• Sitemap
  • Advance Search
Technology

ഇന്ത്യ എഐ ഭരണ നിർവഹണത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ

Posted On: 15 FEB 2026 11:19AM

പ്രധാന വസ്തുതകൾ

  • സുരക്ഷിതവും വിശ്വസനീയവും സമഗ്രവുമായ നിർമിത ബുദ്ധി (എഐ) നവീകരണം സാധ്യമാക്കുന്നതിനായി ഏഴ് സൂത്രങ്ങളിൽ അധിഷ്ഠിതമായ ഒരു തത്വാധിഷ്ഠിത എഐ ഭരണ ചട്ടക്കൂട് ഇന്ത്യ സ്വീകരിക്കുന്നു.
  • എഐ ഗവേണൻസ് ഗ്രൂപ്പ്, സാങ്കേതികവിദ്യയും നയം വിദഗ്ദ്ധ സമിതിയും, എഐ സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ പുതിയ ദേശീയ സ്ഥാപനങ്ങൾ രൂപീകരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.
  • എഐ ഗവേണൻസ് മാർഗ്ഗനിർദ്ദേശങ്ങൾ, നിയന്ത്രണത്തേക്കാൾ നൂതനാശയങ്ങൾക്ക് മുൻഗണന നൽകുന്നു. സമഗ്ര വളർച്ചയ്ക്കും മത്സരക്ഷമതയ്ക്കും 2047 ലെ വികസിത ഭാരതം എന്ന ദർശനത്തിനും ഒരു ഉത്തേജകമായി എഐയെ സ്ഥാപിക്കുന്നു.
  •  

 

ആമുഖം

 

അഞ്ചാം വ്യാവസായിക വിപ്ലവത്തിൻ്റെ നിർവചന ശക്തിയായി നിർമ്മിത ബുദ്ധി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ഇന്ത്യ വ്യക്തവും അഭിലാഷപൂർണ്ണവുമായ ഒരു ദർശനം ആവിഷ്കരിച്ചിട്ടുണ്ട്: ദേശീയ മുൻഗണനകളിൽ അധിഷ്ഠിതമായ സമ്പൂർണ്ണമായ എഐ സ്റ്റാക്ക് നിർമ്മിക്കുക. ഇന്ത്യയുടെ എഐ തന്ത്രം സാങ്കേതിക വൈദഗ്ധ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് ജനാധിപത്യവൽക്കരണം, വിപുലീകരണം, ഉൾപ്പെടുത്തൽ എന്നിവയിൽ വേരൂന്നിയതാണ്. എഐ ഏതാനും സ്ഥാപനങ്ങളിലോ പ്രദേശങ്ങളിലോ മാത്രം കേന്ദ്രീകരിച്ചിട്ടില്ല, മറിച്ച് കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണം, ഉൽപ്പാദനം, കാലാവസ്ഥാ പ്രവർത്തനം എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. "ഏവർക്കും എഐ" എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഇന്ത്യ അതിൻ്റെ സമഗ്ര ശേഷിയെ തുറന്ന നൂതനാശയങ്ങളുമായി സംയോജിപ്പിക്കാൻ ശ്രമിക്കുന്നു - പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, തദ്ദേശീയ മാതൃകാ വികസനം, താങ്ങാനാവുന്ന കമ്പ്യൂട്ട് എന്നിവ പ്രയോജനപ്പെടുത്തി ഉൽപ്പാദനക്ഷമതയും സമഗ്ര വളർച്ചയും വർദ്ധിപ്പിക്കുന്നു. ഈ സമീപനം എഐ വികസനത്തെ 2047ൽ വികസിത ഭാരതം എന്ന വിശാലമായ അഭിലാഷവുമായി യോജിപ്പിക്കുന്നു. സാമ്പത്തിക പരിവർത്തനം, സാമൂഹിക ശാക്തീകരണം, തന്ത്രപരമായ സ്വയംഭരണം എന്നിവയ്ക്കുള്ള ഒരു ഉത്തേജകമായി എഐയെ സ്ഥാപിക്കുന്നു.

 

നിർവഹണം ആദ്യം എന്ന ഈ തത്ത്വചിന്തയെ ഇന്ത്യയുടെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യാ എഐ മിഷൻ്റെ കീഴിൽ, സബ്‌സിഡിയുള്ള ദേശീയ കമ്പ്യൂട്ട് സൗകര്യത്തിലൂടെ 38,000-ത്തിലധികം ജിപിയു-കൾ ഓൺ‌ബോർഡ് ചെയ്തിട്ടുണ്ട്. തദ്ദേശീയ മാതൃകാ വികസനം ശക്തിപ്പെടുത്തിക്കൊണ്ട് 9,500-ലധികം ഡാറ്റാസെറ്റുകളും 273 മാതൃകകളും 'എഐ കോശ്' ഇപ്പോൾ കൈകാര്യം ചെയ്യുന്നു. ഐആർഎഡബ്ല്യുഎടി, പരം സിദ്ധി-എഐ എന്നിവയുൾപ്പെടെ 40 ലധികം പെറ്റാഫ്ലോപ്പ് സിസ്റ്റങ്ങൾ നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ പ്രവർത്തനക്ഷമമാക്കി. ശേഷിയുടെ കാര്യത്തിൽ, ഇന്ത്യ എഐയും ഫ്യൂച്ചർ സ്കിൽസും 500 പിഎച്ച്ഡി ഗവേഷകർ, 5,000 ബിരുദാനന്തര ബിരുദധാരികൾ, 8,000 ബിരുദ വിദ്യാർത്ഥികൾ എന്നിവരെ പിന്തുണയ്ക്കുന്നു. അതേസമയം സംസ്ഥാനങ്ങളിൽ ഉടനീളമുള്ള 570 എഐ ഡാറ്റ ലാബുകളും 27 ഇന്ത്യ എഐ ലാബുകളും അടിസ്ഥാന നൂതനാശയങ്ങളെ വികസിപ്പിക്കുന്നു. ഏകദേശം 90 ശതമാനം സ്റ്റാർട്ടപ്പുകളും ഏതെങ്കിലും രൂപത്തിൽ എഐയെ സംയോജിപ്പിക്കുന്നതിനാൽ, രാജ്യത്തിൻ്റെ നൂതനാശയ ആവാസവ്യവസ്ഥയിൽ എഐ ആഴത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.

 

2026 ലെ എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പുറത്തിറക്കിയ ഇന്ത്യ എഐ ഭരണ നിർവഹണ മാർഗ്ഗനിർദ്ദേശങ്ങൾ, ഈ നേട്ടങ്ങൾ ഏകീകരിക്കുന്നതിനുള്ള ഒരു നിർണായക ഘട്ടമാണ്. ഏഴ് മാർഗ്ഗനിർദ്ദേശ സൂത്രങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന ഈ ചട്ടക്കൂട് ഒരു തത്വാധിഷ്ഠിത, സാങ്കേതിക-നിയമ സമീപനം സ്വീകരിക്കുന്നു. എഐ ഗവേണൻസ് ഗ്രൂപ്പ്, സാങ്കേതികവിദ്യ, നയ വിദഗ്ധ കമ്മിറ്റി, എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പുതിയ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, നൂതനാശയങ്ങളെ സുരക്ഷാ നടപടികളുമായി സന്തുലിതമാക്കുന്ന ഒരു സമഗ്ര ഗവൺമെൻ്റ് മാതൃകയും ഇന്ത്യ സ്ഥാപനവൽക്കരിക്കുന്നു. എഐയുടെ സ്വീകാര്യത്തിലും ശേഷിയിലും മാത്രമല്ല, ആഗോളതലത്തിൽ ഉത്തരവാദിത്വമുള്ളതും സമഗ്രവും വിശ്വസനീയവുമായ എഐ ഭരണസംവിധാനത്തെ നയിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ശക്തിപ്പെടുത്തുന്നു.

 

 ഇന്ത്യയുടെ എഐ ഭരണ നിർവഹണ തത്വം

 

വ്യക്തികൾക്കും സമൂഹത്തിനും അത് ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നതിനൊപ്പം, സമഗ്ര വികസനത്തിനായും ആഗോള മത്സരക്ഷമതയ്ക്കായും നിർമ്മിത ബുദ്ധിയുടെ പരിവർത്തന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നു. ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) 2025 ജൂലൈയിൽ രാജ്യത്ത് എഐ ഭരണത്തിനായി ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി ഒരു കരട് കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള നിയമങ്ങൾ ഉപയോഗപ്പെടുത്താനും, ആഗോള സംഭവവികാസങ്ങൾ അവലോകനം ചെയ്യാനും, ലഭ്യമായ വിവരങ്ങൾ പരിശോധിക്കാനും, അനുയോജ്യമായ ഭരണ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം ഉൾപ്പെടുത്താനും ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

 

 ചർച്ചകളെ അടിസ്ഥാനമാക്കി, കമ്മിറ്റി എഐ ഭരണ നിർവഹണ ചട്ടക്കൂട് നാല് ഭാഗങ്ങളായി അവതരിപ്പിച്ചു. ഇന്ത്യയുടെ എഐ ഭരണ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സൂത്രങ്ങൾ ആദ്യ ഭാഗം പ്രതിപാദിക്കുന്നു. രണ്ടാം ഭാഗം പ്രധാന പ്രശ്നങ്ങൾ പരിശോധിക്കുകയും ശുപാർശകൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. മൂന്നാം ഭാഗം ഒരു പ്രവർത്തന പദ്ധതി അവതരിപ്പിക്കുന്നു. നാലാം ഭാഗം ശുപാർശകളുടെ സ്ഥിരവും ഉത്തരവാദിത്വപരവുമായ നിർവഹണം ഉറപ്പാക്കുന്നതിന് വ്യവസായ പങ്കാളികൾക്കും നിയന്ത്രണ സ്ഥാപനങ്ങൾക്കും പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

 

ഭാഗം 1: പ്രധാന തത്വങ്ങൾ

 

വൈവിധ്യമാർന്ന ഉപയോഗ സാഹചര്യങ്ങളിലും സാങ്കേതിക വികസനത്തിൻ്റെ ഘട്ടങ്ങളിലും പ്രസക്തി സാധ്യമാക്കുന്നതിനായി, വിവിധ മേഖലകളിലെ പ്രയോഗക്ഷമതയും സാങ്കേതിക നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനാണ് എഐ  ഗവേണൻസ് ചട്ടക്കൂടിൻ്റെ പ്രധാന തത്വങ്ങൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉത്തരവാദിത്വമുള്ള എഐ വികസനത്തിനും വിന്യാസത്തിനും ഈ തത്വങ്ങൾ ഒരുമിച്ച് സുഗമവും ഭാവിക്ക് അനുയോജ്യമായതുമായ ഒരു അടിത്തറ നൽകുന്നു.

 

 1. വിശ്വാസമാണ് അടിത്തറ 

 

 നൂതനാശയങ്ങളുടെ സ്വീകാര്യം, പുരോഗതി, അപകടസാധ്യത കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിന് വിശ്വാസം അനിവാര്യമാണ്. വിശ്വാസമില്ലാതെ, നിർമ്മിത ബുദ്ധിയുടെ നേട്ടങ്ങൾ വലിയ തോതിൽ സാക്ഷാത്കരിക്കപ്പെടില്ല. മൂല്യ ശൃംഖലയിലുടനീളം വിശ്വാസം ഉൾച്ചേർക്കണം - അതായത് അടിസ്ഥാന സാങ്കേതികവിദ്യ, ഈ സംവിധാനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, മേൽനോട്ട ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങൾ, ഈ സൗകര്യങ്ങളെ വ്യക്തികൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുമെന്ന വിശ്വാസം എന്നിവയെല്ലാം പ്രധാനമാണ്. അതിനാൽ, ഇന്ത്യയിലെ നിർമ്മിത ബുദ്ധിയുടെ വികസനത്തെയും വിന്യാസത്തെയും നയിക്കുന്ന അടിസ്ഥാന തത്വമാണ് വിശ്വാസം.

 

2. ജനങ്ങൾ ആദ്യം

 

എഐ ഭരണം ജന കേന്ദ്രീകൃതമാക്കിയുള്ളതാവണം. മനുഷ്യ ഇടപെടലുകളെ ശക്തിപ്പെടുത്തുകയും സാമൂഹിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ എഐ സംവിധാനങ്ങൾ വികസിപ്പിക്കുകയും വിന്യസിക്കുകയും വേണം. ഒരു ഭരണ കാഴ്ചപ്പാടിൽ, മനുഷ്യരുടെ ഫലപ്രദമായ മേൽനോട്ടത്താൽ പിന്തുണയ്ക്കപ്പെടുന്ന, സാധ്യമാകുന്നിടത്തെല്ലാം എഐ  സംവിധാനങ്ങളിൽ മനുഷ്യരുടെ അർത്ഥവത്തായ നിയന്ത്രണം നിലനിർത്തണമെന്ന് ഇത് ആവശ്യപ്പെടുന്നു. ജനങ്ങൾ ആദ്യം എന്ന സമീപനം ശേഷി വർദ്ധിപ്പിക്കൽ, ധാർമ്മിക സംരക്ഷണങ്ങൾ, സുരക്ഷാ പരിഗണനകൾ എന്നിവയിലും ഊന്നൽ നൽകുന്നു.

 

3. നിയന്ത്രണത്തേക്കാൾ നൂതനാശയങ്ങൾ 

 

സാമൂഹിക-സാമ്പത്തിക വികസനം, ആഗോള മത്സരശേഷി, പ്രതിരോധശേഷി തുടങ്ങിയ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പാതയാണ് എഐ നയിക്കുന്ന നൂതനാശയങ്ങൾ. അതിനാൽ, എഐ ഭരണ ചട്ടക്കൂടുകൾ അതിൻ്റെ സ്വീകാര്യതയെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ നവീകരണത്തിന് ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും വേണം. എന്നിരുന്നാലും, നൂതനാശയങ്ങൾ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കണം. കൂടാതെ സാധ്യതയുള്ള ദോഷവശങ്ങൾ കുറയ്ക്കുന്നതിനൊപ്പം മൊത്തത്തിലുള്ള നേട്ടം പരമാവധിയാക്കുക എന്ന ലക്ഷ്യമുണ്ടാവണം . മറ്റെല്ലാ കാര്യങ്ങളും തുല്യമായിരിക്കുമ്പോൾ, ജാഗ്രതാ നിയന്ത്രണത്തേക്കാൾ ഉത്തരവാദിത്വമുള്ള നൂതനാശയങ്ങൾക്ക് മുൻഗണന നൽകണം.

 

4. നീതിയും തുല്യതയും 

 

ഇന്ത്യയുടെ എഐ ഭരണ സമീപനത്തിൻ്റെ ഒരു കേന്ദ്ര ലക്ഷ്യമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുക എന്നത്. അതിനാൽ, നീതി ഉറപ്പാക്കുന്നതിനും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കെതിരായ പക്ഷപാതം അല്ലെങ്കിൽ വിവേചനം ഒഴിവാക്കുന്നതിനും എഐ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും വിലയിരുത്തുകയും വേണം. അതേസമയം, ഒഴിവാക്കലിൻ്റെയും അസമമായ ഫലങ്ങളുടെയും അപകടസാധ്യതകൾ കുറയ്ക്കുന്നതിനൊപ്പം ഉൾപ്പെടുത്തൽ സാധ്യമാക്കുന്നതിന് എഐ സജീവമായി ഉപയോഗിക്കണം.

 

5. ഉത്തരവാദിത്വം 

 

ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ വിശ്വാസത്തിൽ അധിഷ്ഠിതമായി പുരോഗമിക്കുന്നുവെന്ന് ഉറപ്പാക്കാൻ, എഐ  ഡെവലപ്പർമാരും പ്രവർത്തകരും സജീവവും ഉത്തരവാദിത്വമുള്ളവരുമായി തുടരണം. നിർവഹിച്ച പ്രവർത്തനം, ദോഷ സാധ്യത, ഏർപ്പെടുത്തിയ ജാഗ്രതാ വ്യവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി ഉത്തരവാദിത്വo വ്യക്തമായി നിയോഗിക്കണം. വിവിധ നയ, സാങ്കേതിക, വിപണി അധിഷ്ഠിത സംവിധാനങ്ങളിലൂടെയും ഉത്തരവാദിത്വം ഉറപ്പാക്കാം.

 

6. രൂപകല്പനയിലൂടെ മനസിലാക്കൽ

 

വിശ്വാസം വളർത്തിയെടുക്കുന്നതിന് മനസ്സിലാക്കൽ എന്നത് അടിസ്ഥാനപരമാണ്. പിന്നീടുള്ള ചിന്തയിൽ അല്ല രൂപകല്പനയിൽ തന്നെ അത് ഉൾക്കൊള്ളിക്കണം. എഐ സംവിധാനം സാധ്യതാപരമാണെങ്കിലും, സാങ്കേതികമായി സാധ്യമായ പരിധി വരെ- സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു, ഉപയോക്താവിന് അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, അവ വിന്യസിക്കുന്ന സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്ന ഫലങ്ങൾ എന്തെല്ലാമാണ് -എന്നിവയെക്കുറിച്ച് ഉപയോക്താക്കളെയും റെഗുലേറ്റർമാരെയും മനസ്സിലാക്കാൻ സഹായിക്കുന്ന വ്യക്തമായ വിശദീകരണങ്ങൾ അവയ്ക്ക് ഉണ്ടായിരിക്കണം.

 

7. സുരക്ഷ, പ്രതിരോധശേഷി, സുസ്ഥിരത

 

അപകടസാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷാ മുൻകരുതലുകളോടെയാണ് എഐ സംവിധാനം രൂപകൽപ്പന ചെയ്യേണ്ടത്. കൂടാതെ അവ ശക്തവും പ്രതിരോധശേഷിയുള്ളതുമായിരിക്കണം. അപാകതകൾ കണ്ടെത്താനും ദോഷകരമായ ഫലങ്ങൾ പരിമിതപ്പെടുത്തുന്നതിന് നേരത്തെ മുന്നറിയിപ്പുകൾ നൽകാനുമുള്ള കഴിവുണ്ടായിരിക്കണം. എഐ വികസന ശ്രമങ്ങൾ പരിസ്ഥിതി ഉത്തരവാദിത്വമുള്ളതും വിഭവ-കാര്യക്ഷമവുമായിരിക്കണം. കൂടാതെ ചെറുതും വിഭവ-കാര്യക്ഷമവുമായ 'ലൈറ്റ് വെയ്റ്റ്' മാതൃകകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കണം.

