Social Welfare
വേവ്സ് 2025
ആഗോള പങ്കാളിത്തത്തിലൂടെയും സൃഷ്ടിപരമായ സഹകരണത്തിലൂടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്നു
Posted On:
18 FEB 2026 11:35AM
ആഗോള ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയ്ക്കുള്ള തന്ത്രപ്രധാന പ്ലാറ്റ്‌ഫോമായി വേവ്‌സ്

ലോകമെമ്പാടുമുള്ള സർഗ്ഗാത്മക ശബ്ദങ്ങളെ ഒരു സഹകരണ ഇടത്തിൽ കൊണ്ടുവരിക എന്ന ലളിതവും എന്നാൽ വലിയ ലക്ഷ്യങ്ങളുള്ളതുമായ ഒരു ആശയത്തോടെയാണ് ‘വേവ്സ് 2025’ (WAVES 2025 - വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ്) ആരംഭിച്ചത്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററും ജിയോ വേൾഡ് ഗാർഡനും ഒരു ചലനാത്മകമായ സംഗമഭൂമിയായി മാറി. കഥാകൃത്തുക്കൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ ആശയങ്ങൾ പങ്കുവെക്കാൻ മാത്രമല്ല, അർത്ഥവത്തായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ഇവിടെ ഒത്തുചേർന്നു. മാധ്യമ-വിനോദ മേഖലകൾക്കായി ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത ആഗോള സംഗമ വേദിയായി വിഭാവനം ചെയ്ത 'വേവ്സ്', ഒരു സാധാരണ ഉച്ചകോടിക്കപ്പുറം സ്രഷ്ടാക്കളും വിപണികളും തമ്മിലുള്ള ഒരു സജീവ പാലമായി പ്രവർത്തിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തത്.
സർഗ്ഗാത്മക വ്യവസായങ്ങൾ ഭാവനകളെ എന്നപോലെ സമ്പദ്‌വ്യവസ്ഥയെയും രൂപപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ, സഹകരണത്തിനാണ് 'വേവ്സ്' അതിന്റെ രൂപഘടനയിൽ മുൻഗണന നൽകിയത്. ഉള്ളടക്ക നിർമ്മാണം, സർഗ്ഗാത്മക സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തവകാശം, വിപണി ലഭ്യത എന്നിവയിൽ യഥാർത്ഥ അവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ ഇന്ത്യൻ-ആഗോള സർഗ്ഗാത്മക ആവാസ വ്യവസ്ഥകളെ പരസ്പരം ബന്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ വ്യക്തമായ ലക്ഷ്യം. പങ്കാളിത്തത്തിന്റെ തോത് ആ ലക്ഷ്യത്തെ പ്രതിഫലിപ്പിച്ചു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, ആഗോള സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, സ്വതന്ത്ര സ്രഷ്ടാക്കൾ എന്നിവർ ബ്രോഡ്കാസ്റ്റിംഗ്, സിനിമകൾ, ഡിജിറ്റൽ മീഡിയ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) തുടങ്ങിയ മേഖലകളിൽ സജീവമായി ഇടപെട്ടു.
വെറുമൊരു ഒത്തുചേരൽ എന്നതിലുപരി, ആഗോള സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുമായി ഇന്ത്യ എങ്ങനെ ഇടപഴകുന്നു എന്നതിലെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ് 'വേവ്സ്' നൽകിയത്. വിവിധ മേഖലകളിലെയും പ്രദേശങ്ങളിലെയും ചിതറിക്കിടക്കുന്ന ചർച്ചകൾക്ക് പകരം, നയം, വാണിജ്യം, സർഗ്ഗാത്മക പ്രതിഭകൾ എന്നിവയെ ഒരൊറ്റ സംയോജിത ചട്ടക്കൂടിന് കീഴിൽ ഇത് കൊണ്ടുവന്നു.
സ്ഥാപനപരമായ ഘടനയും പ്രധാന സ്തംഭങ്ങളും
ആഗോള മാധ്യമ-വിനോദ ആവാസവ്യവസ്ഥയുടെ വ്യാപ്തിയെയും ഭാവി പാതയെയും പ്രതിനിധീകരിക്കുന്ന പ്രധാന വ്യവസായ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് 'വേവ്സ്' ക്രമീകരിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിലൂടെ വിവിധ മേഖലകൾ തമ്മിലുള്ള ഇടപെടൽ, നയപരമായ ഐക്യം, വാണിജ്യപരമായ കൈമാറ്റം എന്നിവയ്ക്ക് ഉച്ചകോടി വഴിയൊരുക്കി. ലോകമെമ്പാടുമുള്ള സർഗ്ഗാത്മക വ്യവസായങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഏകോപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്

പുതിയ പ്രതിഭകളെ കണ്ടെത്താനും അവർക്ക് ആഗോളതലത്തിൽ ഇടം നൽകാനുമായി രൂപപ്പെടുത്തിയ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' പ്ലാറ്റ്ഫോം ആയിരുന്നു വേവ്‌സിന്റെ കാതൽ. ഇതിന്റെ ആദ്യ സീസണിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,100 അന്താരാഷ്ട്ര മത്സരാർത്ഥികൾ ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ഈ കണക്കുകൾ വലിയൊരു വിജയത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനു പിന്നിലെ ആവേശം അതിലും വലുതായിരുന്നു. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾ ഇന്ത്യയെ വെറുമൊരു വിപണിയായല്ല, മറിച്ച് ആശയങ്ങൾ കൈമാറാനും സഹകരിക്കാനും പുതിയ ദിശകൾ കണ്ടെത്താനുമുള്ള സജീവമായ ഒരു സംഗമഭൂമിയായാണ് കണ്ടത്.
ഈ വലിയ കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 ഫൈനലിസ്റ്റുകൾക്ക് വേവ്‌സിലെ 'ക്രിയേറ്റോസ്ഫിയർ' എന്ന പ്രത്യേക വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. വളർന്നുവരുന്ന പ്രതിഭകൾക്ക് സ്റ്റുഡിയോകൾ, പ്ലാറ്റ്‌ഫോമുകൾ, മറ്റ് പ്രമുഖർ എന്നിവരുമായി നേരിട്ട് സംവദിക്കാൻ ഇവിടെ സാധിച്ചു. ഇവരിൽ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള 43 അന്താരാഷ്ട്ര ഫൈനലിസ്റ്റുകളും ഉണ്ടായിരുന്നു. ഇത് ആ പരിപാടിയെ വെറുമൊരു പ്രദർശനമെന്നതിലുപരി കഴിവുകളുടെയും കാഴ്ചപ്പാടുകളുടെയും യഥാർത്ഥ കൈമാറ്റ വേദിയാക്കി മാറ്റി.
പ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് വ്യവസായ മേഖലയുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും നൽകിയതിലൂടെ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' വെറും അംഗീകാരങ്ങൾക്കപ്പുറത്തേക്ക് വളർന്നു. ഇത് സഹകരണത്തിനും സംയുക്ത സംരംഭങ്ങൾക്കും അതിരുകൾക്കപ്പുറമുള്ള അവസരങ്ങൾക്കും വഴിയൊരുക്കി. സർഗ്ഗാത്മകമായ ലക്ഷ്യങ്ങൾക്ക് ആഗോളതലത്തിൽ മാറ്റൊലി സൃഷ്ടിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായി വേവ്‌സിനെ ഇത് ശക്തിപ്പെടുത്തി.
വേവ്‌സ് ബസാർ
പ്രതിഭകളെ കണ്ടെത്തുന്നതിനായിരുന്നു 'ക്രിയേറ്റ് ഇൻ ഇന്ത്യ' മുൻഗണന നൽകിയതെങ്കിൽ, അവർക്ക് ഒരു വിപണി ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു 'വേവ്‌സ് ബസാറി'ന്റെ ലക്ഷ്യം. ഈ ഉച്ചകോടിയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന ഈ വിപണി സിനിമ, ടെലിവിഷൻ, ഗെയിമിംഗ്, സംഗീതം തുടങ്ങിയ മേഖലകളിലെ സ്രഷ്ടാക്കളെയും സ്റ്റുഡിയോകളെയും നിക്ഷേപകരെയും ഒന്നിപ്പിച്ചു. ഇത് വെറുമൊരു സൗഹൃദക്കൂട്ടായ്മ എന്നതിലുപരി യഥാർത്ഥ വ്യാപാര ഇടപാടുകൾക്കും ദീർഘകാല ബിസിനസ്സ് ബന്ധങ്ങൾക്കുമായി രൂപപ്പെടുത്തിയതാണ്. ഉച്ചകോടിക്ക് മുൻപേ ആരംഭിച്ച് വർഷം മുഴുവൻ പ്രവർത്തിക്കാൻ സജ്ജമാക്കിയ ഈ സംരംഭം, വിപണിയിലേക്കുള്ള പ്രവേശനം സുസ്ഥിരവും ആഗോളതലത്തിൽ ബന്ധിക്കപ്പെട്ടതുമായിരിക്കണം എന്ന വ്യക്തമായ ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു.
പ്രധാന നേട്ടങ്ങൾ
- ബിസിനസ്-ടു-ബിസിനസ് (B2B) കൂടിക്കാഴ്ചകൾ, പ്രോജക്റ്റ് അവതരണങ്ങൾ, പുത്തൻ ആശയങ്ങൾ കണ്ടെത്തൽ എന്നിവയിലൂടെ വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൃത്യമായ ആശയവിനിമയം സാധ്യമാക്കി.
- 3,000-ലധികം ബിസിനസ് കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കി. ഇതുവഴി 800 കോടി രൂപയിലധികം മൂല്യമുള്ള വ്യാപാര ഇടപാടുകൾ നടന്നു. ഉച്ചകോടിക്ക് ശേഷവും ചർച്ചകൾ തുടരുന്നതിനാൽ ഈ ഇടപാടുകൾ 1,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള വിപണി വഴി മാത്രം 500 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. ഇത് ഈ മേഖലയിലെ ശക്തമായ വാണിജ്യ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
- നൂറിലധികം അപേക്ഷകളിൽ നിന്ന് 'പിച്ച് റൂം' വഴി 16 പ്രോജക്ടുകൾ തിരഞ്ഞെടുത്തു. സ്രഷ്ടാക്കൾക്ക് ആഗോളതലത്തിലുള്ള വാങ്ങുന്നവരുമായും നിക്ഷേപകരുമായും നേരിട്ട് ആശയവിനിമയം നടത്താൻ ഇതിലൂടെ അവസരം ലഭിച്ചു.
