• Sitemap
  • Advance Search
Economy

സ്വയംപര്യാപ്തതയിലും കയറ്റുമതി പ്രതിരോധ ശേഷിയിലും മുന്നേറ്റം: ഇന്ത്യയുടെ വളരുന്ന ആഗോള സാന്നിധ്യം

Posted On: 02 MAR 2026 12:17PM

പ്രധാന വസ്തുതകൾ

  • 2025-26 ഏപ്രിൽ-ജനുവരി കാലയളവിൽ ആകെ കയറ്റുമതി 720.76 ബില്യൺ യുഎസ് ഡോളറിലെത്തി (വാർഷികാടിസ്ഥാനത്തിൽ 6.15% വർധന) 

  • 2025-26 ഏപ്രിൽ-ജനുവരി കാലയളവിൽ സേവന കയറ്റുമതി 354.13 ബില്യൺ യുഎസ് ഡോളറിലെത്തി (വാർഷികാടിസ്ഥാനത്തിൽ 10.57% വർധന) 

  • ഇലക്ട്രോണിക്സ്, വാഹനനിര്‍മാണം, ഔഷധനിര്‍മാണം, പ്രതിരോധ നിർമാണം തുടങ്ങിയ മേഖലകൾ കൃത്യമായ നയപിന്തുണയോടെ വികസിക്കുന്നു.

  • കയറ്റുമതി പ്രോത്സാഹന ദൗത്യം പോലുള്ള സ്ഥാപനപരമായ പരിഷ്കാരങ്ങൾ വ്യാപാര ധനസഹായവും  ചരക്കുനീക്കവും നിയമപാലനവും വിപണി ലഭ്യതയും മെച്ചപ്പെടുത്തുന്നു.

  • തന്ത്രപ്രധാന നിർമാണ മേഖലകളെ വിപുലീകരിക്കുന്ന 2026-27 കേന്ദ്ര ബജറ്റ് കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ആമുഖം 

കോവിഡാനന്തര കാലഘട്ടത്തിൽ ആഗോള അനിശ്ചിതത്വങ്ങളെ മറികടക്കാൻ ആഭ്യന്തര കരുത്ത് പ്രയോജനപ്പെടുത്തി അതിവേഗം വളരുന്ന സുപ്രധാന സമ്പദ്‌ വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നു. കരുത്തുറ്റ ബാങ്കിങ് സംവിധാനം, വായ്പാ ഇടപാടുകൾ, മതിയായ വിദേശനാണ്യ ശേഖരം, സുരക്ഷിതമായ കറൻ്റ് അക്കൗണ്ട് ബാലൻസ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യയുടെ വളർച്ചാ നിരക്ക്  ലോകത്തിനുതന്നെ അസൂയാവഹമാണെന്ന് 2025-26-ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

 

2025 ഏപ്രിലിലെ യുഎൻസിടിഎഡി വ്യാപാര നയ അനിശ്ചിതത്വ സൂചികയിലും ആഗോള സാമ്പത്തിക നയ അനിശ്ചിതത്വ സൂചികയിലും പ്രതിഫലിക്കുന്നതുപോലെ ആഗോള വ്യാപാര രംഗം വലിയ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. അതേസമയം, ഈ സംഭവവികാസങ്ങൾ അതിജീവനശേഷിയാര്‍ന്ന വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ലോകത്തെ വൈവിധ്യമാർന്ന വ്യാപാര-നിക്ഷേപ പങ്കാളിത്തം വിപുലീകരിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ആക്കംകൂട്ടി.

 

ഈ പശ്ചാത്തലത്തിൽ സുപ്രധാന മേഖലകളിൽ കൃത്യമായ ഇറക്കുമതി ബദലുകൾ നടപ്പാക്കാനും ഒപ്പം ദീർഘകാലാടിസ്ഥാനത്തിൽ മത്സരക്ഷമത നിലനിർത്താൻ കയറ്റുമതി കേന്ദ്രീകൃത സമീപനം സ്വീകരിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

 

നിർമാണ രംഗത്തെ നവോത്ഥാനം: ആഭ്യന്തര ശേഷി വികസനം ‍

ഇറക്കുമതി ബദലുകൾക്കായി ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾക്ക് കരുത്തേകുന്ന 'സ്വദേശി', 'ആത്മനിർഭരത' എന്നീ ആശയങ്ങള്‍ വിവിധ വ്യവസായങ്ങളിൽ കൃത്യമായ നയങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ആഭ്യന്തര നിർമാണ ശേഷി വർധിപ്പിക്കുന്നതിന് നിശ്ചിത മേഖലകളിലെ ആനുകൂല്യങ്ങൾ, നിക്ഷേപങ്ങൾ, പരിഷ്കാരങ്ങൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി, 'ഉല്പാദന-അനുബന്ധ പ്രോത്സാഹനം' തുടങ്ങിയ ധീരമായ പരിഷ്കാരങ്ങളും ദീർഘവീക്ഷണ നയങ്ങളും രാജ്യത്തെ  ആഗോള നിർമാണ കേന്ദ്രമാക്കി മാറ്റി.

 

2026-27 കേന്ദ്ര ബജറ്റിലെ ശ്രദ്ധേയ വസ്തുതകൾ 

തന്ത്രപ്രധാന മേഖലകളിലും തൊഴിൽസാധ്യതയേറിയ രംഗങ്ങളിലും ആഭ്യന്തര നിർമാണ ശേഷി വർധിപ്പിക്കാനും അതുവഴി കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്താനും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും 2026-27 കേന്ദ്ര ബജറ്റ് വലിയ മുൻഗണന നൽകുന്നു. സേവന മേഖല, നിർമാണം, പ്രത്യേക സാമ്പത്തിക മേഖലകൾ, അടിസ്ഥാന സൗകര്യ വികസനം, വ്യാപാരനടപടികള്‍ സുഗമമാക്കല്‍,  വിവിധ മേഖലകളിലെ പരിഷ്കാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ നടപടികൾ സർക്കാർ പ്രഖ്യാപിച്ചു.

 

ബയോഫാർമ ശക്തി, ഇന്ത്യ അര്‍ധചാലക ദൗത്യം രണ്ടാംഘട്ടത്തിൻ്റെ തുടക്കം, ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതിയുടെ വിപുലീകരണം, അപൂർവ ധാതു ഇടനാഴികളുടെ വികസനം, കെമിക്കൽ പാർക്കുകൾ സ്ഥാപിക്കൽ, മൂലധന ചരക്കുകള്‍ക്കും കണ്ടെയ്നർ നിർമാണത്തിനും പ്രത്യേക പിന്തുണ എന്നിവ ഇതിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.

