• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026

എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം

Posted On: 16 FEB 2026 7:23PM

 

പ്രധാന വസ്തുതകൾ

  • AI ഇംപാക്ട് ഉച്ചകോടി 2026-നായി ഇരുപതിലധികം രാഷ്ട്രത്തലവന്മാരും 60 മന്ത്രിമാരും 500-ലധികം ആഗോള AI നേതാക്കളും ന്യൂഡൽഹിയിൽ ഒത്തുചേരുന്നു.
  • ജനങ്ങൾ, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്ന് അടിസ്ഥാന സ്തംഭങ്ങളിൽ അഥവാ 'സൂത്ര'ങ്ങളിൽ (തത്വങ്ങളിൽ) അധിഷ്ഠിതമാണ് AI ഇംപാക്ട് ഉച്ചകോടി.
  • ഇന്ത്യ AI ഇംപാക്ട് എക്സ്പോയിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 10-ലധികം തീമാറ്റിക് പവലിയനുകളിലായി 300-ലധികം പ്രദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

*ഈ സംഖ്യകൾ താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയവുമാണ്.

ആമുഖം

ഇന്ത്യയുടെ വികസന യാത്രയിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -AI). 'വികസിത ഭാരതം@2047' എന്ന ലക്ഷ്യത്തിനനുസൃതമായി ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും പൊതുസേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഇത് വലിയ പങ്ക് വഹിക്കുന്നു. ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ AI സാങ്കേതികവിദ്യയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ഫെബ്രുവരി 16-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 'ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026' ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ സൗത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള AI സമ്മേളനമാണിത്. ഇരുപതിലധികം രാഷ്ട്രത്തലവന്മാരും, 60 മന്ത്രിമാരും, 500-ലധികം ആഗോള AI നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നയരൂപകർത്താക്കൾ, സാങ്കേതിക കമ്പനികൾ, പുതുസംരംഭകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരെ ഒന്നിപ്പിക്കുന്നതിലൂടെ, 'ഇന്ത്യ AI മിഷൻ', 'ഡിജിറ്റൽ ഇന്ത്യ' പദ്ധതികൾക്ക് കീഴിൽ ആഗോള AI ചർച്ചകളെ പ്രായോഗിക വികസന ഫലങ്ങളാക്കി മാറ്റാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

 

ഫെബ്രുവരി 19-ന് ആദരണീയ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവും വികസനോന്മുഖവുമായ AI എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇത് വഴിയൊരുക്കും.

ഇന്ത്യയെ സംബന്ധിച്ച്‌ AI-യുടെ പ്രാധാന്യം

ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായി ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും, ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും, പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ശേഷിയുള്ള ഒരു പരിവർത്തന ശക്തിയായി AI ഉയർന്നുവന്നിരിക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം, ടെലിമെഡിസിൻ, രോഗനിർണ്ണയം എന്നിവയിലൂടെ ആരോഗ്യസേവനങ്ങൾ വ്യാപിപ്പിച്ചും, അഡാപ്റ്റീവ് ലേണിംഗിലൂടെ വിദ്യാഭ്യാസം വ്യക്തിഗതമാക്കിയും, സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കിയും ഉള്ള AI അധിഷ്ഠിത പരിഹാരങ്ങൾ പൗരന്മാരെ ശാക്തീകരിക്കുന്നു. ഭൂമിയെ സംബന്ധിച്ചിടത്തോളം, വിള പ്രവചനംകൃത്യതയാർന്ന കൃഷിരീതികൾ, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം എന്നിവയിലൂടെ കൃഷിയിൽ കൂടുതൽ മികച്ചതും സുസ്ഥിരവുമായ രീതികൾ നടപ്പിലാക്കാൻ AI സഹായിക്കുന്നു. പുരോഗതിക്കായി, കോടതി വിധിന്യായങ്ങളുടെ ഭാഷാ വിവർത്തനത്തിലൂടെ ഭരണനിർവ്വഹണം ശക്തിപ്പെടുത്താനും, സേവന വിതരണം മെച്ചപ്പെടുത്താനും AI സഹായിക്കുന്നു. കൂടാതെ ഭക്ഷണ വിതരണം, ഗതാഗതം, വ്യക്തിഗത ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലെ  ദൈനംദിന കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാപ്യമായ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

  1. AI ആരോഗ്യ സംരക്ഷണത്തിൽ: പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും സേവനങ്ങൾ കുറഞ്ഞ ഇടങ്ങളിലും ആരോഗ്യസേവനങ്ങളുടെ ലഭ്യതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താൻ AI സഹായിക്കുന്നു. ഡോക്ടർമാർ കുറവുള്ളിടങ്ങളിൽ AI- പ്രാപ്തമാക്കിയ റിമോട്ട് ഡയഗ്നോസ്റ്റിക്സും പോർട്ടബിൾ ഉപകരണങ്ങളും രോഗനിർണയം ചികിത്സ എന്നിവ ത്വരിതപ്പെടുത്തുന്നു. ഓട്ടോമേറ്റഡ് രക്ത-മൂത്ര പരിശോധനകൾ രോഗനിർണ്ണയവും ചികിത്സയും വേഗത്തിലാക്കുന്നു. ചാറ്റ്ബോട്ടുകളും സിംപ്റ്റം ചെക്കറുകളും ഉൾപ്പെടെയുള്ള AI ടെലിമെഡിസിൻ സംവിധാനം ഗ്രാമീണ രോഗികളെ ഡോക്ടർമാരുമായി ബന്ധിപ്പിക്കുകയും യാത്രാസമയവും കാലതാമസവും കുറയ്ക്കുകയും ചെയ്യുന്നു. ഉൾനാടൻ പ്രദേശങ്ങളിൽ ക്ഷയം, കാൻസർ തുടങ്ങിയ രോഗങ്ങൾ വേഗത്തിൽ കണ്ടെത്താൻ AI അധിഷ്ഠിത മെഡിക്കൽ ഇമേജ് അനാലിസിസ് സഹായിക്കുന്നു. രോഗവ്യാപനം മുൻകൂട്ടി പ്രവചിക്കാൻ പ്രെഡിക്റ്റീവ് അനലിറ്റിക്സ് സഹായിക്കുമ്പോൾ, AI അടിസ്ഥാനമാക്കിയുള്ള മരുന്ന് കണ്ടെത്തലുകളും വ്യക്തിഗത ചികിത്സാ രീതികളും വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് കുറയ്ക്കാനും ഫലം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  2. AI കൃഷിയിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും: ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി ഡാറ്റാ അധിഷ്ഠിതവും മികച്ചതുമായ കൃഷിരീതികൾ AI സാധ്യമാക്കുന്നു. കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം, ജലസേചന ആവശ്യങ്ങൾ എന്നിവ AI മുൻകൂട്ടി പ്രവചിക്കുകയും മൊബൈൽ വഴിയുള്ള നിർദ്ദേശങ്ങളിലൂടെ കർഷകരെ സഹായിക്കുകയും ചെയ്യുന്നു. AI അധിഷ്ഠിത ഡ്രോണുകൾ വിളകളുടെ ആരോഗ്യം നിരീക്ഷിക്കുകയും പാഴാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. സാറ്റലൈറ്റ് ചിത്രങ്ങളും കാലാവസ്ഥാ വിവരങ്ങളും വിളവെടുപ്പ് പ്രവചനത്തിന് സഹായിക്കുന്നു. വിപണിയിലെ വില പ്രവചന മാതൃകകൾ ഡിമാൻഡ്-സപ്ലൈ ട്രെൻഡുകൾ മനസ്സിലാക്കാൻ കർഷകരെ സഹായിക്കുന്നു. 'മോസം ജിപിടി', 'കിസാൻ -മിത്ര' തുടങ്ങിയ സംവിധാനങ്ങൾ പ്രാദേശിക ഭാഷകളിൽ തത്സമയ കാർഷിക വിവരങ്ങൾ നൽകുന്നു.
  3. AI വിദ്യാഭ്യാസത്തിലും പഠനത്തിലും: വിദ്യാഭ്യാസം കൂടുതൽ വ്യക്തിഗതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ലളിതവുമാക്കാൻ AI സഹായിക്കുന്നു. AI അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് പഠനവിവരങ്ങൾ ക്രമീകരിക്കുന്നു. ഇത് പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും മിടുക്കർക്കും ഒരുപോലെ സഹായകമാണ്. ഭാഷാ വിവർത്തനത്തിനുള്ള AI സംവിധാനങ്ങൾ പഠനവിവരങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് മാറ്റുന്നതിലൂടെ ഭാഷാപരമായ തടസ്സങ്ങൾ നീക്കുന്നു. AI ട്യൂട്ടറിംഗ് സംവിധാനങ്ങൾ തൽസമയ പ്രതികരണങ്ങളും 24/7 പഠന പിന്തുണയും നൽകുന്നു. 'ദിക്ഷ' (DIKSHA) പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിവിധ വിഭാഗങ്ങളിലുള്ള പഠിതാക്കൾക്ക് പ്രസക്തമായ വിദ്യാഭ്യാസ വിവരങ്ങൾ നൽകാൻ AI ഉപയോഗിക്കുന്നു.
  4. AI ധനകാര്യത്തിലും വാണിജ്യത്തിലും: സാമ്പത്തിക സുരക്ഷയും സേവനക്ഷമതയും വർദ്ധിപ്പിക്കാൻ AI സഹായിക്കുന്നു. തട്ടിപ്പുകൾ കണ്ടെത്താനും ഡിജിറ്റൽ ഇടപാടുകൾ തത്സമയം സുരക്ഷിതമാക്കാനും AI അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ബാങ്കിംഗ്  സേവനങ്ങൾ ലഭ്യമല്ലാത്തവർക്ക്  വായ്പകൾ ലഭ്യമാക്കാൻ AI ക്രെഡിറ്റ് സ്കോറിംഗ് സഹായിക്കുന്നു. ബാലൻസ് പരിശോധന, പണ കൈമാറ്റം തുടങ്ങിയ സേവനങ്ങൾക്കായി ബാങ്കിംഗ് ചാറ്റ്ബോട്ടുകൾ 24/7 സഹായം നൽകുന്നു. വ്യക്തിഗത താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക ഉൽപ്പന്നങ്ങളും ഉപദേശങ്ങളും നൽകാൻ AI സഹായിക്കുന്നു.
  5. AI ഭരണനിർവ്വഹണത്തിലും പൊതുസേവനങ്ങളിലും: പൊതുസേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാൻ AI സഹായിക്കുന്നു. കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയെ ജനങ്ങളിലേക്ക് എത്തിക്കുന്നു. ട്രാഫിക്, മാലിന്യ സംസ്കരണം, പൊതു സുരക്ഷാ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തി സ്മാർട്ട് സിറ്റി മാനേജ്മെന്റിനെ AI പിന്തുണയ്ക്കുന്നു. ഗവണ്മെന്റ് പദ്ധതികൾക്കും അപേക്ഷകൾക്കും വേണ്ടിയുള്ള കാലതാമസം കുറച്ച് സേവന വിതരണം ലളിതമാക്കുന്നു. ജുഡീഷ്യറിയിൽ കേസുകൾ കൈകാര്യം ചെയ്യുന്നതും നിയമസഹായം ലഭ്യമാക്കുന്നതും AI മെച്ചപ്പെടുത്തുന്നു.