- 'വ്യൂയിംഗ് റൂമിൽ' എട്ട് രാജ്യങ്ങളിൽ നിന്നുള്ള നൂറോളം സിനിമകൾ പ്രദർശിപ്പിച്ചു. ഇത് സിനിമകൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള ശ്രദ്ധ നേടിക്കൊടുക്കാനും വിതരണത്തിനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കാനും സഹായിച്ചു.
- ഇന്ത്യൻ പങ്കാളികളും ആഗോള പങ്കാളികളും ചേർന്ന് നിർമ്മിക്കുന്ന അന്താരാഷ്ട്ര സംയുക്ത നിർമ്മാണ പദ്ധതികളുടെ പ്രഖ്യാപനമുൾപ്പെടെയുള്ള ക്രിയാത്മകമായ വിദേശ സഹകരണങ്ങൾക്ക് ഇത് വഴിയൊരുക്കി.
വേവ്‌സ് ബസാറിന്റെ സ്വാധീനം ഈ ഉച്ചകോടിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള വിപണി എന്ന നിലയിൽ, ഈ മേഖലയിലെ ഇടപെടലുകൾക്കും കൃത്യമായ നേട്ടങ്ങൾക്കും ഇത് തുടർച്ചയായി സാക്ഷ്യം വഹിക്കുന്നു.
സാംസ്കാരിക പരിപാടികളും സംഗീത നിശകളും

വേവ്‌സിൽ തത്സമയ സാംസ്‌കാരിക പ്രകടനങ്ങൾ കേവലം പരിപാടിയുടെ ഭാഗം മാത്രമായിരുന്നില്ല - അവ ബന്ധങ്ങൾ ദൃഢമാക്കുകയും വൈവിധ്യങ്ങളെ ആഘോഷിക്കുകയും ഒത്തുചേരലിന് പുതുജീവൻ നൽകുകയും ചെയ്ത പങ്കിട്ട അനുഭവങ്ങളായിരുന്നു. മുംബൈയിൽ നടന്ന നാല് ദിവസങ്ങളിലായി നടന്ന വേവ്‌സ് കൾച്ചറൽസ് ആൻഡ് കൺസേർട്ട്‌സ് ഇന്ത്യയുടെ ക്ലാസിക്കൽ, ഫോക്ക്, സമകാലിക പാരമ്പര്യങ്ങളെ അന്താരാഷ്ട്ര കലാകാരന്മാർക്കൊപ്പം ഒരേ വേദിയിൽ കൊണ്ടുവന്നു. ഓർക്കസ്ട്ര സംഗീതവും നൃത്തവും മുതൽ അതിർത്തികൾക്കപ്പുറമുള്ള കലാപരമായ സഹകരണങ്ങൾ വരെ നീണ്ട ഈ പ്രകടനങ്ങൾ "സ്രഷ്ടാക്കളെ ബന്ധിപ്പിക്കുന്നു, രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു" എന്ന സന്ദേശത്തെ അന്വർത്ഥമാക്കി.
സംസ്‌കാരത്തെ ഉച്ചകോടിയുടെ കാതലിലേക്ക് ഇഴചേർത്തുകൊണ്ട് തത്സമയ കലാപരമായ കൈമാറ്റങ്ങളെ വെറുമൊരു ആഘോഷമായിട്ടല്ല, മറിച്ച് സഹകരണത്തിനും സർഗ്ഗാത്മക സംവാദങ്ങൾക്കും ആഗോളതലത്തിലുള്ള ഉണർവിനും ഉള്ള ഒരു പ്രേരകശക്തിയായാണ് വേവ്‌സ് അവതരിപ്പിച്ചത്.
വേവ്എക്സ് (WaveXcelerator)
സ്റ്റാർട്ടപ്പ് മേഖലയുടെ ഊർജ്ജസ്വലതയെ വേവ്എക്സ് ഈ ഉച്ചകോടിയിലേക്ക് എത്തിച്ചു. മാധ്യമങ്ങൾ, വിനോദം, ഭാഷാ സാങ്കേതികവിദ്യ എന്നിവയിലെ നൂതനാശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വളർന്നുവരുന്ന സംരംഭങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, നിക്ഷേപകർ, ആഗോള വ്യവസായ പ്രമുഖർ എന്നിവർക്കിടയിൽ ഇത് ഒരു പാലമായി പ്രവർത്തിച്ചു - ആശയങ്ങളെ വലിയ സ്വാധീനം ചെലുത്താൻ കെല്പുള്ള പാതകളായി ഇത് മാറ്റി.
വേവ്സ് 2025-ൽ, മുപ്പതിലധികം സ്റ്റാർട്ടപ്പുകൾ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ലുമികായ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. നൂറോളം സ്റ്റാർട്ടപ്പുകൾ തങ്ങളുടെ സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിക്കുകയും നിക്ഷേപങ്ങൾക്കും പങ്കാളിത്തത്തിനുമുള്ള വഴി തുറക്കുകയും ചെയ്തു. ഉച്ചകോടിക്ക് ശേഷവും ടി-ഹബ്, ഐഐടി ഡൽഹി, കൂടാതെ രാജ്യത്തുടനീളമുള്ള മറ്റ് സെന്ററുകൾ എന്നിവയുമായുള്ള സഹകരണത്തിലൂടെ ഇൻകുബേഷൻ, മെന്റർഷിപ്പ് എന്നിവ നൽകി വേവ്എക്സ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നത് തുടരുന്നു. ഇത് ഇന്ത്യയുടെ സർഗ്ഗാത്മക മേഖലയിൽ നൂതനാശയങ്ങളെ വേരോടിക്കുകയും അവയെ ആഗോള അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഗ്ലോബൽ മീഡിയ ഡയലോഗ്
മുംബൈയിൽ നടന്ന വേവ്‌സ് 2025-ന്റെ പ്രധാന ആകർഷണമായിരുന്നു ഗവൺമെന്റുകൾ തമ്മിലുള്ള ഉന്നതതല ചർച്ചയായ 'ഗ്ലോബൽ മീഡിയ ഡയലോഗ്'. വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകളെയും നിയന്ത്രണ ഏജൻസികളെയും വ്യവസായ പ്രമുഖരെയും ഒരു ബഹുരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിച്ചതിലൂടെ വേവ്‌സിന് ഇത് ഔദ്യോഗികമായ ഒരു ഔന്നത്യം നൽകി. സാങ്കേതികവിദ്യ, ഭരണം മുതൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളും അന്താരാഷ്ട്ര സഹകരണവും വരെ, ആഗോള മാധ്യമരംഗത്ത് സംഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത് ഇടമൊരുക്കി.
പങ്കെടുത്ത രാജ്യങ്ങൾ മാധ്യമ-വിനോദ മേഖലകളിൽ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒപ്പുവെച്ച 'വേവ്‌സ് പ്രഖ്യാപനം' അംഗീകരിക്കുക എന്നതായിരുന്നു ഈ ചർച്ചയുടെ കാതൽ. ധാർമ്മിക മാധ്യമ രീതികൾ, ഡിജിറ്റൽ ഉൾപ്പെടുത്തൽ, സാംസ്കാരിക വൈവിധ്യം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയ്ക്ക് ഈ പ്രഖ്യാപനം ഊന്നൽ നൽകി. ഒപ്പം വിദേശ പങ്കാളിത്തത്തോടെയുള്ള സംയുക്ത നിർമ്മാണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ തത്വങ്ങൾ ഔപചാരികമായി ഉറപ്പിച്ചുകൊണ്ട് വെറും ചർച്ചകൾക്കപ്പുറം വ്യക്തമായ ലക്ഷ്യങ്ങളിലേക്ക് ഈ സംഗമം നീങ്ങി. പങ്കിട്ട കാഴ്ചപ്പാടുകൾ ഏകോപിപ്പിച്ച പ്രവർത്തനങ്ങളായി മാറുന്ന ഒരു വേദിയായും സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ ആഗോള സമവായം രൂപപ്പെടുന്ന ഇടമായും വേവ്‌സിനെ ഇത് അടയാളപ്പെടുത്തി.
|
WAVES പ്രഖ്യാപനം
2025 മെയ് 2-ന് മുംബൈയിൽ നടന്ന ‘വേവ്‌സ് 2025’ ആഗോള മീഡിയ ഡയലോഗിൽ അംഗീകരിച്ച ഈ പ്രഖ്യാപനം മാധ്യമ-വിനോദ മേഖലകളിൽ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത അടയാളപ്പെടുത്തിക്കൊണ്ട് 77 രാഷ്ട്രങ്ങൾ അംഗീകരിച്ചു.
പ്രധാന ഉത്തരവാദിത്തങ്ങളും തത്വങ്ങളും:
- മഹാമാരിക്ക് ശേഷമുള്ള അനിശ്ചിത ലോകത്ത് ആഗോള ഐക്യം, സാംസ്കാരിക ധാരണ, പ്രതിരോധം എന്നിവ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും വിനോദ മേഖലയ്ക്കുമുള്ള പങ്ക് വീണ്ടും ഉറപ്പിക്കുന്നു.
- ലഭ്യത, താങ്ങാനാവുന്ന വില, പൗര കേന്ദ്രീകൃത മാധ്യമ ആവാസവ്യവസ്ഥകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സമൂഹങ്ങളിലുടനീളം തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും ഡിജിറ്റൽ വിഭജനം നികത്താൻ പ്രതിജ്ഞാബദ്ധമാണ്.
- വൈവിധ്യമാർന്ന ശബ്ദങ്ങൾ, പൊതുതാൽപ്പര്യമുള്ള ഉള്ളടക്കം, വസ്‌തുതാപരമായ പത്രപ്രവർത്തനം എന്നിവയുൾപ്പെടെ ധാർമ്മികവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവർത്തനത്തിന് പ്രാധാന്യം നൽകുന്നു.
