• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-ലെ ഏഴ് ചക്രങ്ങൾ

AI ഇംപാക്ടി ന്റ ഏഴ് പ്രമേയങ്ങളിലുടനീളം ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നു

Posted On: 08 FEB 2026 12:11PM

 

പ്രധാന വിവരങ്ങൾ

  • ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026, ഗ്ലോബൽ സൗത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ആഗോള AI ഉച്ചകോടിയായിരിക്കും.
  • ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ AI രൂപപ്പെടുത്തുന്നതിൽ നൂറിലധികം രാജ്യങ്ങൾ 'ഏഴ് ചക്രങ്ങളിലൂടെ' അല്ലെങ്കിൽ പ്രവർത്തക സമിതികളിലൂടെ പങ്കാളികളാകുന്നു. ഇത് വിപുലമായ ആഗോള പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.
  • ജനങ്ങൾ, ഭൂമി, പുരോഗതി  എന്നീ മൂന്ന് അടിസ്ഥാന ശിലകളിൽ  ഊന്നിയാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. AI-യിലെ ആഗോള സഹകരണത്തിനുള്ള സുപ്രധാന  തത്വങ്ങളായി ഇവ നിലകൊള്ളുന്നു

ആമുഖം

ഇന്ത്യയുടെ വികസന യാത്രയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു സുപ്രധാന ചാലകശക്തിയായി ഉയർന്നുവരുന്ന നിർണ്ണായക ഘട്ടമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം സാധ്യമാക്കാനും, എല്ലാവർക്കും തുല്യമായ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കാനുമുള്ള ഒരു തന്ത്രപരമായ ദേശീയ ഉപാധിയാണ് AI. സാങ്കേതിക വിപ്ലവം മാനുഷിക പ്രയത്നത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിക്കുള്ള വലിയ അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ആഗോള സാങ്കേതിക-ഭരണ വേദികളിൽ ഇന്ത്യയുടെ പങ്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് വളർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അന്താരാഷ്ട്ര നയരൂപീകരണ ചർച്ചകളിൽ ഇന്ത്യയുടെ സജീവമായ ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നു.

ആഗോള ഇടപെടലുകളുടെ ഭാഗമായി, ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026 ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കും. 'ഗ്ലോബൽ സൗത്തിൽ' (ആഗോള ദക്ഷിണ രാജ്യങ്ങൾ) സംഘടിപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള AI ഉച്ചകോടിയായിരിക്കും ഇത്.

സാമ്പത്തിക മേഖലകളിലുടനീളം AI-യെ ഗണ്യമായ ഫലങ്ങളാക്കി മാറ്റുന്ന, ഫലപ്രാപ്തിയിൽ അധിഷ്ഠിതമായ ഒരു ആഗോള വേദിയായി ഉച്ചകോടി പ്രവർത്തിക്കും. ഇന്ത്യയുടെ ദേശീയ കാഴ്ചപ്പാടായ 'സർവ്വേ ഭവന്തു സുഖിനഃ' (എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം), ആഗോള തത്വമായ 'മനുഷ്യരാശിക്കായി AI' എന്നിവയുമായി ഇത് പൊരുത്തപ്പെടുന്നു. ഭരണനിർവ്വഹണം, നവീകരണം, സുസ്ഥിര വികസനം എന്നിവയിൽ AI-യുടെ പ്രായോഗിക ഉപയോഗങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഭാവി പാതകൾ നിർണ്ണയിക്കുന്നതിനും ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വക്താക്കൾ, വിദഗ്ധർ എന്നിവർ ഉച്ചകോടിയിൽ ഒത്തുചേരും.

പ്രധാന തത്വങ്ങൾ: AI സ്വാധീനം വ്യക്തമാക്കുന്ന മൂന്ന് അടിസ്ഥാന ശിലകൾ

 

ഇന്ത്യ–AI ഇംപാക്ട് സമ്മിറ്റ് 2026 മൂന്ന് അടിസ്ഥാന ശിലകളെ  ആസ്പദമാക്കിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആഗോള സഹകരണത്തിനുള്ള മാർഗനിർദ്ദേശങ്ങളാണിവ:

  • ജനങ്ങൾ: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതും, സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതും, വിശ്വാസം വളർത്തുന്നതും, സമൂഹത്തിന്റെ എല്ലാ തട്ടുകളിലും തുല്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായ മനുഷ്യകേന്ദ്രീകൃതമായ AI പ്രോത്സാഹിപ്പിക്കുക.
  • ഭൂമി: ഊർജ്ജക്ഷമതയുള്ള സംവിധാനങ്ങൾ, ഉത്തരവാദിത്തമുള്ള വിഭവവിനിയോഗം, കാലാവസ്ഥാ സംരക്ഷണം എന്നിവയെ പിന്തുണയ്ക്കുന്ന AI പ്രയോഗങ്ങളിലൂടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ AI വികസിപ്പിക്കുക.
  • പുരോഗതി: നവീന ആശയങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ സാമ്പത്തികവും സാങ്കേതികവുമായ പുരോഗതി കൈവരിക്കുക. ഉൽപ്പാദനക്ഷമതയും വികസനവും വർദ്ധിപ്പിക്കുന്നതിന് AI-യെ പ്രയോജനപ്പെടുത്തി  എല്ലാവരേയും ഉൾക്കൊള്ളുന്ന  വളർച്ച ഉറപ്പാക്കുക.

പ്രമേയ മേഖലകൾ: ഇന്ത്യ–AI ഇംപാക്ട് സമ്മിറ്റ് 2026-ലെ ഏഴ് ചക്രങ്ങൾ

ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026 ആഗോളതലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 15–20 രാഷ്ട്രത്തലവന്മാർ, അൻപതിലധികം അന്താരാഷ്ട്ര മന്ത്രിമാർ, നാല്പതിലധികം ആഗോള-ഇന്ത്യൻ സി.. (CEO) മാർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉച്ചകോടിയിലെ ചർച്ചകൾ ഏഴ് പരസ്പരബന്ധിതമായ പ്രമേയ മേഖലകളെ അടിസ്ഥാനമാക്കി 'ചക്രങ്ങൾ' അല്ലെങ്കിൽ'വർക്കിംഗ്ഗ്രൂപ്പുകൾ'(പ്രവർത്തക സമിതികൾ) ആയി ക്രമീകരിച്ചിരിക്കുന്നു. ഓരോ ചക്രവും AI-യുടെ സ്വാധീനമുള്ള പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 'സൂത്രങ്ങളെ' (തത്വങ്ങളെ) പ്രായോഗിക നയങ്ങളിലേക്കും അപ്ലിക്കേഷനുകളിലേക്കും മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്തമുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു AI ഭാവി രൂപപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങൾ വർക്കിംഗ് ഗ്രൂപ്പുകളിലൂടെ സഹകരിക്കുന്നു.

ഓരോ ചക്രവും AI-യുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുന്നു. കഴിവുകൾ വർദ്ധിപ്പിക്കുന്നത് മുതൽ ധാർമ്മികമായ ഉപയോഗം ഉറപ്പാക്കുന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 

ചക്രം

 

 

ശ്രദ്ധാകേന്ദ്രങ്ങൾ

 

മനുഷ്യവിഭവശേഷി

 

 

AI അധിഷ്ഠിതമായ തൊഴിൽ                   മേഖലയ്ക്കായി തുല്യമായ നൈപുണ്യ വികസനവും എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ മാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക.

സാമൂഹിക ശാക്തീകരണത്തിനായുള്ള                     

ഉൾപ്പെടുത്തൽ

 

 

 

വൈവിധ്യമാർന്ന സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും  എല്ലാവർക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള AI സംവിധാനങ്ങൾ വികസിപ്പിക്കുക.                                                                                            

സുരക്ഷിതവും

വിശ്വസനീയവുമായ AI

 

 

 

സുതാര്യത, ഉത്തരവാദിത്തം, പങ്കിട്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ആഗോളതലത്തിൽ വിശ്വസനീയമായ AI സംവിധാനങ്ങൾ നിർമ്മിക്കുക.

ശാസ്ത്രം

 

 

 

 

 

അത്യാധുനിക ശാസ്ത്ര ഗവേഷണങ്ങൾ വേഗത്തിലാക്കാനും ശാസ്ത്രീയ സഹകരണം വളർത്താനും മുന്നേറ്റങ്ങളെ ആഗോള പുരോഗതിക്കായി ഉപയോഗിക്കാനും AI പ്രയോജനപ്പെടുത്തുക

പ്രതിരോധശേഷി, നവീകരണം, കാര്യക്ഷമത

 

 

കാലാവസ്ഥാ പ്രതിരോധവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്ന, വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന AI സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക.

AI വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം

 

 

 

ലോകമെമ്പാടുമുള്ള സുസ്ഥിര വികസനത്തിനും നവീകരണത്തിനുമായി അടിസ്ഥാന AI വിഭവങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക

 

സാമ്പത്തിക വികസനത്തിനും സാമൂഹിക നന്മയ്ക്കുമായി AI

 

സമ്പദ്വ്യവസ്ഥകളിലും സമൂഹങ്ങളിലും ഉൽപ്പാദനക്ഷമതയും വികസനവും വർദ്ധിപ്പിക്കുന്നതിന് AI-യെ കരുവാക്കുക.

ചക്രങ്ങളിലൂടെ പ്രാദേശികമായ വെല്ലുവിളികൾ പരിഹരിക്കുന്നതോടൊപ്പം തന്നെ ആഗോള AI മാനദണ്ഡങ്ങൾ രൂപപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. ഉച്ചകോടിയുടെ ഫലങ്ങൾ വരും വർഷങ്ങളിൽ നയരൂപകർത്താക്കൾക്കും നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും ഒരു വഴികാട്ടിയായിരിക്കും.

മനുഷ്യവിഭവശേഷി: ആഗോള AI സഹകരണത്തിന് കരുത്തേകുന്ന ഇന്ത്യയുടെ പ്രതിഭാശേഷി

AI-യുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത ഇന്ത്യയിൽ വിവിധ മേഖലകളിൽ നവീനമായ ആശയങ്ങൾക്കും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും പുതിയ വഴികൾ തുറക്കുന്നു. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, എല്ലാ പ്രദേശങ്ങളിലെയും വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലെയും ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഒരു AI അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കായി ഇന്ത്യ തൊഴിൽസേനയെ സജ്ജമാക്കുന്നു. മനുഷ്യവിഭവശേഷി (Human Capital) എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ്, തുല്യമായ ഒരു AI നൈപുണ്യ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സുഗമമായ തൊഴിൽ മാറ്റങ്ങൾ സാധ്യമാക്കുകയും പുതിയ തൊഴിൽ അവസരങ്ങൾക്കായി പൗരന്മാരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ പ്രതിഭാശേഷിയുടെ പ്രധാന ദേശീയ സൂചകങ്ങൾ

  • AI നൈപുണ്യവും വളർച്ചയും: AI നൈപുണ്യ വ്യാപനത്തിൽ ആഗോളതലത്തിൽ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2016-ന് ശേഷം രാജ്യത്തെ AI പ്രതിഭകളുടെ സാന്ദ്രത മൂന്നിരട്ടിയിലധികം വർദ്ധിച്ചു.
  • AI ശേഷിയിലെ ആഗോള നേതൃത്വം: സ്റ്റാൻഫോർഡ് AI ഇൻഡക്സ് റിപ്പോർട്ട് 2025 പ്രകാരം, പ്രതിവർഷം 33% എന്ന തോതിലുള്ള മികച്ച നിയമന വളർച്ചയോടെ ഇന്ത്യ ആഗോള AI പ്രതിഭകളെ സ്വന്തമാക്കുന്നതിൽ മുന്നിലാണ്. കൂടാതെ ഗ്ലോബൽ AI വൈബ്രൻസി ടൂളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്.
  • AI തൊഴിൽസേനയെ ശാക്തീകരിക്കൽ: ഇന്ത്യ AI ഫ്യൂച്ചർ സ്കിൽസ് പദ്ധതിക്ക് കീഴിൽ, AI ഗവേഷണത്തിലും പരിശീലനത്തിനുമായി 500 പിഎച്ച്ഡി സ്കോളർമാർക്കും 5,000 ബിരുദാനന്തര ബിരുദധാരികൾക്കും 8,000 ബിരുദ വിദ്യാർത്ഥികൾക്കും ഗവൺമെൻറ് പിന്തുണ നൽകുന്നു.
  • ആഗോള വ്യാപനം: MeitY-ക്ക് കീഴിലുള്ള ഇന്ത്യ AI മിഷൻ, 'ഇന്ത്യ AI സ്റ്റാർട്ടപ്പ്സ് ഗ്ലോബൽ ഇനിഷ്യേറ്റീവ്' എന്ന പദ്ധതിക്കായി 10 ഇന്ത്യൻ AI സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ക്യാമ്പസായ പാരീസിലെ 'സ്റ്റേഷൻ എഫ്' (Station F), മുൻനിര യൂറോപ്യൻ ബിസിനസ് സ്കൂളായ 'എച്ച്ഇസി പാരീസ്' (HEC Paris) എന്നിവയുമായി സഹകരിച്ചുള്ള ആഗോള പ്രോഗ്രാം ഇന്ത്യൻ AI നവീകരണങ്ങളെ ലോകവേദിയിൽ എത്തിക്കുന്നു.
  • തൊഴിൽ മേഖലയിലെ സ്വാധീനം: വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള AI, ഇന്ത്യയുടെ ടെക് സർവീസ് മേഖലയെ അടിമുടി പരിഷ്കരിക്കാൻ ഒരുങ്ങുകയാണ്.

നൈപുണ്യ വികസനം, ഗവേഷണം, ആഗോള എക്സ്പോഷർ എന്നിവയിൽ ഗവൺമെൻറ്  നടത്തുന്ന നിക്ഷേപങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി അവയെ പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. ശ്രമങ്ങൾ AI മേഖലയിലെ ആഗോള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയെ വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു പങ്കാളിയായി മാറ്റുന്നു.

സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾപ്പെടുത്തൽ: എല്ലാവരെയും ഉൾക്കൊള്ളുന്ന AI-യോടുള്ള ഇന്ത്യയുടെ സമീപനം

ഭാഷകൾ, പ്രദേശങ്ങൾ, ശാരീരിക ശേഷികൾ എന്നിവ പരിഗണിക്കാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനങ്ങളും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിലൂടെ സാമൂഹിക ഉൾപ്പെടുത്തൽ വ്യാപിപ്പിക്കുന്നതിന് AI ഇന്ത്യയ്ക്ക് മികച്ചൊരു വഴിതുറക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ, AI നവീകരണങ്ങളെ യഥാർത്ഥ സാമൂഹിക നേട്ടങ്ങളാക്കി മാറ്റാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു. സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾപ്പെടുത്തൽ എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ്, ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന 'രൂപകൽപ്പനയിൽ തന്നെ എല്ലാവരെയും ഉൾക്കൊള്ളുന്ന' AI പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ഥാപനപരമായ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും, AI സംവിധാനങ്ങൾ സുരക്ഷിതവും പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നതിനും, പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഇതിന്റെ ഗുണഫലങ്ങൾ വ്യക്തമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

AI-ലൂടെ സാമൂഹിക ശാക്തീകരണം ഉറപ്പാക്കുന്ന പ്രധാന പദ്ധതികൾ:

