Farmer's Welfare
കാര്‍ഷിക അനുബന്ധ മേഖലകളുടെ ശാക്തീകരണവും വിപണി ലഭ്യതയും
ഇന്ത്യയുടെ കന്നുകാലി-മത്സ്യബന്ധന മേഖലയുടെ പരിവർത്തനം
Posted On:
01 MAR 2026 10:37AM
പ്രധാന വസ്തുതകള്‍
-
കൃഷിയും അനുബന്ധ മേഖലകളും 3% മുതല്‍ 5% വരെ സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ ക്രമാനുഗത വളർച്ച കൈവരിച്ചു; കന്നുകാലി-മത്സ്യബന്ധന മേഖലകൾ പ്രതിവർഷം 5% മുതല്‍ 6% വരെ വളര്‍ച്ച നേടി ഗ്രാമീണ വരുമാന വൈവിധ്യവൽക്കരണത്തെ ശക്തിപ്പെടുത്തുന്നു.
-
ആഗോള ഉല്പാദനത്തിൻ്റെ ഏകദേശം 25% സംഭാവന ചെയ്ത് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുല്പാദകരായി മുന്നേറുന്നു; ഉല്പാദനം 2014-15 -ലെ 146.31 മില്യണ്‍ ടണ്ണിൽ നിന്ന് 2024-25-ല്‍ 247.87 മില്യണ്‍ ടണ്ണായി വര്‍ധിച്ചു. 69% വളർച്ചയാണിത്.
-
മുട്ട ഉല്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. ഉല്പാദനം 78.48 ബില്യണില്‍നിന്ന് നിന്ന് 149.11 ബില്യണായി വർധിച്ചു; പ്രതിശീർഷ ലഭ്യത പ്രതിവർഷം 62-ൽ നിന്ന് 106 ആയും ഉയർന്നു.
-
ലോകത്തെ രണ്ടാമത് വലിയ മത്സ്യോല്പാദക രാജ്യമായ ഇന്ത്യയുടെ ഉല്പാദനം 9.58 മില്യണ്‍ ടണ്ണിൽ നിന്ന് 19.77 മില്യണ്‍ ടണ്ണിലേക്ക് ഉയർന്നു. ഇത് ആഗോള ഉല്പാദനത്തിൻ്റെ ഏകദേശം 8% സംഭാവന നല്‍കുകയും 30 ദശലക്ഷത്തിലേറെ പേരുടെ ഉപജീവനമാർഗത്തിന് പിന്തുണയേകുകയും ചെയ്യുന്നു.
-
6.69 മില്യണ്‍ ടണ്ണിൽ നിന്ന് 10.50 മില്യണ്‍ ടണ്ണായി വര്‍ധിച്ച ഇറച്ചി ഉല്പാദനം ഇന്ത്യയെ ലോകത്തെ നാലാമത് വലിയ ഉല്പാദകരാക്കി മാറ്റുന്നു.
-
2026-27 കേന്ദ്ര ബജറ്റ് മത്സ്യബന്ധന മേഖലയ്ക്ക് 2,761.80 കോടി രൂപയും മത്സ്യബന്ധന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന് 6,153.46 കോടി രൂപയും (16% വർധന) വകയിരുത്തി. ഇത് ഈ രംഗത്തെ സുസ്ഥിര നിക്ഷേപം ശക്തിപ്പെടുത്തുന്നു.
ആമുഖം
കന്നുകാലി വളർത്തൽ, ക്ഷീരോല്പാദനം, പക്ഷിവളർത്തൽ, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ മേഖലകളുടെ വിപുലീകരണത്തിലൂടെ ഇന്ത്യയുടെ കാർഷിക പുരോഗതിക്ക് വലിയ പിന്തുണ ലഭിക്കുന്നു. കാർഷിക രംഗത്തെ മൊത്ത മൂല്യവർധിത വിഹിതത്തിലും ഗ്രാമീണ തൊഴിലവസരങ്ങളിലും പ്രധാന പങ്കുവഹിക്കുന്നവയായി ഈ മേഖലകൾ മാറിയിരിക്കുന്നു. കഴിഞ്ഞ ദശകം വിപുലമായ സർക്കാർ പരിശ്രമങ്ങളുടെയും സ്വകാര്യ നൂതനാശയങ്ങളുടെയും വലിയ ആഭ്യന്തര ആവശ്യകതയുടെയും കരുത്തിൽ കൃഷിയും അനുബന്ധ മേഖലകളും 3% മുതല്‍ 5% വരെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ച് സുസ്ഥിര വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2047-ഓടെ ഈ മേഖല മൂന്ന് മടങ്ങ് വിപുലീകരിക്കപ്പെടാനും ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകാനും സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഗ്രാമീണ ഉപജീവനമാർഗങ്ങൾ വലിയതോതിൽ കൃഷിയെ അടിസ്ഥാനമാക്കിയാണെങ്കിലും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും വരുമാനത്തിലെ അനിശ്ചിതത്വവുമെല്ലാം അധിക വരുമാന സ്രോതസ്സുകൾ സ്വീകരിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിച്ചു. ചെറുകിട-നാമമാത്ര കർഷകരെ സംബന്ധിച്ചിടത്തോളം ഓരോ കാലയളവിലെയും വരുമാനത്തിലെ വ്യതിയാനങ്ങൾ പരിഹരിക്കാനും കൂടുതൽ സ്ഥിരതയാര്‍ന്ന വരുമാനം ഉറപ്പാക്കാനും ഈ വൈവിധ്യവൽക്കരണം സുപ്രധാന മാർഗമായി മാറിയിരിക്കുന്നു.