- യുവാക്കൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ട് മാധ്യമ-വിനോദ മേഖലയെ സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും ചാലകശക്തിയായി അംഗീകരിക്കുന്നു.
- ന്യായവും തുറന്നതുമായ വിപണികൾ,ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, അതിർത്തി കടന്നുള്ള പങ്കാളിത്തം, സംയുക്ത നിർമ്മാണങ്ങൾ, വ്യാപാരം, സംയുക്ത ഫണ്ടിംഗ് മോഡലുകൾ എന്നിവയെ പിന്തുണയ്ക്കുന്നു.
- സുതാര്യതയും ഉത്തരവാദിത്തവും ഉൾക്കൊള്ളലും ഉറപ്പാക്കിക്കൊണ്ട് നിർമ്മിത ബുദ്ധികളും (AI) ഉൾപ്പെടെയുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ ധാർമ്മികമായ ഉപയോഗം ഉറപ്പാക്കുന്നു.
- മനുഷ്യാവകാശങ്ങളും സാംസ്കാരിക സംവേദനക്ഷമതയും ഉയർത്തിപ്പിടിച്ചുകൊണ്ട് തെറ്റായ വിവരങ്ങൾക്കും വ്യാജപ്രചരണങ്ങൾക്കും എതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നു.
- സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള (SDG) പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും സർഗ്ഗാത്മക വ്യവസായങ്ങളെ സമാധാനവുമായും പുരോഗതിയുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു.
|
തന്ത്രപരമായ ദിശ: ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ഒരു ബ്ലൂപ്രിന്റ്
വേദിയിലെ പ്രകടനങ്ങൾക്കും വിപണികൾക്കുമപ്പുറം ഇന്ത്യ എങ്ങനെയുള്ള സർഗ്ഗാത്മക ഭാവിയിലേക്കാണ് നീങ്ങുന്നത് എന്ന ചോദ്യമാണ് വേവ്‌സ് 2025 ഉയർത്തിയത്. മാധ്യമ-വിനോദ മേഖലയെ കേവലം സാംസ്കാരിക പ്രകടനങ്ങൾ എന്നതിലുപരി കയറ്റുമതി വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയുടെ സാംസ്കാരിക ശബ്ദം ആഗോളതലത്തിൽ എത്തിക്കാനും ശേഷിയുള്ള സാമ്പത്തിക വളർച്ചാ എഞ്ചിനുകളായി ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ക്രിയേറ്റർമാരെയും സ്റ്റാർട്ടപ്പുകളെയും കേവലം പങ്കെടുക്കുന്നവരായല്ല മറിച്ച് പുതിയ വിപണികൾ രൂപപ്പെടുത്തുന്ന സാമ്പത്തിക ശക്തികളായാണ് ഈ ചർച്ചകൾ തിരിച്ചറിഞ്ഞത്. ക്രിയേറ്റർ സമ്പദ്‍വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസത്തിലും AVGC-XR (അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി) എന്നിവയുടെ സംയോജത്തിലൂടെയും സർഗ്ഗാത്മകത ഇന്ന് സാങ്കേതികവിദ്യയുമായും സംരംഭകത്വവുമായും ആഗോള അഭിലാഷവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി. വിദ്യാഭ്യാസ സംവിധാനങ്ങൾ, ഇൻകുബേഷൻ നെറ്റ്‌വർക്കുകൾ, നയ ചട്ടക്കൂടുകൾ എന്നിവയിൽ നവീകരണം ഉൾപ്പെടുത്തുന്നത് ഒരു പങ്കിട്ട മുൻഗണനയായി ഉയർന്നുവന്നു. സൃഷ്ടിപരമായ വ്യവസായങ്ങൾ വെറും പ്രത്യേക ഡൊമെയ്‌നുകളല്ല, മറിച്ച് കയറ്റുമതിക്ക് തയ്യാറായ, ഭാവിയെ അഭിമുഖീകരിക്കുന്ന മേഖലകളാണെന്ന ആശയം ശക്തിപ്പെടുത്തുന്നു.
പങ്കാളിത്തം, ഫലങ്ങൾ, വ്യവസായ സ്വാധീനം
വ്യാപ്തിയും ആഗോള പങ്കാളിത്തവും
ആഗോളതലത്തിലുള്ള ഗൗരവകരമായ ലക്ഷ്യങ്ങൾ വിളംബരപ്പെടുത്തിക്കൊണ്ടാണ് വേവ്സ് 2025 അരങ്ങേറിയത്. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മീഡിയ, AVGC-XR, സിനിമ തുടങ്ങിയ മേഖലകളിൽ നിന്നുള്ള നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, ക്രിയേറ്റർമാർ, ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും എന്നിങ്ങനെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മുംബൈയിൽ ഒത്തുചേർന്നു.
ഒരു ലക്ഷത്തിലധികം ആളുകൾ ഈ ഉച്ചകോടിയുടെ ഭാഗമായി. അതിൽ പതിനായിരത്തിലധികം പ്രതിനിധികൾ, ആയിരത്തിലധികം ക്രിയേറ്റർമാർ, മുന്നൂറിലധികം കമ്പനികൾ, 350-ലേറെ സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ പ്രാധാന്യം വ്യാപ്തിയിൽ മാത്രമല്ല ഉള്ളടക്കത്തിലുമുണ്ട്. തീരുമാനമെടുക്കുന്നവരും പുതുമയുള്ളവരും കഥാകൃത്തുക്കളും ഒരേ ഇടം പങ്കിട്ടു. സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിലെ നിക്ഷേപത്തിനും അന്താരാഷ്ട്ര സഹകരണത്തിനും സർഗ്ഗാത്മക ആശയങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രധാന സംഗമവേദിയായി വേവ്‌സ് 2025 മാറി.
നയങ്ങളും സ്ഥാപനപരമായ ഫലങ്ങളും
നയപരമായ തലത്തിൽ ഗവൺമെന്റുകൾക്കും സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഇടപെടലുകൾക്കായി 'ഗ്ലോബൽ മീഡിയ ഡയലോഗ്' ഒരു ഔദ്യോഗിക ബഹുരാഷ്ട്ര പ്ലാറ്റ്‌ഫോം ഒരുക്കി. 77 രാജ്യങ്ങൾ ഈ ഡയലോഗിൽ പങ്കെടുത്തു. ധാർമ്മിക മാധ്യമ രീതികൾ, ഡിജിറ്റൽ ഉൾപ്പെടുത്തൽ, സാംസ്കാരിക വൈവിധ്യം, അന്താരാഷ്ട്ര സഹകരണം എന്നിവയിലുള്ള പങ്കിട്ട പ്രതിബദ്ധതകൾ വ്യക്തമാക്കിയ ചർച്ചകൾ വേവ്സ് പ്രഖ്യാപനം' അംഗീകരിച്ചു.
വെറുമൊരു അഭിപ്രായ വിനിമയത്തിനപ്പുറം, കൂട്ടായ ചട്ടക്കൂടുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു ഫോറമായി വേവ്സ് ഉയർന്നു. ആഗോള മാധ്യമ-സാംസ്കാരിക ഭരണത്തിൽ ഒരു സംഘാടകൻ എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ ഇത് കൂടുതൽ ശക്തിപ്പെടുത്തി.
ക്രിയേറ്റർമാർ, പ്രതിഭകൾ, ക്രിയേറ്റോസ്ഫിയർ നേട്ടങ്ങൾ
'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചുകൾ പ്രതിഭകളെ കണ്ടെത്തുന്നതിനൊപ്പം അവർക്ക് ശരിയായ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്തു. 33 വിഭാഗങ്ങളിലായി ആരംഭിച്ച ഈ മത്സരം ഇന്ത്യയിൽ നിന്നും അറുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള പങ്കാളികളെ ആകർഷിച്ചുകൊണ്ട് ഒരു ആഗോള ക്രിയേറ്റീവ് എക്സ്ചേഞ്ചായി വളർന്നു. ഈ പങ്കാളിത്തം കേവലം താൽപ്പര്യത്തെയല്ല, മറിച്ച് ഒരു പൊതുവേദി എന്ന നിലയിൽ ഇന്ത്യയിലുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിച്ചത്.
750-ലധികം ഫൈനലിസ്റ്റുകൾക്ക് 'ക്രിയേറ്റോസ്ഫിയർ' വെറുമൊരു പ്രദർശന വേദി മാത്രമായിരുന്നില്ല, അത് ആഗോള ശൃംഖലകളിലേക്കുള്ള ഒരു പ്രവേശന കവാടമായിരുന്നു. എട്ട് ക്രിയേറ്റീവ് സോണുകളിലൂടെ ക്രിയേറ്റർമാർ വിവിധ സ്റ്റുഡിയോകളുമായും പ്ലാറ്റ്‌ഫോമുകളുമായും സഹകാരികളുമായും ബന്ധപ്പെട്ടു. വേവ്സ് ക്രിയേറ്റർ അവാർഡുകൾ 150-ലധികം പേരെ അംഗീകരിച്ചെങ്കിലും അതിന്റെ ഏറ്റവും വലിയ നേട്ടം ഘടനാപരമായിരുന്നു. വളർന്നുവരുന്ന പ്രതിഭകൾക്ക് വെറും അംഗീകാരങ്ങളിൽ നിന്ന് ആഗോള ക്രിയേറ്റീവ് സമ്പദ്‍വ്യവസ്ഥയിലെ യഥാർത്ഥ അവസരങ്ങളിലേക്ക് മാറാൻ ഇപ്പോൾ ഒരു കൃത്യമായ പാത നിലവിലുണ്ട്.
സ്റ്റാർട്ടപ്പ് ഇന്നൊവേഷനും വേവ്എക്സ് ഇടപെടലുകളും
വേവ്എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കെടുത്ത ഇരുനൂറിലധികം സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഈ പങ്കാളിത്തം വലിയ പുരോഗതിയിലേക്കുള്ള ചുവടുവെപ്പായിരുന്നു. മുപ്പതിലധികം സംരംഭങ്ങൾ നടത്തിയ ലൈവ് പിച്ചുകളും നൂറോളം സ്ഥാപനങ്ങൾ നടത്തിയ എക്സിബിഷനുകളും വെറുമൊരു പ്രദർശനത്തിൽ ഒതുങ്ങിയില്ല. അവ നിക്ഷേപകരുമായുള്ള തുടർചർച്ചകൾക്കും പങ്കാളിത്ത ചർച്ചകൾക്കും വലിയ വ്യവസായ ശൃംഖലകളിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിനും വഴിയൊരുക്കി.
പല സ്റ്റാർട്ടപ്പ് സ്ഥാപകരും ഈ ഇടപെടലുകളെ അടുത്ത ഘട്ടത്തിലെ പ്രായോഗികമായ നേട്ടങ്ങളാക്കി മാറ്റി — ഉൽപ്പന്ന തന്ത്രങ്ങൾ പരിഷ്കരിക്കുക, മെന്റർഷിപ്പ് ഉറപ്പാക്കുക, പൈലറ്റ് പ്രോജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക, നിക്ഷേപത്തിനുള്ള വഴികൾ തേടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നവീകരണവും വിപണിയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ ഈ പ്ലാറ്റ്‌ഫോമിനായി. സ്റ്റാർട്ടപ്പുകളെ ഒരുമിച്ച് കൂട്ടുക മാത്രമല്ല, മറിച്ച് വെറും പരിചയപ്പെടുത്തലുകളെ പ്രവർത്തനക്ഷമമായ അവസരങ്ങളാക്കി മാറ്റാൻ വേവ്എക്സ് സഹായിച്ചു.
മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളും വ്യവസായ ഏകീകരണവും
വേവ്സ് ബസാറിലൂടെ വാണിജ്യപരമായ സംഭാഷണങ്ങൾ സജീവമായ ഇടപാടുകളായി മാറി. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള മീറ്റിംഗുകളും കൃത്യമായ പകർപ്പവകാശ ചർച്ചകളും ക്രിയേറ്റർമാർക്കും സംരംഭങ്ങൾക്കും തങ്ങളുടെ പ്രോജക്റ്റുകളെ ചർച്ചാഘട്ടങ്ങളിലേക്ക് എത്തിക്കാൻ സഹായകമായി. സിനിമ, ടെലിവിഷൻ, സംഗീതം, ആനിമേഷൻ, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ സഹ-നിർമ്മാണ ചർച്ചകൾക്കും വിതരണ പാതകൾ ഔദ്യോഗികമാക്കുന്നതിനും ഇത് വഴിയൊരുക്കി.
പങ്കെടുത്ത കമ്പനികളെ സംബന്ധിച്ചിടത്തോളം ഒരു ആശയം അവതരിപ്പിക്കുന്നത് മുതൽ അത് പങ്കാളിത്തമായി മാറുന്നത് വരെയുള്ള തടസ്സങ്ങൾ കുറയ്ക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിച്ചു. ചർച്ചകൾ വാണിജ്യപരമായ യോജിപ്പുകളിലേക്കും കണ്ടന്റ് ലൈസൻസിംഗിലേക്കും അതിർത്തികൾ കടന്നുള്ള സഹകരണങ്ങളിലേക്കും വികസിച്ചു. വേവ്സ് ബസാർ കേവലം വിപണികളെ തമ്മിൽ ബന്ധിപ്പിക്കുകയല്ല ചെയ്തത്, മറിച്ച് വിപണികളിലേക്കുള്ള പ്രവേശനം വേഗത്തിലാക്കി. പ്രായോഗികമായ വാണിജ്യ ചലനങ്ങളിലൂടെ ആഗോള ക്രിയേറ്റീവ് മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തി.
സ്ഥാപനപരമായ ശേഷി വർദ്ധിപ്പിക്കലും സംവിധാനത്തിനുള്ള പിന്തുണയും
സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ശേഷി വർദ്ധിപ്പിക്കുന്നതിലേക്കുള്ള മാറ്റത്തിന് വേവ്സ് 2025 തുടക്കമിട്ടു. IICT-യെ AVGC-XR-നുള്ള നാഷണൽ സെന്റർ ഓഫ് എക്സലൻസ് ആയി നിശ്ചയിച്ചത്, അത്യാധുനിക നൈപുണ്യങ്ങളും ഉൽപ്പാദന ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള വ്യക്തമായ സ്ഥാപനപരമായ പ്രതിബദ്ധതയാണ് കാണിക്കുന്നത്. ഇതേത്തുടർന്നുള്ള മാസങ്ങളിൽ, 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും 'AVGC കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' ആരംഭിക്കുമെന്ന പ്രഖ്യാപനം ഈ ലക്ഷ്യത്തിന് ആക്കം കൂട്ടി. 2030-ഓടെ 20 ലക്ഷം പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ചുരുക്കത്തിൽ, ഈ നടപടികൾ സൂചിപ്പിക്കുന്നത് WAVES ഉച്ചകോടിയിൽ വിഭാവനം ചെയ്ത കാര്യങ്ങൾ ഘടനാപരമായ വിപുലീകരണത്തിലേക്ക് മാറുന്നു എന്നാണ്. ഇന്ത്യയുടെ സർഗ്ഗാത്മക വ്യവസായങ്ങൾ ആഗോളതലത്തിൽ വളരുന്നതിന് ആവശ്യമായ പ്രതിഭകളുടെ ഒരു നിരയെ ഇത് ശക്തിപ്പെടുത്തുന്നു.