AI-യുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് വലിയ മുൻഗണനയാണ് നൽകിയിരിക്കുന്നത്. ഇന്ത്യ AI മിഷൻ, AI കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, തദ്ദേശീയമായ AI മാതൃകകളുടെ പ്രോത്സാഹനം, വിപുലമായ ശേഷി വികസന പരിപാടികൾ തുടങ്ങിയ പദ്ധതികൾ രാജ്യത്ത് ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ AI സ്വീകാര്യതയ്ക്ക് ശക്തമായ അടിത്തറ പാകുന്നു.

കൂടാതെ, ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026 ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉത്തരവാദിത്തമുള്ളതും ധാർമ്മികവുമായ AI പ്രോത്സാഹിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ മുൻഗണനാ മേഖലകളിൽ AI ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, AI നവീനാശയങ്ങളുടെയും വിന്യാസത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിൽ ഉച്ചകോടി പ്രേരകശക്തിയായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സ്തംഭങ്ങൾ: AI ഇംപാക്ട് ഉച്ചകോടിയുടെ ആഗോള സഹകരണത്തിന് കരുത്തുപകരുന്ന മൂന്ന് സൂത്രങ്ങളും ഏഴ് ചക്രങ്ങളും

പരിമാണപരമായ സാമൂഹിക-സാമ്പത്തിക ഫലങ്ങൾ കൈവരിക്കുന്നതിന് ഊന്നൽ നൽകി നിർമ്മിതബുദ്ധിയിലധിഷ്ഠിതവും ജനകേന്ദ്രീകൃതവുമായ സമീപനം മുന്നോട്ട് കൊണ്ടുപോകാനാണ് ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026 ലക്ഷ്യമിടുന്നത്. സൂത്രങ്ങൾ' (Sutras) എന്നറിയപ്പെടുന്ന മൂന്ന് അടിസ്ഥാന സ്തംഭങ്ങളിൽ അധിഷ്ഠിതമാണ് ഉച്ചകോടി. അറിവിനെയും പ്രവർത്തനത്തെയും തമ്മിൽ കോർത്തിണക്കുന്ന 'മാർഗ്ഗരേഖകൾ' അല്ലെങ്കിൽ 'അടിസ്ഥാന ഇഴകൾ' എന്നാണ് 'സൂത്രം' എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. കൂട്ടായ നേട്ടങ്ങൾക്കായി ബഹുരാഷ്ട്ര സഹകരണത്തിലൂടെ AI എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് സൂത്രങ്ങൾ നിർവചിക്കുന്നു.

മൂന്ന് അടിസ്ഥാന സൂത്രങ്ങളെ ആസ്പദമാക്കി, AI ഇംപാക്ട് ഉച്ചകോടിയിലെ ചർച്ചകൾ 7 ചക്രങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമൂഹിക ഫലങ്ങൾ കൈവരിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളെ ഏകോപിപ്പിക്കുന്ന ബഹുരാഷ്ട്ര സഹകരണത്തിന്റെ പ്രധാന മേഖലകളെയാണ് ചക്രങ്ങൾ പ്രതിനിധീകരിക്കുന്നത്.

1. മനുഷ്യവിഭവശേഷി: ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യ വികസനത്തിലൂടെ എല്ലാവർക്കും തുല്യ അവസരം നൽകുന്ന ഒരു 'AI റീസ്കില്ലിംഗ്' ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ചക്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ദേശീയ വികസന മുൻഗണനകൾക്ക് അനുസൃതമായി AI സമ്പദ്വ്യവസ്ഥയ്ക്കായി തൊഴിൽസേനയെ സജ്ജമാക്കാൻ ഇത് സഹായിക്കുന്നു.

2. സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾച്ചേർക്കൽ: പങ്കിട്ട AI പരിഹാരങ്ങളിലൂടെയും വിപുലീകരിക്കാൻ കഴിയുന്ന മാതൃകകളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം ഉറപ്പാക്കുന്നതിലാണ് ചക്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ജനകേന്ദ്രീകൃതമായ AI പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഇന്ത്യയിലെ അവസാനത്തെ വ്യക്തിയിലേക്കുമുള്ള സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നു.

3. സുരക്ഷിതവും വിശ്വസനീയവുമായ AI: ഉത്തരവാദിത്ത AI-ക്കായുള്ള ആഗോള തത്വങ്ങളെ പ്രായോഗികവും പരസ്പരബന്ധിതവുമായ സുരക്ഷാ-ഭരണ ചട്ടക്കൂടുകളിലേക്ക് മാറ്റുന്നതിലാണ് ചക്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത് ആഭ്യന്തര AI ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകയും പൊതു പ്ലാറ്റ്ഫോമുകളിൽ AI സുരക്ഷിതമായി വിന്യസിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ ജനവിശ്വാസം വളർത്താനും ഇത് സഹായിക്കുന്നു.

