• Sitemap
  • Advance Search
Technology

ഇന്ത്യ എഐ സ്റ്റാക്ക്: ബുദ്ധിശക്തിയുടെ വിപുലമായ വ്യാപനം

Posted On: 04 FEB 2026 4:12PM

ആമുഖം
 

ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ ഭാവി ലളിതവും എന്നാൽ കരുത്തുറ്റതുമായ ഒരു ആശയത്താൽ നയിക്കപ്പെടുന്നു: നിർമ്മിതബുദ്ധിയുടെ (എഐ) ജനാധിപത്യവൽക്കരണം. നിർമ്മിതബുദ്ധി ചുരുക്കം ചില കമ്പനികളിലോ സ്ഥാപനങ്ങളിലോ രാജ്യങ്ങളിലോ മാത്രമായി പരിമിതപ്പെടാൻ പാടില്ല. അതിനുപകരം, ഓരോ പൗരനും പ്രയോജനപ്പെടുന്ന രീതിയിലും പൊതുക്ഷേമത്തേയും കൂട്ടായ നന്മയേയും പിന്തുണയ്ക്കുന്ന രീതിയിലുമായിരിക്കണം ഇത് വികസിപ്പിക്കേണ്ടതും ഉപയോഗിക്കേണ്ടതും. 'മനുഷ്യരാശിക്ക് വേണ്ടിയുള്ള എഐ' എന്ന ഈ ദർശനം ജനങ്ങളെ സാങ്കേതിക പുരോഗതിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു, നൂതനാശയങ്ങൾ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഈ ദർശനം സാക്ഷാത്കരിക്കുന്നതിന് എഐ വിശ്വസനീയമായി വലിയ തോതിൽ പ്രവർത്തിക്കേണ്ടതുണ്ട്. കൂടാതെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കൃഷി, ധനകാര്യം, പൊതുസേവനം എന്നിവയുൾപ്പെടെയുള്ള ദൈനംദിന ജീവിതവുമായി ഇത് പരിധിയില്ലാതെ സംയോജിപ്പിക്കുകയും വേണം. ജനസംഖ്യാടിസ്ഥാനത്തിലുള്ള ഇത്തരം സ്വാധീനം സാധ്യമാകുന്നത് ശക്തവും സംയോജിതവുമായ ഒരു എഐ സ്റ്റാക്കിലൂടെയാണ്. എഐ ആപ്ലിക്കേഷനുകൾ ഫലപ്രദമായി നിർമ്മിക്കുന്നതിനും വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ, സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.

 

എഐ സ്റ്റാക്ക്: വിന്യാസവും വിപുലീകരണവും സാധ്യമാക്കുന്ന അടരുകൾ 

 



 

എഐ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും സമ്പൂർണ്ണ സെറ്റാണ് ഒരു എഐ സ്റ്റാക്ക്. സിരി, അലക്സ എന്നിവ പോലുള്ള വെർച്വൽ അസിസ്റ്റൻ്റുകൾ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പ്ലാറ്റ്‌ഫോമുകളിലെ പേഴ്സണലൈസ്ഡ് റെക്കമെൻഡേഷനുകൾ തുടങ്ങിയ ദൈനംദിന ഉപകരണങ്ങൾ മുതൽ ആരോഗ്യമേഖലയിലെ രോഗനിർണ്ണയം, സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തൽ, ഗതാഗതം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങൾ വരെ ഈ ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു. ഡാറ്റ ശേഖരിക്കാനും, എഐ മോഡലുകളെ പരിശീലിപ്പിക്കാനും, യഥാർത്ഥ ജീവിതത്തിൽ അവ ഉപയോഗിക്കാനും സഹായിക്കുന്ന ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, പ്ലാറ്റ്‌ഫോമുകൾ എന്നിവയെ എഐ സ്റ്റാക്ക് ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് തുടക്കം മുതൽ ഒടുക്കം വരെ എഐ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

എഐ സ്റ്റാക്ക് അഞ്ച് ലെയറുകൾ ഉൾക്കൊള്ളുന്നു, ഇവ ഓരോന്നും നിർണ്ണായ പങ്ക് വഹിക്കുന്നു. ആളുകൾ ദിവസേന  ഉപയോഗിക്കുന്ന ആപ്പുകൾ മുതൽ പിന്നണിയിൽ പ്രവർത്തിക്കുന്ന ഡാറ്റ, കമ്പ്യൂട്ടിംഗ് പവർ, നെറ്റ്‌വർക്കുകൾ, ഊർജ്ജം എന്നിവ വരെ എഐ സ്റ്റാക്ക് വഴി യഥാർത്ഥ ലോകത്ത് പ്രവർത്തിക്കുന്നു. ഈ ലെയറുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ എഐ പരിഹാരങ്ങൾ വിപുലീകരിക്കാവുന്നതും, വിശ്വസനീയവും, വലിയ ജനവിഭാഗത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളതുമാണെന്ന് ഉറപ്പാക്കുന്നു.

1. ആപ്ലിക്കേഷൻ ലെയർ

എഐ സ്റ്റാക്കിലെ ഉപയോക്താക്കൾ നേരിട്ട് ഇടപെടുന്ന ഭാഗമാണ് ആപ്ലിക്കേഷൻ ലെയർ. ആരോഗ്യ രോഗനിർണ്ണയ ഉപകരണങ്ങൾ, കർഷകർക്കുള്ള ഉപദേശക പ്ലാറ്റ്‌ഫോമുകൾ, ചാറ്റ്ബോട്ടുകൾ, ഭാഷാ വിവർത്തന ആപ്ലിക്കേഷനുകൾ എന്നിങ്ങനെയുള്ള എഐ അധിഷ്ഠിത ആപ്പുകളും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. സങ്കീർണ്ണമായ എഐ പ്രക്രിയകളെ ആളുകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ലളിതവും ഉപയോക്തൃ സൗഹൃദവുമായ സേവനങ്ങളാക്കി ഈ ലെയർ മാറ്റുന്നു.

