• Sitemap
  • Advance Search
Economy

വളർച്ചയെ പുനർനിർവചിക്കുന്നു: ഇന്ത്യയുടെ പരിഷ്കരിച്ച ജി.ഡി.പി കണക്കുകളും പുതിയ അളവുകോൽ ചട്ടക്കൂടും

Posted On: 27 FEB 2026 10:00PM

പ്രധാന വസ്തുതകൾ

  • 2025-26 വർഷത്തെ യഥാർത്ഥ ജി.ഡി.പി വളർച്ച 7.6% ആയി കണക്കാക്കപ്പെടുന്നു, ഇത് 2024-25-ൽ രേഖപ്പെടുത്തിയ 7.1 ശതമാനത്തേക്കാൾ കൂടുതലാണ്.
  • ഇന്ത്യയുടെ വികസിച്ചുവരുന്ന സാമ്പത്തിക ഘടനയെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനായി ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2011-12ൽ നിന്ന് 2022-23ലേക്ക് പരിഷ്കരിച്ചു.
  • ASUSE, PLFS, GST, PFMS തുടങ്ങിയ പുതിയതും മെച്ചപ്പെട്ടതുമായ വിവരശേഖരണ സ്രോതസ്സുകളെ കൂട്ടിച്ചേർത്തുകൊണ്ട് പരിഷ്കരിച്ച ജി.ഡി.പി പരമ്പര കണക്കെടുപ്പ് കൂടുതൽ ശക്തമാക്കുന്നു.

ആമുഖം

ഇന്ത്യയുടെ വളർച്ചാ പാത രൂപപ്പെടുന്നത് സാമ്പത്തിക പ്രകടനം കൊണ്ട് മാത്രമല്ല, മറിച്ച് അതിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ടാണ്. ഈ ദിശയിൽ 2022-23 അടിസ്ഥാന വർഷമായുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉൽപ്പാദന (GDP) കണക്കുകളുടെ സമഗ്രമായ അവലോകനം, മുൻ സാമ്പത്തിക വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സമ്പദ്‌വ്യവസ്ഥയുടെ വളരുന്ന വേഗതയെ പ്രതിഫലിപ്പിക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ വാർഷിക ജി.ഡി.പി വളർച്ച 7.6 ശതമാനമായി കണക്കാക്കപ്പെടുന്നു, ഇത് 2024-25-ലെ 7.1 ശതമാനത്തേക്കാൾ കൂടുതലാണ്. അതേസമയം നിലവിലെ വിലനിലവാരം അനുസരിച്ചുള്ള നോമിനൽ ജി.ഡി.പി 8.6 ശതമാനം വളർച്ച കൈവരിക്കുമെന്നും കണക്കാക്കുന്നു.

ഇതിൽ, ഉൽപ്പാദന മേഖല 2023-24, 2025-26 സാമ്പത്തിക വർഷങ്ങളിൽ രണ്ടക്ക വളർച്ച രേഖപ്പെടുത്തി സമ്പദ്‌വ്യവസ്ഥയുടെ കരുത്തുറ്റ പ്രകടനത്തിന് പ്രധാന സംഭാവന നൽകുന്ന മേഖലയായി മാറി. ദ്വിതീയ, തൃതീയ മേഖലകൾ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ ശക്തിപ്പെടുത്തി 2025-26 സാമ്പത്തിക വർഷത്തിൽ 9.0 ശതമാനത്തിലധികം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. കൂടാതെ, 'വ്യാപാരം, റിപ്പയർ, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം, ബ്രോഡ്കാസ്റ്റിംഗുമായും സംഭരണവുമായും ബന്ധപ്പെട്ട സേവനങ്ങൾ' എന്ന മേഖല 2025-26-10.1 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിലെ സ്ഥിരമായ ഉന്നതിയിലേക്കുള്ള പ്രയാണം ത്രൈമാസ ഫലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ കാലയളവിലെ (മൂന്നാം പാദം) സ്ഥിരമായ വിലനിലവാരം അനുസരിച്ചുള്ള യഥാർത്ഥ ജി.ഡി.പി 84.54 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു, ഇത് 7.8 ശതമാനത്തിന്റെ കരുത്തുറ്റ വളർച്ചയെ അടയാളപ്പെടുത്തുന്നു. ഈ വളർച്ച 2023-24-ലെ മൂന്നാം പാദത്തിലെ 7.1 ശതമാനത്തിൽ നിന്നും 2024-25-ലെ മൂന്നാം പാദത്തിലെ 7.4 ശതമാനത്തിൽ നിന്നും ക്രമേണ വർദ്ധിച്ചതാണ്, ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരമായ കരുത്തിനെയും ശാക്തീകരണത്തെയും അടിവരയിടുന്നു.

ഒരു നിശ്ചിത കണക്കെടുപ്പ് കാലയളവിൽ ഒരു രാജ്യത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അന്തിമ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി.ഡി.പി.

വർഷങ്ങളായി സമ്പദ്‌വ്യവസ്ഥ കൈവരിച്ച പുരോഗതി കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനായി ജി.ഡി.പി കണക്കുകളുടെ പുതിയ പരമ്പരയിൽ പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെഞ്ച്മാർക്ക്-ഇൻഡിക്കേറ്റർ രീതിയെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ വിവിധ സാമ്പത്തിക-സ്ഥാപന മേഖലകളുടെ പ്രകടനം പ്രതിഫലിപ്പിക്കുന്ന സൂചകങ്ങൾ ഉപയോഗിച്ച് മുൻ സാമ്പത്തിക വർഷത്തെ കണക്കുകളിൽ നിന്ന് പുതിയവ അനുമാനിച്ചെടുക്കുന്നു.

മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയ്ക്കായി ജി.ഡി.പി കണക്കെടുപ്പ് പുനർനിർണ്ണയിക്കുന്നു

ഒരു സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സൂചകമാണ് ജി.ഡി.പി. കാലക്രമേണ ജി.ഡി.പിയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലൂടെ, ഒരു സമ്പദ്‌വ്യവസ്ഥ വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് വിലയിരുത്താനും ജീവിതനിലവാരത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് ഏകദേശ നിഗമനങ്ങളിൽ എത്താനും സാധിക്കും. തൽഫലമായി, സാമ്പത്തിക ആസൂത്രണത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും നയരൂപകർത്താക്കളും ബിസിനസ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ജി.ഡി.പി ട്രെൻഡുകളെയാണ് ആശ്രയിക്കുന്നത്.

വിവിധ കാലഘട്ടങ്ങളിലെ താരതമ്യങ്ങൾ അർത്ഥവത്താകണമെങ്കിൽ ജി.ഡി.പി കണക്കുകൾ സുസ്ഥിരമായ രീതിശാസ്ത്രങ്ങൾ, വിവര സ്രോതസ്സുകൾ, അടിസ്ഥാന വർഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അതിനാൽ അളവുകോൽ ചട്ടക്കൂടുകളിലെ ഏതൊരു പരിഷ്കരണവും തുടർച്ചയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്.

ത്രൈമാസ ജി.ഡി.പി കണക്കുകൾ തയ്യാറാക്കുന്ന രീതി

 

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO), മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (MoSPI) എന്നിവ ചേർന്ന് സിസ്റ്റം ഓഫ് നാഷണൽ അക്കൗണ്ട്സ് (SNA) 2008, ഐ.എം.എഫ് (IMF)-ന്റെ ക്വാർട്ടർലി നാഷണൽ അക്കൗണ്ട്സ് മാനുവൽ 2017 എന്നിവ പിന്തുടർന്ന് ലോകമെമ്പാടും ഉപയോഗിക്കുന്ന 'ബെഞ്ച്മാർക്ക്-ഇൻഡിക്കേറ്റർ' എന്ന മാനദണ്ഡ രീതി ഉപയോഗിച്ചാണ് ത്രൈമാസ ജി.ഡി.പി കണക്കാക്കുന്നത്. ഈ രീതി പ്രവർത്തിക്കുന്നത് താഴെ പറയുന്ന വിധത്തിലാണ്:

  • വാർഷിക ജി.ഡി.പി കണക്കുകൾ ഒരു ആധാരബിന്ദു അല്ലെങ്കിൽ ബെഞ്ച്മാർക്ക് ആയി വർത്തിക്കുന്നു.
  • ത്രൈമാസ ജി.ഡി.പി കണക്കാക്കുന്നതിനായി, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ സൂചകങ്ങൾ പോലുള്ള ഉയർന്ന ആവൃത്തിയിലുള്ള വിവരങ്ങൾ ഈ ബെഞ്ച്മാർക്ക് കണക്കുകളിൽ പ്രയോഗിക്കുന്നു.

ഇത് തിരിച്ചറിഞ്ഞുകൊണ്ട്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങളെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനായി ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം സമഗ്രമായ നവീകരണത്തിന് വിധേയമായിട്ടുണ്ട്. ജി.ഡി.പി, വില സൂചികകൾ എന്നിവയുടെ അടിസ്ഥാന വർഷങ്ങൾ പരിഷ്കരിക്കുക, അനൗദ്യോഗിക-സേവന മേഖലകളുടെ കണക്കെടുപ്പ് ശക്തമാക്കുക, തൊഴിൽ വിപണിയിലെ സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുത്തുക, ആധുനിക സർവേ രീതികളും സാങ്കേതികവിദ്യയും സ്വീകരിക്കുക, കൂടുതൽ പങ്കാളികളെ ഉൾപ്പെടുത്തി സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന പരിഷ്കാരങ്ങൾ.

മൊത്തത്തിൽ, ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ കൃത്യതയും ആഴവും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു, അതുവഴി തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിനുള്ള അടിത്തറ ശക്തമാക്കുന്നു.

അടിസ്ഥാന വർഷം വിശദീകരിക്കുന്നു

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദേശീയ വരുമാനം, ഉൽപ്പാദനം, ചെലവ് എന്നിവയുടെ ആകെത്തുകയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം, യഥാർത്ഥ വളർച്ച കണക്കാക്കാൻ ഏത് വർഷത്തെ വിലയാണോ ഉപയോഗിക്കുന്നത് ആ ആധാര വർഷത്തെയാണ് അടിസ്ഥാന വർഷം എന്ന് വിളിക്കുന്നത്.

റീബേസിംഗും അടിസ്ഥാന വർഷ പരിഷ്കരണത്തിന്റെ ആവൃത്തിയും

ഇന്ത്യയുടെ വികസിച്ചുവരുന്ന സാമ്പത്തിക ഘടനയെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനായി ജി.ഡി.പി അടിസ്ഥാന വർഷം 2011-12ൽ നിന്ന് 2022-23ലേക്ക് മാറ്റിയത് ഒരു പ്രധാന പരിഷ്കാരമാണ്.

ജി.ഡി.പി അടിസ്ഥാന വർഷം 2022-23 സാമ്പത്തിക വർഷത്തിലേക്ക് മാറ്റിയത് എന്തുകൊണ്ട്?

സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ഘടന പ്രതിഫലിപ്പിക്കുന്നതിനായി പരിഷ്കരിച്ചതും മെച്ചപ്പെട്ടതുമായ വിവരങ്ങൾ ഉപയോഗിച്ച് അടിസ്ഥാന വർഷം പുതുക്കുന്ന പ്രക്രിയയാണ് റീബേസിംഗ്. ഈ പുതിയ അടിസ്ഥാന വർഷം ഇനിമുതൽ ജി.ഡി.പിയും അതിന്റെ ഘടകങ്ങളും, കൂടാതെ ഉപഭോക്തൃ വില സൂചിക (CPI), വ്യാവസായിക ഉൽപ്പാദന സൂചിക (IIP) തുടങ്ങിയ പ്രധാന സൂചകങ്ങളും കണക്കാക്കുന്നതിനുള്ള ആധാരബിന്ദുവായി വർത്തിക്കും.

സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനും സാമ്പത്തിക കണക്കുകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനുമായി അടിസ്ഥാന വർഷം ഇടയ്ക്കിടെ പരിഷ്കരിക്കാറുണ്ട്. ഇത്തരം പുതുക്കലുകൾ രീതിശാസ്ത്രപരമായ പരിഷ്കരണങ്ങൾക്കും കൂടുതൽ സമഗ്രവും വിശ്വാസയോഗ്യവുമായ വിവര സ്രോതസ്സുകളെ ഉൾപ്പെടുത്തുന്നതിനും സഹായിക്കുന്നു.

നിങ്ങൾക്കറിയാമോ?

2019-2021 കാലഘട്ടത്തിലെ തടസ്സങ്ങൾക്ക് ശേഷമുള്ള ഏറ്റവും പുതിയ "സാധാരണ" കാലഘട്ടമായതിനാലാണ് 2022-23 വർഷത്തെ പുതിയ അടിസ്ഥാന വർഷമായി തിരഞ്ഞെടുത്തത്. 2019-20, 2020-21 വർഷങ്ങളെ കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചിരുന്നു, ഇത് ഉപഭോഗ രീതികളെയും വ്യാവസായിക പ്രവർത്തനങ്ങളെയും താൽക്കാലികമായി താളംതെറ്റിച്ചു.

കഴിഞ്ഞ ദശകത്തിൽ, പുനരുപയോഗ ഊർജ്ജത്തിന്റെയും ഡിജിറ്റൽ സേവനങ്ങളുടെയും വ്യാപനത്തോടൊപ്പം ഉപഭോഗ രീതികളിലും നിക്ഷേപ സ്വഭാവത്തിലും വന്ന മാറ്റങ്ങളിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഗണ്യമായി വികസിച്ചു. റീബേസിംഗിലൂടെ വളർന്നുവരുന്ന മേഖലകളുടെ സംഭാവനകൾ, വിലനിലവാരത്തിലെ മാറ്റങ്ങൾ, സാങ്കേതികവിദ്യയിലും ഉൽപ്പാദനക്ഷമതയിലുമുണ്ടായ പുരോഗതി എന്നിവ ജി.ഡി.പിയിലും അനുബന്ധ സൂചികകളിലും കൂടുതൽ കൃത്യമായി ഉൾപ്പെടുത്താൻ സാധിക്കുന്നു.

അതേസമയം, അതിവേഗത്തിലുള്ള ഡിജിറ്റൈസേഷൻ ഉയർന്ന ആവൃത്തിയിലുള്ള വിവരങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും ദേശീയ അക്കൗണ്ടുകളുടെ കൃത്യത ശക്തമാക്കുകയും ചെയ്തു. ഇ-വാഹൻ (വാഹന രജിസ്‌ട്രേഷൻ), പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (PFMS), ജി.എസ്.ടി ശൃംഖല തുടങ്ങിയ തത്സമയ സംവിധാനങ്ങൾ ഇപ്പോൾ സൂക്ഷ്മമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നു, ഇത് ജി.ഡി.പി കണക്കുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

കൂടാതെ, കൃത്യമായ ഇടവേളകളിലുള്ള പരിഷ്കരണങ്ങൾ യു.എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ശുപാർശ ചെയ്യുന്ന അന്താരാഷ്ട്ര മികച്ച മാതൃകകളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു. ഇത് ഡിജിറ്റൽ സാമ്പത്തിക അളവുകൾ, സപ്ലൈ-യൂസ് ടേബിളുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ ചട്ടക്കൂട് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നു.

ഇന്ത്യയുടെ ജി.ഡി.പി കണക്കെടുപ്പ് ആധുനികവൽക്കരിക്കുന്നു

പരിഷ്കരിച്ച ജി.ഡി.പി പരമ്പര, പുതിയതും മെച്ചപ്പെട്ടതുമായ നിരവധി വിവര സ്രോതസ്സുകളെ സംയോജിപ്പിച്ചുകൊണ്ട് കണക്കെടുപ്പ് കൂടുതൽ ശക്തമാക്കുന്നു. ഈ മെച്ചപ്പെടുത്തലുകൾ പകരമുള്ള സൂചകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ദേശീയ വരുമാന കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഘടനയെ കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പുതിയ പരമ്പരയിൽ ഉപയോഗിക്കുന്ന വിവര സ്രോതസ്സുകൾ

ഗാർഹിക മേഖലയുടെ അളവ്: മുൻപ്, ഗാർഹിക മേഖലയുടെ കണക്കുകൾ പ്രധാനമായും ബെഞ്ച്മാർക്ക് സർവേകൾക്കിടയിലുള്ള വളർച്ചാ നിരക്കിനെയോ അല്ലെങ്കിൽ പകരമുള്ള സൂചകങ്ങളെയോ ആണ് ആശ്രയിച്ചിരുന്നത്. പരിഷ്കരിച്ച പരമ്പരയിൽ, ആനുവൽ സർവേ ഓഫ് അൺഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (ASUSE), പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) തുടങ്ങിയ പതിവ് വാർഷിക സർവേകളിൽ നിന്നാണ് യഥാർത്ഥ നിലവാരത്തിലുള്ള കണക്കുകൾ രൂപപ്പെടുത്തുന്നത്. ഈ മാറ്റം ഈ മേഖലയുടെ ഊർജ്ജസ്വലതയെക്കുറിച്ച് കൂടുതൽ കൃത്യവും സമയബന്ധിതവുമായ വിലയിരുത്തൽ സാധ്യമാക്കുന്നു.

ജി.എസ്.ടി (GST) വിവരങ്ങളുടെ ഉപയോഗം: അഖിലേന്ത്യാ തലത്തിലുള്ള സ്വകാര്യ കോർപ്പറേറ്റ് മേഖലയുടെ കണക്കുകൾ സംസ്ഥാനങ്ങൾ തിരിച്ചുള്ള വിഭജനത്തിന് ജി.എസ്.ടി വിവരങ്ങൾ സഹായിക്കുന്നു, കൂടാതെ വാർഷിക അക്കൗണ്ടുകളുടെ ക്രോസ്-വാലിഡേഷനും ഇത് ഉപയോഗിക്കുന്നു. ത്രൈമാസ കണക്കെടുപ്പിലും ത്രൈമാസ ദേശീയ അക്കൗണ്ടുകൾ തയ്യാറാക്കുന്നതിലെ ഒരു സൂചകമായും ഇത് പ്രധാന പങ്ക് വഹിക്കുന്നു. ഉൽപ്പാദന മേഖലയിലും സാമ്പത്തികേതര സേവന മേഖലകളിലും ജി.എസ്.ടി വിവരങ്ങളുടെ വിപുലവും വ്യവസ്ഥാപിതവുമായ ഉപയോഗം പുതിയ പരമ്പര ഉറപ്പാക്കുന്നു.

 

ഇ-വാഹൻ ഡാറ്റാബേസ്: റോഡ് ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) കണക്കാക്കാൻ ഇ-വാഹൻ പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ താമസക്കാരായ കുടുംബങ്ങൾ സാധനങ്ങളുടെയും സേവനങ്ങളുടെയും അന്തിമ ഉപഭോഗത്തിനായി നടത്തുന്ന ചെലവാണ് സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE).

പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം (PFMS): കേന്ദ്ര ഗവൺമെന്റ് അക്കൗണ്ടുകൾ സമാഹരിക്കാനും അവ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കാനും PFMS വിവരങ്ങൾ ഉപയോഗിക്കുന്നു. ഇത് പരിഷ്കരിച്ച കണക്കുകളെ (RE) ആശ്രയിക്കുന്നതിന് പകരം ആദ്യമായി പരിഷ്കരിച്ച കണക്കുകളുടെ (FRE) ഘട്ടത്തിൽ തന്നെ യഥാർത്ഥ ചെലവ് കണക്കുകൾ ഉപയോഗിക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ, രസീതുകൾ ശേഖരിക്കൽ, അക്കൗണ്ടിംഗ്, റീകൺസിലിയേഷൻ, സാമ്പത്തിക റിപ്പോർട്ടിംഗ് എന്നിവയ്ക്കുള്ള മൊഡ്യൂളുകൾ നൽകുന്ന ഒരു വെബ് അധിഷ്ഠിത ഓൺലൈൻ സംവിധാനമാണ് PFMS.

സമീപകാല പഠനങ്ങളുടെ ഉൾപ്പെടുത്തൽ: കണക്കെടുപ്പിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സമീപകാലത്തെ വിദഗ്ധ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതുക്കിയ നിരക്കുകളും അനുപാതങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • ഇന്ത്യൻ ഗ്രാസ്‌ലാൻഡ് ആൻഡ് ഫോഡർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പുല്ലും കാലിത്തീറ്റയും സംബന്ധിച്ച പഠനം (കൃഷി).
  • സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ മത്സ്യബന്ധന പഠനങ്ങൾ.
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലും പാലുൽപ്പന്നങ്ങളും സംബന്ധിച്ച് നടത്തിയ പഠനം (PFCE-ക്കായി).
  • ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ഗതാഗത സേവനങ്ങളെക്കുറിച്ച് നടത്തിയ പഠനം (PFCE-ക്കായി).

മൊത്തത്തിൽ, ഈ മെച്ചപ്പെടുത്തലുകൾ ദേശീയ വരുമാന കണക്കുകളുടെ കരുത്തും കൃത്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.

പുതിയ ജി.ഡി.പി പരമ്പരയിലെ രീതിശാസ്ത്രപരമായ പ്രധാന മെച്ചപ്പെടുത്തലുകൾ

കൃത്യത, സുസ്ഥിരത, വിവിധ മേഖലകളുടെ പ്രാതിനിധ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പരിഷ്കരിച്ച ജി.ഡി.പി പരമ്പര നിരവധി രീതിശാസ്ത്രപരമായ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു.

ഒരേതരം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ, രണ്ട് കാലയളവുകൾക്കിടയിലുള്ള വിലയിലുണ്ടാകുന്ന മാറ്റങ്ങളെ കൃത്യമായ വില വ്യതിയാനമായി വിശകലനം ചെയ്യാനാണ് ഒരു ഡിഫ്ലേറ്റർ ലക്ഷ്യമിടുന്നത്.

പരിഷ്കരിച്ച ഡിഫ്ലേഷൻ സാങ്കേതികവിദ്യകൾ: ഉൽപ്പാദന (manufacturing), കാർഷിക മേഖലകളിൽ ഇപ്പോൾ 'ഡബിൾ ഡിഫ്ലേഷൻ' രീതിയാണ് പ്രയോഗിക്കുന്നത്, മറ്റ് മേഖലകളിൽ 'സിംഗിൾ എക്സ്ട്രാപോളേഷൻ' രീതിയും ഉപയോഗിക്കുന്നു. 'സിംഗിൾ ഡിഫ്ലേഷൻ' രീതി നിർത്തലാക്കി. 260-ലധികം ഇനം തിരിച്ചുള്ള സി.പി.ഐ (CPI) സൂചികകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ സൂക്ഷ്മമായ തലത്തിലാണ് ഡിഫ്ലേറ്ററുകൾ പ്രയോഗിക്കുന്നത്.

സപ്ലൈ ആൻഡ് യൂസ് ടേബിളുകളുടെ (SUT) സംയോജനം: ഉൽപ്പാദനത്തെയും ചെലവിനെയും അടിസ്ഥാനമാക്കിയുള്ള ജി.ഡി.പി കണക്കുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ കുറയ്ക്കുന്നതിനായി SUT ചട്ടക്കൂടിനെ ദേശീയ അക്കൗണ്ടുകളുമായി യോജിപ്പിച്ചു. മൊത്തം വിതരണത്തെ മൊത്തം ആവശ്യകതയുമായി ഒത്തുനോക്കുന്നതിലൂടെ, ഈ സമീപനം ആഭ്യന്തരമായ സുസ്ഥിരത മെച്ചപ്പെടുത്തുന്നു.

പുതുക്കിയ നിരക്കുകളും അനുപാതങ്ങളും: വിദഗ്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് MoSPI നടത്തിയ സമീപകാല സർവേ കണ്ടെത്തലുകളും പഠനങ്ങളും ഉപയോഗിച്ച് കണക്കെടുപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചു.

വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന കോർപ്പറേഷനുകളെ വേർതിരിക്കൽ: മുമ്പ്, വൈവിധ്യമാർന്ന പ്രവർത്തനങ്ങളുള്ള സ്ഥാപനങ്ങളുടെ മൂല്യവർദ്ധനവ് അവരുടെ പ്രധാന പ്രവർത്തനത്തിന്റെ കീഴിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഓരോ പ്രവർത്തനത്തിന്റെയും വിറ്റുവരവ് റിപ്പോർട്ട് ചെയ്യുന്ന MGT-7/7A ഫയലിംഗുകൾ ലഭ്യമായതോടെ, മൂല്യവർദ്ധനവ് ഇപ്പോൾ വിവിധ പ്രവർത്തനങ്ങൾക്കിടയിൽ കൂടുതൽ കൃത്യമായി വിഭജിക്കപ്പെടുന്നു.

സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) കണക്കാക്കുന്ന രീതി മെച്ചപ്പെടുത്തി: ഗാർഹിക ഉപഭോഗ ചെലവ് സർവേയുടെ വിപുലമായ ഉപയോഗം, ഉൽപ്പാദന-ഭരണനിർവ്വഹണ വിവരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള കണക്കെടുപ്പ്, കമ്മോഡിറ്റി ഫ്ലോ സമീപനം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്മിശ്ര രീതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. പുതുക്കിയ COICOP 2018 വർഗ്ഗീകരണവും നടപ്പിലാക്കി. ഗാർഹിക ചെലവുകൾ വർഗ്ഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡമാണ് 'ക്ലാസിഫിക്കേഷൻ ഓഫ് ഇൻഡിവിജ്വൽ കൺസംപ്ഷൻ അക്കോർഡിംഗ് ടു പർപ്പസ്' (COICOP).

പരിഷ്കരിച്ച ചട്ടക്കൂടിന്റെ മേഖല തിരിച്ചുള്ള വ്യാപ്തി

വിവിധ മേഖലകളിൽ വരുത്തിയ പരിഷ്കാരങ്ങളോടെ, പരിഷ്കരിച്ച ത്രൈമാസ കണക്കെടുപ്പ് ചട്ടക്കൂട് മേഖല തിരിച്ചുള്ള വർഗ്ഗീകരണം, ഡിഫ്ലേഷൻ തന്ത്രങ്ങൾ, കണക്കെടുപ്പ് രീതികൾ എന്നിവയിൽ വാർഷിക ദേശീയ അക്കൗണ്ട് രീതികളുമായി കൂടുതൽ ചേർന്നുനിൽക്കുന്നു. ഈ ഏകീകരണം ത്രൈമാസ-വാർഷിക ജി.ഡി.പി, മൊത്ത മൂല്യവർദ്ധിത തുക (GVA) കണക്കുകൾ തമ്മിലുള്ള മികച്ച പൊരുത്തം ഉറപ്പാക്കുന്നു.

ശ്രദ്ധേയമായ കാര്യം, പഴയ പരമ്പരയിലെ മൊത്തത്തിലുള്ള നിലവാരത്തിൽ നിന്നും മാറി, പുതിയ പരമ്പരയിൽ സി.പി.ഐ (CPI), ഡബ്ല്യു.പി.ഐ (WPI), യൂണിറ്റ് വാല്യൂ ഇൻഡക്സ് തുടങ്ങിയ ഡിഫ്ലേറ്ററുകൾ ഇനം തിരിച്ചുള്ള ഗ്രൂപ്പുകൾ എന്ന കൂടുതൽ സൂക്ഷ്മമായ തലത്തിൽ ഉപയോഗിക്കുന്നു എന്നതാണ്.

വാടകയ്ക്ക് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളെ ജി.ഡി.പി കണക്കെടുപ്പിൽ ഉൾപ്പെടുത്തൽ

വാടകയ്ക്ക് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ സേവനങ്ങൾ "ഗാർഹിക ജീവനക്കാരുടെ തൊഴിലുടമകൾ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ" എന്ന് വർഗ്ഗീകരിക്കുകയും ജി.ഡി.പി കണക്കെടുപ്പിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഓരോ വർഷവും ശേഖരിക്കുന്ന ഇത്തരം തൊഴിലാളികളുടെ എണ്ണം, അവരുടെ വേതനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ സംഭാവന കണക്കാക്കുന്നത്.

പരിഷ്കരിച്ച ജി.ഡി.പി പരമ്പരയിൽ ഡിജിറ്റൽ, പ്ലാറ്റ്‌ഫോം, ഗിഗ് ഇക്കോണമി പ്രവർത്തനങ്ങളെ ഉൾപ്പെടുത്തൽ

കോർപ്പറേറ്റ് മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ, ഇടനില പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ നേരത്തെ തന്നെ MCA-21 ഫയലിംഗുകൾ വഴി ഉൾപ്പെടുത്തിയിരുന്നു; രേഖകൾ സമർപ്പിക്കൽ, കമ്പനികളുടെ രജിസ്‌ട്രേഷൻ, സുരക്ഷിതമായ പോർട്ടൽ വഴി കോർപ്പറേറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കൽ എന്നിവ നൽകുന്ന ഇ-ഗവേണൻസ് പദ്ധതിയാണിത്. പുതിയ പരമ്പരയിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, അനൗദ്യോഗിക തൊഴിലാളികൾ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ജി.ഡി.പിയിലേക്കുള്ള അവരുടെ സംഭാവനകൾ പ്രതിവർഷം കൂടുതൽ കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കുന്നു.

പൊതു ​ഗവൺമെന്റ് മേഖലയുടെ കണക്കെടുപ്പിനുള്ള പ്രധാന വിവര സ്രോതസ്സുകൾ

പൊതു ഗവൺമെന്റ് മേഖലയുടെ കണക്കുകൾ പ്രധാനമായും തയ്യാറാക്കുന്നത് കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളുടെ ബജറ്റ് രേഖകൾ (വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും റെസീപ്റ്റ് ബജറ്റ്, ഡിറ്റൈൽഡ് ഡിമാൻഡ്സ് ഫോർ ഗ്രാന്റ്സ് എന്നിവ), തദ്ദേശ സ്ഥാപനങ്ങളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചാണ്.

ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നതിനായി പുതിയ പരമ്പരയിൽ നിരവധി മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു-

  • പഴയ പെൻഷൻ പദ്ധതി (OPS) തുടരുന്നതിനൊപ്പം ദേശീയ പെൻഷൻ പദ്ധതി (NPS) നടപ്പിലാക്കിയത് കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങൾ
  • വീട്ടുവാടക അലവൻസിന് (HRA) പകരം ​ഗവൺമെന്റ് നൽകുന്ന താമസ സൗകര്യത്തിന്റെ മൂല്യം കണക്കാക്കൽ
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും മെച്ചപ്പെട്ട പങ്കാളിത്തം
  • സ്ഥിരമായ വിലനിലവാരത്തിൽ ഉൽപ്പന്ന സബ്‌സിഡികൾ കണക്കാക്കുന്നതിനായി 'വോളിയം എക്സ്ട്രാപോളേഷൻ' രീതി സ്വീകരിച്ചു

മൊത്തത്തിൽ, ഈ പരിഷ്കാരങ്ങൾ പൊതു ​ഗവൺമെന്റ് മേഖലയിലെ കണക്കുകളുടെ കൃത്യതയും സമഗ്രതയും വർദ്ധിപ്പിക്കുന്നു.

സപ്ലൈ ആൻഡ് യൂസ് ടേബിൾ (SUT) ചട്ടക്കൂടിലെ പ്രധാന വൈരുധ്യങ്ങൾ പരിഹരിക്കുന്നു

ഉൽപ്പന്നങ്ങളും സേവനങ്ങളും സമ്പദ്‌വ്യവസ്ഥയിലൂടെ എങ്ങനെ സഞ്ചരിക്കുന്നു എന്ന് SUT-കൾ വിശദീകരിക്കുന്നു. വിതരണ വശത്ത്, ഉൽപ്പന്നങ്ങൾ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നതെന്ന് അവ കാണിക്കുന്നു- ആഭ്യന്തര ഉൽപ്പാദനം വഴിയോ ഇറക്കുമതി വഴിയോ ഇത് സംഭവിക്കാം. ഉപയോഗ വശത്ത്, ഈ ഉൽപ്പന്നങ്ങൾ എങ്ങനെ ഉപഭോഗം ചെയ്യപ്പെടുന്നുവെന്ന് അവ കാണിക്കുന്നു- വ്യവസായങ്ങളുടെ ഇടക്കാല ഇൻപുട്ടുകളായോ കുടുംബങ്ങളുടെ അന്തിമ ഉപഭോഗമായോ കുടുംബങ്ങളെ സഹായിക്കുന്ന ലാഭരഹിത സ്ഥാപനങ്ങളുടെയും (NPISHs) ​ഗവൺമെന്റിന്റെയും ഉപഭോഗമായോ മൊത്തം മൂലധന രൂപീകരണമായോ അല്ലെങ്കിൽ കയറ്റുമതിയായോ ഇത് വരാം.

ഓരോ ഉൽപ്പന്നത്തിന്റെയും വിതരണത്തെ അതിന്റെ ഉപയോഗവുമായി ബന്ധിപ്പിക്കുന്നതിലൂടെ, ജി.ഡി.പി കണക്കാക്കുന്നതിലെ ഉൽപ്പാദന, വരുമാന, ചെലവ് രീതികളെ സംയോജിപ്പിക്കാനും സന്തുലിതമാക്കാനും SUT ചട്ടക്കൂട് ഒരു സമഗ്ര സംവിധാനം നൽകുന്നു.

എന്നിരുന്നാലും വിവരങ്ങളുടെ വ്യാപ്തിയിലുള്ള വ്യത്യാസങ്ങൾ, വിവരങ്ങൾ ലഭ്യമാകുന്നതിലെ കാലതാമസം, മുൻകൂർ കണക്കുകൾക്കായി പകരമുള്ള സൂചകങ്ങളെ ആശ്രയിക്കുന്നത്, കണക്കെടുപ്പ് രീതികളിലെ വ്യത്യാസങ്ങൾ എന്നിവ കാരണം ഈ സമീപനങ്ങൾക്കിടയിൽ വൈരുധ്യങ്ങൾ ഉണ്ടാകാം.

സിസ്റ്റം ഓഫ് നാഷണൽ അക്കൗണ്ട്സ് 2008 (SNA 2008), കൂടാതെ SNA 2025-ഉം ഇത്തരത്തിലുള്ള വൈരുധ്യങ്ങൾ പരിഹരിക്കാൻ രണ്ട് പ്രധാന സമീപനങ്ങൾ ശുപാർശ ചെയ്യുന്നു:

  • സുതാര്യത വർദ്ധിപ്പിക്കുന്നതിനായി ഔദ്യോഗിക ജി.ഡി.പി കണക്കുകൾക്കൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ വൈരുധ്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുക.
  • ഡാറ്റാസെറ്റുകൾക്കിടയിലുള്ള പൊരുത്തം ശക്തമാക്കുന്നതിന് സപ്ലൈ ആൻഡ് യൂസ് ടേബിൾ ചട്ടക്കൂട് ഉപയോഗിച്ച് ഉൽപ്പാദന/വരുമാന, ചെലവ് കണക്കുകളെ ഏകോപിപ്പിക്കുക.

പുതിയ ജി.ഡി.പി പരമ്പരയിൽ, സമാഹരണ പ്രക്രിയയിൽ SUT ചട്ടക്കൂട് വ്യവസ്ഥാപിതമായി സംയോജിപ്പിക്കുന്നു. "പ്രോഡക്റ്റ്-ബാലൻസിംഗ്" തത്വം (ആകെ വിതരണം ആകെ ഉപയോഗത്തിന് തുല്യമാണെന്ന് ഉറപ്പാക്കൽ) പ്രയോഗിക്കുന്നതിലൂടെ, ഉൽപ്പാദന-ചെലവ് കണക്കുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കാൻ ഈ ചട്ടക്കൂട് സഹായിക്കുന്നു. ഇതിന്റെ ഫലമായി, അന്തിമ കണക്കുകളിലെ സ്റ്റാറ്റിസ്റ്റിക്കൽ വൈരുധ്യങ്ങൾ പരിഹരിക്കപ്പെടുകയും ആഭ്യന്തരമായി പൊരുത്തമുള്ളതും കൂടുതൽ വിശ്വാസയോഗ്യവുമായ ജി.ഡി.പി കണക്കുകൾ ലഭിക്കുകയും ചെയ്യുന്നു.

ജി.എസ്.ഡി.പി കണക്കെടുപ്പിലെ പൊരുത്തവും രീതിശാസ്ത്രപരമായ കരുത്തും ഉറപ്പാക്കുന്നു

MoSPI-ക്ക് കീഴിലുള്ള NSO, മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (GSDP) കണക്കാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുകയും ചെയ്യുന്നു. ദേശീയ അക്കൗണ്ടുകളുമായി പൊരുത്തപ്പെടുന്ന ഏകീകൃത നിർവചനങ്ങൾ, സങ്കൽപ്പങ്ങൾ, രീതിശാസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് ജി.എസ്.ഡി.പി സമാഹരിക്കുന്നതെന്ന് ഇത് ഉറപ്പാക്കുന്നു. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റുകൾ (DES), പൊതുവായ വിവര സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്ന സംസ്ഥാനതല വിവരങ്ങൾ ഉപയോഗിച്ചാണ് ജി.എസ്.ഡി.പി കണക്കുകൾ തയ്യാറാക്കുന്നത്.

ഒരു വർഷത്തിനുള്ളിൽ ഒരു സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജി.എസ്.ഡി.പി (GSDP).

 

പ്രധാന രീതിശാസ്ത്രപരമായ മെച്ചപ്പെടുത്തലുകളോടെ പുതിയ അടിസ്ഥാന വർഷത്തിലുള്ള ജി.എസ്.ഡി.പി പരമ്പര നടപ്പിലാക്കുന്നു

2022-23 അടിസ്ഥാന വർഷമായുള്ള ജി.ഡി.പി പുറത്തിറക്കിയതിനെത്തുടർന്ന്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ ജി.എസ്.ഡി.പി കണക്കുകൾ പരിഷ്കരിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ രീതിശാസ്ത്രപരമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും NSO അറിയിക്കും.

  • ചില മേഖലകൾക്കോ ഉപമേഖലകൾക്കോ വേണ്ടി അലോക്കേഷൻ അധിഷ്ഠിത രീതികൾ കുറയ്ക്കുകയും നേരിട്ടുള്ള കണക്കെടുപ്പിന് മുൻഗണന നൽകുകയും ചെയ്യുക.
  • നിശ്ചിത അനുപാതങ്ങളെയും പകരമുള്ള സൂചകങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുക.
  • സംസ്ഥാനതല സാമ്പത്തിക വിവരങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം, സംസ്ഥാനങ്ങൾക്കിടയിലുള്ള രീതിശാസ്ത്രപരമായ പൊരുത്തം വർദ്ധിപ്പിക്കുക.

ഈ നടപടികൾ മൊത്തത്തിൽ ജി.എസ്.ഡി.പി കണക്കുകളുടെ കൃത്യതയും താരതമ്യക്ഷമതയും ശക്തിപ്പെടുത്തുന്നു.

ഭാവിയിലേക്കുള്ള വഴി

ജി.ഡി.പി കണക്കുകളുടെ അടിസ്ഥാന വർഷം 2022-23 ആയും സി.പി.ഐ (CPI) അടിസ്ഥാന വർഷം 2024 ആയും ഐ.ഐ.പി (IIP) 2022-23 ആയും പരിഷ്കരിച്ചതോടെ ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം സമഗ്രമായ ആധുനികവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഈ വേഗത നിലനിർത്തിക്കൊണ്ട്, ഡബ്ല്യു.പി.ഐ (WPI) അടിസ്ഥാന വർഷ പരിഷ്കരണവും പുരോഗമിക്കുകയാണ്. പുതുക്കിയ ഡബ്ല്യു.പി.ഐ ലഭ്യമാകുന്നത് വരെ, നിലവിലുള്ള ഡബ്ല്യു.പി.ഐ തന്നെ ഡിഫ്ലേറ്ററായി ഉപയോഗിക്കുന്നത് തുടരും. കൂടാതെ, സമീപഭാവിയിൽ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (PPI) കൂടി ഉൾപ്പെടുത്താൻ MoSPI പദ്ധതിയിടുന്നു. ഉൽപ്പാദകർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കാണ് പി.പി.ഐ (PPI) അളക്കുന്നത്.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറക്കാൻ നിശ്ചയിച്ചിട്ടുള്ള മറ്റ് വിവരങ്ങളിൽ ഇവ ഉൾപ്പെടുന്നു-

  • കണക്കുകൾ തയ്യാറാക്കാൻ ഉപയോഗിച്ച രീതിശാസ്ത്രവും വിവര സ്രോതസ്സുകളും MoSPI-യുടെ സോഴ്സസ് ആൻഡ് മെത്തേഡ്സ്എന്ന പ്രസിദ്ധീകരണത്തിൽ അവതരിപ്പിക്കും. ഇത് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയേക്കും.
  • മുൻകാല വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള 'ബാക്ക്-സീരീസ്' ഡാറ്റ 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള രീതി അനുസരിച്ച്, മുമ്പത്തെ അടിസ്ഥാന വർഷം വരെയുള്ള കണക്കുകൾ പുതുക്കിയ രീതിശാസ്ത്രം ഉപയോഗിച്ച് പുനർനിർണ്ണയിക്കുകയും, തുടർന്ന് 1950-51 വരെയുള്ള വിവരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.

നിങ്ങൾക്കറിയാമോ?

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സ്റ്റാറ്റിസ്റ്റിക്കൽ ചട്ടക്കൂടായ 2008-ലെ സിസ്റ്റം ഓഫ് നാഷണൽ അക്കൗണ്ട്സ് (SNA 2008) അനുസരിച്ചാണ് ഇന്ത്യ അതിന്റെ ജി.ഡി.പി (GDP) കണക്കുകൾ തയ്യാറാക്കുന്നത്. യുണൈറ്റഡ് നേഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ ഡിവിഷൻ SNA 2025-ലേക്ക് മാറുന്നതോടെ (ഇത് 2029-30 കാലയളവിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു). അടുത്ത അടിസ്ഥാന വർഷ പരിഷ്കരണത്തിൽ ഈ പുതുക്കിയ മാനദണ്ഡവുമായി പൊരുത്തപ്പെടാൻ ഇന്ത്യ ഉദ്ദേശിക്കുന്നു.

 

കൂടാതെ, ഐ.എം.എഫ് (IMF)-ന്റെ സ്പെഷ്യൽ ഡാറ്റാ ഡിസെമിനേഷൻ സ്റ്റാൻഡേർഡിന്റെ (SDDS) വരിക്കാരെന്ന നിലയിൽ, സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരത്തിലും സുതാര്യതയിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ ഇന്ത്യ പാലിക്കുന്നു. പരിഷ്കരിച്ച ജി.ഡി.പി പരമ്പര അന്താരാഷ്ട്ര സ്ഥിതിവിവരക്കണക്ക് മാനദണ്ഡങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണ്.

ഉപസംഹാരം

2025-26 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജി.ഡി.പി 7.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നതോടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തവും സുസ്ഥിരവുമായ വളർച്ച രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്. ഈ കരുത്തുറ്റ പ്രകടനം ഇന്ത്യയുടെ വളർച്ചാ വേഗതയെ ശക്തിപ്പെടുത്തുകയും ഉയർന്ന ഉൽപ്പാദനക്ഷമത, പ്രതിരോധശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയാൽ അടയാളപ്പെടുത്തിയ 'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിലേക്കുള്ള പ്രയാണത്തെ ഊർജ്ജിതമാക്കുകയും ചെയ്യുന്നു.

ഇതിന് അനുസൃതമായി, ജി.ഡി.പി അടിസ്ഥാന വർഷം 2022-23-ലേക്ക് മാറ്റിയത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങളുമായി ഇന്ത്യയുടെ ദേശീയ അക്കൗണ്ടുകളെ പൊരുത്തപ്പെടുത്തുന്നതിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. മെച്ചപ്പെട്ട വിവര സ്രോതസ്സുകൾ ഉൾപ്പെടുത്തിയതിലൂടെയും രീതിശാസ്ത്രപരമായ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തിയതിലൂടെയും വളർന്നുവരുന്ന മേഖലകളെ ഉൾക്കൊള്ളിച്ചതിലൂടെയും SUT ചട്ടക്കൂട് വഴി സുതാര്യത വർദ്ധിപ്പിച്ചതിലൂടെയും പുതിയ പരമ്പര സാമ്പത്തിക പ്രവർത്തനങ്ങളുടെ കൂടുതൽ കൃത്യവും സുസ്ഥിരവും സമഗ്രവുമായ അളവ് നൽകുന്നു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം കൂടുതൽ കൃത്യതയിലേക്കും താരതമ്യക്ഷമതയിലേക്കും ആഗോള മാനദണ്ഡങ്ങളിലേക്കും നീങ്ങുകയാണ്. ഈ ശ്രമങ്ങൾ ഒത്തുചേരുമ്പോൾ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത വർദ്ധിക്കുകയും വിവരവിനിമയത്തിലൂടെയുള്ള നയരൂപീകരണത്തിനും സുസ്ഥിരമായ സാമ്പത്തിക ആസൂത്രണത്തിനുമുള്ള കരുത്തുറ്റ അടിത്തറയായി അവ മാറുകയും ചെയ്യുന്നു.

അവലംബം

 

Ministry of Statistics & Programme Implementation

https://www.pib.gov.in/PressReleasePage.aspx?PRID=2129126&reg=3&lang=2

https://www.mospi.gov.in/uploads/latestReleases/latest_release_1771587946242_979ab984-ab1d-4f5f-b412-66cff02f8e9d_Press_note_for_Release_of_Report_of_Committee_on_Constant_Price_Estimates.pdf

Ministry of Finance

https://pfms.nic.in/Home.aspx

Ministry of Corporate Affairs

https://www.pib.gov.in/newsite/erelcontent.aspx?relid=52614&reg=3&lang=2

European Union

https://ec.europa.eu/eurostat/statistics-explained/index.php?title=Beginners:GDP_-_What_is_gross_domestic_product_(GDP)

Open Government Data Platform India

https://www.data.gov.in/catalog/final-consumption-expenditure-constant-prices

PIB Archives

https://www.pib.gov.in/PressReleasePage.aspx?PRID=2219549&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=155121&ModuleId=3&reg=3&lang=2

Office for National Statistics

https://www.ons.gov.uk/economy/inflationandpriceindices/methodologies/deflatorsandhowweusethemineconomicestimates

United Nations

https://unstats.un.org/unsd/classifications/unsdclassifications/COICOP_2018_-_pre-edited_white_cover_version_-_2018-12-26.pdf

Click here to see pdf 

***

SK

(Explainer ID: 157751) आगंतुक पटल : 49
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , हिन्दी , Bengali , Gujarati