 

ഈ ഏഴ് തത്വങ്ങളും ഒരുമിച്ച്, വിശ്വാസ്യത, തുല്യത, ഉത്തരവാദിത്വo എന്നിവ സംരക്ഷിക്കുന്നതിനൊപ്പം നൂതനാശയ അധിഷ്ഠിതമായി സംയോജിതവും സന്തുലിതവുമായ എഐ ഭരണ ചട്ടക്കൂട് സ്ഥാപിക്കുന്നു. ജനകേന്ദ്രീകൃതവും, ഉൾക്കൊള്ളുന്നതും, ഭാവിക്ക് അനുയോജ്യമായതുമായ ഒരു എഐ ആവാസവ്യവസ്ഥയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ അവ പ്രതിഫലിപ്പിക്കുന്നു. സാമൂഹിക മൂല്യങ്ങളുമായും വികസന മുൻഗണനകളുമായും സാങ്കേതിക പുരോഗതിയെ വിന്യസിക്കുന്നതിലൂടെ, ഉത്തരവാദിത്വമുള്ള എഐ സ്വീകാര്യത്തിന് ഈ ചട്ടക്കൂട് ശക്തമായ അടിത്തറ നൽകുന്നു.

 

ഭാഗം 2: പ്രധാന പ്രശ്നങ്ങളും ശുപാർശകളും

 

ഏഴ് തത്വങ്ങളോ സൂത്രങ്ങളോ മാർഗ്ഗനിർദ്ദേശമായി ഉപയോഗിച്ച്, വ്യക്തികൾക്കും സമൂഹങ്ങൾക്കുമുള്ള അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനൊപ്പം, നൂതനാശയങ്ങൾ, അവയുടെ സ്വീകാര്യം, ശാസ്ത്രീയ പുരോഗതി എന്നിവ വളർത്തിയെടുക്കുന്ന എഐ ഭരണ സമ്പ്രദായത്തിലേക്കുള്ള ഒരു സമീപനം കമ്മിറ്റി ശുപാർശ ചെയ്യുന്നു. ഫലപ്രദമായ ഭരണത്തിൽ നിയന്ത്രണം മാത്രമല്ല, ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സ്ഥാപന നിർമ്മാണം എന്നിവയുൾപ്പെടെ മറ്റ് നയ ഇടപെടലുകളും ഉൾപ്പെടുന്നു. കമ്മിറ്റിയുടെ ശുപാർശകൾ 6 സ്തംഭങ്ങളിലായി നൽകിയിട്ടുണ്ട്.

 

1. അടിസ്ഥാന സൗകര്യങ്ങൾ

 

ഇന്ത്യയുടെ എഐ ഭരണ ചട്ടക്കൂട് സാമൂഹിക അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനൊപ്പം നൂതനാശയങ്ങളും അവയുടെ വലിയ തോതിലുള്ള സ്വീകാര്യതയും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യ എഐ മിഷൻ്റെ കീഴിൽ, കമ്പ്യൂട്ടിലേക്കും ഡാറ്റാസെറ്റുകളിലേക്കും മെച്ചപ്പെട്ട പ്രവേശന ക്ഷമത, അടിസ്ഥാന മാതൃകകളുടെ വികസനം, എഐ ആപ്ലിക്കേഷനുകളുടെ വിന്യാസം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം (DPI) വികസിപ്പിക്കൽ, മെച്ചപ്പെടുത്തിയ ഡാറ്റ പങ്കിടൽ, സുരക്ഷാ പരിശോധന എന്നിവയുൾപ്പെടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ ആക്കം നിലനിർത്താൻ, വിപുലമായ അടിസ്ഥാന സൗകര്യങ്ങളിൽ തുടർച്ചയായ നിക്ഷേപം, കമ്പ്യൂട്ടിലേക്കും ഡാറ്റയിലേക്കും തുല്യമായ പ്രവേശനക്ഷമത, ശക്തമായ സ്ഥാപന ശേഷി എന്നിവ അത്യാവശ്യമാണ്.

 

 എഐ അടിസ്ഥാന സൗകര്യ ആവാസ വ്യവസ്ഥ

  • ഇന്ത്യഎഐ മിഷൻ്റെ കീഴിൽ ഓൺ‌ബോർഡ് ചെയ്‌ത 38,000+ GPU-കൾ (ലക്ഷ്യം: 100,000), ഇന്ത്യഎഐ കമ്പ്യൂട്ട് പോർട്ടൽ വഴി സബ്‌സിഡിയോട് കൂടിയ ലഭ്യത.
  • എഐ കോശ് 9,500+ ഡാറ്റാസെറ്റുകളും 273 വിഭാഗങ്ങളിലെ മാതൃകകളും വഹിക്കുന്നു 
  • AIRAWAT, PARAM സിദ്ധി-AI ഉൾപ്പെടെ നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (40+ പെറ്റാഫ്ലോപ്സ് മെഷീനുകൾ).
  • ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിലേക്കുള്ള എഐയുടെ സംയോജനം.

 

കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്യുന്നവ

  • അടിസ്ഥാന സൗകര്യം, കമ്പ്യൂട്ട് ലഭ്യത എന്നിവയിലൂടെ എഐ സ്വീകാര്യത വികസിപ്പിക്കുന്നതിന് ഇന്ത്യ എഐ മിഷനെയും ഗവൺമെൻ്റുകളെയും ശാക്തീകരിക്കുന്നു.
  • ശക്തമായ ഡാറ്റ ഗവേണൻസിലൂടെയും പോർട്ടബിലിറ്റി മാനദണ്ഡങ്ങളിലൂടെയും ഡാറ്റ ലഭ്യതയും പങ്കിടലും മെച്ചപ്പെടുത്തുന്നു.
  • സാംസ്കാരികമായി പ്രതിനിധീകരിക്കുന്ന എഐ മാതൃകകൾ വികസിപ്പിക്കുന്നതിന് പ്രാദേശികമായി പ്രസക്തമായ ഡാറ്റാസെറ്റുകൾ പ്രോത്സാഹിപ്പിക്കുന്നു.
  • എഐ വിന്യാസത്തിനും സുരക്ഷാ പരിശോധനയ്ക്കുമായി മൂല്യനിർണ്ണയ ഡാറ്റാസെറ്റുകളിലേക്കും കമ്പ്യൂട്ടിലേക്കും പ്രവേശനം ഉറപ്പാക്കുന്നു.
  • വിപുലീകരിക്കാവുന്നതും ഉൾക്കൊള്ളുന്നതുമായ വിന്യാസം പ്രാപ്തമാക്കുന്നതിന് എഐയെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യവുമായി സംയോജിപ്പിക്കുന്നു.

 

 എന്താണ് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം?

 

ലഭ്യവും സുരക്ഷിതവും പരസ്പര പ്രവർത്തനക്ഷമവുമായതും അവശ്യ പൊതു സേവനങ്ങളെ പിന്തുണയ്ക്കുന്നതുമായ അടിസ്ഥാന ഡിജിറ്റൽ സംവിധാനങ്ങളെയാണ് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം (DPI) എന്നത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്: ആധാർ, UPI, ഡിജിലോക്കർ, ഗവൺമെൻ്റ്  ഇ-മാർക്കറ്റ്‌പ്ലേസ്, ഉമാങ്, പിഎം ഗതിശക്തി തുടങ്ങിയവ.

 

2. ശേഷി വികസനം 

 

ഇന്ത്യ എഐ ഫ്യൂച്ചർ സ്കിൽസ്, ഫ്യൂച്ചർ സ്കിൽസ് പ്രൈം, ഉന്നത വിദ്യാഭ്യാസ പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ എഐ  ശേഷി വികസന സംരംഭങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇത് എഐക്ക് അനുയോജ്യമായ ഒരു തൊഴിൽ ശക്തിക്ക് ശക്തമായ അടിത്തറയിടുന്നു. എഐ സ്വീകരിക്കുന്നത് ത്വരിതപ്പെടുമ്പോൾ, ഈ ശ്രമങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നത് സമഗ്ര വളർച്ചയുടെയും വിശാലമായ ലഭ്യതയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. ചെറുകിട ബിസിനസുകൾക്കും പൗരന്മാർക്കും വേണ്ടിയുള്ള എഐ പ്രയോഗികത വികസിപ്പിക്കുന്നത്, പൊതുമേഖലയിലെ സാങ്കേതിക ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം, ഫലപ്രദമായ സംഭരണം, അപകട സാധ്യത പരിപാലനം, എഐ സംവിധാനങ്ങളുടെ ഉത്തരവാദിത്വപരമായ വിന്യാസം എന്നിവയെ പിന്തുണയ്ക്കും.

 

നിലവിലുള്ള എഐ മനുഷ്യ വിഭവ, നൂതനാശയ ശേഷി

  • ഇന്ത്യഎഐ, ഫ്യൂച്ചർ സ്കിൽസ് തുടങ്ങിയ നിലവിലുള്ള സംരംഭങ്ങൾ 500 പിഎച്ച്ഡികൾ, 5,000 പിജികൾ, 8,000 യുജികൾ എന്നിവയെ പിന്തുണയ്ക്കുന്നു.
  • ഡാറ്റ അനോട്ടേഷൻ, ക്യൂറേഷൻ, പ്രായോഗിക എഐ ശേഷി എന്നിവയിൽ പരിശീലനത്തിലൂടെ അടിസ്ഥാന എഐ നൈപുണ്യം വികസിപ്പിക്കുന്നതിനായി രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലായി 570 ലാബുകൾ എഐ ഡാറ്റ ലാബ്സ് ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ എഐ ബന്ധിത പാഠ്യപദ്ധതി സംയോജിപ്പിച്ചിരിക്കുന്നു.
  • 27 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ അംഗീകരിക്കപ്പെട്ട 174 ഐടിഐകളിൽ 27 ഇന്ത്യഎഐ ഡാറ്റ, എഐ ലാബുകളും സ്ഥാപിച്ചു.
  • ബഹുജന എഐ സാക്ഷരതയ്ക്കായി യുവ എഐ ഫോർ ഓൾ സൗജന്യ അടിസ്ഥാന കോഴ്‌സ് ആരംഭിച്ചു.

 

കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്തത്:

  • പതിവ് പരിശീലന പരിപാടികളിലൂടെയും ബോധവൽക്കരണ കാമ്പെയ്‌നുകളിലൂടെയും പൊതുജന അവബോധവും എഐ യിലുള്ള വിശ്വാസവും വർദ്ധിപ്പിക്കുക.
  • വിവരങ്ങൾ ശേഖരിച്ച് ഉത്തരവാദിത്വത്തോടെ എഐ ഉപയോഗിക്കുന്നതിനെ പിന്തുണക്കാൻ ഗവണ്മെൻ്റ് ഉദ്യോഗസ്ഥർക്കും നിയന്ത്രണ ഏജൻസികൾക്കും പരിശീലനം നൽകുക.
  • എഐ അധിഷ്ഠിത കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിയമ നിർവ്വഹണ ഏജൻസികളുടെ ശേഷി വർദ്ധിപ്പിക്കുക.
  • തൊഴിൽ സ്ഥാപനങ്ങളിലും രണ്ടാം, മൂന്നാം നിര നഗരങ്ങളിലും എഐ നൈപുണ്യ സംരംഭങ്ങൾ വികസിപ്പിക്കുക.

 

നയവും നിയന്ത്രണവും 

 

എഐ ഗവേണൻസ് സമീപനത്തിൻ്റെ ലക്ഷ്യം, എഐ മൂല്യ ശൃംഖലയിലുടനീളം വ്യക്തികൾക്കും സമൂഹത്തിനുമുള്ള അപകടസാധ്യതകൾ ലഘൂകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം നൂതനാശയങ്ങൾ, സ്വീകാര്യത, സാങ്കേതിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിവര സാങ്കേതികവിദ്യ, ഡാറ്റാ സംരക്ഷണം, ബൗദ്ധിക സ്വത്തവകാശം, മത്സരം, മാധ്യമങ്ങൾ, തൊഴിൽ, ഉപഭോക്തൃ സംരക്ഷണം, ക്രിമിനൽ നിയമം തുടങ്ങിയ മേഖലകളിലുടനീളമുള്ള ഭരണഘടനാ വ്യവസ്ഥകൾ, ചട്ടങ്ങൾ, നിയമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള നിയമ ചട്ടക്കൂടിൻ്റെ അവലോകനം, നിലവിലുള്ള നിയമങ്ങൾ പ്രകാരം എഐയുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകൾ പരിഹരിക്കാനാകുമെന്ന് സൂചിപ്പിക്കുന്നു.

 

അതേസമയം, എഐ മൂല്യ ശൃംഖലയിലുടനീളമുള്ള വർഗ്ഗീകരണത്തിൻ്റെയും ബാധ്യതയുടെയും പ്രശ്നങ്ങൾ, എഐ വികസനത്തിൽ ഡാറ്റാ സംരക്ഷണ തത്വങ്ങളുടെ പ്രയോഗം, ജനറേറ്റീവ് എഐയുടെ ദുരുപയോഗം, ഉള്ളടക്ക പ്രാമാണീകരണത്തിനും ഉറവിടത്തിനും അനുബന്ധമായ വെല്ലുവിളികൾ, എഐ പരിശീലനത്തിൽ പകർപ്പവകാശമുള്ള ഉള്ളടക്കത്തിൻ്റെ ഉപയോഗം, ലോല മേഖലകളിൽ മേഖലാ-നിർദ്ദിഷ്ട അപകടസാധ്യതകൾ എന്നിവയുൾപ്പെടെ എഐ സംവിധാനവുമായി ബന്ധപ്പെട്ട നിയന്ത്രണ ന്യൂനതകൾ തിരിച്ചറിയുന്നതിന് പ്രസക്തമായ നിയമങ്ങളുടെ സമഗ്രമായ അവലോകനം അടിയന്തിരമായി ആവശ്യമാണ്. ഈ പ്രശ്നങ്ങളിൽ ചിലത് ഇതിനകം തന്നെ മന്ത്രിതല കൂടിയാലോചനകൾ, നിയമ നിർമാണം, വിദഗ്ദ്ധ സമിതികൾ എന്നിവയിലൂടെ പരിഗണനയിലാണ്. അതേസമയം, വർദ്ധിച്ചുവരുന്ന സ്വയംഭരണ സംവിധാനങ്ങൾ ഉൾപ്പെടെ എഐയുടെ ദ്രുതഗതിയിലുള്ള പരിണാമം- നിയന്ത്രണ ചട്ടക്കൂടുകൾ സമയബന്ധിതമായും സ്ഥിരതയുള്ളതും ഭാവിസജ്ജവുമായി തുടരുന്നതിന് വെല്ലുവിളികൾ ഉയർത്തുന്നു. 

 

ഉത്തരവാദിത്വമുള്ള എഐയുടെ നയ അടിത്തറകൾ

  • ഇന്ത്യഎഐ മിഷൻ-പരമാധികാരം, കമ്പ്യൂട്ട് ലഭ്യതയുടെ ജനാധിപത്യവൽക്കരണം, തദ്ദേശീയ മാതൃക വികസനം, ഉത്തരവാദിത്വമുള്ള എഐ ശേഷി വികസനം എന്നിവയ്‌ക്കായുള്ള ഇന്ത്യ എഐ മിഷൻ (2025).
  • നിലവിലുള്ള ഡിജിറ്റൽ നിയന്ത്രണത്തിനുള്ളിൽ എഐയുമായി ബന്ധപ്പെട്ട ദോഷവശങ്ങൾക്ക് അടിസ്ഥാനതലത്തിൽ ഇടനില ബാധ്യതാ ഘടനയും നിർവ്വഹണ ചട്ടക്കൂടും നൽകുന്നതിനുള്ള ഐടി നിയമങ്ങൾ, 2021 ഉം ഭേദഗതികളും.
  • ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം, 2023 (DPDP നിയമം)-വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ്, അനുമതി, വിശ്വസ്ത ബാധ്യതകൾ എന്നീ നിയന്ത്രണങ്ങളിലൂടെ ഉത്തരവാദിത്വത്തെയും നിയമാനുസൃത എഐ വിന്യാസത്തെയും പിന്തുണയ്ക്കുന്നതിനുള്ള നിയമം.
  • എഐ സൃഷ്ടിത ഡീപ് ഫേക്ക് ഉള്ളടക്കം സംബന്ധിച്ച വിവര സാങ്കേതിക വിദ്യ (ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമം 2026.

 

 കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്തത്:

  • നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സന്തുലിതവും ചടുലവും തത്വാധിഷ്ഠിതവുമായ എഐ ഭരണ ചട്ടക്കൂട് സ്വീകരിക്കുന്നു.
  • എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും നിയന്ത്രണ പോരായ്മകളും തിരിച്ചറിയുന്നതിന് നിലവിലെ നിയമ ചട്ടക്കൂട് അവലോകനം ചെയ്യുന്നു.
  • വർഗ്ഗീകരണം, ബാധ്യത, ഡാറ്റ സംരക്ഷണം, പകർപ്പവകാശം എന്നിവയുടെ പ്രശ്നങ്ങൾ വ്യക്തമാക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണ ഭേദഗതികൾ അവതരിപ്പിക്കുന്നു.
  • ഉള്ളടക്ക പ്രാമാണീകരണം, ഡാറ്റ സമഗ്രത, സൈബർ സുരക്ഷ, ന്യായം എന്നിവയ്‌ക്കായുള്ള പൊതു മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നു.
  • സാങ്കേതികവിദ്യ, നയം എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ (TPEC) പിന്തുണയോടെ എഐ ഗവേണൻസ് ഗ്രൂപ്പ് (AIGG) വഴി വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള മാർഗ്ഗനിർദ്ദേശം പ്രാപ്തമാക്കൽ.
  • നിയന്ത്രിത പരിതസ്ഥിതികളിൽ ഉയർന്നുവരുന്ന എഐ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിന് റെഗുലേറ്ററി ചട്ടക്കൂട് ഉ പയോഗിക്കുന്നു.
  • എഐ ഗവേണൻസ് വിഷയങ്ങളിൽ അന്താരാഷ്ട്ര, ബഹുമുഖ ഇടപെടൽ ശക്തിപ്പെടുത്തുന്നു.
  • ഭാവിയിലെ എഐ വികാസങ്ങൾക്ക് അനുസൃതമായി നിയന്ത്രണം നിലനിർത്തുന്നതിന് രാജ്യാന്തര നിരീക്ഷണവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും നടത്തുന്നു.

 

4. അപകടസാധ്യത ലഘൂകരണം

 

 എഐ സംവിധാനങ്ങളുടെ ദോഷവശം തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രായോഗിക സുരക്ഷാ മാർഗങ്ങളാക്കി നയ, നിയന്ത്രണ തത്വങ്ങളെ മാറ്റുന്നതിൽ അപകടസാധ്യത ലഘൂകരണ പ്രവർത്തനം പ്രധാനമാണ്. സാധ്യത, നിർമാണം, പൊരുത്തപ്പെടൽ, ഏജൻ്റ് എന്നീ രീതികളിൽ എഐ സംവിധാനം വർത്തിക്കുന്നതിനാൽ അവയ്ക്ക് വ്യക്തികളിലും, വിപണികളിലും, സമൂഹത്തിലും പുതിയ അപകടസാധ്യതകൾ അവതരിപ്പിക്കാനോ നിലവിലുള്ളവ വർദ്ധിപ്പിക്കാനോ കഴിയും. എഐ അധിഷ്ഠിതമായി തെറ്റായ വിവരങ്ങൾ, സൈബർ ആക്രമണങ്ങൾ; കൃത്യമല്ലാത്തതോ പ്രതിനിധീകരിക്കാത്തതോ ആയ ഡാറ്റയിൽ നിന്ന് ഉണ്ടാകുന്ന പക്ഷപാതവും വിവേചനവും; വ്യക്തിഗത ഡാറ്റയുടെ ഉപയോഗത്തിലെ സുതാര്യത നഷ്ടപ്പെടൽ; വിപണി കേന്ദ്രീകരണവും ഭൗമരാഷ്ട്രീയ അസ്ഥിരതയുമായി ബന്ധപ്പെട്ട വ്യവസ്ഥാപരമായ അപകടസാധ്യതകൾ; എഐ സംവിധാനങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടൽ; ദേശീയ സുരക്ഷയ്ക്കും നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ഭീഷണികൾ എന്നിവ പോലുള്ള ഹാനികരമായ ഉപയോഗങ്ങൾ ഈ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു.

 

ദുർബല ഗ്രൂപ്പുകൾ, പ്രത്യേകിച്ച് കുട്ടികൾ, എഐ ഡീപ്ഫേക്കുകൾ കൂടുതലായി ലക്ഷ്യമിടുന്ന സ്ത്രീകൾ എന്നിവർ ഈ ദോഷങ്ങൾക്ക് ഇരയാകുന്നു. എഐ അപകടസാധ്യതകളെ തരംതിരിക്കാനും വിലയിരുത്താനുമുള്ള ആഗോള, ആഭ്യന്തര ശ്രമങ്ങൾ ഉണ്ടാകുമ്പോഴും, പ്രായോഗിക ദോഷങ്ങളുടെ അനുഭവപരമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ആഴത്തിലുള്ള സന്ദർഭ-നിർദ്ദിഷ്ട അപകടസാധ്യത വിലയിരുത്തൽ ചട്ടക്കൂട് ഇന്ത്യയ്ക്ക് ആവശ്യമാണ്. എഐയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വ്യവസ്ഥാപിതമായി ശേഖരിക്കാനും വിശകലനം ചെയ്യാനും പഠിക്കാനുമുള്ള ഒരു ഘടനാപരമായ സംവിധാനത്തിൻ്റെ സാന്നിധ്യം, ഉയർന്നുവരുന്ന അപകടസാധ്യതകൾ മുൻകൂട്ടി അറിയാനും, ആനുപാതികമായ സുരക്ഷാ മാർഗങ്ങൾ രൂപകൽപ്പന ചെയ്യാനും, മേഖലകളിലുടനീളം ഉത്തരവാദിത്വo ഉറപ്പാക്കാനും നയരൂപകർത്താക്കൾ, നിയന്ത്രണ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവരെ സജ്ജരാക്കും.

 

നിലവിലുള്ള അപകടസാധ്യത ലഘൂകരണം:

  • ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In)- സൈബർ സംഭവങ്ങളിൽ ദ്രുത പ്രതികരണം, ഏകോപനം, തത്സമയ ഭീഷണി നേരിടുന്നതുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയ്ക്കുള്ള ഒരു ദേശീയ ഏജൻസിയാണ്.
  • ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C)- സൈബർ കുറ്റകൃത്യങ്ങളെ ഏകോപിതവും സമഗ്രവുമായ രീതിയിൽ ചെറുക്കുന്നതിനായി സ്ഥാപിതമായി.
  • നാഷണൽ ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെൻ്റർ (NCIIPC)- തന്ത്രപരമായ മേഖലകളിലുടനീളമുള്ള നിർണായക വിവര അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു നോഡൽ സ്ഥാപനം.
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവ മേഖലാ -നിർദ്ദിഷ്ട സാങ്കേതികവിദ്യ, സൈബർ സുരക്ഷ, അപകട സാധ്യത പരിപാലന മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന മേഖലാ റെഗുലേറ്റർമാരാണ്.
  • നാഷണൽ സൈബർ കോർഡിനേഷൻ സെൻ്റർ (NCCC) -തത്സമയ സൈബർ ഭീഷണി നിരീക്ഷണവും സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധവും ശക്തിപ്പെടുത്തുന്നു. അതേസമയം, ഡാറ്റാ സംരക്ഷണ പാലനത്തിനും ഉത്തരവാദിത്വത്തിനുമുള്ള നിയമപരമായ നിർവ്വഹണ സ്ഥാപനമായി ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ (വ്യക്തിഗത ഡിജിറ്റൽ ഡാറ്റ സംരക്ഷണം നിയമം, 2023 പ്രകാരം) പ്രവർത്തിക്കുന്നു.

 

 കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്തത്:

  • ദുർബല ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് ഒരു ഇന്ത്യ-നിർദ്ദിഷ്ട എഐ അപകടസാധ്യത വിലയിരുത്തലും വർഗ്ഗീകരണ ചട്ടക്കൂടും വികസിപ്പിക്കുന്നു.
  • ദോഷവശങ്ങൾ നിരീക്ഷിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ആയി ഒരു ദേശീയ, ഫെഡറേറ്റഡ് എഐ സംഭവ റിപ്പോർട്ടിംഗ് സംവിധാനം സ്ഥാപിക്കൽ.
  • മാനദണ്ഡങ്ങൾ, ഓഡിറ്റുകൾ, പ്രോത്സാഹനങ്ങൾ എന്നിവയിലൂടെ ആനുപാതികമായ സ്വമേധയാ ഉള്ള അപകടസാധ്യത ലഘൂകരണ ചട്ടക്കൂടുകൾ പ്രോത്സാഹിപ്പിക്കൽ.
  • ഉചിതമായ സാങ്കേതിക-നിയമ നടപടികൾ ഉപയോഗിച്ച് രൂപകൽപ്പനയിലൂടെ സുതാര്യത, ന്യായബോധം, സുരക്ഷ എന്നിവ ഉൾപ്പെടുത്തൽ.
  • ലോലവും, നിർണായകവുമായ മേഖലകളിൽ നിയന്ത്രണ നഷ്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് മനുഷ്യരുടെ മേൽനോട്ടവും സുരക്ഷാ നടപടികളും നിർബന്ധമാക്കൽ.

 

5. ഉത്തരവാദിത്വo 

 

എഐ ഭരണത്തിൻ്റെ നട്ടെല്ലാണ് ഉത്തരവാദിത്വo. എന്നാൽ അത് ഉറപ്പാക്കുന്നത് പ്രായോഗിക തലത്തിൽ വെല്ലുവിളി നിറഞ്ഞതാണ്. എഐയുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകൾ, നിലവിലുള്ള നിയമങ്ങൾ പ്രകാരം പരിഹരിക്കാൻ കഴിയും. എന്നാൽ അവയുടെ ഫലപ്രാപ്തി പ്രവചനാതീതവും സമയബന്ധിതവുമായ നിർവഹണത്തെ ആശ്രയിച്ചിരിക്കുന്നു. സ്ഥാപനങ്ങൾക്ക് ഇത് പാലിക്കാൻ അർത്ഥവത്തായ സമ്മർദ്ദം ആവശ്യമാണ്. അതേസമയം, നിയന്ത്രണ ഏജൻസികൾ സ്ഥാപനങ്ങളുടെ രീതികളിലേക്കും എഐ മൂല്യ ശൃംഖലയിലേക്കും ദൃശ്യപരത ആവശ്യപ്പെടുന്നു. നിലവിലെ സ്വമേധയാ ഉള്ള ചട്ടക്കൂടുകൾക്ക് നിയമപരമായ ബാധ്യത ഇല്ല. കൂടാതെ ഡെവലപ്പർമാർ, നടപ്പാക്കുന്നവർ, അന്തിമ ഉപയോക്താക്കൾ എന്നിവരിൽ ബാധ്യത എങ്ങനെ നിശ്ചയിക്കണമെന്ന് ഇതിൽ വ്യക്തതയില്ല. ഉപയോക്താക്കൾക്ക് പലപ്പോഴും പ്രവേശനക്ഷമവും ഫലപ്രദവുമായ പരാതി പരിഹാര സംവിധാനങ്ങളില്ല. കൂടാതെ എഐ സിസ്റ്റം ഡിസൈൻ, ഡാറ്റ വിനിമയം, സ്ഥാപനപരമായ തീരുമാനമെടുക്കൽ എന്നിവയിലെ സുതാര്യത പരിമിതമായി തുടരുന്നു. എഐ സംവിധാനങ്ങളുടെ സാധ്യതയും പൊരുത്തപ്പെടൽ സ്വഭാവവും അപ്രതീക്ഷിത ഫലങ്ങൾ സൃഷ്ടിച്ചേക്കാം. ഉത്തരവാദിത്വമുള്ള നൂതനാശയങ്ങളെയും അവയുടെ നടപ്പാക്കലിനെയും സന്തുലിതമാക്കുന്ന ഒരു ഭരണ സമീപനം ആവശ്യമാണ്.

 

നിലവിലുള്ള ഉത്തരവാദിത്വവും പാലന സംവിധാനങ്ങളും:

  • എഐ മൂല്യ ശൃംഖലയിലുടനീളം ഡിജിറ്റൽ ഇടനിലക്കാർ, സൈബർ കുറ്റകൃത്യങ്ങൾ, പ്ലാറ്റ്‌ഫോം ബാധ്യത എന്നിവയെ നിയന്ത്രിക്കുന്ന അടിസ്ഥാന നിയമ ചട്ടക്കൂട് 2000 ലെ ഐടി ആക്ട് നൽകുന്നു.
  • 2023 ലെ ഡിജിറ്റൽ വ്യക്‌തിഗത ഡാറ്റ സംരക്ഷണ നിയമം - വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്ന എഐ സംവിധാനങ്ങളിൽ, അനുമതി അടിസ്ഥാനമാക്കിയുള്ള ഡാറ്റ പ്രോസസ്സിംഗ്, വിശ്വാസ്യതാ ബാധ്യതകൾ, ഉത്തരവാദിത്വ മാനദണ്ഡങ്ങൾ എന്നിവ സ്ഥാപിക്കുന്നു.
  • 2021 ലെ ഐടി നിയമങ്ങളും 2026 ലെ ഐടി ഭേദഗതി നിയമങ്ങളും- എഐ സൃഷ്ടിത കൃത്രിമ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനങ്ങളും അവയുടെ വേഗത്തിലുള്ള നീക്കം ചെയ്യലിന് സമയക്രമങ്ങളും നൽകുന്നു.

 

കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്തത്:

  • മാർഗ്ഗനിർദ്ദേശ കുറിപ്പുകളിലൂടെയോ മാസ്റ്റർ സർക്കുലറുകളിലൂടെയോ മൂല്യ ശൃംഖലയിലുടനീളം നിലവിലുള്ള നിയമങ്ങളുടെ പ്രയോഗക്ഷമത എഐയുമായി ബന്ധപ്പെട്ട് വ്യക്തമാക്കൽ.
  • എഐ നിർമിത പ്രവർത്തനം, അപകടസാധ്യത, കൃത്യത എന്നിവയ്ക്ക് ആനുപാതികമായി ഗ്രേഡ് അനുസൃത ബാധ്യതകൾ നടപ്പിലാക്കൽ.
  • സുതാര്യത റിപ്പോർട്ടുകൾ, ഓഡിറ്റുകൾ, സ്വയം-സർട്ടിഫിക്കേഷനുകൾ എന്നിവയുൾപ്പെടെയുള്ള നിർവ്വഹണ, ഉത്തരവാദിത്വ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ.
  • വ്യക്തമായ അഭിപ്രായങ്ങളും സമയബന്ധിതമായ പരിഹാരവും ഉപയോഗിച്ച് പ്രവേശനക്ഷമമായ പരാതി പരിഹാര സംവിധാനങ്ങൾ നിർബന്ധമാക്കൽ.
  • ഫലപ്രദമായ നിയന്ത്രണ മേൽനോട്ടം പ്രാപ്തമാക്കുന്നതിന് എഐ മൂല്യ ശൃംഖലയുടെ സുതാര്യത മെച്ചപ്പെടുത്തൽ.

 

6. സ്ഥാപനങ്ങൾ

 

ഇന്ത്യയുടെ എഐ ഗവേണൻസ് ചട്ടക്കൂടിൻ്റെ അനുയോജ്യതയും ഫലപ്രാപ്തിയും ശക്തിപ്പെടുത്തുന്നതിന് ഏകോപനത്തോടെയുള്ള "സമഗ്ര ഗവൺമെൻ്റ്" സമീപനത്തിൽ നിന്ന് പ്രയോജനം ലഭിക്കും. നിലവിൽ, ഉത്തരവാദിത്വങ്ങൾ ഒന്നിലധികം ഏജൻസികളിലായി വിതരണം ചെയ്യപ്പെടുന്നു, ഇത് വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനവും തന്ത്രപരമായ വിന്യാസവും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. സ്ഥിരമായ ഒരു ഇൻ്റർ-ഏജൻസി സംവിധാനം സ്ഥാപിക്കുന്നത് ദേശീയ എഐ തന്ത്രത്തിൻ്റെ മേൽനോട്ടം വഹിക്കാനും, ഉയർന്നുവരുന്ന അപകടസാധ്യതകൾ വിലയിരുത്താനും, നിർവഹണം പ്രോത്സാഹിപ്പിക്കാനും, ഉത്തരവാദിത്വമുള്ള നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. MeitY, CERT-In, RBI തുടങ്ങിയ സ്ഥാപനങ്ങൾ മേഖലാ-നിർദ്ദിഷ്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, എഐ നയം, സുരക്ഷ, ധാർമ്മികത എന്നിവയിലെ സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ സംയോജനം കൂടുതൽ ശക്തമായ അപകടസാധ്യത വിലയിരുത്തൽ, മാർഗ്ഗനിർദ്ദേശ വികസനം, വ്യവസായവുമായുള്ള ബോധപൂർവ ഇടപെടൽ എന്നിവയ്ക്ക് വഴി ഒരിക്കുകയും ഇന്ത്യയുടെ ആഭ്യന്തര, അന്തർദേശീയ തന്ത്രപരമായ മുൻഗണനകളുമായി പൊരുത്തപ്പെടുത്തൽ ഉറപ്പാക്കുകയും ചെയ്യും.

 

എഐ ഭരണ നിർവഹണത്തിനായി നിലവിലുള്ള സ്ഥാപന ഘടന

  • എഐ നയം വികസിപ്പിക്കുന്നതിനുള്ള ഒരു ഉന്നതതല മന്ത്രാലയമാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം.
  • ഇന്ത്യയുടെ ദേശീയ എഐ തന്ത്രം വികസിപ്പിക്കുന്നതിനുള്ള നിതി ആയോഗ് പിന്തുണയുള്ള സ്ഥാപനം. തന്ത്രപരമായ കാഴ്ചപ്പാട്, നയ ഉപദേശക പിന്തുണ, എഐ സ്വീകാര്യം, നൂതനാശയം എന്നിവയിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ഏകോപനം എന്നിവ നൽകുന്നു.

കമ്മിറ്റി കൂടുതലായി ശുപാർശ ചെയ്തത്:

  • മൊത്തത്തിലുള്ള നയ വികസനം ഏകോപിപ്പിക്കുന്നതിനും എഐ ഭരണ ചട്ടക്കൂടുകളെ ദേശീയ മുൻഗണനകളുമായും തന്ത്രപരമായ ലക്ഷ്യങ്ങളുമായും അനുയോജിപ്പിക്കുന്നതിനും ഒരു എഐ ഗവേണൻസ് ഗ്രൂപ്പ് (AIGG) സ്ഥാപിക്കുക.
  • എഐ ഗവേണൻസുമായി ബന്ധപ്പെട്ട ദേശീയവും അന്തർദേശീയവുമായ പ്രാധാന്യമുള്ള കാര്യങ്ങളിൽ എഐ ഗവേണൻസ് ഗ്രൂപ്പിന് വിദഗ്ദ്ധ ഉപദേശം നൽകുന്നതിന് ഒരു സാങ്കേതികവിദ്യ, നയവിദഗ്ദ്ധ സമിതി (TPEC) രൂപീകരിക്കുക.
  • ഗവേഷണം നടത്തുന്നതിനും, കരട് മാനദണ്ഡങ്ങളും അവയുടെ മൂല്യനിർണ്ണയ അളവുകളും, പരീക്ഷണ രീതികളും നാഴികക്കല്ലുകളും വികസിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും, ദേശീയ മാനകീകരണ നിർമ്മാണ സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനും, റെഗുലേറ്റർമാർക്കും വ്യവസായത്തിനും സാങ്കേതിക മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ഇന്ത്യാഎഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിന് മതിയായ വിഭവങ്ങൾ നൽകുക.

 

സമഗ്ര ഗവൺമെൻ്റ് സമീപനം

 

എഐ നയം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും എല്ലാ പ്രസക്തമായ മന്ത്രാലയങ്ങളും, മേഖലാ നിയന്ത്രകരും, മാനദണ്ഡ സ്ഥാപനങ്ങളും, പൊതു സ്ഥാപനങ്ങളും സഹകരിക്കുന്ന ഒരു ഏകോപിത ചട്ടക്കൂട്. ഇത് തന്ത്രങ്ങളുടെ വിന്യാസം ഉറപ്പാക്കുകയും, ഇരട്ടിപ്പ് ഒഴിവാക്കുകയും, മേഖലകളിലുടനീളം ഏകീകൃത ഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

ഭാഗം 3: പ്രവർത്തന പദ്ധതി

 

എഐ ഭരണത്തിൻ്റെ സ്ഥാപനവൽക്കരണം, അപകടസാധ്യത കുറയ്ക്കൽ, മേഖലകളിലുടനീളം സുസ്ഥിരമായ സ്വീകാരം എന്നിവയ്ക്കായി വിവിധ ഘട്ടമായുള്ള കർമപദ്ധതി തയ്യാറാക്കുന്നു. സാങ്കേതിക പുരോഗതികളോടും ഉയർന്നുവരുന്ന അപകടസാധ്യതകളോടും പ്രതികരിക്കുന്നതിനൊപ്പം, ഭരണ തത്വങ്ങളെ ഉത്തരവാദിത്വമുള്ളതും, വിപുലവും, ഉൾക്കൊള്ളുന്നതുമായ ഫലങ്ങളാക്കി മാറ്റുന്നതിന്, മധ്യകാല, ദീർഘകാല പരിഷ്കാരങ്ങളുമായി ഹ്രസ്വകാല മുൻഗണനകളെ ഇത് ചേർത്ത് വെയ്ക്കുന്നു.

 

ഹ്രസ്വകാലം 

  • എ.ഐ.ജി.ജി, ടി.പി.ഇ.സി തുടങ്ങിയ പ്രധാന ഭരണ സ്ഥാപനങ്ങൾ സ്ഥാപിക്കുക.
  • മേഖലാ ഇൻപുട്ടുകൾ ഉപയോഗിച്ച് ഇന്ത്യ-നിർദ്ദിഷ്ട എഐ അപകടസാധ്യത വിലയിരുത്തലും വർഗ്ഗീകരണ ചട്ടക്കൂടുകളും വികസിപ്പിക്കുക.
  • നിയന്ത്രണ വിടവ് വിശകലനം നടത്തുക, ഉചിതമായ നിയമ ഭേദഗതികളും നിയമങ്ങളും നിർദ്ദേശിക്കുക. ഉത്തരവാദിത്വമുള്ള നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും സ്വമേധയാ ഉള്ള ചട്ടക്കൂടുകൾ സ്വീകരിക്കുക.
  • ബാധകമായ നിയന്ത്രണങ്ങളും മികച്ച രീതികളും ഉൾപ്പെടുത്തി ഒരു മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിക്കുക.
  • എഐ സംഭവങ്ങളുടെ ഡാറ്റാബേസിനും പരാതി പരിഹാര സംവിധാനങ്ങൾക്കും വേണ്ടിയുള്ള അടിസ്ഥാന വസ്തുതകൾ തയ്യാറാക്കുകയും വ്യക്തമായ ബാധ്യതാ വ്യവസ്ഥകൾ വികസിപ്പിക്കുകയും ചെയ്യുക.
  • എഐയുടെ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം വികസിപ്പിക്കുക. 
  • പൊതുജന അവബോധ പരിപാടികൾ ആരംഭിക്കുകയും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനം പ്രവർത്തിപ്പിക്കുകയും ചെയ്യുക.

 

മധ്യകാലം

  • പൊതു മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കുക (ഉദാ. ഉള്ളടക്ക പ്രാമാണീകരണം, ഡാറ്റ സമഗ്രത, ന്യായബോധം, സൈബർ സുരക്ഷ)
  • പ്രാദേശികവൽക്കരിച്ച റിപ്പോർട്ടിംഗും അഭിപ്രായ സാധ്യതകളും ഉപയോഗിച്ച് ദേശീയ എഐ സംഭവ ഡാറ്റാബേസ് പ്രവർത്തിപ്പിക്കുക.
  • നിയന്ത്രണ പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യാനുസരണം നിയമങ്ങൾ ഭേദഗതി ചെയ്യുക.
  • ഉയർന്ന അപകടസാധ്യതയുള്ള ഡൊമെയ്‌നുകളിൽ മുൻഗണന അടിസ്ഥാനത്തിൽ നിയന്ത്രണ ചട്ടക്കൂടുകൾ.
  • നയപരമായ പിന്തുണയോടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ (DPI) എഐയുമായി സംയോജിപ്പിക്കുക.  

 

 ദീർഘ കാലം 

  • ഈ കർമ പദ്ധതിക്ക് കീഴിലുള്ള ഭരണ ചട്ടക്കൂടും പ്രവർത്തനങ്ങളും തുടർച്ചയായി അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക.
  • ഉയർന്നുവരുന്ന അപകടസാധ്യതകളും കഴിവുകളും കണക്കിലെടുക്കുന്നതിന് പുതിയ നിയമങ്ങൾ സ്വീകരിക്കുക.
  • ആഗോള നയതന്ത്ര ഇടപെടൽ വികസിപ്പിക്കുകയും മാനദണ്ഡ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുക.
  • ഭാവിയിലെ അപകടസാധ്യതകൾക്കും അവസരങ്ങൾക്കും തയ്യാറെടുക്കുന്നതിനായി സീമാതീത സഹകരണവും സാഹചര്യ ആസൂത്രണവും നടത്തുക.

 

സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും, അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെയും, ഉത്തരവാദിത്വമുള്ള എഐ സ്വീകാര്യത പ്രാപ്തമാക്കുന്നതിലൂടെയും, മേഖലകളിലുടനീളം നൂതനാശയം, വിശ്വാസം, ഉത്തരവാദിത്വം എന്നിവ വളർത്തിയെടുക്കുന്നതിലൂടെയും പ്രായോഗിക സ്വാധീനം ചെലുത്തുന്നതിനാണ് ഗവേണൻസ് മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹ്രസ്വകാലത്തേക്ക്, ഏകോപിത സ്ഥാപനങ്ങൾ, ഇന്ത്യ-നിർദ്ദിഷ്ട അപകട സാധ്യത ചട്ടക്കൂടുകൾ, സംഭവ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ, സ്വമേധയാ ഉള്ള അനുസരണം, പൊതു അവബോധ സംരംഭങ്ങൾ എന്നിവ വിശ്വാസവും ഭരണ ശേഷിയും വളർത്തിയെടുക്കും. മധ്യ കാലയളവിൽ, പൊതു മാനദണ്ഡങ്ങൾ, നിയന്ത്രണ ചട്ടക്കൂടുകൾ, പരിഷ്കരിച്ച നിയമങ്ങൾ, DPI സംയോജനം എന്നിവ സുരക്ഷിതമായ നൂതനാശയത്തെയും സുഗമമായ അനുസരണത്തെയും പിന്തുണയ്ക്കും. ദീർഘകാലാടിസ്ഥാനത്തിൽ, ശക്തമായ ഉത്തരവാദിത്വം, ഉയർന്നുവരുന്ന അപകടസാധ്യതകളോടുള്ള പ്രതിരോധം, ഉത്തരവാദിത്വമുള്ള എഐ ഭരണത്തിൽ മെച്ചപ്പെട്ട ആഗോള നേതൃത്വം എന്നിവയുള്ള ഒരു സന്തുലിതവും ചടുലവും ഭാവി സജ്ജവുമായ എഐ ഭരണ നിർവഹണ ആവാസവ്യവസ്ഥ ഇന്ത്യ സ്ഥാപിക്കും.

 

ഈ ഫലങ്ങൾ ഒരുമിച്ച് ചേർന്ന് ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥയെ നൂതനവും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമാക്കി മാറ്റും. കൂടാതെ, സാമൂഹിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സാങ്കേതിക പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതായും ഉറപ്പാക്കും.

 

 

ഭാഗം 4: വ്യവസായത്തിനും നിയന്ത്രകർക്കും വേണ്ടിയുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ

 

എഐ ഗവേണൻസ് ചട്ടക്കൂടിൻ്റെ സ്ഥിരവും ഉത്തരവാദിത്വപരവുമായ നിർവഹണം പ്രാപ്തമാക്കുന്നതിന്, ഗവൺമെൻ്റ് ഏജൻസികളുടെയും മേഖലാ നിയന്ത്രണ ഏജൻസികളുടെയും നയരൂപീകരണത്തിനും നിർവ്വഹണത്തിനും വഴികാട്ടുന്നതിനുമുള്ള തത്വങ്ങൾക്കൊപ്പം, എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലോ വിന്യസിക്കുന്നതിനോ ഉൾപ്പെട്ടിരിക്കുന്ന വ്യവസായ പങ്കാളികൾക്ക് കമ്മിറ്റി പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകുന്നു. നൂതനാശയങ്ങളെയും അവയുടെ സ്വീകാര്യത്തെയും പിന്തുണയ്ക്കുന്നതിനും, അപകടസാധ്യതകൾ ആനുപാതികമായും സാഹചര്യത്തിന് അനുയോജ്യമായ രീതിയിലും പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത്.

