• Sitemap
  • Advance Search
Social Welfare

2026-27 കേന്ദ്ര ബജറ്റിലെ പ്രതിരോധ മേഖല

ആധുനികവൽക്കരണവും ആത്മനിർഭർ ഭാരതവും വിമുക്തഭടന്മാരുടെ ക്ഷേമവും

Posted On: 03 FEB 2026 4:36PM

പ്രധാന വസ്തുതകൾ

  • 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് 7.85 ലക്ഷം കോടി രൂപ അനുവദിച്ചു; എല്ലാ മന്ത്രാലയങ്ങളിലും വെച്ച് ഏറ്റവും ഉയർന്ന തുകയാണിത്.
  • ഈ വിഹിതം 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ (BE) 15.19% വർദ്ധനവ് രേഖപ്പെടുത്തുന്നു, കൂടാതെ ഇത് മൊത്തം കേന്ദ്ര ​ഗവൺമെന്റ് ചെലവിന്റെ 14.67% വരും.
  • ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള സംഭരണത്തിനായി 1.39 ലക്ഷം കോടി രൂപ നീക്കിവെച്ചു.
  • 2026-27 സാമ്പത്തിക വർഷത്തിൽ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിനായി (ECHS) 12,100 കോടി രൂപ അനുവദിച്ചു, ഇത് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തേക്കാൾ 45.49% കൂടുതലാണ്.
  • ഡി.ആർ.ഡി.ഒ (DRDO) യ്ക്കുള്ള വിഹിതം 2025-26 സാമ്പത്തിക വർഷത്തിലെ 26,816.82 കോടി രൂപയിൽ നിന്ന് 2026-2729,100.25 കോടി രൂപയായി വർദ്ധിപ്പിച്ചു.

 

ആമുഖം

 

2026 ഫെബ്രുവരി 01-ന് കേന്ദ്രഗവൺമെന്റ് പ്രഖ്യാപിച്ച 2026-27 കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ആധുനികവൽക്കരണം, സ്വയംപര്യാപ്തത, നൂതനാശയ മുൻഗണനകളിൽ ദേശീയ സുരക്ഷയ്ക്ക് മുഖ്യസ്ഥാനം നൽകുന്നു. പ്രതിരോധ മന്ത്രാലയത്തിന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വിഹിതമായ 7.85 ലക്ഷം കോടി രൂപ ലഭിച്ചു; ഇത് 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 15.19% വർദ്ധനവാണ്, കൂടാതെ കേന്ദ്ര ബജറ്റിന്റെ 14.67 ശതമാനമാണ് ‌ഇത്, മന്ത്രാലയങ്ങൾക്കിടയിൽ ഇത് ഏറ്റവും ഉയർന്നതാണ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2013-14 ലെ 2.53 ലക്ഷം കോടി രൂപയിൽ നിന്ന് 2026-277.85 ലക്ഷം കോടി രൂപയായി ഉയർന്നു, ഏകദേശം 5.32 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്, ഇത് ഏകദേശം മൂന്നിരട്ടി വളർച്ചയെ അടയാളപ്പെടുത്തുന്നു.

പ്രതിരോധ മന്ത്രാലയത്തിന് നൽകിയ ആകെ വിഹിതത്തിൽ പ്രതിരോധ ബജറ്റിന്റെ 27.95% മൂലധനച്ചെലവിനും 20.17% പരിപാലനത്തിനും പ്രവർത്തന സജ്ജീകരണത്തിനുമുള്ള റവന്യൂ ചെലവിനും 26.40% ശമ്പളത്തിനും മറ്റ് അലവൻസുകൾക്കുമുള്ള റവന്യൂ ചെലവിനും 21.84% പ്രതിരോധ പെൻഷനുകൾക്കും 3.64% സിവിൽ ഓർഗനൈസേഷനുകൾക്കുമാണ്.

ആധുനികവൽക്കരണത്തിനുള്ള ഊന്നൽ

ബജറ്റിലെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രധാന സവിശേഷത മൂന്ന് സേനാ വിഭാഗങ്ങളെയും ആധുനികവൽക്കരിക്കുന്നതിനും ഭാവിയിലെ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും നൽകുന്ന പ്രാധാന്യമാണ്. അത്യാധുനിക പ്ലാറ്റ്‌ഫോമുകൾ, നൂതന സാങ്കേതികവിദ്യകൾ, സൈനിക ശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ സ്വന്തമാക്കുന്നതിലാണ് ഊന്നൽ നൽകുന്നത്.

  • 2026-27 സാമ്പത്തിക വർഷത്തിൽ പ്രതിരോധ സേനകൾക്കായി മൂലധന ശീർഷകത്തിന് കീഴിലുള്ള ബജറ്റ് വിഹിതം 2.19 ലക്ഷം കോടി രൂപയിലധികമാണ്, ഇത് 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 21.84% കൂടുതലാണ്.
  • 2.19 ലക്ഷം കോടി രൂപയിൽ 1.85 ലക്ഷം കോടി രൂപ മൂലധന സംഭരണത്തിനായി നീക്കിവെച്ചിട്ടുണ്ട്, ഇത് 2025-26 നെ അപേക്ഷിച്ച് ഏകദേശം 24% വർദ്ധനവ് കാണിക്കുന്നു.
  • വരാനിരിക്കുന്ന മൂലധന സംഭരണ പദ്ധതികൾ സായുധ സേനകളെ അടുത്ത തലമുറയിലെ യുദ്ധവിമാനങ്ങൾ, അത്യാധുനിക ആയുധങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ, പൈലറ്റില്ലാ വിമാനങ്ങൾ (UAV), ഡ്രോണുകൾ തുടങ്ങിയവ സജ്ജമാക്കാൻ സഹായിക്കും.
  • ബോർഡർ റോഡ്‌സ് ഓർഗനൈസേഷനുള്ള (BRO) മൂലധന വിഹിതം 2026-27 സാമ്പത്തിക വർഷത്തിൽ 7,394 കോടി രൂപയായി വർദ്ധിപ്പിച്ചു.
  • ബി.ആർ.ഒ-യ്ക്കുള്ള വർദ്ധിപ്പിച്ച വിഹിതം തുരങ്കങ്ങൾ, പാലങ്ങൾ, എയർഫീൽഡുകൾ തുടങ്ങിയ തന്ത്രപ്രധാനമായ പദ്ധതികൾ ആധുനികവൽക്കരിക്കുന്നതിന് സഹായിക്കും.
  • പ്രതിരോധ സേവനങ്ങൾക്കായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ അധിഷ്ഠിത നെറ്റ്‌വർക്കിനായി 975 കോടി രൂപ അനുവദിച്ചു.

തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിന് ഉത്തേജനം

തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും 'ആത്മനിർഭർ ഭാരതിന്' ബജറ്റ് ശക്തമായ ഉത്തേജനം നൽകുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.

  • ആഭ്യന്തര പ്രതിരോധ വ്യവസായങ്ങളിൽ നിന്നുള്ള സംഭരണത്തിനായി 1.39 ലക്ഷം കോടി രൂപ അനുവദിച്ചു.
  • 2026-27 സാമ്പത്തിക വർഷത്തിൽ മൂലധന സംഭരണ ബജറ്റിന്റെ ഏകദേശം 75% ആഭ്യന്തര പ്രതിരോധ വ്യവസായങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.
  • പ്രതിരോധ മേഖലയിലെ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾക്കോ പരിഷ്കരണത്തിനോ ആയി ഉപയോഗിക്കുന്ന വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിനായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ ബേസിക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും.
  • ആഭ്യന്തര ഉൽപ്പാദനം, നിക്ഷേപം, തൊഴിലവസര സൃഷ്ടി എന്നിവയെ പിന്തുണയ്ക്കുന്ന നടപടികൾ

ഗവേഷണം, വികസനം, നൂതനാശയം

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുള്ള (DRDO) ബജറ്റ് വിഹിതം 2025-26 ലെ 26,816.82 കോടി രൂപയിൽ നിന്ന് 2026-2729,100.25 കോടി രൂപയായി വർദ്ധിപ്പിച്ചു. ഈ വിഹിതത്തിൽ വലിയൊരു ഭാഗമായ 17,250.25 കോടി രൂപ മൂലധനച്ചെലവിനായി നീക്കിവെച്ചിട്ടുണ്ട്.

ഇതോടൊപ്പം പ്രതിരോധ നിർമ്മാണ മേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ​ഗവൺമെന്റ് നിരവധി നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. 2025 ഡിസംബർ 1 വരെയുള്ള ചില പ്രധാന സംരംഭങ്ങൾ ഇവയാണ്:

  • 2022-23 ബജറ്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധ ഗവേഷണ വികസന ബജറ്റിന്റെ ഏകദേശം 25% വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക് രംഗത്തിനും തുറന്നുനൽകി.
  • നിർദ്ദേശിക്കപ്പെട്ട 82 ഗവേഷണ മേഖലകളെ ഉൾപ്പെടുത്തി 15 ഡി.ആർ.ഡി.ഒ-ഇൻഡസ്ട്രി-അക്കാദമിയ സെന്റർ ഓഫ് എക്സലൻസ് (CoE) സ്ഥാപിതമായി.
  • ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഏകദേശം 2,000 വ്യവസായങ്ങളുടെ ഒരു ശൃംഖല ഡി.ആർ.ഡി.ഒ രൂപീകരിച്ചിട്ടുണ്ട്; നവീകരണത്തെ ശാക്തീകരിക്കുന്നതിനായി സീറോ ട്രാൻസ്ഫർ ഓഫ് ടെക്നോളജി (ToT) ഫീസിലാണ് ഇന്ത്യൻ പങ്കാളികൾക്ക് സാങ്കേതികവിദ്യകൾ കൈമാറിയത്.
  • 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിൽ പ്രതിരോധ ഗവേഷണ വികസനത്തിനായി ആകെ 68,210.22 കോടി രൂപ ചെലവഴിച്ചു, ഇതിന് പുറമെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ 26,816.82 കോടി രൂപ കൂടി നൽകി.
  • 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിൽ ഡി.ആർ.ഡി.ഒ 148 പുതിയ ഗവേഷണ വികസന പദ്ധതികൾക്ക് അനുമതി നൽകി.

വിമുക്തഭടന്മാർക്കായി മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും പെൻഷൻപിന്തുണയും

ആരോഗ്യപരിരക്ഷയ്ക്കും പെൻഷനുമായി ഉയർന്ന വിഹിതം അനുവദിക്കുന്നതിലൂടെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പ്രതിബദ്ധത 2026-27 ലെ കേന്ദ്ര ബജറ്റ് ശക്തിപ്പെടുത്തുന്നു.ഇത് മുൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ഗുണമേന്മയുള്ള മെഡിക്കൽ സേവനങ്ങളും സമയബന്ധിതമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നു.

  • 2026-27 സാമ്പത്തിക വർഷത്തിൽ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിനായി (ECHS) 12,100 കോടി രൂപ അനുവദിച്ചു, ഇത് 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 45.49% കൂടുതലാണ്.
  • വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമുള്ള ചികിത്സാ സംബന്ധമായ ചെലവുകളെ ECHS പിന്തുണയ്ക്കുന്നു.
  • 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് ഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾകഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ECHS വിഹിതത്തിൽ 300 ശതമാനത്തിലധികം വർദ്ധനവുണ്ടായി.
  • പ്രതിരോധ പെൻഷനുകൾക്കായുള്ള ആകെ വിഹിതം 1.71 ലക്ഷം കോടി രൂപയിലധികമാണ്.ഇത് 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 6.56% വർദ്ധനവ് രേഖപ്പെടുത്തുന്നു.
  • 'സ്പർശ്' (SPARSH), മറ്റ് അംഗീകൃത പെൻഷൻ വിതരണ അതോറിറ്റികൾ എന്നിവ വഴി ഈ തുക 34 ലക്ഷത്തിലധികം പെൻഷൻകാർക്ക് പ്രതിമാസ പെൻഷൻ വിതരണം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നു.

ഉപസംഹാരം

'ഓപ്പറേഷൻ സിന്ദൂറി'ന്റെ ചരിത്രവിജയത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റായ 2026-27 ബജറ്റ് ആധുനികവൽക്കരണം, സ്വയംപര്യാപ്തത, നൂതനാശയം എന്നിവയിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിലുള്ളഗവൺമെന്റിന്റെ സുസ്ഥിര ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. ആഭ്യന്തര പ്രതിരോധ നിർമ്മാണത്തിനുള്ള ശക്തമായ പ്രോത്സാഹനം, ഗവേഷണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള കൃത്യമായ നിക്ഷേപങ്ങൾ, വിമുക്തഭടന്മാരുടെ ക്ഷേമത്തിനായുള്ള തുടർച്ചയായ മുൻഗണന എന്നിവയിലൂടെ വികസിത ഭാരതം@2047ന്റെ ദീർഘകാല ദർശനവുമായി പൊരുത്തപ്പെടുന്ന, കൂടുതൽ സുരക്ഷിതവും കരുത്തുറ്റതുമായ ഇന്ത്യയെ പ്രതിരോധ മേഖലയ്ക്കായുള്ള ഈ ബജറ്റ് മുന്നോട്ടുവെക്കുന്നു.

 

Union Budget 2026-27

Minister of Defence

Click here to see pdf 

 

-NK-

(Explainer ID: 157488) आगंतुक पटल : 54
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Kannada , English , हिन्दी , Bengali , Gujarati
National Portal Of India
STQC Certificate