• Sitemap
  • Advance Search
Social Welfare

ഗർഭാശയഗളാർബുദ പ്രതിരോധ കുത്തിവെപ്പ് യജ്‌ഞം ആരംഭിച്ചു

Posted On: 28 FEB 2026 7:26PM

പ്രധാന വസ്തുതകൾ

  • ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന അർബുദമായ ഗർഭാശയഗളാർബുദം (സെർവിക്കൽ കാൻസർ) തടയുന്നതിനായി, 14 വയസ്സുള്ള 1.15 കോടി പെൺകുട്ടികൾക്കായി രാജ്യം സൗജന്യ എച്ച്.പി.വി (HPV) പ്രതിരോധ കുത്തിവെപ്പ്  യജ്ഞം ആരംഭിച്ചു.
  • ഗർഭാശയഗളാർബുദത്തിന് കാരണമാകുന്ന എച്ച്.പി.വി വൈറസുകൾക്കെതിരെ ഗർഡാസിൽ-4 വാക്സിന്റെ ഒറ്റ ഡോസ് 93% മുതൽ 100% വരെ ഫലപ്രാപ്തി നൽകുന്നു.
  • ഈ പദ്ധതിയോടെ, ഗർഭാശയഗളാർബുദം നിർമ്മാർജനം ചെയ്യുക എന്ന ആഗോള ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്റെ ഭാഗമായി എച്ച്.പി.വി വാക്സിനേഷൻ ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയ 160-ലധികം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേർന്നു.

ആമുഖം

ഗർഭാശയഗളാർബുദം തടയുന്നതിനുള്ള ദേശീയതല എച്ച്.പി.വി (HPV) വാക്സിനേഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ഫെബ്രുവരി 28-ന് രാജസ്ഥാനിലെ അജ്മീറിൽ തുടക്കം കുറിച്ചു. ദേശീയതലത്തിലുള്ള ഈ ഉദ്ഘാടനത്തിന് പിന്നാലെ, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതേ ദിവസം തന്നെ പ്രാദേശിക പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള 14 വയസ്സുള്ള ഏകദേശം 1.15 കോടി പെൺകുട്ടികൾക്ക് ​ഗവൺമെന്റ് കേന്ദ്രങ്ങൾ വഴി ഈ വാക്സിൻ തികച്ചും സജന്യമായി ലഭ്യമാകും.

മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ തീവ്രയജ്ഞ പരിപാടിയിൽ, പദ്ധതി ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടായിരിക്കും. പരമാവധി ഗുണഭോക്താക്കളിലേക്ക് ഈ സേവനം എത്തിക്കുന്നതിനായി 90 ദിവസത്തെ ഈ വാക്സിനേഷൻ യജ്ഞം  ദിവസേന പ്രവർത്തിക്കും. ഈ കാലയളവിനുശേഷം, സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിവസങ്ങളിൽ വാക്സിൻ തുടർന്നും ലഭ്യമാകുന്നതാണ്.

ഗർഭാശയഗളാർബുദം

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയഗളാർബുദം. 2022-ലെ കണക്കുകൾ പ്രകാരം ഏകദേശം 6,60,000 പുതിയ കേസുകളും 3,50,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന തുടർച്ചയായ അണുബാധയാണ് ഈ അർബുദത്തിന് കാരണമാകുന്നത്. ഈ രോഗം പ്രായം കുറഞ്ഞ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്അർബുദം മൂലം അമ്മമാരെ നഷ്ടപ്പെടുന്ന കുട്ടികളിൽ 20 ശതമാനം പേർക്കും തങ്ങളുടെ അമ്മയെ നഷ്ടമാകുന്നത് ഗർഭാശയഗള അർബുദം കാരണമാണ്.

ഇന്ത്യയുടെ കാര്യമെടുത്താൽ സ്ത്രീകളിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന അർബുദമാണിത്. 'ഗ്ലോബോക്കാൻ 2022'-ലെ കണക്കുകൾ പ്രകാരം പ്രതിവർഷം 1,20,000-ലധികം പുതിയ കേസുകളും ഏകദേശം 80,000 മരണങ്ങളും ഇന്ത്യയിൽ സംഭവിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള ഗർഭാശയഗളാർബുദ മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ലോകത്ത് ഈ രോഗം ബാധിക്കുന്ന അഞ്ചിൽ ഒരു സ്ത്രീ ഇന്ത്യക്കാരിയാണ്. രോഗാവസ്ഥയുടെ കാര്യത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ് ഈ അർബുദത്തിന് പ്രധാന കാരണം. കൃത്യസമയത്ത് നൽകുകയാണെങ്കിൽ ഒരു വാക്സിനിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന ഏക അർബുദമാണിത്. ഉയർന്ന അപകടസാധ്യതയുള്ള എച്ച്.പി.വി വൈറസുകളുടെ (പ്രത്യേകിച്ച് 16, 18 ടൈപ്പുകൾ) തുടർച്ചയായ അണുബാധ മൂലമാണ് മിക്കവാറും എല്ലാ കേസുകളും സംഭവിക്കുന്നതെന്ന് ശാസ്ത്രീയ തെളിവുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഗർഭാശയഗളാർബുദ കേസുകളിൽ 80 ശതമാനത്തിലധികം ഈ രണ്ട് വൈറസ് വിഭാഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.

A close-up of a cancer awareness messageAI-generated content may be incorrect.

വാക്സിൻ: ഗർഡാസിൽ-4

ഇന്ത്യയുടെ ദേശീയ പദ്ധതിയിൽ ഉപയോഗിക്കുന്നത് ഗാർഡാസിൽ എന്ന ക്വാഡ്രിവാലന്റ് എച്ച്.പി.വി വാക്സിനാണ്. ഇത് ഗർഭാശയഗളാർബുദത്തിന് കാരണമാകുന്ന എച്ച്.പി.വി ടൈപ്പ് 16, 18 എന്നിവയ്ക്കെതിരെയും കൂടാതെ ടൈപ്പ് 6, 11 എന്നിവയ്ക്കെതിരെയും സംരക്ഷണം നൽകുന്നു. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അംഗീകരിച്ച ഈ വാക്സിൻ, കർശനമായ ഗുണനിലവാരവും കോൾഡ്-ചെയിൻ (തണുപ്പിച്ചു സൂക്ഷിക്കാനുള്ള സംവിധാനം) മാനദണ്ഡങ്ങളും പാലിക്കുന്നു. തടസ്സമില്ലാത്ത വിതരണവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും ഉറപ്പാക്കുന്നതിന്, 'GAVI' എന്ന സംഘടനയുമായി സഹകരിച്ച് സുതാര്യമായ സംവിധാനത്തിലൂടെയാണ് വാക്സിൻ സംഭരിക്കുന്നത്. ലൈംഗികമായി സജീവമാകുന്നതിന് മുമ്പുള്ള 14 വയസ്സിലാണ് പെൺകുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നത്.

2023 ഫെബ്രുവരിയിൽ, ലക്ഷക്കണക്കിന് കുട്ടികളിലേക്ക് ജീവൻരക്ഷാ വാക്സിനുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ GAVIയും ഇന്ത്യാ ഗവൺമെന്റും മൂന്ന് വർഷത്തെ പങ്കാളിത്തം ആരംഭിച്ചു. ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ, പതിവ് വാക്സിനുകളൊന്നും ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും GAVI 250 ദശലക്ഷം യുഎസ് ഡോളർ ധനസഹായം നൽകി. ഇന്ത്യയുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ എച്ച്.പി.വി വാക്സിനും ടൈഫോയ്ഡ് കോൺജുഗേറ്റ് വാക്സിനും (TCV) ഉൾപ്പെടുത്താൻ ഇത് സഹായിച്ചു.

 

വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ, ലോകാരോഗ്യ സംഘടന (WHO), യുണിസെഫ് (UNICEF), ലോക ബാങ്ക്, വാക്സിൻ വ്യവസായം, സിവിൽ സൊസൈറ്റി, ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ലോകത്തിലെ മാരകമായ രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് വാക്സിൻ നൽകുന്ന ഒരു പൊതു-സ്വകാര്യ പങ്കാളിത്ത സംഘടനയാണ് GAVI.

വാക്സിനേഷൻ കേന്ദ്രങ്ങളും സുരക്ഷയും

പ്രവർത്തനക്ഷമമായ കോൾഡ് ചെയിൻ പോയിന്റുകൾ (CCP), വാക്സിനേഷന് ശേഷമുള്ള പാർശ്വഫലങ്ങൾ(AEFI) കൈകാര്യം ചെയ്യാൻ പ്രത്യേക മെഡിക്കൽ ഓഫീസർ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള ​ഗവൺമെന്റ് ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമേ വാക്സിനേഷൻ ലഭ്യമാകൂ.

സാധാരണയായി രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ഇതിന്റെ സമയം. പൊതുഅവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വാക്സിനേഷൻ സെഷനുകൾ നടന്നേക്കാം. അടിയന്തര വൈദ്യസഹായത്തിനായി എല്ലാ കേന്ദ്രങ്ങളും തൊട്ടടുത്തുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ​ഗവൺമെന്റ് ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾ വാക്സിൻ എടുക്കുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം (വെറുംവയറ്റിൽ ആകരുത്). വാക്സിനേഷന് ശേഷം 30 മിനിറ്റ് നേരം അവരെ നിരീക്ഷണത്തിൽ ഇരുത്തേണ്ടതാണ്.

രജിസ്‌ട്രേഷൻ, രേഖപ്പെടുത്തൽ, റിപ്പോർട്ടിംഗ്

  • ഗുണഭോക്താക്കൾക്ക് U-WIN ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സ്വന്തമായി രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ ഒരു ആരോഗ്യ പ്രവർത്തകന്റെ സഹായത്തോടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഇതുകൂടാതെ നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
  • വാക്സിൻ സ്റ്റോക്കുകളും അനുബന്ധ സൗകര്യങ്ങളും eVIN വഴി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
  • വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ U-WIN പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിൽ അടുത്തുള്ള 24x7 അടിയന്തര ചികിത്സാ കേന്ദ്രത്തിന്റെ വിലാസവും ഹെൽപ്പ് ലൈൻ നമ്പറും ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റിന്റെ ഹാർഡ് കോപ്പിയും ലഭ്യമാണ്.
  • മൂന്ന് മാസത്തെ ഈ തീവ്രയജ്ഞ പരിപാടിയിൽ, വാക്സിൻ സ്വീകരിക്കുന്ന ഓരോ പെൺകുട്ടിയുടെയും ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി അടയാളം രേഖപ്പെടുത്തുന്നതാണ്.

വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ

താഴെ പറയുന്ന സാഹചര്യങ്ങളിലുള്ള പെൺകുട്ടികൾക്ക് ഈ വാക്സിൻ നൽകുന്നതല്ല:

  • ഇടത്തരമോ കഠിനമോ ആയ അസുഖമുള്ളവർ (പൂർണ്ണമായി സുഖം പ്രാപിക്കുന്നത് വരെ കാത്തിരിക്കണം)
  • യീസ്റ്റ് മൂലമുള്ള അലർജി ഉള്ളവർ അല്ലെങ്കിൽ മുമ്പ് ഏതെങ്കിലും വാക്സിൻ എടുത്തപ്പോൾ അലർജി ഉണ്ടായവർ
  • ഗർഭിണികൾ

  • നിശ്ചയിക്കപ്പെട്ട പ്രായപരിധിയിൽ (14 വയസ്സ്) ഉൾപ്പെടാത്ത പെൺകുട്ടികൾ
  • മുൻപ് ഏതെങ്കിലും എച്ച്.പി.വി (HPV) വാക്സിൻ സ്വീകരിച്ചവർ

ഉപസംഹാരം

ലോകമെമ്പാടും ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയ വാക്സിനുകളിൽ ഒന്നാണ് എച്ച്.പി.വി (HPV) വാക്സിൻ. 2006 മുതൽ ലോകമെമ്പാടുമായി 50 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. ഈ വാക്സിൻ അത് ഉൾക്കൊള്ളുന്ന എച്ച്.പി.വി ടൈപ്പുകൾ മൂലമുണ്ടാകുന്ന ഗർഭാശയഗളാർബുദത്തെ തടയുന്നതിൽ  93% മുതൽ 100% വരെ ഫലപ്രാപ്തിയുണ്ട്.

ഈ പദ്ധതിയുടെ തുടക്കത്തോടെ, എച്ച്.പി.വി കുത്തിവെപ്പ് ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയ 160-ലധികം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേർന്നു. നിലവിൽ 90-ലധികം രാജ്യങ്ങൾ വാക്സിന്റെ ഒറ്റ ഡോസ് രീതിയാണ് പിന്തുടരുന്നത്. ഇത് കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്താനും ചെലവ് കുറയ്ക്കാനും പദ്ധതിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കണക്കുകൾ പ്രകാരം, അർബുദ നിർമ്മാർജ്ജന ലക്ഷ്യം കൈവരിക്കുകയാണെങ്കിൽ 2120-ഓടെ ലോകമെമ്പാടും 7.4 കോടി പുതിയ ഗർഭാശയഗളാർബുദ കേസുകളും 6.2 കോടി മരണങ്ങളും ഒഴിവാക്കാൻ സാധിക്കും.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധവും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കിക്കൊണ്ട് "സ്വസ്ഥ് നാരി സശക്ത് പരിവാർ" (ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം) എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതിയിലൂടെ നിറവേറ്റപ്പെടുന്നത്. ഇത് ആരോഗ്യകരമായ കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

 

References

 

Cervical Cancer Vaccination Campaign Launched

***

SK

(Explainer ID: 157630) आगंतुक पटल : 119
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Telugu , Kannada