 

വിമാന ഭാഗങ്ങൾ, ലിഥിയം-അയൺ സെൽ നിർമാണം, പ്രതിരോധ-സിവിൽ വ്യോമയാന മേഖലകളിലെ ഭാഗങ്ങൾ എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ നിർദേശങ്ങളും ബജറ്റിലുണ്ട്. എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഊര്‍ജ്ജ സംഭരണ ഉപകരണങ്ങള്‍ തുടങ്ങിയ എന്‍ജിനീയറിങ്  ഉപവിഭാഗങ്ങളുടെ നിർമാണച്ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും.

 

ഇലക്ട്രോണിക്സ് മേഖലയിലെ വിജയഗാഥ

ഇറക്കുമതി ബദലുകൾ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ പ്രത്യക്ഷ ഫലം ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉല്പാദനത്തിലെ ശ്രദ്ധേയ മുന്നേറ്റത്തില്‍ വ്യക്തമായി കാണാം. 2030-31 സാമ്പത്തിക വര്‍ഷത്തോടെ 500 ബില്യൺ ഡോളറിൻ്റെ ആഭ്യന്തര ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി  ഇലക്ട്രോണിക് രൂപകല്പന, നിർമാണം, കയറ്റുമതി എന്നിവയിൽ ആഗോളതലത്തിൽ മുൻനിരയിലെത്താൻ കൃത്യമായ പാതയില്‍ മുന്നേറുകയാണ് രാജ്യം.

 

  • ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉല്പാദനം 2014-15 ലെ 1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 ൽ 11.3 ലക്ഷം കോടി രൂപയായി വർധിച്ചു; ഏകദേശം ആറ് മടങ്ങ് വർധനയാണിത്.

  • 2020-21 മുതൽ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ 4 ബില്യൺ യുഎസ് ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യ ആകർഷിച്ചു. ഇത് ആഗോള നിക്ഷേപകർക്ക് ഇന്ത്യയില്‍ വർധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

  • കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇലക്ട്രോണിക്സ് നിർമാണ മേഖല രാജ്യത്ത് ഏകദേശം 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

മൊബൈൽ ഫോണ്‍ ഉല്പാദനത്തിലടക്കം ലോകത്ത് അതിവേഗം വളരുന്ന ഇലക്ട്രോണിക്സ് നിർമാതാക്കളിലൊന്നാണ് ഇന്ത്യ. ഒരു പതിറ്റാണ്ട് മുന്‍പ് ആവശ്യമായവയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്തിരുന്ന നിലയില്‍നിന്ന് മിക്കവാറും എല്ലാ ഉപകരണങ്ങളും ആഭ്യന്തരമായി നിർമിച്ച് മൊബൈൽ ഉല്പാദനത്തിൽ ഇന്ത്യ ഏതാണ്ട് സ്വയംപര്യാപ്തത കൈവരിച്ചു.

  • മൊബൈൽ നിർമാണ മേഖലയിലെ ഉല്പാദനം 2014-15 ലെ 18,000 കോടി രൂപയിൽ നിന്ന് 2024-25 ൽ 5.45 ലക്ഷം കോടി രൂപയായി വർധിച്ചു; 28 മടങ്ങ് വർധനയാണിത്.

  • 300-ലധികം നിർമാണ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്ന ഇന്ത്യ ലോകത്തെ രണ്ടാമത് വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ്. 2014-ൽ കേവലം രണ്ട് യൂണിറ്റുകൾ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്.  

 

മൂല്യമേറിയ മറ്റ് ഉയര്‍ന്ന മേഖലകളിലും സമാന മുന്നേറ്റം പ്രകടമാണ്. ആഗോളതലത്തിൽ ചിപ്പുകൾക്ക് ക്ഷാമം നേരിട്ട സാഹചര്യത്തിൽ അര്‍ധചാലകങ്ങളും ഇലക്ട്രോണിക് ഘടകങ്ങളും തന്ത്രപ്രധാന ഇറക്കുമതി ബദലുകൾ കണ്ടെത്തേണ്ട മേഖലകളായി മാറി. ഇത് മുൻനിർത്തി ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ഉല്പാദിപ്പിക്കാനും സമ്പൂർണ ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശം രൂപകല്പന ചെയ്യാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഇന്ത്യ അര്‍ധചാലക ദൗത്യം 2.0 ആരംഭിക്കുമെന്ന് 2026-27-ലെ ബജറ്റില്‍ പ്രഖ്യാപിച്ചു. ഒപ്പം ഇലക്ട്രോണിക്സ് ഘടക നിര്‍മാണ പദ്ധതി 40,000 കോടി രൂപയുടെ ഉയര്‍ന്ന വിഹിതത്തോടെ വിപുലീകരിക്കുകയും ചെയ്തു.

 

2025 ഓഗസ്റ്റിൽ ഗുജറാത്തിലെ സനന്ദിൽ ഇന്ത്യയുടെ പ്രഥമ എന്‍ഡ്-ടു-എന്‍ഡ് ഒസാറ്റ് (ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ്) കേന്ദ്രങ്ങളിലൊന്ന് ഉദ്ഘാടനം ചെയ്തു. അര്‍ധചാലക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ നീക്കത്തിന് ഇത് കരുത്തേകി. നേരത്തെ 2025 മെയ് മാസം അത്യാധുനിക 3-നാനോമീറ്റർ ചിപ്പ് രൂപകല്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് അര്‍ധചാലക രൂപകല്പന  കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തത് രാജ്യത്തിൻ്റെ അര്‍ധചാലക നൂതനാശയ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറി.

 

ഒഡീഷയിലെ പ്രഥമ വാണിജ്യ സിലിക്കൺ കാർബൈഡ് ഫാബ്, അത്യാധുനിക പാക്കേജിങ് കേന്ദ്രം എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലായി പത്ത് അര്‍ധചാലക പദ്ധതികള്‍ക്കാണ് ഇന്ത്യ അംഗീകാരം നൽകിയത്. ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ ആഗോള അര്‍ധചാലക മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.  

 

ഇലക്ട്രോണിക്സ് നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്ന സുപ്രധാന നടപടികൾ

ഇലക്ട്രോണിക്സ് നിർമാണത്തിന് വന്‍തോതില്‍  മൂലധന നിക്ഷേപം, ഉല്പാദന വർധനയിലൂടെ ചെലവ് കുറയ്ക്കൽ, ദീർഘകാലാടിസ്ഥാന പ്രവർത്തനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യാ പ്രവേശനം, വൈദഗ്ധ്യമേറിയ തൊഴിൽ സേന എന്നിവ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് നിരവധി തന്ത്രപ്രധാന ഇടപെടലുകൾ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ആഭ്യന്തര ശേഷി വർധിപ്പിക്കാനും ഇന്ത്യൻ സ്ഥാപനങ്ങളെ ആഗോള മൂല്യശൃംഖലയുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര നിർമാണം ശക്തിപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും നിരവധി ലക്ഷ്യാധിഷ്ഠിത പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

  • ഇലക്ട്രോണിക്സ് ഘടക നിര്‍മാണ പദ്ധതി  (ECMS): 22,919 കോടി രൂപ വിഹിതത്തോടെ 2025-ൽ പ്രഖ്യാപിച്ച ഈ പദ്ധതി ഘടകഭാഗങ്ങളുടെ നിർമാണം ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായത്തെ ആഗോള മൂല്യശൃംഖലയുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി വിറ്റുവരവ് അധിഷ്ഠിത ആനുകൂല്യങ്ങളും മൂലധന നിക്ഷേപ ആനുകൂല്യങ്ങളും നൽകുന്നു. നിലവിൽ നിശ്ചിത ലക്ഷ്യത്തിൻ്റെ ഇരട്ടിയോളം നിക്ഷേപ വാഗ്ദാനങ്ങൾ കൈവരിച്ച സാഹചര്യത്തിൽ 2026-27 കേന്ദ്ര ബജറ്റ്  പദ്ധതി വിഹിതം 40,000 കോടി രൂപയായി ഉയര്‍ത്തി.  

