ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ ചുവടുപിടിച്ച്, 2017-ൽ അംഗീകരിച്ച പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA), 6 കോടി ഗ്രാമീണ കുടുംബങ്ങളെ (ഒരു കുടുംബത്തിൽ ഒരാൾ വീതം) ഡിജിറ്റലായി ശാക്തീകരിക്കാൻ ലക്ഷ്യമിട്ടു. 2024 മാർച്ചിലെ കണക്കനുസരിച്ച്, ഇത് 6.39 കോടി വ്യക്തികളെ പരിശീലിപ്പിക്കുക എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു; ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ പരിപാടികളിലൊന്നായി മാറുകയും ഓൺലൈൻ സേവനങ്ങളിലേക്കും സാമ്പത്തിക ഉൾച്ചേർക്കലിലേക്കുമുള്ള പ്രവേശനം വ്യാപിപ്പിക്കുകയും ചെയ്തു.
2009-ൽ ആരംഭിച്ച നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി (NMEICT) ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, വിർച്വൽ ലാബുകൾ, ഡിജിറ്റൽ വിഭവങ്ങൾ എന്നിവ വിപുലീകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിടവുകൾ നികത്തി. വിദൂര ക്യാമ്പസുകൾ പോലും ഗുണനിലവാരത്തിലും ലഭ്യതയിലും പ്രമുഖ സ്ഥാപനങ്ങൾക്കൊപ്പമാണെന്ന് ഇത് ഉറപ്പാക്കി. ഈ അടിത്തറ സ്ഥാപനതലത്തിൽ കൂടുതൽ ശക്തിപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ഡിജിറ്റൽ സാക്ഷരത മുഖ്യധാരയാക്കിക്കൊണ്ടും ബ്ലെൻഡഡ് ലേണിംഗ്, ഡിജിറ്റൽ ലൈബ്രറികൾ, AI അധിഷ്ഠിത ഉപകരണങ്ങൾ, അധ്യാപക പരിശീലനം എന്നിവ സംയോജിപ്പിച്ചുകൊണ്ടും ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഈ പുരോഗതിയെ കൂടുതൽ വേഗത്തിലാക്കുന്നു. ശരിക്കും തുല്യവും ഭാവിയിലേക്ക് സജ്ജവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ ദീക്ഷ (DIKSHA), സ്വയം (SWAYAM) തുടങ്ങിയ ദേശീയ പ്ലാറ്റ്‌ഫോമുകൾ വലിയ തോതിലുള്ള ഡിജിറ്റൽ കോഴ്സുകളിലൂടെയും സർട്ടിഫിക്കേഷനുകളിലൂടെയും സ്കൂൾ-ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നു. വെറും ലഭ്യതയിൽ നിന്ന് അവസരങ്ങളിലേക്ക് ഈ ഉൾച്ചേർക്കലിനെ വ്യാപിപ്പിച്ചുകൊണ്ട്, ഇൻസ്‌പയർ (INSPIRE) അവാർഡ്സ് - മാനക് (MANAK) പ്രോഗ്രാം 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന തലത്തിലുള്ള STEM നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ പെൺകുട്ടികളുടെയും SC, ST, OBC വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെയും ശക്തമായ പങ്കാളിത്തമുണ്ട്. ഈ സംരംഭങ്ങൾ ഒത്തുചേർന്ന് കേവലം കണക്റ്റിവിറ്റിക്കപ്പുറം ശേഷി വർദ്ധിപ്പിക്കലിലേക്ക് നീങ്ങുന്നു—ഡിജിറ്റൽ പഠനം തുല്യമായ പ്രാതിനിധ്യത്തിലേക്കും നവീകരണത്തിലേക്കും ഭാവിയിലേക്കാവശ്യമായ നൈപുണ്യങ്ങളിലേക്കും മാറുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
|
എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ പഠനം: സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ
- സ്കൂൾ വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലനത്തിനുമുള്ള ദീക്ഷ (DIKSHA) പ്ലാറ്റ്‌ഫോം 19,698-ലധികം കോഴ്സുകൾ നൽകുന്നു. ഇതിൽ 18.23 കോടി എൻറോൾമെന്റുകളും 14.57 കോടി (കോഴ്സ് പൂർത്തീകരണങ്ങളും (2025–26) രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എൻസിഇആർടി (NCERT) പാഠപുസ്തകങ്ങളും AI അധിഷ്ഠിത വിഭവങ്ങളും ഉൾപ്പെടെയുള്ള ബഹുഭാഷാപരവും സംവേദനാത്മകവുമായ ഉള്ളടക്കം പ്രദാനം ചെയ്യുന്നു.
- പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള 18,500-ലധികം കോഴ്സുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്വയം (SWAYAM) ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നു. ഇതിൽ 6.1 കോടിയിലധികം എൻറോൾമെന്റുകൾ രേഖപ്പെടുത്തുകയും 53.7 ലക്ഷം സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. 2026 ജനുവരിയിൽ മാത്രം ഏകദേശം 50 ലക്ഷം എൻറോൾമെന്റുകൾ ഉൾപ്പെടെ ഈ പ്ലാറ്റ്‌ഫോമിന് വലിയ തോതിലുള്ള സ്വീകാര്യത തുടർന്നും ലഭിക്കുന്നുണ്ട്.
- 2008-ൽ ആരംഭിച്ച ഇൻസ്‌പയർ-മാനക്, പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികളുടെ ആശയങ്ങൾ തിരഞ്ഞെടുക്കുകയും പ്രോട്ടോടൈപ്പ് നിർമ്മാണത്തിനായി 10,000 രൂപ ഗ്രാന്റും ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മെന്ററിംഗും നൽകുകയും ചെയ്യുന്നു. 2025–26 കാലയളവിൽ ഇത് 11.47 ലക്ഷം ആശയങ്ങൾ സമാഹരിച്ചു. ഇതിൽ 52% പെൺകുട്ടികളിൽ നിന്നും 84% ഗ്രാമീണ സ്കൂളുകളിൽ നിന്നുമായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ പ്രാതിനിധ്യത്തോടെ ഇതുവരെ ആകെ 1,40,316 വിദ്യാർത്ഥികളെ ഈ പദ്ധതി പിന്തുണച്ചിട്ടുണ്ട്.
|
കൂടാതെ, ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം അവകാശങ്ങളിൽ അധിഷ്ഠിതവും എല്ലാവർക്കും പ്രാപ്യവുമാണ്. 2016-ലെ ഭിന്നശേഷി അവകാശ നിയമം വിവര-വിനിമയ സാങ്കേതികവിദ്യയുടെ (ICT) പ്രാപ്യത നിർബന്ധമാക്കുന്നു. അതേസമയം യുണീക് ഡിസബിലിറ്റി ഐഡി (UDID) പദ്ധതി വഴി 1,34,73,833 ഡിജിറ്റൽ ഭിന്നശേഷി കാർഡുകൾ (89,06,328 പുരുഷന്മാർ; 45,65,166 സ്ത്രീകൾ; 2,338 മറ്റുള്ളവർ) വിതരണം ചെയ്യുകയും രാജ്യത്തുടനീളമുള്ള ക്ഷേമ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനം ലഘൂകരിക്കുകയും ചെയ്തു. ഇതിന് പൂരകമായി, ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ 3,189 ഇ-കണ്ടന്റ് വീഡിയോകൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ആംഗ്യഭാഷാ (ISL) ഡിജിറ്റൽ ശേഖരം വികസിപ്പിച്ചെടുത്തു. ഇതിൽ 100 STEM പദങ്ങളും ഇന്ത്യൻ ആംഗ്യഭാഷാ രൂപത്തിലുള്ള 18 നാഷണൽ ബുക്ക് ട്രസ്റ്റ് ടൈറ്റിലുകളും ഉൾപ്പെടുന്നു. ഇത് എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസം വ്യാപിപ്പിക്കുകയും ഡിജിറ്റൽ ഉൾച്ചേർക്കൽ അവകാശങ്ങളിൽ അധിഷ്ഠിതവും ഡാറ്റാധിഷ്ഠിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
PMGDISHA, DIKSHA, SWAYAM എന്നിവ മുതൽ ഇൻസ്‌പയർ-മാനകിന്റെ താഴെത്തട്ടിലുള്ള STEM ശാക്തീകരണവും ഭിന്നശേഷിക്കാർക്കായുള്ള അവകാശധിഷ്ഠിത പ്രാപ്യതയും വരെ നീളുന്ന ഇന്ത്യയുടെ സമഗ്രമായ ഡിജിറ്റൽ സാക്ഷരതാ ആവാസ വ്യവസ്ഥ കണക്റ്റിവിറ്റിയെ യഥാർത്ഥ ശേഷിയായും അവസരമായും ഉൾച്ചേർക്കലായും പരിവർത്തിപ്പിച്ചു. ഗ്രാമീണ മേഖലകൾക്കും പെൺകുട്ടികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും അർഹമായ സേവനങ്ങൾ ലഭിക്കാത്ത വിഭാഗങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ, ഈ സംരംഭങ്ങൾ ഡിജിറ്റൽ വിടവ് ഫലപ്രദമായി ഇല്ലാതാക്കുകയും ഓരോ ഇന്ത്യക്കാരെയും ഡിജിറ്റൽ-ഫസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കാനുള്ള നൈപുണ്യവും പ്രവേശനവും ആത്മവിശ്വാസവും നൽകി സജ്ജമാക്കുകയും ചെയ്യുന്നു. ജനകേന്ദ്രീകൃതമായ ഈ സമീപനം ആരെയും പിന്നിലാക്കാത്ത സമത്വപൂർണ്ണവും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ പരിവർത്തനത്തിന്റെ ആഗോള മാതൃകയായി ഭാരതത്തെ മാറ്റുന്നു.
പൊതു സേവന കേന്ദ്രങ്ങൾ (CSC): അവസാന മൈൽ ഡിജിറ്റൽ പ്രവേശനം

ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ സി.എസ്.സികൾ(CSC) അവസാന മൈൽ വരെ പൊതുസേവനങ്ങൾ എത്തിച്ചുകൊണ്ട് ഗ്രാമീണ-വിദൂര മേഖലകളിലെ ഡിജിറ്റൽ വിടവ് ഇല്ലാതാക്കുന്ന സഹായകരമായ ഡിജിറ്റൽ ആക്സസ് പോയിന്റുകളായി പ്രവർത്തിക്കുന്നു. 6.5 ലക്ഷത്തിലധികം വരുന്ന വില്ലേജ് ലെവൽ സംരംഭകർ (VLE) നടത്തുന്ന സി.എസ്.സികൾ, ഉപകരണങ്ങളോ വിശ്വസനീയമായ കണക്റ്റിവിറ്റിയോ മതിയായ ഡിജിറ്റൽ സാക്ഷരതയോ ഇല്ലാത്ത പൗരന്മാർക്ക് അത്യാവശ്യമായ ഓൺലൈൻ സേവനങ്ങളിലേക്ക് ഉൾക്കൊള്ളുന്ന പ്രവേശനം ഉറപ്പാക്കുന്ന സുപ്രധാനമായ ഒരു ഫിസിക്കൽ-ഡിജിറ്റൽ ഇന്റർഫേസ് ആയി വർത്തിക്കുന്നു. സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമതല സ്ഥാപനങ്ങളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ഉൾച്ചേർക്കുന്നതിലൂടെ, സി.എസ്.സികൾ സേവന ലഭ്യതയ്ക്കുള്ള തടസ്സങ്ങൾ വ്യവസ്ഥാപിതമായി കുറയ്ക്കുകയും സാമ്പത്തിക ഉൾച്ചേർക്കൽ വർദ്ധിപ്പിക്കുകയും ഡിജിറ്റൽ അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിലൂടെ കണക്റ്റിവിറ്റിയെ താഴെത്തട്ടിലുള്ള യഥാർത്ഥ സാമൂഹിക-സാമ്പത്തിക ശാക്തീകരണമാക്കി മാറ്റുന്നു.
|
ഗ്രാമീണ സാമ്പത്തിക സംയോജനം പ്രാപ്തമാക്കുന്ന ഡിജിറ്റൽ ഉൾച്ചേർക്കൽ
- 2026 ജനുവരിയിലെ കണക്കനുസരിച്ച്, ദേശീയ കാർഷിക വിപണി (e-NAM) പദ്ധതിക്ക് കീഴിൽ 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.79 കോടി കർഷകരും 1,522 മണ്ഡികളും ഡിജിറ്റലായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. 2024-25 കാലയളവിൽ 2.04 കോടി മെട്രിക് ടണ്ണിലധികം വ്യാപാരം ഇതിലൂടെ രേഖപ്പെടുത്തി, ഇത് മികച്ച വില കണ്ടെത്തുന്നതിനും വിപണി ലഭ്യതയ്ക്കും സഹായിക്കുന്നു.
- ദീനദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന് (DAY-NRLM) കീഴിലുള്ള 1.49 ലക്ഷം ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌മാരും (BC സഖി), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) കീഴിലുള്ള 99% ഇലക്ട്രോണിക് വേതന വിതരണവും നേരിട്ടുള്ള വരുമാന ഒഴുക്ക് ഉറപ്പാക്കുന്നു.
- പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G), നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (NSAP) തുടങ്ങിയ പദ്ധതികൾ സുതാര്യവും സമയബന്ധിതവുമായ ആനുകൂല്യ വിതരണത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ പ്രയോജനപ്പെടുത്തുന്നു.
|
പി.എം-വാണി: ഇന്ത്യയ്ക്കായി കുറഞ്ഞ നിരക്കിൽ വൈ-ഫൈ

പ്രത്യേകിച്ച് ഗ്രാമീണ-വിദൂര മേഖലകളിൽ കുറഞ്ഞ നിരക്കിൽ അതിവേഗ പൊതു ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിനായി 2020 ഡിസംബറിലാണ് പി.എം-വാണി (പ്രൈം മിനിസ്റ്റർ വൈ-ഫൈ ആക്സസ് നെറ്റ്‍വർക്ക് ഇൻ്റർഫേസ്) ആരംഭിച്ചത്. ഈ പദ്ധതി പബ്ലിക് ഡാറ്റാ ഓഫീസുകൾ (PDO) വഴി വികേന്ദ്രീകൃതവും ലൈസൻസ് ആവശ്യമില്ലാത്തതുമായ ഒരു പൊതു വൈ-ഫൈ മാതൃകയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ബ്രോഡ്‌ബാൻഡ് വ്യാപനം വർദ്ധിപ്പിക്കുന്നതോടൊപ്പം പ്രാദേശിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 207 പി.ഡി.ഒ അഗ്രഗേറ്റർമാരുടെയും 113 ആപ്പ് പ്രൊവൈഡർമാരുടെയും പിന്തുണയോടെ രാജ്യത്തുടനീളം 4,09,111 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. പ്രാദേശികമായി പ്രവർത്തിപ്പിക്കുന്ന വൈ-ഫൈ ആക്സസ് പോയിന്റുകളിലൂടെ കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ, ഡിജിറ്റൽ വിടവ് ഇല്ലാതാക്കുന്നതിലും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലും പി.എം-വാണി സുപ്രധാന പങ്ക് വഹിക്കുന്നു. അവസാന മൈൽ ലഭ്യത, സാക്ഷരതാ പരിപാടികൾ, കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റ് എന്നിവയെ വിപണികളെയും സാമൂഹിക പദ്ധതികളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കുന്നത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം വളർത്തുകയും ചെയ്യുന്നു.
ഭാവിസജ്ജമായ ഭാരതത്തിനായി ഡിജിറ്റൽ നൈപുണ്യ വികസനം

ഇന്ത്യാ ഗവൺമെൻ്റ് ഡിജിറ്റൽ ഉൾച്ചേർക്കലിനെ വെറും ലഭ്യത എന്നതിൽ നിന്ന് വിപുലമായ ശേഷി വർദ്ധിപ്പിക്കലിലേക്ക് മാറ്റുകയാണ്. ഇതിലൂടെ എല്ലാ പൗരന്മാർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നു. സംയോജിത നൈപുണ്യ വികസനം, നവീനത, സംരംഭകത്വ സംരംഭങ്ങൾ എന്നിവയിലൂടെ രാജ്യത്തിലെ യുവാക്കളെ നൂതനാശയങ്ങൾ കണ്ടെത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നഗര-ഗ്രാമ ഇന്ത്യയിലുടനീളം സാമ്പത്തിക വളർച്ച നയിക്കാനും പ്രാപ്തരാക്കുന്നു.
അടൽ ഇന്നൊവേഷൻ മിഷൻ (AIM) 722 ജില്ലകളിലായി 10,000-ലധികം അടൽ ടിങ്കറിംഗ് ലാബുകൾ (ATL) സ്ഥാപിച്ചു. ഇതിൽ 1.1 കോടി വിദ്യാർത്ഥികൾ പങ്കുചേരുന്നു. കൂടാതെ 2025 ഡിസംബറിലെ കണക്കനുസരിച്ച് 50,000 എ.ടി.എല്ലുകൾ (ATL) കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) എന്നിവയിൽ പ്രായോഗിക പരിചയം നേടിക്കൊണ്ട് വിദ്യാർത്ഥികൾ 16 ലക്ഷത്തിലധികം നവീന പ്രോജക്റ്റുകൾ വികസിപ്പിച്ചെടുത്തു. ഇത് സാങ്കേതിക വിദ്യയിൽ അറിവുള്ള ഒരു തലമുറയ്ക്ക് അടിത്തറയിടുന്നു.

MeitY-യും NASSCOM-ഉം ചേർന്ന് നയിക്കുന്ന ഫ്യൂച്ചർ സ്കിൽസ് പ്രൈം 29 ലക്ഷം ഉദ്യോഗാർത്ഥികളെ പങ്കുചേർത്തിട്ടുണ്ട്. ഇതിൽ 17.9 ലക്ഷം എൻറോൾമെന്റുകളും 7 ലക്ഷത്തിലധികം യൂണിക് ബാഡ്ജ് ഹോൾഡർമാരുമുണ്ട് (ഇതിൽ 41% സ്ത്രീകളാണ്). യൂറോപ്യൻ കമ്മീഷന്റെ 'പാക്ട് ഫോർ സ്കിൽസ് റിപ്പോർട്ട് 2024'-ൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഈ പ്രോഗ്രാം, പഠിതാക്കളെ AI, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് എന്നിവയിൽ വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യങ്ങൾ നൽകി സജ്ജമാക്കുന്നു.

10,300 കോടി രൂപ ചെലവ് വരുന്ന ഇന്ത്യാഎഐ മിഷൻ 38,000 ജി.പി.യു-കൾ (GPU) പ്രവർത്തനക്ഷമമാക്കി (20,000 എണ്ണം കൂടി പദ്ധതിയിലുണ്ട്). കൂടാതെ മണിക്കൂറിന് 65 രൂപ എന്ന സബ്‌സിഡി നിരക്കിൽ കമ്പ്യൂട്ടിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യാ എഐകോഷ് 20 മേഖലകളിലായി 9,500-ലധികം ഡാറ്റാസെറ്റുകളും 273 എഐ മോഡലുകളും നൽകുന്നു. ഇത് രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെയും ഗവേഷകരെയും നവീന ആശയങ്ങൾ കൊണ്ടുവരുന്നവരെയും പിന്തുണയ്ക്കുന്നു.
സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്ക് കീഴിൽ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016-ലെ 400-ൽ നിന്ന് 2025-ഓടെ 2 ലക്ഷത്തിലധികമായി വർദ്ധിച്ചു. ഇത് 21 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. നിലവിൽ 50% സ്റ്റാർട്ടപ്പുകളും ടയർ-II, ടയർ-III നഗരങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇത് നവീന ആശയങ്ങളെ വികേന്ദ്രീകരിക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ച പ്രാപ്തമാക്കുകയും ചെയ്യുന്നു. നിധി (NIDHI) പ്രോഗ്രാമും അടൽ ഇൻകുബേഷൻ സെന്ററുകളും (AIC) പ്രാരംഭ ഘട്ടത്തിലുള്ള സംരംഭങ്ങളെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സംരംഭകത്വത്തെയും കൂടുതൽ പിന്തുണയ്ക്കുന്നു. സമീപകാല വിപുലീകരണങ്ങളിൽ 8 പുതിയ ഇൻക്ലൂസീവ് ടി.ബി.ഐകളും (iTBI), 10 ഒന്റർപ്രണർ-ഇൻ-റെസിഡൻസ് സെന്ററുകളും ഉൾപ്പെടുന്നു. അതേസമയം 72 അടൽ ഇൻകുബേഷൻ സെന്ററുകൾ (AIC) 3,500-ലധികം സ്റ്റാർട്ടപ്പുകളെ വളർത്തുകയും 32,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6,200-ലധികം 'മെന്റേഴ്സ് ഓഫ് ചേഞ്ചിന്റെ' പിന്തുണയോടെ 1,000-ലധികം വനിതാ സംരംഭങ്ങളെ സഹായിക്കുകയും ചെയ്തു.