 

ഉയർന്ന സ്വാധീനമുള്ള ആപ്ലിക്കേഷനുകളിലൂടെ ഇന്ത്യയിൽ എഐ സ്വീകാര്യത

പ്രാദേശിക ഭാഷകൾക്കും സാഹചര്യങ്ങൾക്കും വിവിധ മേഖലകളിലെ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നു. ഇത് സമ്പദ്‌ വ്യവസ്ഥയിലുടനീളം എഐയുടെ ഉപയോഗം വേഗത്തിലാക്കുന്നു.

 •   കാർഷിക മേഖലയിൽ, എഐ അധിഷ്ഠിത ഉപദേശക ഉപകരണങ്ങൾ വിത്ത് വിതയ്ക്കലുമായി ബന്ധപ്പെട്ട  തീരുമാനങ്ങൾ, വിളവ്, വളം/കീടനാശിനി ഉപയോഗത്തിൻ്റെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത വിന്യാസങ്ങളിൽ ഉത്പാദനക്ഷമത 30 മുതൽ 50 ശതമാനം വരെ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
 •   ആരോഗ്യ മേഖലയിൽ, ക്ഷയം, ക്യാൻസർ, നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവയും മറ്റ് രോഗങ്ങളും നേരത്തെ കണ്ടെത്താൻ എഐ ആപ്ലിക്കേഷനുകൾ സഹായിക്കുന്നു. ഇത് പ്രതിരോധ-രോഗനിർണ്ണയ പരിചരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

 •   വിദ്യാഭ്യാസ മേഖലയിൽ, ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്ഇ പാഠ്യപദ്ധതികൾ, ദിക്ഷ  പ്ലാറ്റ്‌ഫോമുകൾ, YUVAi പോലുള്ള സംരംഭങ്ങൾ എന്നിവയിലൂടെ എഐ പഠനം സമന്വയിപ്പിക്കുന്നു. ഇത് വിദ്യാർത്ഥികളെ പ്രായോഗികമായ എഐ നൈപുണ്യങ്ങൾ കൊണ്ട് സജ്ജരാക്കുന്നു.

 •   നീതിനിർവ്വഹണത്തിൽ,  ഇ-കോർട്ട്സ് മൂന്നാം ഘട്ടം, വിവർത്തനം, കേസ് മാനേജ്മെൻ്റ്, ഷെഡ്യൂളിംഗ്, പൗരന്മാർക്കുള്ള സേവനങ്ങൾ എന്നിവയ്ക്കായി എഐ, മെഷിൻ ലേർണിംഗ് (ML) എന്നിവ വിന്യസിക്കുന്നു. പ്രാദേശിക ഭാഷകളിലൂടെയുള്ള സേവനം വഴി കാര്യക്ഷമതയും സുതാര്യതയും ഇത് മെച്ചപ്പെടുത്തുന്നു.

 •   കാലാവസ്ഥാ-ദുരന്ത നിവാരണത്തിൽ,  മഴ, ചുഴലിക്കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, തീപിടുത്തം എന്നിവയുടെ കൃത്യമായ പ്രവചനത്തിനായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) എഐ ഉപയോഗിക്കുന്നു. 'മൗസം ജിപിടി' പോലുള്ള ഉപകരണങ്ങൾ കർഷകർക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണ നല്കുന്നു.

 

ചുരുക്കി പറഞ്ഞാൽ, അത്യാധുനികമായ കഴിവുകളെ സാധാരണക്കാർക്ക് ലഭ്യമാകുന്നതും ഉപയോക്തൃ-കേന്ദ്രീകൃതവുമായ സേവനങ്ങളായി വിവർത്തനം ചെയ്യുന്നതിലൂടെയാണ് ആപ്ലിക്കേഷൻ ലെയർ എഐ-യുടെ യഥാർത്ഥ മൂല്യം പ്രദാനം ചെയ്യുന്നത്. മുൻഗണനാ മേഖലകളിൽ വലിയ തോതിൽ വിന്യസിക്കുമ്പോൾ, എഐ എന്നത് വെറുമൊരു പരീക്ഷണ ഘട്ടത്തിനപ്പുറം ദൈനംദിന തീരുമാനങ്ങളിലും സേവന വിതരണത്തിലും അവിഭാജ്യമായി മാറുന്നു. ഇത്തരത്തിലുള്ള വ്യാപകമായ സ്വീകാര്യതയാണ് ആത്യന്തികമായി എഐ-യുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം നിർണ്ണയിക്കുന്നത്.

എഐ ആപ്ലിക്കേഷനുകളുടെ സ്വീകാര്യതയിലെ പൊതുവായ പ്രവണതകൾ

ഇൻ്റർനെറ്റും മൊബൈൽ സാങ്കേതികവിദ്യയും പോലെ തന്നെ എഐ ആപ്ലിക്കേഷനുകൾ വലിയ തോതിൽ സ്വീകരിക്കപ്പെടുമ്പോഴാണ് അവ വിപ്ലവകരമായ സ്വാധീനം ചെലുത്തുന്നത്. കൃഷി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഉത്പാദനം, ഗതാഗതം, ഭരണനിർവ്വഹണം, കാലാവസ്ഥാ പ്രവർത്തനം തുടങ്ങിയ മേഖലകളിലുടനീളം എഐ ആപ്ലിക്കേഷനുകൾ ഇന്ന് കൂടുതലായി വിന്യസിക്കപ്പെടുന്നു. ജനസംഖ്യാടിസ്ഥാനത്തിലുള്ള വിപുലമായ തോതിൽ എഐ പ്രയോജനപ്പെടുത്തുന്ന 'എഐ ഡിഫ്യൂഷൻ' തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നത്. രാജ്യത്തുടനീളം, എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ കർഷകരെ കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും, ക്ലിനിക്കുകളെ നേരത്തെയുള്ള രോഗനിർണ്ണയത്തിൽ പിന്തുണയ്ക്കുകയും, പൊതുസേവന വിതരണത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, യഥാർത്ഥ ഉപയോഗങ്ങൾക്കും വൻതോതിലുള്ള സ്വീകാര്യതയ്ക്കും മുൻഗണന നല്കുന്നതിലൂടെ, എഐ പ്രത്യക്ഷമായ ഗുണങ്ങൾ നല്കുന്നുണ്ടെന്നും പൗരന്മാരുടെ ജീവിതം നേരിട്ട് മെച്ചപ്പെടുത്തുന്നുണ്ടെന്നും ആപ്ലിക്കേഷൻ ലെയർ ഉറപ്പാക്കുന്നു.

 

 

 

2. എഐ മോഡൽ ലെയർ

ഇത് എഐ സംവിധാനങ്ങളുടെ തലച്ചോറായി പ്രവർത്തിക്കുന്നു. പാറ്റേണുകൾ തിരിച്ചറിയുന്നതിനും, പ്രവചനങ്ങൾ നടത്തുന്നതിനും, തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ വിവരങ്ങൾ നല്കിക്കൊണ്ടാണ് എഐ മോഡലുകൾക്ക് പരിശീലനം നല്കുന്നത്. ഉദാഹരണത്തിന്, എക്സ്-റേകളിൽ നിന്ന് രോഗങ്ങൾ കണ്ടെത്താനും, വിളവ് പ്രവചിക്കാനും, ഭാഷകൾ വിവർത്തനം ചെയ്യാനും അല്ലെങ്കിൽ ചാറ്റ്ബോട്ടുകളിലൂടെ ചോദ്യങ്ങൾക്ക് മറുപടി നല്കാനും ഇവ സഹായിക്കുന്നു. ഈ മോഡലുകൾ ആപ്ലിക്കേഷനുകൾക്ക് ബുദ്ധിശക്തി നല്കുകയും, ഉപയോക്താക്കൾക്ക് അർത്ഥവത്തായ എഐ അധിഷ്ഠിത ഫലങ്ങൾ നല്കാൻ അവയെ സജ്ജമാക്കുകയും ചെയ്യുന്നു.

 

ഇന്ത്യയിലെ എഐ മോഡൽ ലെയറിൻ്റെ വികസനം

•   ഇന്ത്യ എഐ മിഷൻ്റെ കീഴിൽ, ഇന്ത്യയുടെ സവിശേഷമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 12 തദ്ദേശീയ എഐ മോഡലുകൾ വികസിപ്പിച്ചുവരുന്നു.

•   പരമാധികാര മോഡലുകളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനായി, സ്റ്റാർട്ടപ്പുകൾക്ക് സബ്‌സിഡി നിരക്കിൽ കമ്പ്യൂട്ട് ആക്സസ് ലഭിക്കുന്നു. ഗ്രാൻ്റുകളിലൂടെയും ഇക്വിറ്റിയിലൂടെയും കമ്പ്യൂട്ട് ചെലവിൻ്റെ 25 ശതമാനം വരെ പിന്തുണ നല്കുന്നതിലൂടെ, ഈ രംഗത്തേക്കുള്ള പ്രവേശന തടസ്സങ്ങൾ കുറയ്ക്കാനും ആഭ്യന്തര നവീകരണം വേഗത്തിലാക്കാനും സാധിക്കുന്നു.

•   ഗവേഷണം, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ ആപ്ലിക്കേഷനുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി, ശതകോടികൾ മുതൽ ട്രില്യണുകൾ വരെ പാരാമീറ്ററുകളുള്ള ഇന്ത്യയ്ക്ക് അനുയോജ്യമായ ഫൗണ്ടേഷൻ, ബഹുമാതൃക മോഡലുകൾ എന്നിവ ഭാരത്‌ജെൻ വികസിപ്പിക്കുന്നു.

•   ഡാറ്റാസെറ്റുകൾ, മോഡലുകൾ, ഉപകരണങ്ങൾ എന്നിവയുടെ ഒരു ദേശീയ ശേഖരമായി ഇന്ത്യ എഐ കോശ്  പ്രവർത്തിക്കുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, 20 മേഖലകളിലായി 54 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 5,722 ഡാറ്റാസെറ്റുകളും 251 എഐ മോഡലുകളും ഇതിൽ ഉൾക്കൊള്ളുന്നു.

•   ഇന്ത്യൻ ഭാഷകൾ, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പൊതുസേവന വിതരണം എന്നിവയുമായി പൊരുത്തപ്പെടുന്ന ഫുൾ-സ്റ്റാക്ക്, ഡൊമെയ്ൻ-സ്പെസിഫിക് എഐ മോഡലുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നിർമ്മിക്കുന്നു. ഉദാഹരണത്തിന്:

•   സർവം എഐ: വോയ്‌സ് ഇൻ്റർഫേസുകൾ, ഡോക്യുമെൻ്റ് പ്രോസസ്സിംഗ്, പൗരസേവനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി സർവം എഐ ഇന്ത്യൻ ഭാഷകൾക്കായി വലിയ ഭാഷാ, സംഭാഷണ മോഡലുകൾ വികസിപ്പിക്കുന്നു.

•   ഭാഷിണി: നാഷണൽ ലാംഗ്വേജ് ട്രാൻസ്ലേഷൻ മിഷൻ്റെ കീഴിൽ സ്പീച്ച് റെക്കഗ്നിഷൻ, മെഷീൻ ട്രാൻസ്ലേഷൻ, ടെക്സ്റ്റ്-ടു-സ്പീച്ച്, ഒസിആർ, ലാംഗ്വേജ് ഡിറ്റക്ഷൻ എന്നിവ ഉൾക്കൊള്ളുന്ന 350-ലധികം എഐ മോഡലുകൾ ഭാഷിണിയിലുണ്ട്. ഇത് ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ബഹുഭാഷാ പ്രവേശനം ശക്തിപ്പെടുത്തുന്നു.

 

യഥാർത്ഥ ലോകത്തെ ആവശ്യങ്ങളെ എത്രത്തോളം ഫലപ്രദമായി മനസ്സിലാക്കാനും പ്രവചിക്കാനും പ്രതികരിക്കാനും ആപ്ലിക്കേഷനുകൾക്ക് കഴിയുമെന്ന് നിർണ്ണയിക്കുന്ന പ്രധാന ബുദ്ധിശക്തിയാണ് എഐ മോഡൽ ലെയർ. പരമാധികാരവും ഇന്ത്യക്ക് അനുയോജ്യവുമായ മോഡലുകളും പൊതു ശേഖരണങ്ങളും വികസിപ്പിക്കുന്നതിലൂടെ, എഐ-യുടെ കഴിവുകൾ പ്രസക്തവും വിശ്വസനീയവും പ്രാദേശിക ഭാഷകൾക്കും മുൻഗണനകൾക്കും അനുയോജ്യവുമാണെന്ന് ഈ ലെയർ ഉറപ്പാക്കുന്നു. ഈ അടിത്തറ ശക്തിപ്പെടുത്തുന്നത് പുറമെ നിന്നുള്ള മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും വലിയ തോതിലുള്ള നൂതനാശയങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്നു.

എഐ മോഡലുകളുടെ സ്വീകാര്യതയിലെ പൊതുവായ പ്രവണതകൾ

 



 

എഐ മോഡലുകളിലെ ആദ്യകാല പുരോഗതികൾ വലിയ തോതിലുള്ള കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുള്ള ചുരുക്കം ചില സാങ്കേതിക കമ്പനികളിൽ മാത്രമായിരുന്നു പരിമിതപ്പെട്ടിരുന്നത്. എന്നാൽ 'ഓപ്പൺ സോഴ്സ്' മോഡലുകളുടെ കടന്നുവരവ് ഈ മേഖലയിലെ തടസ്സങ്ങൾ കുറയ്ക്കുകയും ചെലവ് കുറഞ്ഞതും സുതാര്യവുമായ പ്രാദേശികവൽക്കരണം സാധ്യമാക്കുകയും ചെയ്തു. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, പൊതുസേവനങ്ങൾ, ആരോഗ്യ പരിപാലനം, കൃഷി, ഭരണനിർവ്വഹണം എന്നീ മേഖലകളിലെ ദേശീയ മുൻഗണനകളിലും ജനസംഖ്യാടിസ്ഥാനത്തിലുള്ള ആവശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമാധികാരവും ഉൾക്കൊള്ളുന്നതും ആപ്ലിക്കേഷൻ അധിഷ്ഠിതവുമായ ഒരു എഐ മോഡൽ ആവാസവ്യവസ്ഥയാണ് ഇന്ത്യ വികസിപ്പിക്കുന്നത്. പ്രാദേശിക ഭാഷകൾക്കും നിയമപരമായ ചട്ടക്കൂടുകൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും അനുസൃതമായി ഈ മോഡലുകളെ ക്രമീകരിക്കുന്നതിലൂടെ സാങ്കേതിക സ്വയംപര്യാപ്തത ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ യഥാർത്ഥ മാറ്റങ്ങൾ കൊണ്ടുവരാനും ഇന്ത്യ ലക്ഷ്യമിടുന്നു.

 

3. കമ്പ്യൂട്ട് ലെയർ

ഇത് എഐ സംവിധാനങ്ങളുടെ പേശിയായി പ്രവർത്തിക്കുന്നു. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ കമ്പ്യൂട്ടിംഗ് പവർ ഇത് നല്കുന്നു. പരിശീലന ഘട്ടത്തിൽ, മോഡലുകൾക്ക് കാര്യങ്ങൾ പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും വേണ്ടി കമ്പ്യൂട്ട് ലെയർ വലിയ തോതിലുള്ള ഡാറ്റ സംസ്കരിക്കുന്നു. ഇന്ന്, ഈ കരുത്ത് വരുന്നത് NVIDIA- യുടെ ബ്ലാക്ക്‌വെൽ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (GPU), ഗൂഗിളിൻ്റെ ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾ (TPUs), ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റുകൾ (NPUs) തുടങ്ങിയ അത്യാധുനിക പ്രോസസ്സിംഗ് ചിപ്പുകളിൽ നിന്നാണ്. ഇവ എഐ സംവിധാനങ്ങളെ കാര്യക്ഷമമായും വിപുലമായ തോതിലും പ്രവർത്തിക്കാൻ അനുവദിക്കുന്നു.

ഇന്ത്യയിലെ കമ്പ്യൂട്ട് ശേഷിയും എഐ അടിസ്ഥാന സൗകര്യങ്ങളും

 •   ഇന്ത്യ എഐ മിഷന് വേണ്ടി അഞ്ച് വർഷത്തേക്ക് 10,300 കോടി രൂപയിലധികം അനുവദിച്ചു.

 •   ഇന്ത്യ എഐ കമ്പ്യൂട്ട് പോർട്ടൽ 'കമ്പ്യൂട്ട്-ആസ്-എ-സർവീസ്'  മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ഇത് 38,000 GPU-കളിലേക്കും 1,050 TPU-കളിലേക്കും ക്ലൗഡ് അധിഷ്ഠിതമായ പൊതു പ്രവേശനം 100 രൂപയിൽ താഴെ വരുന്ന സബ്‌സിഡി നിരക്കിൽ വാഗ്ദാനം ചെയ്യുന്നു. ഇത് സ്റ്റാർട്ടപ്പുകൾക്കും ചെറിയ സ്ഥാപനങ്ങൾക്കുമുള്ള പ്രവേശന തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കുന്നു.

 •   പരമാധികാരവും തന്ത്രപ്രധാനവുമായ എഐ ആപ്ലിക്കേഷനുകൾക്കായി 3,000 അടുത്ത തലമുറ GPU-കൾ അടങ്ങുന്ന സുരക്ഷിതമായ ഒരു ദേശീയ GPU ക്ലസ്റ്റർ സജ്ജമാക്കുന്നു.

 •   ഇന്ത്യ സെമികണ്ടക്ടർ മിഷൻ, 76,000 കോടി രൂപയുടെ പദ്ധതി വിഹിതത്തോടെ ചിപ്പ് നിർമ്മാണ, പാക്കേജിംഗ് യൂണിറ്റുകൾ ഉൾപ്പെടെ 10 സെമികണ്ടക്ടർ പദ്ധതികൾക്ക് അംഗീകാരം നല്കി.

 •   ശക്തി, വേഗ പ്രോസസ്സറുകൾ പോലുള്ള തദ്ദേശീയ ചിപ്പ് ഡിസൈൻ സംരംഭങ്ങൾ എഐ ഹാർഡ്‌വെയറിലുള്ള ഇന്ത്യയുടെ ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നു.

 •   ഫാബുകൾ, ATMP യൂണിറ്റുകൾ ഉൾപ്പെടെ 10 അംഗീകൃത സെമികണ്ടക്ടർ പ്രോജക്റ്റുകളിലൂടെ ഇന്ത്യ സ്വന്തം എഐ ചിപ്പുകൾ വികസിപ്പിക്കുകയും സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 •   നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ ഐഐടികൾ, ഐസറുകൾ, ദേശീയ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലുടനീളം 40 പെറ്റാഫ്ലോപ്‌സിലധികം കമ്പ്യൂട്ടിംഗ് ശേഷി വിന്യസിച്ചിട്ടുണ്ട്.

 •   പരം സിദ്ധി-എഐ, ഐരാവത് തുടങ്ങിയ മുൻനിര സംവിധാനങ്ങൾ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കാലാവസ്ഥാ പ്രവചനം, ഔഷധ ഗവേഷണം തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എഐ-ഒപ്റ്റിമൈസ് ചെയ്ത സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം നല്കുന്നു.

 

എഐ നവീകരണത്തിൻ്റെ വ്യാപ്തി, വേഗത, സങ്കീർണ്ണത എന്നിവ നിർണ്ണയിക്കുന്ന നിർണ്ണായക ഘടകമാണ് കമ്പ്യൂട്ട് ലെയർ. ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടിംഗിലേക്ക് പങ്കിട്ടതും താങ്ങാനാവുന്നതുമായ പ്രവേശനം വ്യാപിപ്പിക്കുന്നതിലൂടെയും, അതോടൊപ്പം തന്നെ ആഭ്യന്തര ചിപ്പ്, സൂപ്പർകമ്പ്യൂട്ടിംഗ് ശേഷികൾ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യ എഐ വികസനത്തിലെ ഘടനാപരമായ തടസ്സങ്ങൾ കുറയ്ക്കുന്നു. കമ്പ്യൂട്ട് പവർ ചുരുക്കം ചില കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടാതെ ഗവേഷണം, സ്റ്റാർട്ടപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലുടനീളം വിപുലമായ നവീകരണങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഈ സമീപനം ഉറപ്പാക്കുന്നു.

എഐ കമ്പ്യൂട്ട് സ്വീകാര്യതയിലെ പൊതുവായ പ്രവണതകൾ

ഉയർന്ന നിലവാരമുള്ള എഐ കമ്പ്യൂട്ട് ആക്സസ് പ്രധാനമായും ഉയർന്ന ചെലവുകളാലും ചുരുക്കം ചില സാങ്കേതിക സ്ഥാപനങ്ങളിലും രാജ്യങ്ങളിലും മാത്രമായുള്ള നൂതന ഹാർഡ്‌വെയറുകളുടെ കേന്ദ്രീകരണത്താലും രൂപപ്പെട്ടതാണ്, ഇത് ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ പരിമിതപ്പെടുത്തിയിരുന്നു. ഇതിനു വിപരീതമായി, ഇന്ത്യ എഐ മിഷൻ്റെ കീഴിലുള്ള സർക്കാർ പിന്തുണയുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലൂടെ താങ്ങാനാവുന്നതും പങ്കിട്ടതുമായ കമ്പ്യൂട്ട് ആക്സസ് ഇന്ത്യ വ്യാപിപ്പിക്കുകയാണ്. ആഗോള നിരക്കുകൾ മണിക്കൂറിന് 200 രൂപയിൽ കൂടുതലായിരിക്കെ, ഇന്ത്യ എഐ കമ്പ്യൂട്ട് പോർട്ടൽ 38,000-ത്തിലധികം GPU-കളിലേക്കും 1,050 TPU-കളിലേക്കും മണിക്കൂറിന് 100 രൂപയിൽ താഴെ വരുന്ന സബ്‌സിഡി നിരക്കിൽ പ്രവേശനം നല്കുന്നു. ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ, ദേശീയ ദൗത്യങ്ങൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ആഭ്യന്തര ചിപ്പ് ഡിസൈൻ, സെമികണ്ടക്ടർ നിർമ്മാണം, സൂപ്പർകമ്പ്യൂട്ടിംഗ് ശേഷികൾ എന്നിവയുമായി സമന്വയിപ്പിക്കുന്നതിലൂടെ ഇന്ത്യ പ്രവേശന തടസ്സങ്ങൾ കുറയ്ക്കുകയും ദീർഘകാല സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കമ്പ്യൂട്ട് ലഭ്യതയുടെ പരിമിതികളില്ലാതെ വിവിധ മേഖലകളിൽ എഐ നവീകരണം വ്യാപിപ്പിക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.

4. ഡാറ്റാ സെൻ്ററുകളും നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യ ലെയറും

ഈ ലെയർ എഐ-യുടെ ഹോം, ഹൈവേകളെ രൂപപ്പെടുത്തുന്നു. എഐ സംവിധാനങ്ങൾ സംഭരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളാണ് ഡാറ്റാ സെൻ്ററുകൾ. എന്നാൽ ഇൻ്റർനെറ്റ്, ബ്രോഡ്‌ബാൻഡ്, 5G തുടങ്ങിയ നെറ്റ്‌വർക്കുകൾ ഉപയോക്താക്കൾക്കും കമ്പ്യൂട്ടറുകൾക്കും എഐ മോഡലുകൾക്കും ഇടയിൽ വിവരങ്ങൾ കൈമാറുന്നു. അവ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ എഐ വിശ്വസനീയമായും വേഗത്തിലും പ്രവർത്തിക്കുന്നുവെന്നും ഉപയോക്താക്കൾ എവിടെയാണെങ്കിലും അവരിലേക്ക് എത്തുന്നുവെന്നും ഉറപ്പാക്കുന്നു. ശക്തമായ നെറ്റ്‌വർക്കുകളും ഡാറ്റാ സെൻ്ററുകളും ഇല്ലാതെ എഐ ആപ്ലിക്കേഷനുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനോ വികസിക്കാനോ കഴിയില്ല.

 

ഇന്ത്യയിലെ ഡാറ്റാ സെൻ്ററുകളും നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങളും

 •  രാജ്യവ്യാപകമായുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്, ക്ലൗഡ്-എഐ സേവനങ്ങൾക്കായുള്ള അതിവേഗ ഡാറ്റാ കൈമാറ്റത്തെ പിന്തുണയ്ക്കുന്നു.

 •  രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5G സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ 99.9 ശതമാനം ജില്ലകളിലും 85 ശതമാനം ജനസംഖ്യയിലും ഇന്ന് 5G സേവനം ലഭ്യമാണ്.

 •  ആഗോള ഡാറ്റാ സെൻ്റർ ശേഷിയുടെ ഏകദേശം 3 ശതമാനം ഇന്ത്യയിലാണ്, ഏകദേശം 960 മെഗാവാട്ട് ഇൻസ്റ്റാൾഡ് കപ്പാസിറ്റി നിലവിൽ ഇന്ത്യയിലുണ്ട്. കൂടാതെ, വർദ്ധിച്ചുവരുന്ന എഐ, ക്ലൗഡ് ജോലികൾ കാരണം 2030-ഓടെ ഈ ശേഷി 9.2 ഗിഗാവാട്ട് ആയി കുത്തനെ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

 •  ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെൻ്റർ ഹബ്ബ് മുംബൈ-നവി മുംബൈ ആണ്, രാജ്യത്തെ ആകെ ശേഷിയുടെ 25 ശതമാനത്തിലധികം ഇവിടെയാണ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എൻസിആർ, പൂനെ, കൊൽക്കത്ത എന്നിവയാണ് മറ്റ് പ്രധാന ഡാറ്റാ സെൻ്റർ ഹബ്ബുകൾ.

 •  എഐ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വേഗത്തിലാക്കാൻ ആഗോള ടെക് ഭീമന്മാർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇത് രാജ്യത്തിൻ്റെ സാങ്കേതിക മേഖലയ്ക്ക് വലിയ ഉത്തേജനം നല്കുന്നു. പ്രധാന നിക്ഷേപ വാഗ്ദാനങ്ങൾ താഴെ പറയുന്നവയാണ്:

മൈക്രോസോഫ്റ്റ്: ഡാറ്റാ സെൻ്ററുകൾക്കും എഐ പരിശീലനത്തിനുമായി 1.5 ലക്ഷം കോടി രൂപ. 

ആമസോൺ: ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾക്കും  AI അധിഷ്ഠിത ഡിജിറ്റൈസേഷനുമായി 2030-ഓടെ 2.9 ലക്ഷം കോടി രൂപ.
ഗൂഗിൾ: വിശാഖപട്ടണത്ത് ഒരു ഗിഗാവാട്ട് ശേഷിയുള്ള AI ഹബ്ബ് നിർമ്മിക്കുന്നതിനായി 1.25 ലക്ഷം കോടി രൂപ.

 


AI സംവിധാനങ്ങളെ വിപുലമായ തോതിലും തത്സമയവും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്ന അടിസ്ഥാന നട്ടെല്ലാണ് ഡാറ്റാ സെൻ്ററുകളും നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ലെയറും നല്കുന്നത്. കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലൂടെയും ആഭ്യന്തര ഡാറ്റാ സെൻ്റർ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും എഐ സേവനങ്ങൾ വിശ്വസനീയവും  പ്രതികരണശേഷിയുള്ളതും വ്യാപകമായി ആക്‌സസ് ചെയ്യാവുന്നതുമായി തുടരുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കുന്നു. ഈ സംയോജിത സമീപനം വിവിധ മേഖലകളിൽ സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ എഐ വിന്യാസത്തെ പിന്തുണയ്ക്കുന്നതോടൊപ്പം ഡിജിറ്റൽ ശേഷികളെ ദേശീയ ആവാസവ്യവസ്ഥയ്ക്കുള്ളിൽ തന്നെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു.

എഐ അടിസ്ഥാന സൗകര്യ വികസനത്തിലെ പൊതുവായ പ്രവണതകൾ

എഐ വിന്യാസത്തിൻ്റെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യ ലെയർ. പ്രധാന സാങ്കേതിക കമ്പനികൾ ഉയർന്ന ശേഷിയുള്ള ഡാറ്റാ സെൻ്ററുകളിലും അതിവേഗ നെറ്റ്‌വർക്കുകളിലും വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഡിജിറ്റൽ കണക്റ്റിവിറ്റിയുടേയും ആഭ്യന്തര ഡാറ്റാ സെൻ്റർ ഇൻഫ്രാസ്ട്രക്ചറിൻ്റേയും വിപുലമായ വികസനത്തിലൂടെ ഇന്ത്യ ഈ അടിത്തറ ശക്തിപ്പെടുത്തുകയാണ്. ആഗോള-ഇന്ത്യൻ സാങ്കേതിക കമ്പനികളുടെ നിക്ഷേപം എഐ മോഡലുകൾ, ഡാറ്റ, ഇന്നൊവേഷൻ ആവാസവ്യവസ്ഥകൾ എന്നിവ രാജ്യത്തിനകത്ത് തന്നെ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും ഡാറ്റാ സെൻ്റർ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ദേശീയ അധികാരപരിധിക്കുള്ളിൽ നിലനിർത്തുന്നതിലൂടെയും വിവിധ മേഖലകളിൽ എഐ സ്വീകാര്യതയ്ക്കായി സുസ്ഥിരവും വിപുലീകരിക്കാവുന്നതുമായ അന്തരീക്ഷം ഇന്ത്യ സൃഷ്ടിക്കുന്നു.

5. ഊർജ്ജ ലെയർ

മുഴുവൻ എഐ സ്റ്റാക്കിനേയും സജീവമായി നിലനിർത്തുന്നത് ഈ ലെയറാണ്. എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കരുത്തുറ്റ കമ്പ്യൂട്ടറുകൾ ആവശ്യമായതിനാൽ എഐ ഡാറ്റാ സെൻ്ററുകൾ വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായിക്കൊണ്ടിരിക്കുമ്പോഴും എഐ-ക്ക് സുസ്ഥിരവും വിശ്വസനീയവുമായ വൈദ്യുതി വിതരണം ആവശ്യമാണ്. അതിനാൽ, എഐ ഇൻഫ്രാസ്ട്രക്ചറിൻ്റെ സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജം അത്യാവശ്യമാണ്.

 

ഇന്ത്യയിൽ താങ്ങാനാവുന്നതും സുരക്ഷിതവും ശുദ്ധവുമായ ഊർജ്ജം

•   2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 242.49 ഗിഗാവാട്ട് എന്ന റെക്കോർഡ് ഉയർന്ന വൈദ്യുതി ആവശ്യം നിറവേറ്റി. ദേശീയ ഊർജ്ജ ദൗർലഭ്യം വെറും 0.03 ശതമാനമായി കുറച്ചതിലൂടെ എഐ ഡാറ്റാ സെൻ്ററുകൾക്കും ഉയർന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾക്കും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കി.

•   മൊത്തം സ്ഥാപിത വൈദ്യുതി ശേഷി 509.7 ഗിഗാവാട്ട് ആയി ഉയർന്നു. ഇത് വലിയ തോതിൽ ഊർജ്ജം ആവശ്യമായി വരുന്ന എഐ ജോലികളെ പിന്തുണയ്ക്കാൻ ആവശ്യമായ വ്യാപ്തി നല്കുന്നു. (2025 നവംബർ വരെയുള്ള കണക്ക്)

•   ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളുടെ വിഹിതം 256.09 ഗിഗാവാട്ട് ആണ് - ഇത്  മൊത്തം സ്ഥാപിത ശേഷിയുടെ 51 ശതമാനത്തിലധികമാണ്. ഇത് എഐ ഇൻഫ്രാസ്ട്രക്ചറിൻ്റെ വളർച്ചയെ സുസ്ഥിരതയുമായി ബന്ധിപ്പിക്കുകയും ഡാറ്റാ സെൻ്ററുകളുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

•   2047-ഓടെ 100 ഗിഗാവാട്ട് ആണവോർജ്ജ ശേഷിയും, 2031-32 ഓടെ 57 ഗിഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റുകളും, 43,220 മെഗാവാട്ട്-അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളും കൈവരിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. ഇത് ഗ്രിഡ് സ്ഥിരത വർദ്ധിപ്പിക്കുകയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്കൊപ്പം പ്രവർത്തിക്കുന്ന എഐ ഡാറ്റാ സെൻ്ററുകളെ പിന്തുണയ്ക്കുകയും ചെയ്യും.

മുഴുവൻ എഐ ആവാസവ്യവസ്ഥയുടേയും വിശ്വസനീയതയ്ക്കും സുസ്ഥിരതയ്ക്കും ഊർജ്ജ ലെയർ അടിത്തറ നല്കുന്നു. ആവശ്യത്തിനും താങ്ങാനാവുന്നതും കൂടുതൽ ശുദ്ധവുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിലൂടെ, ഗ്രിഡ് സ്ഥിരതയെ ബാധിക്കാതെ ഊർജ്ജം കൂടുതൽ ആവശ്യമായ എഐ ഇൻഫ്രാസ്ട്രക്ചറുകൾ വികസിപ്പിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു. സുസ്ഥിരവും കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്നതുമായ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ഈ മാറ്റം, ദീർഘകാല എഐ വളർച്ചയെ പിന്തുണയ്ക്കുന്നതിനോടൊപ്പം സാങ്കേതിക പുരോഗതിയെ ദേശീയ കാലാവസ്ഥാ-സുസ്ഥിരതാ ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു.