  • ഇന്ത്യ അര്‍ധചാലക ദൗത്യം: 76,000 കോടി രൂപ വിഹിതത്തോടെ 2021-ൽ അംഗീകരിച്ച ഇന്ത്യ അര്‍ധചാലക ദൗത്യം 1.0 അര്‍ധചാലക ഫാബ്രിക്കേഷൻ, സംയോജനം, പരിശോധന, ചിപ്പ് രൂപകല്പന എന്നിവയ്ക്ക് 50% വരെ സാമ്പത്തിക സഹായം നൽകുന്നു. ഇതിൻ്റെ തുടർച്ചയായി വ്യാവസായികാധിഷ്ഠിത ഗവേഷണം, സാങ്കേതിക വികസനം, വൈദഗ്ധ്യമാര്‍ജിച്ച തൊഴിൽ സേനയുടെ സൃഷ്ടി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ അര്‍ധചാലക ദൗത്യം രണ്ടാംഘട്ടത്തിനായി  2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1,000 കോടി രൂപ വകയിരുത്തി.

വിപുലമായ ഇലക്ട്രോണിക്സ് നിർമാണത്തിന് ഉല്പാദക അനുബന്ധ പ്രോത്സാഹന പദ്ധതി, ഐടി ഹാർഡ്‌വെയറിന് പിഎൽഐ രണ്ടാംഘട്ട പദ്ധതി, ഇലക്ട്രോണിക്സ് നിര്‍മാണ ക്ലസ്റ്റർ 2.0 പദ്ധതി, ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ധചാലകങ്ങളുടെയും നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, അര്‍ധചാലക -ഡിസ്പ്ലേ നിർമാണ സംവിധാനങ്ങളുടെ വികസനത്തിന് പരിഷ്കരിച്ച പരിപാടി എന്നിവയാണ് മറ്റ് പ്രധാന നടപടികൾ.


 

കുതിപ്പിൻ്റെ പാതയിൽ  വാഹന നിര്‍മാണ മേഖല

സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, മറ്റ് മേഖലകളുമായി ശക്തമായ ബന്ധം എന്നിവയിലെ സുപ്രധാന പങ്ക് കണക്കിലെടുക്കുമ്പോൾ വാഹനങ്ങളും അനുബന്ധ ഘടകങ്ങളും ഉൾപ്പെടുന്ന വാഹനിര്‍മാണ വ്യവസായം സമ്പദ്‌ വ്യവസ്ഥയുടെ പ്രധാന സ്തംഭമായി തുടരുന്നു.

ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വിപണിയായും വാണിജ്യ, യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാമത് വലിയ വിപണിയായും ഇന്ത്യ ഉയർന്നു കഴിഞ്ഞു. വിശാലമായ നിർമാണ ശൃംഖലയുടെയും വാഹന ഘടക ആവാസവ്യവസ്ഥയുടെയും പിന്തുണയോടെ 30 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖല  തൊഴില്‍ നൽകുന്നു.

 

പ്രവർത്തനക്ഷമത പ്രവണതകളും സുസ്ഥിര വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ആകെ ഉല്പാദനം 2020-21 സാമ്പത്തിക വർഷത്തിലെ  2,26,52,000 യൂണിറ്റുകളിൽ നിന്ന് 2024-25-ൽ 31,028,000 യൂണിറ്റുകളായി വർധിച്ചു. ഇതേ കാലയളവിൽ ആഭ്യന്തര വിൽപന 18,620,000  യൂണിറ്റുകളിൽ നിന്ന് 25,607,000 യൂണിറ്റുകളായി ഉയർന്നു.  ശക്തമായ വളർച്ചയെയും വർധിച്ചുവരുന്ന ആഭ്യന്തര ആവശ്യകതയെയുമാണ് ഇത് സൂചിപ്പിക്കുന്നത്.  ചുരുക്കത്തില്‍  കഴിഞ്ഞ ഒരു ദശകത്തിനിടെ (2014-15 മുതൽ 2024-25 വരെ) ഉല്പാദനത്തിൽ ഏകദേശം 33% വളർച്ചയാണ് ഈ മേഖല രേഖപ്പെടുത്തിയത്. ഒപ്പം നൂതന സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും തദ്ദേശീയ ഉല്പാദനവും മൂല്യവർധനയും ഇക്കാലയളവിൽ വർധിച്ചു.

 

 

വാഹന നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സുപ്രധാന നടപടികൾ

കഴിഞ്ഞ ദശകം നടപ്പാക്കിയ നയ പരിഷ്കാരങ്ങൾ, കൃത്യമായ സാമ്പത്തിക ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇന്ത്യയെ ആഗോള വാഹനനിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.

  • വാഹന നിര്‍മാണ, വാഹന ഘടക വ്യവസായത്തിന് പിഎൽഐ പദ്ധതി: 25,938 കോടി രൂപ വിഹിതത്തോടെ 2021 സെപ്റ്റംബറിൽ അംഗീകരിച്ച ഈ പദ്ധതി അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളെയും ഉല്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. 2025 സെപ്റ്റംബർ വരെ ലഭ്യമായ കണക്കുകൾ പ്രകാരം പദ്ധതി വഴി 35,657 കോടി രൂപയുടെ ആകെ നിക്ഷേപം ആകർഷിക്കാനായി.  

  • പിഎം ഇ-ഡ്രൈവ്  പദ്ധതി: 10,900 കോടി രൂപ വിഹിതത്തോടെ 2024 സെപ്റ്റംബറിൽ തുടക്കം കുറിച്ച  പദ്ധതി ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് ആവശ്യകത അധിഷ്ഠിത ആനുകൂല്യങ്ങൾ  നൽകുന്നു. കൂടാതെ ഇ-ട്രക്കുകൾ, ഇ-ആംബുലൻസുകൾ തുടങ്ങിയ പുതിയ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾക്കും വാഹന പരിശോധന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ധനസഹായം അനുവദിക്കുന്നു.  

 

അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജിന് പിഎൽഐ പദ്ധതി, പിഎം ഇ-ബസ് സേവ-പേയ്‌മെൻ്റ്
സുരക്ഷാ ക്രമീകരണ പദ്ധതി, ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി എന്നിവ ഈ പരിവർത്തനത്തെ പിന്തുണയ്ക്കുന്ന മറ്റ് പ്രധാന നയങ്ങളാണ്.

 

"ലോകത്തിൻ്റെ ഔഷധശാല" എന്ന ഖ്യാതി പ്രയോജനപ്പെടുത്തുന്നു 

മിതമായ നിരക്കില്‍ വൻതോതില്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയുടെ ഔഷധവ്യവസായത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും "ലോകത്തിൻ്റെ ഔഷധശാല" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ചെലവ് കുറഞ്ഞ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ശക്തമായ ആഭ്യന്തര ഉല്പാദന ശേഷി കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു. അളവിൻ്റെ അടിസ്ഥാനത്തിൽ ലോകത്തെ മൂന്നാമത് വലിയ മരുന്ന് ഉല്പാദകരും മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ പതിനൊന്നാമത് വലിയ ഉല്പാദകരുമാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷം ഈ മേഖല 4.72 ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തി.

 

ഈ സാഹചര്യത്തിൽ, സജീവ മരുന്ന് ചേരുവകളുടെ (APIs) തന്ത്രപരമായ പ്രാധാന്യവും ലഭ്യതയിലുണ്ടാകാവുന്ന അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് അവയുടെ ആഭ്യന്തര നിർമാണം ശക്തിപ്പെടുത്താന്‍ മുൻഗണന നൽകിയിട്ടുണ്ട്. നിലവിൽ ലോകത്തെ മൂന്നാമത് വലിയ എപിഐ ഉല്പാദകരാണ് ഇന്ത്യ. ആഭ്യന്തര ഉല്പാദനം വർധിച്ചതോടെ ഇറക്കുമതിക്ക് പകരം തദ്ദേശീയ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമായിത്തുടങ്ങി.

 

ഔഷധനിര്‍മാണ മേഖലയെ ശക്തിപ്പെടുത്തുന്ന സുപ്രധാന നടപടികൾ 

വിതരണ ശൃംഖലയുടെ കരുത്ത് വർധിപ്പിക്കാനും ആഭ്യന്തര ഉല്പാദനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളിലൂടെ ഈ മുന്നേറ്റം കൂടുതൽ ശക്തമാക്കപ്പെടുന്നു.

 

  • മരുന്ന് നിർമാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് പിഎൽഐ പദ്ധതി: സജീവ ഔഷധനിര്‍മാണ ചേരുവകള്‍ (APIs), കീ സ്റ്റാർട്ടിങ് മെറ്റീരിയലുകൾ (KSMs), ഡ്രഗ് ഇൻ്റർമീഡിയറ്റുകൾ എന്നിവയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി നടപ്പാക്കിയ ഈ പദ്ധതി 2025 സെപ്റ്റംബർ വരെ  ലഭ്യമായ കണക്കുകളനുസരിച്ച്  4,763 കോടി രൂപയുടെ നിക്ഷേപമാകർഷിച്ചു. പെനിസിലിൻ ജി പൊട്ടാസ്യം പോലുള്ള കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളുടെ ഫെർമൻ്റേഷൻ അധിഷ്ഠിത നിർമാണത്തിന് മുൻഗണന നൽകി 26 സുപ്രധാന ഉല്പന്നങ്ങള്‍ക്കായി പ്രതിവർഷം 55,000 മെട്രിക് ടൺ ഉല്പാദന ശേഷി ഇത് സൃഷ്ടിച്ചു.

  • മെഡിക്കൽ ഉപകരണങ്ങൾക്ക് പിഎൽഐ പദ്ധതി: മെഡിക്കൽ ഉപകരണങ്ങളുടെ തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് 2020-ലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 2025 സെപ്റ്റംബർ വരെ 1,093.69 കോടി രൂപയുടെ യഥാർത്ഥ നിക്ഷേപം പദ്ധതി വഴി നേടി. കൂടാതെ 57 ഇനം അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണം രാജ്യത്ത് ആരംഭിക്കുകയും ചെയ്തു.

  • ആയുഷിൻ്റെ ആഗോള സംയോജനം: ഇന്ത്യയുടെ ആയുഷ് ചികിത്സാ രീതികളെ ആഗോള ആരോഗ്യ സംവിധാനത്തിൻ്റെ ഭാഗമാക്കാന്‍ ശ്രമങ്ങൾ പുരോഗമിക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണം,  നൂതനാശയങ്ങൾ, നയപരമായ ചർച്ചകൾ എന്നിവയുടെ അന്താരാഷ്ട്ര കേന്ദ്രമായി ജാംനഗറിലെ ലോകാരോഗ്യസംഘടന ആഗോള പാരമ്പര്യ ഔഷധ കേന്ദ്രം പ്രവർത്തിക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ആഗോള അംഗീകാരം നൽകാനും പൊതുജനാരോഗ്യ സംവിധാനങ്ങളിൽ ഇവയെ ഉൾപ്പെടുത്താനും 2025 മെയ് മാസം ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചു.  

മരുന്ന് വ്യവസായം ശക്തിപ്പെടുത്തുന്ന (SPI) പദ്ധതി, മരുന്ന് നിർമാണ അസംസ്‌കൃത വസ്തുക്കളുടെ പാർക്കുകള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, മെഡിക്കൽ ഉപകരണ പാർക്കുകളുടെ പ്രോത്സാഹന പദ്ധതി, മെഡിക്കൽ ഉപകരണ വ്യവസായം ശക്തിപ്പെടുത്തുന്ന (SMDI) പദ്ധതി എന്നിവയാണ് മറ്റ് പ്രധാന നടപടികൾ. ഈ പദ്ധതികൾ പുരോഗമിക്കുന്നതോടെ മരുന്ന് നിർമാണ അസംസ്‌കൃത വസ്തു വിതരണത്തിൽ കൂടുതൽ സ്വയംപര്യാപ്തതയും സുരക്ഷയും കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

പ്രതിരോധവും തന്ത്രപ്രധാന നിർമാണവും: സ്വയംപര്യാപ്തത പ്രവൃത്തിപഥത്തിൽ

ഇറക്കുമതി ആശ്രയം കുറയ്ക്കാനും ദേശീയ വ്യവസായം ശക്തിപ്പെടുത്താനും പ്രവര്‍ത്തന സജ്ജത വർധിപ്പിക്കാനും ലക്ഷ്യമിടുന്ന സ്വയംപര്യാപ്തതയിലേക്ക് വലിയ മാറ്റത്തിനാണ് ഇന്ത്യയുടെ പ്രതിരോധ മേഖല സാക്ഷ്യം വഹിച്ചത്. നേരത്തെ ഏകദേശം 65% മുതൽ 70% വരെ പ്രതിരോധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് 65% ഉപകരണങ്ങളും ആഭ്യന്തരമായാണ് നിർമിക്കുന്നത്.

തദ്ദേശീയ പ്രതിരോധ ഉല്പാദനം 2014-15 സാമ്പത്തിക വർഷത്തിലെ 46,429 കോടി രൂപയിൽ നിന്ന് 2023-24-ൽ 1,27,434 കോടി രൂപയായും 2024-25-ൽ റെക്കോർഡ് നേട്ടമായ 1.54 ലക്ഷം കോടി രൂപയായും വർധിച്ചു.

 

ഡിഫൻസ് അക്വിസിഷൻ പ്രൊസീജർ (DAP) 2020, ഡിഫൻസ് പ്രൊക്യുർമെൻ്റ് മാനുവൽ (DPM) 2025 എന്നിവ പ്രകാരം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വേഗവും സുതാര്യതയും നൂതനാശയങ്ങളും സ്വയംപര്യാപ്തതയുമുറപ്പാക്കി. 2029-ഓടെ പ്രതിരോധ രംഗത്ത് 3 ലക്ഷം കോടി രൂപയുടെ നിർമാണവും 50,000 കോടി രൂപയുടെ കയറ്റുമതിയും ലക്ഷ്യമിട്ട് ഇന്ത്യയെ ആഗോള പ്രതിരോധ നിർമാണ കേന്ദ്രമാക്കി സർക്കാർ ഉയർത്തുന്നു. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാന്‍ സർക്കാർ സ്വീകരിച്ച നടപടികളിൽ ചിലത്:  

  • ഉത്തർപ്രദേശ് പ്രതിരോധ വ്യാവസായിക ഇടനാഴി (UPDIC), തമിഴ്‌നാട് പ്രതിരോധ വ്യാവസായിക ഇടനാഴി (TNDIC) എന്നിവയുടെ വികസനം 2025 ഒക്ടോബർ വരെ ലഭ്യമായ കണക്കനുസരിച്ച് 9,145 കോടി രൂപയിലധികം നിക്ഷേപമാണ് ആകർഷിച്ചത്. 289 ധാരണാപത്രങ്ങൾ ഒപ്പുവെച്ചതിലൂടെ 66,423 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ നിലവിലുണ്ട്.  

  • ഡിആർഡിഒ നേതൃത്വം നൽകുന്ന സംരംഭങ്ങളിലൂടെ പ്രതിരോധ നൂതനാശയങ്ങള്‍ ശക്തിപ്പെടുത്തുന്നു.  അത്യാധുനിക സാങ്കേതിക പദ്ധതികൾക്കായി സാങ്കേതിക വികസന ഫണ്ടിന് കീഴിൽ 500 കോടി രൂപ അനുവദിച്ചു. കൂടാതെ അക്കാദമിക മേഖലയെയും സ്റ്റാർട്ടപ്പുകളെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്ന 15 പ്രതിരോധ വ്യാവസായിക അക്കാദമിയ മികവുകേന്ദ്രങ്ങളും സ്ഥാപിച്ചു.

  • ഡ്രോണുകൾ, ഏവിയോണിക്സ് തുടങ്ങിയ മേഖലകളിൽ ഏകദേശം 16,000 സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഇന്ന് സംഭാവന നൽകുന്നു. ഇത് പ്രതിരോധ നിർമാണ ആവാസവ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

  • ഉദാരവൽകൃത എഫ്ഡിഐ മാനദണ്ഡങ്ങൾ, പിഎൽഐ പദ്ധതികൾ എന്നിവ വഴി ആഭ്യന്തര നിർമാതാക്കൾക്കും ആഗോള നിക്ഷേപകർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു.

  • 2024-25 സാമ്പത്തിക വർഷം പ്രതിരോധ മന്ത്രാലയം 2,09,050 കോടി രൂപയുടെ 193 കരാറുകളിൽ ഒപ്പുവെച്ചു. സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

 

സുപ്രധാന പ്രതിരോധ ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് പ്രതിരോധ മേഖലയിലെ നിർമാണത്തിൻ്റെയും നൂതനാശയങ്ങളുടെയും വളർന്നുവരുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.  

 

കയറ്റുമതി പ്രതിരോധ ശേഷിയും വൈവിധ്യവൽക്കരണവും 

ആഭ്യന്തര ഉല്പാദനം ശക്തിപ്പെടുത്തുന്നതിനൊപ്പം കയറ്റുമതി കരുത്തുറ്റതും വൈവിധ്യപൂർണവുമാണെന്ന് ഉറപ്പാക്കാനും ഇന്ത്യ പരിശ്രമിച്ചു. സമീപകാല കണക്കുകൾ ഈ പ്രതിരോധശേഷി എടുത്തുകാണിക്കുന്നു: 2025-26 ഏപ്രിൽ-ജനുവരി കാലയളവിലെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 720.76 ബില്യൺ യുഎസ് ഡോളറാണ്. 2024-25 ല്‍ ഇതേ കാലയളവിലെ 679.02 ബില്യൺ ഡോളറിനേക്കാൾ 6.15% വളർച്ചയാണിത്. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സമയത്തെ ഈ വളർച്ച ഇന്ത്യയുടെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നു. മൂല്യമേറിയ ഉല്പന്നങ്ങൾ, വിപുലീകരിക്കപ്പെടുന്ന ആഗോള പങ്കാളിത്തം, നയ പരിഷ്കാരങ്ങൾ എന്നിവ കൂടുതൽ സന്തുലിതവും ആഗോളതലത്തിൽ സംയോജിതവുമായ വ്യാപാര പാതയെ പിന്തുണയ്ക്കുന്നു.

 

കയറ്റുമതി വൈവിധ്യവൽക്കരണമാണ് ഈ അതിജീവനശേഷിയു‍ടെ പ്രധാനവശം. അനിശ്ചിതത്വം തുടരുന്ന ആഗോള വ്യാപാര സാഹചര്യങ്ങളെയും ആവശ്യകതയിലെ അസ്ഥിരതയെയും വിതരണ ശൃംഖലയിലെ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നു. ഉല്പന്നങ്ങളും വിപണികളും വിപുലീകരിക്കുന്നതിലൂടെ പരിമിതമായ പങ്കാളികളെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ബാഹ്യ ആഘാതങ്ങളെ പ്രതിരോധിക്കാനും രാജ്യങ്ങൾക്ക് സാധിക്കുന്നു. ഗ്ലോബൽ സൗത്തിന് വേണ്ടി യുഎൻസിടിഎഡി വ്യാപാര വൈവിധ്യ സൂചികകൾ പ്രകാരം വ്യാപാരം നടത്തുന്ന ഉല്പന്നങ്ങളുടെ വൈവിധ്യത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിലും വ്യാപാര പങ്കാളിത്ത വൈവിധ്യത്തിൽ ആദ്യ മൂന്ന് രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പെടുന്നു. ഇന്ത്യയുടെ വിപുലമായ കയറ്റുമതി ശേഖരത്തെയും വർധിച്ചുവരുന്ന വ്യാപാര ബന്ധങ്ങളെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

 

ചരക്ക് കയറ്റുമതി  

ഉല്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ കയറ്റുമതി ശേഖരം വിപുലീകരിക്കപ്പെടുന്നു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം സുപ്രധാന വിഭാഗങ്ങളിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

 

ഏറ്റവും ഉയർന്ന വളർച്ച

മറ്റ് ധാന്യങ്ങൾ (+88.49%), കോഫി (+36.03%), ഇരുമ്പയിര് (+31.54%), ഇറച്ചി, പാലുല്പന്നങ്ങൾ & പക്ഷിവളര്‍ത്തല്‍ മേഖല (+17.92%), സമുദ്രോല്പന്നങ്ങൾ (+13.29%), എന്‍ജിനീയറിങ് സാധനങ്ങൾ (+10.37%)

ശക്തമായ വളർച്ച

പെട്രോളിയം ഉല്പന്നങ്ങൾ (+8.55%), മൈക്ക, കൽക്കരി, മറ്റ് അയിരുകളും ധാതുക്കളും (+6.35%)

സ്ഥിരമായ വളർച്ച

കൃത്രിമ നൂലുകൾ/തുണിത്തരങ്ങൾ (+1.01%), മരുന്നുകളും ഔഷധങ്ങളും (+0.96%), ഇലക്ട്രോണിക് സാധനങ്ങൾ (+0.32%), ധാന്യ വിഭവങ്ങൾ, മറ്റ് സംസ്കരിച്ച ഇനങ്ങൾ (+1.12%), പഴങ്ങളും പച്ചക്കറികളും (+1.77%)

*റൈ, ബാർലി, ഓട്‌സ്, ഫോണിയോ, ക്വിനോവ തുടങ്ങിയവ മറ്റ് ധാന്യങ്ങളിൽ ഉൾപ്പെടുന്നു; എന്നാൽ ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നില്ല. 


ഒന്നിലേറെ വ്യവസായങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ഇത്തരം സമഗ്ര വളർച്ച സൂചിപ്പിക്കുന്നത്. ചില മേഖലകൾ കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച ശ്രദ്ധേയ വളർച്ച താഴെ:

  • പെട്രോളിയം ഉല്പന്നങ്ങൾ: കഴിഞ്ഞ ദശകം പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന സ്ഥാനവും കാരണം ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ്. കൂടാതെ ലോകത്തെ മികച്ച അഞ്ച് എണ്ണ സംസ്കരണ രാജ്യങ്ങളിലൊന്നായും ഇന്ത്യ നിലകൊള്ളുന്നു.

  • ഇലക്ട്രോണിക് സാധനങ്ങൾ: ഇലക്ട്രോണിക്സ് കയറ്റുമതി അതിവേഗം ഉയർന്നു. 2021-22 സാമ്പത്തിക വർഷം കയറ്റുമതിയിൽ ഏഴാം സ്ഥാനത്തായിരുന്ന ഈ മേഖല 2024-25-ൽ മൂന്നാമത്തെ വലിയ വിഭാഗമായും അതിവേഗം വളരുന്ന മേഖലയായും മാറി. 2026 സാമ്പത്തിക വർഷം ആദ്യ പകുതിയിലും ഈ കുതിപ്പ് തുടർന്നു; 22.2 ബില്യൺ യുഎസ് ഡോളറിൻ്റെ കയറ്റുമതിയുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കയറ്റുമതി ഇനമായി മാറാനുള്ള പാതയിലാണ് ഈ മേഖല. കൂടാതെ 2025-26-ലെ ആദ്യ അഞ്ച് മാസങ്ങളിൽ സ്മാർട്ട്ഫോൺ കയറ്റുമതി ഒരുലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 55 ശതമാനം വർധനയാണിത്.  

  • ഔഷധനിര്‍മാണവും രാസവസ്തുക്കളും: മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ മരുന്ന് കയറ്റുമതിയിൽ ഇന്ത്യ ആഗോളതലത്തിൽ നിലവില്‍ 11-ാം സ്ഥാനത്താണ് (3% വിഹിതം). മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി 2020-21-ലെ 2.5 ബില്യൺ ഡോളറിൽ നിന്ന് 2024-25-ൽ 4.1 ബില്യൺ ഡോളറിലേക്ക് ഗണ്യമായി ഉയര്‍ന്നു.

  • തുണിത്തരങ്ങൾ: തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ. ഈ വിഭാഗത്തിലെ ആഗോള കയറ്റുമതിയുടെ 4% വിഹിതം ഇന്ത്യയ്ക്കാണ്. തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും (കരകൗശല വസ്തുക്കൾ ഉൾപ്പെടെ) കയറ്റുമതി 2023-24-ലെ 35.87 ബില്യൺ ഡോളറിൽ നിന്ന് 2024-25-ൽ 37.75 ബില്യൺ ഡോളറായി വർധിച്ചു.

  • വാഹനമേഖല: വാഹന വ്യവസായവും ശക്തമായ കയറ്റുമതി വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ആകെ വാഹന കയറ്റുമതി 2020-21-ലെ 4,131,000-ത്തിൽ നിന്ന് 2024-25-ൽ 5,357,000 മായി വർധിച്ചു. യാത്രാ - വാണിജ്യ, ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെല്ലാം ഇന്ത്യ കയറ്റുമതി നടത്തുന്നു. 2025-26-ൻ്റെ ആദ്യ പകുതിയിൽ കയറ്റുമതിയിൽ രണ്ടക്ക വളർച്ച രേഖപ്പെടുത്തി. ഇത് ഇന്ത്യൻ നിർമിത വാഹനങ്ങളുടെ ആഗോളതലത്തിലെ വർധിച്ച ആവശ്യകത സൂചിപ്പിക്കുന്നു.

  • പ്രതിരോധം: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2024-25 സാമ്പത്തിക വർഷം റെക്കോഡ് നേട്ടമായ 23,622 കോടി രൂപയിലെത്തി. 2014-ൽ ഇത് 1,000 കോടി രൂപയിൽ താഴെയായിരുന്നു. ഈ വളർച്ചക്കൊപ്പം ഇന്ത്യയുടെ ആഗോള സാന്നിധ്യവും വിപുലമായി. അമേരിക്ക, ഫ്രാൻസ്, അർമേനിയ എന്നിവയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇപ്പോൾ ഇന്ത്യൻ പ്രതിരോധ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. 2029-ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യം.  

 

വ്യാപാര പങ്കാളികളുടെ വർധന

വ്യാപാര കരാറുകൾക്കായി ഇന്ത്യ നടത്തുന്ന നിരന്തര ശ്രമങ്ങൾ വിദേശ വെല്ലുവിളികൾക്കിടയിലും വ്യാപാര പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനും സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒൻപത് സ്വതന്ത്ര വ്യാപാര കരാറുകളിൽ  ഇന്ത്യ ഒപ്പുവെച്ചു. ഇത് ലോക ജിഡിപിയുടെ ഏകദേശം 70 ശതമാനത്തോളം വരുന്ന വിപണികളിൽ മിക്കതിലേക്കും നികുതിരഹിത പ്രവേശനം സാധ്യമാക്കി.

ഈ കരാറുകൾ ഇന്ത്യൻ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകുന്നു. കൂടാതെ മറ്റ് നിരവധി കരാറുകൾ ഇപ്പോൾ വിവിധ ചർച്ചാ ഘട്ടങ്ങളിലാണ്. വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുകയും ഏതെങ്കിലും ഒരു വിപണിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ഇതിൻ്റെ ലക്ഷ്യം.

 

സ്ഥാപനപരമായ പിന്തുണയിലൂടെ ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു

 

 

കയറ്റുമതി പ്രോത്സാഹന ദൗത്യം  

സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കന്നി കയറ്റുമതിക്കാർ, കൂടുതൽ തൊഴിലാളികൾ ആവശ്യമായ മേഖലകൾ എന്നിവയ്ക്കുള്‍പ്പെടെ മുൻഗണന നൽകി കയറ്റുമതി വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കാന്‍  കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകി. 2025-26 മുതൽ 2030-31 വരെ സാമ്പത്തിക വർഷങ്ങളിലേക്ക് 25,060 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, കുറഞ്ഞ ചിലവിൽ വ്യാപാര ധനസഹായം ലഭ്യമാക്കുക, ആഗോള വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം. നിര്യാത് പ്രോത്സാഹൻ, നിര്യാത് ദിശ എന്നീ രണ്ട് സംയോജിത ഉപപദ്ധതികളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.

കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് കീഴിലെ പുതിയ ഇടപെടലുകൾ

  • ഇതര വ്യാപാര ഉപാധികൾക്ക് പിന്തുണ: 

സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിന് 'എക്സ്പോർട്ട് ഫാക്ടറിങ്' ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഫാക്ടറിങ് ചിലവുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകൃത സ്ഥാപനങ്ങൾ വഴി  2 .75% പലിശ ഇളവ് നൽകുന്നു. ഇത് ഓരോ എംഎസ്എംഇയ്ക്കും പ്രതിവർഷം പരമാവധി 50 ലക്ഷം രൂപ വരെയായിരിക്കും.

  • ഇ-വാണിജ്യ കയറ്റുമറ്റിക്കാർക്ക് വായ്പാ സഹായം: 

പലിശ ഇളവോടും ഭാഗിക ഗ്യാരണ്ടിയോടും കൂടിയ വായ്പകൾ ഇതിലൂടെ ലഭ്യമാക്കുന്നു. 'ഡയറക്ട് ഇ-കോമേഴ്സ് ക്രെഡിറ്റ് ഫെസിലിറ്റി' വഴി 90% ഈട്  പരിരക്ഷയോടെ 50 ലക്ഷം രൂപ വരെയും 'ഓവർസീസ് ഇൻവെൻ്ററി ക്രെഡിറ്റ് ഫെസിലിറ്റി' വഴി 75% ഗ്യാരണ്ടിയോടെ 5 കോടി രൂപ വരെയും വായ്പ നൽകുന്നു. ഓരോ അപേക്ഷകനും പ്രതിവർഷം പരമാവധി 15 ലക്ഷം രൂപ വരെ 2.75% പലിശ ഇളവ് ലഭിക്കും.

  • പുതിയ കയറ്റുമതി അവസരങ്ങൾക്ക് പിന്തുണ: 

പുതിയതും  നഷ്ടസാധ്യത കൂടിയതുമായ വിപണികളിലേക്ക് പ്രവേശിക്കാന്‍ കയറ്റുമറ്റിക്കാർക്ക് വായ്പാ സഹായങ്ങളും നഷ്ടസാധ്യത പങ്കിടൽ സംവിധാനങ്ങളും നൽകുന്നു. ഇത് അവരുടെ ആത്മവിശ്വാസവും പണലഭ്യതയും വർധിപ്പിക്കാൻ സഹായിക്കുന്നു.  

  • ട്രേസ് (‍വ്യാപാര നിയന്ത്രണങ്ങൾ, അംഗീകാരങ്ങൾ, നിയമപാലന നടപടികൾ എന്നിവ പ്രാപ്തമാക്കൽ): 

അന്താരാഷ്ട്ര ഗുണനിലവാര പരിശോധനകൾ, സാക്ഷ്യപ്പെടുത്തലുകള്‍ എന്നിവ പൂർത്തീകരിക്കാന്‍ കയറ്റുമറ്റിക്കാരെ സഹായിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. നിശ്ചിത പട്ടികയിലെ ചെലവുകളുടെ 60% മുതൽ 75% വരെ തുക (പരമാവധി 25 ലക്ഷം രൂപ) തിരികെ നൽകുന്നു.

  • ഫ്ലോ (ലോജിസ്റ്റിക്സ്, വിദേശ രാജ്യങ്ങളിലെ വെയർഹൗസിങ്, ഓർഡർ പൂർത്തീകരണം എന്നിവ സുഗമമാക്കൽ): 

വിദേശ രാജ്യങ്ങളിലെ സംഭരണ നടപടികള്‍, ഇ-വിപണി കയറ്റുമതി കേന്ദ്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്താൻ കയറ്റുമറ്റിക്കാരെ പ്രാപ്തരാക്കുന്നു. അംഗീകൃത പദ്ധതി ചെലവിൻ്റെ 30% വരെ മൂന്ന് വർഷത്തേക്ക് ഇതിലൂടെ സഹായം ലഭിക്കും.

  • ലിഫ്റ്റ് (ചരക്കുനീക്കത്തിനും ഗതാഗതത്തിനും ലോജിസ്റ്റിക്സ് ഇടപെടല്‍): 

കയറ്റുമതി കുറഞ്ഞ ജില്ലകളിലെ ചരക്കുഗതാഗത ചെലവിലെ പോരായ്മകൾ പരിഹരിക്കുന്നതിന് ഗതാഗത ചിലവിൻ്റെ 30% വരെ (പരമാവധി 20 ലക്ഷം രൂപ) തിരികെ നൽകുന്നു.

  • ഇൻസൈറ്റ് (വ്യാപാര വിവരശേഖരണത്തിനും സുഗമമാക്കലിനും സംയോജിത പിന്തുണ): 

കയറ്റുമറ്റിക്കാരുടെ ശേഷി വികസനം, ജില്ലാതല കയറ്റുമതി കേന്ദ്രങ്ങള്‍, വ്യാപാര വിവരശേഖരണ സംവിധാനങ്ങൾ എന്നിവ ഇതിലൂടെ ശക്തിപ്പെടുത്തുന്നു. പദ്ധതി ചെലവിൻ്റെ 50% മുതൽ 100% വരെ (സർക്കാർ സ്ഥാപനങ്ങൾക്ക്) ഇതിനായി സഹായം നൽകും.

 

സേവന കയറ്റുമതി 

ഇന്ത്യയുടെ പ്രധാന കരുത്തായ സേവന കയറ്റുമതി ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സുസ്ഥിര വളർച്ചാ ശക്തിയായി നിലകൊള്ളുന്നു. 2024-25 സാമ്പത്തിക വർഷം സേവന കയറ്റുമതി റെക്കോഡ് നേട്ടമായ 387.5 ബില്യൺ യുഎസ് ഡോളറിലെത്തി. 13.6 ശതമാനം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. സാങ്കേതികവിദ്യ, വ്യാപാരം, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഇത് അടയാളപ്പെടുത്തി. ഇക്കാലയളവിൽ സേവന വ്യാപാര മിച്ചം എക്കാലത്തെയും ഉയർന്ന നിരക്കായ 188.8 ബില്യൺ യുഎസ് ഡോളറായി ഉയര്‍ന്നു. 

 

 

ഈ കരുത്ത് 2025-26 സാമ്പത്തിക വർഷവും തുടരുന്നു. 2025-26 ഏപ്രിൽ-ജനുവരി കാലയളവിൽ സേവന കയറ്റുമതി 354.13 ബില്യൺ യുഎസ് ഡോളറാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 320.28 ബില്യൺ ഡോളറായിരുന്നു (+10.57%). വിപണി വൈവിധ്യവൽക്കരണവും മെച്ചപ്പെടുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായി അമേരിക്ക തുടരുമ്പോഴും യൂറോപ്പിൻ്റെ വിഹിതം 2023-24 നും 2024-25 നും ഇടയിൽ 30.8 ശതമാനത്തിൽ നിന്ന് 32.8 ശതമാനമായി ഉയർന്നു.

 

ഇന്ത്യയുടെ സേവന കയറ്റുമതിയുടെ ചാലകശക്തികൾ 

2020 മുതൽ 2025 വരെ സാമ്പത്തിക വർഷങ്ങളിൽ ഏകദേശം 7% സംയുക്ത വാർഷിക വളർച്ചാ നിരക്ക് വളർച്ച രേഖപ്പെടുത്തിയ ആഗോള ശേഷി കേന്ദ്രങ്ങളുടെ ദ്രുതഗതിയിലെ വിപുലീകരണമാണ് ഇന്ത്യയുടെ സേവന കയറ്റുമതിക്ക് കരുത്തേകുന്നത്. ഒപ്പം സോഫ്റ്റ്‌വെയർ, ബിപിഎം, കൺസൾട്ടിങ്, ഫിൻടെക് സേവനങ്ങൾ എന്നിവയുടെ ആഗോളതലത്തിലെ ഉയര്‍ന്ന ആവശ്യകതയും ഈ വളർച്ചയെ പിന്തുണയ്ക്കുന്നു.

 

ഇന്ത്യയുടെ ആഴമേറിയതും വൈവിധ്യപൂർണ്ണവുമായ പ്രതിഭാസാന്നിധ്യമാണ് മറ്റൊരു പ്രധാന ഘടകം. സ്റ്റാൻഫോർഡിൻ്റെ എഐ സൂചികാ റിപ്പോർട്ട് 2025 പ്രകാരം നിര്‍മിതബുദ്ധി നൈപുണ്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ശക്തമായ ഭൗതിക-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ ചെലവിലെ ലാഭം, നികുതി ഇളവുകൾ ലഭിക്കുന്ന സെസ് അധിഷ്ഠിത ജിസിസികൾ, സജീവ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ ഇന്ത്യയുടെ ചെലവ് കുറഞ്ഞ മത്സരക്ഷമതയെയും കാര്യക്ഷമതയെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

 

ഉപസംഹാരം 

തന്ത്രപരമായ സമീപനത്തിലൂടെ ഇറക്കുമതി ബദലുകളെയും കയറ്റുമതി കരുത്തിനെയും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. മൊബൈൽ ഫോണുകളും മരുന്നുകളും മുതൽ വാഹന നിര്‍മാണം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ വരെ ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമല്ല, ആഗോള വിപണികൾക്കുകൂടി വേണ്ടിയാണ് ഇന്ത്യയിലെ നിര്‍മാണം. പ്രാദേശിക ഉല്പാദന ശേഷി വികസിക്കുകയും ഇറക്കുമതി ആശ്രയം കുറയുകയും ചെയ്യുമ്പോൾ പല വ്യവസായങ്ങളും കൂടുതൽ കയറ്റുമതി ശേഷി കൈവരിക്കുകയും വിദേശ വ്യാപാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

2047-ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയും ആഗോളതലത്തിലെ ആഴമേറിയ സംയോജനവും കൈകോർത്ത് മുന്നോട്ടുനീങ്ങും. ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' ഉല്പന്നങ്ങൾ വ്യാപിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വളർച്ച വർധിപ്പിക്കാനും ആഗോള നിർമാണ-കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കും.

 

അവലംബം: 

 

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.indiabudget.gov.in/doc/Budget_Speech.pdf

Ministry of Commerce & Industry

https://static.pib.gov.in/WriteReadData/specificdocs/documents/2025/aug/doc2025818614701.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2221840&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2206194&reg=3&lang=2

https://www.commerce.gov.in/wp-content/uploads/2026/01/PIB-Release-15.1.2026.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2226987&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2175702&reg=3&lang=2

Ministry of Electronics and Information Technology

https://static.pib.gov.in/WriteReadData/specificdocs/documents/2026/feb/doc202623777901.pdf

https://www.pib.gov.in/PressNoteDetails.aspx?NoteId=155130&ModuleId=3&reg=3&lang=2

https://d2p5j06zete1i7.cloudfront.net/Cms/admin/PressRelease/1770478760.pdf

Ministry of Defence

https://www.pib.gov.in/PressReleasePage.aspx?PRID=2191937&reg=3&lang=2

Ministry of Chemicals and Fertilizers

https://www.pib.gov.in/PressReleaseIframePage.aspx?PRID=2085344&reg=3&lang=2

NITI Aayog

https://www.niti.gov.in/sites/default/files/2026-01/Trade_Watch_Quarterly_April_June_Q1_FY26.pdf

Parliamentary Responses

https://sansad.in/getFile/loksabhaquestions/annex/185/AU939_dYGgDX.pdf?source=pqals

https://sansad.in/getFile/annex/268/AU2897_xM8Uo8.pdf?source=pqars

Other Sources

https://unctad.org/system/files/official-document/tdr2025_en.pdf

https://thedocs.worldbank.org/en/doc/7ce50b5aa95bef66048680bba9926ec8-0050012026/related/GEP-Jan-2026-Analysis-SAR.pdf

click here to see PDF

 

***

(Explainer ID: 157648) आगंतुक पटल : 55
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada