Farmer's Welfare
ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുന്ന നിർമ്മിത ബുദ്ധി
Posted On:
14 FEB 2026 10:39AM

|
പ്രധാന വസ്തുതകൾ
- ഡിജിറ്റൽ അഗ്രികൾച്ചർ മിഷന് കീഴിൽ 7.63 കോടിയിലധികം കർഷക ഐഡികളും 23.5 കോടി വിളഭൂമികളും സർവേ ചെയ്തുകൊണ്ട് ഇന്ത്യ കാർഷിക മേഖലയ്ക്ക് വലിയ തോതിലുള്ള ഡിജിറ്റൽ അടിത്തറ സൃഷ്ടിച്ചു.
- നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം 66 വിളകളെയും 432-ലധികം തരം കീടങ്ങളെയും നിരീക്ഷിക്കുന്നു.കീടങ്ങളെ നേരത്തെ കണ്ടെത്തുന്നതിനായി 10,000-ത്തിലധികം എക്സ്റ്റൻഷൻ വർക്കർമാർക്ക് ഇത് തത്സമയ നിർദ്ദേശങ്ങൾ നൽകുന്നു.
- 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 'കിസാൻ ഇ-മിത്ര' ചാറ്റ്ബോട്ട് 93 ലക്ഷത്തിലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകി. 11 പ്രാദേശിക ഭാഷകളിലായി പ്രതിദിനം 8,000-ത്തിലധികം കർഷകരുടെ ചോദ്യങ്ങൾ ഇത് കൈകാര്യം ചെയ്യുന്നു.
- 2025-ലെ ഖാരിഫ് സീസണിൽ പ്രാദേശിക കാലവർഷം ആരംഭിക്കുന്നത് പ്രവചിക്കുന്നതിനുള്ള എഐ അധിഷ്ഠിത പ്രാരംഭഘട്ട പ്രോജക്റ്റ് 13 സംസ്ഥാനങ്ങളിലായി 3.88 കോടി കർഷകരിലേക്ക് എസ്എംഎസ് വഴി എത്തി.സർവേയിൽ പങ്കെടുത്ത 31–52% കർഷകർ ഈ പ്രവചനങ്ങളെ അടിസ്ഥാനമാക്കി വിതയ്ക്കുന്നതിലും നിലമൊരുക്കുന്നതിലുമുള്ള തീരുമാനങ്ങളിൽ മാറ്റം വരുത്തി.
- PMFBYപ്രകാരമുള്ള വിള ഇൻഷുറൻസ് കർഷകർക്ക് കൂടുതൽ നൂതനവും വേഗത്തിലുള്ളതും സുതാര്യവുമാക്കാൻ YES-TECH, CROPIC, PMFBY വാട്സാപ്പ് ചാറ്റ്ബോട്ട് എന്നീ എഐ അധിഷ്ഠിത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
- അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും ICARപാക്കേജിനെയും എഐ സംവിധാനവുമായി സംയോജിപ്പിക്കുന്നതിനായി 'ഭാരത്-വിസ്താര' എന്ന ബഹുഭാഷാ എഐ ഉപകരണം 2026-27 കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചു.
|
ആമുഖം
സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2025-ലെ 'ഗ്ലോബൽ എഐ വൈബ്രൻസി ടൂൾ' അനുസരിച്ച്, ആഗോളതലത്തിൽ എഐ മത്സരക്ഷമതയിൽ മൂന്നാം സ്ഥാനത്തെത്തിക്കൊണ്ട് ഇന്ത്യ നിർമ്മിത ബുദ്ധിയിൽ ഒരു ആഗോള നേതാവായി ഉയർന്നുവരുന്നു. 2017-നും 2024-നും ഇടയിലുള്ള എഐ വളർച്ചയിലൂടെയും നവീകരണത്തിലൂടെയും അളക്കപ്പെടുന്ന ഈ ദ്രുതഗതിയിലുള്ള മുന്നേറ്റം ഇന്ത്യയുടെ ഡിജിറ്റൽ ശേഷി, ഡാറ്റാ ഇക്കോസിസ്റ്റം, എഐ കഴിവുകൾ, ഗവേഷണം, സ്റ്റാർട്ടപ്പുകൾ, നിക്ഷേപം, ഇൻഫ്രാസ്ട്രക്ചർ, ഗവേണൻസ് എന്നിവയിലെ കരുത്ത് പ്രതിഫലിപ്പിക്കുന്നു.നിർമ്മിത ബുദ്ധി (AI) കാർഷിക മേഖലയിലും ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരിവർത്തന ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഉപഗ്രഹങ്ങൾ, സെൻസറുകൾ, ഡ്രോണുകൾ, കാലാവസ്ഥാ സ്റ്റേഷനുകൾ, കാർഷിക യന്ത്രങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, കാർഷിക മൂല്യ ശൃംഖലയുടെ ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ എഐ അധിഷ്ഠിത ഉപകരണങ്ങൾ സഹായിക്കുന്നു.
എന്താണ് നിർമ്മിത ബുദ്ധി?
സാധാരണയായി മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ ചെയ്യാൻ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന ശേഷിയാണ് നിർമ്മിത ബുദ്ധി (AI). അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്വതന്ത്രമായി പരിഹരിക്കാനും ഇത് സംവിധാനങ്ങളെ പ്രാപ്തമാക്കുന്നു.വിവരങ്ങൾ വിശകലനം ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനും പ്രതികരണങ്ങൾ നൽകാനും എഐ ഡാറ്റാസെറ്റുകളും അൽഗോരിതങ്ങളും ലാർജ് ലാംഗ്വേജ് മോഡലുകളും ഉപയോഗിക്കുന്നു.കാലക്രമേണ, ഈ സംവിധാനങ്ങൾ അവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, ഇത് മനുഷ്യരെപ്പോലെ തന്നെ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ആശയവിനിമയം നടത്താനും അവയെ അനുവദിക്കുന്നു.
ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026: എല്ലാവരെയുംഉൾക്കൊള്ളുന്ന വികസനത്തിന് എഐ
ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026, നിർമ്മിത ബുദ്ധിയെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുള്ള ഒരു ഉപകരണമായാണ് അവതരിപ്പിക്കുന്നത്.എഐ കഴിവുകളിലേക്ക് കൂടുതൽ തുല്യവും താങ്ങാനാവുന്നതുമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിന് ഈ ഉച്ചകോടി ഊന്നൽ നൽകുന്നു, പ്രത്യേകിച്ച് സേവനങ്ങൾ ലഭിക്കാത്ത സമൂഹങ്ങൾക്ക്. 'എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം' എന്ന ദർശനവുമായി ഒത്തുപോകുന്ന ഇന്ത്യയുടെ സാങ്കേതിക വികസന സമീപനത്തിന് ഇത് ഊന്നൽ നൽകുന്നു. 'മാനവികതയ്ക്കായി എഐ' എന്ന തത്വത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ഭരണം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണത്തിനും സുസ്ഥിര വികസനത്തിനും എഐയെ മനുഷ്യകേന്ദ്രീകൃതവും ധാർമ്മികവുമായ ഒരു സഹായിയായി ഇത് അടയാളപ്പെടുത്തുന്നു.ഈ വിശാലമായ സാഹചര്യത്തിൽകർഷകരെ പിന്തുണയ്ക്കാനും തീരുമാനങ്ങൾ എടുക്കുന്നത് ശക്തിപ്പെടുത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും എഐ ഉപയോഗിക്കുന്ന നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഇന്ത്യൻ കാർഷിക മേഖല നിൽക്കുന്നത്.