നഷ്ടസാധ്യത കുറയ്ക്കാനും വീടുകളിലെ ഉപഭോഗം സുഗമമാക്കാനുമായി കാര്‍ഷിക, അനുബന്ധ പ്രവർത്തനങ്ങളില്‍നിന്നും കാർഷികേതര പ്രവർത്തനങ്ങളില്‍നിന്നും നേടുന്ന വരുമാനം വൈവിധ്യവൽക്കരണത്തിൽ ഉൾപ്പെടുന്നു. കൃഷി ഉപേക്ഷിക്കുന്നതിന് പകരം കൃഷി കേന്ദ്രമായി നിലനിര്‍ത്തി ഒന്നിലധികം ഉപജീവന മാർഗങ്ങളുടെ പിന്തുണയോടെ കൂടുതൽ സംയോജിതവും പ്രതിരോധാത്മകവുമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതിഫലിപ്പിക്കുന്നു. സഹകരണ സംഘങ്ങൾ, കാര്‍ഷികോല്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയ കരുത്തുറ്റ പ്രസ്ഥാനങ്ങൾ വായ്പ, സാങ്കേതികവിദ്യ, സംഘടിത വിപണികൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചത് ചെറുകിട ഉല്പാദകർക്ക് മൂല്യശൃംഖലകളുമായി മികച്ച രീതിയിൽ ബന്ധപ്പെടാൻ വഴിയൊരുക്കി.
കന്നുകാലി വളർത്തലും മത്സ്യബന്ധനവും: ഗ്രാമീണ വരുമാന വൈവിധ്യവൽക്കരണത്തിൻ്റെയും വളർച്ചയുടെയും ചാലകശക്തി

കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ കന്നുകാലി വളർത്തലും മത്സ്യബന്ധനവും ഏകദേശം 5 മുതല്‍ 6 ശതമാനം വരെ സ്ഥിരതയാർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ വരുമാന വര്‍ധനയില്‍ ഇവയുടെ തന്ത്രപരമായ പ്രാധാന്യത്തെയാണ് ഇത് അടിവരയിടുന്നത്. കൃത്യവും താരതമ്യേന പ്രവചിക്കാവുന്നതുമായ പണമൊഴുക്ക് ഉറപ്പാക്കുന്നുവെന്നതാണ് ഇവയുടെ സാമ്പത്തിക പ്രാധാന്യം. ക്ഷീരോല്പാദനം പതിവ് പാൽ വിൽപ്പനയിലൂടെ തുടർച്ചയായ വരുമാനം സാധ്യമാക്കുമ്പോൾ മത്സ്യബന്ധനം ഒന്നിലേറെ ഉല്പാദക ചക്രങ്ങളിലൂടെ സുസ്ഥിര തൊഴിലവസരങ്ങൾ നൽകുന്നു. കൂടാതെ ക്ഷീരോല്പാദനത്തെ ആശ്രയിക്കുന്ന ഗ്രാമീണ കുടുംബങ്ങൾ സാധാരണ ആഹാരത്തിനും കാലിത്തീറ്റയ്ക്കും കൃഷിയെ കന്നുകാലി വളർത്തലുമായി സംയോജിപ്പിക്കുന്നു. ഇത് വിഭവങ്ങളുടെ പുനരുപയോഗം സാധ്യമാക്കുകയും ബാഹ്യ അസംസ്‌കൃത വസ്തുക്കളുടെ ആശ്രയം കുറയ്ക്കുകയും ചെയ്യുന്നു. ഏക വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന ഇത്തരം വൈവിധ്യവൽക്കരണ നടപടികള്‍ പ്രത്യേക കാര്‍ഷിക കാലയളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും വിപണി ആഘാതങ്ങളെയും പ്രതിരോധിക്കാന്‍ ശേഷി വർധിപ്പിക്കുന്നു.
2014-15, 2023-24 സാമ്പത്തിക വർഷങ്ങൾക്കിടയിൽ ഈ മേഖലയുടെ മൊത്ത മൂല്യവർധിത വിഹിതത്തിലുണ്ടായ ഏകദേശം 195 ശതമാനത്തിൻ്റെ വര്‍ധന നിലവിലെ വിപണി വിലയിലെ 12.77 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു. 2026–27 കേന്ദ്ര ബജറ്റിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിന് 6,153.46 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് 2025–26 സാമ്പത്തിക വർഷത്തെ 5,302.83 കോടി രൂപയിയെക്കാള്‍ 16 ശതമാനം കൂടുതലാണ്. കന്നുകാലി ഇനങ്ങളെ മെച്ചപ്പെടുത്തല്‍, മൃഗസംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കല്‍, രോഗനിയന്ത്രണം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ വരുമാന വൈവിധ്യവൽക്കരണത്തിലും ഉപജീവന സുരക്ഷയിലും മേഖലയുടെ പങ്കിനെ ഈ വിപുലീകരണം അടിവരയിടുന്നു.
കന്നുകാലി-മത്സ്യബന്ധന മേഖലയിൽ ആഗോളതലത്തിൽ മുൻനിരയിൽ ഇന്ത്യ
ലോകത്തെ പാലുല്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ഉല്പാദനത്തിൻ്റെ ഏകദേശം 25 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ 5.41 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ഈ മേഖലയുടെ ഉല്പാദനം 2014–15-ലെ 146.31 ദശലക്ഷം ടണ്ണിൽ നിന്ന് 2024–25-ൽ 247.87 ദശലക്ഷം ടണ്ണായി വർധിച്ചു. 69.4 ശതമാനത്തിലധികം വളർച്ചയാണിത്. സുസ്ഥിരമായ ഈ വളര്‍ച്ച പോഷകാഹാര ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കുകയും 2024–25-ലെ 485 ഗ്രാം പ്രതിദിന പ്രതിശീർഷ പാൽ ലഭ്യതയില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ആഗോള ശരാശരിയായ 328 ഗ്രാമിനേക്കാൾ ഏറെ കൂടുതലാണിത്.

മുട്ട ഉല്പാദനത്തിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ രണ്ടാം സ്ഥാനമുണ്ട്. ദേശീയ ഉല്പാദനം 2014–15-ലെ 78.48 ബില്യണില്‍നിന്ന് 2024–25-ൽ ഏകദേശം 149.11 ബില്യണായി വർധിച്ചു. പത്ത് വർഷത്തിനിടെ 6.63 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് ഇത് രേഖപ്പെടുത്തുന്നത്. സുസ്ഥിരമായ ഈ വളർച്ച പോഷകാഹാര ലഭ്യത മെച്ചപ്പെടുന്നതിലേക്ക് നയിക്കുകയും 2014–15-ല്‍ പ്രതിവർഷം 62 ആയിരുന്ന പ്രതിശീർഷ മുട്ട ലഭ്യത 2024–25-ൽ 106 ആയി ഉയരുകയും ചെയ്തു.
ലോകത്തെ രണ്ടാമത് വലിയ മത്സ്യോല്പാദക രാജ്യമാണ് ഇന്ത്യ. 2013-14 സാമ്പത്തിക വർഷത്തിലെ 9.58 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 സാമ്പത്തിക വർഷം 19.77 ദശലക്ഷം ടണ്ണായി ഉല്പാദനം വർധിച്ചു. ആഗോള ഉല്പാദനത്തിൻ്റെ ഏകദേശം 8 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖല 30 ദശലക്ഷത്തിലേറെ പേരുടെ ഉപജീവനമാർഗം പിന്തുണയ്ക്കുന്നു. തൽഫലമായി നീല സമ്പദ്‍വ്യവസ്ഥയുടെ കേന്ദ്ര സ്തംഭമായി ഇത് നിലകൊള്ളുന്നു. ഏകദേശം 4,434 മത്സ്യബന്ധന ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന തീരദേശ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് ഉല്പാദനത്തിൻ്റെ 72 ശതമാനവും സമുദ്രവിഭവ കയറ്റുമതിയുടെ 76 ശതമാനവും കൈകാര്യം ചെയ്യുന്നു. പ്രധാന മത്സ്യ ഉല്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതും ആഭ്യന്തര ആവശ്യകത, കയറ്റുമതി മത്സരക്ഷമത എന്നിവ വർധിപ്പിക്കുന്നതുമായ നയ നടപടികളിലൂടെ കാർഷികരംഗത്തെ മൊത്ത മൂല്യവര്‍ധനയിലേക്ക് ഈ മേഖല 7.43 ശതമാനം സംഭാവന നൽകുന്നു.

ഇറച്ചി ഉല്പാദനത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. 2014–15-ലെ 6.69 മില്യണ്‍ ടണ്ണിൽ നിന്ന് 2024–25-ൽ 10.50 മില്യണ്‍ ടണ്ണായി ഉല്പാദനത്തിലുണ്ടായ വര്‍ധന 4.61 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര, ആഗോള കാർഷിക-ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയിലേക്ക് മുഖ്യസംഭാവന നല്‍കുന്ന ഇന്ത്യയ്ക്ക് ഈ സൂചകങ്ങള്‍ സുപ്രധാന സ്ഥാനം ഉറപ്പാക്കുന്നു.
കന്നുകാലി ഉല്പാദനക്ഷമതയ്ക്ക് നയപരമായ ഇടപെടലുകൾ
ഉല്പാദനക്ഷമത മെച്ചപ്പെടുത്തൽ, മൃഗാരോഗ്യം, കന്നുകാലി ഇനങ്ങളുടെ വികസനം, കന്നുകാലി അധിഷ്ഠിത സംരംഭകത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ദേശീയ കന്നുകാലി വളര്‍ത്തല്‍ ദൗത്യം(NLM), രാഷ്ട്രീയ ഗോകുൽ മിഷൻ(RGM), ദേശീയ മൃഗജന്യ രോഗനിയന്ത്രണ പരിപാടി(NADCT) തുടങ്ങിയ പദ്ധതികളിലൂടെ സർക്കാര്‍ നടത്തുന്ന സവിശേഷ ഇടപെടലുകളാണ് ഇന്ത്യയുടെ കന്നുകാലി മേഖലയുടെ വിപുലീകരണത്തിന് കരുത്തേകുന്നത്. ഈ സംരംഭങ്ങൾ കന്നുകാലി പരിപാലന സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ഉല്പാദന സംബന്ധമായ നഷ്ടസാധ്യതകള്‍ കുറയ്ക്കുകയും ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിരോധശേഷിയാര്‍ന്നതും വൈവിധ്യപൂർണവുമായ വരുമാന സ്രോതസ്സായി കന്നുകാലി വളർത്തലിനെ മാറ്റുകയും ചെയ്തു.
ദേശീയ കന്നുകാലി വളര്‍ത്തല്‍ ദൗത്യം കന്നുകാലി അധിഷ്ഠിത സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും കന്നുകാലി ഇനങ്ങളുടെ ഉല്പാദനക്ഷമത മെച്ചപ്പെടുത്തുകയും ഇറച്ചി, മുട്ട, പാൽ, കാലിത്തീറ്റ എന്നിവയുടെ ഉല്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ ഗോകുൽ മിഷൻ തദ്ദേശീയ പശു വർഗങ്ങളുടെ സംരക്ഷണം, പാൽ ഉല്പാദനക്ഷമത വർധന, ക്ഷീരകർഷകർക്ക് മികച്ച ആദായം ഉറപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ദേശീയ മൃഗജന്യ രോഗനിയന്ത്രണ പരിപാടി കന്നുകാലികൾ, എരുമകൾ, ആടുകൾ, പന്നികൾ എന്നിവയ്ക്ക് കുളമ്പുരോഗത്തിനെതിരെ 100% വാക്സിനേഷൻ നൽകിയും 4 മുതൽ 8 മാസം വരെ പ്രായമുള്ള എല്ലാ പെൺ പശുക്കിടാങ്ങൾക്കും ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയും ഈ രോഗങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നു.
വിദൂരമേഖലയിലടക്കം സേവന ലഭ്യത ഉറപ്പാക്കി കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിതക പുരോഗതി
ജനിതക പുരോഗതിയ്ക്കായി രാഷ്ട്രീയ ഗോകുൽ ദൗത്യത്തിന് കീഴില്‍ നടത്തിവരുന്ന ഇടപെടലുകൾ കന്നുകാലി മേഖലയിലെ ഉല്പാദനക്ഷമതയിലധിഷ്ഠിതമായ വളർച്ചയെ ശക്തിപ്പെടുത്തിയത് ഇപ്രകാരമാണ്:
-
ആകെ 14.56 കോടി കൃത്രിമ ബീജസങ്കലനങ്ങൾ നടത്തുകയും അതിലൂടെ 9.36 കോടി കന്നുകാലികളെ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരികയും 5.62 കോടി കർഷകർക്ക് ഇതിൻ്റെപ്രയോജനം ലഭ്യമാക്കുകയും ചെയ്തു.
-
ഏകദേശം 39,810 ‘മൈത്രി’ കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധർക്ക് പരിശീലനം നൽകിയത് ഗ്രാമതലത്തിലെ സേവന ലഭ്യത ശക്തിപ്പെടുത്തി.
-
ഈ നടപടികൾ ജനിതകരംഗത്തെ ഗുണനിലവാര വര്‍ധന ത്വരിതപ്പെടുത്തുകയും പാലുല്പാദനം കൂട്ടുകയും ക്ഷീരാധിഷ്ഠിത ഉപജീവനമാർഗങ്ങളുടെ വരുമാന സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്തു.

മൃഗാരോഗ്യം ശക്തിപ്പെടുത്തലും നഷ്ടസാധ്യത കുറയ്ക്കലും
കന്നുകാലി ഉല്പാദനക്ഷമതയും വരുമാന സ്ഥിരതയും രോഗനിയന്ത്രണവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ മൃഗജന്യ രോഗനിയന്ത്രണ പരിപാടിയ്ക്ക് കീഴിലെ വിപുലമായ വാക്സിനേഷനും നിരീക്ഷണ പ്രവർത്തനങ്ങളും രോഗബാധ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. 125.75 കോടിയിലധികം കുളമ്പുരോഗ വാക്സിനുകൾ നൽകുകയും ഏകദേശം 26.27 കോടി കർഷകർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുകയും ചെയ്തു. 2025-ൽ വാക്സിനേഷൻ ആടുകളിലേക്കും വ്യാപിപ്പിച്ചു.
രോഗബാധയിലുണ്ടായ ഈ കുറവ് ഉല്പാദനനഷ്ടം ഒഴിവാക്കാൻ സഹായിച്ചു.
ഉപജീവന വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്ന കന്നുകാലി ഉല്പാദനക്ഷമതയിലെ വർധന
ജനിതക-ആരോഗ്യ മേഖലകളിലെ ഇടപെടലുകളുടെ സംയുക്ത സ്വാധീനം കന്നുകാലികളുടെ ഉല്പാദനക്ഷമതയിലുണ്ടായ സുസ്ഥിര പുരോഗതിയിൽ പ്രതിഫലിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കന്നുകാലി സമ്പത്ത് സ്വന്തമായ ഇന്ത്യ ഇറച്ചി ഉല്പാദനത്തിലും പക്ഷിവളര്‍ത്തലിലും ഗണ്യമായ വളർച്ച കൈവരിച്ചു.
-
തദ്ദേശീയവും സങ്കരയിനമല്ലാത്തതുമായ പശുക്കളുടെ പ്രതിവർഷ ഉല്പാദനക്ഷമത 2014-15-ല്‍ ഒരു മൃഗത്തിന് 927 കിലോ ആയിരുന്നത് 2023-24 -ല്‍ 1,292 കിലോയായി വർധിച്ചു. 39.37 ശതമാനത്തിൻ്റെ വർധനയാണിത്.
-
എരുമകളുടെ ഉല്പാദനക്ഷമത ഇതേ കാലയളവിൽ 1,880 കിലോയിൽ നിന്ന് 2,161 കിലോയായി ഉയർന്ന് 14.94 ശതമാനം വളർച്ച രേഖപ്പെടുത്തി.
-
ശരാശരി ഉല്പാദനക്ഷമത 2013-14-ലെ 1,648.17 കിലോയിൽ നിന്ന് 2024-25-ല്‍ 2,079 കിലോയായി ഉയര്‍ന്ന് 27 ശതമാനം വർധന കൈവരിച്ചു.
ആഗോളതലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉല്പാദനക്ഷമത വർധനകളിലൊന്നാണിത്. ക്ഷീരാധിഷ്ഠിത ഉപജീവനമാർഗങ്ങളിലെ വരുമാനം ഇത് നേരിട്ട് വർധിപ്പിക്കുന്നു.

പാൽ സംഭരണവും സംസ്കരണ ശേഷിയും വർധിപ്പിക്കുന്നു

ചെറുകിട കർഷകരെ സംഘടിത സംഭരണ-സംസ്കരണ സംവിധാനങ്ങളുടെ ഭാഗമാക്കി വിപണി സംയോജനം ശക്തിപ്പെടുത്തുന്നതിൽ ക്ഷീര സഹകരണ സംഘങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ക്ഷീര ശൃംഖലയിൽ ഇവ ഉൾപ്പെടുന്നു:
-
22 പാൽ ഫെഡറേഷനുകൾ, 241 ജില്ലാ യൂണിയനുകൾ, 28 വിപണന ഡയറികൾ.
-
ഏകദേശം 2.35 ലക്ഷം ഗ്രാമങ്ങളെയും 1.72 കോടി കർഷക അംഗങ്ങളെയും ഉൾക്കൊള്ളുന്ന 25 പാലുല്പാദക സംഘടനകള്‍.
-
31,908 ക്ഷീര സഹകരണ സൊസൈറ്റികൾ രൂപീകരിക്കപ്പെട്ടു. ഇതുവഴി 17.63 ലക്ഷം ഉല്പാദകർ ഔദ്യോഗിക മൂല്യശൃംഖലയുടെ ഭാഗമാവുകയും പ്രതിദിന പാൽ സംഭരണം 120.68 ലക്ഷം കിലോഗ്രാം വർധിക്കുകയും ചെയ്തു.
-
ഇന്ത്യയുടെ പാൽ സംസ്കരണ ശേഷി നിലവിലെ പ്രതിദിനം 660 ലക്ഷം ലിറ്ററിൽ നിന്ന് 2028-29 ഓടെ 100 മില്യണ്‍ ലിറ്ററായി ഉയർത്താൻ ലക്ഷ്യമിടുന്നു. ഇത് ഭക്ഷ്യസുരക്ഷയ്ക്കും കർഷക വരുമാനത്തിനും വലിയ സംഭാവനകൾ നൽകും.
കന്നുകാലി വളർത്തലിന് ഔദ്യോഗിക വായ്പാ പിന്തുണ
കന്നുകാലി, മത്സ്യബന്ധന മേഖലകളിൽ കുറഞ്ഞ പലിശനിരക്കില്‍ നല്‍കുന്ന ഔദ്യോഗിക വായ്പാ ലഭ്യത ഉപജീവന വൈവിധ്യവൽക്കരണത്തിന് ഏറെ സഹായമായിട്ടുണ്ട്. കേവലം ഉപജീവന പ്രവർത്തനങ്ങളിൽ നിന്ന് ഔദ്യോഗിക വിപണി സംയോജനത്തിലേക്ക് മാറാൻ ഇത് ഉല്പാദകരെ സഹായിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയ്ക്ക് കീഴിൽ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റാനും ആസ്തി രൂപീകരണത്തിനും അനൗദ്യോഗിക വായ്പാ മാർഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അനുബന്ധ മേഖലകളിലേക്ക് വായ്പാ പിന്തുണ വലിയതോതില്‍ വ്യാപിപ്പിച്ചു. അനുബന്ധ കാർഷിക മേഖലയിലെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ മികച്ച രീതിയിൽ ഇടപെടുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
മൃഗസംരക്ഷണ മേഖലയിൽ ആകെ 55.9 ലക്ഷം അപേക്ഷകളിൽ 55.08 ലക്ഷവും സ്വീകരിക്കപ്പെട്ടുവെന്നത് (ഏകദേശം 98.5%) ഫലപ്രദമായ പരിശോധന സംവിധാനങ്ങളെയും സുസ്ഥിര നയ പിന്തുണയെയും പ്രതിഫലിപ്പിക്കുന്നു. 39.22 ലക്ഷം അപേക്ഷകൾ അനുവദിച്ചത് ഗണ്യമായ വായ്പാ പ്രവാഹത്തെയും യഥാർത്ഥ സാമ്പത്തിക പിന്തുണയെയും സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിലെ നയപരമായ ഇടപെടലുകൾ
കഴിഞ്ഞ ദശകം ഇന്ത്യയുടെ മത്സ്യബന്ധന മേഖല പ്രതിവർഷം ശരാശരി 8.74 ശതമാനമെന്ന സുസ്ഥിര വളർച്ചാ നിരക്ക് രേഖപ്പെടുത്തി. ആകെ മത്സ്യോല്പാദനം 2013-14 ലെ 95.79 ലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ 197.75 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഈ ഉയര്‍ച്ചയുടെ പ്രധാന ചാലകശക്തിയായ ഉൾനാടൻ മത്സ്യബന്ധനവും മത്സ്യകൃഷിയും ഇക്കാലയളവിൽ 61.36 ലക്ഷം ടണ്ണിൽ നിന്ന് 151.60 ലക്ഷം ടണ്ണായി ഉയര്‍ന്ന് 147 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

2026-27 കേന്ദ്ര ബജറ്റ് മത്സ്യബന്ധന മേഖലയ്ക്ക് റെക്കോർഡ് തുകയായ 2,761.80 കോടി രൂപയാണ് (ഏകദേശം 332.75 ദശലക്ഷം യുഎസ് ഡോളർ) വകയിരുത്തിയത്. നീല വിപ്ലവത്തിലൂടെ തുടക്കം കുറിച്ച സുസ്ഥിര നിക്ഷേപം ശക്തിപ്പെടുത്താനും മത്സ്യകൃഷിയിലും സമുദ്രവിഭവ കയറ്റുമതിയിലും ഇന്ത്യയുടെ നേതൃസ്ഥാനം ഉറപ്പിക്കാനും ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ, തീരദേശ മേഖലകളിൽ കാർഷികേതര ഉപജീവന വൈവിധ്യവൽക്കരണത്തിലെ പ്രധാന വളർച്ചാശക്തിയായി മത്സ്യബന്ധന മേഖല മാറിയതായി ഈ പാത അടിവരയിടുന്നു.
ആഴക്കടൽ മത്സ്യബന്ധനവും പുറംകടല്‍ മത്സ്യബന്ധനവും ഇന്ത്യയെ ആഗോള സമുദ്രവിഭവ മൂല്യശൃംഖലകളുമായി കൂടുതൽ സംയോജിപ്പിക്കുകയും മേഖലയുടെ സാമ്പത്തിക, ഭക്ഷ്യ സുരക്ഷാ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന(PMMSY), പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന(PM-MKSSY) എന്നീ പദ്ധതികള്‍ക്ക് കീഴിലെ സവിശേഷ ഇടപെടലുകളിലൂടെ ഈ സംയോജനം ശക്തിയാര്‍ജിച്ചു. ഇതുവഴി സമുദ്രവിഭവ കയറ്റുമതി 2013-14 ലെ 30,213 കോടി രൂപയിൽ നിന്ന് 2024-25 ൽ 62,408 കോടി രൂപയായി ഇരട്ടിയിലധികം വര്‍ധന രേഖപ്പെടുത്തുകയും 130-ലധികം രാജ്യങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന ഉല്പാദനം, കയറ്റുമതി, തൊഴിലവസരങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വരുമാനം എന്നിവ വർധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യ വിപുലീകരണം, ആധുനികവല്‍ക്കരണം, മൂല്യശൃംഖല ശക്തിപ്പെടുത്തൽ എന്നിവയിലൂടെ മത്സ്യബന്ധന വികസനം പ്രോത്സാഹിപ്പിക്കുന്നു.
പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന എന്ന പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ ഉപപദ്ധതി ഇൻഷുറൻസ്, വായ്പ, പ്രകടന ആനുകൂല്യങ്ങൾ ഗുണനിലവാരവും ഉറവിടവും ഉറപ്പാക്കല്‍ എന്നിവയിലൂടെ മത്സ്യകർഷകരുടെ വരുമാന സുരക്ഷയും സുസ്ഥിരതയും മെച്ചപ്പെടുത്താനും മേഖലയുടെ ഔദ്യോഗികവൽക്കരണത്തിനും പിന്തുണ നൽകുന്നു.
മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെയും വിപണി ലഭ്യതയുടെയും ശാക്തീകരണം
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയ്ക്ക് കീഴിൽ വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കാനും വിപണി ലഭ്യത മെച്ചപ്പെടുത്താനും ഉല്പാദന വർധനയ്ക്കൊപ്പം വൻതോതില്‍ അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കി.
-
27,189 മത്സ്യ സംഭരണ-ഗതാഗത കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
-
6,733 മത്സ്യ ചില്ലറവില്പന വിപണികളും കിയോസ്കുകളും അനുവദിച്ചു.
-
128 മൂല്യവർധിത സംരംഭക കേന്ദ്രങ്ങള്‍ക്ക് പിന്തുണ നൽകി.
അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുന്നതിന് 2018–19-ൽ 7,522.48 കോടി രൂപ മൂലധന ശേഖരത്തോടെ ആരംഭിച്ച മത്സ്യബന്ധന- മത്സ്യകൃഷി അടിസ്ഥാനസൗകര്യ വികസന ഫണ്ട്, മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യ വിതരണ കേന്ദ്രങ്ങളെയും മത്സ്യകൃഷി കേന്ദ്രങ്ങളെയും ശീതീകരിച്ച വിതരണ ശൃംഖലകളെയും പിന്തുണയ്ക്കുന്നു.
മത്സ്യബന്ധന മേഖലയ്ക്ക് ഔദ്യോഗിക വായ്പാ പിന്തുണ
മത്സ്യബന്ധന മേഖലയിൽ കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ ലഭിച്ച 6.83 ലക്ഷം അപേക്ഷകളില്‍ 6.77 ലക്ഷവും സ്വീകരിക്കപ്പെട്ടു. ഇതിൽ 4.82 ലക്ഷം അപേക്ഷകളില്‍ വായ്പ അനുവദിച്ചത് വായ്പാ ആവശ്യങ്ങൾ ഫലപ്രദമായ സാമ്പത്തിക പിന്തുണയായി മാറിയതിനെ സൂചിപ്പിക്കുന്നു. സാമ്പത്തിക ഉൾച്ചേർക്കൽ, ക്ഷേമ പദ്ധതികൾ എന്നിവ വഴി 4.39 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കി. കൂടാതെ 3.3 ദശലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയും തൊഴിൽ കുറഞ്ഞ കാലയളവിൽ ശരാശരി 7.44 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപജീവന സഹായം നൽകുകയും ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും വരുമാനം സുസ്ഥിരമാക്കുന്നതിലും സംഘടിത വിപണികളുമായി ബന്ധം സുദൃഢമാക്കുന്നതിലും ഔദ്യോഗിക വായ്പാ സംവിധാനങ്ങളുടെ പങ്ക് ഈ നടപടികൾ അടിവരയിടുന്നു.
സമുദ്ര മത്സ്യബന്ധനത്തിൻ്റെ സുസ്ഥിര ഭരണനിര്‍വഹണവും സവിശേഷ സാമ്പത്തിക മേഖല വിഭവങ്ങളും
11,099 കിലോമീറ്ററിലധികം വരുന്ന ഇന്ത്യയുടെ വിപുലമായ തീരപ്രദേശവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന സവിശേഷ സാമ്പത്തിക മേഖലയും 13 തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനത്തിന് താങ്ങായി നിലകൊള്ളുന്നു. സമുദ്ര മത്സ്യബന്ധനം നീല സമ്പദ്‍വ്യവസ്ഥയുടെ തന്ത്രപരമായ ഘടകമാണ്. ഇത് കയറ്റുമതി വരുമാനത്തിനും ദേശീയ പോഷകാഹാര സുരക്ഷയ്ക്കും വലിയ സംഭാവന നൽകുന്നു.
ജലവിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സവിശേഷ സാമ്പത്തിക മേഖലകളിലെയും അന്താരാഷ്ട്ര സമുദ്രത്തിലെയും മത്സ്യവിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച നിയമങ്ങളും മാർഗനിർദേശങ്ങളും (2025) വിജ്ഞാപനം ചെയ്തു. ഇത് സുസ്ഥിരതയ്ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കുമനുസൃതമായ പുരോഗമന നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നു. നേരിട്ട് വിദേശ തുറമുഖങ്ങളിലെത്തിക്കുന്ന മത്സ്യത്തിന് കയറ്റുമതി പദവിയും നികുതി ഇളവുകളും നൽകുന്ന നയങ്ങൾ കർഷകർക്ക് മികച്ച വില ലഭിക്കാനും ആഗോള വിപണിയിൽ മത്സരിക്കാനും സഹായിക്കുന്നു. അതേസമയം, ഉല്പന്നത്തിൻ്റെ ഉറവിടം കണ്ടെത്തൽ, സുസ്ഥിരത, നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. ഗുണനിലവാരം ഉറപ്പാക്കൽ, വിപണി സൗകര്യമൊരുക്കൽ, ശേഷി വികസനം, പാരിസ്ഥിതിക പരിപാലനം എന്നിവയിലൂടെ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി സുസ്ഥിര കയറ്റുമതി വളർച്ചയ്ക്ക് നേതൃത്വം നൽകുന്നു. ഇത് സമുദ്രവിഭവങ്ങളുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗങ്ങള്‍ കൂടുതൽ ശാക്തീകരിക്കാനും സഹായിക്കുന്നു.
ദൗത്യാധിഷ്ഠിത ജലാശയ വികസനവും മത്സ്യബന്ധന മൂല്യശൃംഖല വിപുലീകരണവും
ഏകദേശം 31.5 ലക്ഷം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഉൾനാടൻ ജലാശയ ശൃംഖലകളിലൊന്ന് ഇന്ത്യയ്ക്കുണ്ട്. ഇത് ഉൾനാടൻ മത്സ്യബന്ധനം വിപുലീകരിക്കാന്‍ വലിയ സാധ്യതകൾ തുറക്കുന്നു. അമൃത് സരോവർ ദൗത്യത്തിന് കീഴിൽ കേന്ദ്ര സർക്കാർ 68,827 അമൃത് സരോവറുകളുടെ വികസനം സുഗമമാക്കി. മത്സ്യബന്ധന പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച 1,222 ജലാശയങ്ങളും ഇതിലുൾപ്പെടുന്നു. മത്സ്യകൃഷി, ഉപജീവന വൈവിധ്യവൽക്കരണം, ജല ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. തീരദേശ-ഉൾനാടൻ മേഖലകളിൽ മത്സ്യബന്ധന മൂല്യശൃംഖല കൂടുതൽ ദൃഢമാക്കുന്നതിന് 500 ജലാശയങ്ങളും അമൃത് സരോവറുകളും വികസിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ, വനിതാ കൂട്ടായ്മകൾ, മത്സ്യകൃഷി ഉല്പാദക സംഘങ്ങള്‍ എന്നിവയെ ഉൾപ്പെടുത്തി വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്താനും മൂല്യവർധന ഉറപ്പാക്കാനും ഈ നടപടികൾ ലക്ഷ്യമിടുന്നു. ഇതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സംരംഭകത്വവും സുസ്ഥിര ഉപജീവനമാർഗങ്ങളും വളർത്തിയെടുക്കാനാവും.
കന്നുകാലി-മത്സ്യബന്ധന മേഖലയിലെ വിവരശേഖരാധിഷ്ഠിത സ്ഥാപന പരിഷ്കാരങ്ങൾ
ക്ഷീരമേഖലയിൽ കാര്യക്ഷമതയും സുതാര്യതയും ഉല്പാദക ക്ഷേമവും വർധിപ്പിക്കുന്നതിന് നിർണായക ഉപാധിയായി ഡിജിറ്റല്‍വല്‍ക്കരണം മാറിയിരിക്കുന്നു. പശു ആധാർ എന്ന 12 അക്ക സവിശേഷ കന്നുകാലി തിരിച്ചറിയൽ സംവിധാനം മൃഗാരോഗ്യം, പ്രജനനം, സേവന വിതരണം എന്നിവ രേഖപ്പെടുത്തുന്ന അടിസ്ഥാന ഡിജിറ്റൽ ചട്ടക്കൂട് സ്ഥാപിച്ചു. ഇത് കർഷകർക്കും മൃഗഡോക്ടർമാർക്കും വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും കൃത്യമായ ആസൂത്രണത്തിനും സഹായിക്കുന്നു.
2026 ജനുവരി വരെ 36.45 കോടിയിലധികം കന്നുകാലികളെ ഭാരത് പശുധൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് അനുബന്ധമായി ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ സിസ്റ്റം (എഎംസിഎസ്) ഗുണനിലവാര പരിശോധനയും വിലനിർണയവും യന്ത്രവൽകൃതമാക്കിയതിലൂടെ പാൽ സംഭരണത്തിലെ സുതാര്യത മെച്ചപ്പെടുത്തുകയും സമയബന്ധിതമായി തുക വിതരണം ചെയ്യുന്നത് ഉറപ്പാക്കുകയും ചെയ്തു.
ഇൻ്റർനെറ്റ് അധിഷ്ഠിത ഡയറി ഇൻഫർമേഷൻ സിസ്റ്റം (i-DIS) വിവിധ യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും വിവരങ്ങൾ സംയോജിപ്പിച്ച് പ്രവർത്തനക്ഷമത നിരീക്ഷിക്കാൻ സഹായിക്കുന്നു.
-
നിലവിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ സിസ്റ്റം പ്രവർത്തിക്കുന്നു.
-
ഇത് 26,000-ത്തിലേറെ സഹകരണ സംഘങ്ങളെ ഉൾക്കൊള്ളുകയും 17.3 ലക്ഷം ഉല്പാദകർക്ക് പ്രയോജനം നൽകുകയും ചെയ്യുന്നു.
മത്സ്യബന്ധന മേഖലയിലെ സമാന ഡിജിറ്റൽ പരിഷ്കാരമാണ് 2024-ൽ പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയ്ക്ക് കീഴിൽ ആരംഭിച്ച ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (NFDP). മത്സ്യത്തൊഴിലാളികൾക്കും സംരംഭങ്ങൾക്കും ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനവും ഏകീകൃത ദേശീയ വിവരശേഖരവും NFDP സൃഷ്ടിക്കുന്നു. വായ്പ, ഇൻഷുറൻസ്, ഉറവിടം കണ്ടെത്തല്‍, പ്രകടന ആനുകൂല്യങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. 28 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്ത ഈ സംവിധാനത്തില്‍ 12 ബാങ്കുകൾ സംയോജിപ്പിക്കപ്പെടുകയും 217 വായ്പകൾ വിതരണം ചെയ്യുകയും ചെയ്തു. മത്സ്യബന്ധന മൂല്യശൃംഖലയിലെ ഔദ്യോഗികവൽക്കരണത്തെയും സാമ്പത്തിക ഉൾച്ചേർക്കലിനെയും സുതാര്യതയെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ ഡിജിറ്റൽ സംവിധാനങ്ങൾ ഒത്തുചേരുന്നതോടെ വിപണികളെ പരസ്പരം ബന്ധിപ്പിക്കാനും ഇടപാടുകളുടെ ചെലവ് കുറയ്ക്കാനും കൃത്യമായ വരുമാനം ഉറപ്പാക്കാനും സാധിക്കുന്നു.
സുസ്ഥിര സമുദ്ര-ക്ഷീര സമ്പദ്‌വ്യവസ്ഥകൾ: എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും സുസ്ഥിര വികസന ലക്ഷ്യങ്ങളും
ഇന്ത്യയുടെ സമുദ്ര-ക്ഷീര സമ്പദ്‌വ്യവസ്ഥകൾ സുസ്ഥിര ഉപജീവനമാർഗങ്ങളുടെയും പോഷകാഹാര സുരക്ഷയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും അടിസ്ഥാന സ്തംഭങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഇത് ചേർന്നുനിൽക്കുന്നു. ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖല 20 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതിനാൽ സമുദ്രവിഭവങ്ങളുടെ സുസ്ഥിര നിര്‍വഹണം (SDG 14-ന് അനുസൃതമായി) അതീവ പ്രാധാന്യമർഹിക്കുന്നു. അമിത ചൂഷണം തടയാനും ജൈവവൈവിധ്യം സംരക്ഷിക്കാനും ഭക്ഷ്യ-ഉപജീവന സുരക്ഷ ഉറപ്പാക്കാനും ആഴക്കടൽ-പുറംകടല്‍ മത്സ്യബന്ധന മേഖലകളിൽ ഫലപ്രദമായ ഭരണനിര്‍വഹണം അനിവാര്യമാണ്.
ഇതിന് പൂരകമായി ചെറുകിട കർഷകരടക്കം ഏകദേശം 15 കോടി കർഷകരുടെ ഉപജീവനമാർഗം നിലനിർത്തി വിവിധ സാമൂഹ്യ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ക്ഷീരമേഖല കരുത്തേകുന്നു. ദാരിദ്ര്യ നിർമാർജനം (SDG 1), ഉല്പാദനപരമായ തൊഴിൽ (SDG 8), അസമത്വങ്ങൾ കുറയ്ക്കൽ (SDG 10) എന്നിവയ്ക്ക് ഇത് ഗണ്യമായ സംഭാവന നൽകുന്നു. ചുരുക്കത്തിൽ സുസ്ഥിര മത്സ്യബന്ധനവും എല്ലാവരെയും ഉൾക്കൊള്ളുന്ന ക്ഷീരവികസനവും പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളിലുടനീളം സംയോജിതവും നീതിയുക്തവുമായ പുരോഗതി ഉറപ്പാക്കുന്നു.
ഉപസംഹാരം
ക്ഷീര-മത്സ്യബന്ധന മേഖലകളിലെ ഉപജീവന വൈവിധ്യവൽക്കരണത്തിൽ ഇന്ത്യ നൽകുന്ന തന്ത്രപരമായ ശ്രദ്ധ ഗ്രാമീണ കുടുംബങ്ങളെ കേവലം ഉപജീവന ഉല്പാദന രീതികളിൽ നിന്ന് വിപണി സംയോജിതവും വാണിജ്യപരമായി ലാഭകരവുമായ മാതൃകകളിലേക്ക് വിജയകരമായി പരിവര്‍ത്തനം ചെയ്തു. കാർഷിക വരുമാനം വർധിപ്പിക്കുന്നതിനപ്പുറം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നഷ്ടസാധ്യത കുറയ്ക്കാനും ഭക്ഷ്യ സംവിധാനങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും വൈവിധ്യവൽക്കരണം സഹായിക്കുന്നു. കന്നുകാലികളുടെ എണ്ണത്തിൽ വലിയ വർധന വരുത്താതെ തന്നെ ഉല്പാദനക്ഷമതയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യ പാലുല്പാദനത്തില്‍ ലോകത്ത് ഒന്നാമതും മുട്ട, മത്സ്യ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തും എത്തിയിരിക്കുന്നു. സഹകരണ സംഘങ്ങൾ, കാര്‍ഷികോല്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങൾ എന്നിവയുടെ വ്യാപനം വിപണി സംയോജനം ആഴത്തിലാക്കുകയും ചെറുകിട ഉല്പാദകർക്ക് മികച്ച വിലപേശൽ ശേഷിയും ഘടനാപരമായ മൂല്യശൃംഖലകളും ഉറപ്പാക്കുകയും ചെയ്തു.
പശു ആധാർ, ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തുടങ്ങിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസവും കിസാൻ ക്രെഡിറ്റ് കാർഡുകളുടെ വിപുലീകരണവും സുതാര്യത വർധിപ്പിക്കുകയും ഇടപാടിൻ്റെ ചെലവുകൾ കുറയ്ക്കുകയും ഗ്രാമീണ ഉല്പാദകർക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കുകയും ചെയ്തു. സ്ത്രീകളുടെയും ചെറുകിട കർഷകരുടെയും സാമ്പത്തിക ശാക്തീകരണത്തിന് ഈ മേഖലകൾ അത്യന്താപേക്ഷിതമാണ്. ഉല്പാദനക്ഷമതയിലൂന്നിയ വളർച്ച, സ്ഥാപനപരമായ പിന്തുണ, സാങ്കേതിക നൂതനാശയങ്ങള്‍ എന്നിവയുടെ ഒത്തുചേരൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കി. ഇത് കാലാവസ്ഥാ വ്യതിയാനങ്ങളെയും വിപണിയിലെ തിരിച്ചടികളെയും അതിജീവിക്കാനും രാജ്യത്തിൻ്റെ പോഷകാഹാര സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.
അവലംബം:
Ministry of Fisheries, Animal Husbandry & Dairying
Ministry of Finance
Ministry of Rural Development
Ministry of Food Processing Industries (MoFPI)
Lok Sabha and Rajya Sabha Questions
Food and Agriculture Organisation (FAO)
Niti Aayog
Press Information Bureau
Click here to see PDF
***
(Explainer ID: 157625)
आगंतुक पटल : 7
Provide suggestions / comments