 

ഇന്ത്യയിൽ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലോ വിന്യസിക്കുന്നതിലോ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും ഇനിപ്പറയുന്നവ പിന്തുടരണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു:

 

  • വിവരസാങ്കേതികവിദ്യ, ഡാറ്റാ സംരക്ഷണം, പകർപ്പവകാശം, ഉപഭോക്തൃ സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ, എഐ സംവിധാനത്തിന് ബാധകമായേക്കാവുന്ന മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ എല്ലാ ഇന്ത്യൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക.
  • പ്രസക്തമായ ഏജൻസികളോ മേഖലാ നിയന്ത്രണ ഏജൻസികളോ ആവശ്യപ്പെടുമ്പോൾ ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുക.
  • സ്വകാര്യത, സുരക്ഷ; നീതി, ഉൾക്കൊള്ളൽ; വിവേചനമില്ലായ്മ; സുതാര്യത; മറ്റ് സാങ്കേതികവും സംഘടനാപരവുമായ നടപടികൾ എന്നിവയുൾപ്പെടെ സ്വമേധയാ ഉള്ള നടപടികൾ (തത്ത്വങ്ങൾ, കോഡുകൾ, മാനദണ്ഡങ്ങൾ) സ്വീകരിക്കുക.
  • എഐയുമായി ബന്ധപ്പെട്ട ദോഷവശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രാപ്തമാക്കുന്നതിനും ന്യായമായ സമയപരിധിക്കുള്ളിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉറപ്പാക്കുന്നതിനും ഒരു പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക.
  • ഇന്ത്യൻ സാഹചര്യത്തിൽ വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാകുന്ന ഹാനികര സാധ്യത വിലയിരുത്തുന്ന സുതാര്യത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക. അവയിൽ എന്തെങ്കിലും സെൻസിറ്റീവ് അല്ലെങ്കിൽ ഉടമസ്ഥാവകാശ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ, റിപ്പോർട്ടുകൾ രഹസ്യമായി ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളുമായി പങ്കിടണം.
  • സ്വകാര്യത വർദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യകൾ, മെഷീൻ അൺലേണിംഗ് കഴിവുകൾ, അൽഗോരിതമിക് ഓഡിറ്റിംഗ് സംവിധാനം, ഓട്ടോമേറ്റഡ് ബയസ് ഡിറ്റക്ഷൻ സംവിധാനം എന്നിവയുൾപ്പെടെ എഐയുടെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് സാങ്കേതിക-നിയമ പരിഹാരങ്ങളുടെ ഉപയോഗം പര്യവേക്ഷണം ചെയ്യുക.

 

വിവിധ ഏജൻസികൾക്കും മേഖലാ നിയന്ത്രണ ഏജൻസികൾക്കും അതത് മേഖലകളിലെ നയരൂപീകരണത്തിനും നടപ്പാക്കലിനും വഴികാട്ടുന്നതിനായി കമ്മിറ്റി ഇനിപ്പറയുന്ന തത്വങ്ങൾ നിർദ്ദേശിക്കുന്നു:

 

  • ഏതൊരു നിർദ്ദിഷ്ട എഐ ഗവേണൻസ് ചട്ടക്കൂടിൻ്റെയും ലക്ഷ്യങ്ങൾ നൂതനാശയം, സ്വീകാര്യം, സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സമൂഹത്തിന് വിതരണം ചെയ്യൽ എന്നിവയെ പിന്തുണയ്ക്കുക, അതേസമയം നയപരമായ സംവിധാനങ്ങളിലൂടെ അപകടസാധ്യതകൾ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ്.
  • ഭരണ ചട്ടക്കൂടുകൾ വഴക്കമുള്ളതും ചടുലവുമായിരിക്കണം. അതുവഴി പങ്കാളികളുടെ അഭിപ്രായം അടിസ്ഥാനമാക്കി ആനുകാലിക അവലോകനങ്ങൾ, നിരീക്ഷണം, പുനക്രമീകരണം എന്നിവ സാധ്യമാക്കണം.
  • അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് നയ സംവിധാനം ഉപയോഗിക്കുമ്പോൾ, ജീവന്, അല്ലെങ്കിൽ ഉപജീവനമാർഗ്ഗത്തിന് യഥാർത്ഥവും നിലവിലുള്ളതുമായ ദോഷമോ ഭീഷണിയോ ഉള്ളവയ്ക്ക് റെഗുലേറ്റർമാർ മുൻഗണന നൽകണം.
  • ആവശ്യമെങ്കിൽ മാത്രമേ നിർദ്ദിഷ്ട എഐ ഗവേണൻസ് ചട്ടക്കൂടുകളിൽ നിന്ന് കർശനമായ ആവശ്യകതകൾ (ഉദാഹരണത്തിന്, നിർബന്ധിത അംഗീകാരങ്ങൾ, ലൈസൻസിംഗ് വ്യവസ്ഥകൾ മുതലായവ) ഒഴിവാക്കാവൂ.
  • ആവശ്യമുള്ള ലക്ഷ്യം കൈവരിക്കുന്നതിന് ഏറ്റവും ഉപയോഗപ്രദവും പ്രസക്തവും ഏറ്റവും ലളിതവും ഏത് തരത്തിലുള്ള നയ സംവിധാനമാണെന്ന് ഉചിതമായ റെഗുലേറ്ററോ ഏജൻസിയോ നിർണ്ണയിക്കണം (ഉദാഹരണത്തിന്, വ്യവസായ കോഡുകൾ, സാങ്കേതിക മാനദണ്ഡങ്ങൾ, മാർഗ്ഗനിർദേശം, ബൈൻഡിംഗ് നിയമങ്ങൾ)
  • സ്വകാര്യത, സൈബർ സുരക്ഷ, നീതി, സുതാര്യത തുടങ്ങിയ നയപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതിക-നിയമ സമീപനങ്ങളുടെ ഉപയോഗം റെഗുലേറ്റർമാർ പ്രോത്സാഹിപ്പിക്കണം. അത്തരം നയപരമായ നടപടികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

 

ഇന്ത്യയിൽ എഐ സംവിധാനങ്ങളുടെ സ്ഥിരതയുള്ളതും നിയമാനുസൃതവും ഉത്തരവാദിത്വമുള്ളതുമായ വികസനത്തിനും വിന്യാസത്തിനും പിന്തുണ നൽകുക എന്നതാണ് ഈ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങളുടെ ലക്ഷ്യം. വ്യവസായത്തിനായുള്ള പ്രതീക്ഷകൾ വ്യക്തമാക്കുന്നതിലൂടെയും റെഗുലേറ്റർമാരുടെ ആനുപാതിക നയ നടപടികൾക്ക് മാർഗനിർദേശം നൽകുന്നതിലൂടെയും, വിവിധ മേഖലകളിൽ വിശ്വാസം, ഉത്തരവാദിത്വo, അപകടസാധ്യതയുടെ ഫലപ്രദമായ കൈകാര്യം  എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനാശയവും ദത്തെടുക്കലും പ്രാപ്തമാക്കുക എന്നതാണ് അവയുടെ ലക്ഷ്യം.

 

ഉപസംഹാരം

 

രാജ്യത്ത് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ വികസനവും നിർമിത ബുദ്ധിയുടെ സ്വീകാര്യതയും  പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രായോഗികവും സന്തുലിതവും ചടുലവുമായ ചട്ടക്കൂടാണ് ഇന്ത്യ എഐ ഗവേണൻസ് മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നത്. ഇത് ഏഴ് മാർഗ്ഗനിർദ്ദേശ സൂത്രങ്ങളിൽ വേരൂന്നിയതാണ് - വിശ്വാസത്തിൻ്റെ അടിത്തറ, ജനങ്ങൾ ആദ്യം, നിയന്ത്രണത്തിന് ഉപരിയായി നൂതനാശയം, ന്യായവും തുല്യതയും, ഉത്തരവാദിത്വo, രൂപകൽപ്പനയിലൂടെ മനസ്സിലാക്കാവുന്നത്, സുരക്ഷ, പ്രതിരോധശേഷിയും സുസ്ഥിരതയും. ആനുപാതികവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ നടപടികളിലൂടെ വ്യക്തികൾക്കും സമൂഹത്തിനുമുള്ള അപകടസാധ്യതകൾ ഫലപ്രദമായി അഭിസംബോധന ചെയ്യുമ്പോൾ സമഗ്രമായ വികസനം, സാമ്പത്തിക വളർച്ച, ആഗോള മത്സരശേഷി എന്നിവയ്ക്ക് എഐ ഒരു സഹായിയായി വർത്തിക്കുന്നുവെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ഉറപ്പാക്കുന്നു.

 

 ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോഡൽ മന്ത്രാലയമായി, തന്ത്രപരമായ ഏകോപനത്തിനായുള്ള എഐ ഗവേണൻസ് ഗ്രൂപ്പ്, വിദഗ്ദ്ധ ഉപദേശത്തിനായുള്ള സാങ്കേതികവിദ്യ, നയ വിദഗ്ദ്ധ സമിതി, സാങ്കേതിക മൂല്യനിർണ്ണയത്തിനും സുരക്ഷാ ഗവേഷണത്തിനുമുള്ള എഐ സുരക്ഷ ഇൻസ്റ്റിറ്റ്യൂട്ട്, ഡൊമെയ്ൻ-നിർദ്ദിഷ്ട നിർവ്വഹണത്തിനായുള്ള മേഖലാ നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഏകോപിത സ്ഥാപന നേതൃത്വത്താൽ പ്രാപ്തമാക്കപ്പെട്ട ഈ ചട്ടക്കൂട്, നൂതനാശയം വളർത്തുന്നതിനും, പൊതുജന വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനും, ആഗോള എഐ ആവാസവ്യവസ്ഥയിൽ ഇന്ത്യയെ ഉത്തരവാദിത്വമുള്ള നേതൃത്വമായി സ്ഥാപിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

 

ഈ ഘടനാപരവും ഭാവിസജ്ജവുമായ സംവിധാനത്തിലൂടെ, ഏവർക്കും എഐ എന്ന ദർശനം സാക്ഷാത്കരിക്കാനും, നിർമിത ബുദ്ധിയുടെ പരിവർത്തന സാധ്യത 2047 ഓടെ വികസിത ഭാരതത്തിൻ്റെ ദേശീയ അഭിലാഷത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും, ആനുകൂല്യങ്ങൾ ഓരോ പൗരനും സുരക്ഷിതവും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ രീതിയിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു

English PDF

****

(Explainer ID: 157628) आगंतुक पटल : 17
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Kannada
Prime Minister mygov.in Content Link
National Portal Of India
STQC Certificate