• Sitemap
  • Advance Search
Social Welfare

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കൽ

2013-ലെ SH നിയമം, ഷീ-ബോക്സ് (SHe-Box) പോർട്ടൽ എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനം

Posted On: 12 FEB 2026 4:00PM

 

പ്രധാന വസ്തുതകൾ

  • സ്ത്രീകൾക്ക് സുരക്ഷിതവും ഭയരഹിതവുമായ ജോലിസാഹചര്യം ഉറപ്പാക്കുകയാണ് 2013-ലെ തൊഴിലിടത്തിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹരിക്കലും) നിയമം(SH ആക്ട്) ലക്ഷ്യമിടുന്നത്.
  • പൊതു, സ്വകാര്യ മേഖലകളിലെയും സംഘടിത, അസംഘടിത മേഖലകളിലെയും വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള, പ്രായമോ തൊഴിൽ പദവിയോ പരിഗണിക്കാതെ എല്ലാ സ്ത്രീകളെയും SH നിയമം ഉൾക്കൊള്ളുന്നു.
  • പത്തോ അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ തൊഴിലുടമകൾ 'ഇന്റേണൽ കമ്മിറ്റികൾ' (IC) രൂപീകരിക്കണം.
  • 2024 ഓഗസ്റ്റ് 29-ന് ആരംഭിച്ച ഷീ-ബോക്സ്പോർട്ടൽ, സ്ത്രീകൾക്ക് ഓൺലൈനായി പരാതികൾ നൽകാൻ സാധിക്കുന്ന ഒരു ഏകജാലക സംവിധാനം ഒരുക്കുന്നു.

ആമുഖം

ഒരു സുരക്ഷിത തൊഴിലിടം എന്നത് കേവലം നിയമപരമായ ഒരു ആവശ്യം മാത്രമല്ല, മറിച്ച് സ്ത്രീകൾക്ക് അവരുടെ മൗലികാവകാശങ്ങളായ സമത്വം, അന്തസ്സ്, സാമ്പത്തിക ശാക്തീകരണം എന്നിവ ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന ഘടകം കൂടിയാണ്.ജോലിസ്ഥലത്തെസ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയുംആർട്ടിക്കിൾ 19(1)(g) പ്രകാരം ഇഷ്ടമുള്ള തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെയുംആർട്ടിക്കിൾ 21 പ്രകാരമുള്ള അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ഗുരുതരമായ ലംഘനമാണ്.ഇത് സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയുംതൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.ഇത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെയും രാജ്യത്തിന്റെ ഉൾക്കൊള്ളുന്ന വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.

മുൻകാലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം സ്ത്രീകളുടെ തൊഴിൽ പ്രവേശനത്തെയും നിലനിൽപ്പിനെയും തടസ്സപ്പെടുത്തിയിരുന്നു.നേരത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ വകുപ്പുകളും 1997-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച 'വിശാഖാ മാർഗ്ഗനിർദ്ദേശങ്ങളും' ജോലിസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു ചട്ടക്കൂട് നൽകിയിരുന്നു.എന്നിരുന്നാലുംജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരായ പീഡനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെയും സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഒരു സംവിധാനത്തിന്റെ ആവശ്യകത കണക്കിലെടുത്ത്, ഗവൺമെന്റ് 2013 ഡിസംബർ 9-ന് 'തൊഴിലിടത്തിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹരിക്കലും) നിയമം, 2013' (SH ആക്ട്) നടപ്പിലാക്കി.

ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും നിരോധിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഈ നിയമം വ്യക്തമായ, നിയമപരമായ ചട്ടക്കൂട് നൽകുന്നു.എല്ലാ മേഖലകളിലും എല്ലാത്തരം ജോലികളിലും ഏർപ്പെട്ടിരിക്കുന്ന ഓരോ സ്ത്രീയെയും ഈ നിയമം സംരക്ഷിക്കുന്നു.ഇത് തൊഴിൽ മേഖലയുടെ ഭാഗമായതോ അല്ലെങ്കിൽ ജോലിയുമായി ബന്ധപ്പെട്ട് ഒരു തൊഴിലിടം സന്ദർശിക്കുന്നതോ ആയ ഓരോ സ്ത്രീയുടെയും അഭിമാനവും സുരക്ഷയും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നു.ഷീ-ബോക്സ് പോർട്ടൽ ഈ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഡിജിറ്റൽ സംരംഭമാണ്.പരാതികൾ സമർപ്പിക്കാനും അവ പിന്തുടരാനും ഇത് ലളിതവും സുരക്ഷിതവും സുതാര്യവുമായ മാർഗ്ഗം ഒരുക്കുന്നു.

SH ആക്ടിലെ പ്രധാന വ്യവസ്ഥകളും ബാധ്യതകളും

തൊഴിലിടത്തിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹരിക്കലും) നിയമം2013 ഡിസംബർ 9-നാണ് നിലവിൽ വന്നത്.ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും സ്ത്രീകൾക്ക് സുരക്ഷിതവും ഉൾക്കൊള്ളുന്നതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.പൊതു-സ്വകാര്യ, സംഘടിത-അസംഘടിത മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഇത് ബാധകമാണ്.പ്രായം, ജോലി പദവി, ജോലിയുടെ സ്വഭാവം എന്നിവ നോക്കാതെ എല്ലാ സ്ത്രീകൾക്കും ഇത് സംരക്ഷണം നൽകുന്നു.ഇതിൽ വീട്ടുജോലിക്കാരും ഉൾപ്പെടുന്നു.

സ്ഥാപനപരമായ സംവിധാനങ്ങൾ

പരാതി പരിഹാരത്തിനായി ഈ നിയമം വ്യക്തമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നു:

  • ഇന്റേണൽ കമ്മിറ്റി (IC):പത്തോ അതിലധികമോ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ഇത് നിർബന്ധമാണ്.
  • ലോക്കൽ കമ്മിറ്റി (LC):ഓരോ ജില്ലയിലും ജില്ലാ ഓഫീസർമാർ ഇത് രൂപീകരിക്കുന്നു.പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരാതികളും തൊഴിലുടമയ്‌ക്കെതിരെയുള്ള പരാതികളും ഈ കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്.

നിയമം നടപ്പിലാക്കുന്നതിന്റെ മേൽനോട്ട ചുമതല ബന്ധപ്പെട്ട ഗവൺമെന്റിനാണ്.

കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ചതോ നിയന്ത്രിക്കുന്നതോ ആയ അല്ലെങ്കിൽ ധനസഹായം നൽകുന്നതോ ആയ സ്ഥാപനങ്ങളുടെ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റാണ് ചുമതല വഹിക്കുന്നത്.സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ളതോ അല്ലെങ്കിൽ മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ സംസ്ഥാന ഗവൺമെന്റുകൾ ഈ ചുമതല നിർവ്വഹിക്കുന്നു.നിയമപ്രകാരം ഫയൽ ചെയ്ത കേസുകളുടെയും അവ തീർപ്പാക്കിയതിന്റെയും കണക്കുകൾ രണ്ട് തലങ്ങളിലുമുള്ള ഗവൺമെന്റുകളും സൂക്ഷിക്കുന്നു.

പരാതി പ്രക്രിയ

പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

  • സംഭവം നടന്ന് 3 മാസത്തിനുള്ളിൽ പരാതി നൽകണം.വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ഇത് മറ്റൊരു 3 മാസത്തേക്ക് കൂടി നീട്ടി നൽകാം.
  • അന്വേഷണം 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം.
  • കുറ്റം തെളിയിക്കപ്പെട്ടാൽ, സർവീസ് നിയമങ്ങൾ പ്രകാരമോ ഷീ-റൂൾസ് പ്രകാരമോ നടപടിയെടുക്കും.
  • അന്വേഷണത്തിൽ ദുരുദ്ദേശ്യപരമായ കള്ളപരാതിയാണെന്ന് തെളിഞ്ഞാൽ ശിക്ഷാനടപടികൾ ഉണ്ടാകാം.
  • വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽലോക്കൽ കമ്മിറ്റി പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ 'ഭാരതീയ ന്യായ സംഹിത 2023'-ലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കാൻ പോലീസിന് കൈമാറും.

തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ

ഈ നിയമപ്രകാരം തൊഴിലുടമകൾക്ക് വ്യക്തമായ ചുമതലകളുണ്ട്.വെറുതെ പരാതികളിൽ നടപടിയെടുക്കുക എന്നതിലുപരി, ലൈംഗികാതിക്രമങ്ങൾഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ നിയമം ആവശ്യപ്പെടുന്നു.മാന്യവും സുരക്ഷിതവുമായ ഒരു തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്ഈ പ്രതിരോധ സമീപനം അത്യന്താപേക്ഷിതമാണ്.നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് എല്ലാ ജീവനക്കാരും അവബോധമുള്ളവരാണെന്നും വനിതാ ജീവനക്കാർ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരാണെന്നും തൊഴിലുടമകൾ ഉറപ്പാക്കണം.പീഡനങ്ങളോട് സഹിഷ്ണുതയില്ലാത്തനയം സ്വീകരിക്കണം.കൃത്യമായ ഇടവേളകളിൽ പരിശീലനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നത് സ്ഥാപനത്തിൽ ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കും.

നിരീക്ഷണവും പാലിക്കലും

രാജ്യത്തുടനീളം നിയമം ശരിയായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനത്തിന് SH ആക്ട് വലിയ പ്രാധാന്യം നൽകുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഗവൺമെന്റിനാണ്. ഈ നിയമപ്രകാരം ഫയൽ ചെയ്തതും തീർപ്പാക്കിയതുമായ കേസുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു.

നിരീക്ഷണത്തെ പിന്തുണയ്ക്കുന്നതിനായിഇന്റേണൽ കമ്മിറ്റികളും (IC) ലോക്കൽ കമ്മിറ്റികളും (LC) നിശ്ചിത മാതൃകയിൽ വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കി അതത് തൊഴിലുടമകൾക്കോ ​​ജില്ലാ ഓഫീസർമാർക്കോ സമർപ്പിക്കണം. ജില്ലാഓഫീസർ ഈ റിപ്പോർട്ടുകൾ ഏകീകരിച്ച് സംസ്ഥാന ഗവൺമെന്റിന് കൈമാറുന്നു.

നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഗവൺമെന്റിന് അധിക അധികാരങ്ങളുണ്ട്. തൊഴിലുടമകളിൽ നിന്നോ ജില്ലാഓഫീസർമാരിൽ നിന്നോ പ്രസക്തമായ ഏത് വിവരവും ആവശ്യപ്പെടാൻ ഗവൺമെന്റിന് സാധിക്കും. ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളും രേഖകളും പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും ഗവൺമെന്റിന് അധികാരമുണ്ട്. നിയമം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പോരായ്മകൾ തിരിച്ചറിയാനും ഈ നടപടികൾ സഹായിക്കുന്നു.

നിയമലംഘനത്തിനുള്ള പിഴകൾ

നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ ശിക്ഷകൾ നൽകിക്കൊണ്ട് ഈ നിരീക്ഷണ, നിർവ്വഹണ നടപടികൾ നടപ്പിലാക്കുന്നു.

· ആദ്യത്തെ നിയമലംഘനം: 50,000 രൂപ പിഴ.

· ലംഘനം ആവർത്തിച്ചാൽ:ഇരട്ടി പിഴയും അതോടൊപ്പം ലൈസൻസ് റദ്ദാക്കാനോ പുതുക്കാതിരിക്കാനോ ഉള്ള നടപടികളും ഉണ്ടാകാം.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പങ്ക്

SH ആക്ട് നടപ്പിലാക്കുന്നതിനുള്ള നോഡൽ മന്ത്രാലയമാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം (MoWCD). കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകുന്നതിലും നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിലും മന്ത്രാലയം പ്രധാന പങ്ക് വഹിക്കുന്നു.

· 2014-ലെ കമ്പനി (അക്കൗണ്ട്) നിയമങ്ങളിൽ ഭേദഗതി വരുത്തിയതോടെ, 2013-ലെകമ്പനി നിയമം പ്രകാരം ഇന്റേണൽ കമ്മിറ്റി (IC) രൂപീകരിക്കുന്നത് ഇപ്പോൾ നിർബന്ധിത വെളിപ്പെടുത്തലായി മാറിയിരിക്കുന്നു.

· SH ആക്ടിനെക്കുറിച്ച് ഒരു കൈപ്പുസ്തകംമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇത് വെബ്‌സൈറ്റിലും ഷീ-ബോക്സ് പോർട്ടലിലും ലഭ്യമാണ്.

· ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയറ്റ് ട്രെയിനിംഗ് ആൻഡ് മാനേജ്‌മെന്റുമായി (ISTM) ചേർന്ന് ഒരു പരിശീലന മോഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്, ഇത് പോർട്ടലിൽ ലഭ്യമാണ്.

· പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് (DoPT) വാർഷിക റിപ്പോർട്ടുകൾ, സമയബന്ധിതമായ അന്വേഷണങ്ങൾ, പരാതിക്കാരെ വീണ്ടും ഇരയാകാതിരിക്കൽ, അവർക്കുള്ള പ്രത്യേക അവധി എന്നിവയെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശം

ചില കേസുകളുടെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി SH ആക്ട് നടപ്പിലാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുംഇന്റേണൽ കമ്മിറ്റികളുടെ (IC) രൂപീകരണം വേഗത്തിലാക്കാനുംവിവരങ്ങൾ ഷീ-ബോക്സ് പോർട്ടലിൽ ലഭ്യമാക്കാനും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, മന്ത്രാലയം (MoWCD) കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന ഗവൺമെന്റുകൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും കൃത്യമായി നിർദ്ദേശങ്ങൾ നൽകാറുണ്ട്. ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനായി പതിവായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുക, കമ്മിറ്റി അംഗങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക, എല്ലാ ജില്ലകളിലും ലോക്കൽ കമ്മിറ്റികളുംആവശ്യമായ ഇടങ്ങളിൽ ഇന്റേണൽ കമ്മിറ്റികളും സ്ഥാപിക്കുക എന്നിവയിലാണ് ഈ നിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഷീ-ബോക്സ് പോർട്ടൽ

2024 ഓഗസ്റ്റ് 29-നാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം സെക്ഷ്വൽ ഹരാസ്‌മെന്റ് ഇലക്ട്രോണിക് ബോക്സ് (ഷീ-ബോക്സ്)പുറത്തിറക്കിയത്.

ഷീ-ബോക്സ് ഒരു കേന്ദ്രീകൃത ഡിജിറ്റൽ ഏകജാലക പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. മുമ്പ് ലഭ്യമല്ലാതിരുന്ന ഒരു കേന്ദ്രീകൃത വിവരശേഖര സംവിധാനം ഒരുക്കുന്നതിലൂടെ, ഈ പോർട്ടൽ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നത് ശക്തമാക്കുന്നു. രാജ്യവ്യാപകമായി ഫയൽ ചെയ്യുന്നതും തീർപ്പാക്കുന്നതുമായ കേസുകൾ പിന്തുടരാൻ ഇത് സഹായിക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുകയും പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിക്കുകയും തൊഴിലിടങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സാംസ്‌കാരിക മാറ്റം കൊണ്ടുവരികയും ചെയ്യുന്നു. ആത്യന്തികമായിഷീ-ബോക്സ് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സംഭാവന നൽകുകയും സ്ത്രീ ശാക്തീകരണത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ സംഘടിത-അസംഘടിത മേഖലയിലോ ജോലി ചെയ്യുന്നവരാകട്ടെ, ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നേരിടുന്ന ഏത് സ്ത്രീക്കും ലളിതമായും സുരക്ഷിതമായും പരാതി രജിസ്റ്റർ ചെയ്യാൻ ഇത് സൗകര്യമൊരുക്കുന്നു. ഒരു പരാതി സമർപ്പിച്ചാൽ, പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോർട്ടൽ അത് സ്വയമേവ ബന്ധപ്പെട്ട ഇന്റേണൽ കമ്മിറ്റിക്കോ (IC) ലോക്കൽ കമ്മിറ്റിക്കോ (LC) കൈമാറും.

പുതുക്കിയ ഈ പോർട്ടലിൽ ഉപയോക്താക്കൾക്ക് എളുപ്പമുള്ളതും സുരക്ഷിതവുമായ നിരവധി സവിശേഷതകൾ ഉൾപ്പെടുന്നു:

· പരാതിയുടെ നില തത്സമയം ട്രാക്ക് ചെയ്യൽ, സ്ത്രീകൾക്ക് പുരോഗതിയും സ്വീകരിച്ച നടപടികളും നിരീക്ഷിക്കാൻ അനുവദിക്കുന്നു

· ഭാഷാ തടസ്സങ്ങൾ മറികടക്കുന്നതിനും രാജ്യമെമ്പാടും പ്ലാറ്റ്‌ഫോം പ്രാപ്യമാക്കുന്നതിനുമുള്ള ബഹുഭാഷാ പിന്തുണ

  • സുരക്ഷിതവും പ്രതിബദ്ധതയുള്ളതുമായ റിപ്പോർട്ടിംഗ് അനുഭവം ഉറപ്പാക്കാൻ രഹസ്യാത്മകതയ്ക്ക് ശക്തമായ ഊന്നൽ നൽകുന്നു.
  • പരിശീലന സാമഗ്രികൾ, അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പരിഹാര പ്രക്രിയയെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്ന ഒരു റിസോഴ്‌സ് ഹബ്.

പോർട്ടൽ നിരീക്ഷിക്കുന്നതിനായി നിയമിച്ചിട്ടുള്ള നോഡൽ ഓഫീസർമാർഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇന്റേണൽ കമ്മിറ്റികളുടെയും ലോക്കൽ കമ്മിറ്റികളുടെയും വിവരങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ പോർട്ടലിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം, പരാതികളും മറ്റ് നിയമപരമായ നടപടികളും സമയബന്ധിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവർ ഉറപ്പാക്കുകയും ചെയ്യുന്നു.

അത്യാവശ്യ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തൊഴിലിടങ്ങളോട് നിർദ്ദേശിക്കുന്നതിലൂടെ പോർട്ടൽ നിയമപാലനത്തെയും നിരീക്ഷണത്തെയും പിന്തുണയ്ക്കുന്നു:

· ഇന്റേണൽ കമ്മിറ്റിഅംഗങ്ങളുടെ വിശദാംശങ്ങൾ

· ലോക്കൽ കമ്മിറ്റിയുടെ വിശദാംശങ്ങൾ

· SH ആക്ട് പ്രകാരം സമർപ്പിച്ച വാർഷിക റിപ്പോർട്ടുകൾ

· ജീവനക്കാർക്കും ഇന്റേണൽ കമ്മിറ്റി അംഗങ്ങൾക്കുമായി നടത്തിയ ബോധവൽക്കരണ പരിപാടികളുടെയും പരിശീലന സെഷനുകളുടെയും രേഖകൾ

ഉപസംഹാരം

2013-ലെതൊഴിലിടത്തിലെസ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹരിക്കലും) നിയമംഒരു സുപ്രധാനനിയമമായി ഇന്നും നിലകൊള്ളുന്നു. സുരക്ഷിതവും മാന്യവുമായ ഒരു തൊഴിലിടത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ഇത് സംരക്ഷിക്കുന്നു. ശക്തമായ സ്ഥാപന സംവിധാനങ്ങൾ, സമയബന്ധിതമായ പരാതിപരിഹാരം, തൊഴിലുടമയുടെ കടമകൾ എന്നിവയോടൊപ്പം ഈ നിയമം പീഡനങ്ങൾ തടയാനും നീതി ഉറപ്പാക്കാനും പ്രവർത്തിക്കുന്നു. വനിതാ ശിശു വികസന മന്ത്രാലയം ഇതിന്റെ നടത്തിപ്പിന് നേതൃത്വം നൽകുന്നത് തുടരുന്നു. മന്ത്രാലയം കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയുംശേഷി വർദ്ധിപ്പിക്കുകയുംഎല്ലാ മേഖലകളിലും ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.2024 ഓഗസ്റ്റിൽ പുറത്തിറക്കിയ പരിഷ്കരിച്ച ഷീ-ബോക്സ് പോർട്ടൽ ഈ രംഗത്തെ ഒരു വലിയ ചുവടുവെപ്പാണ്. പരാതികൾ നൽകുന്നതിനും അവ പിന്തുടരുന്നതിനും ഇത് ലളിതവും സുരക്ഷിതവും സുതാര്യവുമായ സൗകര്യം ഒരുക്കുന്നു. മികച്ച നിരീക്ഷണത്തിനും ഉത്തരവാദിത്തത്തിനുമായി ഒരു ദേശീയ ഡാറ്റാബേസും ഇത് സൃഷ്ടിക്കുന്നു.

SH ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനും അതിക്രമങ്ങളില്ലാത്ത തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ച് എല്ലാ സ്ത്രീകളെയും ശാക്തീകരിക്കുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമായി തുടരുന്നു.

https://shebox.wcd.gov.in/

Click here for pdf file. 

 

-NK-

(Explainer ID: 157486) आगंतुक पटल : 40
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati