• Sitemap
  • Advance Search
Technology

മെയ്ഡ്-ഇൻ-ഇന്ത്യ എഐ വിപ്ലവത്തിന് കരുത്തേകി സർവം എഐ

ഡിജിറ്റൽ ഇന്ത്യയ്ക്ക് തദ്ദേശീയ എഐ വികസനം

Posted On: 21 FEB 2026 2:54PM

ആഗോള ഡിജിറ്റൽ ശക്തിയെന്ന നിലയിലെ ഇന്ത്യയുടെ ഉദയം തദ്ദേശീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദേശീയ മുൻഗണനകളുമായി ചേര്‍ന്നുനില്‍ക്കുന്നതുമായ നിര്‍മിതബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള രാജ്യത്തിൻ്റെ   കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഭരണനിർവഹണം, പൊതുസേവനങ്ങൾ, വ്യവസായം, പൗരന്മാരുമായി ആശയവിനിമയം എന്നിവയ്ക്ക് എഐ കൂടുതല്‍ വ്യക്തമായ രൂപം നല്‍കുന്നതിനനുസരിച്ച് തദ്ദേശീയ 'അടിസ്ഥാന എഐ മാതൃകകളുടെ'  ആവശ്യകത സുപ്രധാനമായി മാറിയിരിക്കുന്നു. പ്രസക്തിയും ഫലപ്രാപ്തിയും ഉറപ്പാക്കാന്‍  ഈ മാതൃകകളെ ഇന്ത്യൻ ഭാഷകളിലും പ്രാദേശിക വിവരങ്ങളിലും യഥാർത്ഥ സാഹചര്യങ്ങളിലും പരിശീലിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് പ്രത്യേകം എഐ സംവിധാനങ്ങൾ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ രൂപംനല്‍കിയ സർവം എഐ എന്ന സ്ഥാപനം അടിസ്ഥാന എഐ ഘടകങ്ങൾ നിർമിക്കുകയും അവ രാജ്യത്തിൻ്റെ  ഭാഷാപരവും വ്യാവസായികവും ഭരണപരവുമായ തനത് ആവശ്യങ്ങളിൽ പ്രയോഗിക്കുകയും ചെയ്ത് രാജ്യത്തിൻ്റെ  ആവശ്യങ്ങൾക്കനുസൃതമായി നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ വികസിപ്പിക്കുന്നു.  കമ്പനി നിർമിച്ച ഫുൾ-സ്റ്റാക്ക് എഐ പ്ലാറ്റ്‌ഫോമിൻ്റെ  വികസനവും വിന്യാസവും നിയന്ത്രണവും പൂർണമായും ഇന്ത്യയിലാണ്. വന്‍കിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ നിലവാരത്തില്‍ വികസിപ്പിച്ചതും   രാജ്യത്തിൻ്റെ  ഭാഷാ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതുമായ ഈ സംവിധാനം പൊതുസേവന വിതരണത്തെ പിന്തുണയ്ക്കുന്നതിനായി രൂപകല്പന ചെയ്തതാണ്.  ലഭ്യത, ബഹുഭാഷാ ആശയവിനിമയം, വിദേശ എഐ അടിസ്ഥാനസൗകര്യങ്ങളുടെ ആശ്രിതത്വം എന്നീ മേഖലകളില്‍  കാലങ്ങളായി നേരിടുന്ന തടസങ്ങള്‍  പരിഹരിക്കുകയാണ് ഇതിൻ്റെ  ലക്ഷ്യം.  


ഭാവിയുടെ അവകാശി ഇന്ത്യയാണെന്ന് സർവം എഐ തെളിയിക്കുന്നതായി ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ പ്രസ്താവിച്ചു. സാങ്കേതികവിദ്യ ഓരോ പൗരനിലും എത്തുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കുന്നുവെന്നും നൂതനാശയങ്ങളിലൂടെ ജനങ്ങളെ ശാക്തീകരിക്കാനും രാഷ്ട്രത്തെ ശക്തിപ്പെടുത്താനും വിശ്വസ്ത കൂട്ടാളിയായി നിലകൊള്ളുന്ന 'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിനെ  ഇത് മുന്നോട്ട് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഡിജിറ്റൽ സ്വയംപര്യാപ്തത തദ്ദേശീയ എഐ മാതൃകകളിലൂടെ

