Social Welfare
പരീക്ഷാ പേ ചർച്ച: പരീക്ഷാ വെല്ലുവിളികളെ മറികടന്ന്, വിദ്യാർത്ഥികളെ മുന്നോട്ടു നയിക്കുന്ന ഹൃദയസ്പർശിയായ ആശയവിനിമയം
Posted On:
06 FEB 2026 3:51PM
|
പ്രധാന വസ്തുതകൾ
- പരീക്ഷകൾ, ജീവിത നൈപുണ്യം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും നേരിട്ട് സംവദിക്കുന്ന രാജ്യവ്യാപക വാർഷിക ഉദ്യമമാണ് 2018-ൽ ആരംഭിച്ച പരീക്ഷാ പേ ചർച്ച.
- ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പ്രായോഗികവും ആശയപരവുമായ പഠനരീതിയ്ക്കിണങ്ങുന്ന ഈ പദ്ധതി, സമ്മർദ്ദരഹിതമായ പരീക്ഷകൾ, മാനസിക കരുത്ത്, സമഗ്ര വ്യക്തിത്വ വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.
- പരീക്ഷകളെ അനുകൂല ഘടകമായി കാണാൻ പരീക്ഷാ പേ ചർച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. ‘ആശങ്കപ്പെടുന്നവരല്ല, പോരാളികളാവുക’ എന്ന ആശയത്തിലൂടെ ആത്മവിശ്വാസം, അച്ചടക്കത്തോടെയുള്ള തയ്യാറെടുപ്പ്, അതിജീവനശേഷി എന്നിവ വളർത്താൻ ഇത് സഹായിക്കുന്നു.
- 2025-ലെ നേട്ടം: 2025-ലെ പരീക്ഷാ പേ ചർച്ചയിൽ 5 കോടിയിലധികം പേർ പങ്കെടുക്കുകയും 3.53 കോടി രജിസ്ട്രേഷനുകളോടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തത് ആഗോളതലത്തിൽ തന്നെ വലിയൊരു നാഴികക്കല്ലാണ്.
- 2026-ൽ അഖിലേന്ത്യാ തലത്തിലുള്ള വ്യാപനം: 2026-ലെ പരീക്ഷാ പേ ചർച്ച അഞ്ച് മേഖലകളിലായി വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്പൂർ, ഗുവാഹത്തി, ഡൽഹിയിലെ 7 ലോക് കല്യാൺ മാർഗ് എന്നിവിടങ്ങളിൽ നടന്ന സംവാദങ്ങൾ പ്രാദേശിക പ്രാതിനിധ്യവും അതിന്റെ ഉൾച്ചേർക്കൽ സ്വഭാവവും ശക്തിപ്പെടുത്തി.
|
ആമുഖം: "എക്സാം വാരിയർ" യുഗത്തിന്റെ ഉദയം
വിദ്യാർത്ഥികളിലെ പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനും സമഗ്രമായ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2018-ൽ തുടക്കം കുറിച്ച രാജ്യവ്യാപകമായ ഉദ്യമമാണ് പരീക്ഷാ പേ ചർച്ച (PPC). കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നടത്തുന്ന ഈ പരിപാടിയിലൂടെ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും നേരിട്ട് സംവദിക്കുന്നു. പരീക്ഷകളെ ആത്മവിശ്വാസത്തോടും അനുകൂല മനോഭാവത്തോടും കൂടി നേരിടാൻ ഈ വേദി അവരെ പ്രോത്സാഹിപ്പിക്കുന്നു.

ഈ പരിപാടി ഇന്ന് ഒരു ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. 2025-ലെ പതിപ്പിൽ 5 കോടിയിലധികം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തത് ഇതിന്റെ വലിയ തോതിലുള്ള സ്വാധീനം വ്യക്തമാക്കുന്നു. സമയക്രമീകരണം, മാനസികാരോഗ്യം, സന്തുലിതമായ ജീവിതശൈലി, ആശയപരമായ പഠനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച, ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഗവണ്മെന്റിന്റെ വിദ്യാർത്ഥി കേന്ദ്രീകൃത പഠന കാഴ്ചപ്പാടുമായി യോജിക്കുന്നു.
പരീക്ഷാ പേ ചർച്ചയുടെ ഒമ്പതാം പതിപ്പ് (PPC 2026), രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്നായി 4.5 കോടിയിലധികം രജിസ്ട്രേഷനുകൾ കടന്ന് പങ്കാളിത്തം വീണ്ടും വിപുലീകരിച്ചിരിക്കുന്നു. പരീക്ഷാ സംബന്ധമായ സമ്മർദ്ദം പരിഹരിക്കുന്നതിലും വിദ്യാർത്ഥികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പരിപാടിയുടെ പ്രസക്തി ഇത് അടിവരയിടുന്നു. PPC 2026-ന്റെ മുന്നോടിയായി, 2026 ജനുവരി 12 (ദേശീയ യുവജനദിനം) മുതൽ 2026 ജനുവരി 23 (പരാക്രം ദിവസ്) വരെ രാജ്യവ്യാപകമായി വിദ്യാർത്ഥി സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'സ്വദേശി സങ്കൽപ് ദൗദോ'ടുകൂടി പരിപാടികൾ ആരംഭിക്കുകയും, തിരഞ്ഞെടുത്ത കേന്ദ്രീയ വിദ്യാലയങ്ങളിൽ നടന്ന പ്രശ്നോത്തരി, രചനാ മത്സരങ്ങളോടെ സമാപിക്കുകയും ചെയ്തു. ഇത് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അവബോധവും കൂടുതൽ ശക്തിപ്പെടുത്തുന്നു.
മനഃപാഠം പഠിക്കുന്ന രീതിക്ക് പകരം സമ്മർദ്ദരഹിതവും പ്രായോഗികവും ആശയപരവുമായ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ പ്രധാന തത്വങ്ങളെ ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നു. സംവേദനാത്മകമായ ഇടപെടലുകളിലൂടെ, ഫലപ്രദമായ സമയക്രമീകരണം, ഡിജിറ്റൽ ശ്രദ്ധാവ്യതിചലനങ്ങൾ നിയന്ത്രിക്കുക, മനസാന്നിധ്യം നിലനിർത്തുക, വൈകാരികമായ കരുത്ത് വളർത്തുക തുടങ്ങിയ സുപ്രധാന കാര്യങ്ങൾ പ്രധാനമന്ത്രി എടുത്തുകാണിക്കുന്നു. ഒപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രായോഗികവും ലളിതവുമായ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്യുന്നു.
|
പരീക്ഷാ പേ ചർച്ച 2026-ലെ പ്രധാന സവിശേഷതകൾ
7 ലോക് കല്യാൺ മാർഗിലെ (LKM) പ്രത്യേക ആശയവിനിമയങ്ങൾ
ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ നടന്ന സംവാദത്തിൽ പരീക്ഷാ പേ ചർച്ച 2026 നിരവധി അവിസ്മരണീയവും ആകർഷകവുമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2026-ലെ പതിപ്പിൽ 4.5 കോടിയിലധികം രജിസ്ട്രേഷനുകൾ രേഖപ്പെടുത്തി. കൂടാതെ, ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ 2.26 കോടി ആളുകൾ കൂടി പങ്കുചേർന്നതോടെ പങ്കാളിത്തം ആകെ 6.76 കോടിയിലധികം പേരായി ഉയർന്നു.
പ്രഭാതഭക്ഷണ വേളയിൽ അപ്രതീക്ഷിതമായി വിദ്യാർത്ഥികൾക്കിടയിലേക്ക് എത്തിയ പ്രധാനമന്ത്രി അവരുടെ ആവേശവും ഉത്സാഹവും വർദ്ധിപ്പിച്ചു. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് അസമീസ് ഗമോസകൾ സമ്മാനിച്ചു. പരീക്ഷാ പേടിയെക്കുറിച്ചും അത് മറികടക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ അദ്ദേഹത്തോട് മനസ്സുതുറന്നു. 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തിലെ ആശയങ്ങൾ സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും തങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും പലരും പങ്കുവെച്ചു. വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് കൈകൊണ്ട് നിർമ്മിച്ച പൂച്ചെണ്ടുകൾ, പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വീണ, അസമീസ് ഗമോസകൾ, സിക്കിമിൽ നിന്നുള്ള ജൈവ തേയില, പരമ്പരാഗത മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള സർഗ്ഗാത്മകതയും സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന സ്നേഹസമ്മാനങ്ങൾ നൽകി.
പരീക്ഷാ പേ ചർച്ചയുടെ രാജ്യവ്യാപകമായ വ്യാപനം
പരീക്ഷാ പേ ചർച്ചയെ ഒരു യഥാർത്ഥ അഖിലേന്ത്യാ പരിപാടിയാക്കി മാറ്റിയ ചരിത്രപരമായ വ്യാപനമാണ് 2026-ലെ പതിപ്പിൽ ഉണ്ടായത്. ഇതാദ്യമായി, കോയമ്പത്തൂർ (തമിഴ്‌നാട്), റായ്പൂർ (ഛത്തീസ്ഗഡ്), ദേവ്‌മോഗ്ര (ഗുജറാത്ത്), ഗുവാഹത്തി (അസം), ന്യൂഡൽഹി എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം സംവാദങ്ങൾ സംഘടിപ്പിച്ചു.

പ്രാദേശിക പ്രാതിനിധ്യത്തിന്റെയും നൂതനമായ ജനസമ്പർക്ക പരിപാടികളുടെയും പ്രതീകമായി, ബ്രഹ്മപുത്ര നദിയിലെ ഒരു ക്രൂയിസ് കപ്പലിൽ വെച്ച് നടന്ന അസമിലെ സെഷൻ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.
|
വ്യാപ്തിയും പങ്കാളിത്തവും: ഒരു ഉദ്യമത്തിൽനിന്ന് 'ജനകീയ പ്രസ്ഥാന'ത്തിലേക്ക്
2018-ൽ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ടൗൺ-ഹാൾ ശൈലിയിലുള്ള ഒരു സംവാദമായാണ് വളരെ ലളിതമായി പരീക്ഷാ പേ ചർച്ച ആരംഭിച്ചത്. അന്ന് 2,500-ലധികം വിദ്യാർത്ഥികൾ നേരിട്ട് പങ്കെടുത്തപ്പോൾ, ഏകദേശം 8.5 കോടി ആളുകൾ ദൂരദർശൻ, ടെലിവിഷൻ, റേഡിയോ എന്നിവയിലൂടെ ഇത് വീക്ഷിച്ചു. ആദ്യ പതിപ്പ് കുട്ടികളുടെ സമഗ്രമായ വികസനത്തിലും അതിജീവനശേഷിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്; പിന്നീട് ഇതൊരു വാർഷിക പാരമ്പര്യമായി മാറുന്നതിന് അടിത്തറയിട്ടു.
2019 ആയപ്പോഴേക്കും ഈ പരിപാടി കൂടുതൽ വിപുലീകരിക്കപ്പെട്ടു. ഏകദേശം 90 മിനിറ്റിലധികം നീണ്ടുനിന്ന ആ സെഷനിൽ പങ്കാളികളെ ആകർഷിക്കാനായി നർമ്മവും ഉൾപ്പെടുത്തിയിരുന്നു. 2020-ലെ പതിപ്പിൽ ഇന്ത്യയിൽ നിന്നും വിദേശത്തെ 25 രാജ്യങ്ങളിൽ നിന്നുമായി 2.63 ലക്ഷം പേർ പങ്കെടുത്ത ഓൺലൈൻ മത്സരം അവതരിപ്പിച്ചു. വെല്ലുവിളികളെ വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണണമെന്ന ആശയത്തിന് അന്ന് വലിയ പ്രാധാന്യം നൽകി.
കോവിഡ്-19 മഹാമാരിക്കാലത്ത് ഈ പരിപാടി ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വിധേയമായി. 2021 ഏപ്രിൽ 7-ന് പരിപാടി പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും, അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ പൊരുത്തപ്പെടാനുള്ള കഴിവിനെയും അതിജീവനശേഷിയെയും എടുത്തുകാട്ടുകയും ചെയ്തു. 2022-ൽ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിലേക്ക് നേരിട്ടുള്ള സംവാദമായി ഇത് തിരിച്ചെത്തി. അന്ന് ഏകദേശം 9.69 ലക്ഷം വിദ്യാർത്ഥികളും, 47,200 ജീവനക്കാരും, 1.86 ലക്ഷം രക്ഷിതാക്കളും ടിവിയിലൂടെയും യൂട്യൂബിലൂടെയും തത്സമയം ഇത് വീക്ഷിച്ചു.
2023 ജനുവരി 27-ന് നടന്ന പതിപ്പിൽ ഏതാണ്ട് 7.18 ലക്ഷം വിദ്യാർത്ഥികളും, 42,337 ജീവനക്കാരും, 88,544 രക്ഷിതാക്കളും തത്സമയം പങ്കുചേർന്നു. പരീക്ഷാ സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഈ പദ്ധതിക്കുള്ള പങ്ക് ഇത് ആവർത്തിച്ചുറപ്പിച്ചു.

2024-ആയപ്പോഴേക്കും, ഏകദേശം 3,000 പേർ പങ്കെടുത്ത ടൗൺ-ഹാൾ രൂപത്തിലുള്ള സംവാദം ഭാരത് മണ്ഡപത്തിലേക്ക് മാറി. ആദ്യമായി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (EMRS) നിന്നുള്ള 100 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. കൂടാതെ ആ വർഷം മൈഗവ് (MyGov) പോർട്ടലിൽ 2.26 കോടി രജിസ്ട്രേഷനുകൾ രേഖപ്പെടുത്തി.
2025-ലെ പതിപ്പ് 5 കോടിയിലധികം പങ്കാളികളുമായി ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 3.53 കോടി രജിസ്ട്രേഷനുകളോടെ ഈ പരിപാടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. പ്രശസ്ത വ്യക്തികൾ പങ്കെടുത്ത ഏഴ് എപ്പിസോഡുകളും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 36 വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഇതിന്റെ സവിശേഷതയായിരുന്നു.
ഇപ്പോൾ 2026-ൽ ഒമ്പതാം പതിപ്പിൽ എത്തിനിൽക്കുമ്പോൾ, പരീക്ഷാ പേ ചർച്ച 4.5 കോടി രജിസ്ട്രേഷനുകൾ പിന്നിട്ടിരിക്കുന്നു. ആകെ പങ്കാളിത്തം 6.76 കോടിയിലധികം ആയി ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകൾ കാണിക്കുന്നു.
ആയിരങ്ങളിൽ നിന്ന് കോടികളിലേക്കുള്ള ഈ വമ്പിച്ച വളർച്ച, യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ സമൂഹത്തെ ഒന്നിപ്പിക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിലൂടെ പരീക്ഷാ പേ ചർച്ച ഒരു 'ജനകീയ പ്രസ്ഥാനമായി' മാറിയ കാര്യം വ്യക്തമാക്കുന്നു.
|
രൂപഘടന: ആകർഷകവും ഉൾച്ചേർന്നതുമായ ആശയവിനിമയങ്ങൾ

മൈഗവ് (MyGov) പോർട്ടലിലെ ഓൺലൈൻ മൾട്ടിപ്പിൾ ചോയ്സ് (MCQ) മത്സരത്തിലൂടെയാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കാവുന്ന രീതിയിലാണ് PPC-യുടെ രൂപഘടന തയ്യാറാക്കിയിരിക്കുന്നത്. വിജയികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും പരീക്ഷകൾ, ജീവിതനൈപുണ്യങ്ങൾ, വ്യക്തിത്വ വികസനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിക്കുന്നു. സാധാരണയായി ടൗൺ-ഹാൾ പശ്ചാത്തലത്തിലാണ് പ്രധാന പരിപാടി നടക്കാറുള്ളതെങ്കിലും പുതിയ മാറ്റങ്ങൾ ഇതിന് കൂടുതൽ ആഴം നൽകിയിട്ടുണ്ട്. 2025-ൽ ഡൽഹിയിലെ സുന്ദർ നഴ്സറി എന്ന തുറന്ന വേദിയിലാണ് പരിപാടി തുടങ്ങിയത്. പ്രകൃതിയോടുള്ള ബന്ധത്തിന് പ്രാധാന്യം നൽകിയ ഈ ചടങ്ങിൽ ശൈത്യകാലത്തെ ഊഷ്മളതയ്ക്കായി എള്ളും ശർക്കരയും ചേർത്ത മിഠായികൾ (തിലക്-ഗുഡ്) വിതരണം ചെയ്തിരുന്നു.
സർഗ്ഗാത്മകത, ആത്മവിശ്വാസം, ക്രിയാത്മകമായ പഠനരീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരീക്ഷാ സമ്മർദ്ദത്തെ ആത്മവിശ്വാസമാക്കി മാറ്റാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ആശയങ്ങൾ പങ്കുവെക്കാനും സർഗ്ഗാത്മകത പ്രകടിപ്പിക്കാനും ഇത് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ വിദ്യാഭ്യാസത്തെ കൂടുതൽ ആകർഷകവും ശാക്തീകരിക്കുന്നതുമായ രാജ്യവ്യാപക പ്രസ്ഥാനമാക്കി മാറ്റാൻ PPC സഹായിക്കുന്നു.
2026-ലെ പരിപാടിയുടെ മുന്നോടിയായി ജനുവരി 12 മുതൽ 23 വരെ വിദ്യാർത്ഥികൾ നയിച്ച വിവിധ പരിപാടികൾ നടന്നു. സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്വദേശി സങ്കൽപ് ദൗഡും' നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ദിനത്തിൽ പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ചു. ദേശീയ പ്രമേയങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ പരീക്ഷാ പേ ചർച്ചയെ വെറുമൊരു പരിപാടി എന്നതിലുപരി ഒരു സാംസ്കാരിക ആഘോഷമാക്കി മാറ്റുന്നു. 2026-ലെ ഏറ്റവും പുതിയ മാറ്റം ഇതിന്റെ വികേന്ദ്രീകൃതമായ രീതിയാണ്. ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്പൂർ, ഗുവാഹത്തി, ഡൽഹിയിലെ 7 ലോക് കല്യാൺ മാർഗ് എന്നിങ്ങനെ വിവിധ നഗരങ്ങളിൽ പ്രത്യേക സെഷനുകൾ നടന്നു. ഈ രീതി പ്രാദേശികമായ അനുഭവങ്ങളെ ഉയർത്തിക്കാട്ടുകയും ഉൾച്ചേർക്കൽ വളർത്തുകയും ചെയ്തുകൊണ്ട് കൂടുതൽ വിദ്യാർത്ഥികളെ ഇതിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.
|
പുതിയ മാനങ്ങൾ തേടുന്നു: പരീക്ഷാ പേ ചർച്ചയിലൂടെ പഠനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
പരീക്ഷാ പേ ചർച്ച കേവലം പരീക്ഷകളെക്കുറിച്ചുള്ള ആശയവിനിമയം എന്നതിലുപരി വിദ്യാഭ്യാസം, ജീവിതനൈപുണ്യങ്ങൾ, സാമൂഹിക ബോധം, വ്യക്തിത്വ വികസനം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വേദിയായി മാറിയിരിക്കുന്നു. ഉത്തരവാദിത്തമുള്ളതും സന്തുലിതവുമായ ഭാവി കെട്ടിപ്പടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിൽ ഇതിന്റെ പ്രമേയങ്ങൾ ഇന്ന് വിപുലമാണ്.
പരിസ്ഥിതി ബോധം വളർത്തുന്നു: പഠനത്തെ സുസ്ഥിരമായ ജീവിതശൈലിയുമായി ബന്ധിപ്പിക്കാൻ PPC ഊന്നൽ നൽകുന്നു. "ഏക് പേഡ് മാ കേ നാം" എന്ന കാമ്പയിൻ ഇതിന്റെ ഭാഗമാണ്. അമ്മമാരോടുള്ള ആദരസൂചകമായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും പ്രകൃതിയുമായി വൈകാരിക ബന്ധം വളർത്തുകയും ചെയ്യുന്നു. ഗവണ്മെന്റിന്റെ മിഷൻ ലൈഫ് എന്ന പദ്ധതിയുമായി ഒത്തുചേർന്നുനിൽക്കുന്ന ഈ സംരംഭം പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു.
സമഗ്രമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു: പഠനത്തോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും PPC വലിയ പ്രാധാന്യം നൽകുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണരീതികളും ശ്വസന വ്യായാമങ്ങളും ശീലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അക്കാദമിക് വിജയത്തിന് മാനസികമായ ശാന്തതയും ശാരീരികക്ഷമതയും അത്യാവശ്യമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.
സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗം: ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും ശ്രദ്ധാശൈഥില്യവും ഒരു വലിയ വെല്ലുവിളിയാണെന്ന് PPC തിരിച്ചറിയുന്നു. ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി ഇടയ്ക്കിടെ ഡിജിറ്റൽ ഉപവാസം (Digital Fasting) ശീലിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. സാങ്കേതികവിദ്യയെ വിനോദത്തിന് മാത്രമായല്ലാതെ പഠനത്തിനായുള്ള ഉപാധിയായി ഉപയോഗിക്കാൻ ഇത് പ്രേരിപ്പിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-മായുള്ള യോജിപ്പ്: സന്തോഷകരവും ഉൾച്ചേർന്നതുമായ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടിനെ PPC പിന്തുണയ്ക്കുന്നു. സമഗ്ര ശിക്ഷ, പി.എം. ശ്രീ സ്കൂളുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു. ആശയപരമായ ധാരണ, സർഗ്ഗാത്മകത, തുല്യ അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, തുല്യവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ എൻഇപിയുടെ ശ്രദ്ധയെ പിപിസി പ്രതിഫലിപ്പിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും പ്രാദേശിക പ്രാതിനിധ്യവും: വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും സ്കൂൾ സംവിധാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയുടെ വിദ്യാഭ്യാസ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തത്തെ PPC പ്രോത്സാഹിപ്പിക്കുന്നു. 2026-ലെ പതിപ്പ് ഒരു അഖിലേന്ത്യാ രീതിയാണ് അവലംബിച്ചത്. ദേവ്മോഗ്ര, കോയമ്പത്തൂർ, റായ്പൂർ, ഗുവാഹത്തി, ഡൽഹിയിലെ 7 ലോക് കല്യാൺ മാർഗ് എന്നിവിടങ്ങളിൽ സംവേദനാത്മക സെഷനുകൾ നടന്നു. ഇത് അതത് പ്രദേശങ്ങളിലെ സവിശേഷമായ വിദ്യാഭ്യാസ വെല്ലുവിളികൾ പങ്കുവെക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി. ഈ പതിപ്പിൽ 4.5 കോടിയിലധികം രജിസ്ട്രേഷനുകൾ രേഖപ്പെടുത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ ആകെ 6.76 കോടിയിലധികം പേർ ഇതിൽ പങ്കാളികളായി. ഇത് പരീക്ഷാ പേ ചർച്ചയ്ക്ക് രാജ്യവ്യാപകമായി വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും പ്രസക്തിയെയും എടുത്തുകാണിക്കുന്നു.
ജീവിതാനുഭവങ്ങളിലൂടെയുള്ള പഠനം: കായികം, ദൈനംദിന ജീവിതം എന്നിവയിൽ നിന്നുള്ള ലളിതമായ ഉദാഹരണങ്ങളിലൂടെ സങ്കീർണ്ണമായ ആശയങ്ങൾ പ്രധാനമന്ത്രി വിശദീകരിക്കുന്നു. ഒരു ക്രിക്കറ്റ് താരം പുലർത്തുന്ന ഏകാഗ്രതയെക്കുറിച്ചോ ദിവ്യാംഗരായ വിദ്യാർത്ഥികൾ കാട്ടുന്ന സഹകരണത്തെക്കുറിച്ചോ ഉള്ള അനുഭവ കഥകൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്. വെല്ലുവിളികളെ തടസ്സങ്ങളായല്ല, മറിച്ച് വളർച്ചയ്ക്കുള്ള അവസരങ്ങളായി കാണാൻ ഈ ഉദാഹരണങ്ങൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.
നേതൃത്വവും വ്യക്തിത്വ വികസനവും വളർത്തുന്നു: പഠനത്തിനപ്പുറം അച്ചടക്കം, പരസ്പര വിശ്വാസം, സ്വഭാവരൂപീകരണം എന്നിവയ്ക്കും PPC മുൻഗണന നൽകുന്നു. മറ്റുള്ളവർക്ക് മാതൃകയാവാനും സഹപാഠികളെ പിന്തുണയ്ക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആത്മവിശ്വാസമുള്ള ഒരു തലമുറയെ ഇത് വാർത്തെടുക്കുന്നു.
ഈ വിപുലമായ മാനങ്ങളിലൂടെ, പരീക്ഷാ പേ ചർച്ച കേവലം പരീക്ഷാ തയ്യാറെടുപ്പുകൾക്ക് മാത്രമുള്ള ഒന്നല്ല, മറിച്ച് ജീവിതാനൈപുണ്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തം, വ്യക്തിത്വ വികസനം എന്നിവയെ കൂടി സ്പർശിക്കുന്ന ഒരു ചലനാത്മക പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു. ഇത് വിദ്യാർത്ഥികളെ സർവ്വതോന്മുഖമായ വികാസം കൈവരിച്ചവരും ഭാവി നേരിടാൻ സജ്ജരുമാക്കി മാറ്റുന്നു.
ഒരു പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കുന്നു
മാനസികവും സാമൂഹികവുമായ ക്ഷേമം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ മണയും മാനസികാരോഗ്യ ഹെൽപ്പ് ലൈനുമായ ഗവണ്മെന്റിന്റെ 'മനോദർപ്പൺ' സംരംഭത്തിന് കരുത്തുപകർന്നുകൊണ്ട് വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം മെച്ചപ്പെടുത്താൻ PPC സഹായിക്കുന്നു. പരീക്ഷാ ഉത്കണ്ഠയെയും പഠന സമ്മർദ്ദത്തെയും കുറിച്ച് തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സഹായം തേടുന്നതിലെ വിമുഖത കുറയ്ക്കാനും പ്രതീക്ഷകൾ മൂലമുണ്ടാകുന്ന സമ്മർദ്ദത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും PPC-ക്ക് സാധിച്ചിട്ടുണ്ട്.
സമയക്രമീകരണവും സൂക്ഷ്മ ആസൂത്രണവും: പ്രായോഗികമായ സമയക്രമീകരണ രീതികളെ PPC സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. "അമ്മമാരാണ് സമയക്രമീകരണത്തിന്റെ ഉത്തമ മാതൃകകൾ" എന്ന പ്രധാനമന്ത്രിയുടെ പരാമർശം, ചിട്ടയായ പഠനപദ്ധതികൾ തയ്യാറാക്കാനും പ്രയാസമുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനും അവസാന നിമിഷത്തെ പരീക്ഷാ സമ്മർദ്ദം കുറയ്ക്കാനും വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
'എക്സാം വാരിയർ' തത്വശാസ്ത്രം: 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആത്മവിശ്വാസം, അച്ചടക്കം, അതിജീവനശേഷി എന്നിവയിൽ അധിഷ്ഠിതമായ അനുകൂല പഠന മനോഭാവത്തെ PPC പ്രോത്സാഹിപ്പിക്കുന്നു. "ആശങ്കപ്പെടുന്നവരല്ല, പോരാളികളാവുക" തുടങ്ങിയ പ്രചാരണ പ്രമേയങ്ങൾ പരീക്ഷകളെ ശുഭപ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി നേരിടുക എന്ന സന്ദേശം ശക്തിപ്പെടുത്തുകയും ഗവണ്മെന്റിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ഉപസംഹാരം: ഇന്ത്യയിലെ യുവജനങ്ങൾക്ക് ഒരു ശാശ്വത പൈതൃകം
പരീക്ഷാ പേ ചർച്ച ഇന്ന് വെറുമൊരു പരീക്ഷാകാല ചടങ്ങല്ല; മറിച്ച് ഓരോ കുട്ടിയുടെയും സവിശേഷമായ . വ്യക്തിത്വത്തെ ആഘോഷിക്കുന്ന ഒരു പ്രസ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും ക്ലാസ് മുറികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലൂടെ, യുവജനങ്ങൾക്കിടയിൽ സ്വന്തം എന്ന ബോധവും ആത്മവിശ്വാസവും വളർത്താൻ ഇതിന് കഴിഞ്ഞു. ഇന്ത്യ, വികസിത് ഭാരത് 2047-ലേക്ക് നീങ്ങുമ്പോൾ, രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ കരുത്തുള്ളവരും സമ്മർദ്ദരഹിതരും ലോകത്തെ നേരിടാൻ സജ്ജരുമാണെന്ന് PPC ഉറപ്പുവരുത്തുന്നു.
References:
Press Information Bureau
DD News
PM India (Official PMO Website)
Indian Missions
Ministry of Education
Click here to see pdf
***
SK
(Explainer ID: 157495)
आगंतुक पटल : 45
Provide suggestions / comments