നിർമ്മിത ബുദ്ധിയും കാർഷിക മേഖലയിലെ ഉപയോഗങ്ങളും
കാർഷിക മേഖലയിൽകർഷകർക്ക് അവരുടെ ദൈനംദിന കാർഷിക പ്രവർത്തനങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്ന ലളിതവും പ്രായോഗികവുമായ നിർദ്ദേശങ്ങളായി ഡാറ്റയെ മാറ്റാൻ എഐ സഹായിക്കുന്നു.ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, മണ്ണ് സംബന്ധിച്ച വിവരങ്ങൾ, വിള രീതികൾ എന്നിവ വിശകലനം ചെയ്യുന്നതിലൂടെഎന്ത് വിതയ്ക്കണം, എപ്പോൾ വിതയ്ക്കണം, എത്രമാത്രം വളവും മറ്റും ഉപയോഗിക്കണം, എപ്പോൾ വിളവെടുക്കണം എന്ന് തീരുമാനിക്കാൻ എഐ കർഷകരെ സഹായിക്കും.കീടങ്ങളെയും രോഗങ്ങളെയും കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകൾ മുതൽ ജലസേചനത്തിനും വളം ഉപയോഗത്തിനുമുള്ള മികച്ച ആസൂത്രണം വരെഎഐ കൃഷിയെ കൂടുതൽ കൃത്യവും കാര്യക്ഷമവും അപകടസാധ്യത കുറഞ്ഞതുമാക്കുന്നു.കൃഷിയിലെ എഐയുടെ ഉപയോഗങ്ങളെ താഴെ പറയുന്നവയായി തരംതിരിക്കാം:
- മണ്ണിൻറെആരോഗ്യം നിർണ്ണയിക്കൽ
ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോൺ നിരീക്ഷണങ്ങൾ, ഫാം-ലെവൽ ചിത്രങ്ങൾ എന്നിവയിൽ നിന്നുള്ള സൂചനകൾ വിശകലനം ചെയ്ത് മണ്ണിന്റെ ആരോഗ്യം നിരീക്ഷിക്കാൻ എഐ ഡീപ്പ് ലേണിംഗും ഇമേജ് റെക്കഗ്നിഷനും ഉപയോഗിക്കുന്നു.ഇത് ലബോറട്ടറി പരിശോധനാ സംവിധാനങ്ങളുടെ ആവശ്യകത ഒഴിവാക്കുന്നതിനൊപ്പം പോഷകക്കുറവും മണ്ണിന്റെ സമ്മർദ്ദവും കണ്ടെത്തുകയും ചെയ്യുന്നു.മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാൻ കർഷകർക്ക് യഥാസമയം നടപടിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.
- കാലാവസ്ഥാ-പ്രതികരണ വിള നിരീക്ഷണവും ഉപദേശക സേവനങ്ങളും
ഇന്ത്യൻ കാർഷിക മേഖല മഴയെ വളരെയധികം ആശ്രയിക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷിയെ പെട്ടെന്ന്ബാധിക്കുന്നു.മാറിക്കൊണ്ടിരിക്കുന്ന മഴയുടെ രീതികൾ, താപനില വ്യതിയാനങ്ങൾ, തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ എന്നിവ പ്രവചിക്കാൻ എഐ കാലാവസ്ഥാ ഡാറ്റ വിശകലനം ചെയ്യുന്നു.അതോടൊപ്പം വിതയ്ക്കൽ തീരുമാനങ്ങൾ, ജലസേചന ക്രമം, കീട നിയന്ത്രണം എന്നിവയിൽ തത്സമയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ, ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോണുകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ചുള്ള എഐ നിരീക്ഷണം കീടങ്ങളെയും വിളരോഗങ്ങളെയും നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു.മൊത്തത്തിൽ, ഈ ആപ്ലിക്കേഷനുകൾ കർഷകരെ, പ്രത്യേകിച്ച് മഴയെ ആശ്രയിക്കുന്ന പ്രദേശങ്ങളിലുള്ളവരെ, കാലാവസ്ഥാ അപകടസാധ്യതകൾ കൈകാര്യം ചെയ്യാനും വിളനഷ്ടം കുറയ്ക്കാനും സഹായിക്കുന്നു.
- കാർഷിക യന്ത്രവത്കരണകാര്യക്ഷമത മെച്ചപ്പെടുത്തൽ
ഡ്രോണുകൾ, റിമോട്ട് സെൻസിംഗ്, ലോക്കൽ സെൻസർ ഡാറ്റ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന എഐ അധിഷ്ഠിത ഇമേജ് ക്ലാസിഫിക്കേഷൻ, മെഷീൻ ലേണിംഗ് ടൂളുകൾ കാർഷിക യന്ത്രങ്ങളുടെ ഉപയോഗവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.കൃത്യമായ കള നീക്കം ചെയ്യൽ, രോഗങ്ങൾ നേരത്തെ കണ്ടെത്തൽ, യന്ത്രവത്കൃത വിളവെടുപ്പ്, ഉൽപ്പന്നങ്ങളുടെ തരംതിരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിളകൾക്ക് ഒന്നിലധികം വളർച്ചാ ഘട്ടങ്ങളിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമുള്ള ഹോർട്ടികൾച്ചർ മേഖലയിൽ, ഉയർന്ന മൂല്യമുള്ള വിളകളുടെ 24 മണിക്കൂർ നിരീക്ഷണം എഐ അധിഷ്ഠിത സംവിധാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇത് മനുഷ്യ അധ്വാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിഭവങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തുകയും ഗുണനിലവാര നിയന്ത്രണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- കർഷകർക്ക് മികച്ച വില ലഭ്യമാക്കൽ
കൃത്യമായ വില കണ്ടെത്താനുള്ള സംവിധാനങ്ങളുടെ കുറവ്, വിതരണ ശൃംഖലയിലെ പോരായ്മകൾ, വിവരങ്ങളുടെ അഭാവം എന്നിവ കാരണം പഴം, പച്ചക്കറി ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പലപ്പോഴും ഉപഭോക്താവ് നൽകുന്ന വിലയുടെ ഒരു ചെറിയ ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂ.ഡിമാൻഡ്-സപ്ലൈ പ്രവചനം, വിപണി വിവരങ്ങൾ, കാർഷിക മൂല്യ ശൃംഖലകൾക്കിടയിലുള്ള ഏകോപനം എന്നിവ ശക്തിപ്പെടുത്തിക്കൊണ്ട് ഈ പ്രശ്നങ്ങളെ നേരിടാൻ നിർമ്മിത ബുദ്ധി (AI) സഹായിക്കുന്നു.
എഐ അധിഷ്ഠിത പ്രെഡിക്റ്റീവ് അനലിറ്റിക്സ് e-NAM, AGMARKET, അഗ്രികൾച്ചറൽ സെൻസസ്, സോയിൽ ഹെൽത്ത് കാർഡ് പ്രോഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വൻതോതിലുള്ള ഡാറ്റ പ്രയോജനപ്പെടുത്തി വിലയിലെ മാറ്റങ്ങൾ, ഉൽപ്പന്നങ്ങളുടെ വരവ്, പ്രാദേശിക ഡിമാൻഡ് രീതികൾ എന്നിവ വിലയിരുത്തുന്നു.ആഭ്യന്തരവും ആഗോളവുമായ സൂചനകൾ ഉൾപ്പെടുത്തിക്കൊണ്ട്, വിള തിരഞ്ഞെടുക്കൽ, വിൽപ്പന സമയം, വിപണി തിരഞ്ഞെടുപ്പ് എന്നിവയിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇവ സഹായിക്കുന്നു.തന്മൂലം കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുകയും കഷ്ടപ്പെട്ടുള്ള വിൽപ്പന ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.കൃഷിയിൽ എഐ നടപ്പിലാക്കുന്നത് ഈ മേഖലയിലുടനീളം താഴെത്തട്ടിലുള്ള സ്വീകാര്യതയുടെ വ്യാപ്തി വ്യക്തമാക്കുന്നു.എഐ അധിഷ്ഠിത കാർഷിക ശൃംഖലകൾ 12 സംസ്ഥാനങ്ങളിലായി ഏകദേശം 1.8 ദശലക്ഷം കർഷകരുടെ വിപണി പ്രവേശനവും വില കണ്ടെത്തലും ലോജിസ്റ്റിക് കാര്യക്ഷമതയും മെച്ചപ്പെടുത്തിയിട്ടുണ്ട്.
കൃത്യതാ കൃഷിയുടെ പ്രധാന സഹായിയായി എഐ
ജിപിഎസ്, സെൻസറുകൾ, ഉപഗ്രഹങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ കൃഷിയിടത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രായോഗിക നിർദ്ദേശങ്ങളാക്കി മാറ്റിക്കൊണ്ട് എഐ കൃത്യതാ കൃഷിയെ പ്രാപ്തമാക്കുന്നു. മണ്ണിന്റെ ഗുണങ്ങൾ, ഈർപ്പത്തിന്റെ അളവ്, വിളകളുടെ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ പ്രാദേശികമായ തലത്തിൽ ശേഖരിക്കാൻ ഇത് സഹായിക്കുന്നു.ഇതുവഴി വെള്ളം, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ കൃത്യമായി എവിടെ, എപ്പോൾ ആവശ്യമാണോ അവിടെ മാത്രം പ്രയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. സ്ഥലത്തിനനുസരിച്ചുള്ള ഈ സമീപനം ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും വിഭവങ്ങളുടെ ഉപയോഗം ഉത്തമീകരിക്കുകയും പാഴാകുന്നത് കുറയ്ക്കുകയും പരിസ്ഥിതി ആഘാതം ലഘൂകരിക്കുകയും ചെയ്യുന്നു.
|
എഐ അധിഷ്ഠിത കൃത്യതാ കൃഷി: സുസ്ഥിര കാർഷിക പരിവർത്തനത്തിനായുള്ള വിപുലീകരിക്കാവുന്ന സമീപനം
രാജരത്നം കനകരാജൻ എന്ന കർഷകന്റെ അനുഭവം ഇന്ത്യൻ കാർഷിക മേഖലയിൽ നിർമ്മിത ബുദ്ധിയുടെ പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ പ്രയോഗത്തെ വ്യക്തമാക്കുന്നു. തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ 'ഫാം എഗെയ്ൻ' വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പ്രിസിഷൻ ഫാമിംഗ് സിസ്റ്റം സ്വീകരിച്ചുകൊണ്ട്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സെൻസറുകൾ വഴി മണ്ണിന്റെ ഈർപ്പം, ജലസേചനം, വളത്തിന്റെ ഉപയോഗം എന്നിവ തത്സമയം ഒരു മൊബൈൽ പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ സംവിധാനം കാർഷിക ജോലികൾ യന്ത്രവത്കരിക്കുകയും അമിതമായ ജലസേചനവും ഇൻപുട്ടുകളുടെ ഉപയോഗവും കുറയ്ക്കുകയും വിളകളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്തു.ഇത് തെങ്ങിന്റെ വിളവ് ഇരട്ടിയാക്കുന്നതിന് കാരണമായി.
ഈ സമീപനം ഇതിനകം തമിഴ്നാട്ടിലെ 4,000 ഏക്കറിലായി 3,500-ലധികം കർഷകർക്ക് ഗുണകരമായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് ഏകദേശം 25 ലക്ഷം രൂപ വിലവരുമ്പോൾ, തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾക്ക് വളരെ കുറഞ്ഞ ചെലവ് (2.5 ലക്ഷം രൂപ) മാത്രമാണ് എന്നതിനാൽ ഇത് സ്വീകരിക്കുന്നത് എളുപ്പമായി. ഉൽപ്പാദനക്ഷമതയിലെ നേട്ടങ്ങൾക്ക് പുറമെ, പ്രതിവർഷം 4,00,000 ക്യുബിക് മീറ്ററിലധികം ജലവും ഏകദേശം 1,75,000 യൂണിറ്റ് (kWh) ഊർജ്ജവും ലാഭിക്കുന്നത് ഉൾപ്പെടെയുള്ള വലിയ പാരിസ്ഥിതിക നേട്ടങ്ങളും ഈ സംവിധാനം നൽകുന്നു.കൂടാതെ ഏകദേശം 20,000 ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ ഉദ്‌വമനം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ പരിഹാരം ഒന്നിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് വഴി തെളിയിക്കപ്പെട്ട ഇതിന്റെ വിപുലീകരണ സാധ്യത, പ്രാദേശികമായി രൂപകൽപ്പന ചെയ്ത എഐ നവീകരണങ്ങൾക്ക് എങ്ങനെ കൃഷി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും വിഭവങ്ങൾ സംരക്ഷിക്കാനും സുസ്ഥിര കാർഷിക പരിവർത്തനത്തെ പിന്തുണയ്ക്കാനും കഴിയുമെന്ന് എടുത്തുകാണിക്കുന്നു.
|

എഐ അധിഷ്ഠിത കൃഷിയിലെ ഗവൺമെന്റ് സംരംഭങ്ങൾ
വിവിധ സംരംഭങ്ങളിലൂടെ കാർഷിക മേഖലയെ പരിവർത്തനം ചെയ്യുന്നതിനായി ഗവൺമെന്റ് നിർമ്മിത ബുദ്ധിയുടെ കരുത്ത് സജീവമായി പ്രയോജനപ്പെടുത്തുന്നു. താഴെ പറയുന്ന സംരംഭങ്ങൾ നയപരമായ നവീകരണങ്ങളിലൂടെ കാർഷിക വളർച്ചയ്ക്കും വികസനത്തിനുമുള്ള ഗവൺമെന്റിന്റെ സമഗ്രമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
കേന്ദ്ര ബജറ്റ് 2026-27: എഐ അധിഷ്ഠിത കാർഷിക ഉപദേശങ്ങൾക്കായി ഭാരത്-വിസ്താര
കാർഷിക വിഭവങ്ങൾ ലഭ്യമാക്കുന്നതിനുള്ള വെർച്വൽ സംയോജിത സംവിധാനമായ ഭാരത്-വിസ്താര2026-27 കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചു. അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും കാർഷിക രീതികളെക്കുറിച്ചുള്ള ICARപാക്കേജിനെയും എഐ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഒരു ബഹുഭാഷാ എഐ ഉപകരണമാണിത്. ഇത് കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കർഷകരെ മികച്ച തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ഓരോ കർഷകനും അനുയോജ്യമായ ഉപദേശങ്ങൾ നൽകിക്കൊണ്ട് റിസ്ക് കുറയ്ക്കുകയും ചെയ്യും.
കർഷകർക്കായി എഐ അധിഷ്ഠിത ഉപദേശക-തീരുമാന സഹായ സേവനങ്ങൾ
കിസാൻ ഇ-മിത്ര :
പിഎം കിസാൻ സമ്മാൻ നിധി, കിസാൻ ക്രെഡിറ്റ് കാർഡ്, പ്രധാൻ മന്ത്രി ഫസൽ ബീമ യോജന എന്നിവയുൾപ്പെടെയുള്ള പ്രധാന ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കർഷകരെ സഹായിക്കുന്നതിനായി 2023-ൽ ആരംഭിച്ച വോയ്‌സ് അധിഷ്ഠിത എഐ ചാറ്റ്ബോട്ടാണ് കിസാൻ ഇ-മിത്ര. ഈ പ്ലാറ്റ്‌ഫോം 11 പ്രാദേശിക ഭാഷകളിൽ പ്രവർത്തിക്കുന്നു.നിലവിൽ ഓരോ ദിവസവും 8,000-ത്തിലധികം കർഷകരുടെ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, ഇത് 93 ലക്ഷത്തിലധികം ചോദ്യങ്ങൾക്ക് വിജയകരമായി മറുപടി നൽകുകയുംഇത് രാജ്യത്തുടനീളമുള്ള കർഷകർക്ക് പദ്ധതി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുകയും ചെയ്തു.
നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം (NPSS):
2024-ൽ ആരംഭിച്ച നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം (NPSS), കീടബാധകളും വിളരോഗങ്ങളും നേരത്തെ കണ്ടെത്താൻ നിർമ്മിത ബുദ്ധിയും (AI) മെഷീൻ ലേണിംഗും (ML) ഉപയോഗിക്കുന്നു. കർഷകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഓൺലൈൻ പോർട്ടലിലൂടെയും ബാധിക്കപ്പെട്ട വിളകളുടെയോ കീടങ്ങളുടെയോ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.ഇത് വേഗത്തിലുള്ള തിരിച്ചറിയലിനും രോഗനിർണ്ണയത്തിനും സഹായിക്കുന്നു. ഇമേജ് അനലിറ്റിക്സ് ഉപയോഗിച്ച്വിള സംരക്ഷണത്തിനുള്ള തത്സമയ നിർദ്ദേശങ്ങൾ എൻപിഎസ്എസ് നൽകുന്നു.ഇത് ഉചിതമായ കീട-രോഗ നിയന്ത്രണ രീതികളെക്കുറിച്ച് കർഷകർക്ക് മാർഗനിർദേശം നൽകുകയും വിളനഷ്ടം കുറയ്ക്കുന്നതിന് കൃത്യസമയത്തുള്ള ഇടപെടലുകൾ സാധ്യമാക്കുകയും ചെയ്യുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച്എൻപിഎസ്എസ് 10,000-ത്തിലധികം എക്സ്റ്റൻഷൻ വർക്കർമാർ ഉപയോഗിക്കുന്നുണ്ട്.ഇത് 66 വിളകളെയും 432-ലധികം കീടവർഗങ്ങളെയും പിന്തുണയ്ക്കുന്നു.

വിവരാധിഷ്ഠിതമായ ഖാരിഫ് കൃഷി തീരുമാനങ്ങൾക്കായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രാദേശിക മൺസൂൺ ആരംഭ പ്രവചനങ്ങൾ
13 സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായ മൺസൂൺ ആരംഭം പ്രവചിക്കുന്നതിനായി 2025-ലെ ഖാരിഫ് കാലയളവിൽ നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പരീക്ഷണപദ്ധതി നടപ്പാക്കി. ഇന്ത്യൻ കാലാവസ്ഥാവകുപ്പും (IMD) ഡെവലപ്‌മെന്റ് ഇന്നൊവേഷൻ ലാബ്-ഇന്ത്യയും ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ന്യൂറൽGCM, യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ (ECMWF) നിർമ്മിതബുദ്ധി പ്രവചനസംവിധാനം (AIFS), IMD-യിൽ നിന്നുള്ള 125 വർഷത്തെ ചരിത്രപരമായ മഴ രേഖകൾ എന്നിവ സമന്വയിപ്പിച്ചുള്ള ഓപ്പൺ സോഴ്സ് ബ്ലെൻഡഡ് മോഡലിങ് രീതിയാണ് ഈ പരീക്ഷണപദ്ധതിയിൽ ഉപയോഗിച്ചത്. കൃത്യമായ കൃഷിതീരുമാനങ്ങൾ എടുക്കാൻ കർഷകരെ സഹായിക്കുന്നതിനായി, പ്രാദേശിക മൺസൂൺ ആരംഭം കേന്ദ്രീകരിച്ചുള്ള പ്രവചനങ്ങൾ mKisanപോർട്ടൽ വഴി SMS ആയി അയച്ചു. 13 സംസ്ഥാനങ്ങളിലായി അഞ്ച് പ്രാദേശിക ഭാഷകളിൽ 3.88 കോടിയിലധികം കർഷകരിലേക്ക് ഈ വിവരങ്ങൾ എത്തിച്ചു. മധ്യപ്രദേശിലും ബിഹാറിലും നടത്തിയ സർവേകൾ പ്രകാരം, 31 മുതൽ 52 ശതമാനം വരെ കർഷകർ ഈ പ്രവചനങ്ങൾക്കനുസരിച്ച് കൃഷിരീതികളിൽ മാറ്റം വരുത്തിയതായി സൂചിപ്പിച്ചു. നിലമൊരുക്കൽ, വിതയ്ക്കാനുള്ള സമയം, വിളകളുടെയും ചേരുവകളുടെയും തെരഞ്ഞെടുപ്പ് എന്നിവയിലാണ് പ്രധാനമായും ഇവർ മാറ്റങ്ങൾ വരുത്തിയത്.
ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ വഴിയുള്ള വിവരാധിഷ്ഠിത നിർവഹണം
കാർഷിക മേഖലയിൽ നൂതനവും കർഷക കേന്ദ്രീകൃതവുമായ ഡിജിറ്റൽ പ്രതിവിധികൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് 2,817 കോടി രൂപയുടെ ആകെ ചെലവിലും 2025–26 സാമ്പത്തിക വർഷത്തേക്ക് 54.972 കോടി രൂപയുടെ വിഹിതത്തോടും കൂടി 2024-ലാണ് ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ ആരംഭിച്ചത്. കർഷകർ, ഭൂവുടമസ്ഥത, വിളകൾ എന്നിവയെക്കുറിച്ചുള്ള പരിശോധിച്ചുറപ്പിച്ച വിവരശേഖരങ്ങളും വിവരവിശകലനം, നിർമിതബുദ്ധി, റിമോട്ട് സെൻസിങ് തുടങ്ങിയ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി എല്ലാ കർഷകർക്കും വിളസംബന്ധമായ വിശ്വസനീയമായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കാൻ ഈ ദൗത്യം ലക്ഷ്യമിടുന്നു.
വിവരാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുന്നതു ശക്തിപ്പെടുത്തുന്നതിലൂടെ, കാർഷിക സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും പ്രതികരണശേഷിയും വർധിപ്പിക്കാനാണ് ഈ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. അഗ്രിസ്റ്റാക്ക്, കൃഷി തീരുമാന പിന്തുണ സംവിധാനം (KDSS) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും സംയോജിത മണ്ണ് ഫലഭൂയിഷ്ഠത-പ്രൊഫൈൽ ഭൂപടവും ഉൾപ്പെടെയുള്ള സമഗ്രമായ കാർഷിക ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഇതിലൂടെ ഇന്ത്യയിൽ കരുത്തുറ്റതും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റൽ കാർഷിക പരിസ്ഥിതിക്ക് അടിത്തറ പാകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അഗ്രിസ്റ്റാക്ക്:
ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ പ്രധാന ഭാഗമാണ് അഗ്രിസ്റ്റാക്ക്. ഭൂമി രേഖകൾ, കന്നുകാലി ഉടമസ്ഥത, കൃഷി ചെയ്യുന്ന വിളകൾ, ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ച സവിശേഷമായ ഡിജിറ്റൽ ഐഡന്റിറ്റി (കർഷക ഐഡി) ഇത് കർഷകർക്ക് നൽകുന്നു. ഇതിലൂടെ സുരക്ഷിതമായ തിരിച്ചറിയലും കാർഷിക സേവനങ്ങളിലേക്കുള്ള പ്രവേശനവും സാധ്യമാകുന്നു. 2026–27 ഓടെ 11 കോടി കർഷക ഐഡികൾ എന്ന ലക്ഷ്യത്തിന് അനുസൃതമായി, 2025 നവംബർ 27 വരെയുള്ള കണക്കനുസരിച്ച് 7.63 കോടിയിലധികം ഐഡികൾ ജനറേറ്റ് ചെയ്തു കഴിഞ്ഞു. ഇതിൽ 1.93 കോടി ഐഡികൾ വനിതാ കർഷകർക്കുള്ളതാണ്. ഐഡികളുടെ നിർമാണവും പരിശോധനയും വേഗത്തിലാക്കുന്നതിന്, പിഎം-കിസാൻ പരിപാലന നിധിയിൽനിന്ന് ഒരു കർഷക ഐഡിക്ക് 10 രൂപ വീതം അനുവദിച്ചിട്ടുണ്ട്. മൊബൈൽ അധിഷ്ഠിതമായ ഡിജിറ്റൽ വിള സർവേയ്ക്കും അഗ്രിസ്റ്റാക്ക് പിന്തുണ നൽകുന്നു. ഇത് വിളയുടെ ഇനം, കൃഷി ചെയ്യുന്ന വിസ്തീർണം എന്നിവയെക്കുറിച്ചുള്ള തത്സമയ പ്ലോട്ട്-തല വിവരങ്ങൾ ശേഖരിക്കുന്നു. 2024–25 റാബി കാലയളവിൽ 492 ജില്ലകളിലായി 23.5 കോടിയിലധികം പ്ലോട്ടുകളിൽ ഈ സർവേ നടത്തി. ആസൂത്രണം, നിരീക്ഷണം, നയരൂപീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2025–26 സാമ്പത്തിക വർഷത്തിൽ എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പാക്കാൻ പദ്ധതിയിടുന്നു.

കൃഷി തീരുമാന പിന്തുണ സംവിധാനം:
ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, മണ്ണ്-ജല വിഭവങ്ങൾ, വിള സംബന്ധമായ വിവരങ്ങൾ, ഗവണ്മെന്റ് പദ്ധതികളുടെ വിവരസഞ്ചയങ്ങൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ കൃഷി തീരുമാന പിന്തുണ സംവിധാനം (KDSS) സംയോജിപ്പിക്കുന്നു. ഡിജിറ്റൽ വിള ഭൂപടങ്ങൾ, മണ്ണ് ഭൂപടങ്ങൾ, വിളവ് കണക്കാക്കൽ, വരൾച്ച-വെള്ളപ്പൊക്കം എന്നിവ നിരീക്ഷിച്ചുള്ള വിലയിരുത്തലുകൾ തുടങ്ങിയ സമഗ്രമായ വിശകലന റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. വിള വൈവിധ്യവൽക്കരണത്തിനുള്ള നിർദേശങ്ങൾ നൽകുന്നതിലൂടെയും ഇൻഷുറൻസ് പ്രതിവിധികൾക്കായി സാങ്കേതികവിദ്യയുടെയും മാതൃകകളുടെയും അടിസ്ഥാനത്തിൽ വിളവ് കണക്കാക്കുന്നതിലൂടെയും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഈ സംവിധാനം പിന്തുണ നൽകുന്നു. അതോടൊപ്പം, ഗവണ്മെന്റ് ഏജൻസികൾക്ക് വിശ്വസനീയവും തത്സമയവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ തെളിവ് അടിസ്ഥാനമാക്കിയ നയരൂപീകരണവും പദ്ധതി നിർവഹണവും ശക്തിപ്പെടുത്താനും KDSS സഹായിക്കുന്നു.
മണ്ണിന്റെ പ്രൊഫൈൽ ഭൂപടങ്ങൾ:
സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേ ഓഫ് ഇന്ത്യ (SLUSI) ഏറ്റെടുത്തിരിക്കുന്ന രാജ്യവ്യാപകമായ മണ്ണ് വിഭവ ഭൂപട നിർമാണ പദ്ധതി, ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹചിത്രങ്ങളും നേരിട്ടുള്ള ഫീൽഡ് പരിശോധനകളും സംയോജിപ്പിച്ച്, 1:10,000 എന്ന തോതിലുള്ള സമഗ്രമായ ഗ്രാമതല മണ്ണ് വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ തയ്യാറാക്കുന്ന ഏകീകൃത മണ്ണ് ഭൂപടങ്ങൾ, ശാസ്ത്രീയമായ ഭൂവിനിയോഗ ആസൂത്രണത്തിനും വിള തെരഞ്ഞെടുപ്പിനും സുസ്ഥിരമായ കാർഷിക രീതികളുടെ പ്രോത്സാഹനത്തിനും കരുത്തുറ്റ അടിത്തറ നൽകുന്നു. ആകെ ലക്ഷ്യമിട്ടിട്ടുള്ള 14.2 കോടി ഹെക്ടർ കൃഷിഭൂമിയിൽ 2024 സെപ്റ്റംബർ വരെ ഏകദേശം 2.9 കോടി ഹെക്ടറിന്റെ ഭൂപട നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ ദൗത്യത്തിന്റെ നടത്തിപ്പിനായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾക്കായി 1,076 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, പ്രാദേശിക ഭരണസംവിധാനങ്ങളെ ഏകോപിപ്പിച്ച്, ഫീൽഡ് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായി ‘ക്യാമ്പ്-മോഡ്’ രീതി അവലംബിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ഓരോ ക്യാമ്പിനും 15,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
സുസ്ഥിരമായ കൃഷിക്കായി നിർമ്മിതബുദ്ധി അധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വിള ഇൻഷുറൻസ്
പ്രതീക്ഷിക്കാത്ത കാരണങ്ങളാൽ വിളനാശം സംഭവിക്കുന്ന കർഷകർക്ക് കുറഞ്ഞതും നിശ്ചിതവുമായ പ്രീമിയം നിരക്കിൽ വിള ഇൻഷുറൻസ് നൽകി അവരെ സംരക്ഷിക്കുന്നതിനായാണ് പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) ആരംഭിച്ചത്. ഖാരിഫ് ഭക്ഷ്യവിളകൾക്കും എണ്ണക്കുരുക്കൾക്കും 2 ശതമാനവും, റാബി ഭക്ഷ്യവിളകൾക്കും എണ്ണക്കുരുക്കൾക്കും 1.5 ശതമാനവും, വാണിജ്യ-തോട്ടവിളകൾക്കും 5 ശതമാനവും മാത്രമാണ് കർഷകർ പ്രീമിയമായി നൽകേണ്ടത്. ബാക്കി തുക ഗവണ്മെന്റ് സബ്‌സിഡിയായി നൽകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ദുർബലരായ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ പ്രീമിയവും ഗവണ്മെന്റാണു വഹിക്കുന്നത്.
കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനായി ഈ പദ്ധതി നിർമ്മിതബുദ്ധി അധിഷ്ഠിതമായ സാങ്കേതികവിദ്യകളെ ഘട്ടംഘട്ടമായി സംയോജിപ്പിച്ചിട്ടുണ്ട്.
കൃത്യമായ വിളവ് പ്രവചിക്കുന്നതിനായി റിമോട്ട് സെൻസിങ്ങും നിർമിതബുദ്ധി അധിഷ്ഠിത വിശകലനങ്ങളും YES-TECH (സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിളവ് കണക്കാക്കൽ സംവിധാനം) പ്രയോജനപ്പെടുത്തുന്നു. 2023 ഖാരിഫ് കാലയളവിൽ നെല്ലിനും ഗോതമ്പിനുമായി ഇത് അവതരിപ്പിക്കുകയും 2024 ഖാരിഫിൽ സോയാബീനിലേക്കുകൂടി വ്യാപിപ്പിക്കുകയും ചെയ്തു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾക്ക് കുറഞ്ഞത് 30 ശതമാനം വെയ്റ്റേജ് YES-TECH നൽകുന്നു. 2025 ജനുവരിയിലെ കണക്കനുസരിച്ച് ഒമ്പത് സംസ്ഥാനങ്ങൾ ഈ സംവിധാനം ഏറ്റെടുത്തു. ഇതിൽ മധ്യപ്രദേശ് പൂർണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിളനിർണയത്തിലേക്ക് മാറി. ഇത് വിളനാശം യഥാസമയം വിലയിരുത്തുന്നതിനും ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സഹായിക്കുന്നു.
വിളകളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനും വിളനാശം വിലയിരുത്തുന്നതിനുമായി നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് CROPIC (വിളകളുടെ തത്സമയ നിരീക്ഷണങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരണം). മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്കും ഫീൽഡ് കോർഡിനേറ്റർമാർക്കും സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ജിയോടാഗ് ചെയ്തതും സമയം രേഖപ്പെടുത്തിയതുമായ വിളകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. നിശ്ചിത സമയക്രമത്തിലുള്ള ഈ ചിത്രങ്ങൾ, ഇൻഷുറൻസ് പരിരക്ഷയുള്ള വിളകൾ പരിശോധിച്ചുറപ്പിക്കുന്നതിനും പ്രാദേശികമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം കൃത്യമായി വിലയിരുത്തുന്നതിനും സഹായിക്കുന്നു. സുതാര്യവും തത്സമയവും തെളിവ് അടിസ്ഥാനപ്പെടുത്തിയതുമായ സംവിധാനം നൽകുന്നതിലൂടെ, വിള ഇൻഷുറൻസ് പദ്ധതികളുടെ നിർവഹണം, ദുരന്തനിവാരണം, വിവരാധിഷ്ഠിത തീരുമാനങ്ങൾ എടുക്കൽ എന്നിവയെ CROPIC ശക്തിപ്പെടുത്തുന്നു.
PMFBY പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി വാട്ട്‌സ്ആപ്പ് വഴി ഉപയോഗിക്കാവുന്ന നിർമിതബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ടാണ് PMFBY വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട്.
തത്സമയവും വിശ്വസനീയവുമായ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കാലാവസ്ഥാ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 2023-ൽ ആരംഭിച്ച ദേശീയ സംവിധാനമാണ് WINDS (കാലാവസ്ഥാ വിവരവും നെറ്റ്‌വർക്ക് ഡേറ്റ സംവിധാനവും). കൃത്യമായ കാലാവസ്ഥാ നിരീക്ഷണം, ആസൂത്രണം, കാർഷിക മേഖലയിലെ വെല്ലുവിളികൾ മുൻകൂട്ടി വിലയിരുത്തൽ എന്നിവ ഇത് സാധ്യമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വിപുലമായ വിള ഇൻഷുറൻസ് പദ്ധതിയായി PMFBY മാറിയിരിക്കുന്നു. PMFBY-യോടൊപ്പം അവതരിപ്പിക്കപ്പെട്ട പരിഷ്കരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS), വിളവിനെ അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് പൂരകമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ സൂചിക അധിഷ്ഠിത പദ്ധതിയാണ്. 2016–17 മുതൽ 2024–25 വരെ (2025 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച്), PMFBY-യും പരിഷ്കരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും (RWBCIS) ചേർന്ന് 78.51 കോടിയിലധികം കർഷക അപേക്ഷകൾക്ക് പരിരക്ഷ നൽകി. ഈ കാലയളവിൽ കർഷകർ 35,919 കോടി രൂപ പ്രീമിയമായി നൽകിയപ്പോൾ, 1,90,374 കോടി രൂപയുടെ ക്ലെയിമുകൾ വിതരണം ചെയ്തു. ഇതിലൂടെ 23 കോടിയിലധികം കർഷക അപേക്ഷകൾക്ക് പ്രയോജനം ലഭിച്ചു. 2020–21 മുതൽ 2024–25 വരെയുള്ള (2025 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച്) സമീപകാലം മാത്രം പരിശോധിച്ചാൽ, ഈ പദ്ധതികൾ 55.28 കോടിയിലധികം അപേക്ഷകൾക്ക് പരിരക്ഷ നൽകുകയും 93,891 കോടി രൂപ ക്ലെയിമുകളായി നൽകുകയും ചെയ്തു. ഇത് 14.97 കോടിയിലധികം കർഷക അപേക്ഷകർക്ക് ഗുണകരമായി. ഉൽപ്പാദനത്തിലുണ്ടാകുന്ന വെല്ലുവിളികളിൽനിന്ന് കാർഷിക ഉപജീവനത്തെ സംരക്ഷിക്കുന്നതിൽ PMFBY-യുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും വിശ്വസനീയതയെയും ഈ വസ്തുതകൾ അടിവരയിടുന്നു.
നിർമ്മിതബുദ്ധി അധിഷ്ഠിത അഗ്രി-ടെക് സ്റ്റാർട്ടപ്പുകളും വളർന്നുവരുന്ന കാർഷിക നൂതനാശയങ്ങളും
2018-19 മുതൽ രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് (RKVY) കീഴിലുള്ള നൂതനാശയ-കാർഷിക സംരംഭകത്വ വികസന പരിപാടിയിലൂടെ കാർഷിക സാങ്കേതിക സ്റ്റാർട്ടപ്പുകളുടെ ദ്രുതഗതിയിലുള്ള വളർച്ചയെ ഇന്ത്യാഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇതിന് സമാന്തരമായി, നിർമിതബുദ്ധി, മെഷീൻ ലേണിങ്, പ്രിസിഷൻ ഫാമിങ്, ഡ്രോണുകൾ, കാലാവസ്ഥാ സ്മാർട്ട് കൃഷി എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. കാർഷിക രീതികളെ നിർമിതബുദ്ധിയുമായി സംയോജിപ്പിച്ച്, കാർഷിക സാങ്കേതിക സ്റ്റാർട്ടപ്പുകൾ രാജ്യത്തെ കൃഷിയിൽ പുതുയുഗത്തിന് തുടക്കമിടുകയാണ്. ‘പ്രതീക്ഷയുടെ കിരണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ കൊണ്ടുവരികയും രാജ്യത്തുടനീളമുള്ള കാർഷിക പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.
ഈ പദ്ധതിക്ക് കീഴിൽ, നോളജ് പാർട്‌ണർമാരും (KP) RKVY കാർഷിക വ്യാവസായിക ആശയ ഉത്ഭവകേന്ദ്രങ്ങളും (R-ABIs) കാർഷിക സ്റ്റാർട്ടപ്പുകൾക്ക് വ്യവസ്ഥാപിതമായ സാങ്കേതിക-സാമ്പത്തിക പിന്തുണ നൽകുന്നു. ആശയ രൂപീകരണ ഘട്ടത്തിലോ പ്രീ-സീഡ് ഘട്ടത്തിലോ ഉള്ള സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ വരെയും, സീഡ് ഘട്ടത്തിലുള്ളവയ്ക്ക് 25 ലക്ഷം രൂപ വരെയും ധനസഹായം നൽകുന്നു. ഇത് നൂതനമായ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും പിന്നീട് വിപുലീകരിക്കാനും അവരെ പ്രാപ്തരാക്കുന്നു. 2026 ജനുവരിയിലെ കണക്കനുസരിച്ച്, ആറായിരത്തിലധികം കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പരിശീലനം ലഭിച്ചു. 2019–20 സാമ്പത്തിക വർഷം മുതൽ 2025–26സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ ആകെ 2282 സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകിയിട്ടുണ്ട്. ഇതിനായി ആകെ 186.55 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്.
സഹായം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾ പ്രിസിഷൻ അഗ്രിക്കൾച്ചർ, നിർമിതബുദ്ധി, IoTഅധിഷ്ഠിത പരിഹാരങ്ങൾ, കാർഷിക യന്ത്രവൽക്കരണം, വിളവെടുപ്പിനുശേഷമുള്ള ഭക്ഷ്യ സാങ്കേതികവിദ്യകൾ, വിതരണശൃംഖല പരിപാലനം, ‘മാലിന്യത്തിൽനിന്ന് സമ്പത്ത്’ സംരംഭങ്ങൾ, ജൈവകൃഷി തുടങ്ങിയ പ്രധാന മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ കൃഷിയിലും അനുബന്ധമേഖലകളിലും നൂതനാശയങ്ങൾ കൊണ്ടുവരാനും കാര്യക്ഷമത വർധിപ്പിക്കാനും ഇവയ്ക്ക് സാധിക്കുന്നു.
കാർഷിക പ്രവർത്തനങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത റോബോട്ടിക്സ്
മണ്ണ് പരിശോധന, വിതയ്ക്കൽ, വിളവെടുപ്പ്, വിള നിരീക്ഷണം തുടങ്ങിയ വിവിധ കാർഷിക പ്രവർത്തനങ്ങൾക്കായി കാർഷിക റോബോട്ടിക്സ് വികസിപ്പിക്കുന്നതിൽ ICAR-ഭാരതീയ കാർഷിക ഗവേഷണ സ്ഥാപനത്തിലെ (IARI) കാർഷിക എൻജിനിയറിങ് വിഭാഗം സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഈ ശ്രമങ്ങൾക്ക് പൂരകമായി, സ്വയം നിയന്ത്രിത ട്രാക്ടറുകൾ, റോബോട്ടിക് വിളവെടുപ്പ് സംവിധാനങ്ങൾ, വിള നിരീക്ഷണത്തിനുള്ള നിർമിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ കാർഷിക റോബോട്ടിക്സ് മേഖലയിൽ ശ്രദ്ധേയമായ പുരോഗതി ദൃശ്യമാണ്. കാർഷിക രീതികളിൽ ഓട്ടോമേഷന്റെയും നൂതന സാങ്കേതികവിദ്യകളുടെയും വർധിച്ചുവരുന്ന സംയോജനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയിലെ ഭാവി കൃഷി: ‘ഇംപാക്ട് എ.ഐചട്ടക്കൂട്
2025 ഒക്ടോബർ 22-ന് ഇന്ത്യാഗവണ്മെന്റ് “ഇന്ത്യയിലെ ഭാവി കൃഷി: കൃഷിക്കായുള്ള നിർമ്മിതബുദ്ധി പ്ലേബുക്ക്” എന്ന പേരിൽ പ്രസിദ്ധീകരണം പുറത്തിറക്കി. ലോക സാമ്പത്തിക വേദി, ഇന്ത്യാ ഗവണ്മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ്, ഇന്ത്യ AI (MeitY), BCG X എന്നിവയുടെ സഹകരണത്തോടെ പഠന റിപ്പോർട്ടായാണ് ഇത് തയ്യാറാക്കിയത്. ചെറുകിട-ഇടത്തരം കർഷകർക്ക് പ്രത്യേക മുൻഗണന നൽകി, ഇന്ത്യൻ കാർഷിക മേഖലയിൽ ഉത്തരവാദിത്വത്തോടും വിപുലമായ രീതിയിലും നിർമ്മിതബുദ്ധി നടപ്പാക്കുന്നതിനുള്ള നയപരമായ വഴികാട്ടിയായാണ് ഈ പ്ലേബുക്ക് വിഭാവനം ചെയ്യുന്നത്.