ഉപസംഹാരം: ഒത്തുചേരലിന്റെ കരുത്തിൽ നിന്ന് സുസ്ഥിരമായ ശേഷിയിലേക്ക്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേവ്സ് 2025 ഒരു നിർണായക നിമിഷത്തെ എടുത്തുകാട്ടി. സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ ഇന്ന് വെറുമൊരു അനുബന്ധ മേഖല എന്നതിൽ നിന്ന് വികസനത്തിന്റെയും നയതന്ത്രത്തിന്റെയും കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. രാഷ്ട്രങ്ങൾ തമ്മിൽ ബന്ധപ്പെടുന്നതിലും മത്സരിക്കുന്നതിലും സഹകരിക്കുന്നതിലും ഈ മേഖല ഇപ്പോൾ ഒരു പ്രധാന ചാലകശക്തിയാണ്. കേവലം ജനപങ്കാളിത്തം മാത്രമല്ല, മറിച്ച് വലിയ ആത്മവിശ്വാസമാണ് ഈ ഉച്ചകോടി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. ക്രിയേറ്റർമാർ തങ്ങളുടെ ആഗോള അഭിലാഷങ്ങൾ പ്രകടിപ്പിച്ചു, സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര വിപണികൾക്കായുള്ള പരിഹാരങ്ങൾ അവതരിപ്പിച്ചു. സംസ്കാരം, സാങ്കേതികവിദ്യ, വാണിജ്യം എന്നിവ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവോടെ നയരൂപീകരണ വിദഗ്ധർ ചർച്ചകളിൽ ഏർപ്പെട്ടു.
സ്വതന്ത്ര കഥാകാരന്മാരും ആഗോള സ്റ്റുഡിയോകളും തമ്മിലും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് സ്ഥാപകരും വൻകിട നിക്ഷേപകരും തമ്മിലും വേവ്സ് പടുത്തുയർത്തിയ ബന്ധങ്ങളിലാണ് ഈ ഉച്ചകോടിയുടെ വിജയം കുടികൊള്ളുന്നത്. സമാനമായ സാങ്കേതിക മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന വിവിധ ഗവൺമെന്റുകൾ തമ്മിലും ഇവ വെറുമൊരു പ്രതീകാത്മകമായ നടപടികളായിരുന്നില്ല, മറിച്ച് കൃത്യമായ ലക്ഷ്യബോധത്തോടെ രൂപപ്പെട്ട പ്രായോഗികമായ തൊഴിൽ ബന്ധങ്ങളായിരുന്നു.
ഈ ഉച്ചകോടിയുടെ ഏറ്റവും അർത്ഥവത്തായ ഫലം ഇതിന്റെ തുടർച്ചയാണ്. ഉച്ചകോടി കഴിഞ്ഞാലും രൂപപ്പെട്ട ശൃംഖലകൾ നിലനിൽക്കുന്നു, പങ്കാളിത്തങ്ങൾ മുന്നോട്ട് പോകുന്നു. യുവ സ്രഷ്ടാക്കൾ ആഗോളതലത്തിലുള്ള ബന്ധങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങുന്നത്. സ്റ്റാർട്ടപ്പുകൾ കൂടുതൽ വ്യക്തമായ ദിശാബോധത്തോടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിഷ്കരിക്കുന്നു. സ്ഥാപനങ്ങൾ പരസ്പര ചട്ടക്കൂടുകൾ മുന്നോട്ട് കൊണ്ടു പോകുന്നു. ഇത്തരത്തിൽ, വേവ്സ് ഒരു പരിപാടി എന്ന നിലയിൽ നിന്ന് മാറി ഒരു അടിസ്ഥാന സൗകര്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ശ്രദ്ധയോടെ നിലനിർത്തുകയാണെങ്കിൽ കേവലം അവകാശവാദങ്ങളിലൂടെയല്ല, മറിച്ച് പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും ആഗോള ക്രിയേറ്റീവ് മൂല്യശൃംഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ആഴത്തിൽ ഉറപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും. സർഗ്ഗാത്മകതയെയും സംഘാടന മികവിനെയും സമന്വയിപ്പിക്കാൻ കഴിയുന്നവരായിരിക്കും സർഗാത്മക സമ്പദ്‍വ്യവസ്ഥയുടെ ഭാവി നിർണ്ണയിക്കുക. ഈ രണ്ട് കാര്യങ്ങളും ഒരുപോലെ നടപ്പിലാക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുവെന്നാണ് വേവ്സ് നൽകുന്ന സൂചന.
References:
Click here to see PDF
***
SK
(Explainer ID: 157746)
आगंतुक पटल : 27
Provide suggestions / comments