• Sitemap
  • Advance Search
Social Welfare

വിദ്യാഭ്യാസ രംഗത്തെ നിർമ്മിത ബുദ്ധി

ആഗോള നേതൃത്വത്തിനായി ഇന്ത്യയുടെ പ്രതിഭകളെ വാർത്തെടുക്കുന്നു

Posted On: 03 MAR 2026 10:36AM

                   പ്രധാന വസ്തുതകൾ

  • എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ: ഗ്രാമീണ, ഗോത്രവർഗ്ഗ, പിന്നാക്ക ജില്ലകളെ ലക്ഷ്യമിട്ട് 7,634 കോടി രൂപയുടെ നിക്ഷേപത്തോടെ 1.79 ലക്ഷത്തിലധികം ഐ.സി.ടി ലാബുകൾക്ക് അംഗീകാരം നൽകി.
  • ഗവേഷണം മുതൽ തൊഴിൽ മേഖല വരെ: സെന്റേഴ്സ് ഓഫ് എക്സലൻസ്, സർവ്വകലാശാലകളിൽ AI പഠനം പ്രോത്സാഹിപ്പിക്കൽ, നൈപുണ്യ വികസന പരിപാടികൾ എന്നിവയിലൂടെ സമഗ്രമായ ഒരു AI പ്രതിഭാവലയം സൃഷ്ടിക്കുന്നു.

ആമുഖം

നിർമ്മിത ബുദ്ധി(AI) മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയിലൂടെ ഇന്ത്യ ഒരു ആഗോള ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2024- ആരംഭിച്ച പുതിയ സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും AI അധിഷ്ഠിതമായിരുന്നു. കൂടാതെ 87 ശതമാനം സംരംഭങ്ങളും നിലവിൽ AI സാങ്കേതികവിദ്യ സജീവമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്ഇന്ത്യൻ AI വിപണി 2027 വരെ 25% മുതൽ 35% വരെ നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, വലിയൊരു തൊഴിൽ സേനയെ ഇന്ത്യക്ക് ആവശ്യമുണ്ട്. NASSCOM-ന്റെ കണക്കനുസരിച്ച്, 2024- ഇന്ത്യയിലുണ്ടായിരുന്ന 6 ലക്ഷം മുതൽ 6.5 ലക്ഷം വരെയുള്ള AI വിദഗ്ധരുടെ എണ്ണം 15% വാർഷിക വളർച്ചാ നിരക്കോടെ (CAGR) 2027-ഓടെ 12.5 ലക്ഷത്തിലധികമായി ഉയരേണ്ടതുണ്ട്.

AI മൂലം തൊഴിൽ വിപണിയിലുണ്ടായ വലിയ മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് വിവിധ പദ്ധതികളും നയങ്ങളും നടപ്പിലാക്കിവരുന്നു. സാമ്പത്തിക വളർച്ചയ്ക്കും വിദ്യാഭ്യാസ വെല്ലുവിളികൾ പരിഹരിക്കുന്നതിനും അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പഠനം വ്യക്തിഗതമാക്കുന്നതിനും  AI-യ്ക്കുള്ള വലിയ സാധ്യതകളെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അംഗീകരിക്കുന്നു. അതോടൊപ്പം തന്നെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും AI പഠനത്തിന്റെ പ്രാധാന്യത്തിന് ഇത് ഊന്നൽ നൽകുന്നു.ഗവൺമെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ മേഖല, അക്കാദമിക് മേഖല എന്നിവയിലുടനീളം നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ഒരു ആഗോള AI നേതാവാക്കി മാറ്റാൻ ഇന്ത്യ AI മിഷൻ (2024 മാർച്ചിൽ ആരംഭിച്ചത്) ലക്ഷ്യമിടുന്നു.

സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണമാണ് തന്ത്രത്തിന്റെ പ്രധാന ലക്ഷ്യംഅതായത്, AI ഉപകരണങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വിദൂര ഗ്രാമങ്ങളിലും, ഗോത്രവർഗ്ഗ മേഖലകളിലും, പിന്നാക്ക സമൂഹങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഡിജിറ്റൽ വിടവ് ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. സമഗ്രമായ സമീപനം വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നതാണ്. ഇത് ഇന്ത്യയെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ആഗോള AI നേതാവായി ഉയർത്തുന്നു.

AI-യെ കുറിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം 2020

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ് എന്നിവ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും നവീകരണത്തിന് വഴിയൊരുക്കുമെന്നും NEP 2020 അംഗീകരിക്കുന്നു. ഇത്തരം വൻമാറ്റങ്ങളെ നേരിടാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനായി, ബഹുമുഖ വിദ്യാഭ്യാസത്തിന്റെ ഭാഗമായി AI, കമ്പ്യൂട്ടർ സയൻസ്/ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തിന് നയം ഊന്നൽ നൽകുന്നു.

സാമ്പത്തിക വിജയത്തിനും കൂടുതൽ തൊഴിലവസരങ്ങൾക്കും വേണ്ടി വിദ്യാർത്ഥികളെ വിഷയങ്ങളിൽ സജ്ജരാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലായതിനാൽ, NEP 2020-ലെ ശുപാർശകൾ കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ വിദ്യാഭ്യാസ നയങ്ങളെ സ്വാധീനിക്കുകയും ഇന്ത്യയെ ഒരു ആഗോള AI നേതാവാക്കി മാറ്റാനുള്ള ​ഗവൺമെന്റിന്റെ നീക്കങ്ങൾക്ക് കരുത്ത് പകരുകയും ചെയ്യുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിലെ AI പദ്ധതികൾ

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) 2023 എന്നിവയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം CBSE, NCERT എന്നിവയിലൂടെ ഇന്ത്യയിലുടനീളമുള്ള സ്കൂൾ പാഠ്യപദ്ധതിയിൽ AI ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസ് മുതലാണ് ഇത് പ്രധാനമായും നടപ്പിലാക്കി തുടങ്ങിയത്.

നിലവിൽ, CBSE ആറാം ക്ലാസ് മുതൽ 15 മണിക്കൂർ ദൈർഘ്യമുള്ള ഒരു AI സ്കിൽ മോഡ്യൂൾ നൽകുന്നുണ്ട്. കൂടാതെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ AI ഒരു ഐച്ഛിക വിഷയമായും പഠിക്കാവുന്നതാണ്. 11-ാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ് പാഠപുസ്തകങ്ങളിൽ NCERT ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, 1-2 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനായി AI/ML സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായുള്ള AI കോഴ്സുകൾ

ദീക്ഷ (DIKSHA) പ്ലാറ്റ്ഫോം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംരംഭമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ് (DIKSHA) എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനായി AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വീഡിയോകളിൽ AI അധിഷ്ഠിത കീവേഡ് സെർച്ച് സൗകര്യവും കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്കായി 'റീഡ്-എലൗഡ്' ഫീച്ചറും ഇതിലുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദീക്ഷ മൊബൈൽ ആപ്പ് ലഭ്യമാണ്. നിശ്ചിത സ്കൂൾ പാഠ്യപദ്ധതിക്ക് അനുയോജ്യമായ രസകരമായ പഠനസാമഗ്രികൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സോർ (SOAR) പദ്ധതി

6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിലും അധ്യാപകരിലും AI അവബോധവും നൈപുണ്യവും വളർത്തുന്നതിനായി കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം SOAR (സ്‌കില്ലിംഗ് ഫോർ AI റെഡിനസ്) പദ്ധതി ആവിഷ്കരിച്ചു. പ്രോഗ്രാമിൽ വിദ്യാർത്ഥികൾക്കായി 15 മണിക്കൂർ ദൈർഘ്യമുള്ള മൂന്ന് മോഡ്യൂളുകളും അധ്യാപകർക്കായി 45 മണിക്കൂർ ദൈർഘ്യമുള്ള "AI ഫോർ എഡ്യൂക്കേറ്റേഴ്സ്" മോഡ്യൂളും ഉൾപ്പെടുന്നു.

"AI ഫോർ എഡ്യൂക്കേറ്റേഴ്സ്" മോഡ്യൂൾ:

AI പാഠ്യപദ്ധതിയും അത് പഠിപ്പിക്കേണ്ട രീതികളും മനസ്സിലാക്കുക, ക്ലാസ് മുറികളിൽ AI ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക, വ്യത്യസ്ത രീതിയിലുള്ള പഠനശേഷിയുള്ള വിദ്യാർത്ഥികൾക്കായി എല്ലാവരെയും ഉൾക്കൊള്ളുന്ന പഠന അന്തരീക്ഷം ഒരുക്കുക, വിദ്യാഭ്യാസ സംബന്ധമായ AI പ്രോജക്റ്റുകൾ നിർമ്മിക്കുക, ഉത്തരവാദിത്തത്തോടുള്ള AI ധാർമ്മികതയെക്കുറിച്ച് പഠിപ്പിക്കുക എന്നിവയിൽ ഈ മൊഡ്യൂൾ അധ്യാപകരെ പരിശീലിപ്പിക്കുന്നു

സ്വയം (SWAYAM) പ്ലാറ്റ്ഫോം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ SWAYAM (സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണിങ് ഫോർ യങ് ആസ്പൈറിങ് മൈൻഡ്സ്) പ്ലാറ്റ്ഫോം ഐഐടികളിൽ (IIT) നിന്നും ഐഐഎസ്സിയിൽ (IISc) നിന്നുമുള്ള നൂറിലധികം (110+) സൗജന്യ AI കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനോടകം തന്നെ 41.2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോഴ്സുകളിൽ ചേർന്നിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ AI

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC): 2022-ലെ ബിരുദ പാഠ്യപദ്ധതിയിൽ AI, 3D മെഷീനിംഗ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷീൻ ലേണിംഗ്, ഡ്രോൺ സാങ്കേതികവിദ്യകൾ, ഡീപ്പ് ലേണിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുസ്ഥിര ജീവിതം എന്നീ മേഖലകളിലെ ഇവയുടെ പ്രായോഗിക ഉപയോഗങ്ങൾക്കും ഇതിൽ മുൻഗണന നൽകുന്നു.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE):

  • എല്ലാ ഐടി (IT) അനുബന്ധ കോഴ്സുകളിലും AI ഘടകങ്ങൾ ഉൾപ്പെടുത്തി.
  • AI അവബോധം വളർത്തുന്നതിനായി ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നു.
  • വനിതാ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ നൽകുന്നു (PRAGATI, സരസ്വതി).
  • ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.

പെർപ്ലക്സിറ്റിയും AICTE-യും തമ്മിലുള്ള പങ്കാളിത്തം

AI അധിഷ്ഠിത സെർച്ച് എഞ്ചിനായ പെർപ്ലക്സിറ്റി AICTE-യുമായി കൈകോർത്തിരിക്കുന്നു. ഇതിലൂടെ 14,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 4 കോടി വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിടുന്നു. AICTE-യുടെ വിവിധ ആശയവിനിമയ ചാനലുകൾ വഴി ഡിജിറ്റൽ വിതരണം, അധ്യാപകർക്കുള്ള പരിശീലന സെഷനുകൾ, സെന്റേഴ്സ് ഓഫ് എക്സലൻസുകളിലെ പൈലറ്റ് ലോഞ്ചുകൾ എന്നിവയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. കൂടാതെ, സ്ഥാപനങ്ങൾ വഴിയുള്ള ഓൺബോർഡിംഗിലൂടെ വിദ്യാർത്ഥികൾക്ക് പെർപ്ലക്സിറ്റി വെബ്സൈറ്റും ആപ്പും നേരിട്ട് ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഗവേഷണം, നവീകരണം, പ്രായോഗിക തലത്തിലുള്ള പ്രയോഗങ്ങൾ എന്നിവയിൽ AI ഉപകരണങ്ങൾ എങ്ങനെ സഹായിക്കുമെന്ന് വിദ്യാർത്ഥികൾക്ക് പര്യവേക്ഷണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രായോഗിക പഠനത്തിന് ദേശീയ വിദ്യാഭ്യാസ നയം (NEP) നൽകുന്ന പ്രാധാന്യവുമായി പദ്ധതി ചേർന്നുനിൽക്കുന്നു.

ഐഐടി മദ്രാസ് ഭാരത് ബോധൻ AI കോൺക്ലേവ് 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ഐഐടി മദ്രാസ് ഭാരത് ബോധൻ AI കോൺക്ലേവ് 2026-ലേക്ക് പങ്കാളികളെ ക്ഷണിക്കുന്നു. ഫെബ്രുവരി 12-13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. വിശ്വസനീയവും ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതും വ്യക്തമായ ഫലങ്ങൾ നൽകുന്നതുമായ AI പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തവർക്കാണ് അവസരം.ഇന്ത്യയിലും വിദേശത്തുമുള്ള സാങ്കേതിക പരിഹാരദാതാക്കൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, ​ഗവൺമെന്റ് സ്ഥാപനങ്ങൾ, മേഖലയിലെ മറ്റ് പ്രമുഖർ എന്നിവർക്ക് സംരംഭത്തിൽ പങ്കുചേരാവുന്നതാണ്.

 

താഴെ പറയുന്ന നാല് മുൻഗണനാ മേഖലകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്:

 

1.സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള AI

2.ഉന്നത വിദ്യാഭ്യാസത്തിനായുള്ള AI

3.നൈപുണ്യ വികസനത്തിനും തൊഴിൽ സജ്ജമാക്കുന്നതിനുമുള്ള AI

4.AI ഗവേഷണവും ഡീപ് ടെക്നോളജിയും

ഗവേഷണവും വികസനവും

വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും AI മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ​ഗവൺമെന്റ് പിന്തുണ നൽകുന്നു.

ഐഐടി ജോധ്പൂരിൽ സൃജൻ (सजृन) എന്ന പേരിൽ 'സെന്റർ ഫോർ ജനറേറ്റീവ് AI' സ്ഥാപിക്കുന്നതിനായി IndiaAI-യും മെറ്റയും തമ്മിൽ കൈകോർത്തു. കൂടാതെ, ഇന്ത്യയിൽ ഓപ്പൺ സോഴ്സ് AI സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി YuvAi എന്ന പദ്ധതിയും (MeitY, AICTE എന്നിവയുടെ സഹകരണത്തോടെ) ആരംഭിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 18-നും 30-നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം വിദ്യാർത്ഥികളെയും ഡെവലപ്പർമാരെയും ലക്ഷ്യമിടുന്ന പരിപാടിയിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്മാർട്ട് സിറ്റികൾ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നീ മേഖലകൾക്കായി AI പരിഹാരങ്ങൾ വികസിപ്പിക്കുന്നു.

പ്രധാന ഘടകങ്ങൾ :

1.ജെൻ എഐ റിസോഴ്സ് ഹബ് (കോഴ്സുകൾ, കേസ് സ്റ്റഡികൾ, ഓപ്പൺ ഡാറ്റാസെറ്റുകൾ)

2.യുവ ഡെവലപ്പർമാർക്കായുള്ള എൽഎൽഎം കോഴ്സ് (മെറ്റ രൂപകൽപ്പന ചെയ്തത്)

3.മാസ്റ്റർ ട്രെയിനിംഗ് ആക്റ്റിവേഷൻ വർക്ക്ഷോപ്പുകൾ(AI-യുടെ അടിസ്ഥാന ആശയങ്ങളിൽ പരിശീലനം)

4.അൺലീഷ് എൽഎൽഎം ഹാക്കത്തോണുകൾ (മികച്ച ആശയങ്ങൾക്ക് മെന്ററിംഗ്, സീഡ് ഗ്രാന്റുകൾ (പ്രാഥമിക സാമ്പത്തിക സഹായം), വിപണി സഹായം)

5.എഐ ഇന്നൊവേഷൻ ആക്സിലറേറ്റർ (വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള 10 സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സൗകര്യവും പ്രചാരവും നൽകി പിന്തുണയ്ക്കുന്നു)

ഇന്ത്യ AI മിഷന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ

ഇന്ത്യയുടെ AI മേഖലയുടെ വികസനത്തിന് അടിത്തറ പാകുന്നത് 2024 മാർച്ചിൽ ആരംഭിച്ച ഇന്ത്യ AI മിഷനാണ്. പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. AI മോഡലുകൾ വികസിപ്പിക്കുന്നതിനായുള്ള കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ നൽകുക, പരിശീലനത്തിനായി ഡാറ്റാസെറ്റുകൾ രൂപീകരിക്കുക, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രായോഗിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

AI അധിഷ്ഠിത വിദ്യാഭ്യാസത്തെയും AI ഗവേഷണത്തെയും പിന്തുണയ്ക്കുന്ന ഇന്ത്യ AI-യുടെ സംരംഭങ്ങൾ ഇവയാണ്:

വിവിധ ആപ്ലിക്കേഷനുകളിലൂടെ പഠന വൈകല്യമുള്ള കുട്ടികളെ അവരുടെ പഠന വിടവുകൾ നികത്താൻ AI സഹായിക്കുന്നു:

നിലവിലുള്ള പരിഹാരങ്ങൾ:

  • റീഡബിൾഡ് (ഓൺലൈൻ ഡിസ്ലെക്സിയ പരിശീലനം): ഇന്ററാക്ടീവ് വ്യായാമങ്ങളിലൂടെ ഡിസ്ലെക്സിയ ഉള്ള കുട്ടികളിലെ സ്വരവിജ്ഞാന ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ.
  • സ്ക്രീൻ പ്ലേ: 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഓട്ടിസമോ മറ്റ് വികസനപരമായ തകരാറുകളോ ഉണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഗെയിം അധിഷ്ഠിത ഡിജിറ്റൽ സ്ക്രീനിംഗ് ഉപകരണം.

പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ളവ:

  • വോയിസ് ഫ്യൂഷൻ AI: വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രത്യേക പഠന വൈകല്യമുള്ള (SLD) വ്യക്തികൾക്ക് സഹായകരമായ പിന്തുണ നൽകുന്ന ആപ്ലിക്കേഷൻ.
  • SLD-കൾക്കായുള്ള അഡാപ്റ്റീവ് ലേണിംഗും കണ്ടെത്തലും: ഡിസ്ലെക്സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാൽക്കുലിയ തുടങ്ങിയ പ്രത്യേക പഠന വൈകല്യങ്ങൾ കണ്ടെത്തുന്നതിനുള്ള വിപുലമായ AI സാങ്കേതിക വിദ്യകൾ.

ആശയ രൂപീകരണ ഘട്ടത്തിലുള്ളവ:

  • ജീവിഷ: പ്രത്യേക പഠന വൈകല്യങ്ങൾ (SLD) നേരത്തെ കണ്ടെത്തുന്നതിനുള്ള AI അധിഷ്ഠിത ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോം.
  • സ്പെഷ്യൽ എഡ്യൂക്കേറ്റർ AI: ഇന്ത്യയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ കുറവ് പരിഹരിക്കുന്നതിനും പഠന വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനുമുള്ള AI നിയന്ത്രിത സംവിധാനം.

AI ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഐഐടികൾ (IIT) പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ഗവേഷണ-വികസന (R&D) പദ്ധതികൾക്ക് ​ഗവൺമെന്റ് സാമ്പത്തിക സഹായം നൽകുന്നുണ്ട്.

കൂടാതെ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 'ഇന്ത്യ AI ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയിലും പ്രവർത്തിക്കുന്നു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ ഇവയാണ്:

ഡീപ്പ് ഫ്ലഡ്: അതിവേഗ പ്രളയ മാപ്പിംഗ്

  • ടീം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി
  • ഘട്ടം: പ്രോട്ടോടൈപ്പ്
  • വിവരണം: സാറ്റലൈറ്റ് ഡാറ്റയും 'വിഷൻ ട്രാൻസ്ഫോർമറുകളും' ഉപയോഗിച്ച് തത്സമയം പ്രളയസാധ്യത കണ്ടെത്തുന്നു. ഇതിനായി സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) വിവരങ്ങളും ഡീപ്പ് ലേണിംഗ് മോഡലുകളും പ്രയോജനപ്പെടുത്തുന്ന വിപുലമായ മാപ്പിംഗ് ടൂൾ ആണിത്.

"സുരക്ഷിതവും വിശ്വസനീയവുമായ AI" എന്ന സ്തംഭത്തിന് കീഴിൽ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീമുകൾ വികസിപ്പിച്ചെടുത്ത മറ്റ് പ്രോജക്റ്റുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

ഉത്തരവാദിത്ത AI പ്രോജക്റ്റുകൾ

  • മെഷീൻ അൺലേണിംഗ്
  • IIT ജോധ്പൂർ: ജനറേറ്റീവ് ഫൗണ്ടേഷൻ മോഡലുകളിലെ മെഷീൻ അൺലേണിംഗ് രീതികൾ.
  • സിന്തറ്റിക് ഡാറ്റാ ജനറേഷൻ
  • IIT റൂർക്കി: ഡാറ്റാസെറ്റുകളിലെ മുൻവിധികൾ കുറയ്ക്കുന്നതിനായി സിന്തറ്റിക് ഡാറ്റ സൃഷ്ടിക്കുന്ന രീതിയുടെ രൂപകൽപ്പനയും വികസനവും; ഉത്തരവാദിത്തമുള്ള AI-ക്കായി മെഷീൻ ലേണിംഗ് പൈപ്പ്ലൈനിലെ മുൻവിധികൾ ഇല്ലാതാക്കാനുള്ള ചട്ടക്കൂട്.
  • AI ബയസ് മിറ്റിഗേഷൻ സ്ട്രാറ്റജി
  • NIT റായ്പൂർ: ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലെ മുൻവിധികൾ കുറയ്ക്കുന്നതിനായി ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നു.
  • എക്സ്പ്ലെയ്നബിൾ AI ഫ്രെയിംവർക്ക്
  • DIAT പൂനെ, മൈൻഡ്ഗ്രാഫ് ടെക്നോളജി: സുരക്ഷാ മേഖലകളിൽ കാര്യകാരണങ്ങൾ വിശദീകരിക്കാൻ കഴിയുന്നതും (Explainable) സ്വകാര്യത സംരക്ഷിക്കുന്നതുമായ AI സജ്ജമാക്കുന്നു.
  • സ്വകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രം
  • IIT ഡൽഹി, IIIT ഡൽഹി, IIT ധാർവാഡ്, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെന്റർ (TEC): സുശക്തമായ സ്വകാര്യത സംരക്ഷിക്കുന്ന മെഷീൻ ലേണിംഗ് മോഡലുകൾ.
  • AI എത്തിക്കൽ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക്
  • IIIT ഡൽഹി, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെന്റർ (TEC): AI മോഡലുകളുടെ നിഷ്പക്ഷത വിലയിരുത്തുന്നതിനുള്ള ഉപകരണങ്ങൾ.
  • AI അൽഗോരിതം ഓഡിറ്റിംഗ് ടൂൾ
  • സിവിക് ഡാറ്റാ ലാബ്സ്: ParakhAI - പങ്കാളിത്തത്തോടെയുള്ള അൽഗോരിതം ഓഡിറ്റിംഗിനായുള്ള ഒരു ഓപ്പൺ സോഴ്സ് ടൂൾകിറ്റ്.
  • AI ഗവേണൻസ് ടെസ്റ്റിംഗ് ഫ്രെയിംവർക്ക്
  • അമൃത വിശ്വവിദ്യാപീഠം, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെന്റർ (TEC): ട്രാക്ക്-LLM - ലാർജ് ലാംഗ്വേജ് മോഡലുകൾക്കായുള്ള സുതാര്യത, റിസ്ക് അസസ്മെന്റ്, സാഹചര്യം, വിജ്ഞാനം എന്നിവ പരിശോധിക്കുന്ന സംവിധാനം.

AI നൈപുണ്യ വികസനം

ഇന്ത്യയിലെ തൊഴിൽ സേനയെ AI, ഡിജിറ്റൽ ശേഷികളാൽ സജ്ജരാക്കുന്നതിനായി ​ഗവൺമെന്റ് സമഗ്രമായ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ, വ്യാവസായിക പരിശീലനം നേടുന്നവർ, പ്രൊഫഷണലുകൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് സേവനം ലഭ്യമാണ്. പ്രോഗ്രാമുകൾ അടിസ്ഥാന AI സാക്ഷരതയും നൂതന സാങ്കേതിക പരിശീലനവും ഒരേപോലെ നൽകുന്നു.

 

പദ്ധതി

നടപ്പിലാക്കുന്ന ഏജൻസി

ലക്ഷ്യം/അളവ്

പ്രധാന സവിശേഷതകൾ

 

പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) 4.0

 

 

കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം (MSDE)

36,584 പേർക്ക് AI പരിശീലനം നൽകി (2025 ജൂൺ 30 വരെ); ഇതിൽ 45% സ്ത്രീകൾ.

 

 

 

ഹ്രസ്വകാല പരിശീലനവും (STT) മുൻപരിചയത്തിന് അംഗീകാരം നൽകുന്ന രീതിയും (RPL); 2 വർഷത്തിനുള്ളിൽ 8,000 പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള 'AI കരിയർ ഫോർ വുമൺ' പദ്ധതി 2025 ഏപ്രിലിൽ ആരംഭിച്ചു.

 

സ്കിൽസക്ഷം (SkillSaksham) പ്രോഗ്രാം

 

 

 

MSDE + മൈക്രോസോഫ്റ്റ് (MoU ഓഗസ്റ്റ് 2024)

200 വ്യവസായ പരിശീലന കേന്ദ്രങ്ങൾ (ITI); 10,000+ പേരെ ലക്ഷ്യമിടുന്നു; 8,500-ലധികം പേർ ഇതിനകം പരിശീലനം നേടി.

ക്രാഫ്റ്റ്സ്മെൻ ട്രെയിനിംഗ് സ്കീമിന് കീഴിൽ 1,200 മണിക്കൂർ AI പരിശീലനവും 15 നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (NSTIs) 400 മണിക്കൂർ അഡ്വാൻസ്ഡ് AI പരിശീലനവും.

 

ഐഗോട്ട് (iGOT) കർമ്മയോഗി ഭാരത് പ്ലാറ്റ്ഫോം

 

 

 

മിഷൻ കർമ്മയോഗി

ഗവൺമെന്റ് ഉദ്യോഗസ്ഥർ

AI, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നീ വിഷയങ്ങളിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം.

ഫ്യൂച്ചർ സ്കിൽസ് പ്രൈം

 

 

 

 

 

 

കേന്ദ്ര ഗവൺമെന്റ് + NASSCOM

16.29 ലക്ഷത്തിലധികം പേർ ചേർന്നു/പരിശീലനം നേടി.

 

 

 

AI, ബിഗ് ഡാറ്റ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ 500-ലധികം കോഴ്സുകളും 2,000-ലധികം ഡിജിറ്റൽ പഠനവഴികളും; ഇവ നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായി (NSQF) ബന്ധിപ്പിച്ചിരിക്കുന്നു.

യുവ

എഐ ഫോർ ഓൾ

 

 

ഇന്ത്യ എഐ മിഷൻ

ലക്ഷ്യം: 1 കോടി പൗരന്മാർ

വിദ്യാർത്ഥികൾ, യുവാക്കൾ, പ്രൊഫഷണലുകൾ, രക്ഷിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി 4-4.5 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യമായ അടിസ്ഥാന AI കോഴ്സ്.

ഉപസംഹാരം

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഇന്ത്യ എഐ മിഷൻ എന്നിവയുമായി ചേർന്നുനിൽക്കുന്ന ഇന്ത്യയുടെ സമഗ്രമായ AI വിദ്യാഭ്യാസ തന്ത്രം പ്രാഥമികതലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസന പദ്ധതികൾ, സെന്റേഴ്സ് ഓഫ് എക്സലൻസ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്നു. സമീപനം നഗരങ്ങൾക്കും അപ്പുറം ഗോത്രവർഗ്ഗ മേഖലകളിലേക്കും പിന്നാക്ക ജില്ലകളിലേക്കും സാങ്കേതികവിദ്യയുടെ ലഭ്യത എത്തിച്ചുകൊണ്ട് ഡിജിറ്റൽ ജനാധിപത്യവൽക്കരണം ഉറപ്പാക്കുന്നു. സംരംഭങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയെ ഒരു ആഗോള AI നേതാവായി ഉയർത്തുന്നു. ഇത് 'സർവ്വജന ഹിതായ, സർവ്വജന സുഖായ' (എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം) എന്ന കാഴ്ചപ്പാടിനെയാണ് പ്രതിനിധീകരിക്കുന്നത്.

അവലംബം

 

Click here to see PDF

***

SK

 

(Explainer ID: 157695) आगंतुक पटल : 55
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Bengali , Punjabi , Gujarati , Kannada