Energy & Environment
ഊർജ്ജ സ്രോതസ്സുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകൾ
Posted On:
28 FEB 2026 11:08AM
വീടുകളിലും സ്കൂളുകളിലും കൃഷിയിടങ്ങളിലും ഫാക്ടറികളിലും ആശുപത്രികളിലും ദിവസവും വിളക്കുകൾ തെളിയുമ്പോൾ, ആ ഊർജ്ജം എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ അപൂർവ്വമായി മാത്രമേ ചിന്തിക്കാറുള്ളൂ. ക്ലാസ് മുറിയെ തണുപ്പിക്കുന്ന ഫാൻ, കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്ന പമ്പുകൾ, യാത്രക്കാരെ വഹിക്കുന്ന ട്രെയിനുകൾ എന്നിവയെല്ലാം പശ്ചാത്തലത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്ന വിശാലവും സൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടുന്നതുമായ ഒരു ഊർജ്ജ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

ഇന്ന് ഇന്ത്യയിലെ ആ വ്യവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യം പുരോഗമിക്കുമ്പോൾ, ഓരോ വീട്ടിലും ഓരോ സംരംഭത്തിലും വിശ്വസനീയവും താങ്ങാനാവുന്നതും വൃത്തിയുള്ളതും കൂടുതൽ സുരക്ഷിതവുമായ ഊർജ്ജം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിലുള്ള പരിഷ്കാരങ്ങളുടെ ഒരു പ്രധാന ഫലമാണ് മെച്ചപ്പെട്ട വൈദ്യുതി ലഭ്യത. ഗ്രാമീണ മേഖലയിലെ ശരാശരി വൈദ്യുതി ലഭ്യത 2014-ലെ 12.5 മണിക്കൂറിൽ നിന്ന് 22.6 മണിക്കൂറായി വർദ്ധിച്ചു, അതേസമയം നഗരപ്രദേശങ്ങളിൽ 2014-ലെ 22.1 മണിക്കൂറിൽ നിന്ന് ഇപ്പോൾ 23.4 മണിക്കൂർ വരെ വൈദ്യുതി വിതരണ വിതരണ സൗകര്യം ലഭ്യമാണ്. ഈ മെച്ചപ്പെടുത്തലുകൾ രാജ്യത്തുടനീളമുള്ള വൈദ്യുതി സേവനങ്ങളുടെ വിശ്വാസ്യതയിലും വ്യാപ്തിയിലുമുള്ള ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഊർജ്ജ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ, കൂടാതെ വൈദ്യുതി ആവശ്യകത ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മൊത്തം വൈദ്യുതി ഉത്പാദനം 2023-24-ലെ 1,739.09 ബില്യൺ യൂണിറ്റിൽ (BU) നിന്ന് 2024-25-ൽ 1,829.69 ബില്യൺ യൂണിറ്റായി ഉയർന്നു, ഇത് 5.21 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്. 2025-26 വർഷത്തേക്ക് ഉത്പാദന ലക്ഷ്യം 2,000.4 ബില്യൺ യൂണിറ്റായി നിശ്ചയിച്ചിട്ടുണ്ട്.
പുനരുപയോഗ ഊർജ്ജം വർദ്ധിപ്പിക്കുക, ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം സമാരംഭിക്കുക, സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെൻ്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (SHANTI) നിയമം വഴി ആണവോർജ്ജ നിയമങ്ങൾ ആധുനികവത്കരിക്കുക, ഊർജ്ജ കാര്യക്ഷമത ശക്തിപ്പെടുത്തുക, വൈദ്യുതി വിതരണം പരിഷ്കരിക്കുക, ഡിജിറ്റൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്നിങ്ങനെയുള്ള വ്യക്തമായ സർക്കാർ സംരംഭങ്ങളിലൂടെയാണ് ഈ മാറ്റം രൂപപ്പെടുന്നത്.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ മേഖല എന്നത് പഴയതിനെ പെട്ടെന്ന് ഒരു രാത്രികൊണ്ട് ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് പുതിയതിനെ ശ്രദ്ധാപൂർവ്വം ഘട്ടം ഘട്ടമായി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്. അങ്ങനെ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഊർജ്ജം നല്കാനും ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനും 2070-ഓടെ 'നെറ്റ് സീറോ' ഉദ്വമനം കൈവരിക്കുക എന്ന ദീർഘകാല പ്രതിജ്ഞാബദ്ധതയിലേക്ക് നീങ്ങാനും സാധിക്കും.
പുനരുപയോഗ ഊർജ്ജത്തിൻ്റെ വ്യാപനം: വിപുലീകരണത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക്
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വിപുലീകരണം എന്നത് വ്യാപ്തി, വേഗത, ഉത്പാദന സജ്ജീകരണം, ആഗോള ഇടപെടൽ എന്നിവ സംയോജിപ്പിക്കുന്ന നയപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അതേസമയം, അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസിയുടെ (IRENA) 2025-ലെ പുനരുപയോഗ ഊർജ്ജ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മൊത്തം സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്.
പ്രത്യേകിച്ച് സൗരോർജ്ജം ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു; സ്ഥാപിത സൗരോർജ്ജ ശേഷി 2014-ലെ 3 ജിഗാവാട്ടിൽ നിന്ന് 2026 ജനുവരിയിൽ 140 ജിഗാവാട്ടായി ഉയർന്നു. ഈ വർദ്ധന ഫോസിൽ ഇതര ഇന്ധന ശേഷിയെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനത്തിന് മുകളിലേക്ക് എത്തിക്കാൻ സഹായിച്ചു.
കാറ്റിൽ നിന്നുള്ള ഊർജ്ജവും ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്: ഇന്ത്യയുടെ സംയോജിത സ്ഥാപിത കാറ്റാടി ഊർജ്ജ ശേഷി 2026 ജനുവരി ആയപ്പോഴേക്കും ഏകദേശം 54.65 ജിഗാവാട്ടിൽ എത്തി, ഇത് പുനരുപയോഗ ഊർജ്ജ മിശ്രിതത്തിലേക്ക് ഗണ്യമായ സംഭാവന നല്കുകയും സൗരോർജ്ജത്തോടൊപ്പം ഗ്രിഡ് വൈവിധ്യവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൗരോർജ്ജവും കാറ്റാടി ഊർജ്ജവും ഒരുമിച്ച് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ ശേഷിയുടെ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വീടുകൾ, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനം എന്നിവയിലുടനീളം സർക്കാർ പദ്ധതികൾ ഈ വ്യാപനത്തെ പിന്തുണച്ചിട്ടുണ്ട്:
• പി.എം സൂര്യ ഘർ 23.9 ലക്ഷം വീടുകളിൽ മേൽക്കൂര സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രാപ്തമാക്കി, ഇത് 7 ജിഗാവാട്ട് വിതരണാധിഷ്ഠിത ശുദ്ധമായ ഊർജ്ജ ശേഷി കൂടി രാജ്യത്തിൻ്റെ ഊർജ്ജശൃംഖലയിലേക്ക് കൂട്ടിച്ചേർത്തു.
• പ്രധാനമന്ത്രി കിസാൻ ഊർജ്ജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും) കാർഷിക മേഖലയിൽ സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, ഇത് ഡീസൽ ആശ്രിതത്വം കുറയ്ക്കുകയും കൃഷിയിടങ്ങളിലെ ഊർജ്ജ വിതരണം സുസ്ഥിരമാക്കുകയും ചെയ്യുന്നു. 2026 മാർച്ച് 31-ഓടെ 14 ലക്ഷം സ്റ്റാൻഡലോൺ പമ്പുകൾ സ്ഥാപിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്, ഇത് ഗ്രാമീണ മേഖലയിലെ ശുദ്ധമായ ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുന്നു.
• 13 സംസ്ഥാനങ്ങളിലായി ഏകദേശം 40 ജിഗാവാട്ട് ശേഷിയുള്ള 55 സോളാർ പാർക്കുകൾക്ക് അംഗീകാരം നല്കി, ഇത് വലിയ തോതിലുള്ള വിന്യാസം വേഗത്തിലാക്കുന്നു.
• 24,000 കോടി രൂപയുടെ അടങ്കലിൽ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (PLI) പദ്ധതി ആഭ്യന്തര സോളാർ ഉത്പാദനം ശക്തിപ്പെടുത്തുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗ ഊർജ്ജ വിപുലീകരണം ഇപ്പോൾ ഉത്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണം, ആഗോള ഇടപെടൽ എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നു. കേവലം ശേഷി വർദ്ധിപ്പിക്കുന്നതിൽ നിന്ന് മത്സരാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ശുദ്ധമായ ഊർജ്ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് ശ്രദ്ധ മാറിയിരിക്കുന്നു.
ഹരിത ഹൈഡ്രജൻ : അടുത്ത ഊർജ്ജ അതിർത്തി കെട്ടിപ്പടുക്കുന്നു
ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിൻ്റെ പ്രധാന സ്തംഭമായി ഹരിത ഹൈഡ്രജൻ ഉയർന്നു വന്നിട്ടുണ്ട്, പ്രത്യേകിച്ച് ഉരുക്ക്, വളം, ശുദ്ധീകരണം, ഷിപ്പിംഗ്, ഹെവി ട്രാൻസ്പോർട്ട് തുടങ്ങിയ കാർബൺ ഉദ്വമനം കുറയ്ക്കാൻ പ്രയാസമുള്ള മേഖലകളിൽ.

എന്താണ് ഹരിത ഹൈഡ്രജൻ ?
ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സൗരോർജ്ജം അല്ലെങ്കിൽ കാറ്റിൽ നിന്നുള്ള ഊർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജൻ. ഈ പ്രക്രിയയിൽ, സോളാർ പാനലുകളിൽ നിന്നോ കാറ്റാടി യന്ത്രങ്ങളിൽ നിന്നോ ഉള്ള വൈദ്യുതി ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം വഴി ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കുന്നു. ഭാരത സർക്കാർ വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങൾ അനുസരിച്ച്, ഈ രീതിയിൽ നിർമ്മിക്കുന്ന ഹൈഡ്രജൻ "ഹരിത" മായി പരിഗണിക്കപ്പെടണമെങ്കിൽ ആ പ്രക്രിയയിൽ നിന്നുള്ള ആകെ ഉദ്വമനം വളരെ കുറവായിരിക്കണം; അതായത്, കഴിഞ്ഞ 12 മാസത്തെ ശരാശരി കണക്കാക്കുമ്പോൾ, ഉത്പാദിപ്പിക്കുന്ന ഓരോ ഒരു കിലോ ഹൈഡ്രജനും പരമാവധി 2 കിലോ CO₂ ന് തുല്യമായ അളവിൽ കൂടുതൽ ഉദ്വമനം ഉണ്ടാകാൻ പാടില്ല. ഉദ്വമനം ഇതേ പരിധിക്ക് താഴെയായി നിലനിൽക്കുകയാണെങ്കിൽ, ബയോമാസ് (കാർഷിക അവശിഷ്ടങ്ങൾ പോലുള്ളവ) ഹൈഡ്രജനാക്കി മാറ്റിയും ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാവുന്നതാണ്.
2023-ൽ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് (NGHM) കീഴിൽ 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഈ ദൗത്യം താഴെപ്പറയുന്ന ഫലങ്ങൾ പ്രതീക്ഷിക്കുന്നു:
• 8 ലക്ഷം കോടി രൂപയിലധികം നിക്ഷേപങ്ങൾ ആകർഷിക്കുക.
• ഫോസിൽ ഇന്ധന ഇറക്കുമതി ഒരു ലക്ഷം കോടി രൂപയിലധികം കുറയ്ക്കുക.
• 2030-ഓടെ പ്രതിവർഷം ഏകദേശം 50 ദശലക്ഷം മെട്രിക് ടൺ ഹരിതഗൃഹ വാതക ഉദ്വമനം ഒഴിവാക്കുക.
ഈ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, ആഭ്യന്തര ഇലക്ട്രോലൈസർ നിർമ്മാണത്തിനും ഹൈഡ്രജൻ ഉത്പാദനത്തിനും പ്രോത്സാഹനങ്ങൾ നല്കുന്ന SIGHT പ്രോഗ്രാമിന് കീഴിലുള്ള 17,490 കോടി രൂപ ഉൾപ്പെടെ, 2029-30 സാമ്പത്തിക വർഷം വരെ 19,744 കോടി രൂപയുടെ അടങ്കലിന് സർക്കാർ അംഗീകാരം നല്കിയിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു:
• ഇന്ത്യയിലെ ആദ്യത്തെ തുറമുഖാധിഷ്ഠിത ഹരിത ഹൈഡ്രജൻ പൈലറ്റ് പദ്ധതി കമ്മീഷൻ ചെയ്തു.
• ബസുകളും ട്രക്കുകളും ഉൾപ്പെടുത്തി 10 റൂട്ടുകളിലായി ഹൈഡ്രജൻ മൊബിലിറ്റി പൈലറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
• ഹരിത ഹൈഡ്രജൻ സർട്ടിഫിക്കേഷൻ പദ്ധതി (2025) ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ നിർവ്വചിക്കപ്പെട്ട ഉദ്വമന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു, ഇത് ആഭ്യന്തര, കയറ്റുമതി വിപണികളിൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
ഹരിത ഹൈഡ്രജൻ പുനരുപയോഗ ഊർജ്ജ വിപുലീകരണത്തെ വ്യാവസായിക ഡീകാർബണൈസേഷനുമായി ബന്ധിപ്പിക്കുന്നു. ഇത് കേവലമൊരു പാരിസ്ഥിതിക പരിഹാരമായി മാത്രമല്ല, ഊർജ്ജ സുരക്ഷ, ഉത്പാദന വളർച്ച, ആഗോള മത്സരക്ഷമത എന്നിവയ്ക്കുള്ള തന്ത്രപ്രധാനമായ മാർഗ്ഗമായും നിലകൊള്ളുന്നു. ഊർജ്ജ സുരക്ഷയും പരിവർത്തന ആവശ്യകതകളും നിറവേറ്റുന്നതിനായി ആണവോർജ്ജം, സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ഹരിത ഹൈഡ്രജൻ, ബാറ്ററി സംഭരണം, നിർണ്ണായക ധാതുക്കൾ എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ നടപടികളെല്ലാം ചേർന്ന് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ മേഖലയിലെ അടുത്ത അതിർത്തിയായി ഹരിത ഹൈഡ്രജനെ പ്രതിഷ്ഠിക്കുന്നു.
ആണവോർജ്ജം: നിയമപരമായ ആധുനികവൽക്കരണവും ബേസ്‌ലോഡ് വിപുലീകരണവും
ഹരിതഗൃഹ വാതക ഉദ്വമനം വളരെ കുറഞ്ഞ അളവിൽ നിലനിർത്തിക്കൊണ്ട്, തടസ്സമില്ലാതെ 24 മണിക്കൂറും വൈദ്യുതി നല്കാൻ ആണവോർജ്ജത്തിന് സാധിക്കും. പുനരുപയോഗ ഊർജ്ജം വികസിക്കുമ്പോൾ, ഗ്രിഡ് സ്ഥിരതയും വിശ്വസനീയമായ ബേസ്‌ലോഡ് വിതരണവും ഉറപ്പാക്കുന്നതിൽ ആണവോർജ്ജം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയുടെ നിലവിലെ ആണവോർജ്ജ ശേഷി 8.78 ജിഗാവാട്ട് ആണ്. പുതിയ റിയാക്ടറുകൾ വികസിപ്പിക്കുന്നതോടെ, 2031–32 ആകുമ്പോഴേക്കും ഈ ശേഷി 22.38 ജിഗാവാട്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, 2047-ഓടെ 100 ജിഗാവാട്ട് ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഒരു ദീർഘകാല ആണവോർജ്ജ ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ, ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങളുമായി ആണവോർജ്ജ വിപുലീകരണത്തെ യോജിപ്പിക്കുന്നു.
ഈ വിപുലീകരണത്തെ പിന്തുണയ്ക്കുന്ന ഒരു പ്രധാന സ്ഥാപനപരമായ പരിഷ്കാരമാണ് സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെൻ്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (SHANTI) നിയമം, 2025. ഈ നിയമം ഇന്ത്യയുടെ ആണവോർജ്ജ നിയമ ചട്ടക്കൂടിനെ ഏകീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നു. ഇതിൻ്റെ പ്രധാന വശങ്ങൾ ഇവയാണ്:
• നിയന്ത്രണ മേൽനോട്ടത്തിന് കീഴിൽ പരിമിതമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നു.
• അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന് (AERB) നിയമപരമായ അംഗീകാരം നല്കുന്നു.
• ഘട്ടം ഘട്ടമായുള്ള ബാധ്യതാ ചട്ടക്കൂട് അവതരിപ്പിക്കുന്നു.
• സുരക്ഷ, സുരക്ഷിതത്വം, സംരക്ഷണം എന്നിവ ശക്തമാക്കുന്നു.
• തന്ത്രപ്രധാനമായ ന്യൂക്ലിയർ ഫ്യുവൽ സൈക്കിൾ പ്രവർത്തനങ്ങളിൽ പരമാധികാര നിയന്ത്രണം നിലനിർത്തുന്നു.
വലിയ റിയാക്ടറുകൾക്ക് പൂരകമായി, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (SMR) വികസനത്തിനായി ആണവോർജ്ജ മിഷൻ 20,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2033 ആകുമ്പോഴേക്കും കുറഞ്ഞത് അഞ്ച് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത എസ്.എം.ആറുകൾ ആണ് ലക്ഷ്യമിടുന്നത്. ഈ അത്യാധുനിക റിയാക്ടറുകൾ കൂടുതൽ വഴക്കമുള്ളതും വിപുലീകരിക്കാവുന്നതും വിവിധ ഊർജ്ജ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഊർജ്ജ കാര്യക്ഷമതയും കാർബൺ വിപണിയും ശക്തിപ്പെടുത്തുന്നു
ഊർജ്ജ കാര്യക്ഷമത എന്നത് കേവലം ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നത് മാത്രമല്ല, മറിച്ച് ഊർജ്ജം വിവേകപൂർവ്വം ഉപയോഗിക്കുന്നത് കൂടിയാണ്. കുറഞ്ഞ വൈദ്യുതിയോ ഇന്ധനമോ ചൂടോ ഉപയോഗിച്ചുകൊണ്ട് അതേ ജോലികൾ പൂർത്തിയാക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് ചെലവ് കുറയ്ക്കുകയും വ്യവസ്ഥയുടെ വിശ്വാസ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം ഊർജ്ജ സംരക്ഷണം എന്നത് ദുരുപയോഗം ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വർഷങ്ങളായി നയപരമായ പരിഷ്കാരങ്ങളിലൂടെയും വിപണി അധിഷ്ഠിത സംവിധാനങ്ങളിലൂടെയും ഇന്ത്യ ഊർജ്ജ കാര്യക്ഷമതാ ചട്ടക്കൂട് ശക്തിപ്പെടുത്തിയിട്ടുണ്ട്.
പെർഫോം, അച്ചീവ് ആൻഡ് ട്രേഡ് (PAT) പദ്ധതിയിൽ നിന്ന് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിലേക്കുള്ള (CCTS) മാറ്റമാണ് ഇതിലെ ഒരു പ്രധാന ചുവടുവെപ്പ്. CCTS-ന് കീഴിൽ:
• കൂടുതൽ കാർബൺ പുറന്തള്ളുന്ന വ്യവസായങ്ങൾക്ക് ഹരിതഗൃഹ വാതക തീവ്രതാ ലക്ഷ്യങ്ങൾ നിശ്ചയിച്ചു നല്കുന്നു.
• തങ്ങളുടെ ലക്ഷ്യത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വ്യാപാരം ചെയ്യാവുന്ന കാർബൺ ക്രെഡിറ്റുകൾ ലഭിക്കുന്നു.
• ഈ ക്രെഡിറ്റുകൾ വാങ്ങാനും വിൽക്കാനും സാധിക്കും, ഇത് ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വിപണിയിൽ ഒരു പ്രോത്സാഹനം സൃഷ്ടിക്കുന്നു.
ഗാർഹിക തലത്തിൽ, കാര്യക്ഷമമായ ഉപകരണങ്ങളുടേയും വെളിച്ചത്തിൻ്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഊർജ്ജ കാര്യക്ഷമതാ പരിപാടികൾ നടപ്പിലാക്കുന്നു. ഉജാല പദ്ധതിയിലൂടെ 36.87 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു, ഇതിൻ്റെ ഫലമായി:
• പ്രതിവർഷം 47,883 ദശലക്ഷം കിലോവാട്ട് ഊർജ്ജ ലാഭം.
• പ്രതിവർഷം 3.88 ദശലക്ഷം ടൺ CO₂ കുറവ്
നിങ്ങൾക്കറിയാമോ?
ഉജാലയുടെ എൽഇഡി ബൾബ് വിതരണ മാതൃക ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നുണ്ട്. എനർജി എഫിഷ്യൻസി സർവ്വീസസ് ലിമിറ്റഡുമായുള്ള (EESL) കരാർ പ്രകാരം മലേഷ്യയിലെ മെലാക്ക സംസ്ഥാനം ഉജാല മാതൃകയിലുള്ള ഒരു പദ്ധതി സ്വീകരിച്ചു. നേരത്തെ, കാര്യക്ഷമമായ പ്രകാശം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉജാല-യുകെ ആരംഭിച്ചിരുന്നു.
ഊർജ്ജ ദക്ഷത ഇൻഫർമേഷൻ ടൂൾ (UDIT) പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വിവിധ മേഖലകളിലുടനീളം സുതാര്യതയും നിരീക്ഷണവും പാലനവും കൂടുതൽ മെച്ചപ്പെടുത്തുന്നു.
പുനരുപയോഗ ഊർജ്ജ വിപുലീകരണത്തിന് അനുബന്ധമായി പ്രവർത്തിക്കുമ്പോൾ, ഊർജ്ജ കാര്യക്ഷമത ഗ്രിഡിൻ്റെ സമ്മർദ്ദം കുറയ്ക്കുന്നു. വൈദ്യുതി ലഭ്യതയിലുണ്ടാകുന്ന വളർച്ച കാർബൺ ഉദ്വമനത്തിൽ ആനുപാതികമായ വർദ്ധനയ്ക്ക് കാരണമാകുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളും വിതരണ ശൃംഖല ശക്തിപ്പെടുത്തലും
വിശ്വസനീയമായ വൈദ്യുതി എന്നത് അത് എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നതിനെ മാത്രമല്ല, മറിച്ച് അത് എത്രത്തോളം കാര്യക്ഷമമായി പ്രസരണം ചെയ്യപ്പെടുന്നു, വിതരണം ചെയ്യുന്നു, ബില്ല് ചെയ്യുന്നു, നിയന്ത്രിക്കുന്നു എന്നതിനേയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ, വിതരണ സംവിധാനം ശക്തിപ്പെടുത്തുക എന്നത് പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യമാണ്.
ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന (DDUGJY), സംയോജിത വൈദ്യുതി വികസന പദ്ധതി (IPDS), പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന (SAUBHAGYA) എന്നിവയ്ക്ക് കീഴിൽ വിതരണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 1.85 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. ഇതിൻ്റെ ഫലമായി 18,374 ഗ്രാമങ്ങളിൽ വൈദ്യുതി എത്തുകയും 2.86 കോടി വീടുകളിൽ വൈദ്യുതി കണക്ഷനുകൾ ലഭിക്കുകയും ചെയ്തു, ഇത് രാജ്യത്തുടനീളം വൈദ്യുതി ലഭ്യത ഗണ്യമായി വർദ്ധിപ്പിച്ചു.
പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടം വൈദ്യുതി വിതരണ കമ്പനികളുടെ (DISCOMs) സാമ്പത്തികവും പ്രവർത്തനപരവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനും സ്മാർട്ട് മീറ്ററിംഗ് നടപ്പിലാക്കുന്നതിനുമായി 2021-ൽ 3.03 ലക്ഷം കോടി രൂപ വകയിരുത്തിക്കൊണ്ട് ആരംഭിച്ച റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (RDSS) വഴി 2.8 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നല്കി.
ഈ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ഭാഗമായി, വിവിധ പദ്ധതികൾക്ക് കീഴിലായി രാജ്യത്തുടനീളം 5.62 കോടി സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിച്ചു. ഈ മീറ്ററുകൾ ബില്ലിംഗിലെ കൃത്യത മെച്ചപ്പെടുത്തുകയും സാങ്കേതികവും വാണിജ്യപരവുമായ നഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തത്സമയ ഡാറ്റയിലൂടെ മികച്ച ഡിമാൻഡ് മാനേജ്‌മെൻ്റ് സാധ്യമാക്കുകയും ചെയ്യുന്നു.
നിയമപരമായ പരിഷ്കാരങ്ങൾ ഈ ഘടനാപരമായ മെച്ചപ്പെടുത്തലുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്നു. 2026 -ലെ നിർദ്ദിഷ്ട കരട് വൈദ്യുതി (ഭേദഗതി) ബിൽ, ഈ മേഖലയുടെ സാമ്പത്തിക നിലനിൽപ്പ് ശക്തിപ്പെടുത്താനും ഇന്ത്യൻ വ്യവസായത്തിൻ്റെ മത്സരശേഷി വർദ്ധിപ്പിക്കാനും വിതരണ ശൃംഖലയുടെ പരമാവധി ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിയന്ത്രണപരമായ ഉത്തരവാദിത്തം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
സാമ്പത്തികമായി നിലനിൽപ്പുള്ളതും പാരിസ്ഥിതികമായി സുസ്ഥിരവുമായ ഒരു വൈദ്യുതി മേഖലയിലൂടെ വിശ്വസനീയമായ 24x7 ഗുണമേന്മയുള്ള വൈദ്യുതി നല്കുക എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള തന്ത്രങ്ങൾ 2026 -ലെ കരട് ദേശീയ വൈദ്യുതി നയം ആവിഷ്കരിക്കുന്നു. ഇത് താങ്ങാനാവുന്ന വിലയിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് കൂടുതൽ നയിക്കുന്നു.
ഇന്ത്യ എനർജി സ്റ്റാക്ക് (IES): ഊർജ്ജ ലഭ്യതയിൽ നിന്ന് ഊർജ്ജ ഏജൻസിയിലേക്ക്
ഉപഭോക്താക്കൾ, യൂട്ടിലിറ്റികൾ, റെഗുലേറ്റർമാർ, വിതരണാധിഷ്ഠിത ഊർജ്ജ ആസ്തികൾ എന്നിവയ്ക്കിടയിൽ വിശ്വസനീയമായ ഡിജിറ്റൽ ഇടപെടലുകൾ സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ആണ് ഐ.ഇ.എസ്. ചിതറിക്കിടക്കുന്ന ഡാറ്റാ സംവിധാനങ്ങളേയും ചിലവേറിയ സംയോജനങ്ങളേയും പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ഐ.ഇ.എസ്, ഓപ്പൺ സ്റ്റാൻഡേർഡുകളേയും സമ്മതപത്രത്തിലധിഷ്ഠിതമായ ഡാറ്റാ പങ്കിടലിനേയും അടിസ്ഥാനമാക്കിയുള്ള പൊതുവായ ഡിജിറ്റൽ പാതകൾ നല്കും. അതേസമയം ഡാറ്റ അതിൻ്റെ യഥാർത്ഥ ഉടമസ്ഥരിൽ തന്നെ സുരക്ഷിതമായിരിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു.
പരസ്പരബന്ധിതവും, മത്സരബുദ്ധിയുള്ളതും, പങ്കാളിത്തത്തെ സാമ്പത്തിക മൂല്യമാക്കി മാറ്റാൻ കഴിവുള്ളതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്നതിനായി ഈ സംരംഭം ഡാറ്റാ കൈമാറ്റത്തെ ഏകീകരിക്കുന്നു.
താഴെപ്പറയുന്നവ സാധ്യമാക്കുന്നതിലൂടെ ഉപഭോക്താക്കളെ സജീവ ഊർജ്ജ പങ്കാളികളാക്കി മാറ്റാൻ ഐ.ഇ.എസ് ലക്ഷ്യമിടുന്നു:
• വിവിധ യൂട്ടിലിറ്റികളിലുടനീളം ലളിതവും കൈമാറ്റം ചെയ്യാവുന്നതുമായ ഓൺബോർഡിംഗ്.
• സമ്മതപത്രത്തിലധിഷ്ഠിതമായ ഡാറ്റാ പങ്കിടലിലൂടെ ഉപഭോക്താക്കൾക്ക് അർത്ഥവത്തായ തിരഞ്ഞെടുപ്പുകൾക്കുള്ള അവസരം.
• റൂഫ്‌ടോപ്പ് സോളാർ, ബാറ്ററികൾ, EV ചാർജ്ജറുകൾ, ഫ്ലെക്സിബിൾ ലോഡുകൾ എന്നിവ വലിയ തോതിൽ ധനസമ്പാദനത്തിന് വിധേയമാക്കൽ.
"നയങ്ങളെ കോഡുകളായി" ഉൾപ്പെടുത്തുന്നതിലൂടെയും തത്സമയ പരിഹാരം സാധ്യമാക്കുന്നതിലൂടെയും ഐ.ഇ.എസ് സുതാര്യത വർദ്ധിപ്പിക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും ഗ്രിഡ് ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഓപ്പൺ ഇന്നൊവേഷനെ സിസ്റ്റം കാര്യക്ഷമതയുമായും ഉപജീവന മാർഗ്ഗങ്ങളുമായും യോജിപ്പിക്കുന്നതിലൂടെ, ഐ.ഇ.എസ് ഊർജ്ജ ഏജൻസിയെ ശക്തിപ്പെടുത്തുന്നു. ഇത് ഉപഭോക്താക്കൾക്ക് ഊർജ്ജ പരിവർത്തനത്തിൽ നിന്ന് തിരഞ്ഞെടുക്കാനും വരുമാനം നേടാനുമുള്ള കഴിവ് നല്കുന്നു.
ആഗോള നേതൃത്വവും തന്ത്രപരമായ പങ്കാളിത്തങ്ങളും
ഇന്ത്യ അതിൻ്റെ ആഭ്യന്തര ഊർജ്ജ പരിവർത്തനം ശക്തമാക്കുന്നതോടൊപ്പം തന്നെ ശുദ്ധമായ ഊർജ്ജം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് രൂപം നല്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ദേശീയ പരിഷ്കാരങ്ങൾക്ക് പൂരകമായി വർത്തിക്കുകയും ആഗോള ഊർജ്ജ പരിഹാരങ്ങളിൽ സജീവമായ സംഭാവന നല്കുന്ന രാജ്യമായി ഇന്ത്യയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ശുദ്ധമായ ഇന്ധനങ്ങളിലും ഊർജ്ജ സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തിയ ജി20 എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് പോലുള്ള ബഹുരാഷ്ട്ര വേദികളിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നു. ജി20 അധ്യക്ഷസ്ഥാനത്തിരുന്ന കാലയളവിൽ ഇന്ത്യ ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ് (GBA) ആരംഭിച്ചു. ഇപ്പോൾ 25 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും ഇതിൽ ഉൾപ്പെടുന്നു, ഇത് ലോകമെമ്പാടും താങ്ങാനാവുന്നതും കുറഞ്ഞ രീതിയിൽ മാത്രം കാർബൺ പുറന്തള്ളുന്നതുമായ ജൈവ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
2024-ൽ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത ഹബ്ബിൽ ചേരുന്നതിലൂടെ ഊർജ്ജ കാര്യക്ഷമതയിലുള്ള സഹകരണം രാജ്യം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് ആഭ്യന്തര സംരംഭങ്ങളെ ആഗോളതലത്തിലെ മികച്ച പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നു.
UNFCCC ചട്ടക്കൂടിന് കീഴിൽ, 2070 -ഓടെ നെറ്റ് സീറോ കൈവരിക്കുമെന്നും , 2030 -ഓടെ ജിഡിപിയിലെ ഉദ്വമന തീവ്രത 45 ശതമാനം കുറയ്ക്കുമെന്നും ഇന്ത്യ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത് വളർച്ചയോടും കാലാവസ്ഥാ ഉത്തരവാദിത്തത്തോടുമുള്ള ഇന്ത്യയുടെ സന്തുലിതമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
താങ്ങാനാവുന്ന ശുദ്ധമായ ഊർജ്ജം, തുല്യമായ കാലാവസ്ഥാ ധനസഹായം, സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം എന്നിവയിൽ ഗ്ലോബൽ സൗത്തിൻ്റെ ക്രിയാത്മകമായ ശബ്ദമായി ഈ ഇടപെടലുകൾ ഒന്നിച്ച് ചേർന്ന് ഇന്ത്യയെ മാറ്റുന്നു.
ഇന്ത്യയുടെ ആഗോള ശുദ്ധ ഊർജ്ജ വ്യാപനം രണ്ട് പ്രധാന സംരംഭങ്ങളിൽ അധിഷ്ഠിതമാണ്: അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ISA), ഇന്ത്യ എനർജി വീക്ക് (IEW) എന്നിവയാണവ. ഇവ രണ്ടും ഒരുമിച്ച് അന്താരാഷ്ട്ര തലത്തിൽ സൗരോർജ്ജ സഹകരണവും വിപുലമായ ഊർജ്ജ ചർച്ചകളും മുന്നോട്ട് കൊണ്ടുപോകുന്നു.
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ISA): ഇന്ത്യ സഹസ്ഥാപകയായ ISA, സൗരോർജ്ജ നിക്ഷേപം സമാഹരിക്കുന്നതിനും, സാങ്കേതിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും, താങ്ങാനാവുന്ന സൗരോർജ്ജ വിന്യാസം വിപുലീകരിക്കുന്നതിനുമായി 125-ലധികം അംഗരാജ്യങ്ങളേയും ഒപ്പിട്ട രാജ്യങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നു, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ.
ഇന്ത്യ എനർജി വീക്ക് (IEW): ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന IEW ഊർജ്ജ സുരക്ഷ, ശുദ്ധമായ ഇന്ധനങ്ങൾ, പുനരുപയോഗ ഊർജ്ജം, പരിവർത്തന പാതകൾ എന്നിവയിൽ ഇടപെടുന്നതിന് സർക്കാരുകൾക്കും വ്യവസായ പ്രമുഖർക്കും നിക്ഷേപകർക്കും സാങ്കേതിക ദാതാക്കൾക്കും ഒരു ആഗോള വേദിയായി വർത്തിക്കുന്നു. ഇത് ആഗോള ഊർജ്ജ മേഖലയിൽ ഒരു സംഘാടകൻ എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ശക്തമാക്കുന്നു.
ഉപസംഹാരം
ഇന്ത്യയുടെ ഊർജ്ജ യാത്ര ഇനി ഒരൊറ്റ സ്രോതസ്സിൽ മാത്രം നിർവ്വചിക്കപ്പെടുന്നതല്ല. സോളാർ പാർക്കുകൾ, റൂഫ്‌ടോപ്പ് പാനലുകൾ, ഹൈഡ്രജൻ പൈലറ്റുകൾ, ആധുനികവൽക്കരിച്ച ആണവോർജ്ജ ചട്ടക്കൂടുകൾ, സ്മാർട്ട് മീറ്ററുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ നിന്നാണ് ഇപ്പോൾ അത് കരുത്താർജ്ജിക്കുന്നത്.
പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുക, ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം മുന്നോട്ട് കൊണ്ടുപോവുക, ഡിസ്കോമുകളെ ശക്തിപ്പെടുത്തുക, ഇന്ത്യ എനർജി സ്റ്റാക്ക് കെട്ടിപ്പടുക്കുക തുടങ്ങിയ നാഴികക്കല്ലുകൾ ഘടനാപരവും ഭാവിയിലേക്കുള്ളതുമായ ഒരു പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പരിവർത്തനം പെട്ടെന്നുണ്ടായതല്ല. ഇത് ആസൂത്രിതമാണ്. ഇത് ബഹുതലങ്ങളുള്ളതാണ്. നയപരമായ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ നിക്ഷേപം, സാങ്കേതിക നവീകരണം, ആഗോള സഹകരണം എന്നിവയാൽ ഇത് പിന്തുണയ്ക്കപ്പെടുന്നു.
2070-ഓടെയുള്ള നെറ്റ് സീറോ പ്രതിജ്ഞാബദ്ധതയിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, പരിണമിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ സ്രോതസ്സുകൾ കാണിക്കുന്നത് വളർച്ചയും സുസ്ഥിരതയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നാണ്. വീടുകളേയും കൃഷിയിടങ്ങളേയും ഫാക്ടറികളേയും ഡാറ്റാ സെൻ്ററുകളേയും പിന്തുണയ്ക്കുന്ന ഊർജ്ജം, പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതും ഭാവി ആവശ്യങ്ങൾക്കായി തയ്യാറെടുക്കുന്നതുമായ ഒരു വ്യവസ്ഥയിൽ നിന്നായിരിക്കും വരുന്നത്.
ഇന്ത്യ വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, സുരക്ഷിതവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഒരു ഭാവിക്ക് വേണ്ടി എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കണം, വിതരണം ചെയ്യണം, പങ്കിടണം എന്നതിനെ പുനർരൂപകൽപ്പന ചെയ്യുകയാണ്.
സൂചനകൾ
Click here to see pdf
***
(Explainer ID: 157604)
आगंतुक पटल : 3
Provide suggestions / comments