Economy
കയറ്റുമതി പ്രോത്സാഹന ദൗത്യം: ആഗോള വ്യാപാരത്തിൽ എം.എസ്.എം.ഇകൾക്കായി സംയോജിത പാതയൊരുക്കുന്നു
Posted On:
24 FEB 2026 2:58PM
|
പ്രധാന വസ്തുതകൾ
- എം.എസ്.എം.ഇകൾ, കന്നി കയറ്റുമതിക്കാർ, തൊഴിലധിഷ്ഠിത മേഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിയാണ് കയറ്റുമതി പ്രോത്സാഹന ദൗത്യം (EPM).
- ഇ.പി.എമ്മിന് കീഴിൽ ഏഴ് അധിക ഇടപെടലുകൾ കൂടി ആരംഭിച്ചു, ഇത് ദൗത്യത്തെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കുന്നതിലേക്ക് നയിക്കുന്നു.
- സാമ്പത്തികവും അല്ലാത്തതുമായ കയറ്റുമതി പിന്തുണ നൽകുന്ന 'നിര്യാത് പ്രോത്സാഹൻ', 'നിര്യാത് ദിശ' എന്നീ രണ്ട് സംയോജിത ഉപപദ്ധതികളിലൂടെയാണ് ഇ.പി.എം നടപ്പിലാക്കുന്നത്.
- വ്യാപാര ധനകാര്യം, കയറ്റുമതി ചട്ടങ്ങൾ പാലിക്കൽ, ലോജിസ്റ്റിക്സ്, വിദേശ വെയർഹൗസിംഗ്, വിപണി ലഭ്യത എന്നിവയ്ക്കായി ഈ ദൗത്യം പിന്തുണ നൽകുന്നു.
|
ആമുഖം
ആഗോള വിപണിയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനും ഇന്ത്യൻ കയറ്റുമതിക്കാരുടെ, പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമായി കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് (EPM) കീഴിൽ ഒരു മിഷൻ-മോഡ് സമീപനത്തിലൂടെ ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിവരികയാണ്.
കയറ്റുമതിക്കാരെ ഇതിനകം പിന്തുണച്ചിരുന്ന ഇടപെടലുകൾ അടിസ്ഥാനമാക്കി വ്യാപാര ധനകാര്യം, ചട്ടങ്ങൾ പാലിക്കൽ, ലോജിസ്റ്റിക്സ്, വിദേശ വിപണി ലഭ്യത എന്നിവയിലുടനീളമുള്ള പിന്തുണയുടെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ട് ഗവൺമെന്റ് ഇപ്പോൾ 7 അധിക ഇടപെടലുകൾ കൂടി ഇ.പി.എമ്മിന് കീഴിൽ ആരംഭിച്ചു. ഈ വിപുലീകരണത്തോടെ ദൗത്യത്തിന് കീഴിലുള്ള 10 ഇടപെടലുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഇത് ഇ.പി.എമ്മിന്റെ നടത്തിപ്പിലെ ഒരു പ്രധാന നാഴികക്കല്ലാണ്. കൂടാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും കയറ്റുമതി അധിഷ്ഠിതവുമായ വളർച്ചയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു.
എന്താണ് കയറ്റുമതി പ്രോത്സാഹന ദൗത്യം?
വ്യാപാര ധനസഹായം, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കൽ, ലോജിസ്റ്റിക്സ്, വിദേശ വെയർഹൗസിംഗ്, വിപണി വികസനം എന്നിവയുൾപ്പെടെ കയറ്റുമതി ആവാസവ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിലുടനീളം ഏകോപിത പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രധാന പദ്ധതിയാണ് കയറ്റുമതി പ്രോത്സാഹന ദൗത്യം (EPM).
2025 നവംബറിൽ ഗവൺമെന്റ് അംഗീകരിച്ച ഈ ദൗത്യം, ഒന്നിലധികം കയറ്റുമതി പിന്തുണാ നടപടികളെ ഏകീകൃതവും ഡിജിറ്റലായി നയിക്കപ്പെടുന്നതുമായ ഒരു ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നു. 2025-26 മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേക്ക് 25,060 കോടി രൂപയുടെ മൊത്തം അടങ്കലുള്ള ഇ.പി.എം, കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും ലക്ഷ്യമിടുന്നു. സാമ്പത്തിക സഹായങ്ങളിലും വ്യാപാര-ധനസഹായ പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'നിര്യാത് പ്രോത്സാഹൻ', സാമ്പത്തികമല്ലാത്ത വിപണി പ്രവേശനത്തിനും ആവാസവ്യവസ്ഥയ്ക്കും പ്രാധാന്യം നൽകുന്ന 'നിര്യാത് ദിശ' എന്നീ രണ്ട് സംയോജിത ഉപപദ്ധതികളിലൂടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്.

ഈ ചട്ടക്കൂടിലൂടെ, കയറ്റുമതി പ്രോത്സാഹന ദൗത്യം ലക്ഷ്യമിടുന്നത്:
- പ്രത്യേകിച്ച് എം.എസ്.എം.ഇകൾക്കും കന്നി കയറ്റുമതിക്കാർക്കും താങ്ങാനാവുന്നതും വൈവിധ്യപൂർണ്ണവുമായ വ്യാപാര ധനസഹായത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക.