തദ്ദേശീയ  എഐ അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണം  ഇന്ത്യയുടെ സാങ്കേതിക പരമാധികാരത്തിൻ്റെയും ഡിജിറ്റൽ സ്വയംപര്യാപ്തതയുടെയും സമഗ്ര വളർച്ചയുടെയും കാഴ്ചപ്പാടിൽ ഏറെ പ്രധാനമാണ്. നിര്‍മിതബുദ്ധി  ഭരണനിർവഹണത്തെയും സാമ്പത്തിക മത്സരക്ഷമതയെയും പൗരസേവനങ്ങളെയും  രൂപപ്പെടുത്തുന്ന  കാലഘട്ടത്തിൽ പ്രാദേശിക ഭാഷകളിലും വിവരശേഖരങ്ങളിലും നിയന്ത്രണ ചട്ടക്കൂടുകളിലും അധിഷ്ഠിതമായ എഐ സംവിധാനങ്ങളുടെ വികസനത്തിലൂടെ  നൂതനാശയങ്ങള്‍ ദേശീയ മുൻഗണനകളോടും സാമൂഹ്യ ആവശ്യകതകളോടും ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനാവുന്നു. തദ്ദേശീയ എഐ വികസനം തന്ത്രപരമായ സ്വയംഭരണം സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിരോധശേഷിയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്ക് തുല്യ പ്രവേശനവും ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ 246.72 കോടി രൂപയുടെ സാമ്പത്തിക-കംപ്യൂട്ടിങ്  പിന്തുണയോടെ  തദ്ദേശീയ അടിസ്ഥാന എഐ മാതൃകകൾ വികസിപ്പിക്കുന്നതിന് 'ഇന്ത്യഎഐ മിഷൻ്റെ' നൂതനാശയ കേന്ദ്ര സ്തംഭത്തിന്  കീഴിൽ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിലൊന്നാണ് സർവം എഐ. ഇന്ത്യൻ ഭാഷകൾക്കും പൊതുസേവന വിതരണത്തിനുമായി പ്രത്യേകം തയ്യാറാക്കിയ ബൃഹത്തായ ഭാഷാ - സംസാര മാതൃകകള്‍  (എല്‍എല്‍എം) കമ്പനി നിർമിക്കുന്നു. ശബ്ദാധിഷ്ഠിത ഇൻ്റർഫേസുകളും രേഖകളുടെ പ്രോസസിങും സേവന ലഭ്യതയും ഉപയോഗക്ഷമതയും മെച്ചപ്പെടുത്തുന്ന പൗരകേന്ദ്രീകൃത അപ്ലിക്കേഷനുകളും ഇതിലുൾപ്പെടുന്നു. ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന തദ്ദേശീയ എഐ മാതൃകകള്‍ വികസിപ്പിക്കുന്നതിലൂടെ വിദേശ എഐ സംവിധാനങ്ങളുടെ ആശ്രിതത്വം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സർവം എഐ,  സ്വതന്ത്ര എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയും സ്റ്റാർട്ടപ്പുകളിലും അക്കാദമിക - ഗവേഷണ മേഖലകളിലും വ്യാവസായികരംഗത്തുമെല്ലാം നൂതനാശയങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.


വിവരങ്ങൾ തിരിച്ചറിയാനോ പ്രവചനങ്ങൾ നടത്താനോ പുതിയ ഉള്ളടക്കം സൃഷ്ടിക്കാനോ വൻതോതില്‍ ഡാറ്റ അധിഷ്ഠിതമാക്കി പരിശീലിപ്പിച്ച  കമ്പ്യൂട്ടർ പ്രോഗ്രാമാണ് എഐ മോഡൽ.  ഇത് ഒരു ഡിജിറ്റൽ തലച്ചോറിനെപ്പോലെ പ്രവർത്തിക്കുന്നു. 

സർവം എഐ  മോഡലു(മാതൃക)കളിൽ ചിലത്:

ബുൾബുൾ (എഴുത്തില്‍നിന്ന് ശബ് ദത്തിലേക്ക്): 39 വ്യത്യസ്ത ശബ്ദങ്ങളോടെ 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യം.  

സാരസ് (ശബ്ദത്തില്‍നിന്ന് എഴുത്തിലേക്ക്): 22 ഔദ്യോഗിക ഭാഷകളെയും 8KHz ടെലിഫോണി ശബ്ദത്തെയും ഭാഷാമിശ്രിത സംസാരത്തെയും  തിരിച്ചറിയുന്നു.

വിഷൻ (രേഖകള്‍ തിരിച്ചറിയല്‍): 22-ലധികം ഇന്ത്യൻ ഭാഷകൾക്കും മിശ്രിത ലിപികൾക്കും കൈപ്പടയിലെഴുതിയ കുറിപ്പുകൾക്കുമായി രൂപപ്പെടുത്തിയത്.

ഈ അടിസ്ഥാന ശേഷികളിലൂടെ തദ്ദേശീയ എഐ എങ്ങനെ വിപുലീകൃതവും പ്രതിരോധാത്മകവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യമായി ജനസംഖ്യാതലത്തില്‍ വികസിക്കുമെന്ന് സർവം എഐ തെളിയിക്കുന്നു.  പൊതുസേവന വിതരണം മെച്ചപ്പെടുത്തുകയും ഭാഷാപരമായ ഉപയോഗക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന ഈ സംവിധാനം ആഗോളതലത്തിൽ മത്സരക്ഷമതയാര്‍ന്ന എഐ ആവാസവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്ര ശക്തിപ്പെടുത്തുന്നു.    

സർവം എഐ-യുടെ ഫുള്‍-സ്റ്റാക്ക് പരമാധികാര എഐ ആവാസവ്യവസ്ഥ

ഇന്ത്യയിലുടനീളം സംരംഭങ്ങള്‍ക്കും സർക്കാരുകള്‍ക്കും ഡെവലപ്പർമാർക്കും ഉള്ളടക്ക സ്രഷ്ടാക്കൾക്കും സേവനം നല്‍കുന്നതിന്  സര്‍വം എഐ ഒരു  സമഗ്ര ഫുള്‍-സ്റ്റാക്ക് പരമാധികാര എഐ  ആവാസവ്യവസ്ഥ രൂപകല്പന ചെയ്ത് വികസിപ്പിച്ചിട്ടുണ്ട്.  കംപ്യൂട്ട്  അടിസ്ഥാനസൗകര്യങ്ങള്‍, അടിസ്ഥാന എഐ മോഡലുകൾ, പ്ലാറ്റ്‌ഫോമുകൾ, പ്രായോഗിക അപ്ലിക്കേഷനുകൾ എന്നിവയിലുടനീളം രാജ്യത്തിനകത്ത് തന്നെ ഇത് വികസിപ്പിച്ചെടുത്തു. നിര്‍മിതബുദ്ധി രംഗത്ത് സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കാന്‍  പ്രകടിപ്പിക്കുന്ന  പ്രതിബദ്ധതയുടെ  പ്രതിഫലനമാണ് ഈ ആവാസവ്യവസ്ഥ.


എഐ അപ്ലിക്കേഷനുകൾ നിർമിക്കാനും പ്രവർത്തിപ്പിക്കാനും ഒരുമിച്ച്  ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും പൂർണമായ കൂട്ടത്തെയാണ് എഐ സ്റ്റാക്ക്  എന്ന് വിശേഷിപ്പിക്കുന്നത്.  സിരി, അലക്സ പോലുള്ള  ദൈനംദിന എഐ സംവിധാനങ്ങള്‍ മുതൽ ആരോഗ്യ പരിചരണ രംഗത്തെ രോഗനിര്‍ണയം,  സാമ്പത്തിക തട്ടിപ്പുകള്‍ തിരിച്ചറിയല്‍,  ഗതാഗതം തുടങ്ങിയ രംഗങ്ങളില്‍ ഉപയോഗിക്കുന്ന നൂതന  അപ്ലിക്കേഷനുകൾ വരെ  വികസിപ്പിക്കാന്‍ എഐ സ്റ്റാക്ക് ആവശ്യമാണ്. 


സർവം എഐ ആവാസവ്യവസ്ഥ:

സർവം ഫോർ കൺവർസേഷൻസ്: 11 ഇന്ത്യൻ ഭാഷകളിൽ മനുഷ്യസമാനവും സാംസ്കാരിക  സ്വാധീനമേറിയതുമായ ശബ്ദങ്ങൾ സൃഷ്ടിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ നിലവാരത്തിലുള്ള  (ശേഷി കൂടിയ) സംഭാഷണ എഐ മോഡലാണിത്. 100 ദശലക്ഷത്തിലധികം സംഭാഷണങ്ങള്‍ 500 മില്ലിസെക്കൻഡിൽ താഴെ സമയത്തില്‍  കൈകാര്യം ചെയ്യുന്നു. 24 മണിക്കൂറിൽ താഴെ സമയത്തില്‍ വിന്യസിക്കാനാവുന്ന ഈ മോഡല്‍  10 മടങ്ങ് വരെ നിക്ഷേപ ലാഭവും നൽകുന്നു.

സർവം ഫോർ വർക്ക്: എഐ സഹായത്തോടെ അപ്ലിക്കേഷനുകൾ നിർമിക്കാനും  തകരാറുകൾ പരിഹരിക്കാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന  ഏകീകൃത പ്ലാറ്റ്‌ഫോമാണിത്.  വളരെ ലളിതമായി ഏത് ഡാറ്റാ ഉറവിടവുമായും അടിസ്ഥാന സൗകര്യങ്ങളുമായും ഇതിനെ ബന്ധിപ്പിക്കാനാവും. 

സർവം എഐ ഫോർ കണ്ടൻ്റ് :  വോയിസ് ക്ലോണിങും കൃത്യമായ ദൃശ്യ-ശ്രാവ്യ സംയോജനവും ഉപയോഗിച്ച് ബഹുഭാഷാ വീഡിയോ ഡബ്ബിങ്  സാധ്യമാക്കുന്നു. ഒപ്പം രേഖകളുടെ യഥാർത്ഥ ശൈലിയും ഘടനയും നിലനിർത്തി വിവർത്തനം നല്‍കുകയും   ഇതിനായി പ്രത്യേക എഡിറ്റിംഗ് ടൂളുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.  

സർവം എഐ ഫോർ എഡ്ജ് ഇൻ്റലിജൻസ്:   യഥാർത്ഥ സാഹചര്യങ്ങളിൽ അതിവേഗം പ്രവർത്തിപ്പിക്കാനാവുന്ന ചെറിയ എഐ  സംവിധാനങ്ങളാണ്  ഇത് നൽകുന്നത്. ഇൻ്റർനെറ്റിൻ്റെ സഹായത്തോടെയും  അല്ലാതെയും  പ്രവർത്തിക്കുന്ന രീതികൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.  ഉപകരണങ്ങളിൽ  നേരിട്ട് പ്രവർത്തിക്കുന്ന വോയിസ് അസിസ്റ്റൻ്റുകൾക്കും അതിവേഗ വിവർത്തനത്തിനും വിവരങ്ങളുടെ സംഗ്രഹത്തിനും ഇത് സഹായിക്കുന്നു  

ഈ സംയോജിത രൂപലകല്പനയിലൂടെ സർവം എഐ കേവലം അപ്ലിക്കേഷൻ നിർമിക്കുക മാത്രമല്ല, ഇന്ത്യയുടെ എഐ ഭാവി മുന്നില്‍കണ്ട് വിപുലീകരിക്കാവുന്ന  ഡിജിറ്റൽ അടിത്തറ രൂപീകരിക്കുകയാണ്.  അടിസ്ഥാനസൗകര്യം, ഭാഷാ ഇൻ്റലിജൻസ്, വന്‍കിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ശേഷി,  എഡ്ജ് ഇൻ്റലിജന്‍സ് എന്നിവയെ ഒരു പരമാധികാര ആവാസവ്യവസ്ഥയിലേക്ക്  സംയോജിപ്പിക്കുന്നതിലൂടെ  സ്വതന്ത്രമായി നൂതനാശയങ്ങള്‍ കണ്ടെത്താനും ഉത്തരവാദിത്തത്തോടെ വിന്യസിക്കാനും ആഗോളതലത്തിൽ മത്സരിക്കാനും ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഒപ്പം അത്യാധുനിക എഐ പ്രാപ്യവും സുരക്ഷിതവും ദേശീയ വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പൊതുസേവന വിതരണത്തിന് തന്ത്രപരമായ പങ്കാളിത്തങ്ങൾ

സർവം എഐ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യയിലെ പുതിയ പ്രാദേശിക കണ്ടെത്തലുകളെ ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേശീയ-സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനി അത്യാധുനിക എഐ ശേഷികളെ നിർണായക സേവന വിതരണ സംവിധാനങ്ങളിൽ ഉൾച്ചേർക്കുന്നു.

എഐ അധിഷ്ഠിത ശബ്ദാധിഷ്ഠിത ആശയവിനിമയം, തട്ടിപ്പുകള്‍ തത്സമയം കണ്ടെത്തൽ, ബഹുഭാഷാ പിന്തുണ എന്നിവ ഉപയോഗിച്ച് ആധാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് യുഐഡിഎഐ സർവം എഐയുമായി പങ്കുചേര്‍ന്നു.  യുഐഡിഎഐയുടെ സുരക്ഷിത ഓൺ-പ്രിമൈസ് അടിസ്ഥാനസൗകര്യത്തില്‍ പ്രവർത്തിക്കുന്ന  പ്രത്യേക ജെൻ-എഐ-സ്റ്റാക്ക് തത്സമയ എൻറോൾമെൻ്റ് ഫീഡ്ബാക്കിനും തട്ടിപ്പ് മുന്നറിയിപ്പുകൾക്കും 10 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കും.

ഒഡീഷ സർക്കാരും സർവം എഐയും ചേർന്ന്  ദേശീയ കംപ്യൂട്ട്  അടിത്തറയൊരുക്കാന്‍  50 മെഗാവാട്ട് ശേഷിയില്‍  എഐ പ്രവർത്തനങ്ങൾക്കായി പ്രത്യേകം സജ്ജമാക്കിയ രാജ്യത്തിൻ്റെപൂർണ നിയന്ത്രണത്തിലുള്ള സുരക്ഷിത സാങ്കേതിക കേന്ദ്രം  സ്ഥാപിക്കുന്നു. ഖനനം, വ്യവസായ സുരക്ഷ, ഒഡിയ ഭാഷാനൈപുണ്യ വികസനം എന്നീ മേഖലകളിലെ എഐ ഉപയോഗങ്ങളെ  പിന്തുണയ്ക്കുന്ന ഈ കേന്ദ്രം പരമാധികാര കംപ്യൂട്ട്  ഗ്രിഡിലേക്ക് സംഭാവന നൽകുകയും ചെയ്യും.  

തമിഴ്‌നാട് സർക്കാരും ഐഐടി മദ്രാസും സർവം എഐ-യുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ പരമാധികാര എഐ ഗവേഷണ പാർക്ക്  - 'ഡിജിറ്റൽ സംഗം' വികസിപ്പിക്കുന്നു; വൻകിട എഐ അപ്ലിക്കേഷനുകൾക്ക് വിപുലമായ കംപ്യൂട്ട് ശേഷി,  ഗവേഷണം, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവ സംയോജിപ്പിക്കുന്നതിന് 20 മെഗാവാട്ട് എഐ ഡാറ്റാ സെൻ്ററാണ് ഇതിൻ്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നത്.

ഏകോപിത പൊതു പങ്കാളിത്തങ്ങളിലൂടെ എങ്ങനെ തദ്ദേശീയ എഐ അടിസ്ഥാനസൗകര്യങ്ങള്‍ ജനസംഖ്യാതലത്തില്‍  വിന്യസിക്കാമെന്ന് ഈ സംരംഭങ്ങൾ  തെളിയിക്കുന്നു.

ഉപസംഹാരം

ഇന്ത്യ എഐ ദൗത്യത്തിന് കീഴിൽ ദേശീയ മുൻഗണനകളുമായി നൂതനാശയങ്ങളെ ചേര്‍ത്തുനിര്‍ത്തി ഇന്ത്യയുടെ ആഭ്യന്തര എഐ ലക്ഷ്യങ്ങളുടെ നിർണായക സ്തംഭമായി സർവം എഐ നിലകൊള്ളുന്നു. ഇന്ത്യൻ ഭാഷകളിൽ തദ്ദേശീയ ബൃഹദ് ഭാഷാ സംസാര മോഡലുകൾ വികസിപ്പിക്കുന്നതിലൂടെ സർവം എഐ,  ഡിജിറ്റൽ സേവനങ്ങളിലേക്ക് പ്രവേശനം വിപുലീകരിക്കുകയും സ്വതന്ത്ര നൂതനാശയങ്ങള്‍  ശക്തിപ്പെടുത്തുകയും വിദേശ എഐ സംവിധാനങ്ങളെ ആശ്രയിക്കുന്നത്  കുറയ്ക്കുകയും ചെയ്യുന്നു. പൊതുസേവന വിതരണം, സ്റ്റാർട്ടപ്പ് ശാക്തീകരണം, ഉത്തരവാദിത്തപൂര്‍ണ എഐ ചട്ടക്കൂടുകൾ എന്നിവയിൽ വർധിച്ചുവരുന്ന ഇതിൻ്റെ  പങ്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ  ഉപകരണമായി സാങ്കേതികവിദ്യയെ കാണുന്ന സർക്കാര്‍  കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. വികസിത ഭാരതത്തിനായി ഭാവി സജ്ജവും ബഹുഭാഷാപരവും ജനകേന്ദ്രീകൃതവുമായ എഐ ആവാസവ്യവസ്ഥയ്ക്ക് അടിത്തറയിടാൻ സർവം എഐ ക്രമാനുഗതമായി സഹായിക്കുന്നു.

അവലംബം:

Click here to see pdf 

***

(Explainer ID: 157520) आगंतुक पटल : 108
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , Bengali , Gujarati