ചിതറിക്കിടക്കുന്ന വിവരശേഖരങ്ങൾ, പരിമിതമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തികമായ പരിമിതികൾ, ഏതറ്റംവരെയും സേവനങ്ങൾ എത്തിക്കുന്നതിലെ വെല്ലുവിളികൾ എന്നിവ പരിഹരിച്ച്, പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമിതബുദ്ധി ആപ്ലിക്കേഷനുകളെ വലിയ തോതിലുള്ള ഉപയോഗത്തിലേക്ക് പരിവർത്തനം ചെയ്യാനാണ് ഈ പ്ലേബുക്ക് ലക്ഷ്യമിടുന്നത്. ദൈനംദിന കാർഷിക പ്രവർത്തനങ്ങളിൽ വിവരാധിഷ്ഠിത തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സങ്കേതമായി നിർമിതബുദ്ധിയെ ഇത് അവതരിപ്പിക്കുന്നു. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത് മെച്ചപ്പെടുത്താനും, വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും, മികച്ച വിപണിലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
കാർഷിക മൂല്യശൃംഖലയിലുടനീളം നിർമിതബുദ്ധി ഉപയോഗപ്പെടുത്താവുന്ന മുൻഗണനാ മേഖലകളെ ഈ റിപ്പോർട്ട് എടുത്തുകാട്ടുന്നു. നിർമിതബുദ്ധി അധിഷ്ഠിത വിള ആസൂത്രണം, വേഗത്തിലുള്ള മണ്ണ് ആരോഗ്യ വിശകലനം, കീടബാധ പ്രവചനവും നിയന്ത്രണവും, സ്മാർട്ട് ഡിജിറ്റൽ വിപണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലേബുക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന IMPACT നിർമിതബുദ്ധി ചട്ടക്കൂടാണ്. വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും, ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ചുമതലകൾ വ്യക്തമാക്കാനും, നിർമിതബുദ്ധി പ്രതിവിധികൾ ഫലപ്രദമായി നടപ്പാക്കാനും സഹായിക്കുന്ന താഴെ പറയുന്ന സ്തംഭങ്ങളിലാണ് ഇത് കെട്ടിപ്പടുത്തിരിക്കുന്നത്:
പ്രാപ്തമാക്കൽ:കൃഷിയിൽ നിർമ്മിതബുദ്ധി വിപുലമായ രീതിയിൽ നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങൾ ഒരുക്കുന്നതിലാണ് ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തമായ നിർമിതബുദ്ധി നയരൂപീകരണം, പിന്തുണ നൽകുന്ന നയങ്ങൾ, വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള ചട്ടക്കൂടുകൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ ഈ സംവിധാനം സ്വീകരിക്കുന്നത് എളുപ്പമാക്കുന്നതിനായുള്ള ഗവണ്മെന്റ് തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഇത് ഊന്നൽ നൽകുന്നു.
സൃഷ്ടിക്കൽ:കൃഷിക്കായുള്ള നിർമ്മിതബുദ്ധി പ്രതിവിധികൾ വികസിപ്പിക്കുന്നതിലും പരീക്ഷിക്കുന്നതിലുമാണ് ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണത്തിലൂടെ നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യാനും അവയുടെ കൃത്യത പരിശോധിക്കാനും അവ പരിഷ്കരിക്കാനും ഇത് മുൻഗണന നൽകുന്നു.
വിതരണം:നിർമ്മിതബുദ്ധി പരിഹാരങ്ങൾ ഫലപ്രദമായി കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ് ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കാർഷിക വിജ്ഞാന വ്യാപന സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും, കർഷകർക്കുള്ള ഉപദേശക സേവനങ്ങളിൽ നിർമിതബുദ്ധി സംയോജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മികച്ച ഫലങ്ങൾക്കായി ഫീൽഡ് തലത്തിലുള്ള പ്രതികരണങ്ങൾ ഉപയോഗപ്പെടുത്തി സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.
ഉപസംഹാരം
പരമ്പരാഗത രീതികളിൽ നിന്ന് വിവരാധിഷ്ഠിതവും കൃത്യതയാർന്നതുമായ ആവാസവ്യവസ്ഥയിലേക്ക് മാറുന്നതിനായി നിർമിതബുദ്ധി പ്രയോജനപ്പെടുത്തി, ഇന്ത്യൻ കാർഷിക മേഖലയിൽ വലിയൊരു സാങ്കേതിക പരിവർത്തനം നടക്കുകയാണ്. ദശലക്ഷക്കണക്കിന് കർഷകർക്ക് കൃത്യമായ സേവനങ്ങൾ എത്തിക്കുന്നതിനായി ഡിജിറ്റൽ കാർഷികദൗത്യം, അഗ്രിസ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള വിപുലമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ഈ മാറ്റത്തിന് കരുത്ത് പകരുന്നു. നിർമിതബുദ്ധിയുടെ സംയോജനം കാർഷിക മൂല്യശൃംഖലയിലുടനീളം പ്രകടമായ നേട്ടങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്.
ഭാരത്-വിസ്താർ, കിസാൻ ഇ-മിത്ര തുടങ്ങിയ സങ്കേതങ്ങൾ വിവിധ ഭാഷകളിൽ തത്സമയ ഉപദേശക സേവനങ്ങൾ നൽകുന്നു. ഇത് വിദൂര മേഖലകളിൽ പോലും വിദഗ്ധ അറിവ് ലഭ്യമാക്കുകയും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലവർഷ പ്രവചനത്തിനും കീട നിരീക്ഷണത്തിനുമുള്ള (NPSS) നിർമിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ കാലാവസ്ഥാ-ജൈവ വെല്ലുവിളികളെ മുൻകൂട്ടി നേരിടാൻ കർഷകരെ സഹായിക്കുന്നു. ഇത് സാധ്യമായ നഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കുകയും കർഷകരുടെ കരുത്ത് വർധിപ്പിക്കുകയും ചെയ്യുന്നു. പ്രിസിഷൻ ഫാമിങ്, അഗ്രി-റോബോട്ടിക്സ്, YES-TECH-ലും, CROPIC-ലുമൂടെയുള്ള നിർമ്മിതബുദ്ധി അധിഷ്ഠിത വിള ഇൻഷുറൻസ് എന്നിവയിലെ നൂതനാശയങ്ങൾ വിഭവങ്ങളുടെ വിനിയോഗം മെച്ചപ്പെടുത്തുകയും വേഗത്തിലുള്ളതും സുതാര്യവുമായ ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കൽ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, നിർമിതബുദ്ധി അധിഷ്ഠിത വിശകലനങ്ങൾ വിതരണശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കാനും ചെറുകിട-ഇടത്തരം കർഷകർക്ക് മികച്ച വിലയും വിപണിലഭ്യതയും ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. മൊത്തത്തിൽ, ഈ സംരംഭങ്ങൾ സാങ്കേതികവിദ്യയോടുള്ള മാനുഷികമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും കർഷക സമൂഹത്തിന്റെ ക്ഷേമത്തിനും മുൻഗണന നൽകുന്ന സുസ്ഥിരമായ കാർഷിക വളർച്ച ലക്ഷ്യമിടുന്നു.
Rajya Sabha
Ministry of Agriculture & Farmers Welfare
Ministry of Finance
Ministry of Commerce and Industry
Ministry of Electronics and Information Technology
My Scheme
NITI Aayog
Office of Principal Scientific Advisor to GoI
PIB
English PDF
-NK-
(Explainer ID: 157512)
आगंतुक पटल : 11
Provide suggestions / comments