- അന്താരാഷ്ട്ര ഗുണനിലവാരം, സാങ്കേതികവിദ്യ, സുസ്ഥിര മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിന് പിന്തുണ നൽകുക.
- കയറ്റുമതി ബ്രാൻഡിംഗ്, ലോജിസ്റ്റിക്സ്, വിദേശ വെയർഹൗസിംഗ് സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുക.
- വിപണി ലഭ്യതയും വ്യാപാര സംബന്ധമായ വിവരശേഖരണ പിന്തുണയും വിപുലീകരിക്കുക.
- അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതിയുടെ വളർച്ച ഉൾപ്പെടെ, എം.എസ്.എം.ഇകളുടെ വിപുലമായ പങ്കാളിത്തം സാധ്യമാക്കുക.
മൊത്തത്തിൽ നയപരമായ പിന്തുണ, വ്യാപാര ധനസഹായം, വിപണി സന്നദ്ധത, വിപണി ബന്ധങ്ങൾ എന്നിവയെ ഒരൊറ്റ സ്ഥാപന ചട്ടക്കൂടിനുള്ളിൽ സംയോജിപ്പിച്ചുകൊണ്ട് ഇ.പി.എം ഒരു സമഗ്ര ഗവൺമെന്റ് സമീപനം സ്വീകരിക്കുന്നു. കയറ്റുമതി സഹായങ്ങളിലെ വിഭജനം കുറയ്ക്കുകയും ധനകാര്യം, മാനദണ്ഡങ്ങൾ, ലോജിസ്റ്റിക്സ്, ക്രയവിക്രയ ബന്ധം എന്നിവയിലുടനീളം സേവന വിതരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ എം.എസ്.എം.ഇകൾക്ക് സംയോജിത കയറ്റുമതി വളർച്ച ഇ.പി.എം സാധ്യമാക്കുന്നു.

ഏകോപനത്തിലധിഷ്ഠിതമായ ഈ മിഷൻ-മോഡ് രൂപകൽപ്പനയിലൂടെ, ആഗോള വ്യാപാരത്തിൽ തങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും നിലനിർത്താനും എം.എസ്.എം.ഇകളെ പ്രാപ്തരാക്കുന്ന ഒരു നിർണ്ണായക വഴിത്തിരിവായാണ് ഈ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.
കയറ്റുമതി പ്രയാണത്തിലുടനീളം സമഗ്ര പിന്തുണ
കയറ്റുമതി പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾക്കനുസൃതമായ പിന്തുണ ഈ ദൗത്യം ഉറപ്പാക്കുന്നു. വിപണി കണ്ടെത്തൽ മുതൽ കയറ്റുമതിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾക്കും വിദേശ വിപണിയിലെ സാന്നിധ്യത്തിനും ആവശ്യമായ സഹായം ലഭ്യമാക്കാൻ ഇത് കയറ്റുമതിക്കാരെ സഹായിക്കുന്നു.
സംയോജിത ഇടപെടലുകളിലൂടെ, ഈ ദൗത്യം താഴെ പറയുന്നവയ്ക്കായി ഏകോപിത പിന്തുണ നൽകുന്നു:
- വിപണി, ഉൽപ്പന്ന വിശകലനം
- കയറ്റുമതിക്ക് മുമ്പും ശേഷവുമുള്ള സാമ്പത്തിക സഹായം
- വ്യാപാര നിയമങ്ങളും ചട്ടങ്ങളും പാലിക്കൽ
- ലോജിസ്റ്റിക്സ്, ചരക്ക് കൂലി, ഗതാഗതം.
- വിദേശത്തെ വെയർഹൗസിംഗ്, ഓർഡറുകൾ പൂർത്തിയാക്കൽ, ക്രയവിക്രയ സമ്പർക്കം.

ദൗത്യത്തിന് കീഴിലുള്ള പുരോഗതി: ഇടപെടലുകളുടെ വിപുലീകരണം
ഏറ്റവും പുതിയ പ്രഖ്യാപനത്തിന് മുമ്പ് തന്നെ പലിശ ഇളവ്, ഈടില്ലാത്ത കയറ്റുമതി വായ്പ, വിപണി ലഭ്യത തുടങ്ങിയ മേഖലകളിൽ ദൗത്യത്തിന് കീഴിലുള്ള മൂന്ന് പ്രധാന ഇടപെടലുകൾ നിലവിൽ വന്നിരുന്നു.
പുതുതായി ഏഴ് ഇടപെടലുകൾ കൂടി ആരംഭിച്ചത് ദൗത്യത്തിന്റെ വലിയൊരു വിപുലീകരണമാണ്. ഇത് ഇതര വ്യാപാര-ധനകാര്യ മാർഗ്ഗങ്ങൾ, ഇ-കൊമേഴ്‌സ് കയറ്റുമതി, ചട്ടങ്ങൾ പാലിക്കൽ, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കൽ, വ്യാപാര വിവരശേഖരണം, വിദേശത്തെ ഓർഡർ മാനേജ്‌മെന്റ് തുടങ്ങിയ പുതിയ മേഖലകളിലേക്ക് പിന്തുണ വ്യാപിപ്പിക്കുന്നു. ഈ വിപുലീകരണത്തിലൂടെ കയറ്റുമതിക്കാരുടെ സാമ്പത്തിക ആവശ്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുപോലെ ഉൾക്കൊള്ളുന്ന സമഗ്രവും സംയോജിതവുമായ ഒരു പിന്തുണാ സംവിധാനമായി ഈ ദൗത്യം മാറിയിരിക്കുന്നു.

നിര്യാത് പ്രോത്സാഹൻ - സാമ്പത്തിക സഹായ ഘടകങ്ങൾ
കയറ്റുമതിക്കാർ, പ്രത്യേകിച്ച് എം.എസ്.എം.ഇകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനായി കൃത്യസമയത്ത് കുറഞ്ഞ ചെലവിൽ വൈവിധ്യമാർന്ന വ്യാപാര വായ്പാ മാർഗ്ഗങ്ങൾ ലഭ്യമാക്കാൻ 'നിര്യാത് പ്രോത്സാഹൻ' ലക്ഷ്യമിടുന്നു.
പുതുതായി ആരംഭിച്ച ഇടപെടലുകൾ
1) ഇതര വ്യാപാര മാർഗ്ഗങ്ങൾക്കുള്ള പിന്തുണ (എക്സ്പോർട്ട് ഫാക്ടറിംഗ്): എം.എസ്.എം.ഇകൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനും ബിസിനസ് പ്രക്രിയ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനുമായി 'എക്സ്പോർട്ട് ഫാക്ടറിംഗ്' എന്ന കുറഞ്ഞ ചെലവിലുള്ള വായ്പാ രീതിയെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
വിജ്ഞാപനം ചെയ്യപ്പെട്ട ആറക്ക താരിഫ് ലൈനുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന എം.എസ്.എം.ഇ കയറ്റുമതിക്കാർക്ക് ഈ ഘടകത്തിന് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത എക്സ്പോർട്ട് ഫാക്ടറിംഗ് സ്ഥാപനങ്ങൾ (NBFC) വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്.
ഈ പദ്ധതി പ്രകാരം, ഫാക്ടറിംഗ് ചെലവിൽ 2.75% പലിശ ഇളവ് നൽകുന്നു. ഇത് ഒരു ഐ.ഇ.സി (IEC) നമ്പറിന് പരമാവധി 50 ലക്ഷം രൂപ വരെയാണ്. റിക്കോഴ്സ്, നോൺ-റിക്കോഴ്സ് ഫാക്ടറിംഗുകൾക്ക് പിന്തുണയുണ്ട്. ഇന്ത്യൻ രൂപയിലും മറ്റ് വിദേശ കറൻസികളിലും ഇത് ചെയ്യാം.
|
എക്സ്പോർട്ട് ഫാക്‌ടറിംഗ്
കയറ്റുമതിക്കാർക്ക് അവരുടെ കയറ്റുമതിയിൽ നിന്ന് ലഭിക്കാനുള്ള തുക ഒരു സാമ്പത്തിക സ്ഥാപനത്തിന് വിൽക്കുന്നതിലൂടെ പെട്ടെന്ന് പണം ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു സാമ്പത്തിക മാർഗമാണ് എക്‌സ്‌പോർട്ട് ഫാക്‌ടറിംഗ്. ഇത് പ്രവർത്തന മൂലധന സഹായം നൽകുകയും പണം ലഭിക്കുന്നതിലെ റിസ്ക് കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ MSME-കൾക്കായി ഗവൺമെന്റ് നൽകുന്ന കയറ്റുമതി സാമ്പത്തിക സഹായത്തിന്റെ ഭാഗമാണിത്.
|
2) ഇ-കൊമേഴ്‌സ് കയറ്റുമതിക്കാർക്കുള്ള വായ്പാ സഹായം: തപാൽ, കൊറിയർ, വിദേശ ഇൻവെന്ററി അധിഷ്ഠിത പൂർത്തീകരണ ചാനലുകൾ എന്നിവയിലൂടെയുള്ള കയറ്റുമതിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി MSME കയറ്റുമതിക്കാർക്ക് ഈ പദ്ധതി വായ്പാ സൗകര്യങ്ങൾ നൽകുന്നു.
സാധുവായ IEC-യും ഉദ്യം രജിസ്ട്രേഷനുമുള്ള MSME ഇ-കൊമേഴ്‌സ് കയറ്റുമതിക്കാർക്കും, കുറഞ്ഞത് ഒരു വർഷത്തെ ആഭ്യന്തര ഇ-കൊമേഴ്‌സ് വിറ്റുവരവുള്ള പുതിയ MSME കയറ്റുമതിക്കാർക്കും ഈ സഹായം ലഭ്യമാണ്. എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിക്ക് കീഴിൽ, 'ഡയറക്ട് ഇ-കൊമേഴ്‌സ് ക്രെഡിറ്റ് ഫെസിലിറ്റി' 50 ലക്ഷം രൂപ വരെ പരിധിയുള്ള 90% ഗ്യാരന്റി കവറേജ് നൽകുന്നു; അതേസമയം 'ഓവർസീസ് ഇൻവെന്ററി ഇ-കൊമേഴ്‌സ് ക്രെഡിറ്റ് ഫെസിലിറ്റി' 5 കോടി രൂപ വരെ പരിധിയുള്ള 75% ഗ്യാരന്റി കവറേജ് നൽകുന്നു. അർഹമായ ധനസഹായത്തിന്മേൽ 2.75% പലിശ ഇളവ് നൽകുന്നു, ഇത് ഒരു അപേക്ഷകന് പ്രതിവർഷം പരമാവധി 15 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായിരിക്കും.
3) വളർന്നുവരുന്ന കയറ്റുമതി അവസരങ്ങൾക്കുള്ള പിന്തുണ: പുതിയതോ ഉയർന്ന റിസ്ക് ഉള്ളതോ ആയ വിദേശ വിപണികളിലേക്ക് വ്യാപിക്കാൻ റിസ്ക് പങ്കിടൽ സംവിധാനത്തിലൂടെ ഈ പദ്ധതി എം.എസ്.എം.ഇകളെ സഹായിക്കുന്നു.
നിർവചിക്കപ്പെട്ട ഒരു റിസ്ക് മോഡലിന്റെ അടിസ്ഥാനത്തിൽ, ഇടപാട് മൂല്യത്തിന്റെ 10% മുതൽ 90% വരെ റിസ്ക് പങ്കിടൽ പിന്തുണ നൽകുന്നു. അനുവദനീയമായ പരമാവധി ബാധ്യത (MLP) പരിധികളിൽ ഇവ ഉൾപ്പെടുന്നു: രാജ്യങ്ങൾ തിരിച്ചുള്ള എക്സ്പോഷറിന് 15% പരിധി, കയറ്റുമതിക്കാർ തിരിച്ചുള്ള എക്സ്പോഷറിന് 5% പരിധി, ഇടപാടുകൾ തിരിച്ചുള്ള എക്സ്പോഷറിന് 1% പരിധി, കൂടാതെ ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ തിരിച്ചുള്ള എക്സ്പോഷറിന് 10% പരിധി.
നിലവിൽ പ്രവർത്തനക്ഷമമായ ഇടപെടലുകൾ
|
4) ഷിപ്പ്‌മെന്റിന് മുമ്പും ശേഷവുമുള്ള കയറ്റുമതി വായ്പകൾക്കുള്ള പലിശ ഇളവ്: കയറ്റുമതി ധനസഹായത്തിന്റെ ചെലവ് കുറയ്ക്കുക, പ്രവർത്തന മൂലധന ലഭ്യത മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ എം.എസ്.എം.ഇ (MSME) കയറ്റുമതിക്കാർ എടുക്കുന്ന ഷിപ്പ്‌മെന്റിന് മുമ്പും ശേഷവുമുള്ള കയറ്റുമതി വായ്പകൾക്ക് ഈ ഇടപെടൽ പലിശ ഇളവ് പിന്തുണ നൽകുന്നു.
ഈ ഘടകത്തിന് കീഴിൽ, പലിശ ചെലവിൽ 2.75 ശതമാനം പലിശ ഇളവ് നൽകുന്നു. ഇത് ഒരു കയറ്റുമതിക്കാരന് പരമാവധി 50 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായാണ്.
നിലവിലെ നടപ്പാക്കൽ സ്ഥിതി അനുസരിച്ച്, മുമ്പുണ്ടായിരുന്ന 'ഇന്ററസ്റ്റ് ഈക്വലൈസേഷൻ സ്കീമിന്' കീഴിലുള്ള 850 കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കി. 2026 ജനുവരി മുതൽ ഏകദേശം 3,000 കയറ്റുമതിക്കാർ പലിശ ഇളവ് സഹായത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
5) കയറ്റുമതി വായ്പയ്ക്കുള്ള ഈട് പിന്തുണ: വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി പിന്തുണ നൽകുന്നതിലൂടെ എം.എസ്.എം.ഇ കയറ്റുമതിക്കാർക്ക് ഈടില്ലാതെ ഔദ്യോഗിക കയറ്റുമതി വായ്പ ലഭ്യമാക്കാൻ ഈ ഇടപെടൽ സൗകര്യമൊരുക്കുന്നു.
ഈ ഘടകത്തിന് കീഴിൽ, സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 85 ശതമാനവും ഇടത്തരം സംരംഭങ്ങൾക്ക് 65 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷ ലഭ്യമാണ്. ഒരു കയറ്റുമതിക്കാരന് ലഭിക്കാവുന്ന പരമാവധി വായ്പാ പരിധി 10 കോടി രൂപയാണ്. 2026 ജനുവരി മുതൽ ഏകദേശം 60 കയറ്റുമതിക്കാർ ഈ ഇടപെടലിന് കീഴിലുള്ള പിന്തുണയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
|
നിര്യാത് ദിശ – സാമ്പത്തികമല്ലാത്തതും വിപണി പ്രവേശനത്തിനുമുള്ള സഹായ ഘടകങ്ങൾ
കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് (EPM) കീഴിലുള്ള സാമ്പത്തികമല്ലാത്ത സഹായങ്ങൾക്കായുള്ള ഉപപദ്ധതിയാണ് നിര്യാത് ദിശ. കയറ്റുമതിക്കാർ നേരിടുന്ന സാമ്പത്തികമല്ലാത്ത വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ഉപപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര ഗുണമേന്മ രീതികളും പാലിക്കുന്നത് ഇത് സുഗമമാക്കുന്നു. ഒപ്പം വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, വ്യാപാര മേളകൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ തന്ത്രപരമായ വിപണി പ്രവേശനം വിപുലീകരിക്കുകയും വിദേശ വെയർഹൗസിംഗ്, ഓർഡർ മാനേജ്‌മെന്റ് സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ ഇടപെടലുകളിലൂടെ, വിപണി സന്നദ്ധത മെച്ചപ്പെടുത്തുന്നതിനും വ്യാപാര ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനും കയറ്റുമതി ആവാസവ്യവസ്ഥയിലുടനീളം സ്ഥാപനപരവും വിവരപരവുമായ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിര്യാത് ദിശ കയറ്റുമതിക്കാരെ സഹായിക്കുന്നു.
പുതുതായി ആരംഭിച്ച ഇടപെടലുകൾ
1) ട്രേഡ് റെഗുലേഷൻസ്, അക്രഡിറ്റേഷൻ ആൻഡ് കോംപ്ലയൻസ് എനേബിൾമെന്റ് (TRACE): ആഗോള വിപണികളിൽ പ്രവേശിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര പരിശോധനകൾ, ഇൻസ്പെക്ഷൻ, സർട്ടിഫിക്കേഷൻ, മറ്റ് അനുബന്ധ നിബന്ധനകൾ എന്നിവ നിറവേറ്റുന്നതിനായി ഈ ഇടപെടൽ കയറ്റുമതിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നു.
സാധുവായ ഇംപോർട്ടർ എക്സ്പോർട്ടർ കോഡും (IEC), സാധുവായ എം.എസ്.എം.ഇ ഉദ്യം രജിസ്ട്രേഷൻ നമ്പറുമുള്ള എം.എസ്.എം.ഇ കയറ്റുമതിക്കാർക്ക് ട്രേസ് (TRACE) പ്രകാരമുള്ള പിന്തുണ ലഭ്യമാണ്. വിജ്ഞാപനം ചെയ്ത 'പോസിറ്റീവ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കേഷനുകൾക്ക് സഹായം നൽകുന്നു. വിജ്ഞാപനം ചെയ്ത 'പ്രിയോറിറ്റി പോസിറ്റീവ് ലിസ്റ്റിൽ' ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾക്ക് ഉയർന്ന തോതിലുള്ള പിന്തുണയും നൽകുന്നു.
പോസിറ്റീവ് ലിസ്റ്റിന് കീഴിലുള്ള സർട്ടിഫിക്കേഷനുകൾക്ക് നികുതി ഒഴികെയുള്ള യഥാർത്ഥ ചെലവിന്റെ 60 ശതമാനമോ അല്ലെങ്കിൽ 25 ലക്ഷം രൂപയോ ഏതാണോ കുറവ്, അത് സാമ്പത്തിക സഹായമായി നൽകുന്നു. പ്രിയോറിറ്റി പോസിറ്റീവ് ലിസ്റ്റിന് കീഴിലുള്ള സർട്ടിഫിക്കേഷനുകൾക്ക് നികുതി ഒഴികെയുള്ള യഥാർത്ഥ ചിലവിന്റെ 75 ശതമാനമോ അല്ലെങ്കിൽ 25 ലക്ഷം രൂപയോ ഏതാണോ കുറവ്, അത് സഹായമായി നൽകുന്നു. ട്രേസിന് കീഴിലുള്ള സഹായത്തിന്റെ വാർഷിക പരിധി ഒരു കയറ്റുമതിക്കാരന് 25 ലക്ഷം രൂപയാണ്.
|
വിജ്ഞാപനം ചെയ്ത പോസിറ്റീവ് ലിസ്റ്റും പ്രിയോറിറ്റി പോസിറ്റീവ് ലിസ്റ്റും
ട്രേസിന് കീഴിൽ, സി.ഇ (CE) മാർക്കിംഗ്, എഫ്.ഡി.എ (FDA) സർട്ടിഫിക്കേഷൻ, ഐ.എസ്.ഒ (ISO) മാനദണ്ഡങ്ങൾ, സാബർ/സാസോ (SABER/SASO) തുടങ്ങിയ പൊതുവായ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ പോസിറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുന്നു. ഭക്ഷ്യ സുരക്ഷ (BRCGS, FSSC 22000, HACCP), സമുദ്ര സർട്ടിഫിക്കേഷനുകൾ (MSC, ASC), നൈതിക വിതരണ ശൃംഖലകൾ (SMETA) എന്നിവയുൾപ്പെടെ മുൻഗണനാ വിപണികൾക്ക് നിർണ്ണായകമായ തന്ത്രപ്രധാനവും ഉയർന്ന ചിലവുള്ളതുമായ സർട്ടിഫിക്കേഷനുകൾ പ്രിയോറിറ്റി പോസിറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുന്നു.