4. അതിജീവനം, നൂതനാശയം, കാര്യക്ഷമത: വൻകിട AI സംവിധാനങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികവും വിഭവശേഷി സംബന്ധവുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലാണ് ചക്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം വെല്ലുവിളികൾ ആഗോളതലത്തിൽ 'AI വിഭജനം' വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, AI വളർച്ച പരിസ്ഥിതി സൗഹൃദപരവും സാമൂഹികമായി തുല്യതയുള്ളതുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരമായ AI ഉപയോഗത്തെ ഇത് പിന്തുണയ്ക്കുന്നു.

5. ശാസ്ത്രം: ഡാറ്റ, കമ്പ്യൂട്ട്, ഗവേഷണ ശേഷി എന്നിവ ലഭ്യമാക്കുന്നതിലെ അസമത്വങ്ങൾ പരിഹരിക്കുമ്പോഴും പുതിയ കണ്ടെത്തലുകൾ വേഗത്തിലാക്കാൻ AI ഉപയോഗപ്പെടുത്തുന്നതിലാണ് ചക്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ ഗവേഷണ സംവിധാനങ്ങളെ ഇത്  ശക്തിപ്പെടുത്തുകയും ആരോഗ്യം, കൃഷി, കാലാവസ്ഥ എന്നീ മേഖലകളിലെ പരിഹാരങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ ആഗോള ശാസ്ത്ര മുന്നേറ്റങ്ങളിൽ സജീവ സംഭാവന നൽകുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയും ചെയ്യുന്നു.

6. AI വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം: AI വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും തുല്യമായും മിതമായ നിരക്കിലും ലഭ്യമാകുന്ന ആഗോള AI ആവാസവ്യവസ്ഥയാണ് ചക്ര വിഭാവനം ചെയ്യുന്നത്. ഇത് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പൊതുസ്ഥാപനങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകുകയും ആഗോള AI മൂല്യശൃംഖലയിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

7. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കുമായുള്ള AI: യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി AI-യുടെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചക്ര പരിശോധിക്കുന്നു. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും ഒരുപോലെ മാതൃകയാക്കാവുന്ന ഉയർന്ന സ്വാധീനമുള്ള മേഖലകളെ ചക്ര തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഏഴ് ചക്രങ്ങളും ഒത്തുചേർന്ന് രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മറ്റ് പങ്കാളികൾക്കും തങ്ങളുടെ AI തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിനും, അറിവ് പങ്കുവെക്കുന്നതിനും പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് എല്ലാവർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിൽ AI പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ സമഗ്രമായ ഒരു ചട്ടക്കൂട്  പ്രദാനം ചെയ്യുന്നു.

ഉച്ചകോടിയിലെ AI ഇംപാക്ട് പരിപാടികൾ

വിവിധങ്ങളായ AI ഇംപാക്ട് പരിപാടികളിലൂടെയാണ്, ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026-ന്റെ ലക്ഷ്യങ്ങൾ പ്രായോഗിക തലത്തിലെത്തിക്കുന്നത്. ഇന്ത്യൻ AI പദ്ധതികൾ, വിവിധ മേഖലകളിലെ പ്രായോഗിക ഉപയോഗങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവ അവതരിപ്പിക്കുന്നതിനായി പരിപാടികൾ വ്യവസ്ഥാപിതമായ പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നു. അതോടൊപ്പം തന്നെ, അഭിപ്രായങ്ങൾ അറിയിക്കുന്നതിനും, പരസ്പര പഠനത്തിനും, അന്താരാഷ്ട്ര നിലവാരവുമായി താരതമ്യം ചെയ്യുന്നതിനും പരിപാടികൾ അവസരമൊരുക്കുന്നു.

ഉച്ചകോടിക്ക് മുമ്പുള്ള പരിപാടികൾ

ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026-ന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി പ്രാരംഭ കൂടിയാലോചനകളും പ്രത്യേക വിഷയങ്ങളിലുള്ള ചർച്ചകളും സുഗമമാക്കുന്നതിനായി പ്രീ-സമ്മിറ്റ് ഇവന്റുകൾ സംഘടിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമായി നടന്ന ഒത്തുചേരലുകളിൽ ഗവൺമെന്റുകൾ, അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, സിവിൽ സമൂഹം എന്നിവർ പങ്കെടുത്തു.

പ്രാദേശിക എഐ സമ്മേളനങ്ങൾ

ദേശീയ AI മുൻഗണനകളെ പ്രാദേശിക ആവശ്യങ്ങളുമായി ഏകോപിപ്പിക്കുന്നതിനായി ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ മുന്നോടിയായി പ്രാദേശിക AI സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 2025 ഒക്ടോബറിനും 2026 ജനുവരിക്കും ഇടയിലായി മേഘാലയ, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ സംസ്ഥാന ഗവണ്മെന്റുകളുടെ സഹകരണത്തോടെ നടന്ന എട്ട് സമ്മേളനങ്ങൾ ഓരോ പ്രദേശത്തിനും ആവശ്യമായ AI ഉപയോഗങ്ങൾ, പോളിസി നിർദ്ദേശങ്ങൾ, ശേഷിക്കുറവുകൾ എന്നിവ തിരിച്ചറിയാൻ സഹായകമായി. ചർച്ചകൾ ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ അജണ്ട രൂപീകരിക്കുന്നതിനും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.

പ്രധാന ഉച്ചകോടി

 

ഉച്ചകോടിയുടെ ഏഴ് ചക്രങ്ങളെ ആസ്പദമാക്കിയാണ് പ്രധാന ഉച്ചകോടി സംഘടിപ്പിക്കുന്നത്. വ്യവസായം, അക്കാദമിക് മേഖല, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒന്നിപ്പിക്കുന്ന സെഷനുകൾ AI-യുടെ പ്രായോഗിക ഉപയോഗങ്ങൾ പരിശോധിക്കാനും പോളിസി അനുഭവങ്ങൾ പങ്കുവെക്കാനും വികസനോന്മുഖമായ AI വിന്യാസത്തിനുള്ള പ്രായോഗിക സമീപനങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു. ഉച്ചകോടിക്ക് ലഭിച്ച 700-ലധികം നിർദ്ദേശങ്ങൾ ഇതിനോടുള്ള ആഗോളതലത്തിലുള്ള വലിയ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.

AI കോംപെൻഡിയം

ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026-ന്റെ പ്രധാന വിജ്ഞാന ഉൽപ്പന്നമായ AI കോംപെൻഡിയം 2026 ഫെബ്രുവരി 17-ന് ഉച്ചകോടിയിൽ വെച്ച് പ്രകാശനം ചെയ്യും. മുൻഗണനാ മേഖലകളിലെ നിർമ്മിതബുദ്ധിയുടെ യഥാർത്ഥ പ്രയോഗങ്ങൾ രേഖപ്പെടുത്തുന്ന വിഷയാധിഷ്ഠിത കെയ്സ് ബുക്കുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് വിദഗ്ധർക്കും പങ്കാളികൾക്കും റഫറൻസ് സ്രോതസ്സായി പ്രവർത്തിക്കുകയും ഉച്ചകോടിക്ക് ശേഷവും ഉത്തരവാദിത്തവും വികസനോന്മുഖവുമായ AI പരിഹാരങ്ങൾ നടപ്പിലാക്കാൻ പിന്തുണ നൽകുകയും ചെയ്യും.

പ്രധാന പരിപാടികൾ

ദേശീയ മുൻഗണനകൾക്ക് അനുസൃതമായി വികസിപ്പിക്കാവുന്ന വികസനോന്മുഖമായ AI പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് പ്രധാന ആഗോള ഇംപാക്ട് ചലഞ്ചുകളാണ് - AI for ALL, AI by HER, YUVAi - ഉച്ചകോടിയുടെ പ്രധാന ആകർഷണം. ചലഞ്ചുകൾക്കായി 60-ലധികം രാജ്യങ്ങളിൽ നിന്ന് 4,650-ലധികം അപേക്ഷകൾ ലഭിച്ചു. ഇത് ആഗോളതലത്തിലുള്ള വലിയ പങ്കാളിത്തത്തെയും നൂതനമായ താൽപ്പര്യത്തെയും വ്യക്തമാക്കുന്നു. വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ നടത്തിയ വിവിധ ഘട്ടങ്ങളിലുള്ള സൂക്ഷ്മമായ വിലയിരുത്തലുകൾക്ക് ശേഷം തിരഞ്ഞെടുത്ത 70 ഫൈനലിസ്റ്റുകൾ ഗ്രാൻഡ് ഫിനാലെയിലും അവാർഡ് ദാന ചടങ്ങിലും തങ്ങളുടെ സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കും.

  • AI ഫോർ ഓൾ ഗ്ലോബൽ ഇംപാക്ട് ചലഞ്ച് വലിയ തോതിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള AI പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT), സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഇതിൽ പങ്കുചേരാം. നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിന്യസിക്കാൻ കഴിയുന്ന AI പരിഹാരങ്ങൾക്കാണ് ഇത് മുൻഗണന നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും, കൂടാതെ 2.50 കോടി രൂപ വരെ പുരസ്കാരമായി ലഭിക്കുന്നതാണ്.
  • AI ബൈ ഹെർ: ഗ്ലോബൽ ഇംപാക്ട് ചലഞ്ച് AI രംഗത്തെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വലിയ തോതിലുള്ള പൊതു വെല്ലുവിളികൾ പരിഹരിക്കാൻ കഴിയുന്ന AI സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ വനിതാ സാങ്കേതിക വിദഗ്ധരെ ഇത് ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പരിഹാരങ്ങൾ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും, 2.50 കോടി രൂപ വരെയുള്ള അവാർഡുകളും ഇതിൽ ലഭ്യമാണ്.
  • യുവ AI (YUVAi): ഗ്ലോബൽ യൂത്ത് ചലഞ്ച് ലോകത്തെ യഥാർത്ഥ വെല്ലുവിളികൾക്കായി നൂതനാശയങ്ങളുള്ള യുവജനങ്ങളെ AI പരിഹാരങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 13 മുതൽ 21 വയസ്സുവരെയുള്ള വ്യക്തികൾക്കും സംഘങ്ങൾക്കും ഇതിൽ പങ്കെടുക്കാം. മൈ ഭാരത് (MyBharat), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 85 ലക്ഷം രൂപ വരെയുള്ള പുരസ്കാരങ്ങൾ ലഭിക്കും.
  • ഗവേഷണ സിമ്പോസിയം:  AI-യും അതിന്റെ സ്വാധീനവും എന്ന വിഷയത്തിലുള്ള റിസർച്ച് സിമ്പോസിയം 2026 ഫെബ്രുവരി 18-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ  നടക്കും. ട്രിപ്പിൾ ഐടി ഹൈദരാബാദ് നോളജ് പാർട്ണറായി പ്രവർത്തിക്കുന്ന സിമ്പോസിയം, ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-ന്റെ പ്രധാന അക്കാദമിക് പ്ലാറ്റ്ഫോമാണ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 250-ഓളം ഗവേഷണ പ്രബന്ധങ്ങൾ ലഭിച്ചിട്ടുണ്ട്. ആദരണീയ അലാർ കാരിസ്, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ജിതിൻ പ്രസാദ എന്നിവർ ഇതിൽ സംബന്ധിക്കും. പ്ലീനറി സെഷനുകൾ, അന്താരാഷ്ട്ര ഗവേഷണ അവതരണങ്ങൾ, ഗ്ലോബൽ സൗത്തിൽ നിന്നുള്ള പോസ്റ്റർ പ്രദർശനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സിമ്പോസിയം, പ്രമുഖ AI പയനിയർമാരെയും സ്ഥാപനങ്ങളെയും ഒന്നിപ്പിക്കുന്നു. AI-യിലൂടെയുള്ള ശാസ്ത്രീയ കണ്ടെത്തലുകൾ, സുരക്ഷാ-ഭരണ ചട്ടക്കൂടുകൾ, കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള തുല്യമായ പ്രവേശനം, ഗ്ലോബൽ സൗത്തിലുടനീളമുള്ള സംയുക്ത ഗവേഷണങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾ നടത്താൻ വേദി അവസരമൊരുക്കുന്നു.
  • ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026: ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന എക്സ്പോയുടെ മേൽനോട്ടം വഹിക്കുന്നത് സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ ആണ്. 70,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന എക്സ്പോയിൽ ലോകമെമ്പാടുമുള്ള സന്ദർശകർ ഭാഗഭാക്കാകും. ബിസിനസ്സ് ലക്ഷ്യമിട്ടുള്ള പ്ലാറ്റ്ഫോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ പരീക്ഷണ ഘട്ടങ്ങളിൽ നിന്ന് വലിയ തോതിലുള്ള വിന്യാസത്തിലേക്ക് മാറിയെന്ന് കാണിച്ചുതരുന്നു. നൂതന സംരംഭകരെയും നിക്ഷേപകരെയും ഒന്നിപ്പിക്കുന്നതിനും ആഗോള വെല്ലുവിളികൾക്കുള്ള AI പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും ഇത് അവസരമൊരുക്കുന്നു.
  • ഇന്ത്യ AI ടിങ്കർപ്രണർ 6 മുതൽ 12 വരെ ക്ലാസ്സുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ AI-യും സംരംഭകത്വ നൈപുണ്യവും വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന ദേശീയതല സമ്മർ ബൂട്ട്ക്യാമ്പ് ആണ്. AI ടൂളുകളിലും സാങ്കേതികവിദ്യകളിലും നേരിട്ടുള്ള പരിശീലനം നൽകുന്നതിലൂടെ സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കുട്ടികളെ ഇത് പ്രാപ്തരാക്കുന്നു. വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിൽ ആശയ രൂപീകരണം മുതൽ അവ നടപ്പിലാക്കുന്നത് വരെ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കും.

മുൻനിര ചലഞ്ചുകളും വിജ്ഞാന വേദികളും ഒത്തുചേരുമ്പോൾ, ഉച്ചകോടിയുടെ ലക്ഷ്യം വെറും ചർച്ചകളിൽ നിന്ന് പ്രായോഗികമായ നടപ്പിലാക്കലിലേക്ക് മാറിയെന്ന് ഇത് അടിവരയിടുന്നു. വിപുലീകരിക്കാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ AI നൂതനാശയങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾ, വനിതാ സാങ്കേതിക വിദഗ്ധർ, യുവ സൃഷ്ടാക്കൾ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ, ഉത്തരവാദിത്തവും വികസനോന്മുഖവുമായ നിർമ്മിതബുദ്ധിയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉച്ചകോടി കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റിലെ പരിപാടികളുടെ അജണ്ടയും പ്രമുഖ പങ്കാളികളും

ഇന്ത്യ ഇന്നൊവേഷൻ ഫെസ്റ്റിവലിൽ തുടങ്ങി, നയരൂപീകരണ പാനലുകൾ, വിജ്ഞാന പ്രകാശന സെഷനുകൾ, ഗവേഷണ-വ്യവസായ സംവാദങ്ങൾ എന്നിവയിലൂടെ ഊർജ്ജം കൈവരിച്ച്, ഒടുവിൽ നേതാക്കളുടെ നേതൃത്വത്തിലുള്ള ചർച്ചകളിലും ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ AI  കൗൺസിൽ മീറ്റിംഗുകളിലും പരിപാടി സമാപിക്കുന്നു.

 

തീയതി

പരിപാടി

വേദി

 

16–20 ഫെബ്രുവരി 2026

 

AI ഇംപാക്ട് എക്സ്പോ

 

ഭാരത് മണ്ഡപം, ന്യൂഡൽഹി

 

 

16ഫെബ്രുവരി 2026

 

മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ

ഭാരത് മണ്ഡപം / സുഷമ സ്വരാജ് ഭവൻ/ അംബേദ്കർ ഭവൻ, ന്യൂഡൽഹി

 

 

 

17 ഫെബ്രുവരി 2026

ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, കൃഷി, ലിംഗശാക്തീകരണം, പ്രവേശനക്ഷമത എന്നീ മേഖലകളിലെ AI-യെക്കുറിച്ചുള്ള വിജ്ഞാന സമാഹാരങ്ങളുടെ പ്രകാശനം.

 

അപ്ലൈഡ് AI- സെമിനാർ

AI ബൈഹെർ (AI by HER): ഗ്ലോബൽ ഇംപാക്ട് ചലഞ്ച്

 

 

മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ

ഭാരത് മണ്ഡപം, ന്യൂഡൽഹി

 

 

 

 

 

 

 

 

സുഷമ സ്വരാജ് ഭവൻ,

ന്യൂഡൽഹി

 

 

ഭാരത് മണ്ഡപം / സുഷമ സ്വരാജ് ഭവൻ/ അംബേദ്കർ ഭവൻ, ന്യൂഡൽഹി

 

 

 

 

 

 

18 ഫെബ്രുവരി 2026

ഗവേഷണ സിമ്പോസിയം

 

 

 

 

വ്യവസായ സെഷൻ

AI ബൈഹെർ (AI by HER): ഗ്ലോബൽ ഇംപാക്ട് ചലഞ്ച്

പ്രധാന പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വട്ടമേശ സമ്മേളനങ്ങൾ

 

 

ഉച്ചകോടി അത്താഴ വിരുന്ന്

 

ഭാരത് മണ്ഡപം, ന്യൂഡൽഹി

 

 

 

സുഷമ സ്വരാജ് ഭവൻ, ന്യൂഡൽഹി

 

 

 

ഭാരത് മണ്ഡപം / സുഷമ സ്വരാജ് ഭവൻ/ അംബേദ്കർ ഭവൻ, ന്യൂഡൽഹി

 

 

കൺവെൻഷൻ സെന്റർ, ന്യൂഡൽഹി

 

19 ഫെബ്രുവരി 2026

ഉദ്ഘാടന ചടങ്ങ്

നേതൃപ്ലീനറി സമ്മേളനം

സിഇഒ വട്ടമേശ സമ്മേളനം

 

മുഖ്യപ്രഭാഷണങ്ങൾ/ പാനൽചർച്ച/ വട്ടമേശസമ്മേളനങ്ങൾ

 

ഭാരത് മണ്ഡപം, ന്യൂഡൽഹി

 

 

20 ഫെബ്രുവരി 2026

ജിപിഎഐ കൗൺസിൽ യോഗം

 

 

മുഖ്യപ്രഭാഷണങ്ങൾ/ പാനൽചർച്ച/ വട്ടമേശസമ്മേളനങ്ങൾ

 

ഭാരത് മണ്ഡപം, ന്യൂഡൽഹി

 

 

ഭാരത് മണ്ഡപം / സുഷമ സ്വരാജ് ഭവൻ/ അംബേദ്കർ ഭവൻ, ന്യൂഡൽഹി

 

ഉച്ചകോടിയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന സ്ഥാപനപരമായ ചട്ടക്കൂടുകൾ

ഇന്ത്യ-AI ഇംപാക്ട് സമ്മിറ്റ് 2026-, നയരൂപീകരണം, പദ്ധതി നടത്തിപ്പ്, ആവാസവ്യവസ്ഥയുടെ വികസനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം  എന്നിവയുടെ ചുമതലയുള്ള പ്രധാന ഗവണ്മെന്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും സ്ഥാപനപരമായ തുടർച്ചയും സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇത് ഉച്ചകോടിയെ നിലവിലുള്ള ദേശീയ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചർച്ചകളെ പ്രായോഗികമായ ഫലങ്ങളിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

  • ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം (MeitY)

ഇന്ത്യയിലെ AI, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയ്ക്കായുള്ള നയരൂപീകരണത്തിന് മന്ത്രാലയം നയ നിർദ്ദേശങ്ങൾ നൽകുന്നു. നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗവേണൻസ്, വിശ്വസനീയമായ സാങ്കേതിക വിദ്യകൾ എന്നിവയിലെ ദേശീയ മുൻഗണനകൾക്കനുസരിച്ച് ഉച്ചകോടിയെ മന്ത്രാലയം ഏകോപിപ്പിക്കുന്നു. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം, സംസ്ഥാന ഗവണ്മെന്റുകളുമായുള്ള സഹകരണം, ഉച്ചകോടിയിലെ തീരുമാനങ്ങളെ നിലവിലുള്ള ദേശീയ പദ്ധതികളുമായും നിയമ ചട്ടക്കൂടുകളുമായും സംയോജിപ്പിക്കൽ എന്നിവ ഇതിന്റെ പങ്ക് ഉറപ്പാക്കുന്നു.

  • ഇന്ത്യ AI മിഷൻ

ഇന്ത്യയിലെ AI വികസനത്തെ പിന്തുണയ്ക്കുന്ന ഒരു പ്രമുഖ ദൗത്യമാണ് ഇന്ത്യ AI മിഷൻ. AI കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാസെറ്റുകൾ, തദ്ദേശീയമായ AI മാതൃകകൾ, നൈപുണ്യ വികസനം, സ്റ്റാർട്ടപ്പ് പിന്തുണ എന്നിവയുൾപ്പെടെ ഉച്ചകോടിയുടെ പ്രധാന വിഷയങ്ങൾക്ക് മിഷൻ രൂപം നൽകുന്നു. നിർമ്മിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ഗവണ്മെന്റ് ശ്രമങ്ങളെ ഇത് എടുത്തുകാട്ടുന്നു.

  • സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ (STPI)

ഉച്ചകോടിയിൽ സ്റ്റാർട്ടപ്പുകൾ, MSME-കൾ, ഉപജ്ഞാതാക്കൾ എന്നിവരുടെ പങ്കാളിത്തത്തെയും നൂതന ആശയങ്ങളെയും STPI പിന്തുണയ്ക്കുന്നു. ഇത് ഇൻകുബേഷൻ സൗകര്യങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ ബന്ധങ്ങൾ എന്നിവ ലഭ്യമാക്കുന്നു. രാജ്യത്തുടനീളമുള്ള ഇതിന്റെ സെന്ററുകൾ വഴി പ്രാദേശിക പങ്കാളിത്തം വർദ്ധിപ്പിക്കുകയും AI അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. AI ഉപജ്ഞാതാക്കളെ വ്യവസായ മേഖലയുമായും ആഗോള വിപണികളുമായും കയറ്റുമതി അവസരങ്ങളുമായും ബന്ധിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു.

  • ഡിജിറ്റൽ ഇന്ത്യ ഉദ്യമം

ഇന്ത്യയിൽ വിശാലമായ AI സ്വീകാര്യതയ്ക്കുള്ള അടിസ്ഥാന ചട്ടക്കൂട് ഒരുക്കുന്നത് ഡിജിറ്റൽ ഇന്ത്യ പദ്ധതിയാണ്. ഡിജിറ്റൽ പബ്ലിക് പ്ലാറ്റ്ഫോമുകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ജനകേന്ദ്രീകൃതമായ ഭരണം എന്നിവയിൽ പദ്ധതി നൽകുന്ന ഊന്നൽ ഉച്ചകോടിയുടെ പ്രമേയങ്ങളിൽ പ്രതിഫലിക്കുന്നു. ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെടുന്ന AI പരിഹാരങ്ങൾ ദേശീയ തലത്തിൽ സേവന ലഭ്യത, സുതാര്യത, പൊതുജനവിശ്വാസം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഡിജിറ്റൽ ഇന്ത്യ ഉറപ്പാക്കുന്നു.

ഉച്ചകോടിയുടെ പ്രതീക്ഷിത ഫലങ്ങൾ

ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026 ദേശീയ മുൻഗണനകൾക്ക് അനുസൃതമായതും ഫലപ്രദവുമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെന്റിലും വ്യവസായ മേഖലയിലും AI വിന്യാസം പ്രായോഗികമാക്കുന്നതിനും, നയപരമായ ഏകോപനത്തിനും, സ്ഥാപനപരമായ സഹകരണത്തിനും ഉച്ചകോടി ഊന്നൽ നൽകുന്നു. ഇത് ഭരണ-നിയമ ചട്ടക്കൂടുകളെ ശക്തിപ്പെടുത്തുകയും, AI അധിഷ്ഠിത വ്യവസായ വളർച്ചയ്ക്കുള്ള പ്രാദേശികമായ സജ്ജീകരണം വിലയിരുത്തുകയും, നൈപുണ്യ വികസനവും തൊഴിൽസേനയുടെ പരിവർത്തനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, AI പ്രയോഗങ്ങളെക്കുറിച്ചുള്ള അവബോധവും ധാരണയും വർദ്ധിപ്പിക്കാനും ഗവൺമെന്റ്, അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖല എന്നിവർക്കിടയിൽ സുസ്ഥിരമായ പങ്കാളിത്തം വളർത്തിയെടുക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഇതിലൂടെ ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു AI ആവാസവ്യവസ്ഥ ഉറപ്പാക്കാൻ സാധിക്കും.

ഉപസംഹാരം

ഇന്ത്യ-AI ഇംപാക്ട് ഉച്ചകോടി 2026 ദേശീയ മുൻഗണനകൾക്ക് അനുസൃതമായതും ഫലപ്രാപ്തിയിൽ അധിഷ്ഠിതവുമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഗവൺമെന്റിലും വ്യവസായ മേഖലയിലും AI വിന്യാസം ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി പ്രായോഗികമായ AI വിന്യാസം, നയപരമായ ഏകീകരണം, സ്ഥാപനപരമായ ഏകോപനം എന്നിവയ്ക്ക് ഉച്ചകോടി ആക്കം കൂട്ടുന്നു. ഇത് ഭരണ-നിയമ ചട്ടക്കൂടുകളെ ശക്തിപ്പെടുത്തുകയും, AI അധിഷ്ഠിത വ്യവസായ വളർച്ചയ്ക്കുള്ള പ്രാദേശിക സജ്ജീകരണങ്ങൾ വിലയിരുത്തുകയും, നൈപുണ്യ വികസനവും തൊഴിൽസേനയുടെ പരിവർത്തനവും വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, AI പ്രയോഗങ്ങളെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനും, ഗവൺമെന്റ്, അക്കാദക്, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖല എന്നിവർക്കിടയിൽ സുസ്ഥിരമായ പങ്കാളിത്തം വളർത്തിയെടുക്കാനും ഉച്ചകോടി ശ്രമിക്കുന്നു. ഇതിലൂടെ ഉത്തരവാദിത്തമുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, നൂതനാശയങ്ങളിൽ അധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥയുടെ വളർച്ച ഇത് സാധ്യമാക്കുന്നു.

 

References

Click here to see pdf 

***

SK

(Explainer ID: 157477) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Punjabi , Gujarati , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate