Industries
ഇന്ത്യയുടെ ഉരുക്ക് മേഖല സ്വയംപര്യാപ്തതയിലേക്ക്
ഉരുക്ക് മൂല്യ ശൃംഖലയിലുടനീളം ആഭ്യന്തര ശേഷി മെച്ചപ്പെടുത്തി ഇന്ത്യ
Posted On:
05 MAY 2026 3:51PM
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു "സൂര്യോദയ മേഖലയാണ്" ഇന്ത്യയിലെ ഉരുക്ക് വ്യവസായം. 2018 ൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് ഉത്പാദക രാജ്യമായി ഇന്ത്യ മാറി, ഈ സ്ഥാനം ഇന്ത്യയിപ്പോഴും നിലനിർത്തിപ്പോരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ, ആഭ്യന്തര ഉരുക്ക് ഉപഭോഗം ഇരട്ടിയിലധികം വർദ്ധിച്ചു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകതയ്ക്കിടയിലും കയറ്റുമതി വർദ്ധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്തു. സ്വാശ്രയത്വത്തിലേക്ക് മുന്നേറുന്നതിന്റെ സൂചനയാണിത്. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ഗവൺമെൻറ് അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിച്ചു. ഇന്ത്യൻ ഉരുക്ക് ഉത്പാദകർക്ക് ആഗോള വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തി. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി മുഖേനയുള്ള 23,022 കോടിയുടെ നിക്ഷേപം സ്പെഷ്യാലിറ്റി ഉരുക്ക് (പ്രത്യേക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഉരുക്ക്) ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ചു, ഇത് 2.4 ദശലക്ഷം ടൺ ഉത്പാദനവും 13,000-ത്തിലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ദേശീയ ഉരുക്ക് ഉത്പാദന ലക്ഷ്യത്തിന്റെ 66% കൈവരിക്കാൻ ഇന്ത്യയ്ക്കായിട്ടുണ്ട്. മുന്നോട്ടുള്ള പാതയിൽ, ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ട് ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന ഹരിത ഉരുക്കിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, 2070 ഓടെ പൂജ്യം കാർബൺ ബഹിർഗമനമെന്ന ലക്‌ഷ്യം കൈവരിക്കുന്നതിനായി ഈ മേഖലയെ കാർബൺ മുക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഉരുക്ക് വ്യവസായം ക്രമാനുഗതമായി ശക്തി പ്രാപിക്കുന്നു
ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ പ്രധാന ചാലകശക്തിയായ ഉരുക്ക് വ്യവസായം ക്രമാനുഗതമായി സ്വാശ്രയത്വത്തിലേക്ക് മുന്നേറുകയാണ്. 2018 ൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് ഉത്പാദക രാജ്യമായി മാറി, പ്രസ്തുത സ്ഥാനം ഇന്ത്യ നിലനിർത്തുന്നു. ആഗോള അസംസ്കൃത ഉരുക്ക് ഉത്പാദനത്തിൽ രാജ്യത്തിൻറെ വിഹിതം 2014 ലെ 5.2% ൽ നിന്ന് 2024 ൽ 7.9% ആയി വർദ്ധിച്ചു, ഇത് ആഗോള ഉരുക്ക് വിപണിയിൽ ഇന്ത്യയുടെ വളരുന്ന മത്സരശേഷിയും വികസിച്ചുകൊണ്ടിരിക്കുന്ന പങ്കും എടുത്തുകാണിക്കുന്നു.

വേൾഡ് സ്റ്റീൽ അസോസിയേഷന്റെ കണക്കനുസരിച്ച്, ഫിനിഷ്ഡ് സ്റ്റീലിന്റെ (നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഉരുക്ക്) ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ഉപഭോഗം ഗണ്യമായി വളർന്നു, 2014–15 ൽ 77 ദശലക്ഷം ടണ്ണിൽ നിന്ന് 2025–26 ൽ 163.7 ദശലക്ഷം ടണ്ണായി ഉയർന്നു. ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം, വികസിക്കുന്ന നഗരവത്ക്കരണം, ഉത്പാദനത്തിലെ ശക്തമായ വളർച്ച, ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത എന്നിവയാണ് ഈ വർദ്ധനവിന് കാരണം. വിഗഹവീക്ഷണത്തിൽ, വ്യാവസായിക പുരോഗതിക്കും സാമ്പത്തിക വികസനത്തിനും സുപ്രധാന സംഭാവനകൾ നൽകുന്ന ഇന്ത്യയുടെ ഉരുക്ക് മേഖലയുടെ നിരന്തര വളർച്ചയെ ഈ പ്രവണതകൾ എടുത്തുകാണിക്കുന്നു.
ആത്മനിർഭർ ഭാരത് ദർശനത്തിനും സ്വാശ്രയത്വത്തിനും അനുപൂരകമായി , ഇറക്കുമതി ചെയ്യുന്ന ഉരുക്കിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശക്തമായ ആഭ്യന്തര ഉരുക്ക് വ്യവസായം വികസിപ്പിക്കുന്നത് പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും. 2047 ഓടെ 500 ദശലക്ഷം ടൺ ഉരുക്ക് ഉത്പാദന ശേഷി കൈവരിക്കാനും 2070 ഓടെ പൂജ്യം കാർബൺ ബഹിർഗമനമെന്ന ലക്‌ഷ്യം കൈവരിക്കുന്നതിനായി ഈ മേഖലയെ കാർബൺ മുക്തമാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഉരുക്ക് വ്യവസായ മേഖലയുടെ ശക്തമായ പ്രകടനം
എഞ്ചിനീയറിംഗിലും നിർമ്മാണത്തിലും ആഗോളതലത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഉരുക്ക്, "സൂര്യോദയ മേഖലകളിൽ" ഒന്നായി ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തെയും വ്യാവസായിക വളർച്ചയെയും മുന്നോട്ട് നയിക്കുന്നതിൽ ഇത് നിർണ്ണായക പങ്ക് വഹിക്കുന്നു.
ഇന്ത്യയിലെ ഉരുക്ക് ഉത്പാദനം സ്ഥിരമായും ശക്തമായും വളർന്നുകൊണ്ടിരിക്കുന്നു. 2025 മാർച്ചിനെ അപേക്ഷിച്ച് 2026 മാർച്ചിൽ ഉത്പാദനം 2.2% വർദ്ധിച്ചു. 2025-26 സാമ്പത്തിക വർഷത്തെ സഞ്ചിത സൂചിക കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9.1% ശക്തമായ വളർച്ച രേഖപ്പെടുത്തി. ഇത് ഉയർന്ന ഉത്പാദന നിലവാരത്തെയും ഉരുക്കിനുള്ള ശക്തമായ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നു.
ഉരുക്ക് പ്രധാനമായും ഇരുമ്പ്, കാർബൺ (<2%), മാംഗനീസ് (1%) എന്നിവയും ചെറിയ അളവിൽ സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഓക്സിജൻ എന്നിവയും ചേർന്ന ഒരു ലോഹസങ്കരമാണ്.
|
Crude Steel (In MT)
|
|
|
FY 2022-23
|
FY 2023-24
|
FY 2024-25
|
FY 2025-26
|
|
Production
|
127.2
|
144.3
|
152.2
|
168.4
|
ഉരുക്ക് മേഖലയ്ക്ക് അത്യന്താപേക്ഷിതമായ ഉരുക്കിന്റെയും ഇരുമ്പിന്റെയും വ്യത്യസ്ത രൂപങ്ങളുണ്ട്. അവയിൽ ചിലത് ഇനിപ്പറയുന്നു:
അസംസ്കൃത ഉരുക്ക്
ദ്രാവക ഉരുക്ക് കട്ടിയാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഉരുക്കിന്റെ ആദ്യ ഖര രൂപമാണ് അസംസ്കൃത ഉരുക്ക്.
ഫിനിഷ്ഡ് സ്റ്റീൽ
സെമി-ഫിനിഷ്ഡ് സ്റ്റീലിനെ ഹോട്ട് റോളിംഗ് അല്ലെങ്കിൽ ഫോർജിംഗ് വഴി രൂപപ്പെടുത്തി നിർമ്മിക്കുന്ന അന്തിമ ഉത്പന്നമാണ് ഫിനിഷ്ഡ് സ്റ്റീൽ.
|
Production of Steel Categories
|
|
Categories
|
April-September
2024-25 (MT)
|
April-September
2025-26 (MT)
|
Growth (%)
|
|
Hot Metal
|
43.99
|
47.21
|
7.3
|
|
Pig Iron
|
4.04
|
4.31
|
6.6
|
|
Sponge Iron
|
27.00
|
29.46
|
9.1 
|
ഹോട്ട് മെറ്റൽ, പിഗ് ഇരുമ്പ്, സ്പോഞ്ച് ഇരുമ്പ്
"ഉരുക്ക് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തുക്കളായി വർത്തിക്കുന്ന ഇരുമ്പിന്റെ പ്രധാന തരങ്ങളാണ് ഹോട്ട് മെറ്റൽ, പിഗ് ഇരുമ്പ്, സ്പോഞ്ച് ഇരുമ്പ്."
|
Finished Steel (In MT)
|
|
|
FY 2022-23
|
FY 2023-24
|
FY 2024-25
|
FY 2025-26
|
|
Production
|
123.2
|
139.2
|
146.7
|
160.9
|
|
Consumption
|
119.9
|
136.3
|
152.1
|
163.7
|
അസംസ്കൃത ഉരുക്ക്
മറ്റ് ഉരുക്ക് ഉത്പന്നങ്ങൾക്ക് അസംസ്കൃത വസ്തുവായി വർത്തിക്കുന്ന അസംസ്കൃത ഉരുക്ക് മേഖല ഇന്ത്യയിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2004–05 ലെ 43.44 ദശലക്ഷം ടണ്ണിൽ നിന്ന് 2014–15 ൽ 88.98 ദശലക്ഷം ടണ്ണായും 2025–26 ൽ 168.4 ദശലക്ഷം ടണ്ണായും ഉത്പാദനം വർദ്ധിച്ചു, ഇത് ആഗോള ഉരുക്ക് വ്യവസായത്തിൽ ഇന്ത്യയുടെ സ്ഥിരതയെയും നിരന്തര വികാസത്തെയും വെളിവാക്കുന്നു. 2021–22 നും 2025–26 നും ഇടയിൽ, അസംസ്കൃത ഉരുക്ക് ഉത്പാദനം ഏകദേശം 9% എന്ന സഞ്ചിത വാർഷിക വളർച്ചാ നിരക്ക് (CAGR ) രേഖപ്പെടുത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 2025–26 സാമ്പത്തിക വർഷത്തിൽ 10.7% വർധനവും ഉണ്ടായി.

ഹോട്ട് മെറ്റൽ, പിഗ് ഇരുമ്പ്, സ്പോഞ്ച് ഇരുമ്പ്
ബ്ലാസ്റ്റ് ഫർണസുകളിൽ ഉത്പാദിപ്പിക്കുന്ന ദ്രാവക ഇരുമ്പായ ഹോട്ട് മെറ്റലിന്റെ ഉത്പാദനം 2025–26 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.3% വർദ്ധിച്ചു. ബ്ലാസ്റ്റ് ഫർണസുകളുടെ മറ്റൊരു നേരിട്ടുള്ള ഉത്പന്നമായ പിഗ് ഇരുമ്പ്, ഇതേ കാലയളവിനെ അപേക്ഷിച്ച് 6.6% വർദ്ധിച്ചു. ഡയറക്ട്-റെഡ്യൂസ്ഡ് ഇരുമ്പ് എന്നും അറിയപ്പെടുന്ന സ്പോഞ്ച് ഇരുമ്പ്, ഉത്പാദനത്തിൽ 9.1% വർദ്ധനവോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഇന്ത്യയിലെ ഉരുക്ക് വ്യവസായത്തിലെ പ്രധാന വിഭാഗങ്ങളിലുടനീളമുള്ള വളർച്ചയെ ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു.
ഫിനിഷ്ഡ് സ്റ്റീൽ
ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കും നിർമ്മാണത്തിനും അടിസ്ഥാന വസ്തുവായി വർത്തിക്കുന്ന ഫിനിഷ്ഡ് സ്റ്റീലിന്റെ ഉത്പാദനം 160.9 മെട്രിക് ടൺ ആയി, ഇത് 2025-26 സാമ്പത്തിക വർഷത്തിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.7% വർദ്ധനവ് കാണിക്കുന്നു. അതേസമയം, ഫിനിഷ്ഡ് സ്റ്റീലിന്റെ ആഭ്യന്തര ഉപഭോഗം 163.7 ദശലക്ഷം ടണ്ണായി തുടർന്നു, ഇത് 7.6% വളർച്ചയും സുസ്ഥിരമായ ആഭ്യന്തര ആവശ്യകതയും വ്യക്തമാക്കുന്നു.
ഉരുക്കിന്റെ വ്യാപാര ചരിത്രം
ഉരുക്ക് വ്യാപാര രംഗത്തെ ഇന്ത്യയുടെ പ്രകടനം ആഭ്യന്തര വ്യവസായം ശക്തിപ്പെടുകയും മത്സരാധിഷ്ഠിതമായി വളരുകയും ചെയ്യുന്നതിനെ പ്രതിഫലിപ്പിക്കുന്നു. 2026 മാർച്ചിൽ, ഉരുക്ക് കയറ്റുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 29.1% വർദ്ധിച്ചു, അതേസമയം ഇറക്കുമതി 9.5% കുറഞ്ഞു. ഇത് ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുകയും വിദേശ വിതരണത്തിലുള്ള ആശ്രയത്വം കുറയുകയും ചെയ്യുന്നതിന്റെ ലക്ഷണമാണ്. വിശ്വസനീയമായ ഒരു ആഗോള ഉരുക്ക് വിതരണ രാജ്യമായി മാറാനും വളരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റാനുള്ള ഇന്ത്യയുടെ മെച്ചപ്പെട്ട ശേഷിയെ ഈ പ്രവണത എടുത്തുകാണിക്കുന്നു.
ഇരുമ്പ്, ഉരുക്ക് ലോഹസങ്കരങ്ങളുടെ മുൻനിര കയറ്റുമതി രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഉരുക്കിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നത് വിദേശനാണ്യ വരുമാനം വർദ്ധിപ്പിക്കുന്നു, ഇത് രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ സ്വയംപര്യാപ്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു വ്യാവസായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന വിശാലമായ ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.
2026 മാർച്ചിൽ, ഇന്ത്യയിൽ നിന്ന് ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ വിയറ്റ്നാം, ബെൽജിയം, തായ്‌വാൻ എന്നിവയായിരുന്നു. ഇന്ത്യയുടെ മൊത്തം ഫിനിഷ്ഡ് സ്റ്റീൽ കയറ്റുമതിയുടെ പകുതിയിലധികവും ഈ മൂന്ന് രാജ്യങ്ങളിലേക്കാണ് നടന്നത്.
കൂടാതെ, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2025–26 സാമ്പത്തിക വർഷത്തിൽ ഫിനിഷ്ഡ് സ്റ്റീലിന്റെ കയറ്റുമതി 35.80% വർദ്ധിച്ചു. അതേസമയം, ഇതേ കാലയളവിൽ ഇറക്കുമതി 46.47% കുറഞ്ഞു.
ഉരുക്ക് മേഖലയ്ക്ക് പിന്തുണയേകുന്ന ഗവൺമെന്റിന്റെ പരിഷ്കാരങ്ങൾ
അസംസ്കൃത വസ്തുക്കളുടെ ലഭ്യത ശക്തിപ്പെടുത്തുന്നതിനും ആഗോള വിപണി പ്രവേശനം ഉറപ്പാക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും ഗവൺമെന്റ് ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത നടപടികൾ ഉത്പാദനച്ചെലവ് കുറയ്ക്കുകയും ഉരുക്ക് വ്യവസായത്തിന്റെ വളർച്ചയ്ക്ക് കാരണമാവുകയും എംഎസ്എംഇകളെയും ചെറുകിട സ്റ്റീൽ ഉത്പാദകരെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
നിയന്ത്രണങ്ങൾ നീക്കം ചെയ്ത ഒരു മേഖലയാണ് ഉരുക്ക് വ്യവസായം. വ്യവസായത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയ സമീപനങ്ങളിലൂടെ ഗവൺമെന്റ് മേഖലയുടെ വളർച്ചയെ സഹായിക്കുന്നു.
സ്പെഷ്യാലിറ്റി സ്റ്റീലിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതി
ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതി ഒരു ഗവൺമെന്റ് സംരംഭമാണ്. വിൽപ്പനയിലെ വർദ്ധനവിനെ അടിസ്ഥാനമാക്കി അർഹതയുള്ള കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഉത്പാദന ശേഷി മെച്ചപ്പെടുത്തുതുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

നൂതന ഉത്പാദന പ്രക്രിയകളിലൂടെ ഉരുക്കിൽ നിന്ന് നിർമ്മിക്കുന്ന മൂല്യവർധിത ഉത്പന്നമാണ് സ്പെഷ്യാലിറ്റി സ്റ്റീൽ. ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർന്ന മൂല്യമുള്ള ഉരുക്കിന്റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന 14 മേഖലകളിൽ ഒന്നാണിത്. 2021 ൽ 6,322 കോടി രൂപ ചെലവിൽ ആരംഭിച്ച ഈ പദ്ധതി ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ഉരുക്ക് കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും, നൂതനവും ഉന്നത മൂല്യവുമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഇത് ഇന്ത്യൻ ഉരുക്ക് വ്യവസായത്തെ സഹായിക്കും.
നിർദ്ദിഷ്ട നിക്ഷേപ, ഉത്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്ന കമ്പനികൾക്ക് 5 വർഷത്തേക്ക് (2024-25 സാമ്പത്തിക വർഷം - 2030-31 സാമ്പത്തിക വർഷം) ഈ പദ്ധതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി പ്രകാരം, കയറ്റുമതി മൂന്നിരട്ടിയിലധികം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, 2023-24 മുതൽ 2029-30 വരെ ഇറക്കുമതി ഏകദേശം നാലിലൊന്നായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഉരുക്ക് മന്ത്രാലയത്തിന്റെ പിഎൽഐ 1.0, പിഎൽഐ 1.1 പദ്ധതികളിൽ ആകെ 44,106 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധത ഉണ്ടായിരുന്നു. ഈ പദ്ധതികൾ നേരിട്ട് 33,460 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉരുക്ക് ഉത്പാദനം 14,340 ആയിരം ടൺ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പിഎൽഐ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ ഇവയാണ്:
3,022 കോടി നിക്ഷേപം യാഥാർത്ഥ്യമായി
2.4 ദശലക്ഷം ടൺ സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനം
13,264 പ്രത്യക്ഷ തൊഴിലവസരങ്ങൾ
236 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ
24 ദശലക്ഷം ടൺ സ്പെഷ്യാലിറ്റി സ്റ്റീൽ ശേഷി
6,000 കോടി രൂപയുടെ ഇറക്കുമതി ബദൽ
PLI 1.2 എന്നറിയപ്പെടുന്ന PLI പദ്ധതിയുടെ മൂന്നാം റൗണ്ട് 2025 നവംബറിൽ പ്രഖ്യാപിച്ചു, ഇത് നൂതനവും ഉയർന്നുവരുന്നതുമായ ഉരുക്ക് ഉത്പന്നങ്ങളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാല് ഉത്പന്ന വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 85 വ്യത്യസ്ത ആപ്ലിക്കേഷനുകൾ PLI 1.2 ൽ ഉൾപ്പെടുന്നു.
തന്ത്രപരമായ മേഖലയ്ക്കുള്ള സ്റ്റീൽ ഗ്രേഡുകൾ,
വാണിജ്യ ഗ്രേഡുകൾ - കാറ്റഗറി 1,
വാണിജ്യ ഗ്രേഡുകൾ - കാറ്റഗറി 2, കൂടാതെ
കോട്ടഡ് ആൻഡ് വയർ ഉത്പന്നങ്ങൾ.
2025–26 സാമ്പത്തിക വർഷം മുതൽ അഞ്ച് വർഷത്തേക്ക് 4% മുതൽ 15% വരെ പ്രോത്സാഹന നിരക്കുകൾ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പ്രോത്സാഹന വിതരണം 2026–27 സാമ്പത്തിക വർഷം മുതൽ ആരംഭിക്കും.
അടുത്തിടെ, പിഎൽഐ 1.2 പ്രകാരം 85 സ്പെഷ്യാലിറ്റി സ്റ്റീൽ പദ്ധതികൾക്കായി 55 കമ്പനികളുമായി ഗവൺമെന്റ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഈ പദ്ധതികളിൽ ആകെ 11,887 കോടി രൂപയുടെ നിക്ഷേപമുണ്ട്, കൂടാതെ ഏകദേശം 8.29 ദശലക്ഷം ടൺ ഉരുക്ക് ഉത്പാദന ശേഷി കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹനം
ആഭ്യന്തര ഉരുക്ക് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ ദീർഘകാല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഗവൺമെന്റ് നയാധിഷ്ഠിത സമീപനമാണ് പിന്തുടരുന്നത്.
ആഭ്യന്തരമായി നിർമ്മിച്ച ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന (DMI&SP) നയം:
2025 മെയ് മാസത്തിൽ പരിഷ്‌ക്കരിച്ച ഈ നയം, ഗവൺമെന്റ് സംഭരണത്തിൽ ആഭ്യന്തരമായി നിർമ്മിച്ച ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങൾക്ക് (DMI&SP) മുൻഗണന നൽകുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങൾ പട്ടികപ്പെടുത്തുകയും ഏറ്റവും കുറഞ്ഞ ആഭ്യന്തര ഉള്ളടക്ക ആവശ്യകതകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഉത്പാദനത്തിന് ആവശ്യമായ ചില മൂലധന വസ്തുക്കളെയും ഈ നയം വിശദീകരിക്കുന്നു. കൂടാതെ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് പ്രാദേശിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. നിരന്തര നിരീക്ഷണവും ഫീഡ്‌ബാക്ക് സംവിധാനങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നയം സുതാര്യമായും ഉത്തരവാദിത്തത്തോടെയും സുസ്ഥിരമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ആഭ്യന്തര ഉരുക്ക് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി 'മെൽറ്റ് ആൻഡ് പവർ റൂൾ' അവതരിപ്പിച്ചു. ഈ ചട്ടമനുസരിച്ച്, അസംസ്കൃത ഉരുക്കിന്റെ പ്രാരംഭ നടപടികൾ മുതൽ എല്ലാം പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം. പ്രാദേശിക സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും, ഇത് രാജ്യത്തെ കൂടുതൽ സ്വാശ്രയമാക്കാൻ സഹായിക്കുന്നു.
ദേശീയ ഉരുക്ക് നയം:
2030–31 ആകുമ്പോഴേക്കും ഇന്ത്യയുടെ അസംസ്കൃത ഉരുക്ക് ഉത്പാദന ശേഷി പ്രതിവർഷം 300 ദശലക്ഷം ടണ്ണായും യഥാർത്ഥ ഉത്പാദനം പ്രതിവർഷം 255 ദശലക്ഷം ടണ്ണായും ഉയർത്തുക എന്നതാണ് 2017 ലെ ദേശീയ ഉരുക്ക് നയത്തിന്റെ ലക്ഷ്യം. ഫിനിഷ്ഡ് സ്റ്റീലിന്റെ പ്രതിശീർഷ ഉപഭോഗം നിലവിലെ 61 കിലോഗ്രാമിൽ നിന്ന് 158 കിലോഗ്രാമായി ഉയർത്താനും ഇത് ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള ഓട്ടോമോട്ടീവ്, ഇലക്ട്രിക്കൽ, സ്പെഷ്യാലിറ്റി സ്റ്റീലുകൾക്കായുള്ള ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിൽ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ 2030–31 ആകുമ്പോഴേക്കും ഇറക്കുമതി ചെയ്ത കോക്കിംഗ് കൽക്കരിയെ ആശ്രയിക്കുന്നത് 85% ൽ നിന്ന് 65% ആയി കുറയ്ക്കാനും ലക്ഷ്യമിടുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 168 ദശലക്ഷം ടൺ അസംസ്കൃത ഉരുക്ക് ഉത്പാദിപ്പിച്ചു, അതായത് 2017 ലെ ദേശീയ ഉരുക്ക് നയ പ്രകാരം നിശ്ചയിച്ചിട്ടുള്ള ഉത്പാദന ലക്ഷ്യത്തിന്റെ ഏകദേശം 66% കൈവരിക്കാനായി. ഉരുക്ക് ഉത്പാദന ശേഷിയുടെ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ഗണ്യമായ പുരോഗതി ഇത് പ്രകടമാക്കുന്നു.
അടിസ്ഥാന സൗകര്യ പദ്ധതികൾ
2023-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ഉരുക്ക് ആവശ്യകതയുടെ ഭൂരിഭാഗവും നിർമ്മാണ, അടിസ്ഥാന സൗകര്യ മേഖലകളിലാണ്, ഇത് മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 68% ആയിരുന്നു. എഞ്ചിനീയറിംഗ്, പാക്കേജിംഗ് മേഖലകൾ ഏകദേശം 22% സംഭാവന ചെയ്തു, അതേസമയം ഓട്ടോമൊബൈൽ വ്യവസായം ഏകദേശം 9% സംഭാവന ചെയ്തു.
നിങ്ങൾക്കറിയാമോ?
കലിംഗനഗർ, അംഗുൽ, റൂർക്കേല, ജാർസുഗുഡ, നഗർനാർ, ഭിലായ്, റായ്പൂർ, ജംഷഡ്പൂർ, ബൊക്കാറോ, ദുർഗാപൂർ, കൊൽക്കത്ത, വിസാഗ് എന്നിവിടങ്ങളാണ് ഇന്ത്യയുടെ പ്രധാന ഉരുക്ക് മേഖലകൾ.
കേന്ദ്രീകൃത ഉരുക്ക് വ്യവസായത്തിനായുള്ള പ്രത്യേക മേഖലകൾ
12 പ്രധാന സ്റ്റീൽ സോണുകളിലുടനീളമുള്ള ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ പദ്ധതികൾ ഗവൺമെന്റ് വേഗത്തിലാക്കിവരികയാണ്. മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും തടസ്സങ്ങൾ ലഘൂകരിക്കുന്നതിനും ലോകോത്തര മൾട്ടിമോഡൽ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനുമായി മുൻഗണനാക്രമത്തിൽ റെയിൽ, റോഡ്, തുറമുഖ വിപുലീകരണങ്ങൾ നടന്നുവരികയാണ്.
പിഎം ഗതിശക്തി മാസ്റ്റർപ്ലാൻ (ഒക്ടോബർ, 2021):
2,100-ലധികം സജീവ ഉരുക്കു നിർമ്മാണ ശാലകളുടെ ജിയോലൊക്കേഷൻ ഡാറ്റ ഉരുക്ക് മന്ത്രാലയം പിഎം ഗതിശക്തി പ്ലാറ്റ്‌ഫോമിൽ പങ്കു വച്ചു. യൂണിറ്റുകൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്, ഏതൊക്കെ തരം ഉരുക്കുത്പന്നങ്ങൾ നിർമ്മിക്കുന്നു, എത്രത്തോളം ഉത്പാദിപ്പിക്കാൻ കഴിയും എന്നിവ ഈ ഡാറ്റയിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ, ഗതാഗതത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്താനും ഗവൺമെന്റ് ലക്ഷ്യമിടുന്നു.
ഇറക്കുമതി ആശ്രിതത്വം കുറഞ്ഞു
അസംസ്കൃത വസ്തുക്കളുടെ സ്ഥായിയായ വിതരണം ഉറപ്പാക്കുന്നതിനും ഗുണ നിലവാരം ഉയർത്തുന്നതിനും ഉരുക്ക് വ്യവസായത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനുമായി ഗവൺമെന്റ് വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
2024–25 ലെ കേന്ദ്ര ബജറ്റിൽ, ഫെറോ നിക്കൽ, മോളിബ്ഡിനം അയിരുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഗവൺമെന്റ് പൂജ്യമായി കുറച്ചു. ഉരുക്ക് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ വസ്തുക്കൾ പ്രധാനപ്പെട്ട അസംസ്കൃത വസ്തുക്കളാണ്.
2019-ൽ അവതരിപ്പിച്ച സ്റ്റീൽ സ്ക്രാപ്പ് റീസൈക്ലിംഗ് നയം, ആഭ്യന്തര സ്റ്റീൽ സ്ക്രാപ്പിന്റെ ലഭ്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇറക്കുമതി ആവശ്യകത കുറയ്ക്കുന്നതിലൂടെ ഗുണനിലവാരമുള്ള ഉരുക്ക് നിർമ്മിക്കുന്നതിന് ഉയർന്ന നിലവാരമുള്ള ഫെറസ് സ്ക്രാപ്പ് ഉത്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഉരുക്ക് ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ (QCOs) ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഉരുക്ക് മാത്രമേ ഉപഭോക്താക്കൾക്ക് ലഭ്യമാകൂ എന്ന് ഉറപ്പാക്കുന്നു. ആഭ്യന്തര വിപണിയിലും ഇറക്കുമതിയിലും നിലവാരമില്ലാത്തതോ ന്യൂനതകളുള്ളതോ ആയ ഉരുക്ക് ഉത്പന്നങ്ങൾ നിരോധിക്കുന്നു, വ്യവസായത്തിന്റെയും ഉപഭോക്തൃ താത്പര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നു. 2025 ഡിസംബർ 31 വരെ, 723 ഉരുക്ക് ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന 143 ഉരുക്ക് ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വിപണിയുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാകുകയും ഉപഭോക്തൃ താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.
കോക്കിംഗ് കൽക്കരിയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി 2024 ൽ ആരംഭിച്ച മിഷൻ കോക്കിംഗ് കൽക്കരി പദ്ധതി കൽക്കരി മന്ത്രാലയം നടപ്പിലാക്കി വരുന്നു. ഈ പ്രധാന അസംസ്കൃത വസ്തുവിന്റെ ദീർഘകാല സ്വയംപര്യാപ്തത ശക്തിപ്പെടുത്താൻ ഈ സംരംഭം സഹായിക്കും. 2029-30 സാമ്പത്തിക വർഷത്തോടെ ആഭ്യന്തര കോക്കിംഗ് കൽക്കരി ഉത്പാദനം 140 ദശലക്ഷം ടണ്ണായി ഉയർത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
2025 ഏപ്രിലിൽ, അലോയ് സ്റ്റീൽ ഒഴികെയുള്ള ചില ഉത്പന്നങ്ങൾക്ക് സർക്കാർ 12% സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തി. ഇറക്കുമതിയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിൽ നിന്ന് ആഭ്യന്തര ഉരുക്ക് നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനും വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകമാണ്.
2025 നവംബറിൽ, സ്റ്റീൽ ഇംപോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് (SIMS) കീഴിൽ ലളിതമായ ഒരു രജിസ്ട്രേഷൻ പ്രക്രിയയായി സരൾ-സിംസ് സിസ്റ്റം അവതരിപ്പിച്ചു. ഇത് ഉരുക്ക് ഇറക്കുമതിയുടെ നിരീക്ഷണം മെച്ചപ്പെടുത്തുകയും മേൽനോട്ടം സാധ്യമാക്കുകയും ആഭ്യന്തര ഉരുക്ക് വ്യവസായത്തിന്റെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര വിപണി വ്യാപനം
നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) നയങ്ങളിലെ സർക്കാർ പരിഷ്കാരങ്ങൾ വിദേശ നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിച്ചു. 2004–2014 കാലയളവിനെ അപേക്ഷിച്ച് 2014 നും 2024 നും ഇടയിൽ വിദേശ നിക്ഷേപ ഒഴുക്ക് 120% വർദ്ധിച്ചു. ഇതേ കാലയളവിൽ, നിർമ്മാണ മേഖലയിലെ വിദേശ നിക്ഷേപ ഓഹരി നിക്ഷേപവും 69% വർദ്ധിച്ചു.
2000 ഏപ്രിൽ മുതൽ 2025 ജൂൺ വരെ മെറ്റലർജിക്കൽ വ്യവസായത്തിൽ ₹1,60,000 കോടി (USD 18.67 ബില്യൺ) നിക്ഷേപം ആകർഷിക്കാൻ സഹായകമാം വിധം, ഓട്ടോമാറ്റിക് റൂട്ടിൽ 100% വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ഗവൺമെന്റ് അനുവദിച്ചു.
കൂടാതെ, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ, തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഈ മേഖലയിലേക്കുള്ള വിപണി പ്രവേശനം വിപുലീകരിക്കാൻ സാധ്യതയുണ്ട്.
ഉരുക്ക് വ്യവസായത്തെ കാർബൺ ബഹിർഗമന മുക്തമാക്കൽ: മുന്നിലേക്കുള്ള പാത
ഇന്ത്യയിലെ ഉരുക്ക് മേഖലയെ കാർബൺ ബഹിർഗമന മുക്തമാക്കാനുള്ള ഉരുക്ക് മന്ത്രാലയത്തിന്റെ പ്രതിബദ്ധത
2030 സാമ്പത്തിക വർഷം വരെ, ഹ്രസ്വകാലത്തേക്ക്, ഉരുക്ക് വ്യവസായത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഊർജ്ജ, വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെയും മറ്റ് സത്വര നടപടികൾ മുഖേനയും ഇത് കൈവരിക്കാനാകും.
2030 മുതൽ 2047 വരെയുള്ള മധ്യകാലത്തേക്ക്, ഉരുക്ക് ഉത്പാദനത്തിനായി ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നതിലും കാർബൺ കാപ്ച്ചർ (അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കാർബൺ വേർതിരിക്കൽ), ഉപയോഗം, സംഭരണ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലുമായിരിക്കും ഉരുക്ക് വ്യവസായ മേഖലയുടെ ശ്രദ്ധ.
2047 മുതൽ 2070 വരെയുള്ള ദീർഘകാലത്തേക്ക്, ഉരുക്ക് വ്യവസായത്തെ പൂജ്യം കാർബൺ ബഹിർഗമനമെന്ന ലക്‌ഷ്യം കൈവരിക്കാൻ സഹായിക്കുന്നതിൽ വിപ്ലവകരമായ ബദൽ സാങ്കേതികവിദ്യകൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയും.
മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ഉത്പാദനം കുറയ്ക്കുന്നതിന് CO₂ ബഹിർഗമനം അല്ലെങ്കിൽ തത്തുല്യമായ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുകയെന്നതാണ് കാർബൺ മുക്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. പാരീസ് ഉടമ്പടി പ്രകാരം, ഗതാഗതം, വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള CO₂ ബഹിർഗമനം കുറയ്ക്കുന്നത് ആഗോള താപനില സുരക്ഷിതമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിൽ നിർണായകമാണ്.
ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ നിർമ്മിക്കുന്ന ഉരുക്കിനെയാണ് ഹരിത ഉരുക്ക് അഥവാ ഗ്രീൻ സ്റ്റീൽ എന്ന് വിളിക്കുന്നത്. ഉരുക്ക് വ്യവസായത്തിലെ കാർബൺ ബഹിർഗമന തോത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പരിഹാരമാണ് "ഹരിത ഹൈഡ്രജൻ".
കുറഞ്ഞ കാർബൺ ബഹിർഗമനം, സുസ്ഥിര ഉത്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ഉരുക്ക് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുന്നത്. 2024-ൽ, 'ഹരിത' നിലവാരത്തെ അടിസ്ഥാനമാക്കി ഹരിത ഉരുക്കിനെ നിർവചിക്കുന്ന ഒരു ഔദ്യോഗിക ഗ്രീൻ സ്റ്റീൽ ടാക്സോണമി അവതരിപ്പിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി. ഫിനിഷ്ഡ് സ്റ്റീലിന്റെ ഒരു ടണ്ണിന് 2.2 ടണ്ണിൽ താഴെ മാത്രം CO₂ ബഹിർഗമനം ഉറപ്പാക്കാനായാൽ ആ പ്ലാന്റിലെ ഉരുക്ക്, ഹരിത ഉരുക്ക് അഥവാ ഗ്രീൻ സ്റ്റീൽ എന്നറിയപ്പെടുന്നു. 2026 മാർച്ച് 31 ആയപ്പോഴേക്കും, 89 ഉരുക്ക് നിർമ്മാണ ശാലകൾക്ക് ഗ്രീൻ സ്റ്റീൽ സർട്ടിഫിക്കേഷൻ ലഭിച്ചു, ഇത് മൊത്തം 12.34 ദശലക്ഷം ടൺ ഉത്പാദനം ഉൾക്കൊള്ളുന്നു.
കാർബൺ ബഹിർഗമന മുക്ത ലക്ഷ്യം കൈവരിക്കുന്നതിനായി നിർവ്വചിക്കപ്പെട്ട ചില ലക്ഷ്യങ്ങൾ ഇവയാണ്:
മാനദണ്ഡങ്ങളും സംഭരണവും:
പരിസ്ഥിതി സൗഹൃദ ഉരുക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുക, ഉരുക്ക് നിർമ്മാണ ശാലകളിലുടനീളം ബഹിർഗമനം നിരീക്ഷിക്കുക, പരിസ്ഥിതി സൗഹൃദ പൊതു സംഭരണം സ്വീകരിക്കുക.
സാങ്കേതികവിദ്യയും കാര്യക്ഷമതയും:
ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ വിന്യസിക്കുക, പെല്ലറ്റ് ഉപയോഗം വർദ്ധിപ്പിക്കുക, സ്ക്രാപ്പ് ഉപയോഗം വർദ്ധിപ്പിച്ചുകൊണ്ട് ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക.
ശുദ്ധ ഊർജ്ജ പരിവർത്തനം:
2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ്ജത്തിന്റെ 45% വ്യാപനം കൈവരിക്കുക, പുനരുപയോഗ ഊർജ്ജത്തിനായി അഗ്രഗേറ്റർ മാതൃക സൃഷ്ടിക്കുക, പ്രകൃതിവാതക ലഭ്യത വിപുലീകരിക്കുക, ബയോചാറിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുക
ഹരിത ഹൈഡ്രജനും കാർബൺ ക്യാപ്‌ചറും, ഉപയോഗം, സംഭരണം (CCUS):
DRI (ഡയറക്ട് റിഡ്യൂസ്ഡ് അയൺ), BF (ബ്ലാസ്റ്റ് ഫർണസ്) പ്രക്രിയകളിൽ ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ പദ്ധതികൾ പ്രദർശിപ്പിക്കുക, 2030 ആകുമ്പോഴേക്കും CCUS പൈലറ്റ് പ്ലാന്റുകൾ സ്ഥാപിക്കുക.
ഗവേഷണം,വികസനം, നൂതനാശയങ്ങൾ:
ദേശീയ സ്റ്റീൽ ഡീകാർബണൈസേഷൻ ഗവേഷണ വികസന പദ്ധതിയും മുൻഗണനാ പദ്ധതികളും ആരംഭിക്കുക.
ധനകാര്യവും ആഗോള ബന്ധങ്ങളും:
ധനസഹായം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര സഹകരണം എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക.
നീതിയുക്ത പരിവർത്തനം:
കുറഞ്ഞ കാർബൺ ബഹിർഗമനത്തിലേക്കുള്ള പരിവർത്തനത്തിനായി ഉരുക്ക് മേഖലയിലെ തൊഴിലാളികളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും പുനർനിർമ്മിക്കുകയും ചെയ്യുക.
കുറഞ്ഞ കാർബൺ ബഹിർഗനത്തിലൂന്നിയുള്ള ഉരുക്ക് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ
കുറഞ്ഞ കാർബൺ ബഹിർഗനത്തിലൂന്നിയുള്ള ഉരുക്ക് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് നിരവധി സുപ്രധാന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2026-27 ലെ കേന്ദ്ര ബജറ്റ്, ഉരുക്കിനും മറ്റ് വ്യവസായങ്ങൾക്കുമുള്ള CCUS സാങ്കേതികവിദ്യകൾക്കായി 5 വർഷത്തിനുള്ളിൽ 20,000 കോടി രൂപ ചെലവഴിക്കാൻ പദ്ധതിയിടുന്നു.
ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന പവർ പ്ലാന്റുകൾ, മറ്റ് ഫാക്ടറികൾ തുടങ്ങിയ വലിയ സ്രോതസ്സുകളിലെ കാർബൺ ഡൈ ഓക്സൈഡ് (CO₂) ബഹിർഗമനം നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകളാണ് കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ, ആൻഡ് സ്റ്റോറേജ് (CCUS). ഈ സാങ്കേതികവിദ്യകൾ CO₂ പുറത്തുവിടുന്നത് തടയാൻ സഹായിക്കുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന CO₂ ന്റെ ഗതാഗതവും ഇതിൽ ഉൾപ്പെടുന്നു (സാധാരണയായി പൈപ്പ്‌ലൈനുകൾ വഴിയും, ചില സന്ദർഭങ്ങളിൽ ഷിപ്പിംഗ്, റെയിൽ, ട്രക്കുകൾ എന്നിവയിലൂടെയും). അതിനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം അല്ലെങ്കിൽ ഭൂഗർഭ പാറകളിലേക്കോ ഒഴിഞ്ഞ എണ്ണ, വാതക പാടങ്ങളിലേക്കോ നിറച്ച് സ്ഥിരമായി സൂക്ഷിക്കാം. ഇതിലൂടെ CO₂-നെ സംഭരിക്കുകയും അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.
2019 ലെ സ്റ്റീൽ സ്ക്രാപ്പ് റീസൈക്ലിംഗ് നയം ഇന്ത്യയിൽ സ്ക്രാപ്പ് സ്റ്റീലിന്റെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രാജ്യം ഏകദേശം 30 ദശലക്ഷം ടൺ സ്റ്റീൽ സ്ക്രാപ്പ് ഉപയോഗിക്കുന്നു, ഏകദേശം 5 ദശലക്ഷം ടൺ ഇറക്കുമതി ചെയ്യുന്നു. കൂടുതൽ ഉയർന്ന നിലവാരമുള്ള ആഭ്യന്തര സ്ക്രാപ്പ് ഉപയോഗിക്കുന്നത് പ്രകൃതി സൗഹൃദ ഉരുക്ക് നിർമ്മിക്കുന്നതിൽ പ്രധാനമാണ്. സ്ക്രാപ്പ് സ്റ്റീൽ പുനരുപയോഗത്തിലൂടെ ഊർജ്ജ ഉപയോഗം കുറയ്ക്കാനാകും. ജല ഉപഭോഗം 40% കുറയ്ക്കും. ഹരിതഗൃഹ വാതക ബഹിർഗമനം 58% കുറയ്ക്കുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെ ഇത് പിന്തുണയ്ക്കുന്നു.
2025 ഫെബ്രുവരിയിൽ, ഉരുക്ക് വ്യവസായത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി ഉരുക്ക് മന്ത്രാലയം 14 കർമ്മസമിതികൾ രൂപീകരിച്ചു
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന്റെ ഭാഗമായി, ഉരുക്ക് വ്യവസായത്തിൽ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനുള്ള നാല് പരീക്ഷണ പദ്ധതികൾക്ക് ഉരുക്ക് മന്ത്രാലയം അംഗീകാരം നൽകി. പ്രകൃതിവാതകത്തിന് പകരമായി വെർട്ടിക്കൽ ഷാഫ്റ്റ് ഡിആർഐ പ്ലാന്റുകളിലേക്ക് ഭാഗികമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് ഉൾപ്പെടെ മൂന്ന് രീതികളിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. കൽക്കരി, കോക്ക് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി നിലവിലുള്ള ബ്ലാസ്റ്റ് ഫർണസുകളിൽ ഹൈഡ്രജൻ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
മോട്ടോർ വെഹിക്കിൾസ് സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (2021) പോലുള്ള നിയമങ്ങൾ വാഹനങ്ങളിൽ നിന്നുള്ള ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്നു. ദേശീയ സൗരോർജ്ജ ദൗത്യം (2010), പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (പിഎടി) എനർജി-എഫിഷ്യൻസി സ്കീം (2012) തുടങ്ങിയ പരിപാടികളും ഊർജ്ജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ വ്യവസായങ്ങളെ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ആധുനിക സാങ്കേതികവിദ്യകളാണ് ഉരുക്ക് വ്യവസായം അതിന്റെ നവീകരണ, വിപുലീകരണ പദ്ധതികളിൽ ഉപയോഗിക്കുന്നത്.
ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ജപ്പാന്റെ ന്യൂ എനർജി ആൻഡ് ഇൻഡസ്ട്രിയൽ ടെക്നോളജി ഡെവലപ്മെന്റ് ഓർഗനൈസേഷൻ (NEDO) മാതൃകയിലുള്ള പദ്ധതികൾ സ്റ്റീൽ പ്ലാന്റുകൾ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്.
2070 ആകുമ്പോഴേക്കും ഉരുക്ക് വ്യവസായത്തിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും പൂജ്യം കാർബൺ ബഹിർഗമനമെന്ന ലക്‌ഷ്യം കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ പ്രവർത്തനങ്ങളിലൂടെ വെളിവാകുന്നത്. ആധുനികവും ഭാവിസജ്ജവുമായ ഉരുക്ക് മേഖല സൃഷ്ടിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള സുപ്രധാന നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
AI ഇൻ സ്റ്റീൽ പവലിയൻ എന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു വിപണി പോലെ പ്രവർത്തിക്കുന്ന സവിശേഷ പ്ലാറ്റ്‌ഫോമാണ്. ഉരുക്ക് വ്യവസായം നേരിടുന്ന തത്സമയ വെല്ലുവിളികളെ AI പരിഹാര ദാതാക്കൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നു. ഇത് പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ പരിഹാരങ്ങൾ സൃഷ്ടിക്കാൻ വ്യവസായമേഖലയെ സഹായിക്കുന്നു.
പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, സുരക്ഷ, ഗുണനിലവാര നിയന്ത്രണം, സുസ്ഥിരത, വിപണനം എന്നിവയിൽ ഉരുക്ക് ഉത്പാദകരും ഖനന കമ്പനികളും നേരിടുന്ന പ്രധാന വെല്ലുവിളികളെ ഇത് എടുത്തുകാണിക്കുന്നു. ഖനനം, ലോജിസ്റ്റിക്സ്, ഉത്പാദനം, ഗുണനിലവാര പരിശോധനകൾ, വിപണനം, പരിപാലനം എന്നിവയുൾപ്പെടെ ഉരുക്ക് വ്യവസായ മേഖലയിലുടനീളം മന്ദഗതിയിലുള്ള ഡിജിറ്റൈസേഷനിൽ നിന്ന് AI സജീവമായി ഉപയോഗിക്കുന്നതിനുള്ള ഒരു പ്രധാന പരിവർത്തനത്തെ ഈ സംരംഭം പ്രതിനിധീകരിക്കുന്നു.
ഉരുക്ക് വ്യവസായത്തിന്റെ ഭാവി സാധ്യതകൾ
ഇന്ത്യയുടെ ഉരുക്ക് വ്യവസായ മേഖല അതിന്റെ ശേഷി, മത്സരശേഷി, സ്വാശ്രയത്വം എന്നിവ അതിവേഗം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അസംസ്കൃത വസ്തുക്കൾ, ലോജിസ്റ്റിക്സ്, ഗുണനിലവാര നിയന്ത്രണം, ഉത്പാദന ബന്ധിത പ്രോത്സാഹനങ്ങൾ എന്നിവയിലെ ഗവൺമെന്റ് പരിഷ്കാരങ്ങൾ ഉത്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന കയറ്റുമതിയും കൂടുതൽ സ്പെഷ്യാലിറ്റി സ്റ്റീലും ആഗോള വിപണിയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നു. പ്രകൃതി സൗഹൃദ ഉരുക്കും കുറഞ്ഞ കാർബൺ ബഹിർഗമനവും സാധ്യമാക്കുന്ന പദ്ധതികളിലൂടെ ഉരുക്ക് വ്യവസായം ദീർഘകാല സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവയെല്ലാം ചേർന്ന്, വരും വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന, പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ ഉരുക്ക് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്.
സൂചനകൾ
Click here to see pdf
(Explainer ID: 158461)
आगंतुक पटल : 9
Provide suggestions / comments