മൊത്തത്തിൽ, ഈ കരുത്തുറ്റ സംരംഭങ്ങൾ തെളിയിക്കുന്നത് ഇന്ത്യയുടെ ഡിജിറ്റൽ ഉൾച്ചേർക്കൽ കേവലം ഉപകരണങ്ങൾക്കും ഡാറ്റയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു എന്നാണ്—ഇത് കഴിവുകൾ വളർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഓരോ ഗ്രാമത്തിലും നഗരത്തിലും വളർച്ച എത്തിക്കുന്നതിനും വേണ്ടിയുള്ളതാണ്. കണക്റ്റിവിറ്റിയെ നൈപുണ്യ വികസനം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സ്റ്റാർട്ടപ്പ് പിന്തുണ എന്നിവയുമായി കോർത്തിണക്കുന്നതിലൂടെ, ഇന്ത്യ തകർക്കാനാകാത്തതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഡിജിറ്റൽ പരിസ്ഥിതി നിർമ്മിക്കുകയാണ്. ഇത് വ്യാപകമായ പുരോഗതിക്ക് ആക്കം കൂട്ടുകയും സമത്വപൂർണ്ണമായ നവീകരണത്തിന്റെ ആഗോള മാതൃകയായി രാജ്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
ഇന്ത്യയുടെ ഒരു ദശകം നീണ്ടുനിന്ന ഡിജിറ്റൽ പരിവർത്തനം സാങ്കേതികവിദ്യ, ഭരണനിർവഹണം, വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ അടിസ്ഥാനപരമായി പുനർനിർമ്മിച്ചു. സാർവത്രിക കണക്റ്റിവിറ്റി, ശക്തമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, വിപുലമായ കമ്പ്യൂട്ടിംഗ് ശേഷി എന്നിവയുടെ സംയോജനത്തിലൂടെ നഗര-ഗ്രാമ-വിദൂര പ്രദേശങ്ങളിലെ പൗരന്മാർ ഇപ്പോൾ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പങ്കുചേരാൻ കൂടുതൽ പ്രാപ്തരാണ്. സി.എസ്.സികൾ (CSC), പി.എം.ജി.ദിശ (PMGDISHA), പി.എം-വാണി (PM-WANI) തുടങ്ങിയ പ്രോഗ്രാമുകളും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും STEM മേഖലയിലെ സ്ത്രീകൾക്കുമായുള്ള പ്രത്യേക ഇടപെടലുകളും കണക്റ്റിവിറ്റിയെ വ്യക്തമായ സാമൂഹിക-സാമ്പത്തിക ഫലങ്ങളാക്കി മാറ്റി. ഇത് വ്യക്തികളെ ശാക്തീകരിക്കുകയും പ്രാദേശിക നവീന ആശയങ്ങളുടെ പരിസ്ഥിതിയെ ശക്തിപ്പെടുത്തുകയും ചെയ്തു.
അതുപോലെതന്നെ പ്രധാനമാണ് യുവാക്കൾ, സ്റ്റാർട്ടപ്പുകൾ, ഡീപ്-ടെക് മേഖലകൾ എന്നിവയിലുള്ള ശ്രദ്ധ. ഇത് ഡിജിറ്റൽ ഉൾച്ചേർക്കൽ കേവലം സേവന ലഭ്യതയ്ക്കപ്പുറം നൈപുണ്യ വികസനം, സംരംഭകത്വം, ഉയർന്ന മൂല്യമുള്ള തൊഴിൽ എന്നിവയിലേക്കുള്ള വഴികൾ സൃഷ്ടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വിവിധ ഭൂപ്രദേശങ്ങളിലുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, നവീനത, സംരംഭകത്വം എന്നിവ സംയോജിപ്പിക്കുന്നതിലൂടെ ഇന്ത്യ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക മാത്രമല്ല, മറിച്ച് ഉൾക്കൊള്ളുന്ന വളർച്ചയും സമത്വപൂർണ്ണമായ അവസരങ്ങളും കരുത്തുറ്റ വിജ്ഞാന സമ്പദ്‌വ്യവസ്ഥയും വളർത്തുകയും ചെയ്യുന്നു. ഈ ബഹുതല സമീപനം ഡിജിറ്റൽ യുഗത്തിൽ സുസ്ഥിരമായ ശാക്തീകരണത്തിന് അടിത്തറയിടുന്നു, കൂടാതെ ഒരു പൗരൻ പോലും പിന്നിലാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
അവലംബം
Press Information Bureau
Others
Bridging Digital Divide
***
SK
(Explainer ID: 158514)
आगंतुक पटल : 35
Provide suggestions / comments