Economy
ആഗോള സംയോജനത്തിനും വളർച്ചയ്ക്കും കരുത്തേകുന്ന ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങൾ
Posted On:
27 FEB 2026 12:32PM
പ്രധാന വസ്തുതകള്‍
-
വ്യാപാര പങ്കാളിത്ത വൈവിധ്യത്തിൽ ഗ്ലോബൽ സൗത്ത് സമ്പദ് വ്യവസ്ഥകൾക്കിടയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ (യുഎൻ വ്യാപാര വികസന റിപ്പോർട്ട് 2025)
-
“എല്ലാ കരാറുകളുടെയും മാതാവ്” എന്നറിയപ്പെടുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ 2026 ജനുവരിയിൽ അന്തിമമാക്കി.
-
2025-26 സാമ്പത്തിക വർഷം യുകെ, ഒമാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ പൂര്‍ത്തീകരിച്ചു.
-
2026 ഫെബ്രുവരിയിൽ ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാറിൻ്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കുകയും ജിസിസിയുമായി ഔദ്യോഗികമായി വ്യാപാര ചർച്ചകൾ ആരംഭിക്കുകയും ചെയ്തു
-
ആസിയാൻ രാജ്യങ്ങളുമായും മെക്സിക്കോ, കാനഡ എന്നിവയുമായും വ്യാപാര ചർച്ചാ അജണ്ടകള്‍ ഇന്ത്യ വിപുലീകരിക്കുന്നു
ആമുഖം
വികസിത ഭാരതമെന്ന രാജ്യത്തിൻ്റെ ലക്ഷ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമനുസൃതമായി ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്കും പങ്കാളിത്തവും വലിയൊരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ശക്തമായ കയറ്റുമതി പ്രകടനം, പ്രതിരോധാത്മക സേവന വ്യാപാരം, വിപുലീകൃത വ്യാപാര പങ്കാളിത്ത ശൃംഖല എന്നിവയുടെ പിന്തുണയോടെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആഗോള വിപണി സംയോജനം ഇന്ത്യ ഗണ്യമായി വർധിപ്പിച്ചു. ഉയര്‍ന്നുവരുന്ന മത്സരക്ഷമതയെയും മാറിക്കൊണ്ടിരിക്കുന്ന ആഗോള ആവശ്യകതകളുമായി ചേര്‍ന്നുപോകാനുള്ള കഴിവിനെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ആഗോള വ്യാപാര വിഹിതം വർധിപ്പിച്ചതിനൊപ്പം വ്യാപാര പങ്കാളിത്തം വൈവിധ്യവല്‍ക്കരിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. 2025 -ലെ യുഎൻ വ്യാപാര വികസന (UNCTAD) റിപ്പോർട്ട് പ്രകാരം വ്യാപാര പങ്കാളിത്തത്തിൻ്റെ വൈവിധ്യ സൂചികയനുസരിച്ച് ഗ്ലോബൽ സൗത്ത് സമ്പദ് വ്യവസ്ഥകൾക്കിടയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എല്ലാ ഗ്ലോബൽ നോർത്ത് രാജ്യങ്ങളേക്കാളും ഉയർന്ന സൂചികാ സ്കോറുമായി തീരുവ അനിശ്ചിതത്വങ്ങൾക്കും ഉയർന്നുവരുന്ന ആഗോള വെല്ലുവിളികൾക്കുമിടയിലും ഇന്ത്യയുടെ വ്യാപാര ആവാസവ്യവസ്ഥ പ്രതിരോധശേഷി അടയാളപ്പെടുത്തുന്നു.
വിപുലീകരിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ശൃംഖല വിശ്വസനീയ വിപണി ലഭ്യത ഉറപ്പാക്കി ഇന്ത്യയുടെ വ്യാപാര തന്ത്രത്തെ ശക്തിപ്പെടുത്തുന്നു. ഉല്പാദനം വർധിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി കൂടുതൽ ആഴത്തിൽ സംയോജിക്കാനും കയറ്റുമതി കേന്ദ്രീകൃത സ്ഥാപനങ്ങളെ സഹായിക്കുന്നതിലൂടെ കൂടുതൽ ശക്തമായ ആഗോള വ്യാപാര സാന്നിധ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റ പാത ശക്തിപ്പെടുത്താൻ ഈ കരാറുകൾ വഴിയൊരുക്കുന്നു.
2026-ൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങൾ
മികച്ച വിപണി ലഭ്യത, സേവന മേഖലയിലെ ഉയര്‍ന്ന വ്യാപാരം, തീരുവ ഇതര തടസങ്ങള്‍ കുറയ്ക്കൽ, നിക്ഷേപ പ്രോത്സാഹനം, ശക്തമായ സാമ്പത്തിക-സാങ്കേതിക സഹകരണം എന്നിവയിലൂടെ വ്യാപാരവും നിക്ഷേപവും വിപുലീകരിക്കാന്‍ രൂപകല്പന ചെയ്ത ഉഭയകക്ഷി, ബഹുതല സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യയുടെ വ്യാപാര തന്ത്രത്തിൻ്റെ സുപ്രധാന സ്തംഭമായി നിലകൊള്ളുന്നു. വ്യാപാര മേഖലയിലെ പരസ്പര പൂരക ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഈ കരാറുകൾ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും വ്യവസായങ്ങൾക്കും കർഷകർക്കും പുതിയ അവസരങ്ങൾ നല്‍കുകയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ
“എല്ലാ കരാറുകളുടെയും മാതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ - യൂറോപ്യൻ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ 2026 ജനുവരിയിൽ പൂർത്തീകരിച്ചത് ഇന്ത്യയുടെ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തങ്ങളിലൊന്നിലെ സുപ്രധാന നാഴികക്കല്ലാണ്. ആധുനികവും നിയമബദ്ധവുമായ വ്യാപാര ചട്ടക്കൂടായി വിഭാവനം ചെയ്ത ഈ കരാർ രണ്ട് പ്രധാന സമ്പദ് വ്യവസ്ഥകൾക്കിടയിൽ ആഴമേറിയ വിപണി സംയോജനം സാധ്യമാക്കുന്നതിനൊപ്പം സമകാലിക ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും ലക്ഷ്യമിടുന്നു.
-
ഉയര്‍ന്ന വിപണി ലഭ്യത: പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന മേഖലകളിലെ നയപരമായ വഴക്കം നിലനിർത്തിയും ഇന്ത്യയുടെ വികസന മുൻഗണനകളെ പിന്തുണച്ചും വ്യാപാര മൂല്യത്തിൻ്റെ 99.5% ഉൾക്കൊള്ളുന്ന യൂറോപ്യന്‍ യൂണിയന്‍ തീരുവ വിഭാഗങ്ങളുടെ 97 ശതമാനത്തിലും കരാർ മുൻഗണനാ വിപണി പ്രവേശനം നൽകുന്നു.
-
അടിയന്തര നികുതി ഒഴിവാക്കൽ: ഇന്ത്യയുടെ കയറ്റുമതിയുടെ 90.7% വരുന്ന 70.4% തീരുവ വിഭാഗങ്ങളിലും ഉടനടി നികുതി ഒഴിവാക്കപ്പെടും. വസ്ത്രനിർമാണം, തുകൽ-പാദരക്ഷകൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, കായിക വിനോദ സാമഗ്രികൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത സമുദ്രോല്പന്നങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഇത് ഗുണകരമാകും.
-
ഘട്ടം ഘട്ടമായി നികുതി ഒഴിവാക്കലും മുൻഗണനാ ലഭ്യതയും: കയറ്റുമതിയുടെ 2.9% വരുന്ന 20.3% തീരുവ വിഭാഗങ്ങള്‍ക്ക് മൂന്ന് മുതൽ അഞ്ച് വർഷത്തിനകം തീരുവ പൂര്‍ണമായി ഇല്ലാതാക്കും. സംസ്കരിച്ച ഭക്ഷണങ്ങൾ, കേടുുകൂടാതെ സൂക്ഷിച്ച പച്ചക്കറികൾ, ബേക്കറി ഉല്പന്നങ്ങൾ, കാറുകൾ, സ്റ്റീൽ, ചില ചെമ്മീൻ ഉല്പന്നങ്ങൾ എന്നിവയുൾപ്പെടെ കയറ്റുമതിയുടെ 6% വരുന്ന 6.1% തീരുവ വിഭാഗങ്ങള്‍ക്ക് തീരുവ കുറയ്ക്കുന്നതിലൂടെയോ തീരുവ നിരക്ക് വിഹിതങ്ങളിലൂടെയോ മുൻഗണനാ വിപണി ലഭ്യത ഉറപ്പാക്കും.
-
തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്ക് കരുത്തേകുന്നു: 2.87 ലക്ഷം കോടി രൂപയിലധികം (33 ബില്യൺ യുഎസ് ഡോളർ) കയറ്റുമതിയുള്ള വസ്ത്രനിർമാണം, സമുദ്രോല്പന്നങ്ങൾ, തുകൽ-പാദരക്ഷകൾ, രാസപദാര്‍ത്ഥങ്ങള്‍, പ്ലാസ്റ്റിക്-റബർ, കായിക വിനോദ സാമഗ്രികൾ, കളിപ്പാട്ടങ്ങൾ, രത്നങ്ങളും ആഭരണങ്ങളും തുടങ്ങിയ തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്ക് നികുതി ഇല്ലാതാകുന്നതോടെ കൂടുതൽ മത്സരക്ഷമതയും യൂറോപ്യൻ മൂല്യ ശൃംഖലകളിൽ ആഴമേറിയ സംയോജനവും സാധ്യമാകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
-
സേവന മേഖലയിലെ വിപണി ലഭ്യത: ഐടി/ഐടിഇഎസ്, പ്രൊഫഷണൽ, വിദ്യാഭ്യാസം, ബിസിനസ് സേവനങ്ങൾ എന്നിവയുൾപ്പെടെ 144 ഉപമേഖലകളിൽ യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഇത് ഇന്ത്യൻ സേവന ദാതാക്കൾക്ക് കയറ്റുമതി വിപുലീകരിക്കാനും ഇരു സമ്പദ് വ്യവസ്ഥകളിലും നൂതനാശയങ്ങളെയും ഉല്പാദനക്ഷമതയെയും വ്യാപാര വളർച്ചയെയും പിന്തുണയ്ക്കാനും സുസ്ഥിര സാഹചര്യമൊരുക്കുന്നു.
പ്രധാന ഇനങ്ങളെ ഇന്ത്യ സംരക്ഷിക്കുന്നു
വ്യാപാര കരാറുകൾക്ക് കീഴിലെ കൃത്യമായ ഉദാരവല്‍ക്കരണം 'മെയ്ക്ക് ഇൻ ഇന്ത്യ' പോലുള്ള സംരംഭങ്ങളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും രൂപകല്പന ചെയ്തതാണ്. ഇപ്രകാരം പാലുല്പന്നങ്ങൾ, ഇറച്ചി, കോഴിയിറച്ചി, ധാന്യങ്ങൾ എന്നിവയ്ക്കൊപ്പം അതീവ പ്രാധാന്യമേറിയ കാർഷികോല്പന്നങ്ങളും പൂർണമായി സംരക്ഷിക്കപ്പെടുന്നു.
മറ്റ് പ്രധാന പങ്കാളിത്തങ്ങള്‍ക്കൊപ്പം വ്യാപാര സഹകരണം മുന്നേറുന്നു
2025-26 സാമ്പത്തിക വർഷം യുകെ, ഒമാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറുകള്‍ പൂർത്തീകരിച്ച് ഇന്ത്യ വ്യാപാര ഇടപെടലുകൾ മുന്നോട്ടുകൊണ്ടുപോയി. ഇത് പ്രധാന ആഗോള വിപണികളിലുടനീളം ഇന്ത്യയുടെ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ സുപ്രധാന വിപുലീകരണം അടയാളപ്പെടുത്തുന്നു. ഈ പുതിയ കരാറുകൾക്കൊപ്പം കഴിഞ്ഞ ഏതാനും വർഷങ്ങളായി കയറ്റുമതി വളർച്ചയെയും നിക്ഷേപ പ്രവാഹത്തെയും പിന്തുണയ്ക്കുന്ന പ്രധാന വ്യാപാര ഉടമ്പടികൾ ഇന്ത്യ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ
ഗൾഫ് മേഖലയുമായി സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്‌പ്പെന്ന നിലയില്‍ 2025 ഡിസംബറിൽ ഒമാനുമായി ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. കൃഷി, തുണിത്തരമേഖല, തുകൽ, രത്നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ്, ഔഷധനിര്‍മാണം, വാഹന നിര്‍മാണം തുടങ്ങിയ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകൾക്ക് കരാർ പുതിയ കയറ്റുമതി അവസരങ്ങൾ തുറന്നുനൽകുന്നു- തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കരകൗശല വിദഗ്ധരെയും വനിതാ സംരംഭങ്ങളെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കാനും ഇത് സഹായിക്കുന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിനും ആയുഷിനും ആഗോള അംഗീകാരവും വിപണി ലഭ്യതയും
പരമ്പരാഗത വൈദ്യശാസ്ത്രത്തിന് എല്ലാ മേഖലകളിലും പിന്തുണ നൽകുമെന്ന് ഒരു രാജ്യം ആദ്യമായി ഈ കരാറിലൂടെ സമ്മതിച്ചിരിക്കുന്നു. ഇന്ത്യയുടെ ആയുഷ് മേഖലയ്ക്ക് വലിയ അവസരങ്ങൾ നൽകുന്ന ഔദ്യോഗിക സംവിധാനത്തിന് ഇത് വഴിതുറക്കുന്നു.
-
സേവനങ്ങളും സഞ്ചാര വാഗ്ദാനങ്ങളും: ആദ്യമായി പ്രധാന 'മോഡ് 4' വിഭാഗങ്ങളിൽ ഒമാൻ വാഗ്ദാനങ്ങള്‍ നൽകിയിട്ടുണ്ട്. കമ്പനികളില്‍ സ്ഥലംമാറ്റം ലഭിച്ചവർ, കരാറടിസ്ഥാനത്തിലെ സേവനദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്ക് താൽക്കാലികമായി രാജ്യത്ത് പ്രവേശിക്കാനും താമസിക്കാനും മികച്ച സൗകര്യങ്ങൾ ഇത് ഉറപ്പാക്കുന്നു.
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ
2025-ൽ പൂർത്തിയായ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം ഗണ്യമായി ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യ ഏറ്റവും വേഗം പൂർത്തീകരിച്ച വ്യാപാര കരാറുകളിലൊന്നായി നിലകൊള്ളുന്നു. ന്യൂസിലൻഡിലേക്ക് ഇന്ത്യൻ കയറ്റുമതിയുടെ വിപണി ലഭ്യതയും തീരുവ മുൻഗണനകളും വർധിപ്പിക്കുന്ന ഈ കരാർ വിശാലമായ ഓഷ്യാനിയ, പസഫിക് ദ്വീപ് വിപണികളിലേക്ക് പ്രവേശന കവാടമായി പങ്കാളിത്തത്തെ മാറ്റുന്നു.
കർഷകർക്കും എംഎസ്എംഇകൾക്കും ഉയര്‍ന്ന വിപണി ലഭ്യത: കരാർ പ്രകാരം ന്യൂസിലൻഡ് 100% തീരുവ വിഭാഗങ്ങളിലെയും നികുതികൾ ഒഴിവാക്കി കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ എല്ലാ ഇന്ത്യൻ കയറ്റുമതികൾക്കും തീരുവരഹിത പ്രവേശനം അനുവദിച്ചു.
-
കാര്‍ഷികോല്പാദക പങ്കാളിത്തത്തിലൂടെ കർഷകരെ പിന്തുണയ്ക്കാനും ഉല്പാദനക്ഷമത മെച്ചപ്പെടുത്താനും അവരെ ആഗോള മൂല്യ ശൃംഖലകളിൽ സംയോജിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു.
-
കൂടാതെ വസ്ത്രനിർമാണം, തുകൽ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് തീരുവരഹിത പ്രവേശനം നൽകി എംഎസ്എംഇകളെയും തൊഴിലവസരങ്ങളെയും കരാർ പ്രോത്സാഹിപ്പിക്കുന്നു.
നിക്ഷേപവും തൊഴിൽ അവസരങ്ങളും: 15 വർഷത്തിനകം 20 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപ വാഗ്ദാനവും സ്വതന്ത്ര വ്യാപാര കരാറിന് പിന്തുണ നൽകുന്നുണ്ട്. ഇത് സാമ്പത്തികവും തന്ത്രപരവുമായ ദീർഘകാല സഹകരണം ശക്തിപ്പെടുത്തുന്നു.
-
വൈദഗ്ധ്യമേറിയ തൊഴിലാളികളെ നൽകുന്ന പ്രധാന രാജ്യമായി ഇന്ത്യ ഉയർന്നു വരുന്നതിന് ഇത് അവസരങ്ങള്‍ തുറക്കുന്നു. ഒപ്പം ആയുഷ്, യോഗ പരിശീലനം, ഇന്ത്യൻ പാചക വൈദഗ്ധ്യം, സംഗീത അധ്യാപനം തുടങ്ങിയ സേവന മേഖലകളിലും ഐടി, എന്‍ജിനീയറിങ്, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, നിർമാണം തുടങ്ങിയ മുൻഗണനാ മേഖലകളിലും ഭാവി സഹകരണത്തിന് ഇത് വഴിയൊരുക്കുന്നു.
പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സഹകരണം ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ
ഇന്ത്യയും യുകെയും തമ്മിലെ ദീർഘകാല സാമ്പത്തിക പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായി 2025-ൽ ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം ഇതിനകം 56 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. 2030-ഓടെ ഇത് ഇരട്ടിയാക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനകം ഇന്ത്യയുടെ കാർഷിക, ഭക്ഷ്യസംസ്കരണ കയറ്റുമതിയിൽ 50 ശതമാനത്തിലധികം വളർച്ച കൈവരിക്കാനും കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉല്പന്നങ്ങളുടെ വിപണി ലഭ്യത: യുകെയിലേക്ക് ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനത്തോളം വരുന്ന ഉല്പന്നങ്ങൾക്ക് സമഗ്ര സാമ്പത്തിക വ്യാപാര കരാർ മുന്‍പെങ്ങുമില്ലാത്തവിധം നികുതിരഹിത പ്രവേശനം നൽകുന്നു. വ്യാപാര മൂല്യത്തിൻ്റെ ഏകദേശം 100 ശതമാനവും ഉൾക്കൊള്ളുന്ന കരാര്‍ വസ്ത്രനിർമാണം, തുകൽ, സമുദ്രോല്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, രാസപദാര്‍ത്ഥങ്ങള്‍, വാഹനഘടകങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകൾക്ക് ഗുണകരമാകും.
യുകെയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സുഗമമായ സഞ്ചാരസ്വാതന്ത്ര്യം
യുകെയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നടപ്പാക്കുന്ന ആദ്യ ക്രമീകരണത്തിലൂടെ ഐടി, ആരോഗ്യപരിചരണം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകൾക്ക് കരാർ സഞ്ചാരസ്വാതന്ത്ര്യം സുഗമമാക്കുന്നു. കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്ഥാപനങ്ങളില്‍നിന്ന് സ്ഥലംമാറ്റം ലഭിക്കുന്നവര്‍, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്ക് ഇത് സുഗമമായ പ്രവേശനം സാധ്യമാക്കുന്നു.
സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ: രണ്ട് രാജ്യങ്ങളിലും സാമൂഹ്യ സുരക്ഷാ വിഹിതം അടയ്ക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച ഉടമ്പടിയാണ് കരാറിന് കീഴിലെ മറ്റൊരു പ്രധാന നേട്ടം. ഇതുവഴി യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്കും പ്രൊഫഷണലുകൾക്കും ഏകദേശം 4,000 കോടി രൂപയിലധികം ലാഭമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
കരാറിലെ സമഗ്ര വ്യവസ്ഥകൾ വരും വർഷങ്ങളിൽ വിപണി ലഭ്യത ഗണ്യമായി വർധിപ്പിക്കുമെന്നും കയറ്റുമതിയും നിക്ഷേപവും പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയും യുകെയും തമ്മിലെ സാമ്പത്തിക സഹകരണം ആഴത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടന വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA)
2024-ൽ ഒപ്പുവെയ്ക്കുകയും 2025 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) നിക്ഷേപ പ്രവാഹവുമായും തൊഴിലവസര സൃഷ്ടിയുമായും നേരിട്ട് ബന്ധിപ്പെട്ട വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതും ഇന്ത്യ ഒപ്പുവെച്ചതുമായ പ്രഥമ സ്വതന്ത്ര വ്യാപാര കരാറാണ്.
ഉല്പന്നങ്ങളുടെ വിപണി ലഭ്യത: ഇന്ത്യന്‍ കയറ്റുമതിയുടെ 99.6% വരുന്ന 92.2% തീരുവ വിഭാഗങ്ങളിലും യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടന രാജ്യങ്ങൾ വിപണി ലഭ്യത വാഗ്ദാനം ചെയ്തിട്ടുണ്ട്. കാർഷികേതര ഉല്പന്നങ്ങളുടെ 100 ശതമാനം ഉള്‍ക്കൊള്ളുന്ന കരാറില്‍ സംസ്കരിച്ച കാർഷികോല്പന്നങ്ങളിലെ തീരുവ ഇളവുകളുമുണ്ട്.
സേവന സഹകരണം: ഐടി, വ്യാപാര സേവനങ്ങൾ, വിദ്യാഭ്യാസം, സാംസ്കാരിക-വിനോദ സേവനങ്ങൾ, ദൃശ്യ-ശ്രാവ്യ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സേവന ദാതാക്കൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിലൂടെ സേവന മേഖലയിലെ സഹകരണം കരാർ ശക്തിപ്പെടുത്തുന്നു.
നിക്ഷേപവും തൊഴിൽ വാഗ്ദാനങ്ങളും: കരാർ പ്രാബല്യത്തിൽ വന്ന് 10 വർഷത്തിനകം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം 50 ബില്യൺ യുഎസ് ഡോളർ വർധിപ്പിക്കുമെന്ന നിക്ഷേപ വാഗ്ദാനമാണ് കരാറിൻ്റെ സവിശേഷത. തുടർന്ന് അഞ്ച് വർഷത്തിനകം 50 ബില്യൺ യുഎസ് ഡോളർ കൂടി നിക്ഷേപിക്കും, അങ്ങനെ 15 വർഷത്തിനകം ആകെ 100 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം ലക്ഷ്യമിടുന്നു.
വിപുലീകരിച്ച വിപണി ലഭ്യതയിലൂടെയും കരുത്തുറ്റ സേവന സഹകരണത്തിലൂടെയും നിക്ഷേപാധിഷ്ഠിത വളർച്ചാ വാഗ്ദാനങ്ങളിലൂടെയും കയറ്റുമതിക്കാർക്കും വ്യാപാരസംരംഭങ്ങള്‍ക്കും തൊഴിലാളികൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടനയില്‍ അംഗങ്ങളായ സമ്പദ് വ്യവസ്ഥകളുമായി ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ബന്ധങ്ങളെ ആഴത്തിലാക്കാൻ ഈ കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ
2022-ൽ ഒപ്പുവെച്ച ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മധ്യകിഴക്കന്‍ ഉത്തരാഫ്രിക്കന്‍ മേഖലയിൽ ഇന്ത്യ ഒപ്പുവെക്കുന്ന ഇത്തരത്തിലെ പ്രഥമ ഉടമ്പടിയാണ്. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരമായ സാമ്പത്തിക സഹകരണത്തിൻ്റെ പുതുയുഗത്തിന് ഇത് തുടക്കം കുറിച്ചു. ഇരു സമ്പദ് വ്യവസ്ഥകളിലും ഗണ്യമായ തൊഴിലവസരങ്ങളും വ്യാപാര സാധ്യതകളും സൃഷ്ടിക്കുന്നതിനൊപ്പം ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനകം 100 ബില്യൺ യുഎസ് ഡോളറായി ഉയർത്താന്‍ ലക്ഷ്യമിട്ടാണ് കരാർ പൂർത്തീകരിച്ചത്.
ശക്തമായ വ്യാപാര വളർച്ചയും കയറ്റുമതി നേട്ടങ്ങളും: കരാറിൻ്റെ സ്വാധീനം വ്യാപാര ഫലങ്ങളിൽ ഇതിനകം പ്രകടമാണ്. 2024-25 സാമ്പത്തിക വർഷം ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളർ പിന്നിട്ട് ശക്തമായ വളർച്ച രേഖപ്പെടുത്തുകയും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികൾക്കിടയിൽ യുഎഇയുടെ സ്ഥാനം വീണ്ടും അടയാളപ്പെടുത്തുകയും ചെയ്തു.
-
ഇന്ത്യയുടെ കയറ്റുമതിയുടെ കാര്യത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്ന ശേഷം ശരാശരി 25.6% വളർച്ച രേഖപ്പെടുത്തി 2023-24 സാമ്പത്തിക വർഷത്തിലെ എണ്ണയിതര കയറ്റുമതി 27.4 ബില്യൺ യുഎസ് ഡോളറിലെത്തി.
-
മേഖലാധിഷ്ഠിത കണക്കുകളനുസരിച്ച് വൈദ്യുതിയന്ത്രങ്ങളും ബോയിലറുകൾ, ജനറേറ്ററുകൾ, റിയാക്ടറുകൾ തുടങ്ങിയ ലഘു-ഇടത്തരം ഉന്നത സാങ്കേതിക ഉപകരണങ്ങളും ജൈവികവും ജൈവികേതരവുമായ രാസവസ്തുക്കളും വലിയ നേട്ടമുണ്ടാക്കി.
-
സ്മാർട്ട്ഫോണുകളും സുപ്രധാന കയറ്റുമതി ഇനമായി മാറി. 2023-24 സാമ്പത്തിക വർഷം 2.57 ബില്യൺ യുഎസ് ഡോളർ മൂല്യംവരുന്ന സ്മാർട്ട്ഫോണുകളാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുതിയ വ്യാപാര സാധ്യതകൾ ഒരുക്കിയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക പങ്കാളിത്തവും നയതന്ത്രവും ശക്തിപ്പെടുത്തി. സാമ്പത്തിക പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനും കരാറിലൂടെ ലഭിക്കുന്ന വ്യാപാര-നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര കരാറും
2022 ഏപ്രിലിൽ ഒപ്പുവെച്ച ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ ഒരു പതിറ്റാണ്ടിനിടെ വികസിത സമ്പദ് വ്യവസ്ഥയുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യ വ്യാപാര കരാറാണ്. വികസിത വിപണികളുമായി പങ്കാളിത്തം വിപുലീകരിക്കുന്നതിലെ പുതിയ ഊർജ്ജത്തെ ഇത് അടയാളപ്പെടുത്തുന്നു. ജൈവ ഉല്പന്നങ്ങളിൽ 'പരസ്പര അംഗീകാര ഉടമ്പടി’ ഒപ്പുവെച്ചത് സുപ്രധാന നാഴികക്കല്ലാണ്. സുഗമമായ വ്യാപാരം സാധ്യമാക്കുന്ന ഈ നടപടി കയറ്റുമതിക്കാര്‍ക്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
വിപണി ലഭ്യതയും തീരുവ ഉദാരവല്‍ക്കരണവും: ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാരം ചെയ്യപ്പെടുന്ന മിക്കവാറും എല്ലാ തീരുവ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ കരാർ ഓസ്‌ട്രേലിയൻ തീരുവ വിഭാഗങ്ങളുടെ 100 ശതമാനത്തിലും ഇന്ത്യയ്ക്ക് മുൻഗണനാ വിപണി ലഭ്യത നൽകുന്നു. കൂടാതെ ഇന്ത്യയുടെ 70 ശതമാനത്തിലധികം തീരുവ വിഭാഗങ്ങളില്‍ ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ മുൻഗണനാ പ്രവേശനം കൽക്കരി, ധാതു അയിരുകൾ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെയും ഇടനില ഉല്പന്നങ്ങളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് പ്രത്യേകം ഗുണംചെയ്യുന്നതാണ്.
സേവന മേഖലയിലെ വിപണി ലഭ്യത: സേവന വ്യാപാരത്തിൽ ഏകദേശം 135 ഉപമേഖലകളിൽ ഓസ്‌ട്രേലിയ വാഗ്ദാനങ്ങൾ നൽകുകയും 120 ഉപമേഖലകളിൽ 'മോസ്റ്റ് ഫേവേർഡ് നേഷൻ' പദവി അനുവദിക്കുകയും ചെയ്തു. ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, വ്യാപാര സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ദൃശ്യ-ശ്രാവ്യ സേവനങ്ങൾ തുടങ്ങി ഇന്ത്യയുടെ പ്രധാന തല്പര മേഖലകളെ ഇത് ഉൾക്കൊള്ളുന്നു.
ഇന്ത്യൻ കയറ്റുമതിയ്ക്ക് വിപുലീകൃത ആനുകൂല്യങ്ങൾ: 2026 ജനുവരി മുതൽ 100% ഓസ്‌ട്രേലിയൻ തീരുവ വിഭാഗങ്ങളിലും ഇന്ത്യൻ കയറ്റുമതിക്ക് നികുതി രഹിത പ്രവേശനം ആസ്വദിക്കാം. ഇത് തൊഴിലധിഷ്ഠിത മേഖലകളിലടക്കം പുതിയ അവസരങ്ങൾ തുറക്കുന്നു.
വ്യാപാര, കയറ്റുമതി പ്രകടന നേട്ടങ്ങൾ: കഴിഞ്ഞ മൂന്ന് വർഷമായി സുസ്ഥിര കയറ്റുമതി വളർച്ചയും മെച്ചപ്പെട്ട വിപണി ലഭ്യതയും ശക്തമായ വിതരണ ശൃംഖല പ്രതിരോധശേഷിയും ഉറപ്പാക്കിയ കരാര്‍ ഇന്ത്യൻ കയറ്റുമതിക്കാർക്കും എംഎസ്എംഇകൾക്കും കർഷകർക്കും തൊഴിലാളികൾക്കും ഗുണകരമായി.
-
2024-25 സാമ്പത്തിക വർഷം ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 8% വളർച്ച കൈവരിച്ചത് ഉഭയകക്ഷി വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചു. നിര്‍മാണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, ഔഷധനിര്‍മാണം, പെട്രോളിയം ഉല്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടമുണ്ടായി.
-
കാർഷിക കയറ്റുമതിയിലും വ്യാപക വളർച്ച രേഖപ്പെടുത്തി. പഴങ്ങൾ, പച്ചക്കറികൾ, സമുദ്രോല്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ശ്രദ്ധേയ വർധനയും കാപ്പി കയറ്റുമതിയിൽ മികച്ച വളർച്ചയുമുണ്ടായി.
-
രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി മുന്നേറ്റം തുടർന്നു. 2025 ഏപ്രിൽ-നവംബർ കാലയളവിൽ 16% വർധന രേഖപ്പെടുത്തി.
സമഗ്ര സാമ്പത്തിക കരാറിലേക്ക് ചർച്ചകൾ പുരോഗമിക്കവെ ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക ബന്ധത്തിൻ്റെ കരുത്തായി നിലകൊള്ളുന്ന സാമ്പത്തിക സഹകരണ വ്യാപാര കരാർ ഇരുരാജ്യങ്ങളുടെയും വിശ്വാസവും സമൃദ്ധിയും വർധിപ്പിക്കാൻ സഹായിക്കുന്നു.

മൗറീഷ്യസുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ
ഇന്ത്യയും മൗറീഷ്യസും 2021-ൽ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഒരു ആഫ്രിക്കന്‍ രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യ വ്യാപാര കരാറാണിത്. ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്ഥാപനപരമായ സംവിധാനം ഈ കരാർ രൂപീകരിക്കുന്നു.
ഭക്ഷ്യപാനീയങ്ങൾ, കാർഷികോല്പന്നങ്ങൾ, തുണിത്തരങ്ങൾ, അടിസ്ഥാന ലോഹങ്ങളും അനുബന്ധ വസ്തുക്കളും, ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഇനങ്ങൾ, പ്ലാസ്റ്റിക്-രാസവസ്തുക്കള്‍, തടി ഉല്പന്നങ്ങൾ എന്നിവയുൾപ്പെടെ 300-ലധികം ഇന്ത്യൻ കയറ്റുമതി ഉല്പന്നങ്ങൾക്ക് കരാര്‍ മുൻഗണനാ വിപണി ലഭ്യത നൽകുന്നു. പ്രൊഫഷണൽ സേവനങ്ങൾ, കംപ്യൂട്ടർ സംബന്ധമായ സേവനങ്ങൾ, ഗവേഷണവും വികസനവും, ടെലികമ്യൂണിക്കേഷൻ, നിർമാണം, വിദ്യാഭ്യാസം, സാമ്പത്തികം, ടൂറിസം-യാത്രാ സംബന്ധമായ സേവനങ്ങൾ, യോഗ, ദൃശ്യ-ശ്രാവ്യ സേവനങ്ങൾ, ഗതാഗത സേവനങ്ങൾ തുടങ്ങി 11 പ്രധാന സേവന മേഖലകളിലെ ഏകദേശം 115 ഉപമേഖലകളിലേക്ക് ഇന്ത്യൻ സേവന ദാതാക്കൾക്ക് പ്രവേശനം നൽകുന്ന ഈ കരാർ സേവന മേഖലയിൽ വലിയ അവസരങ്ങൾ തുറക്കുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നു.
കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കുന്ന ആഭ്യന്തര ഘടകങ്ങൾ
കയറ്റുമതി അധിഷ്ഠിത വ്യാപാരങ്ങളുടെ വളർച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണങ്ങളിലെ വ്യക്തത, ഭരണപരമായ പിന്തുണ എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിലാണ് കയറ്റുമതി മത്സരക്ഷമതയിലെ വർധന കൂടുതൽ ആശ്രയിച്ചിരിക്കുന്നത്.
-
കയറ്റുമതിക്കാർക്ക് ഡിജിറ്റലും നയപരവുമായ പിന്തുണ: സ്വതന്ത്ര വ്യാപാര കരാറുകളും മുൻഗണനാ വ്യാപാര കരാറുകളും പ്രയോജനപ്പെടുത്താൻ കയറ്റുമതിക്കാരെ പ്രാപ്തരാക്കുന്നതിന് 'ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോമിലെ' തീരുവ കണ്ടെത്തല്‍ സേവനം രാജ്യത്തെ അർഹമായ കയറ്റുമതികൾക്ക് ലഭ്യമായ തീരുവ ഇളവുകള്‍ സംബന്ധിച്ച വിവരങ്ങൾ നൽകുന്നു. കൂടാതെ കയറ്റുമതി പ്രോത്സാഹന ദൗത്യം കയറ്റുമതി സംരംഭങ്ങൾ മെച്ചപ്പെടുത്താന്‍ സമഗ്രവും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്നതും ഡിജിറ്റൽ അധിഷ്ഠിതവുമായ ചട്ടക്കൂട് സ്ഥാപിക്കുന്നു.
-
സാമ്പത്തിക, വായ്പ പിന്തുണ നടപടികൾ: അനിശ്ചിതത്വത്തിൻ്റെ കാലഘട്ടങ്ങളിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിന് വായ്പാ ഗ്യാരണ്ടി പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ട്; ഇതിലൂടെ പണലഭ്യത ഉറപ്പാക്കുകയും വ്യാപാരത്തുടർച്ച പ്രോത്സാഹിപ്പിക്കുകയും പുതിയ വിപണികളിലേക്ക് വ്യാപിക്കാന്‍ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
-
കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്ന ആർബിഐ നടപടികൾ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച അനുബന്ധ നടപടികൾ കയറ്റുമതി പ്രോത്സാഹന ദൗത്യത്തിൻ്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നു.
-
അർഹരായ വായ്പക്കാർക്ക് തിരിച്ചടവിൽ സാവകാശം നൽകുക, 2026 മാർച്ച് 31 വരെ കയറ്റുമതിയ്ക്ക് മുന്‍പും ശേഷവും നല്‍കുന്ന വായ്പകളുടെ കാലാവധി 450 ദിവസം വരെ നീട്ടി നൽകുക എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്കുകൾക്ക് മാർജിൻ തുക കുറയ്ക്കാനും പ്രവര്‍ത്തന മൂലധന പരിധി പുതുക്കി നിശ്ചയിക്കാനും അനുവാദം നൽകുന്നതിലൂടെ കയറ്റുമതിക്കാർക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നു
-
2025-ലെ പുതിയ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ പ്രകാരം വിദേശത്തേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്തതിന് ലഭിക്കേണ്ട പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട കാലാവധി 9 മാസത്തിൽ നിന്ന് 15 മാസമായി ഉയർത്തി. കൂടാതെ, വിദേശത്തുനിന്ന് മുൻകൂർ പണം ലഭിച്ചാൽ സാധനങ്ങൾ അയക്കേണ്ട സമയം ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായും വര്‍ധിപ്പിച്ചു.
-
2026-27 കേന്ദ്ര ബജറ്റ് പിന്തുണ: ഇന്ത്യയുടെ വ്യാപാര മത്സരക്ഷമത കൂടുതല്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നിരവധി നടപടികൾ 2026-27 ലെ കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നു.
-
കയറ്റുമതി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് കൊറിയർ കയറ്റുമതിയിൽ ഓരോ ഇനത്തിനും നിലവിലെ 10 ലക്ഷം രൂപ പരിധി നീക്കം ചെയ്യുന്നത് ഇതിലുൾപ്പെടുന്നു.
-
തുകൽ, സിന്തറ്റിക് പാദരക്ഷകൾക്കും കയറ്റുമതിക്കായി സമുദ്രോല്പന്നങ്ങൾ സംസ്കരിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്കും നികുതിരഹിത ഇറക്കുമതി നീട്ടി നൽകി.
-
തുകൽ, തുണിത്തര വസ്ത്രങ്ങൾ, തുകൽ-സിന്തറ്റിക് പാദരക്ഷകൾ എന്നിവ കയറ്റുമതി ചെയ്യുന്നവരുടെ പ്രവർത്തനങ്ങള്‍ സുഗമമാക്കി അന്തിമ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സമയപരിധി ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയര്‍ത്തി.
-
കൂടാതെ ഇലക്ട്രോണിക് സീലിങ് ഉപയോഗിക്കുന്ന കയറ്റുമതി ചരക്കുകൾക്ക് ഫാക്ടറി പരിസരത്തുനിന്ന് നേരിട്ട് കപ്പലിലേക്ക് പ്രവേശനാനുമതി നല്‍കും. ഇത് ചരക്കുനീക്ക സമയവും ചെലവും കുറയ്ക്കാൻ സഹായിക്കും.
ഈ നിയന്ത്രണ-സാമ്പത്തിക നടപടികൾ കയറ്റുമതിക്കാർക്ക് സംയോജിത പിന്തുണാ ചട്ടക്കൂട് നൽകുന്നു. ഇത് പണലഭ്യത നിലനിർത്തുകയും വായ്പ സാമ്പത്തിക അച്ചടക്കം സംരക്ഷിക്കുകയും മെച്ചപ്പെട്ട കയറ്റുമതി ആവാസവ്യവസ്ഥ കയറ്റുമതി പ്രോത്സാഹന ദൗത്യത്തിൻ്റെ ലക്ഷ്യവുമായി ചേർന്നുനിൽക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ വിപുലീകരിക്കപ്പെടുന്ന ചർച്ചാ അജണ്ട
അന്തിമമാക്കിയ ഈ കരാറുകൾക്ക് പുറമെ സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെയും വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ആഴത്തിലാക്കാന്‍ നിരവധി പ്രധാന സമ്പദ് വ്യവസ്ഥകൾ നിലവിൽ ഇന്ത്യയുമായി സജീവ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്:
-
2026 ഫെബ്രുവരിയിൽ പരസ്പര പൂരകവും ഗുണകരവുമായ വ്യാപാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇടക്കാല കരാറിനായി ഇന്ത്യ അമേരിക്കയുമായി ചട്ടക്കൂട് സ്ഥാപിച്ച് ധാരണയിലെത്തി. കൂടുതൽ വിപണി ലഭ്യത ഉറപ്പാക്കുന്നതും കൂടുതൽ പ്രതിരോധശേഷിയാര്‍ന്ന വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതുമായ വിപുലമായ യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളോട് ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പ്രതിബദ്ധത ഈ ചട്ടക്കൂട് ആവര്‍ത്തിച്ചുറപ്പിക്കുന്നു.
-
ഇന്ത്യയും ഇസ്രയേലും 2025 നവംബറിൽ സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചാ നിബന്ധനകളില്‍ ഒപ്പുവെച്ചു. തുടർന്ന് സ്വതന്ത്ര വ്യാപാര കരാര്‍ ചർച്ചകളുടെ ആദ്യഘട്ടം 2026 ഫെബ്രുവരിയിൽ പൂർത്തിയായി. വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന് നിശ്ചിത മേഖലകളിലെ ചർച്ചകൾക്ക് ഇത് ഘടനാപരമായ ചട്ടക്കൂട് സ്ഥാപിച്ചു. ഫിൻടെക്, അഗ്രി-ടെക്, നിര്‍മിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, മെഷീൻ ലേണിങ്, ഔഷധനിര്‍മാണം, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിർദിഷ്ട കരാർ സഹകരണം ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
ആസിയാൻ-ഇന്ത്യ ചരക്കുവ്യാപാര കരാറിനായും ചർച്ചകള്‍ നടന്നു വരികയാണ്. അംഗരാജ്യങ്ങളുടെ പൂർണ സാമ്പത്തിക ശേഷി പുറത്തെടുക്കാനും പ്രാദേശിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും കരാറിന് സാധ്യതയുണ്ട്.
-
ഇന്ത്യ-മെക്സിക്കോ കൂടിക്കാഴ്ചകൾ ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ വിപുലീകരിക്കാനും വ്യാപാര സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിലുടനീളം അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ചർച്ചകള്‍ മുൻഗണന നൽകുന്നു.
-
കാനഡയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി അംഗീകൃത ചര്‍ച്ചാ നിബന്ധനകളുടെ പിന്തുണയോടെ ഇന്ത്യ ചർച്ചകൾ തുടരുകയാണ്. തീരുവ കുറച്ചും സേവനങ്ങൾക്കും നിക്ഷേപത്തിനും വ്യക്തമായ ചട്ടക്കൂടുകള്‍ സ്ഥാപിച്ചും 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യൺ ഡോളറായി ഉയർത്താനാണ് നിർദിഷ്ട കരാർ ലക്ഷ്യമിടുന്നത്.
-
ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് 2026 ഫെബ്രുവരിയിൽ ചര്‍ച്ചാ നിബന്ധനകള്‍ ഒപ്പുവെച്ചു. പിന്നാലെ സമഗ്രവും പരസ്പര ഗുണകരവുമായ കരാറിനായി ഔദ്യോഗികമായി ചർച്ചകൾ ആരംഭിച്ച് സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സ രഹിത ഒഴുക്കിന് വഴിയൊരുക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ നിക്ഷേപങ്ങള്‍ ആകർഷിക്കുകയും തൊഴിലവസരങ്ങൾ വിപുലീകരിക്കുകയും മേഖലയുടെ ഭക്ഷ്യ-ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇത് സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കും.
അന്തിമമാക്കിയ കരാറുകളുടെയും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെയും വിപുലീകൃത ശൃംഖല ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലിലെ വലിയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. പരസ്പര വളർച്ച, പ്രതിരോധശേഷി, തന്ത്രപരമായ വിശ്വാസം എന്നിവയിലധിഷ്ഠിതമായ സമകാലിക വ്യാപാര ഘടന രൂപപ്പെടുത്തുന്നതിൽ കേന്ദ്രസ്ഥാനം വഹിക്കാൻ ഈ പങ്കാളിത്തങ്ങൾ ഇന്ത്യയെ പ്രാപ്തമാക്കുന്നു.
ഉപസംഹാരം
ആധുനികവും ഫലപ്രദവുമായ വ്യാപാര കരാറുകളുടെ വിപുലമായ ശൃംഖല നല്‍കുന്ന പിന്തുണയോടെ ആഴമേറിയ ആഗോള സാമ്പത്തിക സംയോജനത്തിലേക്കുള്ള നിർണായക മാറ്റമാണ് 2026-ലെ ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങൾ അടയാളപ്പെടുത്തുന്നത്. യൂറോപ്യൻ യൂണിയനുമായി ഏര്‍പ്പെട്ട ചരിത്രപരമായ കരാറും മറ്റ് ശക്തമായ പങ്കാളിത്തങ്ങളും വിപണി ലഭ്യത വർധിപ്പിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകർഷിക്കുകയും വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കയറ്റുമതിക്കാരുടെ മത്സരക്ഷമത വർധിപ്പിക്കാന്‍ ആഭ്യന്തര നയങ്ങളുടെയും സാമ്പത്തിക-നിയന്ത്രണ നടപടികളുടെയും പിന്തുണയോടെ രാജ്യത്തിൻ്റെ വ്യാപാര ആവാസവ്യവസ്ഥ കൂടുതൽ പ്രതിരോധാത്മകവും ആഗോളതലത്തിൽ സംയോജിതവുമായി മാറുകയാണ്.
ഈ ശ്രമങ്ങൾ ആഗോള വ്യാപാരത്തിൽ വിശ്വസനീയ ചലനാത്മക പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ഇത് വരും വർഷങ്ങളിൽ സുസ്ഥിര വളർച്ചയ്ക്കും പങ്കിട്ട സമൃദ്ധിയ്ക്കും ചാലകശക്തിയായി മാറും.
അവലംബം:
Click here to see pdf
***
(Explainer ID: 157596)
आगंतुक पटल : 41
Provide suggestions / comments