  • ഗ്ലോബൽ ഹെൽത്ത്‌ AI പങ്കാളിത്തം: ആരോഗ്യമേഖലയിൽ AI സുരക്ഷിതമായും ധാർമ്മികമായും ഉപയോഗിക്കുന്നതിനുള്ള ആഗോള പ്ലാറ്റ്ഫോമായ HealthAI-യുമായി ഇന്ത്യ സഹകരിക്കുന്നു. ഇത് ഉത്തരവാദിത്തമുള്ള നവീകരണത്തിനും ആഗോളതലത്തിലെ മികച്ച മാതൃകകൾ നടപ്പിലാക്കുന്നതിനും കരുത്തേകുന്നു.
  • ഭാഷിണി: ശബ്ദത്തിലൂടെ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ 'ഭാഷിണി' പ്ലാറ്റ്ഫോം ഭരണനിർവ്വഹണം കൂടുതൽ ലളിതമാക്കുന്നു. 36-ലധികം എഴുത്തുഭാഷകളും 22 സംസാരഭാഷകളും 350-ലധികം AI ലാംഗ്വേജ് മോഡലുകളും പിന്തുണയ്ക്കുന്ന സംവിധാനം പ്രാദേശികമായ വേർതിരിവുകൾ ഇല്ലാതെ സാമൂഹികമായ ഉൾപ്പെടുത്തൽ വ്യാപിപ്പിക്കുന്നു.
  • AI അധിഷ്ഠിത കർഷക സേവനങ്ങൾ: 'കിസാൻ -മിത്ര' എന്ന വോയിസ് അധിഷ്ഠിത AI ചാറ്റ്ബോട്ട് വഴി കർഷകർക്ക് 11 പ്രാദേശിക ഭാഷകളിൽ പിഎം-കിസാൻ സമ്മാൻ നിധി സേവനങ്ങൾ ലഭ്യമാകുന്നു. പ്രതിദിനം 20,000-ത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനം ഇതുവരെ 95 ലക്ഷത്തിലധികം ചോദ്യങ്ങൾക്ക് മറുപടി നൽകിക്കഴിഞ്ഞു.

ഭാരത്-വിസ്താർ: AI അധിഷ്ഠിത ഡിജിറ്റൽ കാർഷിക പ്ലാറ്റ്ഫോം:

അഗ്രിസ്റ്റാക്ക് (AgriStack) പോർട്ടലുകളെയും ICAR-ന്റെ കാർഷിക രീതികളെയും AI സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ബഹുഭാഷാ പ്ലാറ്റ്ഫോമായ 'ഭാരത്-വിസ്താർ' 2026-2027 കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം ഡിജിറ്റൽ കാർഷിക വിപുലീകരണത്തെ പിന്തുണയ്ക്കുകയും കർഷകർക്ക് പ്രാദേശികാടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങളും ശാസ്ത്രീയമായ വിവരങ്ങളും ലഭ്യമാക്കുകയും ചെയ്യും.

അസംഘടിത തൊഴിലാളികളുടെ ഉൾപ്പെടുത്തൽ: 2025 ഒക്ടോബറിലെ നിതി ആയോഗിന്റെ 'AI ഫോർ ഇൻക്ലൂസീവ് സൊസൈറ്റൽ ഡവലപ്മെൻറ്' റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 49 കോടി അസംഘടിത തൊഴിലാളികൾക്ക് വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ അവരെ ശാക്തീകരിക്കാൻ AI-ക്ക് സാധിക്കുമെന്ന് അടിവരയിടുന്നു.

ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചറിൽ (DPI) എല്ലാവരെയും ഉൾക്കൊള്ളുന്ന ഇത്തരം രൂപകൽപ്പനകൾ സമന്വയിപ്പിക്കുന്നതിലൂടെ, ഭാഷാ-പ്രദേശ വ്യത്യാസമില്ലാതെ സേവനങ്ങൾ മെച്ചപ്പെടുന്നു. ഇത് ഇന്ത്യയുടെ AI ഭരണനിർവ്വഹണ യാത്രയിൽ വിശ്വാസവും സാമൂഹിക ശാക്തീകരണവും പ്രധാന നേട്ടങ്ങളായി മാറ്റുന്നു.

സുരക്ഷിതവും വിശ്വസനീയവുമായ AI: ദേശീയ മുൻഗണനകൾക്ക് അനുസൃതമായ ഉത്തരവാദിത്തമുള്ള AI

AI സംവിധാനങ്ങളുടെ വ്യാപ്തിയും സ്വാധീനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതുജനവിശ്വാസം നിലനിർത്തുന്നതിനും ഉത്തരവാദിത്തമുള്ള നവീകരണത്തിനും അവയുടെ വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നത് അത്യന്താപേക്ഷിതമാണ്. ആഗോള AI സുരക്ഷാ ശ്രമങ്ങളിൽ അർത്ഥവത്തായ സംഭാവനകൾ നൽകാൻ ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂടുകൾ രാജ്യത്തെ പ്രാപ്തമാക്കുന്നു. സുരക്ഷിതവും വിശ്വസനീയവുമായ AI (Safe and Trusted AI) എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ്, ഭരണനിർവ്വഹണ ശേഷി ശക്തിപ്പെടുത്തുന്നതിലും വിവിധ രാജ്യങ്ങൾ തമ്മിലുള്ള അറിവ് പങ്കിടൽ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ AI വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ

  • ഉത്തരവാദിത്തമുള്ള AI പ്രോജക്റ്റ് പോർട്ട്ഫോളിയോ: 'സുരക്ഷിതവും വിശ്വസനീയവുമായ AI' എന്ന സ്തംഭത്തിന് കീഴിൽ, സുരക്ഷ, പക്ഷപാതം ഒഴിവാക്കൽ, സുതാര്യത, ഉത്തരവാദിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉത്തരവാദിത്തമുള്ള AI ടൂളുകൾ വികസിപ്പിക്കുന്നതിനായി 13 പ്രോജക്റ്റുകളെ തിരഞ്ഞെടുത്തിട്ടുണ്ട്.
  • മിഷൻ ഡിജിറ്റൽ ശ്രാംസേതു: അസംഘടിത തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി AI-യും മറ്റ് നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താനും, എല്ലാവർക്കും കുറഞ്ഞ ചെലവിൽ AI ലഭ്യമാകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനുമായി നിതി ആയോഗ് 'മിഷൻ ഡിജിറ്റൽ ശ്രംസേതു' നിർദ്ദേശിച്ചു.
  • ഇന്ത്യAI സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട്: AI മേഖലയിലെ അപകടസാധ്യതകളും സുരക്ഷാ വെല്ലുവിളികളും പരിഹരിക്കുന്നതിനായി ഇന്ത്യAI മിഷന്റെ 'സേഫ് ആൻഡ് ട്രസ്റ്റഡ്' സ്തംഭത്തിന് കീഴിൽ ഇന്ത്യ ഒരു സുരക്ഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു.