|
2) ലോജിസ്റ്റിക്സ് ഇൻ്റർവെൻഷൻസ് ഫോർ ഫ്രൈറ്റ് ആൻഡ് ട്രാൻസ്പോർട്ട് (LIFT): ഉൾനാടൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കയറ്റുമതിക്കാർ നേരിടുന്ന ഭൂമിശാസ്ത്രപരമായ പോരായ്മകളും ഗതാഗത തടസ്സങ്ങളും പരിഹരിക്കുന്നതിനായി ഗതാഗത-ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനുള്ള പിന്തുണ ഈ ഇടപെടൽ നൽകുന്നു.
വിജ്ഞാപനം ചെയ്ത ജില്ലകളിൽ നിന്നുള്ള അർഹമായ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന എല്ലാ എം.എസ്.എം.ഇ കയറ്റുമതിക്കാർക്കും ലിഫ്റ്റ് (LIFT) പ്രകാരമുള്ള പിന്തുണ ലഭ്യമാണ്. എം.എസ്.എം.ഇ സ്ഥാപനങ്ങളിൽ നിന്ന് ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ (ICD), കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ (CFS), തുറമുഖങ്ങൾ, എയർ കാർഗോ കോംപ്ലക്സുകൾ (ACC) എന്നിവയിലേക്കുള്ള ചരക്ക് നീക്കങ്ങൾ ഈ സഹായത്തിന് അർഹമാണ്. റെയിൽ, റോഡ് മാർഗ്ഗങ്ങളിലൂടെയുള്ള ചരക്ക് നീക്കങ്ങൾ ഇതിന് അർഹമാണ്. ചില പ്രത്യേക മേഖലകളിൽ വിമാന മാർഗ്ഗമുള്ള നീക്കങ്ങളും അനുവദനീയമാണ്.
അർഹമായ ഗതാഗത സേവനങ്ങൾക്കായി ചെലവായ യഥാർത്ഥ തുകയുടെ 30 ശതമാനം വരെ സാമ്പത്തിക സഹായം നൽകുന്നു. ഇത് ഒരു സാമ്പത്തിക വർഷം ഒരു കയറ്റുമതിക്കാരന് പരമാവധി 20 ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായാണ്.
3) ഇൻ്റഗ്രേറ്റഡ് സപ്പോർട്ട് ഫോർ ട്രേഡ് ഇന്റലിജൻസ് ആൻഡ് ഫെസിലിറ്റേഷൻ (INSIGHT): കയറ്റുമതി ആവാസവ്യവസ്ഥയിലെ വിവരങ്ങളുടെ അഭാവവും ശേഷിക്കുറവും പരിഹരിച്ചുകൊണ്ട് കയറ്റുമതിക്കാരുടെ സന്നദ്ധത വർദ്ധിപ്പിക്കാനും സ്ഥാപനപരമായ പിന്തുണാ സംവിധാനങ്ങൾ വികസിപ്പിക്കാനും ഇൻസൈറ്റ് (INSIGHT) ലക്ഷ്യമിടുന്നു.
കയറ്റുമതിക്കാർ, ഗതാഗത-ലോജിസ്റ്റിക്സ് സേവന ദാതാക്കൾ, കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് താൽപ്പര്യക്കാർ എന്നിവരെയെല്ലാം ഈ ഇടപെടൽ ഉൾക്കൊള്ളുന്നു. സ്വകാര്യ, ഗവൺമെന്റ് സ്ഥാപനങ്ങൾ ഒരുപോലെ ഈ സഹായത്തിന് അർഹരാണ്.
മൊഡ്യൂളുകളുടെയും ടൂൾകിറ്റുകളുടെയും വികസനം, പരിശീലനവും ശേഷി വർദ്ധിപ്പിക്കലും, ജില്ലാ-ക്ലസ്റ്റർ തലത്തിലുള്ള സൗകര്യമൊരുക്കൽ, ഗവേഷണം, നവീനാശയം, പൈലറ്റ് പദ്ധതികൾ, ട്രേഡ് ഇൻ്റലിജൻസ് ആൻഡ് അനലിറ്റിക്സ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പരിധിക്ക് വിധേയമായി, അർഹമായ പ്രവർത്തനങ്ങൾക്ക് അംഗീകൃത പ്രോജക്ട് ചിലവിന്റെ 50 ശതമാനം വരെ സഹായം നൽകുന്നു. ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് അംഗീകൃത പ്രോജക്ട് ചെലവിന്റെ 100 ശതമാനം വരെ സഹായം ലഭിച്ചേക്കാം.
4) ലോജിസ്റ്റിക്സ്, വിദേശ വെയർഹൗസിംഗ്, ഓർഡർ മാനേജ്‌മെന്റ് സുഗമമാക്കൽ (FLOW): വിദേശത്തുള്ള സംഭരണ, വിതരണ, ഓർഡർ മാനേജ്‌മെന്റ് അടിസ്ഥാന സൗകര്യങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിലൂടെ കയറ്റുമതിക്കാർ നേരിടുന്ന ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് തടസ്സങ്ങൾ ഈ ഇടപെടൽ പരിഹരിക്കുന്നു. ഇതിലൂടെ വേഗതയേറിയതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ കയറ്റുമതിയെ ഇത് പിന്തുണയ്ക്കുന്നു.
എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലുകൾ, കമ്മോഡിറ്റി ബോർഡുകൾ, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, ഫുൾഫിൽമെന്റ് സേവന ദാതാക്കൾ, വ്യവസായ അസോസിയേഷനുകൾ, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ശുപാർശ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് ഫ്ലോ (FLOW) പ്രകാരമുള്ള പിന്തുണ ലഭ്യമാണ്.
ഈ ഘടകത്തിന് കീഴിലുള്ള സാമ്പത്തിക സഹായം പരമാവധി മൂന്ന് വർഷത്തേക്ക് നൽകുന്നു. താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഈ പിന്തുണ ലഭ്യമാകുക:
- വിദേശ വെയർഹൗസിംഗ് സൗകര്യം: സഹായം 10 കോടി രൂപയിലോ അല്ലെങ്കിൽ അംഗീകൃത പ്രോജക്ട് ചെലവിന്റെ 30 ശതമാനത്തിലോ പരിമിതപ്പെടുത്തിയിരിക്കുന്നു (ഇതിൽ ഏതാണോ കുറവ് അത് നൽകും).
- വിദേശ ഓർഡർ മാനേജ്‌മെന്റ് ക്രമീകരണങ്ങൾ: സഹായം പ്രതിമാസം 5 ലക്ഷം രൂപയിലോ അല്ലെങ്കിൽ അംഗീകൃത പ്രോജക്ട് ചെലവിന്റെ 30 ശതമാനത്തിലോ പരിമിതപ്പെടുത്തിയിരിക്കുന്നു (ഏതാണോ കുറവ് അത് നൽകും).
- പ്രദർശന, വിപണി പ്രവേശന സൗകര്യങ്ങൾ: സഹായം 5 കോടി രൂപയിലോ അല്ലെങ്കിൽ അംഗീകൃത പ്രോജക്ട് ചെലവിന്റെ 30 ശതമാനത്തിലോ പരിമിതപ്പെടുത്തിയിരിക്കുന്നു (ഏതാണോ കുറവ് അത് നൽകും).
- ഇ-കൊമേഴ്‌സ് കയറ്റുമതി ഹബ്ബുകൾ (ECEH): സഹായം 10 കോടി രൂപയിലോ അല്ലെങ്കിൽ അംഗീകൃത പ്രോജക്ട് ചെലവിന്റെ 30 ശതമാനത്തിലോ പരിമിതപ്പെടുത്തിയിരിക്കുന്നു (ഏതാണോ കുറവ് അത് നൽകും).
നിലവിൽ പ്രവർത്തനക്ഷമമായ ഇടപെടൽ
|
5) വിപണി പ്രവേശന പിന്തുണ (MAS): അന്താരാഷ്ട്ര വിപണികൾ കണ്ടെത്താനും വികസിപ്പിക്കാനും നിലനിർത്താനും ലക്ഷ്യമിട്ടുള്ള വിപണി പ്രവേശന പ്രവർത്തനങ്ങൾ നടത്താൻ ഈ പദ്ധതി വഴിയൊരുക്കുന്നു. ഇതിലൂടെ വിപണി വൈവിധ്യവൽക്കരണം സാധ്യമാക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര ദൃശ്യപരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ ഇടപെടലിന് കീഴിൽ, ബയർ-സെല്ലർ മീറ്റുകൾ, വ്യാപാര മേളകൾ, വ്യാപാര പ്രതിനിധി സംഘങ്ങൾ, റിവേഴ്സ് ബയർ-സെല്ലർ മീറ്റുകൾ എന്നിവയ്ക്കായി സാമ്പത്തിക സഹായം നൽകുന്നു. ബയർ-സെല്ലർ മീറ്റുകൾ, വ്യാപാര മേളകൾ, വ്യാപാര പ്രതിനിധി സംഘങ്ങൾ എന്നിവയ്ക്ക് ഒരു പരിപാടിക്ക് 5 കോടി രൂപ വരെയും റിവേഴ്സ് ബയർ-സെല്ലർ മീറ്റുകൾക്ക് ഒരു പരിപാടിക്ക് 10 കോടി രൂപ വരെയും സഹായം ലഭ്യമാണ്. അർഹമായ വിപണി പ്രവേശന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് എം.എസ്.എം.ഇകൾക്ക് (MSME) വിമാനയാത്ര നിരക്കിൽ സഹായം നൽകുന്നു. കൂടാതെ മുൻഗണനാ മേഖലകൾക്ക് പ്രത്യേക പരിഗണനയും നൽകുന്നു.
നിലവിലെ നടപ്പാക്കൽ സ്ഥിതി അനുസരിച്ച്, മുമ്പുണ്ടായിരുന്ന 'മാർക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ്' (MAI) സ്കീമിന് കീഴിലുള്ള 118.65 കോടി രൂപയുടെ കുടിശ്ശിക അംഗീകരിച്ചു. മൊത്തം 45.5 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ 24 വ്യാപാര മേളകളും 10 റിവേഴ്സ് ബയർ-സെല്ലർ മീറ്റുകളും ഉൾപ്പെടെ ആകെ 34 പരിപാടികൾക്ക് അംഗീകാരം നൽകി.
|
അപേക്ഷാ നടപടിക്രമം
നിര്യാത് പ്രോത്സാഹൻ
നിര്യാത് പ്രോത്സാഹൻ ഇടപെടലുകൾക്ക് കീഴിൽ സഹായം കൈപ്പറ്റുന്നതിന് മുമ്പായി കയറ്റുമതിക്കാർ dgft.gov.in എന്ന വെബ്‌സൈറ്റിൽ ഇന്റന്റ്-ടു-ക്ലെയിം ഫയൽ ചെയ്യണം. ഇതിനെത്തുടർന്ന് ഒരു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ (UIN) ലഭ്യമാകും. കയറ്റുമതിക്കാരൻ ഈ UIN നമ്പർ വായ്പ നൽകുന്ന സ്ഥാപനവുമായോ ഫാക്ടറിംഗ് സ്ഥാപനവുമായോ പങ്കുവെക്കണം. വായ്പാ സ്ഥാപനങ്ങൾ കയറ്റുമതിക്കാർക്ക് ക്രെഡിറ്റ് അല്ലെങ്കിൽ വ്യാപാര വായ്പാ സേവനങ്ങൾ നൽകുകയും വിജ്ഞാപനം ചെയ്ത മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടപ്പിലാക്കുന്ന ഏജൻസിക്ക് 'ക്ലെയിം സബ്മിഷൻ' സമർപ്പിക്കുകയും ചെയ്യുന്നു.

നിര്യാത് ദിശ
ലിഫ്റ്റ് (LIFT), ട്രേസ് (TRACE) എന്നിവയ്ക്കായി കയറ്റുമതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നേടുന്നതിന് മുമ്പായി കയറ്റുമതിക്കാർ trade.gov.in-ൽ ഇന്റന്റ്-ടു-ക്ലെയിം ഫയൽ ചെയ്യണം. കയറ്റുമതി പൂർത്തിയായ ശേഷം അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും സഹിതം റീഇംബേഴ്സ്‌മെന്റ് ക്ലെയിം സമർപ്പിക്കേണ്ടതാണ്.
ഫ്ലോ (FLOW), ഇൻസൈറ്റ് (INSIGHT), എം.എ.എസ് (MAS) എന്നിവയ്ക്കുള്ള സഹായം പ്രൊപ്പോസൽ അധിഷ്ഠിത അംഗീകാര സംവിധാനത്തിലൂടെയാണ് നൽകുന്നത്. ഇതിനായി trade.gov.in-ൽ അപേക്ഷകൾ സമർപ്പിക്കണം. തുടർന്ന് ഇ.പി.എം (EPM) ഡിവിഷൻ മൂല്യനിർണ്ണയം നടത്തുകയും സബ് കമ്മിറ്റി ശുപാർശ ചെയ്യുകയും സ്റ്റിയറിംഗ് കമ്മിറ്റി അന്തിമ അനുമതി നൽകുകയും ചെയ്യും.

ഉപസംഹാരം
സാമ്പത്തിക സഹായങ്ങൾ, വിപണി പ്രവേശന പിന്തുണ, ആവാസവ്യവസ്ഥാ തലത്തിലുള്ള ഇടപെടലുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു ഏകോപിത കയറ്റുമതി പിന്തുണാ സംവിധാനത്തെയാണ് കയറ്റുമതി പ്രോത്സാഹന ദൗത്യം പ്രതിനിധീകരിക്കുന്നത്. കയറ്റുമതിക്കാർ, പ്രത്യേകിച്ച് എം.എസ്.എം.ഇകൾ നേരിടുന്ന വായ്പാ സംബന്ധമായതും അല്ലാത്തതുമായ തടസ്സങ്ങൾ പരിഹരിക്കുന്നതിലൂടെ, കയറ്റുമതി ചെലവ് കുറയ്ക്കാനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാനുള്ള സന്നദ്ധത മെച്ചപ്പെടുത്താനും ആഗോള വിപണിയുമായുള്ള സംയോജനം വർദ്ധിപ്പിക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന-ജില്ലാ അധികാരികൾ, ധനകാര്യ സ്ഥാപനങ്ങൾ, എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലുകൾ, വിദേശത്തെ ഇന്ത്യൻ മിഷനുകൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും വികേന്ദ്രീകൃതവും സുസ്ഥിരവുമായ കയറ്റുമതി വളർച്ച പ്രോത്സാഹിപ്പിക്കാനാണ് ഇ.പി.എം (EPM) വിഭാവനം ചെയ്യുന്നത്.
അവലംബം
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2230664®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=156349&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2189383®=3&lang=2
https://content.dgft.gov.in/Website/TF.pdf
Click here to see pdf
***
SK
(Explainer ID: 157737)
आगंतुक पटल : 51
Provide suggestions / comments