 

എഐ, ഊർജ്ജ ആവശ്യകത എന്നിവയിലെ പൊതുവായ പ്രവണതകൾ

എഐ-യുടേയും ഡാറ്റാ സെൻ്ററുകളുടേയും ദ്രുതഗതിയിലുള്ള വിപുലീകരണം ആഗോളതലത്തിൽ വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. എഐ അധിഷ്ഠിത പ്രവർത്തനങ്ങൾ അതിവേഗം വളരുന്നതിനാൽ, ആഗോള ഡാറ്റാ സെൻ്ററുകളിലെ വൈദ്യുതി ഉപഭോഗം 2030-ഓടെ ഇരട്ടിയിലധികമാകുമെന്നും പ്രതിവർഷം ഏകദേശം 945 ടെറാവാട്ട്-അവർ എത്തുമെന്നുമാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ, ഊർജ്ജ മേഖല ചരിത്രപരമായ പരിവർത്തനത്തിന് വിധേയമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവണത ഉണ്ടാകുന്നത്. രാജ്യത്തിൻ്റെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷി 500 ഗിഗാവാട്ട് കടന്നിരിക്കുന്നു, ഇതിൽ 51 ശതമാനത്തിലധികവും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണ്. 2030-ലേക്ക് നിശ്ചയിച്ചിരുന്ന ലക്ഷ്യം നേരത്തെ തന്നെ കൈവരിച്ചുകൊണ്ട് ശുദ്ധമായ ഊർജ്ജത്തിൻ്റെ കാര്യത്തിൽ രാജ്യം വലിയൊരു നാഴികക്കല്ല് പിന്നിട്ടു. ശുദ്ധവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊർജ്ജത്തിൻ്റെ ഈ വിപുലീകരണം, ഊർജ്ജം കൂടുതൽ ആവശ്യമായതും തുടർച്ചയായി പ്രവർത്തിക്കുന്നതുമായ എഐ, ഡാറ്റാ സെൻ്റർ ജോലികളെ പിന്തുണയ്ക്കാനുള്ള ഊർജ്ജ വ്യവസ്ഥയുടെ ശേഷിയെ ശക്തിപ്പെടുത്തുന്നു. ഇത് എഐ ഇൻഫ്രാസ്ട്രക്ചറിൻ്റെ വളർച്ചയെ സുസ്ഥിരവും കരുത്തുറ്റതുമായ ഊർജ്ജ വിതരണവുമായി സമന്വയിപ്പിക്കുന്നു.

ഉപസംഹാരം

ശക്തമായ ഒരു എഐ സ്റ്റാക്ക് നിർമ്മിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലമൊരു സാങ്കേതിക മുൻഗണന മാത്രമല്ല, മറിച്ച് ഒരു സാമൂഹിക പ്രതിബദ്ധത കൂടിയാണ്. ആപ്ലിക്കേഷനുകൾ, എഐ മോഡലുകൾ, കമ്പ്യൂട്ട്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഊർജ്ജം എന്നിവയുൾപ്പെടെയുള്ള ഓരോ അടരുകളും ശക്തിപ്പെടുത്തുന്നതിലൂടെ, ഇന്ത്യ എഐ-യുടെ ജനാധിപത്യവൽക്കരണം സാധ്യമാക്കുകയും അതിൻ്റെ ഗുണഫലങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ പൗരന്മാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കൃഷി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, നീതിന്യായം, ദുരന്ത നിവാരണം എന്നീ മേഖലകളിലെ യഥാർത്ഥ ഉപയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എല്ലാവരേയും ഉൾക്കൊള്ളുന്നതും പരമാധികാരമുള്ളതും ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതുമായ രീതിയിൽ എഐ-യ്ക്ക് എങ്ങനെ സേവന വിതരണം, ഉത്പാദനക്ഷമത, പൊതുക്ഷേമം എന്നിവ നേരിട്ട് മെച്ചപ്പെടുത്താൻ കഴിയുമെന്ന് തെളിയിക്കുന്നു.

കമ്പ്യൂട്ടിംഗിലേക്കുള്ള താങ്ങാനാവുന്ന പ്രവേശനം, തദ്ദേശീയമായ മോഡൽ വികസനം, സുരക്ഷിതമായ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിരമായ ഊർജ്ജ സംവിധാനങ്ങൾ എന്നിവയിലൂടെ വിപുലീകരിക്കാവുന്നതും കരുത്തുറ്റതും ഭാവിയിലേക്ക് സജ്ജവുമായ ഒരു എഐ ആവാസവ്യവസ്ഥ ഇന്ത്യ സൃഷ്ടിക്കുന്നു. ഈ സംയോജിത സമീപനം എഐ ഇന്നൊവേഷനുകൾ ചെലവ്, അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ ഊർജ്ജ ലഭ്യത എന്നിവയാൽ തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം ദീർഘകാല സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 'മനുഷ്യരാശിക്ക് വേണ്ടിയുള്ള എഐ' എന്ന ദർശനത്തിൽ ഊന്നിനിൽക്കുന്ന ഇന്ത്യയുടെ എഐ സ്റ്റാക്ക്, സാങ്കേതികവിദ്യയെ ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സാമൂഹിക സമത്വത്തിനും ക്ഷേമത്തിനുമുള്ള ഒരു ഉപകരണമായി പ്രതിഷ്ഠിക്കുന്നു, ഇത് ഡിജിറ്റൽ യുഗത്തിൽ എല്ലാവർക്കും ക്ഷേമവും സന്തോഷവും പ്രദാനം ചെയ്യുന്നു.



റഫറൻസുകൾ:.

 

 

PIB Headquarters

Ministry of Electronics and Information Technology

Ministry of Science and Technology

Office of the Principal Scientific Adviser to the Government of India

Ministry of Communications:

Ministry of Power:

 

International Energy Agency:

DD News:

Click here of pdf file.

 

****

(Explainer ID: 157509) आगंतुक पटल : 65
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Gujarati , English , Marathi , Assamese , Bengali , Manipuri , Punjabi , Odia , Telugu , Kannada
National Portal Of India
STQC Certificate