AI ഭരണനിർവ്വഹണ മാർഗ്ഗനിർദ്ദേശങ്ങൾ

ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-ന് മുന്നോടിയായി, AI വിന്യാസത്തെ ദേശീയ വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തത്വങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനായി ഒരു ഘടനാപരമായ ഭരണ ചട്ടക്കൂട് മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു:

  • AI ഗവേണൻസ് ഗ്രൂപ്പ് (AIGG): നയരൂപീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനും AI ഭരണനിർവ്വഹണത്തെ ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുത്തുന്നതിനുമായി ഒരു AI ഗവേണൻസ് ഗ്രൂപ്പ് സ്ഥാപിക്കുക.
  • ടെക്നോളജി ആൻഡ് പോളിസി എക്സ്പെർട്ട് കമ്മിറ്റി (TPEC): ദേശീയ-അന്തർദ്ദേശീയ AI ഭരണനിർവ്വഹണ വിഷയങ്ങളിൽ വിദഗ്ധ നിർദ്ദേശങ്ങൾ നൽകുന്നതിനായി കമ്മിറ്റി രൂപീകരിക്കുക.
  • ഇന്ത്യAI സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് (AISI): ഗവേഷണം നടത്തുക, മാനദണ്ഡങ്ങൾ തയ്യാറാക്കുക, പരിശോധനാ രീതികളും ബെഞ്ച്മാർക്കുകളും വികസിപ്പിക്കുക എന്നിവയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ടിന് ആവശ്യമായ വിഭവങ്ങൾ നൽകുക. ഇത് അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുകയും വ്യവസായ മേഖലയ്ക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.

നവീകരണവും ഉത്തരവാദിത്തവും ഒരേപോലെ മുന്നോട്ട് പോകുന്ന സമീകൃതമായ ഒരു AI ആവാസവ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നത്. 'സേഫ് ആൻഡ് ട്രസ്റ്റഡ് AI' എന്ന ചക്രം ഉൾപ്പെടുത്തൽ, വളർച്ച, ഡിജിറ്റൽ പരമാധികാരം എന്നീ ദേശീയ മുൻഗണനകളെ ശക്തിപ്പെടുത്തുന്നു.

അക്ഷയത്വം, നവീകരണം, കാര്യക്ഷമത: തദ്ദേശീയ AI നവീകരണത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ

സാങ്കേതിക പുരോഗതിയെ പരിസ്ഥിതി ഉത്തരവാദിത്തവുമായും എല്ലാവർക്കും പ്രാപ്യമായ രീതിയുമായും പൊരുത്തപ്പെടുത്തിക്കൊണ്ട്, കാര്യക്ഷമതയ്ക്കും സുസ്ഥിരതയ്ക്കും ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു. അക്ഷയത്വം, നവീകരണം, കാര്യക്ഷമത (Resilience, Innovation, and Efficiency) എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ് ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്തി 'കാര്യക്ഷമത'യെ ഒരു പ്രധാന ഡിജിറ്റൽ തത്വമായി പ്രോത്സാഹിപ്പിക്കുന്നു. ഇത് കാലാവസ്ഥാ ബോധമുള്ളതും ഏത് സാഹചര്യത്തിനും അനുയോജ്യമായതുമായ AI സംവിധാനങ്ങളെ പ്രാപ്തമാക്കുന്നു. ഇത്തരം സംവിധാനങ്ങൾ ആഗോള അസമത്വങ്ങൾ കുറയ്ക്കാനും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ഒരു AI ആവാസവ്യവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

കാര്യക്ഷമമായ AI വികസനത്തിലെ ഗണ്യമായ  നേട്ടങ്ങൾ

  • വർദ്ധിച്ചുവരുന്ന ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ: AI-യുടെ വളർച്ചയോടെ ഇന്ത്യയുടെ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ ആവശ്യകതയും വർദ്ധിക്കുകയാണ്. നിലവിലുള്ള 960 മെഗാവാട്ട് (MW) ശേഷി 2030-ഓടെ 9.2 ജിഗാവാട്ട് (GW) ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഗിറ്റ്ഹബ് പങ്കാളിത്തം: 2024-ലെ ആഗോള ഗിറ്റ്ഹബ് AI പ്രോജക്റ്റ് ഡാറ്റ പ്രകാരം, ലോകമെമ്പാടുമുള്ള പൊതു ജനറേറ്റീവ് AI പ്രോജക്റ്റുകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
  • ആഗോള AI ഹബ്ബുകൾ: AI-യും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും വേഗത്തിലാക്കാൻ ആഗോള സാങ്കേതിക ഭീമന്മാർ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇത് രാജ്യത്തിന്റെ സാങ്കേതിക മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നു. പ്രധാന നിക്ഷേപങ്ങൾ താഴെ പറയുന്നവയാണ്:

മൈക്രോസോഫ്റ്റ്: ഡാറ്റാ സെന്ററുകൾക്കും AI പരിശീലനത്തിനുമായി ₹1.5 ലക്ഷം കോടി.

ആമസോൺ: 2030-ഓടെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനും AI അധിഷ്ഠിത ഡിജിറ്റൈസേഷനുമായി ₹2.9 ലക്ഷം കോടി.

ഗൂഗി: വിശാഖപട്ടണത്ത് 1 ജിഗാവാട്ട് (GW) ശേഷിയുള്ള AI ഹബ്ബ് സ്ഥാപിക്കുന്നതിനായി ₹1.25 ലക്ഷം കോടി.

നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും കാലാവസ്ഥാ സൗഹൃദപരമായ നവീകരണങ്ങളെ പിന്തുണയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ശ്രമങ്ങൾ സഹായിക്കുന്നു.

ശാസ്ത്രം: ഇന്ത്യയിലെ AI അധിഷ്ഠിത ശാസ്ത്ര ഗവേഷണം

ഗവേഷണങ്ങൾ കൂടുതൽ വിവരസാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതും സഹകരണാത്മകവുമാകുന്ന സാഹചര്യത്തിൽ, ആരോഗ്യ-കാർഷിക-കാലാവസ്ഥാ മേഖലകളിൽ ശാസ്ത്രീയ ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ വലിയ അവസരങ്ങളുണ്ട്. വികസിത ഗവേഷണ അടിത്തറയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും തുറന്ന ശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ഇന്ത്യയെ ആഗോള ഗവേഷണ ആവാസവ്യവസ്ഥയിൽ ഒരു പ്രധാന പങ്കാളിയാക്കുന്നു. ശാസ്ത്രം (Science) എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ്, വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും ഗവേഷണ പങ്കാളിത്തം വർദ്ധിപ്പിക്കുന്ന സുതാര്യമായ AI അധിഷ്ഠിത ഗവേഷണങ്ങളെയും സഹകരണാത്മകമായ ചട്ടക്കൂടുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യയുടെ സഹകരണാത്മക AI ശാസ്ത്രത്തിലെ പുരോഗതി

  • നവീകരണത്തിന്റെ അടയാളം: പേറ്റന്റ് ഫയൽ ചെയ്യുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്. ആഗോള നവീകരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 81- നിന്ന് 38-ലേക്ക് മെച്ചപ്പെട്ടു. ഇത് ശാസ്ത്രീയ ഗവേഷണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.
  • ഗവേഷണ നിക്ഷേപത്തിലെ വർദ്ധനവ്: ഗവേഷണ-വികസന മേഖലയിലെ (R&D) ദേശീയ ചെലവ് 2010–11 കാലയളവിലെ ₹60,196 കോടിയിൽ നിന്ന് 2020–21- ₹1.27 ലക്ഷം കോടിയായി ഉയർന്നു.
  • ANRF AI അധിഷ്ഠിത ഗവേഷണം: അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) ദേശീയ ഗവേഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി 2023–2028 കാലയളവിൽ ₹50,000 കോടി ഗവേഷണ ധനസഹായം നൽകാൻ ലക്ഷ്യമിടുന്നു.
  • IMD ഹൈബ്രിഡ് AI പ്രവചനം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മഴ, മിന്നൽ, മൂടൽമഞ്ഞ്, കാട്ടുതീ എന്നിവ പ്രവചിക്കുന്നതിനായി ഹൈബ്രിഡ് AI മോഡലുകൾ ഉപയോഗിക്കുന്നു. കൂടാതെ കർഷകർക്കായി കാലാവസ്ഥാ ഉപദേശങ്ങൾ നൽകാൻ MausamGPT-യും വികസിപ്പിച്ചിട്ടുണ്ട്.
  • സ്റ്റെലാർ ടൂൾ: സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി 2025 ഏപ്രിലിൽ പുറത്തിറക്കിയ 'സ്റ്റെല്ലാർ' (STELLAR) ടൂൾ ഒരു തദ്ദേശീയ വിഭവശേഷി മോഡലാണ്. ഇത് വൈദ്യുതി വിതരണ കമ്പനികൾക്ക് (DISCOMs) ഉൽപ്പാദന-വിതരണ-സംഭരണ പ്ലാനിംഗിന് സഹായകമാകുകയും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് AI ഉപയോഗിക്കുകയും ചെയ്യുന്നു.

സംരംഭങ്ങൾ ആഗോളതലത്തിൽ എല്ലാവർക്കും തുല്യമായ പുരോഗതി ഉറപ്പാക്കിക്കൊണ്ട് സഹകരണാത്മകവും സുതാര്യവുമായ AI ശാസ്ത്രത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നു.

AI വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം: പങ്കിട്ട AI വിഭവങ്ങൾ വികസിപ്പിക്കൽ

AI സംവിധാനങ്ങളുടെ വികസനം പ്രധാനമായും കമ്പ്യൂട്ട് (Compute), ഡാറ്റ, ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ വിഭവങ്ങൾ പല രാജ്യങ്ങളിലും സ്ഥാപനങ്ങളിലും ഇന്നും തുല്യമായ രീതിയിലല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. തുറന്നതും (Open) പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നതുമായ (Interoperable) ഇൻഫ്രാസ്ട്രക്ചറും രാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണവും ചേരുന്നതിലൂടെ ഓരോ രാജ്യത്തിന്റെയും മുൻഗണനകൾക്ക് അനുസൃതമായ AI വികസനം സാധ്യമാകും. AI വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം എന്ന പ്രമേയത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ്, വിഭവങ്ങളിലേക്കുള്ള തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിലും ആഗോളതലത്തിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പങ്കിട്ട AI ഇൻഫ്രാസ്ട്രക്ചറിലെ (അടിസ്ഥാന സൗകര്യങ്ങളിലെ) പ്രധാന നാഴികക്കല്ലുകൾ

  • സൊവറിൻ AI കമ്പ്യൂട്ട്: ഇന്ത്യAI മിഷന്റെ കീഴിൽ, തന്ത്രപ്രധാനമായ ആപ്ലിക്കേഷനുകൾക്കായി 3,000 അത്യാധുനിക ജി.പി.യു (GPU) കൾ ഉൾക്കൊള്ളുന്ന സുരക്ഷിതമായ ഒരു ക്ലസ്റ്റർ നിർമ്മിച്ചുവരുന്നു.
  • ഇന്ത്യAI കോഷ് (AIKosh): 20 മേഖലകളിലായി 7,400-ലധികം ഡാറ്റാസെറ്റുകളും 273 AI മോഡലുകളും പ്ലാറ്റ്ഫോമിലുണ്ട്. ഇത് ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ഇന്ത്യ കേന്ദ്രീകൃതമായ ഗുണമേന്മയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.
  • AI ഡാറ്റാ ലാബ്സ് ശൃംഖല: രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ അടിസ്ഥാനപരമായ AI നൈപുണ്യം വളർത്തുന്നതിനായി ഇന്ത്യ 'AI ഡാറ്റാ ലാബുകൾ' ആരംഭിക്കുന്നു. ഡാറ്റാ അനോട്ടേഷൻ, ക്യുറേഷൻ എന്നിവയിൽ പരിശീലനം നൽകുന്നതിനായി രാജ്യത്തുടനീളം 570 ലാബുകളുടെ ഒരു ശൃംഖലയാണ് രൂപീകരിക്കുന്നത്.
  • നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ (NSM): ഐഐടികൾ (IITs), ഐസറുകൾ (IISERs), മറ്റ് ഗവേഷണ ലാബുകൾ എന്നിവയിലായി 40 പെറ്റാഫ്ലോപ്സ് ശേഷിയുള്ള മെഷീനുകൾ പദ്ധതിക്ക് കീഴിൽ വിന്യസിച്ചിട്ടുണ്ട്. ഇത് അക്കാദമിക് മേഖലയ്ക്ക് മികച്ച കമ്പ്യൂട്ടിംഗ് അടിത്തറ നൽകുന്നു.
  • ഐരാവത്: കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം (MeitY) 2023- പുറത്തിറക്കിയ ഇന്ത്യയുടെ പ്രമുഖ AI സൂപ്പർകമ്പ്യൂട്ടറാണ് ഐരാവത്. അത്യാധുനിക AI ഗവേഷണങ്ങൾക്കായി ഇത് 'പരം സിദ്ധി-AI' യുമായി സംയോജിപ്പിച്ചിരിക്കുന്നു.
  • കമ്പ്യൂട്ട് ആക്സസ്: 38,000-ലധികം GPU-കളിലേക്കും 1,050 TPU-കളിലേക്കും പ്രവേശനം നൽകുന്ന 'ഇന്ത്യAI കമ്പ്യൂട്ട് പോർട്ടൽ', വൻകിട AI മോഡലുകൾ വികസിപ്പിക്കാൻ ഗവേഷകരെ സഹായിക്കുന്നു.
  • കുറഞ്ഞ നിരക്കിലുള്ള ലഭ്യത: കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ലഭ്യമാക്കുന്നതിന് ആഗോളതലത്തിൽ മണിക്കൂറിന് 200 രൂപയിലധികം ചിലവ് വരുമ്പോൾ, ഇന്ത്യയിൽ ഇത് മണിക്കൂറിന് 100 രൂപയിൽ താഴെ നിരക്കിൽ (സബ്സിഡി നിരക്കിൽ) ലഭ്യമാണ്.

തുറന്നതും എല്ലാവർക്കും ലഭ്യമായതുമായ AI ഇൻഫ്രാസ്ട്രക്ചർ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ ശ്രമങ്ങൾ ഉറപ്പിക്കുന്നു. ഇത് തുല്യമായ നവീന ആശയങ്ങൾക്കും ആഗോള സഹകരണത്തിനും വഴിതുറക്കുന്നു.

സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള AI: സ്വാധീനം വർദ്ധിപ്പിക്കൽ

സാമ്പത്തിക വളർച്ചയും സാമൂഹിക പുരോഗതിയും വേഗത്തിലാക്കാൻ AI-ക്ക് വലിയ ശേഷിയുണ്ടെങ്കിലും, ഇത് വിപുലമായ തോതിൽ നടപ്പിലാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും വേണ്ടിയുള്ള AI (AI for Economic Growth and Social Good) എന്ന വർക്കിംഗ് ഗ്രൂപ്പ്, അളക്കാവുന്ന സാമ്പത്തിക-സാമൂഹിക നേട്ടങ്ങൾ നൽകുന്ന AI പരിഹാരങ്ങൾ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

AI അധിഷ്ഠിത സാമ്പത്തിക-സാമൂഹിക സ്വാധീനം ശാക്തീകരിക്കൽ

  • കൃഷി: കൃഷിയിൽ, AI അധിഷ്ഠിത ഉപദേശക സംവിധാനങ്ങൾ വിതയ്ക്കൽ സംബന്ധിച്ച തീരുമാനങ്ങൾ, വിളവ്, വിഭവങ്ങളുടെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത വിന്യാസങ്ങളിൽ ഉൽപ്പാദനക്ഷമതയിൽ 30–50% വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
  • ആരോഗ്യ സംരക്ഷണം: ആരോഗ്യ മേഖലയിൽ, ക്ഷയരോഗം (Tuberculosis), കാൻസർ, നാഡീസംബന്ധമായ തകരാറുകൾ എന്നിവ നേരത്തെ കണ്ടെത്തുന്നതിന് AI ആപ്ലിക്കേഷനുകൾ സഹായിക്കുന്നു. ഇത് പ്രതിരോധ-രോഗനിർണ്ണയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
  • വിദ്യാഭ്യാസം: ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി CBSE സിലബസ്, ദീക്ഷ (DIKSHA) പ്ലാറ്റ്ഫോമുകൾ, യുവൈ (YUVAi) പോലുള്ള പദ്ധതികൾ എന്നിവയിലൂടെ AI പഠനം സംയോജിപ്പിച്ചിരിക്കുന്നു. ഇത് വിദ്യാർത്ഥികളെ പ്രായോഗിക AI നൈപുണ്യങ്ങൾ കൊണ്ട് സജ്ജരാക്കുന്നു.
  • നീതിനിർവ്വഹണം: -കോർട്ട്സ് മൂന്നാം ഘട്ടം (E-Courts Phase III) വിവർത്തനം, കേസ് മാനേജ്മെന്റ്, പൗരന്മാർക്കുള്ള സേവനങ്ങൾ എന്നിവയ്ക്കായി AI, ML സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. പ്രാദേശിക ഭാഷകളിലെ പ്രവേശനം വഴി ഇത് കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നു.
  • മേഖലാ വരുമാന വളർച്ച: വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യകതകൾക്കിടയിൽ, ഇന്ത്യയുടെ AI അധിഷ്ഠിത സാങ്കേതിക മേഖല 2025- ഏകദേശം 280 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നു.
  • സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ: ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം സ്റ്റാർട്ടപ്പുകളുണ്ട്. 2024- ആരംഭിച്ച പുതിയ സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും അവരുടെ ഉൽപ്പന്നങ്ങളിലോ സേവനങ്ങളിലോ AI ഉപയോഗിക്കുന്നു. ഇത് നവീകരണത്തെയും സാമൂഹിക ഉന്നമനത്തിനായുള്ള തൊഴിലവസരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

ഏഴ് ചക്രങ്ങൾ ഒത്തുചേർന്ന് ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള നവീകരണത്തിനും വിപുലമായ പങ്കാളിത്തത്തിനും ഗണ്യമായ  സ്വാധീനത്തിനുമുള്ള വഴികൾ ഒരുക്കുന്നു. നയം, സാങ്കേതികവിദ്യ, ഭരണനിർവ്വഹണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ, പങ്കിട്ട തത്വങ്ങളെ വിവിധ രാജ്യങ്ങളിലും മേഖലകളിലും പ്രായോഗിക ഫലങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു ഘടനാപരമായ ചട്ടക്കൂട് ഇവ പ്രദാനം ചെയ്യുന്നു.

ഉപസംഹാരം

ആഗോള AI അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്കിനെ 'ഇന്ത്യ–AI ഇംപാക്ട് സമ്മിറ്റ് 2026' കൂടുതൽ ശക്തമാക്കുന്നു. ഏഴ് ചക്രങ്ങളിലും ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സ്തംഭങ്ങളിലും അധിഷ്ഠിതമായ ഉച്ചകോടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി വികസനോന്മുഖമായ ഒരു ചട്ടക്കൂട് മുന്നോട്ട് വെക്കുന്നു.

നയരൂപീകരണത്തെ പ്രായോഗിക നടപ്പിലാക്കലുമായും, നവീകരണത്തെ പൊതുലക്ഷ്യങ്ങളുമായും ബന്ധിപ്പിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള AI വിന്യാസത്തിനായി ഒരു ഘടനാപരമായ സമീപനം ഉച്ചകോടി വിഭാവനം ചെയ്യുന്നു. സാങ്കേതിക പുരോഗതിയെ ഉൾക്കൊള്ളുന്ന വളർച്ചയുമായും സുസ്ഥിര വികസനവുമായും ഇത് പൊരുത്തപ്പെടുത്തുന്നു.

പൊതുനന്മയ്ക്കായുള്ള പങ്കിട്ട മാനദണ്ഡങ്ങൾ, സഹകരണ ചട്ടക്കൂടുകൾ, വിപുലീകരിക്കാവുന്ന പരിഹാരങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെ ആഗോള AI സഹകരണത്തിൽ ഒരു പ്രധാന പങ്കാളിയായി ഇന്ത്യയെ ഉച്ചകോടി ഉയർത്തുന്നു. സംവാദങ്ങളിൽ നിന്ന് പ്രവർത്തനങ്ങളിലേക്കുള്ള മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും വികസന കേന്ദ്രീകൃതവുമായ AI പാതകളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു.

References

Ministry of Electronics & IT

Ministry of Earth Sciences

Ministry of Agriculture & Farmers Welfare

 

NITI Aayog

 

PIB Backgrounders

India–AI Impact Summit 2026

Principal Scientific Adviser (PSA)

Click here to see in PDF

***

SK

 

(Explainer ID: 157489) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate